Wednesday, August 17, 2011

ആണ്ടുപിറപ്പൊന്നാന്തി...!

ഇന്നുറക്കമുണർന്നത് അമ്മൂമ്മയെ സ്വപ്നം കണ്ടാണ്. അതും വെളുപ്പിന് നാലരയ്ക്ക്!
നല്ല തെളിഞ്ഞ ഉണർച്ചയായതിനാൽ ജനൽ തുറന്നിട്ട്, പ്രഭാതത്തിന്റെ കുളിരാസ്വദിച്ച് കുറേ നേരം പുറത്തേക്കു നോക്കി നിന്നു.  എപ്പോഴോ കലണ്ടറിൽ മിഴിയുടക്കിയപ്പോഴാണോർത്തത്, ഇന്ന് ചിങ്ങം ഒന്നാണ്. മലയാളം പുതുവർഷാരംഭം. ആണ്ടു പിറപ്പ്....

അതാവുമോ അമ്മൂമ്മയെ സ്വപ്നം കാണാൻ കാരണം!?
നമ്മുടെയുള്ളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉള്ളതുപോലെ ഒരു ടെലിപ്പതിക്ക്  ക്ലോക്കും ഉണ്ടാവുമോ?

ഒരു കാലത്ത് എല്ലാ മലയാളം ഒന്നാം തീയതിയും ആരംഭിച്ചിരുന്നത് അമ്മൂമ്മയ്ക്ക് കൈനീട്ടം നൽകിയാണ്. അന്നൊക്കെ ഞാൻ സ്കൂൾ കുട്ടിയായിരുന്നു.


അക്കാലത്ത് അമ്മൂമ്മയ്ക്ക് മൂന്നു കോഴികൾ ഉണ്ടായിരുന്നു. മുട്ട വിറ്റും, ചമ്പൻ (വിളയാത്ത അടയ്ക്കാ) വിറ്റും, വല്ലപ്പോഴും ഒരു പായ നെയ്തും ഒക്കെ കിട്ടുന്ന കാശ് അമ്മൂമ്മ അരിക്കലത്തിനുള്ളിൽ പൂഴ്ത്തി വയ്ക്കും.

അന്നത്തെ എല്ലാ അമ്മായിയമ്മമാരെയും പോലെ അമ്മൂമ്മയും തന്റെ മരുമകളോട് - എന്റെ അമ്മയോട്  - പിണങ്ങുമായിരുന്നു; ചിലപ്പോൾ അച്ഛനുമായും.  പിണങ്ങിയാൽ പിന്നെ ഒറ്റ പോക്കാണ്. ഒന്നുകിൽ മുതുകുളത്തേക്ക്, അല്ലെങ്കിൽ പല്ലാരിമംഗലത്തെക്ക്. പെൺ മക്കളെ കെട്ടിച്ചു വിട്ട സ്ഥലങ്ങളാണ് രണ്ടും. മുട്ടവിറ്റതും, ചമ്പൻ വിറ്റതും ഒക്കെ മടിക്കുത്തിലുണ്ടാവും. അതൊക്കെ തീർന്നു കഴിയുമ്പോൾ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മാതിരി ആൾ തിരിച്ചെത്തും. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിൽ ചെല്ലുമ്പോളാവും ഞങ്ങൾ കൊച്ചുമക്കൾ അതു മനസ്സിലാക്കുക.

അമ്മയുമായും, അച്ഛനുമായും, ഇടയ്ക്ക് അപ്പൂപ്പനുമായും കലഹിക്കുമായിരുന്നെങ്കിലും അമ്മൂമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.

ഓരോ കൊയ്ത്തു കഴിയുമ്പോഴും അവലും, അരിയുണ്ടയും, തവിടുണ്ടയും ഉണ്ടാക്കിത്തരും..... എള്ളു വിളവെടുത്താൽ എള്ളുണ്ട....... വേനൽക്കാലത്ത്  ചീനി (മരച്ചീനി), കിഴങ്ങ്, കാച്ചിൽ പുഴുക്ക്........ മഴക്കാലത്ത് ആഞ്ഞിലിക്കുരു വറുത്തത്, മുതിരപ്പുഴുക്ക്...... എല്ലാ ദിവസവും രാത്രി വറുത്തരച്ച മീൻ കറി......

എന്തൊരു സ്വാദായിരുന്നു ഓരോന്നിനും!

ഒപ്പം പതിറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ പറയും.

അപ്പൂപ്പൻ കല്യാണം കഴിക്കാൻ വന്നതും, കുട്ടമ്പേരൂർ നിന്ന് ഏവൂരെത്തിയതും, കാടു വെട്ടിത്തെളിച്ച് പറമ്പാക്കി വീട് വച്ചതും, അതിനിടെ അപ്പൂപ്പൻ ഒരു നാഗത്താന്റെ വാൽ വെട്ടി മുറിച്ചതും, പ്രായശ്ചിത്തമായി മണ്ണാറശാലയിൽ പാമ്പിന്റെ രൂപം സ്വർണത്തിൽ തീർത്തു നടയ്ക്കു വച്ചതും, നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന പാടങ്ങളിലൂടെ, തല്യ്ക്കു മീതേ വെളുത്ത പട്ടിട്ട്, പാതിരാത്രി ഭൂതങ്ങൾ വരുന്നതും, മസൂരി വിത്തുകൾ വിതച്ചു മടങ്ങിപ്പോകുന്നത് കണ്ടതും......!

അതൊക്കെ കേട്ട് പേടിച്ച്, എന്നാൽ രസം പിടിച്ച് അമ്മുമ്മയുടെ കട്ടിലിനരികിൽ, രണ്ടു ബഞ്ചുകൾ ചേർത്തടിച്ച് , എനിക്കായി ഉണ്ടാക്കിത്തന്ന കട്ടിലിൽ തലവഴി മൂടിപ്പുതച്ചു കിടക്കും ഞാൻ.

അങ്ങനെ അമ്മൂമ്മയുടെ വിശ്വസ്തൻ ആയതിൽ പിന്നെ, എല്ലാ മലയാളമാസം ഒന്നാന്തിയ്ക്കും തലേനാൾ ഒരു 25 പൈസ നാണയം എന്നെ ഏൽ‌പ്പിക്കും.

25 പൈസ അന്നൊക്കെ വലിയ തുകയാണ്. പിറ്റേന്നു രാവിലെ കൃത്യമായി തിരിച്ചുകൊടുക്കാനുള്ളതാണ്.

ഒന്നാന്തി രാവിലെ കൈനീട്ടം.... അതിനാണ് തലേന്നു തന്നെ പൈസ ഏൽ‌പ്പിക്കുന്നത്!
ഐശ്വര്യമുള്ള കയ്യായിരുന്നിരിക്കണം എന്റേത്.

(വടക്കേലെ അപ്പച്ചിയും  തരും 25 പൈസ. അതു പക്ഷേ ആണ്ടുപിറപ്പിനു മാത്രം. “ആണ്ടുപൊറപ്പൊന്നാന്തി അല്ലിയോ മോനേ.... രാവിലെ ഒന്നാന്തി കേറാൻ വരണേ!” അപ്പച്ചി പറഞ്ഞു ശട്ടം കെട്ടും. രാവിലെ അവരുടെ വീട്ടിൽ ചെന്ന് ഞാനതു കൊടുക്കണം.)

മലയാളമാസങ്ങൾ എല്ലാം ഒന്നൊന്നായി പഠിച്ചു - ചിങ്ങം,കന്നി,തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം....

ചിങ്ങക്കൊയ്ത്ത്, കല്യാണമില്ലാത്ത കന്നി , തുലാമഴ, വൃശ്ചികവ്രതം, ധനുക്കുളിര്, മകരമഞ്ഞ്, കുംഭ ഭരണി, മീനച്ചൂട്, മേടവിഷു, ഇടവപ്പാതി, മിഥുനമഴ, കർക്കടകമഴ.....എല്ലാം അറിഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞ കാലം.....

ഒന്നാന്തി , അതും ചിങ്ങം ഒന്നാന്തി ആരും മറ്റൊരാൾക്കു പൈസ കൊടുത്ത് തുടങ്ങില്ല. ആ ആണ്ടു മുഴുവൻ കയ്യിൽ നിന്നു കാശുപോകുമത്രെ! എന്റെ കയ്യിൽ പോകാൻ കാശൊന്നും ഇല്ലാതതുകൊണ്ട് ആ പേടി തീരെ ബാധിച്ചിരുന്നില്ല.

അന്നൊക്കെ ഞാൻ വലിയ ഭക്തശിരോമണിയായിരുന്നു. വല്ല വിധേനയും കിട്ടുന്ന കാശ് അമ്പലത്തിൽ കാണിക്കയായിടും. അഞ്ചാം ക്ലാസിലെത്തിയതോടെ ഉത്സവത്തിന് കളിപ്പാട്ടങ്ങൾ വാങ്ങുന്നതു പോലും സ്വയം നിർത്തിയിരുന്നു. അമ്മൂമ്മയ്ക്കൊപ്പം സന്ധ്യക്ക് നാമം ജപിക്കുക സ്ഥിരമായിരുന്നു. ഒരു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ രാമായണം, ദേവീമാഹാത്മ്യം, നാരായണീയം ഇതൊക്കെ വായിക്കാനും കാണാപ്പാഠം ചൊല്ലാനും ശീലിച്ചു.

അങ്ങനെയാണ് വെളുപ്പാൻ കാലങ്ങളിൽ ഉണരാനും, ഒന്നാന്തി തൊഴാനും ഒക്കെ തുടങ്ങിയത്. ഒപ്പം കിട്ടിയതാണ് കൈനീട്ടം നൽകലും, ഒന്നാന്തി കേറലും.

അകലെ നിന്ന് മഞ്ഞിൻ പുറമേറി വരുന്ന ഹരിനാമകീർത്തനവും, നാരായണീയവും കേട്ട്, പിൻ നിലാവിൽ കുളിച്ചു നിൽക്കുന്ന മരത്തലപ്പുകൾ നോക്കി വെളുപ്പാൻ കാലത്ത് അമ്പലത്തിലേക്കു പോകും. ഏവൂരു പോയി, തിരികെ നടന്ന് രാമപുരത്തെത്തും!

ഒക്കെ എന്നോ കൈമോശം വന്ന ശീലങ്ങൾ...... ഇനി ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത ശീലങ്ങൾ......!

ഇന്നു രാവിലെ സ്വപ്നത്തിൽ വന്ന്  അമ്മൂമ്മ പറഞ്ഞതെന്തെന്ന് എനിക്കോർമ്മയില്ല. പക്ഷേ എന്തൊക്കെയോ ഓർമ്മിപ്പിച്ചു.

അതെ. ഇന്ന് ചിങ്ങം ഒന്നാണ്.....

ആണ്ടുപിറപ്പൊന്നാന്തി!