പത്തു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസം പത്താം തീയതിയാണ് ഡോ. മോഹനകൃഷ്ണന്‍.കെ.ആനമങ്ങാട് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കും പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയ്ക്കും ഇടയിലുള്ള ഒരു മലനാടന്‍ ഗ്രാമമാണ് ആനമങ്ങാട്. തിരുവനന്തപുരത്ത് ഒരു പരിചയക്കാരന്റെ വീട്ടില്‍ പോയി കുളിച്ച് രാവിലെ പത്തു മണിക്കു തന്നെ ലക്ഷ്യ്സ്ഥാനമായ ആയുര്‍വേദകോളേജില്‍ എത്തി. വകുപ്പു മേധാവിയെ കണ്ട് നിയമന ഉത്തരവു കൈമാറി. ഒരു വര്‍ഷത്തേക്കാണ് നിയമനം.
“ ഓ ! അപ്പോ ഇയാളാണ് ഡോ. ആനമങ്ങാടന്‍! എപ്പ എത്തി?”
“ രാവിലെ എത്തി സര്‍...''
“എവിടാ പഠിച്ചത്”
“കോട്ടക്കല്‍”
“നാളെ മുതല്‍ രാവിലെ കൃത്യം 8 മണിക്കു തന്നെ ഓ.പി.യില്‍ വരണം. ഇന്ന് ലൈബ്രറിയില്‍ പോയി അത്യാവശ്യം റെഫറന്‍സ് വല്ലതും നടത്താന്‍ ഉണ്ടെങ്കില്‍ നടത്തിക്കൊള്ളൂ..”
മേധാവി വചനം കേട്ടയുടനേ തന്നെ മോഹനകൃഷ്ണന്‍ അങ്ങോട്ടേക്കു വച്ചു പിടിച്ചു. ലൈബ്രറിയില്‍ കുറെ പത്രങ്ങളും ജേണലുകളും മറിച്ചു നോക്കി. ഒരു ചരക സംഹിത എടുത്തു. ഡിപ്പാര്‍ട്ട്മെന്റില്‍ വന്നിരുന്നു വായിക്കാന്‍. അതു വായിക്കാന്‍ തുടങ്ങി. ആഗ്രഹവും സാധിച്ചു. കൃത്യം മൂന്നു മിനിറ്റിനുള്ളില്‍ സുഖനിദ്ര!
ആരോ ഒച്ചവയ്ക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കണ്ണു തിരുമ്മി നോക്കിയപ്പോള്‍ തടിച്ചുരുണ്ട ഒരു സ്ത്രീ മുന്നില്‍!
“സാറേ ! ഞാന്‍ കൊറെ നേരായിട്ട് ക്യാക്കണ്... സാറിനു കുടിക്കാന്‍ വെള്ളങ്ങളു വല്ലോം വ്യാണോ?”
പകച്ച് നോക്കിക്കൊണ്ടിരുന്ന മോഹനകൃഷ്ണനോട് അവര്‍ പറഞ്ഞു
“വോ... സാറിനെന്നെ മനസ്സിലായില്ല, അല്യോ...ഞാന്‍ സുഹാസിനി... ഇവടത്തെ പീയൂണാ..!”
ദൈവമേ! സുഹാസിനിയോ! ഇതെന്തു രൂപം! ഇവരോട് എന്തു പറയണം... വെള്ളം എന്നതിന് വെള്ളങ്ങള്‍ എന്ന് പറയും ഇവിടെ എന്നു കേട്ടിട്ടുണ്ട്.
“കുറച്ച് തണുത്ത വെള്ളം കിട്ട്യാച്ചാ നന്നായിരുന്നു....”
“അയ്യോ സാറെ ഇവിടെ നമ്മള്‍ കരിങ്ങാലി വെള്ളം തന്നെ ഒണ്ടാക്കുന്നത്. അതു പ്വാരേ?”
“ എന്താ ചൂട്... തണുത്ത വെള്ളം കിട്ടാന്‍ ഒരു വഴീല്യേ..?”
“ സാറേ ബോഞ്ചി മതിയെങ്കി, ലോ.... ഇല്ല മുടുക്കിലൊള്ള കടേ കിട്ടും. ഇത്തിപ്പോലം നടന്നാ മതി...”
“ ഈ കത്തണ വെയിലത്തെങ്ങനാ ഏട്ത്തീ നടക്ക്വ... സാരല്യ.. ചൂടു വെള്ളാച്ചാ ചൂടുവെള്ളം... എപ്പ്ഴാ ആവ്ണേച്ചാ ഇങ്ങട് തന്നോള്ണ്ടൂ....”
ഇത്തവണ സുഹാസിനി വാ പൊളിച്ചു! “വോ.. ഇയാള് വടക്കനാന്നാ ത്വാന്നണത്..... ഇദെന്തെര് ഫാഷ!” സുഹാസിനി പിറുപിറുത്തു.
അവര്‍ പോയി. ആനമങ്ങാടനു സമാധാനം. അവരെ ഏട്ത്തീന്നു വിളിച്ചതില്‍ ഒരു ജാള്യത. കാഴ്ച്ചയില്‍ ഒരു അന്‍പതു വയസ്സെങ്കിലും തോന്നുന്നുണ്ട്. എന്തായാലും “സുഹാസിനീ..” എന്നു വിളിക്കാന്‍ ഈ ജന്മത്തു കഴിയും എന്നു തോന്നുന്നില്ല!
കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വന്നു. എന്നോടു പറഞ്ഞു “ ദേ സാറ് ക്യാക്കണ്...”
മിഴിച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു “ പ്രോസര് ക്യാക്കണ്..” അവര്‍ പ്രൊഫസറുടെ മുറി ചൂണ്ടിപ്പറഞ്ഞു.
പ്രൊഫെസര്‍ അവിടെ എന്തു ചെയ്യുന്നു എന്നാണ് അവര്‍ പറഞ്ഞതെന്നു മനസ്സിലായില്ലെങ്കിലും മോഹനകൃഷ്ണന്‍ പ്രോഫസറുടെ റൂമിലേക്കു പോകാന്‍ നിശ്ചയിച്ചു. ഒന്നു മുഖം കഴുകി. അങ്ങോട്ടേക്കു നടന്നു.
“ എന്താടോ ഒന്നു വിളിപ്പിച്ചാല്‍ ഇങ്ങോട്ടെത്താന്‍ ഇത്ര താമസം?“ പ്രൊഫസര്‍ക്ക് ചെറിയ നീരസം.
ദൈവമേ! സാര്‍ വിളിക്കുന്നു എന്നായിരുന്നൊ ആ സ്ത്രീ പറഞ്ഞത്!
“സര്‍... അത്... ആ സ്ത്രീ പറഞ്ഞത് ശരിക്കങ്ങ്ട് മന്‍സിലായില്യാ.. അദോണ്ടാ വൈകീത്....” വിറച്ചു വിറച്ച് മോഹനകൃഷ്ണന്‍ പറഞ്ഞു.
പ്രൊഫെസര്‍ ചോദിച്ചു “അതെന്താ അവര്‍ മലയാളത്തിലല്ലേ പറഞ്ഞത്?”
“ഈ തിരുവനന്തപുരം ഭാഷ...”
“ മ്ഉം... എന്താ തിരുവനന്തപുരം ഭാഷക്കെന്നാ കൊഴപ്പം? ഇയാള്‍ ഈ പറയുന്നതാണോ ശരി മലയാളം? എടോ ശരി മലയാളം പറയുന്നത് ഞങ്ങള്‍ കോട്ടയത്തുകാരാ!''
ദൈവമേ പടപേടിച്ച്....!! മോഹനകൃഷ്ണന്‍ വിയര്‍ത്തു!
“ ഇപ്പോ ഇയാള്‍ പറഞ്ഞില്ലേ ശരിക്കങ്ങ്ട്.... മന്‍സിലായില്യാ... എന്നൊക്കെ? ഇതാണോ ശരിയായ ഭാഷ?''
“അത്... “മോഹനകൃഷ്ണന്‍ വിക്കി.
“മ്ഉം... ഇവിടെ ജോലി ചെയ്യുമ്പോ ഇവിടത്തെ ഭാഷ പഠിക്കാതെ ഒക്കത്തില്ല. എന്നതായാലും ശരി.. ഇന്നു പോയി റെസ്റ്റ് എടുത്തോ. നാളെ രാവിലെ 8 മണിക്ക് ഓ.പി. യിലോട്ടു വന്നേച്ചാ മതി..”
ആശ്വാസം. മോഹനകൃഷ്ണന്‍ മെല്ലെ പോകാനെണീറ്റു.
രാവിലെ കുളിച്ചൊരുങ്ങി പദ്മനാഭസ്വാമിക്ഷേത്രത്തിലും, പഴവങ്ങടിയിലും പോയി ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയുള്ള ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സമയം 8.05. ധൃതിയില്‍ ഓ.പി.യിലേക്കു നടന്നു. ഭാഗ്യം ഒരു ഹൌസ് സര്‍ജന്‍ അവിടെ ഇരിക്കുന്നുണ്ട്.
ഓ.പിയ്ക്കു മുന്നില്‍ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. ആയുര്‍വേദ കോളേജുകളില്‍ അങ്ങനെയാണ്. സ്ഥിരം രോഗികള്‍ അതിരാവിലെ തന്നെ എത്തും. പത്തു മണി കഴിഞ്ഞാല്‍ തൈലം തീരും. പിന്നെ വരുന്നവര്‍ക്ക് കഷായവും ചൂര്‍ണവും മാത്രമേ ഉണ്ടാകൂ!
ഡോക്ടറുടെ കസേര ഒഴിഞ്ഞുകിടപ്പുണ്ട്. അതിലേക്ക് കയറി ഇരുന്നു. ഹൌസ് സര്‍ജന്‍ അപ്പോഴാണ് പുതിയ ഡോക്ടറെ ശ്രദ്ധിച്ചത്. അവള്‍ ഗുഡ് മോണിങ്ങ് പറഞ്ഞു.
ആദ്യത്തെ രോഗിയോട് മോഹനകൃഷ്ണന്‍ ചോദിച്ചു “ എന്തേ പറ്റീത്...?”
അയാള്‍ പറഞ്ഞു “ എശ തോറും വ്യാദന സാറേ...! ത്യാരികളൊന്നും ക്യാറാമ്പറ്റണില്ല.... പിന്നെ ഫയങ്കര ഇളിപ്പ് ....!
മോഹനകൃഷ്ണന്റെ തൊണ്ട വരണ്ടു. കുറേ നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ ഒന്നും പറയുകയോ എഴുതുകയോ ചെയ്യുന്നില്ല എന്നു കണ്ടപ്പോള്‍ ഹൌസ് സര്‍ജന്‍ ചൊദിച്ചു “എന്തു പറ്റി സര്‍..?”
“എനിക്ക് ഇദ്ദേഹത്തിന്റെ ഭാഷ അങ്ങ്ട് മന്‍സിലാവ്ണില്യ...''
“ഓ സാറിന്റെ വീടെവിടെയാ?”
“ആനമങ്ങാട്...”
അവളുടെ മുഖത്ത് ചോദ്യ ഭാവം.
“അത്.. മലപ്പുറം ജില്ലയാ... കുട്ടീടെ പേരെന്താ..?”
“സംഗീത” അവള്‍ പറഞ്ഞു.
“ ഇവര്‍ പറയുന്നതൊക്കെ ഒന്നു ട്രാന്‍സ് ലേറ്റ് ചീതു തരോ സംഗീത?”
"ചീയാം! ഞാന്‍ പാതി തൃശ്ശൂര്‍കാരിയാ ” അവള്‍ പറഞ്ഞു!
മോഹനകൃഷ്ണനു സമാധാനമായി.
“അപ്പോ ഇദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ഒന്നു പറഞ്ഞോള്ണ്ടു...”
അവള്‍ അയാളോടു രോഗവിവരം തെരക്കി.
അയാള്‍ പറഞ്ഞു “ എശ തോറും വ്യാദന സാറേ...! ത്യാരികളൊന്നും ക്യാറാമ്പറ്റണില്ല.... പിന്നെ എപ്പളും ഇളിപ്പ് ....!
സര്‍, സന്ധിവേദന, കയറ്റം കേറാന്‍ കഴിയുന്നില്ല, ശ്വാസം മുട്ടല്‍ ഇതൊക്കെയാണു പ്രശ്നം!
ദൈവമേ ! അതിനാണോ ഇയാള്‍.....!
ഇളിപ്പ് എന്നുപറഞ്ഞാല്‍ ശ്വാസം മുട്ടലോ! മോഹനകൃഷ്ണന്‍ ഇളിഭ്യനായി ഇരുന്നു!
എന്തോ ചിന്തിച്ചുറച്ചപോലെ സ്റ്റെത് എടുത്തു നിശ്ശബ്ദം പരിശോധിച്ചു. മരുന്നുകള്‍, നിര്‍ദേശങ്ങള്‍ എല്ലാം എഴുതി. വിശദീകരിച്ചു കൊടുക്കാന്‍ ഹൌസ് സര്‍ജനോടു പറഞ്ഞു.
അപ്പൊഴേക്കും അടുത്തയാള്‍ വന്നു.
“ കുറുക്കുവ്യാദന സാറേ! എണ്ണേം കൊഴമ്പും കോറെ ത്യാച്ച്....ജാതൊരു കൊറവൂല്ല.... പിന്നെ ഭ്യാദി പോണില്ല ....”
“നടുവേദന. മലം പോകുന്നില്ല അതാ കംപ്ലൈന്റ്..” ഹൌസ് സര്‍ജന്‍ പറഞ്ഞു.
മരുന്നെഴുതി നടു നിവര്‍ക്കും മുന്‍പേ അടുത്ത ആവലാതി “ സാറേ...രണ്ടാഴ്ച്ചയായി ദേഹം മുഴോന്‍ ഊരല്..”
“ചൊറിച്ചില്‍” ഹൌസ് സര്‍ജന്‍ വക ട്രാന്‍സ്ലേഷന്‍.
അടുത്തതായി ഒരു സ്ത്രീയായിരുന്നു വന്നത്. ഒപ്പം പത്തു പതിനഞ്ചു വയസ്സയ ഒരു പയ്യനും.
“ എവന് ഫയങ്കര കാച്ചില്‍ സാറേ!” മോഹനകൃഷ്ണന്‍ ഒന്നു ഞെട്ടി! ഹൌസ് സര്‍ജന്‍ മിണ്ടുന്നില്ല!
മോഹനകൃഷ്ണന്‍ വീണ്ടൂം ചോദിച്ചു “ എന്താ കുട്ടിക്കു പറ്റീത്..”
“വോ, തന്നെ... ഇന്നലെ രാത്രി മൊതല്‍ ഫയങ്കര കാച്ചില്‍ സാറേ! പരിശോധിച്ചു നോക്കണം!”
മോഹനകൃഷ്ണന്‍ കുട്ടിയെ എക്സാമിനേഷന്‍ ടേബിളില്‍ കിടത്താന്‍ പറഞ്ഞു. കാച്ചില്‍ എന്നാല്‍ പുഴുങ്ങി തിന്നുന്ന, കിഴങ്ങുവര്‍ഗത്തില്‍ പെട്ട, ഒരു സാധനം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ കണ്ടിട്ടു കൂടിയില്ല! ഈ കുട്ടിക്കിനി എവിടെയാണോ കാച്ചില്‍!!
പുറമെയൊന്നും കാണുന്നില്ല. ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു.
ഇല്ല. ഒന്നുമില്ല. സങ്കോചത്തോടെയാണെങ്കിലും കുട്ടിയുടെ നിക്കര്‍ അഴിക്കാന്‍ നിര്‍ദേശിച്ചു.
അതോടെ കുട്ടിയുടെ അമ്മ ചീറി!
ഇതെന്തര്... വെള്ളരിക്ക്യാപ്പട്ടണോ...!? കൊച്ചിനെ കൊഴലു വച്ച് നോക്കുന്നതിനു പകരം ഇയ്യാള്‍ ഇതെന്തര് ചെയ്യണത്..?
മോഹനകൃഷ്ണന്‍ പരുങ്ങി.
“പനിക്കൊള്ള കഷായം വല്ലോം എഴിതിക്കൊട് സാറേ!” ക്യൂവില്‍ പിന്നിലുള്ള ആരോ വിളിച്ചു പറഞ്ഞു.
കുട്ടിയുടെ ദേഹത്തു തൊട്ടു നോക്കി. നല്ല ചൂട്. പനിയാണൊ ഇവര്‍ ഉദ്ദേശിച്ചത്!
“കുട്ടിക്കു പനിയാ.. ല്യേ...?”
“വോ.... തന്നെ.... സാറ് കൊഴലു വച്ചൊന്നു നോക്കണം! ''
മോഹനകൃഷ്ണന്‍ വിറയ്ക്കുന്ന കയ്യോടെ സ്റ്റെത്ത് കുട്ടിയുടെ നെഞ്ചില്‍ വച്ചു. ചെസ്റ്റ് ക്ലിയറാണ്. കാര്യമായ പ്രശ്നമൊന്നും തോന്നുന്നില്ല. മരുന്നു കുറിച്ചു.
അയാള്‍ ഭയങ്കരമായി വിയര്‍ത്തു കുളിച്ചു. മോഹനകൃഷ്ണന് എങ്ങനെയെങ്കിലും ഓ.പിയില്‍ നിന്നിറങ്ങിയാല്‍ മതിയെന്നായി.
പുറത്ത് പ്രൊഫസറുടെ ശബ്ദം. മോഹനകൃഷ്ണന്‍ വീണ്ടും ഞെട്ടി.
“എന്നതാ ആനമങ്ങാടാ , രാവിലെ ഇത്രോം തെരക്ക്..? താന്‍ പോയി ഒരു ചായയൊക്കെ കുടിച്ച് റജിസ്റ്ററില്‍ ഒപ്പിട്ടേച്ചും വാ... അതുവരെ ഞാനിരിക്കാം!”
“മ്ഉം..... വര്ണ്ട്..... വര്ണ്ട്.... ”മോഹനകൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു. അയാള്‍ പുറത്തിറങ്ങി തമ്പാനൂര്‍ക്ക് ബസ് കയറി.
മനം പോലെ മലപ്പുറം സൂപ്പര്‍ ഫാസ്റ്റ് ദാ കിടക്കുന്നു ! ഒരു സൈഡ് സീറ്റില്‍ ഇരുന്ന് ഡോ.ആനമങ്ങാടന്‍ കണ്ണുകള്‍ അടച്ചു.
വാല്‍മൊഴി: എല്ലാ തിരുവനന്തപുരത്തുകാരും ഇങ്ങനെയല്ല സംസാരിക്കുന്നത്. ഇന്ന് തിരുവനന്തപുരം സിറ്റിയില്‍ താമസിക്കുന്ന പകുതിപ്പേരും അന്യ നാട്ടുകാരാണ്. പക്ഷേ ഞങ്ങള്‍ പൂജപ്പുരയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് തനി ഗ്രാമീണരെ (പ്രത്യേകിച്ചും മുതിര്‍ന്ന തലമുറയെ) ആണ് ധാരാളമായി കിട്ടുന്നത്. തിരുവനന്തപുരം ഭാഷയെ ഇകഴ്ത്താനല്ല ഇതെഴുതിയത് എന്നു പ്രത്യേകം സൂചിപ്പിക്കട്ടെ.
പദസൂചി:
മുടുക്ക് = ഇടവഴി
ക്യാക്കണ് = ചോദിക്കണ്
എശ = ദശ = സന്ധി
ത്യാരി = തേരി = കയറ്റം
ഇളിപ്പ് = ശ്വാസം മുട്ടല്‍
കുറുക്കുവേദന = നടു വേദന
ഭ്യാദി = മലം
ഊരല്‍ = ചൊറിച്ചില്‍
കാച്ചില്‍ = ചൂട്, പനി