രണ്ടര വർഷം മുൻപാണ് ബ്ലോഗർ നോക്കിയയുടെ ഒരു എൻ സെവന്റി സ്വന്തമാക്കിയത്. നല്ല സിൽവർ ബോഡി. മുന്നിലും പിന്നിലും ഓരോ ക്യാമറ. പാട്ടുകേൾക്കാം. ഫോട്ടോയെടുക്കാം, വീഡിയോ എടുക്കാം. നേരിൽ കണ്ടുസംസാരിക്കാൻ 3ജി സൌകര്യം.....ബ്ലോഗർ മുടിഞ്ഞ ജാഡയിലായിരുന്നു.
സത്യം സത്യമായി പറഞ്ഞാൽ ബ്ലോഗർ അന്ന് ബ്ലോഗർ ആയിട്ടില്ല. 2007 ൽ ‘ബ്ലോഗുലകത്തിന് ആശംസകൾ!’ എന്ന തലക്കെട്ടിൽ ഒരു ചെറുകുറിപ്പ് എഴുതി എന്നതൊഴിച്ചാൽ മറ്റൊന്നും ഇതിയാൻ ചെയ്തിട്ടില്ല. ഇന്റർനെറ്റിലെ ബ്ലോഗ് ലോകത്തെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞ ആവേശത്തിൽഎങ്ങനെയോ തപ്പിത്തടഞ്ഞ് മലയാളം പെറുക്കിപ്പെറുക്കി ടൈപ്പ് ചെയ്തതാണത്. എന്നാലും വല്യ പുലിയാന്നാ ഭാവം. വിശാലമനസ്കനെപ്പോലും പുല്ലുവില!
ആ ഇനത്തിന് ഇങ്ങനൊരു ഫോൺ കിട്ടിയാലത്തെ കഥ പറയേണ്ടതില്ലല്ലോ..... അതും ജർമ്മൻ മോഡൽ! അതുപയോഗിക്കാനുള്ള കിടുപിടികൾ മുഴുവനായി അറിയാത്തതിനാൽ ഒരു സുഹൃത്തിനെ സമീപിച്ചു. കുട്ടിക്കാലത്തേ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സിൽ ആരോ കൈവിഷം ചേർത്തു കൊടുത്തതു കാരണം ഇമ്മാതിരി കുന്ത്രാണ്ടങ്ങളോട് വല്ലാത്തൊരഭിനിവേശമുള്ളയാളാണ് സുഹൃത്ത്. കയ്യിൽ ഒരു എൻ സെവന്റി ആദ്യമായി വന്നു ചേർന്നതാണെങ്കിലും ചിരപരിചയം ഉള്ളയാളെപ്പോലെ എടുത്തു പണിയാൻ തുടങ്ങി, കക്ഷി.
തിരിച്ചും മറിച്ചും നോക്കി. ചിന്തിയിലാണ്ടു.
“പക്ഷെ ഇതിന്റെ മുന്നിലും പിന്നിലും ക്യാമറ വച്ചതിന്റെ ഗുട്ടൻസ് എന്താണാവോ..... “ ഗാഡ്ജറ്റ് പ്രാന്തൻ പറഞ്ഞു. പിന്നിലെ ക്യാമറ പ്രവർത്തിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും മുന്നിലെ ക്യാമറ ഓണാക്കാൻ ആൾക്ക് കഴിഞ്ഞില്ല.
പെട്ടെന്ന് എന്താണു സംഭവിച്ചതെന്നറിയില്ല വരാൽ (ബ്രാൽ) വഴുതും പോലെ മൊബൈൽ അയാളുടെ കയ്യിൽ നിന്നു വഴുതിത്തെറിച്ചു. ബ്ലോഗറുടെ അടിവയറ്റിൽ നിന്നും തീ പൊന്തി!
ഉദ്വേഗഭരിതനായി വായ് വരണ്ട് നോക്കിനിന്ന ബ്ലോഗറുടെ മുന്നിൽ ഇൻഡ്യൻ ക്രിക്കറ്റർ ക്യാച്ചിനായി ശ്രമിക്കുന്നതുപോലെ ഒരു ജീവന്മരണപ്പോരാട്ടം തന്നെ നടത്തി, സുഹൃത്ത്. ഒടുക്കം അത് ഠപ്പേന്നു നിലത്തിടുന്നതിൽ വിജയിച്ചു കക്ഷി!
എന്നെ സമ്മതിക്കണം എന്നമട്ടിൽ ബ്ലോഗറെ നോക്കി സുഹൃത്ത് പറഞ്ഞു “ഹേയ്.... എൻ സെവന്റിയല്ലേ....നോ പ്രോബ്ലം... ഒന്നും സംഭവിക്കില്ല...!“
എന്നിട്ട് ഉരുണ്ടുപിരണ്ടെണീറ്റ് മൊബൈൽ കൈക്കലാക്കി. ബ്ലോഗറെ കാണിച്ചു. സംഗതി ശരിയാണ്. നോ പ്രോബ്ലം.
“അല്ലേലും എൻ സീരീസ് അങ്ങനൊന്നും കേടാകില്ലന്നേ... ” സുഹൃത്ത് സമാശ്വസിപ്പിച്ചു.
ഉം... അത് ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! ബ്ലോഗർ പിറുപിറുത്തു.
ഒരു ഒന്നരക്കൊല്ലം അങ്ങനങ്ങു പോയി. ഇതിനിടെ ബ്ലോഗർ ‘ശരിക്കും ബ്ലോഗർ’ ആയി. എവിടെ പോയാലും മൊബൈൽ വച്ച് പടം പിടിക്കുക. അത് നാലാളെ കാണിക്കുക. സുഹൃത്തുക്കളുടെ കല്യാണപ്പടങ്ങൾ കൂട്ടത്തിൽ ഇട്ടു. ഓർക്കുട്ടിൽ ഇട്ടു.
അങ്ങനെയിരിക്കെയാണ് ബ്ലോഗർ അരുൺ കായംകുളത്തിന്റെ പെങ്ങളുടെ കല്യാണം വന്നത്. അരുൺ തന്റെ ബ്ലോഗിലൂടെ സകലമാന ബൂലോകരെയും ക്ഷണിച്ചു. അത് തനിക്കുള്ള പേഴ്സണൽ ഇൻവിറ്റേഷനായെടുത്ത് തന്റെ മൊബൈലുമായി കല്യാണ ദിവസം തന്നെ ആൾ ഹാജരായി. അരുണിന് ആളെ പിടികിട്ടിയില്ലെങ്കിലും ഊട്ടുപുര മുതൽ നാഗസ്വരക്കച്ചേരിയും താലികെട്ടും വരെ ബ്ലോഗർ മൊബൈലിലാക്കി. അതൊരു പൊസ്റ്റാക്കി ഇടുകയും ചെയ്തു!
പടങ്ങൾ കണ്ട് അരുൺ കണ്ണുതള്ളിപ്പോയി. അങ്ങനെ ബ്ലോഗറുടെ മൊബൈലിന് ആദ്യത്തെ കണ്ണേറ് കിട്ടി!
പിന്നെ കൂട്ടത്തിലെ (http://www.koottam.com/)എക്സ് പഞ്ചാരക്കുട്ടൻ വിനോദ് രാജ് വിവാഹിതനായ വാർത്ത ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചു. തന്റെ പ്രണയഭാജനങ്ങളെല്ലാം വിവാഹവാർത്ത അറിഞ്ഞതിൽ കുപിതനായ പഞ്ചാരക്കുട്ടൻ ആ മൊബൈൽ പണ്ടാരമടങ്ങിപ്പോണേ എന്നു ശപിച്ചു.
അടുത്ത ദിവസം കൊല്ലം റെയിൽ വേ സ്റ്റേഷനിൽ ട്രെയിനിറങ്ങി കുറുക്കു വഴിയെ ചാടുന്നതിനിടയിൽ ബ്ലോഗറെ ഭാര്യ വിളിച്ചു. അത് അറ്റെൻഡ് ചെയ്ത് ഓഫ് ചെയ്യുന്നതിനിടയിൽ കരിങ്കൽ കൂമ്പാരത്തിൽ തട്ടി ബ്ലോഗറുടെ കാൽ ഒന്നിടറി. വിയർപ്പു പൊടിഞ്ഞ കയ്യിൽ നിന്നു വഴുതി മൊബൈൽ കരിങ്കല്ലിൽ തട്ടി, പാളത്തിൽത്തട്ടി, സ്ലീപ്പറിൽ തട്ടി, പണ്ടത്തെ പാട്ടിൽ പറയുംപോലെ ഏകപട ദ്വിപടത്രിപട ചതുർപഞ്ചപട ഷഷ്ടാടപട ദ്രുപ ഡക്കുടധീം!
ദാ കിടക്കുന്നു!
അടുത്ത് കുളമൊന്നുമില്ലാഞ്ഞതിനാൽ ‘ദ്രുപഡങ്കോ ഡിങ്കോ ഡാഡിമ ഡീഡിമ ഖുപ ഖുപ ഖൂപ:‘ ഒന്നുമുണ്ടായില്ല!
ഇത്തവണ പഴി ചാരാൻ ഫോൺ വിളിച്ച ഭാര്യയല്ലാതെ മറ്റാരുമില്ലാഞ്ഞതുകൊണ്ട് കുറ്റം സ്വയം ഏറ്റ് ബ്ലോഗർ ഫോൺ കുനിഞ്ഞെടുത്തു. (അവളെ കുറ്റം പറഞ്ഞാൽ അന്നം മുട്ടും!)
പിന്നെ ഒറ്റത്തീരുമാനമായിരുന്നു. ഈ വഴുവഴുക്കൻ സിൽവർ ബോഡി മാറ്റണം. അങ്ങനെയാണ് ആ എൻ സെവന്റി കറുപ്പുചട്ട അണിഞ്ഞത്.
പൂർവാധികം ശക്തിയോടെ ബ്ലോഗർ കണ്ണിൽ കണ്ടതെല്ലാം മൊബൈലിൽ പകർത്തി. പലബ്ലോഗർമാരെയും ‘പട‘മാക്കണം എന്ന ആഗ്രഹം അങ്ങനെ പൂർത്തീകരിച്ചു. വിശ്രുത ബ്ലോഗർമാരായ വിശാലമനസ്കൻ, നിരക്ഷരൻ,സജി അച്ചായൻ, നന്ദപർവം നന്ദൻ തുടങ്ങി എന്തിന് കാർട്ടൂണിസ്റ്റ് സജ്ജീവേട്ടൻ വരെ അങ്ങനെ പടമായി! കൂട്ടത്തിലെ നിത്യവസന്തം അനന്തു നീർവിളാകം ഗൾഫ് ഗെയ്റ്റ് സജ്ജീകരണങ്ങളോടെ വിവാഹിതനായ സംഭവം ചിത്രങ്ങൾ സഹിതം പുറത്തുവന്നു.
അതുകൊണ്ടും പോരാഞ്ഞ് ഈ വർഷത്തെ കൂട്ടം മീറ്റും, ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റും ഒക്കെ അതിയാൻ ‘കവർ’ ചെയ്തു.
ഒക്കെക്കണ്ട് സഹികെട്ട നിരക്ഷരൻ ഒരു പ്രാക്കങ്ങു പ്രാകി!
“ഒരു മൊബൈൽ വച്ച് ഇങ്ങനെ. അപ്പോ ഇയാളുടെ കയ്യിൽ ഒരു എസ്.എൽ.ആർ. ക്യാമറ കിട്ടിയാൽ എന്താവും സ്ഥിതി“ എന്ന്!
അതൊരു ഒടുക്കത്തെ പ്രാക്കായിപ്പോയി!
പിറ്റേന്ന് കായം കുളത്തു നിന്ന് കൊല്ലത്തേക്ക് ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്രചെയ്യുകയായിരുന്നു ബ്ലോഗർ. മൊബൈൽ പാന്റ്സിന്റെ സൈഡ് പോക്കറ്റിൽ. ബ്ലോഗർക്കു മുന്നിലെയും പിന്നിലെയും സീറ്റുകളിൽ സൈഡിൽ ഇരുന്നിരുന്നത് ലലനാമണികൾ ആയിരുന്നതിനാലാവും കണ്ടക്ടർ മുകളിലെ കമ്പിയിൽ തുങ്ങി തന്റെ പൃഷ്ടപാർശ്വം വച്ച് ആൾക്കാരെ ഇടിച്ചിടിച്ചു വന്നു. പെണ്ണുങ്ങളെപ്പോലെ ‘ഷോക്ക് അബ്സോർബ്’ ചെയ്യാൻ മാത്രം മാംസം ശരീരത്തില്ലാത്തതിനാൽ പൃഷ്ഠംകൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ ബ്ലോഗർ വശം തിരിഞ്ഞു പോയി!
ഫലം. മൊബൈൽ പാന്റ്സിന്റെ പൊക്കറ്റിൽ നിന്നൂർന്ന് നിലത്ത് ഠിം!
“അയ്യോ! എന്റെ മൊബൈൽ!” ബ്ലോഗർ അലറി.
കണ്ടക്ടർ മൂടു തിരിഞ്ഞ് നിർവികാരനായി പറഞ്ഞു. “ദോ... ആ മുന്നിലെ സീറ്റിന്റടിയിൽ ഒണ്ട്!”
എന്തോ വല്യ സഹായം ചെയ്യുന്ന മാതിരി കണ്ടക്ടർ മൊഴിഞ്ഞു. അവന്റെ പൃഷ്ഠത്തിനിട്ടൊരു ചവിട്ടുകൊടുക്കാൻ ബ്ലോഗറുടെ കാലുകൾ തരിച്ചു. പിന്നെ ആനയെ ആടുചവിട്ടിയാൽ എന്താകാനാ എന്നോർത്തങ്ങു ക്ഷമിച്ചു.
പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി!
തിരുവോണത്തിനു രണ്ടു ദിവസം ബാക്കി. ഉത്രാടം സുഖമായി തെളിഞ്ഞ അന്തരീക്ഷത്തിൽ സ്വന്തം വീട്ടിൽ ആഘോഷിച്ചു. തിരുവോണത്തിന് ഭാര്യാപുത്രസമേതനായി തറവാട്ടിലെത്തി. അമ്മയും അനിയന്മാരും ഒത്ത് ഓണസദ്യയുണ്ട് മക്കളെ ഊഞ്ഞാലാട്ടി ആഘോഷിച്ചു. ഉച്ചതിരിഞ്ഞപ്പോൾ അനിയന്മാർ അവരവരുടെ ഭാര്യാഗൃഹങ്ങളിലേക്കു പോയി. തറവാട്ടിൽ അമ്മയ്ക്കൊപ്പം ബ്ലോഗറും കുടുംബവും നിന്നു.
പിറ്റേന്നു നേരം വെളുത്തപ്പോൾ ബ്ലോഗർ മൊബൈൽ കയ്യിലെടുത്തു. നോക്കിയപ്പോൾ നോ ഡിസ്പ്ലേ! സർവം ഇരുണ്ടിരിക്കുന്നു. ഒന്നു സ്വിച്ചോഫ് ചെയ്ത് ഓൺ ചെയ്തു നോക്കിയപ്പോൾ, പണ്ട് ദൂരദർശൻ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുമ്പോൾ ടി.വിയിൽ തെളിയുന്ന മാതിരി സപ്തവർണങ്ങളും തെളിഞ്ഞു വന്നു. വീണ്ടും ഇരുണ്ടു.
ബ്ലോഗറുടെ മനം ഇരുണ്ടു. ഇനീപ്പോ എന്തു ചെയ്യും...?
വൈകുന്നേരം ആയപ്പോൾ നെരേ ടൌണിലുള്ള ‘നോക്കിയ കെയർ‘ സന്ദർശിച്ചു.കൌണ്ടറിൽ നീർക്കോലി പോലൊരു പെണ്ണ് മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓണമായതുകൊണ്ട് മറ്റെല്ലാവരും അവധിയെടുത്തതുകൊണ്ടാവും ജലദോഷമായിട്ടും ഇവൾ ഇവിടിരിക്കുന്നത്.
മൊബൈൽ അവളുടെ നേർക്കു നീട്ടി. അവൾ മൂക്കു തുടച്ച് ആ കൈ വച്ചു തന്നെ മൊബൈൽ ഏറ്റുവാങ്ങി. കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി. പുഴുങ്ങിയ മുട്ടത്തോടു പൊളിക്കുന്ന ലാഘവത്തോടെ ഫോൺ രണ്ടായി പിളർന്നു. സിമ്മും, ബാറ്ററിയും, ഡാറ്റാ കാർഡും ഊരി വെളിയിലിട്ടു. എന്നിട്ട് മൂക്കുതുടച്ച് ,എല്ലാം കൂടി വാരിയെടുത്ത് ബ്ലോഗർക്കുകൊടുത്തു.
അവൾ പറഞ്ഞു “സേർ.... സേറിന്റെ നമ്പർ ഒന്നു പറയൂ...“
“ഉള്ള നമ്പർ ഉണ്ടായിരുന്ന ഫോണാ ഇത്. ഇതു കേടായ സ്ഥിതിക്ക് ആ നമ്പർ എന്തിനാ?“
“ഓഹോ..... എങ്കിൽ സേറിന്റെ ഹോം നമ്പർ പറയൂ...”
അവളുടെ സേർ വിളി കേട്ട് അസ്വസ്ഥനായി അയാൾ വീട്ടു നമ്പർ കൊടുത്തു. ഏതു ഭാഷയിലാണാവോ Sir എന്നതിന് സേർ എന്നു പറയുന്നത്! നമ്മൾ സാദാ മലയാളികൾ സാർ എന്നു പറഞ്ഞാൽ തെറ്റ്. ഈ മംഗ്ലീഷ് മദാമ്മമാരും സായിപ്പന്മാരും ‘സേർ’ എന്നു പറഞ്ഞാൽ അതു ശരി!
ബ്ലോഗറുടെ ഉള്ളിൽ ധാർമ്മികരോഷം പുകഞ്ഞു.
ഫോണുമായി അവൾ അകത്തുപോയി. രണ്ടു മിനിറ്റ് കഴിഞ്ഞ് മടങ്ങി വന്നു.
“സേറിന്റെ ഫോണിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. റുപ്പീസ് ഫൈവ് ഹൺ ഡ്രഡ് ഇട്ട് ഇപ്പോ ബിൽ തരാം. എൽ.സി.ഡി അടിച്ചുപോയതാണെങ്കിൽ റുപ്പീസ് ടു തൌസൻഡ് ആകും. ഓക്കേ?”
ബ്ലോഗർ തലയാട്ടി. വേറെന്തു വഴി!
നീർക്കോലി ഒരു നീളൻ ഫോമിൽ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേർ.... ഇവിടെ ഒന്നു സൈൻ ചെയ്യൂ...”
അയാൾ യാന്ത്രികമായി ഒപ്പിട്ടു.
ലിപ്സ്റ്റിക്ക് ചുണ്ടിൽ നീർക്കോലി ഒരു പ്ലാസ്റ്റിക് ചിരി വിടർത്തി.
“ഇനി ഇത് ചെക്ക് ചെയ്ത് ഞങ്ങൽ സേറിനെ വിലിക്കും. അപ്പോൾ എക്സാക്റ്റ് എമൌണ്ട് പരയും. ഓക്കെ സേർ?”
അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.
ഓണത്തെരക്കിൽ രണ്ടു ദിവസം അയാൾ കാത്തു. നോക്കി നോക്കിയിരുന്നിട്ടും നോ വിളി ഫ്രം നോക്കിയ.
ഒടുവിൽ അങ്ങോട്ടു വിളിച്ചു. അപ്പോൾ നീർക്കോലി തന്നെയാണു ഫോൺ എടുത്തത്.
“സേർ, അത് പ്രോസസിംഗിലാണ്. ഞങ്ങൾ സേറിനെ അങ്ങോട്ടു വിളിക്കും, സേർ!“
അവളുടെ അമ്മുമ്മേടെ ഒരു സേർ വിളി! അയാൾ ഫോൺ വച്ചു.
അഞ്ചാം ദിവസം വീണ്ടും വിളിച്ചു നോക്കി. അതേ മറുപടി ഒരു പുരുഷസ്വരത്തിൽ “ഓക്കെയായാൽ ഞങ്ങൾ അങ്ങോട്ടു വിളിക്കും സേർ!“
ഇതിനിടെ നീർക്കോലിയുടെ വക സമ്മാനം..... ഭയപ്പെട്ടിരുന്നതുപോലെ അയാൾക്കു ജലദോഷം പിടിപെട്ടു. അതു ഭേദമായപ്പോൾ തൃപ്പൂണിത്തുറ യാത്ര. അടുത്ത ദിവസം അമ്മയെയും കൊണ്ട് ശ്രീ ചിത്രയിൽ ചെക്ക് അപ്പ്. അപ്പച്ചീടെ മോന്റെ കല്യാണം. ഒൻപതാം നാൾ കഴിഞ്ഞു. ഫോണില്ലാതെ ബ്ലോഗർ വലഞ്ഞു. ഒടുവിൽ ഒരു പഴയ ഫോൺ സംഘടിപ്പിച്ച് സിമ്മെടുത്ത് അതിലിട്ടു. പക്ഷെ സിമ്മിൽ ആകെയുള്ളത് അൻപതു നമ്പർ മാത്രം. ബാക്കി അഞ്ഞൂറോളം നമ്പറുകൾ എൻ സെവന്റിയിലാണ്!
ഇനി വിളിച്ചു നോക്കിയിട്ടു കാര്യമില്ല. പത്തു തികഞ്ഞ അന്നു വൈകിട്ട് ബ്ലോഗർ ‘ലവളെ’വീണ്ടും ചെന്നു കണ്ടു. കൌണ്ടറിൽ ഇടത്തും വലത്തും ഓരൊ സുന്ദരികൾ. നടുക്ക് നീർക്കോലി.
അവളെ കണ്ടതും ബ്ലോഗർക്ക് കലിയിളകി. എങ്കിലും സൌമ്യനായി ചോദിച്ചു.
“എന്നെ ഇങ്ങോട്ടു വിളിക്കും എന്ന് പറഞ്ഞതല്ലാതെ ഇതു വരെ വിളിച്ചില്ലല്ലോ. ഇതാണൊ മര്യാദ?”
“സേർ... അത് അവിടെ പറയു...” തൊട്ടടുത്ത മുറിയിലേക്കു ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.
തള്ളേ! അവൾ കൈ കഴുകി!
ബ്ലോഗർ അവൾ കാട്ടിയ മുറിയിൽ കയറി. മൊബൈൽ റിപ്പയർ ചെയ്ത ശേഷം വേണം ലവളെ പത്തു പള്ളു പറയാൻ. അയാൾ മനസ്സിലുറപ്പിച്ചു.
വർക്ക്ഷോപ്പ് മെക്കാനിക്കിനെപ്പോലെ നേവിബ്ലൂ കുപ്പായമിട്ട് അതിനുമീതെ ഒരു വരയൻ ഷർട്ടുമിട്ട് കൌണ്ടറിൽ നിന്ന പയ്യന്റെ കയ്യിൽ അയാൾ തന്റെ സ്ലിപ്പ് കൊടുത്തു.
“സേർ... വെയിറ്റ് ചെയ്യു പ്ലീസ്....”
അവൻ ഉള്ളിലേക്കു മറഞ്ഞു.
അഞ്ചു മിനിറ്റ് കഴിഞ്ഞ് ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ആശ്വാസം! തന്റെ എൻ സെവന്റിയുമായാണ് അവന്റെ വരവ്. ബ്ലോഗർ നെടുവീർപ്പിട്ടു.
പയ്യൻ പ്രസന്നനായി പറഞ്ഞു “സേർ... ഇതിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. ഞങ്ങൾ ശരിക്കും പണിപ്പെട്ടു നോക്കി. ബട്ട് ... ഇതിന്റെ ബോർഡ് അടിച്ചു പോയിരിക്കുകയാണ്...”
തന്റെ മൊബൈൽ ഇപ്പോ റിപ്പയർ ചെയ്തുകിട്ടും എന്നു പ്രതീക്ഷിച്ചു നിന്ന ബ്ലോഗറുടെ മുഖം മ്ലാനമായി.
“അതെയോ.... അപ്പോൾ അതു മാറിക്കോളൂ....” അയാൾ വിക്കിവിക്കിപ്പറഞ്ഞു.
“ അത് ഓക്കെ സേർ... ബട്ട് അതിന് ഒരു... റുപ്പീസ് ഫൈവ് തൌസൻഡ് ചെലവ് വരും!“
“ഹെന്ത്!? അയ്യായിരം രൂപയോ!!” ഒരു നിമിഷത്തേക്ക് ബ്ലോഗറുടെ ചങ്കിടിപ്പു നിലച്ചു. എങ്കിലും ആളുടെ കുശാഗ്രബുദ്ധി ചലിച്ചു. പയ്യനോട് ചോദിച്ചു.
“അപ്പോ ഒരു കാര്യം ചെയ്യൂ. ഈ മൊബൈൽ നിങ്ങൾ തന്നെ എടുത്തോളൂ. റിപ്പയർ ചെയ്തു വിൽക്കാമല്ലോ. എനിക്ക് ഒരു മൂവായിരം രൂപ തന്നാ മതി!“
“അയ്യോ സേർ! ഇനി ഈ മൊബൈൽ ആരും എടുക്കില്ല. അതിന്റെ ബോർഡ് അടിച്ചു പോയില്ലേ!? വിറ്റാൽ ഒന്നും കിട്ടില്ല.”
ബ്ലോഗറുടെ തൊണ്ട വരണ്ടു.
“വേറെ ഒരു വഴിയുമില്ലേ!? അയാൽ കെഞ്ചി.
സോറി സേർ... വേറെ ഒരു വഴിയുമില്ല സേർ!!“
“ ഫ! നിർത്തടാ! അവന്റെയൊക്കെ ഒരു സേർ വിളി! ഇനി മേലിലങ്ങനെ വിളിച്ചു പോകരുത്! എനിക്കറിയാം എന്തു ചെയ്യണമെന്ന്!“
പയ്യൻ ഞടുങ്ങി. അയാൾക്കു ഹാലിളകിയതുപോലെയായിരുന്നു.
മൊബൈൽ അവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് ബ്ലോഗർ മുറിക്കു പുറത്തിറങ്ങി. സൈഡ് കൌണ്ടറിൽ പരിഹാസച്ചിരിയുമായിരിക്കുന്ന നീർക്കോലിയെ കണ്ടില്ലെന്നു നടിച്ച് അയാൾ റോഡിലേക്കു നടന്നു.
തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ കയറി. 1350 രൂപ കൊടുത്ത് അവിടെയുണ്ടായിരുന്ന ഏറ്റവും വില കുറഞ്ഞ ഫോൺ വാങ്ങി. രണ്ടു വർഷം വാറന്റി. ഹോ! എന്തൊരാശ്വാസം!
ഇനി പ്രാക്കു കേൾക്കണ്ടല്ലോ!
പടമെടുപ്പും വേണ്ട, വീഡിയോ പിടുത്തോം വേണ്ട. അല്ലേലും താൻ പടം പിടിക്കുന്നതു കണ്ടാൽ എല്ലാ ലവന്മാർക്കും അസൂയയാ!
(ഇനി ആർക്കെങ്കിലും ഈ ബ്ലോഗർ എടുത്ത പടങ്ങൾ കാണണം എങ്കിൽ ദാ ഇവിടെ ക്ലിക്കുക