Monday, October 1, 2012

അമേയ...!


“ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്...... ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുൾ.... എന്തിനെക്കുറിച്ചും സംസാരിക്കാനും എഴുതാനും കഴിവുള്ളവൾ....”

അമേയ ദീക്ഷിത് എന്ന പേരു കേട്ടപ്പോൾത്തന്നെ ഹിമേഷ് കർത്താ പറഞ്ഞ വാചകങ്ങളാണ്.

ഒരു മിറക്കിൾ പോലെയായിരുന്നു ഈ ബാംഗ്ലൂർ നഗരത്തിൽ അയാൾ മുന്നിൽ വന്നു പെട്ടത്. ഇന്നിപ്പോ ഈ പബ്ബിലെത്താനും കാരണം അയാളാണ്. അല്ലായിരുന്നെങ്കിൽ ആനന്ദിന്റെ ഈ യാത്ര വെറും വെറുതെയായിപ്പോകുമായിരുന്നു....

കോപ്പി റൈറ്റർ എന്ന നിലയിൽ അവളെ നന്നായറിയാമായിരുന്നു ഹിമേഷ് കർത്തായ്ക്ക്.

“ഇത്രയും നന്നായി ആഡ് മെറ്റീരിയൽ ഉണ്ടാക്കാൻ കഴിയുന്ന വേറൊരാളെ എനിക്കറിയില്ല. കമ്പനിയുടെ യു.എസ്.പി. യ്ക്കൊത്ത ടാഗ് ലൈൻ, ഹെഡ് ലൈൻ, അതിനു മീതെയുള്ള കിക്കർ.... എൻവലപ്പുകൾക്കു മീതെയുള്ള ടീസർ, കീ വേഡ്, പഞ്ച് വേഡ് എല്ല്ലാം ഔട്ട്സ്റ്റാൻഡിംഗ് ആയി ചെയ്യും. ക്ലയന്റ് മീറ്റിംഗിനും, ബ്രെയിൻസ്റ്റോമിങ്ങിനും അവളുണ്ടെങ്കിൽ എല്ലാം എത്ര എളുപ്പം എന്നു തോന്നിപ്പോകും!”

സുഹൃത്തിന്റെ വാഗ്ധോരണി കേട്ട് ബിയർ പിച്ചർ തലോടി ആനന്ദ് ഇരുന്നു. കുടിക്കാൻ താല്പര്യം തീരെയില്ല. എന്നാൽ ഹിമേഷ് മൂഡിലാണ്.

 “അമേയ എന്ന പേരിന് അളക്കാൻ കഴിയാത്തവൾ എന്നാണ് അർത്ഥം. എത്ര കറക്റ്റായിട്ടാണ് അവളുടെ പേരന്റ്സ് ആ പേരിട്ടത്... ഇമ്മെഷറബിൾ!”

ആനന്ദ് മെല്ലെ മൂളിക്കേട്ടു. അതെ.... അളക്കാൻ കഴിയുന്നില്ല, എത്രത്തോളമാണ് അവളെ മിസ് ചെയ്യുന്നതെന്ന്.... അവൾ പറഞ്ഞ ബഫർ പീരീഡ് തീർന്നിട്ട് നാലു ദിനങ്ങൾ കഴിഞ്ഞു . മുന്നൂറ്ററുപത്തഞ്ചു ദിനങ്ങൾ കാത്തിരുന്നിട്ടും തിരിച്ചു വരാനുള്ള യാതൊരു ലക്ഷണങ്ങളും കാണാഞ്ഞാണ് അയാൾ ബാംഗ്ലൂർക്കിറങ്ങിയത്.

ഹിമേഷ് തുടർന്നു “പ്രകാശവേഗത്തിൽ ചിന്തകൾ പറക്കുമ്പോൾ, എന്താണവൾ അടുത്തു ചെയ്യാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. ആഴ്ചയിലൊരിക്കൽ അവളിവിടെ വരും എന്ന കാര്യം തന്നെ വളരെക്കുറച്ചു പേർക്കു മാത്രമേ അറിയൂ. ഷി വിൽ ബി ഹിയർ എനി ടൈം ആഫ്റ്റർ എയ്റ്റ്. അല്ല, എന്താ കാര്യം? എനി ആഡ് ഇൻ മൈൻഡ്?

“അതൊന്നുമല്ലെടാ. എനിക്ക്... എനിക്കൊരു പേഴ്സണൽ കാര്യമുണ്ടായിരുന്നു.... ”
“അതെന്താണാവോ ഇത്ര പേഴ്സണൽ? വല്ല ഓൺലൈൻ ഫ്ലിങ്ങും ഉണ്ടായോ മോനേ? സോർട്ട് ഓഫ് ആൻ ഇൻഫാച്ചുവേഷൻ? ആണേൽ വിട്ടു പിടി കുട്ടാ!”
“നോ ഇൻഫാച്ചുവേഷൻ. ഷി ഈസ് ആൻ ഓൺലൈൻ ഫ്രണ്ട്. അഞ്ചാറു കൊല്ലമായി.”

“ഐ സീ. നിനക്ക് ആളെ നന്നായി അറിയാമല്ലോ, അല്ലേ? ചിലപ്പോൾ കെയ്സ് കണക്കിന് ബിയർ വീട്ടിൽ സ്റ്റോർ ചെയ്ത് അർമാദിക്കുന്ന ടീമാ.... ഞാൻ പറഞ്ഞല്ലോ, ആബ്സല്യൂട്ട്‌ലി ഇലക്ട്രിഫയിംഗ് ആൻഡ് അൺ പ്രെഡിക്റ്റബിൾ! ”

ആനന്ദ് തലയാട്ടി. അമേയ എന്ന വ്യക്തിയെ നന്നായി അറിയാം എന്നായിരുന്നു ധാരണ. എന്നാലിപ്പോൾ ഹിമേഷ് പറയുന്ന പോലൊരാളെ.... ബിയറടിച്ചു പൂസായി നടക്കുന്ന ഒരു പെണ്ണ് എന്ന ധാരണ തീർത്തും പുതിയതാണ്!

കർത്താ വളരെ ആസ്വദിച്ച് ബിയർ കഴിച്ചു കൊണ്ട് ഫുഡ് മെനു പരതാൻ തുടങ്ങി. 

ആനന്ദ് ചിന്തയിലായിരുന്നു. ചാറ്റ് മുറികളിൽ നിന്ന് സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെ തുടർന്ന സൌഹൃദം. സൊറ പറച്ചിലിനപ്പുറം ധൈഷണിക സംവാദങ്ങൾ....ഇടയ്ക്കിടെ അടികൂടൽ....അതു നൽകിയിരുന്ന ലഹരി...

ചിന്തകളുടെ സൌന്ദര്യമായിരുന്നു അയാളെ ആകർഷിച്ചിരുന്നത്. പ്രൊഫൈലിൽ കണ്ടിരുന്ന ഒരു മുഖത്തിനപ്പുറം അവളുടെ ശരീരത്തെക്കുറിച്ച് അയാൾക്ക് ഒന്നുമറിഞ്ഞുകൂടായിരുന്നു താനും.

സാധാരണ ആൺ-പെൺ ചർച്ചകളിൽ നിന്നു വ്യത്യസ്തമായി, ഹ്യൂമൻ ജീനോമിനെക്കുറിച്ചും, ക്ലോണിംഗിനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല തർക്കങ്ങൾ. അവൾ അനായാസം അതിലൊക്കെ വിജയിക്കുകയും ചെയ്തു. പക്ഷേ ഒരു ചർച്ചയ്ക്കു ശേഷം  പൊടുന്നനെയൊരുനാൾ അപ്രത്യക്ഷയായി. നെറ്റിൽ നിന്നും, ഫോണിൽ നിന്നും!

ഒടുവിൽ ഒരു ഇ മെയിൽ വന്നു.“പുതിയതു ചിലത് തുടങ്ങണം.അതിനു മുൻപ്  ഒരു ഹൈബർനേഷൻ.... ഒരു വർഷത്തേക്ക് എന്നെ അന്വേഷിക്കരുത്.തിരിച്ചു വരാനാഗ്രഹിച്ചാൽ ആദ്യമറിയിക്കുന്നതു നിന്നെയായിരിക്കും.ബൈ!”
അങ്ങനെ മുന്നൂറ്റിയറുപത്തഞ്ച് ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു....

കഴിഞ്ഞ വർഷം ഒരു ഡി.കെ.ബാഗഡേയുടെ നേതൃത്വത്തിൽ ജെനെറ്റിക് എഞ്ചിനീയറിംഗിനു  മേലുള്ള എല്ലാ നിയന്ത്രണവും എടുത്തു മാറ്റണമെന്നു വാദിക്കുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു. അതിലായിരുന്നു ആനന്ദ്. എതിർ ഗ്രൂപ്പിൽ അമേയയും.

അപ്പോഴാണ് ജീൻ കറക്ഷനിലൂടെ കുട്ടികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഒരു വാർത്ത വന്നത്. ബാഗഡേ അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.അതിനനുകൂലമായി ആനന്ദ് വാദിച്ചു.

 “ദാ , ഈ കുട്ടിക്ക് ഭാവിയിൽ ജനിതകത്തകരാറു മൂലം ഉണ്ടാകാനിടയുള്ള ബ്രെസ്റ്റ് ക്യാൻസറോ, ഒവേറിയൻ ക്യാൻസറോ വരില്ല! അമ്മയിൽ നിന്നു ശേഖരിച്ച ഭ്രൂണങ്ങളിൽ ക്യാൻസർ ജീൻ ഇല്ല എന്നുറപ്പാക്കിയ ഭ്രൂണം ഗർഭാശയത്തിൽ സ്ഥാപിച്ച് വളർത്തിയെടുത്തതാണീ കുഞ്ഞിനെ. ഈ പരിശോധനകളിലൂടെ അവൾക്ക്/അവന് വരാമായിരുന്ന മാരകവ്യാധിയും, മാതാപിതാക്കളുടെ കണ്ണീരുമാണ് ഒഴിവാക്കാനായത്.അടുത്ത തലമുറയെങ്കിലും ഈ ശാപം പേറി ജീവിക്കേണ്ടി വരില്ലല്ലോ?”

ഉടൻ തന്നെ അതിനെ അനുകൂലിച്ച് മറ്റൊരാൾ വന്നു. “അതെ... കഷണ്ടി ജീൻ കണ്ടെത്തി ഓഫ് ചെയ്താൽ കഷണ്ടി ഓഫ് ചെയ്യാം. ഹോമോസെക്ഷ്വൽ ജീൻ കണ്ടെത്തി ഓഫ് ചെയ്താൽ  സ്വവർഗരതിക്കാരെ ഇല്ലാതാക്കാം!സംഗതി കൊള്ളാമല്ലോ!?”

നിമിഷങ്ങൾക്കുള്ളിൽ അമേയ എത്തി. അവൾ എഴുതി.
“കൊള്ളാം! നാസികൾ ചെയ്തതും ഇതു തന്നെ!സമൂഹത്തിനു വേണ്ടതെന്തെന്ന് തീരുമാനിക്കുന്നതാരാണ്?
ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു തീരുമാനിക്കുന്നതാരാണ്?നന്മയേത്, തിന്മയേത് എന്നതിനു മാനദണ്ഡമെന്ത്?”

“ഈ സൌകര്യങ്ങൾ ഭാവിയിൽ കൂടുതൽ വലിയ അസമത്വത്തിലേക്ക് സമൂഹത്തെ നയിക്കുകയില്ലേ? ലക്ഷങ്ങൾ കയ്യിലുള്ളവന് അവനാഗ്രഹിക്കുന്ന രൂപത്തിൽ, ആരോഗ്യത്തിൽ, ആകൃതിയിൽ, ബുദ്ധിശക്തിയിൽ മക്കൾ.... പണമില്ലാത്തവനോ!?

അതിനിടെ ഗ്രൂപ്പിലെ പയ്യൻ റോഹൻ  ഒരു കമന്റിട്ടു. “ഹേയ്! അതു മാത്രമല്ലല്ലോ.... നമ്മുടെ കണ്ണിന്റെ കളറും, മുടിയുടെ നിറവും ഒക്കെ ജീൻ ലിങ്ക്ഡ് അല്ലേ? അപ്പോ ഈ വഴി നമുക്ക്  നീലക്കണ്ണും, സ്വർണത്തലമുടിയും ഗോതമ്പു നിറവും ഒക്കെയുള്ള കുഞ്ഞുങ്ങളെ മക്കളായി കിട്ടും! ഒപ്പം നമ്മുടെ രൂപസാദൃശ്യം നിലനിർത്തുകയും ചെയ്യാം! വൌ! ഫാബുലസ് യാർ!!”

അമേയ ചോദിച്ചു. “എന്തിനാ മോനേ അതൊക്കെ? ഭൂമിയിൽ ഉള്ള സകല വൈവിധ്യവും തുടച്ചു നീക്കാനോ? ലോകം മുഴുവൻ ഒരേ അഴകളവുള്ള സ്വർണത്തലമുടിക്കാർ മാത്രമാണെങ്കിൽ,  എന്തൊരു ബോറാകും അത്!? ഡൈവേഴ്സിറ്റി ഈസ് ദ സോൾ ഓഫ് നെയ്ച്ചർ; ഇറ്റ് ഈസ് ദ സോൾ ഓഫ് എന്റർടൈൻമെന്റ്!  ദ സോൾ ഓഫ് ലൈഫ്... ദ  സോൾ ഓഫ് എവ്‌രി തിങ്! ”

ആനന്ദ് അമേയയ്ക്കു മറുപടിയുമായെത്തി.  “സ്വർണത്തലമുടി മാത്രമല്ലല്ലോ ആളുകൾക്കിഷ്ടം. ബ്രൌൺ ഹെയറും, ബ്ലാക്ക് ഹെയറും, റെഡ് ഹെയറുമൊക്കെ ഇഷ്ടമുള്ളവരുണ്ടല്ലോ. ഡൈവേഴ്സിറ്റിയൊക്കെ നിലനിൽക്കും. പക്ഷേ ചില മാരക രോഗങ്ങളെങ്കിലും സ്ക്രീൻ ചെയ്ത് അടുത്ത തലമുറയിൽ ഒഴിവാക്കാൻ നമുക്കു കഴിയില്ലേ? അത് ചില്ലറ കാര്യമാണോ?”

വാദമിപ്പോൾ ആനന്ദും അമേയയും തമ്മിൽ നേരിട്ടായി.അവൾ ചോദിച്ചു.
 “ഒരു ക്യാൻസർ ഫ്രീ ബേബിയെ ഒണ്ടാക്കീട്ട്, അവൻ അവസാനം കള്ളനോ, തെമ്മാടിയോ ആയിപ്പോയാൽ എന്തു ചെയ്യും? അതുപോലെ, വികലാംഗനായോ കുള്ളനായോ ജനിച്ച ഒരു കുട്ടി ഭാവിയിൽ ഈ ജെനെറ്റിക് ക്യാൻസറി്ന് മരുന്നു കണ്ടുപിടിക്കില്ല എന്നാർക്കു പറയാനാകും!? ഇങ്ങനെപോയാൽ ഭൂമിയിൽ ഒരു ബീഥോവനോ, വാൻ ഗോഗോ, അഗതാ ക്രിസ്റ്റിയോ ഇനി എങ്ങനെ ജനിക്കും!?.”

അവൾ തുടർന്നു. “പൊക്കം, വണ്ണം, ശരീരവടിവ്, നീലക്കണ്ണ്, ഗോതമ്പു നിറം, സ്വർണമുടി എന്നൊക്കെപ്പറഞ്ഞ് അവന്മാർ ഇതു പക്കാ കച്ചവടമാക്കും. കോമ്പിറ്റീഷൻ കൂടി റേയ്റ്റ് കുറച്ച് ഒടുവിൽ വികൃതജന്മങ്ങൾ ചുമക്കേണ്ടി വരും പലർക്കും. നോക്കിക്കോ!”

“കച്ചവടത്തിന്റെ പേരിലായാലും മാരകരോഗങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ അതു നേട്ടമല്ലേ?” ആനന്ദ് ചോദിച്ചു.

“ നേട്ടമൊക്കെത്തന്നെ.വല്ല തീവ്രവാദികൾക്കും സൽബുദ്ധി തോന്നി നൂറുകണക്കിന് ബിൻ ലാദന്മാ‍രെയോ, ഹിറ്റ്ലർമാരെയോ ഒന്നും പടച്ചുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. ആ സാധ്യത തള്ളിക്കളയാനാവുമോ? ക്രിമിനൽ ജീനുകൾ ഉൾക്കൊള്ളിച്ച് അന്താരാഷ്ട്ര കൊള്ളസംഘം ഉണ്ടാക്കിക്കുടെന്നില്ലല്ലോ, ഏതെങ്കിലും കോടീശ്വര കുബുദ്ധി!”

“കുബുദ്ധികൾ ലോകത്ത് എന്നുമുണ്ട്. എന്നു കരുതി ലോകത്ത് പുതിയ ടെക്നോളജികളൊന്നും വരാതിരിക്കുന്നില്ലല്ലോ.” ആനന്ദ് പറഞ്ഞു.

തുടർന്ന് അയാൾ വികാരാധീനനായി കുറിച്ചു
“എന്റെ ഇരുപതുകാരൻ അനിയന് ഓട്ടിസം ആണ്. അവന് സമൂഹത്തിൽ ജീവിക്കാനറിയില്ല. ഒറ്റയ്ക്കാക്കി പോയാൽ ഒന്നും കഴിക്കില്ല. വെള്ളം പോലും തനിയെ എടുത്തു കുടിക്കില്ല. കുളിക്കില്ല. അമ്മ നോക്കാനില്ലെങ്കിൽ പട്ടിണി കിടന്നു ചാവും.... പ്രായമായ അമ്മയ്ക്ക് ജീവിതകാലം മുഴുവൻ  അവനെ നോക്കാൻ കഴിയുമോ?

യു നോ വൈ അയാം എ ബാച്ചിലർ ഈവൻ റ്റുഡേ? എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അവനുവേണ്ടി വർഷങ്ങളായി ചിലവഴിക്കുകയാണ്. മകനെ പൊന്നുപോലെ നോക്കുന്ന ഒരമ്മയെ കിട്ടിയതു ഭാഗ്യം. എങ്കിലും അമ്മയ്ക്ക് എത്ര നാൾ അവനെ ഇങ്ങനെ.....?

ഇതിനൊന്നും ഒരു പരിഹാരവും വേണ്ടെന്നാണോ നീ പറയുന്നത്? അമ്മയാകാൻ പോകുന്ന ഒരു സ്ത്രീ, ഓട്ടിസം വരാൻ സാധ്യതയുള്ള ഒരു ഭ്രൂണം ഒഴിവാക്കിയാൽ ഈ ലോകത്ത് എന്ത് വിനാശമാണുണ്ടാകാൻ പോകുന്നത്, അമേയാ? ക്യാൻസറും, മാരകരോഗങ്ങളുമായി ലക്ഷക്കണക്കിനു ജീവിതങ്ങൾ അനുഭവിക്കുന്ന നരകയാതന നിനക്കറിയാത്തതുകൊണ്ടാണ് എല്ലാറ്റിനെയും ഇങ്ങനെ എതിർക്കുന്നത്...!?”

അമേയ നിശ്ശബ്ദയായി.

പിറ്റേന്ന് അവൾ നെറ്റിൽ നിന്നും അപ്രത്യക്ഷയായി.
അതിനു പിന്നിൽ തന്റെ രോഷപ്രകടനമാണോ എന്ന് അയാൾ ന്യായമായും സംശയിച്ചു.നെറ്റിൽ വിവിധ വിഷയങ്ങളിൽ  ഇത്രയ്ക്ക് യോജിച്ചിട്ടും വിയോജിച്ചിട്ടുമുള്ള മറ്റൊരാളില്ല. തന്റെ തന്നെ ഓൾട്ടർ ഈഗോയാണോ അവൾ എന്നുപോലും പലകുറി ചിന്തിച്ചിട്ടുണ്ട്.അവൾ അപ്രത്യക്ഷമായ ശേഷമുണ്ടായ ശൂന്യതയേക്കാൾ ഭീകരമായിരുന്നു ഇത്രനാളും ഒരിക്കൽ പോലും തന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ല എന്ന യാഥാർത്ഥ്യം.

അവൾ കോപ്പി റൈറ്റിംഗിലേക്ക് തിരിഞ്ഞ കാര്യം പോലും അയാൾ അറിഞ്ഞിരുന്നില്ല. ഐ.ബി.എമ്മിൽ തന്നെയാവും എന്നാണ് കരുതിയിരുന്നത്.

എട്ടു മണിയാകും വരെ ഹിമേഷ് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ആനന്ദ് അതൊക്കെ ശ്രദ്ധിക്കുന്നതായി ഭാവിച്ചിരുന്നു. ഇതിനിടെ രണ്ടാമത്തെ പിച്ചർ ബിയർ എത്തി.

എട്ടു മണി കഴിഞ്ഞതോടെ ആനന്ദിന് അക്ഷമയേറി. എട്ടരയാകാറായപ്പോൾ ഹിമേഷ് അയാളെ നുള്ളി വിളിച്ചു. “ഗോഷ്! ഷി ഹാസ് കം ഇറ്റ് സീംസ്! ലുക്ക് അറ്റ് ദാറ്റ് സൈഡ്!”
ആനന്ദിന് ചങ്കിടിപ്പേറി. അതവവഗണിച്ച് ഹിമേഷിനൊപ്പം അവളിരുന്ന ടേബിളിനരികിലെത്തി.

അമേയ ശരിക്കും അമ്പരന്നു പോയി!

“ആനന്ദ്! നീയിവിടെ?? വാട്ട് എ സർപ്രൈസ് മാൻ!”
ഏതാനും നിമിഷം അയാൾക്കൊന്നും മിണ്ടാനായില്ല. മിഴികളിൽ നിന്നുതിർന്ന മഞ്ഞു മറയ്ക്കപ്പുറത്തായിരുന്നു അവൾ.
ഹിമേഷ് അയാളുടെ രക്ഷയ്ക്കെത്തി. “വൈ സിറ്റിംഗ്  ദിസ് സൈഡ് അമേയാ?”

“എനിക്ക് ഡ്രാഫ്റ്റ് ബിയറാ ഇഷ്ടം.  ഇറ്റ്സ് മോർ ഇക്കോ ഫ്രണ്ട് ലി.... നോ പാക്കേജിംഗ്, ഫ്രെഷ് ഫ്രം ദ കാ‍സ്കെറ്റ്, നൈസ്  ടെയ്സ്റ്റ്, കൂൾ, ആൻഡ് ഹാസ് ലെസ് കാർബണേഷൻ. ദേ ബ്രൂ ഇറ്റ് ഹിയർ മാൻ!  ഇവിടത്തെ ടാപ്പുകൾ നോക്കൂ... ഒരു ഗോത്തിക് ലുക്കില്ലേ?  ” അവൾ ചോദിച്ചു.

സത്യത്തിൽ ടാപ്പ് വഴി ഒഴിച്ചുതരുന്ന ബിയർ  അയാൾ ആദ്യമായി കാണുകയായിരുന്നു!
അവളുടെ ബിയർ വിജ്ഞാനത്തിൽ അയാൾ അമ്പരന്നു. ഈയൊരു താല്പര്യത്തെക്കുറിച്ച് അവൾ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല....

“യു ഗൈസ് നോട്ട് ജോയിനിംഗ് മി...?” അവൾ ചോദിച്ചു.
“യാ... ഷ്വോർ. ഇരിക്കൂ ആനന്ദ്. ഞാനാ ടേബിളിലെ ബിൽ സെറ്റിൽ ചെയ്യട്ടെ...” ഹിമേഷ് സന്ദർഭത്തിനൊത്തുയർന്നു. ആനന്ദ് അവൾക്കു മുന്നിലായി ഇരുന്നു.

“നൌ ടെൽ മി ആനന്ദ്... വാട്ട് ബ്രിങ്ങ്സ് യു ഹിയർ?” അമേയ തുടങ്ങി വച്ചു.
നീണ്ട ഒരു നിമിഷം അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു.എന്നിട്ടു പറഞ്ഞു “നീ... നീ മാത്രം!”

അവളുടെ മുഖപേശികൾ ഒരു നിമിഷം വലിഞ്ഞു. പിന്നെ നിസ്സംഗമായെന്നോണം ചോദിച്ചു “എന്തിന്? ”
“തിരികെ വരാമെന്നു പറഞ്ഞ് ഒരു വർഷം മുൻപ് മുങ്ങിയ ആളല്ലേ? ഒന്നു കാണണമെന്നു തോന്നി... ”
“ഏയ്, വരും എന്ന ഉറപ്പ് ഞാൻ നൽകിയിരുന്നില്ലല്ലോ. ഒരു കൊല്ലം കഴിഞ്ഞ് മടങ്ങിവരണമെന്നു തോന്നിയാൽ വരും എന്നല്ലേ പറഞ്ഞിരുന്നുള്ളൂ...? റ്റു ബി ഫ്രാങ്ക്, ഒരു കൊല്ലം കഴിഞ്ഞ് എന്നെ ആരും ഓർക്കുമെന്നു കരുതിയേ ഇല്ല.... നീ പോലും....”

നെഞ്ചിൽ എന്തോ ഒന്നു കൊളുത്തി. ആനന്ദ്  വിളറിയ ഒരു ചിരി വരുത്തി.

അവൾ തുടർന്നു. “നീയെന്നെ മറന്നു കാണുമെന്ന ചിന്തയിലായിരുന്നു ഞാൻ. ആഴ്ചകൾക്കുള്ളിൽ സൌഹൃദങ്ങളും കൂട്ടായ്മകളും മാറിമറിയുന്ന സൈബർ ലോകത്ത് ആരുടെ നഷ്ടവും ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം പ്രസക്തമാകുന്നില്ല.... എങ്കിലും നീ വന്നല്ലോ.... ആം ഹാപ്പി.”

അയാൾ പുഞ്ചിരിച്ചു.

“ഇവിടത്തെ സ്ഥിരം ആളാണല്ലേ? ” ആനന്ദ് ചോദിച്ചു.

“ഏയ്! ഐ ജസ് ലവ് ദിസ് ആംബിയൻസ്.... ദ മ്യുസിക്.... ആൻഡ് അഫ്കോഴ്സ്, സീഫുഡ്! സത്യം പറയാമല്ലോ ഈ കോംബിനേഷൻ മതിമറന്നാസ്വദിക്കാനാണ് ഞാനിവിടെ വരുന്നത്. പലരും കരുതും പോലെ കുടിച്ചു കുന്തം മറിയാനല്ല.”
“അപ്പോ... കെയ്സ് കണക്കിന് ബിയർ സ്റ്റോക്ക് ചെയ്യുന്നതോ?”
“ഹോ! ആരു പറഞ്ഞു ഇതൊക്കെ.........!? ഹിമേഷ്.......?”

അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി “പെൻഡിംഗ് വർക്ക്സ് കുന്നു കൂടുമ്പോൾ ഐ ജസ് ഷിഫ്റ്റ് മാ വർക്ക് പ്ലെയ്സ് റ്റു ഹോം. അവിടാവുമ്പോ ക്ലോക്കിനെ പേടിക്കണ്ട. തോന്നുമ്പോ കുളിക്കാം. തോന്നുമ്പോ തിന്നാം.തോന്നുമ്പോ കിടക്കാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യണമെന്നോ, ഇടണമെന്നോ ഒരു നിർബന്ധവുമില്ല.... ഐ ഷൺ മാ സെൽഫ് ഫ്രം ഓൾ ഡിസ്ട്രാക്ഷൻസ്.... അപ്പോ ഇടയ്ക്കൊരു പൂതി തോന്നിയാൽ.... ദ ഡ്രൈവർ വിൽ ബ്രിങ്ങ് ഇറ്റ് ഹോം. സ്റ്റോർ ചെയ്യുമ്പോൾ ഒരു കെയ്സ് എന്നത് ഒരു പതിവാ. കുടിക്കാൻ മാത്രമല്ല, കുളിക്കാനും ഞാനതുപയോഗിക്കും! ഹ! ഹ!!”

“കുളിക്കാൻ?”
“ഏയ്! ചുമ്മാ... ജസ് ഫോർ ഹെയർ വാഷ്... മുടി കഴുകാൻ!”
അയാൾക്കത് അതിശയമായിത്തോന്നി.
“മോറോവർ, ഐ യൂസിറ്റ് ഫോർ കുക്കിംഗ്......പിന്നെ.... ആസ് എ  ബട്ടർഫ്ലൈ സെഡക്റ്റർ!
പഴവും, പഞ്ചസാരയും, ബിയറും കൂട്ടിക്കുഴച്ചു വച്ചു നോക്കൂ, നിന്റെ തൊടിയിലും പാറിവരും പൂമ്പാറ്റകൾ!”
“ അമേയാ......!”
“യെസ് മി ലോഡ്.......... വാണ വിസിറ്റ് മാ ഹോം?”
“വൈ നോട്ട്?”
“ദെൻ ലെറ്റ്സ് മൂവ്!”
“അപ്പോ ഹിമേഷ്?”
“ഡോണ്ട് വറി അബൌട്ട് ഹിം!”

ഹിമേഷ് ബിൽ സെറ്റിൽ ചെയ്ത് തിരിച്ചെത്തി.

അമേയ ഇരിപ്പിടത്തിൽ നിന്നെണീറ്റു. ഹിമേഷിനു നേരെ കൈ നീട്ടി. ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു “താങ്ക്സ് എ ലോട്ട് ബഡി. തെറ്റിദ്ധരിക്കില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ?”
“യെസ്. അഫ്കോഴ്സ്....” ഹിമേഷ് അല്പം കൺഫ്യൂസ്ഡ് ആയി മൊഴിഞ്ഞു.

“വി നീഡ് റ്റു റ്റോക്ക്  എ ബിറ്റ്. അല്പം ഒച്ചയും ബഹളവും കുറഞ്ഞ ഒരിടത്തേക്ക് ഞങ്ങൾ പൊയ്ക്കൊള്ളട്ടേ?”

അവളുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ കുഴങ്ങി, കോർപ്പറേറ്റ് ശൈലിയിൽ തോൾ ചലിപ്പിച്ച് ഹിമേഷ് അനുകൂലമുദ്ര കാണിച്ചു.

പുറത്ത് ഡ്രൈവർ കാറുമായി കാത്തിരിപ്പുണ്ടായിരുന്നു.
“നമ്മുടെ പഴയ സംവാദങ്ങൾ ഓർക്കാറുണ്ടോ?”കാറിനുള്ളിൽ വച്ച് ആനന്ദ് ചോദിച്ചു.
“ഉം.... ഉവ്വ്...”
“ഇതിനിടെ ചോദിക്കാൻ മറന്നു. ആർ യു മാരീഡ്?”
“നോ.”
അവൾ പൊടുന്നനവേ നിശ്ശബ്ദയായി.
അയാൾ പിന്നീടൊന്നും ചോദിച്ചില്ല.

അപ്പാർട്ട്മെന്റിനു മുന്നിൽ ഡ്രോപ് ചെയ്ത് ഡ്രൈവർ പാർക്കിംഗ് ഏരിയയിലേക്ക് പിൻ വാങ്ങി. അകത്തേക്കു കയറുമ്പോൾ ആനന്ദ് ശ്രദ്ധിച്ചു അവളുടെ വീട്ടുവാതിലിൽ നിറയെ പൂച്ചെട്ടികൾ.... അതിൽ കൂമ്പിയിരിക്കുന്ന ശലഭങ്ങൾ....

“അമെയ്സിംഗ് ഡിയർ !” അയാൾ മന്ത്രിച്ചു. അവൾക്കൊരു ചുംബനം കൊടുക്കണമെന്നു തോന്നിപ്പോയി അയാൾക്ക്. പക്ഷേ അപ്പോഴേക്കും അവൾ അകത്തു കടന്നിരുന്നു.

അയാളെ ഒരു സോഫയിൽ പിടിച്ചിരുത്തി അരികിലിരുന്നുകൊണ്ട് അവൾ ചോദിച്ചു.
“കാറിൽ വച്ച് എന്നോട് മാരീഡ് ആ‍ണൊ എന്നു ചോദിച്ചില്ലേ? ”

“ഉം... യെസ്. ബട്ട് ദെൻ.... യു വെന്റ് സൈലന്റ്....! ഇപ്പോ... ഇപ്പോൾ ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ.... പറയൂ.... ഷാൽ വി ഷെയർ അവർ മിസറീസ് റ്റുഗേദർ? നമുക്കു വിവാഹിതരായിക്കൂടേ?”

അവർക്കിടയിൽ നിശ്ശബ്ദത നിറഞ്ഞു. ഒടുവിൽ അവൾ മൊഴിഞ്ഞു.
“എനിക്കതിനു കഴിയുമോ എന്ന് സംശയമാണാനന്ദ്.... അല്ലെങ്കിൽ തന്നെ, എന്നെ അടുത്തറിഞ്ഞാൽ, എന്റെ വട്ടുകളോട് സമരസപ്പെടാൻ ഒരാണിനാവുമോ എന്നും ഞാൻ ഭയപ്പെടുന്നു. ഇപ്പോൾ എന്നോടൊപ്പം എന്റെ മകളും സ്വപ്നങ്ങളും സുരക്ഷിതമാണ്. അതു മതി...”

“മോളോ? യു ഗോട്ട് എ കിഡ്?” അയാൾ വീണ്ടും അതിശയിച്ചു.

അവൾ ചിരിച്ചു. വാത്സല്യം വഴിയുന്ന ഒരു നിറചിരി. “പറയാം.... അല്പം ക്ഷമിക്കൂ....”
അയാൾ സാകൂതം അവളെ നോക്കിയിരുന്നു.

 “അറിയുമോ ആനന്ദ്, എന്റെ അമ്മയും, ചേച്ചിയും ക്യാൻസർ വന്നാ മരിച്ചത്. ഒവേറിയൻ ക്യാൻസർ. അടുത്തടുത്ത വർഷം. എല്ലാം ഒന്നു സ്റ്റെഡിയാക്കി ലോങ്ങ് ലീവ് ഒക്കെക്കഴിഞ്ഞ് അച്ഛൻ ജോലിക്കു തിരിച്ചെത്തിയപ്പോൾ അതുവരെ ജൂനിയർ ആയിരുന്നവൻ ബോസായി ഇരിക്കുന്നു. തലയില്ലാത്തവൻ തലയായിരിക്കുമ്പോൾ, വാലാവാൻ വയ്യെന്നു പറഞ്ഞ് ആൾ ഇറങ്ങിപ്പോന്നു. രണ്ടു വർഷം മുൻപ് വീടു വിട്ടു. ഇനിയും തിരിച്ചെത്തിയിട്ടില്ല. അച്ഛനുമാത്രമല്ല, മുത്തച്ഛനും ഭ്രാന്തായിരുന്നു..... സ്കിസോസോഫ്രേനിയ...... ഇറ്റ് റൺസ് ഇൻ ദ ഫാമിലി.... രണ്ടും ജെനെറ്റിക് കുരുക്കുകൾ........ നമ്മുടെ സംവാദകാലത്ത് ഞാൻ ജെനെറ്റിക് എഞ്ചിനീയറിംഗിനെ വിമർശിച്ചതോർമ്മയില്ലേ? 

നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.

പിന്നെ.... പണ്ട് എന്റെ എഴുത്തിനെക്കുറിച്ച് പുകഴ്ത്തിപ്പറയാറുണ്ടായിരുന്നല്ലോ.... സത്യത്തിൽ അതൊക്കെ ആ ഭ്രാന്തിന്റെ ബഹിർസ്ഫുരണങ്ങൾ മാത്രം. വട്ടു മൂക്കുമ്പോൾ ഞാൻ മുറിയടച്ചിരിക്കും. കൊടും നിരാശയുടെ പടുകുഴിയിൽ....അപ്പോൾ മനസ്സിൽ തോന്നുന്നതെല്ലാം പിന്നീടെപ്പോഴെങ്കിലും കുത്തിക്കുറിച്ചിടും. ഭൂരിഭാഗവും കത്തിച്ചു കളയും. അവശേഷിക്കുന്നവ.... അപ്പപ്പഴത്തെ മൂഡനുസരിച്ചു ഞാൻ പോസ്റ്റ് ചെയ്യും.”

വല്ലാത്തൊരു മനോനിലയിലായിരുന്നു അമേയ.

“എനിക്കറിയാം എന്താണ് വിധി എനിക്കായി കരുതിവച്ചിരിക്കുന്നത് എന്ന്...... എന്റെ ഹൃദയം കവരാൻ ഇതുവരെ ഒരാണും വന്നിട്ടില്ല ആനന്ദ്....ഇനി അഥവാ വന്നാലും.... എനിക്കു തന്നെ എന്നെ സഹിക്കാൻ കഴിയുന്നില്ല. പിന്നല്ലേ, മറ്റൊരാൾക്ക്! ഒരു കുടുംബജീവിതം എനിക്കു പറ്റില്ല....
നിന്നെയെനിക്ക് എന്നും വേണം. സുഹൃത്തായി.... വിവാഹം എന്ന കൊലച്ചതി ചെയ്ത് നമ്മൾ പരസ്പരം വെറുക്കണോ?”

അയാൾക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു....ശൂന്യത അവർക്കിടയിൽ വീണ്ടും തിങ്ങി നിറഞ്ഞു.

അതിനൊടുവിൽ മറ്റേതോ ലോകത്തു നിന്നെന്നവണ്ണം അമേയയുടെ വാക്കുകൾ ഹോളിൽ മുഴങ്ങി.

“നിനക്കറിയുമോ, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ കുഞ്ഞാണ്.  അതുകൊണ്ടു തന്നെ, ഞാൻ അനുഭവിക്കുന്ന നരകത്തിലേക്ക് അവളെ ഒരിക്കലും കൊണ്ടുവരില്ല!”

ആനന്ദ് വീണ്ടും അത്ഭുതം കൂറി.

അതു കണ്ട് നേർത്തൊരു ചിരിയോടെ അവൾ പറഞ്ഞു.

“ഇനിയും ജനിച്ചിട്ടില്ലാത്തതുകൊണ്ട് എനിക്കവളെ പാലൂട്ടാം, താരാട്ടാം, കൊഞ്ചിക്കാം, കളിപ്പിക്കാം..... മുടി പിന്നിൽ നിന്നു കെട്ടിക്കൊടുക്കാം, സ്കൂളിൽ വിടാം..... വീട്ടിൽ വൈകിയെത്തിയതിനു വഴക്കു പറയാം, കാമുകനൊത്ത് ചുറ്റിക്കറങ്ങുന്നതോർത്ത് അസൂയപ്പെടാം....ഞാനവളുടെ അമ്മയാണ്!”

കുസൃതിക്കിടയിലും അവളുടെ വാക്കിലും നോക്കിലും മാതൃത്വം നിറഞ്ഞു തുളുമ്പി.

അമേയ സോഫയിൽ നിന്നെഴുന്നേറ്റ് ബെഡ് റൂമിലേക്കു നടന്നു. കൈകൾ വീശി ഒരു നൃത്തച്ചുവടിലെന്നോണം തന്റെ കുഞ്ഞിനെ വാരിയെടുത്തു. മാറോടു ചേർത്തു ചുംബിച്ചു.

മുറിയിൽ അയാളുടെ സാന്നിധ്യം തീരെ മറന്ന് അമ്മ മോളെ പാലൂട്ടാൻ തുടങ്ങി. ഒപ്പം ഒരു താരാട്ടു മൂളാനും.

അവരുടെ ലോകത്ത് തനിക്കെന്തെങ്കിലും ചെയ്യാനുള്ളതായി അയാൾക്കു വെളിപ്പെട്ടില്ല.
സന്ദിഗ്ധതയുടെ ഏതാനും നിശ്ശബ്ദനിമിഷങ്ങൾ  അതിജീവിച്ച്, വാതിൽ ചാരി ആനന്ദ് പടിയിറങ്ങി.

അമ്മയെ മകളിൽ നിന്നകറ്റാൻ അയാൾക്കാവുമായിരുന്നില്ല......


Sunday, August 26, 2012

ക്ഷീരവിപ്ലവം വരുന്ന വഴി!

കൊച്ചുവെളുപ്പാൻ കാലത്ത് ഏഴരമണിക്ക് ബ്ലോഗറെ അമ്മ വിളിച്ചു.


ഇനി കുറേ നേരത്തേക്ക് വെറും വയറ്റിൽ പ്രാദേശികവാർത്തകൾ കേൾക്കാം. ആദ്യത്തെ മൂന്നു മിനിറ്റ് കുടുംബവിശേഷം. പിന്നത്തെ നാലു മിനിറ്റ് നാട്ടു വിശേഷം, രണ്ട് മിനിറ്റ്  അന്താരാഷ്ട്രപ്രശ്നങ്ങൾ. അവസാന മിനിറ്റിൽ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി ....
അങ്ങനെയാണ് അതിന്റെയൊരു രീതി.

എന്നാൽ ഇന്ന് എട്ടാം മിനിറ്റിൽ അന്താരാഷ്ട്ര വിഷയങ്ങളിലേക്കൊന്നും കടക്കാതെ അമ്മ ചോദിച്ചു.

“ആ, പിന്നെ നീയറിഞ്ഞോ? കാവ്യ പ്രസവിച്ചു!”

“ഏതു കാവ്യ?” പെട്ടെന്ന് അയാൾക്കോർത്തെടുക്കാൻ പറ്റിയില്ല.

“ഓ! നമ്മുടെ കാവ്യാ മാധവൻ!” പെട്ടെന്നു തന്നെ അമ്മ പറഞ്ഞു.

“ങേ!? എപ്പോ?” ബ്ലോഗർ ഞെട്ടി. “പത്രത്തിലൊന്നും കണ്ടില്ലല്ലോ!?”

“പിന്നേ.... പത്രക്കാർക്കിതല്ലേ പണി....  എന്തായാലും വാവാച്ചൻ വല്യ സന്തോഷത്തിലാ....”

അയാളല്പം കൺഫ്യൂഷനിലായി. കാവ്യാ മാധവൻ പ്രസവിച്ചതിന് വാവാച്ചൻ സന്തോഷത്തിലാണെന്നോ!? അമ്മയ്ക്കിതെന്തുപറ്റി? അല്ല.... സത്യത്തിൽ, എന്താണീ പറഞ്ഞുകൊണ്ടു വരുന്നത്?

മനസ് ഒരു പകുതികൊണ്ട് ചെവിക്കകത്തെ കലകല കേട്ടുകൊണ്ടിരിക്കുമ്പോൾ, മറുപകുതികൊണ്ട് തലച്ചോറിൽ മാന്തിപ്പൊളിച്ചുകൊണ്ടിരുന്നു.

“എന്തായാലും ഇനി പുറത്തുന്ന് പാലു വാങ്ങിക്കണ്ടല്ലോ.... പെൺകിടാവായതു കൊണ്ട് അവൻ ഭയങ്കര സന്തോഷത്തിലാ.....”  അമ്മ തുടരുകയാണ്.

തലയിൽ ടോർച്ച് മിന്നി. ഓഹോ! ഇതായിരുന്നോ കാര്യം?

വാവാച്ചന്റെ അരുമപ്പശു കാവ്യാ മാധവൻ പ്രസവിച്ചിരിക്കുന്നു!

മനുഷ്യനിപ്പം കാടുകേറി എന്തേലുമൊക്കെ ചിന്തിച്ചേനേ!
അവൻ ചെയ്ത കടുംവെട്ട് പേരിടീൽ മുൻപ് നാട്ടിൽ ചെന്നപ്പോൾ ചർച്ചാ വിഷയമായിരുന്നു.
അപ്പോ, പത്രത്തിൽ വന്നില്ലെങ്കിലും സംഗതി സത്യം തന്നെ.

ബ്ലോഗറുടെ തൊട്ടു തെക്കേ വീട്ടിൽ ജനിച്ചു താമസിക്കുന്നു എങ്കിലും അന്താരാഷ്ട്ര പ്രശസ്തരായ പല സെലിബ്രിറ്റീസിനെയും പോലെ ഒരു മൃഗസ്നേഹിയാണ് വാവാച്ചൻ. തത്തക്കുഞ്ഞ്, അണ്ണാൻ കുഞ്ഞ്, മുയൽക്കുഞ്ഞ്, പട്ടിക്കുഞ്ഞ്, പൂച്ചക്കുഞ്ഞ്, പശുക്കുഞ്ഞ് ..... തുടങ്ങി എല്ലാ തരം കുഞ്ഞുങ്ങളേയും സ്നേഹിക്കുകയും ഊട്ടിവളർത്തുകയും ചെയ്യുക എന്നതാണ് പ്രധാന ജീവിത ലക്ഷ്യം.

സത്യത്തിൽ ലോകത്ത് ഏത് സെലിബ്രിറ്റിക്കുണ്ട് ഇത്ര വൈവിധ്യമുള്ള  മൃഗശേഖരം?

പണ്ട് ബ്രാഡ് പിറ്റ്  ഓമനകളായി രണ്ട് മഡഗാസ്കർ ഓന്തുകളെ പരിപാലിച്ചിരുന്നതായി കേട്ടിരുന്നു. ആഞ്ജലീന ജോളി (അതോ ഷോലിയോ!?) വന്ന ശേഷം അതിനൊക്കെ എന്തു സംഭവിച്ചോ എന്തോ!?

ഓപ്ര വിൻഫ്രിയുടെ അഞ്ചു പെറ്റ് പട്ടികളുടെ പടം ഈയിടെ ഒരു മാഗസിനിൽ കണ്ടത് ഓർമ്മ വരുന്നു. പമേല ആൻഡേഴ്സൺ, ജെനിഫർ ആനിസ്റ്റൺ, പാരിസ് ഹിൽറ്റൺ, കെല്ലി ബ്രൂക്ക് എന്നുവേണ്ട ക്ലിന്റണും ഒബാമയ്ക്കും വരെയുണ്ട്  പെറ്റുകൾ.

ബ്രാഡ് പിറ്റിന്റെ ഓന്തും, ഓപ്രേടെ പട്ടീം ഒക്കെ വാർത്തയായെങ്കിലും വാവാച്ചന്റെ അണ്ണാനും, പട്ടീം, പശൂം, തത്തേം ഒന്നും ഒരു പത്രത്തിലും വന്നില്ല.

സത്യത്തിൽ, മഹാനായ ശിബി മഹാരാജാവിനു ശേഷം ആര് എന്ന ആ ചോദ്യത്തിന് വാവാച്ചമഹാരാജാവ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ........

കാൽ വണ്ണയിലെ 100 ഗ്രാം മാംസം സ്വന്തം പട്ടിക്ക് ദാനം ചെയ്ത വേറൊരു മഹാൻ ആരുണ്ട് !?

(അതെ, ഒരിക്കൽ അങ്ങനെ സംഭവിക്കുകതന്നെയുണ്ടായി. അതോടെ അദ്ദേഹം ഒരു പുതിയ പാഠവും പഠിച്ചു. യജമാനനായാലും ശരി, പട്ടി തിന്നുന്ന നേരത്ത് ഇടങ്കോലിടരുത്; ഇടങ്കാലും ഇടരുത്!)

എന്നാൽ ജീവിതത്തിന്റെ ആരംഭദശയിൽ അദ്ദേഹം ഒരു മൃഗസ്നേഹിയായിരുന്നില്ല. എന്നുമാത്രമല്ല അറിയപ്പെടുന്ന ഒരു മൃഗ പീഡകൻ കൂടിയായിരുന്നു!

അയലത്തുകാരായ കണ്ണനും കിണ്ണനും, നീർക്കോലികളെ കുരുക്കിട്ട് വാലിൽ പിടിച്ച് ചുഴറ്റിയെറിയുന്നതായിരുന്നു ഹോബിയെങ്കിൽ,  വാ. മ. രാജാവിന് വലിയ കരിങ്കൽ കഷണങ്ങൾ കൊണ്ട് പൂച്ചകളെ എറിഞ്ഞുകൊല്ലുന്നതായിരുന്നു പ്രിയവിനോദം.

പക്ഷേ, മുൻ തലമുറയിലെ പ്രധാന പൂച്ചധ്വംസകനായ കരിമ്പൂച്ചസുഗുണൻ വിറയൽ രോഗം ബാധിച്ചു മരിച്ചതോടെ, തിരുമനസ്സുകൊണ്ട് ആ വിനോദം ഉപേക്ഷിക്കുകയായിരുന്നു. പൂച്ചകളെ കൊന്നാൽ വിറയൽ രോഗം പിടിപെടും എന്നാണ് നാട്ടുമൊഴി.

അതൊക്കെ എന്തോ ആവട്ടെ, പണ്ട് ചന്തുച്ചേകവർ വടക്കൻ വീരഗാഥയിൽ ‘അയവിറക്കിയതു’ പോലെ, പതിനേഴാമത്തെ വയസ്സു മുതൽ തന്റെ സിരകളിൽ കത്തിപ്പടർന്ന ഉന്മാദമാണ് കാവ്യ എന്ന് ഒരു ദുർബലനിമിഷത്തിൽ നമ്മുടെ കഥാനായകൻ വെളിപ്പെടുത്തി എന്നതിനു തെളിവുകളുണ്ട്.

അങ്ങനെയാണ് പ്രിയങ്കരിയായ പയ്യിന് തന്റെ ഇഷ്ടനായികയുടെ ‘ഫുൾ നെയിം’ ആ യുവാവ് നൽകിയത്.

കാവ്യയെ കുളിപ്പിക്കുക, കാവ്യയെ തീറ്റുക, കാവ്യയെ തൊട്ടുതലോടി നടക്കുക എന്നിവയെല്ലാം ദിനചര്യയുടെ ഭാഗമാക്കിയിട്ടുള്ള എത്ര ഫാൻസ് ഈ ഭൂമിമലയാളത്തിലുണ്ട്, വാവാച്ചനല്ലാതെ?

സംഗതി എന്തായിരുന്നാലും ശരി, അവന്റെ കാവ്യ പ്രസവിച്ചിരിക്കുന്നു. അതും ഒരു പെൺ കിടാവിനെ. ഇനി നാലിടങ്ങഴി പാലുകൊണ്ട് നാടാകെ കല്യാണം നടക്കും!

ഇത്രയും വിവരങ്ങൾ അമ്മ വഴി അറിഞ്ഞ സ്ഥിതിക്ക് നായകനെ ഒന്നു നേരിട്ടു വിളിച്ചുകളയാം എന്നു തന്നെ ബ്ലോഗർ തീരുമാനിച്ചു.

കുട്ടിയുണ്ടായതിന്റെ ആനന്ദവും അഭിമാനവും ഫോണിലൂടെ കേട്ട ‘ഹലോ’യിൽ നിറഞ്ഞു നിന്നു. എന്നാൽ ഈ സന്തോഷത്തിരതല്ലലിലും ആൾ അല്പം കുണ്ഠിതത്തിലാണെന്ന് കൂടുതൽ സംസാരിച്ചപ്പോൾ  മനസ്സിലായി.

പ്രശ്നം ഉണ്ടാക്കിയത് ‘കാന്താരി’യാണ്. നാലിടങ്ങഴിയായാലും രണ്ടിടങ്ങഴിയായാലും, കിട്ടുന്നതിൽ പാതി തന്റെ വിഹിതമാണെന്ന് അവൾ അവകാശപ്പെട്ടത്രെ. പശുപാലനത്തിൽ വാവാച്ചന്റെ സന്തത സഹചാരിയാണ് കാന്താരി.

അവൾ പോച്ച പറിച്ചതിന്റെയും, കാടികൊടുത്തതിന്റെയും കണക്കു പറഞ്ഞതോടെ മഹാരാജാവിനു കലിയിളകി.

“അതെന്താ, അവൾക്കു പാതി കൊടുത്തു കൂടേ?” ബ്ലോഗർ ചോദിച്ചു.

“ഒരു തുള്ളി പാൽ അവൾക്കു കൊടുക്കില്ല” ഹൈനെസ് അരുളിച്ചെയ്തു.
“ഇങ്ങനെ വാശി പിടിക്കാതെ നീ കാര്യം പറ വാവാച്ചാ...”
“കാര്യമുണ്ട്. അവളാ മറ്റവളുടെ ആളാ”
“മറ്റവളോ? അവതേതവൾ?”
“ഓ.... ആ ധന്യ നായർ”
“അതു ശരി.... അപ്പ അതാണ് കാര്യം....”

ധന്യ നായരെ അവനിഷ്ടമായിരുന്നില്ല എന്നതാണ് പ്രശ്നം. അതിനൊരു  മൂലകാരണവുമുണ്ട്.

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘സിഗ്മ മ്യൂസിക്സ്’ൽ വന്ന വഴക്കാളിപ്പെണ്ണ് സിനിമയിൽ കയറി പേരു മാറ്റി നവ്യ നായരായി എന്നത് ശരി തന്നെ. എന്നാലും ഉടക്കിയാൽ ശത്രു ശത്രു തന്നെ.

ബ്ലോഗറുടെ അനിയൻ മുത്തുമൊതലാളി നങ്ങ്യാർകുളങ്ങര കവലയിൽ നടത്തിയിരുന്ന ഓഡിയോ ഷോപ്പാണ് സിഗ്മ മ്യൂസിക്സ്.

പത്തുപന്ത്രണ്ടു കൊല്ലം മുൻപാണ് സംഭവം. നടാകെ കാസറ്റ് സംഗീതത്തിന്റെ കാലം.

പതിനാറുതികഞ്ഞ പൊടിമീശക്കാരൻ  വാവാച്ചൻ ‘സിഗ്മ’യിൽ കാസറ്റ് റെക്കോർഡിംഗ് ടെക്നീഷ്യനായി ചാർജെടുത്ത കാലം.

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ അഭിനയിച്ച ഉണ്ടക്കണ്ണിയോട് എന്തോ ‘ഒരിത്’ ഉള്ള കാലം....

അപ്പോഴാണ്, പാട്ട് റെക്കോഡ് ചെയ്തത് ശരിയായില്ല എന്നു പറഞ്ഞ്  ഒരു കറുമ്പിപ്പെണ്ണ് മൊതലാളിയോട് പരാതി പറയുകയും ബഹളം വയ്ക്കുകയും ചെയ്തത്.

പത്തുപതിനാലു വയസ് പ്രായം വരും അവൾക്ക്. സ്കൂൾ യുവജനോത്സവത്തിന് ഡാൻസ് കളിക്കാൻ റേക്കോഡ് ചെയ്യിച്ച കാസറ്റിൽ പാട്ടു ‘വലിഞ്ഞു’ എന്നു പറഞ്ഞായിരുന്നു ബഹളം.

ഇന്നു വരെ ഒരു കാസറ്റ് റെക്കോഡിംഗ് ടെക്നിഷ്യൻ എന്ന നിലയിൽ തന്റെ കാര്യക്ഷമത ആരും ചോദ്യം ചെയ്തിട്ടില്ല. കാസറ്റ് വലിഞ്ഞെങ്കിൽ അത് ടേപ്പ് റെക്കോർഡറിന്റെ പിഴവാകും. അല്ലെങ്കിൽ സ്റ്റേജിലെ സപ്ലെയിൽ  വോൾട്ടേജ് കുറവായിരുന്നിരിക്കും. ഇതൊന്നും മനസ്സിലാകാനുള്ള ടെക്നിക്കൽ നോ-ഹൌ ഇല്ലാത്ത ഡാൻസുകാരിയെ അദ്ദേഹം ശത്രുവായി പ്രഖ്യാപിച്ചു.

“അവള് കലാതിലകമാകുകയും പിന്നീട് സിനിമേൽ കയറുകയും ഒക്കെ ചെയ്തു.പക്ഷേ, അവടെ ഒറ്റപ്പടവും ഞാൻ കണ്ടിട്ടില്ല.എന്താ കാരണം?” വാവാച്ചൻചോദിച്ചു.

“എന്താ കാരണം?” ബ്ലോഗർ തിരിച്ചു ചോദിച്ചു.

“ശത്രുവെന്ന് വച്ചാൽ ശത്രുവാ!” ഠപ്പേന്നു വന്നു മറുപടി.

ബ്ലോഗർ മൂളി.

“അതുകൊണ്ടു തന്നാ എല്ലാരേം വിളിച്ചിട്ടും കല്യാണത്തിന് ഞാൻ പോകാഞ്ഞത്.”

ശരിയാ.  നാടടക്കം കല്യാണം വിളിച്ച്, ചേപ്പാട് ഹൈസ്കൂളിന്റെ ഗ്രൌണ്ടിൽ പന്തലുമിട്ട് നവ്യേടെ കല്യാണം നടത്തീട്ടും വാവാച്ചൻ പോയില്ലായിരുന്നു..

കല്യാണം കൂടാൻ പിണറായി മുതൽ ബാലകൃഷ്ണപിള്ള വരെ ചേപ്പാട്ടു വന്നു. മന്ത്രിമാർ കൂട്ടത്തോടെ വന്നു. പക്ഷേ വാവാച്ചൻ ചെന്നില്ല. എന്താ കാരണം!?

ശത്രുവെന്ന് വച്ചാൽ ശത്രുവാ!

അതാണ് വാവാച്ചൻ.

സംഗതി കുഴപ്പത്തിലേക്കാണ്. കാന്താരിക്ക് കാവ്യയെ ഇഷ്ടമല്ല. നവ്യയെ ഇഷ്ടമാണു താനും.

“കല്യാണം കഴിഞ്ഞ് കാവ്യ അഭിനയിക്കാൻ തിരിച്ചുവന്നപ്പോ കാന്താരിക്ക് എന്തൊരു ‘പുജ്ഞ’മായിരുന്നു! എന്നിട്ടിപ്പ ദാ ലവളും അഭിനയിക്കാൻ വരുന്നു..... പുതിയ സിനിമേൽ.....” വാവാച്ചൻ വിടാൻ ഭാവമില്ല.

“ആര്?”
“നവ്യ!”
“ഓ! അപ്പോ ആ കുട്ടി തിരിച്ചു വന്നോ? ”
“കുട്ടിയോ? ആര്? അത് തള്ളയല്ലേ? കുട്ടി കയ്യിലല്ലേ?”

“അതൊക്കെ എന്തെങ്കിലുമാവട്ടെ, ഒരു സിനിമാനടീടെ പേരിൽ നീ കാന്താരിയോട് പിണങ്ങരുത്!”ബ്ലോഗർ ഉപദേശിച്ചു.

“അക്കാര്യം മാത്രം എന്നോടു പറയരുത്. ഓണത്തിനു വരുമ്പൊ പാൽ‌പ്പായസം എല്ലാർക്കും എന്റെ വക!”
അവൻ ഫോൺ വച്ചു.
ബ്ലോഗർ പെട്ടു.കാന്താരിയും വേണ്ടപ്പെട്ടവളാണ്.
അവളെ വിളിച്ചു.
അവൾ പരിദേവനങ്ങളുടെ കെട്ടഴിച്ചു.
“പേരിഷ്ടമല്ലെങ്കിലും ആ പശൂനു വേണ്ടി ദിവസോം പോച്ച പറിച്ചു കൊടുത്തോണ്ടിരുന്നതാരാ? അതിനു പിണ്ണാക്കും, പുളിയരിപ്പൊടീം വാങ്ങിച്ചുകൊടുത്തിരുന്നതാരാ? അതിന് ഏനക്കേടു വന്നപ്പം മൃഗഡോക്ടറെ വിളിച്ചോണ്ടുവന്നതാരാ? എല്ലാം ഞാൻ! എന്നിട്ടിപ്പ ഞാൻ കറിവേപ്പില!”

“നീയതൊന്നും കാര്യമാക്കണ്ട കാന്താരീ” ബ്ലോഗർ ആശ്വസിപ്പിച്ചു.

“ അങ്ങനൊന്നുമല്ല..... എപ്പഴും കാവ്യേടെ കാര്യം പറഞ്ഞ് എന്നോട് തട്ടിക്കേറും. നവ്യയെ കളിയാക്കുകയും ചെയ്യും. ഇനി സഹിക്കാൻ ഞാനില്ല.... കുടുംബശ്രീയും തൊഴിലുറപ്പുമായി ആയിരങ്ങൾ പലതു സമ്പാദിച്ചവളാ ഈ കാന്താരി.... ഞാനും ചെലത് തീരുമാനിച്ചിട്ടുണ്ട്‌. ഒരു പശൂനെ വാങ്ങിക്കാൻ എന്നെക്കൊണ്ടും പറ്റും.”

“നീ എന്തു ചെയ്യാൻ പോകുന്നു?”

“ഒരു പശുക്കുട്ടിയെ ഞാനും നോക്കി വച്ചിട്ടുണ്ട്.നല്ലൊരു ജേഴ്സിപ്പശു. അതിനെ ഞാൻ ഇവിടെക്കൊണ്ടു വന്ന് വളർത്തും. എന്നിട്ട് അതിന് നവ്യാ നായർ എന്നു പേരും ഇടും!”

ബ്ലോഗർ വായ് പൊളിച്ചു.

തേനൊഴുകിയില്ലെങ്കിലും നാട്ടിൽ ഇക്കുറി ഓണത്തിന് പാലൊഴുകും!


വാൽമൊഴി: സത്യത്തിൽ വാവാച്ചന്റെ കാവ്യയ്ക്ക് കുട്ടിയും, കുട്ടിക്കു കുട്ടിയുമായി ഇപ്പോൾ. ഇവിടെ സൂചിതരായ രണ്ടു നടിമാരോടും സ്നേഹബഹുമാനങ്ങൾ മാത്രമേ ഉള്ളൂ എനിക്കും കുടുംബത്തിനുമെന്നും ഈ നർമ്മഭാവന അവരെ അവഹേളിക്കാനല്ലെന്നും സൂചിപ്പിച്ചുകൊള്ളുന്നു.

Wednesday, July 18, 2012

പനിക്കിനാവിലെ അതിഥികൾ


“അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ വേണമായിരുന്നു.... തരുമോ?” രാധയോട് ചോദിച്ചു.

“നിങ്ങളാരാണ്? എനിക്കൊരു പരിചയവുമില്ലല്ലോ...”

“എനിക്ക് നിങ്ങളെ എല്ലാവരെയും അറിയാം. നിങ്ങൾ എന്നെയും അറിയും.”

“അതെങ്ങനെ? ഞാൻ നിങ്ങളെ ആദ്യമായാണല്ലോ കാണുന്നത്! ”

“ങേ!? അപ്പോ അമ്മാളുക്കുട്ടിയമ്മയും മാധവമേനോനും .......... ”

മയക്കം മുറിയുമ്പോൾ മകൻ അടുത്തുണ്ട്.
“അല്ല.... ഇതെന്തേപ്പോ അവരെ കാണാൻ... ” സംശയമായി.

പിറുപിറുത്തതു കേട്ട് മകൻ ചോദിച്ചു “എന്താണ്? എന്തു സ്വപ്നമാണമ്മ കണ്ടത്?”

വിളറിയ ഒരു ചിരി മറുപടിയായി നൽകി.
അവൻ പറയുന്നത് ശരിയാണ്. അതൊരു സ്വപ്നമായിരുന്നു.
പക്ഷേ ഇറ്റ് ലുക്ക്ഡ് സോ ഒറിജിനൽ!
അല്ലെങ്കിലും സ്വപ്നം കാണുന്ന നേരം അങ്ങനെയാണ്. ഒക്കെ നൂറുശതമാനം യാഥാർഥ്യമെന്ന രീതിയിലാണ് സ്വപ്നം അനുഭവിക്കുന്നത്. എന്നാൽ ഞെട്ടിയുണരുമ്പോഴോ.... ഒക്കെ വെറും... വെറും സ്വപ്നം!

ഇപ്പോൾ തന്നെ ഈ സ്വപ്നത്തിൽ ഫോട്ടോ ചോദിച്ചു ചെല്ലുമ്പോൾ തനിക്കു പ്രായം അറുപത്തെട്ടാണ്. എന്നാൽ മറുപടി പറഞ്ഞ രാധയ്ക്കോ!?
പതിനാറു വയസ്!

അൻപത്തഞ്ചു വർഷം കഴിഞ്ഞിട്ടും രാധയ്ക്ക് വയസ് പതിനാറു മാത്രം!
വേഷം പാവാടയും ബ്ലൌസും.
അതെങ്ങനെ?
മറുപടി കേൾക്കുമ്പോൾ തനിക്കു പ്രായം അതിലും രണ്ട് വയസ് താഴെ!
അതെങ്ങനെ!?

സ്വപ്നങ്ങളുടെ മായക്കളികൾ എന്നും അങ്ങനെയാണ്. എങ്ങനെ എന്ന ചോദ്യമില്ല.
പക്ഷേ, ഇന്നു പകൽ ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് അവരെ സ്വപ്നം കാണാൻ എന്താവും കാരണം?

ചിന്തകൾ വായിച്ചിട്ടെന്നവണ്ണം മകൻ പിന്നെയും ചോദിക്കുന്നു “എന്തു സ്വപ്നമാ അമ്മ കണ്ടത്? ആരാ അവർ?”

മറുപടി പറയാൻ ചുണ്ടനങ്ങുന്നില്ല. വരൾച്ച. ദാഹം....
മകൻ ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളം ഇറ്റിച്ചു തന്നു.

അമ്മാളുക്കുട്ടിയമ്മ..... മാധവമേനോൻ....
മക്കൾ രാധ, ലീല, ഉഷ, ഗീത...

ഉഷയ്ക്കും ഗീതയ്ക്കുമൊപ്പം ഉറങ്ങാനൊരു രാത്രി!

കാര്യസ്ഥൻ ഗോപാലമേനോൻ.
ഗെയ്റ്റിനുള്ളിൽ നിറയെ കൂറ്റൻ വളർത്തുനായ്കൾ... ഭീതിപ്പെടുത്തുന്ന കുര.

എവിടെ നിന്നാണ് ഇപ്പോൾ ഇത്രയും ഓർമ്മകൾ കൂലം കുത്തിയൊഴുകിവരുന്നത്....

ചൂടുവെള്ളം ഉള്ളിൽ ചെന്നപ്പോൾ ഒരാശ്വാസം. ചുമയടങ്ങി. മകൻ കട്ടിൽത്തലയ്ക്കൽ തലയിണയുയർത്തി വച്ച് ചാരിയിരുത്തി.

ചോദ്യം ആവർത്തിക്കാതെ അവൻ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.

അപ്പോൾ പറഞ്ഞു തുടങ്ങി.

ഒറ്റപ്പാലത്ത് പണ്ട് സ്കൂളിൽ പഠിക്കുന്നകാലത്ത് പെൺകുട്ടികൾക്കായുണ്ടായിരുന്ന കസ്തൂർബാസദനത്തിന്റെ പ്രസിഡന്റായിരുന്നു അമ്മാളുക്കുട്ടിയമ്മ. ഞങ്ങൾ കുട്ടികൾക്കെല്ലാം അമ്മ. ഭർത്താവ് മാധവമേനോൻ. അവിടെ അടുത്തു തന്നയാണ് വീട്. തൊടിയിൽ നിറയെ ഫലവൃക്ഷങ്ങൾ....  ആപ്പിൾ കുലയായി കായ്ച്ചു നിൽക്കുന്നത് ആദ്യമായി കണ്ടത് അവിടെനിന്നാണ്....

“അത് ആപ്പിൾ തന്നെയായിരുന്നോ?” മകന്റെ ചോദ്യം.

അതുകേട്ടപ്പോൾ സംശയം. സത്യത്തിൽ ആയിരുന്നോ!? ഈ നിമിഷം വരെ അങ്ങനെയാണ് മനസ്സിൽ. പക്ഷേ ഇപ്പോൾ ഓർമ്മ ശരിക്കു കിട്ടുന്നില്ല. ആപ്പിൾ തന്നെയാവണം....
ആ... അതെന്തായാലും സൌന്ദര്യമുള്ളതെന്തും ആ വീട്ടിനുള്ളിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്നു.

വെളുത്തു തടിച്ച് ശ്രീത്വത്തോടെ ഇരിക്കുന്നിടം നിറഞ്ഞ് അമ്മാളുക്കുട്ടിയമ്മ.

കറുത്തു മെലിഞ്ഞെങ്കിലും, പൊക്കത്തിൽ തലയെടുപ്പോടെ മാധവമേനോൻ.

മക്കളിൽ രണ്ടുപേർ അമ്മയെപ്പോലെ, രണ്ടാൾ അച്ഛനെപ്പോലെ.

അച്ഛനെപ്പോലെയുള്ളവർക്കു നിറം കുറവായിരുന്നു. എങ്കിലും ശാലീനത കൂടുതലായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളാണ് കാലം.

അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് അച്ഛൻ എണ്ണിപ്പെറുക്കിത്തന്ന നാണയത്തുട്ടുകളുമായി ഹോസ്റ്റലിലേക്കുള്ള യാത്ര. രണ്ടാൾക്കുള്ള വണ്ടിക്കൂലി വഹിക്കാൻ പാങ്ങില്ലാ‍ത്തതുകൊണ്ടാണ് പതിന്നാലുകാരിയായ മകളെ ഒറ്റയ്ക്ക് വിടുന്നത്.

പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശേരി വഴി ഒറ്റപ്പാലത്തേക്കുള്ള ബസ്സിലാണ് സഞ്ചാരം. പാതി വഴിയെത്തിയപ്പോൾ വലിയൊരു മരം ഒടിഞ്ഞുവീണ് റോഡ് തടസപ്പെട്ടു.നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ പേടി തോന്നിയില്ല.

എന്നാൽ മരം വെട്ടി മാറ്റി ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും വൈകി.
ഒറ്റപ്പാലത്തെത്തിയപ്പോഴേക്കും സമയം സന്ധ്യ.

പിന്നെയും പതിനഞ്ചു മിനിറ്റു നടന്ന് ഹോസ്റ്റലിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടായി.
ഗെയ്റ്റിൽ നിന്നു നോക്കിയപ്പോൾ അകത്ത് വെളിച്ചമേ ഇല്ല!

ഗെയ്റ്റിൽ തട്ടിയിട്ട് ആരും വന്നുമില്ല. ഭയത്തിന്റെ നിമിഷങ്ങൾ അടിവയറ്റിൽ ആളി.
തട്ടുന്ന ഒച്ചകേട്ട് തൊട്ടടുത്ത വീട്ടിലെ ബേബി ഏട്ത്തി ഇറങ്ങി വന്നു.

“അയ്യോ! എന്താ കുട്ട്യേ, ഒറ്റയ്ക്കീ നേരത്ത്!? ”

“ബസ് വഴിയിൽ കിടന്നുപോയി.... വലിയൊരു മരം വീണ് റോഡ് ബ്ലോക്കായിരുന്നു....നാളെ സ്കൂൾ തുറക്വല്ലേ? അതാ ഞാൻ ഇന്നന്നെ വന്നത്...”

“ഹോസ്റ്റൽ നാളെയെ തുറക്ക്വള്ളൂലോ... കുട്ടി അറിഞ്ഞീര്ന്നില്ലേ?”

“ഇല്ല... ”

“നീപ്പോ ഒന്നും ചിന്തിക്കണ്ടാ... ഇങ്ങട് വന്നോളാ.... ഇന്നു രാത്രി ഇവിടാവാം...”

“അത്... ഏട്ത്തീ.... ഞാൻ... ഞാൻ അമ്മേന്റടുത്ത് പൊയ്ക്കോളാം...”

അമ്മ..... അഗതികളായ കുട്ടികൾക്കെല്ലാം അമ്മ... തനിക്കും അമ്മ....

“അതിപ്പോ.... ശ്ശി നടക്കാനില്ലേ, കുട്ട്യേ?”

“അദ് സാരല്യ... ഞാൻ പൊയ്ക്കോളാം...”

“അത്ര നിർബന്ധാച്ചാ വേഗം നടന്നോളു....”

പരപ്പിൽ തറവാട് അരണ്ട സന്ധ്യാവെട്ടത്തിൽ ഭീമാകാരം പൂണ്ടു നിൽക്കുന്നു.

ഗെയ്റ്റ് തുറന്ന് അകത്തേക്ക് കാൽ വച്ചതും ഒരു കൂട്ടം നായ്ക്കൾ ഒരുമിച്ചലറിക്കുരച്ചു!

നിന്ന നിൽ‌പ്പിൽ വിറച്ചു പോയി. കാതിൽ ആ ഇരമ്പം മാത്രം.

കാര്യസ്ഥൻ ഓടി വന്നു.
നോക്കിയപ്പോൾ ഇത്തിരിപ്പോന്ന ഒരു പെൺകുട്ടി.

“എന്താ കുട്ടീ, ഇവടെ, ഈ നേരത്ത്!?”

“അത്.... നിക്ക് അമ്മേ കാണണം....”

അയാൾ വീണ്ടും ചോദ്യരൂപത്തിൽ നോക്കി.

“ഞാൻ സദനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ട്യാ... നാളെ സ്കൂൾ തുറക്കുംന്ന്വച്ച് വന്നതാ... അപ്പോ... ഹോസ്റ്റൽ തുറന്നിട്ടില്ല...”

കാരുണ്യം നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞു “അകത്തേക്ക് വരിക.... ഇനി ഇന്നെവിടെയും പോണ്ട....”

വാതിൽ ശീല നീക്കി അമ്മാളുക്കുട്ടിയമ്മ പ്രത്യക്ഷപ്പെട്ടു.

“ആഹാ... ലക്ഷ്മിയോ!? എന്തു പറ്റി കുട്ടി?”

കണ്ണു നിറഞ്ഞുപോയി. ഒന്നും മിണ്ടാനായില്ല ഒരു നിമിഷം.

“കുട്ടി ഇന്ന് ഹോസ്റ്റൽ തുറക്കുംന്ന്വച്ച് വന്നതാ.... വണ്ടീം വൈകി, ഹോസ്റ്റൽ നാളേ തുറക്ക്വള്ളേനും...”
കാര്യസ്ഥൻ പറഞ്ഞു.

“വാ....” അമ്മ വിളിച്ചു.

അകത്തുകയറ്റി. മക്കൾക്കൊപ്പം കൂട്ടി. ഗീത സുന്ദരിയാണ്. ആ ബോധം ഉണ്ടുതാനും. അതാവും അത്ര അടുപ്പം കാട്ടിയില്ല. എന്നാൽ ഉഷ പെട്ടെന്ന് കുശലം ചോദിച്ചു വന്നു. കൂട്ടായി.

എല്ലാവരെയും ഒരുമിച്ചിരുത്തി അമ്മ അകത്തേക്കു പോയി.

അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളുടെ ഭാണ്ഡം അഴിച്ചു. ഉഷയ്ക്ക് കഥകളൊക്കെ ഇഷ്ടായി. കഥകേട്ടെപ്പോഴോ ഗീത അരികിൽ വന്നിരുന്നിരുന്നു.

രാത്രി വൈകിയപ്പോൾ അമ്മ എല്ലാവരെയും വിളിച്ചു. ഒരുമിച്ചിരുത്തി ഭക്ഷണം തന്നു.

ഊണിനു ശേഷം കഥ തുടർന്നു. അതോടെ ഗീതയും കൂട്ടായി.

ആ രാത്രി അവർക്കൊപ്പം കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ ഹോസ്റ്റലിലേക്കു മടങ്ങി.

ആദ്യമായാണ് അത്ര വലിയൊരു ബംഗ്ലാവിൽ ഉറങ്ങുന്നത്. അതും അവിടത്തെ കുട്ടികൾക്കൊപ്പം, ദയവു ചെയ്യുന്നു എന്ന ഭാവം തോന്നിപ്പിക്കാതെ.....

ഇക്കാലത്ത് ഇതൊക്കെ ചിന്തിക്കാനാവുമോ!? 


അമ്മാളുക്കുട്ടിയമ്മ വിടപറഞ്ഞിട്ട് കാലമേറേയായി. അവരുടെ  മക്കൾ ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ? പതിറ്റാണ്ടുകൾക്കു മുൻപൊരു രാത്രിയിൽ അഗതിയായി വന്നുകയറി കഥ പറഞ്ഞുപോയ ഒരു പെൺകുട്ടിയെ?

അവരൊക്കെ ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ഒന്നും അറിയില്ല.
നല്ല നിലയിൽ മക്കളും കൊച്ചുമക്കളുമായി എവിടെയെങ്കിലും ഉണ്ടാവും.

അധികം സംസാരിച്ചതുകൊണ്ടാവും ചുമ വീണ്ടും. നെഞ്ചുമുഴുവൻ കഫമാണ്.

കഫ് സിറപ്പ് വായിലൊഴിച്ചു തന്നുകൊണ്ട് മകൻ പറഞ്ഞു “മതിയമ്മേ, ബാക്കിക്കഥ നാളെപ്പറയാം.... കൂടുതൽ സ്ട്രെയിൻ എടുക്കണ്ട” അവൻ തലയിണതാഴ്ത്തിക്കിടത്തി. പുതപ്പ് മൂടിത്തന്നു.


കൺപീലികളിൽ കനം തൂങ്ങി മയക്കം വന്നു തഴുകുമ്പോൾ മകന്റെ ശബ്ദം “ അമ്മയുടെ സ്വപ്നത്തിൽ മാത്രമല്ല,  ഒരു പക്ഷേ....ഇനി എന്റെ സ്വപ്നത്തിലും ഇവരൊക്കെ അതിഥികളായി വന്നേക്കാം.....”

മഞ്ഞുമറയ്ക്കപ്പുറം നിന്നെന്നപോലെ ആ വാക്കുകൾ കേട്ട്, സുഖകരമായൊരു മയക്കത്തിലേക്ക് മെല്ലെയങ്ങനെ......




* അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾക്കു കടപ്പാട്.

Sunday, April 8, 2012

അങ്കമാലീലെ രാജകുമാരി!

അമ്പൂനെ ടി.വി.യിൽ കണ്ട് ഡെന്നിസ് കിടുങ്ങിപ്പോയി.
അഴിച്ചുവിട്ട കുതിരയെപ്പോലെ ചാടിത്തുള്ളി നടന്നിരുന്ന അമ്പുവാണൊ, ഈ ചാനലിലിരിക്കുന്ന  മുപ്പതു കഴിഞ്ഞിട്ടില്ലെന്നു തോന്നിക്കുന്ന ശാലീനസുന്ദരി!?
ഭംഗിയായി കോതിയൊതുക്കിയ  മുടിയിൽ തുളസിക്കതിര്..... നെറ്റിയിൽ വരമഞ്ഞൾക്കുറി... വായിൽ നിന്നു വരുന്നതോ, തനി വള്ളുവനാടൻ മലയാളം! ഉടുത്തിരിക്കുന്നത് കസവുമുണ്ടും നേരിയതും!

കായംകുളത്തുകാരി അങ്കമാലിയിൽ വളർന്നാൽ ഭാഷ വള്ളുവനാടൻ ആകുമോ?
അതോ ഇനി ഇവൾ വല്ല ചെർപ്പുളശ്ശേരിക്കാരനെയും സ്വയംവരം ചെയ്തോ!?

ചാനലിലെ പ്രഭാതപരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഡോ. അംബാലിക.   ആയുർവേദ വിധിപ്രകാരമുള്ള ജീവിതശൈലിയെക്കുറിച്ച് അവതാരകയുടെ ചോദ്യങ്ങൾക്കു മറുപടിയായി അവളുടെ വായിൽ നിന്നും മൊഴിമുത്തുകൾ അനർഗളം പൊഴിഞ്ഞുകൊണ്ടിരുന്നു.
ഡെന്നിസ് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

“രാവിലെ ബ്രാഹ്മമുഹൂർത്തത്തില്  ണീക്യ.....”
എന്തര്!?
ണീക്യ?
“വേപ്പിൻ തണ്ടോ പൊടിച്ച ഉമിക്കരിയോ കൊണ്ട് പല്ല് തേക്യ....”
തേങ്ങ!
“ന്നിട്ട് അഞ്ജനം, കബളം, ഗണ്ഡൂഷം....”
ഒരു പോസ്. തലയുയർത്തി, കവിളിലേക്കു വീണ മുടി മാടിയൊതുക്കി, ക്യാമറയിലേക്കു നോക്കി തുടർന്നു.
“ഒക്കെ കഴിഞ്ഞൂച്ചാൽ ദേഹാസകലം എണ്ണമെഴുക്കു പുരട്ടി.....”

ഉം... മെ...മെ...മെഴുക്കുപുരട്ടിയുണ്ടാക്കി അടുപ്പിലിട്ടു കത്തിക്ക്യ!

എന്റെ പള്ളീ!!

ഡെന്നിസിന്റെ അലർച്ച കേട്ട് പെമ്പ്രന്നോത്തി ഓടി വന്നു.

“എന്താ, എന്നാ പറ്റി ഡെന്നിച്ചായാ?”

ടീവിയിൽ നോക്കി വയറുപൊത്തിച്ചിരിക്കുന്ന ഡെന്നിസിനെക്കണ്ട് സാറ അമ്പരന്നു.

നോക്കെടീ എന്ന അർത്ഥത്തിൽ കൈകൊണ്ട് ആംഗ്യം കാണിച്ച് ഡെന്നിസ് ചിരി തുടർന്നു.
അവൾക്കൊന്നും മനസ്സിലായില്ല.

“എന്നതാന്നു വച്ചാ ഒന്നു പറഞ്ഞുതൊലയ്ക്ക് മനുഷ്യാ! ”

“എടീ, എന്റെ ക്ലാസ് മേറ്റാ, ലോ, ലവൾ!”

“അതിനാണോ ഈ കിക്കിക്കി? വയറുളുക്കിപ്പോകുവല്ലോ കർത്താവേ!”

“എടീ നീ അവള്ടേ ഭാഷ ശ്രദ്ധിച്ചോ?”

“വേഷം ശ്രദ്ധിച്ചു. നല്ല കസവു സാരി. എനിക്കൊന്നും വാങ്ങിത്തരത്തില്ലല്ലോ....”

“ഓ.... അവടമ്മച്ചീടേ കസവ് സാരി! ഡീ ... നീ അവള് പറയുന്നത് ശ്രദ്ധിക്ക്!”

ഭാര്യ ഭാഷ ശ്രദ്ധിക്കാൻ ടി.വി.യിൽ നോക്കി.

“കൊഴുപ്പു കൂടുതലിണ്ടേച്ചാ, പൌഡർ മസാജാവും യോജിക്യ.... അദിനെ ഉദ്വർത്തനംന്നാ വിളിക്യാ... ഒരാഴ്ച കൊണ്ടന്നെ റിസൽറ്റ് കിട്ടൂം ചീയൂം.....”

“എന്താ ആ കുട്ടിയുടെയൊരു ഷെയ്പ്പ്! ശ്ശോ! ”
 കൊഴുപ്പുകുമാരിയായ സാറ സ്വന്തം ദേഹത്തു കണ്ണുഴിഞ്ഞ് ദീർഘമായി നിശ്വസിച്ചു.

“കുട്ടിയോ? എടീ അവക്ക് പത്തു നാപ്പത് വയസുണ്ട്! ഈ വർത്താനം മുഴുവൻ ജാഡയല്ലേ!? ഇത് അവളുടെ റിസോർട്ടിൽ ആളെക്കിട്ടാൻ ചെയ്യുന്ന നമ്പരല്ലേ!?”

“നാല്പതൊന്നും കാണത്തില്ല. അല്ല ഇനി ഒണ്ടേൽ തന്നെ എന്നാ കൊഴപ്പം? എന്താ ഒരു ഫിഗർ!”

“ഈ ഫിഗറിലൊന്നും ഒരു കാര്യോമില്ലെടീ!”

“ഉവ്വുവ്വ്.....അല്ലേലും എന്റെ ഫിഗറിൽ നിങ്ങക്കൊരു ശ്രദ്ധേമില്ലല്ലോ!”

ആണ്ടെ കിടക്കുന്നു!

 “ശരി. ഇനി ഞാൻ ശ്രദ്ധിക്കാം.” ഡെന്നിസ് വിമുഖതയോടെ പറഞ്ഞു.

ഡെന്നിസ് വിഷയത്തിലേക്കു വരാൻ ശ്രമിച്ചു. പഠിക്കുന്ന കാലത്ത് ജീൻസും വലിച്ചുകേറ്റി, കാളികൂളി കളിച്ചു നടന്ന്, ഇപ്പോ ശാലീനസുന്ദരിവേഷം കെട്ടി, വള്ളുവനാടൻ ഭാഷ പറയുന്ന അംബാലികയോട് പുച്ഛമാണൊ,അസൂയയാണൊ തനിക്കു തോന്നുന്നതെന്ന് ഡെന്നിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവളുടെ ഈ പുതിയ അവതാരം തനിക്കിഷ്ടപ്പെട്ടില്ല എന്നു മാത്രം മനസ്സിലായി.

ഭാര്യ അവളുടെ വർത്തമാനത്തിലും, സൌന്ദര്യത്തിലും വീണു കഴിഞ്ഞു. പഠിക്കുന്ന കാലത്ത് ഇരു നിറമായിരുന്ന ഇവളെങ്ങനെ ഇത്ര വെളുത്തു എന്ന് അയാൾ അതിശയിച്ചു. സാരി അലർജിയായിരുന്ന അവൾ എത്ര മനോഹരമായാണ് ഇപ്പോൾ സാരി ധരിച്ചിരിക്കുന്നത്! ഭാര്യ പറഞ്ഞതു ശരിയാ. നല്ല ഫിഗർ!

പൊടുന്നനെ സാറയുടെ വായിൽ നിന്ന് അശരീരി പോലെ ഒരു വാക്യം ഉയർന്നു.

“നിങ്ങക്കൊരുഷാറില്ലാത്തോണ്ടാ, ഞാനിങ്ങനെ വയറ് ചാടി വീങ്ങിത്തടിച്ചിരിക്കുന്നേ....”

നൈറ്റിക്കുള്ളിൽ തിങ്ങി നിറഞ്ഞ ശരീരമുയർത്തി അവൾ വീണ്ടും ദീർഘമായി നിശ്വസിച്ചു.

“ങേ!? ഞാൻ കാരണമോ!?” ഡെന്നി ഞെട്ടി. ഇവൾ എന്താണീ പറഞ്ഞു വരുന്നത്!?

“ഞാനെത്ര തവണ പറഞ്ഞിട്ടോള്ളതാ, നമക്കും മാസത്തിലൊരിക്കൽ കുമരകത്തേതെങ്കിലും റിസോർട്ടീ പോയി മസ്സാജും ഹെർബൽ ബാത്തും ഒക്കെ ചെയ്യാമെന്ന്‌! അപ്പ കേക്കത്തില്ല! ഇനീപ്പം ബാക്കിയോള്ളവളുമാരെ വായി നോക്കി ഇരുന്നോ, നാണം കെട്ട മനുഷ്യൻ!”

ഠിം!

വെടി പൊട്ടിച്ച് ചാടിത്തുള്ളി അവൾ കിച്ചണിലേക്കു മടങ്ങി.
ഡെന്നിസ് ചിന്തകളിലേക്കും.

അന്നത്തെ ലോകക്രമത്തിൽ തികച്ചും അൺകൺവെൻഷണൽ ആൻഡ് അൺ പ്രെഡിക്റ്റബിൾ ആയിരുന്നു അംബാലിക. ആമ്പിള്ളേരെ വെല്ലുന്ന ഉഡായിപ്പ്.

സാരീനാരീമനോഹരിമാർ നിറഞ്ഞ കോളേജിനുള്ളിൽ ചുരിദാർ; പുറത്തിറങ്ങിയാൽ ജീൻസും ടോപ്പും.

ഓട്ടക്കാരി, ചാട്ടക്കാരി. ഹൈ ജമ്പ് ലോങ്  ജമ്പ് വനിതാചാമ്പ്യൻ.

പുരുഷവിരോധി. സാരി വിരോധി. ഇംഗ്ലീഷ്-ഹിന്ദി സിനിമാ പ്രേമി!

പെട്ടെന്നൊരുനാൾ, സാമാന്യം നീളമുണ്ടായിരുന്ന മുടി ക്രോപ്പ് ചെയ്തിട്ടു. ഉടൻ വിശദീകരണവും വന്നു. അങ്ങനെ ആരും എന്റെ മുടി കണ്ട് കുളിരു കൊള്ളണ്ട! (ആരും എന്നു വച്ചാൽ ആണുങ്ങൾ.)

സ്വർണാഭരണങ്ങൾ എല്ലാം ഒഴിവാക്കി. പ്ലാസ്റ്റിക് വള, മാല, കമ്മൽ എന്നിവ ധരിച്ചു. പകലും, രാത്രിയുടെ ആദ്യയാമങ്ങളിലും ഹോസ്റ്റലിൽ കത്തിയോടു കത്തി. രാത്രി പന്ത്രണ്ടു മണിക്കു പഠിത്തം.രാവിലെ എട്ടു മണിക്കുറക്കമുണരൽ......

ആ അവളാണിപ്പോൾ ബ്രാഹ്മ മുഹൂർത്തത്തിൽ ‘ണീ‍ക്യ’ എന്നുപദേശിക്കുന്നത്!

ഡെന്നീസ് ഇരുന്നു പുകഞ്ഞു.
പിന്നെ കുളിർത്തു. ഹോ! എന്തൊരു കാലമായിരുന്നു അത്!

തൃപ്പൂണിത്തുറ, പന്തളം രാജകുടുംബങ്ങളിലെ ഓരോ പെൺകുട്ടികൾ കോളേജിൽ പഠിച്ചിരുന്നു. ക്യാമ്പസിൽ അവർക്കൊരു പ്രത്യേക ഗ്ലാമറും ഉണ്ടായിരുന്നു.

അതു കണ്ട് കൊതിപൂണ്ടോ എന്തോ, ഒരു ദുർബല നിമിഷത്തിൽ, അങ്കമാലിക്കാരിയാണെങ്കിലും  താൻ ശരിക്കും ജനിച്ചത് കായംകുളം രാജവംശത്തിൽ ആണെന്നുള്ള യാഥാർത്ഥ്യം ഉറ്റ തോഴി ഷെഹ്‌നാസിനോട് ‘അംബാലികത്തമ്പുരാട്ടി’ വെളിപ്പെടുത്തിപ്പോയി.

“ശരിക്കു പറഞ്ഞാൽ എന്റെ മുത്തച്ഛന്റെ അമ്മൂമ്മയുടെ അമ്മ അവിടത്തെയാ” അവൾ പറഞ്ഞു

ഹൃദയത്തിൽ കളങ്കമില്ലാത്ത ഷെഹ്‌നാസ് അത് തന്റെ തോഴൻ നിഷാദിനോട് മാത്രം പറഞ്ഞു. ബാക്കിയൊക്കെ മെൻസ് ഹോസ്റ്റൽ ഏറ്റെടുത്തു.

അംബാലിക കോളേജിലേക്കു പോകുമ്പോൾ  “അങ്കമാലീലെ രാജകുമാരീ....” എന്നവിളി ഹോസ്റ്റലിൽ നിന്നുയരാൻ തുടങ്ങിയത് അങ്ങനെയാണ്. (കിലുക്കം സിനിമ അങ്കമാലിയെയും ഹിറ്റാക്കിയിരുന്നു.)

ആ പേരിട്ടവൻ താനാണ്. അതോർത്തപ്പോൾ അല്പം കുളിരു തോന്നിയോ!? ഡെന്നിസ് ഭയപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ട്.

അമ്പൂന് ഗ്രെയ്പ് ജ്യൂസ് ആണ് വീക്ക്നെസ്. കോള കേരളത്തെ കീഴടക്കുന്നതിനു മുൻപുള്ള കാലമായിരുന്നല്ലോ അത്. ഒരു ഗ്രെയ്പ് ജ്യൂസ് ബെറ്റ് വച്ച് വെല്ലുവിളിച്ചാൽ അമ്പു അതേറ്റെടുത്തിരിക്കും!

കോളേജ് കലോത്സവത്തിൽ ലളിതഗാനമലപിച്ചത് അങ്ങനെയാണ്

മൈക്കിനു പിന്നിൽ ചെസ്റ്റ് നമ്പരും ഫിറ്റ് ചെയ്ത് അമ്പു നിൽക്കുന്നതു കണ്ടപ്പോൾ കാണികളും, ജഡ്ജസായ ടീച്ചേഴ്സും ഒരുപോലെ ഞെട്ടി. മറ്റുപലകലകളിലും പ്രവീണയാണെങ്കിലും പാട്ടുമായി പുലബന്ധം പോലുമില്ല അവൾക്ക്!

അമ്പു പക്ഷേ, കൂൾ ലൈക്ക് ഐസ്.

മുരടനക്കി. മൈക്ക് പിടിച്ചു നേരെയാക്കി.

എഴുതിക്കൊണ്ടുവന്ന കടലാസ് ചുരുൾ നിവർത്തി വായനതുടങ്ങി.

“ജയദേവകവിയുടെ  ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ?
രാജീവ നയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ?
രാധേ, ഉറക്കമായോ? രാധേ, ഉറക്കമായോ?”

കൂവൽ.
അതിശക്തമായ കൂവൽ!


എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകി ഓൾ ഇൻഡ്യാ റേഡിയോയിലൂടെ അതിപ്രശസ്തമായ ആ ഗാനം മുഴുവൻ ‘വായിച്ച’ ശേഷം അവൾ കൂൾ ആയി ഇറങ്ങി വന്നു.

അടുത്ത ഇനം കവിതാപാരായണം ആയിരുന്നു. അതിനും അമ്പു കയറി. ആമുഖമായി പറഞ്ഞു.

“അർണാൾഡോ കാപ്പൂച്ചി എഴുതിയ ഒരു പാലസ്റ്റീനിയൻ ഗെവിതയാണ് ഞാൻ ചൊല്ലാൻ പോകുന്നത്. ആധുനികതയുടെ അന്തരാളങ്ങളിൽ പെട്ട് സ്വത്വം നഷ്ടപ്പെട്ടുഴറുന്ന ഒരു യുവാവിന്റെ മാനസികാവസ്ഥയാണ് ഇവിടെ കവി വരച്ചുകാട്ടുന്നത്. ശ്രദ്ധിച്ചാലും....”

“മുറിബീഡി വലിച്ചെൻ ചുണ്ടുകൾ കരിഞ്ഞിരുന്നു....
മഴവീണു വെയിൽവീണു ബൂട്ടുകൾ തുളഞ്ഞിരുന്നു....
ചുളി വീണ കാലിനാൽ  ഞാനവ കുടഞ്ഞെറിഞ്ഞു....
ഒടുവിൽ തണുത്തു വിറച്ചു മരവിച്ചു പാടിപ്പോയ്....”

“ഒരു ബീഡി തരൂ....
ഒരു വിരലു തരൂ....
ഒരു ചുണ്ടു തരൂ....
ഞാനൊരു ബീഡി
വലിച്ചു രസിക്കട്ടെ!”

ഇക്കുറിയും കൂവൽ‌പ്പടയെ തൃണവൽഗണിച്ച് അമ്പു  തകർത്തു.
കോളേജിൽ അമ്പു ഫാൻസ് അസോസിയേഷൻ രൂപപ്പെട്ടു.

സദാശിവൻ മാഷിന്റെ യോഗാ ക്ലാസാ‍യിരുന്നു അടുത്ത വേദി. ചരിത്രപ്രസിദ്ധമായ ഒരു സംഭവത്തിന്റെ നാന്ദികുറിക്കൽ ആയിരുന്നു അന്നത്തെ പത്മാസനംക്ലാസ്.

മാഷ് വന്നാലുടൻ മേശപ്പുറത്തു കയറിയിരിക്കും. എനിട്ടാണ് ഡെമോൺസ്ട്രേഷൻ.
ഏകാഗ്രത കിട്ടാൻ ഏറ്റവും പറ്റിയ ആസനമാണ് പത്മാസനം. ധ്യാനത്തിനു വിശിഷ്ടം.
പരീക്ഷക്കാലത്ത് ചെയ്യാൻ പറ്റിയ ആസനം. മാഷ് ആസനം ചെയ്യാൻ തുടങ്ങി.
മേശപ്പുറത്തിരിക്കുന്ന മാഷിന്റെ ബദ്ധപ്പാടോർത്ത് അമ്പൂന് ചിരിവരാൻ തുടങ്ങി.

പരീക്ഷ വന്നു തലയിൽ കയറി എന്നതു ശരി. പക്ഷേ, ഇമ്മാതിരി കസർത്തുകൾ ചെയ്താൽ ഏകാഗ്രത കിട്ടുമോ? മാർക്ക് കിട്ടുമോ?

ഈ ക്ലാസൊന്നു കഴിഞ്ഞിരുന്നെങ്കിൽ എറണാകുളത്തിനു വണ്ടി കയറാമായിരുന്നു.

ക്രിസ്മസ് വരികയാണ്.... ആർച്ചീസിൽ നിന്ന് ഗ്രീറ്റിംഗ് കാർഡ്സ് ...... ബിംബീസിൽ നിന്ന് കട്‌ലെറ്റ്, ഫലൂഡ..... തിരികെ വരുമ്പോൾ സ്വാമീസിൽ നിന്ന് ഗ്രെയ്പ് ജ്യൂസ്......

ഇതൊക്കെ പോട്ടെ, സരിതയിൽ “ദിൽ വാലെ ദുൽഹനൈയാ ലെ ജായേംഗേ” വന്നിട്ട് കണ്ടില്ലെങ്കിൽ ഷാരൂഖ് ഖാനും കജോളും എന്തു വിചാരിക്കും!?

അവൾ നോട്ട് ബുക്കിൽ പത്മാസനസ്ഥനായ ഷാറൂഖ് ഖാന്റെ ചിത്രം വരഞ്ഞു. തലയ്ക്കു മുകളിൽ കജോൾ!

മാഷ് കണ്ടോ എന്നു സംശയം.

എന്നാൽ മാഷ് ഒന്നു നിവർന്നിരുന്നു പ്രഭാഷണം തുടർന്നു. അമ്പു മാഷിനെ ശ്രദ്ധിച്ചു.
“വെറുതേ കേറി ചമ്രം പടിഞ്ഞിരിക്കൽ അല്ല പത്മാസനം. വലതു കാൽ മടക്കി ഇടതു തുടയുടെ മുകളിൽ ; ഇടതു കാൽ മടക്കി വലതു തുടയുടെ മുകളിൽ ..... കൈകൾ ചിന്മുദ്രയിൽ വച്ച്, നട്ടെല്ല് നിവർത്തി, മൂക്കിൻ തുമ്പിൽ നോക്കിയിരിക്കണം!”

“മാഷേ ഞാൻ പകുതി പഠിച്ചു കഴിഞ്ഞു!” അമ്പു വിളിച്ചു പറഞ്ഞു.

എന്നിട്ട് ഇരുന്ന ഇരുപ്പിൽ കൈ നീട്ടി മുട്ടിൽ വച്ചു.  മൂക്കിൻ തുമ്പിൽ നോക്കിയിരിപ്പായി.കുട്ടികൾ ചിരിതുടങ്ങി. അവരെ നോക്കി മാഷ് ഗൌരവത്തിൽ പറഞ്ഞു.“യോഗ ചെയ്യുമ്പോൾ ചിരിക്കരുത്...”

എന്നിട്ട് അമ്പുവിനോടായി പറഞ്ഞു. “ഇങ്ങനിരുന്നാൽ റിസൽറ്റ് വരുമ്പോ ഫസ്റ്റ് ഇയറിലെപ്പോലെ മേലോട്ടു നോക്കിയിരിക്കാം!”

രാജകുമാരി ചമ്മി. താൻ പഠിക്കാൻ മോശമാണെന്ന് ആരുപറഞ്ഞാലും കുമാരി തളരും. പഠിക്കാൻ മിടുക്കിയാണെന്ന് അവൾക്കറിയാം. അതുകൊണ്ടാണല്ലോ എൻട്രൻസ് പാസായി ഇവിടെയെത്തിയത്.പക്ഷേ എന്തുകൊണ്ടോ ഈയിടെയായി അതിനു കഴിയുന്നില്ലഎന്നു മാത്രം!

എങ്കിൽ പിന്നീ പണ്ടാരം ആസനം പഠിച്ചിട്ടു തന്നെ കാര്യം!

കളി അമ്പൂനോടാ!?

അന്നു രാവിലെ അവൾ കോളേജിൽ പോയില്ല. കൂട്ടുകാരികൾ എല്ലാം പോയിക്കഴിഞ്ഞപ്പോൾ തന്റെ ദൃഢപ്രതിജ്ഞ നിറവേറ്റാൻ തീരുമാനിച്ചു. മുറിയുടെ നടുവിൽ നിന്ന് കൈകൾ ഉയർത്തി ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്ത് ലൂസനിംഗ് എക്സർസൈസ് ചെയ്യാൻ തുടങ്ങി.

എക്സർസൈസിന്റെ ആവേഗത്തോടൊപ്പം രാജരക്തത്തിന്റെ വീര്യം അങ്കമാലി കുമാരിയിൽ കുതിച്ചുയർന്നു.

സുപ്പീരിയർ വീനക്കാവയിൽ നിന്നും, ഇൻഫീരിയർ വീനക്കാവയിൽ നിന്നും അശുദ്ധരക്തം ഹാർട്ടിന്റെ വലത്തേ അറകളിലേക്കും, തുടർന്ന് ലങ്ങ്സിലേക്കും പാഞ്ഞു.

അതവിടെത്തിയതോടെ ശുദ്ധരക്തം ടപ്പനെ താഴേക്ക് ഇടത്തേ അറകളിലേക്കും തുടർന്ന് ശരീരം മുഴുവനും വ്യാപിച്ചു. രാജകുമാരിയുടെ ഉടലിലും മനസ്സിലും നവോന്മേഷം തുള്ളിത്തുളുമ്പി!

ആ ഉന്മേഷത്തിൽ കുമാരി മുറിയുടെ വാതിൽ കുറ്റിയിട്ടടച്ചു. ശ്വാസം നീട്ടി വിട്ടു. എന്നിട്ടു പ്രസ്താവിച്ചു

 “ഹും! അങ്ങേര്ടെ ഒര് പത്മാസനം..... എനിക്കു വെറും പൂബിസ്കറ്റാ, പൂബിസ്കറ്റ്!”

കട്ടിലിൽ കയറിയിരുന്നു. ശ്വാസം ആഞ്ഞു വലിച്ച് വലതുകാൽ മടക്കി ഇടതു തുടയുടെ മുകളിൽ പിടിച്ചു വലിച്ചു വച്ചു. ശ്വാസം വിട്ടു. എന്നിട്ട് ശ്വാസമെടുത്ത് ഇടതു കാൽ മടക്കി വലതു തുടയുടെ മുകളിലേക്കു വലിച്ചു.പണ്ടാരം മുട്ടിനു മേലേക്കു വരുന്നില്ല.... ശ്വാസം പോയതു മാത്രം മിച്ചം!

ഇരുന്ന ഇരുപ്പിൽ മുന്നോട്ടാഞ്ഞ് ഒന്നു കൂടി ശ്രമിച്ചു.
നഹി നഹി രക്ഷതി ഇടത്തേ കാല:!
മാത്രവുമല്ല മുട്ടിനൊരു പിടുത്തവും നല്ല വേദനയും!
വല്ല ലിഗമെന്റും കീറിപ്പോയോ എന്റെ കോതകുളങ്ങര ഭഗവതീ!

രാജകുമാരി കോത വിയർത്തു. പെട്ടെന്നാണ് കബോഡിനു മുകളിൽ സഹമുറിയത്തിയ്ക്ക് അവളുടെ അമ്മ വാങ്ങിക്കൊടുത്ത ധാന്വന്തരം കുഴമ്പിരിക്കുന്നതു കണ്ടത്.

രാജകുമാരി ബുദ്ധിമതിയാണല്ലോ. ഉടൻ ചാടിയെണീറ്റ് കാൽമുട്ട് രണ്ടിലും കുഴമ്പു പുരട്ടി തടവി. വർദ്ധിത വീര്യയായി കട്ടിലിന്മേൽ കയറി. ഇക്കുറി ആദ്യം ഇടതുകാൽ പിടിച്ചു വച്ചു. അതാണല്ലോ ആദ്യശ്രമത്തിൽ പണിമുടക്കിയത്.... സംഗതി വിജയിച്ചു!

വീര്യം കൂടി. ഇടതു പക്ഷം കീഴടങ്ങിയ സ്ഥിതിക്ക് വലതു പക്ഷം എനിക്ക് തൃണമൂലം!
ഇനി നിഷ്പ്രയാസം വലതുകാൽ പിടിച്ച് ഇടതു തുടയ്ക്കു മുകളിൽ വയ്ക്കൂ രാജകുമാരീ... അവൾ സ്വയം പറഞ്ഞു.

പക്ഷേ ഇക്കുറി വലതുകാൽ തനി തൃണമൂൽ കോൺഗ്രസായി!
മമതാ ദീദിയെപ്പോലെ ഇടഞ്ഞു നിന്നു.

എന്നാലീ തൃണത്തിനെ ഒടിച്ചിട്ടായാലും ഞാൻ മെരുക്കും.
ആരവിടെ ? ആഞ്ഞു പിടി!
ശ്വാസം പിടിച്ച്, സർവശക്തിയും പ്രയോഗിച്ച് രാജകന്യ വലതുകാൽ പിടിച്ചു വലിച്ച് ഇടതുകാലിനു മുകളിൽ വച്ചു.
ഹോ! , ശരിക്കും ഝാൻസി റാണിയാണ് താൻ എന്ന് അങ്കമാലികുമാരിക്ക് തോന്നി.
ആ പോസിൽ കട്ടിൽ ഒന്നമർന്നിരുന്നു പ്രിൻസസ്.

നട്ടെല്ലു നിവർത്തി. കൈകൾ ചിന്മുദ്രയിലാക്കി കാൽമുട്ടുകൾക്കു മീതെ വച്ചു.
കണ്ണുകൾ മെല്ലെ താഴ്ത്തി. നാസികാഗ്രത്തിൽ നോക്കി.
ശ്വാ‍സം ഉള്ളിലേക്കു വലിച്ചു. പുറത്തേക്കു വിട്ടു.
വീണ്ടും വലിച്ചു. പുറത്തേക്കു വിട്ടു. മേശപ്പുറത്തിരിക്കുന്ന സദാശിവൻ മാഷിനെഇമിറ്റേറ്റ് ചെയ്ത് സ്വയം സംസാരിച്ചു. ശ്വാസം ആഞ്ഞു വലിക്കൂ; പുറത്തു വിടൂ! അവൾക്ക് ഉള്ളിൽ ചിരിപൊട്ടി. അത് നിർത്താൻ പറ്റാത്ത ചിരിയായി. എവിടെയോ വായു വിലങ്ങി.

രാജകുമാരി ദൃഷ്ടി നാസികാഗ്രത്തിൽ നിന്നു പിൻ വലിച്ചു.
കൈകൾ ചിന്മുദ്ര വിട്ടു.
കാലുകൾ അഴിച്ച് നീട്ടാൻ തുടങ്ങിയപ്പോൾ നടുവിന് ഒരു പിടുത്തം.

കാലുകൾ അഴിയുന്നില്ല!

വലതുകാൽ പിടിച്ചു വലിച്ചപ്പോൾ മസിൽ പിടിച്ചു.
അകത്തേക്കുമില്ല പുറത്തേക്കുമില്ല.
പൂട്ടിവച്ച ഗുണനച്ഛിഹ്നം പോലെ പ്രിൻസസിന്റെ കാലുകൾ മരവിച്ചിരിക്കുന്നു.
ഒന്നൂടെ വലിച്ചു നോക്കി.
കുമാരിക്ക് നൊന്തു.
കണ്ണിൽ നീർ പൊടിഞ്ഞു.
ഒരു ഗതീം പരഗതീം ഇല്ലാതായാപ്പിന്നെ എന്നാ ചെയ്യും....
നിരാലംബയായി കുമാരി കേണു “ഹെന്റെ കോതകുളങ്ങര ഭഗവതീ! രക്ഷിക്കണേ!”

ഭഗവതി നടയടച്ച് കൈലാസത്തിൽ പോയിരിക്കുകയായിരിക്കണം. നോ റിപ്ലൈ!

കരച്ചിലും നിലവിളിയും ഉച്ചത്തിൽ നടന്നെങ്കിലും ആരും വന്നില്ല രക്ഷിക്കാൻ.
ജനലുകലെല്ലാം അടച്ചിരിക്കുകയാണ്. അതിബുദ്ധി കാരണംറൂം അടച്ചു കുറ്റിയിട്ടും പോയി.
   
ഇനീപ്പ എന്തു ചെയ്യും!?

അങ്കമാലിത്തമ്പുരാട്ടി വാ വിട്ടു നിലവിളിച്ചു.
നോ റിപ്ലൈ! നോ രക്ഷ!!
കാൽ ഊരിയെടുക്കാൻ ഒന്നുകൂടി ശ്രമിച്ചു. ഫലം കട്ടിലിൽ നിന്നുരുണ്ട് നിലത്തേക്ക്!

മാഷിനെ കളിയാക്കി  ചിരിക്കാൻ തോന്നിയ മണ്ടത്തരമോർത്ത് സ്വയം ശപിച്ചു.
അവിടെക്കിടന്ന് കരഞ്ഞു തൊണ്ടതളർന്ന് ഒടുക്കം സമയം ഉച്ചയായി.
ഒരുമണിയായപ്പോൾ റൂം മേറ്റ് വന്നു വാതിലിൽ മുട്ടി.
നോ റിപ്ലൈ.
കൂട്ടുകാർ ചേർന്നു മുട്ടി.
നോ റിപ്ലൈ.

സത്യത്തിൽ താൻ ആകത്തുണ്ടെന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒച്ച പുറത്തു വന്നില്ല! നിമിഷങ്ങൾ കടന്നു പോയി.

“സൂയിസൈഡ് അറ്റംപ്റ്റ് ആണെന്നു തോന്നുന്നു.... മാം പ്ലീസ് കം!” ആരോ പറയുന്നു.

വാട്ട് ഷുഡ് വി ഡു ഫസ്റ്റ്? ഇൻഫോം ദ പൊലീസ് ഓർ ബ്രെയ്ക്ക് ഓപ്പൺ ദ ഡോർ?

അംബാലികയ്ക്ക് കലിയിളകി.

ആ പറഞ്ഞവളുടെ തല തല്ലിപ്പോളിക്കാനായി കൈകൾ ഉയർത്തി മേലേക്കാഞ്ഞു.
മസിൽ വേദന കാരണം അതേവേഗത്തിൽ താഴോട്ടും പോന്നു.

അപ്പോഴാണ് ഷെഹ്‌നാസ് വഴി വാർത്ത ലീക്കായി ഡെന്നിസ് അറിഞ്ഞത്.
ഞൊടിയിടയിൽ ആൾ കുതിച്ചെത്തി. ഫസ്റ്റ് ഫ്ലോറിൽ അമ്പൂന്റെ റൂമിനു മുന്നിൽ.

ഇതികർത്തവ്യഥാമൂഢരായി നിന്ന പെൺ കൂട്ടത്തെ തള്ളിമാറ്റി ഡെന്നി വാതിലിനു നേരേ കാലുയർത്തി. ഫുട്ട്ബോൾ ടീമിലെ ഡിഫൻഡറുടെ പേശീബലത്തിൽ കുറ്റിതെറിച്ച് വാതിൽ  തുറന്നു.
നിലത്ത് നിരാലംബയായി പത്മാസനത്തിൽ കിടക്കുന്ന അമ്പുവിനെക്കണ്ട് പെൺകുട്ടികൾ അമ്പരന്നു. അടുത്ത നിമിഷം അത് കൂട്ടച്ചിരിയായി.

അവളുടെ നിസ്സഹായാവസ്ഥ ഡെന്നിക്കു സഹിക്കാനായില്ല. അവൻ നിശ്ശബ്ദം അവളെ കൈകളിൽ കൊരിയെടുത്ത് കട്ടിലിൽ കിടത്തി.... എന്നിട്ട് ഒന്നും മിണ്ടാതെ പുറത്തുപോയി.

പെൺപട മുഴുവനും കൂടി മിനിറ്റുകൾക്കുള്ളിൽ അമ്പുവിന്റെ കാലുകൾ സ്വതന്ത്രമാക്കി.
വാർത്ത ബീബീസീയിലും, സീയെന്നെന്നിലും വന്നു.

 ടീവിയിൽ ഇന്റർവ്യൂ എപ്പഴോ കഴിഞ്ഞതറിയാതെ ഡെന്നി ഇരുന്നു. ഫ്ലാഷ് ബാക്കുകൾ സ്ലോ മോഷനിൽ ചലിച്ചുകൊണ്ടിരിക്കുകയാണിപ്പൊഴും.

അവളെ കൈകളിൽ കൊരിയെടുത്ത് കട്ടിലിൽ കിടത്തിയത്.....
പത്മാസനത്തിന്റെ സെറ്റ് ബാക്ക്  അതിജീവിക്കാൻ സഹായിച്ചത്....

ഇണക്കം
പിണക്കം
വീണ്ടും ഇണക്കം
ഒടുവിൽ പിണക്കം
പിരിയൽ....
അവൾക്ക് അവളാകാനേ കഴിയുമായിരുന്നുള്ളൂ. ഫൈനൽ ഇയർ ആയപ്പോഴേക്കും അവൾ വീണ്ടും സർവതന്ത്ര സ്വതന്ത്രയായി!

സുഹൃത്തിനപ്പുറം, തന്റെ ഭാര്യയാകാൻ ഒരിക്കലുമാവുമായിരുന്നില്ല; അവളുടെ ഭർത്താവാകാൻ ഡെന്നി തയ്യാറായിരുന്നെങ്കിലും.

എന്നാലും അവളെങ്ങനെ ഇത്രയ്ക്കു മാറിപ്പോയ്? ആ..... ആർക്കറിയാം!

പ്രിൻസസ് അൺപ്രെഡിക്റ്റബിൾ ആയിത്തന്നെ തുടരുന്നു..... അതോ ക്യൂൻ ആയോ എന്തോ!
ഒരു പിടിയുമില്ല.

“അമ്പു........” ചിന്തയിലിരുന്ന് ഡെന്നിസ് മന്ത്രിച്ചു.

“ഏതാ അമ്പു? ആരാ അയാൾ?” അടുത്തു വന്ന് സാറ ചോദിച്ചു.

“അമ്പുവോ? അതേയ്... അമ്പുവല്ല.... അമ്പ്...പിന്നെ വില്ല്‌..... വാരിക്കുന്തം!!
ഞാൻ പഴേ കാലമൊക്കെ ഒന്നോർത്തതല്ലേ!?”

“വയലാറിലെ വാരിക്കുന്തം
വയനാട്ടിലെ അമ്പും വില്ലും
തേഞ്ഞില്ലാ മുന പോയില്ലാ
അമ്പും വില്ലും കൈകളിലെന്തും
വാരിക്കുന്തം കൈകളിലേന്തും
ഈങ്കുലാബ് സിന്ദാബാദ് !”

ഡെന്നിസ് പഴയ സഖാവ് ഡെന്നിയായി.
സാറ മിഴിച്ചു നിന്നു.

അയാൾ അവളെ ഇരുകൈകളിലുമുയർത്തി.
എന്നിട്ട് കാതിൽ മന്ത്രിച്ചു.

“അടുത്താഴ്ച മസാജ്, ഹെർബൽ ബാത്ത്, രണ്ടാഴ്ച സുഖവാസം!”



Sunday, March 4, 2012

പരമിയും കൊത്താറനും കച്ചിത്തുറുവും!!!

കായംകുളം ബസ് സ്റ്റാൻഡിൽ വച്ചാണ്  എന്നെ പരമി പിടികൂടിയത്!
പരമി എന്നാൽ പരമീശരൻ എന്ന പരമേശ്വരൻ.


പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് അവനെ കാണുന്നത്. പപ്പടക്കച്ചവടം നിർത്തി, പത്താൻകോട്ട്  മിലിട്ടറിപ്പണിക്കു പോയശേഷം പിന്നെ കണ്ടിട്ടേ ഇല്ലായിരുന്നു. നീണ്ടു കൂനിയുള്ള നടപ്പും, വെളുവെളുക്കെയുള്ള ചിരിയും കാരണം ഇതാര് എന്ന ചിന്തയേ ഉണ്ടായില്ല. ഒറ്റനോട്ടത്തിൽ തന്നെ എന്നെയും അവനു മനസ്സിലായിരുക്കണം. അതാണല്ലോ പിന്നിലൂടെ വന്നു പൂണ്ടടക്കം പിടിച്ചത്!

അല്ലെങ്കിലും ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴേ,  ‘മേജിക് മേഘനാഥ് ’, ‘ഇരുമ്പുകൈ മായാവി’ എന്നിവരുടെ ശിഷ്യത്വം സ്വയം വരിച്ച ഏകലവ്യനാണല്ലോ ‘ഡിറ്റക്ടീവ് പരമി’.

അവൻ ഇങ്ങനെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഡിറ്റക്ടീവ് ഒക്കെയായിരുന്നെങ്കിലും,  പഠിക്കുന്ന കാലത്ത് , കാതിൽ കടുക്കനിട്ട് സ്കൂളിൽ വന്നിരുന്ന ഏക കുട്ടിയായിരുന്നു പരമി. അവന്റെ അച്ഛന്റെ കാതിലും കണ്ടിട്ടുണ്ട് കടുക്കൻ. പപ്പടക്കച്ചവടമായിരുന്നു അവരുടെ കുടുംബം പാരമ്പര്യമായി ചെയ്തിരുന്നത്.

ഓണത്തിനും മറ്റു വിശേഷ സന്ദർഭങ്ങളിലും അവരുടെ വീട്ടിൽ  പോയി കെട്ടുകണക്കിനു പപ്പടം വാങ്ങിയിട്ടുണ്ട് ഞാൻ. ഉള്ളതിൽ ഏറ്റവും നല്ല പപ്പടം എനിക്കായി എടുത്തു തരും, പരമി. കൂടാതെ ഒറ്റ രൂപാത്തുട്ടിന്റെ വലുപ്പത്തിൽ ‘പരമീസ് സ്പെഷ്യൽ’ കുഞ്ഞുപപ്പടം പ്രത്യേകമായും തരും.

തിരുവനന്തപുരത്തിന് ഒരു സൂപ്പർഫാസ്റ്റ് വരുന്നതു വരെയേ  അവനോട്  വിശേഷങ്ങൾ തിരക്കാനാവുകയുള്ളല്ലോ എന്നോർത്തപ്പോൾ വിഷമം  തോന്നി.  എന്നാൽ പരമി എന്നേക്കാൾ ഉത്സാഹത്തിലായിരുന്നു. പുനലൂരുള്ള പെങ്ങളെ കാണാനാണ് അവന്റെ യാത്ര.

പക്ഷേ, പറഞ്ഞതു മുഴുവൻ ഞങ്ങളുടെ ഹൈസ്കൂൾ സഹപാഠികളുടെ വിശേഷങ്ങളായിരുന്നു. സൂറത്തിലുള്ള രാജേന്ദ്രന്റെയും, മഡഗാസ്കറിലുള്ള വർഗീസിന്റെയും വരെ വിവരങ്ങൾ ഞൊടിയിടയിൽ അവൻ പറഞ്ഞു.

എന്നോട് വിശേഷങ്ങളൊന്നും ചോദിച്ചില്ല. ഒക്കെ അവനറിയാമത്രെ!

ഒപ്പം, താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്ന വിവരവും അവൻ വെളിപ്പെടുത്തി.

“അതെന്താടാ, ഇതുവരെ കഴിക്കാഞ്ഞത്?” ഞാൻ ചോദിച്ചു.

“കൊത്താറന്റെ പുലകുളി കഴിഞ്ഞേ അതൊണ്ടാവത്തൊള്ളെടാ! ഹ! ഹ!!” അവൻ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്റെ ചോദ്യഭാവത്തിലുള്ള മുഖഭാവം കണ്ട് അവൻ തുടർന്നു “അതേയ്, സത്യത്തിൽ കുറച്ച് ആലോചനകളൊക്കെ വന്നതാ.... പക്ഷേ എല്ലാം കൊത്താറൻ  മുടക്കി.... കൂട്ടിന് ആ കച്ചിത്തുറുവും ഒണ്ടെന്നു കൂട്ടിക്കോ.  പിന്നെ ഞാനാലോചിച്ചപ്പം.......”

ഞങ്ങളുടെ സംസാരത്തിൽ അസൂയ പൂണ്ട ഒരു സൂപ്പർഫാസ്റ്റ് ഉടൻ പറന്നെത്തി. എനിക്കു പോകാതെ തരമില്ലായിരുന്നു. ആ വിമ്മിഷ്ടം കണ്ടപ്പോൾ അവൻ പറഞ്ഞു

“അല്ലേലും അതങ്ങനെ തന്നെയല്ലേ. ബസ്സു വരണേന്നു പ്രാർത്ഥിച്ചു നിന്നാൽ അതു വരുത്തേ ഇല്ല. അല്ലെങ്കിൽ ദാ, ഇങ്ങനെത്തും! നമുക്കു മീന ഭരണിക്കു കാണാം! നീ ചെല്ല്‌.......”

ആൾക്കാർ ഈച്ചകളെപ്പോലെ ബസ്സിനെ പൊതിഞ്ഞു. അതിനിടയിലേക്ക് ഞാനും നൂണ്ടുകയറി.

ഞാൻ സൂപ്പർഫാസ്റ്റിൽ കയറിയ ശേഷമാണ് അവൻ പുനലൂർ ബസ്സിൽ കയറിയത്. നല്ല ആൾത്തിരക്കിനിടയിൽ   ആറര അടിയുള്ള ദേഹം വളച്ച് കൂനി നിൽക്കുന്ന പരമിയുമായി പുനലൂർ ബസ്സാണ് ആദ്യം സ്റ്റാൻഡ് വിട്ടത്.

പഠിക്കുന്ന കാലത്തും ക്ലാസിലെ ഏറ്റവും ഉയരം കൂടിയ വിദ്യാർത്ഥി അവനായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ പൊക്കം ആറടി എത്തിയിരുന്നു.

അതുകൊണ്ടാണല്ലോ, പണ്ട് മഠത്തിലെ കച്ചിത്തുറു എങ്ങനെ കത്തി എന്ന വിവരം കൃത്യമായി അവനു പിടികിട്ടിയത്!

അതോടുകൂടിയാണല്ലോ, പൂങ്കുളങ്ങര കാർത്ത്യാണിയ്ക്ക്   ‘കച്ചിത്തുറു കാർത്ത്യാണി’ എന്നു പേരു വീണത്!

അന്നുമുതലാണല്ലോ,  നാട്ടുകാരുടെ മുഴുവൻ ‘കൊത്താറൻ’ ആയ സുപ്രൻ കൊത്താറൻ അവന്റെ ആജീവനാന്ത ശത്രുവായ് മാറിയത്!


സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പായി ആ ശത്രുത ഇന്നും നിലനിൽക്കുന്നു എന്നത് അതിശയം തന്നെ.

നാട്ടിലെ സകലമാന ചടങ്ങുകളുടെയും ‘ഉത്സാഹക്കമ്മറ്റി’യിലെ സ്വയം പ്രഖ്യാപിത മേൽനോട്ടക്കാരനായിരുന്നു കൊത്താറൻ.അന്നത്തെ പ്രായം നാല്പത്തഞ്ച്. കാഴ്ചയിൽ മുപ്പത്തഞ്ച്.

അണ്ണൻ, ചേട്ടൻ, ഏട്ടൻ എന്നിങ്ങനെയുള്ള സംബോധനകളുടെ കൂട്ടത്തിൽ ‘കൊച്ചേട്ടൻ’ എന്നർത്ഥം വരുന്ന ‘കൊച്ചാട്ടൻ’ എന്ന പ്രയോഗമാണ് നാട്ടിൽ പൊതുവെ നിലനിന്നിരുന്നത്. എന്നാൽ ചിലർ ആ വാക്ക് ‘കൊത്താറൻ’ എന്നാക്കിയായിരുന്നു പ്രയോഗിച്ചിരുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെയാണ് പെട്ടെന്നൊരു ദിവസം വൈകിട്ട് നാലു മണിക്ക് മഠത്തിലെ കച്ചിത്തുറുവിനു തീപിടിച്ചത്!

(മഠം = മന,  കച്ചിത്തുറു = വൈക്കോൽ തുറു )

അല്പം അകലെയുള്ള അമ്പലത്തിൽ പൂജയ്ക്കു പോകാനായി മഠത്തിലെ എലിവാലൻ തിരുമേനി താറുടുത്ത്, കുടുമ കെട്ടി പുറത്തിറങ്ങി നോക്കിയപ്പോൾ തുറുവിൽ നിന്ന് പുകയുയരുന്നു....! ആൾ വെപ്രാളപ്പെട്ടു പാഞ്ഞുവന്ന്  കയ്യിൽ കിട്ടിയ മുറം എടുത്ത് തുറുവിലിട്ടടിക്കാൻ തുടങ്ങി!

തീയണയ്ക്കുകയായിരുന്നു ഉദ്ദേശം. പക്ഷേ, ‘മുറ’പ്രയോഗം കൂടിയപ്പോൾ തീ ആളിക്കത്താൻ തുടങ്ങി. ഒപ്പം തിരുമേനിയുടെ നിലവിളിയും മുഴങ്ങി!

ഒടുക്കം കായംകുളത്തൂന്ന് ‘ഫയറിഞ്ചൻ’  വന്നു തീയണയ്ക്കാൻ..... നാട്ടുകാർ ഒരു ഫയർ എൻജിൻ അത്ര അടുത്തു കാണുന്നത് ആദ്യമായായിരുന്നു.

കൊയ്ത്തു കഴിഞ്ഞു കിടന്ന പാടങ്ങൾക്കു നടുവിലൂടെ കുട്ടികളും, ചെറുപ്പക്കാരും, വൃദ്ധന്മാരും, തരുണീമണികളും അല്ലാത്തമണികളും ഒക്കെ തുറു നിന്ന പറമ്പിലേക്കു മണ്ടി.

അന്നത്തെ ഫയർ എഞ്ചിന്  ഇന്നത്തെപ്പോലുള്ള സൈറൺ ഇല്ലായിരുന്നു. മണിയടിയായിരുന്നു പകരം. തുരുതുരാ മണിയടിച്ചോണ്ട് ഇഞ്ചൻ ചീറിപ്പാഞ്ഞു വന്നു!

ഇഞ്ചനിലെ വെള്ളം തീർന്നപ്പോൾ, മഠത്തിലെ കുളത്തിൽ നിന്നും വെള്ളം പമ്പു ചെയ്തു കേറ്റി ഒരു മണിക്കൂർ നേരം ശ്രമിച്ചിട്ടാ തീയണഞ്ഞത്.

അത്രയ്ക്കു വലിയ തുറുവാ കത്തിപ്പോയത്!

ഇതിന്റെ പേരിൽ കൊത്താറൻ,  പരമിയെ ആജന്മ ശത്രുവായി പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്?

കൊത്താറൻ തന്നെ പറയുന്നപോലെ, ഏതു കാര്യത്തിനും ഒരു കാരണമുണ്ട്. ഇതിനും ഉണ്ട്!

ആ മൂല  കാരണത്തിന്റെ പേർ പൂങ്കുളങ്ങര കാർത്ത്യാണി എന്നായിരുന്നു.

തടിച്ചുരുണ്ട ഒരു ‘അഴകിയ രാവണി’ ആണ് കാർത്ത്യാണി.

പറമ്പിൽ പുല്ലുപറിക്കലാണ് പണിയെങ്കിലും, കണ്ണെഴുതി പൊട്ടു തൊട്ട് ,കുട്ടിക്കൂറ പൌഡറും പൂശിയേ വൈകുന്നേരം പുറത്തിറങ്ങൂ. അമ്പലത്തിൽ വന്നാൽ പുറത്തു നാലും അകത്തു മൂന്നും പ്രദക്ഷിണം. കൃഷ്ണനാണ് ഇഷ്ടദേവൻ.  “എന്റെ കൃഷ്ണാ......”ന്നുള്ള കാർത്ത്യാണിയുടെ വിളി പ്രസിദ്ധമാണ്. അതു കേട്ട് കൃഷ്ണൻ  മയങ്ങിയില്ലെങ്കിലും സുബ്രഹ്മണ്യൻ മയങ്ങി .

നെറ്റിയിൽ ചന്ദന ഗോപിയും, ചെവിപ്പുറത്ത് തുളസിയിലയും, ചുണ്ടിൽ കൃഷ്ണസ്തുതിയുമായി നാട്ടിൽ വിരാജിക്കുന്ന സുബ്രഹ്മണ്യൻ എന്ന സുപ്രൻ കൊത്താറൻ!

ഇക്കാര്യം ആദ്യം റഡാറിലൂടെ വീക്ഷിച്ച് കൺഫേം ചെയ്തയാൾ പരമിയായിരുന്നു.  ഒരു ദിവസം സന്ധ്യക്ക് ദീപാരാധനയ്ക്കിടയിലായിരുന്നു അത്.

പൊതുവേ, ഉത്സവകാലത്താണ് പരമി റഡാർ മോണിട്ടറിംഗ് ഏറ്റവും ഇഫക്റ്റീവായി ചെയ്യുക.പക്കാ പ്രൊഫഷണൽ ആയിരുന്നു പരമി.‘ജോലി’ക്കിടെ കൂട്ടുകാർ മുഴുവനും ‘കളറുകൾ’ക്കു പിന്നാലെ പോയാലും പരമി പിന്മാറുന്ന പ്രശ്നമില്ല..

ആൾത്തിരക്കിനിടയിൽ അവന്റെ കണ്ണുകൾ എവിടെയാണ് സൂം ചെയ്തിരിക്കുന്നതെന്ന് ആർക്കും മനസ്സിലാവില്ല. ആരെയും നോക്കുന്നില്ല എന്ന മട്ടിൽ തന്റെ ത്രസ്റ്റ് ഏരിയ മോണിട്ടർ ചെയ്തു നിൽക്കും.

അവന്റെ കണ്ണിലേക്കു നോക്കണമെങ്കിൽ കഴുത്തുപൊക്കി കൊമ്പത്തേക്കു നോക്കണം എന്ന ബുദ്ധിമുട്ടുള്ളതിനാൽ, ഒരു മാതിരിപ്പെട്ടവരൊന്നും അതിനു മെനക്കെടാറുമില്ല.സോ, ദ ആപ്പറേഷൻ ഈസ് സെയ്ഫ് ആൻഡ് ക്ലാൻഡസ്റ്റൈൻ.


ഉത്സവം തുടങ്ങിയാൽ പിന്നെ അമ്പല പരിസരം മുഴുവൻ പുരുഷാരം നിറയുകയായി. ആന, അമ്പാരി, വെഞ്ചാമരം, ആലവട്ടം, തീവെട്ടി, ചുറ്റുവിളക്ക്, വർണവിളക്കുകൾ, പലതരം കച്ചവടക്കാർ....

കിഴക്കേ നടയിലാണ് വളക്കടകൾ നിറയെ ഉണ്ടാവുക.കുപ്പിവള, കണ്മഷി,  ചാന്ത്, സിന്ദൂരം, മാല, പൊട്ട്, സോപ്പ്, ചീപ്പ് എന്നുവേണ്ട പെണ്ണായിപ്പിറന്നവരെ മുഴുവൻ ആകർഷിക്കുന്ന വർണപ്രളയം....

അതിനിടയ്ക്കാണ് കൊത്താറനെ കാർത്ത്യാണിക്കൊപ്പം  പരമി വീണ്ടും  സ്പോട്ട് ചെയ്തത്.  ആറടിക്കു മുകളിൽ ഫിറ്റ് ചെയ്ത ഡബിൾ റഡാർ കണ്ണുകൾ കൊണ്ട് അവൻ കാണാത്തതൊന്നുമില്ല!

അഞ്ചാം ഉത്സവം ആയപ്പോഴേക്കും ജനത്തിരക്കേറി.

വളക്കടകൾക്കപ്പുറം കളികൾ നടക്കുന്ന സ്ഥലമാണ്. കുലുക്കിക്കുത്ത്, ആന മയിൽ ഒട്ടകം, മുച്ചീട്ട് തുടങ്ങിയവയാണ് പ്രധാനം.

കൊത്താറൻ മുച്ചീട്ടു വിദഗ്ധനാണ്. ചീട്ടു കളിച്ചു നാട്ടുകാരെ പറ്റിച്ചുണ്ടാക്കുന്ന കാശുമായി അതിയാൻ ഇടയ്ക്കു മുങ്ങിയത് പരമിയുടെ റഡാറിൽ പതിഞ്ഞു.

അതോടെ  അവനിലെ ഡിറ്റക്ടീവ് ഉണർന്നു. നടു നിവർന്നു. കഴുത്ത് ആൾക്കൂട്ടത്തിനു മീതെ ഉയർന്നു. ഉണ്ടക്കണ്ണുകൾ ലാറ്ററൽ മൂവ്മെന്റ് നടത്തി.

ഒന്നിൽ പിഴച്ചാൽ മൂന്ന് ! കൊത്താറൻ വീണ്ടും റഡാറിൽ കുരുങ്ങി ! അറ്റ് ദ സെയിം സ്പോട്ട്.... വളക്കടയിലെ തിരക്കിനിടയിൽ, കാർത്ത്യാണിക്കരികിൽ...!

തനിക്ക് ഒരു ഇന്ററസ്റ്റിംഗ് അസൈൻമെന്റ് കിട്ടിയതായി പരമി വിലയിരുത്തി.

അല്പനേരം തട്ടിമുട്ടി നിന്നശേഷം രഹസ്യമായി ഒരു പൊതിക്കെട്ട് അവൾക്കു കൈമാറി കൊത്താറൻ മുങ്ങി. എങ്കിലും അവൻ വർദ്ധിതോത്സാഹത്തോടെ മോണിട്ടറിംഗ് തുടർന്നു.

പിറ്റേന്ന്, ആ പൊതിയിലെ  കാശു മുഴുവൻ  വളയും മാലയും, ചാന്തും കണ്മഷിയുമായി കാർത്ത്യാണീടെ ദേഹത്തു പറ്റിക്കിടന്നതും, അതു കണ്ട് കോൾമയിർ കൊണ്ടെന്ന പോലെ കൊത്താറൻ അവളെ നോക്കി നിൽക്കുന്നതും, ലെയ്സർ കണ്ണുകൾ വഴി പരമി ദർശിച്ചു.


അങ്ങനെ നിരന്തരവും, നിഷ്കൃഷ്ടവുമായി ‘ഫോളോ അപ്പ് ’ നടത്തുന്നതിന്റെ ഭാഗമായാണ് എട്ടാം ഉത്സവത്തിന്റന്ന് ഉച്ചതിരിഞ്ഞ സമയത്ത് കൊത്താറനെ ഫോളോ ചെയ്തത്.

ഊണു കഴിഞ്ഞ് കിഴക്കേ ആൽത്തറയിൽ വെടിവട്ടം കൂടി രസിച്ചിരിക്കുന്ന സദസിൽ നിന്ന് കൊത്താറൻ എണീറ്റു പടിഞ്ഞാറേക്കു നടക്കുന്നതിന്റെ സിഗ്നലുകൾ അല്പം അകലത്തൊരു മാഞ്ചുവട്ടിൽ നിന്നിരുന്ന പരമിക്കു കിട്ടി.  അവന്റെ കണ്ണിൽ നിന്ന് തീക്ഷ്ണരശ്മികൾ പാഞ്ഞു. അത് കൊത്താറനെ അനുധാവനം ചെയ്തു. അവന്റെ കാലുകളും പിന്നാലെ ചലിച്ചു.

കൊത്താറൻ നടന്നു നേരേ കയറിയത് മഠത്തിലെ പുല്ലു നിറഞ്ഞ പറമ്പിലേക്കായിരുന്നു. പറമ്പിന്റെ അങ്ങേയറ്റത്താണ് അന്തർജനങ്ങളുടെ കുളിപ്പുര. കുളത്തിലേക്കിറക്കിക്കെട്ടിയ ഓടിട്ട ചായ്പുള്ളതുകൊണ്ട് അവർ കുളിക്കുന്നത് പുറത്തു നിന്നു നോക്കുന്ന ആർക്കും കാണാൻ കഴിയില്ല.  അതിരായി നിൽക്കുന്ന കയ്യാലയ്ക്കാണെങ്കിൽ നല്ല പൊക്കവും. അവൻ കഴുത്തു നീട്ടി സ്കാനിംഗ് തുടങ്ങി.

കൊത്താറന്റെ അങ്ങോട്ടുള്ള പോക്കിന്റെ ഉദ്ദേശം എന്താണ്!?  കൃഷ്ണാ! കൊത്താറൻ അന്തർജനങ്ങളെയും കൊത്താൻ തുടങ്ങിയോ!? പരമിയുടെ ബോഡിയിൽ അഡ്രിനാലിൻ കുതിച്ചുയർന്നു.

പക്ഷേ, അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, കുളക്കടവും കടന്ന്  ആൾ നേരേ കച്ചിത്തുറുവിന്റെ സമീപത്തെത്തി. ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി. എന്നിട്ട് തുറുവിന്റെ അരികുനോക്കി ഇരുന്നു.

നിമിഷങ്ങൾ കുറേ കടന്നു പോയി. പരമിക്ക് ബോറടിക്കാൻ തുടങ്ങി. കയ്യാല്യ്ക്കു മീതേകൂടി എത്തിനോക്കി നിന്ന് കഴുത്തു കഴയ്ക്കാനും തുടങ്ങി. കൊത്താറൻ മടിക്കുത്തിൽ നിന്ന്  ചാർമിനാർ പാക്കറ്റെടുത്തു. അതിൽ നിന്നൊരു സിഗരറ്റെടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി.

പെട്ടെന്ന് ഒരു കുപ്പിവളക്കിലുക്കം! അരക്കെട്ടിലുറപ്പിച്ച വള്ളിക്കുട്ടയുമായി അതാ നായിക പ്രത്യക്ഷപ്പെട്ടു! മഠത്തിലെ പറമ്പിൽ പുല്ലു ചെത്താനെന്ന വ്യാ‍ജേന കുണുങ്ങിക്കുണുങ്ങിയാണ് വരവ്.

പരമി കഴുത്ത് ഒന്നു കൂടി നീട്ടി. കയ്യാലയിലെ കൈതമുള്ളുകൾക്കിടയിലൂടെ കണ്ണുകൂർപ്പിച്ചു നോക്കി. ഉച്ചവെയിലിൽ തുടുത്ത മുഖവുമായി കാർത്ത്യാണി കൊത്താറനടുത്തെത്തി. മുഖത്ത് പരിഭവം ദൃശ്യമാണ്. കൊത്താറൻ എന്തോ പറഞ്ഞ് തോളിൽ കൈ വച്ചു. കാർത്ത്യാണി ആ കൈ തട്ടിമാറ്റി. ഇതിനിടെ ചാർമിനാർ സിഗരറ്റ് തെറിച്ചെവിടെയോ വീണു. അതു കാര്യമാക്കാതെ കൊത്താറൻ  കാർത്ത്യാണിയെ ബലമായി ഇരുകൈകൾക്കുള്ളിലാക്കി. അവൾ പിടഞ്ഞുകൊണ്ടിരുന്നു. ബാലൻസ് തെറ്റി രണ്ടുപേരും തുറുവിനരികിലേക്കു വീണു. പിന്നെന്തു പറ്റി എന്നു കാണാൻ പരമിക്കായില്ല.

‘ഫോളോ അപ്പി’ൽ നിഷ്കർഷ പുലർത്തുന്ന ഒരു ഡിറ്റക്ടീവ് അങ്ങനെ തോറ്റു പിന്മാറാൻ പാടുണ്ടോ?

അവൻ കൈതക്കൂട്ടത്തിനരികിൽ നിന്ന ഒതളമരത്തിൽ പിടിച്ചു കയറാൻ ശ്രമിച്ചു. ഒതളം നന്നായി വളഞ്ഞു വന്നു. അതിൽ പിടിച്ച് ഒരുതരത്തിൽ കയ്യാലയ്ക്കു മുകളിലെത്തി. ബെറ്റർ വിഷൻ കിട്ടാനായി മരത്തിന്റെ ശിഖരത്തിൽ കയറി.

ഇത്തരം സ്റ്റിഞ്ച് ഓപ്പറേഷനുകൾ ചെയ്യുമ്പോൾ അല്പം ഒളിവും മറവും ഒക്കെ നല്ലതാണെന്ന് ഇലച്ചാർത്തിനു പിന്നിലൊളിച്ച് പരമി ഓർത്തു. പക്ഷേ, ഇലകൾക്കിടയിലൂടെ കണ്ണുകൾ സൂം ചെയ്യുന്നതിനിടയിൽ താൻ ചവിട്ടി നിന്നിരുന്ന ചില്ല ഒടിഞ്ഞ് പരമി നിലത്തേക്കു പതിച്ചു.

അപ്രതീക്ഷിതമായി ആറടിനീളത്തിൽ ഒരു ജീവി പതിച്ച ഒച്ച കേട്ടതോടെ  വാരിച്ചുറ്റിയ ചേലയുമായി  ഒരു കുപ്പിവളക്കിലുക്കം  അകന്നു പോയി!

കണ്ണു തിരുമ്മി പിടഞ്ഞെണീറ്റപ്പോൾ തുറുവിനരികിൽ കനൽക്കണ്ണുമായി കൊത്താറൻ ജ്വലിച്ചു നിൽക്കുന്നു. അയാൾക്കരികിൽ ഒരു വള്ളിക്കുട്ട ചരിഞ്ഞുകിടക്കുന്നു.....

പിന്നീടൊന്നും ചിന്തിച്ചില്ല. കയ്യാല ചാടി പരമി പറന്നു!

അതുകഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ മഠത്തിലെ പറമ്പിലേക്ക് ഫയറിഞ്ചൻ പാഞ്ഞു വന്നു!

തീയൊക്കെ അണഞ്ഞ ശേഷമാണ് പരമി അമ്പലപ്പറമ്പിൽ വച്ച് തന്റെ സ്റ്റിഞ്ച് ഓപ്പറേഷന്റെ രഹസ്യം ഞങ്ങളോട് വെളിപ്പെടുത്തിയത്!

മഠത്തിലെ  തുറുവിന്റെ കീഴെയിരുന്ന് സിഗരറ്റ് പുകച്ചത് കൊത്താറനാണെന്ന വിവരം പരമി നാട്ടുകാരോടും പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് കാർത്ത്യാണിയാണെന്നും! പോരേ പൂരം!


പരമി പുറത്തുവിട്ട ബ്രെയ്ക്കിംഗ് ന്യൂസ്  കൊത്താറൻ കേട്ടത് ശങ്കരിയമ്മയുടെ ചായക്കടയിൽ വച്ചാണ്.  കൊത്താറൻ വിയർത്തു, വിറച്ചു, പല്ലുകടിച്ചു.

മുടി മുതൽ അടി വരെയും, പിന്നെ അടി മുതൽ മുടിവരെയും വിറപ്പിച്ചുകൊണ്ട് അതിയാൻ പ്രഖ്യാപിച്ചു

“ഇല്ലാ വചനം പറഞ്ഞു പരത്തിയ അവന്റെ കൊടലു ഞാനെടുക്കും; ആറാട്ടെന്നൊരു ദിവസമുണ്ടെങ്കിൽ!” ഇത്രയും പറഞ്ഞ് മുണ്ടുകയറ്റിക്കുത്തി, ചവിട്ടിക്കുതിച്ച് കൊത്താറൻ പുറത്തേക്കു പോയി.

അതോടെ സംഭവം ഉദ്വേഗജനകമായ ക്ലൈമാക്സിലെത്തി. രണ്ടിലൊന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയും.

കൊല്ലൻ കണാരന്റെ വീട് കൊത്താറൻ സന്ദർശിച്ചതായും പന്ത്രണ്ടിഞ്ചു നീളമുള്ള കത്തിക്ക് ഓർഡർ കൊടുത്തതായും ഫ്ലാഷ് ന്യൂസെത്തി.

പരമിയുടെ വീട്ടുകാർ മുഴുവൻ ഭീതിയിലായി; കൂട്ടുകാരായ ഞങ്ങളും. എന്നാൽ പരമിക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവൻ നേരേ ചായക്കടയുടെ മുന്നിലെത്തി. മുതിർന്നവർ അവനെ ഗുണദോഷിച്ചു.ആരോ പറഞ്ഞു ‘പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവനാ സുപ്രൻ. കുടൽ മാലയെടുക്കും എന്നു പറഞ്ഞാൽ എടുത്തിരിക്കും!’

അങ്ങനെയെങ്കിൽ വെള്ളിയാഴ്ചതോറും ചെറുമൻകാവിനു മുന്നിലെ പാടത്തിനു നടുവിൽ പാതിരാ കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന വെളിച്ചത്തിന്റെ രഹസ്യം കൂടി തനിക്കു വെളിപ്പെടുത്തേണ്ടി വരും എന്ന്  പരമി പ്രഖ്യാപിച്ചു.

അതുകേട്ട ചായ - വട പ്രേമികൾ ഞെട്ടി. ഞങ്ങൾ വാ പിളർന്നു!

എല്ലാ വെള്ളിയാഴ്ചയും പാത്രിരാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന തീനാളം നാട്ടുകാർ ഭയാശങ്കകളോടെയാണ് ഓർക്കാറുള്ളത്. പകൽ പോലും വഴിനടക്കാൻ ആൾക്കാർ ഭയക്കുന്ന സ്ഥലമാണത്. അബദ്ധവശാൽ വെള്ളിയാഴ്ച പാതിരായ്ക്ക് അതുവഴി പോയ ഡീസന്റ് കുട്ടപ്പൻ നാലുനാളാണ് പനിച്ചു കിടന്നത്!

“ഇന്നു വെള്ളിയാഴ്ചയാ.  ചെറുമൻ കാവിന്റെ മുന്നിൽ ഇന്നു പാതിരായ്ക്ക് വെളിച്ചം തെളിയില്ല. ധൈര്യമുള്ളവർക്ക് എന്റൊപ്പം വരാം! കൊത്താറനും വരാം!” പരമി വിടാനുള്ള ഭാവമില്ല.

അപ്പോൾ പിന്നെ കൂട്ടുകാരായ ഞങ്ങൾക്ക് പിന്മാറാൻ കഴിയുമോ? അങ്ങനെ ഒൻപതാം ഉത്സവത്തിന്റന്നു പാതിരാത്രി ഞങ്ങൾ ആദ്യമായി ബാലേ കാണാതെ പുറത്തിറങ്ങി. കാവിനുമുന്നിലെ പാടത്തെത്തി. എല്ല്ലാവർക്കും ലേശം ഭയം തോന്നിയിരുന്നെങ്കിലും പരമി ധൈര്യം പകർന്നു.

മണി പന്ത്രണ്ടായി. ഞങ്ങളുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി. അടുത്തനിമിഷം എന്തും സംഭവിക്കാം. മാടനോ, മറുതയോ, അറുകൊലയോ, ഭദ്രകാളിയോ.... ആരാണ് പാതിരായ്ക്ക് കാവിനുമുന്നിലൂടെ സഞ്ചരിക്കുന്നതെന്ന് ആർക്കുമറിയില്ല. തീനാളം കണ്ടാൽ അടുത്ത നിമിഷം കാൽ മരവിച്ചുപോകുമത്രെ!

നിശ്ശബ്ദമായ നിമിഷങ്ങൾ കടന്നു പോയി.

സമയം പന്ത്രണ്ടരയായി, ഒന്നായി, ഒന്നരയായി......

ഒന്നും സംഭവിച്ചില്ല.

അത്രയുമായപ്പോൾ ഡിറ്റക്ടീവ് പരമി മൌനം ഭഞ്ജിച്ചു. “മാടനും മറുതയുമൊന്നുമല്ല, കൊത്താറനാ എല്ലാ വെള്ളിയാഴ്ചയും ചെറുമിയെ സന്ദർശിക്കാനെത്തുന്നത്! സിഗരറ്റ് ലൈറ്റർ തെളിച്ചാ യാത്ര.... ഇന്നു നമ്മൾ ഇവിടുണ്ടെന്നറിഞ്ഞതോടെ ആൾ മുങ്ങിക്കാണും. ഇനി ഈ വിവരം നാട്ടുകാരെ അറിയിച്ചാൽ മാത്രം മതി. വെള്ളിയാഴ്ചത്തെ  പാതിരാവെളിച്ചം പിന്നുണ്ടാവില്ല; ഒരിക്കലും!”

പരമി ആദ്യം മുതുകുയർത്തി, പിന്നെ നെഞ്ചുവിരിച്ചു നിന്നു.

“ഹമ്പട ഷെർലക്ക് ഹോംസേ ! നിന്നെ ഞങ്ങൾ തിരിച്ചറിഞ്ഞില്ലല്ലോ! ” എന്ന മട്ടിൽ ഞങ്ങളും.

ഒറ്റ രാത്രി കൊണ്ട് കൊത്താറന്റെ സകല ഇമേജും തകർന്നു.  

പരമി ഹീറോ ആയി!

ഒരു കേസിനു പകരം കൊത്താറന്റെ രണ്ടു കേസുകെട്ടുകളാണ് അവൻ ഒറ്റയടിക്കു തെളിയിച്ചത്!

അതോടെ അവന് ഒരു ആജീവനാന്തശത്രു ഭൂജാതനാവുകയും ചെയ്തു.

കൊത്താറൻ ഇപ്പോൾ എന്തു ചെയ്യുന്നോ എന്തോ!


അടിക്കുറിപ്പ്: മീനഭരണി മാർച്ച് പകുതിക്കുശേഷമാണ്. നാട്ടിൽ വച്ച് പരമിയെ കാണണം. ആ വിശേഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്!

Saturday, February 4, 2012

മുതലകളുടെ കാലം...!

 ഇരുളും ഇളം നീലവെളിച്ചവും ഇഴപാകിയ ഹോളിൽ, ഈട്ടിത്തടിയിൽ തീർത്ത പോളിഷ്‌ഡ് ഫർണിച്ചർ ഭംഗിയായി സെറ്റ് ചെയ്തു കഴിഞ്ഞു. ഷൊയിൽ പങ്കെടുക്കുന്ന വീട്ടുകാർക്ക് ഇരിക്കാനുള്ള സോഫയ്ക്ക് വലതു വശത്തായി മാഡത്തിനിരിക്കാനുള്ള സോഫ. മാഡത്തിനു പിന്നിലായി ഷോയുടെ ടൈറ്റിലും, ദു:ഖിതയായ ഒരു പെൺകുട്ടിയുടെ ഇരുൾ വീണ ചിത്രവും ബാക്ക്ഗ്രൌണ്ടായി സെറ്റ് ചെയ്തു. നിയമസംഘത്തിനായി ഉയർന്ന തലത്തിൽ ഇരിപ്പിടങ്ങൾ വേറേ.

ഷൂട്ട് ചെയ്യാനുള്ള സാധന സാമഗ്രികൾ ക്യാമറ ക്രൂ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

“എല്ലാം ഓക്കെയല്ലേ?” ഫ്ലോർ മാനേജർ ചോദിച്ചു.

“ഒരഞ്ചു മിനിറ്റ് സർ...” ക്യാമറാമാന്റെ മറുപടി.

ഗ്രീഷ്മയുടെ തലയിലേക്ക്  ഇതൊന്നും കടക്കുന്നുണ്ടായിരുന്നില്ല.

മാഡം ഇത്രപെട്ടെന്ന് മലക്കം മറിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സത്യത്തിൽ മൂന്നു കേസുകളും പഠിക്കാനും, കൂടുതൽ വിശദാംശങ്ങൾ സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിച്ചത് അവരാണ്.

എന്നിട്ടിപ്പോൾ....

ഗ്രീഷ്മ ഫയൽക്കെട്ടെടുത്ത് മേശപ്പുറത്ത് ആഞ്ഞടിച്ചു.

രണ്ടു ഭാര്യമാരുള്ള നേതാവിന്റെ ആദ്യഭാര്യയും കുടുംബവും എല്ലാ വിവരങ്ങളും ക്യാമറയ്ക്കു മുന്നിൽ തരാൻ തയ്യാറായിരുന്നു. നേതാവിനൊപ്പം ഇപ്പോഴുള്ള സ്ത്രീയുമായും സംസാരിച്ചു. ഒരു കാരണവശാലും ആദ്യഭാര്യയ്ക്ക് നേതാവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നവർ ആവർത്തിക്കുകയും ചെയ്തു. കാരണം അവർ നിയമപരമായി വിവാഹിതരല്ലത്രെ! ആദ്യഭാര്യയുടെ യഥാർത്ഥ വിവാഹം മറ്റൊരാളുമായായിരുന്നു പോലും. അയാളിൽ നിന്ന്  നേതാവ് തട്ടിയെടുത്തതാണവരെ. അതെന്തായാലും നേതാവൊഴികെ മറ്റെല്ലാവരെയും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള സകല എർപ്പാടുകളും ചെയ്തു കഴിഞ്ഞിരുന്നു....

അതെങ്ങാനും ടെലിക്കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ചാനലിന്റെയും ഷോയുടെയും റേറ്റിംഗ് മാനം മുട്ടെ ഉയർന്നേനെ. എന്നിട്ടും.....

ഇൻഡ്യയിലും മിഡിൽ ഈസ്റ്റിലും വ്യാപാരശൃംഖലയുള്ള ബിസിനസ് മാഗ്നറ്റിന്റെ മകന്റെ കീപ് ആയിരുന്നു മറ്റൊരു പ്രൈസ് ക്യാച്ച്. വ്യാപാരിപുത്രന് താനില്ലാതെ ജീവിക്കാനാവില്ല എന്നും, തന്നെ വിവാഹം കഴിക്കാൻ അയാൾ ഒരുക്കമാണെന്നും അവൾ ഉറപ്പിച്ചു പറഞ്ഞു. ഭർത്താവിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാളുടെ ഭാര്യയ്ക്കു നഷ്ടപ്പെട്ടെന്ന് ലോകത്താരോടു വേണമെങ്കിലും തുറന്നു പറയാൻ തനിക്കു മടിയില്ലെന്നും, അല്ലായെന്നു വാദിച്ചു സമർത്ഥിക്കാൻ ഭാര്യയെ വെല്ലുവിളിക്കുന്നെന്നും അവൾ പറഞ്ഞു. എന്നാൽ ഭാര്യ ക്യാമറയ്ക്കു മുന്നിൽ സ്വകാര്യജീവിതം പരസ്യമാക്കാൻ കഴിയില്ലെന്നു ശഠിച്ചിരിക്കുകയാണ്. അവരെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ചെയ്യാം എന്ന് മാഡം ഉറപ്പും തന്നിരുന്നതാണ്.

എന്നിട്ടും....

പോലീസ് ഓഫീസറുടെ ഉപേക്ഷിതയായ മകളുടേത് ശരിക്കും ഒരു ജെനുവിൻ കേസായിരുന്നു.  ഉന്നത ഓഫീസറായ പിതാവ് മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് ഭർത്താവിന്റെ പരാതി. അവളെ തിരിച്ചുകിട്ടിയില്ലെങ്കിൽ താൻ ഭ്രാന്തനായിപ്പോകും എന്നാണ് ഭർത്താവു പറയുന്നത്. എന്നാൽ ഭർത്താവ് മയക്കു മരുന്നുപയോഗിച്ച് കാട്ടിക്കൂട്ടിയ വിക്രമങ്ങൾ സഹിക്കാനാവാതെയാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത് എന്നാണ് അവൾ പറയുന്നത്.

അതെന്തായാലും ഇരകളെ കടിച്ചു കീറി, അലക്കി വെളുപ്പിച്ച്, നെല്ലും പതിരും തിരിക്കാൻ മാഡം ഒറ്റയാൾ മതി. നിയമസംഘം ഒക്കെ ഒരു അലങ്കാരത്തിന് സൈഡിൽ ഇരുന്നോളും.

എന്നിട്ടും....

ഗ്രീഷ്മയുടെ ശ്വാസഗതി വർദ്ധിച്ചു. അവൾ കിതയ്ക്കാൻ തുടങ്ങി.

കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളും, ശൈഥില്യങ്ങളും വിചാരണ ചെയ്ത് പരിഹരിക്കാൻ തന്റെ ചാനൽ നടത്തുന്ന ഷോയുടെ രീതിയോട് യോജിപ്പില്ലെങ്കിലും, അതിന്റെ റേറ്റിംഗിനെ കുറിച്ച് അവൾക്കു ബോധ്യമുണ്ടായിരുന്നു. ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ ചാനലിനായി എന്നതു സത്യം.

ഷോ നിർത്താൻ തന്നെക്കൊണ്ടാവില്ലഎന്നാൽ പിന്നെ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ള ആളുകൾക്ക് - പ്രത്യേകിച്ച് സ്ത്രീകൾക്ക് - മനസ്സു തുറക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകരിക്കട്ടെ എന്നു കരുതി. അവരും മനുഷ്യസ്ത്രീകൾ തന്നെയാണല്ലോ. അങ്ങനെയാണ് കഷ്ടപ്പെട്ട് കൂടുതൽ റിസേർച്ച് ചെയ്ത് ഈ കേസുകളുടെ ഫോളോ അപ്പ് ചെയ്തത്. ചാനലിനൊപ്പം തനിക്കും അതു ഗുണകരമാകും എന്ന നേരിയ പ്രൊഫഷണൽ സെൽഫിഷ്നെസ് ഉണ്ടായിരുന്നു എന്നത് സത്യം.


എല്ലാം റെഡിയാക്കിയിട്ട് ചീഫിനോട് പറയാം എന്നു മാഡം തന്നെയാണ് നിർദേശിച്ചത്. എന്നിട്ടിപ്പോൾ ചീഫിനു മുന്നിലെത്തിയപ്പോൾ അവർ നല്ല പിള്ള ചമയുന്നു..... ഒക്കെ ഗ്രീഷ്മയുടെ താന്തോന്നിത്തം!

ചീഫിന്റെ പ്രതികരണം തരം താണതായിരുന്നു.

“ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വല്ല അത്തപ്പാടികളുടെ കഥയും കൊണ്ടു വരുന്നതിനും പകരം സമൂഹത്തിൽ നെലേം വെലേം ഉള്ള മാന്യരെ അവഹേളിക്കാൻ കോപ്പൊണ്ടാക്കി വരുന്നോ!? അവടെയൊരു റിസേർച്ച്! ഫൂ!”

അയാൾ ഫയൽക്കെട്ട് വലിച്ചെറിഞ്ഞു.

“ഇങ്ങനൊരു ഡെവലപ് മെന്റ്  ചാനലിൽ നടക്കുന്നെന്ന് എന്നോട് പറയാഞ്ഞതെന്ത്?”

“അല്ല സർ.... ഒക്കെ ആ കുട്ടി തനിയെ ചെയ്തതാ...... ഞാൻ അവസാന ഘട്ടത്തിലാ അറിഞ്ഞത്. അപ്പോഴെക്കും അവൾ ഒരുപാടു പേരെ കോണ്ടാക്റ്റ് ചെയ്തു കഴിഞ്ഞിരുന്നു...”

“അവളെ ഈ നിമിഷം ചാനലിൽ നിന്നു മാറ്റണം!”
“അതു ശരിയാകുമോ സർ? മറ്റേതെങ്കിലും ഷോയിലേക്കോ, വിംഗിലേക്കോ പോരേ? ”
“ഉം... ശരി ശരി....  അവളെ വിളി...”

ഒരു ഫ്ലോർ ബോയ് ആണ് ഗ്രീഷ്മയെ ചീഫ് വിളിക്കുന്ന വിവരം അറിയിച്ചത്.
അകത്തു കടന്നപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ മാഡം സ്വാഗതം ചെയ്തു.
ചീഫ് അല്പം ഗൌരവത്തിൽ തെന്നെ ഇരുന്നു.

“ഞങ്ങൾ ഗ്രീഷ്മയെ വിളിപ്പിച്ചത് ഒരു ഗുഡ് ന്യൂസ് പറയാനാണ്.
വി ആർ പ്ലീസ്‌ഡ് വിത്ത് യുവർ വർക്ക്. അതുകൊണ്ട് പുതിയൊരു പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി ഞങ്ങൾ ഗ്രീഷ്മയെ നിയമിക്കാൻ ആഗ്രഹിക്കുന്നു.”

“ഇങ്ങനൊരു ഗുഡ് ന്യൂസ് കേൾക്കാൻ, ഇപ്പോൾ ഒരു മൂഡുമില്ല സർ....”

“പിന്നെ എങ്ങനെയുള്ള ന്യൂസ് കേൾക്കാനാ നിനക്കു മൂഡ്‌സ്?”
അയാളുടെ ഇളിഞ്ഞ ചോദ്യം കേട്ട് ഗ്രീഷ്മ ജ്വലിച്ചു.
അവളുടെ കണ്ണുകളിലെ ജ്വാല മാഡത്തെ ഭയപ്പെടുത്തി.
എന്നാൽ ചീഫ് പിന്മാറാനുള്ള ഒരുക്കത്തിലായിരുന്നില്ല.

“മാനോം മര്യാദയുമായി സമൂഹത്തിൽ നല്ല നിലയിൽ കഴിയുന്നവരുടെ ജീവിതം തന്നെ വേണം നിനക്കു കോഞ്ഞാട്ടയാക്കാൻ, അല്ലേടീ? കൊള്ളാവുന്ന വീട്ടിലെ പെണ്ണുങ്ങൾ ക്യാമറയ്ക്കു മുന്നിൽ കടിപിടി കൂടുന്നത് നിനക്ക് നാടുനീളെ കാണിക്കണം, അല്ലേ?”

ഗ്രീഷ്മയ്ക്കു പിന്നെ രണ്ടാമതൊരു ചിന്ത ഉണ്ടായില്ല.

അരികിൽ ഉണ്ടായിരുന്ന ട്രൈപോഡ് ക്ഷണനേരത്തിനുള്ളിൽ അവളുടെ കൈക്കുള്ളിലെത്തി.
പെട്ടെന്നുണ്ടായ ആവേഗത്തിൽ അത് ഉയർന്നു, താണു.
തലയ്ക്കടിയേറ്റു വീണ  മുരുകേഷിന്റെ മുഖത്തേക്ക് അവൾ നോക്കി.

അതാ അയാളുടെ മുഖം പരന്നു നീണ്ടു കൂർത്തു വരുന്നു. ശരിക്കും ഒരു മുതലയുടെ തല പോലെ!

ആ കാഴ്ച കണ്ട് അവൾ പൊട്ടിച്ചിരിച്ചു.


“നിങ്ങൾ മുരുകേഷ് അല്ല.... മുതലേഷ്..... മുതലകളുടെ ഈശൻ! അതാ നിങ്ങൾ!!”

മുരുകേഷ് ചുണ്ടുകോട്ടി എന്തോ പറയാൻ ശ്രമിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണിൽ നിന്നും വെള്ളം താഴേക്കൊഴുകി. ഇക്കുറി ശരിക്കും വേദനിച്ചിട്ടു തന്നെ!


ഹാഫ് ഡോർ വലിച്ചടച്ച് ഗ്രീഷ്മ പുറത്തേക്കു പാഞ്ഞു.