Friday, August 20, 2010

പഴയൊരു ഉത്രാട നാൾ....!

അന്നൊക്കെ ഓണക്കളി മുഴുവൻ ആരൂർ വടക്കേപ്പുറത്തായിരുന്നു. ചെറിയൊരു മൈതാനം അവിടെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ തോൽ‌പ്പന്ത്(കാൽ‌പ്പന്ത്) കളിക്കുന്നതും, കുട്ടികൾ കുട്ടിയുംകോലും കളിക്കുന്നതും, തലപ്പന്തു കളിക്കുന്നതും, ഉച്ചതിരിഞ്ഞാൽ സ്ത്രീകൾ കൈകൊട്ടിക്കളി, തുമ്പിതുള്ളൽ മുതലായവ നടത്തുന്നതും അവിടെയായിരുന്നു. തിരുവോണദിവസം മിക്കവാറും പെണ്ണുങ്ങൾ മൈതാനം കയ്യടക്കും. മറ്റു ദിവസങ്ങളിൽ കബഡികളിയും, കിളിത്തട്ടുകളിയും ഉണ്ടാകും, വൈകുന്നേരങ്ങളിൽ.

ഊഞ്ഞാൽ കെട്ടിയിരുന്നത് ആരൂരെ അയ്യത്ത് (അയ്യം = പറമ്പ്) തന്നെയായിരുന്നു. ആരൂരെ ഉമയക്കച്ചിയാണ് അന്ന് നാട്ടിലെ എറ്റവും പെരുകേട്ട തയ്യൽക്കാരി. അവിടെ തയ്യൽ പഠിക്കാൻ നാലഞ്ച് പെൺകുട്ടികൾ ഒപ്പം കാണും, എപ്പോഴും.

പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു. ഇന്ന് പലപ്പൊഴും ആ ഡിസൈനുകൾ കാണുന്നത് ബെഡ് ഷീറ്റുകളിലും, കർട്ടൻ തുണികളിലുമാണ്‌ !കാലം എന്റെ സങ്കല്പങ്ങൾ മാറ്റിയെങ്കിലും ആ വർണവിസ്മയം ഇനും കൺ മുന്നിൽ തുള്ളിത്തുളുമ്പുന്നു.

അത്തം പിറന്നാൽ പിന്നെ കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞികുടിക്കുന്നു (അതെ.... അന്ന് എല്ലാ വീടുകളിലും രാവിലെ കഞ്ഞിയായിരുന്നു ഭക്ഷണം - പാവപ്പെട്ടവരായാലും, പണക്കാരായാലും), ഒരു വള്ളി നിക്കറും ചിലപ്പോൾ ഒരു ഷർട്ടും ധരിച്ച് വീട്ടിൽ നിന്നിറങ്ങുന്നു. ഉച്ചയാവുമ്പോൾ വീട്ടിലെത്തുന്നു. ഊണു കഴിക്കുന്നു. വീണ്ടും കളികളിലേക്ക് മടങ്ങുന്നു!

സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയും, മറ്റുള്ളവരേക്കാൾ ആരോഗ്യം കുറഞ്ഞവനുമായിരുന്നു ഞാൻ. അനിയന്മാരും അങ്ങനെ തന്നെ. എങ്കിലും കണ്ണകിണ്ണന്മാർ അന്നേ പുലിക്കുട്ടികളായിരുന്നു. കളികളിലും, ഊഞ്ഞാലാട്ടത്തിലും, മരം കയറ്റത്തിലും, നീന്തലിലും ഒക്കെ മിടുക്കന്മാർ. രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് കളികളിൽ ഞാൻ അവർക്കൊപ്പം പിടിച്ചുനിന്നിരുന്നു. എന്നാൽ ഉയരത്തിൽ ഊഞ്ഞാലാടാൻ എനിക്ക് ഭയമായിരുന്നു. അതേ സമയം ഊഞ്ഞാലിലിരിക്കാൻ വലിയ കൊതിയും!

ആരുമില്ലാത്തപ്പോൾ ഞാൻ ഒറ്റയ്ക്ക് ഊഞ്ഞാലിൽ കയറിയിരുന്ന് മെല്ലെ ആടും. ഏറിയാൽ രണ്ടടി പൊക്കം നിലത്തു നിന്നുയരും അത്ര തന്നെ!

കണ്ണനും കിണ്ണനുമാണെങ്കിൽ നാലാൾ പൊക്കത്തിൽ വരെ ഊഞ്ഞാലാടും! പിന്നെ ചില്ലാട്ടത്തിലും അവന്മാർ മിടുക്കന്മാരാണ്. രണ്ടു പേർ ഊഞ്ഞാലിൽ അഭിമുഖമായി എണീറ്റുനിന്നാണ് ചില്ലാട്ടം. തൊട്ടു മുന്നിലുള്ള മാവിൻ തല‌പ്പുവരെ അവർ ഉയർന്നുപൊങ്ങും!

അതൊക്കെ നോക്കി ഞാൻ അരികിലെവിടെയെങ്കിലും നിൽക്കും.അവന്മാർക്ക് വയസ് എട്ട്; എനിക്ക് പത്ത്!

എന്നാൽ കുട്ടിയും കോലും കളിയിൽ ഞാൻ മിടുക്കനായിരുന്നു. അതിൽ മിക്കവാറും ജയിക്കും. അതു പോലെ ഞൊണ്ടികളി. ഇതിനൊക്കെ ആളെക്കൂട്ടി കളി സംഘടിപ്പിക്കുക എന്നതായിരുന്നു എന്റെ രീതി.

ഒരു ഉത്രാട ദിവസം രാവിലെ ആരുമില്ലാത്ത ദിവസം ഒറ്റയ്ക്ക് ഊഞ്ഞാലാടുകയായിരുന്നു ഞാൻ. പെട്ടെന്ന് അവിടേയ്ക്ക് പുക്കാറും പുലുമാലും എത്തി! പക്കാ കില്ലാഡികളാണ് അവർ. ഭയപ്പെട്ടതുപോലെ തന്നെ അവന്മാർ അടുത്തു വന്നു. ഊഞ്ഞാലാടണം എന്നാവശ്യപ്പെട്ടു.

“ഞാനിങ്ങോട്ടു വന്നതേ ഉള്ളു....“ ഞാൻ പറഞ്ഞു.

“ഓ! അതിനെന്തുവാ.... ഇയാക്ക് പത്തുണ്ട ഇട്ടുതരാം. എനിട്ട് ഞങ്ങളാടാം!” പുലുമാൽ പറഞ്ഞു.

(ഉണ്ട എന്നാൽ പിന്നിൽ നിന്നും ഊഞ്ഞാലിൽ ആഞ്ഞു തള്ളി വിടൽ)

അപ്പോഴേക്കും പുക്കാർ എന്റെ പിന്നിലെത്തിക്കഴിഞ്ഞു.

“ഉണ്ടയിടാൻ പോവാ.... ഒന്നേ....”

പുക്കാർ എന്നെ ഊഞ്ഞാലോടെ പിന്നിലേക്കു വലിച്ച് മുന്നോട്ട് ആഞ്ഞു തള്ളി. റോക്കറ്റ് വേഗത്തിൽ ഞാൻ മുന്നോട്ട്. കാലുകൾ വിറയ്ക്കാൻ തുടങ്ങി.

“അയ്യോ! ഇത്രേം വല്ല്യ ഉണ്ട വേണ്ട....” ഞാൻ നിലവിളിച്ചു.

ആരുകേൾക്കാൻ!

പത്തുണ്ട ഇട്ടു തന്നിട്ടുവേണം അവന്മാർക്ക് ചില്ലാട്ടമാടാൻ!

രണ്ടാമത്തെ ഉണ്ടയിൽ ഞാൻ കൂടുതൽ ഉയർന്നു. അരികിൽ നിന്നിരുന്ന വാഴയുടെ പൊക്കത്തിൽ....

എന്റെ ശബ്ദം നഷ്ടപ്പെട്ടു!

മൂന്നാമത്തെ ഉണ്ടയിൽ ഉയർന്നുപൊങ്ങിയതോർമ്മയുണ്ട്..... പിന്നെ ഓർക്കുന്നത് വാഴത്തടത്തിൽ കിടക്കുന്നതാണ്. ഊഞ്ഞാൽ ആളില്ലാതെ ആടുന്നു!

ഞാൻ വീണതുകണ്ട് പുക്കാറും പുലുമാലും ഓടിയൊളിച്ചു.

രാവിലെ ഏഴരയേ ആയുള്ളു എന്നതുകൊണ്ട് അവിടെ വേറാരും ഉണ്ടായിരുന്നില്ല.

ഒരു മിനിറ്റ് ആ വാഴത്തടത്തിൽ കിടന്ന് ആരും കണ്ടില്ല എന്നുറപ്പായപ്പോൾ ഞാനെണീറ്റു. ചന്തി തടവി മെല്ലെ വീട്ടിലേക്കു മടങ്ങി.

ഒൻപതുമണിയോടെ ചെണ്ടമേളം കേട്ടുതുടങ്ങി. കടുവാകളി ആരംഭിക്കുകയാണ്. (പുലികളി ഏവൂരിൽ കടുവാകളിയാണ്).

അതുകേട്ടതോടെ ഞങ്ങൾ കുട്ടികൾ കിഴക്കോട്ടോടി. ‘മീശ‘ എന്നറിയപ്പെടുന്ന കൃഷ്ണൻ ആണ് സ്ഥിരം കടുവ. പ്രൊഫഷണൽ തവളപിടുത്തക്കാരനാണ് ആൾ. രാത്രി പെട്രോമാക്സുമായി കൃഷ്ണനും കൂട്ടുകാരനും കൂടി വയലുകൾ തോറും നടന്ന് തവള പിടിക്കും. പുലർച്ചെ അവയൊക്കെ സഞ്ചിയിൽ നിന്നെടുത്ത് തവളക്കാലുകൾ കൃത്യമായി മുറിച്ച് കൊണ്ടുപോയി വിൽക്കും. ഏറ്റവും വലിയ തവളകളെ ‘ജംബോ’ എന്നാണ് അവർ വിളിക്കുക. ഇരുകയ്യിലും ഒതുങ്ങാത്തത്ര വലിപ്പമുണ്ടാവും, അവയ്ക്ക്!

എന്നാൽ ഓണക്കാലമായാൽ തവളപിടുത്തത്തിന് ഓഫ് കൊടുത്ത് ‘മീശ‘ കടുവാത്തലയുണ്ടാക്കും. മോൾഡ് ചെയുന്നതും, ചായം പൂശുന്നതും ഒക്കെ മീശ തന്നെ!

ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കടുവാ ഇറങ്ങുന്നത്.

ഒരു വീക്കുചെണ്ട, ഒരു ഉരുട്ടുചെണ്ട, ഒരു ചിഞ്ചില്ലം (ഇലത്താളം) ഇവയാണ് മേളക്കൂട്ടം.

പിന്നെ ഒരു സായിപ്പുണ്ടാകും. അയാളാണ് വേട്ടക്കാരൻ. കാക്കിപ്പാന്റും, ഷർട്ടും ധരിച്ച് തലയിൽ ഒരു വട്ടത്തൊപ്പിയും വച്ച് വരച്ചു വച്ച ‘റ’ പോലുള്ള മീശയുമായി ഒരു കറുകറുത്ത നാടൻ സായിപ്പ്!

ഒരു കാക്കിപ്പാന്റും ഷർട്ടും സംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മീശ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.

കാരണം മറ്റൊന്നുമല്ല. പാന്റിടുന്ന ആരും നാട്ടിലില്ല!

പോലീസുകാർ പോലും നിക്കർ ഇട്ടിരുന്ന കാലം. പിന്നെയുള്ളത് ഒരു പൊസ്റ്റ്മാൻ. അയാൾ കാക്കിഷർട്ടും പിന്നെ മുണ്ടുമാണ് ധരിച്ചിരുന്നത്. മറ്റൊരാൾ ലൈൻ മാൻ. ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിൽ നീന്തുന്ന അയാൾക്ക് ആകെ ഒരു കാക്കിപ്പാന്റേ ഉള്ളത്രെ!പക്ഷെ അതിട്ട് ഞങ്ങളാരും ആളെക്കണ്ടിട്ടും ഇല്ല!

എങ്കിലും മീശ പോയി ആളെ കുപ്പിയിലാക്കി ആ പാന്റ് സംഘടിപ്പിച്ചു! പിഞ്ചിക്കീറാറായ ഒരു കക്കിപ്പാന്റ്.

(ഈ കഥകളൊക്കെ ഓണം കഴിഞ്ഞ് കുറ്റിയിലെ പ്ലാവിന്റെ കീഴിൽ മീശ നടത്തുന്ന സദിരുകളിൽ നിന്നാണ് എനിക്കു കിട്ടിയത്! )

എന്തായാലും ഉത്രാടരാവിലെ കടുവാകളി റെഡിയായി.

ടണ്ടം ടണ്ടം ടം
ടണ്ടം ടണ്ടം ടം!

ഇതാണ് വീക്കു ചെണ്ട!


ടടട്ടണ്ടം ടടട്ടണ്ടം
ടടട്ടണ്ടം ടടട്ടണ്ടം!

ഇത് ഉരുട്ടു ചെണ്ട!

ഝില്ലം ഝില്ലം ഝിൽ
ഝില്ലം ഝില്ലം ഝിൽ!

ഇത് ചിഞ്ചില്ലം!

മൂന്നും കൂടെ ഭേരിയായി ഉയരുമ്പോൾ കടുവ ചുവടുവയ്ക്കും..... സാ‍യിപ്പ് കടുവയെ വെടിവച്ചുവീഴ്ത്താൻ ചുറ്റിയടിക്കും - അതും താളത്തിൽ തന്നെ!

മറ്റു കാര്യങ്ങളിലൊക്കെ ജഗജില്ലിയാണെങ്കിലും പുലുമാലിന് സായിപ്പിനെ പേടിയാണ്! പുക്കാറിന് അങ്ങനെ പേടിയൊന്നുമില്ല.

സായിപ്പായി വേഷം കെട്ടുന്നത് മീശയുടെ തന്നെ ഒരു ബന്ധുവായ സുകുമാരനാണ്. ജനത്തെ ആകർഷിക്കാൻ പല നമ്പരുകളും ഇടും ആശാൻ!

അങ്ങനെ കടുവാസംഘം വീടുകൾ കയറാൻ തുടങ്ങി. ഞങ്ങൾ കുട്ടികൾ പിന്നാലെ. പുക്കാറും ഒരല്പം അകലെയായി പുലുമാലും ഒപ്പമുണ്ട്.

ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ കളി അല്പം നീണ്ടു. നല്ല വിശാലമായമുറ്റമുണ്ടെന്നതാണ് കാരണം.

കടുവ താളത്തിൽ ചുവടു വച്ചു. സായിപ്പ് പിന്നാലെ ചുറ്റിയടിച്ചു. ജനം വട്ടത്തിൽ കൂടിനിൽക്കുകയാണ്. അതിനു നടുവിലാണ് കളി.

പെട്ടെന്ന് സായിപ്പ് ആൾക്കൂട്ടത്തിനു പുറത്തേക്കു പാഞ്ഞുപോയി. സ്ത്രീകളുടെ ഇടയിലൂടെ പാഞ്ഞ് വീണ്ടും നടുത്തളത്തിലേക്ക്. വീണ്ടും പുറത്തേക്ക്....

സായിപ്പിന്റെ ഈ കൊപ്രായങ്ങൾ കണ്ട് ജനം ഒന്നമ്പരന്നു. അതിൽ മയങ്ങി നിൽക്കുകയായിരുന്ന പുലുമാലിനു നേരേ അതാ സായിപ്പ് പാഞ്ഞു വരുന്നു. കടുവ തൊട്ടു മുന്നിൽ!

പുലുമാലിനെ മറയാക്കി കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ് സായിപ്പ്. സായിപ്പിനെ കണ്ടതും പുലുമാൽ നിലവിളിക്കാൻ തുടങ്ങി. സ്ത്രീകളടക്കം ജനം ഇളകി മറിഞ്ഞു. പുലുമാലിന്റെ നിലവിളി കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു പുക്കാർ.

പെട്ടെന്ന് പുലുമാലിനെ പിടിവിട്ട് പുക്കാറിന്റെ കാലുകൾക്കിടയിലൂടെ സായിപ്പ് തൊക്ക് നീട്ടി!

പുക്കാർ നിന്നു വിറച്ചു.

ഇരുകാലുകളും കവച്ച് ‘റ’ പോലെവളച്ചു നിന്നു!

ചെണ്ടമേളം ഉച്ചസ്ഥായിയിൽ.

സായിപ്പ് പുക്കാറിനു പിന്നിൽ നിലത്ത് കിടന്ന് പട്ടാളക്കാർ അതിർത്തിയിൽ കിടന്നു വെടിവയ്ക്കുന്നതുപോലെ കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ്.

പുക്കാറും പുലുമാലും നിലവിളി!

വീക്കുചെണ്ടയും ഉരുട്ടുചെണ്ടയും ഉച്ചസ്ഥായിൽ തിമിർക്കെ പെട്ടെന്ന് വെടിപൊട്ടി!

പുക്കാറിന്റെ വള്ളിനിക്കർ നനഞ്ഞു!

ആർപ്പു വിളി... മേളം....!

കടുവ ചത്തുമലച്ചു വീണു!


ഓണവാൽ:മീശയും സായിപ്പും ഇത് നേരത്തെ പ്ലാൻ ചെയ്തു വച്ചതായിരുന്നത്രെ. തൊട്ടു മുൻപത്തെ ആഴ്ച അവർ പിടിച്ച്കൊണ്ടു വന്ന രണ്ടു ജംബോ തവളകളെ പുക്കാറും അനിയനും അടിച്ചു മാറ്റിയതിന് ഒരു ചെറിയ പണികൊടുത്തതാണു പോലും!എന്തായാലും രാവിലെ കണ്ണീരിൽ തുടങ്ങിയ എന്റെ ഉത്രാടം അന്ന് പൂത്തിരിയിൽ അവസാനിച്ചു!

മീശ ഇന്നില്ല. ഒരു ഗ്രാമത്തെ മുഴുവൻ രസിപ്പിച്ചിരുന്ന ആ കലാകാരന് എന്റെ ഓർമ്മപ്പൂക്കൾ!

Saturday, August 14, 2010

സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?

ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്.

ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍.......

മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.

അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ്‌ കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്.... ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയുടെ തിരക്കിലാവും.

ആണ്‍കുട്ടികള്‍ തലപ്പന്ത്, കുറ്റിയും കോലും, ഞൊണ്ടിക്കളി, എന്നിവയിലും ചെറുപ്പക്കാ​ര്‍ കിളിത്തട്ട്, കബഡി എന്നിവയിലും മധ്യവയസ്കന്മാര്‍ ഗുലാന്‍ പെരിശു കളിയിലും വ്യാപൃതരാവും.

വീട്ടുജോലി എല്ലാം ഒതുക്കിത്തീര്‍ത്ത് ഉച്ചയൂണും കഴിഞ്ഞാണ്‌ സ്ത്രീജനങ്ങള്‍ കൈകൊട്ടിക്കളിയ്ക്കെത്തുക. നളദമയന്തി, പാഞ്ചാലീശപഥം, സീതാപരിത്യാഗം എന്നു തുടങ്ങി നാടന്‍ പ്രണയകഥകള്‍ വരെ കൈകൊട്ടിക്കളിയ്ക്കു വിഷയമായിരുന്നു. ഇതൊക്കെ ആരാണെഴുതിയതെന്ന് ആര്‍ക്കും പിടിയില്ല.!

കുട്ടിക്കാലത്തു കേട്ടു തഴമ്പിച്ച ആ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരെണ്ണം എന്റെ ഓണസ്മൃതിയായി ഇവിടെ കുറിക്കട്ടെ....

സ്ത്രീകള്‍ വട്ടത്തില്‍, താളത്തില്‍ കൈകൊട്ടി പാടിക്കളിച്ചിരുന്ന പാട്ടുകളിലൊന്നാണ്‌ ഈ പറയുന്ന കഥയുടെ ആധാരം.

രാ‍വണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ വീണ്ടെടുത്ത ശേഷം അയോധ്യയില്‍ വാഴുന്ന കാലം. ശ്രീരാമന്‍ സഹോദരന്മാരോടൊത്ത് പള്ളിവേട്ടയ്ക്കു പോയിരിക്കുകയായിരുന്ന ഒരു ദിനം. അവരുടെ മാതാക്കള്‍ മൂന്നുപേരും കൂടി സീതയെ സമീപിച്ചു പറഞ്ഞു.

" ദേവീ.... ലങ്കയിലെ രാക്ഷസന്‍ രാവണന്‍ അതിദുഷ്ടനും അസാ‍മാന്യ ശക്തിയുമുള്ളവനാണെന്ന് കേട്ടിട്ടുണ്ട്. അവനെ കൊല്ലാന്‍ മൂലോകത്തില്‍ രാമനൊരാള്‍ ഉണ്ടായല്ലോ! ഞങ്ങളാരും അവനെ കണ്ടിട്ടില്ല. ദേവി ചിത്രകലാ നിപുണയാണല്ലോ. അവന്റെ രൂപം ഞങ്ങള്‍ക്ക് ഒന്നു വരച്ചു കാണിക്കുമോ?"

അതുകേട്ടയുടന്‍ സീത പുഞ്ചിരിതൂകി അങ്ങനെയാവട്ടെ എന്നു പറഞ്ഞു. പരിചാരകയോട് ഒരു പലകയും കുറച്ചു ചെങ്കല്ലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സീതയുടെ ചാരുതയാര്‍ന്ന വിരലുകള്‍ പലകമേല്‍ ചലിച്ചു. പത്തു തലകള്‍, ഇരുപതു കൈകള്‍..... എല്ലാം ഞൊടിയിടയില്‍ പലകമേല്‍ തെളിഞ്ഞു.

അമ്മമാര്‍ അമ്പരന്നു നിന്നു! സീതയുടെ ചിത്രനൈപുണിയെ കീര്‍ത്തിച്ചു. അപ്പോള്‍ ആ പലകയതാ ചലിക്കുന്നു! അത് തുള്ളിത്തുള്ളി നീങ്ങാന്‍ തുടങ്ങി!!

പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമന്റെ മുന്നിലേക്കാണ്‌ ആ പലക തുള്ളിയെത്തിയത്. എല്ലാവരും അമ്പരന്നു നില്‍ക്കേ രാമന്‍ കുനിഞ്ഞ് ആ പലക കയ്യിലെടുത്തു. കൗതുകത്തോടെ തിരിച്ചു നോക്കി.

രാവണന്‍ !

രാമന്റെ പുരികക്കൊടികള്‍ ചുളിഞ്ഞു. മുഖമുയര്‍ത്തി ചോദിച്ചു " അമ്മമാരേ...ആരാണ്‌ പലകയില്‍ ഈ ദുഷ്ടന്റെ ചിത്രം വരച്ചത്?"

അപ്പോള്‍ കൗസല്യാകൈകേയിസുമിത്രമാര്‍ പറഞ്ഞുപോലും " ഞങ്ങള്‍ക്കറിയില്ല രാമദേവാ...! ഇവിടെയുള്ള ആരും രാവണനെ കണ്ടിട്ടുകൂടിയില്ല..."

"അപ്പോള്‍ പിന്നെ...?"

രാമന്റെ വജ്രസൂചിപോലെയുള്ള ചോദ്യം കേട്ട് അവര്‍ പറഞ്ഞു

" സീതാദേവി അല്ലാതെ മറ്റാരും ഇങ്ങനൊരു ചിത്രം വരയ്ക്കാനിടയില്ല. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ ഇവിടെ ഈ പത്തുതലയന്‍ രാക്ഷസനില്‍ താല്‍പ്പര്യം?"

ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം രാമന്‍ ശിരസ്സുയര്‍ത്തി കല്‍പ്പിച്ചു

"ലക്ഷ്മണാ...! എത്രയും പെട്ടെന്ന് കാട്ടില്‍ കൊണ്ടുപോയി ഇവളുടെ ശിരസ്സറുക്കൂ..!

കല്ലേപ്പിളര്‍ക്കുന്ന രാമശാസനം കേട്ട് തരിച്ചു നിന്ന ലക്ഷ്മണന്‍ സീതയെ കാട്ടിലേക്കു കൊണ്ടുപോയി.

ഖഡ്ഗധാരിയായ ലക്ഷ്മണന്, പക്ഷേ മാതൃതുല്യയായി കണ്ടാരാധിച്ചിരുന്ന സീതയെ കൊല്ലാന്‍ മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷണ്ണനായി നിന്ന ലക്ഷ്മണനേയും അപവാദാഘാതത്തില്‍ ശിരസ്സുകുനിഞ്ഞുപോയ സീതയേയും നോക്കി അപ്പോള്‍ അവിടെയിരുന്ന ഒരു ഓന്ത് കളിയാക്കി ചിരിച്ചത്രേ!

"ദാ നില്‍ക്കുന്നു ഒരു പതിവ്രത! കണ്ട രാക്ഷനൊപ്പം പാര്‍ത്ത് ഭര്‍ത്താവിനെ വഞ്ചിച്ചവള്‍!"

അതുകേട്ട നിമിഷം ലക്ഷ്മണന്റെ വാള്‍ ഉയര്‍ന്നുതാണു. ഓന്ത് ശിരസ്സറ്റു നിലത്തു പിടഞ്ഞു!

സീതയുടെ വസ്ത്രാഞ്ചലം കീറിക്കൊടുക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ആ ഓന്തിന്റെ ചോര അതില്‍ പുരട്ടി. അമ്മമാരെ കാണിക്കാന്‍ ചോരപുരണ്ട ആ ചേലത്തുമ്പ് ലക്ഷ്മണന്‍ തേരില്‍ വച്ചു.

അടുത്തു കണ്ട വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ സീതയെ കൊണ്ടാക്കി ലക്ഷ്മണന്‍ തിരികെപ്പോയി....!

എന്തൊരു കഥ! അല്ലേ!?

മനുഷ്യബന്ധങ്ങളില്‍ പലപല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന ഒരു നാടന്‍ കഥ...

എന്റെ നാട്ടില്‍ ഇന്നും പാടിക്കേള്‍ക്കുന്ന കഥയാണിത്. പാട്ട് താഴെക്കൊടുത്തിട്ടുണ്ട്.


അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോള്‍
രാമദേവന്‍ പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്

അന്നനേരം മാതാക്കന്മാര്‍ മൂന്നുപേരുമൊരുമിച്ച്
സീതയോടു പറയുന്നു രഹസ്യമായി

രാവണന്റെ രൂപഗുണം ഞങ്ങളാരും കണ്ടിട്ടില്ല
ഞങ്ങള്‍ക്കതു മനസ്സാലെ കാണേണമിപ്പോള്‍

അന്നനേരം സീതാദേവി ചെങ്കല്ലും പലകയുമായ്
രാവണന്റെ രൂപഗുണം വരച്ചു ചിത്രം

പത്തുതല,യിരുപതു കരങ്ങളും വരച്ചിട്ട്
കരങ്ങളില്‍ പലപല ആയുധങ്ങളും

പലകയും തുള്ളിത്തുള്ളി മന്ത്രമഞ്ചും ജപിച്ചിട്ട്
അപ്പലക തൃക്കയ്യാലേ മറിച്ചുനോക്കി

ആരാണെന്റെയമ്മമാരേ ഈപ്പലകേ വരച്ചത്?
ഞങ്ങളാരുമറിഞ്ഞില്ലേ ശ്രീരാമദേവാ

സീതാദേവിയറിയാതെ മറ്റാരും വരയ്ക്കയില്ല
അവള്‍ക്കതിലിഷ്ടമൊട്ടും കുറഞ്ഞിട്ടില്ല

അന്നനേരം ശ്രീരാമനും ലക്ഷ്മണനെ വിളിച്ചിട്ട്
ഇവളെക്കൊണ്ടറുക്കുക വനമതിങ്കല്‍

അന്നനേരം ലക്ഷ്മണനും സീതയേയും കൂട്ടിക്കൊണ്ട്
മുനിയുടെ വനമതില്‍ കൊണ്ടുചെന്നാക്കി

കളിയാക്കിച്ചിരിച്ചൊരു ഓന്തിന്‍ തലയറുത്തുടന്‍
സീതയുടെ ചേലത്തുമ്പില്‍ പുരട്ടിവച്ചു

അമ്മമാര്‍ക്കു കാണ്മതിന്നായ് ഓന്തിന്‍ ചോരപുരട്ടിയ
ചേലത്തുമ്പുമെടുത്തുടന്‍ ലക്ഷ്മണന്‍ പോയി.....

എന്റെ കുട്ടിക്കാലത്ത് ഇതു പാടിക്കളിച്ചിരുന്ന സ്ത്രീകളൊക്കെ ഇപ്പോൾ വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ഇക്കൊല്ലം കളിക്കാൻ ആരൊക്കെയുണ്ടാവുമോ, എന്തോ!

തിരുവോണത്തിന് ഏവൂർക്കു പോകാൻ കാത്തിരിക്കുകയാണ് മക്കൾ...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!


വാൽക്കഷണം:കഴിഞ്ഞ ഓണത്തിന് ‘ആൽത്തറ’യിൽ എഴുതിയതാണിത്.ഇത്തവണ പുതിയതൊന്നെഴുതിയിടണം എന്ന് മാണിക്യം ചേച്ചി ആവശ്യപ്പെട്ടിരിക്കുന്നു. പുതിയതെഴുതും വരെ അവിടെ വായിച്ചിട്ടില്ലാത്തവർക്കായി ഇതിവിടെ ഇരിക്കട്ടെ!