Monday, October 31, 2011

ചെപ്പിന്നുള്ളിലെ മുത്ത് ......

                                                              -1-

“ഇത്രേം മണമുണ്ടെങ്കിലും, കൈതപ്പൂ ഒരമ്പലത്തിലും പൂജയ്ക്കെടുക്കില്ല. പണ്ട് ശിവൻ ശപിച്ചതാ കാരണം.

വിഷ്ണുവും ബ്രഹ്മാവും കൂടി ഒരു തർക്കണ്ടായത്രെ. ആരാ വലുതെന്നന്നെ! അല്ലേലും വല്യോർ തമ്മിലാണല്ലോ മൂപ്പിളമത്തർക്കം. ആകെ ബഹളായപ്പോ, അവർക്കിടയിൽ ഒരു വലിയ പ്രകാശ ഗോപുരം പ്രത്യക്ഷപ്പെട്ടൂത്രെ. ന്നാപ്പിന്നെ ഈ പ്രകാശഗോപുരത്തിന്റെ അറ്റം കണ്ടെത്തി ആദ്യം വരുന്നയാൾ ജയിക്കും എന്നായി, തീരുമാനം. വിഷ്ണു താഴോട്ടും, ബ്രഹ്മാവ് മേലോട്ടും പോയീത്രെ.

വിഷ്ണു പാവം. കുറേ കഷ്ടപ്പെട്ടു. ഒരു രക്ഷ്യൂല്ലാന്നു മൻസിലായപ്പോ, തിരികെ വന്നു. പക്ഷെ ബ്രഹ്മാവ് ആള് കേമനല്ലേ. മേലേയ്ക്ക് പോണ വഴി താഴേക്ക് ഒരു പൂവ് പാറി വീഴണ കണ്ടു, ആള്. അദേയ്, ഒരു കൈതപ്പൂവായിരുന്നു. എവടന്നു വരണൂന്നായി കൈതപ്പൂവിനോട്.

അപ്പോ ആ പൂവ് പാവം, പറഞ്ഞുപോലും - ഞാൻ ആ പ്രകാശഗോപുരത്തിന്റെ മുകളീന്ന്, ഭഗവാൻ ശിവന്റെ ശിരസ്സീന്ന്, വരികയാണ് എന്ന്!

ബ്രഹ്മാവ് ആ പൂവെടുത്തു കൊണ്ടന്ന് വിഷ്ണൂനെ കാട്ടി പറഞ്ഞു “ഞാൻ ആ പ്രകാശഗോപുരത്തിന്റെ തലയറ്റം പോയീട്ടോ.... ദാ അവടന്നെടുത്ത പൂവ് തെളിവ്‌!”

വിഷ്ണു പൂവിനോടു ചോദിച്ചു “ഈ പറയുന്നതൊക്കെ ശരിയാണോ? നീ ശങ്കര ശിരസ്സിൽ നിന്നാണൊ വരുന്നത്?”

പൂവ് തലയാട്ടി. ബ്രഹ്മാവിനെ ധിക്കരിക്കാനാവ്വോ, ഒരു വെറും പൂവിന്?

പക്ഷേ ഒക്കെ കണ്ടും, കേട്ടും നിന്ന ശിവൻ കോപാകുലനായി അവിടെ പ്രത്യക്ഷപ്പെട്ടു. കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശപിച്ചു. ലോകത്താരും ഇനിമേൽ ബ്രഹ്മാവിനെ പൂജിക്കാതെ പോട്ടെ എന്ന്. കള്ളസാക്ഷി പറഞ്ഞതിന് പൂവിനെയും ശപിച്ചു. കൈതപ്പൂവിനെ ഒരു പൂജയ്ക്കും എടുക്കാതെ പോട്ടെ എന്നായിരുന്നുത്രെ ശാപം.

അന്നു മുതൽ കൈതപ്പൂ ആരും പൂജയ്ക്കെടുക്കാതായി.”


ഈ കഥ എനിക്കു പറഞ്ഞുതന്നത് യമുനേച്ചിയായിരുന്നു.

സെമിനാർ വേദിയിൽ തിവാരി മാഡത്തെ കണ്ടശേഷം രാത്രി ബനാറസിലെ ഹോട്ടൽ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴൊക്കെ ചിന്ത യമുനേച്ചിയെക്കുറിച്ചു തന്നെയായിരുന്നു. വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കാനാവാത്ത, കൈതപ്പൂ മണമൊലുന്ന ഓർമ്മകൾ......

ആ ഓർമ്മകളുടെ തീരത്ത് ഒരു ഇരുപത്തഞ്ചുകാരിക്കൊപ്പം കൊത്തങ്കല്ലു കളിച്ചിരിക്കുന്ന എട്ടു വയസ്സുകാരൻ.

                                                             -2- 

മിസിസ് തിവാരിയെ കണ്ട ഷോക്കിൽ നിന്നും മുക്തനാവും മുൻപു തന്നെ സുഹൃത്ത് അരുൺ ഗുപ്ത എന്നെ അവരുടെ മുന്നിൽ എത്തിക്കുകയായിരുന്നു.തിവാരി മാഡം അയാൾക്കെന്നും ഒരു ഇൻസ്പിറേഷൻ ആണത്രെ!

ശരിയാണ്. മാഡം പ്രസംഗിച്ച ഒന്നര മണിക്കൂർ നേരം തെളിഞ്ഞ ഹിന്ദിയിൽ ഫിലോസഫിയും മെറ്റാഫിസിക്സും ഒഴുകുകയായിരുന്നു. ലക്ചർ കേൾക്കാൻ തിവാരി സാറും വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ശിഷ്യയായിരുന്നത്രെ മാഡം.

ബനാറസിൽ പൊതുവേ സർ നെയിം ചേർത്താണ് എല്ലാവരെയും സംബോധന ചെയ്യുക.
ആണാണെങ്കിൽ തിവാരി സർ,അഹൂജ സർ, ദേശായി സർ, ചൌധരി സർ എന്നിങ്ങനെ.....
പെണ്ണാണെങ്കിൽ തിവാരി മാഡം,അഹൂജ മാഡം, ദേശായി മാഡം,ചൌധരി മാഡം എന്നിങ്ങനെ....
ഇവരുടെയൊക്കെ ഒറിജിനൽ പേരുകൾ അറിയുന്നവർ ചുരുക്കം.

ഓർമ്മയിലുള്ള യമുനേച്ചിയേക്കാൾ ഉയരം തോന്നിച്ചു തിവാരി മാഡത്തിന്. യമുനേച്ചി ഒരിക്കലും ചെരുപ്പിട്ടു കണ്ടിട്ടില്ല.  ഒരു പക്ഷേ നല്ല ഹീലുള്ള ചെരുപ്പാവും ഇട്ടിരിക്കുന്നത്. അന്തർമുഖനായ, എന്നിലെ ശുഭാപ്തി വിശ്വാസി  ചിന്തിച്ചു.


മാഡം പോഡിയത്തിൽ നിന്നിറങ്ങിയതോടെ, മുൻ നിരയിലിരുന്ന തിവാരി സർ എണീറ്റു. ആറടിയിലേറെ പൊക്കം വരും അദ്ദേഹത്തിന്. എഴുപതിനടുത്തു പ്രായം. മെലിഞ്ഞയാളാണെങ്കിലും തേജസ്സുറ്റ മുഖം. പാറിപ്പറക്കുന്ന പഞ്ഞിത്തലമുടി.  അദ്ദേഹത്തിനടുത്തു നിൽക്കുമ്പോൾ മാഡത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ ശരിയാണെന്നു തോന്നി.

ലക്ചറിനു ശേഷം, മാഡത്തിന്റെ മുന്നിൽ പെട്ടപ്പോൾ ഒരു പരിഭ്രമമായിരുന്നു. എന്തു പറയണം, എന്തു ചോദിക്കണം എന്നൊരു പിടിയും കിട്ടിയില്ല.

യമുനേച്ചി തന്നെ എന്നുറപ്പിച്ചാണ് സംസാരം തുടങ്ങിയത്. എന്നാൽ അവർ എന്നെ തിരിച്ചറിഞ്ഞതേ ഇല്ല.

സ്വതവേയുള്ള അന്തർമുഖത്വം കാരണം “യമുനേച്ചിയല്ലേ? എന്നെ മനസ്സിലായോ? ” എന്നു ചോദിക്കാനും കഴിഞ്ഞില്ല.

അന്നത്തെ യമുനേച്ചിയുടെ ശബ്ദമല്ല മിസിസ് തിവാരിക്ക്. ഒഴുക്കുള്ള, ഉത്തരേന്ത്യൻ ചുവയുള്ള ഹിന്ദി തന്നെ. മലയാളിത്തം തീരെയില്ല. വസ്ത്രധാരണത്തിലും ഇല്ല. എങ്കിലും ആ മുഖം... വിടർന്ന ചിരി... എല്ലാം യമുനേച്ചിയുടേതു തന്നെ.

ഒരു കൊല്ലമേ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും, അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഇന്നും എന്തൊരു പച്ചപ്പാണ്, കൈതപ്പൂ മണമാണ്.

അയൽ പക്കത്തെ വീട്ടിൽ അമ്മയ്ക്കൊപ്പമായിരുന്നു യമുനേച്ചി താമസിച്ചിരുന്നത്. ഇരുപത്തഞ്ചാം വയസ്സിലും നിറം മങ്ങിയ നാടൻ പാവാടയും ബ്ലൌസും തന്നെയായിരുന്നു വേഷം. സ്വന്തമായി ആകെയുള്ളത് ഒരു ദാവണി മാത്രമായിരുന്നു.

അച്ഛനുമമ്മയും ഓഫീസിൽ നിന്നുവരുന്നതുവരെ ഞാൻ യമുനേച്ചിക്കൊപ്പമായിരുന്നു അന്നൊക്കെ.സ്കൂളിൽ നിന്നു വന്നാൽ നേരേ അവരുടെ വീട്ടിൽ ചെല്ലും. അവിടെയിരുന്ന് കഥകൾ കേട്ട് സന്ധ്യയ്ക്കു നാമം ചൊല്ലിത്തീരുമ്പോഴാവും അച്ഛനുമമ്മയും വരിക.

അങ്ങനെയൊരുനാൾ ആയിരുന്നു യമുനേച്ചി കൈതപ്പൂവിന്റെ കഥ പറഞ്ഞത്. അന്നു മുതൽ എനിക്ക് കൈതപ്പൂവിനോട് വല്ലാണ്ടൊരിഷ്ടം തോന്നി.

വയൽ വരമ്പിലെ പൂക്കൈത കാണിച്ചു തന്നതും, അതിന്റെ പൂവടർത്തി തന്നതും, അത് അമ്മയുടെ സാരിപ്പെട്ടിക്കുള്ളിൽ കൊണ്ടു വച്ചതും ഒക്കെ ഓർമ്മ വരുന്നു.

ഹൃദ്യമായ സുഗന്ധമുണ്ടെങ്കിലും, പൂജയ്ക്കെടുക്കാത്ത കൈതപ്പൂ പോലെ തന്നെയായിരുന്നു യമുനേച്ചിയും. ബി.എ. വരെ പഠിപ്പുണ്ടെങ്കിലും കല്യാണാലോചനയുമായി ആരും ആ വീട്ടിലേക്ക് വരാറില്ല. ജാതകത്തിൽ എന്തോ പിശകുണ്ടാവും എന്ന് അമ്മ അച്ഛനോട് പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ സത്യം അതല്ല എന്ന് എനിക്കറിയാം.

“മഷിയിട്ടുനോക്കിയാൽകൂടി ഒരു തരി പൊന്നു കിട്ടില്ല്യ, ഈ വീട്ടിൽ!” യമുനേച്ചി പറഞ്ഞിട്ടുണ്ട്.

                                                             -3-

അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരുനാൾ രാമേട്ടൻ പട്ടാളത്തിൽ നിന്ന് മടങ്ങിവന്നത്. മുപ്പത്തഞ്ചു വയസ്സു പ്രായം. അവിവാഹിതൻ.

തറവാട്ടു കാരണവർക്ക് ഇഷ്ടമായില്ലെങ്കിലും, അത്യാവശ്യം ജീവിച്ചുപോകാനുള്ള സ്വത്തുവകകളൊക്കെയുള്ളതുകൊണ്ടോ, പട്ടാളജീവിതം മടുത്തതുകൊണ്ടോ എന്തോ, രാമേട്ടൻ മടങ്ങിപ്പോയില്ല. വയലും, കൃഷിയും, പശുക്കളുമായി ജീവിക്കാൻ തുടങ്ങി. രാമേട്ടന്റെ അമ്മ മാത്രം അദ്ദേഹത്തെ പിന്തുണച്ചു.

പെട്ടെന്നൊരുനാൾ രാമേട്ടൻ പെണ്ണു ചോദിച്ച് വീട്ടിലെത്തിയപ്പോൾ യമുനേച്ചിയുടെ അമ്മ അമ്പരന്നു; യമുനേച്ചിയും. ഞാനപ്പോൾ തിണ്ണയിൽ കുത്തിയിരുന്ന് ചിത്രകഥ വായിക്കുകയായിരുന്നു. രാമേട്ടൻ സംസാരം തുടങ്ങിയപ്പോൾ അകത്തേക്കു വലിഞ്ഞു.

“ഇയ്ക്ക് പൊന്നും വേണ്ട, പണ്ടോം വേണ്ട. പെണ്ണു മാത്രം മതി. ഇങ്ങക്ക് സമ്മതാച്ചാ മീനത്തിൽ കല്യാണം, ന്താ?”

തൊട്ടു ചേർന്നു നിൽക്കുകയായിരുന്ന എനിക്ക് യമുനേച്ചി വിറയ്ക്കുന്നത് നന്നായി മനസ്സിലായി. ഒരിക്കലും നടക്കില്ല എന്നു കരുതിയത് നടക്ക്വാണല്ലോ ഈശ്വരാ എന്ന ചിന്തയോ, പട്ടാളക്കാരനായ ആണൊരുത്തന്റെ മുന്നിൽ പെട്ടതിന്റെ വെപ്രാളമോ ഒക്കെയാവാം ആ വിറയ്ക്കു കാരണം.

കുറേ നേരം ആരും ഒന്നും മിണ്ടിയില്ല.

അപ്പോൾ രാമേട്ടൻ പറഞ്ഞു “യമുനയ്ക്ക് എതിർപ്പൊന്നൂല്യാലോ?”
യമുനേച്ചിയ്ക്ക് ഒച്ച മുട്ടി. അമ്മ തലയാട്ടി.
രാമേട്ടൻ നടന്ന് വയൽ കടന്നു പോയി.

നിശ്ചയം ഒന്നും നടന്നതായി ഓർമ്മയില്ല. ഞാൻ രാമേട്ടൻ എന്നു വിളിക്കുന്നയാളെക്കുറിച്ചു പറയുമ്പോൾ  യമുനേച്ചി ചന്ദ്രേട്ടൻ എന്നാണ് പ്രയോഗിക്കുന്നത് എന്നു മനസ്സിലായി. രാമേട്ടന്റെ മുഴുവൻ പേര് രാമചന്ദ്രൻ എന്നായിരുന്നു.

കല്യാണം ആഹ്ലാദപൂർവം മീനം ഒന്നിനു തന്നെ നടന്നു. എന്നാൽ മൂന്നാഴ്ചയ്ക്കു ശേഷം മീനത്തിൽ വെള്ളിടി വെട്ടി. നെന്മാറ വേലകാണാൻ യമുനേച്ചിയേയും കൂട്ടി പോയതായിരുന്നു രാമേട്ടൻ. എന്തോ കാര്യത്തിന്  അലമ്പുണ്ടാക്കിയ രണ്ടുകൂട്ടർ തമ്മിലടിച്ചു. മധ്യസ്ഥം പറയാൻ ചെന്ന രാമേട്ടനു കുത്തേറ്റു. അവിടെ വച്ചു തന്നെ മരിച്ചു. പിറ്റേന്നാണ് ഞങ്ങളൊക്കെ വിവരമറിഞ്ഞത്.

അടുത്താഴ്ച തന്നെ അച്ഛന് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അമ്മ കമ്പനിപ്പണി ഉപേക്ഷിക്കാനും തീരുമാനിച്ചു. ഞങ്ങൾ വള്ളുവനാടിനോട് വിടപറഞ്ഞു.

യമുനേച്ചിക്കും അമ്മയ്ക്കും പിന്നെന്തു സംഭവിച്ചെന്നോർത്ത് പലരാത്രി കണ്ണു നനച്ചിട്ടുണ്ട്. രാമേട്ടനെ ആരോ കുത്തിക്കൊല്ലുന്നതോർത്ത് ഉറക്കത്തിൽ ഞെട്ടിയുണർന്നിട്ടുണ്ട്, ഒരു വർഷത്തോളം. പോകെപ്പോകെ അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായ ദിനങ്ങളിൽ സ്വപ്നങ്ങളിൽ യമുനേച്ചി പ്രത്യക്ഷപ്പെട്ടിരുന്നു. എന്റെ സ്വന്തം ചേച്ചിയായി....

ഇവിടെ ബനാറസിൽ വച്ച് അപ്രതീക്ഷിതമായി തിവാരി മാഡത്തെ കണ്ടപ്പോൾ യമുനേച്ചിയെ ഓർമ്മ വന്നതും അതുകൊണ്ടു തന്നെ. കാര്യമായൊന്നും പറയാൻ കഴിയാഞ്ഞതിന്റെ ഇച്ഛാഭംഗം തീർക്കാനാണ് അരുൺ ഗുപ്തയോട് പറഞ്ഞ് പിറ്റേന്നു രാവിലെ തിവാരി മാഡത്തെ കാണാൻ പോകാം എന്ന നിർദേശം വച്ചത്. അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.


                                                             -4-

പൂമുഖത്തു നിന്നുകൊണ്ട് തിവാരിമാഡം പറഞ്ഞു “ആവോ ബേട്ടേ, ആവോ...”
ഗുപ്തയും ഞാനും അകത്തേക്കു കയറി.

“എക്‌ദം ബിച്ചു ജൈസാ ലഗ് രഹാ ഹേ, നാ?” എന്നെ നോക്കി മാഡം പറഞ്ഞു.
അതു കേട്ട് പ്രൊഫസർ ലോക്‌നാഥ് തിവാരി തലയാട്ടി.

അവരുടെ മരിച്ചു പോയ കുഞ്ഞനുജനെപ്പോലെ തന്നെയാണത്രെ ഞാൻ! ഗുപ്ത ചെവിയിൽ പറഞ്ഞു.

“അഗർ തും അപ്‌നേ റിസേർച്ച് ബി.എച്ച്.യു. മേ കർനാ ചാഹ്താ ഹെ തോ, സാരാ സുവിധാ മേ ഹീ കരൂംഗാ.... സംഝേ?”  തിവാരി സർ പറഞ്ഞു.

“വൈസേ ഭീ... ബിച്ചൂ കാ റൂം അഭീ ഖാലീ ഹെ, മുസീബത് നഹി ഹെ തോ തും ഇധറീ രഹ് സക്‌തെ ഹോ...” തിവാരി മാഡം കൂട്ടിച്ചേർത്തു.

ആകെപ്പാടെ അമ്പരപ്പിക്കുന്ന നിമിഷങ്ങൾ....


സത്യത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്!?

ഗുപ്താ, ഞാനെന്താ ഇപ്പോ ചെയ്യുക? ഗുപ്താ....

ഞെട്ടി നോക്കിയപ്പോൾ അരികിൽ അരുൺ ഗുപ്തയില്ല. ഇയാൾ പെട്ടെന്നെവിടെപ്പോയി?

കണ്ണു തുറന്നപ്പോൾ മുറിയിൽ കൂരിരുട്ട്. ലൈറ്റിട്ട് എണീറ്റിരുന്നു. മണി രണ്ടര.

ഒരുറക്കത്തിന് ഇനിയും സമയമുണ്ട്.

രാവിലെ തിവാരിമാഡത്തെ കാണാൻ പോകണമെങ്കിൽ ആറുമണിക്കുണർന്നാൽ മതി.

അല്ല... ഇനി എന്തിനവിടെ പോകണം....?


മുപ്പതു വർഷം മുൻപ് കണ്ടുപിരിഞ്ഞ എട്ടുവയസ്സുകാരൻ കുട്ടിയെ അവർ ഓർക്കുന്നുണ്ടാവുമോ?

ശരിക്കും അവർ യമുനേച്ചിയാണെങ്കിൽ.... ഏതെങ്കിലും കാരണവശാൽ, അവരുടെ മുൻ വിവാഹവും, രാമേട്ടന്റെ ദാരുണമരണവുമൊന്നും അവർ പ്രൊഫസർ തിവാരിയോട് പറഞ്ഞിട്ടില്ലെങ്കിൽ....

മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമാണ് അവരെ ഇവിടെ എത്തിച്ചതെങ്കിൽ.....
പുറമേ ശാന്തമായി ജീവിക്കുന്ന അവരുടെ കരളിൽ കനൽ കോരിയിടുകയാവുമോ ഞാൻ ചെയ്യുക?

ഉള്ളിലിരുന്നാരോ പറഞ്ഞു.

വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....


                                                             -5-
എറണാകുളത്തേക്കാണ് ടിക്കറ്റെങ്കിലും, വണ്ടി പാലക്കാട്ടെത്തുമ്പോൾ അവിടെ ഇറങ്ങാൻ തീരുമാനിച്ചത് വളരെ നേരത്തെ ആലോചനയ്ക്കു ശേഷമാണ്.

പതിറ്റാണ്ടുകൾക്കു ശേഷം ഈ മണ്ണിൽ കാലു കുത്തിയപ്പോൾ എന്തോ ഒരു ശാന്തി. വയൽക്കാറ്റേറ്റ് കാറിൽ വന്നപ്പോൾ സകലയാത്രാക്ഷീണവും, ആകുലതകളും അകന്നു. അച്ഛനുമമ്മയ്ക്കുമൊപ്പം ആദ്യമായി ഈ വഴി വന്നത് ഓർമ്മ വന്നു. വർഷം മുപ്പതു കഴിഞ്ഞിരിക്കുന്നു. അന്നത്തെ എട്ടുവയസ്സുകാരൻ കുട്ടിക്ക് ഇന്ന് എട്ടുവയസ്സുള്ള മകനുണ്ട്!

യമുനേച്ചിക്ക് അൻപത്തഞ്ചുവയസ്സെങ്കിലും ആയിട്ടുണ്ടാവും. ഒരു പക്ഷേ....

“സ്ഥലമെത്തി” ഡ്രൈവർ പറഞ്ഞു.

പഴയ വീടു നിന്നിടത്ത് ഇപ്പോ കൂറ്റനൊരു ആധുനിക നാലുകെട്ട്. കാവും ഇല്ല. കുളവും ഇല്ല. തൊടി മുഴുവൻ ടൈലു പാകി വെടിപ്പാക്കിയിരിക്കുന്നു.

യമുനേച്ചിയുണ്ടായിരുന്നെങ്കിൽ പറഞ്ഞെനേ “ഒരു തുമ്പച്ചെടി കൂടി കാനാനില്ലല്ലോ, ശിവനേ!”
അവിടെ കയറി അന്വേഷിച്ചു.

“യമുനയോ? അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടില്ലല്ലോ.... ഞങ്ങൾ ഇവിടെ താമസം തുടങ്ങീട്ടന്നെ പത്തിരുപത്തഞ്ചു കൊല്ലായി!”


“ഒരു മുപ്പതു കൊല്ലം മുൻപ് ഇവിടെ താമസിച്ചിരുന്ന സ്ത്രീയാ.... അവരുടെ അമ്മയുടെ പേര്....”

“പറഞ്ഞാലും അറീല്യ. ഞങ്ങൾ തമിഴ് നാട്ടിലായിരുന്നു, അതിനു മുൻപ്. അച്ഛനാ സ്ഥലം വാങ്ങിയത്. അദ്ദേഹം മരിച്ചിട്ട് വർഷങ്ങളായി....”

നന്ദി പറഞ്ഞു പുറത്തിറങ്ങി. ജംഗ്ഷനിലുള്ള ബേക്കറിയിൽ അന്വേഷിച്ചു. രാമേട്ടന്റെ തറവാടിനെ പറ്റി. അയാൾ വഴി പറഞ്ഞു തന്നു.

“അവിടിപ്പോ ഒരു കാർന്നോരും ഭാര്യയും മാത്രേള്ളൂ....” അയാൾ പറഞ്ഞു.

നേരേ അങ്ങോട്ടു വിട്ടു. രാമേട്ടന്റെ തറവാട്ടിലെത്തി. തൊടിയാകെ കാ‍ടുപിടിച്ചിരിക്കുന്നു. ആമുഖങ്ങൾ കഴിഞ്ഞപ്പോൾ പൂമുഖത്തിരുന്ന് കാർന്നോർ പറഞ്ഞു.

“ന്റെ അനിയനാർന്നു, രാമചന്ദ്രൻ.... ആ കല്യാണത്തിന് ഞങ്ങൾക്കാർക്കും താല്പര്യണ്ടാർന്നില്യ. ഓൻ സ്വയങ്ങ്‌ട് തീരുമാനിക്ക്യാർന്നു. പിന്നൊക്കെണ്ടായത് ദുരന്തങ്ങളന്ന്യാ.... തറവാടിന്റെ ക്ഷയം അവിടന്നു തൊടങ്ങി. ദുശ്ശകുനാന്നു പറഞ്ഞ് ആ കുട്ടീനെ പുറത്താക്കി. കുറേനാൾ ഓള് അമ്മയ്ക്കൊപ്പം അവരടെ വീട്ടീ താമസിച്ചു. പിന്നെ ആ പറമ്പും, പൊട്ടിയ താലീം ഉൾപ്പടെ വിറ്റുപെറുക്കി കാശിക്കു പോയീന്നു കേട്ടു.”

“കാശിക്കോ?” അക്ഷരാർത്ഥത്തിൽ ഞെട്ടി.

“ഉം... ന്താ ഞെട്ടണേ? കാശിക്കു പോയോരാരെങ്കിലും തിരിച്ചു വരോ? പിന്നെ ആരും കണ്ടിട്ടോ കേട്ടിട്ടോ ല്യ, അമ്മേം മോളേം കുറിച്ച്.... ”

അമ്പരന്നിരുന്നു ഞാൻ. അവർ കാശിക്കാണ് പോയത്.... കാശിക്ക്....

കാശിയെന്നാൽ വാരാണസി. വാരാണസിയെന്നാൽ ബനാറസ്!!

വൈകാതെ, ഒന്നുകൂടി പോയാലോ അവിടേക്ക്? മനസ്സ് ചാഞ്ചാടി.

ഉള്ളിലിരുന്നാരോ പറഞ്ഞു.


വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....



Thursday, September 29, 2011

ബ്ലോഗിണി എന്റെ കൂട്ടുകാരി !

ഗൂഗിളമ്മച്ചിയുടെ പറമ്പിൽ കൊത്തും കിളയുമായി കൂടുന്നതിനു മുൻപ്, മോഹൻ ലാൽ നായകനായി അഭിനയിച്ച ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിൽ, ശ്രീനിവാസൻ അവതരിപ്പിച്ച ‘തല നിറച്ചു മ്യൂസിക്കുമായി’ നടക്കുന്ന ജിദൻലാൽ മദൻലാൽ എന്ന കഥാപാത്രത്തെപ്പോലെ, തല നിറച്ചു കഥകളുമായി നടക്കുകയായിരുന്നു ബ്ലോഗർ.

ബ്ലോഗ് പറമ്പിൽ സ്ഥലം പാട്ടത്തിനെടുത്ത്, സ്വന്തമായി കൃഷി തുടങ്ങിയതോടെ ആൾ ജാഡയിലായി. തലയുയർത്തി നെഞ്ചു വിരിച്ചായി നടപ്പ്. “എന്താ, എന്നെക്കണ്ടാൽ തലയ്ക്കകത്ത് ആശയങ്ങളുടെ മലവെള്ളപ്പാച്ചിലാണെന്നു തോന്നുന്നില്ലേ?” എന്ന മട്ടിൽ ബ്ലോഗ് കൂട്ടായ്മകളിൽ, ആദ്യമൊക്കെ വലിഞ്ഞു കയറിയും, പിന്നെപ്പിന്നെ ഇടിച്ചു കയറിയും അയാൾ മദിച്ചു.

സ്വന്തം സൃഷ്ടികളിൽ അഭിമാനപുളകിതനായും, മറ്റുള്ളവരുടെ സൃഷ്ടികളിൽ വിമർശനപടുവായും വിലസവേ പെട്ടെന്ന്  ബ്ലോഗർ അപ്രത്യക്ഷനായി. എത്രയോ കൊത്തുകിളക്കാരും, പാ‍ട്ടക്കുടിയാന്മാരും ബ്ലോഗ് പറമ്പിൽ അപ്രത്യക്ഷരാകുന്നു. ഗൂഗിളമ്മച്ചി ഇതൊന്നും മൈൻഡ് ചെയ്തതേ ഇല്ല.

സത്യത്തിൽ ബ്ലോഗ് പറമ്പിൽ പണിയെടുക്കണം എന്നു തന്നെയായിരുന്നു ബ്ലോഗറുടെ ആഗ്രഹം.

ഔദ്യോഗിക ജീവിതം തന്റെ സർഗശേഷി മുരടിപ്പിക്കുന്നു, ഉറവ വറ്റിക്കുന്നു എന്നൊക്കെ ആത്മഗതം നടത്തിയെങ്കിലും, “ബ്ലോഗ് പുഴുങ്ങിയാൽ ചോറാവുമോ?” “കമന്റൊഴിച്ചാൽ കറിയാവുമോ?” എന്നിങ്ങനെയുള്ള കുനുഷ്ടു ചോദ്യങ്ങളുമായി ധർമപത്നി സ്വൈര്യം കെടുത്തിയതിനാൽ അയാൾ പകൽ സർക്കാരാപ്പീസിൽ തന്നെ പണിയെടുത്തു.

രാത്രികാലങ്ങളിൽ “കാര്യത്തിൽ മന്ത്രിയും, കർമ്മത്തിൽ ദാസിയും, രൂപത്തിൽ ലക്ഷ്മിയും ഭാര്യാ... ആ...” എന്ന പാട്ടും പാടി കുടുംബസമാധാനം കാത്തു.

ഭാര്യ പ്രസാദിച്ചു. കുട്ടികൾ സന്തോഷിച്ചു. എങ്ങും ശാന്തിയും സമാധാനവും കളിയാടി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മക്കൾ അനുവദിച്ചാൽ നെറ്റിൽ കയറും. തന്റെ ബ്ലോഗ് പൂമുഖം ഒക്കെ ഒന്നോടിച്ചു നോക്കും. മടങ്ങും

എങ്കിലും ബ്ലോഗറുടെ ഉള്ളു പുകഞ്ഞുകൊണ്ടിരുന്നു. ഒരുമാസം കഴിഞ്ഞു ഒരു പോസ്റ്റിട്ടിട്ട്. തന്നെ ഈ ബൂലോഗത്ത് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ? ഒരു കമന്റുതുള്ളിയെങ്കിലും തന്നെയൊർത്ത് അവിടെ വീഴുന്നുണ്ടാവുമോ? അയാൾ തരള ഹൃദയനായി.

മാസം ഒന്നരകഴിഞ്ഞു. പോസ്റ്റുമില്ല. കമന്റു തുള്ളിയുമില്ല.

ബ്ലോഗർ നിരാശനായി. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ബ്ലോഗറുടെ ഫോണിൽ ഒരു കോൾ. കൂട്ടുകാരിയായ ഒരു ബ്ലോഗിണി!

 ബ്ലോഗർ ആനന്ദതുന്ദുലിതഗാത്രനായി.

“എന്തു പറ്റി, ഇപ്പോൾ കാണാറേ ഇല്ലല്ലോ?” ബ്ലോഗിണി ചോദിച്ചു.

“എന്തു പറയാൻ മുടിഞ്ഞ തിരക്കല്ലേ...?” ബ്ലോഗർ പരിതപിച്ചു. “മനസ്സിൽ ആശയങ്ങൾ ഇല്ലാഞ്ഞല്ല, സമയം കിട്ടാത്ത കൊണ്ടാ.....”

“സമയം എന്നൊന്നില്ലല്ലോ, അതു നമ്മൾ ഉണ്ടാക്കുന്നതല്ലേ?” ബ്ലോഗിണി.

“ഉം... ഒരർത്ഥത്തിൽ ശരിയാണ്. നാലുപാടും നമ്മൾ കാണുന്നതും കേൾക്കുന്നതും പകർത്തി വച്ചാൽ മാത്രം മതി ഒരു നൂറു പോസ്റ്റുകൾ തികയ്ക്കാൻ.... ഞാൻ ശ്രമിക്കാം. എന്നെ ഓർത്തല്ലോ, വിളിച്ചല്ലോ...” ബ്ലോഗർ ഗദ്ഗദകണ്ഠനായി. കണ്ണിൽ നീർ പൊടിഞ്ഞു. നിശ്ശബ്ദതയുടെ നിമിഷങ്ങൾ....

പാവം ബ്ലോഗിണി.... തന്റെ ഹൃദയനൊമ്പരം അവളെ നിശ്ശബ്ദയാക്കിയല്ലോ... ബ്ലോഗർ ചിന്തിച്ചു.

“അല്ല.... എന്താ ഒന്നും മിണ്ടാത്തത്... സോറി... ഞാൻ വല്ലാതെ ഇമോഷണലായിപ്പോയി...”

വീണ്ടും നിശ്ശബ്ദത.

ബ്ലോഗർ ആകുലനായി. “ഹലോ.... ഹലോ...?” അയാൾ വിളിച്ചു.

നോ പ്രതികരണം.

ഫോൺ ചെവിയിൽ നിന്നെടുത്തു നോക്കി. റെഞ്ചുണ്ട്. പക്ഷെ കോൾ കട്ടായിരിക്കുന്നു.

അയാൾ ആ നമ്പറിൽ തിരിച്ചു വിളിച്ചു.

കുറേ നേരം കഴിഞ്ഞാണ് ബ്ലോഗിണി എടുത്തത്.

“അയ്യോ.... ഞാൻ അയൺ ബോക്സ് കുത്തി ചൂടാകാൻ താമസിച്ചപ്പോൾ ഒന്നു വിളിച്ചെന്നേ ഉള്ളു.വേറെ വിശേഷമൊന്നുമില്ല! ”

ആഹാ, പഷ്ട്!

ബ്ലോഗർ ഒന്നു ചമ്മി.


എന്നാലും ബ്ലോഗർ അങ്ങോട്ടു വിളിച്ചതോടെ ബ്ലോഗിണിക്കു നാവിനു നീളം കൂടി. കത്തി നീണ്ടു.

“ഹമ്പടി ഭയങ്കരീ...” ബ്ലോഗർ ചിന്തിച്ചു.

അതിനിടെ ഭാര്യ എന്തോ വന്നു ചോദിച്ചു. “ശരി ശരി” എന്ന് അയാൾ മൂളി. അവൾ പോയി.

പിന്നെ വന്നു. അപ്പൊഴും കത്തി.

ഒടുവിൽ ബ്ലോഗർ ചോദിച്ചു “അല്ല... ഇത് ഞാൻ അങ്ങോട്ടു വിളിച്ച കോളല്ലേ..?”

“അതെ...”

“എന്നാപ്പിന്നെ വയ്ക്ക്വല്ലേ?”

കൂടുതൽ എന്തെങ്കിലും പറയും മുൻപ് ബ്ലോഗർ ഫോൺ വച്ചു.

പിൻ തിരിഞ്ഞു നോക്കിയപ്പോൾ ക്രോധമുഖിയായി ഭാര്യ.


ബ്ലോഗർക്കു ഗദ്ഗദം പിടിപെട്ടു. അയാൾ ചുമച്ചു.

“ആരാ വിളിച്ചത്?” ഭാര്യ ചോദിച്ചു.

“ഒരു ഫ്രണ്ടാ.... ബ്ലോഗിണി” അയാൾ സത്യം പറഞ്ഞു.

“എന്തു കിണി?”

“കിണിയല്ല. ഗിണി... ഗിണി... ബ്ലോഗിണി!”

ഭാര്യ മിഴിച്ചു നിന്നു.

“ഞാൻ കഴിഞ്ഞ ഒന്നരമാസമായി കഥകളൊന്നും എഴുതത്തതെന്താണെന്ന് വിളിച്ചു തിരക്കിയതാ കൂട്ടുകാരി” അയാൾ വിശദീകരിച്ചു.

ഭാര്യ പെട്ടെന്നുണ്ടായ ആവേഗത്തിൽ ബ്ലോഗറുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.

“മര്യാദയ്ക്ക് മാസമാസം കൃത്യമായി ഓരോ കഥയെഴുതി പോസ്റ്റ് ചെയ്തോളണം. അല്ലാതെ അതിന്റെ പേരിൽ ഇനി ഒരു കൂട്ടുകാരിണിക്കും ഫോണിൽ വിമ്മിഷ്ടപ്പെടാൻ ഇടവരുത്തരുത്. മനസ്സിലായോ?”

കഴുത്തു ഞെരിഞ്ഞ ബ്ലോഗർ കണ്ണു തുറിച്ചു; ഉമിനീരിറക്കി, മൂളി “ഉം മ് മ് മ്....!”




വാൽക്കഷണം: ഈ ബ്ലോഗർ ഞാൻ തന്നെയാണെങ്കിലും എന്നെ വിളിച്ച ബ്ലോഗിണി ഈ ബ്ലോഗിണി അല്ല. ഇതു സത്യം സത്യം സത്യം!

Wednesday, August 17, 2011

ആണ്ടുപിറപ്പൊന്നാന്തി...!

ഇന്നുറക്കമുണർന്നത് അമ്മൂമ്മയെ സ്വപ്നം കണ്ടാണ്. അതും വെളുപ്പിന് നാലരയ്ക്ക്!
നല്ല തെളിഞ്ഞ ഉണർച്ചയായതിനാൽ ജനൽ തുറന്നിട്ട്, പ്രഭാതത്തിന്റെ കുളിരാസ്വദിച്ച് കുറേ നേരം പുറത്തേക്കു നോക്കി നിന്നു.  എപ്പോഴോ കലണ്ടറിൽ മിഴിയുടക്കിയപ്പോഴാണോർത്തത്, ഇന്ന് ചിങ്ങം ഒന്നാണ്. മലയാളം പുതുവർഷാരംഭം. ആണ്ടു പിറപ്പ്....

അതാവുമോ അമ്മൂമ്മയെ സ്വപ്നം കാണാൻ കാരണം!?
നമ്മുടെയുള്ളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉള്ളതുപോലെ ഒരു ടെലിപ്പതിക്ക്  ക്ലോക്കും ഉണ്ടാവുമോ?

ഒരു കാലത്ത് എല്ലാ മലയാളം ഒന്നാം തീയതിയും ആരംഭിച്ചിരുന്നത് അമ്മൂമ്മയ്ക്ക് കൈനീട്ടം നൽകിയാണ്. അന്നൊക്കെ ഞാൻ സ്കൂൾ കുട്ടിയായിരുന്നു.


അക്കാലത്ത് അമ്മൂമ്മയ്ക്ക് മൂന്നു കോഴികൾ ഉണ്ടായിരുന്നു. മുട്ട വിറ്റും, ചമ്പൻ (വിളയാത്ത അടയ്ക്കാ) വിറ്റും, വല്ലപ്പോഴും ഒരു പായ നെയ്തും ഒക്കെ കിട്ടുന്ന കാശ് അമ്മൂമ്മ അരിക്കലത്തിനുള്ളിൽ പൂഴ്ത്തി വയ്ക്കും.

അന്നത്തെ എല്ലാ അമ്മായിയമ്മമാരെയും പോലെ അമ്മൂമ്മയും തന്റെ മരുമകളോട് - എന്റെ അമ്മയോട്  - പിണങ്ങുമായിരുന്നു; ചിലപ്പോൾ അച്ഛനുമായും.  പിണങ്ങിയാൽ പിന്നെ ഒറ്റ പോക്കാണ്. ഒന്നുകിൽ മുതുകുളത്തേക്ക്, അല്ലെങ്കിൽ പല്ലാരിമംഗലത്തെക്ക്. പെൺ മക്കളെ കെട്ടിച്ചു വിട്ട സ്ഥലങ്ങളാണ് രണ്ടും. മുട്ടവിറ്റതും, ചമ്പൻ വിറ്റതും ഒക്കെ മടിക്കുത്തിലുണ്ടാവും. അതൊക്കെ തീർന്നു കഴിയുമ്പോൾ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മാതിരി ആൾ തിരിച്ചെത്തും. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിൽ ചെല്ലുമ്പോളാവും ഞങ്ങൾ കൊച്ചുമക്കൾ അതു മനസ്സിലാക്കുക.

അമ്മയുമായും, അച്ഛനുമായും, ഇടയ്ക്ക് അപ്പൂപ്പനുമായും കലഹിക്കുമായിരുന്നെങ്കിലും അമ്മൂമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.

ഓരോ കൊയ്ത്തു കഴിയുമ്പോഴും അവലും, അരിയുണ്ടയും, തവിടുണ്ടയും ഉണ്ടാക്കിത്തരും..... എള്ളു വിളവെടുത്താൽ എള്ളുണ്ട....... വേനൽക്കാലത്ത്  ചീനി (മരച്ചീനി), കിഴങ്ങ്, കാച്ചിൽ പുഴുക്ക്........ മഴക്കാലത്ത് ആഞ്ഞിലിക്കുരു വറുത്തത്, മുതിരപ്പുഴുക്ക്...... എല്ലാ ദിവസവും രാത്രി വറുത്തരച്ച മീൻ കറി......

എന്തൊരു സ്വാദായിരുന്നു ഓരോന്നിനും!

ഒപ്പം പതിറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ പറയും.

അപ്പൂപ്പൻ കല്യാണം കഴിക്കാൻ വന്നതും, കുട്ടമ്പേരൂർ നിന്ന് ഏവൂരെത്തിയതും, കാടു വെട്ടിത്തെളിച്ച് പറമ്പാക്കി വീട് വച്ചതും, അതിനിടെ അപ്പൂപ്പൻ ഒരു നാഗത്താന്റെ വാൽ വെട്ടി മുറിച്ചതും, പ്രായശ്ചിത്തമായി മണ്ണാറശാലയിൽ പാമ്പിന്റെ രൂപം സ്വർണത്തിൽ തീർത്തു നടയ്ക്കു വച്ചതും, നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന പാടങ്ങളിലൂടെ, തല്യ്ക്കു മീതേ വെളുത്ത പട്ടിട്ട്, പാതിരാത്രി ഭൂതങ്ങൾ വരുന്നതും, മസൂരി വിത്തുകൾ വിതച്ചു മടങ്ങിപ്പോകുന്നത് കണ്ടതും......!

അതൊക്കെ കേട്ട് പേടിച്ച്, എന്നാൽ രസം പിടിച്ച് അമ്മുമ്മയുടെ കട്ടിലിനരികിൽ, രണ്ടു ബഞ്ചുകൾ ചേർത്തടിച്ച് , എനിക്കായി ഉണ്ടാക്കിത്തന്ന കട്ടിലിൽ തലവഴി മൂടിപ്പുതച്ചു കിടക്കും ഞാൻ.

അങ്ങനെ അമ്മൂമ്മയുടെ വിശ്വസ്തൻ ആയതിൽ പിന്നെ, എല്ലാ മലയാളമാസം ഒന്നാന്തിയ്ക്കും തലേനാൾ ഒരു 25 പൈസ നാണയം എന്നെ ഏൽ‌പ്പിക്കും.

25 പൈസ അന്നൊക്കെ വലിയ തുകയാണ്. പിറ്റേന്നു രാവിലെ കൃത്യമായി തിരിച്ചുകൊടുക്കാനുള്ളതാണ്.

ഒന്നാന്തി രാവിലെ കൈനീട്ടം.... അതിനാണ് തലേന്നു തന്നെ പൈസ ഏൽ‌പ്പിക്കുന്നത്!
ഐശ്വര്യമുള്ള കയ്യായിരുന്നിരിക്കണം എന്റേത്.

(വടക്കേലെ അപ്പച്ചിയും  തരും 25 പൈസ. അതു പക്ഷേ ആണ്ടുപിറപ്പിനു മാത്രം. “ആണ്ടുപൊറപ്പൊന്നാന്തി അല്ലിയോ മോനേ.... രാവിലെ ഒന്നാന്തി കേറാൻ വരണേ!” അപ്പച്ചി പറഞ്ഞു ശട്ടം കെട്ടും. രാവിലെ അവരുടെ വീട്ടിൽ ചെന്ന് ഞാനതു കൊടുക്കണം.)

മലയാളമാസങ്ങൾ എല്ലാം ഒന്നൊന്നായി പഠിച്ചു - ചിങ്ങം,കന്നി,തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം....

ചിങ്ങക്കൊയ്ത്ത്, കല്യാണമില്ലാത്ത കന്നി , തുലാമഴ, വൃശ്ചികവ്രതം, ധനുക്കുളിര്, മകരമഞ്ഞ്, കുംഭ ഭരണി, മീനച്ചൂട്, മേടവിഷു, ഇടവപ്പാതി, മിഥുനമഴ, കർക്കടകമഴ.....എല്ലാം അറിഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞ കാലം.....

ഒന്നാന്തി , അതും ചിങ്ങം ഒന്നാന്തി ആരും മറ്റൊരാൾക്കു പൈസ കൊടുത്ത് തുടങ്ങില്ല. ആ ആണ്ടു മുഴുവൻ കയ്യിൽ നിന്നു കാശുപോകുമത്രെ! എന്റെ കയ്യിൽ പോകാൻ കാശൊന്നും ഇല്ലാതതുകൊണ്ട് ആ പേടി തീരെ ബാധിച്ചിരുന്നില്ല.

അന്നൊക്കെ ഞാൻ വലിയ ഭക്തശിരോമണിയായിരുന്നു. വല്ല വിധേനയും കിട്ടുന്ന കാശ് അമ്പലത്തിൽ കാണിക്കയായിടും. അഞ്ചാം ക്ലാസിലെത്തിയതോടെ ഉത്സവത്തിന് കളിപ്പാട്ടങ്ങൾ വാങ്ങുന്നതു പോലും സ്വയം നിർത്തിയിരുന്നു. അമ്മൂമ്മയ്ക്കൊപ്പം സന്ധ്യക്ക് നാമം ജപിക്കുക സ്ഥിരമായിരുന്നു. ഒരു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ രാമായണം, ദേവീമാഹാത്മ്യം, നാരായണീയം ഇതൊക്കെ വായിക്കാനും കാണാപ്പാഠം ചൊല്ലാനും ശീലിച്ചു.

അങ്ങനെയാണ് വെളുപ്പാൻ കാലങ്ങളിൽ ഉണരാനും, ഒന്നാന്തി തൊഴാനും ഒക്കെ തുടങ്ങിയത്. ഒപ്പം കിട്ടിയതാണ് കൈനീട്ടം നൽകലും, ഒന്നാന്തി കേറലും.

അകലെ നിന്ന് മഞ്ഞിൻ പുറമേറി വരുന്ന ഹരിനാമകീർത്തനവും, നാരായണീയവും കേട്ട്, പിൻ നിലാവിൽ കുളിച്ചു നിൽക്കുന്ന മരത്തലപ്പുകൾ നോക്കി വെളുപ്പാൻ കാലത്ത് അമ്പലത്തിലേക്കു പോകും. ഏവൂരു പോയി, തിരികെ നടന്ന് രാമപുരത്തെത്തും!

ഒക്കെ എന്നോ കൈമോശം വന്ന ശീലങ്ങൾ...... ഇനി ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത ശീലങ്ങൾ......!

ഇന്നു രാവിലെ സ്വപ്നത്തിൽ വന്ന്  അമ്മൂമ്മ പറഞ്ഞതെന്തെന്ന് എനിക്കോർമ്മയില്ല. പക്ഷേ എന്തൊക്കെയോ ഓർമ്മിപ്പിച്ചു.

അതെ. ഇന്ന് ചിങ്ങം ഒന്നാണ്.....

ആണ്ടുപിറപ്പൊന്നാന്തി!

Sunday, July 3, 2011

ഈശോയേ നമ:!!!

ജിക്കുഭായിയെ നിങ്ങൾ അറിയുമോ എന്ന് എനിക്കറിയില്ല.  വർഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ്  ഒരു പുലിക്കുട്ടിയാണെങ്കിൽ അച്ചായൻ ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല ഹോസ്റ്റൽ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്സ്.

157 സെന്റിമീറ്ററിലാണ് തന്റെ ഉടൽ നീണ്ടു നിൽക്കുന്നത് എന്നതിനാൽ, എപ്പൊഴും തല അല്പം ഉയർത്തിപ്പിടിച്ചേ ജിക്കുഭായ് നടക്കാറുള്ളു. അച്ഛൻ ആർമിയിൽ ക്യാപ്റ്റനാണ്. പുലിയുടെ കുഞ്ഞ് പുലിയെങ്കിൽ ക്യാപ്റ്റന്റെ കുഞ്ഞ് ക്യാപ്റ്റൻ ആകണമല്ലോ. അതുകൊണ്ട് ജിക്കു ഭായ്, ക്യാപ്റ്റൻ ജിക്കു ഭായ് എന്നാണ് അറിയപ്പെട്ടിരുന്നത്.

അച്ചായൻ ക്ലീൻ ഷേവൻ, സുസ്മേരവദനൻ, കമിഴ്ന്നു വീണാൽ കാൽപ്പണം പൊക്കുന്നവൻ....... ഏതു പ്രതിസന്ധിഘട്ടത്തിലും ജന്മസിദ്ധമായ അതിജീവനശക്തി പുറത്തെടുക്കുന്നവൻ......സ്വന്തം അപ്പന്റെ റബർ വെട്ടുകാർക്കൊപ്പം കൂടി, കൂലിയിനത്തിൽ പോക്കറ്റ്മണി സമ്പാദിക്കുന്നവൻ......രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ ഗായകൻ......!

അച്ചായന്റെ ഫേയ്മസായ ചില പാട്ടുകളുണ്ട്.

“മലമൂട്ടിൽ നിന്നൊരു മാപ്പിളാ
മാലാഹാ പൊലൊരു പെമ്പിളാ
ഇളം കാറ്റടിച്ചനേരം അവർ
മുളങ്കാട്ടിൽ വച്ചു കണ്ടുമുട്ടി....”

ഇതാണൊന്ന്.

മറ്റൊന്ന് സ്ഥിരം കോളേജ് ടൂറുകളിലും, ക്യാമ്പുകളിലും പാടുന്ന പാട്ടാണ്.

“മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...
വാണീ ഗണപതീ കമലഹാസപത്നീ....
മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...”

അർത്ഥമൊന്നും ചോദിക്കരുത്. ഇതിൽക്കൂടുതൽ ഈ ഗാനസുമങ്ങളെക്കുറിച്ചു വർണിക്കാൻ അടിയന് ആവതില്ല!

“മേരാ മുർഗാ കോ ദേഖാ ക്യാ!?” എന്ന പുണ്യപുരാതനമായ ഹിന്ദി സിൽമാക്കഥയുടെ നിർമ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാൽ കോളേജ് മാഗസിനിൽ അതിയാൻ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളിൽ കണ്ടത്. അതോടെ അച്ചായൻ താരമായി!

കഥയെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും സംഗതി സത്യമായിരുന്നു. കോളേജ് മാഗസിൻ ഇപ്പോൾ സർക്കുലേഷനിൽ ഇല്ലാത്തതിനാൽ ആക്കഥ ഞാനിവിടെ രഹസ്യമായി കുറിക്കാം. ആർക്കും ഫോർവേഡ് ചെയ്യരുത് !

മെയ് മാസത്തിന്റെ മൂർധന്യത്തിൽ വേനൽ ജ്വലിക്കുമ്പോൾ ഹോസ്റ്റൽ അടയ്ക്കുന്നത് സ്ഥിരം പതിവാണ്. അങ്ങനെയൊരു വേനലവധിക്കാലത്താണ് ജിക്കു ഭായ് അച്ചായനെ ബോംബേയ്ക്കു ക്ഷണിച്ചത്.

ഓസിനു ടിക്കറ്റും, ശാപ്പാടും. അച്ചായൻ കമിഴ്ന്നുവീണു. ഭാണ്ഡവും മുറുക്കി ക്യാപ്റ്റനൊപ്പം വച്ചുപിടിച്ചു.

ഇരുവരും ബോംബേയിലെ ഫ്ലാറ്റിലെത്തി.അച്ചായൻ ആകെ അമ്പരപ്പിലായിരുന്നു. ഇത്രവലിയ ഫ്ലാറ്റിലാ ഇവർ താമസിക്കുന്നത് എന്ന് , ക്യാപ്റ്റന്റെ പുളുവടിശീലം കാരണം അതിയാൻ  വിശ്വസിച്ചിരുന്നില്ല!

ലിഫ്റ്റിനരികിൽ വച്ച് ഒരു സർദാർജിയെ കണ്ടുമുട്ടി.

“ഗ്രൌണ്ട് ഫ്ലോറിലെ താമസക്കാരനാണ്”  ജിക്കുഭായ് പറഞ്ഞു.

സർദാർജി മൊഴിഞ്ഞു “സത് ശ്രീ അകാൽ!”

“വാഹിഗുരുജി കാ ഖൽസാ, വാഹീഗുരുജി കി ഫത്തേ!! ” സർദാറിനെ ഇംപ്രസ് ചെയ്യിക്കാനും,അച്ചായനെ ഞെട്ടിക്കാനുമായി ക്യാപ്റ്റൻ ഒറ്റവെടി! സത്യം പറയണമല്ലോ, അച്ചായന്റെ വെടിതീർന്നു!

അതുകേട്ട് ഉച്ചത്തിൽ ചിരിച്ച് സർദാർ ജിക്കുഭായിയെ കെട്ടിപ്പിടിച്ചു. ഭീമാകാരന്റെ കുപ്പായക്കൂടാരത്തിൽ ജിക്കുഭായ് മുങ്ങിപ്പോയി. ഭാഗ്യവശാൽ ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ സർദാർ പിടിവിട്ടു. ആൾ വീണ്ടും പ്രത്യക്ഷനായി !

ഫ്ലാറ്റിലെത്തി. ഊഷ്മളമായസ്വീകരണം. ആദ്യദിവസം ഗംഭീരമായിരുന്നു. ജിക്കൂ’സ്  ഡാഡ് ക്യാപ്റ്റൻ ഗോപാൽജിയും, മോം   സാവിത്രി ജിയും നന്നായി സൽക്കരിച്ചു. പക്ഷേ മൊത്തം പച്ചക്കറി മയം. രണ്ടാം ദിവസം മുതൽ അച്ചായ് മ്ലാനവദനനായി. മൂന്നാം ദിനവും നാലാം ദിനവും പരവേശം കൂടി.ഒരു തുണ്ടു മീനോ, ഇറച്ചിയോ ഇല്ലാതെ എങ്ങനെ ചോറിറങ്ങും!?

അഞ്ചാം ദിനം രാത്രി അച്ചായൻ ആകുലകുമാരനായി വ്യാകുലമാതാവിനെ വിളിച്ചു മുട്ടിപ്പായി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു മയങ്ങിപ്പോയ ടിയാൻ ഉറക്കമുണർന്നത് ഒരു കോഴികൂവൽ കേട്ടാണ്.
പണ്ട് പള്ളിമേടയിലെ ഏതോ നാടകത്തിൽ “ആരവിടെ? ദാവീദിന്റെ കണ്ടത്തിലും കോഴിയോ!?” എന്ന് ,  ഡയലോഗ് കിട്ടാഞ്ഞ ഒരു വിഖ്യാത നടൻ, അരുളിച്ചെയ്തതു പോലെ അച്ചായനും ആക്രോശിച്ചു “ക്യാപ്റ്റന്റെ ഫ്ലാറ്റിലും കോഴിയോ!? നാശം പിടിക്കാൻ..... മനുഷ്യനെ ഉറങ്ങാനും  സമ്മതിക്കുകേലേ!?”

പുതപ്പു വലിച്ചു മൂടി പിന്നെയും ഉറങ്ങാൻ തുടങ്ങിയ അച്ചായന്റെ ഉള്ളിൽ ലഡു പൊട്ടിയത് പെട്ടെന്നായിരുന്നു.അടുത്തു കിടന്ന ജിക്കു ഭായിയെ തട്ടിവിളിച്ച് അച്ചായൻ കൂവി.

“കോഴി കൂവി! അതെ.... പൂവൻ കോഴി കൂവി .... ഡാ എണീക്കെടാ!”

“കോഴി കൂവി.... കൊടിമരം നാട്ടി.... കൊടി ഉയർത്തി.....”ജിക്കു ഭായ് മൂന്നാം ക്ലാസിലെ മലയാളം പാഠം ഉരുവിട്ടുകൊണ്ട് തിരിഞ്ഞു കിടന്നു. മെല്ലെ,  സഹപാഠിനിയായിരുന്ന താരാദേവി.കെ.കെ.യുടെ കൈ പിടിച്ച് സ്വപ്നസഞ്ചാരത്തിലെക്കു മടങ്ങി.

അച്ചായന് ഉറക്കം പൂർണമായും നഷ്ടപ്പെട്ടു. ഈ ഫ്ലാറ്റിൽ ഒരു കോഴിയുണ്ട്. ഒരു പൂവൻ കോഴി. താനിവിടെ പച്ചക്കറീം തിന്ന് ഓക്കാനിച്ചു നടക്കുമ്പോ അവനിവിടെ അങ്കവാലുയർത്തി വിഹരിക്കുകയായിരുന്നോ...!

അവനെ തട്ടണം!

നേരം എങ്ങനെയെങ്കിലും ഒന്നു പുലർന്നാൽ മതിയെന്നായി അച്ചായന്. വാച്ചിലാണെങ്കിൽ സമയം 4.10 എ.എം!

ക്യാപ്റ്റൻ ഫാമിലിയുടെ ഒഫീഷ്യൽ ഉറക്കമുണരൽ 6.30 ആക്കി നിജപ്പെടുത്തിയിട്ടുള്ളതാണ്. അതിന് ഒരു മിനിറ്റ് മുൻപോ, പിൻപോ ആരും പള്ളിക്കുറുപ്പുണരാൻ പാടുള്ളതല്ല എന്നതാണ് സുഗ്രീവാജ്ഞ. അതുകൊണ്ട്  കൂർക്കം വലിച്ചുറങ്ങുകയാണ് യുവരാജാ അംഗദൻ!  രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാലെ പള്ളിക്കുറുപ്പുണരൂ എന്നത് നിശ്ചയം. ഈ ലോകത്തുള്ള സകല പട്ടാളക്കുറുപ്പുമാരെയും പ്‌രാകി അച്ചായൻ നേരം വെളുപ്പിച്ചു. ആറരയായപ്പോൾ അവിടുന്നും ഇവിടുന്നും ഒക്കെ അലാം മുഴങ്ങി. കുറുപ്പന്മാർ ഉണർന്ന് പള്ളിക്കു പുറത്തു വന്നു.അച്ചായൻ കണ്ണും ചുവപ്പിച്ച് കതകു തുറന്നു നോക്കിയപ്പോൾ വാതിൽക്കൽ ക്യാപ്റ്റൻ സീനിയർ, കുളിച്ചു കുട്ടപ്പനായി നിൽക്കുന്നു!

അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു “ ജിക്കു ബേട്ടാ, ആജ്  തേരീ മമ്മീ കേ സാ‍ഥ് , മെ ഷിർഡി ജാ രഹാ ഹൂം.... കൽ ഷാം കോ വാപ്പസ് ആയേംഗേ.....”

“അച്ചനും അമ്മേം ഷിർഡി സായി ബാബേടേ അമ്പലത്തീ പോവാ..... നാളെ വൈകിട്ടേ വരൂ!” പരിഭ്രാന്തനായി ജിക്കുഭായ് പരിഭാഷപ്പെടുത്തി.

‘ഫസ്റ്റ് ഒബേയ്; ദെൻ ക്വെസ്റ്റ്യൻ’! അതാണ് ക്യാപ്റ്റൻ ജിയുടെ പോളിസി. അതുകൊണ്ട് പുത്രൻ ഒന്നും ചോദിച്ചില്ല. വായ് പൊത്തി നിന്നു.

ഷിർദ്ദി സായിബാബാ സന്നിധാനത്തുപോകണം എന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. ഫ്ലാറ്റ് നോക്കാൻ ആരുമില്ലാത്തതു കാരണം പോകാതിരിക്കുകയായിരുന്നത്രെ, ഇതുവരെ.
ഇപ്പോ വീടേൽ‌പ്പിച്ചുപോകാൻ ആളായി!

രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുക്ക് ചെയ്തുവച്ചാണ് അവർ പോകുന്നത്. ജിക്കുഭായ് മമ്മിജിയോട് ദീനമായി എതിർത്തുനോക്കി. നോ രക്ഷ. അവർ പുറപ്പെട്ടു.

എന്നാൽ, സായിബാബ എന്നു കേട്ടാൽ ‘പുജ്ഞ’മായിരുന്ന അച്ചായൻ ഈ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു!

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചിക്കൻ!

തേടിയ കാലേൽ വള്ളിചുറ്റി!

പൂവനെ കണ്ടുപിടിക്കുക. കയ്യിലുള്ള കാശുകൊടുത്തു വാങ്ങിക്കുക. അവനെ പൊരിക്കുക! അച്ചായന്റെ വായിൽ വെള്ളമൂറി.

“ഇമ്മീഡിയേറ്റ് ആക്ഷൻ റിക്വയേഡ്..... ഫാളിൻ ക്യാപ്റ്റൻ ജിക്കൂ!” അച്ചായ് അലറി.

അടുത്ത നിമിഷം ക്യാപ്റ്റൻ ഓൺ ഹിസ് ഹീൽസ്!

എന്നാൽ ജിക്കുഭായിയുടെ അന്വേഷണത്തിൽ തെളിഞ്ഞ വിവരങ്ങൾ ഒട്ടും ആശാവഹമായിരുന്നില്ല. ആദ്യദിവസം ലിഫ്റ്റിനരികിൽ കണ്ട സർദാർജിയുടെ പെറ്റാണത്രെ ആ‍ പൂവൻ. ആൺ മക്കളില്ലാത്ത അയാൾ അതിനെ പുത്രനു തുല്യം സ്നേഹിക്കുന്നു! വിൽക്കാൻ ഒരു സാധ്യതയുമില്ല. കുൽവന്ത് സിങ്ങ് എന്നാണ് സർദാർജിയുടെ പേര്.

“ഏതു കുല വന്ത സിങ്ങമായാലും ശരി, അവന്റെ പൂ‍വനെ എനിക്കു വേണം!” അച്ചായ:  ഉവാച.
“അതു നടക്കില്ല മോനേ”ജിക്കുഭായ് പറഞ്ഞു.

കീഴടങ്ങാൻ തയ്യാറായിരുന്നില്ല അച്ചായ്. ഒരാഴ്ചയായി കൊതിച്ചു വലഞ്ഞ് താനൊരു ‘മാംസദാഹി’യായി മാറിയിരിക്കുകയാണെന്നും, തന്നെ തടഞ്ഞാൽ ഫലം വിനാശകരമായിരിക്കുമെന്നും ആ മഹാൻ പ്രഖ്യാപിച്ചു.

അച്ചായന് കോഴി എന്നു വച്ചാൽ ജീവനാണ്. സ്വന്തം ജീവൻ കൊടുത്തും അവനെ സ്വന്തമാക്കും. പിന്നെ ഏമ്പക്കം പോകുന്നതു വരെ  ഒരു പരവേശമാണ്. അവൻ ദഹിച്ച് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാറിയാലേ, ഏമ്പക്കം വരൂ.....!

കുടുംബപരമായി മഹാത്മാഗാന്ധിയുടെ ആരാധകൻ ഒക്കെയാണെങ്കിലും സസ്യാഹാരപ്രേമം എന്ന വീക്‌നെസ് അദ്ദേഹത്തിനില്ല. അതിൽ പശ്ചാത്താപവുമില്ല.

ഇതൊന്നും വെറുതേ പറയുന്നതല്ല. വേദവാക്യമുണ്ട്. അതിനു സദൃശവാക്യവുമുണ്ട്. “കൊന്നാൽ പാപം തിന്നാൽ പോകും” എന്നതത്രെ ആ വാക്യം!

വേദം ഒക്കെ ഉദ്ധരിച്ചതോടെ, ജിക്കു ഭായ് പെട്ടു. അച്ചായ് അചഞ്ചൽ രഹാ. ഒടുവിൽ രണ്ടാളും കൂടി അപ്പാർട്ട്മെന്റ്റ് മുഴുവൻ ഒന്നു ചുറ്റിനടന്നു കണ്ടു.

രണ്ടു മലയാളത്താന്മാർ പമ്മിനടക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റിലെ ശിവശങ്കരമൂർത്തിയിൽ ചില സംശയങ്ങളുണർത്തിയെങ്കിലും ജിക്കു ഭായ് അതൊക്കെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു.  ഭയങ്കര മുരുകഭക്തനാ മൂർത്തി.

പളനിയിൽ മാത്രമല്ല മരുതമലയിലും താൻ പോയിട്ടുണ്ടെന്ന് ക്യാപ്റ്റൻ തട്ടിവിട്ടു.  തെളിവിനായി ഒരു പാട്ടും പാടി. “മറുതമലൈ മാമുനിയേ മുറുകയ്യാ......!” അതോടെ ആൾ വീണു.

കുലവന്ത സിംഹത്തിന്റെ മടയിലെത്തി. പുറമെ ആരുമില്ല്ല. തുറന്നു കിടന്ന വാതിലിലൂടെ പൂവൻ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു.  സിംഹം പുറത്തു പോയിരിക്കുകയാണ്. സിംഹി അകത്തെവിടെയോ ഉണ്ട്.

സംഗതികളുടെ കിടപ്പുവശവും, പൂവന്റെ നടപ്പുവശവും മനസ്സിലാക്കാൻ അച്ചായന് മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.

പൂവൻ പുറത്തുവരാൻ കാത്തു നിന്നു. അവൻ പുറത്തു വന്നതോടെ അച്ചായ് വാതിൽ അടച്ചു. പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മിനിമം ഒച്ചപ്പാടോടെ അവന്റെ കഴുത്ത് കൈപ്പിടിയിലാക്കി. ക്ലോക്ക്‌വൈസ് നാലു തിരി...... പൂവൻ സൈലന്റ്!

ജിക്കുഭായിയുടെ ഹൃദയം പടപടാ മിടിച്ചു. ആരെങ്കിലും കണ്ടാൽ അപ്പോ തീർന്നു, മാനം! എന്നാൽ ഒപ്പമുള്ള ‘മാംസദാഹി’യുണ്ടോ കുലുങ്ങുന്നു..... ഒറ്റ മിനിറ്റു കൊണ്ട് ലിഫ്റ്റിൽ കയറി. റൂമിലെത്തി. ക്യാപ്റ്റൻ ദീർഘനിശ്വാസം ഉതിർത്തു. ഒരു കുപ്പി വെള്ളം കുടിച്ചു.

പക്ഷേ അച്ചായൻ ആത്മാർത്ഥതയുള്ളവനായിരുന്നു. പപ്പും പൂടയും പറിച്ച് നിമിഷങ്ങൾക്കുള്ളിൽ പൂവനെ ഡ്രെസ് ചെയ്തു കുട്ടപ്പനാക്കി. ഒരു സർജന്റെ വൈദഗ്‌ധ്യത്തോടെ അവനുമേൽ കത്തി പായിച്ചു. കാലുകൾ രണ്ടും സർജറിക്കു വിധേയമാക്കി. നല്ല ഷെയ്പ്പിൽ മുറിച്ചെടുത്തു. അത് ഫ്രൈ ചെയ്യാൻ !      ബാക്കി വൃത്തിയായി നുറുക്കിയെടുത്തു. അത് കറി വയ്ക്കാൻ !

എന്നിട്ട് തൈരു കൊണ്ടു വരാൻ  ജിക്കുഭാ‍യിക്ക് ഓർഡർ കൊടുത്തു. കാലും,കഷണങ്ങളും തൈരിൽ കുഴച്ചു വച്ചു. പൂവൻ ആള് സീനിയറാ.... മുറ്റിയ ഇറച്ചി സോഫ്റ്റാക്കാൻ ഇതാ ടെക്ക്‌നിക്ക്.

“ഇനി നമുക്ക് പുറത്തുപോയി ചിക്കൻ മസാല വാങ്ങിവരാം!” അച്ചായ് ഉവാച. ഹോസ്റ്റൽ വാസത്തോടെ ചിക്കന്റെ രുചിയറിഞ്ഞ ജിക്കു ഭായിയുടെ കണ്ട്രോളും പോയി!

ഫ്ലാറ്റിൽ നിന്ന് രണ്ടാളും പറന്നിറങ്ങി, മസാലയുമായ് പറന്നെത്തി.

ജനലും വാതിലും, എന്തിന് വെന്റിലേഷൻ വരെ അടച്ചിടാൻ അച്ചായൻ ആവശ്യപ്പെട്ടു. ജിക്കു ഭായ്  ഫസ്റ്റ് ഒബെയ്‌ഡ് ആൻഡ് ദെൻ ക്വെസ്റ്റ്യൻഡ് “എന്തിനാ എല്ലാം അടച്ചിടുന്നേ?”

“മോനേ പുലിക്കുഞ്ഞേ, സിങ്ങന്മാരുടെ ഘ്രാണശക്തി നിനക്കറിയാമ്മേലാ..... ആ കുലവന്ത സിങ്ങം എങ്ങാനും ഇതു മണത്തറിഞ്ഞാ, നമ്മടെകാര്യം കട്ടപ്പൊക!”

അച്ചായൻ ആസ്വദിച്ച് പാചകം ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ മേശപ്പുറത്ത് കറിവേറേ, ഫ്രൈ വേറെ!

പഞ്ചാബി ചിക്കന്റെ രുചിയിൽ രണ്ടാളും മൂക്കു മുട്ടെ തിന്നു. മമ്മിജി ഉണ്ടാക്കി വച്ചുപോയ ചപ്പാത്തി മുഴുവൻ കാലി!

വൃത്തിയായി ഊറിയെടുത്ത എല്ലുകൾ മാത്രം ബാക്കി.

മുറി വൃത്തിയാക്കി, ഫാൻ ഓൺ ചെയ്ത് ജനൽ തുറന്നിട്ടു.

എന്നിട്ട് ഒരു കൂട് ചന്ദനത്തിരി കത്തിച്ചു വച്ച് ജനലും കതകും അടച്ചു.

ഓരോ ഏമ്പക്കം കൂടി വിട്ടതോടെ ‘പൂർണകുമ്പൻ’മാർക്ക് തൊട്ടടുത്ത ബീച്ചിൽ പോയാൽ എന്തെന്നായി.

“കൊന്നാൽ പാപം തിന്നാ‍ൽ പോമെടി മറിയേ...... അതു തിന്നാൽ പോമെടി മറിയേ.....” അച്ചായൻ പാടി.

“പാപം മറിച്ചിട്ടാൽ പമ്പാ.... സർവ പാപ നാശിനി പമ്പാ.....” ജിക്കു ഭായ് ഒരു ഭക്തിഗാനം പാടി!

അങ്ങനെ പാപം മറിച്ചിട്ട്   ബോംബെ മറൈൻ ഡ്രൈവിലെ പമ്പാതീരത്തെത്തി കാഴ്ചകൾ ഒക്കെകണ്ട് മടങ്ങിവരവേ ആണ്  സർദാർജിയുടെ വരവ്. വെടിച്ചില്ലു പോലെ തുളച്ചു കയറുന്ന ഒരു ചോദ്യവുമായി. “മേരാ മുർഗാ കോ ദേഖാ ക്യാ!!??”

കാര്യം, ഹിന്ദിയൊന്നും അറിയാമ്മേലാ എങ്കിലും അഞ്ചാറു ഭാഷകളിൽ കോഴിക്കു പറയുന്ന പേര് അച്ചായനറിയാം. പൂച്ചു പുറത്തായോ എന്നോർത്ത് അമ്പരന്നിരിക്കുകയായിരുന്ന ജിക്കുഭായിയെ ഞെട്ടിച്ചു കൊണ്ട് അച്ചായൻ പറഞ്ഞു.

“ആ..... ഞങ്ങക്കെങ്ങും അറിയാമ്മേല. ആ  ശിവശങ്കരമൂർത്തിയുടെ വീട്ടിലെങ്ങാനും തപ്പ്.  സദാ ‘മുർഗാ മുർഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!”

മലയാളത്തിലായതുകൊണ്ട്  ഒന്നും പിടികിട്ടാതെ നിന്നു സർദാർജി.

ജീവൻ തിരിച്ചു കിട്ടിയ ജിക്കു ഭായ് ഇടപെട്ടു.

“ഹമേ കുച്ഛ്  പതാ നഹി ജി...... പർ.... പർ......”

“ഹാ.... പർ... പർ... ബോലോ, സച്ച് സച്ച് ബോലോ...”

“ജീ... വോ.....  വോ....ഷിവ് ഷങ്കർ മൂർത്തി ഹേ നാ, ബാജൂവാലാ.... വോ ഹമേഷാ ‘മുർഗാ മുർഗാ’ ബോൽ കേ ഘൂം രഹാ ഥാ ഉധർ......    ബാക്കി കുച്ഛ് ഹമെ പതാ നഹി....!”

“സാലാ  മദ്രാസീ...!” കുലവന്തൻ മൂർത്തിയുടെ ഫ്ലാറ്റിലേക്ക് പാഞ്ഞു.

ചെന്നനേരം സ്വാമി സന്ധ്യാപൂജയുമൊക്കെ കഴിഞ്ഞ് ഇഷ്ടദൈവത്തെ സ്മരിച്ച് “മുറുഗാ മുറുഗാ” എന്നു ജപിച്ച് വരാന്തയിൽ ഉലാത്തുന്നു. കുടവയർ തടവി “മുറുഗാ മുറുഗാ” എന്നു മുറുമുറുക്കുന്ന സ്വാമിയെ ഒരു ക്ഷണമേ സിങ്ങൻ നോക്കിയുള്ളു. ഒറ്റ അലർച്ചയായിരുന്നു പിന്നെ.
“സാലേ! തൂ മേരാ മുർഗാ കൊ ഖാ ലിയാ??”

ഒന്നും പിടികിട്ടാതെ സ്വാമി വീണ്ടും “മുറുഗാ മുറുഗാ” എന്നു ജപിച്ചു.

ക്ഷണനേരത്തിനുള്ളിൽ കുലവന്തൻ അലറിയടുത്തു. അടിവയറ്റിൽ നാലു തൊഴിയും മർമ്മഭേദകമായ മറ്റൊരു ക്രിയയും. താഡന പൂജയും മണിയടിയും സിങ്ങൻ രണ്ടു മിനിറ്റിൽ പൂർത്തിയാക്കി.

ഇടിയും തൊഴിയുമെല്ലാം സ്വീകരിച്ച് മൂത്രമൊഴിക്കാൻ വിഷമിച്ച് മൂർത്തി വാ തുറന്നു.
“കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!”

ക്യാപ്റ്റൻ ആൻഡ് അച്ചായ് വിറച്ചു. തീറ്റയ്ക്കു ശേഷം മുറിതുറന്നപ്പോൾ കുക്കുടഗന്ധം തമിഴനു കിട്ടിക്കാണും !

"യുവർ ചിക്കൻ.... ദ മലയാളി ബായ്‌സ്..... കിൽ... കറി....." സ്വാമി പറഞ്ഞൊപ്പിച്ചു.

“സേർച്ച് ദ ഫ്ലാറ്റ്! ” രക്തവദനനായി സിംഹം അലറി.

മുറി തുറന്നപ്പോൾ ചന്ദനസുഗന്ധം. നിഷ്കളങ്കരായി നിന്ന അച്ചായ് ഔർ ഭായ് ബഹുത് ഖുഷ്.
പക്ഷേ മണത്തുനടന്ന സിംഹം ഒരു പ്ലാസ്റ്റിക് കവർ കണ്ടെടുത്തു. അതിനുള്ളിൽ എല്ലിൻ കഷണങ്ങൾ!

മളയാളത്താന്മാർ കുടുങ്ങി. സിംഹത്തിനു മുന്നിൽ പുലിക്കുട്ടിയ്ക്കും കടുവാക്കുട്ടിയ്ക്കും മുട്ടിടിച്ചു.
പുറത്തുപോകും വഴി വെയ്സ്റ്റ് കൊണ്ടുപോയിക്കളയാൻ നിറവയറന്മാർ മറന്നു പോയിരുന്നു!
ബഹളം കേട്ട് ചുറ്റുപാടുമുള്ള താമസക്കാർ തടിച്ചുകൂടി. മൊത്തത്തിൽ  ശിവസൈനികന്മാരുടെ ഒരു താവളമായിരുന്നു അത് !

സർദാർജിയുടെ നിരപരാധിയായ കോഴിയെ മോഷ്ടിച്ച് നിഷ്കരുണം കണ്ടിച്ച് കറിവച്ച മലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യമുയർന്നു. കേട്ടവർ കേട്ടവർ ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്തു വിരൽ വച്ചു. സംഗതി പന്തിയല്ലെന്ന് അച്ചായനു മനസ്സിലായി. പിന്നൊരു നിമിഷം പാഴാക്കിയില്ല.

വെട്ടിയിട്ട വാഴത്തടിപോലെ അച്ചായൻ സർദാർജിയുടെ കാൽക്കലേക്കൊരു വീഴ്ച!

“മാപ്പ് സർദാർജീ... മാപ്പ്....!”

അടുത്ത നിമിഷം ജിക്കുഭായിയുടെ തടിയും സിംഹത്തിന്റെ കാൽക്കൽ. കരച്ചിലോടു കരച്ചിൽ..... കണ്ണീർ പ്രവാഹം!

ആകെ വികാരഭരിതനായ സർദാർജി എന്തു ചെയ്യണം എന്നറിയാതെ നിന്നു.

സിക്കുകാരെ മുഴുവൻ അപമാനിച്ചു, ഈ മദ്രാസികൾ എന്നായി ചില സിക്കന്മാർ.

ഹിന്ദുധർമസംസ്ഥാപനാർത്ഥം അയൽക്കാരനായ ശിവസൈനികൻ ഇടപെട്ടു. (അച്ചായ് എന്ന നസ്രാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!)

നഷ്ടപരിഹാരമായി സർദാർജിക്ക് 200 രൂപ.

പാപപരിഹാരാർത്ഥം പ്രായശ്ചിത്തം ഷിവ് ജി കേ മന്ദിർ മേ പൂജാ.... സത് സംഗ്!

സിംഹത്തിന്റെ കാൽച്ചുവട്ടിൽ കിടന്ന്  മദ്രാസികൾ തലയാട്ടി. മറ്റെന്തു വഴി! അറുപിശുക്കൻ അച്ചായന്റെ പെട്ടിയിൽ ഭദ്രമായിരുന്ന ഇരുനൂറു രൂപ സ്വാഹാ!

“സീധാ ജാവോ ഷിവ് ജീ കാ മന്ദിർ! ”

അവിടെയെത്തി. പൂജാരിയില്ല. ശിവസൈനികൻ തന്നെ കാർമ്മികത്വം ഏറ്റെടുത്തു. കർപ്പൂരം കത്തിച്ചു. ആരതിയുഴിഞ്ഞു. സൈനികൻ മന്ത്രം ചൊല്ലി. ഏറ്റുചൊല്ലണം.

“ഈശായ നമ:
ജഗദീശായ നമ:
പരമേശായ നമ:
ഭുവനേശായ നമ:”

 അച്ചായന്റെ ചങ്കു പതറി. എന്തൊക്കെയായാലും താനൊരു സത്യകൃസ്ത്യാനിയല്ലേ...? ജപിച്ചില്ലേൽ ഇവന്മാർ വച്ചേക്കില്ല. ഈശോയേ, ഞാനെന്നാ ചെയ്യും! ഇവനു മുന്നിൽ തോൽക്കാൻ പാടുണ്ടോ?

“യേ സാലാ ചുപ് ക്യും? അബേ മന്ത്ര്‌ ബോൽ!” സൈനികൻ അലറി.

കുഴപ്പമുണ്ടാക്കല്ലേ എന്ന് ജിക്കുഭായ് കണ്ണുകളാൽ യാചിച്ചു.

അച്ചായൻ കണ്ണിറുക്കി.  അനന്തരം ഇമകളടച്ച് മന്ത്രിക്കാൻ തുടങ്ങി

ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

സംതൃപ്തനായ സൈനികൻ പോയി.

വലതുകാൽ വച്ച് ഫ്ലാറ്റിൽ കയറുമ്പോൾ അച്ചായൻ പറഞ്ഞു.

“ഈശോയെ വിട്ടൊരു കളിയില്ല മോനേ!”

ജിക്കു ഭായ്  അച്ചായ് തിരുവടികളുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്;  പേരുകൾ ശരി എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!

Sunday, May 8, 2011

ഷിമോൺ ദ പാപ്പച്ചൻ !

കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാടിനെപ്പറ്റിയുള്ള കഥയാണിത്.

പണ്ടുപണ്ടൊരു കാലത്ത്, ഏതോ ഒരു ഹോസ്റ്റലിൽ ഷിമോൺ പാപ്പച്ചൻ എന്നൊരു യുവാവ് താമസിച്ചിരുന്നു. വന്നു കയറിയ നാളുകളിൽത്തന്നെ, ഹോസ്റ്റൽ വാസികളുടെ പേടിസ്വപ്നമായിരുന്നു ഷിമോൺ. കറുത്തു തടിച്ച ശരീരം. കട്ടിക്കണ്ണട. അതിനുള്ളിലൂടെ തുളഞ്ഞു വരുന്ന തുറിച്ച നോട്ടം. ടൈറ്റ് പാന്റ്സ്, ഷർട്ട്. മൊത്തത്തിൽ ഒരു വശപ്പെശക് ലുക്ക്. ഒറ്റനോട്ടത്തിൽ ഘടോൽക്കചന്റെ അനന്തിരവൻ ഘടാഘടിയൻ!

കോഴ്സ് തുടങ്ങി അല്പകാലം കഴിഞ്ഞാണ് ആൾ എത്തിയത്. വേറേ ഏതോ കോഴ്സ് പാതി വഴി ഉപേക്ഷിച്ചാണ്  ഇവിടെ എത്തിയത്. അപ്പോഴേക്കും മറ്റു ക്ലാസ്മേറ്റുകൾ തമ്മിൽ ചിരപരിചിതരായികഴിഞ്ഞിരുന്നു. അതു മനസ്സിലാക്കിയിട്ടാവും, തനിക്കു ചുറ്റും എപ്പോഴും ഒരു നിഗൂഢത കാത്തു സൂക്ഷിച്ചിരുന്നു, ഘടാഘടിയൻ.

ചിലപ്പോൾ നിന്നനിലയിൽ അപ്രത്യക്ഷനാകും . പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് വിയർത്തുകുളിച്ച് പ്രത്യക്ഷപ്പെടും. നേരെപോയി കുളിച്ച് കിടന്നുറങ്ങും. ആൾ എവിടെപ്പോകുന്നെന്നോ, എന്തു ചെയ്യുന്നെന്നോ ആർക്കും ഒരു പിടിയും ഇല്ല. നിഗൂഢത മുറ്റി വന്നെങ്കിലും, വെട്ടുപോത്തിന്റെ മട്ടും ഭാവവും കാരണം സീനിയേഴ്സ് പോലും അവനോട് മുട്ടിയിരുന്നില്ല.

മാസങ്ങൾ ഇഴഞ്ഞിഴഞ്ഞ് കടന്നുപോയ്ക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം അതിയാന്റെ മുറിയിലെ വെള്ളതേച്ച ചുമരുകളിൽ ചുവന്ന അക്ഷരത്തിൽ ചില ലിഖിതങ്ങൾ പ്രത്യക്ഷപ്പെട്ടു.
അവ ഇങ്ങനെയായിരുന്നു.

GINKA

HITOTSU

BENHUR

ഇതിന്റെയൊക്കെ അർത്ഥമോ, എഴുതി വച്ചതിന്റെ ഉദ്ദേശമോ, ഇന്നോളം ആർക്കും പിടികിട്ടിയിട്ടില്ല.ആകെ പിടികിട്ടിയത് ഇത്ര മാത്രം. ഈ അക്ഷരങ്ങൾ ഷിമോൺ തന്റെ സ്വന്തം രക്തത്തിൽ മുക്കി എഴുതിയതാണ്!

എന്നാൽ, ഈ വിവരം ആർക്ക് ആരിൽ നിന്നു കിട്ടി എന്നത് ഹോസ്റ്റലിൽ ആർക്കുമറിയില്ലായിരുന്നു!!

റൂം മേറ്റ് നാട്ടിൽ പോയിരുന്നതു കാരണം തലേന്നു രാത്രി മുറിയിൽ മറ്റാരുമില്ലായിരുന്നു.
ഇത്രയൊന്നും പോരാ എന്നു തോന്നിയിട്ടാവണം  അടുത്ത ദിവസം ചുവന്ന നിറത്തിൽ ഒരു കൈപ്പത്തി കൂടി ഭിത്തിയിൽ പ്രത്യക്ഷപ്പെട്ടു. അതോടെ അവന്റെ നിഴൽ കണ്ടാൽ പോലും, ഹോസ്റ്റൽ വാസികളിൽ ദുർബല ഹൃദയരായവർ, വിറയ്ക്കാൻ തുടങ്ങി. ഇനി ഇവനെങ്ങാനും വല്ല നക്സലൈറ്റുമാണോ!

ചോദിക്കാൻ ക്ലാസ് മേറ്റുകൾക്ക് ഭയം.  ക്ഷിപ്രകോപിയാണ് ഷിമോൺ. ഇഷ്ടമല്ലാത്തത് എന്തെങ്കിലും ചോദിച്ചാലുടൻ ചൂടാകും.

സുരേഷ് ഗോപിയുടെ വായിൽ നിന്നു വരും മുൻപ്  ‘ഷിറ്റ്’ ശ്രവിക്കാൻ ഹോസ്റ്റൽ വാസികൾക്ക് അവസരമുണ്ടായത് അങ്ങനെയാണ്. ദേഷ്യം വന്നാൽ തലങ്ങും വിലങ്ങും ഷിറ്റ് പായും.  ഷിറ്റ് !  ഷിറ്റ് !!  ഷിറ്റ് !!!

പ്രത്യേകതകളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. കോളേജിൽ പുതിയ ജൂനിയേഴ്സ് വന്നു.അതോടെ, പൊടുന്നനെ തന്റെ മുറിയിലെ ചുവരെഴുത്തുകൾ കഥാനായകൻ മാറ്റി. അതിങ്ങനെയായിരുന്നു.

SHITO RYU

KATAS

SENSAI SHIMON

ആദ്യ വാക്കിലെ ‘ഷിറ്റോ’കണ്ടപ്പോൾത്തന്നെ, ഓക്കാനം വന്നെങ്കിലും സംഗതി എന്തെന്നു പൂർണമായി അങ്ങു കത്തിയില്ല. ഇതെന്തോ മുട്ടൻ തെറിയാണെന്ന് മാത്രം ഹോസ്റ്റൽ വാസികൾ ഊഹിച്ചു.

പക്ഷേ, തെറിയുടെ അവസാനം ആരെങ്കിലും സ്വന്തം പേരെഴുതി വയ്ക്കുമോ? ആളുകളാകെ കൺഫൂഷ്യം!.

തൊട്ടടുത്ത ദിവസം ആളുടെ മുറിയിൽ, വസ്ത്രങ്ങൾ തൂക്കുന്ന അയയിൽ ചില റിബണുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള - മഞ്ഞ -  പച്ച -  തവിട്ടു കളറുകളിൽ റിബണുകൾ....

അന്നു വൈകുന്നേരം തന്റെ സഹമുറിയനു മുന്നിൽ ഒരു വെള്ളക്കുപ്പായമിട്ട് അരയിൽ തവിട്ടു നിറമുള്ള റിബൺ വലിച്ചുകെട്ടി ഷിമോൺ പ്രത്യക്ഷനായി.

അപ്പോൾ മാത്രമാണ് ഷിമോൺ ഒരു കരാട്ടേ അഭ്യാസി കൂടിയാണെന്ന് മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെട്ടത്.

അയയിൽ തൂങ്ങിയ റിബണുകൾ ഒക്കെ ഓരോ ബെൽറ്റുകളാണ്!
ബ്രൌൺ ബെൽറ്റാണ് ആൾ. ഇനി കിട്ടാനുള്ളത് ബ്ലാക്ക് ബെൽറ്റ് മാത്രം!

ഷിറ്റോ റ്യൂ എന്നത് ഒരു കരാത്തേ സ്റ്റൈൽ ആണത്രെ! കട്ടാസ് എന്നു വച്ചാൽ അതിലെ ചലനക്രമമാണ്. സെൻസായി എന്നു വച്ചാൽ ആശാൻ...!

നാട്ടിൽ നിന്നും വന്നപ്പോൾ നഞ്ചക്ക് കൊണ്ടുവരാൻ മറന്നു പോയത്രെ!

അതോടെ ചങ്ങാതി ഒരു ദാദ ആയി ഹോസ്റ്റലിൽ വിലസാൻ തുടങ്ങി. ആരാധകരായി ജൂനിയർ പയ്യന്മാരുടെ ഒരു കൂട്ടവും.

ഇങ്ങനെയൊക്കെയായ ഷിമോൺ എന്ന കൊലകൊമ്പൻ പിന്നെങ്ങനെയാണ് ഒരു മോഴ ആയിപ്പോയത്!?

അതിനുത്തരം ചെമ്മീനിലെ ആ പഴയ പ്രണയഗാനമാണ്.

കടലിലെ ഓളവും, കരളിലെ മോഹവും
അടങ്ങുകില്ലോമനേ...അട.... ങ്ങുകി ല്ലാ.....!!!

അതെ. അദന്നെ സംഭവം!

ജൂനിയർ ബാച്ചിൽ വന്ന പെൺകിടാങ്ങളിലൊന്നിനെ കണ്ടതോടെ സെൻസായിയുടെ കണ്ട്രോൾ ചോർന്നു.

പേര് ഷീല പൊതുവാൾ. സംഗതി അവന്റെ സൈസിനൊപ്പം നിൽക്കും. യമണ്ടൻ ഫിഗർ. ഗജരാജവിരാജിത മന്ദഗതി!

പക്ഷേ, ഒരു കൊല്ലം പിറകെ നടന്നിട്ടും ഒരു ഗതിയും കിട്ടിയില്ല. നോ മൈൻഡിഫിക്കേഷൻ.
കൊലകൊമ്പനെ വട്ടം ചുറ്റിച്ചുകൊണ്ട്  മദയാന ക്യാമ്പസിൽ മേഞ്ഞുനടന്നു.

പുതിയ റൂം മേറ്റായി ജൂനിയർ ബാച്ചിലെ ഒരു നീർക്കോലിപ്പയ്യൻവന്നുചേർന്നു. ആദ്യമൊക്കെ അവന്റെ വരവ് ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ കരൾക്കാട്ടിൽ മേയുന്ന കാമിനിയിലേക്കുള്ള കടമ്പയായി അവനെ ഉപയോഗിക്കാം എന്ന ചിന്തയിൽ, ആ ഇഷ്ടക്കേട് അലിഞ്ഞുപോയി. നീർക്കോലി, ദാദയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി. ദാദയുടെ ഹൃദയരഹസ്യങ്ങൾ പുറം ലോകമറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

പഴയ കോളേജിൽ നിന്ന് പഠനം നിർത്തി പോരാൻ കാരണം തകർന്നുപോയ ഒരു വൺ വേ പ്രണയമായിരുന്നത്രെ. അവളുടെ തനിപ്പകർപ്പാണത്രെ ഈ ഷീല!

ജൂനിയേഴ്സിന്റെ കണ്ണു തള്ളി!

“സൈസ്  ഡസ്  മാറ്റർ ഡാ.....   ഉം......!” ദാദയുടെ ഇഷ്ടത്തെക്കുറിച്ച് , കണ്ണിറുക്കിക്കൊണ്ട് നീർക്കോലിയുടെ കമന്റ്.

തന്റെ മാർദവമില്ലാത്ത പെരുമാറ്റമാണ് അവൾക്കിഷ്ടപ്പെടാത്തതെന്ന നീർക്കോലിയുടെ അസസ്‌മെന്റ് ഷിമോൺ നിരുപാധികം സ്വീകരിച്ചു.

അതോടെ വെട്ടുപോത്ത് മട്ടിൽ നടന്നിരുന്നവൻ നാട്ടുപോത്തായി. “ഇനി ഒരു ആട്ടിൻ കുട്ടിയാവണം.  ഒടുവിൽ അവളുടെ കയ്യിലെ മാടപ്രാവാകണം....!മൺവീണയാകണം.......... നിൻ വിരൽ തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ..............” ഡയറിക്കുറിപ്പിലൂടെ ഷിമോണിലെ കവിഹൃദയം ഉണർന്നത്  ‘നീർക്കോലീക്ക്സ്’ലൂടെ ലോകം അറിഞ്ഞു.

എന്തായാലും ഇത്രയുമായതോടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ, മണിക്കൂറുകൾക്കു ശേഷം വിയർത്തുകുളിച്ച് മടങ്ങിവരൽ തുടങ്ങിയ നിഗൂഢപ്രവർത്തനങ്ങൾ ഷിമോൺ ദ കാമുകൻ അവസാനിപ്പിച്ചു.

ഒരു ദിവസം, മുൻ കോളേജിൽ താൻ ചെയ്തിരുന്ന വീരസ്യങ്ങൾ അദ്ദേഹം ജൂനിയേഴ്സിനോട് വിവരിച്ചു. താനൊരു ഗായകൻ കൂടിയാണ് എന്നായിരുന്നു വെളിപ്പെടുത്തൽ. എങ്കിൽ ദാദയുടെ ആ കഴിവ് അവൾക്കു മുന്നിൽ പ്രകടിപ്പിക്കണം എന്നായി നീർക്കോലി.

ഒടുവിലൊരു നാൾ, ലഞ്ച് ബ്രെയ്ക്കിൽ, ജൂനിയർ ക്ലാസിലിരുന്ന്, വിജനതയിൽ കണ്ണും നട്ട്, ‘ആഷിഖി’ എന്ന അക്കാലത്തെ ഹിറ്റ് ചിത്രത്തിലെ ഒരു ഗാനം ഷിമോൺ പാടി. “മെ ദുനിയാ ഫുലാ ദൂംഗാ..... ആഷിഖീ കേ ലിയേ...”

ജാസി ഗിഫ്റ്റ് അതുവരെ സിനിമയിൽ പാടിയിട്ടില്ലാതതുകൊണ്ടാവും, ആർക്കും അത് ശ്രവണസുന്ദരമായി തോന്നിയില്ല; പ്രത്യേകിച്ച് ഷീലാ പൊതുവാളിന്. ഗാനം പാതി കഴിഞ്ഞപ്പോൾ തന്നെ അവൾ സ്ഥലം വിട്ടു. പാട്ടുമുഴുമിക്കാതെ, കടന്നൽ കുത്തിയ മുഖവുമായി ദാദയും.

അന്നു വൈകുന്നേരം ഷിമോൺ വീണ്ടും നിന്ന നിൽ‌പ്പിൽ അപ്രത്യക്ഷനായി!

രാത്രിയായപ്പോൾ ആടിയുലഞ്ഞ് മടങ്ങിയെത്തി. നല്ല കള്ളിന്റെ മണം! നീർക്കോലി ആളെ സമാധാനിപ്പിച്ച് മുറിയിൽ കയറി കതകടച്ചു.

ദാദയുടെ അപ്രത്യക്ഷമാകലിന്റെ രഹസ്യം ‘നീർക്കോലീക്ക്‌സ് ’പിറ്റേന്നു വെളിപ്പെടുത്തി. കിലോമീറ്ററുകൾ ദൂരെയുള്ള മുല്ലപ്പൂക്കൾ കൊണ്ടു പന്തലൊരുക്കിയ ഒരു മലർവാടിയിലേക്കാണത്രെ ‘അന്തർദാഹം’തീർക്കാനായി ദാദ ഇടയ്ക്കിടെ മുങ്ങുന്നത്. ഷീല വന്നതോടെ മറ്റൊരു ലഹരി തനിക്കു വേണ്ട എന്ന തീരുമാനത്തിൽ ആ യാത്ര ഉപേക്ഷിച്ചതായിരുന്നു. ഇന്നിപ്പോൾ അവളായിട്ടു തന്നെ അത് പുനരാരംഭിപ്പിച്ചു!

ഏതാണീ മുല്ലപ്പന്തൽ എന്ന് ഹോസ്റ്റലിൽ കൂലങ്കഷമായ ചർച്ചകൾ നടന്നു. എന്നാൽ ആ രഹസ്യം ഷിമോൺ ആരോടും വെളിപ്പെടുത്തിയില്ല.

അടുത്ത ബാച്ച് വന്നു. പുതിയ സുന്ദരിമാർ എത്തി. എന്നിട്ടും ദാദയുടെ കരളിലെ ഓളം അടങ്ങിയില്ല. അത് ഷീലയ്ക്കു ചുറ്റും തന്നെ ചുഴികളുയർത്തിക്കൊണ്ടിരുന്നു. ആർട്ട്സ് കോമ്പറ്റീഷൻസ് തുടങ്ങി.ഷിമോണും ഷീലയും ഒരേ ഹൌസിൽ.അക്കാലത്ത് കപ്പിൾ ഡാൻസ് എന്നൊരു മത്സരം ഉണ്ടായിരുന്നു. ഒന്നുകിൽ രണ്ടും പെണ്ണുങ്ങൾ, അല്ലെങ്കിൽ രണ്ടും ആണുങ്ങൾ ആ‍വും പങ്കെടുക്കുക. ഒരാൾ ആൺ വേഷവും മറ്റെയാൾ പെൺ വേഷവും കെട്ടി ഡാൻസ് കളിക്കും.

ഹൌസിൽ ഇക്കുറി കപ്പിൾ ഡാൻസിനു പറ്റിയ ആൾക്കാർ കുറവ്. ഡാൻസ് അറിയുന്ന പെൺകുട്ടികളൊക്കെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന തുടങ്ങി പലവിധ തിരക്കിൽ.

ഒടുവിൽ നാടകീയമായി ഷിമോൺ പെണ്ണാകാൻ തയ്യാറായി.

പക്ഷേ, ധരിക്കാൻ ഒരു ഫ്രോക്ക് വേണം. ഷീലയാണ് ഹൌസിന്റെ വൈസ് ക്യാപ്റ്റൻ. നീർക്കോലി ഇടനിലക്കാരനായി.

അവൾ സ്വന്തം ഫ്രോക്ക് കൊടുക്കാൻ തയ്യാറായാൽ ഷിമോൺ അതു ധരിച്ച് , സ്വന്തം ടീമിനുവേണ്ടി ഒരു പയ്യനൊപ്പം നർത്തനമാടും!

“ഫൂ! ”      വൈസ് ക്യാപ്റ്റന്റെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു.

അന്നു രാത്രി ഷിമോൺ എഗൈൻ ദ പൂക്കുറ്റി!.

ഏറെ വൈകിയാണ് ആൾ ഹോസ്റ്റലിൽ എത്തിയത്. മുറിയിലേക്കുള്ള വരവു കണ്ടപ്പോൾ തന്നെ, നീർക്കോലി ഭയഭക്തി ബഹുമാനത്തോടെ ഓടിയെത്തി. ഷിമോൺ കട്ടിലിൽ ഇരുന്നു. കാലുകൾ നീട്ടി ഷൂസ് കുടഞ്ഞെറിഞ്ഞു.

തുടർന്ന് അദ്ദേഹം ചെയ്ത ഒരു കൃത്യമാണ് സംഗതി കുഴപ്പിച്ചത്.സോക്സ്  വലിച്ചൂരി ഒന്നു കുടഞ്ഞു. അതിന്റെ പരിമളം നാലുപാടും പരന്നു.

ആപത്ത് മുൻ കൂട്ടിക്കണ്ട് നീർക്കോലി, ഒരു ബക്കറ്റ് എടുത്ത് കട്ടിലിനരികിലേക്കു വച്ചുകൊടുത്തു. വാൾ ഊരിയാൽ അതിൽ വീഴട്ടെ എന്നു കരുതി അവൻ. പക്ഷേ, ഷിമോൺ കൈകൾ വായുവിലുയർത്തി പിന്നിലേക്കാന്ന്  മൂരി നിവർന്നു.

നിമിഷങ്ങൾക്കുള്ളിൽ നീട്ടിവച്ച ബക്കറ്റിലേക്കു കൈകൾ കുത്തി, വാഴപ്പിണ്ടി വണ്ണത്തിൽ വാളൊരെണ്ണം ജൂനിയറിന്റെ കാൽക്കൽ അർപ്പിച്ചു.

ഘടാഘടിയൻ വാളിനു മീതെ!

കഷ്ടകാലത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.......

പക്ഷേ, ശരിക്കും കഷ്ടകാലം എന്തെന്നറിഞ്ഞത് കോളേജിൽ ഒരു കുറിയ പയ്യൻ അഡ്‌മിഷൻ  എടുത്തതോടെയാണ്. ദേശീയ ജൂഡൊ താരമാണത്രെ ഈ ‘കുറുമാൻ’! കരാത്തേയും, കുങ്‌ഫൂവും കൂടി പഠിച്ചിട്ടുണ്ടു പോലും!

വന്നപ്പോൾ തന്നെ കരാത്തേ വിദഗ്‌ധനായ ഒരു ചേട്ടായി ഇവിടുണ്ടെന്നും പോയി കാണണമെന്നും അവനോട് ആരോ പറഞ്ഞു. രാത്രി കുറുമാൻ മുറിയിലെത്തി ചേട്ടായിയെ കണ്ടു. പിന്നെ അര മണിക്കൂർ അവർ മുറി അടച്ചിട്ട് സംസാരിച്ചു.

മൂന്നാമനായി നീർക്കോലി മാത്രം. കുറച്ചു കഴിഞ്ഞ്  നിശ്ശബ്ദനായി ജൂനിയർ പോയി. എന്നാൽ പിറ്റേന്നത്തെ നീർക്കോലീക്ക്‌സ് ഹോസ്റ്റൽ ഇളക്കി മറിച്ചു!

മുറിയിൽ വന്ന പയ്യൻസിനോട് ഷിമോൺ കുറേ ജാഡ ഡയലോഗുകൾ അടിച്ചു എന്നും, ഫൈറ്റ് ചെയ്യാൻ വെല്ലുവിളിച്ചു എന്നും, സഹി കെട്ടപ്പോൾ ജൂനിയർ അതിനു തയ്യാറായി എന്നും, തുടയ്ക്കടിച്ചു പോരിനു വിളിച്ച ചേട്ടായിയെ കുഞ്ഞൻ ഞൊടിയിടയിൽ മലർത്തിയടിച്ചു എന്നും, ചേട്ടായി കാലിൽ വീണ് നാണം കെടുത്തരുത് എന്ന് അപേക്ഷിച്ചു എന്നും, കുഞ്ഞൻ അതു സമ്മതിച്ചു എന്നും, ഈ രഹസ്യം12 മണിക്കൂറായി തന്റെ ഹൃദയം മഥിച്ചു എന്നും, ഇനി പിടിച്ചു നിർത്താൻ കഴിവില്ലാത്തതു മൂലം വെളിപ്പെടുത്തുകയാണെന്നും, ഇന്നുതന്നെ താൻ റൂം മാറുകയാണെന്നും ‘നീർക്കോസ്’ വെളിപ്പെടുത്തി!

അയയിൽ തൂക്കിയിട്ടിരുന്നതിൽ വൈറ്റ് ബെൽറ്റ് മാത്രമെ ഒറിജിനൽ ഉണ്ടായിരുന്നുള്ളുവത്രെ!
ബാക്കിയൊക്കെ ഒറിജിനൽ റിബണുകൾ തന്നെ!

എന്തായാലും ഈ ബ്രെയ്ക്കിംഗ് ന്യൂസോടെ ഷിമോൺ കാറ്റുപോയ ബലൂൺ പോലെയായി. നീർക്കോലിയുടെ ചതി ദാദയെ അടിപതറിച്ചു കളഞ്ഞു.

വാർത്ത ലേഡീസ് ഹോസ്റ്റലിലും എത്തി. കുഞ്ഞൻ, ചേട്ടായിയെ മലർത്തിയ കഥ കേട്ട് ഷീല പൊട്ടിപ്പൊട്ടിച്ചിരിച്ചു എന്ന പോപ്പ് അപ് ന്യൂസ് കൂടി കിട്ടിയതോടെ ‘സെൻസായി’ സെന്റിയായി!

“ ഷീല പോയാൽ യുവറാണി!  ദാദ വെഷമിക്കല്ല്‌ ! ” അവശേഷിച്ച ഒരു ജൂനിയർ ആരാധകൻ പറഞ്ഞു.

അവനെയും കൂട്ടി ചേട്ടായി നേരേ ഹോട്ടൽ യുവറാണിയിലേക്ക്.

തിരിച്ച് ജംഗ്ഷനിൽ വണ്ടിയിറങ്ങുമ്പോൾ സമയം പതിനൊന്നര.

കാലിയായ ഓട്ടോസ്റ്റാന്റിൽ രാത്രി ആളുകൾ മൂത്രമൊഴിക്കുന്നതു തടയാനായി, ചിത്രകാരനായ ഒരു ഡ്രൈവർ, കരുണാമയനായ യേശുദേവന്റെ ഒരു ചിത്രം വരഞ്ഞു വച്ചിരുന്നു.

പകൽ ഓട്ടോനിര കാരണം മറഞ്ഞിരിക്കുന്ന ചിത്രമായതിനാൽ,  അന്നുരാത്രിയാണ് കർത്താവിന് ഷിമോൺ ആദ്യമായി ദർശനം നൽകിയത്.

നൃത്തച്ചുവടുകളുമായി തനിക്കുനേരേ തത്തിത്തത്തിവന്ന കുഞ്ഞാടിനുനേരേ ഈശോ അനുകമ്പാർദ്രനായി നിലകൊണ്ടു.

കർത്താവേ! നീയെന്നോടു പൊറുക്കണം എന്നു പറയണം എന്നാണ് ഷിമോൺ മനസ്സിൽ പ്ലാൻ ചെയ്തതെങ്കിലും കൂട്ടുകാർ കേട്ടത് ബ്ലബ്ല...ബ്ലാ‍ഹ് എന്നൊരലർച്ചയായിരുന്നു.

കരുണാമയനു മുന്നിൽ വാളൂരിയർപ്പിച്ച് ഷിമോൺ മുട്ടുകുത്തി. എന്നിട്ട് സാഷ്ടാംഗം നമിച്ച് നിലത്തു വീണു. കർത്താവ് മൂന്നാം ദിനമേ ഉയിർത്തുള്ളു എങ്കിലും, ഷിമോൺ തപ്പിത്തടഞ്ഞ്,  മൂന്നു മിനിറ്റിനുള്ളിൽ ഉയിർത്തെണീറ്റു.

പൊതുസ്ഥലത്ത് ആദ്യത്തെ വാൾ! അതുകൊണ്ട് ഒരു ഗുണമുണ്ടായി.
വിവാഹത്തിനു മുൻപു തന്നെ തന്റെ കാമുകിയുടെ സർ നെയിം ഷിമോൺ കരസ്ഥമാക്കി.
ഷിമോൺ ദ പൊതുവാൾ!

ഒരാഴ്ച കഴിഞ്ഞപ്പോൾ, സെക്കൻഡ് ഇയർ റിസൽറ്റ് വന്നു. ഷിമോൺ ‘തനി’യടിച്ചു. ഒരു പേപ്പറും കിട്ടാതെ പോകുന്നതിനാണ് തനി എന്നു പറയുന്നത്. അതോടെ താൻ നന്നാവാൻ പോവുകയാണെന്നും, മദ്യം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും ആ മഹാൻ പ്രഖ്യാപിച്ചു. കാരണം മറ്റൊന്നുമല്ല, ഫസ്റ്റ് ഇയറിലും ആൾ ‘തനി’ആയിരുന്നു!

അടുത്ത ചാൻസിൽ പേപ്പറുകൾ പൊക്കിയില്ലെങ്കിൽ കോഴ്സിൽ നിന്നു തന്നെ ഔട്ടാകും.

ഹീറോ കഠിനമായ നിയന്ത്രണത്തോടെ ജീവിക്കാ‍ൻ തുടങ്ങി. കൂട്ടിനായി മറ്റു ചില സപ്ലി കുഞ്ഞാടുകളേയും കിട്ടി. അവർ ഒരു മുറിയിൽ രാപ്പാർക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ, ഗാന്ധിജിയുടെ സിദ്ധാന്തങ്ങളിൽ താൻ ആകൃഷ്ടനായിരിക്കുകയാണെന്ന് ഷിമോൺ പൊതുവാൾ അഭിപ്രായപ്പെട്ടു. വിദേശവസ്ത്രങ്ങൾ ഒക്കെ ഉപേക്ഷിച്ചു. ഷൂസ്,  ചെരുപ്പ് എന്നിവ ഉപേക്ഷിച്ചു. സാദാ മുണ്ടും ഷർട്ടുമായി വേഷം. ഹോസ്റ്റലിനുള്ളിൽ പലപ്പോഴും ഒറ്റമുണ്ടോ, ചിലപ്പോൾ ഒരു തോർത്തോ, മാത്രം ഉടുത്ത് ആൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കുഞ്ഞാടുകൾ അതൊക്കെ അനുകരിച്ചു.

സപ്ലി പരീക്ഷകൾ കഴിഞ്ഞു. ഒക്ടോബർ മാസം വന്നെത്തി.
ഗാന്ധിജയന്തി ആചരിക്കാൻ ഷിമോൺ ദ ഗാന്ധി തീരുമാനിച്ചു.
ഒക്ടോബർ രണ്ടാം തീയതി വന്നെത്തി.

തന്റെ മൂന്നംഗ അനുയായി വൃന്ദത്തോടോപ്പം ഷിമോൺ രാവിലെ മുതൽ റൂം ക്ലീനിംഗ് തുടങ്ങി. പിന്നെ ഹോസ്റ്റൽ പരിസരം. നേതാവും അനുയായികളും തോർത്തു മാത്രമുടുത്താണ് ശുചീകരണം.
ദാഹമകറ്റാൻ മൺകലങ്ങളിൽ ശേഖരിച്ചു വച്ച കഞ്ഞിവെള്ളം, അതു കോരിക്കുടിക്കാൻ ചിരട്ടകൾ....... 

സേവനം ഒന്നു മാത്രമാണ് ലക്ഷ്യം എന്ന് ഇടയ്ക്കിടെ ‘തോർത്ത് ഗാന്ധി’ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
അനുയായികൾ കർമ്മനിരതരായിരുന്നു. അവർ കാടും പടലും വെട്ടി. പാറകൾ കുത്തിപ്പൊട്ടിച്ചു.
ദാഹം തോന്നുമ്പോഴൊക്കെ കഞ്ഞിവെള്ളം കുടിക്കുകയും, മൂത്രമൊഴിക്കാൻ തോന്നുമ്പോഴൊക്കെ അതു നിർവഹിക്കുകയും ചെയ്തു. അക്കാര്യത്തിൽ തോർത്ത് എന്ന വസ്ത്രത്തിന്റെ പ്രയോജനവും, മഹത്വവും തോർത്ത് ഗാന്ധിമാർ വാഴ്ത്തി. 
ഉച്ചയോടടുപ്പിച്ചായപ്പോൾ, ഹോസ്റ്റൽ പരിസരം ചപ്പു ചവറും, കാടും പടലും കൊണ്ടു നിറഞ്ഞു. വഴിയിലൊക്കെ കൂറ്റൻ കല്ലുകൾ... സേവകർ  അല്പാല്പമായി ഉഴപ്പാൻ തുടങ്ങി. വർത്തമാനം കുഴയാൻ തുടങ്ങി.

ഹോസ്റ്റലിലെ സംശയദൃക്കുകൾ ചാരപ്രവർത്തനം തുടങ്ങി.
നേതാവിന്റെ മുറി അവർ പരിശോധിച്ചു. അവിടെ അതാ, നാലു മൺകലങ്ങൾ.... നാലും കാലി. എന്തെങ്കിലും തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കഞ്ഞിക്കുടങ്ങൾ മണത്തുനോക്കിയ ചാരന്മാർ ഞെട്ടി!

അവരുടെ മൂക്കുകൾ ത്രസിച്ചു. രണ്ടിനും ഒരേ നിറമാണെങ്കിലും, കഞ്ഞിവെള്ളത്തിന്റെയും കള്ളിന്റെയും മണം തമ്മിലുള്ള വ്യത്യാസം ചാരമൂക്കുകൾക്കൊരിക്കലും തെറ്റില്ല. ചതി! കൊടും ചതി!!
തോർത്ത് ഗാന്ധിമാർ വിചാരണ ചെയ്യപ്പെട്ടു.

‘ളളിത വസ്രം ദരിച്ചതും’, ‘സേവനം’ നടത്തിയതും ഒരു തെറ്റാണോ എന്ന് ഷിമോൺ ദ ഗാന്ധി ചോദിച്ചു. ദാഹം ശമിപ്പിക്കാൻ തനി നാടൻ, ഗ്രാമീണ പാനീയം മാത്രമല്ലേ തങ്ങൾ കഴിച്ചുള്ളൂ? ‘വിദേശ ശക്തികളുടെ’ പ്രലോഭനത്തിൽ നിന്നു താൻ മുക്തനായതിന്റെ തെളിവുകൂടിയാണിതെന്നും, എല്ലാവരും തന്നെ അനുകരിക്കുകയാണു വേണ്ടതെന്നും ആ മഹാൻ ഉദ്ബോധിപ്പിച്ചു.

അദ്ദേഹത്തിന്റെ ഉദ്ബോധനം മറ്റു ഹോസ്റ്റൽ വാസികൾ വാർഡനെ അറിയിക്കുകയും, വാർത്ത കേട്ടു രോമാഞ്ചപുളകിതനായ വാർഡൻ അപ്പോൾ തന്നെ തോർത്ത് ഗാന്ധിയെ നേരിൽ കാണാൻ എത്തുകയും ചെയ്തു. അന്വേഷണത്തിൽ മൺകുടങ്ങൾ വന്നത് മുല്ലപ്പന്തൽ എന്ന മലർവാടിയിൽ നിന്നാണെന്ന് ബോധ്യപ്പെട്ടു.

ഈ മഹത്തായ ‘സേവനം’പരിഗണിച്ച് നാലാളെയും ഹോസ്റ്റലിലെ കഠിന ജീവിതത്തിൽ നിന്ന് വിടുതൽ ചെയ്തതായി വാർഡൻ പ്രഖ്യാപിച്ചു.

ബാക്കി മൂന്നു പേരും പിൽക്കാലത്ത് കോഴ് തുടരുകയും വിജയകരമായി പരിശീലനം പൂർത്തിയാക്കി ജീവിതായോധനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഷിമോണിനെ പിന്നാരും കണ്ടിട്ടില്ല.

നിങ്ങൾക്കാർക്കെങ്കിലും വല്ല വിവരവും ലഭിക്കുകയാണെങ്കിൽ ഷിമോൺ പാപ്പച്ചൻ, ദാ ഇവിടെ ഉണ്ട് എന്നൊരു മെസേജ് അയയ്ക്കുക. കാരണം, പണ്ടുപണ്ടൊരു കാലത്ത് ഏതൊ ഒരു ഹോസ്റ്റലിൽ ഞാനും താമസിച്ചിട്ടുണ്ടല്ലോ!

അപ്പോ, മറക്കണ്ട, എന്റെ നമ്പർ ഡബിൾടു ത്രിബിൾടു ഡബിൾഫൈവ് ത്രിബിൾഫൈവ്!

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മുല്ലപ്പന്തൽ എന്ന് ആരും ഗൂഗിളിൽ സേർച്ച് ചെയ്യരുത്. അങ്ങനെ ചെയ്താൽ അതിനുത്തരവാദി അവരവർ തന്നെയായിരിക്കും!

Sunday, March 20, 2011

ദാമോദരസ്മരണ

കാലം 1950. തലച്ചുമടായി ഇരുപതു റാത്തല്‍ മരച്ചീനി നിറച്ച ചാക്കുകെട്ടുമായി ഒരു പതിനഞ്ചു വയസുകാരന്‍ ഏവൂര്‍ ഗ്രാമത്തില്‍ നിന്ന് കുട്ടമ്പേരൂര്‍ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂറിലേറെയായി. ഒപ്പം നടക്കുന്ന വാടിത്തളര്‍ന്ന ബാലന്‍ അവന്റെ അനിയനാണ്. വയസ്സ് പന്ത്രണ്ട്.

അവരുടെ അമ്മയുടെ വീടാണ് കുട്ടമ്പേരൂര്‍ ഉള്ളത്. മാന്നാറിനടുത്താണ് കുട്ടമ്പേരൂര്‍. ഇപ്പോള്‍ മാവേലിക്കര അടുക്കാറായിട്ടേ ഉള്ളു. ഇനിയുമുണ്ട് ഒരു മണിക്കൂര്‍ യാത്ര.

അനിയന് ഇനി നടക്കാന്‍ വയ്യ. അണ്ണന്‍ പറഞ്ഞു “ഇച്ചിരി ദൂരം കൂടേ ഒള്ളല്ലോ മോനേ മാവേലിക്കരയ്ക്ക്. അവടെ ചുമടുതാങ്ങിയൊണ്ട്. നമ്മക്ക് അവടന്ന് വെള്ളം കുടിക്കാം....”

അനിയന്‍ തളര്‍ച്ചയോടെ വീണ്ടും നടന്നു തുടങ്ങി. ചുമടുതാങ്ങിയ്ക്കടുത്തുള്ള ഒരു വീടാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഒരു കിണര്‍ ഉണ്ട്. വെള്ളം കോരാന്‍ ഒരു തൊട്ടിയും കയറും എപ്പോഴും ഉണ്ടാവും.

കുട്ടമ്പേരൂര്‍ ഉള്ള വീട്ടില്‍ അമ്മയുടെ ചേച്ചിയും ഭര്‍ത്താവും അഞ്ചു മക്കളുമുണ്ട്. ദാരിദ്ര്യത്തിലാണ്. അവര്‍ക്കു കൊടുക്കാനാണ് മരച്ചീനി.

(ചുമടുതാങ്ങി = പണ്ട് തലയില്‍ ഭാരമേറ്റി പോകുന്നവര്‍ക്ക് അതിറക്കിവയ്ക്കാനായി വഴിയില്‍ സ്ഥാപിച്ചുരുന്ന സംവിധാനം. കുത്തനെ നിര്‍ത്തിയ രണ്ടു നീളന്‍ കല്ലുകള്‍ക്കു മീതെ മറ്റൊരു നീളന്‍ കല്ല്. ഇപ്പോഴും പല നാട്ടിലും ഇവ കാണാം)

**********************************************************************************************
വര്‍ഷം 1968. ആ പതിനഞ്ചു വയസ്സുകാരന്‍ ഇപ്പോള്‍ കൃഷിവകുപ്പുദ്യോഗസ്ഥനാണ്. ജോലി പെരിന്തല്‍മണ്ണയില്‍. സമയം ഉച്ചതിരിഞ്ഞ് രണ്ടര മണി. പോസ്റ്റ് ഓഫ്ഫിസില്‍ മണിയോര്‍ഡര്‍ അയയ്ക്കാന്‍ വന്നതാണ്. പക്ഷേ സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിപ്പെണ്ണ് അയാളുടെ മണിയോര്‍ഡര്‍ ഫോം തിരിച്ചു കൊടുത്തു.

ഓഫീസില്‍ നിന്നു ശമ്പളം വാങ്ങി പാഞ്ഞു വന്നപ്പോഴേക്കും മണി രണ്ടര. രണ്ടു മണി വരെയാണ് സമയം. വിഷണ്ണനായി കുറേ നിമിഷങ്ങള്‍ അയാള്‍ വരാന്തയില്‍ നിന്നു.

വീണ്ടും കൌണ്ടറില്‍ വന്ന് മണിയോര്‍ഡര്‍ ക്ലാര്‍ക്കിനോടു കെഞ്ചി. “ഈ പണം നാളെയോ മറ്റന്നാള്‍ എങ്കിലുമോ എന്റെ വീട്ടില്‍ കിട്ടിയേ തീരൂ... ഒരത്യാവശ്യമാണ്...ദയവു ചെയ്ത് സഹായിക്കണം.”

നീണ്ടുമെലിഞ്ഞ ആ മനുഷ്യനെ അവള്‍ തുറിച്ചു നോക്കി. പറയുന്നതില്‍ സത്യമുണ്ടെന്ന് അവള്‍ക്കു തോന്നി. കഴിഞ്ഞ കുറേ മാസങ്ങളായി കൃത്യം ശമ്പളദിവസം ഇയാള്‍ വീട്ടിലേക്കു പണമയയ്ക്കാറുണ്ട്. അവള്‍ പോസ്റ്റ് മാസ്റ്ററോടു സംസാരിച്ചു. മണിയോര്‍ഡര്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പണം നല്‍കിയ ശേഷം നിറകണ്ണുകളോടെ അയാള്‍ ഒരു നിമിഷം അവളെ നന്ദിപൂര്‍വം നോക്കി. നിശ്ശബ്ദനായി തലയാട്ടി പുറത്തേക്കു നടന്നു.

പിന്നെ എല്ലാ മാസവും അയാള്‍ സമയത്തിനുള്ളില്‍ തന്നെ മണിയോര്‍ഡര്‍ അയയ്ക്കാനെത്തി. പണമയക്കുന്ന അഡ്രസ് അവള്‍ക്കു കാണാപ്പാഠമായി. പള്ളത്തു തെക്കതില്‍ , ഏവൂര്‍ സൌത്ത്, കീരിക്കാട്.പി.ഒ....

ഒരു ദിവസം ഓഫീസ് സമയം കഴിഞ്ഞ് അവള്‍ പുറത്തിറങ്ങിയപ്പോള്‍ അയാൾ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രമത്തോടെ അവളുടെ കണ്ണുകള്‍ പിടയുന്നത് അയാള്‍ കണ്ടു. അടുത്തു വന്ന് അടുത്ത നിമിഷം ചോദിച്ചു “ഞാന്‍ വിവാഹം കഴിച്ചോട്ടേ..?”

അവള്‍ ഒന്നും പറയാതെ നടന്നു പോയി.

അടുത്ത ദിവസം അയാള്‍ വീണ്ടും വന്നു. ചോദ്യം ആവര്‍ത്തിച്ചു.

തലേ രാത്രി മുഴുവന്‍ ആലോചിച്ചുറപ്പിച്ച അവള്‍ പറഞ്ഞു “ വീട്ടില്‍ വന്നു സംസാരിക്കൂ...”

വീട്ടുകാര്‍ ആദ്യം ശക്തമായി എതിര്‍ത്തു. ഒന്നാമത് ഒരു തെക്കന്‍. ആലപ്പുഴ ജില്ലക്കാരന്‍. രണ്ടാമത്, ഏട്ടനും ഭാര്യയുമുള്‍പ്പടെ എട്ടംഗങ്ങളുള്ള ആ വീട്ടിലെ ഏക വരുമാനക്കാരി അവളാണ്!

എവിടെ നിന്നോ കൈവന്ന നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ പറഞ്ഞു “ എനിക്ക് ആ മനുഷ്യനെ വിശ്വാസമാണ്..!”

1969 മാര്‍ച്ച് മാസത്തില്‍ അവര്‍ വിവാഹിതരായി.

********************************************************************************************
ഏവൂര്‍ ഗ്രാമം അവള്‍ക്കു സമ്മാനിച്ചത് പുതുമകളും പരിഭ്രമങ്ങളുമായിരുന്നു. ഒന്നാമത് ഭാഷ. അവള്‍ പറയുന്നത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലാവില്ല; അവര്‍ പറയുന്നത് അവള്‍ക്കും! ഭര്‍ത്താവ് അച്ചടി ഭാഷ പറയുന്നു എന്നതു മാത്രമാണ് അവളുടെ സമാധാനം!

സന്ധ്യയായാല്‍ മിക്ക വീടുകളിലും വഴക്കും വക്കാണവും. വൈദ്യുതി അവളുടെ വീട്ടിലും ഇല്ലായിരുന്നു എന്നതിനാല്‍ കരിവിളക്കുകള്‍ അവള്‍ക്കൊരു പ്രശ്നമായില്ല.

ചന്ദന നിറവും, മുട്ടറ്റമെത്തുന്ന ചുരുള്‍ മുടിയും നിറഞ്ഞ ചിരിയുമായി അവള്‍ ഏവൂര്‍ ഗ്രാമത്തിന്റെ ദത്തു പുത്രിയായി. അവര്‍ രണ്ടാളും ചേര്‍ന്ന് ആ ഓലപ്പുര പുതുക്കി പണിതു. കൂര ഓടു മേഞ്ഞു. അവള്‍ മൂന്നു പ്രസവിച്ചു. ഒരു തവണ ഇരട്ടകള്‍. അങ്ങനെ നാലു കുട്ടികള്‍. നാലും ആണ്‍ കുട്ടികള്‍!

**********************************************************************************************
നാല് ആണ്‍ മക്കളില്‍ മൂത്തവന്‍ ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഒരു നാള്‍ അയാള്‍ അവന് കുറേ പുസ്തകങ്ങള്‍ കൊടുത്തു - രാഹുല്‍ സാംകൃത്യായന്‍, കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്, ആല്‍ഡസ് ഹക്സ് ലി, ശ്രീരാമകൃഷ്ണപരമഹംസന്‍ എന്നിവരുടെ പേരുള്ളവ.

മകന് അതൊന്നും അത്ര ഇഷ്ടമായില്ല. അവന് അവയൊന്നും മനസ്സിലായില്ല എന്നാതായിരുന്നു സത്യം.

അച്ഛന്‍ മകനോട് ആ പുസ്തകങ്ങളെക്കുറിച്ചും അതെഴുതിയവരെക്കുറിച്ചും കുറേ പ്രസംഗിച്ചു. എന്നിട്ട് രാമപുരം അമ്പലത്തിലെ ഉത്സവത്തിന് കുറേ പുസ്തകങ്ങള്‍ കൂടി വാങ്ങിക്കൊടുത്തു - ടോള്‍സ്റ്റോയ് എഴുതിയ റഷ്യന്‍ പുസ്തകങ്ങള്‍! ഒപ്പം കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍ സിന്റ്റേയും ഗ്രന്ഥങ്ങളും.

മകന്‍ അവയൊക്കെ വായിക്കുന്നുണ്ട് എന്ന ധാരണയില്‍ ഇടയ്ക്കിടെ അവനെ വിളിച്ച് അവയെക്കുറിച്ചു സംസാരിക്കും. അവന്‍ എല്ലാം കേട്ടു നില്‍ക്കും.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വെക്കേഷനിലാണ് മകന്‍ ആ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയത്. അപ്പോഴേക്കും അയാള്‍ക്ക് കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് സ്ഥലം മാറ്റമായി. മകന് മെഡിക്കല്‍ എൻട്രൻസ്  എഴുതി ആയൂര്‍വേദ കോളേജില്‍ ചേര്‍ന്നപ്പോള്‍ “ ആരോഗ്യനികേതനം” വായിക്കണമെന്നും ഒരു മഹാവൈദ്യനായിത്തീരണം എന്നും ഉപദേശിച്ചു. ഇരട്ടമക്കളില്‍ ഒരാളെ വക്കീലും ഒരാളെ പോലീസ് ഓഫീസറും ആക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം. ഏറ്റവും ഇളയവനെ എഞ്ജിനീയറും.

*********************************************************************************************

1991 മാര്‍ച്ച് മാസം പത്തൊന്‍പതാം തീയതി രാവിലെ ഓഫീസില്‍ വച്ച് അയാള്‍ക്ക് ചെറിയ നെഞ്ചുവേദനയുണ്ടായി.

തൊട്ടടുത്തു തന്നെയായിരുന്നു ഭാര്യയും ജോലി നോക്കിയിരുന്നത്. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മൂത്ത മകനെ വിവരമറിയിച്ചു. രാത്രിയായപ്പോഴേക്കും അവന്‍ എത്തി.

ഇളയ കുട്ടികള്‍ പരിഭ്രാന്തരായിരുന്നു. രാമപുരം അമ്പലത്തിലെ ഉത്സവം കണ്ട് പാതിരാവായിട്ടും മടങ്ങി വരാതിരുന്നതിന് അയാള്‍ അവരെ മുച്ചൂടും വഴക്കു പറഞ്ഞിരുന്നു, തലേന്നാള്‍.

ഭാര്യ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.

മൂത്ത മകന്‍ വന്നതോടെ അന്തരീക്ഷത്തിന് അയവു വന്നു. ഐ.സി.യു വിനു മുന്നില്‍ അവനിരുന്ന് മറ്റുള്ളവരോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ആരുറങ്ങാന്‍... എങ്കിലും എപ്പോഴോ എല്ലാവരും മയങ്ങി.

രാവിലെ ഒരു കുടുംബ സുഹൃത്തിനോടൊപ്പം മൂത്ത മകന്‍ ഡോക്ടറെ കാണാന്‍ വീട്ടില്‍പോയി. ഡോക്ടര്‍ തുരു തുരെ സിഗരറ്റ് പുകച്ചു തള്ളിക്കൊണ്ടിരുന്നു. കുറേ കഴിഞ്ഞു പറഞ്ഞു “ രക്ഷയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.... മാസ്സീവ് അറ്റാക്കാണ്... ഒരു വശം ഓള്‍ റെഡി തളര്‍ന്നു കഴിഞ്ഞു....”
ഒരു നിമിഷം കൊണ്ട് മകന്റെ ഹൃദയം കീഴ്മേല്‍ മറിഞ്ഞു.

“ഒരു മാര്‍ഗവുമില്ലേ..? കുടുംബസുഹൃത്ത് ചോദിച്ചു.

“നോക്കട്ടെ... ഞാനിപ്പോള്‍ റൌണ്ട്സിനു വരാം” പുകയൂതിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.

അവര്‍ ആശുപത്രിയിലേക്കു മടങ്ങി.

“ഇനിയിപ്പോള്‍ എന്തു ചെയ്യും.....?” മകന്‍ സുഹൃത്തിനോടു ചോദിച്ചു.

“എന്തുചെയ്യാന്‍.....നമുക്കു പ്രാര്‍ത്ഥിക്കാം.....” അയാൾ പറഞ്ഞു.

അവന്‍ ഓടിപ്പോയി അമ്മയോടും അനിയന്മാരോടും ഭക്ഷണം കഴിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ടു.

അവര്‍ പോയി വരുംപോഴേക്കും ഡോക്ടര്‍ എത്തി. അവസാനകൈ എന്ന നിലയില്‍ ഒരു ഇഞ്ജെക്ഷന്‍ എഴുതിക്കൊടുത്തു. അത് അടുത്ത പട്ടണത്തിലേ കിട്ടൂ. ഒരാളെ ഓട്ടോയില്‍ അപ്പോഴേ പറഞ്ഞ് വിട്ടു.

ചില്ലുവാതിലിലൂടെ അച്ഛനെ നോക്കി നിന്നു. അച്ഛന്‍ ആയാസപ്പെട്ട് ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ടിരുന്നു. അത് തന്റെ അച്ഛന്റെ അവസാന ശ്വാസങ്ങളായിരുന്നു എന്ന് അവന്‍ ചിന്തിച്ചതേയില്ല.

അരമണിക്കൂറിനുള്ളില്‍ മരുന്നെത്തി. അപ്പോഴേക്കും സിസ്റ്റര്‍ വന്ന് മകനോടു പറഞ്ഞു.

“കഴിഞ്ഞു...”

മക്കളെക്കുറിച്ചുള്ള ഒരു പിടി ആഗ്രഹങ്ങള്‍ ബാക്കി വച്ച് ദാമോദരന്‍ പൊയിക്കഴിഞ്ഞു.

പിറ്റേന്ന് ഏറ്റവും ഇളയ മകന് പ്രീഡിഗ്രി പരീക്ഷയാണ് - മാത്തമാറ്റിക്സ്. തൊട്ടടുത്ത ദിവസം മൂത്തവനും പരീക്ഷ.....

*******************************************************************************************

ഇന്ന് മാര്‍ച്ച് 20 ആണ്.

പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എനിക്കും അനിയന്മാര്‍ക്കും അച്ഛന്‍ നഷ്ടപ്പെട്ടിട്ട്.
ഒന്നും മറക്കാനാവുന്നില്ലല്ലോ!


Thursday, February 17, 2011

ചില്ലറത്തുട്ടുകളുടെ ജീവിതം.....

“ഇനിയെങ്കിലും നല്ലൊരു പേന വാങ്ങി ഉപയോഗിച്ചുകൂടേ?”

മഷിപടർന്ന ഷർട്ട് പോക്കറ്റ് ചൂണ്ടിക്കാണിച്ച് ഭാര്യ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് അവൾ ഇതു പറയുന്നതെന്ന് അയാൾ ഓർത്തു.

എന്തു ചെയ്യാം. സർക്കാർ ഉദ്യോസ്ഥനായിരുന്നെങ്കിൽ വർഷാവർഷം ഇൻക്രിമെന്റുകൾ കിട്ടിയേനേ. ഇതിപ്പോൾ പൂട്ടാറായ സ്വകാര്യകമ്പനിയിലെ കണക്കെഴുത്തുകാരന് ഇതിൽ കൂടുതൽ ശമ്പളം എങ്ങനെ കിട്ടും?

പറയുമ്പോൾ ഒൻപതിനായിരമാണ് മാസശമ്പളം.

മൂവായിരം മാസവാടക. പിന്നെ, പലചരക്ക്, പാൽ, പച്ചക്കറി, മത്സ്യം, മൊബൈൽഫോൺ, കറന്റ് , കേബിൾ ടി.വി, മകളുടെസ്കൂൾ ഫീസ് , ഇടയ്ക്കൂള്ള നാട്ടിൽപോക്ക്, കല്യാണങ്ങൾ, പാലുകാച്ചുകൾ.......

ആകെ വെട്ടിക്കുറയ്ക്കാനാവുക തന്റെ ചിലവുകളാണ്. പുകവലിയില്ല, മദ്യപാനമില്ല.... ഉച്ചയ്ക്കുള്ള ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകും. ആകെ ചിലവ് പതിനൊന്നു മണിക്കും, നാലുമണിക്കുമുള്ള രണ്ട് കാലിച്ചായ മാത്രം. പിന്നെ വണ്ടിക്കൂലി. അത് അങ്ങോട്ടുമിങ്ങോട്ടും നാലര വീതം, ദിവസം ഒൻപതു രൂപ. വൈകിട്ടു വീട്ടിൽ വന്നാൽ വാർത്ത കാണും. ശേഷം അല്പം വായന. ഭക്ഷണം, ഉറക്കം.

ലീക്ക് ചെയ്യുന്ന പഴയ ഫൌണ്ടൻ പെൻ മാറ്റി പുതിയതൊന്നുവാങ്ങാൻ ഭാര്യ പറഞ്ഞാൽ കേൾക്കില്ല.അയാൾക്കാണെങ്കിൽ ബോൾ പെന്നുകൾ ഇഷ്ടവുമല്ല. ഷർട്ടിന്റെ പോക്കറ്റുകൾ മിക്കതിലും മഷിപ്പാടുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

നിത്യേനയുള്ള ഈ പരാതി പറച്ചിൽ കേട്ടു മടുത്താണ്, മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമകൾ, അച്ഛനൊരു പേന വാങ്ങിക്കോടുക്കണമെന്നാഗ്രഹിച്ചത്.തന്റെ സ്വകാര്യസമ്പാദ്യം അതിനായി വിനിയോഗിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

അവൾക്കൊരു കുടുക്ക പണ്ട് അയാൾ തന്നെ സമ്മാനിച്ചതാണ്. അതിൽ നിറയ്ക്കാൻ കുറേ പഴകിയ നാണയങ്ങളും ഇട്ടുകൊടുത്തു.

പിന്നീട് യാത്രയിൽ അവർക്കു കിട്ടുന്ന ഇരുപത്തഞ്ചിന്റെയും അൻപതിന്റെയും തുട്ടുകൾ..... അപൂർവമായി മാത്രം അയാളുടെ പോക്കറ്റിൽ നിന്ന് ഭാര്യയ്ക്കു ലഭിക്കുന്ന ഒറ്റരൂ‍പാ നാണയങ്ങൾ...... ഒക്കെ അവൾ ഒരു കുടുക്കയിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ അതു പൊട്ടിച്ചു. പഴകി തേഞ്ഞ നാണയങ്ങൾ ഒക്കെ ഒഴിവാക്കി. ശേഷിച്ചതൊക്കെ ഒരുമിച്ചു കൂട്ടി നോക്കി. ഇരുപത്തഞ്ചുപൈസാത്തുട്ടുകളാണ് കൂടുതൽ. എണ്ണി നോക്കി. മൊത്തം തൊണ്ണൂറു രൂപ!

നല്ലൊരു പേന വാങ്ങാം. മകൾ പറഞ്ഞു.

പത്തോ, ഇരുപതോ കയ്യിൽ നിന്നിടാം. ഒരു പാർക്കർ പേന തന്നെ ആയിക്കോട്ടെ. തൊട്ടടുത്ത് സാമാന്യം നല്ല ഒരു സ്റ്റോറുണ്ട്.എവിടെയും ചില്ലറ കിട്ടാത്ത കാലമല്ലേ.....ഇത്രയും ഒരുമിച്ചു കിട്ടുമ്പോൾ കടക്കാർക്കു സന്തോഷമാകും. അയാൾ കരുതി.

നാണയസഞ്ചി കിലുക്കി, അയാൾക്കൊപ്പം തുള്ളിച്ചാടി മകളും കടയിലേക്കു ചെന്നു.

“ഒരു പാർക്കർ പേന വേണം” അവൾ പറഞ്ഞു.

കടക്കാരൻ പറഞ്ഞു “പാർക്കർ പേനയ്ക്ക് ചുരുങ്ങിയത് 200 രൂപയെങ്കിലുമാകും....അതിലും കൂടിയതും ഉണ്ട്!”
അയാൾ അമ്പരന്നു. പോക്കറ്റിൽ അപ്പോൾ അറുപതു രൂപയേ ഉണ്ടായിരുന്നുള്ളു. ഒരു പാർക്കർ പേനയ്ക്ക് 100 -120 രൂപയിൽ കൂടുതൽ വില അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

അതു മാത്രവുമല്ല, ചില്ലറ വേണമെങ്കിലും, 25 പൈസകൾ ഒന്നും എടുക്കുകയും ഇല്ലത്രേ! സർക്കാർ 25ന്റെ നാണയത്തുട്ടുകൾ നിരോധിക്കുകയാണത്രെ!

“അൻപതു പൈസയും ഒരു രൂപയും എടുക്കും.” കടക്കാരൻ പറഞ്ഞു.

“അങ്ങനെ അതായിട്ടിപ്പൊ നിങ്ങൾ എടുക്കണ്ട.” നീരസത്തോടെ അയാൾ പറഞ്ഞു.

മകളുടെ മുഖം വാടി. ഒരു പേനയ്ക്ക് ഇത്ര വില അവളും പ്രതീക്ഷിച്ചിരുന്നില്ല.

തിരിഞ്ഞു നടക്കുമ്പോൾ പണ്ടത്തെ ഒരു പൈസയുടെയും രണ്ടു പൈസയുടെയും സ്കൂൾ കാലം അയാളുടെ മനസ്സിലെത്തി.

നനഞ്ഞിരുണ്ട ഒരു തിങ്കളാഴ്ച ..... ഒടിഞ്ഞ സ്ലേറ്റ് പെൻസിൽ ട്രൌസറിന്റെ പോക്കറ്റിൽ ഇട്ടിരുന്നു..... പക്ഷേ കീശയിൽ ഉണ്ടായിരുന്ന തുളയിലൂടെ അതെവിടെയോ വീണുപോയി. പെൻസിൽ ഇല്ലാതെ ക്ലാസിൽ ചെന്നാൽ അടി ഉറപ്പ്. അങ്ങനെ വിഷമിച്ചു സ്കൂളിലേക്കു നടക്കുമ്പോഴായിരുന്നു പതിവില്ലാതെ, അരയാ‍ൽ മുക്കിൽ ബസ് കാത്തു നിൽക്കുന്ന അച്ഛനെ കണ്ടത്....

ഓടിച്ചെന്ന് കരച്ചിലോടെ, അച്ഛനോട് കാര്യം പറഞ്ഞു. കയ്യിലുള്ള കറുത്ത ഹാൻഡ് ബാഗ് കുലുക്കി അച്ഛൻ പരതി. രണ്ടു പൈസയുടെയും ഒരു പൈസയുടെയും ഓരോ നാണയം എടുത്തു തന്നു. ഒരു സ്ലേറ്റ് പെൻസിലിന് മൂന്നു പൈസയേ ഉള്ളു അന്ന്. അതു കിട്ടിയപ്പോൾ താൻ, അഞ്ചു പൈസയ്ക്ക് രണ്ടെണ്ണം കിട്ടും എന്നു പറഞ്ഞു.

“ഇല്ല മോനേ....” കൈ മലർത്തി നിസ്സഹായതയോടെ അച്ഛൻ പറഞ്ഞു.

നിറകണ്ണുകളോടെ അയാൾ അച്ഛനെ ഓർത്തു..... പച്ചവെള്ളം ചവച്ചുകുടിച്ചു ജീവിച്ച അച്ഛനെ....... പതിറ്റാണ്ടുകൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ അച്ഛനെ.....

അച്ഛന്റെ ജോലിയാണ്, തനിക്കു കിട്ടിയത്. അതു മൂലമാണ് അനിയത്തിയെ കെട്ടിച്ചയച്ചത്....

അച്ഛൻ വിടപറയുമ്പോൾ മടിക്കുത്തിലുണ്ടായിരുന്ന നാണയത്തുട്ടുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, തന്റെ മേശയിൽ.... അക്കങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും ഇടയ്ക്കിടെ മേശ തുറന്ന് അവ പരിശോധിക്കും. മീതെ വിരലോടിക്കും. അച്ഛന്റെ വിരൽ സ്പർശം അനുഭവിക്കും....

ഒരു പൈസ, രണ്ടു പൈസ നാണയങ്ങൾക്കൊപ്പം, കാലക്രമത്തിൽ അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും വിലകെട്ടതായി ....... ദാ ഇപ്പോൾ ഇരുപത്തഞ്ചു പൈസയും!




വീട്ടിലെത്തി. മകളുടെ സങ്കടം കാണാനാകാതെ അയാൾ മുറിയിലേക്കു വലിഞ്ഞു. കുട്ടിയാവട്ടെ, ഉച്ചത്തിൽ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അവൾക്കും വിഷമമായി.

ഇരുനൂറു രൂപ കൊടുത്ത് ആ പേന വാങ്ങിയാലോ....? അയാൾ ചിന്തിച്ചു.

പക്ഷേ, ഡബിൾകോട്ട് കട്ടിൽ വാങ്ങിയതിന്റെ മാസഗഡു കൊടുക്കേണ്ടത് ഇന്നാണ്. കേബിൾ ടിവിക്കാരനും പിരിവിനു വന്നേക്കാം. അങ്ങനെയായാൽ കുഴങ്ങും. ആരോടും കടം പറയാതെയാണ് ഇന്നു വരെ ജീവിച്ചത്. ഒരു പേനയ്ക്കുവേണ്ടി അത് മാറ്റിമറിക്കേണ്ട കാര്യമൊന്നുമില്ല.

പ്രതീക്ഷിച്ചപോലെ തന്നെ പിരിവുകാർ രണ്ടാളും അര മണിക്കൂർ ഇടവിട്ടു വന്നു.
ദിനങ്ങൾ പതിവുപോലെ കൊഴിഞ്ഞുകൊണ്ടിരുന്നു.

അടുത്ത ശനിയാഴ്ച വൈകുന്നേരം തലപെരുത്തു വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ടില്ല. അയാൾ അമ്പരന്നു. സാധാരണ മോൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് അവൾ ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടാവും. മോൾ മുറിക്കുള്ളിൽ നിലത്തു കാൽ മടക്കിയിരുന്ന് എഴുതുന്നുമുണ്ടാവും.

ഇന്നിപ്പോൾ....... ഇന്നിപ്പോൾ എന്തു പറ്റി?

പെട്ടെന്ന് അടിവയറ്റിൽ നിന്ന് തീയാളിയുയർന്നു. കാലം എത്ര മോശമാണെന്ന് താൻ മറന്നുപോയല്ലോ എന്ന് അയാൾ ഓർത്തു.

ചങ്കിടിപ്പു കൂടി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ചാനൽ വാർത്തകളും, പത്രങ്ങളും അയാളെ അത്രയ്ക്കും ഭീതിയിലാഴ്ത്തിയിരുന്നു.

വിറയലോടെ വാതിലിൽ മുട്ടി. സത്യത്തിൽ ആ വീട്ടിൽ കോളിംഗ് ബെൽ ഇല്ല.......

ഏതാനും നിമിഷങ്ങളുടെ നെടുനീളൻ നിശ്ശബ്ദത.

പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറന്നു.

കുളിച്ചു കുറിയിട്ട് കുഞ്ഞുപാവാടയുമുടുത്ത് മകൾ; പിന്നിൽ അവൾ

ആശ്വാസത്തിലും തെല്ലൊന്നമ്പരന്നു നിന്നു, അയാൾ. “ഇതെന്താ, പതിവില്ലാതെ പുതുമകൾ!?”

മറുപടി പറഞ്ഞത് മകളാണ്. “അച്ഛാ... കണ്ണൊന്നടച്ചേ.....”

ഊറിച്ചിരിച്ചുകൊണ്ട് ഭാര്യ പിന്നിൽ. രണ്ടാളും കൂടി തന്നെ വിഡ്ഢിയാ‍ക്കാനുള്ള പുറപ്പാടിലാണോ? അയാൾ ശങ്കിച്ചു.
“കണ്ണടക്കൂ അച്ഛാ.......” മകൾ വീണ്ടും ഒച്ചയുയർത്തി. അയാളുടെ കണ്ണുകൾ അറിയാതാടഞ്ഞു.

“ഇനി തുറക്കൂ....... സർപ്രൈസ്!!!”

കയ്യിൽ ഒരു സമ്മാനപ്പൊതിയുമായി തുള്ളിച്ചാടുന്നു മകൾ.

അവൾ പൊതി അയാളുടെ കയ്യിലേക്ക് വച്ചു. അയാളത് യാന്ത്രികമായി തുറന്നു നോക്കി.

ആകർഷകമായ പെട്ടിക്കുള്ളിൽ പുതിയൊരു പാർക്കർ പെൻ!

“അപ്പോൾ.... ഇതൊക്കെ എപ്പോ നടന്നു.......”അയാൾ അത്ഭുതപ്പെട്ടു.

“അതൊക്കെ നടന്നു....... ഒരാഴ്ച മുൻപ് !” വലിയ വായിൽ കേമിയായി, മകൾ പറഞ്ഞു.
ബാക്കി ഭാര്യ വിവരിച്ചു.

പൊട്ടിയ പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് സാധനങ്ങൾ അന്വേഷിച്ചു വന്ന ആക്രിക്കാരനോട് നാണയങ്ങൾ എടുക്കുമോ എന്നു ചോദിച്ചത് മകളാണ്. ഉണ്ടെങ്കിൽ കൊണ്ടുവരൂ, പഴകിയ നാണയങ്ങളും എടുക്കും എന്നായി ആ മനുഷ്യൻ.

പഴയ നിക്കൽ നാണയങ്ങൾ, അക്കങ്ങൾ തേഞ്ഞതാണെങ്കിൽ പോലും ഒന്നര മടങ്ങ് പണം നൽകി എടുക്കുമത്രെ!100 രൂപയുടെ ചില്ലറത്തുട്ടുകൾക്ക് 150 രൂപ കിട്ടും!

അപ്പോഴാണ് അയാളുടെ മേശയ്ക്കുള്ളിൽ വർഷങ്ങളായി കിടക്കുന്ന പഴയ നാണയങ്ങളെപ്പറ്റി ഭാ‍ര്യ ഓർത്തത്.
മകളുടെ കുടുക്ക പൊട്ടിച്ചുകിട്ടിയതിനൊപ്പം മേശയ്ക്കുള്ളിൽ നിന്നു കിട്ടിയതു കൂടി കൂട്ടി, ഒപ്പം ഓട്ടവീണ ഒരു പഴയ മൊന്തയും കൊടുത്തപ്പോൾ ആക്രിക്കാരൻ 210 രൂപ നൽകിയത്രെ.

എന്നിട്ട്?

അയാൾ ഓടിച്ചെന്ന് മേശ തുറന്നു നോക്കി.

അതു കാലിയാണ്. ഒറ്റ നാണയവും ഇല്ല. അയാൾ തരിച്ചു നിന്നു.

അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു....

“ഒരാഴ്ചയായി മോൾ ഇതു രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു...... ഇന്നു തരാൻ....” അയാളെ തട്ടിയുണർത്തി ഭാര്യ പറഞ്ഞു.

“അതെന്താ, ഇന്ന്?”

അമ്മയും മകളും പരസ്പരം നോക്കി ചിരിച്ചു.

“ഇന്ന് എന്റെ ഭർത്താവ് ഭൂജാതനയിട്ട് വർഷം നാല്പതായി....” നാടകീയമായി അവൾ മൊഴിഞ്ഞു.

പിറന്നാളുകൾ അറിയുക പോലും ചെയ്യാതായിട്ടു വർഷങ്ങളായിരിക്കുന്നു. ഇന്നിപ്പോൾ.....

നീർമിഴിമറയ്ക്കപ്പുറം അവരിരുവരും ചിരിക്കുന്നത് അയാളുടെ കണ്ണുകൾ അറിഞ്ഞു.

രാത്രി, ഇടനെഞ്ചിൽ ചാഞ്ഞ് ഭാര്യയും, വലം നെഞ്ചിൽ മുറുകി മകളും കിടക്കുമ്പോൾ കൺപൂട്ടി നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”

Saturday, January 22, 2011

ടി.എൽ.എഫ്. മൂന്നൻ !!!

സൂമാരണ്ണന്റെ* മോൻ മൂന്നൻ** ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം, ദാ ഇപ്പോ എന്റെ വീട്ടിൽ വന്നു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. ഇതിനു മുൻപ് അവൻ നാട്ടിൽ വന്നത് പത്തുകൊല്ലങ്ങൾക്കു മുൻപാണ്. പക്ഷേ, അന്നു ഞാൻ നാട്ടിൽ ഇല്ലായിരുന്നു. അമ്മ മരിച്ചപ്പോഴാണ് അവൻ വന്നത്. സൂമാരണ്ണൻ അതിനു മുന്നത്തെ വർഷം ദിവംഗതനായിരുന്നു. അന്നു വന്നുപോയ ശേഷം പിന്നെ അവനെക്കുറിച്ച് വിവരമൊന്നുമില്ലാതിരിക്കുകയായിരുന്നു. ഇന്നിപ്പോൾ ഹിന്ദിക്കറ പുരണ്ടമലയാളത്തിൽ എന്റെ മുന്നിലിരുന്ന് സംസാരിച്ചത് പഴയ ‘മൂന്നൻ’ തന്നെയാണ് എന്നു വിശ്വസിക്കാൻ പ്രയാസം!

രണ്ടു പതിറ്റാണ്ടു മുൻപ് മൂന്നൻ ബോംബേയ്ക്കു പോയി എന്നതും ഒരു അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു.
പഠിക്കുന്ന കാലത്തേ കടുത്ത ഹിന്ദി വിരോധിയായിരുന്നു മൂന്നൻ. ‘വല്ലഭായി’ എന്നറിയപ്പെട്ടിരുന്ന ഹിന്ദി വിദ്വാൻ നാറാപിള്ള*** സാറായിരുന്നു അതിന്റെ പ്രധാന ഉത്തരവാദി.

അന്നൊക്കെ ബോംബെ എന്നാൽ ഹിന്ദി പറയുന്ന സ്ഥലം എന്നായിരുന്നു വിചാരം. ഹിന്ദി പടങ്ങളെല്ലാം ഉണ്ടാക്കുന്നത് ബോംബെയിൽ ആണല്ലോ. ഹിന്ദി അറിയാതെ ഇവൻ ബോംബെയിൽ പോയി എന്തു ചെയ്യാനാ എന്നായിരുന്നു കൂട്ടുകാരുടെയെല്ലാം ചിന്ത.

എന്നാൽ അഞ്ചു വർഷങ്ങൾക്കു ശേഷം ആൾ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. വർത്തമാനത്തിനിടയിൽ നിറയെ ഹിന്ദി! സാലാ, കുത്താ, കം സേ കം, ബരാബർ, ശുക്രിയാ ഇങ്ങനെ നിരവധി വാക്കുകൾ തലങ്ങും വിലങ്ങും! പോരാഞ്ഞ്, ആരെന്തുപറഞ്ഞാലും പ്രതികരണമായി “അച്ഛാ, അച്ഛാ !” എന്നു പറയാനും തുടങ്ങി. ആളുകൾ പറഞ്ഞു ‘സൂമാരണ്ണന്റെ ഭാഗ്യം!’

“ഏക് ദൂജേ കേ ലിയേ ” എന്നതിന്റെ അർത്ഥം ഒരു കാലത്തും ഞങ്ങൾ നാടൻ പിള്ളേർക്കു മനസ്സിലായിരുന്നില്ല. ഒടുവിൽ മൂന്നനാണ് അതു മനസ്സിലാക്കി തന്നത്. (അതിനു മുൻപ് ‘ദൂജേ’എന്ന വാക്കിന് ഞങ്ങളോരോരുത്തരും നിരവധി അർത്ഥങ്ങൾ കണ്ടെത്തിയിരുന്നു!)

പോസ്റ്റ് ഓഫീസിൽ “അന്തർ ആനാ മനാ ഹൈ !” എന്നെഴുതി വച്ചിരുന്നതെന്തിനെന്നും അവനാണ് പറഞ്ഞു തന്നത്!

ഇതിനുമൊക്കെ അപ്പുറമായിരുന്നു അവൻ പിന്നീടു പറഞ്ഞ വിവരങ്ങൾ. അതിൽ പ്രധാനം, ഹിന്ദി വിദ്വാൻ വല്ലഭായി പഠിപ്പിച്ച ഹിന്ദിയല്ല ഹിന്ദിക്കാർ പറയുന്നത് എന്നതായിരുന്നു!

ഉദാഹരണമായി,
തൂ + കോ = തുച്ഛ്കോ എന്നൊന്നും ആരും പറയാറില്ലത്രെ. തേരേ കോ എന്നാണു പോലും അവർ പറയുക. അതുപോലെ മെ+ കോ = മേരേ കോ!

അതു കേട്ടപ്പോൾ പെട്ടെന്ന് പത്താം ക്ലാസിലെ ഹിന്ദി പീരിയഡുകളിലെ സംഭവങ്ങൾ ഓർമ്മ വന്നു.
വല്ലഭായിയുടെ ക്ലാസിൽ ഒന്നാം നമ്പർ നോട്ടപ്പുള്ളിയായിരുന്നു മൂന്നൻ. കാരണം മറ്റൊന്നുമല്ല അവൻ സാറന്മാരെ ഇരട്ടപ്പേരുവിളിക്കും. ‘നാറാപിള്ളസാർ’ എന്നതിനുപകരം ‘വല്ലഭായി’ എന്നേ പറയൂ. അത് കൃത്യമായി ക്ലാസിലെ ഹിന്ദിപഠിപ്പിസ്റ്റ് റാം മോഹൻ, അദ്ദേഹത്തെ അറിയിച്ചു. പോരേ പൂരം! അതോടെ മുൻപത്തെ ആഴ്ച താൻ സൈക്കിളിൽ പോകുമ്പോൾ ഇടവഴിയിൽ ഒളിഞ്ഞിരുന്ന് “വല്ലഭായീ...” എന്നു നീട്ടിവിളിച്ചതും മൂന്നൻ തന്നെ എന്ന് സാർ ഉറപ്പിച്ചു!

അടുത്ത ദിവസം സാർ ക്ലാസിൽ വന്ന് ബോർഡിൽ മൂന്നക്ഷരങ്ങൾ വരഞ്ഞിട്ടു. അത് താഴെക്കാണും പ്രകാരം ആയിരുന്നു.




“ഇന്നു ഞാൻ പഠിപ്പിക്കാൻ പോകുന്നത് ഇതാണ്. എന്താണിത്!?” നാറാപിള്ള മൂന്നനോട് ചോദിച്ചു.

ആദ്യത്ത്യേതു രണ്ടും ക്യാപിറ്റൽ ലെറ്റേഴ്സ്..... മൂന്നാമത്തേത് സ്മോൾ ലെറ്റർ.... മൂന്നനൊപ്പം ഞങ്ങളും ചിന്തിച്ചു.

നിശബ്ദമായ നിമിഷങ്ങൾക്കോടുവിൽ ,ശ്രദ്ധയോടെ മൂന്നൻ വായിച്ചു “ടി...എൽ...എഫ്...”
ഞങ്ങൾ കുട്ടികൾ സന്തുഷ്ടരായി.

ഒടുക്കം ‘വല്ലഭായി’യിൽ നിന്ന് മൂന്നൻ രക്ഷപെട്ടിരിക്കുന്നു. അവൻ മൂന്നക്ഷരങ്ങളും കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു!

പക്ഷേ വല്ലഭായിയുടെ മുഖം പ്രസാദിച്ചില്ല!

പകരം അത് വലിഞ്ഞു മുറുകി.

ഹിന്ദി ഉസ്താദ് റാം മോഹന്റെ നേർക്ക് അദ്ദേഹത്തിന്റെ കൺമുനകൾ നീണ്ടു.

ഹിന്ദി മാഷ് ക്ലാസിൽ വന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ചോദിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടാതെ അമ്പരന്നിരുന്ന ഞങ്ങൾ നോക്കിയിരിക്കെ റാം മോഹൻ എണീറ്റു നിന്നു. പതിവുപോലെ തന്റെ ഷേർട്ടിന്റെ കോളർ ഇരു കൈ കൊണ്ടും പിടിച്ചു നേരെയാക്കി കാക്കയുടെ ഒച്ചയിൽ അവൻ പറഞ്ഞു

“കാ കേ കീ! ”

റാം മോഹൻ പറയുന്ന ഉത്തരങ്ങൾ തെറ്റാറില്ലെങ്കിലും, ഇത്തവണ കുട്ടികൾ പൊട്ടിച്ചിരിച്ചു.

“ഖാമോഷ് ! ” വല്ലഭായി, അമരീഷ് പുരി സ്റ്റൈലിൽ അലറി.

“റാം മോഹൻ പറഞ്ഞത് ശരിയാണ്........ബുദ്ദൂസ്...! ചുപ്പ് രഹോ..!”

എന്നിട്ട് മൂന്നനു നേരേ തിരിഞ്ഞു പറഞ്ഞു, “തൂ ബുദ്ദൂ ഹൈ! തുച്ഛ്കോ കുച്ഛ് നഹീ മാ‍ലൂം... സമച്ഛേ?

അതെങ്ങനെ മനസ്സിലാകാനാ... അതു മനസ്സിലാകണമെങ്കിൽ ഹിന്ദി ഗ്രാമർ പഠിക്കണം”

എന്നിട്ട് ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ട് അക്ഷരങ്ങൾ വരഞ്ഞു.



“പഹവാനേ! ” മൂന്നൻ വായ് പൊളിച്ചു.

“ഇതിന് ഇങ്ങനൊക്കെ അർത്ഥമുണ്ടായിരുന്നോ!” റാം മോഹനൊഴികെ, മുഴുവൻ ക്ലാസും ചിന്തിച്ചു.

“ഇവൻ ഇതൊക്കെ എങ്ങനെ കൃത്യമായി മനസ്സിലാക്കുന്നൊ എന്തോ.... ഇനി അവൻ ശരിക്കും മോഹനൻ നായരുടെ മകൻ തന്നെ അല്ലേ...!?” മൂന്നൻ പിറുപിറുത്തു.

പിറുപിറുപ്പ് വല്ലഭായിയുടെ ശ്രദ്ധയിൽ പെട്ടു. മൂന്നൻ തന്നെ ഇരട്ടപ്പേരുവിളിച്ചു എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി.

അനന്തരനടപടിയായി മൂന്നന്റെ നീട്ടിപ്പിടിച്ചകയ്യിൽ മൂന്ന് താഡനങ്ങൾ അർപ്പിച്ച് വല്ലഭായി ക്ലാസ് തുടർന്നു.

“കാ, കേ, കീ എന്നിവയുടെ പ്രയോഗങ്ങളെ കുറിച്ച് ഞാൻ ചിലതു പറയാൻ പോകുന്നു. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. ന്റെ, ഉടെ എന്നൊക്കെ അർത്ഥം വരുത്താനാണ് ഇവ ഉപയോഗിക്കുന്നത്......”

പുല്ലിംഗത്തിൽ കാ, സ്ത്രീലിംഗത്തിൽ കീ, ബഹുവചനത്തിൽ കേ എന്നൊക്കെ പറഞ്ഞ് വല്ലഭായി കത്തിക്കയറിക്കൊണ്ടിരുന്നു. അതിൽ ഭൂരിഭാഗവും കുട്ടികളുടെ ശിരസ്സുകൾക്കു മീതെ പറന്നു പൊയ്ക്കൊണ്ടും ഇരുന്നു.

എന്തായാലും അന്നത്തോടെ മൂന്നന്റെ പേര് ടി.എൽ.എഫ് മൂന്നൻ എന്നായി മാറി.

അടുത്ത ദിവസത്തെ ക്ലാസിൽ മൂന്നൻ വന്നിരുന്നില്ല. അതു വല്ലഭായി കൃത്യമായി നോട്ട് ചെയ്തിരുന്നു എന്നത്, മൂന്നൻ വന്ന ദിവസം തന്നെ ഞങ്ങൾക്കു ബോധ്യമായി.

ക്ലാസ് തുടങ്ങിയപ്പോൾ തന്നെ അവനോട് അതിയാൻ ചോദിച്ചു.

“മേ = ഞാൻ , കാ = ന്റെ
തൂ = നീ, കാ = ന്റെ

അപ്പോൾ എന്റെ അല്ലെങ്കിൽ നിന്റെ എന്നു പറയണം എങ്കിൽ എന്തെഴുതണം?”

സാർ ബോർഡിൽ എഴുതി.
മേ + കാ = ?
തൂ + കാ = ?

“ഇത് ചേർത്ത് എങ്ങനെ വായിക്കും? നീ പറ...!”

മൂന്നൻ എണീറ്റു. ശ്രദ്ധിച്ചു വായിച്ചു.
“മേ + കാ = മേക്കാ.....
തൂ + കാ = തൂക്കാ...!”

“അവന്റെയൊരു മേക്കായും തൂക്കായും! നീട്ടെടാ കൈ!”

ടമാർ പടാർ...! മൂന്നന്റെ കൈ പുളഞ്ഞു.

വല്ലഭായി റാം മോഹനെ നോക്കി ആംഗ്യം കാണിച്ചു. അവൻ എണീറ്റു പറഞ്ഞു.

“മെ + കാ‍ = മേരാ

തൂ + കാ = തേരാ....” അവന്റെ ഉത്തരത്തിൽ വല്ലഭായി ഖുഷ് ഹോ ഗയാ.

“ഉം... സബാഷ്! മെ + കാ = മേരാ....

അപ്പോ മേ + കോ = എന്ത്?

വല്ലഭായി മൂന്നനെ വിടാൻ ഭാവമില്ല. എന്തെങ്കിലും ഒരു ഉത്തരംഅവനെക്കൊണ്ടുതന്നെ പറയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ആശാൻ. എങ്കിലല്ലേ അതിന്റെ പേരിൽ കളിയാക്കാനും തല്ലാനും കഴിയൂ!

മൂന്നൻ ചിന്തയിലാണ്ടു. എന്തായാലും മേ + കോ = മേക്കോ അല്ല എന്ന് ഊഹിച്ചു.

ഒടുവിൽ അവൻ പറഞ്ഞു “ മേ + കോ = മ..... മേ.....രോ.....മേരോ! ”

വല്ലഭാ‍യിയുടെ മുഖത്തെ പുച്ഛരസം കണ്ടപ്പോൾ തന്നെ താൻ പറഞ്ഞത് തെറ്റാണെന്ന് മൂന്നനു മനസ്സിലായി.

വീണ്ടും ആംഗ്യം. റാം മോഹന്റെ ഉത്തരം, “ മെ + കോ = മുച്ഛ്‌കോ അല്ലെങ്കിൽ മുച്ഛേ!”

ഉത്തരം കേട്ടതോടെ മൂന്നൻ പിറുപിറുത്തു.

“ഇയാൾ നാറാ പിള്ളയല്ല; നാറുന്ന പിള്ളയാണ്! എല്ലാം ലവൻ പറയുന്നതുമാത്രം ശരി; ഞാൻ പറയുന്നത് തെറ്റ്... ഇതെവിടത്തെ ന്യായം?”

വല്ലഭായി ചൂരൽ നീട്ടി പാഞ്ഞെത്തി.

പ്രതി അടികൊള്ളാൻ കൈനീട്ടി നിന്നു. വല്ലഭായി ചൂരൽ വീശിയപ്പോൾ അവൻ കൈ വലിച്ചു. അടിക്കാനാഞ്ഞ ആയം കാരണം സാർ മുന്നോട്ടു കുനിഞ്ഞുപോയി. ആ തക്കത്തിൽ മൂന്നൻ ചൂരൽ പിടിച്ചു വലിച്ചെടുത്ത്, രണ്ടായി കുത്തിയൊടിച്ച്, ഒരേറ്‌!

വല്ലഭായിക്ക് എന്തങ്കിലും ചെയ്യാൻ കഴിയും മുൻപ് മുണ്ടും മടക്കിക്കുത്തി അവൻ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
വല്ലഭായി മൂന്നന്റെ അച്ഛനെ വിളിപ്പിച്ചു.

മോന്റെ സൽഗുണങ്ങൾ അറിയാവുന്നതുകൊണ്ട് സൂമാരണ്ണൻ “സാറവനെ എന്തു വേണേലും ചെയ്തോ... അവൻ പടിക്കുന്നടം വരെ തല്ലിക്കോ... എനിക്കൊരു പരാതിയുമില്ല...” എന്നു പറഞ്ഞുകളഞ്ഞു.

സ്കൂളിൽ വിളിപ്പിച്ചത് വൻ നാണക്കേടായി തോന്നി സൂമാരണ്ണന്. ഇനി ഇതാവർത്തിച്ചാ‍ൽ സ്കൂളിൽ വിടൽ നിർത്തും എന്ന് മകനു താക്കീതും നൽകി.

മറ്റൊന്നും പഠിച്ചില്ലെങ്കിലും ഹിന്ദി പഠിച്ചേ അടങ്ങൂ എന്ന് മൂന്നൻ പ്രതിജ്ഞയെടുത്തു.

ഹിന്ദി നോട്ട്സ് പകുതിയും ഇല്ല. ശശികലയുടെ നോട്ട് ബുക്ക് വാങ്ങി പകർത്തി രാത്രി അത് നോക്കി വായിക്കാൻ തുടങ്ങി.

എല്ലാം കേട്ട് തലയാട്ടി സൂമാരണ്ണൻ വീടിന്റെ അരമതിലിൽ ചാരി അങ്ങനെ ഇരിക്കുകയാണ്.

അപ്പോൾ മൂന്നൻ തൂ - തും - ആപ് പ്രയോഗം വായിക്കാൻ തുടങ്ങി.

തൂ പഠ് ..... തും പഠോ.... ആപ് പഠിയേ.....

അത് സ്പീഡിൽ വായിച്ചപ്പോൾ

തൂപ്പട്....തുമ്പടോ....ആപ്പടിയേ... എന്നായി.

അതവൻ ആവർത്തിച്ചു കൊണ്ടിരുന്നു.

തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!

ഷാപ്പിൽ നിന്ന് മുന്നൂറു മില്ലി ‘മണ്ണുമാന്തി’ മോന്തി വീട്ടിലെത്തിയതാണ് പിതാവ്. ‘ആപ്പടിയേ... ആപ്പടിയേ’ എന്നു പുത്രൻ വായിക്കുന്നതു കേട്ടപ്പോൾ എന്തൊ ഒരു പന്തികേട്. അവൻ തെറ്റാണ് വായിക്കുന്നതെന്നറിയാം. പക്ഷേ തിരുത്താനറിയില്ല. സംശയം കൂടിക്കൂടി സൂമാർജി വാളു വച്ചു! പിന്നെ മെല്ലെ, ചുരുട്ടി വച്ച പായ് നിവർത്തി തിണ്ണയിൽ തന്നെ ചാഞ്ഞു.

പിറ്റേന്നു വൈകിട്ട് പതിവുപോലെ ഒരു മുന്നൂറും പിടിപ്പിച്ച് വീട്ടിലെത്തി. ഒപ്പം ശവക്കോട്ട കൊച്ചാപ്പിയും ഉണ്ട്. സൂമാരണ്ണന്റെ ഉറ്റസുഹൃത്തും പട്ടഷാപ്പ് കമ്പനിക്കാരനുമാണ് കൊച്ചാപ്പി. കൊച്ചാപ്പി കുറേ നാൾ മദ്രാസിലായിരുന്നത്രെ. അതുകൊണ്ട് ഹിന്ദി എഴുതാനും വായിക്കാനുമറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകും എന്ന് സൂമാരണ്ണനെ ധരിപ്പിച്ചിട്ടുണ്ട്.

മൂന്നൻ ഹിന്ദി ചോദ്യോത്തരങ്ങൾ വായിച്ചുപഠിക്കുന്നതിന്റെ തൽ സമയ റിലേ കേട്ടുകൊണ്ട് രണ്ടാളും ഇരുന്നു.

ചോ: “രാംസിങ്ങ് കിസ്‌കേ ലിയേ മേഹനത് കർതാ ഹൈ?”

ഉ: “അപ്പനേ വച്ചേകേലിയേ!”

‘ബ’ എല്ലാം ‘വ’ ആയിപ്പോകുന്ന സൂക്കേട് മൂന്നന് പണ്ടേ ഉണ്ട്. ഇപ്പോ ഹിന്ദിവായിച്ചപ്പോൾ ‘ബച്ചേ കേ ലിയേ’ അങ്ങനെയാണ് ‘വച്ചേ കേ ലിയേ’ ആയത്.

ചെറുക്കന്റെ വായന ശ്രദ്ധിച്ച കൊച്ചാപ്പി പറഞ്ഞു “സൂമാരണ്ണാ... സംഗതി കൊഴപ്പമാണ്.... ആ ചെറുക്കൻ വായിച്ച് പടിക്കുന്നതെന്താണെന്ന് നിങ്ങക്കു വല്ല പിടീം ഒണ്ടോ?”

“ഇല്ല....”

“എന്നാൽ അവൻ വായിക്കുന്നത് ശർദിച്ചൊന്ന് കേട്ട്‌ നോക്ക്!”

സൂമാരണ്ണൻ ശ്രദ്ധിച്ചു കേട്ടു. പുത്രൻ ഉത്തരം ആവർത്തിച്ചു വായിക്കുകയാണ്.

അപ്പനേ വച്ചേകേലിയേ!
അപ്പനേ വച്ചേകേലിയേ!!

“ശർദിച്ചോ..... ശർദിച്ചോ...?” സൂമാരണ്ണനോട് ശ്രദ്ധിക്കാൻ കൊച്ചാപ്പി ആവശ്യപ്പെട്ടു.

“ഉം... ശർദിച്ചു!”

“എന്തോന്നു മനസ്സിലായി?”

“അപ്പനെ വച്ചേക്കെല്ലെന്ന്‌!”

ഇതു കേട്ടതോടെ സൂമാരണ്ണന് എന്തോ അപകടം മണത്തു. തന്റെ മകൻ അറിയാതെ, അവനെ തനിക്കെതിരെ തിരിക്കുകയാണ്.... ഇതെന്ത് വിദ്യാഭ്യാസം!?

“അല്ലേലും, ഇപ്പഴത്തെ പടിത്തം പിള്ളേരെ തന്തയ്ക്കും തള്ളയ്ക്കും എതിരാക്കും!” കൊച്ചാപ്പി പ്രഖ്യാപിച്ചു.

സൂമാരണ്ണൻ ചെന്ന് ചെറുക്കന്റെ പൊത്തകം എടുത്തു നോക്കി....

വെള്ളെഴുത്തു കാരണം കണ്ണു തീരെ പിടിക്കുന്നില്ല.... അതോ പട്ട തലയ്ക്കു പിടിച്ചതുകൊണ്ടോ......

അതാ അദ്ദേഹത്തിന്റെ കണ്ണുകൾ ഇറുകുന്നു... പുരികങ്ങൾ ചുളിയുന്നു.... വായ് പിളർക്കുന്നു...!

ഭാഷ,അക്ഷരം, ലിപി എന്നൊക്കെയുള്ളതിനെക്കുറിച്ച് സൂമാരണ്ണന് ചില ധാരണകളൊക്കെയുണ്ടായിരുന്നു.

അതൊക്കെ പാ‍ടേ തകിടം മറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് വായ് തുറന്നു പോയത്..... ആ നില്പ് ഒരു മിനിറ്റു നീണ്ടു.

ഹിന്ദി പുസ്തകത്തിൽ വരിവരിയായി വാചകങ്ങൾ...... മുകളിൽ വര. താഴെ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങൾ!

“ദെന്തുവാടാ കൊച്ചനേ..... ചായക്കടേൽ പഴക്കൊല തൂക്കിയിട്ടമാതിരി...?”

ശരിയാണ്.

നടുക്കൊരു കഴുക്കോൽ പോലത്തെ വര.

അതിനു മേലോട്ട് കാളാമുണ്ടത്തിന്റെ വളഞ്ഞ ഭാഗം.

കീഴോട്ട് പഴം പടലകളായി!

“ഇതേതു ഫാഷയാ മോനേ...?”

“ഹിന്ദി!”

എന്തു‘കിണ്ടി’യായാലും ഈ പടുത്തം ഇന്നത്തോടെ നിർത്തിക്കോണം! സൂമാരണ്ണൻ അലറി!

അതോടെ സൂമാരണ്ണൻ മകനോട് ഹിന്ദിയുടെ മാർക്ക് ചോദിക്കാതായി. പത്താം ക്ലാസ് കടക്കാനാവതെ പിതാവിനൊപ്പം മരം വെട്ടിൽ സഹായിയായി നടന്ന അവനെ ഒടുവിൽ അവന്റെ മാമൻ തന്നെയായിരുന്നു ബോംബേയ്ക്കു കൊണ്ടുപോയത്. മാമന്റെ മകളോട് സംസാരിക്കാനാണ് മൂന്നൻ ഹിന്ദി പഠിച്ചത്. അതിനു ഫലവുമുണ്ടായി. അവൾ ഒപ്പം കൂടി. ഇപ്പോ രണ്ടു മക്കളും ആയി!

ഇന്നിപ്പോൾ തികച്ചും ഒരു ‘മുംബൈക്കർ’ ആയിരിക്കുന്നു, മൂന്നൻ. ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ കൈകാര്യംചെയ്യുന്നു....

ഞങ്ങൾ പഴയകാലം അയവിറക്കി ഒരു മണിക്കൂറിലധികം ഇരുന്നു.അന്നത്തെ കൂട്ടുകാർ, സാറന്മാർ....

യാത്രപറഞ്ഞിറങ്ങുമ്പോൾ മൂന്നൻ പറഞ്ഞു.

“വല്ലഭായിസാർ മരിച്ചുപോയി അല്ലേ?അല്ലെങ്കിൽ ഒന്നു ചെന്നുകാണാമായിരുന്നു....”

അവന്റെ കണ്ണുകൾ സജലങ്ങളായിരുന്നു, എന്റെയും.


============================================================
അടിക്കുറിപ്പ് : ഒരു പഴങ്കഥയുടെ പുനരാഖ്യാനമാണിത്. ഹിന്ദിയെ അവഹേളിക്കാൻ വേണ്ടി എഴുതിയതല്ല.

*സൂമാരണ്ണൻ = സുകുമാരൻ അണ്ണൻ **മൂന്നൻ = മുകുന്ദൻ ***നാറാപിള്ള = നാരായണപിള്ള.