Wednesday, February 4, 2009

കണ്ണനും കിണ്ണനും....!



ഒരുത്തന്‍ വലതു കയ്യന്‍ മറ്റവന്‍ ഇടതു കയ്യന്‍.... രണ്ടാളും കൂടിച്ചേര്‍ന്നാല്‍ കൂട്ടത്തിലെ പിള്ളേര്‍ക്കൊന്നും പിന്നെ രക്ഷയില്ല. വട്ടുകളിയായാലും, അണ്ടികളിയായാലും, തലപ്പന്തുകളിയായാലും, മരംകേറ്റമായാലും എന്തായാലും ശരി!

രണ്ടും ഇരട്ടകളാണ്.കാഴ്ച്ചയില്‍ ഒന്നാംതരം കരുമാടിക്കുട്ടന്മാര്‍! രണ്ടിനേം തമ്മില്‍ തിരിച്ചറിയണമെങ്കില്‍ അവന്മാരുടെ അമ്മയോടു ചോദിക്കണം. അത്രയ്ക്കുണ്ട് സാമ്യം!

പുക്കാറും പുലുമാലും കഴിഞ്ഞാല്‍ നാട്ടില്‍ ഏറ്റവും പുകിലുണ്ടാക്കിയത് ഇവന്മാര്‍ തന്നെ! സംശയമുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ വായിച്ച് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തിക്കോ!

ഏവൂര്‍ ദേശം മൂന്നു മുറികളായി തിരിച്ചിരിക്കുന്നു - തെക്കും മുറി, വടക്കും മുറി, കിഴക്കും മുറി...
അതില്‍ ഏവൂര്‍ തെക്കുമ്മുറിയില്‍ പള്ളത്തു തെക്കതില്‍ വീട്ടിലാണ് ഇവന്മാരുടെ ജനനം.അച്ഛനും അമ്മയ്ക്കും സര്‍ക്കാര്‍ ജോലി ഉണ്ട്.തെക്കുമ്മുറിയിലെ ഏറ്റവും ഭേദപ്പെട്ട, മൂന്നു നാലു വീട്ടുജോലിക്കാരുള്ള വീടാണത്.എന്നാലെന്താ, ഇവന്മാര്‍ രണ്ടും നാട്ടുകാരുടെ മാവിലും പറങ്കാവിലും ആഞ്ഞിലിയിലും തന്നെ, സ്കൂളടച്ചാല്‍ പിന്നെ.

----ദൃശ്യം ഒന്ന് ---

വക്കീലിന്റെ അയ്യത്ത് (പറമ്പത്ത്) രണ്ടാഞ്ഞിലിയുണ്ട്. ഇത്തവണ രണ്ടിലും നിറയെ ആഞ്ഞിലിച്ചക്കകള്‍.

രാവിലെ തന്നെ രണ്ടു പേരും ഓരോന്നില്‍ കയറിപ്പറ്റിക്കഴിഞ്ഞു.

നാട്ടിലെ വല്യ പ്രമാണിയാണ് വക്കീല്‍.

രാവിലെ പുരയിടം നോക്കാനിറങ്ങിയ നേരത്താണ് രണ്ടു കുട്ടിക്കൊരങ്ങന്മാര്‍ തന്റെ ആഞ്ഞിലികളില്‍ വിഹരിക്കുന്നതു കണ്ടത്.


പഴുത്ത ആഞ്ഞിലിച്ചക്കച്ചുളകള്‍ ആര്‍ത്തിയോടെ ഊറിയൂറി ആസ്വദിച്ചു തിന്നുകയാണ് .രണ്ടെണ്ണവും

വക്കീല്‍ വന്നത് അറിഞ്ഞിട്ടേയില്ല!
“ആരാടാ രാവിലെ ആഞ്ഞിലിയേക്കേറിയത്..? എറങ്ങി വരിനെടാ താഴെ..!” വക്കീല്‍ അലറി.


ആഞ്ഞിലിച്ചില്ലകളില്‍ നിന്ന് നാലു കൂര്‍ത്ത കണ്മുനകള്‍ വക്കീലില്‍ വന്നു തറച്ചു.

“ഇയാളാരാ ചോദിക്കാന്‍..?” അതില്‍ രണ്ടെണ്ണത്തിന്റെ ഉടമ ചോദിച്ചു.

വക്കീല്‍ ഒന്നു പതറി. ഇവന്മാര്‍ തന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നു തോന്നുന്നു.

“ആരാണെന്നറിഞ്ഞാലേ നീയൊക്കെ എറങ്ങി വരത്തൊള്ളോടാ കൊച്ചു കഴുവേറികളേ..??”
ഒരു നിമിഷം നിശ്ശബ്ദത.

തുടർന്ന് പൊത്തോ പൊത്തോന്ന് രണ്ടു ശബ്ദം!

രണ്ട് ആഞ്ഞിലിച്ചക്കകള്‍ ലക്ഷ്യം കണ്ടതിന്റെ ഒച്ചയാണ്!

ഒരെണ്ണം ഇടതു നെഞ്ചിലും രണ്ടാമത്തേത് വലതു നെഞ്ചിലും!

വക്കീല്‍ നിലത്തുകുത്തിയിരുന്നു പോയി!!

നിവര്‍ന്നെണീറ്റപ്പോള്‍ ആഞ്ഞിലിച്ചില്ലകള്‍ ശൂന്യം...!

----ദൃശ്യം രണ്ട് ---

ഇവന്മാരുടെ അമ്മൂമ്മയുടെ വീട് മാന്നാര്‍ എന്ന സ്ഥലത്ഥിനടുത്തുള്ള കുട്ടമ്പേരൂര്‍ എന്ന ഗ്രാമത്തിലാണ്.

മാസത്തിലൊരിക്കല്‍ അമ്മൂമ്മയേയും കൊണ്ട് അപ്പൂപ്പന്‍ കുട്ടമ്പേരൂര്‍ പോകും.

ഒരു ദിവസം അമ്മൂമ്മയേം കൂട്ടി കുട്ടമ്പേരൂര്‍ പോകാനായി അപ്പൂപ്പന്‍ രാവിലെ തന്നെ രണ്ടു കോണകങ്ങള്‍ കഴുകിയിട്ടിരുന്നു.

പതിനൊന്നു മണിയോടെ അപ്പൂപ്പന്‍ നോക്കിയപ്പോള്‍ ഓടു മേഞ്ഞ മേല്‍ക്കൂരയ്ക്കു മീതെ വിരിച്ചിരുന്ന കോണകങ്ങള്‍ ഒനും കാണാനില്ല!

അപ്പൂപ്പന്‍ അമ്മൂമ്മയെ വിളിച്ചു ചോദിച്ചു “എടിയേ..! എന്റെ കോണാന്‍ കഴുകിയിട്ടത് എവടെ?”

“ ആ ഞാനെങ്ങും കണ്ടില്ല !” അമ്മൂമ്മയുടെ മറുമൊഴി.

അപ്പൂപ്പന്‍ മുറ്റത്തൊക്കെ നോക്കി, എവടേലും പറന്നു വീണിട്ടൊണ്ടോ എന്ന്...

ഇല്ല... പിന്നെവടെപ്പോയി...?തെക്കേ മുറ്റത്തു ചെന്നു നോക്കി.


കണ്ണനും കിണ്ണനും കൊടിയുണ്ടാക്കുകയാണ്.

ശീമക്കൊന്നപ്പത്തലിന്മേല്‍ അപ്പൂപ്പന്റെ കോണകങ്ങള്‍!

“ഇവടെക്കൊണ്ടുവാടാ നശൂലങ്ങളേ !” അപ്പൂപ്പന്‍ ഒച്ചവച്ചു.


അവന്മാര്‍ കൊടി പിടിച്ചുകൊണ്ട് ഓട്ടം തുടങ്ങി.....


ഒപ്പം മുദ്രാവാക്യം വിളിയും “ ഈങ്ക് ലാ സിന്താവാ.....ഈങ്ക് ലാ സിന്താവാ.....”
പാവം അപ്പൂപ്പന്‍ പിന്നാലെ!

----ദൃശ്യം മൂന്ന് ---

എളേടത്തു മഠത്തിലെ അയ്യത്ത് രണ്ടു പടുകൂറ്റന്‍ മാവുകളുണ്ട്.

രണ്ടാള്‍ കൈകൊര്‍ത്ത് പിടിച്ചാല്‍ പിടിമുറ്റാത്തത്ര വലിപ്പമാണവയ്ക്ക്.

നിറയെ മാങ്ങപിടിച്ചിട്ടുണ്ട് ഈ വര്‍ഷവും.

മഠത്തിലെ തിരുമേനി കാണാതെ വേണം മാവിലെറിയാന്‍.

അയാളുടെ കണ്ണിലെങ്ങാനും പെട്ടാല്‍ പിന്നെ രക്ഷയില്ല.

തിരുമേനിക്ക് എട്ടു പത്തു മക്കളുണ്ട്.

ഓരോരുത്തരേയും പെരെടുത്തു വിളിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒന്നാമന്‍, രണ്ടാമന്‍ എന്നൊക്കെയാണ് മക്കളെ വിശേഷിപ്പിക്കുക.

ആരെങ്കിലും മാവിലെറിയാന്‍ വന്നാലുടന്‍ വിളി തുടങ്ങും - എടാ ഒന്നാമാ, രണ്ടാമാ.... ഓടി വരിനെടാ...!

പിന്നെ തിരുമേനിയും ‘അവൈലബിള്‍’മക്കളും കൂടി മാവിലെറിയുന്ന പിള്ളേര്‍ക്കു പിന്നാലെ ഓട്ടമാണ്.

ഒരു ദിവസം തിരുമേനിയും മൂന്നാമനും,  കണ്ണനേം കിണ്ണനേം ഓടിച്ച് പള്ളത്ത് അയ്യത്തു വരെ വന്നു.

അപ്പോ അവന്മാര്‍ ഒരു മാങ്ങയെടുത്ത് പള്ളത്തെ അപ്പച്ചീടെ പട്ടിക്കിട്ട് ഒരേറ്‌!

അത് കൊരച്ചോണ്ട് ചാടി തിരുമേനീടെ നേരെ!


എങ്ങനെ രക്ഷപെട്ടെന്ന് തിരുമേനിക്കും മൂന്നാമനും ഒരു പിടിയുമില്ല....

അതില്‍ പിന്നെ തിരുമേനി ആ വഴി വന്നിട്ടില്ല!

----ദൃശ്യം നാല് ---

ഇവന്മാര്‍ നാലാം ക്ലാസില്‍ പഠിക്കുമ്പഴാണ് ആറാം ക്ലാസ്സില്‍ പഠിക്കുന്ന അവരുടെ ‘ഡമ്പന്‍’ അണ്ണന് ചില ‘നാട്ടുഭാഷ’ പഠിപ്പിച്ചു കൊടുത്തത്! (പഠിപ്പിസ്റ്റ് ജാഡയുള്ള പയ്യനെയാണ് “ഡമ്പന്‍” എന്നു വിളീക്കുന്നത്.)

വക്കീലിന്റെ ‘അയ്യത്ത്’ പശുവിനു കൊടുക്കാന്‍ പോച്ച (പുല്ല്) പറിച്ചോണ്ടിരിക്കുമ്പഴായിരുന്നു അത്.

പോച്ച പറിക്കാന്‍ പുലുമാലുമുണ്ടായിരുന്നു അവരോടൊപ്പം.


ഇടയ്ക്ക് കിണ്ണന്‍ കിളച്ചിട്ട പൊച്ച പുലുമാല്‍ അടിച്ചു മാറ്റി.


കണ്ണന്‍ അതു കണ്ടു പിടിച്ചു.“ഞങ്ങടെ പോച്ചയാ....ഇങ്ങു താ..” അവന്‍ പറഞ്ഞു.


പുലുമാല്‍ മൈന്‍ഡ് ചെയ്തില്ല. അവരുടെ വീട്ടില്‍ രണ്ടു പശുക്കളുണ്ട്!


എന്തോ പറഞ്ഞ് കണ്ണനും പുലുമാലും തമ്മില്‍ വഴക്കായി.


കിണ്ണനും ഇടപെട്ടു.അതു കണ്ട് അല്പം ദൂരെ നിന്ന് പോച്ച പറിക്കുകയായിരുന്ന അവരുടെ അണ്ണനും ഓടിയെത്തി.


അണ്ണന്‍ കണ്ണനേം കിണ്ണനേം പിടിച്ചു മാറ്റി.

പുലുമാല്‍ ചീറിക്കൊണ്ട് എന്തോവിളിച്ചു പറഞ്ഞു.


അപ്പോള്‍ കണ്ണന്‍ തിരിച്ചു പറഞ്ഞു “ നീ പോടാ മയിലേ....!!”


അതുകേട്ട് അണ്ണന്‍ ‍ ചോദിച്ചു “ നീയെന്തിനാടാ അവനെ മയില്‍ എന്നു വിളിച്ചത് !?”

“ അയ്യോ! അണ്ണാ, മയില്‍ എന്നു വച്ചാ മുട്ടന്‍ തെറിയാ!” കിണ്ണന്‍ പറഞ്ഞു.


അണ്ണന്‍ വാ പൊളിച്ഛു. ഇങ്ങനെയൊരറിവ് അണ്ണന് ആദ്യമാ..!

----ദൃശ്യം അഞ്ച് ---

“നീ ഞങ്ങടെ അനിയനെ ഇടിക്കും അല്ലേടാ?“ കിണ്ണന്‍ മോഹനനോട് ചോദിച്ചു.

അവരുടെ അനിയന്‍, മുത്ത് എന്ന് അമ്മ വിളിക്കുന്ന പുലിക്കേശവനെ മോഹനന്‍ ഇടിച്ചു. അതാണ് സംഭവം.

“നീയെന്തു ചെയ്യുവെടാ തീട്ടക്കയ്യാ...!?” മോഹനന്‍ ചൊദിച്ചു.


ഇടത്തുകയ്യന്‍ ആയതുകൊണ്ട് നാട്ടുകാ‍ര്‍ ഇട്ട പേരാണ് തീട്ടക്കയ്യന്‍!


അതു കേട്ടാല്‍ കിണ്ണന് കലിയിളകും!


അവന്‍ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ നിന്നൊരു പെന്‍സില്‍ ഇടതു കയ്യിലെടുത്തു.

നിലത്തിട്ടുരച്ച് അറ്റം കൂര്‍പ്പിച്ചു.


എന്നിട്ട് ഒറ്റക്കേറ്റ്, മോഹനന്റെ ചന്തിക്കിട്ട്!


അത് അവന്റെ നിക്കറും മാംസവും കടന്ന് രണ്ടിഞ്ച് അകത്തേക്കു കേറി!


മോഹനന്റെ ആര്‍ത്തനാദം കേട്ട് ഒരു നിമിഷം വൈയ്റ്റ് ചെയ്ത്തിട്ട് കിണ്ണന്‍ അതു തിരിച്ചൂരി!

അസംബ്ലി തുടങ്ങിയപ്പോള്‍ തങ്കമ്മ സാറിനു മുന്നില്‍ കൈ നീട്ടി രണ്ടാളും ഹാജര്‍!

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇത്രയും പറഞ്ഞിട്ടും ഇവരെ നിങ്ങള്‍ക്കിതുവരെ പരിചയമില്ല എന്നു മനസ്സിലായി.പക്ഷേ ഇവരുടെ ‘ഡമ്പന്‍‘ അണ്ണനെ നിങ്ങള്‍ അറിഞ്ഞേക്കും. പേര് - ജയന്‍ ദാമോദരന്‍!

കിണ്ണന്‍‍ = കൃഷ്ണന്‍ (ഓര്‍മ്മയുണ്ടൊ ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടി മോഹന്‍ ലാലിന്റെ കഥാപാത്രത്തെ കിണ്ണന്‍ എന്നു വിളിക്കുന്നത്? അതെഴുതിയ മധു മുട്ടം ഞങ്ങളുടെ നാട്ടുകാരന്നാണ്)

പുക്കാര്‍ പുലുമാല്‍ ഇവരെക്കുറിച്ചറിയാത്തവർക്ക്  “പുക്കാര്‍ പുലുമാല്‍ കോട്ടുസാമി”എന്ന പോസ്റ്റ് കാണാം.