Thursday, December 23, 2010

ആത്മനിന്ദയുടെ കാരമുള്ളുകൾ....

“റൂത്ത്, വിവാഹത്തിനു സമ്മതമാണെന്നറിയിച്ചപ്പോൾ നോയേലിന്റെ മുഖമൊന്നു കാണണമായിരുന്നു! ലോ‍കം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത്! ഇത്രകാലം പെണ്ണും പെടക്കോഴീമൊന്നുമില്ലാതെ നടന്നവനാ എന്റെ കുഞ്ഞ്! ഇപ്പഴെങ്കിലും ഒടയതമ്പിരാൻ അവനു സൽബുദ്ധി കാണിച്ചു കൊടുത്തല്ലോ.... കാത്തോളണേ കർത്താവേ, എന്റെ കുഞ്ഞിനെ....!”

“ഹും! അവരുടെയൊരു കുഞ്ഞ്!” നോയേലിന്റമ്മച്ചിയുടെ പ്രാർത്ഥന കേട്ടപ്പോൾ റൂത്തിന് ഉള്ളിൽ എരിഞ്ഞു തികട്ടി വന്നു. മുഖഭാവം മാറാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.

നോയെലിന്റെ അമ്മച്ചി അവളുടെ കൈ വിടുന്നേ ഇല്ല. “എത്ര നാളിനു ശേഷമാ അവനെന്നെയൊന്നു കാണാൻ വന്നത്! അതും മാലാഖ പോലുള്ള ഈ കൊച്ചിനെ കാണിക്കാൻ!”തന്റെ പുത്രവധുവിന്റെ മുഗ്‌ധസൌന്ദര്യം അവരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു.

നോയേൽ തന്നെ രക്ഷയ്ക്കെത്തി.

കൊച്ചീക്കാരനാണെങ്കിലും, കുട്ടിക്കാനത്തിനടുത്തുള്ള ഏതോ ഓൾഡ് ഏജ് ഹോമിലാണ് അമ്മച്ചിയെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നു തന്നെ കൊണ്ടു വിടണം. അവൻ അവരുമായി പോയി.
റൂത്ത് ബെഡ് റൂ‍മിലേക്കു പാഞ്ഞു. കട്ടിലിൽ വീണ്, ഫ്രെഡിയേയും മിലിയേയും പേരു വിളിച്ചു കരഞ്ഞു. അവളുടെ നിലവിളി ആ സൌണ്ട് പ്രൂഫ് റൂമിൽ ആർത്തലച്ചു.

പാപിയാണു ഞാൻ.... കൊടും പാപി!

എയ്‌ബലിനു പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളു. അവനിതൊക്കെ എങ്ങനെ സഹിക്കുമെന്റെ കർത്താവേ....!
പപ്പ മരിച്ചു കൊല്ലം തികയും മുൻപ് ചേച്ചിയും നഷ്ടപ്പെട്ടവൻ....

ചേച്ചിപോയി മൂന്നാം മാസം മമ്മ മറ്റൊരുത്തന്റെ കൂടെ പോകുന്നത് അവൻ എങ്ങനെ സഹിക്കും!? അവനെന്നല്ല പരിചയമുള്ള ആർക്കും ഈ വിവാഹം ഇഷ്ടമാവില്ല.....

പിതാവേ.... ദയാപരനായ പിതാവേ! ഈ പാനപാത്രം എന്നിൽ നിന്നകറ്റേണമേ!

റൂത്ത് ദീന ദീനം കേണു. ഓരോ തവണ കരച്ചിലിന്റെ തിരയടങ്ങുമ്പോഴും ഓർമ്മകൾ ആർത്തലച്ചുവന്നു.... പാപബോധം അവളെ ചുറ്റിവരിഞ്ഞു.....

ചോര ഛർദിച്ചു മരിച്ച ഫ്രെഡിയും, കയറിൽ തൂങ്ങിയാടിയ മിലിയും ......

അവൾക്കാ കാഴ്ചകൾ സഹിക്കാൻ കഴിയുന്നില്ല.... ചോരക്കറ പുരണ്ട കൈകൾ യഥാർത്ഥത്തിൽ തന്റേതാണ്..... വെട്ടിക്കളയപ്പെടേണ്ട കൈകൾ തന്റേതാണ്.... ഈ പാപത്തിൽ തനിക്കല്ലാതെ മറ്റാർക്കാണു പങ്ക്.....

കർത്താവേ.....

നോയേലിനെ ഫ്രെഡിക്കു പരിചയപ്പെടുത്തിയത് താനാ‍ണ്.
കോളേജിൽ ഇമ്മീഡിയേറ്റ് സീനിയർ. ബാസ്കറ്റ്ബാൾ താരം. ആറടി പൊക്കം. ഒത്ത ഫിസിക്ക്.
തന്റെയുള്ളിൽ അവനോട് ആരാധനയുണ്ടായിരുന്നോ....???
ഏതു നശിച്ച നിമിഷമാണ് അവനു കീഴടങ്ങാൻ തനിക്കു തോന്നിയത്...?
എല്ലാറ്റിനും കാരണം ഫ്രെഡിയുടെ കുടിയാണ്.
സഹികെട്ട് ശപിച്ചുപോയിട്ടുണ്ട്, പലതവണ.
അപ്പോഴൊക്കെ നല്ല സുഹൃത്തായി നിന്ന് വലമുറുക്കുകയായിരുന്നു നോയേൽ. നായ! ബ്ലഡി സൺ ഓഫ് എ ബിച്ച്!

എന്റെ നക്ഷത്രക്കണ്ണുള്ള സുന്ദരിക്കുട്ടി, മിലി.... മോളേ....നിന്നെ ഈ മമ്മ ബലി കൊടുത്തു പോയല്ലോ....
ഫ്രെഡി പോയപ്പോൾ കഴുത്തിനു മീതെ കടമായിരുന്നു. തലയുയർത്തി നീന്താൻ തീരുമാനിച്ചവളാണു താൻ.

എല്ലാം നഷ്ടപ്പെട്ടവൾ, എല്ലാം തിരിച്ചു പിടിക്കാനാഗ്രഹിച്ചവൾ.
ഫ്രെഡിയുടെ ജീനിൽ ബിസിനസ് ബുദ്ധിയില്ല; തന്റെ ജീനിൽ ഉണ്ട് എന്നഹങ്കരിച്ചവൾ!

മരിച്ചവർ പോയി. ജീവിക്കേണ്ടവർ ഭൂമിയിലുള്ളവരാണ് എന്ന അവന്റെ ഉപദേശം ഏതു ചെകുത്താൻ കയറിയ നേരത്താണ് തനിക്കു വേദവാക്യമായത്....

ബിസിനസ് മെച്ചപ്പെടുത്താൻ അവന്റെ താങ്ങ് താൻ ബുദ്ധിപൂർവം ഉപയോഗിച്ചു. ഒക്കെ കരപറ്റിച്ചു എന്നായപ്പോഴേക്കും അവൻ തന്റെ മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. പല രാത്രികളിലും റിസോർട്ടിലെ മുറിക്കുള്ളിൽ അവനോടൊപ്പം....

റൂത്തിന് സ്വയം പുച്ഛം തോന്നി. ആത്മനിന്ദയുടെ കാരമുള്ളുകൾ അവളുടെ ഹൃദയം കീറിമുറിച്ചു. ചോരവാർന്ന നെഞ്ചിൻ കൂടിൽ അവൾ ആഞ്ഞാഞ്ഞിടിച്ചു കരഞ്ഞു.....

ഒരുനാൾ, തന്നെ ഞെട്ടിച്ചുകൊണ്ട്, മിലിയെ താൻ വിവാഹം കഴിച്ചുകൊള്ളാം എന്ന് അവൻ വാഗ്ദാനം ചെയ്തു! അതുവരെ അവൻ, തന്നെ വിവാഹം കഴിക്കും എന്നായിരുന്നു ഉറച്ചു വിശ്വസിച്ചിരുന്നത്.

നെഞ്ചിൽ ഇടിത്തീ വീണെങ്കിലും എത്തിക്സിനു മീതെ പറന്ന തന്റെ ബിസിനസ് ബുദ്ധി മനസ്സിനെ കീഴടക്കുകയാണ് ചെയ്തത്.

മകളും, ‘മരുമകനായ’ സുഹൃത്തും നയിക്കുന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ ചരടു വലിക്കുന്നവളായി തനിക്കെങ്ങനെ സ്വയം സങ്കൽ‌പ്പിക്കാൻ തോന്നി...!?

പണക്കാരൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് എന്ന് സൺ ഡേ സ്കൂളിൽ പഠിച്ചവളും പഠിപ്പിച്ചവളുമാണ് താൻ!

എവിടെയാണ് കണക്കു കൂട്ടലുകൾ പിഴച്ചത്?

ഫ്രെഡിയുടെ നശിച്ച കുടിയാണു തുടക്കം. ബിസിനസിൽ ഒരിക്കലും പാടില്ലാത്ത അലക്ഷ്യസ്വഭാവം .... സാമ്പത്തികമാന്ദ്യം കാരണം ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടി.... രണ്ടും കൂടിയായപ്പോൾ, കോടികളുടെ ലോൺ തിരിച്ചടവ് മുടങ്ങി. അതോടെ ബാങ്കുകാർ കയ്യൊഴിഞ്ഞു.

അങ്ങനെയിരിക്കുന്ന സമയത്താണ് തികച്ചും അപ്രതീക്ഷിതമെന്നോണം നോയേൽ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. പഴയ കോളേജ് സീനിയറെ ഫ്രെഡിക്കു പരിചയപ്പെടുത്തിയ നിമിഷമോർത്ത് റൂത്ത് തല മേശമേലിടിച്ചു.

മോൾക്കന്ന് പതിനഞ്ചു വയസ്സേ ഉള്ളു; മോന് ഒൻപതും. മുപ്പത്തഞ്ചുകാരിയായ തന്നെക്കണ്ടാൽ മോളുടെ ചേച്ചിയാണെന്നേ തോന്നുന്നുള്ളല്ലോ എന്ന അവന്റെ ഫലിതം രസിച്ചു ചിരിച്ചത്തോർക്കുമ്പോൾ ഇന്ന്....
ഫ്രെഡിയും നോയേലും അടുത്ത കൂട്ടുകാരായത് വളരെ പെട്ടെന്നായിരുന്നു. എവിടെ ടൂർ പോയാലും മുന്തിയയിനം പുരാതനമദ്യങ്ങൾ ഫ്രെഡിയ്ക്കായി നോയേൽ കൊണ്ടുവരും. ക്രമേണ ടൂറുകൾ കുറച്ച് നോയേൽ ഹൌസ് ബോട്ട് ബിസിനസിൽ പങ്കാളിയായി. റിസോർട്ട് റൂത്തിന്റെ പേരിലായതുകൊണ്ട് അതിൽ പങ്കു കച്ചവടം നടത്താൻ ഫ്രെഡി അനുവദിച്ചില്ല. അവളുടെ അപ്പന്റെ ഏകസമ്പാദ്യമാണത്.

ജീവിതത്തിൽ അവശേഷിക്കുന്ന ഏക ഭാഗ്യമാണ് ആ തീരുമാനം. പക്ഷേ നോയേലിന്റെ കണ്ണ് അതിലാണ്. അതു സ്വന്തമാക്കാനാണ് മിലി മരിച്ച ശേഷവും, അവൻ അവളോട് വിവാഹാഭ്യർത്ഥന നടത്തിയത്!
റൂത്ത് അത് തള്ളിക്കളഞ്ഞേനേ....

പക്ഷേ മിലി മരിച്ച് മൂന്നാം നാൾ അവളുടെ ഒരു കൂട്ടുകാരി അവളെ കാണാൻ ചെന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ, ചില കാര്യങ്ങൾ മമ്മയോടു പറയണം എന്നവൾ പറഞ്ഞിരുന്നത്രെ!

മദ്യത്തിൽ അമിതമായി മയക്കുമരുന്നു ചേർത്തുകൊടുത്ത് ഫ്രെഡിയെ അവൻ കൊന്നതാണ് എന്ന്, പൊന്നുമകളുടെ കൂട്ടുകാരിയിൽ നിന്നുമാണ് അവൾ അറിഞ്ഞത്.

തലയ്ക്കടിയേറ്റപോലെ തരിച്ചിരുന്നു, റൂത്ത്. അവളുടെ തലച്ചോറിൽ ഒരു കട്ടന്നൽക്കൂടിളകി.

താൻ പറഞ്ഞിട്ടാണ് അവൾ നോയേലിനെ തന്റെ ഭാവി ഭർത്താവായി സ്വീകരിച്ചത്. അവൻ കല്യാണം കഴിച്ചുകൊള്ളും എന്ന് താനാണ് അവളോട് പറഞ്ഞത്. ഭാവിഭർത്താവെന്ന നിലയിൽ അവളുടെ മനസ്സും ശരീരവും അവൻ സ്വന്തമാക്കിയത് അങ്ങനെയാണ്. ഒടുവിൽ അവൻ ഒരു വൻ ബിസിനസ് ഡീലിനായി അവളെ ഒരു സായിപ്പിനു കാഴ്ച വച്ചത്രെ......

മനം തകർന്ന് അവനോടു കയർത്ത അവളോട് ബിസിനസിൽ ഇതൊക്കെ സാധാരണമാണെന്നും നീ വലിയ ശീലാവതി ചമയണ്ട എന്നും അവൻ പറഞ്ഞത്രെ. അധികം വിളഞ്ഞാൽ നിന്റെ പപ്പ പോയിടത്തേക്ക് നിന്നെയും അയക്കാൻ അറിയാം എന്ന്!

അങ്ങനെയാണ് മിലി തന്റെ പിതാവിന്റെ മരണ രഹസ്യം അറിഞ്ഞത്.

കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ രീതിയിലുള്ള കമിറ്റ്മെന്റൊന്നും തനിക്കില്ലെന്ന് അവൻ അവളോടു തീർത്തുപറഞ്ഞു.

ഒടുക്കം, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അബോർട്ട് ചെയ്തോളാൻ...!

അവളെ കെട്ടിക്കോളാമെന്നു നോയേൽ തനിക്കു തന്ന വാക്ക്..... മമ്മ പറഞ്ഞപ്പോൾ അതു വിശ്വസിച്ച എന്റെ കുഞ്ഞ്......!

എന്റെനക്ഷത്രക്കണ്ണുള്ള കുഞ്ഞ്.....! റുത്ത് ഏങ്ങിയേങ്ങിക്കരഞ്ഞു.

അവസാന ദിവസം അവർ തമ്മിൽ ഫോണിൽ വലിയ തർക്കം ഉണ്ടായി. മമ്മയെക്കുറിച്ച് മോശമായെന്തോ അയാൾ പറഞ്ഞത്രെ.

ദൈവമേ! തന്റെ മകൾ..... അവൾ തന്നെക്കുറിച്ചെന്തു ചിന്തിച്ചുകാണും! അവളുടെ മനസ്സിൽ തന്റെ മമ്മ എന്ന വിഗ്രഹം തകർന്നു തരിപ്പണമായിട്ടുണ്ടാവും.....

അവളുടെ മരണത്തിന് താനല്ലാതെ വേറെ ആരാണുത്തരവാദി!
ഈ ചോരക്കറ ഞാനെങ്ങനെ കഴുകിക്കളയും.....

പാപത്തിന്റെ ശമ്പളം മരണമത്രെ..... തന്റെ വിധി റൂത്ത് നിശ്ചയിച്ചു. എയ്ബലിനു വിഷം കൊടുത്ത് താനും ചാകും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഒരു തെറ്റും ചെയ്യാത്ത അവന്റെ ജീവനെടുക്കാൻ തനിക്കെന്തധികാരം....? അവൾ ചിന്തിച്ചു.

എടുക്കേണ്ടത് അവന്റെ ജീവനാണ്.....നോയെലിന്റെ!
ബോധത്തോടെ കൊല്ലണം അവനെ..... ഇഞ്ചിഞ്ചായി....!
ഫ്രെഡിക്കുവേണ്ടി.
മിലിക്കു വേണ്ടി.

അവന്റെ ചതിയിൽ ചോര ഛർദ്ദിച്ചു മരിച്ച ഫ്രെഡി.....
ഹോസ്റ്റൽ മുറിയിൽ കഴുത്തിൽ കുരുക്കുമായ് പിടഞ്ഞ എന്റെ കുഞ്ഞ്.....
കുരുക്കു മുറുകി അസഹ്യമായ പ്രാണവേദനയിൽ തുടകൾ മാന്തിപ്പൊളിച്ചിരുന്നു അവൾ....

ഹോ! മിശിഹായേ....
ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ!

തന്റെ മകൻ തന്നെ എങ്ങനെയാവും കാണുന്നതെന്നോർത്ത് റൂത്ത് നീറി. ബോർഡിംഗിലാക്കിയത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല. ചേച്ചി മരിച്ചിട്ടും, മമ്മ അങ്കിളിനൊപ്പം നടക്കുന്നത് തനിക്കിഷ്ടമല്ല എന്നും അവൻ പറഞ്ഞിരുന്നു. അവനു തന്നോടു പുച്ഛമാവും. നേരിൽ കണ്ടാൽ ഒരു പക്ഷേ കാർക്കിച്ചു തുപ്പിയേക്കും. എങ്കിലും താനെഴുതിവച്ചതു വായിച്ചുകഴിയുമ്പോൾ അവൻ തന്നോടു പൊറുക്കും.

ഏയ്ബലിനും, ഫ്രെഡിയുടെ മമ്മയ്ക്കുമുള്ള കത്തുകൾ മുൻ കൂട്ടി തയ്യാറാക്കിവച്ചിട്ടുണ്ട്. മമ്മ വളർത്തും അവനെ.
അവന്റെ പപ്പയ്ക്കും ചേച്ചിക്കും വേണ്ടിയുള്ള പ്രതികാരം അടുത്ത തലമുറയിലേക്കു നീളരുത് ഒരിക്കലും! ഈ വിവാഹത്തോടെ ആ കടമ താൻ നിർവഹിക്കും....അതിനാണ് ഈ വിവാഹത്തിനു സമ്മതം മൂളിയത്.
നോയേൽ എന്നാൽ ക്രിസ്മസ് എന്നാണത്രെ അർത്ഥം! ആദ്യമായി കണ്ട ദിവസം അങ്കിളിന്റെ പേരിന്റെ അർത്ഥമെന്താ എന്ന ഏയ്ബലിന്റെ സംശയം തീർത്തത് നോയേൽ തന്നെയായിരുന്നു.

ക്രിസ്മസ് എന്ന വാക്കിനു തന്നെ കളങ്കം ചാർത്തിയ നീ ഇനിയൊരു ക്രിസ്മസ് കാണില്ല....അവൾ പിറുപിറുത്തു.
ഇന്ന് ക്രിസ്മസ് ഈവാണ്....

റൂത്ത് അണിഞ്ഞൊരുങ്ങി. ന്യായവിധി താൻ നടപ്പാക്കും........സ്വയം പറഞ്ഞ് അവൾ അത് ഒന്നുകുടി ഉറപ്പിച്ചു.

ഒരു കാരണവശാലും അവൻ തന്റെ കൈകളിൽ നിന്നുവഴുതിപ്പോയിക്കൂടാ...

റൂഷ്, ആർട്ടിഫിഷ്യൽ ഐ ലാഷസ്, ചെറി റെഡ് ലിപ്സ്റ്റിക്ക്, അർമാണി ഡയമണ്ട് പെർഫ്യൂം.....
ഈ രാവിൽ റൂത്ത് അവളുടെ മെസ്മറൈസിംഗ് ബെസ്റ്റ് ഫോമിൽ ആയിരുന്നു. ഒരു സ്കിന്നി ലിംഗറിയിൽ പ്രലോഭനത്തിന്റെ പരമകാഷ്ഠയിൽ..... സെഡക്ഷൻ എന്ന വാക്ക് ഇപ്പോൾ അവളുടെ മിഴിമുനയാണ്.....
മുപ്പത്തെട്ടു പോയിട്ട് ഇരുപത്തെട്ടു വയസ്സുപോലും പറയില്ല ആരും, ഈ വേഷത്തിൽ കണ്ടാൽ....
മുറിയിലേക്കു വന്ന നോയേൽ മിഴിച്ചു നിന്നു പോയി!

അവളുടെ വിരൽത്തുമ്പിന്റെ, കണ്മുനയുടെ ചലനത്തിൽ ഒരു പാവപോലെ ചലിക്കുകകയാണു താൻ എന്ന് നോയേൽ തിരിച്ചറിഞ്ഞു. അവനതു തടയാനാവുമായിരുന്നില്ല. പ്രലോഭനം അതിന്റെ മുഴുവൻ വശ്യതയോടും കൂടി അവന്റെ മുന്നിൽ നുരഞ്ഞുപൊന്തി. അവൾ നൽകിയ വീഞ്ഞ് അവൻ ആസ്വദിച്ചു കുടിച്ചു. മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞു കട്ടിലിൽ ഇരുന്നു. ഒരൊറ്റ തള്ളിന് അവനെ മലർത്തിയിട്ടു അവൾ.

അരുതേ... എന്നു നിലവിളിക്കാനാഞ്ഞെങ്കിലും നോയേലിന് നാവു ചലിച്ചില്ല......പക്ഷെ മയക്കുമരുന്നിന്റെ പിടിയിലും മരണഭയത്തിൽ കണ്ണുകൾ പുറത്തേക്കു തള്ളി.

നോയേലിന്റെ നെഞ്ചിലും കഴുത്തിലും മാറിമാറി കത്തി താഴ്ത്തുമ്പോൾ റൂത്തിന്റെ കണ്ണുകൾ തിളങ്ങി.
അവന്റെ ശരീരം വലിച്ചു താഴെയിട്ടു അവൾ.

പിളർന്ന വായുമായി ചലനമറ്റു കിടന്ന അവന്റെ തല പുറങ്കാ‍ലിനു തട്ടി അവൾ ബാത്ത് റൂമിലേക്കു നടന്നു.

തന്റെ കൈകളിൾ ചോര പുരണ്ടിട്ടുണ്ടോ എന്നത് അല്പം മുൻപു വരെ ഒരു സംശയം മാത്രമായിരുന്നു.

ഇപ്പോൾ സംശയം മാറി....
കയ്യിൽ നിറയെ ചോര! നെഞ്ചിലും മുഖത്തും ചോര!
ഷവറിനു കീഴെ നിന്ന് അതു മുഴുവൻ കഴുകിക്കളഞ്ഞു.

മമ്മ എത്ര ആലോചിച്ചിട്ട പേരാണ് തന്റേത്..... റൂത്ത്!
ഇന്നിപ്പോൾ എത്ര ‘റൂത്ത്‌ലെസ്’ ആയാണ് താൻ കാര്യങ്ങൾ പൂർത്തീകരിച്ചത്.

അവൾ തന്റെ കൈകളിലേക്കു നോക്കി.
ഇല്ല...ലവലേശമില്ല ചോരക്കറ!

വസ്ത്രം മാറി റൂഫ് ഗാർഡനിലെത്തി. അവൾ പാരപ്പെറ്റിനരികിലേക്കു നടന്നു.

താഴെ, നഗരം വർണവിളക്കുകളിൽ പ്രഭചൊരിഞ്ഞു നിൽക്കുന്നു. നാളെ ക്രിസ്മസാണ് !

വല്ലാത്ത ഭാരക്കുറവു തോന്നി റൂത്തിന്.

കൈകൾ ഉയർത്തി വീശി ഒന്നു നീന്താൻ തോന്നി അവൾക്ക്. പാരപ്പെറ്റിൽ കയറി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന്റെ ജമ്പിംഗ് പ്ലാറ്റ് ഫോമിൽ നിന്നെന്നപോലെ കൈ മുന്നോട്ടു നീട്ടി, ഇരുവശങ്ങളിലേക്കും വീശി, റൂത്ത് താഴേക്കു നീന്തി....

ഒട്ടും ഭാരമില്ലാതെ.....!


(കൂട്ടം.കോമിൽ കഥമത്സരത്തിന്, അവിടെ തന്ന വിഷയത്തിൽ നിന്നുകൊണ്ട് എഴുതിയതാണ് ഇക്കഥ തന്റെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു എന്നു കരുതുന്ന ഒരാളുടെ ആത്മസംഘർഷം ആയിരുന്നു വിഷയം.)

Thursday, December 16, 2010

ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!

ഈയിടെയായി മിക്കരാത്രികളിലും അങ്ങനെയാണ്. ഉറക്കം ശരിക്കൊന്നു പിടിച്ചുവരുമ്പോൾ സ്വപ്നത്തിൽ ആ കറുമ്പിപ്പൂച്ച - ഒരു ചക്കിപ്പൂച്ച - കടന്നു വരുന്നു. കൂർത്തു മൂർത്ത നോട്ടമെറിഞ്ഞ് നേഹയുടെ ഉറക്കം കെടുത്തുന്നു. ഒരു വേള, കിടപ്പുമുറിയുടെ താക്കോൽ പഴുതിലൂടെ പോലും ആ നോട്ടം തന്നെ തേടി വരുന്നോ എന്ന് അവൾ ഭയപ്പെടാൻ തുടങ്ങി.

ആദ്യമൊക്കെ അവൾ ഞെട്ടിയുണർന്ന് ലൈറ്റിടുമ്പോൾ ശരൺ ഉണർന്നു നോക്കുകയും. “എന്തു പറ്റി മോളേ...?” എന്നു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യയ്ക്കിതു പതിവായതോടെ അയാൾ തലമൂടിക്കിടന്നുറങ്ങാൻ തുടങ്ങി.

തന്റെ ആകുലതകൾക്കു യാതൊരു വിലയും കൽ‌പ്പിക്കാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ നേഹയ്ക്കു കരച്ചിൽ വരും. ശരണിനെപ്പോഴും തെരക്കു തന്നെ. ടെക്‌നോപാർക്കിൽ ജോലി. രാവിലെ എട്ട് മണിക്ക് ഓഫീസിൽ പോകും. ഒൻപതു മുതൽ ഒൻപതു വരെയാണ് ഓഫീസ്. രാത്രി പത്തു മണിയോടെ വീട്ടിലെത്തും. പതിനൊന്നു മണിക്കു കിടന്നാൽ പിന്നെ രാവിലെ ഏഴു മണി വരെ ഉറക്കം. ഉണർന്നാൽ പല്ലുതേപ്പ്, കുളി, പാൽക്കഞ്ഞി, ഡ്രെസിംഗ്.

പരസ്പരം എന്തെങ്കിലും പറയാൻ കിട്ടുന്നത് രാത്രി പത്തു മുതലുള്ള ഒരു മണിക്കൂറാണ്. അതിൽ അര മണിക്കൂർ ഡൈനിംഗ് ടേബിളിൽ, ശരണിന്റെ അമ്മയ്ക്കൊപ്പം.   ചുട്ടരച്ച ചമ്മന്തിയും, മാമ്പഴപ്പുളിശേരിയുമാണ് ശരണിന്റെ ഫേവറിറ്റ്. അത് വിളമ്പിക്കഴിഞ്ഞ് എങ്ങനെയുണ്ടെന്ന പതിവു ചോദ്യം. അസ്സലാ‍യിരിക്കുന്നു എന്ന മകന്റെ മറുപടി.പുളകിത ലലനാമണിയായി അമ്മയുടെ കടക്കൺ നോട്ടം...

ശേഷിക്കുന്ന അരമണിക്കൂർ ഒരിക്കലും ഒന്നിനും ഒന്നിനും തികയാറില്ല. തളർന്നുറങ്ങുന്ന ശരണിനെ നോക്കി കരിമ്പൂ‍ച്ചക്കണ്ണുകൾ സ്വപ്നം കാണാൻ നേരം കാത്ത് നേഹ കിടക്കും.

താൻ ഭാഗ്യവതിയാണ് എന്ന ചിന്ത നേഹയുടെ മനസ്സിൽ അനുനിമിഷം മരിച്ചുകൊണ്ടിരുന്നു. സത്യത്തിൽ ശരണിന്റെ അമ്മ തന്നെ ഇതു വരെ ശകാരിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല, ദേഹോപദ്രവം ഏൽ‌പ്പിച്ചിട്ടുമില്ല. പക്ഷേ ഈ പെരുമാറ്റം... അത് വല്ലാതെ ശ്വാസം മുട്ടിക്കുന്നതാണ്.

താൻ ചെയ്യാൻ മറക്കുന്ന ഓരോ കാര്യവും അവർ ശ്രദ്ധയോടെ ചെയ്യുന്നത് ആദ്യമൊക്കെ കൌതുകത്തോടെയായിരുന്നു നേഹ നോക്കിക്കണ്ടിരുന്നത്.

ഒരു ലൈറ്റോ, ഫാനോ ഓഫ് ചെയ്യാൻ ഒരു മിനിറ്റ് വൈകിയാ‍ൽ ശരണിന്റമ്മ അത് ഓഫ് ചെയ്യും.
ഊണു കഴിഞ്ഞാൽ മേശപ്പുറം തുടയ്ക്കാൻ ഒരു ഞൊടി വൈകിയാൽ പിന്നെ അവൾ അതു തുടയ്ക്കേണ്ടി വരില്ല.

ഇനി, ഏതെങ്കിലും കാര്യം മറക്കാതെ, കൃത്യസമയത്തു തന്നെ ചെയ്താ‍ലോ........താൻ ചെയ്തു വച്ച ഓരോ കാര്യത്തിനും മീതെ ഉണ്ടാവും, അവരുടെ വക ഒരു ഫിനിഷിംഗ് ടച്ച്.

എന്നാൽ പോകെപ്പോകെ താൻ എന്തുകാര്യം ചെയ്താലും കൂർത്ത കൺ മുനകൾ തനിക്കു നേരെ നീളുന്നത് അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.മനപ്പൂർവം, ചെയ്യണമെന്നു വിചാരിച്ചാൽ പോലും തനിക്കു മുന്നെ അവർ എത്തിയിരിക്കും, എല്ലായിടത്തും!

ഇത്ര വലിയ വീടല്ലെങ്കിലും സ്വന്തം വീട്ടിലെ സൌകര്യങ്ങൾ അവളിൽ ഗൃഹാതുരത്വം ഉണർത്തി.
കുളിക്കുമ്പോൾ, വിസ്തരിച്ചു കുളിക്കണം എന്നത് കുട്ടിക്കാലത്തേയുള്ള ശീലമാ‍ണ്. ഇവിടെ കുളിമുറിയിൽ ഷവർ ഇല്ല.

പൈപ്പിലൂടെയാണെങ്കിൽ മൂത്രം ഒഴിക്കുന്ന സ്പീഡിലും വണ്ണത്തിലുമാണ് വെള്ളം വരുന്നത്!
ബാത്ത് ടബ് വാങ്ങാം എന്നു നിർദേശിച്ചു.

അത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ലത്രെ!

മാത്രവുമല്ല, ഒരു ബക്കറ്റ് വെള്ളത്തിലാണത്രെ ശരണിന്റമ്മ കുളിക്കാറ്‌.ശരണിന്റച്ഛനും അങ്ങനെയായിരുന്നത്രെ; ഇപ്പോൾ വർഷങ്ങളായി ശരണും!

അതുകൊണ്ട് താ‍നും ഒരു ബക്കറ്റ് വെള്ളത്തിൽ തന്നെ കുളിച്ചാൽ പോരേ എന്നു ശരൺ!

ഇവിടിപ്പോൾ ഓരോരുത്തരുടെ വീട്ടിൽ ഷവർ ക്യൂബിക്കിൾ അല്ലെങ്കിൽ റെയിൻ ഷവർ ഒക്കെയായിക്കഴിഞ്ഞ കാലത്താണിങ്ങനെ!

ഇതൊക്കെ ആരോട് പറയാൻ! ഒന്നരലക്ഷം ശമ്പളമുണ്ട് ശരണിന്. അമ്മയ്ക്കു പെൻഷൻ. അച്ഛന്റെ ഫാമിലി പെൻഷൻ....!

ഇതൊന്നും പോരാഞ്ഞാവും, ഈയിടെ ബാത്ത് റൂമിലെ ഓവുചാലിനോട് ചേർന്ന് വെണ്ടക്കൃഷിയും തുടങ്ങിയിരിക്കുന്നു, ശരണിന്റമ്മ! മരുമകൾ വെയ്സ്റ്റാക്കുന്ന വെള്ളം മതിയല്ലോ അവയ്ക്കു വളരാൻ!

വെള്ളാരം കണ്ണുള്ള ചുള്ളൻ പയ്യനോട് പ്രേമം മൂത്തുനടക്കുന്നകാലത്ത് ചോദിക്കണമായിരുന്നു, അവന്റെ വീട്ടിലെ കുളിമുറിയെപ്പറ്റിയും, കുളിയെപ്പറ്റിയും!!

അന്ന് തല നിറയെ അവനോടുള്ള പ്രണയമായിരുന്നു. ഫലം, എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ അവൻ എൻജിനീയറിംഗിനു പോയി. താൻ ഡിഗ്രി സുവോളജിക്കും! പഠിത്തം ഉഴപ്പിയതിൽ ആദ്യമായി, ആത്മാർത്ഥമായി നേഹയ്ക്കു ദു:ഖം തോന്നി.

ഇതിപ്പോൾ ഈ വീട്ടിൽ തന്റെ റോൾ എന്താണ്?.... അവൾ ആകുലപ്പെട്ടു.

ഒടുവിൽ ഒരു ദിവസം, കിടക്കാൻ നേരം ശരണിനോട് അമ്മയുടെ പെരുമാറ്റത്തെപ്പറ്റി സൂചിപ്പിച്ചു.

“ഇരുപത്തിനാലുമണിക്കൂറും പിന്നിൽ രണ്ടു കണ്ണുകൾ പിൻ തുടരുന്നുണ്ടെന്ന പേടിയിൽ എത്രനാൾ ജീവിക്കും? ചെയ്യുന്ന പ്രവർത്തികളെല്ലാം അളന്നു മുറിച്ച് ഒട്ടും കുറയാതെയും കൂടാതെയും ചെയ്യാൻ ഈ ലോകത്താർക്കു പറ്റും? ഇതല്പം കടന്ന കൈ തന്നെ... ”

“അമ്മ ഒന്നും മനപ്പൂർവം ചെയ്യുന്നതല്ലല്ലോ.... പഴയ ആൾക്കാരല്ലേ... അവരുടെ ശ്രദ്ധ നമ്മുടെ തലമുറയ്ക്കില്ലല്ലോ....ഇൻ ഫാക്റ്റ് ഷി ഈസ് വെരി ഫോണ്ട് ഓഫ് ഹെർ ഡോട്ടർ ഇൻ ലോ, യു നോ...” ശരൺ അവളോടു പറഞ്ഞു.

“എനിക്കറിയാം ശരൺ..... ഇതു വരെ എന്നെ വഴക്കു പറഞ്ഞിട്ടേ ഇല്ല. പക്ഷേ എന്തിനിങ്ങനെ എപ്പോഴും പിന്നാലെ നടന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്നു.... അത്ര കൊച്ചുപെണ്ണാ ഞാൻ?”

നേഹ പോകുന്നിടത്തെല്ലാം പത്തു ചുവടു പിന്നിലാ‍യി സുഹാസിനിയമ്മ ഉണ്ടാകും!

അവൾ ഒരു മുറിയിൽ നിന്നു പുറത്തിറങ്ങിയാൽ അപ്പോ ആ മുറിയിൽ പോയി ലൈറ്റ് ഓഫാണോ, ഫാൻ ഓഫാണോ എന്നു ചെക്ക് ചെയ്യും. ഓഫല്ലെങ്കിൽ ഓഫ് ചെയ്യും. അടുത്ത നിമിഷം മുറിയിൽ തിരിച്ചെത്തിയാൽ നേഹ കാണുന്നത് ഓഫായ ഫാനാവും. പിന്നെ അതു വീണ്ടും ഓണാക്കണം.

മ്യൂസിക് സിസ്റ്റം ഓൺ ചെയ്താൽ അല്പം കഴിയുമ്പോൾ അതിന്റെ സൌണ്ട് നേർത്തു വരും!

ഒന്നിനും അമ്മായിയമ്മ അവളെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എങ്കിൽക്കൂടി, പതിന്നാലു ദിവസത്തിനുള്ളിൽ തന്നെ പുതുജീവിതം അവളിൽ ഒരു ഒരു ശ്വാസമുട്ടലായി മാറി.

അങ്ങനെയിരിക്കെ ഒരു നാൾ അമ്മ പെൻഷൻ വാങ്ങാൻ പോയി. ആദ്യമായാണ് നേഹ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക്. ശരണിന്റമ്മ ഗെയ്റ്റടച്ചു പോയപ്പോൾ, എന്തോ, നേരിയൊരു ഭയം തോന്നിത്തുടങ്ങി.

ഭയവും ബോറടിയും ഒരുമിച്ചപ്പോൾ മ്യൂസിക് സിസ്റ്റം ഓൺ ചെയ്ത് ബെഡ് റൂമിൽ കിടന്ന് പാട്ടുകേട്ടു കുറേ നേരം പോയി.

ഉണർന്നപ്പോൾ പാട്ടു നിലച്ചിരിക്കുന്നു.

കറന്റു പോയതാവുമോ?

ഫാൻ മെല്ലെ കറങ്ങുന്നുണ്ടല്ലോ!

കിച്ചണിൽ എന്തോ ഒരു ശബ്ദം!

പെരുവിരൽ മുതൽ ഒരു വിറയൽ ബാധിച്ചു.

അവിടെ ആരോ നടക്കുന്നതുപോലെ.

ഭയം കൊണ്ട് അനങ്ങാൻ കഴിയുന്നില്ല.

ഒടുവിൽ കാൽ‌പ്പെരുമാറ്റം ഡൈനിംഗ് റൂമിലെത്തി. നോക്കിയപ്പോൾ കയ്യിൽ കട്ടൻകാപ്പിയുമായി ശരണിന്റമ്മ!

ഷുഗറും, പ്രഷറും ഒപ്പം കൊളസ്ട്രോളും ഉള്ളതുകൊണ്ട് പാലിട്ട ചായ പതിവില്ല. അവർക്കുള്ള കട്ടൻ അവരിട്ടു!

ഇവർ എങ്ങനെ ഉള്ളിലെത്തി!?

ബോൾട്ടിട്ടിരുന്നില്ലെങ്കിലും, ഡോർ ലോക്ക് ചെയ്തതായിരുന്നല്ലോ.... അതോ താൻ വാതിൽ പൂട്ടാൻ മറന്നോ?

ഉറക്കച്ചടവിൽ നിന്നുണർന്നതു കൊണ്ടാവും ചിന്തയ്ക്ക് വേഗം കുറവാണ്.

ഒന്നും മനസ്സിലായില്ല.

ചോദിക്കാൻ ഒരു മടി. ശരണിന്റമ്മ ഒന്നും പറഞ്ഞും ഇല്ല.

വൈകിട്ട് ശരൺ വന്നപ്പോൾ, മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. അപ്പോഴല്ലെ രസം!

വീടിന് രണ്ടു താക്കോൽ ഉണ്ട്. അകത്തു നിന്നും പുറത്തു നിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന രണ്ട് താക്കോലുകൾ.

ഒന്ന് അമ്മയുടെ കൈവശം ആണ്. അതുപയോഗിച്ചാവും തുറന്നത്!

ഹോ! ഭയങ്കരി!

ശരണിന്റമ്മ എന്താവും തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല. പുറത്തുപോയിവരുമ്പോൾ ഫ്രണ്ട് ഡോർ രഹസ്യമായി തുറന്ന് അകത്തു വന്നത് എന്തിനാവും?

ഇതൊക്കെ കാര്യമായെടുക്കാനുണ്ടോ എന്നാണ് ശരൺ ചോദിക്കുന്നത്.

നിന്നെ അമ്മ ഒരിക്കലെങ്കിലും വഴക്കു പറയുകയോ, കുറ്റപ്പെടുത്തുകയൊ ചെയ്തിട്ടില്ലല്ലോ.... പിന്നെന്താണ്!?

തനിക്ക് ജാരന്മാർ വല്ലവരും ഉണ്ടോ എന്ന് അവർ സംശയിക്കുന്നുവോ?

ശരൺ ഉറങ്ങിയിട്ടും നേഹ കമ്പ്യൂട്ടറിൽ തങ്ങളുടെ കല്യാണ ഫോട്ടോസ് നോക്കി വെറുതെയിരുന്നു. ഉറങ്ങാൻ അവൾക്കു ഭയം തോന്നി. ഫോട്ടോസ് നോക്കി മടുത്തപ്പോൾ മറ്റു ചിത്രങ്ങൾ നോക്കി. പെട്ടെന്ന് അവളുടെ ദൃഷ്ടി ഒരു പൂച്ചയുടെ പിക്ചറിൽ ഉടക്കി. ശരിക്കും ഒരു കരിമ്പൂച്ച! ശരൺ എന്തിനാണാവോ ഈ വൃത്തികെട്ട ജന്തുവ്വിന്റെ പടം കമ്പ്യൂട്ടറിൽ ഇട്ടിരിക്കുന്നത്!

നോക്കിയിരുന്നപ്പോൾ ഒരു മോർഫിംഗിലെന്നോണം പൂച്ചയുടെ മുഖം മാറി ശരണിന്റമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു! കണ്ണുകൾക്ക് ഒരു മാറ്റവുമില്ല! അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ശരണിന്റെ അരികിലേക്കു ചുരുണ്ടു.

രാവേറെ ചെന്നിട്ടും നേഹയ്ക്കുറക്കം വന്നില്ല. എപ്പോഴോ മയങ്ങിയിരിക്കണം. മയക്കത്തിൽ ആ ചക്കിപ്പൂച്ച അവളെ വിടാതെ പിൻ തുടർന്നു. വെള്ളാരങ്കല്ലുകൾ പോലെയുള്ള കണ്ണുകൾ നീട്ടി, അവൾ പോയിടത്തൊക്കെ അവൾക്കു പിന്നാലെ.

പിന്നീടെപ്പൊഴോ അതവൾക്കു മുന്നിലെത്തി. തഞ്ചത്തിൽ ഇരുപുറവും ആഞ്ഞ് അവളുടെ നെഞ്ചിലേക്കൊരു ചാട്ടം!

കൂർത്ത നഖങ്ങൾ നെഞ്ചിലാഴ്ന്നിറങ്ങിയപ്പോൾ വേദന സഹിക്കവയ്യാതെ അവൾ അലറി വിളിച്ചു.

ശരൺ ഞെട്ടിയുണർന്നു ലൈറ്റിട്ടു.

“എന്തു പറ്റി നേഹാ..?” അവൻ അനുതാ‍പത്തോടെ ചോദിച്ചു.

“ഒന്നുമില്ല.... ഒരു സ്വപ്നം....” അവൾ പറഞ്ഞൊഴിഞ്ഞു.

അവൻ തിരിഞ്ഞു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ നിദ്രപൂകി.

കൺ തുറന്നു കിടന്ന് അവൾ രാ വെളുപ്പിച്ചു.

പിറ്റേന്ന് പത്തുമണിയായപ്പോൾ ശരണിന്റമ്മ ഏജീസ് ഓഫീസിൽ പോകാനിറങ്ങി.

താക്കോൽ വച്ച് ഡോർ ലോക്ക് ചെയ്യുന്നതിനു പകരം ബോൾട്ടിട്ടാലോ.... അവൾ ചിന്തിച്ചു. അവർ വെളിയിൽ നിന്ന് ബെല്ലടിക്കട്ടെ.

അങ്ങനെയായാൽ ജാരനെ താൻ അടുക്കളവാതിലിലൂടെ പുറത്തു വിട്ടുകാണും എന്ന് അവർ സംശയിച്ചു കൂടായ്കയില്ല!

അതോർത്തപ്പോൾ അവൾക്ക് നേരിയ ചിരി വന്നു. ഒപ്പം ഒരു കുസൃതി ചിന്തയും... ബോൾട്ടിടുന്നതിനു പകരം അതു നടപ്പാക്കാം!

സുഹാസിനിയമ്മ വരാനായി അവൾ കാത്തിരുന്നു.

അവർ ഗേയ്റ്റ് കടന്നപ്പോൾ അവൾ നേരേ ബെഡ് റൂമിലെത്തി.

കബോഡിന്റെ നടുവിലെ തട്ടിൽ ഒരാൾക്ക് ചുരുണ്ടിരിക്കാനുള്ളത്ര സ്പെയ്‌സ് ഉണ്ട്. ശരണിന്റമ്മ താക്കോൽ ഉപയോഗിച്ച് ഡോർ തുറന്ന നിമിഷം തന്നെ നേഹ കബോഡിനുള്ളിൽ കടന്നിരുന്നു. ബെഡ് റൂമിലെ ലൈറ്റ് മനപ്പൂർവം ഓൺ ആക്കിയിട്ടിരുന്നു.

സുഹാസിനിയമ്മ ഡൈനിംഗ് ഹോൾ കടന്ന് ബെഡ് റൂമിലെത്തി. ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കി. കണ്ണുകൾ നേഹയെ തിരഞ്ഞു. ബാത്ത് റൂം ഡോറിൽ തട്ടിനോക്കി. മറുപടിക്കായി കാത്തു. ഒരു നിമിഷം കഴിഞ്ഞ് അത് തുറന്നു നോക്കി. നിരാശയോടെ, അല്പം ആശങ്കയോടെ അവർ മുറിവിട്ടിറങ്ങുന്നത് കള്ളക്കണ്ണിൽ, കബോഡിന്റെ വിടവിലൂടെ അവൾ കണ്ടു.

സുഹാസിനിയമ്മ പരിഭ്രമത്തോടെ പാഞ്ഞു. ദ്രുത ചലനങ്ങളിൽ അവരുടെ പട്ടുസാരി ഉരഞ്ഞ് ശബ്ദമുണ്ടാക്കി. ബെഡ് റൂമിൽ നിന്ന് ഡൈനിംഗ് ഹാൾ വഴി കിച്ചണിലെക്കും, അവിടെ നിന്ന് വർക്ക് ഏരിയയിലേക്കും, തിരിച്ചും പട്ടുസാരിയുലയുന്ന ശബ്ദം നേഹ ആസ്വദിച്ചു.

ഇപ്പോൾ ശരണിന്റമ്മ കോണിപ്പടികയറുകയാണ്. മുകളിൽ ലൈബ്രറിയും ഒരു ബെഡ് റൂമും ഉണ്ട്. അവിടം താണ്ടി അവർ വീണ്ടും താഴെയെത്തി. ഡൈനിംഗ് റ്റേബിളിൽ വച്ച കൂജയിൽ നിന്ന് തണുത്ത വെള്ളം ഗുളു ഗുളു എന്നൊച്ചയുണ്ടാക്കി അവരുടെ കണ്ഠനാളം വഴി താഴേക്കൊഴുകി.

കസേരയിൽ ഇരുന്നു. പെട്ടെന്നെന്തോ ബുദ്ധിയുദിച്ചമാതിരി അവർ മൊബൈൽ കയ്യിലെടുത്തു. നേഹയുടെ നമ്പർ ഡയൽ ചെയ്തു. അത് കബോഡിനുള്ളിൽ ഇരുന്ന് ചിലച്ചു! ഹോ! മണ്ടത്തരം! നേഹ കബോഡിനുള്ളിലിരുന്ന് തലയിൽ കൈ വച്ചു.

സുഹാസിനിയമ്മ കബോഡിനടുത്തേക്കു വന്നു. നേഹ കണ്ണടച്ചിരുന്നു. ഈ നിമിഷം എങ്ങനെ ഫെയ്‌സ് ചെയ്യണം എന്നോർത്ത് അവൾ പകച്ചു. അത് പ്ലാൻ ചെയ്യാൻ അവൾ വിട്ടുപോയിരുന്നു.
അമ്മായിയമ്മയുടെ പദചലനം കബോഡിനടുത്തെത്തി.

സുഹാസിനിയമ്മ കബോഡിന്റെ വാതിൽ വലിച്ചുതുറന്നു. നേഹ ചലനമറ്റ്, ചത്തപോലെ, കണ്ണടച്ച്, കബോഡിനുള്ളിൽ.

പെട്ടെന്നു കണ്ട ആ ദൃശ്യത്തിന്റെ ഷോക്കിൽ ഒരലർച്ചയോടെ അവർ പിന്നിലേക്കു മലച്ചു. കൺ തുറന്ന നേഹ അമ്മായിയമ്മയെ പിടിക്കാനാഞ്ഞു. അവരുടെ മേലേക്ക് അവൾ പതിച്ചു.

അമ്മായിയമ്മ മലർന്നും മരുമകൾ അവർക്കു മീതെ കമിഴ്ന്നും മാർബിൾ പതിച്ചതറയിൽ പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ സുഹാസിനിയമ്മയുടെ തല ശക്തിയായി നിലത്തിടിച്ചു. അത് ഇടതും വലതും ചലിച്ചു. പിന്നെ നിശ്ചലമായി.

സുബോധം വന്ന നിമിഷങ്ങൾക്കൊടുവിൽ ശരണിന്റമ്മയുടെ കണ്ണുകൾ കണ്ണടയ്ക്കുള്ളിലൂടെ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണെന്ന് നേഹ തിരിച്ചറിഞ്ഞു.

ഇനി ഒരായുഷ്കാലം മുഴുവൻ ആ കണ്ണുകൾ തന്നെ പിൻ തുടരും എന്നവൾക്കുറപ്പായി.

Sunday, December 5, 2010

പഞ്ചമന്റെ അവതാരങ്ങൾ!!!

ബോധിസത്വൻ അസംതൃപ്തനാണ്. കൈകൾ തെരുപ്പിടിച്ച്, ദീർഘനിശ്വാസങ്ങളുതിർത്ത്, വിദൂരതയിൽ കണ്ണും നട്ടുകൊണ്ട് കുറെനേരമായി ഒരേ നിൽപ്പാണ്.

ശാന്തി തേടി നിരവധിയിടങ്ങളിൽ അലഞ്ഞു. പക്ഷേ എങ്ങും കിട്ടിയില്ല. അങ്ങനെയാണ് ധർമ്മസ്ഥലയിൽ* വന്നത്..... ഇനി കാർക്കളയിൽ* പോകണം; അതുകഴിഞ്ഞാൽ ശ്രാവണബലഗോള*!

എന്നിട്ടു വേണം ജൈനമതം സ്വീകരിക്കാൻ! ബുദ്ധമതം അത്ര പോരാ!

ഇത്രയും കാര്യങ്ങൾ വളരെ വേഗത്തിൽ എനിക്കു മനസ്സിലായി. അമ്പമ്പോ സംസാരസാഗരം ഒരു ഗുരുതര സാഗരം തന്നെ! അല്ലെങ്കിൽ കാലമാടനെ, വേഷത്തിൽ, ഇവിടെ വച്ച് കാണേണ്ടി വരുമായിരുന്നോ! ഞാൻ ശരിക്കും അമ്പരന്നു നിന്നു.

ധർമ്മസ്ഥലയിലേക്ക് ടൂർ വന്ന കുട്ടികൾ നോക്കിയപ്പോൾ അവരുടെ അധ്യാപകൻ കാറ്റുപിടിച്ച കല്ലുപോലെ ഒരു കാഷായക്കാരനു മുന്നിൽ….. കാഷായക്കാരൻ അർദ്ധനിമീലിതനേത്രനായി നിൽക്കുന്നു.

തങ്ങളുടെ വാധ്യാർ കൈവിട്ടു പോയോ എന്ന ആശങ്കയിൽ കുട്ടികൾ ഓടിയെത്തി. അവർക്ക് ധർമ്മസ്ഥലയിലെ കാർ മ്യൂസിയവും ആർട്ട് ഗ്യാലറിയും കാണണം. നിർബന്ധം കലശലായപ്പോൾ ഞാനങ്ങ് സമ്മതിച്ചു. അങ്ങനെ കുട്ടികൾ എന്നെ അന്തരാളത്തിൽ നിന്നു രക്ഷിച്ചു!

നാളെക്കാണാം എന്നു പറഞ്ഞ് ബോധിസത്വനോട് വിടചൊല്ലി.സത്യത്തിൽ തികച്ചും അപ്രതീക്ഷിതമായായിരുന്നു സംഗമം.

എന്റെ നാട്ടുകാരനാണ് ബോധിസത്വൻ. പക്ഷേ, പൂർവാശ്രമത്തിൽ ആരായിരുന്നു ഇതിയാൻ എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും! ബുദ്ധമതത്തിൽ ചേർന്ന ശേഷമാണ് പേരു സ്വീകരിച്ചത്.

ഒൻപതാം ക്ലാസുവരെ പഞ്ചമൻ എന്നായിരുന്നു പേര്. അവൻ ഒൻപത് - സിയിൽ, ഞാൻ ഒൻപത് - ബിയിൽഅതെ! പ്രായത്തിൽ എന്നെക്കാൾ മൂന്നുവർഷം മുൻപിലായിരുന്നെങ്കിലും ഞങ്ങൾ സതീർത്ഥ്യരായിരുന്നു.

അക്കാലത്ത് പെട്ടെന്നൊരുനാൾ അവൻ ബഞ്ചമിൻ ആയി മാറി. കുടുംബമടച്ച് അവർ ബെന്ദിക്കോസു (പെന്തക്കൊസ്ത്) കാരായി മാറിയതാണു കാരണം.

അതോടെ അയലത്തുകാർക്ക് സംഗീത ശുശ്രൂഷ സൗജന്യമായി.സന്ധ്യയായാൽ ബഞ്ചമിൻ പാട്ടുതുടങ്ങും.

എന്നേശുവെപ്പോലാകാനെൻ വാഞ്ചാ

എൻ വാഞ്ചാ എൻ വാഞ്ചാ....

എന്നേശുവെപ്പോലാകാനെൻ വാഞ്ചാ!”

(
പാട്ടിന്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു. വാഞ്ച എന്നാൽ വാഞ്ഛ. വാഞ്ഛ എന്നാൽ ആഗ്രഹം എന്നാണ് അർത്ഥമെന്ന് പിൽക്കാലത്ത് പിടികിട്ടി. എന്നേശു = എൻ യേശു!)

പിന്നെ ചിലപ്പോൾ

എൻ മനോഫാലകങ്ങളിൽ
നിന്റെ കല്പനയോടയിൽ
ജീവിതമാം സീനായ് മാമലയിൽ
ഒരു തീച്ചെടിയായ് വളരേണമേ യഹോവേ!

(
പാട്ട് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെയാണോ എന്ന് എനിക്കൊരു പിടിയുമില്ല, തെറ്റെങ്കിൽ യഹോവ എന്നോട് പൊറുക്കട്ടെ!)

പഞ്ചമന്റെ പാട്ട് പ്രാന്ത് കാരണമാണ് അവർ ബെന്ദിക്കോസായതെന്നാ വെട്ടുക്കിളി സന്തോഷ് എന്നോട് പറഞ്ഞത്. ശങ്കരാഭരണം സിനിമ ഹിറ്റായകാലമായിരുന്നു അത്. അതിലെശങ്കരാ…..”എന്നപാട്ട് പഞ്ചമന്റെ ഒരുവീക്ക്നെസ് ആയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവൻ ഫുൾ വോളിയത്തിൽ അതു പാടും.

എന്നാൽ അത് തീരെ ഇഷ്ടമല്ലാതിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അയാളുടെ പേര് ശങ്കരൻ എന്നായിരുന്നു എന്നതാണ് അതിനു കാരണം. ആൾ മറ്റാരുമല്ല, പഞ്ചമന്റെ ഏക പിതാവ്!

മകൻ മനപ്പൂർവം തന്നെ കൊച്ചാക്കാനുള്ള ഉദ്ദേശം വച്ചാണ് പാട്ടു പാടുന്നതെന്നും,അതിന് തന്റെ പെമ്പ്രന്നോത്തിയുടെ പരോക്ഷ പ്രേരണയുണ്ടെന്നും അയാൾ വിശ്വസിച്ചു. അല്ലെങ്കിലും  ആൺ മക്കൾ പിതാക്കന്മാരുടെ ശത്രുക്കളായിരുന്ന കാലമായിരുന്നല്ലോ അത്. അതുകൊണ്ട് മോന്റെ പാട്ടു തുടങ്ങിയാൽ ഭാര്യക്ക് ഇടി ഉറപ്പ്! ചെറുക്കനെ തല്ലി നോക്കി; വിരട്ടി നോക്കി. നോ രക്ഷ!

ഒടുക്കം തന്റെ പേരുമാറ്റാൻ ശങ്കരൻ കണ്ട എളുപ്പ വഴിയാണത്രെ മതം മാറ്റം!

സംഗതി സത്യമോ കള്ളമോ! എന്തായാലും പഞ്ചമൻ ശങ്കരാ....... എന്ന് ഹിന്ദു ദൈവത്തെവിളിച്ച് അലമുറയിടുന്നതു നിർത്തി. പകരം കൃസ്തീയ സങ്കീർത്തനങ്ങൾ തുടങ്ങി.അതോടെ വീട്ടിൽ ശാന്തിയായി.

മോന് സംഗീതത്തിലുള്ള അഭിവാഞ്ഛയെ തന്നോടുള്ളവൈരാഗ്യമായി തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് പിതാവ് ശങ്കരൻ, സോറി ശമുവേൽ പശ്ചാത്തപിച്ചു. മകന്റെ സങ്കീർത്തനങ്ങൾ ദിവസവും കേട്ട് പിതാവ് കോൾമയിർ കൊണ്ടു!!

കാലക്രമത്തിൽ പിതാവും, പുത്രനും, മാതാവിനൊപ്പം പലയിടങ്ങളിലും സുവിശേഷം പ്രസംഗിച്ചു നടന്നു.

അതിനിടെ, തന്റെ ഭക്തിഗാനസുധ വഴി ബഞ്ചമിൻ ആദ്യ ലൈൻ വലിച്ചു - അതായിരുന്നു ലില്ലിക്കുട്ടി.

കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് മധ്യവേനൽ അവധി വന്നത്. സ്കൂളടച്ചു. നാടായ നാട്ടിലൊക്കെ കുട്ടികൾ മാവുകളും, പറങ്കിമാവുകളും ആഞ്ഞിലികളും കയ്യേറി.

വക്കീലിന്റെ അയ്യത്തെ (പറമ്പത്തെ) ആഞ്ഞിലികൾ (അയിനികൾ) നാടു മുഴുവൻ പ്രശസ്തമാണ്. അതിൽമേജർ സെറ്റ്കയറിക്കഴിഞ്ഞു എന്നറിഞ്ഞ് ഇക്കുറി താമരശ്ശേരി പുരയിടത്തിലുള്ള ആഞ്ഞിലിയിലാണ് പഞ്ചമൻ കയറിയത്.

നല്ല വണ്ണമുള്ള ആഞ്ഞിലിയാണെങ്കിലും, കാലുയർത്തി, മുള്ളുവേലിയുടെ നീളൻ കല്ലിൽ ചവിട്ടിപ്പൊങ്ങിയാൽ ആദ്യത്തെ കവരത്തിൽ പിടിക്കാം.പിന്നെകയറാൻ എളുപ്പം. മരം നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ!

സാധാരണ ആദ്യത്തെ ആഞ്ഞിലിച്ചക്ക പറിച്ചെടുത്താൽ അതിലെ ആദ്യ ചുള ഗണപതിക്ക് എന്നുപറഞ്ഞ് നിലത്തിടുക പതിവായിരുന്നു. എന്നാൽ മതം മാറിയതോടെ പതിവ് വേണ്ടെന്ന്ബഞ്ചമിൻ തീരുമാനിച്ചു. ചുളകളുടെ നിറവും മുഴുപ്പും അവന്റെ കൺട്രോൾ തെറ്റിച്ചു എന്നു പറയുന്നതാണ് ശരി





ഗണപതിയെ വേണ്ടെന്നു വച്ചെങ്കിലുംയഹോവയെ സ്മരിക്കാൻ ആൾ മറന്നും പോയി. ഫലമോ.....ഗണപതിയും തുണച്ചില്ല; യഹോവയുംതുണച്ചില്ല…..! 

ഒരു ചില്ലയിൽ നിന്ന് അടുത്ത ചില്ലയിലേക്ക് കയറാൻ ശ്രമിച്ചതാണ്….

ചില്ലയൊടിഞ്ഞ് ഒരലർച്ചയോടെ പഞ്ചമൻ നിലത്തേക്കു പതിച്ചു; പച്ചില പാരച്യൂട്ടുമായി താഴേക്കുപറന്നു വരുന്ന സൂപ്പർമാനെപ്പോലെ തോന്നിച്ചു കാഴ്ച. ഒരു വ്യത്യാസം മാത്രംസൂപ്പർമാൻ പാന്റ്സിനു പുറമെയിടുന്ന വസ്ത്രം പഞ്ചമൻ ലുങ്കിക്കുള്ളിൽ പോലുംഇട്ടിട്ടില്ല!

സെക്കൻഡുകൾക്കുള്ളിൽ ക്രാഷ് ലാൻഡിംഗ് ; കൃത്യം മുള്ളുവേലിയുടെ മുകളിൽ!

ആഗ്രഹിച്ച ആഞ്ഞിലിച്ചക്ക കയ്യെത്തും ദൂരത്തുണ്ടായിട്ടും ആഞ്ഞിലിച്ചില്ലയ്ക്കടിയിൽ കിടന്ന് ദീനദീനം, നീറി നീറി നിലവിളിച്ചു, പഞ്ചമൻ.

കുട്ടിപ്പട്ടാളവും അലർച്ച കേട്ടെത്തിയ നാട്ടുകാരും കൂടി മരച്ചില്ല പൊക്കി മാറ്റി. അതോടെകൂട്ടത്തിലുണ്ടായിരുന്ന സ്ത്രീജനങ്ങൾ സ്ഥലം വിട്ടു.

അപ്പോഴല്ലേ ദീനദീനമുയരുന്ന നിലവിളിയുടെ യഥാർത്ഥ ഹേതു എന്തെന്ന് നാട്ടാർക്കു മുന്നിൽ വെളിപ്പെട്ടത്!

ഇംഗ്ലീഷ് ഭാഷയിൽ ടെസ്റ്റിസ് എന്നു വിളിക്കുന്ന വൃഷണദ്വയങ്ങൾ മുള്ളുവേലിയിൽകുരുങ്ങിപ്പോയി! സഞ്ചി തുളച്ച് മുള്ളുകമ്പി കയറി. ആകെ ചോരമയം!

ആരൊക്കെയോ കൂടി ആളെപ്പൊക്കി ചുമലിലേറ്റി, നാട്ടിലെ മെഡിക്കൽ കോളേജായ പുല്ലംപള്ളി ആശുപത്രിയിലേക്കു കൊണ്ടുപോയി.

കുട്ടിപ്പട പിന്നാലെ പാഞ്ഞു.

ആശുപത്രീയിലെ നേഴ്സ് ത്രേസ്യാമ്മയുംഅവരുടെ രണ്ട് അസിസ്റ്റന്റ് പെൺകുട്ടികളുംബഞ്ചമിന്റെ പരിചയക്കാരാണ്. അസിസ്റ്റന്റുകളിൽ ഒരുവളെ നിങ്ങൾ ഇപ്പോൾ അറിയും - പേര് ലില്ലിക്കുട്ടി! പോരേ പൂരം!!

തന്റെ കാമുകിക്കു മുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെബഞ്ചമിൻ കിടന്നു. ജനാലയ്ക്കു പുറത്ത് ഞങ്ങൾ കുട്ടിപ്പട സാക്ഷി നിൽക്കെ,ആർത്തനാദങ്ങൾ വകവയ്ക്കാതെ ഡോ.കനകസുന്ദരം സഞ്ചിക്കു സ്റ്റിച്ചിട്ടു!

പിന്നെ ഒരു മാസക്കാലം ബഞ്ചമിൻ പുറത്തിറങ്ങിയില്ല. ത്രേസ്യാമ്മയേയും അസിസ്റ്റന്റുകളേയും എവിടെക്കണ്ടാലും അവൻ മുങ്ങും. ഒൻപതാം ക്ലാസിൽ തോറ്റതോടെ പഠിപ്പു നിർത്തി.പള്ളിയിൽ പോക്കും നിർത്തി. ഒന്നു രണ്ടു കൊല്ലം കഴിഞ്ഞ് ഒരു സുപ്രഭാതത്തിൽആൾ നാടുവിട്ട വാർത്ത ഗ്രാമം കേട്ടു.

അതിനുശേഷം കുറേ നാളുകൾ ഒരു വിവരവും ഇല്ലായിരുന്നു. ഏകദേശം നാലുവർഷം കഴിഞ്ഞ് ഒരു ഞായറാഴ്ച ശങ്കരൻ ഏലിയാസ് ശമുവേലിന്റെ ഭവനത്തിൽ നിന്ന് ഒരു ആർത്തനാദവും അലമുറയും ഉയർന്നുകേട്ടു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഒരു താടിക്കാരന്റെ കഴുത്തിനു പിടിച്ച്അലറിവിളിക്കുന്ന ശമുവേലിനെയായിരുന്നു.

ർക്കും ഒന്നും പിടികിട്ടിയില്ല

നീയിവിടെ പ്രാർത്ഥന കൂടാൻ സമ്മതിക്കില്ല, അല്ലേ!?” ശമുവേൽ അലറി.

മെലിഞ്ഞു നീണ്ട താടിക്കാരനെ ശമുവേൽ കുടഞ്ഞ് നിലത്തെറിഞ്ഞു.

എന്റെ പൊന്നു മോനേ! നീയെന്തിനാ കൊലച്ചതി ചെയ്തേ.....! അയ്യോ....ഇതെങ്ങനെ സഹിക്കും!?” ശമുവേലിന്റെ ഭാര്യ സാറാമ്മ നിലവിളിച്ചു.

മെല്ലെ മെല്ലെയാണെങ്കിലും നാട്ടുകാർക്ക് കാര്യം മനസ്സിലായി. അവരുടെ മകൻ മടങ്ങിവന്നിരിക്കുന്നു. രൂപം മാറി; പേരും മാറി. ബഞ്ചമിൻ ഇപ്പോൾ ബദറുദീൻആയിരിക്കുന്നു!

നാട്ടുകാർ അവതാ പറഞ്ഞു നോക്കി.സാറാമ്മ മകനെ ഉപദേശിച്ചു.എന്നാൽ ബദറുദീൻ നിലപാടു മാറ്റിയില്ല. അതോടെ ശമുവേൽ അവനെ നിഷ്കരുണം വീട്ടിൽ നിന്നിറക്കി വിട്ടു.

ആൾ വീണ്ടും മുങ്ങി

മലപ്പുറത്തു വച്ചാണ് പിന്നീട് കണ്ടത്. തടിപ്പണിയുമായി അവിടെ കൂടി എന്നും ഒരു മൊഞ്ചത്തിയെ നിക്കാഹ് കഴിച്ചു എന്നും പറഞ്ഞു

അന്ന് പക്ഷേ,മറ്റു കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല.


ഇന്നിപ്പോൾ ധർമ്മസ്ഥലയിൽ നാലാമവതാരം പൂണ്ട ഇവൻ, ഇനി ശരിക്കുംപഞ്ചമാവതാരമെടുക്കാൻ പോകുന്നതോർത്ത് ഞാൻ ഊറിച്ചിരിച്ചു.

രാത്രി തന്നെ വെട്ടുക്കിളിയെ വിളിച്ചു. പഞ്ചമന്റെ മലപ്പുറം വീരഗാഥയെക്കുറിച്ച് അന്വേഷിച്ചു.

അദല്ലെ രസം!”അവൻ പറഞ്ഞു. “കല്യാണം കൂടിയ ആദ്യനാളുകളിൽ ബദറുദീന് കുശാലായിരുന്ന്. എന്നാൽ പുലർച്ചെ എണീക്കൽ, അഞ്ചുനേരം നിസ്കാരം, കഠിനാധ്വാനം ഇവയൊക്കെ അവനു മടിയായിരുന്നത്രെ. നിസ്കാരപ്പായിൽ കുത്തിയിരുന്നുറങ്ങും

അങ്ങനെ മൂക്കും കുത്തി ഇരുന്നുറങ്ങിയ പുയ്യാപ്ലയെ ഒരു ദിവസം പുതുപ്പെണ്ണ് പൃഷ്ഠത്തിനിട്ടു ചവിട്ടി, തലകുത്തിവീണ അവനെ വീട്ടിലെ കമ്പിപ്പാരയെടുത്ത് കുത്താൻ ശ്രമിച്ചു. ചന്തിക്കു ചവിട്ടുകിട്ടിയ ബദറുദീൻ പുറത്തേക്കു പാഞ്ഞു.

പെണ്ണ് പിന്നാലെ!

നേരം വെളുത്തിട്ടില്ലാഞ്ഞതിനാൽ മുറ്റത്ത് തുണിയുണക്കാൻ കെട്ടിയിരുന്ന അയയിൽ തട്ടി ബദർ നിലത്തു വീണു. പിന്നാലെവന്നഭാര്യ അവനുമീതെ വീണു. കമ്പിപ്പാര പൃഷ്ടം തുളച്ചു

പെണ്ണിന് ഇടയ്ക്കൊക്കെ ജിന്നിന്റെ ബാധയുണ്ടാകുമായിരുന്നത്രെഅതാണ് ഇവന് ഫ്രീയായി കെട്ടിച്ചു കൊടുത്തത്

അങ്ങനെ മുന്നിലും പിന്നിലും തുള വീണതോടെയാവും അവനു കുടുംബജീവിതത്തിൽ വിരക്തി വന്നത്!” 

വെട്ടുക്കിളിയുടെ കഥനം കേട്ട് ഞാൻ വാ പൊളിച്ചുപോയി!

രാത്രി വൈകിയിരിക്കുന്നു. നല്ല തണുപ്പും. മൂടിപ്പുതച്ചു കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന സാകേത സത്രത്തിനു മുന്നിൽ എന്നെക്കാത്ത് ബോധിസത്വൻ തയ്യാർ!

പ്രാതൽ കഴിക്കുമ്പോൾ അവനോടു ചോദിച്ചു

അല്ല.... കുടുംബം ഒക്കെ ഉപേക്ഷിച്ച് ഇങ്ങനെ അവധൂതനായി നടക്കാൻ എന്താണ് കാരണം?”

ഗൌതമൻ തന്റെ ഓമനപ്പൈതലിനേയും സ്നേഹമയിയായ ഭാര്യയെയും ഉപേക്ഷിച്ചില്ലേ? ബന്ധങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം!”

അപ്പോ നീ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു?” ഉള്ളിൽ പൊട്ടിയ ചിരിയമർത്തി ഞാൻ ചോദിച്ചു.

ഹതെ.... ഉപേക്ഷിച്ചു! ”ബോധിസത്വൻ പറഞ്ഞു.

എങ്കിൽ പിന്നെ എന്തിനാണ് ബുദ്ധമതം ഉപേക്ഷിക്കുന്നത്!?”

അതോ...? അത്..... ബുദ്ധന്റെ തത്വങ്ങളിൽ നിന്ന് ബുദ്ധശിഷ്യന്മാർ വളരെഅകന്നിരിക്കുന്നു. അവർ തേരാവാദികളും വജ്രയാനികളുമായി പിരിഞ്ഞില്ലേ? അതെനിക്കിഷ്ടമായില്ല........ ബോധിസത്വൻ എന്ന നാമധേയം ഞാൻ ഉപേക്ഷിക്കുകയാണ്.....ജൈനനായി, ബന്ധമുക്തൻ എന്ന പേരു സ്വീകരിക്കും ഞാൻ.”

തേരാവാദവും വജ്രയാനവുമൊന്നും ഇപ്പോൾ പുതുതായി ഉണ്ടായതല്ലല്ലോ, പണ്ടേ ഉള്ളതല്ലേ...? എന്റെ ചോദ്യം വായുവിൽ വിലയം പ്രാപിച്ചു.

വികാലൻ ബാധിച്ചാൽ ഓടി രക്ഷപ്പെടുകയല്ലാതെ വേറെ മാർഗമില്ലെന്ന് പഞ്ചതന്ത്രത്തിൽ പണ്ടു വായിച്ചതൊർമ്മ വന്നു. ഇനിയെന്നെങ്കിലും കാണുമ്പോൾ ഇവൻ ഏതു മതത്തിലാവുമോ എന്തോ!

അല്ല..... ഞാനിപ്പോ എന്തു വേണം?” ഞാൻ ചോദിച്ചു.

കാർക്കളയ്ക്കു പോകാൻ സാമ്പത്തിക സഹായം വേണം....  അഞ്ഞൂറിന്റെ ഒരു താൾ  കിട്ടിയാൽ സന്തോഷം!”

ഹോ! രക്ഷപ്പെട്ടു….

തൃപ്തിയായളിയാ തൃപ്തിയായി…. ഇത്രയും വർഷങ്ങൾക്കിപ്പുറം നിന്നെയൊന്നു കാണാൻ കഴിഞ്ഞല്ലോഅപ്പോ നമുക്കിനി മിക്കവാറും ഇസ്രായേലിൽ കാണാം!” ഞാൻ പറഞ്ഞു.

അതെന്താ അളിയാ?” പൂർവാശ്രമത്തിലെ സംബോധന ബോധിസത്വന്റെ നാവിൽ നിന്നുയർന്നു!

ജൈനം കഴിഞ്ഞാൽ ജൂതം എന്നാണല്ലോ......ജൂതന്മാരുടെ കൈകൊണ്ടാകും നിന്റെ അന്ത്യം!”

അഞ്ഞൂറിന്റെ ഒരു നോട്ട്  അവന്റെ കയ്യിൽ തിരുകി ഞാൻ കുട്ടികളുടെ ഇടയിലേക്ക് മുങ്ങി.



*
കർണാടകയിലുള്ള ജൈനതീർത്ഥാടനകേന്ദ്രങ്ങൾ

ചിത്രത്തിനു കടപ്പാട്: http://wearemadeforeachother.blogspot.com/2010/04/blog-post.html