Thursday, June 24, 2010

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”



ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ നാട്ടിലേക്കെത്താൻ ഒരു വെമ്പലായിരുന്നു. ഗ്രാമം, ക്രിക്കറ്റ് മൈതാനം, കൂട്ടുകാർ... ഇതൊക്കെ മിസ്സ് ചെയ്യുന്നതിന്റെ വിഷമം അത്ര വലുതായിരുന്നു.

അന്നൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ....

ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍.....!!”

അമ്പരന്നു നോക്കിയപ്പോള്‍ പഴയ ഒരു സഹപാഠി. ആളിന്റെ പേര് ശശി!

ഗോഡ്ഫാദര്‍ എന്ന സിനിമ ഇറങ്ങിയ കാലമാണ്. റേഡിയോയിലൂടെ പുതിയ സിനിമകളിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി നാടുമുഴുവന്‍ കേള്‍ക്കാം.“പൂക്കാലം വന്നൂ പൂക്കാലം ... തേനുണ്ടോ നെഞ്ചിൽ തേനുണ്ടോ...” എന്ന ഗാനം അന്ന് വളരെ പോപ്പുലറായിരുന്നു. അതാണ് നമ്മുടെ ശശി ഈ രീതിയില്‍ പരുവപ്പെടുത്തിയെടുത്തത്!

ആള്‍ വളരെമാറിയിരിക്കുന്നു. ആറടിയോളം പൊക്കം. ചെമ്പിച്ച മീശ... ഊശാന്താടി...!

എന്നെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു ശശി.

ഞാന്‍ ചോദിച്ചു “എന്തുണ്ട് വിശേഷം?”

“ഓ.... എന്തോന്നു വിശേഷം... ഇഞ്ഞനെക്കെയങ്ങു പൊകുന്ന്‌...”

അധികം സംസാരിക്കാന്‍ നില്‍ക്കാതെ ശശി സിമന്റ് ഗോഡൌണിനുള്ളിലേക്കു കയറിപ്പോയി. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടിലേക്കും....
* * * * * * * * * * * * * * *

എന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊല്ലം - ആലപ്പുഴ റൂട്ടില്‍ ചേപ്പാട് എന്ന സ്ഥലത്താണ് കൊട്ടാരം പള്ളിക്കൂടം. ഗവണ്മെന്റ് എല്‍.പി.ബി. സ്കൂള്‍ എന്നാണ് ഔദ്യോഗിക നാമമെങ്കിലും ഒരു നെയിം ബോര്‍ഡ് പോലുമില്ലാത്തതു കാരണം ആ പേര് നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. ആകെ നാലു ക്ലാസ് മുറികള്‍. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍. അഞ്ച് അദ്ധ്യാപകര്‍. ക്ലാസ് ടീച്ചര്‍ മാര്‍ താഴെ പറയും പ്രകാരം.

ഒന്നാം ക്ലാസ് - അമ്മുക്കുട്ടിയമ്മ സാര്‍ (അവര്‍ തന്നെ ഹെഡ്മിസ്ട്രസ്സും).

രണ്ടാം ക്ലാസ് - ഓമനയമ്മ സാര്‍

മൂന്നാം ക്ലാസ് - കാര്‍ത്ത്യായനിയമ്മ സാര്‍

നാലാം ക്ലാസ് - സരസ്വതിയമ്മ സാര്‍

ഇവരെ കൂടാതെ സ്കൂളിലെ ഏക ആണ്‍ സാറായി വാസുദേവനാശാരി സാറും ഉണ്ടായിരുന്നു. അദ്ദേഹത്തെ ചില കുട്ടികള്‍ “ആശാരിയമ്മ സാര്‍” എന്നു വിളിച്ചിരുന്നു!

ആണായതു കൊണ്ടോ എന്തോ അദ്ദേഹത്തിന് ക്ലാസ് ടീച്ചര്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ക്ലാസ് ടീച്ചര്‍ എന്ന പദം സത്യത്തിൽ അന്നു ഞങ്ങള്‍ കേട്ടിട്ടു കൂടിയില്ല. ഒന്നാം ക്ലാസിലെ സാര്‍, രണ്ടാം ക്ലാസിലെ സാര്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അധ്യാപികമാരെ പെണ്‍ സാര്‍ എന്നും അധ്യാപകരെ ആണ്‍ സാര്‍ എന്നുമാണ് അന്നും ഈയടുത്ത കാലം വരെയും കുട്ടികള്‍ വിളിച്ചിരുന്നത്. 1975 മുതല്‍ നാലു വര്‍ഷക്കാലമായിരുന്നു ഞാന്‍ അവിടെ പഠിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ അമ്മുക്കുട്ടിയമ്മ സാര്‍ എന്ന പേര്‍ കേട്ടാല്‍ തന്നെ മൂത്രമൊഴിച്ചു പോകുന്ന കാലമായിരുന്നു അത്. പുരുഷന്മാരുടെ പോലെയുള്ള ശബ്ദവും വലിയ തടിച്ച ശരീരവും കട്ടിക്കണ്ണടയും ഒക്കെയായി ഞങ്ങളുടെ ശ്വാസഗതി പോലും നിയന്ത്രിച്ചിരുന്നു സാര്‍!

അന്നൊക്കെ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ മസൂരി (സ്മോൾ പോക്സ്)വരാതിരിക്കാനുള്ള കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. (ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല താനും!)

ഏവൂരു നിന്ന് രണ്ടു കിലോമീറ്റർ നടന്ന് പനച്ചമൂട് എന്നസ്ഥലത്തിനടുത്തുള്ള ഏതോ ആശുപത്രിയിൽ കൊണ്ടുപോയാണ് എന്നെ വാക്സിനേഷൻ എടുപ്പിച്ചത്. അച്ചുകുത്തുക എന്നായിരുന്നു അന്ന് അതിനു പറഞ്ഞിരുന്നത്. (ഇന്നൊക്കെ സ്കൂളിൽ എടുക്കുന്ന ബി.സി.ജി അല്ല ഇത്.)ഇടതു കൈത്തണ്ടയിലായിരുന്നു അച്ചു കുത്തിയത്.

ഒന്നാം ക്ലാസില്‍ ചേര്‍ന്ന ആദ്യ ദിനം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. അഡ്മിഷന് അച്ഛനാണ് സ്കൂളില്‍ കൊണ്ടുപോയതെങ്കിലും ക്ളാസ് തുടങ്ങിയത് വേറൊരു ദിവസമായിരുന്നു. വീട്ടില്‍ നിന്നും ഒരു പെട്ടിയും പിടിച്ച്, പുക്കാര്‍, പുലുമാല്‍, അമ്പിളി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു യാത്ര.

മക്കൾക്കൊപ്പം അച്ഛനമ്മമാർ സ്കൂളിൽ വരുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല.

സ്കൂളിലെത്തിയപ്പോള്‍ മുതല്‍ അമ്പിളി എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. എന്നെക്കാള്‍ ആറു മാസം മൂത്തവളാണ് അമ്പിളി. അവളോടൊപ്പം വേണം എങ്ങോട്ടും പോകാന്‍ എന്നാണ് വീട്ടില്‍ നിന്നും കല്‍പ്പന. ക്ലാസ് തുടങ്ങാറായപ്പോള്‍ അമ്പിളി എന്നെ അവളിരുന്ന ബഞ്ചില്‍ പിടിച്ചിരുത്തി!

അമ്മുക്കുട്ടിയമ്മ സാര്‍ വന്നു ഹാജര്‍ വിളിക്കാന്‍ തുടങ്ങി. ജയൻ എന്നു പേർ വിളിച്ച് ആൺകുട്ടികളുടെ ഭാഗത്തേക്കു നോക്കി. ആരും എണീക്കുന്നില്ല. കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ഉണ്ടക്കണ്ണുകൾ മുഴച്ചു വന്നു.

അമ്പിളിക്കരികിൽ എണീറ്റു നിന്ന എന്റെ മുഖത്ത് അവ തറച്ചു നിന്നു.

“ഡാ..! പെമ്പിള്ളേരുടെ കൂടാണോ ആമ്പിള്ളേരിരിക്കുന്നത്? ദാ ഇവിടെ വാ!” മുന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ശ്വാസം പോലും വിടാതെ എന്റെ പുത്തന്‍ പെട്ടിയുമെടുത്ത് ഞാന്‍ മുന്‍ ബെഞ്ചില്‍ വന്നിരുന്നു.

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.തറ-പറ ഒക്കെയുള്ള ഒരു പുസ്തകം ചിലരുടെ കയ്യിൽ കാണും. പലരുടെയും കയ്യില്‍ വെറ്റമഷി (മഷിത്തണ്ട്)യും ഉണ്ടാവും - സ്ലേയ്റ്റ് തുടയ്ക്കാൻ.

അങ്ങനെ ഞാന്‍ ഒന്നാം ക്ലാസില്‍ ചെരുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു നമ്മുടെ പൂക്കാലന്‍! ഞാന്‍ നാലാം ക്ലാസിലായപ്പോള്‍ അദ്ദേഹം നാലാം ക്ലാസില്‍ തേഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്.

മൂന്നു വര്‍ഷം തുടര്‍ച്ചയായി നാലാം ക്ലാസില്‍ പഠിക്കുന്ന ആ മഹാനുഭാവന് ‘മൂവാണ്ടന്‍’ എന്ന പേരിട്ടത് ആശാരിയമ്മ സാര്‍ ആണെന്ന് എനിക്കു പറഞ്ഞ് തന്നത് പുലുമാല്‍ ആണ്.

സ്കൂളില്‍ സാധാരണകുട്ടികളുടെ മുന്നില്‍ ഒരു ചെറുഹീറോ ആയിരുന്നു ശശി. നല്ല ഉയരം അന്നേ ഉണ്ട്. ഓട്ടം, ചാട്ടം, കബഡികളി ഇവയില്‍ കേമന്‍. ഉച്ചയ്ക്ക് ഉപ്പുമാവുണ്ടാക്കുകയും, ക്ലാസ് തീരുമ്പോള്‍ മണിയടിക്കുകയും ഒക്കെ ചെയ്തിരുന്ന ജാനകിയമ്മയുടെ പ്രധാന സഹായി എന്നീ നിലകളില്‍ വിഹരിക്കുന്നവന്‍!

വഴിയോരങ്ങളിലെ പറങ്കിമാവുകള്‍ കൊള്ളയടിച്ചു കിട്ടുന്ന പൈസയ്ക്ക് ‘ഡബ്ബര്‍ മുട്ടായി’ യും ‘കോലൈസും’ വാങ്ങി തിന്ന് ഞങ്ങളെ കൊതിപ്പിക്കുന്നവന്‍!

ചേപ്പാട് മാർത്തോമാപ്പള്ളിയുടെ ശവക്കോട്ടയിൽ രാത്രി ഒറ്റയ്ക്ക് കയറി പൂപറിച്ചവൻ!
(അതിനു പക്ഷേ, സാക്ഷികളാരുമില്ല...!)

എല്ലാ ഒക്ടോബര്‍ മാസം വരുമ്പോഴും ഒരാഴ്ച സേവനവാരം ഉണ്ടാവും സ്കൂളില്‍. അപ്പോള്‍ പരിസരം വൃത്തിയാക്കുന്നവരില്‍ മുന്‍ പന്തിയിലുണ്ടാവും ശശി. ആണ്ടിലൊരിക്കല്‍ ഹെഡ് മിസ്ട്രസിന്റെ മുറിയിലെ ഒരു മീറ്റര്‍ നീളമുള്ള സ്കെയില്‍ ഉപയോഗിച്ച് സ്കൂള്‍ കോമ്പൌണ്ടിന്റെ നീളവും വീതിയും അളക്കുന്നതും ശശി തന്നെ. പക്ഷേ ആശാരി സാര്‍ കൂടെക്കാണും. സ്കെയില്‍ വച്ചു വച്ചു പോവുകയേ ഉള്ളു ശശി. എണ്ണം ശരിയാകണമെങ്കില്‍ സാര്‍ എണ്ണിക്കോളണം!

ശശിയുടെ ഭാഷാ പ്രയോഗങ്ങൾ വളരെ പ്രശസ്തമായിരുന്നു. ആദ്യം അതെനിക്ക് ബോധ്യപ്പെട്ടത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് സ്കൂളിലെ ഏക ഗായകനാണ് തോമസ് ഈപ്പന്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥി. ശശിയുടെ സഹപാഠി. സ്കൂള്‍ വാര്‍ഷികത്തിന്റെ ദിവസം തോമസ് ഈപ്പന്‍ ഒരു പാട്ടു പാടി.

അതു തീര്‍ന്നപ്പോഴേക്കും ശശി വിളിച്ചു പറഞ്ഞു “ ഡാ ഈപ്പാ.... ആ പാട്ടപ്ലെയിനിന്റെ പാട്ടു പാടെടാ..!!”

തോമസ് ഈപ്പന്‍ യാതൊരു ആശങ്കയുമില്ലാതെ പാട്ടു തുടങ്ങി.

“വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ ഫ്ലൈ....!”

ജയച്ചന്ദ്രന്‍ പാടിയ അന്നത്തെ ഒരു ഹിറ്റ് ഗാനമാണ്!

തോമസ് ഈപ്പന്റെ ‘ഭാഷാപാണ്ഡിത്യം’ എനിക്കില്ലാഞ്ഞതുകൊണ്ട് എന്റെ വായ് പിളര്‍ന്നു തന്നെ ഇരുന്നു!

‘പാട്ടപ്ലെയിന്‍’ എന്നത് ബട്ടര്‍ ഫ്ലൈ ആയി കാതിലേക്കൊഴുകി.

പിന്നീടൊരു വെള്ളിയാഴ്ച്ച സ്കൂളിനു മുന്നിലൂടെ ഏവൂര്‍ ജയാ ടാക്കീസിലെ പുതിയ സിനിമയുടെ പരസ്യം വിളംബരം ചെയ്തു കൊണ്ട് ഒരു ഉന്തുവണ്ടിയും ചെണ്ടക്കാരനും പോകുമ്പോഴായിരുന്നു ശശിയുടെ മറുഭാഷാജ്ഞാനം എനിക്കു വെളിപ്പെട്ടത്.

കുട്ടികള്‍ക്കായി വാരി വിതറിയ സിനിമാനോട്ടീസുകളിലൊന്ന് എടുത്ത് വായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു “കം ദിസീസെ കം നഹീ....!!”

ഞങ്ങള്‍ ചെറു കുട്ടികള്‍ അമ്പരന്നു നിന്നു.

come this is a come nahi !!

“ഇന്ദി (ഹിന്ദി) സില്‍മയാ..! അരിപ്പാട്ട് (ഹരിപ്പാട്ട്) ഉത്സവത്തിനു പോയപ്പ ഞാം കണ്ടതാ!”

ശശിയുടെ വക ക്ലാരിഫിക്കേഷന്‍!

ആ സിനിമയുടെ പേരു മനസ്സിലാക്കാന്‍ ഞാന്‍ കോളേജില്‍ എത്തേണ്ടി വന്നു - ഹം കിസീ സെ കം നഹീ!

ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ കലവറയായ ആ മഹാനുഭാവൻ എന്നാണ് നാലാം ക്ലാസ് പാസായത് എന്ന് എനിക്കു വലിയ പിടിയില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ വേറെ സ്കൂളില്‍ ചേര്‍ന്നതാണ് കാരണം.
പിന്നെ എപ്പോഴോ അതിയാന്‍ പഠിത്തം നിര്‍ത്തി പല പണികള്‍ ചെയ്ത് മേജര്‍ ആവുകയാണുണ്ടായത്!

* * * * * * * * * * * * * * *

സിമന്റ് കടയുടെ ഷട്ടർ വീഴുന്ന ശബ്ദത്തിനൊപ്പം ‘പൂക്കാലന്‍ വന്നു പൂക്കാലന്‍...’ എന്ന ഗാനം വീണ്ടും എന്റെ കാതിലേക്കെത്തി. ശശി സൈക്കിള്‍ ‘സ്റ്റാര്‍ട്ട്’ ചെയ്യുന്നതിന്റെ മ്യൂസിക് ആണ്!

അവന്റെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയപ്പോഴേക്കും രണ്ടു ചാക്കു സിമന്റുമായി ‘പൂക്കാലന്‍’ പോയിക്കഴിഞ്ഞിരുന്നു!



വാല്‍ക്കഷണം: നാലു കൊല്ലം മുന്‍പ് കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ ദശദിന ക്യാമ്പ് നടത്തിയത് മുതിയലം(കോറോം) എന്ന സ്ഥലത്തായിരുന്നു. കാടുപിടിച്ചു കിടന്ന റോഡരികുകള്‍ വൃത്തിയാക്കുകയായിരുന്നു കുട്ടികളും ഞാനും.

ഒരു വീടിന്റെ വേലിയില്‍ നിറയെ പൂത്തു നിന്നിരുന്ന ഒരു ചെമ്പരത്തിയുണ്ടായിരുന്നത്, റോഡിലേക്കു വീണു കിടക്കുകയായിരുന്നെങ്കിലും ഞങ്ങള്‍ വെട്ടിക്കളഞ്ഞില്ല. അത്രയ്ക്കു ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്.

വെയിലില്‍ തളര്‍ന്ന കുട്ടികള്‍ വിശ്രമിക്കുമ്പോഴാണ് ഒരു കാഴ്ചകണ്ടത്. സ്ഥലത്തെ ഒരു ഇടത്തരം നേതാവും, ഞങ്ങളുടെ സ്വാഗതസംഘം ഭാരവാഹിയുമായ ഒരു മാന്യദേഹം കുട്ടികള്‍ നിലത്തു വച്ചിരുന്ന ഒരു ‘കത്താള്‍’ എടുത്ത് ആഞ്ഞു വീശി നടക്കുകയാണ്! സകല വേലിത്തലപ്പുകളിലും അദ്ദേഹത്തിന്റെ വക ഒരു വെട്ടിനിരത്തല്‍!

ഞാനും ഒപ്പം ഉണ്ടായിരുന്ന ഒരു സഹാധ്യാപകനും എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അയാള്‍ പൂത്തു നിറഞ്ഞു നില്‍ക്കുന്ന ആ ചെമ്പരത്തിയ്ക്കടുത്തെത്തിക്കഴിഞ്ഞു....നിഷ്കരുണം കത്താള്‍ തലങ്ങും വിലങ്ങും ചീറി...! പൂക്കമ്പുകള്‍ ഒന്നായി വെട്ടേറ്റു വീണു.... ഒടുവില്‍ അത് ശരിക്കും ഒരു കുറ്റിച്ചെടിയായി മാറി...

എന്റെ ഒരു സുഹൃത്തിന് അരിശം സഹിക്കാന്‍ വയ്യാതെ ചോദിച്ചു “ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത്!?”

ശാന്തനായി ഞാന്‍ പറഞ്ഞു “പൂക്കാലന്‍!!”

ഇവനൊക്കെയല്ലേ യഥാര്‍ത്ഥ പൂക്കാലന്‍!

പാവം ശശി !

Sunday, June 13, 2010

പീപ്പി പിടിച്ച പുലിവാൽ...!

(ജസ്റ്റു ഫോറേ ഹൊറർ പാർട്ട് 1 എന്തെന്ന് വായിക്കാഞ്ഞവർ ഇവിടെ ക്ലിക്കൂ)


പാർട്ട് 2

.
കോളേജിൽ രണ്ടു പീപ്പികൾ ഉണ്ടായിരുന്നെങ്കിലും പീപ്പി എന്നു പറഞ്ഞാൽ ഏതു പീപ്പി എന്ന് ആരും ചോദിക്കുമായിരുന്നില്ല.

അതിനുകാരണം സീനിയർ പീപ്പിയേക്കാൾ പോപ്പുലർ ജൂനിയർ പീപ്പി ആണെന്നതു തന്നെ.മിമിക്രി -മോണോ ആക്ട് താരവും, നടനും ഒക്കെക്കൂടിയാണ് അവൻ.

സുനിൽ പീപ്പി സീനിയർ, സുമേഷ് പീപ്പി ജൂനിയർ.

രണ്ടാളുടെയും ഇനിഷ്യൽ ആണ് പി.പി.

ജൂനിയർപീപ്പി എന്റെ ക്ലാസ്മേറ്റുകൂടിയായിരുന്നെങ്കിലും അവനെ ഞാൻ ആദ്യമായി കണ്ടത് കോളേജിലോ, ഹോസ്റ്റലിലോ, എന്തിന് റോഡിൽ വച്ചുപോലും ആയിരുന്നില്ല. ഒരു സിനിമാ തിയേറ്ററിൽ വച്ചായിരുന്നു!

ലേറ്റ് അഡ്മിഷൻ ആയ കാരണം അവൻ ക്ലാസിൽ വരാൻ കുറച്ചുനാൾ വൈകി. വന്നു ജോയിൻ ചെയ്ത ദിവസം കോളേജിൽ നിന്നില്ല. ഫീസടച്ച് അവന്റെ മഞ്ഞുമ്മലുള്ള അമ്മായിയുടെ വീട്ടിൽ പോയി. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കണ്ടുമില്ല.

മഹാന്മാരായ സിദ്ദിഖ്-ലാൽമാർ പണ്ടു പറഞ്ഞതനുസരിച്ച്, ‘അങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ മുതൽ ‘ഇങ്ങേയറ്റത്തെ’ ഗോപാലകൃഷ്ണൻ വരെ എല്ലാവരുടെയും പടങ്ങൾ വിടാതെ കാണുന്ന ഡെഡിക്കേറ്റഡ് ഫിലിം വാച്ചർ ആയിരുന്നു ഞാൻ.

‘ചിത്രം’ എന്ന ചിത്രം നാലാം തവണ കാണാൻ അവൻ തെരഞ്ഞെടുത്തത് എറണാകുളം ഷേണായീസ് തിയേറ്റർ ആയിരുന്നു. ഭാഗ്യവശാൽ ഞാൻ ആദ്യമായി ആ സിനിമ കണ്ടതും അവിടെത്തന്നെയായിരുന്നു. അങ്ങനെയാണ് ആ മഹാനുഭാവന്റെ പ്രഥമദർശനം എനിക്കു ലഭിച്ചത്.

ഒരു പക്കാ സിനിമാഭ്രാന്തനായിരുന്നു ജൂനിയർ പീപ്പി. പ്രീഡിഗ്രി മുതൽ അവൻ കണ്ടു തീർത്ത സിനിമകൾക്കു കയ്യും കണക്കുമില്ല.ഞങ്ങൾ ഒന്നാം വർഷം പഠിക്കുന്ന കാലത്ത് ആഴ്ചയിൽ മൂന്നുതവണ എങ്കിലും അവൻ എറണാകുളത്തു പോകും.

രാവിലെ പോയാൽ നൂൺ ഷോയിൽ തുടങ്ങി, മാറ്റിനിയിലൂടെ ഫസ്റ്റ് ഷോയിലെത്തിയ ശേഷമേ ആൾ മടങ്ങിയെത്തൂ... മലയാളത്തിനോടൊപ്പം തമിഴ് സിനിമകളും തുരു തുരാ കണ്ടു തള്ളും. കമലഹാസനെ ഇമിറ്റേറ്റ് ചെയ്തുകാണിക്കുന്നതാണ് ഇഷ്ട ഹോബി.‘ഡെയ്‌സി’എന്ന സിനിമയിലെ സംഭാഷണമാണ് മിക്കപ്പൊഴും അവതരിപ്പിക്കുക.


ക്രമേണ തമിഴ് സിനിമകൾ അവന്റെ സിരകളിൽ ഉന്മാദമായി. കണ്ട പാണ്ടിപ്പടങ്ങൾ ഒക്കെ കണ്ട് ‘സക്കറപ്പാണ്ടി’ എന്ന പേരും സമ്പാദിച്ചു ഇടക്കാലത്ത്.

പത്തു മണിക്കൂറിനുള്ളിൽ തുടർച്ചയായി മൂന്നു സിനിമകൾ കണ്ട് റെക്കോഡ് സൃഷ്ടിച്ച ദേഹം കൂടിയാണ് സുമേഷ്.
ശിറൈയിൽ പൂത്ത ശിന്നമലർ,റോട്ടിൽ എഴുതിയ കവിതൈ,തീച്ചട്ടി ഗോവിന്ദൻ എന്നീ സിനിമകളാണ് അവൻ നിഷ്കരുണം കണ്ടു തള്ളിയത്!

കാലക്രമത്തിൽ തമിഴിനേക്കാൾ മലയാള പടങ്ങൾ കാണുകയും കോളേജിലെ നമ്പർ വൺ മിമിക്രി താരമാവുകയും ചെയ്തു പീപ്പി. ഒരു പെൺകുട്ടിയൊഴിച്ച് ആ കോളേജിലെ മുഴുവൻ കുട്ടികൾക്കും പ്രിയങ്കരനായി. പക്ഷേ അവൾക്ക് അവനെ കാണുന്നതേ ചതുർത്ഥി. അവന്റെ പ്രണയാഭ്യർത്ഥന അവൾ നിഷ്കരുണം ചവിട്ടിയരയ്ക്കുകയും ചെയ്തു!

അങ്ങനെയിരിക്കെ കോളേജ് ഡേ ആഗതമായി. മിമിക്രിക്കു പുറമേ, പുതുമയുള്ള ഒരു നാടകം കൂടി അവതരിപ്പിക്കണം എന്നു പീപ്പിക്കു തോന്നി.അവൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അരങ്ങിൽ തകർത്തുവാരണം.

ഞങ്ങളൂടെ സീനിയർ വിദ്യാർത്ഥിയായ നന്ദൻ എഴുത്തിന്റെയും വരയുടെയുമൊക്കെ അസ്കിതയുള്ളയാളാണ്. ഒരു അമച്വർ നാടകപ്രേമികൂടിയാണ് ആൾ. നാടകം തെരഞ്ഞെടുക്കാൻ പീപ്പി നന്ദനെ സമീപിച്ചു.

രണ്ടാളും സ്ക്രിപ്റ്റ് തപ്പി ഒടുവിൽ എത്തിപ്പെട്ടത് എറണാകുളം ‘ലോ’കോളേജിൽ ആയിരുന്നു.നന്ദന് ആരോ പരിചയക്കാരുണ്ട് അവിടെ.പീപ്പി ആദ്യമായാണ്.

സുമേഷ് പീപ്പി ചിന്തിച്ചു.. പണ്ടു മമ്മൂട്ടിയൊക്കെ പഠിച്ചകോളേജാണ്.ഉഡായിപ്പുകളുടെ ആശാന്മാർ വാഴുന്ന സ്ഥലം... മമ്മൂട്ടി പഠിച്ചകാലത്ത് സ്ട്രീക്കിംഗ് വരെ നടത്തി എന്നാണു കേൾവി... ഇനി ഇവന്മാർ മുണ്ടു പറിച്ചിട്ട് ഓടാൻ പറയുമോ..!

പീപ്പിയ്ക്ക് ഉൾഭയം തോന്നിയതിൽ തെറ്റില്ല. ആദ്യമായി ലോ കോളേജിനു മുന്നിലൂടെ പൊയപ്പോൾ അവനുണ്ടായ അനുഭവവും അത്ര സുഖകരമായിരുന്നില്ല. റോഡരികിൽ പടർന്നുപന്തലിച്ചു നിന്ന ഒരു വാകമരത്തിനു കീഴെ തോർത്തുവിരിച്ചു യാചിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനായ ഒരു തെണ്ടിക്ക് സിമ്പതിയുടെ പേരിൽ അമ്പതു പൈസ ഇട്ടുകൊടുത്തു. അമ്പതിന്റെ തുട്ടു കണ്ടതോടെ യാചകന്റെ മട്ടും ഭാവവും മാറി!

“നാണമില്ലേടാ തെണ്ടീ, അമ്പതു പൈസ പിച്ച തരാൻ! മര്യാദയ്ക്ക് ഒരു രൂപ താടാ!”

പീപ്പി അക്ഷരാർത്ഥത്തിൽ വിറച്ചുപോയി, അവന്റെ അലർച്ച കേട്ട്!

സ്ഥലം വിട്ടാലോ എന്നു ചിന്തിച്ച് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ചുറ്റും നാലു പേർ. “ചേട്ടാ‍യീ.... അവൻ പറഞ്ഞപോലെ ചെയ്യ്.... ആളു പെശകാണേ...!”

തോർത്തിൽ ഒരു രൂപ ഇട്ടിട്ട് അൻപതു പൈസ തിരിച്ചെടുക്കാൻ നോക്കിയപ്പോൾ തെണ്ടി ആ തുട്ടെടുത്ത് പോക്കറ്റിലിട്ടു. ഒന്നര രൂപ നഷ്ടം!മാനവും പോയി! എറണാകുളം മുതൽ തൃപ്പൂണിത്തുറ വരെ യാത്രചെയ്യാൻ തൊണ്ണൂറു പൈസ മതി അക്കാലത്ത്!

പിൻ തിരിഞ്ഞു നടന്നപ്പോൾ അവന്മാരൊക്കെ കൂടി കൂവൽ! ഒരുത്തനെ പറ്റിച്ച സന്തോഷം!

അങ്ങനെയായിരുന്നു അന്നത്തെ ലോ കോളേജ് വീരന്മാർ.

അതുകൊണ്ട് ഉൾഭയത്തോടെയാണ് പീപ്പിയും നന്ദനും ലോ കോളേജ് ഹോസ്റ്റലിൽ എത്തിയത്. നന്ദന്റെ പരിചയക്കാരൻ ഹോസ്റ്റലിൽ ഇല്ല.പകരം നാടകത്തിൽ അഭിനയിക്കുന്ന ഒരു പയ്യനെ കണ്ടാൽ മതി എല്ലാം ചെയ്തു തരും എന്ന് ഫോണിൽ പറഞ്ഞിട്ടുണ്ട്.

ആദ്യം കണ്ട പയ്യനോട് നാടകക്കാരനെക്കുറിച്ച് ചോദിച്ചു. അവൻ പറഞ്ഞു “നിങ്ങൾ അന്വേഷിക്കുന്ന ആൾ ദാ ഇപ്പോ ഇവിടുന്നങ്ങ് പോയിട്ടേ ഉള്ളു... എപ്പഴും റിഹേഴ്സലും തെരക്കുമാണവന്...കുറച്ചു വെയിറ്റ് ചെയ്യൂ. ഉടൻ മടങ്ങി വരും.”

കുറേ കാത്തിട്ടും ആരും വന്നില്ല!

നന്ദനു മടുത്തു.

“ഒരു മണിക്കൂർ കൂടി നോക്കാം!” പീപ്പിയ്ക്ക് ആവേശത്തിനു തെല്ലും കുറവില്ല!

നന്ദൻ സമ്മതിച്ചു.

ഒരു മണിക്കൂർ കാത്തിരുന്നു മടുത്ത്, ഇനി പോയേക്കാം എന്നു കരുതിയപ്പോൾ ഒരാൾ പുറത്തുപോകാനാനായി പടിയിറങ്ങി വന്നു. അയാളോട് ചോദിച്ചപ്പോൾ ആൾ ഭയങ്കര ചിരി!

“നിങ്ങളെ ആരോ പറ്റിച്ചതാ... നാടകക്കാരൻ രാജേഷ് ഇവിടില്ല. അവൻ ദാ അപ്പുറത്ത് ഫ്ലവർ ഷോ നടക്കുന്നില്ലേ...അവിടുണ്ട്. ഞങ്ങൾക്ക് അവിടെ ഒരു സ്റ്റോൾ ഉണ്ട്.അവിടെ അന്വേഷിച്ചാൽ ആളെ കിട്ടും.”

അയാൾ പോയി.

ഇതികർത്തവ്യഥാമൂഢന്മാരായി നിന്നുപോയി ഇരുവരും. ഇയാൾ പറഞ്ഞതു ശരിയായിരിക്കുമോ...

“ഈ ലോ കോളേജുകാർ എന്തു ഫ്ലവർ ഷോ നടത്താൻ!?”നന്ദൻ സംശയാലുവായി.

“അതെന്താ അവർക്ക് ചെടികൾ വളർത്തി പൂക്കൾ പ്രദർശിപ്പിച്ചു കൂടേ?”പീപ്പി എതിർവാദമുന്നയിച്ചു.

കൊച്ചിൻ ഫ്ലവർ ഷോ എന്നാണു പറയുന്നതെങ്കിലും മുഴുവൻ പേർ ‘പുഷ്പഫലസസ്യപ്രദർശനം’ എന്നാണ് എന്നതും പീപ്പി ഓർമ്മിപ്പിച്ചു.

എന്തായാലും പോയി നോക്കാം എന്നു തന്നെ ഇരുവരും തീരുമാനിച്ചു.

അവർ ഫ്ലവർഷോ നടക്കുന്ന സുബാഷ് പാർക്കിലെത്തി. സംഗതി ആദ്യ ദിനമാണ്.

തുടക്കത്തിൽ തന്നെ രണ്ടാളെയും ഞെട്ടിച്ചുകൊണ്ട് ലോ കോളേജിന്റെ സ്റ്റോൾ!

(പിന്നീടല്ലേ മനസ്സിലായത്, ലോ കോളേജിന്റെ സ്റ്റോൾ ഇല്ലാതെ കൊച്ചിൻ ഫ്ലവർഷോ നടക്കാറില്ല എന്ന്! അതിന്നെ പിന്നിലെ ഗുണാപ്ലിക്കേഷൻ എന്താണാവോ!)

പക്ഷെ സ്റ്റോളിനുള്ളിൽ ഒരു ചെടിയും ഒരു പയ്യനും മാത്രം... ചെടി ഒരു ചട്ടിയിൽ വാടിക്കുഴഞ്ഞു നിൽക്കുന്നു.അതിന്മേൽ കൊഴിഞ്ഞു വീഴാറായ രണ്ടുമൂന്നു കുഞ്ഞു പൂക്കൾ.

ആ നരുന്തുപയ്യനാണോ നാടകക്കാരൻ!? നന്ദനു സംശയം.

പക്ഷേ പീപ്പി ശുഭാപ്തിവിശ്വാസിയാ‍യിരുന്നു.

പീപ്പി ആ പയ്യനോട് ചോദിച്ചു “അല്ല.... ഈ ലോ കോളേജിൽ പഠിക്കുന്ന രാജേഷ്...?”

പയ്യൻ അതെയെന്നും അല്ലെന്നും മറുപടി പറഞ്ഞില്ല.

ഫ്ലവർ ഷോ കാണാൻ ആരോ വരുന്നുണ്ട്.പീപ്പി നന്ദനെ പിടിച്ചു വലിച്ച് സ്റ്റോളിന്റെ വാതിലിനരികിൽ കയറ്റി നിർത്തി.

നോക്കിയപ്പോൾ മുന്നിൽ രണ്ടു വനിതകൾ. കണ്ടാലറിയാം, ഹൈ സൊസൈറ്റി ലേഡീസ്. അവർ ആ വാടിയ ചെടി ചൂണ്ടി എന്തോ ചോദിച്ചു.

അവർ ചോദിച്ചു “ഇതേതു പ്ലാന്റാ...?”

പയ്യൻ നിസ്സംഗനായി അവരോടു പറഞ്ഞു “ ദാ അവിടെ എഴുതി വച്ചിട്ടുണ്ട്...”

ഒന്നു നിർത്തി അവൻ ചെടിയുടെ ചുവട്ടിലേക്കു നോക്കി.

അവിടെ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു.Kochammio helpesia.

അവർ അപ്പോഴാണ് അവിടെക്കു ശ്രദ്ധിച്ചത്.

ഒരു വാടിയ വഴുതിനച്ചെടി. അതിനരികിൽ സാമാന്യം വലുപ്പമുള്ള ഒരു വഴുതിനങ്ങ.

“അതെ...കൊച്ചമ്മിയോ ഹെൽപ്പേഷ്യ..!കൊച്ചമ്മമാരെ സഹായിക്കുന്ന സാധനം...” ഒരു ശൃംഗാരച്ചിരിയോടെ അവൻ പറഞ്ഞു.

“എന്നു വച്ചാൽ....?” അതിൽ ഒരു സ്ത്രീ നിഷ്കളങ്കയായി ചോദിച്ചു.

നരുന്തൻ ഊർജസ്വലനായി. അതു വരെ ചുരുട്ടിവച്ചിരുന്ന അവന്റെ നാവ് സ്പ്രിംഗ് ആക്ഷൻ പോലെ പുറത്തു ചാടി. പിന്നെ ഒരു വിശദീകരണ പ്രവാഹമായിരുന്നു!

“ചേച്ചിയെപ്പോലുള്ളവർക്കു പറ്റിയ പണിയാ....ഒറ്റയ്ക്കിരുന്നു ബോറടിക്കുമ്പോൾ ഈ വഴുതനങ്ങ കയ്യിൽ എടുക്കുക. നന്നായി കഴുകുക.എന്നിട്ട് സാവകാശം...”

നിമിഷങ്ങൾക്കുള്ളിൽ സ്ത്രീകളിലൊരാൾ ആക്രോശത്തോടെ പയ്യന്റെ നേരേ പാഞ്ഞടുക്കുന്നതാണ് കണ്ടത്! പട പടാ അടി മുഴങ്ങി! ആകെ ബഹളം. ആളുകൂടി. കണ്ടവനൊക്കെ കൈ വച്ചു; ചിലർ കാലും!

“അയ്യോ... സാമ്പാറും, മെഴുക്കുപുരട്ടിയും, അവിയലും ഉണ്ടാക്കാൻ സഹായിക്കുന്ന വെജിറ്റബിളാണെന്നാണേ ഞാൻ പറയാനുദ്ദേശിച്ചത്..! തല്ലല്ലേ അമ്മച്ചീ....! ”

നിമിഷങ്ങൾക്കുള്ളിൽ നരുന്തൻ ചവച്ചു തുപ്പിയ മുരിങ്ങക്കോൽ പരുവത്തിലായി!

പീപ്പിക്കൊന്നും മനസ്സിലായില്ല.

“സത്യത്തിൽ എന്തിനാ അവർ അവനെ തല്ലിയത്? ” അവന്റെ ചോദ്യം!നന്ദൻ കണ്ണുരുട്ടി.

അപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ ചോദിക്കുന്നു “ഇവൻ ഒറ്റയ്ക്കായിരുന്നോ ചേച്ചിമാരേ...?”

കൊച്ചമ്മമാർ കോറസായി പറഞ്ഞു.“അല്ല.... അവന്മാർ മൂന്നു പേരുണ്ടായിരുന്നു!”

ജനത്തിന്റെ നോട്ടം തങ്ങളിലേക്കാണു നീളുന്നതെന്ന് ഒരു നിമിഷാർദ്ധത്തിൽ നന്ദനു മനസ്സിലായി.

അവൻ പീപ്പിയെ പിടിച്ചു വലിച്ചു പാഞ്ഞു.ഏതോ സ്റ്റോളുകൾക്കിടയിലൂടെ നൂണ്ട് രണ്ടാളും ബസ് സ്റ്റോപ്പിലെത്തി.

ഒന്നു കൂടി ലോ കോളേജിൽ പോകാനുള്ള ധൈര്യം ഇരുവർക്കും ഉണ്ടായില്ല!


കഥാശേഷം:

“അപ്പ നമ്മുടെ സ്ക്രിപ്റ്റ്....”പീപ്പി ദയനീയമായി നന്ദനെ നോക്കി.

നന്ദൻ പീപ്പിയെ രൂക്ഷമായി തിരിച്ചു നോക്കി.ഇവനൊപ്പം നാടകം തേടിയിറങ്ങാൻ തോന്നിയ ബുദ്ധിയോർത്ത് അവൻ പുകഞ്ഞു.പീപ്പിക്ക് പേടിയായി.

ആൾ കണ്ണൂരുകാരൻ. കടുത്ത പാർട്ടിക്കാരൻ.

കുറേ നിമിഷങ്ങൾ ചിന്തിച്ചു നിന്നിട്ട് നന്ദൻ പറഞ്ഞു “വാ... വഴിയുണ്ടാക്കാം.”

ആൾ പീപ്പിയേയും കൂട്ടിക്കൊണ്ട് നേരെ അടുത്തു കണ്ട പാർട്ടിയാപ്പീസിൽ പോയി കാര്യം പറഞ്ഞു. അവർ ലോ കോളേജ് യൂണിയൻകാരെ വിളിച്ചു. അര മണിക്കൂറിനുള്ളിൽ സ്ക്രിപ്റ്റ് കയ്യിലെത്തി!

അങ്ങനെയാണ് പിലക്കാൽത്ത് കൊടുവാളിന് ‘ജസ്റ്റ് ഫോറേ ഹൊറർ’എന്ന ചരിത്രപ്രസിദ്ധമായ ഡയലോഗ് അടിക്കാൻ അവസരമുണ്ടായത്!

അന്നു കിട്ടിയ സ്ക്രിപ്റ്റായിരുന്നു ‘തീന്മേശയിലെ ദുരന്തം’!

Sunday, June 6, 2010

ഒരു ‘ഇറക്കി’ന്റെ കഥ...!!

ജസ്റ്റു ഫോറേ ഹൊറർ - പാർട്ട് 1


ഓരോ കാലഘട്ടങ്ങളിൽ ഒരോ ‘ഇറക്കുകൾ’(നമ്പരുകൾ)നാട്ടിൽ ഹിറ്റാകാറുണ്ട്.ആരെങ്കിലും സ്വന്തം ചില നമ്പറുകൾ ഇറക്കും. അത് മറ്റാരെങ്കിലും ഏറ്റെടുക്കും. അവ പിന്നീട് നാടു മുഴുവൻ പരക്കും.

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരനായിരുന്ന മോഹനനും ഞാനും കൂടി മുക്കുംകടചന്തയിലേക്കു പോകുകയായിരുന്നു.

അപ്പോ അവൻ പറഞ്ഞു “ഇത്തവണ ഏവൂരമ്പലത്തിലെ എഴാം ഉത്സവം കലക്കും!”

“ആരുകലക്കും!?” ഞാൻ ഞെട്ടി. ഞങ്ങളുടെ കരയാണ് ഏഴാം ഉത്സവം നടത്തുന്നത്.

“എടാ മണ്ടാ.... കലക്കും എന്നു വച്ചാ തകർക്കും എന്ന്!”

“ദൈവമേ! തകർക്കും എന്നോ!?”ഞാൻ പിന്നെയും ഞെട്ടി.

“ഓ.... എടാ.... കലക്കൻ എന്നു വച്ചാ ഉഗ്രൻ എന്നാ അർത്ഥം!”

അതുവരെ, ഒരു പരിപാടി ‘കലക്കി’എന്നു പറഞ്ഞാൽ അത് അലങ്കോലപ്പെടുത്തി എന്നായിരുന്നു മറ്റു കുട്ടികളെപ്പോലെ ഞാനും ധരിച്ചിരുന്നത്.

ചന്തയിലെത്തി. മീൻ കാരുടെ കുട്ടകൾ നിരയെ നല്ല പിടയ്ക്കുന്ന മത്തി!

അതുകണ്ടപാടേ അവൻ പറഞ്ഞു “ഡാ... നോക്കടാ നല്ല കലക്കൻ മത്തി!”

“മത്തിയേം കലക്കൻ എന്നു പറയാവോ!?” ഞാൻ സംശയം കൂറി.

അവൻ എന്നെ അമർത്തിയൊന്ന് നോക്കി. ‘ക്ലാസിൽ പഠിപ്പിസ്റ്റ്;ചന്തയിൽ മണ്ടൻ!’എന്നാണോ അവന്റെ നോട്ടത്തിന്റെ അർത്ഥം എന്നു ശങ്കിച്ച് ഞാൻ പിന്നൊന്നും ചോദിച്ചില്ല.

മോഹനന് ഈ പ്രയോഗം എവിടെ നിന്നു കിട്ടി എന്നറിയില്ല. എവിടെ നിന്നായാലും, ഞങ്ങൾ പിള്ളേരുടെ ഇടയിൽ ഇതാദ്യം ഇറക്കിയത് അവൻ തന്നെ.

അതിനു ശേഷം എന്തിനും ഏതിനും ‘കലക്കൻ’ഒരു ഫാഷനായി മാറി; ചെത്ത് ഇറങ്ങും വരെ!

ചെത്ത് ആദ്യമായി ഇറക്കിയത് എറണാകുളത്തുകാരാരോ ആണ്.88 ൽ തൃപ്പൂണിത്തുറയിൽ പഠിക്കാൻ പോയ കാലത്താണ് അതാദ്യം കേട്ടത്.ചെത്തുകാർ ബൈക്കിൽ വരാൻ തുടങ്ങിയത് അതിൽ‌പ്പിന്നെയാണ്!

ഒരഞ്ചു കൊല്ലം അത് നോൺസ്റ്റോപ്പായി ഓടിയപ്പോഴേക്കും അടുത്ത ഇറക്ക് വന്നു - അടിപൊളി !

തൃശ്ശൂർ നിന്നാണ് അത് ആദ്യം കേട്ടത്. കൃത്യമായിപ്പറഞ്ഞാൽ ഒല്ലൂർ ആയുർവേദ കോളേജിൽ നിന്ന്.

അവിടത്തെ കുട്ടികൾ ഫുട്ട്ബോൾ കളിക്കുന്നതു നോക്കിയിരിക്കെ, ഒരു പയ്യൻ “ഓ... അടിപൊളി...! ഓ...അടിപൊളി...!” എന്നു വിളിച്ചു പറയുന്നതു കേട്ട് ഞാൻ കുറേ ചിരിച്ചു.ഓരോ നല്ല മൂവും ഡ്രിബിളിംഗും കാണുമ്പോൾ അവൻ ചന്തി പൊക്കിച്ചാടി വിളിച്ചു കൂവും “ഓ... അടിപൊളി...! ഓ...അടിപൊളി...!!”

1993 യിലാണ് ഇത്.

വീട്ടിൽ വന്നപ്പോൾ ഞാനിക്കാര്യം അനിയന്മാരോട് പറഞ്ഞു. അവന്മാരും കുറേ ചിരിച്ചു. അത്ര ഓക്ക്‌വേഡ് ആയിട്ടായിരുന്നു അത് ഞങ്ങൾക്കു തോന്നിയത്.

ആദ്യമാദ്യം തൃശ്ശൂർ ലോക്കൽ ആയി മാത്രം ഓടേണ്ടി വന്നെങ്കിലും വൈകാതെ‘അടിപൊളി’കേരളം കീഴടക്കി!ഇപ്പോ ഞാനും നിങ്ങളും സ്ഥനത്തും അസ്ഥാനത്തും അതുപയോഗിക്കുന്നു.

അതിനിടെ തന്നെ സമാന്തരമായി തിരുവനന്തപുരത്തു നിന്നിറങ്ങിയ നമ്പർ ആണ് ‘കിടിലം’. പ്രഭുദേവയുടെ ജന്റിൽമാൻ സിനിമയിലെ ഡാൻസ് ആണ് ‘കിടിലം’ആയി വിശേഷിക്കപ്പെട്ട് ഞാൻ ആദ്യം കേട്ടത്. പ്രഭുദേവ അക്കാലത്ത് ‘കിടിലം പയ്യൻ’എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇതിനെയൊക്കെ കവച്ചു വയ്ക്കുന്ന ഒരു ഇറക്ക് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറിയുടെ മുറ്റത്തുവച്ചാണ് അത് ആദ്യമായി കേട്ടത്.1996 ൽ.അവിടെ ഇംഗ്ലീഷ് പുസ്തകങ്ങളും മാസികകളും മാത്രമേ ഉള്ളൂ എന്നതിനാൽ വരുന്നതൊക്കെ പോഷ് ടീമുകൾ.

പുസ്തകങ്ങൾ എടുത്ത് പുറത്തിറങ്ങിയ ഞാൻ “തള്ളേ...! നീയാ...!?” എന്നൊരു വിളികേട്ട് തിരിഞ്ഞു നോക്കി. ആരാ ഈ വികൃതസ്വരം പുറപ്പെടുവിച്ചതെന്നു നോക്കാൻ തിരിഞ്ഞ ഞാൻ കണ്ണു തള്ളി.

നല്ല മോടിയിൽ വേഷം ധരിച്ച ഒരു തിരുവന്തോരം ചെല്ലക്കിളി തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടുകാരിയെ അവിടെ കണ്ടപ്പോൾ നടത്തിയ സംബോധനയാണ്!!!

എനിക്കു വല്ലാത്ത വെറുപ്പു തോന്നി ആ പ്രയോഗം കേട്ടപ്പോൾ... അതും കാഴ്ചയിൽ ശാലീനത തോന്നിയ ഒരു പെൺകുട്ടിയുടെ വായിൽ നിന്ന്.

പക്ഷേ വൈകാതെ ‘തള്ള’ ഞങ്ങളുടെ ഹോസ്റ്റലും കീഴടക്കി!പത്തുവർഷം കഴിഞ്ഞ് ‘രാജമാണിക്യ’ത്തിലൂടെ ഇപ്പോൾ കേരളം മുഴുവൻ പരക്കുകയും ചെയ്തു.ഇപ്പോ ഞാനും ‘തള്ളവിളി’നിർബാധം നടത്തുന്നു!

ഇത്രയും പറഞ്ഞത് ഇപ്പോൾ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന മറ്റൊരു പഴയ ഇറക്കിന്റെ ചരിത്രം പറയാനാണ്.


*                                                *                                                 *

തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഉണ്ടായിരുന്ന നടന്മാരിൽ പ്രധാനികളാണ് നന്ദനും സുമേഷും.ഒരു കോളേജ് ഡേയ്ക്ക് നാടകം അവതരിപ്പിക്കാൻ നല്ലൊരു ‘സ്ക്രിപ്റ്റ്’അന്വേഷിച്ച് രണ്ടാളും വലഞ്ഞു.

തപ്പിത്തപ്പി ഒടുവിൽ എത്തിപ്പെട്ടത് എറണാകുളം ‘ലോ’കോളേജിൽ ആയിരുന്നു.നന്ദന് ആരോ പരിചയക്കാരുണ്ട് അവിടെ.സുമേഷ് ആദ്യമായാണ്.

ഗുലുമാലുകളുടെ ഒരു പരമ്പര തന്നെ അതിജീവിച്ച് അവർ ഒരു സംഗതി സംഘടിപ്പിച്ചു.(അക്കഥ പിന്നീട്)

‘തീന്മേശയിലെ ദുരന്തം’ എന്ന പ്രശസ്തമായ നാടകത്തിന്റെ സ്ക്രിപ്‌റ്റാണ് കയ്യിൽ കിട്ടിയത്. ഇനി അത് ദൃശ്യവൽക്കരിക്കണം.സുമേഷും നന്ദനും കൂടി ഒരാഴ്ചത്തെ കഠിനശ്രമം കൊണ്ട് ആ നാടകം പ്രശംസനീയമാം വിധം രംഗത്തവതരിപ്പിച്ചു.സുമേഷിനു നല്ല നടനുള്ള പുരസ്കാരവും കിട്ടി.

അങ്ങനെ ഒരു വർഷം കടന്നുപോയി. നന്ദൻ പാസ് ഔട്ട് ആയി. ഇന്റർ ആയുർവേദ കോളേജ് ഫെസ്റ്റിവൽ ‘ആയുർഫെസ്റ്റ്’ വീണ്ടും വന്നു.കോഴിക്കോട്ട് വച്ചാണ് ഫെസ്റ്റിവൽ. കോട്ടക്കൽ കോളേജാണു ഹോസ്റ്റ് ചെയ്യുന്നത്.

ഇത്തവണ പല പ്രധാനനടന്മാർക്കും പരീക്ഷയാണ്. നാടകം എങ്ങനെ ഒപ്പിക്കും എന്ന ചർച്ച ഒടുവിൽ ‘തീന്മേശയിലെ ദുരന്ത’ത്തിൽ തന്നെ എത്തി.

അതാവുമ്പോൾ രണ്ടാൾ മതി!അതിൽ മുൻപഭിനയിച്ച സുമേഷ് ഇപ്പൊഴും ക്യാമ്പസിലുണ്ട്. നന്ദന്റെ റോളിലേക്ക് ജയേഷിനെ കാസ്റ്റ് ചെയ്തു.

പക്ഷേ ഒരാവശ്യം ഉയർന്നു. ആയുർഫെസ്റ്റിന് എപ്പോഴും പുറത്തു നിന്നുള്ള ഒരു സംവിധായകനെ വച്ചാണ് നാടകം ഒരുക്കുന്നത്.പ്രഗൽഭനായ ഒരു സംവിധായകൻ വരുമ്പോൾ നാടകം ഇനിയും ഗംഭീരമാകും. പ്രൈസ് ഉറപ്പ്!കോളേജ് യൂണിയനിൽ ബഹുഭൂരിപക്ഷവും ആ വാദത്തെ പിൻതാങ്ങി.

അങ്ങനെയാണ് കാഴ്ചയിൽ പഴയനടൻ കൃഷ്ണൻകുട്ടിനായർ ഉയരം വച്ചാലത്തെ ഒരു ഫിഗർ, ദിനേശ് ബീഡി ഊതി വലിച്ച് ആയുർവേദ കോളേജിന്റെ ഗെയ്റ്റ് കടന്നു വന്നത്!

സംസാരം കേട്ടാൽ ‘കത്തി’എന്നു വിളിക്കാൻ ആർക്കും തോന്നില്ല. അതുകൊണ്ട് ഞങ്ങൾ അയാളെ ‘കൊടുവാൾ’ എന്നു വിളിച്ചു. ബോഡിഷെയ്പ്പുകൊണ്ടും നാവുകൊണ്ടും സാമ്യം ആ ആയുധവുമായിട്ടായിരുന്നു.

വളരെ കഷ്ടപ്പെട്ടാണ് സംവിധായകനെ കണ്ടുപിടിച്ചത്. പല കലോത്സവങ്ങളിലും പ്രൈസടിച്ച നിരവധി നാടകങ്ങളുടെ സ്രഷ്ടാവാണത്ര ടിയാൻ.

തോപ്പിൽ ഭാസിയുടെയും കെ.ടി.മുഹമ്മദിന്റെയും മുതൽ സി.ജെ.തോമസിന്റെ വരെ നാടകങ്ങൾ അരച്ചു കലക്കിക്കുടിച്ചയാളായാതുകൊണ്ട് താൻ കട്ടൻചായകുടിക്കുന്നതിഷ്ടപ്പെടുന്നു എന്ന് ആദ്യമേ തന്നെ വ്യക്തമാക്കി ആശാൻ!

ഡയറക്ട് ചെയ്യുന്ന സമയം മുഴുവൻ ഒരു ഫ്ലാസ്കിൽ നിറച്ച് കടുപ്പത്തിൽ കട്ടൻ തയ്യാറുണ്ടാവണം. പിന്നെ രണ്ടു കെട്ട് ദിനേശ് ബീഡി...സിഗരറ്റ് അദ്ദേഹത്തിന് അലർജിയാണ്.ചോറുണ്ണുന്ന പ്രശ്നമില്ല....അങ്ങനെയങ്ങനെ കുറേ യമണ്ടൻ സ്വഭാവങ്ങൾ!

പുതിയ സംവിധായകനു മുന്നിൽ നന്ദനും സുമേഷും അവതരിപ്പിച്ച രീതിയിൽത്തന്നെ ജയേഷും സുമേഷും കൂടി നാടകം അവതരിപ്പിച്ചു.

ആൾ നാടകം കണ്ടു.ഇടയ്ക്കിടെ പുരികങ്ങൾ ചുളിഞ്ഞു, മൂക്കു വക്രിച്ചു.

നീണ്ട ഒരിടവേളയ്ക്കൊടുവിൽ സംവിധായകൻ വായ് തുറന്നു.തന്റെ ഉണക്കമുരിങ്ങക്ക പോലുള്ള വിരലുകൾ കൊടിൽ പോലെ വക്രിച്ച് പിടിച്ച് കൊടുവാൾ മൊഴിഞ്ഞു -

“നിങ്ങൾ ചെയ്യുന്നതൊന്നും പോരാ.... നമുക്കീ നാടകം ഒന്ന് ‘ഉടച്ചു വാ‍ർക്കണം’! എന്നാലേ ഒര് ഇതുണ്ടാവൂ...!”

“ഈ ‘ഇതെ’ന്നുവച്ചാൽ...?”

“സന്ദേഹിയാവരുത് സുഹൃത്തേ... വിശ്വസിക്കൂ... സംവിധായകനെ വിശ്വസിക്കൂ...!”

അതിസമ്പന്നനായ ഒരു മുതലാളിയുടെ മാളികവീട്ടിലെ കുശിനിപ്പണിക്കാരായ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ‘തീന്മേശയിലെ ദുരന്തം’. എല്ലാ ദിവസവും ഭക്ഷണത്തിൽ എന്തെങ്കിലും പുതുമ വേണം മുതലാളിക്ക്. അയാളുടെ അടിമകളായ അവർ ഭഷണസംബന്ധിയായ എന്താഗ്രഹവും വിദഗ്ധമായി നിർവഹിച്ചു കൊടുത്തിരുന്നു. ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന അവരിൽ ഒരാൾക്ക് ഒരു ദിനം മുതലാളിയുടെ ഫോൺ വരുന്നു.

“ഇന്നു രാത്രി എന്തുപുതുമയാണ് അവിടുത്തേക്കു വേണ്ടത്? പറഞ്ഞാലും...അതെന്തായാലും ഞങ്ങൾ സാധിച്ചു തന്നിരിക്കും”

“ഇന്നു രാത്രി എനിക്കു ഭക്ഷിക്കാൻ മനുഷ്യമാംസം വേണം. നിങ്ങളിലൊരാളുടെ മാംസം!അതാരെന്ന് ഇങ്ങൾക്കു തീരുമാനിക്കാം!”

മുതലാളിയുടെ ആവശ്യം കേട്ടു തരിച്ചിരുന്ന അയാളോട് കൂട്ടുകാരൻ സംഗതി അന്വേഷിച്ചു. അവൻ കാര്യം പറഞ്ഞു.ഒരിക്കലും തന്നെക്കൊണ്ട് അപരന്റെ കഴുത്തിൽ കത്തിയിറക്കാൻ കഴിയില്ല എന്നു പറഞ്ഞ് അവൻ തളർന്നിരുന്നു.

വീണ്ടുവിചാ‍രത്തിന്റേതായ പിരിമുറുകിയ നിമിഷങ്ങൾക്കൊടുവിൽ മുതലാളിയുടെ അനിഷ്ടം തങ്ങളുടെ ഉപജീവനം ഇല്ലാതാക്കും എന്ന് രണ്ടാൾക്കും മനസ്സിലായി.

ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടുകയായിരുന്ന അവരിരുവരും ഒടുവിൽ പരസ്പരം പോരടിക്കാൻ തീരുമാനിച്ചു.വിജയി അപരനെ കൊന്ന്, മാംസം രുചികരമായി പാകം ചെയ്തു വയ്ക്കുകയും ചെയ്തു!

അപ്പോൾ വീണ്ടും മുതലാളിയുടെ ഫോൺ.

വിറയാർന്ന കരങ്ങളാൽ കുശിനിക്കാരൻ ഫോൺ എടുത്തു.

മുതലാളി ചോദിക്കുന്നു “എന്തായി പാചകം?”

അയാൾക്കൊന്നും പറയാൻ കഴിയുന്നില്ല.ഒരു വിധം പറഞ്ഞൊപ്പിച്ചു... “എ..ല്ലാം തയ്യാറാണ് ഏമാനേ...”

“നീയതു ചെയ്തോ, മണ്ടൻ...! ഹ! ഹ!! ഹ!! ഞാനത് വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ!

ജസ് ഫോർ എ ജോക്ക്...! റ്റു ക്രിയേറ്റ് സം ഹൊറർ ഇൻ യു!”

അതുകേട്ട് തകർന്നുപോയ കുശിനിക്കാരന്റെ നിസ്സഹായതയുടെയും പശ്ചാത്താപത്തിന്റെയും മെലോഡ്രാമയിൽ നാടകം അവസാനിക്കുന്നു.

വളരെ ഹൃദയസ്പർശിയായി നന്ദനും സുമേഷും ചെയ്ത ഈ രംഗങ്ങൾ, പക്ഷേ പുതിയ സംവിധായക ശിങ്കത്തിനു മതിപ്പേകിയില്ല.

ഉദാഹരണമായി അവസാനരംഗത്തിൽ തന്റെ സുഹൃത്തിനെ കൊലചെയ്ത കുശിനിക്കാരൻ മുതലാളിയുടെ ഫോൺ വന്ന ശേഷം പറയുന്ന “സുഹൃത്തേ... വെറുമൊരു തമാശ...” എന്ന ഡയലോഗിന് വികാരം പോരാ...

സുഹൃത്തേ എന്ന വാക്ക് നീട്ടണം.... വെറുമൊരു എന്ന വാക്കിന്റെ ഇടയിൽ ഒരു പോസു വേണം തമാശയുടെ ഇടയിലും... അതായത്....

സുഹൃത്തേ.....ഏ ഏ ഏ......

വെറു....മൊരു

തമാ‍.........ശ എന്നു വേണം പറയാൻ!

അങ്ങനെ തോന്നിയിടത്തെല്ലാം അതിഭാവുകത്വവും സെന്റിയും നിറച്ച് പണ്ടാരമടക്കി.

പിറ്റേ ദിവസം രാത്രി പന്ത്രണ്ടുമണി വരെ റിഹേഴ്സൽ നടന്നു. സുഹൃത്തേ എന്നുള്ള ഡയലോഗ് ശരിയാക്കാൻ സുമേഷ് പത്താമതു തവണ ശ്രമിക്കുമ്പോൾ പൊത്തോന്നൊരു ശബ്ദം!

കൊടുവാൾ നിന്നനിൽ‌പ്പിൽ മലർന്നടിച്ചു വീണതാണ്!

നന്ദനും സുമേഷും കൂടി പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ചു.ഭക്ഷണം കഴിക്കാതെ കട്ടൻ ബീഡിയും കട്ടൻചായയും മാത്രം ആഹരിച്ച് നടന്ന് അൾസർ പിടിച്ചിരിക്കുന്നു!അങ്ങനെ ഒരാഴ്ച റിഹേഴ്സൽ മുടങ്ങി.

അതിനു ശേഷം ഊർജസ്വലനായി ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.

വീണ്ടും റിഹേഴ്സൽ.

“സുഹൃത്തേഏഏഏഏഏഏഏഏഏ....” വിളിച്ചു വിളിച്ച് സുമേഷിന്റെ തൊണ്ടപൊട്ടി.

നാടകത്തിൽ മുതലാളി ഒരു രംഗത്തും പ്രത്യക്ഷപ്പെടുന്നില്ല. ഫോണിലൂടെയുള്ള അയാളുടെ ശബ്ദം മാത്രമേ കാണികൾ കേൾക്കുന്നുള്ളു.അത് വളരെ ഗൌരവത്തോടെ ഗംഭീരമായി അവതരിപ്പിച്ചത് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് ജെറി ആയിരുന്നു. എന്നാൽ മത്സരത്തിന് അതു താൻ തന്നെ ചെയ്തോളാം എന്ന് സംവിധായകൻ കടുത്ത തീരുമാനമെടുത്തു.

പക്ഷേ ഒരിക്കൽ പോലും അയാൾ അത് റിഹേഴ്സൽ ചെയ്തില്ല.

ഒടുവിൽ ഡയലോഗ് പറയേണ്ട സമയം വന്നപ്പോൾ, പൊട്ടിച്ചിരിച്ചുകൊണ്ട് ‘ജസ് ഫോർ എ ജോക്ക്...! റ്റു ക്രിയേറ്റ് സം ഹൊറർ ഇൻ യു!”’ എന്ന് പരിഹാസസ്വരത്തിൽ പറയേണ്ടിടത്ത് വികാരഭരിതനായി തനി നാടൻ ശൈലിയിൽ അതിയാൻ പറഞ്ഞു

“ജസ്റ്റുഫോറേജോക്ക്....ജസ്റ്റുഫോറേഹൊറർ!!”

രണ്ടു വാചകങ്ങൾ രണ്ടു വാക്കിൽ!

നാടകത്തിലുടനീളം മുഴച്ചു നിന്ന അതിഭാവുകത്വത്തിൽ അസഹ്യരായിരുന്ന കാണികൾ ഉള്ളുതുറന്നു കൂവി!

നാടകം കഴിഞ്ഞ് സംവിധായകൻ ഓടിയെത്തി ഞങ്ങളോട് ചോദിച്ചു “എങ്ങനെയുണ്ടായിരുന്നു സംഭവം?”

കൊടുവാളിനോടുള്ള പരിഹാസം മറച്ചു വയ്ക്കാതെ ജെറി പറഞ്ഞു “ ഭയങ്കരം! തീരെ നന്നായിരിക്കുന്നു!”

“അതെന്താ അങ്ങനെ പറഞ്ഞത്?” കൊടുവാൾ ചോദിച്ചു.

ഉടൻ ജെറി പറഞ്ഞു “ ഹേയ്.....! ജസ്റ്റു ഫോറേ ഹൊറർ!”

ഈ ഡയലോഗ് ഹോസ്റ്റൽ വാസികൾ ഏറ്റെടുക്കുകയും അത് കാലാതിവർത്തിയായിത്തീരുകയും ചെയ്തു.

പിന്നീട് “എന്താ അങ്ങനെ ചെയ്തത്?” എന്നാരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി വരികയായി “ഏയ്... ജസ്റ്റു ഫോറേ ഹൊറർ!”

ക്രമേണ അതു പോളിഷ് ചെയ്ത് “ജസ്റ്റ് ഫോർ ഹൊറർ” ആയി.

വാൽനക്ഷത്രം:ഇപ്പോൾ പതിനഞ്ചു വർഷങ്ങൾക്കു ശേഷം കഴിഞ്ഞൊരു ദിവസം ടെലിവിഷൻ താരം നാദിർഷാ ഒരു ഇന്റർവ്യൂവിൽ ഒരു നടിയോട് എന്തോ ചോദിച്ചിട്ട് പറയുന്നതു കേട്ടു “ഇതു ചുമ്മാ ഒരു രസത്തിനു ചോദിച്ചതാ... ജസ്റ്റ് ഫോറേ ഹൊറർ!”
അതു കഴിഞ്ഞപ്പോ നമ്മുടെ ചിതൽ പട്ടാളം രഘുനാ‍ഥന്റെ ബ്ലോഗിൽ ഒരു കമന്റിൽ പറഞ്ഞിരിക്കുന്നു ‘ജസ്റ്റ് ഫോർ ഹൊറർ’.
ഇതു ഞാൻ ബ്ലോഗിയതറിഞ്ഞ് ആ പ്രയോഗത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് ‘കൊടുവാൾ’പ്രത്യക്ഷപ്പെടുമോ ആവോ!?

(‘തീന്മേശയിലെ ദുരന്ത’ത്തിന്റെസ്ക്രിപ്റ്റ് വാങ്ങാൻ പോയത് മറ്റൊരു കഥയാണ്. അത് അടുത്ത പോസ്റ്റിൽ)