Monday, October 31, 2011

ചെപ്പിന്നുള്ളിലെ മുത്ത് ......

                                                              -1-

“ഇത്രേം മണമുണ്ടെങ്കിലും, കൈതപ്പൂ ഒരമ്പലത്തിലും പൂജയ്ക്കെടുക്കില്ല. പണ്ട് ശിവൻ ശപിച്ചതാ കാരണം.

വിഷ്ണുവും ബ്രഹ്മാവും കൂടി ഒരു തർക്കണ്ടായത്രെ. ആരാ വലുതെന്നന്നെ! അല്ലേലും വല്യോർ തമ്മിലാണല്ലോ മൂപ്പിളമത്തർക്കം. ആകെ ബഹളായപ്പോ, അവർക്കിടയിൽ ഒരു വലിയ പ്രകാശ ഗോപുരം പ്രത്യക്ഷപ്പെട്ടൂത്രെ. ന്നാപ്പിന്നെ ഈ പ്രകാശഗോപുരത്തിന്റെ അറ്റം കണ്ടെത്തി ആദ്യം വരുന്നയാൾ ജയിക്കും എന്നായി, തീരുമാനം. വിഷ്ണു താഴോട്ടും, ബ്രഹ്മാവ് മേലോട്ടും പോയീത്രെ.

വിഷ്ണു പാവം. കുറേ കഷ്ടപ്പെട്ടു. ഒരു രക്ഷ്യൂല്ലാന്നു മൻസിലായപ്പോ, തിരികെ വന്നു. പക്ഷെ ബ്രഹ്മാവ് ആള് കേമനല്ലേ. മേലേയ്ക്ക് പോണ വഴി താഴേക്ക് ഒരു പൂവ് പാറി വീഴണ കണ്ടു, ആള്. അദേയ്, ഒരു കൈതപ്പൂവായിരുന്നു. എവടന്നു വരണൂന്നായി കൈതപ്പൂവിനോട്.

അപ്പോ ആ പൂവ് പാവം, പറഞ്ഞുപോലും - ഞാൻ ആ പ്രകാശഗോപുരത്തിന്റെ മുകളീന്ന്, ഭഗവാൻ ശിവന്റെ ശിരസ്സീന്ന്, വരികയാണ് എന്ന്!

ബ്രഹ്മാവ് ആ പൂവെടുത്തു കൊണ്ടന്ന് വിഷ്ണൂനെ കാട്ടി പറഞ്ഞു “ഞാൻ ആ പ്രകാശഗോപുരത്തിന്റെ തലയറ്റം പോയീട്ടോ.... ദാ അവടന്നെടുത്ത പൂവ് തെളിവ്‌!”

വിഷ്ണു പൂവിനോടു ചോദിച്ചു “ഈ പറയുന്നതൊക്കെ ശരിയാണോ? നീ ശങ്കര ശിരസ്സിൽ നിന്നാണൊ വരുന്നത്?”

പൂവ് തലയാട്ടി. ബ്രഹ്മാവിനെ ധിക്കരിക്കാനാവ്വോ, ഒരു വെറും പൂവിന്?

പക്ഷേ ഒക്കെ കണ്ടും, കേട്ടും നിന്ന ശിവൻ കോപാകുലനായി അവിടെ പ്രത്യക്ഷപ്പെട്ടു. കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശപിച്ചു. ലോകത്താരും ഇനിമേൽ ബ്രഹ്മാവിനെ പൂജിക്കാതെ പോട്ടെ എന്ന്. കള്ളസാക്ഷി പറഞ്ഞതിന് പൂവിനെയും ശപിച്ചു. കൈതപ്പൂവിനെ ഒരു പൂജയ്ക്കും എടുക്കാതെ പോട്ടെ എന്നായിരുന്നുത്രെ ശാപം.

അന്നു മുതൽ കൈതപ്പൂ ആരും പൂജയ്ക്കെടുക്കാതായി.”


ഈ കഥ എനിക്കു പറഞ്ഞുതന്നത് യമുനേച്ചിയായിരുന്നു.

സെമിനാർ വേദിയിൽ തിവാരി മാഡത്തെ കണ്ടശേഷം രാത്രി ബനാറസിലെ ഹോട്ടൽ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴൊക്കെ ചിന്ത യമുനേച്ചിയെക്കുറിച്ചു തന്നെയായിരുന്നു. വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കാനാവാത്ത, കൈതപ്പൂ മണമൊലുന്ന ഓർമ്മകൾ......

ആ ഓർമ്മകളുടെ തീരത്ത് ഒരു ഇരുപത്തഞ്ചുകാരിക്കൊപ്പം കൊത്തങ്കല്ലു കളിച്ചിരിക്കുന്ന എട്ടു വയസ്സുകാരൻ.

                                                             -2- 

മിസിസ് തിവാരിയെ കണ്ട ഷോക്കിൽ നിന്നും മുക്തനാവും മുൻപു തന്നെ സുഹൃത്ത് അരുൺ ഗുപ്ത എന്നെ അവരുടെ മുന്നിൽ എത്തിക്കുകയായിരുന്നു.തിവാരി മാഡം അയാൾക്കെന്നും ഒരു ഇൻസ്പിറേഷൻ ആണത്രെ!

ശരിയാണ്. മാഡം പ്രസംഗിച്ച ഒന്നര മണിക്കൂർ നേരം തെളിഞ്ഞ ഹിന്ദിയിൽ ഫിലോസഫിയും മെറ്റാഫിസിക്സും ഒഴുകുകയായിരുന്നു. ലക്ചർ കേൾക്കാൻ തിവാരി സാറും വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ശിഷ്യയായിരുന്നത്രെ മാഡം.

ബനാറസിൽ പൊതുവേ സർ നെയിം ചേർത്താണ് എല്ലാവരെയും സംബോധന ചെയ്യുക.
ആണാണെങ്കിൽ തിവാരി സർ,അഹൂജ സർ, ദേശായി സർ, ചൌധരി സർ എന്നിങ്ങനെ.....
പെണ്ണാണെങ്കിൽ തിവാരി മാഡം,അഹൂജ മാഡം, ദേശായി മാഡം,ചൌധരി മാഡം എന്നിങ്ങനെ....
ഇവരുടെയൊക്കെ ഒറിജിനൽ പേരുകൾ അറിയുന്നവർ ചുരുക്കം.

ഓർമ്മയിലുള്ള യമുനേച്ചിയേക്കാൾ ഉയരം തോന്നിച്ചു തിവാരി മാഡത്തിന്. യമുനേച്ചി ഒരിക്കലും ചെരുപ്പിട്ടു കണ്ടിട്ടില്ല.  ഒരു പക്ഷേ നല്ല ഹീലുള്ള ചെരുപ്പാവും ഇട്ടിരിക്കുന്നത്. അന്തർമുഖനായ, എന്നിലെ ശുഭാപ്തി വിശ്വാസി  ചിന്തിച്ചു.


മാഡം പോഡിയത്തിൽ നിന്നിറങ്ങിയതോടെ, മുൻ നിരയിലിരുന്ന തിവാരി സർ എണീറ്റു. ആറടിയിലേറെ പൊക്കം വരും അദ്ദേഹത്തിന്. എഴുപതിനടുത്തു പ്രായം. മെലിഞ്ഞയാളാണെങ്കിലും തേജസ്സുറ്റ മുഖം. പാറിപ്പറക്കുന്ന പഞ്ഞിത്തലമുടി.  അദ്ദേഹത്തിനടുത്തു നിൽക്കുമ്പോൾ മാഡത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ ശരിയാണെന്നു തോന്നി.

ലക്ചറിനു ശേഷം, മാഡത്തിന്റെ മുന്നിൽ പെട്ടപ്പോൾ ഒരു പരിഭ്രമമായിരുന്നു. എന്തു പറയണം, എന്തു ചോദിക്കണം എന്നൊരു പിടിയും കിട്ടിയില്ല.

യമുനേച്ചി തന്നെ എന്നുറപ്പിച്ചാണ് സംസാരം തുടങ്ങിയത്. എന്നാൽ അവർ എന്നെ തിരിച്ചറിഞ്ഞതേ ഇല്ല.

സ്വതവേയുള്ള അന്തർമുഖത്വം കാരണം “യമുനേച്ചിയല്ലേ? എന്നെ മനസ്സിലായോ? ” എന്നു ചോദിക്കാനും കഴിഞ്ഞില്ല.

അന്നത്തെ യമുനേച്ചിയുടെ ശബ്ദമല്ല മിസിസ് തിവാരിക്ക്. ഒഴുക്കുള്ള, ഉത്തരേന്ത്യൻ ചുവയുള്ള ഹിന്ദി തന്നെ. മലയാളിത്തം തീരെയില്ല. വസ്ത്രധാരണത്തിലും ഇല്ല. എങ്കിലും ആ മുഖം... വിടർന്ന ചിരി... എല്ലാം യമുനേച്ചിയുടേതു തന്നെ.

ഒരു കൊല്ലമേ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും, അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഇന്നും എന്തൊരു പച്ചപ്പാണ്, കൈതപ്പൂ മണമാണ്.

അയൽ പക്കത്തെ വീട്ടിൽ അമ്മയ്ക്കൊപ്പമായിരുന്നു യമുനേച്ചി താമസിച്ചിരുന്നത്. ഇരുപത്തഞ്ചാം വയസ്സിലും നിറം മങ്ങിയ നാടൻ പാവാടയും ബ്ലൌസും തന്നെയായിരുന്നു വേഷം. സ്വന്തമായി ആകെയുള്ളത് ഒരു ദാവണി മാത്രമായിരുന്നു.

അച്ഛനുമമ്മയും ഓഫീസിൽ നിന്നുവരുന്നതുവരെ ഞാൻ യമുനേച്ചിക്കൊപ്പമായിരുന്നു അന്നൊക്കെ.സ്കൂളിൽ നിന്നു വന്നാൽ നേരേ അവരുടെ വീട്ടിൽ ചെല്ലും. അവിടെയിരുന്ന് കഥകൾ കേട്ട് സന്ധ്യയ്ക്കു നാമം ചൊല്ലിത്തീരുമ്പോഴാവും അച്ഛനുമമ്മയും വരിക.

അങ്ങനെയൊരുനാൾ ആയിരുന്നു യമുനേച്ചി കൈതപ്പൂവിന്റെ കഥ പറഞ്ഞത്. അന്നു മുതൽ എനിക്ക് കൈതപ്പൂവിനോട് വല്ലാണ്ടൊരിഷ്ടം തോന്നി.

വയൽ വരമ്പിലെ പൂക്കൈത കാണിച്ചു തന്നതും, അതിന്റെ പൂവടർത്തി തന്നതും, അത് അമ്മയുടെ സാരിപ്പെട്ടിക്കുള്ളിൽ കൊണ്ടു വച്ചതും ഒക്കെ ഓർമ്മ വരുന്നു.

ഹൃദ്യമായ സുഗന്ധമുണ്ടെങ്കിലും, പൂജയ്ക്കെടുക്കാത്ത കൈതപ്പൂ പോലെ തന്നെയായിരുന്നു യമുനേച്ചിയും. ബി.എ. വരെ പഠിപ്പുണ്ടെങ്കിലും കല്യാണാലോചനയുമായി ആരും ആ വീട്ടിലേക്ക് വരാറില്ല. ജാതകത്തിൽ എന്തോ പിശകുണ്ടാവും എന്ന് അമ്മ അച്ഛനോട് പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ സത്യം അതല്ല എന്ന് എനിക്കറിയാം.

“മഷിയിട്ടുനോക്കിയാൽകൂടി ഒരു തരി പൊന്നു കിട്ടില്ല്യ, ഈ വീട്ടിൽ!” യമുനേച്ചി പറഞ്ഞിട്ടുണ്ട്.

                                                             -3-

അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരുനാൾ രാമേട്ടൻ പട്ടാളത്തിൽ നിന്ന് മടങ്ങിവന്നത്. മുപ്പത്തഞ്ചു വയസ്സു പ്രായം. അവിവാഹിതൻ.

തറവാട്ടു കാരണവർക്ക് ഇഷ്ടമായില്ലെങ്കിലും, അത്യാവശ്യം ജീവിച്ചുപോകാനുള്ള സ്വത്തുവകകളൊക്കെയുള്ളതുകൊണ്ടോ, പട്ടാളജീവിതം മടുത്തതുകൊണ്ടോ എന്തോ, രാമേട്ടൻ മടങ്ങിപ്പോയില്ല. വയലും, കൃഷിയും, പശുക്കളുമായി ജീവിക്കാൻ തുടങ്ങി. രാമേട്ടന്റെ അമ്മ മാത്രം അദ്ദേഹത്തെ പിന്തുണച്ചു.

പെട്ടെന്നൊരുനാൾ രാമേട്ടൻ പെണ്ണു ചോദിച്ച് വീട്ടിലെത്തിയപ്പോൾ യമുനേച്ചിയുടെ അമ്മ അമ്പരന്നു; യമുനേച്ചിയും. ഞാനപ്പോൾ തിണ്ണയിൽ കുത്തിയിരുന്ന് ചിത്രകഥ വായിക്കുകയായിരുന്നു. രാമേട്ടൻ സംസാരം തുടങ്ങിയപ്പോൾ അകത്തേക്കു വലിഞ്ഞു.

“ഇയ്ക്ക് പൊന്നും വേണ്ട, പണ്ടോം വേണ്ട. പെണ്ണു മാത്രം മതി. ഇങ്ങക്ക് സമ്മതാച്ചാ മീനത്തിൽ കല്യാണം, ന്താ?”

തൊട്ടു ചേർന്നു നിൽക്കുകയായിരുന്ന എനിക്ക് യമുനേച്ചി വിറയ്ക്കുന്നത് നന്നായി മനസ്സിലായി. ഒരിക്കലും നടക്കില്ല എന്നു കരുതിയത് നടക്ക്വാണല്ലോ ഈശ്വരാ എന്ന ചിന്തയോ, പട്ടാളക്കാരനായ ആണൊരുത്തന്റെ മുന്നിൽ പെട്ടതിന്റെ വെപ്രാളമോ ഒക്കെയാവാം ആ വിറയ്ക്കു കാരണം.

കുറേ നേരം ആരും ഒന്നും മിണ്ടിയില്ല.

അപ്പോൾ രാമേട്ടൻ പറഞ്ഞു “യമുനയ്ക്ക് എതിർപ്പൊന്നൂല്യാലോ?”
യമുനേച്ചിയ്ക്ക് ഒച്ച മുട്ടി. അമ്മ തലയാട്ടി.
രാമേട്ടൻ നടന്ന് വയൽ കടന്നു പോയി.

നിശ്ചയം ഒന്നും നടന്നതായി ഓർമ്മയില്ല. ഞാൻ രാമേട്ടൻ എന്നു വിളിക്കുന്നയാളെക്കുറിച്ചു പറയുമ്പോൾ  യമുനേച്ചി ചന്ദ്രേട്ടൻ എന്നാണ് പ്രയോഗിക്കുന്നത് എന്നു മനസ്സിലായി. രാമേട്ടന്റെ മുഴുവൻ പേര് രാമചന്ദ്രൻ എന്നായിരുന്നു.

കല്യാണം ആഹ്ലാദപൂർവം മീനം ഒന്നിനു തന്നെ നടന്നു. എന്നാൽ മൂന്നാഴ്ചയ്ക്കു ശേഷം മീനത്തിൽ വെള്ളിടി വെട്ടി. നെന്മാറ വേലകാണാൻ യമുനേച്ചിയേയും കൂട്ടി പോയതായിരുന്നു രാമേട്ടൻ. എന്തോ കാര്യത്തിന്  അലമ്പുണ്ടാക്കിയ രണ്ടുകൂട്ടർ തമ്മിലടിച്ചു. മധ്യസ്ഥം പറയാൻ ചെന്ന രാമേട്ടനു കുത്തേറ്റു. അവിടെ വച്ചു തന്നെ മരിച്ചു. പിറ്റേന്നാണ് ഞങ്ങളൊക്കെ വിവരമറിഞ്ഞത്.

അടുത്താഴ്ച തന്നെ അച്ഛന് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അമ്മ കമ്പനിപ്പണി ഉപേക്ഷിക്കാനും തീരുമാനിച്ചു. ഞങ്ങൾ വള്ളുവനാടിനോട് വിടപറഞ്ഞു.

യമുനേച്ചിക്കും അമ്മയ്ക്കും പിന്നെന്തു സംഭവിച്ചെന്നോർത്ത് പലരാത്രി കണ്ണു നനച്ചിട്ടുണ്ട്. രാമേട്ടനെ ആരോ കുത്തിക്കൊല്ലുന്നതോർത്ത് ഉറക്കത്തിൽ ഞെട്ടിയുണർന്നിട്ടുണ്ട്, ഒരു വർഷത്തോളം. പോകെപ്പോകെ അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായ ദിനങ്ങളിൽ സ്വപ്നങ്ങളിൽ യമുനേച്ചി പ്രത്യക്ഷപ്പെട്ടിരുന്നു. എന്റെ സ്വന്തം ചേച്ചിയായി....

ഇവിടെ ബനാറസിൽ വച്ച് അപ്രതീക്ഷിതമായി തിവാരി മാഡത്തെ കണ്ടപ്പോൾ യമുനേച്ചിയെ ഓർമ്മ വന്നതും അതുകൊണ്ടു തന്നെ. കാര്യമായൊന്നും പറയാൻ കഴിയാഞ്ഞതിന്റെ ഇച്ഛാഭംഗം തീർക്കാനാണ് അരുൺ ഗുപ്തയോട് പറഞ്ഞ് പിറ്റേന്നു രാവിലെ തിവാരി മാഡത്തെ കാണാൻ പോകാം എന്ന നിർദേശം വച്ചത്. അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.


                                                             -4-

പൂമുഖത്തു നിന്നുകൊണ്ട് തിവാരിമാഡം പറഞ്ഞു “ആവോ ബേട്ടേ, ആവോ...”
ഗുപ്തയും ഞാനും അകത്തേക്കു കയറി.

“എക്‌ദം ബിച്ചു ജൈസാ ലഗ് രഹാ ഹേ, നാ?” എന്നെ നോക്കി മാഡം പറഞ്ഞു.
അതു കേട്ട് പ്രൊഫസർ ലോക്‌നാഥ് തിവാരി തലയാട്ടി.

അവരുടെ മരിച്ചു പോയ കുഞ്ഞനുജനെപ്പോലെ തന്നെയാണത്രെ ഞാൻ! ഗുപ്ത ചെവിയിൽ പറഞ്ഞു.

“അഗർ തും അപ്‌നേ റിസേർച്ച് ബി.എച്ച്.യു. മേ കർനാ ചാഹ്താ ഹെ തോ, സാരാ സുവിധാ മേ ഹീ കരൂംഗാ.... സംഝേ?”  തിവാരി സർ പറഞ്ഞു.

“വൈസേ ഭീ... ബിച്ചൂ കാ റൂം അഭീ ഖാലീ ഹെ, മുസീബത് നഹി ഹെ തോ തും ഇധറീ രഹ് സക്‌തെ ഹോ...” തിവാരി മാഡം കൂട്ടിച്ചേർത്തു.

ആകെപ്പാടെ അമ്പരപ്പിക്കുന്ന നിമിഷങ്ങൾ....


സത്യത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്!?

ഗുപ്താ, ഞാനെന്താ ഇപ്പോ ചെയ്യുക? ഗുപ്താ....

ഞെട്ടി നോക്കിയപ്പോൾ അരികിൽ അരുൺ ഗുപ്തയില്ല. ഇയാൾ പെട്ടെന്നെവിടെപ്പോയി?

കണ്ണു തുറന്നപ്പോൾ മുറിയിൽ കൂരിരുട്ട്. ലൈറ്റിട്ട് എണീറ്റിരുന്നു. മണി രണ്ടര.

ഒരുറക്കത്തിന് ഇനിയും സമയമുണ്ട്.

രാവിലെ തിവാരിമാഡത്തെ കാണാൻ പോകണമെങ്കിൽ ആറുമണിക്കുണർന്നാൽ മതി.

അല്ല... ഇനി എന്തിനവിടെ പോകണം....?


മുപ്പതു വർഷം മുൻപ് കണ്ടുപിരിഞ്ഞ എട്ടുവയസ്സുകാരൻ കുട്ടിയെ അവർ ഓർക്കുന്നുണ്ടാവുമോ?

ശരിക്കും അവർ യമുനേച്ചിയാണെങ്കിൽ.... ഏതെങ്കിലും കാരണവശാൽ, അവരുടെ മുൻ വിവാഹവും, രാമേട്ടന്റെ ദാരുണമരണവുമൊന്നും അവർ പ്രൊഫസർ തിവാരിയോട് പറഞ്ഞിട്ടില്ലെങ്കിൽ....

മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമാണ് അവരെ ഇവിടെ എത്തിച്ചതെങ്കിൽ.....
പുറമേ ശാന്തമായി ജീവിക്കുന്ന അവരുടെ കരളിൽ കനൽ കോരിയിടുകയാവുമോ ഞാൻ ചെയ്യുക?

ഉള്ളിലിരുന്നാരോ പറഞ്ഞു.

വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....


                                                             -5-
എറണാകുളത്തേക്കാണ് ടിക്കറ്റെങ്കിലും, വണ്ടി പാലക്കാട്ടെത്തുമ്പോൾ അവിടെ ഇറങ്ങാൻ തീരുമാനിച്ചത് വളരെ നേരത്തെ ആലോചനയ്ക്കു ശേഷമാണ്.

പതിറ്റാണ്ടുകൾക്കു ശേഷം ഈ മണ്ണിൽ കാലു കുത്തിയപ്പോൾ എന്തോ ഒരു ശാന്തി. വയൽക്കാറ്റേറ്റ് കാറിൽ വന്നപ്പോൾ സകലയാത്രാക്ഷീണവും, ആകുലതകളും അകന്നു. അച്ഛനുമമ്മയ്ക്കുമൊപ്പം ആദ്യമായി ഈ വഴി വന്നത് ഓർമ്മ വന്നു. വർഷം മുപ്പതു കഴിഞ്ഞിരിക്കുന്നു. അന്നത്തെ എട്ടുവയസ്സുകാരൻ കുട്ടിക്ക് ഇന്ന് എട്ടുവയസ്സുള്ള മകനുണ്ട്!

യമുനേച്ചിക്ക് അൻപത്തഞ്ചുവയസ്സെങ്കിലും ആയിട്ടുണ്ടാവും. ഒരു പക്ഷേ....

“സ്ഥലമെത്തി” ഡ്രൈവർ പറഞ്ഞു.

പഴയ വീടു നിന്നിടത്ത് ഇപ്പോ കൂറ്റനൊരു ആധുനിക നാലുകെട്ട്. കാവും ഇല്ല. കുളവും ഇല്ല. തൊടി മുഴുവൻ ടൈലു പാകി വെടിപ്പാക്കിയിരിക്കുന്നു.

യമുനേച്ചിയുണ്ടായിരുന്നെങ്കിൽ പറഞ്ഞെനേ “ഒരു തുമ്പച്ചെടി കൂടി കാനാനില്ലല്ലോ, ശിവനേ!”
അവിടെ കയറി അന്വേഷിച്ചു.

“യമുനയോ? അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടില്ലല്ലോ.... ഞങ്ങൾ ഇവിടെ താമസം തുടങ്ങീട്ടന്നെ പത്തിരുപത്തഞ്ചു കൊല്ലായി!”


“ഒരു മുപ്പതു കൊല്ലം മുൻപ് ഇവിടെ താമസിച്ചിരുന്ന സ്ത്രീയാ.... അവരുടെ അമ്മയുടെ പേര്....”

“പറഞ്ഞാലും അറീല്യ. ഞങ്ങൾ തമിഴ് നാട്ടിലായിരുന്നു, അതിനു മുൻപ്. അച്ഛനാ സ്ഥലം വാങ്ങിയത്. അദ്ദേഹം മരിച്ചിട്ട് വർഷങ്ങളായി....”

നന്ദി പറഞ്ഞു പുറത്തിറങ്ങി. ജംഗ്ഷനിലുള്ള ബേക്കറിയിൽ അന്വേഷിച്ചു. രാമേട്ടന്റെ തറവാടിനെ പറ്റി. അയാൾ വഴി പറഞ്ഞു തന്നു.

“അവിടിപ്പോ ഒരു കാർന്നോരും ഭാര്യയും മാത്രേള്ളൂ....” അയാൾ പറഞ്ഞു.

നേരേ അങ്ങോട്ടു വിട്ടു. രാമേട്ടന്റെ തറവാട്ടിലെത്തി. തൊടിയാകെ കാ‍ടുപിടിച്ചിരിക്കുന്നു. ആമുഖങ്ങൾ കഴിഞ്ഞപ്പോൾ പൂമുഖത്തിരുന്ന് കാർന്നോർ പറഞ്ഞു.

“ന്റെ അനിയനാർന്നു, രാമചന്ദ്രൻ.... ആ കല്യാണത്തിന് ഞങ്ങൾക്കാർക്കും താല്പര്യണ്ടാർന്നില്യ. ഓൻ സ്വയങ്ങ്‌ട് തീരുമാനിക്ക്യാർന്നു. പിന്നൊക്കെണ്ടായത് ദുരന്തങ്ങളന്ന്യാ.... തറവാടിന്റെ ക്ഷയം അവിടന്നു തൊടങ്ങി. ദുശ്ശകുനാന്നു പറഞ്ഞ് ആ കുട്ടീനെ പുറത്താക്കി. കുറേനാൾ ഓള് അമ്മയ്ക്കൊപ്പം അവരടെ വീട്ടീ താമസിച്ചു. പിന്നെ ആ പറമ്പും, പൊട്ടിയ താലീം ഉൾപ്പടെ വിറ്റുപെറുക്കി കാശിക്കു പോയീന്നു കേട്ടു.”

“കാശിക്കോ?” അക്ഷരാർത്ഥത്തിൽ ഞെട്ടി.

“ഉം... ന്താ ഞെട്ടണേ? കാശിക്കു പോയോരാരെങ്കിലും തിരിച്ചു വരോ? പിന്നെ ആരും കണ്ടിട്ടോ കേട്ടിട്ടോ ല്യ, അമ്മേം മോളേം കുറിച്ച്.... ”

അമ്പരന്നിരുന്നു ഞാൻ. അവർ കാശിക്കാണ് പോയത്.... കാശിക്ക്....

കാശിയെന്നാൽ വാരാണസി. വാരാണസിയെന്നാൽ ബനാറസ്!!

വൈകാതെ, ഒന്നുകൂടി പോയാലോ അവിടേക്ക്? മനസ്സ് ചാഞ്ചാടി.

ഉള്ളിലിരുന്നാരോ പറഞ്ഞു.


വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....