Wednesday, May 26, 2010

ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്‍!

കൊട്ടാരം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചെങ്കിലും എനിക്ക് ഒരിക്കലും ക്ലാസ് ലീഡര്‍(മോണിട്ടര്‍) ആകാന്‍ കഴിഞ്ഞിരുന്നില്ല. ചേപ്പാട് ‘ പി.എം.ഡി യു.പി. എസ്സില്‍’ (ഫിലിപ്പോസ് മാര്‍ ദിവന്നാസ്യോസ് യു.പി.സ്കൂളില്‍) ആണ് അഞ്ച്ചു മുതല്‍ പഠിച്ചത്.

സുന്ദരനും ഗായകനും ആയിരുന്ന ഉണ്ണികൃഷ്ണനാ‍യിരുന്നു അഞ്ചാം തരത്തില്‍ മോണിട്ടര്‍. പക്ഷേ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നത് എനിക്കായതുകൊണ്ടാവണം ആറാം ക്ലാസില്‍ എന്നെ മോണിട്ടറാക്കി. അടുത്ത വര്‍ഷവും ആ സ്ഥാനം ഞാന്‍ നിലനിര്‍ത്തി.

റബേക്കമ്മ സാര്‍, ഗ്രേസിക്കുട്ടി സാര്‍, ലീലാമ്മ സാര്‍ എന്നിവരായിരുന്നു അഞ്ചു മുതല്‍ ഏഴു വരെ എന്റെ ക്ലാസ് ടീച്ചര്‍മാര്‍. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് എനിക്ക് ആ സ്കൂളില്‍ നിന്ന് ഒരിക്കലും അടി കിട്ടിയിട്ടില്ല. അതിന്റെയൊരു ജാഡയും ‘ഡമ്പും’ എനിക്കുണ്ടായിരുന്നു. മോണിട്ടര്‍ എന്ന നിലയില്‍ ശുഷ്കാന്തി കൂടാന്‍ അതു കാരണമായി.

ഒരു ക്ലാസ് ലീഡറൂടെ ജോലി വളരെ ഭാരമേറിയതാണ് എന്നുള്ളത് വളരെ പെട്ടെന്നു തന്നെ സഹപാഠികളെ ഞാന്‍ ബോധ്യപ്പെടുത്തി. എന്റെ നോട്ട് ബുക്കുകള്‍ കൂടാതെ ക്ലാസ്സ്സിലെ മുഴുവന്‍ കുട്ടികളുടെയും കോമ്പസിഷന്‍ ബുക്കുകള്‍ ഞാന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടുപോകുമായിരുന്നു. തിരിമറി നടത്തുന്നത് തടയാനാണ് ഈ ഭാരം ചുമക്കല്‍!

കൂടാതെ ക്ലാസില്‍ ഉത്തരം പറയുമ്പോഴും പദ്യം ചൊല്ലുമ്പോഴുമൊക്കെ ആരെങ്കിലും തെറ്റു വരുത്തുന്നുണ്ടോ എന്ന് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതും എന്നെയാണ്. സാറന്മാരുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും തെറ്റു വരുത്തിയാല്‍ അവന് അടി വാങ്ങിച്ചുകൊടുക്കുക എന്നത് എന്റെ ജീവിതവ്രതമായിരുന്നു അന്ന്!

“സാര്‍ ഇവന്‍ തെറ്റിച്ചു!” എന്ന എന്റെ ഒച്ച കേട്ടാലുടന്‍ സാര്‍ തെറ്റിച്ച ഹതഭാഗ്യനെ വിളിക്കുകയായി “ഡാ! ഒന്നൂ‍ടെ ഒറച്ചു ചൊല്ലെടാ!”

തെറ്റിച്ചവന്‍ എങ്ങനെ ശരിയാക്കാന്‍.... അടി ഉറപ്പ് !

ഇതു കൂടാതെ സാറന്മാരില്ലാത്തപ്പോള്‍ ക്ലാസില്‍ വര്‍ത്തമാനം പറയുന്നവരുടെ പേരെഴുതി അവര്‍ക്കും അടി വാങ്ങിക്കൊടുക്കുക എന്നതും മോണിട്ടറുടെ ഭരണഘടനാപരമായ അവകാശമായിരുന്നു!

ഈവക കാര്യങ്ങളില്‍ എന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരുന്നു എന്റെ സാറന്മാര്‍! അവരോടുള്ള എന്റെ കടപ്പാട് നിസ്സീമമായിരുന്നു. അതു ഞാന്‍ പ്രകടിപ്പിച്ചിരുന്നത് കൊച്ചൂട്ടില്‍ കാവില്‍ നിന്നും വക്കീലിന്റെ കാവില്‍ നിന്നുമൊക്കെ വളരെ കഷ്ടപ്പെട്ട് വെട്ടിയെടുത്ത്, ചാണകത്തില്‍ വച്ചു പഴുപ്പിച്ച് നല്ല മഞ്ഞ നിറത്തിലാക്കിയെടുത്ത ഒന്നാന്തരം ചൂരല്‍ക്കമ്പുകള്‍ വഴിയായിരുന്നു. ഒരു ചൂരല്‍ ഒടിഞ്ഞാല്‍ അടുത്ത ചൂരല്‍ റെഡി!

ചൂരല്‍ ആവശ്യമില്ലാത്ത ഏക അധ്യാപകന്‍ മാധവന്‍ പിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന വിനോദം ‘സൈക്കിള്‍ ചവിട്ടിക്കലാ‘യിരുന്നു. അതും ബഞ്ചില്‍ കയറ്റി നിര്‍ത്തി!

ശിക്ഷാര്‍ഹനായ ഹതഭാഗ്യന്‍ ബഞ്ചില്‍ കയറി നില്‍ക്കണം. അപ്പോള്‍ സാര്‍ വന്ന് അവന്റെ തുടയില്‍ തന്നെ നഖമിറക്കും. അതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് കുട്ടി കാല്‍ അറിയാതെ ഉയര്‍ത്തും. കാല്‍ പരമാവധി ഉയര്‍ന്നുകഴിയുമ്പോള്‍ സാര്‍ നഖം മെല്ലെ പിന്‍ വലിക്കും. അപ്പോള്‍ കുട്ടി കാല്‍ താഴ്ത്തും. അപ്പോള്‍ സാര്‍ അടുത്ത കാലില്‍ നുള്ളൂം. അതേ പ്രക്രിയ ആവര്‍ത്തിക്കും. അങ്ങനെ സൈക്കിള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടല്‍ പഠിക്കും!

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ സ്കൂളിനു മുന്നിലൂടെ പോകുന്ന നാഷണല്‍ ഹൈവേയുടെ ടാറിംഗ് നടക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഞങ്ങളൊക്കെ ടാര്‍ മിക്സ് ചെയ്യുന്നത് കണ്ടു നില്‍ക്കുമ്പോള്‍ കുറേപ്പേര്‍ ചേര്‍ന്ന് ഒരു ടാര്‍ വീപ്പയില്‍ നിന്ന് കുറച്ച് ടാര്‍ മോഷ്ടിച്ചു. എന്നിട്ട് അത് ഇലയില്‍ പൊതിഞ്ഞ് ക്ലാസില്‍ കൊണ്ടു വന്നു. ഏതോ ഒരു വിദ്വാന്‍ ക്ലാസ് ടീച്ചറുടെ കസേരയില്‍ അല്പം ടാര്‍ പതിച്ചു വച്ചു. ഗ്രേസിക്കുട്ടി സാര്‍ ഉച്ചയ്ക്ക് അറ്റെന്‍ഡന്‍സ് എടുക്കാന്‍ വന്നു. കസേരയില്‍ ഇരുന്നു. അറ്റെന്‍ഡന്‍സ് എടുത്തു. ഏഴുനേല്‍ക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല! മേശപ്പുറത്ത് കയ്യൂന്നി എണീക്കാന്‍ ശ്രമിച്ചു.... കസേരയും ഒപ്പം പൊങ്ങി!!(അന്ന് ‘വന്ദനം’ സിനിമ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല!)

കുട്ടികള്‍ കൂട്ടച്ചിരി! ഒരു വിധത്തില്‍ അവര്‍ സാരി പറിച്ചെടുത്തു! സംഭവം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാധവന്‍ പിള്ള സാര്‍ അന്വേഷണക്കമ്മീഷന്‍! തെളിവെടുപ്പു തുടങ്ങി. ഷാജി, മോഹനന്‍ തുടങ്ങിയവര്‍ പിടിക്കപ്പെട്ടു.

അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു “ സാര്‍.. ജയനുമുണ്ടായിരുന്നു ഞങ്ങളോടൊപ്പം!"

സാര്‍ വിശ്വാസം വരാതെ എന്നെ നോക്കി.

“ആരെങ്കിലും കണ്ടോ ജയന്‍ ടാര്‍ വാരുന്നത്?“ സാര്‍ ചോദിച്ചു.

അവസരം നോക്കിയിരുന്നപോലെ വേണു എന്ന എന്റെ സഹപാഠി കശ്മലന്‍ എണീറ്റു പറഞ്ഞു.

“ഞാന്‍ കണ്ടു സാര്‍!”

എടാ കാലമാടാ! ക്ലാസില്‍ പേരെഴുതി ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് അവനാണ്! അതിന്റെ ചൊരുക്ക് അവന്‍ തീര്‍ത്തു!

മാധവന്‍ പിള്ള സാര്‍ ശിക്ഷ വിധിച്ചു. കസേരയില്‍ ടാര്‍ ഒട്ടിച്ചവര്‍ക്ക് എട്ട് അടി വീതം. ടാര്‍ വാരിയവന്മാരെ വരിയായി നിര്‍ത്തി. ഏറ്റവും മുന്‍പില്‍ ഞാന്‍!

എന്നിട്ട് സാര്‍ ഒരു കടലാസ് തന്നു എന്റെ കയ്യില്‍. അതില്‍ ഇങ്ങനെ എഴിതിയിരുന്നു.
“ഞങ്ങള്‍ ‘ടാര്‍സന്‍’മാര്‍!! ടാര്‍ എവിടെക്കണ്ടാലും വാരും....പി.ഡബ്ല്യു.ഡി സൂക്ഷിച്ചോ!”

“ഉം... നടന്നോ..! സ്കൂളിനു ചുറ്റും പത്തു പ്രാവശ്യം!”

സാര്‍ കല്‍പ്പിച്ചു!

തല കുനിച്ച് ഞാന്‍. എന്റെ പിന്നില്‍ നാലു പേര്‍... അവര്‍ക്ക് ഉള്ളില്‍ ചിരി... മുന്നില്‍ നില്‍ക്കുന്നത് ജയനല്ലേ!!

ഒടുവില്‍ എഴാം ക്ലാസ് പഠനം കഴിഞ്ഞു.

ഇനി പഠനം ചേപ്പാട് സി.കെ.എച്ച്.എസ്സ് (ക്രൈസ്റ്റ് കിംഗ് ഹൈ സ്കൂള്‍) എന്ന വിദ്യാലയത്തിലാണ്. എന്റെ അച്ഛനും കൊച്ചച്ഛനും ഒക്കെ പഠിച്ച സ്കൂള്‍. ബോയ്സ് ഹൈ സ്കൂളാണ് അത്.

എട്ടാം ക്ലാസില്‍ സ്കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ പുക്കാർ എന്നോടു പറഞ്ഞു

“ ഡാ ചെറുക്കാ.... ചേപ്പാട്ട് ഐസ്കൂളീ വന്ന് നീ വല്യ ആളാവാനൊന്നും നോക്കണ്ട.... അവടേ എല്ലിന്റെ എടേ കൈ കേറ്റുന്ന ആമ്പുള്ളാരൊണ്ട്! അവന്മാര് നിന്റെ കൂമ്പിടിച്ച് ചമ്മന്തിയാക്കും!”

അതു കേട്ടപ്പോ ഉള്ളോന്നു കാളിയെങ്കിലും പുറമേ കാട്ടിയില്ല. ധൈര്യം പിടിച്ച് ക്ലാസിലിരുന്നു. എന്റമ്മോ എന്തു വലിയ ചെറുക്കന്മാര്‍! മുണ്ടുടത്തവന്മാര്‍ ധാരാളം. എല്ലാം പിന്‍ ബെഞ്ചുകളില്‍ നിരന്നിരിപ്പാണ്. മിക്കവര്‍ക്കും മീശയുമുണ്ട്.

എട്ടാം ക്ലാസില്‍ ‘തേഡ് ഇയര്‍’ പഠിക്കുന്ന രണ്ടു പേരുണ്ട് - കണ്ണന്‍, മുരളീധരന്‍ നായര്‍....! ഒരാള്‍ എസ്.എഫ്.ഐ നേതാവ്. മറ്റെയാള്‍ കെ.എസ്.യുക്കാരന്‍.... ഇവരുടെയൊക്കെ നേതാക്കന്മാര്‍ ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലും! ഞാന്‍ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിലൊരാള്‍.... നിക്കറിട്ട് ഫ്രണ്ട് ബെഞ്ചിലാണ് ഇരിപ്പ്.

ആദ്യ ദിനം തന്നെ ഒന്നു തീരുമാനിച്ചു. ഇവിടെ മോണിട്ടര്‍ പണി നടക്കില്ല! ഭാഗ്യവശാല്‍ ജയ്.എബി.ചെറിയാന്‍ എന്ന സുന്ദരനും സുശീലനുമായ പയ്യന്‍ മോണിട്ടറായി! സ്കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ സമരം. വല്യ നേതാക്കന്മാരായ രമേശന്റെയും സതീശന്റെയും നേതൃത്വത്തില്‍. പ്രകടനം, മുദ്രാവാക്യം വിളി, ബെല്ലടിക്കുന്ന ചേങ്ങലയെടുത്ത് കിണറ്റിലേറ്..... സംഗതി തക തകര്‍പ്പന്‍!

എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ചെറിയാന്‍ സാര്‍ ആയിരുന്നു. ഇംഗ്ലീഷും, ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്ന അദ്ദേഹത്തെ കിഴങ്ങന്‍ എന്നായിരുന്നു കുട്ടികള്‍ വിളിച്ചിരുന്നത്. ചെറിയാന്‍ സാര്‍ എന്നല്ല ആ സ്കൂളില്‍ പഠിപ്പിച്ചിരുന്ന എല്ലാ ആണ്‍-പെണ്‍ സാറന്മാര്‍ക്കും ഇരട്ടപ്പേരുകള്‍ ഉണ്ടാ‍യിരുന്നു എന്നതാണ് സി.കെ.എച്ച്.എസ്സിന്റെ പ്രത്യേകത. ബ്രഹ്മാണി, പേപ്പട്ടി, ചെങ്കീരി, എല്ലിച്ചി, വെണ്മണിച്ചട്ടമ്പി, പുളുവന്‍, കിഴങ്ങന്‍,മാക്രിമണിയന്‍, ക്വിന്റല്‍..... ഇങ്ങനെ ഓരോരുത്തര്‍ക്കും! പഠിപ്പിസ്റ്റായിരുന്നതിനാല്‍ ഇവരെയൊന്നും ഈ പേരു വിളിക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.

എന്നാല്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയ ഇടിക്കുള സാറിന് മാത്രം ഇരട്ടപ്പേരൊന്നും ഉണ്ടായിരുന്നില്ല. (കുറഞ്ഞ പക്ഷം എന്റെ അറിവില്‍...) ടി.എം. ഇടിക്കുള എന്നാണ് മുഴുവന്‍ പേര്. കുട്ടികള്‍ ‘ഇഡിക്കള സാര്‍’ എന്നാണ് ആ പേര്‍ ഉച്ചരിച്ചിരുന്നത്. സാര്‍ ചൂരലും കൊണ്ട് ഇടനാഴിയിലേക്കൊന്നിറങ്ങിയാല്‍ ‘ഡ്രാക്കുള’യെ കണ്ട മാതിരി കുട്ടികള്‍ ഭയന്നോടും!

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ ഏറ്റവും ഇളയ അനിയന്‍ ‘മുത്ത്’‘ അമ്മയെ കാണാന്‍ ചേപ്പാട്ടു വന്നത്. അമ്മ പോസ്റ്റ് മാസ്റ്ററാണ്. ഞങ്ങളുടെ സ്കൂളിന്റെ നേര്‍ എതിര്‍ വശത്താണ് അമ്മ ജോലി ചെയ്യുന്ന പൊസ്റ്റ് ഓഫീസ്. മുത്തും ഞാനും സ്കൂളിനടുത്തുള്ള ബേബിയച്ചായന്റെ കടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ പോയതായിരുന്നു. അപ്പോഴാണ് ഇടിക്കുള സാര്‍ തന്റെ ബജാജ് സ്കൂട്ടറില്‍ ആ വഴി വന്നത്. സാര്‍ സ്കൂട്ടര്‍ നിര്‍ത്തി കടയിലേക്കു കയറി.

ഞാന്‍ മുത്തിനോടു പറഞ്ഞു “ഡാ... ഞങ്ങടെ ഹെഡ്മാസ്ടറാ ആ വരുന്നത്... ഇഡിക്കള സാര്‍!”

“ഓ ഇതാണോ ഇഡിക്കള!”

അവന് യാതൊരു കൂസലുമില്ല. അവന്റെ സ്കൂളിലെ സാറല്ലല്ലോ!

സാര്‍ കടയില്‍ എന്ത് തെരയുകയായിരുന്നു. ഞങ്ങള്‍ സാധനം വാങ്ങി ഇറങ്ങി.

പെട്ടെന്നാണ് മുത്ത് വിളിച്ചത് “ ഡാ അടുക്കളേ!”

ഞാന്‍ അമ്പരന്നു നില്‍ക്കുന്നതിനിടയില്‍ അവന്‍ വീണ്ടും വിളിച്ചു “ അടുക്കളേ, അടുക്കളേ!”

എന്നിട്ട് ഒറ്റയോട്ടം!

ഒരു കുട്ടി എന്തോ പറഞ്ഞു എന്നല്ലാതെ സാറിന് ഒന്നും മനസ്സിലായില്ല....

പ്ലാസ്റ്റിക് സാധനങ്ങളുടെ പിന്നിലായതുകൊണ്ട് എന്റെ മുഖം സാറിന് കാണാന്‍ കഴിഞ്ഞുമില്ല.

നിലച്ച ഹൃദയവുമായി എങ്ങനെ എന്റെ കാലുകള്‍ പറന്നു എന്ന് ഒരു പിടിയുമില്ല! പോസ്റ്റ് ഓഫീസിനകത്തെത്തിയാണ് നിന്നത്...!

അടുത്ത വര്‍ഷം ഞാന്‍ ഒന്‍പതാം ക്ലാസില്‍ എത്തി. ക്ലാസ് ലീഡര്‍ ‘ജയ് എബി ചെറിയാന്‍’ തന്നെ.

പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നോക്കം പോയില്ല. മോണിട്ടര്‍ ആയില്ലെങ്കിലും എന്റെ പഠിപ്പിസ്റ്റ് - ചൊറിയന്‍ സ്വഭാവത്തിന് ഒരു മാറ്റവും വന്നിരുന്നുമില്ല!

പലപ്പോഴും പദ്യം ചൊല്ലല്‍ മോണിട്ടര്‍ ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. തെറ്റിക്കുന്നവര്‍ ഒക്കെ മലയാളം അധ്യാപകനായ ചാക്കോ സാറിന്റെയും, ഹിന്ദി മാഷായ ദാമോദരന്‍ പിള്ള സാറിന്റെയും ചൂരല്‍ച്ചൂടറിഞ്ഞു.

അങ്ങനെ ഒരു ദിവസം. അധ്യാപകനില്ലാത്ത ഒരു ക്ലാസ്.

സംസാരിച്ചാല്‍ പേരെഴുതും, അടികിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട് മുന്‍ ബെഞ്ചില്‍ , ഡെസ്കിലേക്കു കമിഴ്ന്നു കിടക്കുകയായിരുന്നു ഞാന്‍. പയ്യന്മാര്‍ ചിലര്‍ മോണിട്ടറെ തൃണവല്‍ഗണിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എബി എല്ലാവരുടെയും പേരുകള്‍ കൃത്യമായി എഴുതുകയും ചെയ്തു.

ഏതോ ഒരു നിമിഷം പിന്‍ നിരയില്‍ നിന്ന് വലിയൊരൊച്ചയും ബഹളവും കേട്ടു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പാറ്റ(കൂറ) പറന്ന് ആരുടെയോ മേല്‍ വീണതാണ്ബഹളത്തിനു കാരണമെന്നുമാത്രം മനസ്സിലായി. ബഹളം കേട്ടാവും ഇടിക്കുള സാര്‍ പാഞ്ഞെത്തി. എല്ലാവരും എണീറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത.

ചൂരല്‍ നീട്ടി മുന്‍ നിരയിലുള്ള എന്നോടു ചോദിച്ചു “എന്താടാ ഇവിടെ സംഭവിച്ചത്?”

“ഞാനൊന്നും കണ്ടില്ല സാര്‍!”

എന്റെ മറുപടികേട്ടതും സാറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു.ഞാൻ മനപ്പൂർവം കള്ളം പറഞ്ഞതാണെന്ന് അദ്ദേഹത്തിനുതോന്നിയിരിക്കണം.

“നീ ഒന്നും കണ്ടില്ല, അല്ലേ!?”

പിന്നെ സംഭവിച്ചത് ക്ലാസിന്റെ മുഴുവന്‍ ശ്വാസഗതി നിലയ്ക്കുന്ന ഒരു പ്രകടനമായിരുന്നു. തുരു തുരാ ചൂരല്‍ എന്റെ തുടയിലും പൃഷ്ഠത്തിലും ആഞ്ഞാഞ്ഞു പതിച്ചു.

കലിയടങ്ങി എന്തൊക്കെയോ പറഞ്ഞു കൊണ്ട് സാര്‍ ഇറങ്ങിപ്പോയി.

ഞാന്‍ തലചുറ്റി ബെഞ്ചില്‍ വീണു..... ചുറ്റും കുട്ടികള്‍ ഓടിക്കൂടുന്നതും, “പതിനെട്ടടി കിട്ടി “ എന്ന പുക്കാറിന്റെ ആഹ്ലാദ സ്വരവും “അല്ലടാ...! ഇരുപതിന് മേലെ കിട്ടി!” എന്ന അനിയുടെ തിരുത്തും ഒക്കെ അര്‍ദ്ധബോധാവസ്ഥയില്‍ കേട്ടുകൊണ്ട് ഞാന്‍ കിടന്നു.

ദൈവമേ! നീ ഇത്ര നീതിമാനാണോ! അവന്മാര്‍ക്ക് പലര്‍ക്കും ഒരു കൊല്ലം കൊണ്ടു കൊടുത്തത് നീ ഒരു ദിവസം കൊണ്ട് എനിക്കു തന്നല്ലോ!!

ഇന്നും ഇടിക്കുള സാര്‍ എന്നു കേട്ടാലുടന്‍ ഞാന്‍ ചന്തിയ്ക്ക് ഇടിവെട്ട്ഏറ്റവനെപ്പോലെ തടവി നോക്കും!


അടിക്കുറിപ്പ്: ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരങ്ങള്‍!ആ അടി കിട്ടിയില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ഒരിക്കലും എന്റെ സഹജീവികളുടെ വേദന ഞാന്‍ അറിയാതെ പോയേനെ!

(ഈ ഓർമ്മക്കുറിപ്പ് ആദ്യം ‘ആൽത്തറ’യിൽ ആണു പോസ്റ്റ് ചെയ്തത്)

Friday, May 14, 2010

അതു പോത്തുമല്ല എരുമയുമല്ല!

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.

പ്രതിഭയുടെ ധാരാളിത്തം നിറഞ്ഞു തുളുമ്പുന്നതുകൊണ്ടൊന്നുമല്ല; ആളെ കിട്ടാനുള്ള പങ്കപ്പാടുകൊണ്ടാണിതൊക്കെ സംഭവിക്കുന്നത്! നാലഞ്ചു വർഷത്തെ പ്രൊഫഷനൽ കോളേജ് ജീവിതം മറ്റെല്ലാവരെയുമെന്നപോലെ എന്നെയും ഒരു ജാക്ക് ഓഫ് ഓൾ ട്രേഡ്സ് ആക്കി.(മാസ്റ്റർ ഓഫ് നൺ!)അങ്ങനെ നാടകത്തിലും നമ്മൾ കൈ വച്ചു.

നാടകം എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന രണ്ടു പേരുകളാണ് ‘വേട്ട’യിൽ അഭിനയിച്ച രാകേഷും ‘കാണ്ടാമൃഗ’ത്തിൽ അഭിനയിച്ച ജോൺ ഇമ്മാനുവലും.

ആറടിയ്ക്കടുത്ത് പൊക്കമുണ്ടെങ്കിലും, വയസ്സ് ഇരുപതായെങ്കിലും കുട്ടികളെപ്പോലെയാണ് പലപ്പോഴും രാകേഷിന്റെ പെരുമാറ്റം. ആൾ നിഷ്കളങ്കനാണെങ്കിലും ‘വികാരി’യായാൽ കളി മാറും. ചിലപ്പോൾ “കുത്തിമലർത്തിക്കളയും എല്ലാവനേയും!” എന്നൊരു ഡയലോഗു കാച്ചും. മിനിറ്റുകൾക്കുള്ളിൽ സെന്റി ആകുകയും ചെയ്യും!

ഒരു ദിവസം ‘ആശാൻ’ (രാകേഷ് അങ്ങനെയാണ് എല്ലാവരേയും വിളിച്ചിരുന്നത്. അതുകൊണ്ട് അവനെയും എല്ലാവരും അങ്ങനെ തന്നെ വിളിച്ചുപോന്നു.)അല്പം ഒന്നു ‘മിനുങ്ങി’!ഹോസ്റ്റലിൽ മദ്യനിരോധനം നടപ്പിലുള്ള കാലമാണ്. അപ്രതീക്ഷിതമായി കൂട്ടുകാരിൽ ഒരു സീനിയർ വിദ്യാർത്ഥിക്ക് രഹസ്യമായി ഒരു കുപ്പി കിട്ടി. ജൂനിയർ ആണെങ്കിലും രാകേഷിനോടുള്ള സ്നേഹം കാരണമാണ് സീനിയർ, ആശാനെ ഒപ്പം കൂട്ടിയത്. കൂടെയുള്ള മറ്റു രണ്ടു പേരും സീനിയേഴ്സ്.

പക്ഷേ, രണ്ടെണ്ണം അകത്തു ചെന്നതോടെ ആളിന്റെ സ്വഭാവം മാറി! വീരരസം മുഖത്തു തെളിഞ്ഞു. അടുത്തു കിട്ടിയ സീനിയറിനോട് തന്റെ മൂവാറ്റുപുഴ വീരകൃത്യങ്ങൾ വിവരിക്കാൻ തുടങ്ങി.

കുപ്പി കിട്ടിയ സീനിയർ നേരെ എതിർ സ്വഭാവക്കാരൻ. ഒന്നാമത്തെ പെഗ്ഗിൽ തന്നെ ആൾ നിശ്ശബ്ദനായി. രണ്ടാമത്തേതിലെത്തിയതോടെ വിങ്ങിക്കരയാൻ തുടങ്ങി....വെള്ളമടിച്ചാൽ പിന്നെ ആൾ മഹാ സെന്റിയാ! ഇപ്പോ സെന്റിയാവാൻ കാരണം അതിഭീകരം... അവന്റെ ചേട്ടൻ മഹാ ഉഴപ്പനാണുപോലും!. ഒരു ഉത്തരവാദിത്തവുമില്ലാതെ ഭക്ഷണം പോലും നേരാം വണ്ണം കഴിക്കാതെ, തെണ്ടി നടന്ന് അൾസർ രോഗിയായി.ഇപ്പോ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണത്രെ!

സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പ്രണയനൈരാശ്യം അണപൊട്ടിച്ചൊഴുക്കുന്ന ആൾ, ഇന്ന് സഹോദരസ്നേഹത്തിന്റെ നയാഗ്രയാണ് തുറന്നു വിട്ടിരിക്കുന്നത്!

രാകേഷ് കഥ മുഴുവൻ കേട്ടില്ല. പക്ഷേ തന്റെ സ്നേഹനിധിയായ സീനിയറെ കരയിച്ചവൻ ആരായാലും അവനെ താൻ വെറുതെ വിടുന്ന പ്രശ്നമില്ല. ഉടൻ ചാടിയെണീറ്റ് ചോദിച്ചു.

“ആശാനേ....! പറയാശാനേ.... അടിക്കണോ...ആ തെണ്ടിയെ അടിക്കണോ!? ആശാനെ വെഷമിപ്പിച്ചവൻ ആരായാലും ആ *#$@*മോന്റെ കൊടലു ഞാനെടുക്കും!” അലർച്ചയും അലമുറയും കേട്ട് മറ്റു മുറികളിൽ നിന്ന് പയ്യന്മാർ ഓടിയെത്തി. വെള്ളം കുടി പുറത്തായി!

ഇതാണ് രാകേഷ്.

ജോൺ ജനിച്ചത് കോട്ടയം ജില്ലയിലെ ‘ഇലഞ്ഞി’ എന്ന ഗ്രാമത്തിൽ ആണെങ്കിലും വളർന്നതും പഠിച്ചതും ഒക്കെ പോണ്ടിച്ചേരിയിലായിരുന്നു. മലയാളം കഷ്ടി പിഷ്ടി.... ഹിന്ദി അറിയാം. കൂടുതൽ സമയവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെയാണ് സംസാ‍രം. അങ്ങനെ വന്ന ദിവസം തന്നെ ആളിന് ‘പോണ്ടി’എന്നു പേരും കിട്ടി.

മലയാളം എഴുതാനും വായിക്കാനും തീരെ അറിയില്ല എങ്കിലും വന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പരോപകാരി എന്നു പേരെടുത്തു.അഞ്ചാറുമാസംകൊണ്ട് മലയാളവും പിക്ക് ചെയ്തു.

ഇന്റർ ആയുർവേദ കോളേജ് കലോത്സവമായ ‘ആയുർഫെസ്റ്റ്’അടുത്തു വന്ന സമയമായിരുന്നു. അതിന്റെ പ്രചരണത്തിന് പോസ്റ്ററുകൾ ഒട്ടിക്കാനായി കുറേ കുട്ടികൾ രാത്രി തൃപ്പൂണിത്തുറ നഗരത്തിൽ ഇറങ്ങി. ഒപ്പം പോണ്ടിയേയും കൂട്ടി.

മെസ്സിലെ അസിസ്റ്റന്റ് കുക്ക് ഗോപിക്ക് ഒരു പഴയ ഹെർക്കുലിസ് സൈക്കിൾ ഉണ്ട്. പയ്യന്മാർ അതും എടുത്തിരുന്നു.

പോസ്റ്റർ ഒട്ടിക്കാനുള്ള പശ എടുക്കാൻ ‘പോണ്ടി’യെയാണ് ഏൽ‌പ്പിച്ചിരുന്നത്. കിട്ടിയ ചാൻസ് മുതലാക്കാനുള്ള അമിതവ്യഗ്രതയിൽ ആൾ നേരേ മെസ്സ് ഹോളിൽ കയറി കലക്കി വച്ചിരുന്ന മാവ് പാത്രത്തോടെ തൂക്കിയെടുത്ത് മുന്നേ നടന്നു. പുതിയകാവു ജംഗ്ഷനിൽ ചെന്ന് ആദ്യ പോസ്റ്റർ ഒട്ടിക്കാൻ നോക്കിയപ്പോഴല്ലേ പ്രശ്നം...! എങ്ങനെയായിട്ടും പൊസ്റ്റർ ഒട്ടുന്നില്ല.

സീനിയേഴ്സ് അടുത്തുകൂടി നോക്കി. മൈദമാവിനു പകരം പിറ്റേന്നത്തേക്ക് ആട്ടി വച്ചിരുന്ന ഇഡ്ഡലിക്കുള്ള മാവാണ് പോണ്ടി താങ്ങിയെടുത്തു കൊണ്ടു വന്നിരിക്കുന്നത്!

പിന്നെ ആരൊ പൊയി മൈദമാവുകൊണ്ടുവന്നു.

തൃപ്പൂണിത്തുറ ടൌണിലെത്തി. പക്ഷേ പോസ്റ്റർ ഒട്ടിക്കൽ കുറെ കഴിഞ്ഞതോടെ പോണ്ടിക്ക് ബോറടിച്ചു.മറ്റുള്ളവർ കാണാതെ സൈക്കിളെടുത്ത് ടൌൺ ഒന്നു ചുറ്റാൻ പുറപ്പെട്ടു.

കിഴക്കേകോട്ടയിൽ എത്തിയപ്പോൾ റോഡിൽ ഒരു പോലീസുകാരൻ. പോണ്ടി മൈൻഡ് ചെയ്തില്ല.

നേരെ സൈക്കിൾ മുന്നോട്ടു വിട്ടു. ട്രാഫിക് ഐലൻഡ് വീശിയെടുത്ത് ചുറ്റിയൊന്നു കറങ്ങി തിരിച്ചു വന്ന് പോലീസുകാരനെ പാസ് ചെയ്ത് മുന്നോട്ട് പോകാനാഞ്ഞു. പോലീസുകാരൻ പോണ്ടിയെ സൈക്കിളിന്റെ ക്യാരിയറിൽ പിടിച്ചു നിർത്തി!

അയാൾ ചോദിച്ചു

“ആരാടാ നീ?”

“ജ... ജ... ജോൺ... ഇവിടെ പഠിക്കുവാ.... ”

“നിന്റെ വീടെവിടാടാ..?”

“ഇലഞ്ഞി”

“ഇലഞ്ഞിയോ...? ഓഹോ... നീ കാക്കയോ അതോ പരുന്തോ...? ആളെ കളിയാക്കുന്നോ, റാസ്കൽ!?”

ഇലഞ്ഞി എന്നത് ഒരു മരം മാത്രമാണെന്നറിയുന്ന പോലീസുകാരൻ കലി തുള്ളി.

“അല്ല ഇലഞ്ഞി ഞങ്ങടെ സ്ഥലവാ”

“അവിടെ ഏതു സ്കൂളിലാടാ പഠിച്ചത്?”

മൌനം.

“എന്താടാ സംശയം?അവിടെ എത്ര സ്കൂളോണ്ട്?”

“അറിയത്തില്ല” എൽ.കെ.ജി മുതൽ പോണ്ടിച്ചേരിയിൽ പഠിച്ചവനുണ്ടോ അതു വല്ലോം അറിയുന്നു!

“നിന്റെ പേരെന്താന്നാ പറഞ്ഞത്?”

“ജോൺ ഇമ്മാനുവൽ”

“അപ്പന്റെ പേര്?”

“ജോസഫ്!”

“നിന്റെ പേര് ജോൺ ഇമ്മാനുവൽ, നിന്റപ്പന്റെ പേര് ജോസഫ്.... ഇതെല്ലാം ഞാൻ വിശ്വസിക്കണം അല്ലേടാ പന്ന *#@%? മോനേ!?”

പോണ്ടിയുടെ മാമോദീസാപ്പേരാണ് ഇമ്മാനുവൽ എന്ന് പോലീസുകാരനുണ്ടോ അറിയുന്നു!

കേരളാ പൊലീസിന്റെ തനിക്കൊണം ഉണ്ടോ പോണ്ടിയറിയുന്നു!

അവൻ സൈക്കിളിന്റെ പെഡൽ കാൽ കൊണ്ട് തട്ടിത്തിരിച്ചുകൊണ്ട് മറുപടി പറഞ്ഞു “ആ... അത് അപ്പനോടു ചോദിക്കണം!”

പോലീസുകാരന് ഉറപ്പായി. ഇവൻ വിളഞ്ഞ വിത്തു തന്നെ.

“എറങ്ങടാ സൈക്കിളീന്ന്! രാത്രി ലൈറ്റില്ലാത്ത സൈക്കിളിൽ സഞ്ചരിക്കുന്നത് കുറ്റമാണെന്നറിഞ്ഞു കൂടേ നിനക്ക്? ഞാൻ കൈകാണിച്ചിട്ട് നീ നിർത്താഞ്ഞതെന്താടാ...?”

“അത് ... ബ്രെയ്ക്കില്ലാരുന്നു!!”

ഇത്രയുമായപ്പോൾ പോലീസുകാരൻ തന്റെ വിസിൽ എടുത്ത് തുരു തുരാ ഊതി!

എവിടുന്നോ മറ്റൊരു പോലീസുകാരൻ കൂടി എത്തി.

പോലീസ് - പോണ്ടി അഭിമുഖസംഭാഷണം പുരോഗമിക്കുന്നതിനിടയിൽ പോസ്റ്റർ ഒട്ടിക്കാൻ വന്ന ബാക്കിയുള്ളവർ ഓടിയെത്തി.

കോളേജ് യൂണിയൻ സെക്രട്ടറി പോലീസിന്റെ കാലു പിടിച്ച് ആളെ രക്ഷപെടുത്തി.

പോലീസുകാർ തിരിഞ്ഞ തക്കം നോക്കി ജോൺ സൈക്കിളിൽ ഹോസ്റ്റലിലേക്കു പറന്നു.

അതാണു പോണ്ടി!

കോളേജിലെ കലാമത്സരങ്ങളിൽ എല്ലായ്പൊഴും നാടകമാണ് അവസാന ഇനം.അതു കഴിയുമ്പോൾ മിക്കവാറും നേരം പുലരാറായിട്ടുണ്ടാവും.

ഇക്കുറി എല്ലാവരേയും ഞെട്ടിക്കാൻ തയ്യാറെടുത്ത് രണ്ടവതാരങ്ങൾ കാത്തിരിക്കുന്നു എന്നറിയാതെ നാടകമത്സരം ആരംഭിച്ചു.

ആദ്യ ഞെട്ടിക്കൽ രാകേഷ് വക. അടുത്തത് പോണ്ടി ...!

പ്രശസ്ത നാടകകൃത്തായിരുന്ന ജി.ശങ്കരപ്പിള്ള രചിച്ച നാടകമായിരുന്നു ‘വേട്ട’.

ഒരു അധ്യാപകന്റെ മകളെ പ്രണയിച്ചു - വഞ്ചിച്ചു - ഗർഭിണിയാക്കി കടന്നു കളയുന്ന യുവാവിന്റെ ആത്മസംഘർഷങ്ങളുടെ കഥയായിരുന്നു വേട്ട എന്നാണോർമ്മ. സംവിധായകനും പ്രധാനനടനും ഒക്കെ ഞാൻ തന്നെ!

പക്ഷെ, ഞങ്ങളൂടെ ഹൌസിൽ നാടകത്തിൽ അഭിനയിച്ചിട്ടുള്ള പയ്യന്മാർ തീരെ കുറവ്. ഒരു തരത്തിൽ ആളെ ഒപ്പിച്ചു. നാടകത്തിൽ ഒരു സ്ത്രീകഥാപാത്രമേ ഉണ്ടായിരുന്നുള്ളു - വഞ്ചിതയായ യുവതി. ആ റോൾ ഒരു പെൺകുട്ടി അവിസ്മരണീയമായി ചെയ്തു. അവൾക്ക് മികച്ച നടിക്കുള്ള പുരസ്കാരവും കിട്ടി.

നാടകത്തിനു രണ്ടാം സ്ഥാനം കിട്ടി.

പക്ഷെ ആ നാടകം പ്രേക്ഷക മനസ്സുകളിൽ ഇന്നും പച്ചപിടിച്ചു നിൽക്കാൻ കാരണം രാകേഷ് എന്ന മഹാ നടനാണ്.

ആകെ രണ്ടു സീനിലേ വരുന്നുള്ളു കക്ഷി. ഭൂതകാലത്താൽ വേട്ടയാടപ്പെടുന്ന നായകൻ കാണുന്ന ഭ്രാന്തമായൊരു സ്വപ്നത്തിൽ ഒരു ഒറ്റക്കണ്ണൻ രാക്ഷസൻ പ്രത്യക്ഷപ്പെടുന്നു. രാക്ഷസൻ അട്ടഹസിച്ചുകൊണ്ട് സ്റ്റേജ് പ്രകമ്പനം കൊള്ളിക്കുന്നു. കടന്നു പോകുന്നു.ഇത് രണ്ടു സീനിൽ ഉണ്ട്.

സ്റ്റേജിൽ വന്ന് അട്ടഹസിച്ചിട്ടു തിരികെപ്പോയാൽ മാത്രം മതി എന്ന ഉറപ്പിന്മേലാണ് കക്ഷി ഇതു സമ്മതിച്ചത്.

പക്ഷെ ഒരു കുഴപ്പം പറ്റി.

പെട്ടെന്നുണ്ടായ ഒരാവേശത്തിൽ മൂന്നു ചാൽ നടക്കുന്നതിനു പകരം ‘ഒറ്റക്കണ്ണൻ രാക്ഷസൻ’ നാലു ചാൽ നടന്നു.

നാലു ചാൽ നടന്നാൽ സംഗതി കുഴപ്പമാണ്. ഇടത്തേയറ്റത്തുനിന്നു നടന്നു തുടങ്ങിയ ആൾ ഇടത്തേ അറ്റത്തു തന്നെ തിരിച്ചെത്തും.

അടുത്ത രംഗത്ത് രാക്ഷസൻ വലത്തു നിന്നേ കയറാവൂ. കാരണം ആ രംഗത്ത് നായിക ഇടത്തു നിന്നും ആണ് പ്രവേശിക്കണ്ടത്. രണ്ടാൾക്കും ഇടയിൽ പരിഭ്രാന്തനായ നായകൻ. അതാണ് സെറ്റ് ചെയ്തു വച്ചിരിക്കുന്നത്.

നായകനും സംവിധായകനും കൂടിയായതിനാൽ ഇതൊക്കെ ചിന്തിച്ച് തല പുകഞ്ഞു നിൽക്കുകയാണ് സ്റ്റേജിൽ ഞാൻ.നിമിഷങ്ങൾ കടന്നു പോകുന്നു....

നായികയ്ക്കും പിന്നണിയിലുള്ളവർക്കും കൺഫ്യൂഷൻ.രാകേഷിനു മാത്രം കുലുക്കമൊന്നുമുണ്ടായില്ല.

പെട്ടെന്ന് എല്ലാരും കാൺകെ‘ഒറ്റക്കണ്ണൻ രാക്ഷസൻ’ വടിപോലെ സ്റ്റേജിനു കുറുകെ ഒരു നടത്തം!

ആൾ വലത്തേ അറ്റത്തെത്തി!

ആധുനിക നാടകമായതിനാൽ ആ രംഗത്തിന്റെ പ്രസക്തിയോ, പ്രസക്തിയില്ലായ്മയോയോ ഒന്നും ആർക്കും മനസ്സിലായില്ല!

(പിറ്റേന്നു മെസ് ഹോളിൽ യഥാർത്ഥ സംഗതി വെളിപ്പെടും വരെ അതൊരു അബദ്ധം മറച്ചതാണെന്ന് ആർക്കും മനസ്സിലായില്ല. അടുത്തകൊല്ലം മറ്റൊരു നാടകത്തിലും രാകേഷിന് ഇതുപോലെ എൻഡ് തെറ്റിപ്പോയി. പക്ഷേ അത്തവണ ആൾ സ്റ്റേജിലെ ബാക്ക് കർട്ടനു പിന്നിലൂടെ ഞെരുങ്ങി നീങ്ങി...ജനം നോക്കുമ്പോൾ നാടകം നടന്നുകോണ്ടിരിക്കെ കർട്ടനു പിന്നിലൂടെ മത്തങ്ങ വലിപ്പത്തിൽ ഒരു ‘മുഴ’ നീങ്ങിപ്പോകുന്നു!മുഴയായി തോന്നിയത് രാകേഷിന്റെ പൃഷ്ഠമാണെന്നും അല്ല തലയാണെന്നും രണ്ടു പക്ഷമുണ്ട്!)

എന്തായാലും സംഗതി കഴിഞ്ഞല്ലോ എന്ന സമാധാനത്തിൽ മേക്കപ്പഴിക്കാൻ തുടങ്ങിയപ്പോഴേക്കും സ്റ്റേജിൽ നിന്ന് വൻ അലർച്ചയും അട്ടഹാസങ്ങളും..! ഓടിച്ചെന്നു നോക്കിയപ്പോൾ അടുത്ത നാടകം തുടങ്ങിക്കഴിഞ്ഞു...
പേര് - കാണ്ടാമൃഗം!

ശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തിലേക്ക് ഒരു ‘കാണ്ടാമൃഗം’ വന്നുകയറിയതിന്റെ അലമുറയാണ് കേട്ടത്.

വർഗീയതയെയാണ് ‘കാണ്ടാമൃഗം’ പ്രതിനിധീകരിക്കുന്നത്.

നാടകത്തിൽ ആകെ രണ്ടു ഡയലോഗ് മാത്രമേ പോണ്ടിക്കുള്ളൂ. റിഹേഴ്സൽ പോരാഞ്ഞ് അത് നിരവധി തവണ മനസ്സിൽ ഉരുവിട്ട് ഹൃദിസ്ഥമാക്കിക്കഴിഞ്ഞു പോണ്ടി.

ഒരു സുഹൃത്ത് സംഘടിപ്പിച്ച പാർട്ടിയിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്ന നാലഞ്ചു യുവാക്കളുടെ ദൃശ്യത്തോടെയാണ് നാടകം തുടങ്ങുന്നത്.

നാട്ടിൽ വന്നു കയറിയ ‘ഭീകരജീവി’യെക്കണ്ട് ഭയന്ന് ഓടിവരുന്ന ആൾക്കാരുടെ കൂട്ടത്തിൽ പോണ്ടിയും ഉണ്ട്.ഇതുവരെ ആരും ഇങ്ങനൊരു ജീവിയ കണ്ടിട്ടില്ല. ഓരോരുത്തരായി കാണ്ടാമൃഗത്തെപ്പറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടും അവർക്കു മനസ്സിലാവുന്നില്ല ഇത് ഏതു ജീവിയാണെന്ന്. അപ്പോൾ പോണ്ടി വെപ്രാളത്തോടെ പറയണം “അതു പോത്തുമല്ല എരുമയുമല്ല” എന്ന്.അതാണ് ഡയലോഗ് നമ്പർ വൺ.

എന്നാൽ അവന് ആ ഡയലോഗ് പറയാൻ അവസരം ലഭിച്ചില്ല. പല കോളേജ് നാടകങ്ങളിലും സംഭവിക്കുന്നതു പോലെ ഒരാൾ - ഷാജി - ഒരു ഡയലോഗ് മറന്ന് അടുത്ത ഡയലോഗ് കാച്ചി. ഷാജി പറയാതെ വിട്ട ഡയലോഗിനു തുടർച്ചയായായിരുന്നു പോണ്ടിയുടെ ഡയലോഗ്.

ഫലം, പോണ്ടിക്ക് ആറ്റുനോറ്റു കിട്ടിയ രണ്ടു ഡയലോഗുകളിൽ ആദ്യത്തേത് നഷ്ടപ്പെട്ടു!

എന്തായാലും പഠിച്ച ഡയലോഗ് പറയാതെ വിടുന്നത് മോശമല്ലേ. പോണ്ടി തീരുമാനിച്ചു.

അടുത്ത ചാൻസ് ആരു നഷ്ടപ്പെടുത്തിയാലും താൻ ഡയലോഗ് വീശും!

നാടകം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ പുരോഗമിച്ചുകൊണ്ടിരുന്നു.

കാണികളുടെ പതിന്മടങ്ങ് ഉദ്വേഗവും വഹിച്ച്, പെരുമ്പറകൊട്ടുന്ന ഹൃദയവുമായി വിറകൊണ്ടു നിൽക്കുകയാണ് പോണ്ടി.

“പോലീസിനെന്തു ചെയ്യാൻ കഴിയും!?”എന്നതാണ് ഡയലോഗ് നമ്പർ ടു.

പോണ്ടിയുടെ മനസ്സിൽ ഡയലോഗ് നഷ്ടപ്പെട്ട ഒരു നടന്റെ അന്ത:സംഘർഷം പുകഞ്ഞുകൊണ്ടിരുന്നു.

നായകകഥാപാത്രം നാട്ടിൽ വർഗീയത വരുന്നതിനു മുൻപുള്ള പ്രശാന്തസുന്ദരമായ നാളുകളുടെ ഗൃഹാതുരതയിൽ മുങ്ങി നീണ്ട ഒരു ഡയലോഗ് കാച്ചിയ ശേഷം ഒരു ദീർഘനിശ്വാസവും വിട്ട് അങ്ങനെ നിൽക്കുകയാണ്.

ഇതാണ് തന്റെ ചാൻസ് . പോണ്ടിയ്ക്ക് ആ ഇടവേള അനന്തമായി നീളുന്നതുപോലെ തോന്നി. ഇനിയൊരിക്കൽ കൂടി ഡയലോഗ് നഷ്ടപ്പെട്ടാ‍ൽ...

ചിന്തിക്കാൻ കൂടി ആകുന്നില്ല. ആറ്റുനോറ്റു പഠിച്ച ഡയലൊഗിലൊരെണ്ണമെങ്കിലും....

ഏതാനും നിമിഷങ്ങൾ ചിന്തയിലാണ്ടുപോയ പോണ്ടി നായകന്റെ വിരഹാർദ്രവചനങ്ങൾ കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.

“ജാതിയും മതവുമൊന്നും എനിക്കു പ്രശ്നമല്ല... തുളസിക്കതിരിന്റെ വിശുദ്ധിയും, വാർമുടിക്കെട്ടിലെ കാച്ചെണ്ണമണവും, നിലാവു പൊഴിക്കുന്ന ആ മന്ദഹാസവും.... അവളെ ഞാനെങ്ങനെ മറക്കും?!?”

ഒരു നിമിഷം പോണ്ടി പതറി... തന്റെ ചാൻസ് കഴിഞ്ഞു പോയോ..!?

ചിന്തിച്ചു നിൽക്കാൻ സമയമില്ല.

പെട്ടെന്ന് ചാടിക്കയറി പോണ്ടി പറഞ്ഞു“അതു പോത്തുമല്ല എരുമയുമല്ല!”

അസ്തപ്രജ്ഞനായ നായകനടനോട് വികാരഭരിതനായി ആൾ ചോദിച്ചു “പോലീസിനെന്തു ചെയ്യാൻ കഴിയും!?”

സ്റ്റേജും ഓഡിറ്റോറിയവും നിശ്ശബ്ദമായി.

അമ്പരന്നു നിന്ന സഹനടന്മാരെ നോക്കി പോണ്ടി മുറുമുറുത്തു “അരേ ചുപ് ക്യോം? ഡയലോഗ് മാരോ യാർ!”

പിൻ നിരയിൽ നിന്നുയർന്ന കൂവൽ മുൻ നിരവരെ വ്യാപിച്ചതെന്തെന്നറിയാതെ പോണ്ടി നിന്നു.

അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!

ആ നാടകപ്രതിഭ പിന്നൊരിക്കലും അരങ്ങു കണ്ടില്ല!

അടിക്കുറിപ്പ്: നാടകത്തിന്റെ നഷ്ടം സ്പോർട്സിന്റെ നേട്ടം. അടുത്തവർഷത്തെ സ്പോർട്ട്സ് ചാമ്പ്യൻ - ജോൺ ഇമ്മാനുവൽ!