Thursday, July 29, 2010

പീലിച്ചായന്റെ കടും കൈ....!!

ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്.പീലിച്ചായന്റെ ഉമ്മറപ്പടിയിൽ കിടന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ ശ്രമിച്ചു, ഷിന്റോ!

പീലിച്ചായൻ എന്ന പീലിപ്പോസ് വറുഗീസ്, ചേപ്പാട്ട് താമസം തുടങ്ങിയിട്ട് വർഷം നാൽപ്പതായി. ഇരുപതാമത്തെ വയസ്സിൽ അപ്പച്ചനൊപ്പം, പരുമലയിൽ നിന്ന് വന്നുകൂടിയതാണ് അച്ചായൻ. അമ്മച്ചീടെ പേരിലുള്ള വീടും തെങ്ങിൻ തോപ്പും നോക്കിനടത്താൻ ആരുമില്ലാഞ്ഞതുകൊണ്ട് പരുമലയിലുള്ള വസ്തു വിറ്റാണ് ഇവിടെയെത്തിയത്.

പീലിപ്പോസിനു ഇരുപത്തെട്ടു വയസായപ്പോൾ നല്ല കിളി പൊലൊരു പെണ്ണിനെ കണ്ടുപിടിച്ച് കെട്ടിച്ചും കൊടുത്തു, തിരുവല്ലയിൽ നിന്ന്. പതിനാറുകാരി റാഹേൽ.

കാലം കടന്നു പോകെ അപ്പച്ചൻ സ്വർഗസ്ഥനായി. പീ‍ലി – റാഹേൽ ദമ്പതികൾക്ക് രണ്ടു പെൺകിടാങ്ങൾ ജനിച്ചു. അവർ പഠിച്ച് ജോലിക്കാരായി.

ഇപ്പോൾ രണ്ടാളും വിദേശത്താണ്. രണ്ടും നേഴ്സുമാർ. ഒരാൾ ക്യാനഡയിൽ; മറ്റെയാൾ ജർമ്മനിയിൽ.

എങ്കിലും പീലിച്ചായൻ ഹാപ്പിയാണ്. തന്റെ പെമ്പള ഉള്ളിടത്തോളം കാലം സ്വർഗരാജ്യം ഭൂമിയിൽ തന്നെ എന്നാണ് പുള്ളിക്കാരന്റെ വിശ്വാസപ്രമാണം!

കാഴ്ചയിൽ ‘മനസ്സിനക്കരെ’യിലെ നടി ഷീലയെക്കാൾ ചെറുപ്പം.

റാഹേലമ്മ തിരുവല്ലയ്ക്കടുത്ത് പൊടിയാടിക്കാരിയാണ്.

അതുകൊണ്ട് തന്നെ സ്നേഹം കൂടി, മുട്ടിക്കൂടുമ്പോൾ പീലിച്ചായൻ വിളിക്കും “ക-ള്ള-പ്പൊ-ടി-യാ-ടി മോളേ...!”

അതു കേട്ട് കള്ളപ്പിണക്കം നടിച്ച്, അവർ ചവിട്ടിത്തുള്ളി നടന്നുപോകും!

“ഭൂമി കുലുങ്ങുന്നെടീ നിന്റെ കുലുക്ക് കൊണ്ട്!”പീലിച്ചായൻ കളിയാക്കും.

പിന്നെ എവിടുന്നെങ്കിലും പോയി വൈൻ ഒപ്പിച്ചുകൊണ്ടുവരും.

വൈനും,മുയലിറച്ചിയും, റാഹേലും.... പിന്നൊരു ഉച്ചയുറക്കവും...പീലിച്ചായൻ സ്വർഗം പൂകും!

ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റിൽ കൂടെയാണെന്നു പറഞ്ഞതാരാണ്!?

അതാരായാലും ശരി,കുരുമുളകരച്ചു ചേർത്തു വാഴയിലയിൽ വച്ച് പൊരിച്ചെടുത്ത പുഴമീൻ…

കുടമ്പുളിയിട്ട് കൽച്ചട്ടിയിൽ വച്ച കരിമീൻ കറി….

വറുത്തരച്ചു വച്ച മുയലിറച്ചി….താറാവു കറി….

ഇതൊക്കെ റാഹേൽ വയ്ക്കണം,അതിന്റെ യഥാർത്ഥ രുചിയറിയണമെങ്കിൽ!

ഇങ്ങനെയൊക്കെയുള്ള റാഹേലമ്മയെ സംശയിക്കാൻ പീ‍ലിച്ചായന് എങ്ങനെ തോന്നി!?

ഫുട്ട്ബോൾ ലോകകപ്പാണ് പ്രത്യക്ഷത്തിൽ പീലിച്ചായന്റെ സമനില തകർത്തത് എന്നു പറയാം. അതിനു കാരണഭൂതൻ അയലത്തുകാരൻ ആടുവർക്കി.

വർക്കീടെ വീട്ടിൽ സ്റ്റാർ സിംഗറും സീരിയലും അല്ലാതെ വേറൊന്നും വയ്ക്കാനുള്ള അനുമതി ഭാര്യ ആർക്കും കൊടുത്തിട്ടില്ല. അതു ലംഘിക്കാൻ ശ്രമിക്കുന്നത് സ്വന്തം അപ്പനായാലും കെട്ട്യോനായാലും അന്നാമ്മേടെ വായീന്ന് തെറി ഉറപ്പ്! അപ്പോ ലോകകപ്പ് കാണണം എങ്കിൽ പീലിച്ചായൻതന്നെ ശരണം.

വർക്കി എപ്പോഴും ചവച്ചുകൊണ്ടു നടക്കുന്ന ഒരു ജീവിയാണ്. ബെന്യാമിൻ ആദ്യം കണ്ടത് ഇയാളെ ആയിരുന്നെങ്കിൽ ‘ആടുജീവിതം’എന്ന നോവലിന്റെ കഥ തന്നെ മാറിയേനേ!

പീലിച്ചായൻ കടുത്ത ഫുട്ട്ബോൾ ഭ്രാന്തൻ ഒന്നുമായിരുന്നില്ല. എന്നാൽ വർക്കിക്ക് ഫുട്ട്ബോൾ പണ്ടേ ഹരമാണ്. ലോകകപ്പിനു ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട സുന്ദരിമാരെക്കുറിച്ചൊക്കെ വിശദമായ വർണന തന്നെ വർക്കി കൊടുക്കും.

ക്രമേണ പീലിച്ചായനും സംഗതി ഹരമായിത്തുടങ്ങി.ഫുട്ട്ബോളിനൊപ്പം തുള്ളിത്തുളുമ്പുന്ന ചില സുന്ദരിമാരും അച്ചായന്റെ കരളിൽ കുളിർ കോരിയിടാൻ തുടങ്ങി. മനോരമപ്പത്രത്തിനു പുറമെ ചില അന്തിപ്പത്രങ്ങളിലെ റിപ്പോർട്ടുകൾ സഹിതം വർക്കി പറയുന്ന കഥകൾ അയാളുടെ മനസ്സിളക്കി.

അങ്ങനെ വർക്കി ചെലുത്തിയ സ്വാധീനത്തിലാണ് പീലിച്ചായൻ രാത്രിയുടെ അന്ത്യയാമങ്ങളിലൊന്നിൽ അരുതാത്ത ചിലകിനാവുകൾ കണ്ടതും, ഒരു രാത്രി “ലാ-റി-സാ.... റിക്വൽമീ... കൊൽ മീ... കൊൽ മീ ഡാ….!” എന്നൊക്കെ വിളിച്ചു കൂവിയതും!

കൊച്ചുവെളുപ്പാൻ കാലത്ത് ഉറക്കം നഷ്ടപ്പെട്ട റാഹേലമ്മ വായിൽ തോന്നിയ തെറിയൊക്കെ പീലിച്ചായനെ വിളിച്ചു.

(ആദ്യം പ്രശ്നമായത് “ആമിനാ ആമിനാ…..” എന്ന പാട്ടായിരുന്നു. പീലിച്ചായൻ ഷക്കീരയെ ഓർത്താണ് പാടിയതെങ്കിലും പുറമെകേട്ടത് ആമിനാ എന്നായത് റാഹേലമ്മയെ ആകുലയാക്കി.
ഇതിയാനിതെന്നാ പറ്റി എന്ന് അവർ ഉൽക്കണ്ഠപ്പെട്ടു. വയസ്സാകുമ്പോൾ, സ്വന്തം മാതാവ് ഒരു മുസ്ലീം സ്ത്രീയാണെന്നൊക്കെ സ്വപ്നം കാണുമോ എന്തോ…. പാതിരാവിൽ ‘ആമിനാ ആമിനാ….. ഉമ്മാ…. ഉമ്മാ…..എന്നു വിളിച്ചുപറഞ്ഞ ഭർത്താവിനോട് അവർക്കു സഹതാപം തോന്നി.)

ഇതിപ്പോ രണ്ടാമതു തവണയാണ് പീലിച്ചായൻ ഉറക്കത്തിൽ ഒച്ചവയ്ക്കുന്നത്.ഭർത്താവിന് കാര്യമായ എന്തോ കുഴപ്പം പറ്റി എന്ന് അവർക്കു ബോധ്യമായി.

ഭാര്യ തന്റെ രഹസ്യ സ്വപ്നം മനസ്സിലാക്കി തെറിവിളിച്ചു എന്നാണ് പീലിച്ചായൻ കരുതിയത്. എന്നാൽ റിക്വൽമി എന്നാൽ ഒരു പൊളപ്പൻ മോഡൽ ആണെന്ന കാര്യം പോയിട്ട് അതൊരു പെണ്ണാണെന്നു പോലും റാഹേലമ്മയ്ക്കറിയില്ലായിരുന്നു!

വർക്കി പീലിച്ചായനെ സാന്ത്വനിപ്പിച്ചു. അർജന്റീനയുടെ ഒരു താരം ഉണ്ട് - യുവാൻ റോമൻ റിക്വൽമി! പക്ഷേ ആൾ ഈ ലോകകപ്പിൽ ടീമിലില്ല!

“സ്ഥാനം നഷ്ടപ്പെട്ട അവനെയോർത്തു വിലപിച്ചതാണ് എന്നു പറഞ്ഞാ മതി അച്ചായാ!”
വർക്കി ഉപദേശിച്ചു. പീലിച്ചായൻ സമ്മതിച്ചു.
 “പക്ഷേ അവളൊന്നു ചോദിക്കണ്ടേ ഇതെപ്പറ്റി! അവൾ ഒന്നും മിണ്ടുന്നില്ല്ല വർക്കീ!” അച്ചായൻ പരിതപിച്ചു.

“പീലിച്ചായാ… സൂക്ഷിച്ചോ. ഇനി എല്ലാം നോക്കീം കണ്ടുമൊക്കെ മതി! ” ആട് പറഞ്ഞു.

താൻ വെളിപ്പെടുത്തപ്പെട്ടു എന്ന ചിന്തയിൽ നടന്ന പീലിച്ചായനെ ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ് പിന്നീടുണ്ടായത്.

റിക്വൽമീ…. എന്നു വിളിച്ചലറിയതിന്റെ പിറ്റേന്ന് പീലിച്ചായൻ ഊണു കഴിഞ്ഞ് അരമയക്കത്തിൽ കിടക്കുന്ന നേരം.

റാഹേൽ ഒച്ചതാഴ്ത്തി ഫോൺ ചെയ്യുന്നപോലൊരു തോന്നൽ. കണ്ണുതുറന്നു നോക്കിയപ്പോൾ ശരിയാണ്. അവർ ആരോടോ സംസാരിക്കുന്നു. പീലിച്ചായൻ കാതു കൂർപ്പിച്ചു.

“എനിക്കും ഒരു അവനുണ്ടാരുന്നേൽ എന്തു രസമായിരുന്നു!” എന്നല്ലേ അവൾ പറഞ്ഞത്!? പീലിച്ചായൻ തന്റെ കാതുകളെ വിശ്വസിച്ചില്ല.

ചെവിതിരുമ്മി ഒന്നു കൂടി ശ്രദ്ധിച്ചു.

“അല്ലേലും ഈ പീലിച്ചായന് ‘വെറൈറ്റി’യൊന്നും പിടിക്കുകേല.എല്ലാത്തിനും എപ്പഴും ഒരേ രീതിയാ! മുപ്പതുകൊല്ലം മുന്നത്തെ അതേ ടെയ്സ്റ്റാ ഇപ്പഴും! അതേ പിടിക്കൂ! എനിക്കാണേ ഇതൊക്കെ മടുത്തു!”

“ഈശോയേ! ഇവൾ എന്നാ ഒക്കെയാ ഈ പറേന്നത്!” പീലിച്ചായന്റെ തൊണ്ട വരണ്ടു. എവിടൊക്കെയോ ഒരു ബലക്ഷയം…. തളർന്നു കട്ടിലിൽ കിടന്നു.

ഒരാപത്തിൽ ഏക ആശ്രയം വർക്കിമാത്രം. പീലിച്ചായൻ ചിന്തിച്ചു.

അന്നു വൈകിട്ടു തന്നെ വർക്കിയുടെ ഉപദേശ പ്രകാരം ഭാര്യയ്ക്കു വരുന്ന ഫോണുകൾ ഒക്കെ മോണിട്ടർ ചെയ്യാൻ തീരുമാനിച്ചു.

രാത്രി ഒരു ഫോൺ വന്നു. അങ്ങേത്തലക്കൽ പരിചയമുള്ള ഒരു സ്ത്രീശബ്ദമാണ്. പെട്ടെന്നു തന്നെ ആ ശബ്ദം പീലിച്ചായൻ തിരിച്ചറിഞ്ഞു – റബേക്ക! റാഹേലിന്റെ അനിയത്തി. അമേരിക്കയിൽ താമസം.

റബേക്കാമ്മ ചോദിക്കുന്നു “വനിത വായിച്ചാരുന്നോ? എല്ലാം അതിലൊണ്ട്…”

“ഇല്ലെടീ… വായിച്ചില്ല. നാളെ വായിക്കാം”

“എല്ലാം ഷിന്റോയോടു പറഞ്ഞാമതി. അവൻ ശരിയാക്കിത്തരും…..” മറുതലക്കൽ നിന്നു മറുപടി!

“നമ്മടെ ഗ്രേസിക്കുട്ടീം സംഘടിപ്പിച്ചു, അല്ല്ലേ?”

“ഓ... ഗ്രേസിക്കുട്ടീടെ അവനോ...? അത് അവളുടെ കെട്ട്യോൻ ഒപ്പിച്ചുകൊടുത്തതല്ല്യോ...!”

പീലിച്ചായനു തലകറങ്ങി. ഗ്രേസിക്കുട്ടി റാഹേലിന്റെ കുഞ്ഞമ്മേടെ മോളാണ്!

“എനിക്കും സത്യത്തിൽ അവൻ വന്നതീപ്പിന്നെ എന്തൊരു സുഖം. നമക്കു പണി കൊറവാ.”

“അയ്യോ, ആന്നോടീ... എന്നാപ്പിന്നെ എനിക്കും വേണം….!”

പീലിച്ചായന്റെ പിടി വിട്ടു! ഇതെന്തൊരു ലോകം!

പതിവുള്ള ഉച്ചമയക്കത്തിനായി പീലിച്ചായൻ സപ്രമഞ്ചത്തിൽ കിടക്കുമ്പോൾ അകത്തേക്കൊന്നു പാളി നോക്കി.

ഈട്ടിക്കട്ടിലിൽ കിടന്ന് റാഹേലമ്മ ‘വനിത’വായിക്കുകയാണ്. അതു പതിവില്ല്ലാത്തതാണ്. ഇവൾക്കിതെവിടുന്നു കിട്ടി?

ആ ഷിന്റോ കൊടുത്തയച്ചതാവണം. ഈശോ! ‘അവൻ’പണി തുടങ്ങിയോ!?

അച്ചായൻ നിശ്ശബ്ദനായി മുറിയിൽ ചെന്നു നോക്കി.അവർ ഗാഢമായ വായനയിലാണ്. ഭർത്താവ് വന്നതും പോയതും അറിഞ്ഞേ ഇല്ല.

പീലിച്ചായൻ ചിന്തയിലാണ്ടു.

പിറ്റേന്ന് ഭാര്യ പള്ളിയിൽ പോയ നേരം വാതിലൊക്കെ കുറ്റിയിട്ട്, വിറയ്ക്കുന്ന കൈകൾ കൊണ്ട് വനിത കയ്യിലെടുത്തു. ആദ്യമായിട്ടാ അച്ചായൻ അതു വായിക്കുന്നത്. നല്ല മിനുസമുള്ള പേപ്പർ. തെളിച്ചമുള്ള പടങ്ങൾ.

‘കർത്താവേ!’ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് പീലിച്ചായൻ ഞെട്ടി!വെപ്രാളത്തിൽ പേജുകൾ മറിച്ചു. പരസ്യങ്ങൾ വേറെയും….!

ഡോക്ടറോടു ചോദിക്കാം എന്ന പംക്തി വായിച്ചതോടെ പീലിച്ചായന്റെ സപ്തനാഡികളും തകർന്നു.

അന്നുച്ചയ്ക്കു തന്നെ ഒരു ഫോൺ വന്നു. ഒരു ചെറുപ്പക്കാരന്റെ സ്വരം.

അവൻ പറയുന്നത് ബെഡ് റൂമിലെ എക്സ്റ്റൻഷനിലൂടെ കേട്ട് പീലിച്ചായൻ ഞെട്ടി!

“ഗ്രേസിയാന്റിക്കു കൊടുത്തതു പോലെ മതിയോ?”

“ഓ… മതിമതി!”

“അപ്പോ നാളെത്തന്നെ ഞാൻ വരാം.”

ഇനി ഒരേയൊരു മാർഗമേ ഉള്ളൂ. കൊല! കൊലപാതകം!!
സംഗതി വർക്കിയോടു പോലും പറഞ്ഞില്ല.

ആരെ ആദ്യം കൊല്ലണം, എവിടെ വച്ചു കൊല്ലണം, എങ്ങനെ കൊല്ലണം എന്നൊക്കെ ആലോചിച്ച് പീലിച്ചായനു വട്ടു പിടിച്ചു. കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതുകൊണ്ട് ഈ ചോദ്യങ്ങൾക്കുത്തരം കിട്ടില്ല…..

ലോകകപ്പ് ഫുട്ട്ബോൽ പരിചയം വച്ച് തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ലോകത്ത് ഒരാൾക്കേ കഴിയൂ....

അത് പോൾ ആണ്…. പോൾ ദ നീരാളി!

അവനാണെങ്കിൽ അങ്ങു ജർമ്മനീലും!

ഇനിയെന്തു ചെയ്യും?

ഒടുവിൽ വർക്കിയെത്തന്നെ ശരണം പ്രാപിച്ചു. വർക്കി പറഞ്ഞു “നീരാളികൾ ലോകം മുഴുവൻ ഉണ്ട്.
നമുക്കിപ്പോൾ ലോകകപ്പ് പ്രവചനം പോലെ കടുപ്പപ്പെട്ട കാര്യങ്ങളൊന്നുമല്ല്ല്ലോ അറിയേണ്ടത്. ചിന്ന ചിന്ന സംശയങ്ങളല്ലേ? അതിനുള്ള നീരാളി കേരളത്തിൽ കിട്ടും! നേരേ തോട്ടപ്പള്ളി കടപ്പുറത്തു പോയാ മതി! പക്ഷെ സംഗതി രഹസ്യമായിരിക്കണം.

മീൻ പിടുത്തക്കാരൻ ബെർളിയെക്കണ്ടു. വർക്കി എല്ലാം പറഞ്ഞൊപ്പിച്ചിരുന്നു. അഡ്വാൻസ് കൊടുത്തു. പിറ്റേന്ന് വരാൻ പറഞ്ഞു.

നേരം വെളുത്തപ്പോൾ തന്നെ അവർ തോട്ടപ്പള്ളിയിലെത്തി.

“ഇവനാണ് പോളിന്റളിയൻ ജോളി...” ബെർളി പറഞ്ഞു.

ചെറിയൊരു ഗ്ലാസ് ജാറിൽ ഒരു കുഞ്ഞു നീരാളി!

ശ്രദ്ധയോടെ സംഗതി വീട്ടിലെത്തിച്ചു.

നീരാളിയെക്കണ്ട് റാഹേലമ്മ അമ്പരന്നു. ഫുട്ട്ബോൾ ലോകകപ്പോടെ തന്റെ ഭർത്താവിനുണ്ടായ ഹാലിളക്കങ്ങൾ അവരെ പരിഭ്രമിപ്പിച്ചു. കെട്ട്യോന്റെ തല നേരെയാക്കാൻ പരുമലപ്പള്ളിയിലേക്കൊരു നേർച്ച നേർന്നു.

പീലിച്ചായൻ നീരാളിയെ പരിചരിക്കുമ്പോൾ മറ്റൊരു ചിന്തയിലായിരുന്നു റാഹേലമ്മ.

റബേക്കയാണ് ‘ മൈക്രോവേവ് അവൻ’ കമ്പനിയുടെ എക്സിക്യുട്ടീവായ പൊടിയാടിക്കാരൻ പയ്യൻ ഷിന്റോയുടെ ഫോൺ നമ്പർ കൊടുത്തത്.

“ചിക്കനോ, മട്ടണൊ,വെജിറ്റബിളോ എന്തു വേണമെങ്കിലും ഒണ്ടാക്കാമല്ലോ…. എന്തിനാ അടുക്കളേക്കെടന്ന് കരീം പൊകേം തിന്നുന്നത്? അവനാവുമ്പോ നല്ല വൃത്തീം മെനേം ഒണ്ടാവുകേം ചെയ്യും” റബേക്ക പറഞ്ഞതു കേട്ട് റാഹേലമ്മ ആകെ സന്തോഷത്തിലായിരുന്നു.

അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഇതു തന്നെ. പീലിച്ചായന് ഇപ്പോഴും അരകല്ലിൽ അരച്ച് കൽച്ചട്ടിയിൽ വച്ചാണ് കറികൾ ഉണ്ടാക്കിക്കൊടുക്കുന്നത്. അങ്ങേർക്ക് അതിന്റെ രുചിയേ പിടിക്കൂ. എന്നു വച്ച് താനിപ്പോ കൊച്ചു പെണ്ണൊന്നുമല്ലല്ലോ ഇങ്ങനെ കിടന്നധ്വാനിക്കാൻ.

പക്ഷേ അതിയാനെ ഇതു പറഞ്ഞു ബോധ്യപ്പെടുത്താനാ പാട്. ഈയിടെയായി തല അല്പം ലൂസായോ എന്നുതന്നെ സംശയമുണ്ട്.

ആൾ അറിയാതെ ‘അവൻ’ കൊണ്ടുവന്ന് അതിൽ പാചകം ചെയ്തുകൊടുത്താ മതി എന്ന് ഷിന്റോയാ പറഞ്ഞു കൊടുത്തത്. അതിനുള്ള എല്ലാ ട്രിക്കും അവൻ പറഞ്ഞു തരാം എന്ന് ഉറപ്പു പറഞ്ഞിരിക്കുകയാണ്. രുചിയില്ലെങ്കിൽ വാങ്ങണ്ട എന്നാണു ഗ്യാരണ്ടി.

ആദ്യം ഒരു മൈക്രൊവേവ് അവൻ ഒപ്പിക്കണം. സംഗതി രുചി പിടിച്ചു കഴിഞ്ഞാൽ പീലിച്ചായനോട് പറഞ്ഞ് ഞെട്ടിക്കാം!  ഇതാണ് പ്ലാൻ.

രാവിലെ ഷിന്റൊയുടെ ഫോൺ വന്നപ്പോൾ റാഹേലമ്മ പറഞ്ഞു.

“നീ ഇന്നു തന്നെ വാ... ഉച്ചയ്ക്കു ശേഷം വന്നാ മതി. പീലിച്ചായൻ ഉറക്കമായിരിക്കും അന്നേരം!”

എക്സ്റ്റൻഷനിൽ കൂടി അതു കേട്ട പീലിച്ചായനിൽ പ്രതികാരവാഞ്ഛ തിളച്ചു.

ഇപ്പോൾ കുറച്ചുനാളായി അയാൾ തന്റെ ഭാര്യയെ ശ്രദ്ധിക്കുന്നു.

റാഹേൽ അനുദിനം സുന്ദരിയായി വരുന്നതു പോലെ…. അതോ തന്റെ തൊന്നലോ….

ബന്ധുക്കളാരോ നൽകിയ സ്പ്രേ..... ഫെയ്സ് വാഷ്..... ഒക്കെ അവൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.!

റാഹേൽ കണ്ടാൽ ഇപ്പോൾ ഷീല തന്നെ.... പ്രായം ഒരിരുപത് വയസ്സ് കുറഞ്ഞപോലെ!

പക്ഷേ ഇപ്പോ അവൾ ‘മനസ്സിനക്കരെ’യിലെ ഷീലയല്ല…. ‘ശരപഞ്ജര’ത്തിലെ ഷീല!

നീയിങ്ങു വാടാ കള്ളപ്പൊടിയാടി മോനേ! അയാൾ പല്ലിറുമ്മി.

വറുത്തരച്ച താറാവു കറിയുടെ മാദകഗന്ധം പീലിച്ചായന്റെ നാസാരന്ധ്രങ്ങളിൽ പടർന്നു കയറി.

തനിക്കിഷ്ടപ്പെട്ട മുഴുവൻ വിഭവങ്ങളും മേശപ്പുറത്ത്....

എന്തായാലും അവനും അവളും കൂടി തന്നെ കൊല്ലും.

അതിനു മുൻപ് അവളെയും അവനെയും താൻ കൊല്ലും! പക്ഷേ അതിന്റെ പേരിൽ താറാവുകറിയും കപ്പയും ഒഴിവാക്കുന്ന പ്രശ്നമില്ല!

കരഞ്ഞുകൊണ്ട് പീലിച്ചായൻ ആ കറി മുഴുവൻ എടുത്ത് പുഴുങ്ങിയ കപ്പ നിറച്ച പാത്രത്തിലേക്കൊഴിച്ചു.

കുഴച്ചു കുഴച്ച് അതു മുഴുവൻ തിന്നു തീർത്തു.

റാഹേലമ്മ വന്നപ്പോൾ കപ്പയും താറാവുകറിയും കാലി!

ആകെ ബാക്കി രണ്ടു പിഞ്ഞാണം ചോറും, കുറച്ചു സാമ്പാറും, മോരും!

മേശപ്പുറം കണ്ട പെമ്പള കലിതുള്ളി.

“ഷിന്റോ ഇപ്പവരും! ഈശോയേ... ഇനി ഞാൻ എന്നാ എടുത്തു കൊടുക്കും അവന്! ”

“ഹും! അവൻ!” പീലിച്ചായൻ മുറുമുറുത്തു.

അവളുടെയൊരവൻ!

കൊല്ലും ഞാനവനെ!!

അല്ല... അവനെന്തു പിഴച്ചു! ചെറുപ്പക്കാരാവുമ്പോ അല്പം ഇളക്കമൊക്കെയുണ്ടാവും...ഇവളല്ലേ സൂക്ഷിക്കണ്ടത്!?

അപ്പോ ഇവളെയല്ലേ ആദ്യം തട്ടണ്ടത്!?

പീ‍ലിച്ചായനു കൺഫ്യൂഷനായി...

ഹും! അതിനല്ലേ ജോളി.... അവനോടു ചോദിക്കാം.

പീലിച്ചായൻ കൊടികൾ സെറ്റ് ചെയ്തു. നീരാളിയെ സജ്ജനാക്കി.

ജോളി തൊട്ടത് ഷിന്റോയുടെ കൊടിയിൽ!

അധികം സമയമുണ്ടാവില്ല....

അവൻ എതു നിമിഷവും വരും

വിഷം ബാധിച്ചാൽ പിന്നെ ഉറങ്ങാൻ പാടില്ല. ഉറങ്ങിയാൽ പോയി.

കൺപീലികൾ വലിച്ചു വച്ച് പീലിച്ചായൻ നിന്നു.

വലിയൊരു പെട്ടിയുമായി ഷിന്റോ കടന്നു വന്നു. കോളിംഗ് ബെൽ അടിക്കാൻ ശിരസ്സുയർത്തി തയ്യാറായ തന്റെ മണ്ട വിറകുകൊള്ളികൊണ്ടുള്ള അടിയേൽക്കാനായാണ് ഇത്രയധികം ഉയർന്നതെന്ന് ഷിന്റോ പൊടിയാടി അറിഞ്ഞില്ല.

സ്ലോ മോഷനിൽ ഉയർന്ന വിറകുകൊള്ളി പക്ഷേ, ആഞ്ഞു വീണത് പീലിച്ചായന്റെ മുഴുവൻ വെയ്റ്റോടെയായിരുന്നു!

ഉച്ചിക്കടിയേറ്റ് നക്ഷത്രമെണ്ണിക്കിടക്കുമ്പോൾ ഷിന്റോ പൊടിയാടിയ്ക്ക് താൻ ഏതോ തുരങ്കത്തിലൂടെ താഴേക്കൂളിയിടുന്നതായിട്ടായിരുന്നു തോന്നിയത്.പീലിച്ചായന്റെ ഉമ്മറപ്പടിയിൽ കിടന്ന് തനിക്കെന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ ശ്രമിച്ചു, ഷിന്റോ!

ഷിന്റൊയുടെ അലർച്ചയും റാഹേലമ്മയുടെ അലമുറയും കേട്ട് ഓടിക്കൂടിയ അയൽക്കാർ കണ്ടത് വലിയ ഒരു സമ്മാനപ്പെട്ടി പോലെന്തോ കെട്ടിപ്പിടിച്ച് കമിഴ്ന്നുകിടക്കുന്ന ചെറുപ്പക്കാരനേയും അരികിൽ കിടക്കുന്ന പീലിച്ചായനെ തല്ലുന്ന റാഹേലമ്മയേയുമായിരുന്നു!


വാൽമാക്രി:നിഷ്കളങ്കയായ ഒരു സ്ത്രീയുടെ മാനം കപ്പൽ കേറാൻ കാരണമായ ആദ്യഷോട്ടിന് വർക്കി ക്ലാപ്പടിച്ചു. അതീവരഹസ്യമായി, എന്താണ് ‘ശരിക്കും’ അവിടെ സംഭവിച്ചതെന്ന് അയാൾ മാലോകരെ അറിയിച്ചു. പക്ഷേ എന്തിലും തന്റെ ഭർത്താവിനെ സംശയിക്കുന്ന അന്നാമ്മ ‘അവൻ’ എന്താണെന്നു മനസ്സിലാക്കി. വർക്കി വീട്ടിനു പുറത്തായി! പകരം പുതിയൊരു ‘അവൻ’ അവരുടെ അടുക്കളയിൽ സ്ഥാനം പിടിച്ചു!

Tuesday, July 20, 2010

ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....

അപ്രതീക്ഷിതമായി നഗരത്തിൽ തിമിർത്തുപെയ്ത മഴയുടെ ഒച്ചയും തണുപ്പും ആസ്വദിച്ചുകൊണ്ട് അയാൾ മൂടിപ്പുതച്ചുകിടന്നുറങ്ങി - പുലർച്ചെ നാലുമണി മുതൽ ആറര വരെ.

മോഹിപ്പിക്കുന്ന ആ സ്വപ്നം കണ്ടുണർന്നില്ലായിരുന്നെങ്കിൽ പിന്നെയും ഉറങ്ങിയേനേ അയാൾ.

ആമ്പൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന ഒരു കൌമാരക്കാരി....

കരയിലിരിക്കുന്ന ഒരു പയ്യനെ അവൾ മാടിവിളിക്കുന്നു....

ഒരു മന്ദസ്മിതത്തോടെ അവൻ ആമ്പൽക്കുളത്തിലേക്ക്....

അവരിരുവരും പരസ്പരം പുണർന്ന് വർണച്ചെടികൾ വളർന്നു നിൽക്കുന്ന ആഴങ്ങളിലേക്ക്...

ആ പയ്യന് അയാളുടെ ഛായയായിരുന്നു.

നെഞ്ചിൽ നിന്നൊരു കുളിർ വിടർന്ന് ദേഹമാസകലം പടർന്നു.

കമ്പിളി തലയ്ക്കു മീതെയിട്ട് അയാൾ ചുരുണ്ടു.

ഹൃദയം ഓർമ്മളുടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി.

മൂന്നു പതിറ്റാണ്ടുകൾ പിന്നിൽ ഒരു നാൾ...

ആ കൌമാരക്കാരി വിളിക്കുന്നു...

“വാ... നമുക്ക് അക്കരെയ്ക്കു നീന്താം....വാ...”

അവൻ ജാള്യതയോടെ മടിച്ച് കരയിൽ തന്നെ നിന്നു.

അവളുടെ മുഖം കറുത്തു. കരയിലേക്കു നീന്തി വന്നു. ഈറൻ മുടി കോതിയൊതുക്കി. മാറിടത്തിനു മീതെ കെട്ടിമുറുക്കിയ നീളൻ പാവാട തുമ്പുപിഴിഞ്ഞ് കരയിലേക്കു കയറി വന്നു.കിനാവിലെന്നോണം എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന അവനെ കൈപിടിച്ചുവലിച്ച് വെള്ളത്തിലേക്കിട്ടു.

കരയ്ക്കടുത്ത് ആഴം കുറവാണ്.എങ്കിലും കുളത്തിനു നടുവിൽ നിലകിട്ടില്ല.അവനു പരിഭ്രമം ഏറി.

അവൾ ഉത്സാഹത്തോടെ അടുത്തുവന്നു. ഇരുകൈകളും അവന്റെ വയറിനടിയിൽ താങ്ങായി തിരുകി. എന്നിട്ടു പറഞ്ഞു “ ഉം... നീന്തിക്കോ...! ഞാൻ പിടിച്ചിട്ടുണ്ട്... മുങ്ങിപ്പോവില്ല...”

അവൻ സന്ദേഹിയായിരുന്നു. വീട്ടിൽ നിന്നു കർശനമായി വിലക്കിയിട്ടുണ്ട് വെള്ളത്തിൽ ഇറങ്ങരുത് എന്ന്. കണിയാൻ ശങ്കരന്റെ മുന്നറിയിപ്പാണത്. തന്നെയുമല്ല അവന് ചെറിയകുട്ടിയായിരിക്കുമ്പോഴെ, ആഴങ്ങൾ ഭയവുമാണ്.

എങ്കിലും ഒരു പെണ്ണിന്റെ മുന്നിൽ ഭീരുവായിക്കൂടാ.... മനസ്സു മന്ത്രിച്ചു. ഒരു നിമിഷാർദ്ധത്തിൽ ശരീരം മുന്നോട്ടാക്കി നീന്താൻ ശ്രമിച്ചു.പെട്ടെന്നുള്ള ആ ശ്രമത്തിൽ അവന്റെ ഭാരം അവളുടെ കൈകൾ താങ്ങിയില്ല.കണ്ണിലും മൂക്കിലും വായിലുമെല്ലാം വെള്ളം. പിടികിട്ടിയത് അവളുടെ പാവാടയിലായിരുന്നു. മരണ വെപ്രാളത്തിൽ എവിടൊക്കെയോ അള്ളിപ്പിടിച്ചു.

വെളിവു വരുമ്പോൾ കരയോടടുത്ത് കിതച്ചുകൊടക്കുകയാണ് രണ്ടാളും. എങ്ങനെ രക്ഷപ്പെട്ടു എന്ന് അവൾക്കു മാത്രം അറിയാം!

വിറയ്ക്കുന്നുണ്ടായിരുന്നു ഇരുവരും. അവൾ കുളി മതിയാക്കി, കരയിൽ വച്ചിരുന്ന തോർത്തെടുത്ത് തലതോർത്തി. വെയിലത്തിരുന്നു.നീളൻ ബ്ലൌസിട്ടു. പാവാട അയച്ച് നേരേയാക്കി.

“അയ്യോ!”പെട്ടെന്നൊരു നിലവിളി.

“എന്റെ അരഞ്ഞാണം കാണുന്നില്ല....”

കഴിഞ്ഞ വർഷം അവളുടെ അച്ഛൻ ബോംബേയിൽ നിന്നുവന്നപ്പോൾ സമ്മാനിച്ചതാണ് ആ വെള്ളിയരഞ്ഞാണം.

അവളുടെ മുഖം മ്ലാനമായി. വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി.

“മുത്തശ്ശിയോടിനി എന്തു പറയും...?”

അവനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല. മരണവെപ്രാളത്തിൽ നടന്ന പിടിവലിയിൽ താൻ അവളുടെ അരഞ്ഞാണം പിടിച്ചു പൊട്ടിച്ചിട്ടുണ്ടാവും എന്നു മാത്രം മനസ്സിലായി.

വിക്കി വിക്കി ചോദിച്ചു “മുത്തശ്ശി എന്നും നോക്കുമോ, അരഞ്ഞാണം ഉണ്ടോന്ന്?”

“ഇല്ല...”

“അപ്പോ പിന്നെന്തിനാ പേടിക്കുന്നത്...?”

ബാക്കി കേൾക്കാൻ അവൾ നിന്നില്ല. ചീർത്തമുഖവുമായി അവനരികിലൂടെ അവൾ പാഞ്ഞു.

“മണ്ടൻ... പേടിത്തൊണ്ടൻ... നീന്തൽ പഠിക്കാൻ പോലും ധൈര്യമില്ലാത്തവൻ...”അവൻ സ്വയം പറഞ്ഞു.

ഒരോന്നാലോചിച്ച്, തല തോർത്താൻ മറന്ന് അവിടെത്തന്നിരുന്നു.പെട്ടെന്ന് മാനം കറുത്തിരുണ്ടു തുടങ്ങി. ഒരു നിമിഷത്തിനുള്ളിൽ ആർത്തലച്ച് മഴ വന്നു. നനഞ്ഞുകൊണ്ട് വീട്ടിലേക്കോടി.

അമ്മ വഴക്കുപറഞ്ഞു. കിട്ടിയ തോർത്തെടുത്ത് തല തോർത്തി. ആർത്തുപെയ്യുന്ന മഴയുടെ ഒച്ചയും,കുളിരും... മൂടിപ്പുതച്ചു കിടന്നു. രാത്രി അമ്മ കഞ്ഞിയുണ്ടാക്കി വിളിക്കാൻ വന്നു നോക്കിയപ്പോൾ പൊള്ളുന്ന ചൂട്.അമ്മ ചോദിച്ചതിനു മറുപടിയായി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.

അച്ഛൻ വരാൻ വൈകി. വന്നയുടൻ അമ്മ വിവരം പറഞ്ഞു. അച്ഛൻ പോയി വൈദ്യരെ വിളിച്ചുകൊണ്ടു വന്നു.

വൈദ്യർ നെറുകയിൽ തളം വച്ചു. മൂക്കിലെന്തോ മരുന്നൊഴിച്ചു. മുറിയിലാകെ ധൂപസുഗന്ധം...

പുകമറയ്ക്കുള്ളിൽ അവളുടെ രൂപ തെളിഞ്ഞു. മുത്തശ്ശനൊപ്പം അവളും വന്നിരിക്കുന്നു.

പക്ഷേ കണ്ണു തുറന്നു നിൽക്കുന്നില്ല...അറിയാതെ വീണ്ടും മയക്കത്തിലേക്ക്.

ജ്വര മൂർച്ഛയിൽ നിന്ന് സുഗന്ധമൂറുന്നൊരു കിനാവിലൂടെ പനിയിറക്കം... ഉണർന്നു നോക്കുമ്പോൾ കൂടെയാരുമില്ല. മുടി തഴുകി കൂടെക്കിടന്നവൾ എവിടെ?

കർക്കിടകമായാൽ അവൾ മുത്തശ്ശിക്കൊപ്പം കൂടും. തൊടിയിൽ നടന്ന് ദശപുഷ്പങ്ങൾ ശേഖരിക്കലാണ് പണി. അത് തലയിൽ ചൂടും. മുത്തശ്ശി അവൾക്ക് മുക്കുറ്റിച്ചാന്തും ഉണ്ടാക്കിക്കൊടുക്കും.

വർഷത്തിൽ ഒരു മാസം മാത്രമാണ് അവൾ കഞ്ഞി കുടിക്കുക - കർക്കിടകത്തിൽ. അവളുടെ മുത്തശ്ശൻ വൈദ്യരാണ്. അവർ പണക്കാരാണ്.മക്കളൊക്കെ വല്യ വല്യ ഉദ്യോഗസ്ഥർ. അവളുടെ അച്ഛനമ്മമാർ ബോംബെയിലാ താമസം.

ഇടയ്ക്കു കാണുമ്പോൾ അവൾ ചോദിക്കും “വരുന്നോ,മരുന്നുകഞ്ഞി കുടിക്കാൻ?”

എന്നും കഞ്ഞി കുടിക്കുന്നവന് കഞ്ഞിയോടെന്തു കൊതി!? അവന് കഞ്ഞി മടുപ്പായിരുന്നു.

അകന്ന ബന്ധുക്കളാണ് വൈദ്യരും കുടുംബവും. അവന്റെ അച്ഛനുമമ്മയും പാടത്ത് പണിക്കാരാണ്. അച്ഛൻ വൈദ്യരുടെ കാര്യസ്ഥൻ കൂടിയാണ്.

മകനെ നല്ല നിലയിൽ എത്തിക്കണം എന്ന് അച്ഛനു വാശിയായിരുന്നു..പരീക്ഷകളിലൊന്നും തോൽക്കാതെ സാമാന്യം നല്ല മാർക്കു വാങ്ങി പഠിക്കുന്ന മകനെ കൃഷിപ്പണിയിലൊന്നും അച്ഛൻ കൂട്ടാറില്ല.

“അവൻ മിടുക്കനാ...” അഭിമാനത്തോടെ എല്ലാരോടും പറയും.

പക്ഷെ അവനറിയാം, മാർക്കിൽ പാതി അവൾക്കവകാശപ്പെട്ടതാണെന്ന്. ക്ലാസിൽ മനസ്സിലാകാത്ത പലതും അവളാണ് പറഞ്ഞുകൊടുക്കുന്നത്. ഒറ്റ പ്രാവശ്യം കേട്ടാൽ മതി, അവൾ ഒക്കെ ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരിക്കും.
ക്ലാസിൽ നമ്പർ വൺ. താൻ ശരാശരിക്കു മുകളിൽ ഉള്ള കുട്ടികളിൽ ഒരാൾ മാത്രം. പക്ഷേ അച്ഛന് താൻ വലിയ മിടുക്കൻ! അൻപതിൽ നാല്പതു മാർക്ക് കിട്ടിയാൽ മതി. അച്ഛൻ സന്തുഷ്ടൻ; അമ്മയും!

ഒരു ടെലിഫോൺ കോളിൽ ഓർമ്മത്തേരിലുള്ള യാത്ര മുറിഞ്ഞു.കമ്പിളിക്കുള്ളിൽ കിടന്നു തന്നെ ഫോൺ അറ്റെൻഡ് ചെയ്തു.

മനസ്സ് ഇപ്പോഴും ആ സ്വപ്നത്തിന്റെ അരികു പറ്റി അങ്ങനെ....ഹൃദയം തുടിക്കുന്നതെന്തിനെന്ന് മനസ്സ് മനസ്സിലാക്കി.

പുതിയൊരുത്സാഹത്തോടെ ചാടിയെണീറ്റു. ട്രാവൽ ഏജൻസിയിൽ വിളിച്ച് കൊച്ചിക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തു.

ഈ കർക്കിടകത്തിൽ മഴ നുകർന്ന് നാട്ടിൽ കൂടണം എന്നത് അയാളുടെ മാത്രം തീരുമാനമായിരുന്നു. ഭാര്യയും മകനും മുംബെയിൽ തന്നെ നിന്നു. അല്ലെങ്കിലും അവർക്ക് ഈ ‘വെറ്റ്, ഡാംപ് പ്ലെയ്സ്’ അത്ര ഇഷ്ടമല്ല.

“ഇറ്റ്സ് സോ മഡി ഔട്ട് ദെയർ, യു നോ...” അവൾ പരാതിപ്പെടും.കൂടാതെ അവരുടെ കമ്പനിക്ക് വലിയൊരു ഡീൽ ഉറപ്പിക്കുന്ന മാസം കൂടിയാണ് ജൂലൈ.

കൂടുതൽ ഒന്നും ചിന്തിച്ചില്ല. കിനാവിന്റെ ലഹരിയും കുളുർമഴയും അയാളെ അത്രയ്ക്ക് കീഴ്പ്പെടുത്തിയിരുന്നു. ഒപ്പം നീന്താൻ ക്ഷണിച്ചവൾ... ഒപ്പം ജീവിക്കാൻ കൊതിച്ചവൾ... പക്ഷേ മൂന്നു പതിറ്റാണ്ടുകൾ താണ്ടിയിട്ടും അവൾക്കരികിൽ എത്താനായില്ല.

അവളെ കണ്ടു പിടിക്കാനാണ് ഇരുപതാം വയസ്സിൽ ഡിഗ്രി പാസായ ഉടൻ നാടു വിട്ടത്. മുംബൈ എന്ന നഗരം എത്ര ബൃഹത്താണെന്നു ബോധ്യപ്പെട്ടതു മാത്രം മിച്ചം.

നിരാശയുടെ പടുകുഴിയിൽ നിന്ന് എങ്ങനെയോ കരകയറാൻ കാരണമായത് അച്ഛന്റെ മരണമാണ്. ഒറ്റയ്ക്കായ അമ്മയെയും കൂട്ടി വീണ്ടും ഈ മഹാനഗരത്തിൽ....

തികഞ്ഞ സന്തോഷത്തിലായിരുന്നു അമ്മയുടെ മരണം -പരിഷ്കാരിയും സമ്പന്നയുമായ മരുമകൾ. പേരക്കിടാവായൊരു ആൺ കുട്ടി....

ബോർഡിംഗിൽ പഠിക്കുന്ന ഒറ്റമകനു വേണ്ടി പത്തു തലമുറയ്ക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു, ഭാര്യയും അയാളും കൂടി.

ഇപ്പോൾ വല്ലാതെ മടുത്തിരിക്കുന്നു.പണം ഒരു പ്രചോദനമാകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. സത്യത്തിൽ ഒന്നും ഒരു പ്രചോദനം അല്ലാതായിരിക്കുന്നു!

കൊച്ചി എയർ പോർട്ടിൽ നിന്നുള്ള യാത്രയിൽ ഇരുപുറവും വെള്ളം നിറഞ്ഞ പാടങ്ങൾ അയാളെ ആർദ്രനാക്കി.മലവെള്ളം പോലെ ഒർമ്മകൾ ആർത്തലച്ചെത്തി.

അന്നൊക്കെ വേനൽ കഴിഞ്ഞ് ആദ്യമഴപെയ്താൽ ആകെ ഒരു ബഹളമാണ്.

വലിയ കുട്ടകത്തിൽ വെള്ളം നിറച്ച് അച്ഛൻ വിത്തു കുതിർത്തുവച്ചിട്ടുണ്ടാ‍വും.

കലപ്പയിൽ കൊഴു ഉറപ്പിക്കുന്ന കൊട്ടും തുടിയും കേട്ടാവും ഉണരുക. വിത്തിടാൻ ആണാളും പെണ്ണാളും മുറ്റത്തു നിരന്നിട്ടുണ്ടാവും.

ഇടവത്തിൽ വിതച്ച് ചിങ്ങത്തിൽ കൊയ്‌ത്ത്.

പിന്നെ വെള്ളം നിറഞ്ഞ വയലുകളിലൂടെ താറാവു കൂട്ടത്തിന്റെ രാജകീയ സവാരി കണ്ടുകൊണ്ടുള്ള സ്കൂൾ യാത്രകൾ...

അടുത്ത മാസം ഞാറു പറിച്ചു നടൽ. മകരത്തിൽ കൊയ്ത്ത്.

വരികൾ മറന്ന എതോ കൊയ്ത്തുപാട്ടിന്റെ ഈണം അയാളുടെയുള്ളിൽ തുടിയുണർന്നു.

വിദ്യാർത്ഥിയായിരുന്ന കാലം...

പാടവരമ്പിൽ വളർന്ന പുല്ലുകളിൽ വീണ വെള്ളം തട്ടിത്തെറിപ്പിച്ച്....

മടവീണ വരമ്പുകളിൽ കൂടിയൊഴുകുന്ന വെള്ളത്തിൽ നിന്ന് അവളുടെ തൂവാലയിൽ മീൻ കുഞ്ഞുങ്ങളെ പിടിച്ച്....

വരുന്ന വഴി ശ്രദ്ധിച്ചു. ആൽത്തറയ്ക്കു കീഴെ നിറയെ ഇലകളും ചുള്ളിക്കമ്പുകളും. എന്നും പച്ചനിറഞ്ഞുകിടക്കുന്ന അമ്പലക്കുളം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അതിലേക്കിറങ്ങാനുള്ള കൽ‌പ്പടവുകൾ മുഴുവൻ വെള്ളത്തിനടിയിൽ തെളിഞ്ഞുകാണാം.... ചുറ്റുമതിലിൽ പച്ചപ്പായൽ....

അമ്പലത്തിനു മുന്നിലെ നിലം മുഴുവൻ പുല്ലു വളർന്ന് പച്ചപ്പരവതാനിയായിരിക്കുന്നു.അതിൽ നിന്ന് അല്പം ഉയർന്നാണ് ആൽത്തറ... ആൽ ഒരു പടുകൂറ്റൻ വൃക്ഷമായി മാറിയിരിക്കുന്നു.

കാർ വീണ്ടും മുന്നോട്ട്. ‘പുഞ്ചവാത്തല’യിലെത്തി.

ശരിക്കും ഒരു വാത്തല തന്നെ... ഇരുനൂറേക്കറിൽ പരന്നുകിടക്കുന്ന പുഞ്ചയിലേക്ക് ഇറങ്ങി നിൽക്കുന്ന ഒരു വാൾത്തല പോലെ ഈ പുരയിടം. ശരിക്കും ഒരു മുനമ്പ്.

മുന്നിലും, ഇരുവശങ്ങളിലും വെള്ളം. അരികുകളിലുടനീളം തെങ്ങിൻ നിര.

തങ്ങൾ സ്വപ്നം കണ്ട സ്ഥലം, വീട്...

(“ഒരുനാൾ ഞാനിതു വാങ്ങും....” പണ്ടു വീമ്പു പറഞ്ഞതോർമ്മ വന്നു..! എങ്ങനെ എന്ന ചോദ്യത്തിന് അന്നുത്തരമുണ്ടായിരുന്നില്ല.)

മുത്തശ്ശനും മുത്തശ്ശിയും കർക്കിടകവാവിനു ബലിയിടാൻ പോയ ദിനം.

തറവാടും നിലവറയും മുഴുവൻ നടന്നുകണ്ടു അവൾക്കൊപ്പം.

അതുവരെയുണ്ടായിട്ടില്ലാത്ത ഒരു ധൈര്യത്തിൽ അവളെ മുറുകെപ്പുണർന്നു. തന്റെ കൈകൾക്ക് ഇത്ര ശക്തിയോ!

പെട്ടെന്നുള്ള ആ ആവേശപ്രകടനത്തിൽ അവളൊന്നു പതറി. പക്ഷേ വികാരത്തിനു മുകളിൽ വിവേകമുള്ളവൾ തന്നെ കീഴ്പ്പെടുത്തി.

“കല്യാണം വരെ ഒന്നും വേണ്ട!”

അതു വരെ?

അതു വരെ ദാ ഇതു പിടിച്ചോ...

എണ്ണിത്തന്ന മൂന്ന് ഉമ്മകൾ...

കണ്ണിൽ... കവിളിൽ... ചുണ്ടിൽ...

പിന്നെ ഒരു മണിക്കൂറോളം മടിയിൽ കിടന്ന് കണ്ണോടു കൺ നോക്കി അവൾ വാ തോരാതെ സംസാരിച്ചു, ഭാവിയെപ്പറ്റി!

“നോക്കിക്കോ, പുഞ്ചവാത്തലയിലുള്ള ആ വീടും പറമ്പും നമ്മൾ വാങ്ങും. എന്നിട്ട് അവിടെ താമസിക്കും.”അവൾക്കു മറുപടിയായി താൻ പറഞ്ഞു.പെട്ടെന്ന് ഒരു പുരുഷനായപോലെ!

അതു വരെ യുക്തിപൂർവം സംസാരിച്ചിരുന്ന അവൾ, ഒരു യുക്തിയുമില്ലാഞ്ഞിട്ടും താൻപറഞ്ഞതു വിശ്വസിച്ചു!

“പിന്നെ.....?”

“പിന്നെ...., വെള്ളിയരഞ്ഞാണത്തിനു പകരം ഒരു പൊന്നരഞ്ഞാണം!” അതു കേട്ട് അവളുടെ മുഖം തുടുത്തു.

പതിനഞ്ചാം വയസ്സിലെ പ്ലാനിംഗുകൾ!

പതിനെട്ടാം വയസ്സിൽ അവൾ വിട്ടുപോകും വരെ പുളകം ഓർത്ത് കൊണ്ടിരുന്ന നിമിഷങ്ങൾ! പെട്ടെന്നൊരുനാൾ വൈദ്യർ മരിച്ചു. അച്ഛൻ വന്ന് അവളെ മുംബേയ്ക്കുകൊണ്ടുപോയി....

പുഞ്ചവയൽക്കരയിലെ ഒറ്റപ്പെട്ടു നിൽക്കുന്ന വീടുള്ള ഈ സ്ഥലം അവൾക്ക് ഇഷ്ടമായിരുന്നു. നോക്കെത്താ പാടങ്ങളുടെ മീതെ സന്ധ്യ ചായം ചാലിക്കുന്നത് നോക്കി നിൽക്കാനും അവൾക്കിഷ്ടമായിരുന്നു.

പക്ഷേ വിളക്കു വയ്ക്കും മുൻപ് വീടെത്തിയില്ലെങ്കിൽ മുത്തശ്ശി പിണങ്ങും എന്നുള്ളതുകൊണ്ട് സന്ധ്യകൾ പലപ്പോഴും അവൾക്കു നഷ്ടപ്പെട്ടിരുന്നു. സിന്ദൂരവും കുങ്കുമവും വാരി വിതറുന്ന സന്ധ്യയെ നോക്കി ഇരുളും വരെ താൻ അവിടെ ഒറ്റയ്ക്ക്...

പുഞ്ചവാത്തലയിലെ വീട് ഇപ്പോഴുമുണ്ട്. അവിടെ ആരുമില്ല. അല്ലെങ്കിൽ ഈ രാത്രി അവിടെക്കൂടാമായിരുന്നു.

തൊട്ടടുത്തുള്ള ഒരു റിസോർട്ടിൽ മുറിയെടുത്തു.

അവിടെയൊരു കുളമുണ്ട്.കരയിൽ ലൈഫ് ബെൽറ്റുകൾ തൂക്കിയിട്ടിരിക്കുന്നു.ഒന്നു നീന്തിയാലോ...

വർഷങ്ങൾക്കുമുൻപ് വാശിപ്പുറത്ത് പൂളിൽ നീന്തൽ പഠിക്കാൻ പോയ കാര്യം അയാൾ ഓർത്തു. മുപ്പത്തഞ്ചാം വയസ്സിൽ! ഏകദേശം പഠിച്ചു തീരാറായപ്പോൾ പൂനെയിലേക്ക് ട്രാൻസ്ഫർ. നീന്തൽ മുടങ്ങി. തിരിച്ചെത്താൻ മൂന്നു കൊല്ലമെടുത്തു. പിന്നെ ഇപ്പോഴാണ് വീണ്ടും....

രാത്രി.

ചുറ്റിലും കൂരിരുളും ചീവീടൊച്ചയും മാത്രം. തണുപ്പ് ശരീരത്തിലേക്ക് കിനിഞ്ഞിറങ്ങുന്നത് ആസ്വദിച്ച് അയാൾ നിന്നു. കുളക്കരയിലെവിടെയോ തവളകളുടെ ശബ്ദം.

ഒരു മയിലൊച്ച എവിടെങ്കിലും കേൾക്കുന്നുണ്ടോ...?

അയാൾ കാതു കൂർപ്പിച്ചു.

വൈദ്യർ മുത്തശ്ശൻ ഉള്ള കാലത്ത് ഒരു മയിലിനെ വളർത്തിയിരുന്നു, അവരുടെ തറവാട്ടിൽ.

ഇടിയൊച്ച കേൾക്കുമ്പോൾ ഉച്ചത്തിൽ ഒച്ചയുണ്ടാക്കും മയിൽ. പിന്നെ വർണ്ണപ്പീലികൾ വിരിച്ചങ്ങനെ നിൽക്കും!

മഴ വീണ്ടും തുടങ്ങി. രാത്രി മഴ....സുഗതകുമാരിയുടെ രാത്രിമഴ....

“രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ...”

ഹൈസ്കൂളിൽ പഠിക്കാനുണ്ടായിരുന്ന കവിത അവൾ പാടുന്നത് ഒർമ്മ വന്നു.

അതിൽ നനയാൻ ഒരു ഭ്രാന്തൻ!

ഉള്ളു തണുക്കുവോളം മഴ നനഞ്ഞു.

രാവിലെയുണർന്നപ്പോൾ നല്ല പനി. കയ്യിലുണ്ടായിരുന്ന എന്തെല്ലാമോ ഗുളികകൾ അയാൾ വാരി വിഴുങ്ങി.

കള്ളക്കർക്കിടകം കറുത്തിരുണ്ടുപെയ്യുന്നു. ജനലരികിലിരുന്ന് മഴ ആസ്വദിച്ചു. ഇടമുറിയാത്ത ഈ മഴ കാണുന്നത് എത്ര വർഷങ്ങൾക്കു ശേഷമാണ്....

ഇത്തവണ മകയിരവും തിരുവാതിരയും ഞാറ്റുവേലകൾ വിചാരിച്ചത്ര കേമമായില്ലെങ്കിലും ഈ പുണർതം ഞാറ്റുവേല തകർത്തു പെയ്യുന്നുണ്ട്. മുറ്റത്തേക്കിറങ്ങി.

പുഞ്ചനിറഞ്ഞുകഴിഞ്ഞു;നോക്കെത്താദൂരം വെള്ളപ്പരപ്പ്. മഴ വീണ്ടും ആരവമുയർത്തി.

ആർത്തുപെയ്യുന്ന മഴയിലേക്ക് ഒരു ഈരേഴൻ തോർത്തു മാത്രമുടുത്ത് അയാൾ ഇറങ്ങി.

ചുറ്റും വെള്ളം പൊങ്ങുന്നത് ആഹ്ലാദത്തോടെ നോക്കി നിന്നു. കാറ്റിന്റെ ഹുങ്കാരം അയാളിൽ രോമഹർഷമുണർത്തി.

നിറഞ്ഞ പുഞ്ചയിലേക്ക് അയാൾ എടുത്തു ചാടി. ഓളപ്പരപ്പിൽ നീന്തിത്തിമിർത്തു.

പുഞ്ചപ്പാടത്ത് ഓളങ്ങളിളക്കി ഒരു ഉശിരൻ കാറ്റു വീശി... കളിയായി ആ ഓളപ്പാത്തികളിൽ പൊങ്ങിയും താണും കുറേ നേരം കിടന്നു ...

പനി എന്തുവേഗമാണ് വിട്ടുമാറിയത്... അയാൾ അതിശയിച്ചു.

മഴയേറ്റ് തണ്ടുപൊട്ടി ഒഴുകിയെത്തിയ ആമ്പൽ‌പ്പൂകളും മൊട്ടുകളും അയാളെ തഴുകി ഒഴുകിപ്പോയി.

പുണർതം ഞാറ്റുവേല കുളുർമാരിയായ് അയാളെ പുണർന്നു.

മകയിരവും, തിരുവാതിരയും ചതിച്ചപ്പോൾ, തനിക്കായി മാത്രം തുള്ളിത്തുളുമ്പിയ ഞാറ്റുവേല.....

പെട്ടെന്ന് അയാളെ അതിശയിപ്പിച്ചുകൊണ്ട് പരിചിതമായ ആ ശബ്ദം.

ഓളപ്പരപ്പിൽ നീന്തിത്തുടിച്ച് അവൾ വിളിക്കുന്നു “വാ... നമുക്ക് അക്കരെയ്ക്കു നീന്താം....വാ...”

ഇവളെങ്ങനെ ഇവിടെ....?

അലകളിൽ മുങ്ങിയും പൊങ്ങിയും നീന്തിത്തിമർക്കുന്നു അവൾ.അവൾക്കു നേരെ നീന്തിയടുത്തു അയാൾ.

കിഴക്കുനിന്ന് പെട്ടെന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്ക്....

കാഴ്ച മറച്ചുകൊണ്ട് ഒരു പാത്തിവെള്ളം അയാൾക്കു മീതെ ഒഴുകി!

അവാച്യമായൊരു ആനന്ദാനുഭൂതിയിൽ അവൾക്കു പിന്നാലെ ആഴങ്ങളിലേക്ക്.... ആഴങ്ങളിലെ വർണച്ചെടികൾ മുത്തി വീണ്ടും മുകളിലേക്ക്....

എപ്പോഴാണ് താൻ മലർന്നുകിടന്ന് ഒഴുകാൻ തുടങ്ങിയത് എന്നയാൾ അറിഞ്ഞില്ല...

ദിവസം മുഴുവൻ ഭാരമേതുമില്ലാതെ ഒഴുകിയൊഴുകിയങ്ങനെ....


അടിക്കുറിപ്പ്: കുട്ടിക്കാലത്ത് ഏവൂർ പുഞ്ചയിലൂടെ ഒഴുകിപ്പോയ, പേരറിയാത്ത ഒരാൾക്കു സമർപ്പണം...