Saturday, May 30, 2009

ഗുല്‍ഗുലു.... ഗുലു ഗുഗ്ഗുലു....!!!

.

ഇത് കഴിഞ്ഞ മിലെനിയത്തിലെ കഥയാണ്. തൊണ്ണൂറുകളുടെ അവസാനം. സ്ഥലം ആയുര്‍വേദകോളേജ് ഹോസ്റ്റല്‍, പൂജപ്പുര. ബി.എ.എം.എസ് സ്റ്റുഡന്റ്സ് യു. ജി. ബ്ലോക്കിലും, എം.ഡി. സ്കോളേഴ്സ് പി.ജി. ബ്ലോക്കിലും ആണ് താമസം.

പി. ജി കിട്ടിയാല്‍ പിന്നെ കുശാലാണ്. സ്വന്തമായി സിംഗിള്‍ റൂം. ചിലര്‍ക്ക് ഡബിള്‍ റൂം തന്നെ കിട്ടിയേക്കാം... മസാമാസം കിട്ടുന്ന സ്റ്റൈപ്പന്റ് കൊണ്ട് ബള്‍ബിനു പകരം ട്യൂബ് ലൈറ്റ്, സീലിംഗ് ഫാന്‍, സ്റ്റീരിയോ സംഗീതം, പിന്നെ ടെയ്സ്റ്റിനനുസരിച്ചുള്ള മാഗസിനുകള്‍, പുസ്തകങ്ങള്‍.... അങ്ങനെ.

പാവം ബി.എ.എം.എസ് കാര്‍ക്ക് അസൂയയുണ്ടാകാന്‍ പിന്നെന്തു വേണം?

പി. ജി. ബ്ലോക്കിലെ മറ്റൊരു പ്രത്യേകത മറുനാടന്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യമായിരുന്നു. കന്നട, തെലുങ്ക് (തെലുഗു), മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകള്‍ക്കായിരുന്നു പ്രാമുഖ്യം. അവരൊക്കെ നാഷണല്‍ ക്വോട്ടയില്‍ എന്ട്രന്‍സ് പാസായി വരുന്നവരാണ്. കന്നടക്കാരും തെലുങ്കരും മിക്കവാറും പഠനകാലത്തിനുള്ളില്‍ തന്നെ മലയാളം പഠിച്ചെടുക്കും. മറാത്തി-ഹിന്ദിവാലകള്‍ക്ക് അത് അത്ര എളുപ്പമല്ല താനും!

നമ്മുടെ കഥാനായകന്‍ മറാത്തിയോ ഹിന്ദീവാലയോ അല്ല. ആളൊരു തെലുങ്കനാണ്. പേര് ഗോമതേശ്വര രാജുലു.

കാഴ്ചയില്‍ ഒരു നൂലന്‍! അടി മുതല്‍ മുടി വരെ പത്തിഞ്ചു വീതി ! ഒരു അഞ്ചേമുക്കാലടി ഉയരം. നടു വളച്ച് മുന്നോട്ടാഞ്ഞുള്ള നടത്തം.

അഡ്മിഷനു വന്നപ്പോള്‍ തന്നെ ആളൊരു കില്ലാഡിയാണെന്ന് ഹൊസ്റ്റല്‍ സെക്രട്ടറിയ്ക്കു ബോധ്യപ്പെട്ടതാണ്. (സെക്രട്ടറി എപ്പോഴും ബി.എ.എം.എസ് സ്റ്റുഡന്റായിരിക്കും)സ്വന്തം അളിയനോടൊപ്പമായിരുന്നു വരവ്. സാധാരണ ഔട്ട് ഓഫ് സ്റ്റേറ്റ് പി.ജി സ്റ്റുഡന്റ്സ് തനിയെ അല്ലെങ്കില്‍ അച്ഛനൊപ്പം ആണ് വരിക. ഇവന്‍ വന്നപ്പോള്‍ തന്നെ വാര്‍ഡനെകാണണം എന്നാവശ്യപ്പെട്ടു. വാര്‍ഡന്‍ സ്ഥലത്തില്ല എന്നു പറഞ്ഞപ്പോള്‍ അളിയന്‍ വര്‍ത്താനം തുടങ്ങി. സി.ബി.ഐ യിലാണത്രെ ആള്‍ക്കു പണി! ഇടയ്ക്ക് ഒരു ഐ.ഡി കാര്‍ഡ് പോക്കറ്റില്‍ നിന്നുയര്‍ത്തും, താഴ്ത്തി വയ്ക്കും.... ആര്‍ക്കും അതൊന്നു ശരിക്കുകാണാനും കഴിഞ്ഞില്ല.

എന്തായാലും അഡ്മിഷന്‍ കഴിഞ്ഞു. അളിയനും അളിയനും കൂടെ രണ്ടു കെട്ട് സാധന സാമഗ്രികള്‍ കിട്ടിയ റൂമിലാക്കി. കെട്ടുകളൊക്കെ അഴിച്ചു ഒന്നൊന്നായി നിരത്തി വച്ചു. ഒരു ഇലക്ട്രിക് സ്റ്റൌ, ഒരു നെടു നീളന്‍ ഇലക്ട്രിക് കോയില്‍, രണ്ടു പിച്ചളപ്പാത്രം, ടംബ്ലര്‍, ഒരു കെട്ട് ഹാംഗര്‍..... അങ്ങനെ കുറേ കിടുപിടികളും പിന്നെ വസ്ത്രങ്ങളും.

വസ്ത്രങ്ങളുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഹോസ്റ്റല്‍ സെക്രട്ടറിയ്ക്ക് ഇലക്ട്രിക് ഹീറ്ററും കോയിലും കണ്ടപ്പോള്‍ കലിയിളകി. അല്ലെങ്കിലേ ഈ ഔട്ടന്മാര്‍ (ഔട്ട് ഓഫ് സ്റ്റേറ്റ് സ്റ്റുഡന്റ്സ്) തോന്നിയമാതിരി സ്റ്റൌവും കോയിലും കുത്തി പി.ജി. ബ്ലോക്കിലെ കറന്റ് കണക്ഷന്‍ മൊത്തത്തില്‍ കുളമാക്കിയിരിക്കുകയാണ്. ആരെങ്കിലും കോയില്‍ കുത്തിയാല്‍ അപ്പോ ഫ്യൂസ് അടിച്ചുപോകും! അതാണവസ്ഥ.

സെക്രട്ടറി അപ്പോള്‍ തന്നെ ഒച്ചവച്ചു. അറിയാവുന്ന മുറി ഹിന്ദിയില്‍ ഹീറ്ററും കോയിലും ചൂണ്ടി “ നഹീ ചലേഗാ... നഹി ചലേഗാ...” എന്ന് നിലവിളി തുടങ്ങി. സി. ബി ഐക്കാരന്‍ വിടുമോ!

“ബിജ് ലീ കീ ബില്‍ ഹം പേ കരേംഗേ...തുജേ ക്യാ പ്രോബ്ലം ഹേ..?”

തിരിച്ചു പറയാന്‍ അറിയില്ലെങ്കിലും ഹിന്ദി മനസ്സിലാക്കാന്‍ സെക്രട്ടറിക്ക് പ്രയാസമൊന്നുമില്ലായിരുന്നു. അവന്‍ ചീറി “പിന്നേ യവന്റെ അമ്മായിയച്ചന്റെയല്ലേ എലക്ട്രിസിറ്റി ബോര്‍ഡ്... യെവനു മാത്രമായിറ്റ് മീറ്ററു വയ്ക്കാന്‍! മൊട കാണിക്കാനാണേ നീയൊന്നും ഇവടെ താമസിക്കാന്‍ പോണില്ല കെട്ടാ....”

സെക്രട്ടറിയുടെ ഒച്ച കേട്ട് മറ്റ് ഔട്ടന്മാര്‍ ഇടപെട്ടു. ക്ഷമാപണം ചെയ്ത് അളിയന്മാരെ രക്ഷിച്ചു. അപ്പോഴേക്കും വാര്‍ഡന്‍ എത്തി. സി.ബി.ഐ വളരെ ഭവ്യതയോടെ വിഷ് ചെയ്തു. എന്തൊരു വിനയം! അര മണിക്കൂറിനുള്ളില്‍ വാര്‍ഡനെ സോപ്പിട്ട് പതപ്പിച്ച് അളിയന്റെ അഡ്മിഷന്‍ പണികള്‍ പൂര്‍ത്തീകരിച്ച് സി.ബി.ഐ. മടങ്ങി.

ആന്ധ്രക്കാരായ മറ്റു പയ്യന്മാരോടൊന്നും ഗോമതേശ്വര്‍ രാജുലുവിന് വലിയ കമ്പനി ഉണ്ടായിരുന്നില്ല.എന്നു മാത്രമല്ല അവര്‍ മലയാളം പറയുന്നത് വലിയ കുറച്ചിലാണെന്നായിരുന്നു “ലു” വിന്റെ വാദം! (കുട്ടികളില്‍ ചിലര്‍ “ലു” എന്നും മറ്റു ചിലര്‍ ഒന്നുകൂടി പരിഷ്കരിച്ച് “ഗുല്‍ഗുലു” എന്നും വിളിക്കാന്‍ തുടങ്ങിയിരുന്നു.)

കുറച്ചു നാളുകള്‍ക്കുള്ളില്‍ മറ്റു കുട്ടികള്‍ക്ക് ഒരു കാര്യം ബോധ്യമായി. കക്ഷിയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വളരെ കമ്മി. ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ തെലുങ്ക്. മറ്റൊരു ഭാഷയും പിടിയില്ല.

എന്നാല്‍ ആ അഹങ്കാരമൊന്നും മുഖത്തില്ലെന്നു മാത്രമല്ല മലയാളത്തോട് പരമ പുച്ഛവും!

ഇവനൊരു പണി കൊടുത്തിട്ടു തന്നെ കാര്യമെന്ന് ഹോസ്റ്റലിലെ ആസ്ഥാന വിദൂഷകന്‍ വട്ടോളി തീരുമാനിച്ചു. മുറി ഹിന്ദിയൊക്കെ പറഞ്ഞ് ആളെ സോപ്പിട്ടു.

വഴിയില്‍ വച്ചോ, ടി.വി. റൂമില്‍ വച്ചോ ഒക്കെ കണ്ടാലുടന്‍ വിഷ് ചെയ്യുകയായി “ നമസ്കാര്‍ ജീ...”

മനം കുളിര്‍ത്ത്, പാന്‍ മസാലക്കറയുള്ള പല്ലുകള്‍ കാട്ടി ഗുല്‍ഗുലു ചിരിക്കും.അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ വട്ടോളി പ്ലാന്‍ ചെയ്തുറപ്പിച്ച നമ്പര്‍ ഇറക്കി!

ഭക്ഷണം കഴിച്ചു വരുന്ന ഗുല്‍ഗുലുവിനോട് ഊണു കഴിഞ്ഞോ എന്ന് ആംഗ്യഭാഷയില്‍ ചോദിച്ചു.

ലു വിന് സംഗതി മനസ്സിലായില്ല. അപ്പോള്‍ വട്ടോളി കൈ കൊണ്ട് ചോറുണ്ണുന്ന ആംഗ്യം ഒന്നു കൂടി കാണിച്ചു. എന്നിട്ടു ചോദിച്ചു “തൂറിയോ...!?”

ഗുല്‍ഗുലു തലയാട്ടി.“ഹാ... ഹാ... യെസ് യെസ്...!”

പിന്നെ അതൊരു സ്ഥിരം ചടങ്ങായി. ഊണു കഴിഞ്ഞു വരുന്ന ഗുല്‍ഗുലുവിനെ വട്ടോളി മെനക്കെട്ടു കാത്തു നില്‍ക്കും. മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം ആംഗ്യം പൂര്‍ണമായി ഒഴിവാക്കി. തൂറിയോ എന്ന ചൊദ്യം മാത്രം.

പക്ഷേ ഗുല്‍ഗുലുവും ബുദ്ധിമാനാണല്ലോ....! തല കുലുക്കലല്ലാതെ ഇതിന്റെ മറുപടി എങ്ങനെ പറയും എന്നൊന്നറിയണമല്ലോ. ഒരു ദിവസം വട്ടോളിയെ ഞെട്ടിച്ചു കൊണ്ട് ടിയാന്‍ ചോദിച്ചു “തൂറിയോ!?”

ഒന്നമ്പരന്നെങ്കിലും വട്ടോളി ഉള്ളില്‍ ചിരിച്ചു. ഉടന്‍ മറുപടി പറഞ്ഞു “തൂറി !”

ഗുല്‍ഗുലു ഡബിള്‍ ഹാപ്പി!!

മലയാളം ഒരു വാക്കു പോലും പഠിക്കില്ലെന്നു ശഠിച്ച ഗുല്‍ഗുലു അടുത്ത ദിവസം മുതല്‍ വട്ടോളിയുടെ ചോദ്യത്തിന് കൃത്യം മറുപടി പറയാന്‍ തുടങ്ങി.

ശാന്തസ്വഭാവം കാരണം “ദുര്‍വ്വാസ്രാവ് “ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആളാണ് ഗുല്‍ഗുലുവിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്. ഗുജറാത്തിലെ ജാംനഗറില്‍ എം.ഡി. ചെയ്തയാള്‍. അതുകൊണ്ടു തന്നെ ഔട്ടന്മാരെ ഇഷ്ടമാണ്. പക്ഷേ മൂക്കിന്‍ തുമ്പു വിറച്ചു തുടങ്ങിയാല്‍ പിന്നെ......!

ഒരു മാസം കൊണ്ടു തന്നെ ഗുല്‍ഗുലുവും പ്രൊഫസറും മച്ചാ മച്ചാ ആയി. ഒരു ദിവസം ഉച്ചഭക്ഷണ സമയം അതിക്രമിച്ചിട്ടും ചില കുട്ടികള്‍ പ്രൊഫസറെ വിട്ടൊഴിഞ്ഞു പോകുന്നില്ല. അവര്‍ തുടരെ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു. ലു വിന് ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതായി. പ്രൊഫസറെ കുട്ടികളില്‍ നിന്നു രക്ഷിക്കേണ്ടത് തന്റെ ധര്‍മ്മവും ഇമേജ് ബൂസ്റ്റിംഗ് ഓപ്പര്‍ച്യൂണിറ്റിയുമായി ടിയാന്‍ തിരിച്ചറിഞ്ഞു.

പ്യൂണിന്റെ കയ്യില്‍ ഒരു കുറിപ്പെഴുതി അകത്തേക്കു കൊടുത്ത് വിട്ടു. എന്നിട്ട് വാതില്‍ക്കല്‍ മുഖം കാണുന്ന രീതിയില്‍ നിന്നു.

പ്യൂണ്‍ കുറിപ്പ് പ്രൊഫസര്‍ക്ക് കൈമാറി. സുസ്മേരവദനനായി ഗുല്‍ഗുലു നോക്കി നിന്നു. അതാ പ്രൊഫസറുടെ മുഖം വലിഞ്ഞു മുറുകുന്നു. മേല്‍മീശയും ചുണ്ടും വിറയ്ക്കുന്നു. അടുത്തത് മൂക്കിന്‍ തുമ്പാണ്! ഗുല്‍ഗുലുവിന്റെ തൊണ്ട വരണ്ടു.

പ്രൊഫസര്‍ തലയുയര്‍ത്തി നോക്കി. ജിറാഫിന്റെ തല കണക്കെ ഗുല്‍ഗുലു ശിരസ്സ് ഹാഫ് ഡോറിനു മീതെ!

“യേ ക്യാ ബത്തമീസീ ഹെ?”

“ബത്തമീസീ? സര്‍ മെ തോ........”ഗുല്‍ഗുലു വിക്കി. അയാള്‍ക്കൊന്നും മനസ്സിലായില്ല.

പ്രൊഫസര്‍ അറപ്പോടെ കുറിപ്പിലേക്കു വീണ്ടും നോക്കി.

മലയാളം ലിപി വശമില്ലാത്തതുകൊണ്ട് അതില്‍ ഇങ്ങനെ എഴുതിയിരുന്നു “ Sir..... thooriyo !?"

കുട്ടികളിലൊരാള്‍ ഇതെന്താണ് സംഭവിച്ചതെന്നറിയാന്‍ ആ കുറിപ്പിലേക്കെത്തി നോക്കാന്‍ തുനിഞ്ഞു. അതോടെ പ്രൊഫസറുടെ കലി ഇരട്ടിച്ചു.

ഊണു കഴിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഇങ്ങനെയൊരു ബുദ്ധി പ്രയോഗിച്ചതെന്നു പറയാനായി ഗുല്‍ഗുലു വായ് തുറന്നപ്പോഴേക്കും ദുര്‍വാസ്രാവ് അലറി

“ഗെറ്റ് ഔട്ട് .... യു സ്റ്റുപിഡ്!”

ഗുല്‍ഗുലു........ ഗുലു ഗുഗ്ഗുലു!

പിന്നൊരാഴ്ച്ചക്കാലം അതിയാനെ ആരും കണ്ടില്ല!


മറ്റു വട്ടോളിക്കഥകൾ

ചിറകുവിരിഞ്ഞാലത്തെ സാങ്കെതികപ്രശ്നങ്ങൾ
പട്ടണപ്രവേശം
കാച്ചിൽ പുരാണം 

Wednesday, May 20, 2009

എന്റെ പുതിയ പോസ്റ്റുകള്‍

സുഹ്ര^ത്തുക്കളെ.....


എന്റെ പുതിയ പോസ്റ്റുകള്‍ 'ആല്‍ത്തറ' യില്‍ വായിക്കുമല്ലോ.

അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

http://aaltharablogs.blogspot.com/search/label/ജയന്‍ ദാമോദരന്‍

Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.


“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”


ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!


സസ്നേഹം

ജയന്‍ ദാമോദരന്‍