Showing posts with label വിഭ്രമങ്ങൾ..... Show all posts
Showing posts with label വിഭ്രമങ്ങൾ..... Show all posts

Thursday, December 16, 2010

ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!

ഈയിടെയായി മിക്കരാത്രികളിലും അങ്ങനെയാണ്. ഉറക്കം ശരിക്കൊന്നു പിടിച്ചുവരുമ്പോൾ സ്വപ്നത്തിൽ ആ കറുമ്പിപ്പൂച്ച - ഒരു ചക്കിപ്പൂച്ച - കടന്നു വരുന്നു. കൂർത്തു മൂർത്ത നോട്ടമെറിഞ്ഞ് നേഹയുടെ ഉറക്കം കെടുത്തുന്നു. ഒരു വേള, കിടപ്പുമുറിയുടെ താക്കോൽ പഴുതിലൂടെ പോലും ആ നോട്ടം തന്നെ തേടി വരുന്നോ എന്ന് അവൾ ഭയപ്പെടാൻ തുടങ്ങി.

ആദ്യമൊക്കെ അവൾ ഞെട്ടിയുണർന്ന് ലൈറ്റിടുമ്പോൾ ശരൺ ഉണർന്നു നോക്കുകയും. “എന്തു പറ്റി മോളേ...?” എന്നു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യയ്ക്കിതു പതിവായതോടെ അയാൾ തലമൂടിക്കിടന്നുറങ്ങാൻ തുടങ്ങി.

തന്റെ ആകുലതകൾക്കു യാതൊരു വിലയും കൽ‌പ്പിക്കാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ നേഹയ്ക്കു കരച്ചിൽ വരും. ശരണിനെപ്പോഴും തെരക്കു തന്നെ. ടെക്‌നോപാർക്കിൽ ജോലി. രാവിലെ എട്ട് മണിക്ക് ഓഫീസിൽ പോകും. ഒൻപതു മുതൽ ഒൻപതു വരെയാണ് ഓഫീസ്. രാത്രി പത്തു മണിയോടെ വീട്ടിലെത്തും. പതിനൊന്നു മണിക്കു കിടന്നാൽ പിന്നെ രാവിലെ ഏഴു മണി വരെ ഉറക്കം. ഉണർന്നാൽ പല്ലുതേപ്പ്, കുളി, പാൽക്കഞ്ഞി, ഡ്രെസിംഗ്.

പരസ്പരം എന്തെങ്കിലും പറയാൻ കിട്ടുന്നത് രാത്രി പത്തു മുതലുള്ള ഒരു മണിക്കൂറാണ്. അതിൽ അര മണിക്കൂർ ഡൈനിംഗ് ടേബിളിൽ, ശരണിന്റെ അമ്മയ്ക്കൊപ്പം.   ചുട്ടരച്ച ചമ്മന്തിയും, മാമ്പഴപ്പുളിശേരിയുമാണ് ശരണിന്റെ ഫേവറിറ്റ്. അത് വിളമ്പിക്കഴിഞ്ഞ് എങ്ങനെയുണ്ടെന്ന പതിവു ചോദ്യം. അസ്സലാ‍യിരിക്കുന്നു എന്ന മകന്റെ മറുപടി.പുളകിത ലലനാമണിയായി അമ്മയുടെ കടക്കൺ നോട്ടം...

ശേഷിക്കുന്ന അരമണിക്കൂർ ഒരിക്കലും ഒന്നിനും ഒന്നിനും തികയാറില്ല. തളർന്നുറങ്ങുന്ന ശരണിനെ നോക്കി കരിമ്പൂ‍ച്ചക്കണ്ണുകൾ സ്വപ്നം കാണാൻ നേരം കാത്ത് നേഹ കിടക്കും.

താൻ ഭാഗ്യവതിയാണ് എന്ന ചിന്ത നേഹയുടെ മനസ്സിൽ അനുനിമിഷം മരിച്ചുകൊണ്ടിരുന്നു. സത്യത്തിൽ ശരണിന്റെ അമ്മ തന്നെ ഇതു വരെ ശകാരിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല, ദേഹോപദ്രവം ഏൽ‌പ്പിച്ചിട്ടുമില്ല. പക്ഷേ ഈ പെരുമാറ്റം... അത് വല്ലാതെ ശ്വാസം മുട്ടിക്കുന്നതാണ്.

താൻ ചെയ്യാൻ മറക്കുന്ന ഓരോ കാര്യവും അവർ ശ്രദ്ധയോടെ ചെയ്യുന്നത് ആദ്യമൊക്കെ കൌതുകത്തോടെയായിരുന്നു നേഹ നോക്കിക്കണ്ടിരുന്നത്.

ഒരു ലൈറ്റോ, ഫാനോ ഓഫ് ചെയ്യാൻ ഒരു മിനിറ്റ് വൈകിയാ‍ൽ ശരണിന്റമ്മ അത് ഓഫ് ചെയ്യും.
ഊണു കഴിഞ്ഞാൽ മേശപ്പുറം തുടയ്ക്കാൻ ഒരു ഞൊടി വൈകിയാൽ പിന്നെ അവൾ അതു തുടയ്ക്കേണ്ടി വരില്ല.

ഇനി, ഏതെങ്കിലും കാര്യം മറക്കാതെ, കൃത്യസമയത്തു തന്നെ ചെയ്താ‍ലോ........താൻ ചെയ്തു വച്ച ഓരോ കാര്യത്തിനും മീതെ ഉണ്ടാവും, അവരുടെ വക ഒരു ഫിനിഷിംഗ് ടച്ച്.

എന്നാൽ പോകെപ്പോകെ താൻ എന്തുകാര്യം ചെയ്താലും കൂർത്ത കൺ മുനകൾ തനിക്കു നേരെ നീളുന്നത് അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.മനപ്പൂർവം, ചെയ്യണമെന്നു വിചാരിച്ചാൽ പോലും തനിക്കു മുന്നെ അവർ എത്തിയിരിക്കും, എല്ലായിടത്തും!

ഇത്ര വലിയ വീടല്ലെങ്കിലും സ്വന്തം വീട്ടിലെ സൌകര്യങ്ങൾ അവളിൽ ഗൃഹാതുരത്വം ഉണർത്തി.
കുളിക്കുമ്പോൾ, വിസ്തരിച്ചു കുളിക്കണം എന്നത് കുട്ടിക്കാലത്തേയുള്ള ശീലമാ‍ണ്. ഇവിടെ കുളിമുറിയിൽ ഷവർ ഇല്ല.

പൈപ്പിലൂടെയാണെങ്കിൽ മൂത്രം ഒഴിക്കുന്ന സ്പീഡിലും വണ്ണത്തിലുമാണ് വെള്ളം വരുന്നത്!
ബാത്ത് ടബ് വാങ്ങാം എന്നു നിർദേശിച്ചു.

അത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ലത്രെ!

മാത്രവുമല്ല, ഒരു ബക്കറ്റ് വെള്ളത്തിലാണത്രെ ശരണിന്റമ്മ കുളിക്കാറ്‌.ശരണിന്റച്ഛനും അങ്ങനെയായിരുന്നത്രെ; ഇപ്പോൾ വർഷങ്ങളായി ശരണും!

അതുകൊണ്ട് താ‍നും ഒരു ബക്കറ്റ് വെള്ളത്തിൽ തന്നെ കുളിച്ചാൽ പോരേ എന്നു ശരൺ!

ഇവിടിപ്പോൾ ഓരോരുത്തരുടെ വീട്ടിൽ ഷവർ ക്യൂബിക്കിൾ അല്ലെങ്കിൽ റെയിൻ ഷവർ ഒക്കെയായിക്കഴിഞ്ഞ കാലത്താണിങ്ങനെ!

ഇതൊക്കെ ആരോട് പറയാൻ! ഒന്നരലക്ഷം ശമ്പളമുണ്ട് ശരണിന്. അമ്മയ്ക്കു പെൻഷൻ. അച്ഛന്റെ ഫാമിലി പെൻഷൻ....!

ഇതൊന്നും പോരാഞ്ഞാവും, ഈയിടെ ബാത്ത് റൂമിലെ ഓവുചാലിനോട് ചേർന്ന് വെണ്ടക്കൃഷിയും തുടങ്ങിയിരിക്കുന്നു, ശരണിന്റമ്മ! മരുമകൾ വെയ്സ്റ്റാക്കുന്ന വെള്ളം മതിയല്ലോ അവയ്ക്കു വളരാൻ!

വെള്ളാരം കണ്ണുള്ള ചുള്ളൻ പയ്യനോട് പ്രേമം മൂത്തുനടക്കുന്നകാലത്ത് ചോദിക്കണമായിരുന്നു, അവന്റെ വീട്ടിലെ കുളിമുറിയെപ്പറ്റിയും, കുളിയെപ്പറ്റിയും!!

അന്ന് തല നിറയെ അവനോടുള്ള പ്രണയമായിരുന്നു. ഫലം, എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ അവൻ എൻജിനീയറിംഗിനു പോയി. താൻ ഡിഗ്രി സുവോളജിക്കും! പഠിത്തം ഉഴപ്പിയതിൽ ആദ്യമായി, ആത്മാർത്ഥമായി നേഹയ്ക്കു ദു:ഖം തോന്നി.

ഇതിപ്പോൾ ഈ വീട്ടിൽ തന്റെ റോൾ എന്താണ്?.... അവൾ ആകുലപ്പെട്ടു.

ഒടുവിൽ ഒരു ദിവസം, കിടക്കാൻ നേരം ശരണിനോട് അമ്മയുടെ പെരുമാറ്റത്തെപ്പറ്റി സൂചിപ്പിച്ചു.

“ഇരുപത്തിനാലുമണിക്കൂറും പിന്നിൽ രണ്ടു കണ്ണുകൾ പിൻ തുടരുന്നുണ്ടെന്ന പേടിയിൽ എത്രനാൾ ജീവിക്കും? ചെയ്യുന്ന പ്രവർത്തികളെല്ലാം അളന്നു മുറിച്ച് ഒട്ടും കുറയാതെയും കൂടാതെയും ചെയ്യാൻ ഈ ലോകത്താർക്കു പറ്റും? ഇതല്പം കടന്ന കൈ തന്നെ... ”

“അമ്മ ഒന്നും മനപ്പൂർവം ചെയ്യുന്നതല്ലല്ലോ.... പഴയ ആൾക്കാരല്ലേ... അവരുടെ ശ്രദ്ധ നമ്മുടെ തലമുറയ്ക്കില്ലല്ലോ....ഇൻ ഫാക്റ്റ് ഷി ഈസ് വെരി ഫോണ്ട് ഓഫ് ഹെർ ഡോട്ടർ ഇൻ ലോ, യു നോ...” ശരൺ അവളോടു പറഞ്ഞു.

“എനിക്കറിയാം ശരൺ..... ഇതു വരെ എന്നെ വഴക്കു പറഞ്ഞിട്ടേ ഇല്ല. പക്ഷേ എന്തിനിങ്ങനെ എപ്പോഴും പിന്നാലെ നടന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്നു.... അത്ര കൊച്ചുപെണ്ണാ ഞാൻ?”

നേഹ പോകുന്നിടത്തെല്ലാം പത്തു ചുവടു പിന്നിലാ‍യി സുഹാസിനിയമ്മ ഉണ്ടാകും!

അവൾ ഒരു മുറിയിൽ നിന്നു പുറത്തിറങ്ങിയാൽ അപ്പോ ആ മുറിയിൽ പോയി ലൈറ്റ് ഓഫാണോ, ഫാൻ ഓഫാണോ എന്നു ചെക്ക് ചെയ്യും. ഓഫല്ലെങ്കിൽ ഓഫ് ചെയ്യും. അടുത്ത നിമിഷം മുറിയിൽ തിരിച്ചെത്തിയാൽ നേഹ കാണുന്നത് ഓഫായ ഫാനാവും. പിന്നെ അതു വീണ്ടും ഓണാക്കണം.

മ്യൂസിക് സിസ്റ്റം ഓൺ ചെയ്താൽ അല്പം കഴിയുമ്പോൾ അതിന്റെ സൌണ്ട് നേർത്തു വരും!

ഒന്നിനും അമ്മായിയമ്മ അവളെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എങ്കിൽക്കൂടി, പതിന്നാലു ദിവസത്തിനുള്ളിൽ തന്നെ പുതുജീവിതം അവളിൽ ഒരു ഒരു ശ്വാസമുട്ടലായി മാറി.

അങ്ങനെയിരിക്കെ ഒരു നാൾ അമ്മ പെൻഷൻ വാങ്ങാൻ പോയി. ആദ്യമായാണ് നേഹ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക്. ശരണിന്റമ്മ ഗെയ്റ്റടച്ചു പോയപ്പോൾ, എന്തോ, നേരിയൊരു ഭയം തോന്നിത്തുടങ്ങി.

ഭയവും ബോറടിയും ഒരുമിച്ചപ്പോൾ മ്യൂസിക് സിസ്റ്റം ഓൺ ചെയ്ത് ബെഡ് റൂമിൽ കിടന്ന് പാട്ടുകേട്ടു കുറേ നേരം പോയി.

ഉണർന്നപ്പോൾ പാട്ടു നിലച്ചിരിക്കുന്നു.

കറന്റു പോയതാവുമോ?

ഫാൻ മെല്ലെ കറങ്ങുന്നുണ്ടല്ലോ!

കിച്ചണിൽ എന്തോ ഒരു ശബ്ദം!

പെരുവിരൽ മുതൽ ഒരു വിറയൽ ബാധിച്ചു.

അവിടെ ആരോ നടക്കുന്നതുപോലെ.

ഭയം കൊണ്ട് അനങ്ങാൻ കഴിയുന്നില്ല.

ഒടുവിൽ കാൽ‌പ്പെരുമാറ്റം ഡൈനിംഗ് റൂമിലെത്തി. നോക്കിയപ്പോൾ കയ്യിൽ കട്ടൻകാപ്പിയുമായി ശരണിന്റമ്മ!

ഷുഗറും, പ്രഷറും ഒപ്പം കൊളസ്ട്രോളും ഉള്ളതുകൊണ്ട് പാലിട്ട ചായ പതിവില്ല. അവർക്കുള്ള കട്ടൻ അവരിട്ടു!

ഇവർ എങ്ങനെ ഉള്ളിലെത്തി!?

ബോൾട്ടിട്ടിരുന്നില്ലെങ്കിലും, ഡോർ ലോക്ക് ചെയ്തതായിരുന്നല്ലോ.... അതോ താൻ വാതിൽ പൂട്ടാൻ മറന്നോ?

ഉറക്കച്ചടവിൽ നിന്നുണർന്നതു കൊണ്ടാവും ചിന്തയ്ക്ക് വേഗം കുറവാണ്.

ഒന്നും മനസ്സിലായില്ല.

ചോദിക്കാൻ ഒരു മടി. ശരണിന്റമ്മ ഒന്നും പറഞ്ഞും ഇല്ല.

വൈകിട്ട് ശരൺ വന്നപ്പോൾ, മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. അപ്പോഴല്ലെ രസം!

വീടിന് രണ്ടു താക്കോൽ ഉണ്ട്. അകത്തു നിന്നും പുറത്തു നിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന രണ്ട് താക്കോലുകൾ.

ഒന്ന് അമ്മയുടെ കൈവശം ആണ്. അതുപയോഗിച്ചാവും തുറന്നത്!

ഹോ! ഭയങ്കരി!

ശരണിന്റമ്മ എന്താവും തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല. പുറത്തുപോയിവരുമ്പോൾ ഫ്രണ്ട് ഡോർ രഹസ്യമായി തുറന്ന് അകത്തു വന്നത് എന്തിനാവും?

ഇതൊക്കെ കാര്യമായെടുക്കാനുണ്ടോ എന്നാണ് ശരൺ ചോദിക്കുന്നത്.

നിന്നെ അമ്മ ഒരിക്കലെങ്കിലും വഴക്കു പറയുകയോ, കുറ്റപ്പെടുത്തുകയൊ ചെയ്തിട്ടില്ലല്ലോ.... പിന്നെന്താണ്!?

തനിക്ക് ജാരന്മാർ വല്ലവരും ഉണ്ടോ എന്ന് അവർ സംശയിക്കുന്നുവോ?

ശരൺ ഉറങ്ങിയിട്ടും നേഹ കമ്പ്യൂട്ടറിൽ തങ്ങളുടെ കല്യാണ ഫോട്ടോസ് നോക്കി വെറുതെയിരുന്നു. ഉറങ്ങാൻ അവൾക്കു ഭയം തോന്നി. ഫോട്ടോസ് നോക്കി മടുത്തപ്പോൾ മറ്റു ചിത്രങ്ങൾ നോക്കി. പെട്ടെന്ന് അവളുടെ ദൃഷ്ടി ഒരു പൂച്ചയുടെ പിക്ചറിൽ ഉടക്കി. ശരിക്കും ഒരു കരിമ്പൂച്ച! ശരൺ എന്തിനാണാവോ ഈ വൃത്തികെട്ട ജന്തുവ്വിന്റെ പടം കമ്പ്യൂട്ടറിൽ ഇട്ടിരിക്കുന്നത്!

നോക്കിയിരുന്നപ്പോൾ ഒരു മോർഫിംഗിലെന്നോണം പൂച്ചയുടെ മുഖം മാറി ശരണിന്റമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു! കണ്ണുകൾക്ക് ഒരു മാറ്റവുമില്ല! അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ശരണിന്റെ അരികിലേക്കു ചുരുണ്ടു.

രാവേറെ ചെന്നിട്ടും നേഹയ്ക്കുറക്കം വന്നില്ല. എപ്പോഴോ മയങ്ങിയിരിക്കണം. മയക്കത്തിൽ ആ ചക്കിപ്പൂച്ച അവളെ വിടാതെ പിൻ തുടർന്നു. വെള്ളാരങ്കല്ലുകൾ പോലെയുള്ള കണ്ണുകൾ നീട്ടി, അവൾ പോയിടത്തൊക്കെ അവൾക്കു പിന്നാലെ.

പിന്നീടെപ്പൊഴോ അതവൾക്കു മുന്നിലെത്തി. തഞ്ചത്തിൽ ഇരുപുറവും ആഞ്ഞ് അവളുടെ നെഞ്ചിലേക്കൊരു ചാട്ടം!

കൂർത്ത നഖങ്ങൾ നെഞ്ചിലാഴ്ന്നിറങ്ങിയപ്പോൾ വേദന സഹിക്കവയ്യാതെ അവൾ അലറി വിളിച്ചു.

ശരൺ ഞെട്ടിയുണർന്നു ലൈറ്റിട്ടു.

“എന്തു പറ്റി നേഹാ..?” അവൻ അനുതാ‍പത്തോടെ ചോദിച്ചു.

“ഒന്നുമില്ല.... ഒരു സ്വപ്നം....” അവൾ പറഞ്ഞൊഴിഞ്ഞു.

അവൻ തിരിഞ്ഞു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ നിദ്രപൂകി.

കൺ തുറന്നു കിടന്ന് അവൾ രാ വെളുപ്പിച്ചു.

പിറ്റേന്ന് പത്തുമണിയായപ്പോൾ ശരണിന്റമ്മ ഏജീസ് ഓഫീസിൽ പോകാനിറങ്ങി.

താക്കോൽ വച്ച് ഡോർ ലോക്ക് ചെയ്യുന്നതിനു പകരം ബോൾട്ടിട്ടാലോ.... അവൾ ചിന്തിച്ചു. അവർ വെളിയിൽ നിന്ന് ബെല്ലടിക്കട്ടെ.

അങ്ങനെയായാൽ ജാരനെ താൻ അടുക്കളവാതിലിലൂടെ പുറത്തു വിട്ടുകാണും എന്ന് അവർ സംശയിച്ചു കൂടായ്കയില്ല!

അതോർത്തപ്പോൾ അവൾക്ക് നേരിയ ചിരി വന്നു. ഒപ്പം ഒരു കുസൃതി ചിന്തയും... ബോൾട്ടിടുന്നതിനു പകരം അതു നടപ്പാക്കാം!

സുഹാസിനിയമ്മ വരാനായി അവൾ കാത്തിരുന്നു.

അവർ ഗേയ്റ്റ് കടന്നപ്പോൾ അവൾ നേരേ ബെഡ് റൂമിലെത്തി.

കബോഡിന്റെ നടുവിലെ തട്ടിൽ ഒരാൾക്ക് ചുരുണ്ടിരിക്കാനുള്ളത്ര സ്പെയ്‌സ് ഉണ്ട്. ശരണിന്റമ്മ താക്കോൽ ഉപയോഗിച്ച് ഡോർ തുറന്ന നിമിഷം തന്നെ നേഹ കബോഡിനുള്ളിൽ കടന്നിരുന്നു. ബെഡ് റൂമിലെ ലൈറ്റ് മനപ്പൂർവം ഓൺ ആക്കിയിട്ടിരുന്നു.

സുഹാസിനിയമ്മ ഡൈനിംഗ് ഹോൾ കടന്ന് ബെഡ് റൂമിലെത്തി. ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കി. കണ്ണുകൾ നേഹയെ തിരഞ്ഞു. ബാത്ത് റൂം ഡോറിൽ തട്ടിനോക്കി. മറുപടിക്കായി കാത്തു. ഒരു നിമിഷം കഴിഞ്ഞ് അത് തുറന്നു നോക്കി. നിരാശയോടെ, അല്പം ആശങ്കയോടെ അവർ മുറിവിട്ടിറങ്ങുന്നത് കള്ളക്കണ്ണിൽ, കബോഡിന്റെ വിടവിലൂടെ അവൾ കണ്ടു.

സുഹാസിനിയമ്മ പരിഭ്രമത്തോടെ പാഞ്ഞു. ദ്രുത ചലനങ്ങളിൽ അവരുടെ പട്ടുസാരി ഉരഞ്ഞ് ശബ്ദമുണ്ടാക്കി. ബെഡ് റൂമിൽ നിന്ന് ഡൈനിംഗ് ഹാൾ വഴി കിച്ചണിലെക്കും, അവിടെ നിന്ന് വർക്ക് ഏരിയയിലേക്കും, തിരിച്ചും പട്ടുസാരിയുലയുന്ന ശബ്ദം നേഹ ആസ്വദിച്ചു.

ഇപ്പോൾ ശരണിന്റമ്മ കോണിപ്പടികയറുകയാണ്. മുകളിൽ ലൈബ്രറിയും ഒരു ബെഡ് റൂമും ഉണ്ട്. അവിടം താണ്ടി അവർ വീണ്ടും താഴെയെത്തി. ഡൈനിംഗ് റ്റേബിളിൽ വച്ച കൂജയിൽ നിന്ന് തണുത്ത വെള്ളം ഗുളു ഗുളു എന്നൊച്ചയുണ്ടാക്കി അവരുടെ കണ്ഠനാളം വഴി താഴേക്കൊഴുകി.

കസേരയിൽ ഇരുന്നു. പെട്ടെന്നെന്തോ ബുദ്ധിയുദിച്ചമാതിരി അവർ മൊബൈൽ കയ്യിലെടുത്തു. നേഹയുടെ നമ്പർ ഡയൽ ചെയ്തു. അത് കബോഡിനുള്ളിൽ ഇരുന്ന് ചിലച്ചു! ഹോ! മണ്ടത്തരം! നേഹ കബോഡിനുള്ളിലിരുന്ന് തലയിൽ കൈ വച്ചു.

സുഹാസിനിയമ്മ കബോഡിനടുത്തേക്കു വന്നു. നേഹ കണ്ണടച്ചിരുന്നു. ഈ നിമിഷം എങ്ങനെ ഫെയ്‌സ് ചെയ്യണം എന്നോർത്ത് അവൾ പകച്ചു. അത് പ്ലാൻ ചെയ്യാൻ അവൾ വിട്ടുപോയിരുന്നു.
അമ്മായിയമ്മയുടെ പദചലനം കബോഡിനടുത്തെത്തി.

സുഹാസിനിയമ്മ കബോഡിന്റെ വാതിൽ വലിച്ചുതുറന്നു. നേഹ ചലനമറ്റ്, ചത്തപോലെ, കണ്ണടച്ച്, കബോഡിനുള്ളിൽ.

പെട്ടെന്നു കണ്ട ആ ദൃശ്യത്തിന്റെ ഷോക്കിൽ ഒരലർച്ചയോടെ അവർ പിന്നിലേക്കു മലച്ചു. കൺ തുറന്ന നേഹ അമ്മായിയമ്മയെ പിടിക്കാനാഞ്ഞു. അവരുടെ മേലേക്ക് അവൾ പതിച്ചു.

അമ്മായിയമ്മ മലർന്നും മരുമകൾ അവർക്കു മീതെ കമിഴ്ന്നും മാർബിൾ പതിച്ചതറയിൽ പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ സുഹാസിനിയമ്മയുടെ തല ശക്തിയായി നിലത്തിടിച്ചു. അത് ഇടതും വലതും ചലിച്ചു. പിന്നെ നിശ്ചലമായി.

സുബോധം വന്ന നിമിഷങ്ങൾക്കൊടുവിൽ ശരണിന്റമ്മയുടെ കണ്ണുകൾ കണ്ണടയ്ക്കുള്ളിലൂടെ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണെന്ന് നേഹ തിരിച്ചറിഞ്ഞു.

ഇനി ഒരായുഷ്കാലം മുഴുവൻ ആ കണ്ണുകൾ തന്നെ പിൻ തുടരും എന്നവൾക്കുറപ്പായി.