Saturday, February 13, 2010

ഒരു പെൻഡുലത്തിന്റെ കഥ......

നാട്ടിലേക്കു മടങ്ങുമ്പോൾ ആകെ ആകുലനായിരുന്നു ഞാൻ.


സർഗാത്മകതയുടെ കൊടുമുടിയിൽ നിന്ന് കൊടും വിഷാദത്തിന്റെ പടുകുഴിയിലേക്കും,തിരിച്ചും ആടിയുലഞ്ഞിരുന്ന നിരവധി പ്രതിഭകളുടെ മുഖങ്ങൾക്കൊപ്പം ഒരാൾ കൂടി എത്തിച്ചേർന്നു എന്ന തിരിച്ചറിവായിരിക്കും ഈ അന്വേഷണത്തിന്റെ പരിണതി എന്ന് ഒരിക്കലും സങ്കൽ‌പ്പിച്ചിരുന്നില്ല...

നൂറ്റാണ്ടുകൾക്കു മുൻപ്, ബാധിര്യത്തിന്റെ പാറക്കെട്ടുകൾ പോലും തകർത്ത് സിംഫണികൾ തീർത്തു ഒരു യുവ സംഗീതജ്ഞൻ... അന്നുവരെ ആരും കേട്ടിട്ടില്ലാത്ത അനുപമമായ രാഗധാര സൃഷ്ടിച്ചു അവൻ. പക്ഷെ 1813ൽ ഒരുനാൾ പൊടുന്നനെ അപ്രത്യക്ഷനായി, മൂന്നു നാൾ കഴിഞ്ഞു തിരിച്ചെത്തി... സിംഫണികളുടെ രാജകുമാരൻ ബീഥോവൻ...

പട്ടിണിക്കാരായ ഖനിത്തൊഴിലാളികൾക്കിടയിൽ തന്റെ അന്നവും വസ്ത്രവും പോലും അവർക്കു നൽകിക്കൊണ്ട് സഭയെ ഞെട്ടിച്ച യുവ സുവിശേഷകൻ... പിൽക്കാലത്ത് ‘സൂര്യകാന്തിപ്പൂക്കളും’, ‘ഐറിസസ്സും’, മാസ്റ്റർപീസായ ‘സ്റ്റാറി നൈറ്റ്സും’വരച്ച് ആധുനിക ചിത്രകാരന്മാർക്കിടയിൽ ഒരു പ്രഹേളികയായി മാറിയ വിൻസന്റ് വാൻഗോഗ്...

അപസർപ്പക കഥകളുടെ നിഗൂഢത പോലെ തന്നെ ഒരു നാൾ പൊടുന്നനെ അപ്രത്യക്ഷയായ അഗതാ ക്രിസ്റ്റി...1926 ഡിസംബർ മാസം എട്ടാം തീയതി ആയിരുന്നു അത്. ദിവസങ്ങളോളം ആരാധകരും പോലീസും തെരഞ്ഞിട്ടും കണ്ടു കിട്ടിയില്ല. പതിനൊന്നാം നാൾ ഒരു ഹോട്ടലിൽ ഗസ്റ്റായി താമസിച്ച അഗതയെ കണ്ടെത്തുമ്പോൾ ആ ദിനങ്ങളെ കുറിച്ച് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല അവർക്ക് ...

ഇപ്പോൾ വീണ്ടും ഒരു ഡിസംബർ 8 എല്ലാവരേയും ആകുലരാക്കുന്നു...

അന്നാണ് അപ്പു അപ്രത്യക്ഷനായത്!

2008 ഡിസംബർ എട്ട്...!


പ്രമുഖ വാർത്താ ചാനലിലെ ന്യൂസ് റീഡറും അവതാരകനുമായ ഒരാളെ കാണാതായിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു എന്ന ഒരു വാരികയിൽ വന്ന അമ്പരപ്പിക്കുന്ന ലേഖനം സൃഷ്ടിച്ച മനോവ്യഥ ഉള്ളിൽ ഒരു നീറ്റലായി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കാണാതായത് കുറച്ചു നാൾ മുൻപു വരെ സഹപ്രവർത്തകയായിരുന്ന ഒരു പെൺകുട്ടിയുടെ ഭർത്താവിനെയാണ് എന്നത് എന്റെ ആകുലത കൂട്ടി.എന്തു ചെയ്യണം എന്ന് വ്യക്തമായ ഒരു ധാരണയും കിട്ടിയില്ല. അല്ലെങ്കിലും ഒരു വ്യക്തി വിചാരിച്ചാൽ എന്തു ചെയ്യാനാവും...ചില സുഹൃത്തുക്കളോട് അന്വേഷിച്ചു. എല്ലാവരും അമ്പരന്നിരിപ്പാണ്.


അങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് ആ കുട്ടിയെ വീണ്ടും കണ്ടത്. അതും കാണാതായ ഒരാളെ വർഷങ്ങൾക്കു ശേഷം ‘ഓർക്കുട്ടി’ ലൂടെ കണ്ടെത്തി എന്നു പത്രത്തിൽ വായിച്ചതിന്റെ അടുത്ത നാൾ.

അവൾ ആശുപത്രിയിൽ ഉണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒരു സഹപ്രവർത്തകയാണ് അതു പറഞ്ഞത്. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഞങ്ങൾ കണ്ടുമുട്ടാൻ ഇടയായത്.

നീണ്ട സംഭാഷണത്തിനൊടുവിൽ തെളിഞ്ഞു വന്ന ചിത്രം തികച്ചും ഡിസ്റ്റർബിംഗ് ആയിരുന്നു...

ഉള്ളിൽ ഇരമ്പുന്ന ഒരു കടൽ മറച്ചു വച്ച് തികച്ചും ശാന്തയായാണ് അവൾ സംസാരിച്ചു തുടങ്ങിയത്.

“മംഗലാപുരത്തു നിന്ന് നാട്ടിലേക്കു വരുന്ന വഴി, കാഞ്ഞങ്ങാടു വച്ചാ അപ്പ്വേട്ടൻ അപ്രത്യക്ഷനായത്... ഒപ്പം എന്റെ അച്ഛൻ ഉണ്ടായിരുന്നു... കുറേ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആകെ പരിഭ്രമിച്ചെങ്കിലും, മുൻപും രണ്ടു മൂന്നു തവണ ഇങ്ങനെ കാണാതാവുകയും തിരിച്ചെത്തുകയും ചെയ്തിട്ടുള്ളതുകൊണ്ട് അച്ഛൻ വീട്ടിലേക്കു മടങ്ങിപ്പോന്നു.

പക്ഷേ കുറച്ചു കഴിഞ്ഞ് ആൾ എന്നെ വിളിച്ചു. ഉടനെ മടങ്ങിവരും എന്നു പറഞ്ഞു.

അതിനു ശേഷം ഡിസംബർ 14 വരെ എന്നെ വിളിക്കുമായിരുന്നു. നാളെ വരും നാളെ വരും എന്നു പറഞ്ഞ് എന്നെ പറ്റിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ഞാൻ ഫോൺ എടുക്കാതായി. അപ്പോൾ മറ്റൊരു നമ്പറിൽ നിന്നു വിളിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക്. പിന്നീട് മൂന്നു മണിക്ക്. അതിനുശേഷം....ഒരു വിവരവുമില്ല....”

അപ്പോ ഇത്തരം മുങ്ങലുകൾ മുൻപും ഉണ്ടായിരുന്നു...സ്വയം തീരുമാനിച്ചു നടപ്പാക്കുന്ന മുങ്ങലുകൾ...
അപ്പുവിനെ ഞാൻ നേരിൽ കണ്ടിട്ടില്ലാത്തതു കൊണ്ട് കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ ചോദിച്ചു.


കുട്ടിക്കാലത്തേ അപ്പു വലിയ ശുണ്ഠിക്കാരനാണ് എന്ന് മുത്തശ്ശി പറയുമായിരുന്നത്രെ. നിർബന്ധക്കാരൻ.
എന്നാൽ അനിയൻ വളരെ സാത്വികൻ, ശാന്ത ശീലൻ.

കൂത്തുപറമ്പിലാണ് ജനിച്ചതെങ്കിലും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മുതൽ എറണാകുളത്ത് മുത്തശ്ശിക്കൊപ്പമായിരുന്നു അപ്പു വളർന്നത്.

പ്രീ ഡിഗ്രി മുതൽ എം.എ. വരെ എറണാകുളം മഹാരാജാസിൽ.പിന്നീട് ജേണലിസത്തിൽ ഡിപ്ലോമ. പത്രപ്രവർത്തകനായി. 1998 ൽ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. ലേശം ഉഴപ്പ് കൈവശം ഉണ്ടെങ്കിലും പ്രതിഭയുടെ ധാരാളിത്തം കൊണ്ടു പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. എല്ലാവർക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം.


2000 ലായിരുന്നു വിവാഹം. സന്തോഷകരമായിരുന്നു ജീവിതം. രണ്ടു മക്കൾ...

പ്രത്യേക സ്വഭാവക്കാരനായിരുന്നു അപ്പു.

പത്രപ്രവർത്തനത്തിലും എഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ചെങ്കിലും കുടുംബകാര്യങ്ങളിൽ വളരെ അലസനായിരുന്നു. കിട്ടുന്ന ശമ്പളം മുഴുവൻ ചെലവഴിച്ചു തീർക്കുക... കൂട്ടുകാർക്കും പരിചയക്കാർക്കും വേണ്ടി ചെലവിടുക...

അപ്പു ഒരാളിൽ നിന്നും അങ്ങോട്ട് ഔദാര്യം സ്വീകരിക്കില്ല, എല്ലാവർക്കും സ്വന്തം പോക്കറ്റിൽ നിന്നു പണമെടുത്ത് ചെലവു ചെയ്യും.

ഒരിക്കൽ ഭാര്യയുടെ മാലകളിൽ എറ്റവും കനമുണ്ടായിരുന്ന സ്വർണമാല വിറ്റ് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്തു!


2006 ൽ പത്രം സ്വന്തം ചാനൽ തുടങ്ങിയപ്പോൾ അപ്പു അതിൽ വാർത്താ അവതാരകൻ ആയി. 2008 ൽ അവിടം വിട്ട് പുതിയൊരു വാർത്താ ചാനലിൽ ചേർന്നെങ്കിലും പഴയ സൌഹൃദങ്ങൾ ഒന്നും ഉപേക്ഷിച്ചിരുന്നില്ല.

എന്നാൽ ഭാര്യയെ വളരെ ഇഷ്ടമായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ അവൾക്കൊപ്പമിരിക്കാൻ വേണ്ടിയാണ് കോട്ടയത്തു നിന്ന് കാസർകോടേക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങിയത്.

അപ്പുവിന് എന്തെങ്കിലും അസുഖം ഉള്ളതായി ഒരിക്കലും തോന്നിയിട്ടില്ല. സ്വപ്നജീവിയാണെങ്കിലും വളരെ നോർമൽ ആയ മനുഷ്യനായാണ് എപ്പോഴും പെരുമാറിയിട്ടുള്ളത്. പ്രകടമായ മാറ്റങ്ങൾ ഉണ്ടായത് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായാണ്.

കാസർകോട്ടു വച്ചാണ് മദ്യപാന ശീലം ശ്രദ്ധയിൽ പെട്ടത്. അതു തുടങ്ങിയാൽ പിന്നെ ആൾ മാറും. ശുണ്ഠിയും ദേഷ്യവും.

കല്യാണം കഴിഞ്ഞ കാലം മുതലേ അപ്പുവിന്റെ കാൽ‌പ്പനിക സ്വഭാവവും സങ്കൽ‌പ്പങ്ങളും സീമയ്ക്കു പരിചിതമാണ്.

കുടജാദ്രി വളരെ ഇഷ്ടമാണ് - പ്രത്യേകിച്ചും അവിടുത്തെ ‘ചിത്രമൂലം’. തന്റെ മനസ്സിനെ മഥിക്കുന്ന സ്ഥലമാണവിടം എന്നു പറയും മിക്കപ്പോഴും.കുടയെടുക്കാതെ മഴനഞ്ഞ് അവിടമാകെ നടക്കാനും, മഴയുടെ വിവിധ ഭാവങ്ങൾ ഷൂട്ടുചെയ്യാനും ഉള്ള വെമ്പൽ ആണ് മനസ്സു നിറയെ..... മഴ അതിന്റെ സമസ്ത ഭാവങ്ങളും വിരിയിക്കുന്ന സ്ഥലമാണത്രെ ചിത്രമൂലം.... അവിടെ സ്വയം മറന്നു നടന്നു നീങ്ങിയ ചിലർ പിന്നീട് മടങ്ങി വന്നിട്ടില്ലത്രെ...

അതുപോലെയാണ് ഹിമാലയവും. ഒടുക്കാനാവാത്ത അഭിനിവേശം സമ്മാനിക്കുന്ന സ്ഥലം....

ധർമ്മസ്ഥല..... കാശി... എവിടെയാവും അപ്പ്വേട്ടൻ ഇപ്പോൾ....

അവൾ ആശങ്കപ്പെടുന്നു.


അപ്പുവിന്റെ യാത്രകളെ കുറിച്ചു ചോദിച്ചു.



2006 ആയിരുന്നു ആദ്യ യാത്ര.

അപ്പോഴേക്കും മദ്യപാനശീലം കൂടി. അതെതിർത്താൽ അപ്രിയപ്രകടനങ്ങൾ, ക്ഷോഭിക്കൽ, ഒടുവിൽ കുമ്പസാരിക്കൽ....

“ഞാൻ നിർത്തും! ഇനി മദ്യം കഴിക്കില്ല...!“
ഒരു ഉറപ്പുമില്ലാത്ത വാഗ്ദാനങ്ങൾ. ഒടുവിൽ ഒറ്റയ്ക്കു മദ്യപിക്കുന്ന ശീലം തുടങ്ങി.

ആ വർഷം ഒക്ടോബറിൽ ആണ് ആദ്യ യാത്ര. ഒരു ദിവസം രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയത്. നന്നായി മദ്യപിച്ചിരുന്നു. അതു പോരാ എന്നു തോന്നിയിട്ടാവും ‘തട്ടുകടയിൽ നിന്ന് എന്തെങ്കിലും വാങ്ങി വരാം‘ എന്നു പറഞ്ഞ് പുറത്തിറങ്ങി. കുറേയായിട്ടും കണ്ടില്ല. ഭക്ഷണം കഴിക്കാതെ കാത്തിരുന്നു. ഒടുവിൽ ചിറ്റപ്പൻ പുറത്തു പോയി അന്വേഷിച്ചു. ഒരു ഫലവുമുണ്ടായില്ല. സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചു. പിറ്റേന്നു പത്തു മണിയായപ്പോൾ ഫോൺ വന്നു.
“ധർമ്മസ്ഥലയിലാണ്. ഹിമാലയത്തിലേക്കുള്ള യാത്ര.”

ചാനലിലെ സുഹൃത്തുക്കൾ അപ്പോഴെക്കും മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തു. തൃശ്ശൂരിനടുത്തു നിന്ന് ആളെ കിട്ടി.

വല്ലാത്തൊരു ഡെലീറിയം സ്റ്റേറ്റിൽ ആയിരുന്നു അപ്പ്വേട്ടൻ. പക്ഷേ ആശുപത്രിയിൽ പോവാൻ കൂട്ടാക്കിയില്ല. “ഞാൻ തീരുമാനിച്ചാൽ ഇതൊക്കെ നിർത്തും. അതിനുള്ള കപ്പാസിറ്റി എനിക്കുണ്ട്” ഇതായിരുന്നു നിലപാട്.

ലേയ്ക് ഷോറിലെ ഡോ.സോമനാഥനെ കണ്ടു. പക്ഷേ അത് ഇഷ്ടമായില്ല. പിന്നെ ഡോ.സി.ഐ.ജോണിനെ കണ്ടു. മരുന്നു കൊടുത്തു. പക്ഷേ റീ വിസിറ്റിനു പോയില്ല;ചികിത്സ തുടർന്നില്ല.


2006 ഡിസംബറിൽ പെട്ടെന്നൊരുനാൾ തൃപ്പൂണിത്തുറയ്ക്കു പോയി. മൂന്നു ദിവസമായി മദ്യപാനം തുടങ്ങിയിരുന്നു. വീടിന്റെ ഡോർ അടച്ചു പുറത്തുപോയി. മെസേജുകൾ മാത്രം - അതും മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നിന്നാണെന്ന് മൊബൈൽ ടവറുകൾ ട്രാക്ക് ചെയ്തു മനസ്സിലാക്കി. ഇതിനൊക്കെ സുഹൃത്തുക്കളാണ് സഹായിച്ചത്. അവർ തന്നെ ആളെ തിരിച്ചു കൊണ്ടു വന്നു.

അപ്പുവിന് ‘ബൈപോളാർ ഡിസോർഡർ’ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ബീഥോവനെയും,വാൻ ഗോഗിനെയും, അഗതാ ക്രിസ്റ്റിയെയും മുതൽ ആധുനിക കാലഘട്ടത്തിലെ പ്രതിഭാധനരായ സിഡ് നി ഷെൽഡനെയും, ജിം കാരിയെയും, വാൻ ഡാമെയെയും പോലെ നൂറുകണക്കിനു പ്രശസ്തരെയും ലക്ഷക്കണക്കിനു സാധാരണക്കാരെയും ബാധിച്ച രോഗം.

2007 ഫെബ്രുവരിയിലായിരുന്നു മൂന്നാമത്തെ യാത്ര. ഇത്തവണ ഒരു ദിവസം മാത്രം. തനിയേ തിരിച്ചു വന്നു. അതോടെ ചികിത്സ മംഗലാപുരത്തേക്കു മാറ്റി. നാട്ടിൽ ചികിത്സ ശരിയാവില്ല എന്നായിരുന്നു അപ്പ്വേട്ടന്റെ അഭിപ്രായം.

“അവിടെ രണ്ടാഴ്ച ചികിത്സ. പിന്നെ ആറു മാസത്തേക്ക് ഒരു കുഴപ്പവും ഉണ്ടായില്ല.“ അവൾ തുടർന്നു.

“ആ വർഷത്തെ സ്കൂൾ യുവജനോത്സവം ചാനലിനു വേണ്ടി റിപ്പോർട്ട് ചെയ്തത് അപ്പ്വേട്ടനായിരുന്നു. വളരെ നന്നായി ചെയ്തു. പക്ഷേ അത് ഒരു ‘അപ്പു ഷോ’ ആയി മാറി എന്ന് വിമർശനമുയർന്നു.പ്രൈം റ്റൈം വാർത്താവതരണത്തിൽ നിന്ന് അപ്പ്വേട്ടനെ മാറ്റിയതും സ്ട്രെസ്സിനു കാരണമായി.”

“അപ്പ്വേട്ടന്റെ അമ്മ വീട്ടിൽ പോയിരുന്നു. രാത്രി മദ്യപിച്ചു വന്നു. ഞാൻ പേഴ്സ് എടുത്തു മാറ്റി വച്ചു. വഴക്കായി. ദേഷ്യപ്പെട്ട് പുറത്തേക്കു പോയി. ചിറ്റപ്പൻ പിന്നാലെ പോയി. ഒരു ഓട്ടോയിൽ ഫോളോ ചെയ്തു. ചമ്പക്കരയിൽ ഉള്ള വനിതാ സഹപ്രവർത്തകരുടെ കയ്യിൽ നിന്ന് എന്തോ അത്യാവശ്യത്തിനെന്നു പറഞ്ഞു പണം വാങ്ങി സ്ഥലം വിട്ടു. എവിടെ മറഞ്ഞു എന്നറിയാതെ ചിറ്റപ്പൻ തിരിച്ചു വന്നു.”

‘നിന്നെ കാണാനില്ലാതെ ഭാര്യ ബോധം കെട്ടു കിടക്കുന്നു‘ എന്നു പറഞ്ഞു ഫോൺ ചെയ്തപ്പോൾ ‘ചിറ്റപ്പൻ തന്നെ അവളെ ആശുപത്രിയിൽ കൊണ്ടു പൊയ്ക്കോ’ എന്നു മറുപടി. പശ്ചാത്തലത്തിൽ ട്രെയിനിന്റെ ശബ്ദം.

ആ യാത്രയിൽ തൃശ്ശൂരും വള്ളിക്കാവിലുമൊക്കെയായി കറങ്ങി നടന്നു. ഒരു തരത്തിൽ അതൊരു ഭാഗ്യം. തീർത്ഥാടനകേന്ദ്രങ്ങളിലേക്കാണ് മിക്കപ്പോഴും യാത്ര.

ഒടുവിൽ ഒരു ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ വന്നു. അമ്മായിയും ബന്ധുക്കളും ഉൾപ്പടെ വലിയൊരു ക്രൌഡുണ്ടായിരുന്നു വീട്ടിൽ. നീ ഗെയ് റ്റു വരെ വരൂ, എനിക്കു സംസാരിക്കണം എന്നു പറഞ്ഞു. അതു പറ്റില്ല നേരെ കേറി വരാൻ പറഞ്ഞു. വന്നില്ല. പകരം മതിൽ ചാടി പിന്നിലൂടെ ടെറസിൽ വന്നു. മുടി മൊത്തം മുണ്ഡനം ചെയ്തിരുന്നു, പുരികം പോലും ഷേവ് ചെയ്തു കളഞ്ഞിരുന്നു. കാവിയൊക്കെ ഉടുത്ത് തീരെ തിരിച്ചറിയാനാവാത്ത രൂപം. കയ്യിൽ ഒരു സ്റ്റാർ ഹോട്ടലിന്റെ റൂം കീ ഉണ്ടായിരുന്നു. കണ്ടു സംസാരിച്ചു. ഉടൻ മടങ്ങും എന്നു പറഞ്ഞു സ്ഥലം വിട്ടു. റൂം കീയിൽ കണ്ട ഹോട്ടൽ അനിയനും അച്ഛനും വളഞ്ഞു. പക്ഷെ അവിടുന്നും വിദഗ്ധമായി ആൾ മുങ്ങി - ഒരു കാറിൽ. തൃശ്ശൂരെത്തിയപ്പോൾ ഒരു ബൂത്തിൽ നിന്ന് എന്നെ വിളിച്ചു. അപ്പോൾ തന്നെ ബൂത്ത് നമ്പർ അച്ഛനു കൈമാറി ഞാൻ ഫോണിൽ സംസാരം തുടർന്നു. അത് ഒരു മണിക്കൂർ വരെ ബോധപൂർവം നീട്ടി.

ആ സമയം കൊണ്ട് അച്ഛനും കൂട്ടരും ബൂത്തിലെത്തി ആളെ പിടികൂടി. എലൈറ്റ് ആശുപത്രിയിൽ ആക്കി. ഭക്ഷണം കഴിക്കില്ല, മരുന്നു കഴിക്കില്ല. ഒരു രീതിയിലും ചികിത്സയുമായി സഹകരിക്കില്ല. രോഗം ഗുരുതരാവസ്ഥയിലല്ലെങ്കിലും ഇത്തരം ഒരാളെ നേരെയാക്കാൻ ബുദ്ധിമുട്ടാണ്,ഡോക്ടർ പറഞ്ഞു ‘അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കു വിടുക.”


വടക്കുന്നാഥൻ എന്ന സിനിമയിൽ മോഹൻ ലാലിന്റെ കഥാപാത്രം പോലെയാണു ഞാൻ എന്ന് ഇടയ്ക്കിടെ പറയും. അതിനു ചികിത്സ ഇല്ലെന്നും. ‘ഉള്ളടക്കം’ സിനിമയിലെ പോലെ ഒരു ഹോസ്പിറ്റൽ ആണെങ്കിൽ പോകാം എന്നു പറഞ്ഞു. അങ്ങനെ ബാംഗ്ലൂർ നിംഹാൻസിൽ പോയി. അവിടം അത്ര ഇഷ്ടമായില്ലെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ ആൾ നോർമൽ ആയി.

ഗുരുതരമായ കുഴപ്പം ഒന്നുമില്ല എന്നു നിംഹാൻസിലെ ഡോക്ടർമാർ പറഞ്ഞു.


അവിടെ നിന്ന് കുറേ നാൾ കഴിഞ്ഞ് ബാംഗ്ലൂർ ഒരു ആശ്രമത്തിൽ എത്തി. ഗുരുജിയ്ക്കും ആളെ ഇഷ്ടപ്പെട്ടു. അവിടെ സേവ ചെയ്തു ജീവിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എങ്കിലും അവർക്ക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യിക്കാനായിരുന്നു താൽപ്പര്യം.

എന്നെ വിളിച്ചു പറഞ്ഞു“വളരെ നല്ല സ്ഥലം. ഇവിടെ നിന്നു വരാൻ ഇഷ്ടം ഇല്ല. നീ കൂടി ഇങ്ങോട്ടു വാ....”

പക്ഷേ വീട്ടുകാർ എതിർത്തു. എങ്കിലും ബാംഗ്ലൂരെത്തി. ആളെ ഫോൺ ചെയ്തു. ഞാനും അവിടെത്തന്നെ തുടരണം എന്നു നിർബന്ധം.

“അപ്പ്വേട്ടനെ വിശ്വസിച്ച് ഞാനെങ്ങെനെ ഒപ്പം വരും?” എന്നു ചോദിച്ചുപോയി. അതോടെ ആൾ വീണ്ടും മുങ്ങി....

ഭർത്താവിനെ കാണാൻ പോയ ഞാൻ ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഒറ്റയ്ക്ക് തിരികെ നാട്ടിലേക്ക്....

ജീവിതം തന്നെ മടുത്ത ദിനങ്ങൾ.

ഞാൻ നാട്ടിൽ തിരിച്ചെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആൾ തിരികെ വന്നു.

ഒരിക്കലും എന്നോടും കുട്ടികളോടും സ്നേഹക്കുറവുണ്ടായിട്ടില്ല. സമ്മർദങ്ങൾ അതിജീവിക്കാൻ കഴിയാതെ വരുമ്പോൾ മദ്യം കഴിക്കും. അപ്പോൾ മുതൽ ആൾ മാറും ഇതാണവസ്ഥ..

പിന്നെ ഒരു മാസത്തോളം ജോലിക്കു പോയില്ല.

അതിനു ശേഷം ആയിരുന്നു പുതിയ വാർത്താ ചാനലിൽ ജോയിൻ ചെയ്തത്. അവിടെ ഫ്രീഡം ഉണ്ട് എന്നു പറഞ്ഞു. ആൾ ഹാപ്പിയായിരുന്നു.

‘കേരള നടനം’ പോലെയുള്ള നല്ല പ്രോഗ്രാമുകൾ, വാർത്ത വായന... എല്ലാം വീണ്ടും നേരെയായപോലെ തോന്നി.

കുറേ നാളായി മദ്യപാനം ഇല്ലാതിരിക്കുകയായിരുന്നു.

പക്ഷെ ഗോവയിൽ പോയി മദ്യം കഴിച്ചു തുടങ്ങിയതോടെ വീണ്ടും എല്ലാം തകിടം മറിഞ്ഞു.

ഗോവയിൽ നിന്ന് വിളിച്ചു. ഒരു ബിയർ കഴിച്ചോട്ടേ എന്നു ചോദിച്ചു.വേണ്ട എന്നു മറുപടി പറഞ്ഞു.

മദ്യം കഴിക്കാൻ തുടങ്ങിയാൽ പ്രശ്നമാണ്. പിന്നെ മിക്കവാറും എസ്.എം.എസ്സുകൾ മാത്രമാവും അയയ്ക്കുക. ഫോൺ വിളി ഉണ്ടാവില്ല.

അവിടെ നിന്നാണ് ഒരു റെന്റെഡ് കാറിൽ അപ്പ്വേട്ടൻ അപ്രത്യക്ഷനായത്.

മംഗലാപുരത്തുള്ള കസിൻ നാരായണേട്ടനെ വിളിച്ചപ്പോൾ മനസ്സിലായി ആർക്കോ വേണ്ടി അവിടെ ഒരു റൂം ബുക്ക് ചെയ്യാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് എന്ന്. അത് അപ്പ്വേട്ടനു വേണ്ടി തന്നെ ആയിരിക്കും എന്നുറപ്പായിരുന്നു.

ഉടൻ പോയി നോക്കിക്കോളു റൂമിൽ അപ്പ്വേട്ടൻ തന്നെയാവും ഉണ്ടാവുക എന്നു പറഞ്ഞു. അപ്പ്വേട്ടൻ എപ്പോഴും അങ്ങനെയാണ്. ഒട്ടും ക്ലേശം സഹിക്കാൻ കഴിയുന്ന ആളല്ല. എപ്പോഴും മുന്തിയ ഹോട്ടലുകളിലാണു താമസം.

നാരായണേട്ടൻ അവിടെ ചെന്നു നൊക്കിയെങ്കിലും ആരെയും കണ്ടില്ല. പക്ഷേ രൂപഭാവങ്ങൾ പറഞ്ഞു നോക്കിയപ്പോൾ അതുപോലെ ഒരാളാണ് റൂം ബുക് ചെയ്തത് എന്നു മനസ്സിലായി. നാരായണേട്ടൻ ഇതു ഫോണിൽ പറഞ്ഞതോടെ ഞാൻ പറഞ്ഞു “എങ്കിൽ അടുത്തുള്ള ബാറിൽ നോക്കിക്കോളൂ...”

ആ കണക്കു കൂട്ടൽ ശരിയായി. ആളെ കിട്ടി. അവിടെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുമുഖനായ അപ്പ്വേട്ടൻ ഒരു ഭ്രാന്തനെപ്പോലെയായിരുന്നു അപ്പോൾ.

ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. ഭാര്യയെ കാണണം എന്നു നിർബന്ധം പിടിച്ചു. വീട്ടിലേക്കു തിരിച്ചു. ആ യാത്രയ്ക്കിടയിലാണ് വീണ്ടും അപ്രത്യക്ഷനായത്.

ഫോൺ കോളുകൾ ഇല്ല എങ്കിലും മെസേജുകൾ വന്നിരുന്നു.

ഡിസംബർ 8 നു വന്ന മെസേജ് “എന്റെ അവസാനത്തെ കർമ്മ ബന്ധവും വിട്ടു...”

പക്ഷെ ഇടയ്ക്ക് “നാളെ വരാം” എന്ന മെസേജ്.

“റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ് . അടുത്തിരിക്കുന്നയാളുടെയൊപ്പം നല്ലൊരു പട്ടിക്കുട്ടി... എടുത്തു ബാഗിലിട്ടാലോ...!?“

എന്നൊക്കെ തികഞ്ഞ ലാഘവത്തോടെയുള്ള മെസേജുകൾ...


ഡിസംബർ 14 വരെ വിളിക്കുമായിരുന്നു. നാളെ വരും നാളെ വരും എന്നു പറയും.

കുടജാദ്രിയിൽ ഒന്നു പോയി വരാം....

കുടജാദ്രി എന്നും അപ്പ്വേട്ടനൊരു ഒബ് സഷൻ ആയിരുന്നു. അവിടെ പോകണം എന്നെപ്പൊഴും പറയും. ഞങ്ങൾ ഒരുമിച്ചു പോയിട്ടും ഉണ്ട്.

വലിയ സിനിമാ ഭ്രാന്തനാണ്. കുട്ടിക്കാലം മുതൽ കണ്ട സിനിമകളിലെ ഓരോ രംഗവും ഡയലോഗുകളും ഹൃദിസ്ഥം. സിനിമാനടൻ ആവണം എന്ന മോഹം ഉണ്ടായിരുന്നു.

ഇടയ്ക്കു പറഞ്ഞു “വടക്കുംനാഥനിലെ മോഹൻ ലാലിന്റെ അവസ്ഥയിലാണു ഞാൻ...ഒരു ഹിമാ‍ലയ യാത്ര കഴിഞ്ഞു വരാം”

അല്ലെങ്കിൽ നാടു വിട്ടു പോയിട്ട് ‘സാഗരം സാക്ഷി’യിൽ മമ്മൂട്ടി വന്നതുപൊലെ മോൾക്കുട്ടീടെ കല്യാണത്തിനു വന്നാലോ...!

ഇങ്ങനത്തെ വട്ടുകൾ.

ഒടുവിൽ ഞാൻ ഫോൺ എടുക്കാതായി.

അപ്പോ വേറേതോ ഫോണിൽ നിന്ന് വിളിച്ചു.

സഹനത്തിന്റെ നെല്ലിപ്പലകയും തകർന്നിരിക്കുകയായിരുന്നു ഞാൻ.

കുറെയെന്തൊക്കെയോ പറഞ്ഞു. ഞാൻ പോകും, മരിക്കും എന്നൊക്കെ. അപ്പോഴത്തെ ദേഷ്യത്തിൽ ‘അങ്ങനെയെങ്കിൽ, അങ്ങനെ ചെയ്തോ’ എന്നു ഞാനും പറഞ്ഞു. അത് ഉച്ചയ്ക്ക് 12 മണിയോടെയാണ്.

പിന്നീട് 3 മണിക്കു വീണ്ടും വിളിച്ചു. വളരെ പതിഞ്ഞ സ്വരത്തിൽ.

അതു കഴിഞ്ഞു വിളിച്ചിട്ടില്ല. ആലോചിക്കുമ്പോൾ ആധിയാണ്. പക്ഷേ ഈ വക സംഭാഷണങ്ങൾ ജീവിതത്തിൽ ആദ്യമല്ല എന്നതാണൊരാശ്വാസം.


ചികിത്സ വേണം എന്നു പറഞ്ഞാൽ സമ്മതിക്കില്ല. ഒക്കെ ശരിയാവും, ഞാൻ തീരുമാനിച്ചാൽ എല്ലാം നടപ്പാക്കും എന്ന് പറയും. ഏതെങ്കിലും ആശ്രമത്തിലോ ഹിമാലയത്തിലോ പോയി മനസ്സൊന്നു ശാന്തമായാൽ ഞാൻ തിരിച്ചെത്തും എന്നാണു പറയുക.

അപ്പ്വേട്ടൻ മിടുക്കനായ ഒരു ജേണലിസ്റ്റല്ലേ.....നാട്ടിൽ നടക്കുന്നതൊക്കെ ട്രാക്ക് ചെയ്യുന്നുണ്ടാവും..... ആ പ്രതീക്ഷയിലാണ് ഞാൻ. എങ്കിലും ഈ അനിശ്ചിതാവസ്ഥ താങ്ങാനാവുന്നില്ല....ഒരു വർഷവും രണ്ടു മാസവുമാകുന്നു, ഞാൻ എന്റെ ഭർത്താവിന്റെ ശബ്ദമെങ്കിലും കേട്ടിട്ട്....

എല്ലാ സുഹൃത്തുക്കൾക്കും നല്ലതെ പറയാനുള്ളു അപ്പ്വേട്ടനെക്കുറിച്ച്.....


കുഞ്ഞുങ്ങൾക്കു മുൻപിൽ പിടിച്ചു നിൽക്കാനുള്ള കരുത്ത് ചോർന്നു തുടങ്ങുന്നു എന്നു കണ്ടാണ് ഇതൊക്കെ പറയുന്നത്...


കുടജാദ്രിയിലോ, ചിത്രമൂലത്തിലോ, ഹിമാലയത്തിലോ... അതോ ഏതെങ്കിലും ആശ്രമത്തിലോ... അതുമല്ലെങ്കിൽ...

ചിന്തിക്കാനാവുന്നില്ല.

ഇതിനു മുൻപത്തെ യാത്രയ്ക്കു തൊട്ടു മുൻപ് അപ്പു മോന്റെ സ്കൂൾ റ്റീച്ചറെ എൽപ്പിച്ച ഒരു കത്ത് മുറുകെ പിടിച്ച് ജീവിക്കുകയാണ് സീമ...

ധൈര്യമായി ജീവിതത്തെ നേരിടണം, ഞാൻ തിരിച്ചു വരും എന്ന് ആ കത്തിൽ അപ്പു എഴുതിയിരുന്നു.


അപ്പൂ...

നീ എവിടെയെങ്കിലും ഇരുന്ന് ഇതു വായിക്കുന്നുണ്ടാവും എന്നു മോഹിക്കുകയാണ്...

സ്വയം നിയന്ത്രണമില്ലാത്ത ഒരു പെൻഡുലം പോലെ ആടുമ്പോൾ രക്ഷപെടണം എന്ന ആഗ്രഹത്തോടെ സ്വയം കണ്ടെത്തിയ വഴിയേ പോയതാണ് നീ..... അതാണിഷ്ടം എങ്കിൽ ജീവിതാവസാനം വരെ അങ്ങനെയായിക്കോട്ടെ.... പക്ഷേ എന്തിനാണിങ്ങനെ എല്ലാവരേയും തീ തീറ്റിക്കുന്നത്.... ഇന്ന് നിന്നെയോർത്ത് നൊമ്പരപ്പെടുന്നത് ആയിരക്കണക്കിനാളുകൾ ആണ്....

കുറഞ്ഞപക്ഷം നിന്റെ കുഞ്ഞുങ്ങൾക്കു മുന്നിൽ പിടിച്ചു നിൽകാനാവാതെ വിതുമ്പുന്ന നിന്റെ പ്രിയപ്പെട്ടവളെ ഓർക്കുക....
നിനക്കറിയാമല്ലോ, അവൾ എത്ര തീ തിന്നുന്നു എന്ന്...

എവിടെയെങ്കിലും ഉണ്ട് എന്ന് നിന്റെ കൈപ്പടയിൽ അവൾക്കൊരു കത്തെഴുതുക.... പിന്തുടർന്നു വന്നു പീഡിപ്പിക്കുകയില്ല, ആരും!