Saturday, August 22, 2009

പട്ടണപ്രവേശം

.

വട്ടോളി കഥകള്‍ – 3

തിരുവനന്തപുരം ആയുര്‍വേദകോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ മുതല്‍ വട്ടോളി ഉത്സാഹത്തിലായിരുന്നു. മറ്റൊന്നുമല്ല കാരണം. പ്രിന്‍സിപ്പല്‍ പറഞ്ഞു മെന്‍സ് ഹൊസ്റ്റല്‍ സ്ഥിതി ചെയ്യുന്നത് പൂജപ്പുരയിലാണ് എന്ന്.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ച് കിലൊമീറ്റര്‍ അകലെയാണ് സ്ഥലം. പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വരെ പൂജപ്പുരയുമായി ബന്ധമുള്ളവരാണ്! കൂടാതെ സെന്‍ട്രല്‍ ജെയില്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കോണ്‍ ഡം ഫാക്ടറി എന്നിവയും പൂജപ്പുരയിലാണെന്ന്‍ വട്ടോളി റിസേര്‍ച്ചിലൂടെ കണ്ടെത്തിയിരുന്നു!

പണ്ട് മംഗളം മനോരമ വാരികകള്‍ ആര്‍ത്തിയോടെ വായിക്കുന്ന കാലത്തേ മനസ്സിലാക്കിയിട്ടുള്ളതാണ് ലാലേട്ടന്റെ വീട് തിരുവനന്തപുരത്താണ് എന്നുള്ളത്. എന്നു മാത്രമല്ല ലാലേട്ടനും, പ്രിയദര്‍ശനും, മണിയന്‍പിള്ള രാജുവും ഒക്കെ ക്രിക്കറ്റ് കളിച്ചിരുന്ന ഗ്രൌണ്ടും പൂജപ്പുരയാണ്. അതിനു തൊട്ടടുത്താണ് മെന്‍സ് ഹോസ്റ്റല്‍! ഹൊസ്റ്റലില്‍ നിന്നു നടന്നെത്താവുന്ന ദൂരമേയുള്ളൂ ലാലേട്ടന്റെ വീട്ടിലേക്ക്. രോമാഞ്ചകഞ്ചുകമണിയാന്‍ ഇനി എന്തു വേണം!

പിന്നെ, ശ്രീപദ്മനാഭ, ശ്രീകുമാര്‍, ശ്രീവിശാഖ്,ധന്യ, രമ്യ, കൈരളി,ശ്രീ, അഞ്ജലി, അതുല്യ, ആതിര,അശ്വതി,കൃപ.......അങ്ങനെ....പതിനേഴു തിയേറ്ററുകള്‍!പേരൊക്കെ പത്രം വായിച്ച് എന്നേ മന:പാഠമാ‍ക്കിക്കഴിഞ്ഞു. ഇനി അവിടൊന്നു ചെന്നിട്ടു വേണം സംഗതികളൊക്കെ ഒന്നു സെറ്റപ്പാക്കാന്‍.

ആയുര്‍വേദകോളേജില്‍ അഡ്മിഷന്‍ കിട്ടിയ അന്നുമുതല്‍ വട്ടോളി കാത്തിരുന്ന ദിവസമാണ് ഹോസ്റ്റല്‍ പ്രവേശനദിനം. ലാലേട്ടന്റെ ‘പട്ടണപ്രവേശം‘ പൊലെ താനും തിരുവനന്തപുരം പട്ടണത്തില്‍ ഒന്നു പ്രവേശിക്കുന്നുണ്ട്.

അങ്ങനെ ആ ദിനം സമാഗതമായി. വട്ടോളിയുടെ പിതാവ് മകനെ ഹോസ്റ്റലിലാക്കിയശേഷം നാട്ടുകാരനും എം.ഡി വിദ്യാര്‍ത്ഥിയുമായ ‘കുഞ്ഞു‘വിനെ പ്രത്യേക നിര്‍ദേശങ്ങളോടെ ഏല്‍പ്പിച്ചുകൊടുത്തു.

“സിറ്റിയിലോ, ഹോസ്റ്റലിലൊ ഒന്നും താമസിച്ചിട്ടില്ലാത്ത കുട്ടിയാണ്. സിനിമകാണുന്ന ശീലം പോലും അവനില്ല.... അവനെ നോക്കിക്കോണേ.......”

അപ്പന്റെ പരിദേവനത്തിനു മറുപടിയെന്നോണം രണ്ടു മൂളലുകള്‍ ഒരുമിച്ചുണ്ടായി.

മൂളല്‍ നം.1 കുഞ്ഞു : “ഉം......ഉവ്വുവ്വേ......നമ്മളീയെനത്തിനെ എത്ര കണ്ടതാ..... കാര്‍ന്നോര് ചെല്ല്..! ‘’

മൂളല്‍ നം.2. വട്ടോളി : “ ഉം......അപ്പന്റെയോരോ സൂക്കേടുകള്.... ഈ കാലമാടന്റെയടുക്കല് എന്നെ കൊണ്ടാക്കണ്ട വല്ലകാര്യോമൊണ്ടൊ? എനിക്കെന്നാ 18 വയസ്സായില്ലേ? സിനിമാതിയേറ്ററിലൊക്കെ ഞാന്‍ തനിയെ പൊയ്ക്കൊള്ളാം...!“

രണ്ടു മൂളലുകള്‍ ഒരുമിച്ചു കേട്ടോ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചു നില്‍ക്കുന്ന പിതാവിന് മുന്നില്‍ നിഷ്കളങ്കനായി നിന്ന് വട്ടോളി തലയാട്ടി “ ഇല്ലപ്പാ... ഇല്ല... ഞാനൊന്നും പറഞ്ഞില്ല!“

പിതാവും പുത്രനും പരിശുദ്ധാത്മാക്കളായി.....

അപ്പന്‍ പറഞ്ഞു “മോനേ... ദൈവ ഭയം വേണം.... ഞാറാഴ്ചയെല്ലാം പള്ളീപ്പോണം.....”

പരിശുദ്ധനായ പുത്രന്‍ തലയാട്ടി.

അപ്പന്‍ എക്സിറ്റ്.

കുഞ്ഞു പറഞ്ഞു “ഡേ..ഡേ... മതി അപ്പനെ നോക്കി നിന്നത്. വാ റൂമീപ്പോവാം”

“കര്‍ത്താവേ! ഈ പണ്ടാരക്കാലന്‍ എന്നെ റാഗ് ചെയ്യാന്‍ വല്ലോമാണോ കൊണ്ടുപോകുനത്!“ വട്ടോളിയുടെ മുട്ടുകള്‍ വിറച്ചു. തന്റെ പിതാവിനോട് അടക്കാനാവാത്ത സ്നേഹം തോന്നുന്നല്ലോ എന്ന് വട്ടോളിക്കു തോന്നി!

എന്നതായാലും അപ്പന്‍ പോയി. ഇനി വരാനുള്ളത് വരട്ടെ. മുറിക്കുള്ളില്‍ കയറി. ഇടതുകാലാണോ വലതു കാലാണോ ആദ്യം മുറിയിലേക്കു വച്ചത് എന്ന് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇനി ഈ കാലമാടന്‍ പറയുന്നപോലെ അനുസരിക്കാം.

ഉള്ളിലെ ഭീതി പുറത്തുകാട്ടാതെ വട്ടോളി ചോദിച്ചു “ ചേട്ടാ… ഇവിടെ ഭക്ഷണമൊക്കെ എങ്ങനാ…..? നോണ്‍ വെജ്ജൊക്കെ കിട്ടുമോ?

കുഞ്ഞു അവനെ തറപ്പിച്ചൊന്നു നോക്കി. കര്‍ത്താവേ! ഇവനാര് സിംഹത്തിന്റെ മോനോ!? ഇതെന്നാ നോട്ടം!

ഉള്ളുകിടുങ്ങി വട്ടോളി ചിന്തിച്ചു.

എന്തായാലും ഡ്രെസ്സൊക്കെ ഒന്നു ചെയ്ഞ്ച് ചെയ്യാം വട്ടോളി ചിന്തിച്ചു.

“ഡ്രെസ്സൊന്നും മാറ്റണ്ട…. നമക്ക് പുറത്തുപൊയി ഭക്ഷണം കഴിക്കാം” കുഞ്ഞു പറഞ്ഞു.

താന്‍ വിചാരിച്ചത്ര കുഴപ്പക്കാരനല്ല സീനിയര്‍…. എന്തായാലും പുറത്തുപോയിത്തന്നെ കഴിക്കാം.

രണ്ടാളും പുറത്തിറങ്ങി. പൂജപ്പുര ജംഗ്ഷനിലെത്തി. ഹായ് ലാലേട്ടന്‍ നടന്ന വഴികള്‍!
പെട്ടെന്ന് വട്ടോളിയ്ക്ക് ഒരു മോഹന്‍ലാല്‍ സിനിമ കാണാന്‍ മുട്ടി!

പക്ഷേ എങ്ങനെ പറയും….

"ഇവിടത്തെ ഹോട്ടലൊന്നും അത്ര പോരാ….. നമുക്ക് തമ്പാനൂര് പോകാം." അടുത്തു വന്ന ബസ്സിന് കുഞ്ഞു കൈ കാട്ടി. രണ്ടാളും അതില് കയറി.

കണ്ടക്ടര്‍ അടുത്തു വന്നപ്പോള്‍ കുഞ്ഞു പറഞ്ഞു “രണ്ടു തമ്പാനൂര്…”

വട്ടോളിയെ ചൂണ്ടീക്കാട്ടി പൈസവാങ്ങിക്കോളാന്‍ ആംഗ്യം കാട്ടി.

കണ്ടക്ടര്‍ വട്ടോളിയെ നോക്കി.

വട്ടോളി കുഞ്ഞുവിനെ നോക്കി.

കുഞ്ഞു പറഞ്ഞു “ പൈസ എടുക്കാന്‍ മറന്നു…. നീ കൊട്….!“

മാതാവേ! ഇവന്‍ തനി മറ്റവനാണല്ലോ! ഇനി എന്തു ധൈര്യത്തോടെ ഹോട്ടലില്‍ കേറും!?

എന്തായാലും ടിക്കറ്റെടുത്തു. ഇതിനിടെ കുഞ്ഞു ഒരു സീറ്റ് ഒപ്പിച്ചു കഴിഞ്ഞു.

തമ്പാനൂരെത്തി. ഇവിടെ ചില തിയേറ്ററുകള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. ഇവനു തീറ്റ വാങ്ങിക്കൊടുക്കന്നതിലും നല്ലത് രണ്ടാളും കൂടി സിനിമ കാണുന്നതാ. ലാലേട്ടന്റെ ആറാം തമ്പുരാന്‍ ഇറങ്ങിയ സമയമാ. നാട്ടീന്നു കണ്ടെങ്കിലും ഒന്നൂടെ കണ്ടാലോ?

“നമുക്കൊരു സിനിമ കണ്ടാലോ?” കുഞ്ഞു വീണ്ടും മനസ്സുവായിച്ചു.

വട്ടോളിയാകട്ടെ, അതുവേണോ…. എന്ന മട്ടില്, താല്പര്യമില്ലാത്തപോലെ നിന്നു. കുഞ്ഞുവിന് അങ്ങനങ്ങു പിടി കൊടുക്കരുതല്ലോ!

ഒടുവില്‍ സമ്മതിച്ചു. ‘’ചേട്ടാ ആറാം തമ്പുരാനാണേല് ഞാനും വരാം….”

കുഞ്ഞു ഉള്ളില്‍ ചിരിച്ചു. “ മണ്ടന്‍....… മക്കുണന്‍...…. “

സിനിമ കഴിഞ്ഞപ്പോള്‍ വട്ടോളി ആകാംക്ഷയോടെ ചോദിച്ചു “ചേട്ടാ…. ഇഷ്ടപ്പെട്ടോ?”

ഒന്നുമല്ലെങ്കില് സിനിമയ്ക്ക് ടിക്കറ്റെടുത്തത് താനാണല്ലോ….. അതും കുഞ്ഞുചേട്ടനു കാണാന്‍ വേണ്ടി….

“ആ… .....കുഴപ്പമില്ല”

വട്ടോളി അല്പം ഡെസ്പായി. ഇനി ഈ കാലമാടന് തീറ്റകൂടി വാങ്ങിക്കൊടുക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ അവനു ശരിക്കും കരച്ചില്‍ വന്നു.

വാഷ് ബെയ്സിനില്‍ കയ്യും മുഖവും കഴുകി ഒരു ടേബിളിനു മുന്നില്‍ ഇരുന്നു കഴിഞ്ഞ കുഞ്ഞുവിനെ കുത്തിക്കൊല്ലാന്‍ തോന്നി അവന്…!

വെയ്റ്റര്‍ വന്നു. കുഞ്ഞു ചൊദിച്ചു “നിനക്കെന്തു വേണം…?”

“ചപ്പാത്തീം വെജിറ്റബിള്‍ കുറുമയും…..” ഒരു പൊരിച്ചകോഴിയെ ഒറ്റയ്ക്കു തിന്നാനുള്ള വിശപ്പുണ്ടായിട്ടും വട്ടോളി പറഞ്ഞു. കാശു താന്‍ തന്നെ കൊടുക്കണമല്ലോ!

“എനിക്ക് ചിക്കന്‍ ഫ്രൈഡ് റൈസും ചില്ലി ചിക്കനും!“ കുഞ്ഞു ഓര്‍ഡര്‍ ചെയ്തു.

വട്ടോളിയുടെ വയര്‍ കാളി.

നാലു ദിവസമെങ്കിലും ഇവന്‍ വയറിളകിക്കിടക്കണേ അന്തോണീസ് പുണ്യാളാ.... എന്നുള്ളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട് ചപ്പാത്തി കുറുമയില്‍ മുക്കി ചവച്ചരച്ചു കഴിച്ചു. ആക്രാന്തേസിയെ ഫാമിലിയില്‍ പെട്ടതായതുകൊണ്ട് സ്ഥിരം വാരിവലിച്ചു തിന്നുമ്പോള്‍ വീട്ടില് അപ്പന്‍ പറയാറുള്ള ഉപദേശം വട്ടോളി വെറുതേ ഓര്‍ത്തു…...."ചവച്ചു തിന്നണം!"

ചപ്പാത്തിക്കൊപ്പം കുഞ്ഞുവിനെയും.... ചവച്ചരച്ച്......

കുഞ്ഞുവാകട്ടെ ചിക്കന്‍ നുറുക്കുകള്‍ വിതറിയ ഫ്രൈഡ് റൈസ് ചില്ലിചിക്കന്‍ ചേര്‍ത്ത് ആസ്വദിച്ചു കഴിക്കുകയാണ്. ക്യാപ്സിക്കവും ചില്ലി സോസും ടൊമാറ്റോസോസും ചേര്‍ത്ത ഗ്രേവി നക്കിനക്കിക്കഴിക്കുന്നതു കണ്ടു സഹിക്കവയ്യാതായപ്പോള്‍ വട്ടോളി തീറ്റ നിര്‍ത്തി എണീറ്റു.

കൈകഴുകി വന്നപ്പോഴേക്കും കുഞ്ഞു ബില്ലുമെടുത്ത് കൈ കഴുകാന്‍ പോയിക്കഴിഞ്ഞു.

ഈ ഡാഷ് മോന് ആ ബില്ലിവിടെ വച്ചിട്ടു പോകരുതായിരുന്നോ! വട്ടോളിക്ക് ചൊറിച്ചില്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി!

കൈകഴുകി നനഞ്ഞ ബില്ലുമായി കുഞ്ഞു തിരിച്ചെത്തി.

“വാടാ……പോകാം!“

കുഞ്ഞു നേരേ കൌണ്ടറിലേക്കു നടന്നു. നൂറു രൂപയുടെ ഒരു നോട്ട് ബില്ലിനൊപ്പം കൊടുത്തു. ബാലന്‍സ് വാങ്ങി. അഞ്ചു രൂപ വെയിറ്റര്‍ക്കു കൊടുത്തു. പുറത്തിറങ്ങി!

തൊട്ടു മുന്‍ നിമിഷം വായില്‍ നിറഞ്ഞ തെറി അപ്പാടെ വട്ടോളി വിഴുങ്ങി!

തോളില്‍ കയ്യിട്ടുകൊണ്ട് കുഞ്ഞു ചോദിച്ചു” നീയൊരു ലാലേട്ടന്‍ ഫാനാണല്ലേ?”

“അതെ…”

“ഉം...... ഞാനിത് ആറാം തവണയാ ആ പടം കാണുന്നത് !“കുഞ്ഞു പറഞ്ഞു.

അമ്പട ഫയങ്കരാ! വട്ടോളി കര്‍ത്താവിനെ സ്തുതിച്ചു.

അങ്ങനെ വട്ടോളി കുഞ്ഞുവിനാല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ട് ഹോസ്റ്റല്‍ വാസം തുടങ്ങി. അനിയന്‍ ചാച്ചന്റെ സമ്പൂര്‍ണ്ണശിഷ്യത്വം സ്വീകരിച്ചു. അങ്ങനെയിരിക്കെ ഒരു നാള്‍ ശിഷ്യന്‍ ഗുരുവിനു മുന്നില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു.

കോവളം ഒന്നു കാണണം. പണ്ട് സ്കൂളില്‍ നിന്ന് എസ്കര്‍ഷനു വന്നപ്പോള്‍ മിന്നായം പൊലൊന്നു കാണാനേ കഴിഞ്ഞുള്ളു, മദാമ്മമാരെയൊന്നും കാണാന്‍ പറ്റിയില്ല.പിന്നെ ഹവ്വാ ബീച്ച്. അതൊന്നു വിസ്തരിച്ചു കാണണം.

ഗുരു സമ്മതിച്ചു. ഒരു ദിവസം വൈകുന്നേരം അഞ്ചുമണിയോടെ ഗുരുവും ശിഷ്യനും സ്ഥലത്തെത്തി. സീസണായ കാരണം നല്ല തെരക്കായിരുന്നു. പഞ്ചാബ് മുതല്‍ തമിഴ് നാട് വരെയും ആസ്ട്രെലിയ മുതല്‍ ആഫ്രിക്ക വരെയുമുള്ള ദേശവൈവിധ്യത്തില്‍ സുന്ദരിമാരെക്കണ്ട് വട്ടോളി മിഴിച്ചു നിന്നു. ബീച്ചിനു തൊട്ടടുത്തറിസോര്‍ട്ടില് ജോലി നോക്കുന്ന ഡോക്ടര്‍ കുഞ്ഞുവിന്റെ സീനിയര്‍ ആയി പഠിച്ച ആളാണ്. അദ്ദേഹത്തെ അന്വേഷിച്ച് കുഞ്ഞു അങ്ങോട്ടു കയറി. വട്ടോളിയുടെ ദൃഷ്ടി റിസോര്‍ട്ടിനു മുന്നില്‍ വെയില്‍ കായുന്ന സായിപ്പ്-മദാമ്മ നിരകളിലേക്കു പാഞ്ഞു. സ്വസ്ഥമായി കാഴ്ച കാണാമെന്ന പ്രതീക്ഷ തകര്‍ത്തുകൊണ്ട് കുഞ്ഞു പെട്ടെന്നു തിരിച്ചു വന്നു. ഡോക്ടര്‍ ട്രീറ്റ്മെന്റ് റൂമിലാണത്രെ.

രണ്ടാളും ബീച്ചില്‍ ചുറ്റാന്‍ തുടങ്ങി.

കുഞ്ഞു സുന്ദരനും സുമുഖനും പ്രത്യക്ഷത്തില്‍ സുശീലനുമായതുകൊണ്ട് പെണ്മണിമാരുടെ കടാക്ഷം ധാരാളമായി കിട്ടുന്നുണ്ടായിരുന്നു. അവരുടെദൃഷ്ടി കുഞ്ഞുവിലായതുകൊണ്ട് വട്ടോളിയ്ക്ക് ധൈര്യമായി വായ്നോട്ടത്തിന് അവസരവും കിട്ടി!

തന്റെ സൌന്ദര്യക്കുറവില്‍ വട്ടോളി ആദ്യമായി അഭിമാനിച്ചു!

മദാമ്മമാരെ പെട്ടെന്നു തന്നെ വട്ടോളിയ്ക്കു മടുത്തു. കാരണം മറ്റൊന്നുമല്ല , ഒരുത്തിയെ കോണ്‍സന്‍ ട്രേറ്റ് ചെയ്യുമ്പോഴേക്കും ഒപ്പമുള്ള കുഞ്ഞു സമ്മതിക്കുന്നില്ല. ആക്രാന്തം പിടിച്ച മാതിരി ഓട്ടം...... അതിനിടെ ആപാദചൂഡം അളവെടുത്ത ഒരു മദാമ്മയുടെ കൂടെയുള്ള കാപ്പിരി സമ്മാനിച്ച എരിവുള്ള നോട്ടവും, അവന്റെ മസിലുകളുടെ പെരുപ്പും, കുഞ്ഞുവിനു പിന്നാലെ ഓടാന്‍ അവനെ പ്രേരിപ്പിച്ചു.

ഒടുവില്‍ കുറേ നാടന്‍ പെണ്‍കുട്ടികള്‍ ഉള്ള സ്ഥലത്തെത്തി. അടുത്തെത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഇതില്‍ പലതും കനകാംബരമൊക്കെ ചൂടി കസ്റ്റമേഴ്സിനെ തെരയുന്ന തൊഴിലാളികളാണ്. അവരെ വായ് നോക്കാനോ.. ഛായ്..! ലജ്ജാവഹം!!

ഇതിനിടെ കുഞ്ഞു പരിചയമുള്ള ആരെയോ കണ്ടുമുട്ടി. കോവളം കാണാന്‍ വന്ന ഒരു കുടുംബം.

വട്ടോളി മുന്നോട്ടു നടന്നു. അതാ തെരക്കില്‍ നിന്നു മാറി ഒരു പെണ്‍കുട്ടി.

മിഡിയും ടോപ്പും വേഷം. അവള്‍ കടല്‍പ്പരപ്പിന്റെ വിദൂരതയിലേക്കു കണ്ണും നട്ട് അങ്ങനെ സ്വയം മറന്നെന്നപൊലെ നില്‍ക്കുകയാണ്.

കടല്‍ക്കാറ്റില്‍ അവളുടെ മുടിയിഴകള്‍ അലസമായി പറന്നു കൊണ്ടിരുന്നു....

അസ്തമന സൂര്യന്റെ പൊന്‍ വെയിലില്‍, നീലസാഗരക്കരയില്‍, ഒരു മാലാഖയെപ്പോലെ അവള്‍...! വട്ടോളിയുടെ ഹൃദയം ഏതോ അജ്ഞാതരാഗം മൂളി. അവളെ പരിചയപ്പെടാനും സംസാരിക്കാനും ആ യുവഹൃദയം തുടിച്ചു.

വട്ടോളി ഷേര്‍ട്ടിന്റെ കോളര്‍ പിടിച്ചു നേരെയാക്കി. തോണ്ട ശരിയാക്കി. അവളോടു സംസാരിക്കുമ്പോള്‍ ‘വെള്ളി’ വീണു പോകരുതല്ലോ!

നടന്ന് അവളുടെ പിന്നൈലെത്തി. അകലെ ഓളപ്പരപ്പില്‍ കണ്ണും നട്ടു നില്‍ക്കുകയാണ് അവള്‍. പിന്നില്‍ നിന്നു നോക്കുമ്പോള്‍ മഞ്ജു വാര്യരെ പോലെ. ആറാം തമ്പുരാനിലെ മഞ്ജുവിന്റെ പെര്‍ഫൊമന്‍സ് മനസ്സില്‍നിന്നുമാഞ്ഞിട്ടില്ല....

“എക്സ്ക്യൂസ് മി....” വട്ടോളി ചുമച്ച് മുരടനക്കിയ ശേഷം പറഞ്ഞു.

അവനെ പ്രതീക്ഷിച്ചു നിന്ന പോലെ അവള്‍ തിരിഞ്ഞു. മുടിയിഴകള്‍ മുന്നിലേക്കു വീണു. മഞ്ജു വാര്യരുടെ മുഖമല്ലെങ്കിലും വലിയ കുഴപ്പമില്ല.

“ എന്താ പേര്....?” വട്ടോളി വിക്കി വിക്കി ചോദിച്ചു.

“ വോ....എന്റെ പ്യാര് മ്യാരി..... ഇയാക്കടെ പ്യാരെന്തര് !?“

("ഓ... എന്റെ പേര്‌ മേരി.... ഇയാളുടെ പേരെന്താ?" എന്നു സാദാ മലയാളം!)

വട്ടോളിയുടെ തൊണ്ട വരണ്ടു. ദൈവമേ! ഇവളും ഒരു കേസുകെട്ടായിരുന്നോ!

ഓടാനായി പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും പിന്നില്‍ കുഞ്ഞു !

ബാക്കിയൊക്കെ ചരിത്രം!!