“അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ വേണമായിരുന്നു.... തരുമോ?” രാധയോട് ചോദിച്ചു.
“നിങ്ങളാരാണ്? എനിക്കൊരു പരിചയവുമില്ലല്ലോ...”
“എനിക്ക് നിങ്ങളെ എല്ലാവരെയും അറിയാം. നിങ്ങൾ എന്നെയും അറിയും.”
“അതെങ്ങനെ? ഞാൻ നിങ്ങളെ ആദ്യമായാണല്ലോ കാണുന്നത്! ”
“ങേ!? അപ്പോ അമ്മാളുക്കുട്ടിയമ്മയും മാധവമേനോനും .......... ”
മയക്കം മുറിയുമ്പോൾ മകൻ അടുത്തുണ്ട്.
“അല്ല.... ഇതെന്തേപ്പോ അവരെ കാണാൻ... ” സംശയമായി.
പിറുപിറുത്തതു കേട്ട് മകൻ ചോദിച്ചു “എന്താണ്? എന്തു സ്വപ്നമാണമ്മ കണ്ടത്?”
വിളറിയ ഒരു ചിരി മറുപടിയായി നൽകി.
അവൻ പറയുന്നത് ശരിയാണ്. അതൊരു സ്വപ്നമായിരുന്നു.
പക്ഷേ ഇറ്റ് ലുക്ക്ഡ് സോ ഒറിജിനൽ!
അല്ലെങ്കിലും സ്വപ്നം കാണുന്ന നേരം അങ്ങനെയാണ്. ഒക്കെ നൂറുശതമാനം യാഥാർഥ്യമെന്ന രീതിയിലാണ് സ്വപ്നം അനുഭവിക്കുന്നത്. എന്നാൽ ഞെട്ടിയുണരുമ്പോഴോ.... ഒക്കെ വെറും... വെറും സ്വപ്നം!
ഇപ്പോൾ തന്നെ ഈ സ്വപ്നത്തിൽ ഫോട്ടോ ചോദിച്ചു ചെല്ലുമ്പോൾ തനിക്കു പ്രായം അറുപത്തെട്ടാണ്. എന്നാൽ മറുപടി പറഞ്ഞ രാധയ്ക്കോ!?
പതിനാറു വയസ്!
അൻപത്തഞ്ചു വർഷം കഴിഞ്ഞിട്ടും രാധയ്ക്ക് വയസ് പതിനാറു മാത്രം!
വേഷം പാവാടയും ബ്ലൌസും.
അതെങ്ങനെ?
മറുപടി കേൾക്കുമ്പോൾ തനിക്കു പ്രായം അതിലും രണ്ട് വയസ് താഴെ!
അതെങ്ങനെ!?
സ്വപ്നങ്ങളുടെ മായക്കളികൾ എന്നും അങ്ങനെയാണ്. എങ്ങനെ എന്ന ചോദ്യമില്ല.
പക്ഷേ, ഇന്നു പകൽ ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് അവരെ സ്വപ്നം കാണാൻ എന്താവും കാരണം?
ചിന്തകൾ വായിച്ചിട്ടെന്നവണ്ണം മകൻ പിന്നെയും ചോദിക്കുന്നു “എന്തു സ്വപ്നമാ അമ്മ കണ്ടത്? ആരാ അവർ?”
മറുപടി പറയാൻ ചുണ്ടനങ്ങുന്നില്ല. വരൾച്ച. ദാഹം....
മകൻ ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളം ഇറ്റിച്ചു തന്നു.
അമ്മാളുക്കുട്ടിയമ്മ..... മാധവമേനോൻ....
മക്കൾ രാധ, ലീല, ഉഷ, ഗീത...
ഉഷയ്ക്കും ഗീതയ്ക്കുമൊപ്പം ഉറങ്ങാനൊരു രാത്രി!
കാര്യസ്ഥൻ ഗോപാലമേനോൻ.
ഗെയ്റ്റിനുള്ളിൽ നിറയെ കൂറ്റൻ വളർത്തുനായ്കൾ... ഭീതിപ്പെടുത്തുന്ന കുര.
എവിടെ നിന്നാണ് ഇപ്പോൾ ഇത്രയും ഓർമ്മകൾ കൂലം കുത്തിയൊഴുകിവരുന്നത്....
ചൂടുവെള്ളം ഉള്ളിൽ ചെന്നപ്പോൾ ഒരാശ്വാസം. ചുമയടങ്ങി. മകൻ കട്ടിൽത്തലയ്ക്കൽ തലയിണയുയർത്തി വച്ച് ചാരിയിരുത്തി.
ചോദ്യം ആവർത്തിക്കാതെ അവൻ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
അപ്പോൾ പറഞ്ഞു തുടങ്ങി.
ഒറ്റപ്പാലത്ത് പണ്ട് സ്കൂളിൽ പഠിക്കുന്നകാലത്ത് പെൺകുട്ടികൾക്കായുണ്ടായിരുന്ന കസ്തൂർബാസദനത്തിന്റെ പ്രസിഡന്റായിരുന്നു അമ്മാളുക്കുട്ടിയമ്മ. ഞങ്ങൾ കുട്ടികൾക്കെല്ലാം അമ്മ. ഭർത്താവ് മാധവമേനോൻ. അവിടെ അടുത്തു തന്നയാണ് വീട്. തൊടിയിൽ നിറയെ ഫലവൃക്ഷങ്ങൾ.... ആപ്പിൾ കുലയായി കായ്ച്ചു നിൽക്കുന്നത് ആദ്യമായി കണ്ടത് അവിടെനിന്നാണ്....
“അത് ആപ്പിൾ തന്നെയായിരുന്നോ?” മകന്റെ ചോദ്യം.
അതുകേട്ടപ്പോൾ സംശയം. സത്യത്തിൽ ആയിരുന്നോ!? ഈ നിമിഷം വരെ അങ്ങനെയാണ് മനസ്സിൽ. പക്ഷേ ഇപ്പോൾ ഓർമ്മ ശരിക്കു കിട്ടുന്നില്ല. ആപ്പിൾ തന്നെയാവണം....
ആ... അതെന്തായാലും സൌന്ദര്യമുള്ളതെന്തും ആ വീട്ടിനുള്ളിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്നു.
വെളുത്തു തടിച്ച് ശ്രീത്വത്തോടെ ഇരിക്കുന്നിടം നിറഞ്ഞ് അമ്മാളുക്കുട്ടിയമ്മ.
കറുത്തു മെലിഞ്ഞെങ്കിലും, പൊക്കത്തിൽ തലയെടുപ്പോടെ മാധവമേനോൻ.
മക്കളിൽ രണ്ടുപേർ അമ്മയെപ്പോലെ, രണ്ടാൾ അച്ഛനെപ്പോലെ.
അച്ഛനെപ്പോലെയുള്ളവർക്കു നിറം കുറവായിരുന്നു. എങ്കിലും ശാലീനത കൂടുതലായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളാണ് കാലം.
അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് അച്ഛൻ എണ്ണിപ്പെറുക്കിത്തന്ന നാണയത്തുട്ടുകളുമായി ഹോസ്റ്റലിലേക്കുള്ള യാത്ര. രണ്ടാൾക്കുള്ള വണ്ടിക്കൂലി വഹിക്കാൻ പാങ്ങില്ലാത്തതുകൊണ്ടാണ് പതിന്നാലുകാരിയായ മകളെ ഒറ്റയ്ക്ക് വിടുന്നത്.
പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശേരി വഴി ഒറ്റപ്പാലത്തേക്കുള്ള ബസ്സിലാണ് സഞ്ചാരം. പാതി വഴിയെത്തിയപ്പോൾ വലിയൊരു മരം ഒടിഞ്ഞുവീണ് റോഡ് തടസപ്പെട്ടു.നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ പേടി തോന്നിയില്ല.
എന്നാൽ മരം വെട്ടി മാറ്റി ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും വൈകി.
ഒറ്റപ്പാലത്തെത്തിയപ്പോഴേക്കും സമയം സന്ധ്യ.
പിന്നെയും പതിനഞ്ചു മിനിറ്റു നടന്ന് ഹോസ്റ്റലിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടായി.
ഗെയ്റ്റിൽ നിന്നു നോക്കിയപ്പോൾ അകത്ത് വെളിച്ചമേ ഇല്ല!
ഗെയ്റ്റിൽ തട്ടിയിട്ട് ആരും വന്നുമില്ല. ഭയത്തിന്റെ നിമിഷങ്ങൾ അടിവയറ്റിൽ ആളി.
തട്ടുന്ന ഒച്ചകേട്ട് തൊട്ടടുത്ത വീട്ടിലെ ബേബി ഏട്ത്തി ഇറങ്ങി വന്നു.
“അയ്യോ! എന്താ കുട്ട്യേ, ഒറ്റയ്ക്കീ നേരത്ത്!? ”
“ബസ് വഴിയിൽ കിടന്നുപോയി.... വലിയൊരു മരം വീണ് റോഡ് ബ്ലോക്കായിരുന്നു....നാളെ സ്കൂൾ തുറക്വല്ലേ? അതാ ഞാൻ ഇന്നന്നെ വന്നത്...”
“ഹോസ്റ്റൽ നാളെയെ തുറക്ക്വള്ളൂലോ... കുട്ടി അറിഞ്ഞീര്ന്നില്ലേ?”
“ഇല്ല... ”
“നീപ്പോ ഒന്നും ചിന്തിക്കണ്ടാ... ഇങ്ങട് വന്നോളാ.... ഇന്നു രാത്രി ഇവിടാവാം...”
“അത്... ഏട്ത്തീ.... ഞാൻ... ഞാൻ അമ്മേന്റടുത്ത് പൊയ്ക്കോളാം...”
അമ്മ..... അഗതികളായ കുട്ടികൾക്കെല്ലാം അമ്മ... തനിക്കും അമ്മ....
“അതിപ്പോ.... ശ്ശി നടക്കാനില്ലേ, കുട്ട്യേ?”
“അദ് സാരല്യ... ഞാൻ പൊയ്ക്കോളാം...”
“അത്ര നിർബന്ധാച്ചാ വേഗം നടന്നോളു....”
പരപ്പിൽ തറവാട് അരണ്ട സന്ധ്യാവെട്ടത്തിൽ ഭീമാകാരം പൂണ്ടു നിൽക്കുന്നു.
ഗെയ്റ്റ് തുറന്ന് അകത്തേക്ക് കാൽ വച്ചതും ഒരു കൂട്ടം നായ്ക്കൾ ഒരുമിച്ചലറിക്കുരച്ചു!
നിന്ന നിൽപ്പിൽ വിറച്ചു പോയി. കാതിൽ ആ ഇരമ്പം മാത്രം.
കാര്യസ്ഥൻ ഓടി വന്നു.
നോക്കിയപ്പോൾ ഇത്തിരിപ്പോന്ന ഒരു പെൺകുട്ടി.
“എന്താ കുട്ടീ, ഇവടെ, ഈ നേരത്ത്!?”
“അത്.... നിക്ക് അമ്മേ കാണണം....”
അയാൾ വീണ്ടും ചോദ്യരൂപത്തിൽ നോക്കി.
“ഞാൻ സദനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ട്യാ... നാളെ സ്കൂൾ തുറക്കുംന്ന്വച്ച് വന്നതാ... അപ്പോ... ഹോസ്റ്റൽ തുറന്നിട്ടില്ല...”
കാരുണ്യം നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞു “അകത്തേക്ക് വരിക.... ഇനി ഇന്നെവിടെയും പോണ്ട....”
വാതിൽ ശീല നീക്കി അമ്മാളുക്കുട്ടിയമ്മ പ്രത്യക്ഷപ്പെട്ടു.
“ആഹാ... ലക്ഷ്മിയോ!? എന്തു പറ്റി കുട്ടി?”
കണ്ണു നിറഞ്ഞുപോയി. ഒന്നും മിണ്ടാനായില്ല ഒരു നിമിഷം.
“കുട്ടി ഇന്ന് ഹോസ്റ്റൽ തുറക്കുംന്ന്വച്ച് വന്നതാ.... വണ്ടീം വൈകി, ഹോസ്റ്റൽ നാളേ തുറക്ക്വള്ളേനും...”
കാര്യസ്ഥൻ പറഞ്ഞു.
“വാ....” അമ്മ വിളിച്ചു.
അകത്തുകയറ്റി. മക്കൾക്കൊപ്പം കൂട്ടി. ഗീത സുന്ദരിയാണ്. ആ ബോധം ഉണ്ടുതാനും. അതാവും അത്ര അടുപ്പം കാട്ടിയില്ല. എന്നാൽ ഉഷ പെട്ടെന്ന് കുശലം ചോദിച്ചു വന്നു. കൂട്ടായി.
എല്ലാവരെയും ഒരുമിച്ചിരുത്തി അമ്മ അകത്തേക്കു പോയി.
അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളുടെ ഭാണ്ഡം അഴിച്ചു. ഉഷയ്ക്ക് കഥകളൊക്കെ ഇഷ്ടായി. കഥകേട്ടെപ്പോഴോ ഗീത അരികിൽ വന്നിരുന്നിരുന്നു.
രാത്രി വൈകിയപ്പോൾ അമ്മ എല്ലാവരെയും വിളിച്ചു. ഒരുമിച്ചിരുത്തി ഭക്ഷണം തന്നു.
ഊണിനു ശേഷം കഥ തുടർന്നു. അതോടെ ഗീതയും കൂട്ടായി.
ആ രാത്രി അവർക്കൊപ്പം കിടന്നുറങ്ങി.
പിറ്റേന്നു രാവിലെ തന്നെ ഹോസ്റ്റലിലേക്കു മടങ്ങി.
ആദ്യമായാണ് അത്ര വലിയൊരു ബംഗ്ലാവിൽ ഉറങ്ങുന്നത്. അതും അവിടത്തെ കുട്ടികൾക്കൊപ്പം, ദയവു ചെയ്യുന്നു എന്ന ഭാവം തോന്നിപ്പിക്കാതെ.....
ഇക്കാലത്ത് ഇതൊക്കെ ചിന്തിക്കാനാവുമോ!?
അമ്മാളുക്കുട്ടിയമ്മ വിടപറഞ്ഞിട്ട് കാലമേറേയായി. അവരുടെ മക്കൾ ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ? പതിറ്റാണ്ടുകൾക്കു മുൻപൊരു രാത്രിയിൽ അഗതിയായി വന്നുകയറി കഥ പറഞ്ഞുപോയ ഒരു പെൺകുട്ടിയെ?
അവരൊക്കെ ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ഒന്നും അറിയില്ല.
നല്ല നിലയിൽ മക്കളും കൊച്ചുമക്കളുമായി എവിടെയെങ്കിലും ഉണ്ടാവും.
അധികം സംസാരിച്ചതുകൊണ്ടാവും ചുമ വീണ്ടും. നെഞ്ചുമുഴുവൻ കഫമാണ്.
കഫ് സിറപ്പ് വായിലൊഴിച്ചു തന്നുകൊണ്ട് മകൻ പറഞ്ഞു “മതിയമ്മേ, ബാക്കിക്കഥ നാളെപ്പറയാം.... കൂടുതൽ സ്ട്രെയിൻ എടുക്കണ്ട” അവൻ തലയിണതാഴ്ത്തിക്കിടത്തി. പുതപ്പ് മൂടിത്തന്നു.
കൺപീലികളിൽ കനം തൂങ്ങി മയക്കം വന്നു തഴുകുമ്പോൾ മകന്റെ ശബ്ദം “ അമ്മയുടെ സ്വപ്നത്തിൽ മാത്രമല്ല, ഒരു പക്ഷേ....ഇനി എന്റെ സ്വപ്നത്തിലും ഇവരൊക്കെ അതിഥികളായി വന്നേക്കാം.....”
മഞ്ഞുമറയ്ക്കപ്പുറം നിന്നെന്നപോലെ ആ വാക്കുകൾ കേട്ട്, സുഖകരമായൊരു മയക്കത്തിലേക്ക് മെല്ലെയങ്ങനെ......
* അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾക്കു കടപ്പാട്.