.
വട്ടോളിക്കഥകള്‍ - 2
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം യുവമിഥുനങ്ങള്‍ വിവാഹിതരാവുകയാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് കല്യാണം. കല്യാണം എന്നു കേട്ടാല്‍ ഗുരുവായൂര്‍ അല്ല കാസര്‍കോട്ടായാലും പോയിരിക്കും ഞങ്ങള്‍ ആയുര്‍വേദ കോളേജ് കുട്ടികള്‍! കോളേജ് ബസ് എന്ന സംഗതി തന്നെ അതിനായുള്ളതാണ്!
വഴി നീളെ പാട്ടും ആഘോഷവും. ഇടയ്ക്ക് വിരുതന്മാര്‍ ചിലര്‍ ചില്ലറ ദാഹശമിനികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
വട്ടോളി തന്റെ ഗുരു കൂടിയായ “കുഞ്ഞു” വിനോടൊപ്പമാണ്. കുഞ്ഞു എന്നാണ് വിളിപ്പേരെങ്കിലും ആള്‍ എം.ഡി യ്ക്കു പഠിക്കുന്ന അണ്ണനാണ്. സുന്ദരന്‍. സുമുഖന്‍. ദുശീലന്‍!
അണ്ണന് എങ്ങനെയെങ്കിലും ‘രണ്ടെണ്ണം‘ വീശണം.... പട്ടയും മുട്ടയുമാണ് ഇഷ്ട കോംബിനേഷന്‍.....
ഒപ്പം കൂടുന്നതില്‍ വട്ടോളിയ്ക്ക് പ്രത്യയശാസ്ത്രപരമായി പ്രശ്നമൊന്നുമില്ല.
പക്ഷേ ഗുരുവായൂരമ്പലത്തിനു മുന്നില്‍ പട്ടയും മുട്ടയും കിട്ടില്ലല്ലോ!
ഒരു കിക്കില്ലാതെ എന്ത് അര്‍മാദം!?
അപ്പോഴാണ് ‘സയാമീസ് ഇരട്ടകള്‍’ എന്നറിയപ്പെടുന്ന കിഷ് കുവും മക്കുവും (കിഷ് കു = കൃഷ്ണകുമാര്‍, മക്കു = മനോജ് കുമാര്‍) കിഴക്കേ നടയിലുള്ള ഒരു വൈദ്യശാലയെക്കുറിച്ചു പറഞ്ഞത്. അവിടെ ഒരു “മോദകം” കിട്ടുമത്രെ. സംഗതി ഒരെണ്ണം അടിച്ചാല്‍ പിന്നെ “ഫിങ് ഫിങ്” ആയി നടക്കാം! പട്ടയോ കള്ളോ കുടിച്ച സ്മെല്ലും ഉണ്ടാവില്ല!
മദനകാമേശ്വര രസം എന്നാണ് പേര്. കഞ്ചാവോ കറുപ്പോ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന ഒരു സംഭവമാണിത്.
എം.കെ. എന്നു ചുരുക്കപ്പേര്. സ്ഥിരം കസ്റ്റമര്‍മാര്‍ അങ്ങനെയേ ചോദിക്കൂ.
ഉഗ്രന്‍ ഐഡിയ!
ആ സാര്‍ത്ഥവാഹകസംഘം അമ്പലത്തില്‍ നിന്നു കിഴക്കോട്ട് വച്ചു പിടിച്ചു. ഇടയ്ക്കു വച്ച് രണ്ടായി പിരിഞ്ഞു. ആദ്യം വൈദ്യശാല കണ്ടു പിടിച്ചത് ഇരട്ടകള്‍ ആയിരുന്നു. രണ്ടു പേരും ഓരോ “മോദകം” അടിച്ചു. അവര്‍ തിരിച്ചു വരുമ്പോഴേക്കും കുഞ്ഞുവും വട്ടോളിയും വ്രീളാവിവശകളായി നടന്നു നീങ്ങുന്ന ഒരു പറ്റം കാമിനിമാരുടെ ഇടയില്‍ നിന്നും ഊര്‍ന്നു വരുന്നേയുണ്ടായിരുന്നുള്ളൂ....
“എന്തു ചെയ്യാം.... സുന്ദരന്മാരായിപ്പൊയില്ലേ.... സഹിക്യ.....അല്ലാണ്ടെന്താ ചെയ്യ്യാ....“
പാദുകം ഉയര്‍ത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട കുഞ്ഞു പരിതപിച്ചു.
ഇരട്ടകളെക്കണ്ടതോടെ രണ്ടാളും ഓടിയെത്തി.
“സംഗതി കിട്ടിയോ?” ഉദ്വേഗത്തോടെ വട്ടോളി ചോദിച്ചു.
“കിട്ടി. പക്ഷേ ഒരെണ്ണം കൊണ്ടൊന്നും ഒരു എഫക്റ്റ് ഇല്ലഡേ....പ്രത്യേകിച്ചൊന്നും തോന്നുന്നില്ല....
ഒരു രണ്ടോ മൂന്നോ തട്ടിയാല്‍ ചിലപ്പോ അനങ്ങിയേക്കും....”
വൈദ്യശാല കണ്ടുപിടിച്ച് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കിയ കിഷ് കുവിനും മക്കുവിനും നന്ദി പറഞ്ഞ് വട്ടോളിയും കുഞ്ഞുവും മുന്നോട്ടു നീങ്ങി.
വൈദ്യശാലയുടെ ലൊക്കേഷന്‍ ഇരട്ടകള്‍ കൃത്യമായി പറഞ്ഞുകൊടുത്തതു കൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടാളും മൂന്നെണ്ണം വീതം വാങ്ങി.
വണ്‍..... ടു.....ത്രീ...... ആറു മോദകം രണ്ടു തൊണ്ടകളിലൂടെ... ഗ്ലും!
സുസ്മേരവദനന്മാരായി അവര്‍ ആ ക്ഷേത്രവീഥിയിലൂടെ സാമോദം നടന്നു നീങ്ങി. പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നിയില്ല. പാഞ്ചജന്യം ലോഡ്ജിന്റെ മുന്നില്‍ വന്നപ്പോള്‍ രണ്ടു പരിചയക്കാര്‍....!
ഗെയ്റ്റിനിരു വശവും ഇരുന്ന് ട്രാഫിക് നിയന്ത്രിക്കുന്നു!!
ഇടത് വശത്ത് കിഷ് കു.... വലതു വശത്ത്....മക്കു!!!
“എന്റമ്മോ...!“ കുഞ്ഞു അലറി....
“എന്തു പറ്റിയണ്ണാ....” വട്ടോളി.
“എടാ..! ഒരെണ്ണമടിച്ചവന്മാരുടെ പിത്തലാട്ടം നീ കണ്ടില്ലേ മോനേ..! നമ്മള് മൂന്നെണ്ണം വീതവാ വിഴുങ്ങിയത്!!”
വട്ടോളിയുടെ കൈകാലുകള്‍ കുഴഞ്ഞു. അനിയന്‍ അവിടെ റോഡരികില്‍ത്തന്നെ ഇരുന്നു. അണ്ണനും കൂടെ ഇരുന്നു. കിഷ് കു - മക്കുമാര്‍ ട്രാഫിക് നിയന്ത്രിക്കുന്നതു കാണാന്‍ ആളുകൂടി.
“മോനേ വട്ടോളീ.... നമുക്ക് ആ ബസ്സിലെങ്ങാനും പോയിരിക്കാം...”കുഞ്ഞു പറഞ്ഞു. ബസ് കണ്ടു പിടിച്ച് രണ്ടാളും അതില്‍ കയറി ഇരിപ്പായി.
ഇതിനിടയില്‍ കല്യാണം കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തി. ബസ് പുറപ്പെട്ടു. വരന്റെ വീട്ടിലേക്കാണ് യാത്ര.
അപ്പോള്‍ കാണാം കുഞ്ഞു ഇരുന്നു ചിരിക്കുന്നു. ആദ്യം കണ്ടവര്‍ തിരിച്ചു ചിരിച്ചു. പക്ഷേ അതിയാന്‍ ചിരി നിര്‍ത്തുന്നില്ല! ചിരിയോ ചിരി.....
വട്ടോളിയാകട്ടെ ഒന്നും മിണ്ടുന്നില്ല! സാധാരണ വായടപ്പിക്കാനാ പാട് ! ഇന്ന്‍ വായ് തുറക്കുന്നേയില്ല. വളരെ കഷ്ടപ്പെട്ട് തന്റെ രണ്ടു കൈകളും ശരീരത്തോട് ഇറുക്കി ചേര്‍ത്തു പിടിച്ച് നേരെ നോക്കിയിരിക്കുന്നു.
ചിരിക്കാരന്‍ ചിരിച്ചുകൊണ്ടുതന്നെ സെന്റി അടിക്കാന്‍ തുടങ്ങി. കണ്ണുനീര്‍ ധാരധാരയായി പ്രവഹിക്കുന്നു. കോളേജ് യൂണിയന്‍ സെക്രട്ടറിയെ കണ്ടയുടനെ തോളിലേക്കു ചാഞ്ഞ് “ അളിയാ....!” എന്നൊരു വിളി...... പിന്നെ കുറേ നിമിഷങ്ങള്‍ ഗദ്ഗദം മാത്രം! ആള്‍ സീറ്റില്‍ ചാഞ്ഞു കിടന്നു.
സംഗതി വശപ്പിശകാണെന്ന് എല്ലാര്‍ക്കും മനസ്സിലായി. മണത്തു നോക്കി. കള്ളിന്റെയോ കഞ്ചാവു വലിച്ചതിന്റെയോ മണം വല്ലതുമുണ്ടോ...?
നോ സ്മെല്‍.......
പിന്നെന്തു പറ്റി...? ആര്‍ക്കും പിടിയില്ല.
വരന്റെ വീടെത്തി. ചിരിയും കരച്ചിലും മിക്സ് ചെയ്യുന്ന കലാകാരനെ വണ്ടിയില്‍ തന്നെ ഇരുത്താന്‍ തീരുമാനിച്ചു. വട്ടോളിയോട് വണ്ടിയില്‍ നിന്നിറങ്ങാന്‍ പറഞ്ഞിട്ടും ഇറങ്ങുന്നില്ല. കൈകള്‍ അടുപ്പിച്ചു പിടിച്ച് നേരേ നോക്കി ഒറ്റ ഇരിപ്പു തന്നെ!
ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ഇറങ്ങാന്‍ തയ്യാറായി. പക്ഷേ സീറ്റില്‍ നിന്നിറങ്ങി വാതില്‍ക്കലെത്തി. അവിടെ നിന്നു തിരിഞ്ഞു. ഇറങ്ങാന്‍ ശ്രമിച്ചു. വീണ്ടും കൈകള്‍ ചേര്‍ത്തു പിടിച്ച് സീറ്റില്‍ വന്നിരുന്നു.
ക്ഷമയുടെ നെല്ലിപ്പലകയിലാണെങ്കിലും കൂട്ടുകാര്‍ വട്ടോളിയെ വീണ്ടും നിര്‍ബന്ധിച്ചു. വരന്റെ വീട്ടില്‍ തമാശയുടെ പൂത്തിരി കത്തിക്കേണ്ടവനാണ്. ഇവനെന്തു പറ്റി!!?
വട്ടോളി ഒന്നു കൂടി ശ്രമിച്ചു. വാതിലക്കലെത്തി. അവിടെ നിന്നു തിരിഞ്ഞു. കൈകള്‍ ശരീരത്തു ചേര്‍ത്തു പിടിച്ചു.
സെക്രട്ടറിയുടെ ക്ഷമ നശിച്ചു “ എന്താടാ കോപ്പേ, നിന്നു വട്ടം കറങ്ങുന്നത്?”
വട്ടോളിയുടേയും ക്ഷമ നശിച്ചു. അവന്‍ തിരിച്ചടിച്ചു.
“എറങ്ങാന്‍ നോക്കുമ്പം സൈഡില്‍ എന്റെ ചിറകു തട്ടുന്നതു നിനക്കു കണ്ടുകൂടേടാ ഡാഷ് മോനേ!!”
ഗുരുവായൂരില്‍ വന്ന വഴിയ്ക്ക് മഞ്ജുളാലിന്‍ മുന്നില്‍ ചിറകു വിരിച്ചു നില്‍ക്കുന്ന ഗരുഡനെ കണ്ട കാര്യം എല്ലാരും ഓര്‍ത്തു. അവിടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു വട്ടോളിയും കൂട്ടുകാരും!
വട്ടോളി ഗരുഡ ഭഗവാന്റെ അവതാരമായ കാര്യം അപ്പോള്‍ മാത്രമാണ് കൂട്ടുകാര്‍ക്കു മനസ്സിലായത്!!!
വാല്‍മൊഴി: ഇനി സദുദ്ദേശത്തോടെ മദനകാമേശ്വര രസം തേടി ആരും പോകേണ്ടതില്ല. സംഗതി പ്രൊഡക്ഷന്‍ നിര്‍ത്തി!!
വട്ടോളിയെ അറിയാത്തവര്‍ താഴത്തെ ബ്ലോഗ്ഗ് ഒന്നു വായിക്കൂ....!