Sunday, March 20, 2011

ദാമോദരസ്മരണ

കാലം 1950. തലച്ചുമടായി ഇരുപതു റാത്തല്‍ മരച്ചീനി നിറച്ച ചാക്കുകെട്ടുമായി ഒരു പതിനഞ്ചു വയസുകാരന്‍ ഏവൂര്‍ ഗ്രാമത്തില്‍ നിന്ന് കുട്ടമ്പേരൂര്‍ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂറിലേറെയായി. ഒപ്പം നടക്കുന്ന വാടിത്തളര്‍ന്ന ബാലന്‍ അവന്റെ അനിയനാണ്. വയസ്സ് പന്ത്രണ്ട്.

അവരുടെ അമ്മയുടെ വീടാണ് കുട്ടമ്പേരൂര്‍ ഉള്ളത്. മാന്നാറിനടുത്താണ് കുട്ടമ്പേരൂര്‍. ഇപ്പോള്‍ മാവേലിക്കര അടുക്കാറായിട്ടേ ഉള്ളു. ഇനിയുമുണ്ട് ഒരു മണിക്കൂര്‍ യാത്ര.

അനിയന് ഇനി നടക്കാന്‍ വയ്യ. അണ്ണന്‍ പറഞ്ഞു “ഇച്ചിരി ദൂരം കൂടേ ഒള്ളല്ലോ മോനേ മാവേലിക്കരയ്ക്ക്. അവടെ ചുമടുതാങ്ങിയൊണ്ട്. നമ്മക്ക് അവടന്ന് വെള്ളം കുടിക്കാം....”

അനിയന്‍ തളര്‍ച്ചയോടെ വീണ്ടും നടന്നു തുടങ്ങി. ചുമടുതാങ്ങിയ്ക്കടുത്തുള്ള ഒരു വീടാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഒരു കിണര്‍ ഉണ്ട്. വെള്ളം കോരാന്‍ ഒരു തൊട്ടിയും കയറും എപ്പോഴും ഉണ്ടാവും.

കുട്ടമ്പേരൂര്‍ ഉള്ള വീട്ടില്‍ അമ്മയുടെ ചേച്ചിയും ഭര്‍ത്താവും അഞ്ചു മക്കളുമുണ്ട്. ദാരിദ്ര്യത്തിലാണ്. അവര്‍ക്കു കൊടുക്കാനാണ് മരച്ചീനി.

(ചുമടുതാങ്ങി = പണ്ട് തലയില്‍ ഭാരമേറ്റി പോകുന്നവര്‍ക്ക് അതിറക്കിവയ്ക്കാനായി വഴിയില്‍ സ്ഥാപിച്ചുരുന്ന സംവിധാനം. കുത്തനെ നിര്‍ത്തിയ രണ്ടു നീളന്‍ കല്ലുകള്‍ക്കു മീതെ മറ്റൊരു നീളന്‍ കല്ല്. ഇപ്പോഴും പല നാട്ടിലും ഇവ കാണാം)

**********************************************************************************************
വര്‍ഷം 1968. ആ പതിനഞ്ചു വയസ്സുകാരന്‍ ഇപ്പോള്‍ കൃഷിവകുപ്പുദ്യോഗസ്ഥനാണ്. ജോലി പെരിന്തല്‍മണ്ണയില്‍. സമയം ഉച്ചതിരിഞ്ഞ് രണ്ടര മണി. പോസ്റ്റ് ഓഫ്ഫിസില്‍ മണിയോര്‍ഡര്‍ അയയ്ക്കാന്‍ വന്നതാണ്. പക്ഷേ സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിപ്പെണ്ണ് അയാളുടെ മണിയോര്‍ഡര്‍ ഫോം തിരിച്ചു കൊടുത്തു.

ഓഫീസില്‍ നിന്നു ശമ്പളം വാങ്ങി പാഞ്ഞു വന്നപ്പോഴേക്കും മണി രണ്ടര. രണ്ടു മണി വരെയാണ് സമയം. വിഷണ്ണനായി കുറേ നിമിഷങ്ങള്‍ അയാള്‍ വരാന്തയില്‍ നിന്നു.

വീണ്ടും കൌണ്ടറില്‍ വന്ന് മണിയോര്‍ഡര്‍ ക്ലാര്‍ക്കിനോടു കെഞ്ചി. “ഈ പണം നാളെയോ മറ്റന്നാള്‍ എങ്കിലുമോ എന്റെ വീട്ടില്‍ കിട്ടിയേ തീരൂ... ഒരത്യാവശ്യമാണ്...ദയവു ചെയ്ത് സഹായിക്കണം.”

നീണ്ടുമെലിഞ്ഞ ആ മനുഷ്യനെ അവള്‍ തുറിച്ചു നോക്കി. പറയുന്നതില്‍ സത്യമുണ്ടെന്ന് അവള്‍ക്കു തോന്നി. കഴിഞ്ഞ കുറേ മാസങ്ങളായി കൃത്യം ശമ്പളദിവസം ഇയാള്‍ വീട്ടിലേക്കു പണമയയ്ക്കാറുണ്ട്. അവള്‍ പോസ്റ്റ് മാസ്റ്ററോടു സംസാരിച്ചു. മണിയോര്‍ഡര്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പണം നല്‍കിയ ശേഷം നിറകണ്ണുകളോടെ അയാള്‍ ഒരു നിമിഷം അവളെ നന്ദിപൂര്‍വം നോക്കി. നിശ്ശബ്ദനായി തലയാട്ടി പുറത്തേക്കു നടന്നു.

പിന്നെ എല്ലാ മാസവും അയാള്‍ സമയത്തിനുള്ളില്‍ തന്നെ മണിയോര്‍ഡര്‍ അയയ്ക്കാനെത്തി. പണമയക്കുന്ന അഡ്രസ് അവള്‍ക്കു കാണാപ്പാഠമായി. പള്ളത്തു തെക്കതില്‍ , ഏവൂര്‍ സൌത്ത്, കീരിക്കാട്.പി.ഒ....

ഒരു ദിവസം ഓഫീസ് സമയം കഴിഞ്ഞ് അവള്‍ പുറത്തിറങ്ങിയപ്പോള്‍ അയാൾ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രമത്തോടെ അവളുടെ കണ്ണുകള്‍ പിടയുന്നത് അയാള്‍ കണ്ടു. അടുത്തു വന്ന് അടുത്ത നിമിഷം ചോദിച്ചു “ഞാന്‍ വിവാഹം കഴിച്ചോട്ടേ..?”

അവള്‍ ഒന്നും പറയാതെ നടന്നു പോയി.

അടുത്ത ദിവസം അയാള്‍ വീണ്ടും വന്നു. ചോദ്യം ആവര്‍ത്തിച്ചു.

തലേ രാത്രി മുഴുവന്‍ ആലോചിച്ചുറപ്പിച്ച അവള്‍ പറഞ്ഞു “ വീട്ടില്‍ വന്നു സംസാരിക്കൂ...”

വീട്ടുകാര്‍ ആദ്യം ശക്തമായി എതിര്‍ത്തു. ഒന്നാമത് ഒരു തെക്കന്‍. ആലപ്പുഴ ജില്ലക്കാരന്‍. രണ്ടാമത്, ഏട്ടനും ഭാര്യയുമുള്‍പ്പടെ എട്ടംഗങ്ങളുള്ള ആ വീട്ടിലെ ഏക വരുമാനക്കാരി അവളാണ്!

എവിടെ നിന്നോ കൈവന്ന നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ പറഞ്ഞു “ എനിക്ക് ആ മനുഷ്യനെ വിശ്വാസമാണ്..!”

1969 മാര്‍ച്ച് മാസത്തില്‍ അവര്‍ വിവാഹിതരായി.

********************************************************************************************
ഏവൂര്‍ ഗ്രാമം അവള്‍ക്കു സമ്മാനിച്ചത് പുതുമകളും പരിഭ്രമങ്ങളുമായിരുന്നു. ഒന്നാമത് ഭാഷ. അവള്‍ പറയുന്നത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലാവില്ല; അവര്‍ പറയുന്നത് അവള്‍ക്കും! ഭര്‍ത്താവ് അച്ചടി ഭാഷ പറയുന്നു എന്നതു മാത്രമാണ് അവളുടെ സമാധാനം!

സന്ധ്യയായാല്‍ മിക്ക വീടുകളിലും വഴക്കും വക്കാണവും. വൈദ്യുതി അവളുടെ വീട്ടിലും ഇല്ലായിരുന്നു എന്നതിനാല്‍ കരിവിളക്കുകള്‍ അവള്‍ക്കൊരു പ്രശ്നമായില്ല.

ചന്ദന നിറവും, മുട്ടറ്റമെത്തുന്ന ചുരുള്‍ മുടിയും നിറഞ്ഞ ചിരിയുമായി അവള്‍ ഏവൂര്‍ ഗ്രാമത്തിന്റെ ദത്തു പുത്രിയായി. അവര്‍ രണ്ടാളും ചേര്‍ന്ന് ആ ഓലപ്പുര പുതുക്കി പണിതു. കൂര ഓടു മേഞ്ഞു. അവള്‍ മൂന്നു പ്രസവിച്ചു. ഒരു തവണ ഇരട്ടകള്‍. അങ്ങനെ നാലു കുട്ടികള്‍. നാലും ആണ്‍ കുട്ടികള്‍!

**********************************************************************************************
നാല് ആണ്‍ മക്കളില്‍ മൂത്തവന്‍ ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഒരു നാള്‍ അയാള്‍ അവന് കുറേ പുസ്തകങ്ങള്‍ കൊടുത്തു - രാഹുല്‍ സാംകൃത്യായന്‍, കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്, ആല്‍ഡസ് ഹക്സ് ലി, ശ്രീരാമകൃഷ്ണപരമഹംസന്‍ എന്നിവരുടെ പേരുള്ളവ.

മകന് അതൊന്നും അത്ര ഇഷ്ടമായില്ല. അവന് അവയൊന്നും മനസ്സിലായില്ല എന്നാതായിരുന്നു സത്യം.

അച്ഛന്‍ മകനോട് ആ പുസ്തകങ്ങളെക്കുറിച്ചും അതെഴുതിയവരെക്കുറിച്ചും കുറേ പ്രസംഗിച്ചു. എന്നിട്ട് രാമപുരം അമ്പലത്തിലെ ഉത്സവത്തിന് കുറേ പുസ്തകങ്ങള്‍ കൂടി വാങ്ങിക്കൊടുത്തു - ടോള്‍സ്റ്റോയ് എഴുതിയ റഷ്യന്‍ പുസ്തകങ്ങള്‍! ഒപ്പം കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍ സിന്റ്റേയും ഗ്രന്ഥങ്ങളും.

മകന്‍ അവയൊക്കെ വായിക്കുന്നുണ്ട് എന്ന ധാരണയില്‍ ഇടയ്ക്കിടെ അവനെ വിളിച്ച് അവയെക്കുറിച്ചു സംസാരിക്കും. അവന്‍ എല്ലാം കേട്ടു നില്‍ക്കും.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വെക്കേഷനിലാണ് മകന്‍ ആ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയത്. അപ്പോഴേക്കും അയാള്‍ക്ക് കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് സ്ഥലം മാറ്റമായി. മകന് മെഡിക്കല്‍ എൻട്രൻസ്  എഴുതി ആയൂര്‍വേദ കോളേജില്‍ ചേര്‍ന്നപ്പോള്‍ “ ആരോഗ്യനികേതനം” വായിക്കണമെന്നും ഒരു മഹാവൈദ്യനായിത്തീരണം എന്നും ഉപദേശിച്ചു. ഇരട്ടമക്കളില്‍ ഒരാളെ വക്കീലും ഒരാളെ പോലീസ് ഓഫീസറും ആക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം. ഏറ്റവും ഇളയവനെ എഞ്ജിനീയറും.

*********************************************************************************************

1991 മാര്‍ച്ച് മാസം പത്തൊന്‍പതാം തീയതി രാവിലെ ഓഫീസില്‍ വച്ച് അയാള്‍ക്ക് ചെറിയ നെഞ്ചുവേദനയുണ്ടായി.

തൊട്ടടുത്തു തന്നെയായിരുന്നു ഭാര്യയും ജോലി നോക്കിയിരുന്നത്. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മൂത്ത മകനെ വിവരമറിയിച്ചു. രാത്രിയായപ്പോഴേക്കും അവന്‍ എത്തി.

ഇളയ കുട്ടികള്‍ പരിഭ്രാന്തരായിരുന്നു. രാമപുരം അമ്പലത്തിലെ ഉത്സവം കണ്ട് പാതിരാവായിട്ടും മടങ്ങി വരാതിരുന്നതിന് അയാള്‍ അവരെ മുച്ചൂടും വഴക്കു പറഞ്ഞിരുന്നു, തലേന്നാള്‍.

ഭാര്യ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.

മൂത്ത മകന്‍ വന്നതോടെ അന്തരീക്ഷത്തിന് അയവു വന്നു. ഐ.സി.യു വിനു മുന്നില്‍ അവനിരുന്ന് മറ്റുള്ളവരോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ആരുറങ്ങാന്‍... എങ്കിലും എപ്പോഴോ എല്ലാവരും മയങ്ങി.

രാവിലെ ഒരു കുടുംബ സുഹൃത്തിനോടൊപ്പം മൂത്ത മകന്‍ ഡോക്ടറെ കാണാന്‍ വീട്ടില്‍പോയി. ഡോക്ടര്‍ തുരു തുരെ സിഗരറ്റ് പുകച്ചു തള്ളിക്കൊണ്ടിരുന്നു. കുറേ കഴിഞ്ഞു പറഞ്ഞു “ രക്ഷയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.... മാസ്സീവ് അറ്റാക്കാണ്... ഒരു വശം ഓള്‍ റെഡി തളര്‍ന്നു കഴിഞ്ഞു....”
ഒരു നിമിഷം കൊണ്ട് മകന്റെ ഹൃദയം കീഴ്മേല്‍ മറിഞ്ഞു.

“ഒരു മാര്‍ഗവുമില്ലേ..? കുടുംബസുഹൃത്ത് ചോദിച്ചു.

“നോക്കട്ടെ... ഞാനിപ്പോള്‍ റൌണ്ട്സിനു വരാം” പുകയൂതിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.

അവര്‍ ആശുപത്രിയിലേക്കു മടങ്ങി.

“ഇനിയിപ്പോള്‍ എന്തു ചെയ്യും.....?” മകന്‍ സുഹൃത്തിനോടു ചോദിച്ചു.

“എന്തുചെയ്യാന്‍.....നമുക്കു പ്രാര്‍ത്ഥിക്കാം.....” അയാൾ പറഞ്ഞു.

അവന്‍ ഓടിപ്പോയി അമ്മയോടും അനിയന്മാരോടും ഭക്ഷണം കഴിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ടു.

അവര്‍ പോയി വരുംപോഴേക്കും ഡോക്ടര്‍ എത്തി. അവസാനകൈ എന്ന നിലയില്‍ ഒരു ഇഞ്ജെക്ഷന്‍ എഴുതിക്കൊടുത്തു. അത് അടുത്ത പട്ടണത്തിലേ കിട്ടൂ. ഒരാളെ ഓട്ടോയില്‍ അപ്പോഴേ പറഞ്ഞ് വിട്ടു.

ചില്ലുവാതിലിലൂടെ അച്ഛനെ നോക്കി നിന്നു. അച്ഛന്‍ ആയാസപ്പെട്ട് ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ടിരുന്നു. അത് തന്റെ അച്ഛന്റെ അവസാന ശ്വാസങ്ങളായിരുന്നു എന്ന് അവന്‍ ചിന്തിച്ചതേയില്ല.

അരമണിക്കൂറിനുള്ളില്‍ മരുന്നെത്തി. അപ്പോഴേക്കും സിസ്റ്റര്‍ വന്ന് മകനോടു പറഞ്ഞു.

“കഴിഞ്ഞു...”

മക്കളെക്കുറിച്ചുള്ള ഒരു പിടി ആഗ്രഹങ്ങള്‍ ബാക്കി വച്ച് ദാമോദരന്‍ പൊയിക്കഴിഞ്ഞു.

പിറ്റേന്ന് ഏറ്റവും ഇളയ മകന് പ്രീഡിഗ്രി പരീക്ഷയാണ് - മാത്തമാറ്റിക്സ്. തൊട്ടടുത്ത ദിവസം മൂത്തവനും പരീക്ഷ.....

*******************************************************************************************

ഇന്ന് മാര്‍ച്ച് 20 ആണ്.

പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എനിക്കും അനിയന്മാര്‍ക്കും അച്ഛന്‍ നഷ്ടപ്പെട്ടിട്ട്.
ഒന്നും മറക്കാനാവുന്നില്ലല്ലോ!