മണിയൊച്ച മുഴങ്ങുന്ന മുറിക്കു പുറത്ത്, അകത്തുള്ള ശുപ്പാണ്ടിയെക്കാത്ത് നിർന്നിമേഷനായി നിൽക്കുകയാണ് വട്ടോളി.നിന്നു കാലു കഴച്ചു.ഹോസ്റ്റലിലെ ഓരോ മുറിക്കു പുറത്തും ഒരു കസേരയിടണം എന്നാർക്കും തോന്നുന്നില്ലല്ലോ! വട്ടോളി പരിതപിച്ചു.
‘ബ്രാഹ്മമുഹൂർത്തം’ എന്നു പറയുന്നത് വെളുപ്പാൻ കാലത്തെപ്പഴോ ആണ് എന്നല്ലാതെ അതു കൃത്യമായി എപ്പോഴാണെന്ന് ഒരൂഹവും ഇല്ലാതെ പോയതിൽ ആൾ കുണ്ഠിതപ്പെട്ടു.
ഉണർന്നയുടൻ മെസ്സിൽ നിന്ന് ഒരു കട്ടനും അടിച്ച് നിൽപ്പ് തുടങ്ങിയതാ...രാവിലെ കുടിക്കുന്ന കട്ടൻ കാപ്പി ഇനിഷ്യേറ്റ് ചെയ്യുന്ന ‘പ്രതിപ്രവർത്തന’ങ്ങളെക്കുറിച്ച് ഈ ശുപ്പാണ്ടിക്കെന്തറിയാം! പ്രകൃതിയുടെ വിളി മുട്ടി വട്ടോളിയ്ക്കു പ്രാന്തു പിടിച്ചു.
വൻ കുടലിലെ കോലാഹലം ഒരു കലാപമായി മാറുന്നത് വട്ടോളി അനുഭവിച്ചറിഞ്ഞു.
“ഒന്നു മുതൽ പത്തു വരെ എണ്ണും. ഇവൻ ഉടൻ കതകു തുറന്നില്ലെങ്കിൽ, നേരേ കക്കൂസിലേക്ക്...!” വട്ടോളി മനസ്സിലുറപ്പിച്ചു.
ഒന്ന്... രണ്ട്... മനസ്സിൽ എണ്ണൽ ആരംഭിച്ചു. കതകു തുറക്കുന്ന ലക്ഷണം ഇല്ല....
ഒൻപതെന്നെണ്ണിയപ്പോൾ, പക്ഷേ, വാതിൽ മലർക്കെ തുറന്നു.
വട്ടോളി ഞെളിപിരി കൊണ്ടു!
ധൂപ ദീപ സമ്മിശ്രമായ മുറിക്കുള്ളിൽ നിന്ന് സ്വാമി ശുപ്പാണ്ടി വട്ടോളിക്കു ദർശനം നൽകി.
സകല മസിലുകളൂം മുറുക്കി നിന്ന്, ശുപ്പാണ്ടി നീട്ടിയ ചരട് വട്ടോളി ഏറ്റു വാങ്ങി. എന്നിട്ട് നേരെയൊരോട്ടം, ലാട്രിൻ സൈഡിലേക്ക്!
ജപിച്ചു നൽകിയ ചരടും വാങ്ങി ഇവൻ കക്കൂസിലേക്കോടുന്നതെന്തെന്നു ചിന്തിച്ച് ശുപ്പാണ്ടി വാ പോളിച്ചു.
“ഡാ.... അശുദ്ധമാക്കല്ലേ.....!” എന്ന ശുപ്പാണ്ടിയുടെ വിളി ആരു കേൾക്കാൻ!
ഇതെന്തു സംഭവം എന്നാലോചിച്ചു നിങ്ങൾ തലപുണ്ണാക്കണ്ട. സംഗതി വള്ളി പുള്ളി വിടാതെ ഞാൻ പറയാം.
അനുരാഗവിലോചനനായി വട്ടോളി നടക്കുന്ന കാലം.സംഗീത മയമാണ് ജീവിതം.
രണ്ടാളും പ്രണയം പരസ്പരം വെളിപ്പെടുത്തിയും കഴിഞ്ഞു. പക്ഷേ അതു മാത്രം പോരല്ലോ. അവളെ ജീവിത സഖിയാക്കി പണ്ടാരമടങ്ങണമെങ്കിൽ ആദ്യം അവളുടെ പിതാവ് സമ്മതിക്കണം, പിന്നെ തന്റെ സ്വന്തം അപ്പനും!
പലവഴികൾ ആലോചിച്ചു.
അപ്പനെ ‘കുപ്പിയിലിറക്കാൻ’ ശ്രമിച്ചു; പരാജയപ്പെട്ടു.അപ്പനാരാ മോൻ.കൃത്യം രണ്ടു പെഗ്ഗടിച്ചു കഴിഞ്ഞപ്പോൾ കുപ്പിയെടുത്ത് അലമാരയിൽ വച്ചു. ‘കുടിക്കുന്നത് വയറു നിറയ്ക്കാനും വാളുവയ്ക്കാനുമല്ല പുന്നാരമോനേ’ എന്നു പറഞ്ഞ് അപ്പനൊരു കള്ളച്ചിരി!
അമ്മച്ചി ഷൂസുവാങ്ങാൻ നൽകിയ തുകയിൽ നിന്ന് ഒരു ഫുള്ളിന്റെ കാശു നഷ്ടം.
സംഗീതയുടെ അച്ഛനെ പരിചയപ്പെട്ടു. സെക്രട്ടേറിയേറ്റിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. ‘അങ്കിൾ’ എന്നൊക്കെ വിളിച്ചു മുട്ടിക്കൂടാൻ ശ്രമിച്ചു.പക്ഷേ ആൾ മൈൻഡ് ചെയ്തതേ ഇല്ല.
പരുമലപ്പള്ളിയിലൊരു നേർച്ച നേർന്നു, നോ രക്ഷ...
നാളുകൾ കഴിയുന്തോറും സാഹചര്യങ്ങൾ വരിഞ്ഞു മുറുകിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെയാണ് പുതിയ റൂം മേറ്റായെത്തിയ ‘പക്രു’ ശുപ്പാണ്ടിയുടെ ചില ദിവ്യാൽഭുതങ്ങളെപ്പറ്റി വട്ടോളിയോട് പറഞ്ഞു കൊടുത്തത്. ഫസ്റ്റ് ഇയറിലും സെക്കന്റ് ഇയറിലും പക്രു പാസായത് ശുപ്പാണ്ടി ജപിച്ചു നൽകിയ ചരട് അരയിൽ കെട്ടിയിട്ടാണത്രെ!
പ്രണയവിരോധി ആണെങ്കിലും തന്റെ സഹമുറിയനുവേണ്ടി സ്വാമികളെ സമീപിക്കാം എന്ന ഓഫർ പക്രുവാണു മുന്നോട്ടു വച്ചത്.
നസ്രാണിയായ താൻ ഒരു പൂശാരിയുടെ സഹായം തേടുകയോ.... ഛായ്... ലജ്ജാവഹം!
പക്രുവിന്റെ ഓഫർ വട്ടോളി പുച്ഛിച്ചു തള്ളി.
വീണ്ടും നാട്ടിൽ പോയി.ഇക്കുറി ലക്ഷ്യം അമ്മച്ചിയെ സോപ്പിടലാണ്. അമ്മച്ചി പറഞ്ഞാൽ അപ്പൻ വഴങ്ങും.
‘സസ്നേഹം’ എന്ന സിനിമയുടെ കാസറ്റ് സംഘടിപ്പിച്ചു. കൃസ്ത്യാനിയായ ബാലചന്ദ്രമേനോന്റെ കഥാപാത്രം ഹിന്ദുവായ ശോഭനയുടെ കഥാപാത്രത്തെ കെട്ടുന്നതാണു കഥ.
രാത്രിയാണ് സിനിമകാണൽ. തമാശ സീനുകൾ ഒക്കെ ആസ്വദിച്ച്, സംഘർഷഭരിതമായ രംഗങ്ങൾ അതിജീവിക്കാൻ കഴിയാതെ കണ്ണീരൊഴുക്കിയിരുന്ന് അമ്മച്ചി സിനിമ കാണുകയാണ്.ഒടുവിൽ എല്ലാം ശാന്തമായി ബാലചന്ദ്രമേനോനും ശോഭനയും ഒന്നിച്ചപ്പോൾ അമ്മച്ചിയുടെ മുഖത്തു തെളിഞ്ഞ ആ മന്ദഹാസം...!
ഹോ! വട്ടോളിയുടെ കണ്ണു നിറഞ്ഞു!
പിറ്റേന്ന് ഉച്ചയ്ക്കത്തെ ചിക്കൻ കറിക്ക് ഉള്ളിയരിഞ്ഞുകൊടുക്കുമ്പോൾ അമ്മച്ചിയുടെയടുത്ത് മുട്ടിക്കൂടി. അടുക്കളയിൽ മറ്റാരുമില്ലാഞ്ഞപ്പോൾ പുത്രൻ മാതാവിനോട് ചോദിച്ചു, “ഇന്നലത്തെ പടം ഇഷ്ടപ്പെട്ടോ അമ്മച്ചീ..?”
“കൊള്ളാം...!എന്നാ പടവാരുന്നു മോനേ.... ശോഭന കലക്കി! സത്യത്തിൽ എനിക്കിപ്പഴത്തെ കൃസ്ത്യാനി പെമ്പിള്ളേരെ ഇഷ്ടമേ അല്ല. എല്ലാം ഒരുമാതിരി നെയ്പ്പന്നികളാ..!ഇവളുമാർക്കൊക്കെ ആ ശോഭനയെപ്പോലെ ആയാലെന്താ... പെമ്പിള്ളേരായാ അങ്ങനെ ഇരിക്കണം.”
വട്ടോളി പുളകിതഗാത്രനായി!
സംഗീത ഒരു സ്ലിം ബ്യൂട്ടിയാണ്! അമ്മച്ചി വീഴും!
“സത്യത്തിൽ ഈ ഹിന്ദു പെൺകുട്ടികളാ നല്ലത്. ഞാനൊരു ഹിന്ദുപ്പെണ്ണിനെ കെട്ടിയാലോ എന്നാലോചിക്കുവാ...” വട്ടോളി തന്റെ കാർഡിറക്കി.
“ആയിക്കോ...” അമ്മച്ചി പറഞ്ഞു. ഒരു നിമിഷം നിശ്ശബ്ദത.
“പിന്നെ നിനക്കിങ്ങനൊരമ്മച്ചിയോ, എനിക്കിങ്ങനൊരു മോനോ ഉണ്ടാവില്ല എന്നു മാത്രം!” ഉള്ളിയെല്ലാം കൂടെ ചട്ടിയിലേക്കിടുമ്പോൾ അമ്മച്ചി കനപ്പിച്ചു പറഞ്ഞു!
ചട്ടിയിൽ നിന്നുള്ള പുക കണ്ണിലേക്കടിച്ച് വട്ടോളിയുടെ കാഴ്ച മങ്ങി!
നിന്ന നില്പിൽ ആൾ മുങ്ങി!
പിന്നൊന്നും ആലോചിച്ചില്ല. എല്ലാം പരാജയപ്പെടുമ്പോൾ ‘കാളൻനെല്ലായി’ എന്ന പ്രമാണപ്രകാരം വട്ടോളി സ്വാമി ശുപ്പാണ്ടിയുടെ പാദാരവിന്ദങ്ങളിൽ വീണു.
റെയർ സ്പീഷീസ് ആണ് ശുപ്പാണ്ടി. ശങ്കരാചാര്യരുടെ പിൻ ഗാമിയാവുകയാണ് ബി.എസ്.സി. ഫിസിക്സ് പാസായശേഷം അയുർവേദം പഠിക്കാൻ വന്ന കക്ഷിയുടെ അവതാരലക്ഷ്യം.
ക്വാണ്ടം ഫിസിക്സും സ്പിരിച്വാലിറ്റിയും, നാനോ ടെക്നോളജിയും കോസ്മിക് മാത്തമാറ്റിക്സും ഒക്കെത്തമ്മിലുള്ള സാമഞ്ജസ്യം ആയുർവേദ വീക്ഷണത്തിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അതിയാൻ. മുറിക്കുള്ളിൽ തന്നെ പൂജാ സാമഗ്രികളും ഒരു ചെറിയ പോർട്ടബിൾ ഹോമകുണ്ഡവും ഉണ്ട്.
നിത്യബ്രഹ്മചാരിയാകാനാണ് പൂജയും മണിയടിയുമായി നടക്കുന്നതെങ്കിലും പ്രണയം അസ്ഥിയിൽ പിടിച്ച ഒരു യുവാവിന്റെ ഹൃദയം തകരുന്നതു കാണാൻ തനിക്കു കരുത്തില്ലെന്നും, ഈ പ്രതിസന്ധിയിൽ നിന്നു വട്ടോളിയെ കരകയറ്റുമെന്നും, ശുപ്പാണ്ടി അരുളിച്ചെയ്തു!
പിറ്റേന്നു രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ തന്റെ മുറിക്കു മുന്നിൽ വരാൻ ശുപ്പാണ്ടി ആവശ്യപ്പെട്ടു. ബ്രാഹ്മമുഹൂർത്തം ഒക്കെ കഴിഞ്ഞ് ഒരു ആറു മണിയാകാറായപ്പോഴാണ് വട്ടോളി ഉണർന്നത്. ഉടൻ ഓടിപ്പോയി ഒരു ‘കട്ടൻ’അടിച്ച് ശുപ്പാണ്ടിയുടെ മുറിക്കു മുന്നിലെത്തിയതിന്റെ പരിണതഫലങ്ങളാണ് നമ്മൾ മുൻപു കണ്ടത്!
പ്രകൃതിയുടെ വിളിയ്ക്കു മറുപടി പറഞ്ഞെത്തിയ വട്ടോളി കണ്ടത് തീക്കണ്ണുകളുമായി വിറകൊണ്ടു നിൽക്കുന്ന ശുപ്പാണ്ടി സ്വാമി തൃപ്പാദങ്ങളെയാണ്!
അന്നേരത്തെ ഒരു വെപ്രാളത്തിനിടയിൽ കയ്യിൽ കിട്ടിയ കറുത്ത ചരട് കഴുത്തിലിട്ട് ‘അടിയന്തിരകൃത്യം’ നിർവഹിച്ച് ശൌചവും ചെയ്തശേഷം വട്ടോളി അത് തന്റെ അരയിൽ ബന്ധിച്ചിരുന്നു.
അതു കൂടി അറിഞ്ഞതോടെ സ്വാമി ശരിക്കും സംഹാരരുദ്രനായി!
വട്ടോളി എന്തെങ്കിലും പറയുന്നതിനു മുൻപ് വാതിൽ കൊട്ടിയടയ്ക്കപ്പെട്ടു.
സംഗതി വശപ്പിശകാണെന്ന് വട്ടോളി അപ്പോഴാണു മനസ്സിലാക്കിയത്. ഇനിയിപ്പോ എന്തു ചെയ്യും...
കുഞ്ഞുവണ്ണൻ കോഴ്സ് കഴിഞ്ഞു പോയത് എത്ര വലിയ നഷ്ടമാണെന്ന് തിരിച്ചറിഞ്ഞ സന്ദർഭം.
പക്രുവിനെ സമീപിച്ചു. അവൻ പറഞ്ഞു “സമസ്താപരാധവും ഏറ്റുപറഞ്ഞ് മാപ്പിരക്കുക. പരിഹാരമില്ലാത്ത പാപങ്ങളില്ല.... അളിയൻ വാ... വഴിയുണ്ടാക്കാം..”
പക്രുവിന്റെ നയതന്ത്രങ്ങളിൽ വീണ ശുപ്പാണ്ടി ഒടുവിൽ പാപപരിഹാരം നിർദേശിച്ചു.
ശ്രീമദ് ഹനുമൽ ദർശനം!
എല്ലാ തിങ്കളാഴ്ചയും ഹനുമാൻ കോവിലിൽ ദർശനം.
വട്ടോളിയ്ക്കാകെ വട്ടായി.
ഒരു ചരടു ജപിച്ചുകെട്ടിയാൽ പ്രശ്നങ്ങളൊക്കെ തീരും എന്നു കേട്ട് ചാടിപ്പുറപ്പെട്ടതാ... ഇപ്പോ ദാ ഒരു സത്യ കൃസ്ത്യാനിയായ താൻ അമ്പലത്തിൽ പോകേണ്ടി വന്നിരിക്കുന്നു.അതും ഹനുമാൻ കോവിലിൽ....
പക്രു ആളൊരു എക്സർസൈസ് ഫ്രീക്ക് ആണ്. ചെസ്റ്റും വിങ്ങ്സും കിടിലം...പക്ഷേ കാലുകൾക്ക് അത്ര ശ്രദ്ധ കൊടുക്കാറില്ലാത്തതു കാരണം അവ അത്ര പോരാ...
പുഷ് അപ് ചെയ്യുമ്പോൾ കാട്ടുന്ന ഫേഷ്യൽ എക്സ്പ്രഷൻ കാരണം സ്വതവേ ഉന്തി നിൽക്കുന്ന മുഖാരവിന്ദം ഒന്നു കൂടി വിജൃംഭിക്കും!അതു കാരണം ഫേഷ്യൽ മസിൽസ് ഭയങ്കര സ്ട്രോംഗാ....(തീറ്റയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി ഒന്നു മാത്രം മതി അവ സ്ട്രോംഗായി നില നിർത്താൻ!)
മുഖസൌന്ദര്യത്തിലെ കുറവാണോ ശരീരസൌന്ദര്യം അമിതമായി വർദ്ധിപ്പിക്കാനുള്ള പ്രേരകശക്തി എന്ന് ആരും സംശയിച്ചു പോകുന്ന തരത്തിലായിരുന്നു പക്രുവിന്റെ വ്യായാമ ഷെഡ്യൂളുകൾ.
എന്തായാലും കോവിലിൽ പോകാൻ തന്നെ വട്ടോളി തീരുമാനിച്ചു. സംഗീതയോടു പോലും മറച്ചു വച്ച് തികച്ചും രഹസ്യമായാണ് യാത്ര.
ഒറ്റയ്ക്കു പോകാൻ മടിയാണെങ്കിൽ ഞാനും വരാം കൂട്ടിന് , എന്നു പറഞ്ഞ് പക്രുവും കൂടെക്കൂടി.
കോവിലിലെത്തിയപ്പോൾ അവിടെ അധികം ആളുകൾ ഇല്ല. ആകെ രണ്ട് പാട്ടിമാരും ഒരു പെൺകുട്ടിയും.
“കണ്ണടച്ചു പ്രാർത്ഥിച്ചോ...” പക്രു നിർദേശിച്ചു.
വട്ടോളിയ്ക്ക് എന്തു പ്രാർത്ഥിക്കണം എന്നറിയില്ല.ചതിക്കല്ലേ ഫഗവാനേ എന്നു മനസ്സിൽ മന്ത്രിച്ചു.
ആകെയൊരസ്വസ്ഥത. എത്ര നേരം കണ്ണടച്ചു നിൽക്കണം എന്നൊന്നും ഒരു പിടിയുമില്ല. ആദ്യമായാണൊരമ്പലത്തിൽ! ഇടം കണ്ണിട്ടു നോക്കിയപ്പോൾ പക്രു അരികിലില്ല. മെല്ലെ തിരിഞ്ഞു നോക്കിയപ്പോഴുണ്ട് പാട്ടിമാരുടെയൊപ്പമുള്ള തടിച്ചി പെൺകുട്ടിയെ നോക്കി ഇളിച്ചുകൊണ്ടു നിൽക്കുന്നു!
അപ്പോഴല്ലേ സംഗതി പിടികിട്ടിയത്!
ഇവളെ കാണാനാണ് ഈ ഫയൽഫാൻ ഇവിടെ വരുന്നത്!
വട്ടോളിയ്ക്കു വിശ്വസിക്കാൻ വയ്യ!
ഒരു പട്ടരു പെണ്ണുമായാണ് പക്രുവിന്റെ പ്രണയം!ദൈവമേ... ഈ പെമ്പിള്ളാരുടെയൊക്കെ കണ്ണിലും മനസ്സിലും എന്താണുള്ളത്!
വട്ടോളിക്കെല്ലാം മനസ്സിലായി. ഒരു ബജാജ് സ്കൂട്ടർ ഉള്ളതാണ് പക്രുവിനു തന്നോടുള്ള സ്നേഹത്തിന്റെ മൂലകാരണം! ബസ്സ് കാത്തു നിന്നു മടുക്കാതെ പക്രുവിന് കൃത്യസമയത്ത് കോവിലിലെത്താം, തിരിച്ചും പോകാം. തികച്ചും സൌജന്യമായി!
ഫയങ്കരൻ... ഫീകരൻ!
അടുത്ത ദിവസം നേരിൽ കണ്ടപ്പോൾ സംഗീതയ്ക്കൊരു കള്ളച്ചിരി!
വട്ടോളി ചൂടായി “നിന്നു കിണിക്കാതെ കാര്യം പറ പെണ്ണേ...”
“ഞാനെല്ലാമറിഞ്ഞു....പക്രു പറഞ്ഞു!”
കല്യാണം നടന്നു കിട്ടാൻ താൻ ഹനുമാൻ കോവിലിൽ ദർശനം നടത്തി എന്ന വിവരം അവൻ സംഗീതയ്ക്കു ചോർത്തിക്കൊടുത്തിരിക്കുന്നു!
ആത്മാഭിമാനത്തിനു മുറിവേറ്റ വട്ടോളി പിന്നവിടെ നിന്നില്ല.നേരെ ഹോസ്റ്റലിൽ പോയി.
പക്രുവിനെ പൂർണമായി പിണക്കാൻ പാടില്ല. തന്റെ അരയിൽ കിടക്കുന്ന ചരടിന്റെ രഹസ്യം അവൻ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.എങ്കിലും അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഒരു പണി കൊടുത്തേ തീരൂ.കുറേ നേരത്തെ ആലൊചനയ്ക്കു ശേഷം എല്ലാം മനസ്സിൽ പ്ലാൻ ചെയ്തുറപ്പിച്ചു.
ഉച്ചയ്ക്ക് ഉണ്ണാൻ വന്ന പക്രുവിനെ വിളിച്ച് മുറിയിൽ കയറ്റി. വാതിൽ കുറ്റിയിട്ടു.
പക്രു വിറയ്ക്കാൻ തുടങ്ങി. വട്ടോളി ദേഷ്യപ്പെട്ടു പോയത് സംഗീത പറഞ്ഞ് അവൻ അറിഞ്ഞിരുന്നു.
“എടാ എരപ്പേ.... നീയാ തടിച്ചി പട്ടരു പെണ്ണിന്റെ പുറകെയാണെന്ന കാര്യം ഞാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ!?”
“ഇല്ല”
“ആ മാന്യത നീ എന്നോടു കാണിച്ചോ?”
“ഇല്ല!”
“നീ എന്റെ യഥാർത്ഥമുഖം കാണാൻ പോകുവാടാ കഴുവേറീ...ഇനി ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ....”
വട്ടോളി വാതിൽ വലിച്ചു തുറന്ന് പാഞ്ഞു പോയി.
“അളിയാ ചതിക്കല്ലേ....” എന്നു വിളിച്ചു കൂവി പക്രു പിന്നാലെ.
(ശുപ്പാണ്ടിയുടെ ചിത്തപ്പായുടെ മകളാണ് തടിച്ചി എന്നത് പിൽക്കാലഹോസ്റ്റൽചരിത്രം രേഖപ്പെടുത്തി!ശുപ്പാണ്ടിയുടെയൊപ്പം ഒരിക്കൽ അവരുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യദർശനവും അനുരാഗവും ഒക്കെ മൊട്ടിട്ടത്! സ്വാമിയെങ്ങാനും അറിഞ്ഞാൽ പക്രുവിന്റെ തല എട്ടായി പൊട്ടിത്തെറിക്കും!)
മെസ്സ് ഹോളിനു മുന്നിൽ ആൾക്കൂട്ടം. പാഞ്ഞു വരുന്ന വട്ടോളിയേയും, പിന്നാലെ വരുന്ന പക്രുവിനേയും നോക്കി ആരോ ചോദിച്ചു “എന്തു പറ്റിയളിയാ..?”
“അളിയാ....പറയല്ലേ!!” കരച്ചിലിന്റെ വക്കിൽ നിന്ന് പക്രു കെഞ്ചി.
“പറ... പറ...” മെസ്സ് ഹോൾ പ്രകമ്പനം കൊണ്ടു.
പക്രുവിന്റെ ചതിക്കു പുതുമയുള്ളൊരു രീതിയിൽ പകരം വീട്ടാൻ തന്നെ തീരുമാനിച്ചുറപ്പിച്ച വട്ടോളി ഒന്നു മുരടനക്കി.എന്നിട്ട് തികഞ്ഞ ലാഘവത്തോടെ കാര്യം പറയാൻ തുടങ്ങി.
സംഭവം ഇങ്ങനെയായിരുന്നു.......
പക്രുവിനൊപ്പം അമ്പലത്തിൽ കൂട്ടുപോയതാണ് വട്ടോളി. അവിടെ ചെന്നപ്പോ പക്രു മുടിഞ്ഞ ഭക്തി! പാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും അവനു മതി വരുന്നില്ല. കുറേ നേരം കഴിഞ്ഞു നോക്കുമ്പോൾ ഹനുമാൻ സ്വാമിയുടെ ഇമകൾ ചലിക്കുന്നു... പുരികം വളയുന്നു.
സ്വാമിയുടെ ചുണ്ടുകൾ എന്തോ മന്ത്രിക്കുന്നില്ലേ എന്നൊരു സംശയം.
പക്രു ഭഗവാനെ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കുകയാണ്.
ശ്രീകോവിലിനു തൊട്ടു മുന്നിൽ.
ഹനുമാൻ സ്വാമി പറയാൻ ശ്രമിക്കുന്നതൊന്നും ഇവൻ കേൾക്കുന്നില്ലേ!?
വട്ടോളികുറച്ചു കൂടി അടുത്തു ചെന്നു.
ഇപ്പോൾ പക്രുവിന്റെ കണ്ണുകൾ തുറന്നിരിക്കുകയാണ്. അവർ തമ്മിൽ എന്തോ ഡയലോഗ് നടക്കുന്നു.
ഹനുമാൻ സ്വാമി എന്തോ പറയുന്നു; പക്രു പറ്റില്ല എന്നർത്ഥത്തിൽ തല ചലിപ്പിക്കുന്നു.
കൂടുതൽ അടുത്തു ചെന്നു നോക്കി.
ഹനുമാൻ സ്വാമി വിനയാന്വിതനായി റിക്വസ്റ്റ് ചെയ്യുകയാണ് “ ഒന്നിവിടെ കേറിയിരിക്കടാ....! ഞാനെത്രകാലമായി ഈ കോവിലിൽ നിന്നൊന്നു പുറത്തു കടക്കാൻ ആഗ്രഹിക്കുന്നു. ഈ സിറ്റിയൊക്കെ ഒന്നു കറങ്ങി ഒരര മണിക്കൂറിനുള്ളിൽ തിരിച്ചെത്താം...! വേറെ ആരിരുന്നാലും ജനം കണ്ടു പിടിക്കും. നീയാവുമ്പോൾ ആളു മാറിയ വിവരം ആരും അറിയില്ല, വത്സാ....!”
വട്ടോളി കഥ പറഞ്ഞു നിർത്തി.അമ്പരന്നു പോയ പക്രു വാ പൊളിച്ചു നിൽക്കെ മെസ്സ് ഹോൾ പൊട്ടിച്ചിരിയിലമർന്നു.
പക്ഷേ,അന്നു മുതൽ പക്രുവിനെ ആരും പക്രു എന്നു വിളിക്കാതെയായി!
.
വട്ടോളിയെ അറിയാത്തവർ ഈ ലിങ്കിൽ ക്ലിക്കുക
Thursday, April 29, 2010
Wednesday, April 14, 2010
Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.
രണ്ടായിരാമാണ്ട് (AD 2000) എന്നത് ലോകം അവസാനിക്കുന്ന വര്‍ഷമാണെന്ന് ആദ്യം കേട്ടത് ചേപ്പാട് പി.എം.ഡി. യു.പി.എസ്സില്‍ പഠിക്കുന്നകാലത്തായിരുന്നു.
എന്റെ കൂട്ടുകാരന്‍ സജി മാത്യുവും അവന്റെ മൂന്നു സഹോദരിമാരും അതുറച്ചു വിശ്വസിച്ചിരുന്നു. “കാലം തികഞ്ഞിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് അച്ചടിച്ച ഒരു നോട്ടീസ് അവര്‍ തരികയും ചെയ്തു.
അതൊക്കെ വായിച്ച് ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു. കാരണം രണ്ടായിരാമാണ്ടില്‍ എനിക്ക് വെറും മുപ്പതു വയസ്സു മാത്രമേ തികയൂ. ലോകം അവസാനിക്കുമ്പോള്‍ എല്ലാ മനുഷ്യരും പക്ഷിമൃഗാദികളും ഒപ്പം ചത്തൊടുങ്ങും എന്ന് സജി മാത്യൂ ഉറപ്പായി പറഞ്ഞ സ്ഥിതിയ്ക്ക് ഞാന്‍ മാത്രമായി ജീവിച്ചിരിക്കില്ലല്ലോ!
കൂട്ടുകാരനായ ഹരികുമാറിനോട് സങ്കോചത്തോടെ ഞാന്‍ ഇതെപ്പറ്റിചോദിച്ചു. അവന്‍ തന്റെ കൂര്‍ത്ത കണ്ണുകള്‍ എന്റെ മേല്‍ പായിച്ചു പറഞ്ഞു “ശരിയാ... അവര്ടെ ബൈബിളില്‍ പറഞ്ഞിട്ടൊണ്ട് ലോകാവസാനം രണ്ടായിരാമാണ്ടില്‍ തന്നെയാണെന്ന്!”
എനിക്ക് ആധിയേറി. വീട്ടിലെത്തി. അച്ഛന്‍ വന്നയുടന്‍ ഞാന്‍ പുതിയ വാര്‍ത്ത അറിയിച്ചു. അച്ഛാ... അറിഞ്ഞോ...? ലോകം അവസാനിക്കാന്‍ പോവ്വാ...! രണ്ടായിരാമാണ്ടില്‍ തീരും എല്ലാം!”
അച്ഛന്‍ ചോദിച്ചു “ ആരു പറഞ്ഞു നിന്നോടിത്?”
ഞാന്‍ സംഗതികളൊക്കെ പറഞ്ഞു. അച്ഛന്‍ ചിരിച്ചു. “ബൈബിളില്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലടാ മണ്ടാ!” എന്തോ ആലോചിച്ചു വീണ്ടും പറഞ്ഞു “പക്ഷേ ലോകം അത്ര നല്ല സ്ഥിതിയിലൊന്നുമാകാന്‍ വഴിയില്ല അന്ന്...!”
ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടൊന്നുമില്ല എന്ന അറിവ് എനിക്കാശ്വാസമായി. മണ്ടന്‍ ഹരികുമാറിനോട് ഇത് ആരു പറഞ്ഞൊ എന്തൊ!
ഹൈസ്കൂളില്‍ പഠിക്കുന്നക്കാലത്തും കേട്ടിരുന്നു ഇങ്ങനെയൊരു കിംവദന്തി. കാലം കടന്നു പോകെ എ.ഡി.2000 ത്തെക്കുറിച്ച് ഞാന്‍ മറന്നു.പ്രീഡിഗ്രി, ബി.എ.എം.എസ്, എം.ഡി... അങ്ങനെ പഠനം എന്നെ ഒരു വഴിക്കാക്കി. 1999 ല്‍ എം.ഡി പഠനം പൂര്‍ത്തിയാക്കി.
അപ്പോഴാണ് ലോകം മുഴുവന്‍ നടുക്കിക്കൊണ്ട് പുതിയ ഒരു പ്രശ്നം പൊന്തി വന്നത്. അതായിരുന്നു Y2K Problem. രണ്ടായിരാം ആണ്ടാകുന്നതോടെ ലോകമാസകലമുള്ള കമ്പ്യൂട്ടറുകള്‍ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നും ടെലിഫോണ്‍ ബൂത്തുകള്‍ മുതല്‍ ആണവറിയാക്ടറുകള്‍ വരെ കുഴപ്പത്തിലാകുമെന്നും, വിമാനസര്‍വീസുകള്‍ നിലയ്ക്കുമെന്നും മറ്റുമുള്ള ഭീതി എല്ലായിടത്തും പരന്നു. ആകാശവാണി ലോകാവസാനം തീമാക്കി ഒരു നാടകം സം പ്രേഷണംചെയ്തു.... ഹോ എന്തൊരു പുകിലായിരുന്നു!
സജി മാത്യുവും അവന്റെ മാലാഖമാരെപ്പോലെയുള്ള സഹോദരിമാരും പതിറ്റാണ്ടുകള്‍ക്കു ശേഷം, എന്റെ ഒരു നിശാസ്വപ്നത്തില്‍ പറന്നു വന്നു. സംഗതി സത്യമാകാന്‍ പോകുകയാണോ!
എനിക്കാണെങ്കില്‍ ഡബിള്‍ ടെന്‍ഷന്‍!
ഒന്നാമത് ജീവിതത്തില്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. രണ്ടാമത് വയസ്സ് 29!
കല്യാണം കഴിക്കണം എന്ന ചിന്ത എന്റെ മനസ്സിലും, എന്നെ കെട്ടിക്കണം എന്ന ചിന്ത എന്റെ 27 വയസ്സുള്ള ഇരട്ട അനിയന്മാരിലും ഒരേ സമയം അങ്കുരിച്ചു.
എനിക്ക് എന്നോടുള്ള സ്നേഹം നിങ്ങള്‍ക്കു മനസ്സിലാകും. എന്നാല്‍ എന്റെ ഹൃദയശൂന്യന്മാരായ അനിയന്മാര്‍ എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത് എന്നു തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി!
അവന്മാര്‍ക്ക് ഹൃദയം ഉണ്ടായിട്ടുവേണ്ടേ എന്നെ സ്നേഹിക്കാന്‍!
ദ്രോഹികള്‍ രണ്ടും വിശാലമനസ്കന്മാരായതുകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ രണ്ടു സുന്ദരിമാര്‍ക്ക് ദാനം ചെയ്തു കഴിഞ്ഞിരുന്നു!!
ആ പെണ്‍കുട്ടികള്‍ക്കാവട്ടെ വിവാഹാലോചനകള്‍ വന്നുകൊണ്ടുമിരിക്കുന്നു. കണ്ണനും കിണ്ണനും ടെന്‍ഷന്‍!
മൂന്നു സഹോദരന്മാര്‍ക്ക് ഒരേസമയം ടെന്‍ഷന്‍ വന്നാല്‍ എന്തു സംഭവിക്കും!?
തലച്ചോറുകള്‍ പുകഞ്ഞു.... കണ്ണകിണ്ണന്മാര്‍ ഒരു ദിവസം രാത്രി ഭക്ഷണസമയത്ത് വിഷയം അവതരിപ്പിച്ചു.
അമ്മയോടാണ് സംസാരം. ഏറ്റവും ഇളയ അനിയന്‍ എറണാകുളത്തു പോയിരിക്കുകയാണ്. വീട്ടിലെത്തിയിട്ടില്ല.
“ജയണ്ണന് അടുത്ത ഏപ്രിലില്‍ വയസ്സ് മുപ്പതാകും....” കണ്ണന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
അമ്മ മൂളി “ ഉം.... അതിന്...?”
“അല്ല ...മുപ്പതൊക്കെയായാല്‍ പിന്നെ പെമ്പിള്ളാരെ കിട്ടാന്‍ അത്ര എളുപ്പമാണോ...?”
“ആവോ...” അമ്മയൂടെ നിസ്സംഗമായ മറുപടി.
നാലാണ്മക്കളുള്ള, ഏകദേശം മെന്‍സ് ഹോസ്റ്റല്‍ പോലെയുള്ള വീട്ടിലെ ‘വാര്‍ഡന്‍’ ആയ അമ്മയുണ്ടോ കുലുങ്ങുന്നു!
കല്യാണം ഒരു മുപ്പത്തിരണ്ടു വയസ്സിനുള്ളിലായാലും മതി എന്നായിരുന്നു അമ്മയുടെ ചിന്താഗതി. അച്ഛനും, കൊച്ചച്ഛനും ഒക്കെ വിവാഹിതരായത് ആ പ്രായത്തിലാണ്.
“നമക്ക് പേപ്പറില്‍ കൊടുക്കാം...” കിണ്ണന്‍!
“ഉം... കൊടുത്തോ..” അമ്മ പറഞ്ഞു.
അനിയന്മാര്‍ രണ്ടുപേരും ഉത്സാഹത്തിലായി. ഊണു കഴിഞ്ഞ് അവര്‍ പദ്ധതി വിവരിച്ചു. നമുക്ക് മാട്രിമോണിയല്‍ പരസ്യം കൊടുക്കാം. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എഡിഷനുകളില്‍ കൊടുത്താല്‍ മതി. ജയണ്ണന് തിരുവനന്തപുരത്ത് നല്ല പരിചയമല്ലേ. പത്രമോഫീസുകള്‍ ഒക്കെ പരിചയമുണ്ടല്ലോ...
അങ്ങനെ വിറയാർന്ന കരങ്ങളോടെ ഞാൻ തന്നെ എന്റെ വിവാഹപരസ്യം കൊടുത്തു! എന്റെ വിറ കണ്ട് മാട്രിമോണിയൽ സെക്ഷനിലിരുന്ന പെൺകുട്ടിക്കു ചിരി വന്നു.
“ആദ്യായിട്ട് പരസ്യം കൊടുക്കുന്നതു കൊണ്ടാ...” ജാള്യതയോടെ ഞാൻ മൊഴിഞ്ഞു.
അന്ന് കർണാടകയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതു കൊണ്ട് പരസ്യം കൊടുത്ത ശേഷം ആകുലകുമാരനായി ജോലിസ്ഥലത്തേക്കു മടങ്ങി.
രണ്ടാഴ്ചയ്ക്കുള്ളില്‍ നാല്‍പ്പത്തഞ്ചൊ നാല്‍പ്പത്തെട്ടോ പ്രപ്പോസലുകള്‍ കിട്ടി. കണ്ണനും അമ്മയും കൂടിയിരുന്ന് പ്രപ്പോസലുകള്‍ വിശദമായി പരിശോധിച്ചു. ഏറ്റവും ജാതകപ്പൊരുത്തം ഉള്ളത് തെരഞ്ഞെടുക്കാന്‍ എല്ലാം കൂടി കുടുംബജ്യോത്സ്യന്‍ കൊച്ചുകണിയാരെ ഏല്‍പ്പിച്ചു. അതിയാന്‍ അതില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുത്തു. വിവരം എന്നെ അറിയിച്ചു.
ജാതകം നോക്കാതെയാണ് അച്ഛനുമമ്മയും വിവാഹിതരായത്. എന്നാല്‍ അച്ഛന്റെ അകാലത്തിലുണ്ടായ വേര്‍പാട് അമ്മയെ ജ്യോതിഷത്തിലേക്ക് അമിതമായി ആകര്‍ഷിച്ചിരിക്കുന്നു എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
കണ്ണകിണ്ണന്മാര്‍ക്ക് ജാതകം നോക്കി വിവാഹം കഴിക്കാനാവില്ല.പെണ്‍കുട്ടികളുടെ നാളുകള്‍ ചേരില്ല എന്ന് രണ്ടാള്‍ക്കും അറിയാം. (അതൊക്കെ അവന്മാർ എന്നേ നോക്കിയിരിക്കുന്നു!)
ഏറ്റവും ഇളയ അനിയന് ജാതകം, വിശ്വാസങ്ങള്‍ എന്നിവയിലൊന്നും വലിയ താല്‍പ്പര്യവുമില്ല. ഈ സ്ഥിതിയില്‍ മൂത്ത പുത്രൻ എന്ന നിലയിൽ, അമ്മയുടെ ആഗ്രഹപ്രകാരം ജാതകം നോക്കിത്തന്നെ കല്യാണം കഴിക്കാം എന്ന് ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
നാട്ടിലെത്തി. രണ്ടു ദിവസങ്ങള്‍ കൊണ്ട് ജാതകം മാത്രം പൊരുത്തമുള്ള അഞ്ച് പെണ്‍കുട്ടികളെ കണ്ടു. ഒന്നും ശരിയായില്ല! എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍.
അങ്ങനെ പെണ്ണുകാണല്‍ മടുത്ത്, കര്‍ണാടകത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബസ്സ്. അന്നു രാവിലെ അച്ഛന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയും ഭര്‍ത്താവും വീട്ടിലേക്കു വന്നു. ദാമോദരന്‍ സാറിന്റെ മൂത്തമകന് ഒരു വിവാഹാലോചനയുമായാണ് വരവ്.
“ഇന്നുച്ചയ്ക്ക് കര്‍ണാടകത്തിലേക്കു മടങ്ങുകയാണ്..” ഞാന്‍ പറഞ്ഞു.
“അതിനെന്താ.... ഒന്നു കണ്ടിട്ടുപോകാന്‍ രണ്ടു മണിക്കൂറല്ലേ വേണ്ടൂ? ”
വന്ന സ്ത്രീ അമ്മയുടെയും പരിചയക്കാരിയാണ്. സ്ഥിരം ഒരേ ബസ്സിൽ യാത്രചെയ്യുന്നവർ.
അമ്മ സമ്മതിച്ചു. പെട്ടെന്ന് തയ്യാറായി പുറപ്പെട്ടു. അഞ്ച് പെണ്ണുകാണലുകള്‍ എന്നെ ധൈര്യശാലിയാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്ണുകാണല്‍ നടന്നു. എന്നാല്‍ ഇനി അവര്‍ സംസാരിക്കട്ടെ എന്നാരോ പറഞ്ഞു.
എല്ലാവരും പൂമുഖത്തേക്കു മാറി. ഞാൻ ധൈര്യമായി അവളുടെ മുഖത്തേക്കു നോക്കി.ഒരു സാധാരണകുട്ടി.
പക്ഷെ ഭയങ്കര കത്തി! പിന്നെ അര മണിക്കൂര്‍ ആര് ആരെ തോല്‍പ്പിച്ചു എന്നു പറയാന്‍ പറ്റാത്തത്ര കിടിലന്‍ കത്തി!
ഞങ്ങൾ അകത്തെ മുറിയിലും, മറ്റെല്ലാവരും പുറത്തും.
രണ്ടാളുടെയും ബന്ധുക്കള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടു.
കുട്ടികള്‍ സംസാരിച്ചു തകര്‍ക്കുകയല്ലേ!
അര മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങളുടെ സംസാരം തീരുന്നില്ലെന്നു കണ്ടപ്പോൾ എന്റെ കുഞ്ഞമ്മ അകത്തേക്കു വന്നു.പെണ്‍കുട്ടിയോടു ചോദിച്ചു “ഞങ്ങടെ ചെറുക്കനെ ഇഷ്ടപ്പെട്ടോ?”
അവള്‍ തലയാട്ടി!
ചടങ്ങു കഴിഞ്ഞു. ഉടന്‍ തന്നെ ഞാന്‍ കര്‍ണാടകത്തിലേക്കു പോയി. ഇരു വീടുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. സംഗതി ഏകദേശം തീരുമാനവുമായി! എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍... കാര്യം, കുറേ കത്തി വച്ചു എന്നതു ശരി തന്നെ.... പക്ഷേ ഞാന്‍ പറഞ്ഞ മിക്ക കാര്യങ്ങള്‍ക്കും കടകവിരുദ്ധമായാണ് അവള്‍ മറുപടി പറഞ്ഞത്. അടിച്ചുപിരിയുമോ....!
ഇതേ ആശങ്ക അവള്‍ക്കുമുണ്ടായിരുന്നു. കത്തിയൊക്കെ വച്ചെങ്കിലും, വന്ന ചെറുക്കന്റെ മുഖം അവള്‍ക്കങ്ങോട്ട് കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലത്രെ! രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഒരു കണ്ടുമുട്ടല്‍. സംഗതി വല്യ കുഴപ്പമൊന്നുമില്ല എന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ 2000 ഡിസംബറില്‍ കല്യാണനിശ്ചയം നടന്നു.
പിന്നെ എഴുത്തും കുത്തും! ദിവസം ഓരോ കത്തു വീതം!
പെണ്ണുകാണൽ ദിവസം ഞാൻ അവളുടെ എസ്.എസ്.എൽ.സി. മാർക്ക് ചോദിച്ചതെന്തിനാണെന്ന് അവൾക്കു ഭയങ്കര സംശയം!
നീട്ടി വളർത്തിയ എന്റെ മുടി വെട്ടിക്കളയാം എന്ന് ഞാൻ അവളുടെ അപ്പൂപ്പനു കൊടുത്ത വാക്കു പാലിക്കുമോ എന്ന് സംശയം!
പനി വന്നാൽ കഷായം കുടിപ്പിക്കുമോ എന്ന് സംശയം...!
കണ്ണകിണ്ണന്മാരെ “അനിയാ...” എന്നു വിളിക്കണോ എന്നു സംശയം!
(അവന്മാർ അവളേക്കാൾ മൂന്നു വയസ് മൂത്തവരാ!)
അങ്ങനെ മൊത്തം മൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്നേ പോയിന്റ് മൂന്ന് സംശയങ്ങൾ തീർത്തുകൊടുത്തപ്പോഴേക്കും മാസം ഏപ്രിൽ ആയി.പതിനാറാം തീയതി പറന്നെത്തി!
കല്യാണദിവസം പ്രതിശ്രുത അളിയന്‍ എന്നെ സ്വീകരിക്കുമ്പോള്‍ കൈകുലുക്കികൊണ്ടു പറഞ്ഞു “ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!”
ഞാനൊന്നു നടുങ്ങി! ഇവന്‍ എന്തുദ്ദേശിച്ചാണിതു പറഞ്ഞത്!? വീണ്ടും വീണ്ടും കല്യാണ ദിനങ്ങള്‍ ഉണ്ടാവട്ടെ എന്നോ!!?
എന്തായാലും തല എകദേശം ശൂന്യമാണ്. രാവിലെ മുതല്‍ വീഡിയോ മാമന്മാര്‍ പോസ് ചെയ്യിച്ച് ഒരു പരുവമാക്കി നിര്‍ത്തിയിരിക്കുകയാണ്. അതിഥികളെ നോക്കി ചിരിച്ചു ചിരിച്ച് വാ കഴച്ചു തുടങ്ങി. അളിയന്റെ “വിഷ്” നെക്കുറിച്ച് പിന്നെ ചിന്തിക്കാം.
താലികെട്ട്, സദ്യ, നവവധുവിന്റെ കരച്ചില്‍ എല്ലാം കഴിഞ്ഞു. വധുവിനെയും കൂട്ടി വീട്ടിലെത്തി.രാത്രി സങ്കോചത്തോടെയാണെങ്കിലും അളിയന്റെ ‘ആശംസ’യെക്കുറിച്ച് ഞാന്‍ ഭാര്യയോട് ചോദിച്ചു
“അളിയന്‍ ഇംഗ്ലീഷില്‍ പിന്നോക്കമാണല്ലേ?”.
“അയ്യോ! ഇന്ന് ഏപ്രില്‍ പതിനാറല്ലേ? ചേട്ടന്റെ ബര്‍ത്ത് ഡേ ഇന്നല്ലേ!?”
ദൈവമേ! അതാണൊ സംഗതി! പിറന്നാള്‍ ആശംസയായിരുന്നോ!
ഞാന്‍ ജനിച്ചത് ഏപ്രില്‍ 16 നു തന്നെ. പക്ഷേ പൊതുവേ നാളുനോക്കിയായിരുന്നു അമ്മ ജന്മദിനം ആഘോഷിച്ചിരുന്നത്.. അതു തന്നെ നിലച്ചുപോയിട്ട് വര്‍ഷങ്ങളായതുകാരണം ഞാന്‍ എന്റെ ജന്മദിനം ഓര്‍ത്തുവയ്ക്കാറില്ലായിരുന്നു.
ജനിച്ച ദിവസം തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാദൃച്ഛികതയാണ്.
അതുപോലെ തന്നെയാണ് എന്റെ അമ്മയുടെയും ഭാര്യയുടെയും പേരുകള്‍. രണ്ടും ഒന്നു തന്നെ - ലക്ഷ്മി!
ഇത്തരം യാദൃച്ഛികതകള്‍ പലതുമുണ്ടായി പിന്നീട് ജീവിതത്തില്‍.
എന്തായാലും സജി മാത്യു പറഞ്ഞതൊന്നും സംഭവിച്ചില്ലെങ്കിലും രണ്ടായിരാമാണ്ടില്‍ എന്റെ അതു വരെയുള്ള ലോകം അവസാനിച്ചു! സ്വര്‍ഗരാജ്യം സമീപിക്കുകയും ചെയ്തു!!
വാല്‍ക്കഷണം:
കല്യാണപ്പിറ്റേന്ന് ഞാനും ഭാര്യലക്ഷ്മിയും അമ്മലക്ഷ്മിയും അനിയന്മാരും കൂടിയിരിക്കുമ്പോള്‍ കണ്ണന്‍ കുറേ കത്തുകെട്ടുകള്‍ എടുത്തുകൊണ്ടുവന്നു.
“കണ്ടോ ചേച്ചീ..... ഞങ്ങടെ ചേട്ടനു വന്ന പ്രപ്പോസല്‍സ്....!”
ലക്ഷ്മിയ്ക്ക് ഒരു ക്യൂരിയോസിറ്റി. അവള്‍ അതൊക്കെ വാങ്ങി വിശദമായി പരിശോധിച്ചു.
അല്പനിമിഷങ്ങള്‍ക്കുള്ളില്‍ “അയ്യോ..! ദേ...!” എന്നൊരു വിളി ലക്ഷ്മിയില്‍ നിന്നുയര്‍ന്നു.
“എന്തു പറ്റി?” അമ്മയും, ഞാനും അനിയന്മാരും ഞെട്ടി!
ആറില്‍ താഴെപൊരുത്തമുള്ള പ്രപ്പോസലുകള്‍ ആരാണെന്നുപോലും നോക്കാതെ അമ്മ മാറ്റി വച്ചതായിരുന്നു. അതിലൊന്നില്‍ ലക്ഷ്മിയുടെ അച്ഛന്‍ അയച്ച പ്രപ്പോസലും പെട്ടിരുന്നു!
തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല! അവള്‍ എനിക്കുള്ളതും ഞാന്‍ അവള്‍ക്കുള്ളതും തന്നെ!!!

Subscribe to:
Posts (Atom)