Saturday, March 13, 2010

വിശാലമനസ്കനൊക്കെ എന്തും ആവാലോ...!

അപ്രതീക്ഷിതമായാണ് ബ്ലോഗർ ട്രാൻസ്ഫർ ആയത്.

തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയ്ക്ക്.

ഒറ്റയ്ക്കല്ല, ഒപ്പം ഒരു വനിതയുമുണ്ട്.അവർ ആകെ കലിയിലാണ്.

ബ്ലോഗർ ഒപ്പമുണ്ട് എന്നതല്ല കാരണം.

അവർക്ക് ചോറുപാത്രം എടുക്കാൻ കഴിഞ്ഞില്ലത്രെ!

അത് തിരുവനന്തപുരത്തെ അവരുടെ ഓഫീസ് മുറിയിൽ തന്നെ ഇരിക്കുകയാണ്!

ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്കു പൊകാൻ നേരം ചോറ്റുപാത്രം എടുക്കാൻ മറന്നു. അന്നു വൈകുന്നേരമാണ് ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയത്.വിവരം അധികാരികൾ നേരിട്ടറിയിച്ചു കഴിഞ്ഞു.സെൻട്രൽ കൌൺസിലിന്റെ ഇൻസ്പെക്ഷനായതുകാരണം യാതൊരു ഒഴികഴിവും ഇല്ല. ബുധനാഴ്ചയാണ് ഇൻസ്പെക്ഷൻ. ചൊവ്വാഴ്ച ഹോളിഡേ. തിങ്കളാഴ്ച രാവിലെ തന്നെ അടിയന്തിരമായി തൃപ്പൂണിത്തുറയിൽ റിപ്പോർട്ട് ചെയ്തേ പറ്റൂ.


ജോയിൻ ചെയ്തപ്പോഴല്ലേ പുകിലുകൾ തുടങ്ങിയത്. പത്താം ക്ലാസ് മുതലുള്ള സകല സർട്ടിഫിക്കറ്റുകളും വേണം. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ വേണം. ഇൻസ്പെക്ഷൻ ടീമിനു മുന്നിൽ സമർപ്പിക്കാനാണ്.

“ ചോറ്റുപാത്രം പോലും എടുക്കാതാ ഞാൻ ഓടി വന്നത്. ഇതൊക്കെ കൊണ്ടു വരാൻ ഞാനിപ്പ എന്തര് ചെയ്യും?” തിരുവനതപുരംകാരി പരിതപിച്ചു.

“അതു സാരമില്ല മാഡം. നാളെ ഹോളിഡേ അല്ലെ. നമുക്കു വീട്ടീപ്പോയി സംഘടിപ്പിച്ചു കൊണ്ടു വരാം” ബ്ലോഗർ ആശ്വസിപ്പിച്ചു.

ഓഫീസുകാർക്ക് അതു സമ്മതമായില്ല! ഫോട്ടൊ ഫയലിൽ ഒട്ടിക്കാനുള്ളതാ. ഇന്നു തന്നെ ചെയ്താലേ ബുധനാഴ്ച റെഡിയാകൂ. സർട്ടിഫിക്കറ്റ് പിന്നെയായാലും മതിയത്രെ.

തൃപ്പൂണിത്തുറയിൽ ഇഷ്ടം പോലെ സ്റ്റുഡിയോസ് ഉണ്ടല്ലോ. രണ്ടാളും കൂടി പോയി ഫോട്ടോ എടുത്തു വരൂ. മേധാവി കൽ‌പ്പിച്ചു.

നോ എതിർവാ ഫോർ തിരുവാ...!

രണ്ടാളും കൂടി ഒരു സ്റ്റുഡിയോയിലെത്തി. ഫോട്ടോഗ്രാഫർ എന്നു തോന്നിക്കുന്ന ആരും ഫ്രണ്ടിൽ ഇല്ല. കൌണ്ടറിനടുത്തു നിന്നയാളോട് കാര്യം പറഞ്ഞു. അയാൾ അകത്തേക്കു ചെല്ലാൻ നിർദേശിച്ചു.

അകത്തൊരു പയ്യൻ. രണ്ടാളെയും കണ്ടതോടെ, അവരെ കാത്തിരിക്കുകയായിരുന്നു എന്ന പോലെ പടപടാന്ന് ഉള്ള ലൈറ്റുകൾ എല്ലാം ഓണാക്കി. ഒരു ഫ്ലവർ വെയ്സ് സ്റ്റാൻഡോടെ എടുത്ത് ഇരുവർക്കും അരികിൽ സ്ഥാപിച്ചു.

“സാർ മാഡത്തിന്റെ തോളിൽ കൈ വച്ചു നിൽക്കൂ...നേരേ നോക്കി...” അവൻ ആജ്ഞാപിച്ചു.

ബ്ലോഗർ ഒന്നു പരുങ്ങി.

“യെവൻ ഏതു കോത്താഴത്തുകാരനെടേ!? പാസ്പോർട്ട് സൈസ് ഫോട്ടൊയ്ക്ക് തോളത്ത് കൈവയ്ക്കണ്ട ആവിശ്യം എന്തര്!?” മാഡം ചീറി.

“അതേയ്... ഞങ്ങൾ രണ്ടാൾക്കും വേണ്ടത് പാസ്പോർട്ട് സൈസ് ഫോട്ടോസാ... എത്രയും പെട്ടെന്നു വേണം.”ബ്ലോഗർ വിശദീകരിച്ചു.

“ഓ.. സോറി സർ.... ഒരു കപ്പിൾ ഇപ്പോ വരും എന്നു മാനേജർ പറഞ്ഞേല്പിച്ചിട്ടാ എറണാകുളത്തു പോയത്. ഇപ്പോ എടുക്കാം സർ.” പയ്യന്റെ ക്ഷമാപണം.

ബ്ലോഗർ ഒന്നു തണുത്തു. മാഡം ഈസ് സ്റ്റിൽ ബ്രീതിംഗ് ഫയർ!

അവരുടെ നോട്ടം കണ്ടതോടെ പയ്യൻ പിന്നെ ഒന്നും ഉരിയാടിയില്ല. ക്ലിക്കുകൾ നിശ്ശബ്ദതയെ ഭഞ്ജിച്ച നിമിഷങ്ങൾക്കൊടുവിൽ പയ്യൻസ് പറഞ്ഞു, “സർ അഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യു... പ്ലീസ്..”

രണ്ടാളും ഒരു സോഫയിൽ ഇരുന്നു. അപ്പോ ദാ വരുന്നു ഒരു കപ്പിൾ. ഇരുപത്തഞ്ചാം വിവാഹവാർഷികത്തിന് പത്രത്തിൽ കൊടുക്കാനാണത്രെ ഫോട്ടോ.

അപ്പോ ഇതാണ് ഒറിജിനൽ ആക്ടേഴ്സ്. തങ്ങൾ വെറും ഡ്യൂപ്പുകൾ!ബ്ലോഗർ പരിതപിച്ചു.

മാഡത്തിനു കലിവന്നത് അതോർത്തിട്ടല്ല. തന്നെയും തന്നെക്കാൾ പത്തു വയസിനു ഇളയ ബ്ലോഗറെയും കണ്ട്, തങ്ങൾ ഇരുപത്തഞ്ചു വർഷം മുൻപേ വിവാഹിതരായി എന്ന് ആ സാമദ്രോഹി കൂതറ ചെറുക്കൻ നിരുവിച്ചു കളഞ്ഞല്ലോ!

മിനിറ്റുകൾക്കുള്ളിൽ ഫോട്ടോസ് കിട്ടി. ഓഫീസിൽ ഏൽ‌പ്പിച്ചു. ഊണു കഴിച്ചു. അടുത്ത ലക്ഷ്യം നേരേ എറണാകുളം. ബസ്സിൽ പനമ്പിള്ളി നഗർ ടിക്കറ്റ് എടുത്താ മതി. അവിടുന്ന് ഓട്ടോയിൽ രണ്ടു മിനിറ്റുകൊണ്ട് സൌത്ത് റെയിൽവേ സ്റ്റേഷന്റെ ബാക്കിലെത്താം.... ബ്ലോഗർ തന്റെ എറണാകുളം സ്ഥല വിജ്ഞാനം പുറത്തിറക്കി.

“വോ... നമ്മള് സ്റ്റേഷന്റെ ബായ്ക്കിലാണാ പോണത്? അതെന്തര് അങ്ങനെ?”

അവരുടെ ചോദ്യത്തിലെ ആപൽ ശങ്ക മനസ്സിലാക്കി പെട്ടെന്ന് ബ്ലോഗർ പറഞ്ഞു “മാഡം അവിടെ രണ്ട് ടിക്കറ്റ് കൌണ്ടർ ഉണ്ട്. ക്യൂവിൽ തെരക്കു കുറവായിരിക്കും.”

അടുത്തു വന്ന ഏറണാകുളം ബസ്സിൽ രണ്ടാളും കയറി. ബ്ലോഗർ രണ്ട് പനമ്പിള്ളി നഗർ ടിക്കറ്റ് പറഞ്ഞു. കണ്ടക്ടർ നിഷേധാർത്ഥത്തിൽ തലയാട്ടി “ഇല്ല, പോകില്ല..”

“അതെന്താ ഇത് എറണാകുളം ബസ് അല്ലേ?” ബ്ലോഗർ ചോദിച്ചു.

“സാറേ ഈ ബസ് കടവന്ത്ര വഴിയാ. ഇപ്പോ എല്ലാ ലോങ്ങ് റൂട്ട് ബസ്സും ആ വഴിയാ പോകുന്നത്. സാറിവിടെ പുതിയാളാ, ല്ലേ!?”

ബ്ലോഗർ ബലൂൺ ചൊട്ടും പോലെ മെല്ലെ....!

“കടവന്ത്ര എങ്കിൽ കടവന്ത്ര. അവിടുന്ന് ഓട്ടോയിൽ പോകാം” ബ്ലോഗർ മുഖത്തു നോക്കാതെ സഹയാത്രികയോടു മൊഴിഞ്ഞു. അവരുടെ മുഖത്ത് ഒരു വിശ്വാസക്കുറവ്.

എന്തായലും പ്രൈവറ്റ് ബസ്സുകാരൻ മിനിറ്റുകൾക്കുള്ളിൽ പറന്നു കടവന്ത്ര എത്തി. രണ്ടാളും പുറത്തിറങ്ങി. ഓട്ടോയിൽ രണ്ടു മിനിറ്റുകൊണ്ട് സൌത്ത് റെയിൽവേ സ്റ്റേഷന്റെ പിന്നിലത്തെ എൻട്രൻസിൽ എത്തി. രണ്ടു ക്യൂവേ ഉള്ളൂ. ഏതു ക്യൂവിൽ നില്ക്കണം എന്നു സംശയം. സാധാരണ താൻ ഏതു ക്യൂവിൽ നിന്നാലും മറ്റേ ക്യൂവാകും വേഗം ചലിക്കുക എന്നു ബോധ്യമുള്ളതു കൊണ്ട് ബ്ലോഗർ പറഞ്ഞു “മാഡം ആ ക്യൂവിൽ നിൽക്കൂ. ഞാൻ ഇവിടെ നിൽക്കാം”

ബ്ലോഗറുടെ കണക്കുകൂട്ടൽ തെറ്റിയില്ല. മാഡം ആദ്യം ടിക്കറ്റ് കൌണ്ടറിൽ എത്തി. ടിക്കറ്റ് എടുത്തു. രണ്ടു സ്ലീപ്പർ ക്ലാസ് ടിക്കറ്റ്സ്.

അപ്പോഴേക്കും ട്രെയിൻ അനൌൺസ് ചെയ്തു കഴിഞ്ഞു. ഫ്ലൈ ഓവർ തൊട്ടടുത്താണ്. നാലാമത്തെ പ്ലാറ്റ്ഫോമിൽ ആണു നേത്രാവതി എക്സ്പ്രസ് സാധാരണ വരുന്നത്. ബ്ലോഗർ പിന്നെയും തന്റെ വിജ്ഞാന ഭണ്ഡാഗാരത്തിന്റെ കെട്ടഴിച്ചു. പക്ഷേ കൂട്ടുകാരി തെല്ലും മൈൻഡ് ചെയ്തില്ല.

“ഓവർ ബ്രിഡ്ജൊക്കെ കേറി അങ്ങെത്തുമ്പഴേക്കും ട്രെയിൻ ഇഞ്ഞു വരും. ഇരിക്കാൻ പോലും ഇത്തിപ്പോലം എടം കിട്ടൂല...” പാച്ചിലിനിടെ അവർ പറഞ്ഞു.

കുറുകെ അയൺ റെയിൽ വച്ച വേലിയാണു മുന്നിൽ. ട്രെയിൻ വരുന്ന് കാഴ്ചകണ്ടപ്പോൾ മാഡം പാഞ്ഞു.
പിന്നലെ ബ്ലോഗറും. അയൺ റെയിൽ ചാടിക്കടന്നു. ഞൊടിയിടയിൽ ആറും അഞ്ചും പ്ലാറ്റ്ഫോമുകളിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളിലൂടെ ഊർന്ന് മാഡം പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. പിന്നാലെ കിതച്ചുകൊണ്ട് ബ്ലോഗറും.

അമ്പോ! ബ്ലോഗറുടെ പരിപ്പിളകി!

അയാൾ അമ്പരന്നു നോക്കുമ്പോഴേക്കും അവർ പറഞ്ഞു “ ലോ ആ നടുക്കത്തെ ബോഗീക്കേറാം... വെക്കം വാ...” വണ്ടി വന്നു നിന്നു കഴിഞ്ഞു. സ്ലീപ്പർ ക്ലാസിൽ പൂരത്തിനുള്ള ആൾക്കൂട്ടം.

ഇടിച്ചു കയറി. ഭാഗ്യം ഇരിക്കാൻ സീറ്റു കിട്ടി.

കിതപ്പാ‍റിയപ്പോൾ ബ്ലോഗർ ചോദിച്ചു “ മാഡം സ്പോട്സ് ക്വോട്ട ആയിരുന്നോ!?”

“ വോ... തെന്നെ. ഹർഡിൽസ് !”

കാലു നീട്ടി വച്ചുള്ള ആ ഓട്ടവും അയൺ റെയിൽ ചാട്ടവും ഒക്കെ കണ്ടപ്പഴെ തോന്നി... അയാൾ ആത്മഗതം ചെയ്തു.

ഒന്നു നടു നിവർത്തി, കാൽ നീട്ടി ഇരുന്നപ്പോഴേക്കും മുന്നിൽ ഒരു വെള്ളക്കരടി!

“ അബേ... യെ മേരാ സീട്ട് ഹൈ! ഹട്ട് ജാവോ!”

എന്റമ്മോ ഇവൻ ആര്?

“ഒന്നും മനസ്സിലായില്ല...” ബ്ലോഗർ വിക്കി.

“ആ സീറ്റ് അങ്ങേരുടെയാന്നാ തോന്നണത്.... എണീക്കാവോ എന്നാ ചോദിച്ചത്”മാഡം ഭാഷാന്തരീകരിച്ചു.

അവർ പണ്ട് നാഷനൽ ഗെയിംസിന് ഡൽഹിയിലും ചണ്ഡിഗറിലും ഒക്കെ പോയിട്ടുള്ളതാ. ഹിന്ദീ മാലൂം.

പക്ഷേ അയാളുടെ മുഖഭാവം കണ്ടിട്ട് അങ്ങനെയാണ് പറഞ്ഞതെന്ന് ബ്ലോഗർക്കു വിശ്വാസം വന്നില്ല! തെറി പറഞ്ഞതാവും! കൂടുതൽ എന്തിനാ കേൾപ്പിക്കുന്നത്...

ബ്ലോഗർ എണീറ്റു. ഒരു പെൺകുട്ടി സൈഡ് ലോവർ ബെർത്തിൽ കാൽ നീട്ടി വച്ച് ഇരിക്കുന്നു. അയാളുടെ നിസഹായാവസ്ഥ കണ്ടാവും അവൾ കാൽ മടക്കി വച്ചു.

ബർത്തിന്റെ എതിർ തലയ്ക്കൽ അയാൾ ഇരുന്നു.

“ഭാട്ട് ഈജ് യോർ നേം?”തടിയൻ വെള്ളകരടി വിടാനുള്ള ഭാവമില്ല.

(വാട്ട് ഈസ് യുവർ നെയിം എന്നു മലയാളം)

"ഓ! ബംഗാളിയാണല്ലേ..!” ബ്ലോഗർ മൊഴിഞ്ഞു.എന്നിട്ടു സ്വന്തം പേരു പറഞ്ഞു.

“എങ്ങനെ മനസ്സിലായി?” മാഡം ചോദിച്ചു.

ബ്ലോഗറുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അർമാദിക്കാൻ കിട്ടിയ അവസരം! താൻ ഒരു സംഭവം ആണെന്ന പരമാർത്ഥം മാഡം മനസ്സിലാക്കിയില്ലെങ്കിലും ഓപ്പസിറ്റ് ഇരിക്കുന്ന പെൺകുട്ടിയെങ്കിലും മനസ്സിലാക്കണം.

“ അതീ ബംഗാളികൾ ‘വ’ പറയണ്ട സ്ഥലത്തെല്ലാം ‘ബ’ പറയും. വിമൽ എന്നു പറയില്ല; ബിമൽ എന്നു പറയും.

‘അ’എന്നുച്ചരിക്കേണ്ടിടത്ത് ‘ഒ’ എന്നു പറയും. പ്രതിമ എന്നു പറയില്ല; പ്രൊതിമ എന്നേ പറയൂ. കേട്ടിട്ടില്ലേ പ്രൊതിമ ബേഡി?”

ഇത്രയുമായപ്പോൾ എതിർ വശം ഇരുന്ന പെൺകുട്ടി മിഴിയുയർത്തി. അവൾ ഇംപ്രെസ്ഡ് ആയി! ബ്ലോഗ്ഗർ ആവേശഭരിതനായി.

ഇതൊക്കെ കണ്ടും കേട്ടും വെള്ളക്കരടി പന്തം കണ്ട പെരുച്ചാഴിയായി. അയാൾക്കെന്തോ തന്നോട് ചോദിക്കാനുണ്ട് എന്നു മാഡം പറഞ്ഞു.

“മാതൃഭാഷാസ്നേഹമില്ലാത്തവൻ! ബംഗാളിയ്ക്കു പകരം ഇവൻ ഹിന്ദിയിൽ ചോദിക്കും. അതിനു മുൻപ് മുൻപ് ഇംഗ്ലീഷിൽ ചോദിക്കാം!” ബ്ലോഗർ ചിന്തിച്ചു.

ബംഗാളിയിലെങ്ങാനും അവൻ ചോദിച്ചാൽ ഇപ്പ നിലം പരിശാക്കും നിന്നെ എന്ന മട്ടിൽ ബ്ലോഗർ ഇരുന്നു.

ബംഗാളി പരുങ്ങി ഇരിക്കുകയാണ്.

ബ്ലോഗ്ഗർക്ക് അലിവു തോന്നി. കാര്യം തന്നെ സീറ്റിൽ നിന്നു പൊക്കിയവനാണ്. എന്നാലും നമ്മൾ കശ്മലന്മാരാകരുതല്ലോ...

“വാട്ട് ഈസ് യുവർ നെയിം?” ബ്ലോഗർ ചോദിച്ചു.

“ബിപിൻ ബാനർജി”അയാൾ പറഞ്ഞു.

ഒരു നിമിഷം കഴിഞ്ഞപ്പോൾ മാഡത്തിനു ചിരി പൊട്ടി.

“അപ്പോ ഈ ബാനർജി എന്നു പറഞ്ഞാൽ വാനർ ജി എന്നാണോ!? വാനർ ജി ... കൊരങ്ങൻ ജി! ”

ബ്ലോഗർ ഇടപെട്ടു. “ബിപിൻ എന്നുവച്ചാൽ വിപിൻ. വിപിൻ എന്നുവച്ചാൽ വിപിനം. വിപിനം എന്നുവച്ചാൽ കാട്‌!” അയാൾ തന്റെ ഭാഷാജ്ഞാനം ഒന്നു കൂടി വെളിപ്പെടുത്തി.

“തള്ളേ! കാട്ടിലെ കൊരങ്ങൻ!” മാഡം ചിരിച്ചു മറിഞ്ഞു.

എതിർവശത്തെ പെൺകുട്ടിയും ചിരിയിൽ പങ്കു ചേർന്നു.

ഒന്നും മനസ്സിലാകാതെ വാനരൻ കൈ കൂപ്പി.

ബ്ലോഗറും കൈ കൂപ്പി.

വണ്ടി സ്പീഡിൽ ഓടാൻ തുടങ്ങി. കായൽക്കാറ്റിൽ ലയിച്ച് വാനർജി മയങ്ങിത്തുടങ്ങി.

മിനിറ്റുകൾക്കുള്ളിൽ കൂർക്കം വലിയും കേൾക്കുമാറായി....

കാഴ്ചയിൽ സാക്ഷാൽ കുംഭ് കർണ്!!

അടുത്തതായി എന്തുചെയ്യണം എന്ന ചിന്തയിൽ വിവശനായിരുന്നു ബ്ലോഗർ.

“ഈ തയ്യൽക്കാരൻ ഒരു നോവലിസ്റ്റ് കൂടിയാണ്!” എന്ന് ‘അഴകിയ രാവണൻ’ സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം പറഞ്ഞപോലെ“ഈ യാത്രക്കാരൻ ഒരു ബ്ലോഗർ കൂടിയാണ്!” എന്നു പറഞ്ഞാലോ...

സങ്കോചം എപ്പോഴാണ് വഴിമാറിയത് എന്നറിയില്ല.

“കൂറെയേറെ പൊസ്റ്റുകൾ ഞാൻ എഴുതിയിട്ടുണ്ട്.സത്യത്തിൽ എനിക്ക് ആറു ബ്ലോഗ് സ്വന്തമായുണ്ട്. പലവിധ തെരക്കുകൾക്കിടയിൽ വീണുകിട്ടുന്ന അര മണിക്കൂർ കൊണ്ടാണ് മിക്കവാറും പോസ്റ്റുകൾ ഇടുന്നത്. ഈ സർക്കാർ ജോലി ഇല്ലായിരുന്നെങ്കിൽ ദിവസം പത്തു പോസ്റ്റുകൾ വരെ എഴുതാൻ ഒരു വിഷമവുമില്ല...” ബ്ലോഗർ എരിഞ്ഞു കയറി!

ഭാഷാ വൈചിത്ര്യങ്ങളെക്കുറിച്ച് പല പൊസ്റ്റുകളും ഇട്ടിട്ടുണ്ട്. ബംഗാളികളുടെ സംസാര രീതിയെ കുറിച്ച് എഴുതിയിട്ടില്ല, ഉടൻ എഴുതാൻ ഉദ്ദേശിക്കുന്നത് അതിനെക്കുറിച്ചാണ്. ബ്ലോഗർ ഉച്ചൈസ്തരം ഉദ്ഘോഷിച്ചു!

കത്തി എന്താണെന്ന് പെൺകുട്ടി അനുഭവിച്ചിട്ടുണ്ട്.

എന്നാൽ ഇത് കത്തിയല്ല; ഉറുമിയാണ്! അവൾ മനസ്സിൽ പറഞ്ഞു.

കത്തി നേരേ കുത്തിക്കേറുകയേ ഉള്ളൂ. ഉറുമി ചുറ്റിയടിക്കും! കഴുത്തിൽ മുറുകിയാൽ പിന്നെ ഒരു രക്ഷയും ഇല്ല!!

പണ്ട് പൂമ്പാറ്റയിലും, ബാലരമയിലും ഒക്കെ വായിച്ച കടത്തനാടൻ കഥകളിലെ, കഴുത്തിൽ ഉറുമി ചുറ്റി വീണു കിടക്കുന്ന ചേകവനെ ഓർമ്മ വന്നു അവൾക്ക്.

“അവളുടെ കഴുത്തിൽ തന്റെ ഉറുമി ചുറ്റിക്കഴിഞ്ഞു.ഇനി അതഴിക്കണമെങ്കിൽ താൻ തന്നെ വിചാരിക്കണം.” ഇതായിരുന്നു ബ്ലോഗറുടെ ചിന്ത.

അപ്പോൾ ട്രെയിനിനുള്ളിൽ മറ്റൊരു ട്രെയിൻ ചൂളം വിളിക്കുന്നതായും, അമറി പായുന്നതായും കേൾക്കുമാറായി.

ങേ! ഇവർ എപ്പ ഉറങ്ങി!?

കൂർക്കം വലിച്ചുറങ്ങുന്ന മാഡത്തെ അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്!

എന്താ ഒരു ശാലീനത!

അന്ത പക്കം ബംഗാളി; ഇന്ത പക്കം മലയാളി.

സന്തോഷമായമ്മേ... സന്തോഷമായി!

കുംഭ് കർണ് ഔർ ഉസ്കീ ബഹൻ....(ഹിന്ദി ശരിയാണോ ആവോ...!)

എന്തായാലും ഉർവശീശാപ് ഉപകാർ ഹോ ഗയാ!

ബ്ലോഗർ നിവർന്നിരുന്നു, പെൺകുട്ടിക്കഭിമുഖമായി.

അവൾ തന്റെ മുഖത്തേക്കു നോക്കുന്നേയില്ല. എന്തോചിന്തിച്ചിരിക്കുകയാണ്.

പെട്ടെന്ന് ബ്ലോഗറുടെ മനോമുകുരത്തിൽ ട്യൂബ് ലൈറ്റ് മിന്നി. ഐഡിയാ!

ഇവളെ തമാശയിൽ വീഴ്ത്താം! ലാപ് ടോപ് കയ്യിൽ ഉണ്ട്. താൻ എഴുതിയ എമണ്ടൻ തമാശ ബ്ലോഗുകൾ ഒക്കെ അതിൽ സേവ് ചെയ്തു വച്ചിരിക്കുകയല്ലേ!

ലാപ് ടോപ് ഓൺ ചെയ്തു.

തന്റെ തമാശബ്ലോഗ് ഫോൾഡർ തുറന്നു.

തമാശ ഏറ്റില്ലെങ്കിലോ.... ബ്ലോഗർക്ക് നേരിയൊരു മൂത്രശങ്ക.

അതിനല്ലെ തന്റെ സെന്റി ബ്ലോഗ്! ഈ ബ്ലോഗുലകത്തിൽ തന്നെപ്പോലെ സെന്റിയും കോമഡിയും ഒരു പോലെ എഴുതുന്നവൻ വേറെ ആരുണ്ട്!?

ബ്ലോഗർ ആത്മവിശ്വാസത്തോടെ മുരടനക്കി. ഇവളെ വീഴ്ത്തിയിട്ടു തന്നെ ബാക്കി കാര്യം. ഇവളെ മാത്രമല്ല ഇവളുടെ കൂട്ടുകാരികളെ കൂടി തന്റെ ബ്ലോഗുകളുടെ ആരാധകരാക്കണം. പത്തു കമന്റെങ്കിലും ഇവൾ വഴി വീഴണം. എന്നിട്ട് എല്ലാറ്റിനേം തന്റെ ഫോളോവേഴ്സ് ആക്കണം.

ഹോ! വല്ലാത്തൊരു ഉൾപ്പുളകം തോന്നി ബ്ലൊഗർക്ക്.

പെൺകുട്ടി തന്റെ മുരടനക്കൽ കേട്ടില്ല എന്നു തോന്നുന്നു. അവൾ ബാഗിൽ എന്തോ തെരയുകയാണ്.

വെയ്റ്റ് ചെയ്യാം. പയ്യെത്തിന്നാൽ പനയും തിന്നാം, കമന്റ്സും നേടാം!

അയാൾ അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവളൊന്നു മുഖമുയർത്തിയിട്ടു വേണം, ലാപ് ടോപ് കൊടുക്കാൻ.

പെൺകുട്ടി ബാഗ് തപ്പൽ അവസാനിപ്പിച്കു. കുത്തി നിറച്ചു വച്ചിരുന്ന ബാഗിൽ നിന്ന് ഒരു പുസ്തകം വലിച്ചൂരി.

പുറം ചട്ടയിലെ പേരു കണ്ട് ബ്ലോഗറുടെ അടപ്പൂരി!

ഗ്യാസ് ചോർന്നു!

“കൊടകര പുരാണം”!!!

ലീക്കു ചെയ്തുകൊണ്ടിരുന്ന ഗ്യാസ് അടച്ചുപിടിച്ച് ബ്ലോഗർ ചിന്തിച്ചു. താനെന്തിനു ചമ്മണം?

പെൺ കുട്ടിയുടെ ചുണ്ടിൻ കോണിൽ നിന്ന് ഒരു പരിഹാസച്ചിരി വിരിയുന്നുണ്ടോ!?

ഹേയ്! തന്റെ തോന്നലാവും.

പുതുതായൊന്നും സംഭവിക്കാത്ത മട്ടിൽ അവൾ നേരേ അയാളുടെ മുഖത്തു നോക്കി. പുഞ്ചിരിച്ചു. നിലാവുദിച്ചപോലെ.

“കൊടകര പുരാണമാ അല്യോ...? പെൺ കുട്ടിയോട് ചോദിച്ചു. “ഇയാൾക്കിതെന്തിന്റെ കേടാ!? ബ്ലോഗ് എഴുതിയാപ്പോരേ? അതൊക്കെ അടിച്ചു പുസ്തകമാക്കണ്ട വല്ല കാര്യോമൊണ്ടോ? ഒരു ബദൽ മാധ്യമം എന്ന നിലയിൽ ബ്ലോഗ് പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടു വരുവാൻ പുലർത്തേണ്ട ‘അന്യമാധ്യമ നിരാസം’ പ്രാവർത്തികമാക്കാൻ ബാധ്യസ്ഥനായവൻ തന്നെ ഇങ്ങനെ ചെയ്താൽ...?
ഞങ്ങളെപ്പോലുള്ള യഥാർത്ഥ ബ്ലോഗ് പ്രവർത്തകർ എന്തു ചെയ്യും!?“

“വിശാലമനസ്കൻ മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപെടുന്ന ബ്ലോഗർ അല്ലേ?” പെൺകുട്ടി ആദ്യമായി വായ് തുറന്നു.

“ഓ....ഈ വിശാലമനസ്കനൊക്കെ എന്തും ആവാലോ!?” ബ്ലോഗർ കത്തിക്കയറി.

“ ഇനി ഇയാളുടെ ബ്ലോഗ് ആരു വായിക്കും? എല്ലാ ബ്ലോഗർമാരും ഇങ്ങനെ പുസ്തകം അടിച്ചിറക്കാൻ തുടങ്ങിയാൽ പിന്നെ ബ്ലോഗിന്റെ ആവശ്യമിലല്ലോ!? അങ്ങു പുസ്തകം ഇറക്കിയാൽ പോരേ!? പുതിയൊരു ബദൽ മാധ്യമത്തിന്റെ കടയ്ക്കൽ തന്നെ കത്തി വയ്ക്കുകയല്ലേ ഇത്തരക്കാർ ചെയ്യുന്നത്!?”

ഒച്ചയും ബഹളവും കേട്ട് മിസ്. കുംഭ് കർണ് മാഡം ഉണർന്നു.

കൺ തുറന്നതും, വിവശയായിരിക്കുന്ന പെൺ കുട്ടിയെ നോക്കി ഗദ്ഗദ കണ്ഠയായി ഒറ്റച്ചോദ്യം

“എന്തു പറ്റി മോളേ!!?”

ഹൊ! എന്തൊരു വർഗസ്നേഹം. മാതൃസ്നേഹം വഴിഞ്ഞൊഴുകുന്ന കണ്ടില്ലേ!?

താൻ ആ പെൺകുട്ടിയെ അരുതാത്തതെന്തൊ പറഞ്ഞു പീഡിപ്പിച്ചു എന്ന മട്ടിലല്ലേ അവർ ചോദിച്ചത്. ചോറ്റുപാത്രം വച്ചുമറന്ന കാര്യം പോലും അവർ മറന്നിരിക്കുന്നു!

ബ്ലോഗർക്കു കലി വന്നു.

മദാമ്മ വീണ്ടും ചോദിച്ചു “എന്താ പറ്റിയതു മോളേ?”

“ഒന്നൂല്യ ചേച്ചീ...ഞങ്ങൾ നല്ലൊരു ബുക്കിനെക്കുറിച്ച് ചർച്ചചെയ്യുവായിരുന്നു. ദാ ഒന്നു വായിച്ചു നോക്കൂ....”

അവൾ കൊടകരപുരാണം മാഡത്തിനു നീട്ടി!

ബ്ലോഗറുടെ അവശേഷിക്കുന്ന ഗ്യാസും പോയി!

കാറ്റുപോയ സൈക്കിൾ ട്യൂബ് പോലെ കുറെ നേരം സീറ്റിൽ ചാരിയിരുന്നു.

അപ്പോഴേക്കും മാഡം കൊടകരയിൽ മുഴുകി ചിരി തുടങ്ങിയിരുന്നു.

ദൈവമേ! ഇനി ആ പുസ്തകം താഴെ വയ്ക്കും വരെ ഇവർ ചിരിച്ചു ചിരിച്ച് തന്നെ പീഡിപ്പിക്കുമല്ലോ!

ബ്ലോഗർ എണീറ്റു.

മുകളിലെക്കു നോക്കി. സൈഡ് അപ്പർ ബർത്ത് കാലിയാണ്. അതിൽ വലിഞ്ഞു കയറി. കണ്ണടച്ചു കിടന്നു.

വാനർ ജി അപ്പൊഴും ഉറക്കത്തിലാണ്. അയാൾക്ക് തന്നോടെന്തോ ചോദിക്കാനുണ്ട് എന്നല്ലേ മാഡം പറഞ്ഞത്...

എന്തരോ എന്തോ..! അവന്റമ്മൂമ്മേടെ ഇസ്പേട് ഗുലാൻ!

തുറന്ന കണ്ണുകൾ ബ്ലോഗർ ഇറുക്കിയടച്ചു.

അടിക്കുറിപ്പ്: ഇതു വായിച്ചിട്ട് ആ ബ്ലോഗർ ഞാനാനെന്നു തോന്നിയോ.... അയ്യേ.. ഛെ! ഞാനോ..! അതോ? നിങ്ങൾക്കു തോന്നിയതാവും!(ഒരല്പം സ്വയം വിമർശനം നല്ലതല്ലേ...ഹി! ഹി!!?)



ഇതിനോടനുബന്ധമായി അവിയൽ കൂടി കാണുക.അവിയൽ