Thursday, September 29, 2011

ബ്ലോഗിണി എന്റെ കൂട്ടുകാരി !

ഗൂഗിളമ്മച്ചിയുടെ പറമ്പിൽ കൊത്തും കിളയുമായി കൂടുന്നതിനു മുൻപ്, മോഹൻ ലാൽ നായകനായി അഭിനയിച്ച ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിൽ, ശ്രീനിവാസൻ അവതരിപ്പിച്ച ‘തല നിറച്ചു മ്യൂസിക്കുമായി’ നടക്കുന്ന ജിദൻലാൽ മദൻലാൽ എന്ന കഥാപാത്രത്തെപ്പോലെ, തല നിറച്ചു കഥകളുമായി നടക്കുകയായിരുന്നു ബ്ലോഗർ.

ബ്ലോഗ് പറമ്പിൽ സ്ഥലം പാട്ടത്തിനെടുത്ത്, സ്വന്തമായി കൃഷി തുടങ്ങിയതോടെ ആൾ ജാഡയിലായി. തലയുയർത്തി നെഞ്ചു വിരിച്ചായി നടപ്പ്. “എന്താ, എന്നെക്കണ്ടാൽ തലയ്ക്കകത്ത് ആശയങ്ങളുടെ മലവെള്ളപ്പാച്ചിലാണെന്നു തോന്നുന്നില്ലേ?” എന്ന മട്ടിൽ ബ്ലോഗ് കൂട്ടായ്മകളിൽ, ആദ്യമൊക്കെ വലിഞ്ഞു കയറിയും, പിന്നെപ്പിന്നെ ഇടിച്ചു കയറിയും അയാൾ മദിച്ചു.

സ്വന്തം സൃഷ്ടികളിൽ അഭിമാനപുളകിതനായും, മറ്റുള്ളവരുടെ സൃഷ്ടികളിൽ വിമർശനപടുവായും വിലസവേ പെട്ടെന്ന്  ബ്ലോഗർ അപ്രത്യക്ഷനായി. എത്രയോ കൊത്തുകിളക്കാരും, പാ‍ട്ടക്കുടിയാന്മാരും ബ്ലോഗ് പറമ്പിൽ അപ്രത്യക്ഷരാകുന്നു. ഗൂഗിളമ്മച്ചി ഇതൊന്നും മൈൻഡ് ചെയ്തതേ ഇല്ല.

സത്യത്തിൽ ബ്ലോഗ് പറമ്പിൽ പണിയെടുക്കണം എന്നു തന്നെയായിരുന്നു ബ്ലോഗറുടെ ആഗ്രഹം.

ഔദ്യോഗിക ജീവിതം തന്റെ സർഗശേഷി മുരടിപ്പിക്കുന്നു, ഉറവ വറ്റിക്കുന്നു എന്നൊക്കെ ആത്മഗതം നടത്തിയെങ്കിലും, “ബ്ലോഗ് പുഴുങ്ങിയാൽ ചോറാവുമോ?” “കമന്റൊഴിച്ചാൽ കറിയാവുമോ?” എന്നിങ്ങനെയുള്ള കുനുഷ്ടു ചോദ്യങ്ങളുമായി ധർമപത്നി സ്വൈര്യം കെടുത്തിയതിനാൽ അയാൾ പകൽ സർക്കാരാപ്പീസിൽ തന്നെ പണിയെടുത്തു.

രാത്രികാലങ്ങളിൽ “കാര്യത്തിൽ മന്ത്രിയും, കർമ്മത്തിൽ ദാസിയും, രൂപത്തിൽ ലക്ഷ്മിയും ഭാര്യാ... ആ...” എന്ന പാട്ടും പാടി കുടുംബസമാധാനം കാത്തു.

ഭാര്യ പ്രസാദിച്ചു. കുട്ടികൾ സന്തോഷിച്ചു. എങ്ങും ശാന്തിയും സമാധാനവും കളിയാടി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മക്കൾ അനുവദിച്ചാൽ നെറ്റിൽ കയറും. തന്റെ ബ്ലോഗ് പൂമുഖം ഒക്കെ ഒന്നോടിച്ചു നോക്കും. മടങ്ങും

എങ്കിലും ബ്ലോഗറുടെ ഉള്ളു പുകഞ്ഞുകൊണ്ടിരുന്നു. ഒരുമാസം കഴിഞ്ഞു ഒരു പോസ്റ്റിട്ടിട്ട്. തന്നെ ഈ ബൂലോഗത്ത് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ? ഒരു കമന്റുതുള്ളിയെങ്കിലും തന്നെയൊർത്ത് അവിടെ വീഴുന്നുണ്ടാവുമോ? അയാൾ തരള ഹൃദയനായി.

മാസം ഒന്നരകഴിഞ്ഞു. പോസ്റ്റുമില്ല. കമന്റു തുള്ളിയുമില്ല.

ബ്ലോഗർ നിരാശനായി. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ബ്ലോഗറുടെ ഫോണിൽ ഒരു കോൾ. കൂട്ടുകാരിയായ ഒരു ബ്ലോഗിണി!

 ബ്ലോഗർ ആനന്ദതുന്ദുലിതഗാത്രനായി.

“എന്തു പറ്റി, ഇപ്പോൾ കാണാറേ ഇല്ലല്ലോ?” ബ്ലോഗിണി ചോദിച്ചു.

“എന്തു പറയാൻ മുടിഞ്ഞ തിരക്കല്ലേ...?” ബ്ലോഗർ പരിതപിച്ചു. “മനസ്സിൽ ആശയങ്ങൾ ഇല്ലാഞ്ഞല്ല, സമയം കിട്ടാത്ത കൊണ്ടാ.....”

“സമയം എന്നൊന്നില്ലല്ലോ, അതു നമ്മൾ ഉണ്ടാക്കുന്നതല്ലേ?” ബ്ലോഗിണി.

“ഉം... ഒരർത്ഥത്തിൽ ശരിയാണ്. നാലുപാടും നമ്മൾ കാണുന്നതും കേൾക്കുന്നതും പകർത്തി വച്ചാൽ മാത്രം മതി ഒരു നൂറു പോസ്റ്റുകൾ തികയ്ക്കാൻ.... ഞാൻ ശ്രമിക്കാം. എന്നെ ഓർത്തല്ലോ, വിളിച്ചല്ലോ...” ബ്ലോഗർ ഗദ്ഗദകണ്ഠനായി. കണ്ണിൽ നീർ പൊടിഞ്ഞു. നിശ്ശബ്ദതയുടെ നിമിഷങ്ങൾ....

പാവം ബ്ലോഗിണി.... തന്റെ ഹൃദയനൊമ്പരം അവളെ നിശ്ശബ്ദയാക്കിയല്ലോ... ബ്ലോഗർ ചിന്തിച്ചു.

“അല്ല.... എന്താ ഒന്നും മിണ്ടാത്തത്... സോറി... ഞാൻ വല്ലാതെ ഇമോഷണലായിപ്പോയി...”

വീണ്ടും നിശ്ശബ്ദത.

ബ്ലോഗർ ആകുലനായി. “ഹലോ.... ഹലോ...?” അയാൾ വിളിച്ചു.

നോ പ്രതികരണം.

ഫോൺ ചെവിയിൽ നിന്നെടുത്തു നോക്കി. റെഞ്ചുണ്ട്. പക്ഷെ കോൾ കട്ടായിരിക്കുന്നു.

അയാൾ ആ നമ്പറിൽ തിരിച്ചു വിളിച്ചു.

കുറേ നേരം കഴിഞ്ഞാണ് ബ്ലോഗിണി എടുത്തത്.

“അയ്യോ.... ഞാൻ അയൺ ബോക്സ് കുത്തി ചൂടാകാൻ താമസിച്ചപ്പോൾ ഒന്നു വിളിച്ചെന്നേ ഉള്ളു.വേറെ വിശേഷമൊന്നുമില്ല! ”

ആഹാ, പഷ്ട്!

ബ്ലോഗർ ഒന്നു ചമ്മി.


എന്നാലും ബ്ലോഗർ അങ്ങോട്ടു വിളിച്ചതോടെ ബ്ലോഗിണിക്കു നാവിനു നീളം കൂടി. കത്തി നീണ്ടു.

“ഹമ്പടി ഭയങ്കരീ...” ബ്ലോഗർ ചിന്തിച്ചു.

അതിനിടെ ഭാര്യ എന്തോ വന്നു ചോദിച്ചു. “ശരി ശരി” എന്ന് അയാൾ മൂളി. അവൾ പോയി.

പിന്നെ വന്നു. അപ്പൊഴും കത്തി.

ഒടുവിൽ ബ്ലോഗർ ചോദിച്ചു “അല്ല... ഇത് ഞാൻ അങ്ങോട്ടു വിളിച്ച കോളല്ലേ..?”

“അതെ...”

“എന്നാപ്പിന്നെ വയ്ക്ക്വല്ലേ?”

കൂടുതൽ എന്തെങ്കിലും പറയും മുൻപ് ബ്ലോഗർ ഫോൺ വച്ചു.

പിൻ തിരിഞ്ഞു നോക്കിയപ്പോൾ ക്രോധമുഖിയായി ഭാര്യ.


ബ്ലോഗർക്കു ഗദ്ഗദം പിടിപെട്ടു. അയാൾ ചുമച്ചു.

“ആരാ വിളിച്ചത്?” ഭാര്യ ചോദിച്ചു.

“ഒരു ഫ്രണ്ടാ.... ബ്ലോഗിണി” അയാൾ സത്യം പറഞ്ഞു.

“എന്തു കിണി?”

“കിണിയല്ല. ഗിണി... ഗിണി... ബ്ലോഗിണി!”

ഭാര്യ മിഴിച്ചു നിന്നു.

“ഞാൻ കഴിഞ്ഞ ഒന്നരമാസമായി കഥകളൊന്നും എഴുതത്തതെന്താണെന്ന് വിളിച്ചു തിരക്കിയതാ കൂട്ടുകാരി” അയാൾ വിശദീകരിച്ചു.

ഭാര്യ പെട്ടെന്നുണ്ടായ ആവേഗത്തിൽ ബ്ലോഗറുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.

“മര്യാദയ്ക്ക് മാസമാസം കൃത്യമായി ഓരോ കഥയെഴുതി പോസ്റ്റ് ചെയ്തോളണം. അല്ലാതെ അതിന്റെ പേരിൽ ഇനി ഒരു കൂട്ടുകാരിണിക്കും ഫോണിൽ വിമ്മിഷ്ടപ്പെടാൻ ഇടവരുത്തരുത്. മനസ്സിലായോ?”

കഴുത്തു ഞെരിഞ്ഞ ബ്ലോഗർ കണ്ണു തുറിച്ചു; ഉമിനീരിറക്കി, മൂളി “ഉം മ് മ് മ്....!”




വാൽക്കഷണം: ഈ ബ്ലോഗർ ഞാൻ തന്നെയാണെങ്കിലും എന്നെ വിളിച്ച ബ്ലോഗിണി ഈ ബ്ലോഗിണി അല്ല. ഇതു സത്യം സത്യം സത്യം!