Sunday, December 14, 2008

സെമിത്തേരിക്കഥകള്‍

.
മനുഷ്യന്‍ പണ്ടും, ഇന്നും, എന്നും ഭയം കലര്‍ന്ന വികാരത്തോടെ കാണുന്ന സ്ഥലമാണ് സെമിത്തേരി. നിരവധി കഥകള്‍ സെമിത്തേരിയുമായി ബന്ധപ്പെട്ട് നാമൊക്കെ കേട്ടിട്ടുമുണ്ട്. അത്തരത്തിലുള്ള ചില കഥകള്‍ ദാ ഇവിടെ...

1.തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥിയായിരുന്ന കാലം.(1990) നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് ഞങ്ങളുടെ കോളേജും ഹോസ്റ്റലും. നഗരത്തില്‍ നിന്ന് ഹോസ്റ്റലില്‍ എത്താന്‍ ഒരു കുറുക്കു വഴി ഉണ്ട്. ആകെ ഉള്ള ഒരു പ്രശ്നം ആ വഴിയില്‍ ഒരു സെമിത്തേരി ഉണ്ട് എന്നുള്ളതാണ്.

എറണാകുളം നഗരത്തില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുമ്പോള്‍ ചിലപ്പോള്‍ ഏറെ നേരം തൃപ്പൂണിത്റ്റുറയില്‍ നിന്ന് പൂത്തോട്ടയിലേക്കൊ, വൈക്കത്തേക്കോ ഒക്കെയുള്‍ല ബസ്സുകള്‍ വരില്ല. അപ്പോള്‍ ഞങ്ങള്‍ കുറുക്കു വഴിയിലൂടെ നടന്നു വരും.

അങ്ങനെ ഒരു ദിവസം ഞങ്ങളുടെ സഹപാഠിയായ ജെറോം(പേര് സാങ്കല്പികം) കുറുക്കു വഴി തെരെഞ്ഞെടുത്തു. സമയം ആറു മണി കഴിഞ്ഞിട്ടേ ഉള്ളൂ. റോഡിലൂടെ നടന്ന് സെമിത്തേരിയ്ക്കു കുറുകെ കൂടി നടന്നു വരികയായിരുന്നു.

വെളിച്ചം വളരെ കുറവായിരുന്നെങ്കിലും ഇരുട്ടായിട്ടുണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ എത്താനുള്ള തെരക്കിലായിരുന്നെങ്കിലും, ഈ മങ്ങിയ വെളിച്ചത്തിലും ഇരുന്ന് പണി ചെയ്യുന്ന ഒരു കല്‍പ്പണിക്കാരനെ ജെറോം ശ്രദ്ധിച്ചു.

അറുപതു വയസ്സെങ്കിലും ഉണ്ട് അയാള്‍ക്ക്. ഉളി വച്ച് ഒരു കല്ലറയില്‍ പേരു കൊത്തുകയാണയാള്‍.l
മഞ്ഞു വീഴ്ച കാരണമാവും അയാള്‍ തലയില്‍ ഒരു തോര്‍ത്തു ചുറ്റിയിരുന്നു....

അയാളുടെ അടുത്തെത്തിയപ്പോള്‍ ജെറോം വെറുതെ ചോദിച്ചു“എന്താ ചേട്ടാ, ഈ ഇരുട്ടു വീഴുന്ന സമയത്താണോ പെരു കൊത്തുന്നെ?”

അയാള്‍ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നു പണി തുടര്‍ന്നു.

ജെറോം വീണ്ടു ചോദിച്ചു “ചേട്ടോയ്..! ആ കൊത്തുന്ന പേരൊക്കെ തെറ്റിപ്പോവില്ലേ? എന്ന പണിയാ ഈ ചെയ്യുന്നെ?”.

കല്‍പ്പണിക്കാരന്‍ മുഖം തിരിച്ചു പറഞ്ഞ് “കൊച്ചനേ..! നീയിങ്ങു വന്നൊന്നു നോക്കിയേ.. എന്താ ഈ എഴുതി വച്ചേക്കുന്നേന്ന്..!”

വല്ലാത്ത ശബ്ദം, അയാളുടെ. സിനിമാ നടന്‍ തിലകന്റെ പൊലെ കര കറ...!
ജെറോം അടുത്തു ചെന്നു.

പാറപ്പുറത്തു ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ വീണ്ടും പറഞ്ഞു “ നീ പറഞ്ഞതുശരിയാ.... ഇരുട്ടത്തു കൊത്തിയാ ചെലപ്പം പെരു തെറ്റും.പക്ഷേ എന്തു ചെയ്യാനാ... ദാ നോക്ക്..! അവന്മാര്‍ എന്റെ പേരു തെറ്റിച്ചാ ഈ കല്ലറേല്‍ എഴുതി വച്ചേക്കുന്നെ...!!''.

ജെറോം ഠിം!!!

ബസ് കിട്ടാതെ വന്ന മറ്റു ചില ഹോസ്റ്റല്‍വാസികളാണ് അതിയാനെ താങ്ങിയെടുത്തു ഹോസ്റ്റലില്‍ എത്തിച്ചത്!

ഒരാഴ്ച്ചയെടുത്തു പിന്നെ കോളേജില്‍ വരാന്‍!!

(എന്തോ കണ്ടു പെടിച്ചു എന്നു മാത്രമേ അന്നു ഞങ്ങള്‍ക്കു മനസ്സിലായുള്ളൂ.യഥാര്‍ത്ഥ സംഭവം ജെറോം വെളിപ്പെടുത്തിയത് ഞങ്ങളുടെ ഹൌസ് സര്‍ജന്‍സി കാലത്താണ്!)

*********************************************************************************

2. ഫൈനല്‍ ഇയര്‍ BAMS പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഞാന്‍ തോറ്റുപോകുമെന്ന്! അത്ര ഭീകരമായിരുന്നു വൈവ പരീക്ഷകള്‍. ഞങ്ങള്‍ക്ക് എല്ലാ പേപ്പറിനും തിയറി, വൈവ, പ്രാക്ടിക്കല്‍ ഇങ്ങനെ മൂന്നു കടമ്പകള്‍ കടക്കണം, പാസ്സാകാന്‍. പത്തു പേപ്പറുകളാണ് ഫൈനല്‍ ഇയറില്‍. അതില്‍ ഒരെണ്ണത്തിന്റെ വൈവ അതിഭീകരമായിരുന്നു. നാല് എക്സാമിനര്‍മാരുടെ ഒരു സംഘമാണ് വൈവ നടത്തുന്നത്. പൂച്ച എലിക്കുഞ്ഞിനെ തട്ടിക്കളിക്കുന്നപോലെ അവര്‍ എന്നെ കുടഞ്ഞ് ശരിപ്പെടുത്തി !

തോറ്റുപോകുമെന്നുറപ്പായതോടെ ഞാന്‍ ഇടുക്കിയിലുള്ള (ഉപ്പുതറ)ഒരു സുഹൃത്തിന്റെ ക്ലിനിക്കിലേക്കു വണ്ടി കയറി. തോറ്റിട്ട് വീട്ടിലേക്ക് ചെല്ലാന്‍ എന്തായാലും പറ്റില്ല! “ജോലി(പണി) കിട്ടിയ”കാര്യം വീട്ടിലറിയിച്ചു. അമ്മ സമ്മതിച്ചു. അങ്ങനെ മൂന്നു മാസം ഉപ്പുതറയില്‍ പ്രാക്ടീസ്. റിസല്‍റ്റിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചതേ ഇല്ല. ഒരു ദിവസം എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ പാസായ വിവരം അറിഞ്ഞത്! (വൈവയ്ക്ക് അത്ര ഭയപ്പെട്ടു പോയിരുന്നു!)സുഹൃത്ത്  ചോദിച്ചു “എന്താ ജയാ ഇനിയും വരാത്തത്? ജയിച്ച എല്ലാരും നാളെ തിരുവനതപുരത്തു പോകുകയാണ്. മെഡിക്കല്‍ റെജിസ്റ്റ്ട്രേഷന്. ” റിസല്‍റ്റ് വന്നിട്ട് നാലു ദിവസമായിരിക്കുന്നു! ഞാന്‍ അറിഞ്ഞില്ല.

ഇനി എന്തു വഴി? സന്ധ്യയായി കഴിഞ്ഞു. ഏഴു മണി കഴിഞ്ഞാല്‍ പിന്നെ ഉപ്പുതറയ്ക്ക് ബാഹ്യലോകവുമായി ബന്ധമില്ല. ഏഴിനാണ് ലാസ്റ്റ് ബസ്, മുണ്ടക്കയത്തേക്ക്.ധൃതിയില്‍ പാക്ക് ചെയ്തു. യാത്ര തിരിച്ചു. കോട്ടയത്തെത്തിയപ്പോഴേക്കും ഒന്‍പതര.

ഇനി പന്ത്രണ്ടരയ്ക്കേ തൃപ്പൂണിത്തുറ വഴി വണ്ടിയുള്ളൂ! തൃപ്പൂണിത്തുറ എത്തിയപ്പോള്‍ സമയം വെളുപ്പിനു രണ്ടര!ഹൊസ്റ്റല്‍ വഴി ഇനി ഒരു വണ്ടിയുമില്ല. ഹൈ വേ വഴി നടക്കാം എന്നു വിചാരിച്ചാല്‍ മിക്കവാറും പോലീസ് പിടികൂടും! കള്ളന്മാരുടെ ശല്യം കൂടിയ കാരണം പോലീസ് റോന്തു ചുറ്റല്‍ സ്ഥിരമാണ്.ആയിടയ്ക്കാണ് എന്റെ രണ്ടു സുഹൃത്തുക്കള്‍ക്ക് മുതുകില്‍ അടി കിട്ടിയത്!

അങ്ങനെ നമ്മുടെ സെമിത്തേരി റൂട്ട് ഞാനും സെലക്റ്റ് ചെയ്തു.നടന്നു നടന്ന് സെമിത്തേരി എത്തി. ഭൂത പ്രേതങ്ങള്‍ ഒന്നുമില്ല എന്ന് കുട്ടിക്കാലം മുതലെ കേട്ടു ശീലിച്ചതുകോണ്ട് പെടി ഒന്നും തോന്നിയില്ല.

സെമിത്തേരിയില്‍ നല്ല നിശ്ശബ്ദത. കുറുക്കന്‍ ഓരിയിടുന്നതോ, ഹുംകാര ശബ്ദമോ ഒന്നുമില്ല. എന്തൊരു സ്വച്ഛത! ഒരു മിനിറ്റ് അവിടെ നിന്നു. മൂത്രമൊഴിക്കണം എന്നു തോന്നി. (കോട്ടയം വിട്ടിട്ട് അതു ചെയ്തിട്ടില്ല). അതു സാധിച്ചു. ചുറ്റും നോക്കി. എല്ലാം സ്വച്ഛ ശാന്തം!

മെല്ലെ നടന്നു. തൊട്ടടുത്തവീട്ടില്‍ മുന്‍ വശത്തെ ലൈറ്റിട്ടിട്ടുണ്ട്. നല്ല വെളിച്ചം. ആ മുറ്റത്തേക്കു നോക്കിയപ്പോള്‍ ഒരു കാഴ്ച!ഒരു പടുകൂറ്റന്‍ പന്നിയെലി! വലിയ പൂച്ചയേക്കാള്‍ വലുപ്പം! എനിക്കു കൌതുകം തോന്നി. ഇവനെയൊന്നു വിരട്ടിയാലോ?മുന്നോട്ടു ചെന്ന് ഷൂസിട്ട് നിലത്ത് ആഞ്ഞു രണ്ടു ചവിട്ട്!

ഹൂ..... എന്നക്രോശിച്ചുകൊണ്ട് ആ പന്നിയെലി എന്റെ നേരെയൊരുചാട്ടം! ഹോ!! അമ്പരന്നു പോയി!എലി എന്റെ ബാഗില്‍ തട്ടി നിലതു വീണ് , വീണ്ടും എണീറ്റ് ഒരു കുറ്റിക്കാട്ടിലേക്കു പാഞ്ഞു പോയി!

സെമിത്തേരിക്കു മുന്നില്‍ കൂളായി നിന്ന് പാട്ടു പാടി മൂത്രമൊഴിച്ച എന്റെ ധൈര്യം മെല്ലെ ചോരാന്‍ തുടങ്ങി.എവിടെ നിന്നൊ ഭയത്തിന്റെ തരികള്‍ തലയ്ക്കുള്ളിലും നെഞ്ചിനുള്ളിലും.....എന്റെ ചങ്കിടിപ്പ് എനിക്കു കേള്‍ക്കാം!

പെട്ടെന്നു കറന്റ് പോയി. ഇരുട്ടാണെങ്കില്‍ കട്ടപിടിച്ചു നില്‍ക്കുന്ന പോലെ!
എന്തു ചെയ്യും. മുന്നോട്ടു പോകുക തന്നെ... ഉള്ളിലിരുന്നാരോ മന്ത്രിച്ചു.
കുറച്ചു ദൂരം നടന്നപ്പോള്‍ മങ്ങിയ ചന്ദ്രിക പ്രത്യക്ഷപ്പെട്ടു!
ഹാവൂ ... !!! എന്തൊരാശ്വാസം!

അങ്ങനെ കൂറച്ചു ദൂരം നടന്നതോടെ “പന്നിയെലിയെ” ഞാന്‍ മറന്നു.
ഒരു വളവു കൂടി കഴിഞ്ഞാല്‍ ഹോസ്റ്റലായി എന്നു ചിന്തിച്ച് കഴിയുകയും, എന്റെ തല്യ്ക്കു മീതെ നിന്ന് 5000 വാട്സ് ഡോള്‍ബി സ്റ്റീരിയോ ഇഫക്റ്റില്‍ ഒരു അല്‍സെഷ്യന്‍ നായ കുരച്ചതും ഒരുമിച്ചായിരുന്നു!
നിന്ന നില്‍പ്പില്‍ മരവിച്ചു പോയി!!

പെരു വിരല്‍ മുതല്‍ മരവിച്ച്, പെരുമ്പറകൊട്ടുന്ന ഹൃദയവുമായി, നടുറോഡില്‍ ഞാന്‍!
ചിന്തകള്‍ മരവിച്ചു ഞാന്‍ നില്‍ക്കുമ്പോള്‍ അടുത്ത കുര!!

അതെ തല്യ്ക്കു മുകളില്‍ നിന്നു തന്നെ. പക്ഷെ കുറച്ചുകൂടി വ്യക്തമായി ഇത്തവന മനസ്സിലായി!
എന്റെ വലതു ചെവിക്കു മുകളിലായി!!

അനങ്ങുക പോലും ചെയ്യാതെ ഞാന്‍ നിന്നു.....കുരയടങ്ങി.

തല തിരിച്ചൊന്നു നോക്കാന്‍ കൂടി ഭയം!എത്ര നിമിഷങ്ങള്‍ അങ്ങനെ നിന്നെന്നറിയില്ല.
എന്തും വരട്ടേയെന്നു ചിന്തിച്ച് തലതിരിച്ചു ചുറ്റും നോക്കി..

ഇല്ല.... ആരുമില്ല. മങ്ങിയ നിലാവു മാത്രം!
അപ്പോള്‍ വീണ്ടും വലതു ചെവിക്കു മുകളില്‍ മുരള്‍ച്ച!

എന്തായാലും നോക്കിയിട്ടു തന്നെ കാര്യം.വലതു വശത്തൊന്നുമില്ല!
മുകളിലേക്കു നോക്കി! എന്റമ്മോ!!

ക്രൌര്യം മുഖ ലക്ഷണമാക്കിയ ഒരു അല്‍ സേഷ്യന്‍ നായ!

തല കുലുക്കി വീണ്ടും നോക്കി! കര്‍ത്താവേ!

അവനെ വീടിന്റെ സണ്‍ ഷെയ്ഡില്‍ കെട്ടിയിട്ടിരിക്കുകയാണ്!

കള്ളന്മാരെ പേടിപ്പിക്കാന്‍!എന്തൊരു കൊലച്ചതി!

ഹൃദയം നിലച്ചു ഞാന്‍ അല്പനിമിഷങ്ങള്‍ക്കു മുന്‍പേ മരിച്ചു പോയേനേ!

അതില്‍ പിന്നെ, പ്രേതത്തെയൊന്നും കണ്ടില്ലെങ്കിലും സെമിത്തേരി വഴി ഞാന്‍ പോയിട്ടില്ല!!