Wednesday, September 3, 2014

മാവേലീടെ വൈഫ് ആരണ്ണാ?

"കാക്ക ചരിഞ്ഞും പറക്കും, മലർന്നും പറക്കും. അത് കാക്കേടെ ഇഷ്ടം എന്നു പണ്ട് കുതിരവട്ടം പപ്പു ഒരു സിനിമയിൽ പറഞ്ഞപോലെ മലബാർ എക്സ്പ്രസ് ഏഴു മണിക്കും വരും, ഏഴരയ്ക്കും വരും, എട്ടു മണിക്കും വരും. അത് റെയിൽവേയുടെ ഇഷ്ടം. പക്ഷേ യാത്രികർ കൃത്യം ഏഴിനു തന്നെ കൊല്ലം സ്റ്റേഷനിലെത്തിയാൽ അവർക്കു കൊള്ളാം"

രാവിലെ തന്നെ കമലാസനൻ സാർ കലിപ്പിലാണ്. മലബാർ കൃത്യസമയത്തു കൊല്ലത്തു വന്നാൽ പോലും തിരുവനന്തപുരത്തുന്നത് വൈകിയാണ്. ഏജീസ് ഓഫീസിൽ ഒൻപതരയ്ക്കെത്തണം ആൾക്ക്. ഇന്നിപ്പോൾ സമയം ഏഴേകാലായി. മഴയ്ക്കാണെങ്കിൽ ഒരു കുറവുമില്ല.

"അത്തം കറുത്തു. ഇനി തിരുവോണം വെളുക്കുവാരിക്കും!" പ്രതീക്ഷയോടെ ഷൈമ പറഞ്ഞു.
 ഉടൻ വന്നു മറുപടി. എ. ഷാജി വക.

"അത്തം കറുത്താൽ  ഓണം വെളുക്കണമെന്നെന്താ നിർബന്ധം? എത്രയോ തവണ അത്തം കറുത്തിട്ട് ഓണവും കറുത്തിട്ടുണ്ട്. "

ഷാജി സെക്രട്ടേറിയേറ്റിലെ ഗുമസ്തനാണ്. അതുകൊണ്ടു തന്നെ ഏതു കാര്യത്തിലും പുള്ളിക്കാരന് ഒരു 'കൊറി' (ക്വെറി) ഉണ്ടാകും, ഓഫീസ് ഫയലിലെന്നോണം. കൊറിയിൽ ഷൈമയുടെ മുഖം കറുത്തു. "രാവിലെ നല്ലൊരു കാര്യത്തെക്കുറിച്ചു പറയുമ്പഴെങ്കിലും എതിരു പറയാതിരുന്നൂടേ? ചുമ്മാതല്ലെടാ നിന്റെ ഇനിഷ്യൽ 'എ' എന്നിട്ടിരിക്കുന്നത്. അവലവലാതി.ഷാജി!"

"ഷൈമേ, അവനോട് തർക്കിക്കണ്ട വല്ല  കാര്യോം നെനക്കൊണ്ടോ? ഓണമെന്നു വച്ചാൽ തികഞ്ഞ അനാവശ്യമെന്നല്ലിയോ അവന്റെ ചിന്ത. ദാ വണ്ടിയിങ്ങെത്തി. " കമലാസനൻ സാർ റേൽ യാനത്തിലേറാൻ തയ്യാറായി.

സ്ഥിരം ടീമെല്ലാം ഉള്ളിലെത്തി. വണ്ടി ചലിച്ചു.
"ഈ പോക്കു പോയാൽ ഓണം വെളുത്തതു തന്നെ!" ഷാജി വിടുന്ന മട്ടില്ല.
"നീ നോക്കിക്കോ, ഓണം വെളുക്കും. മാവേലിത്തമ്പുരാൻ വെയിലത്തു കുടചൂടി വരും!" കമലാസനൻ സാർ തറപ്പിച്ചു പറഞ്ഞു.

"എന്റെ സാറേ.... സാറ് പഴയ ആള്. സാറ് പറ. സത്യത്തിൽ ഓണം കേരളീയരുടെ മാത്രം ഉൽസവമാണോ? ഇത് ഒണ്ടാക്കിയത് മലയാളികളാണോ? അല്ലേ അല്ല! ഇത് തമിഴ് നാട്ടീന്നു വന്നതല്യോ! സായിപ്പന്മാരു കുരുമൊളകും, സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുപോകാൻ കപ്പലു നിറയെ പൊന്നുമായി വന്നിരുന്ന കാലമായതുകൊണ്ട് അത് പൊന്നോണമായി. അത്ര തന്നെ. ഇതാണ് ചരിത്രം. അതാണ് സത്യം!"

"നിന്നോട് തർക്കിക്കാൻ ഞാനില്ല." കമലാസനൻ സാർ പത്രം നിവർത്തി. ഷൈമ വാരിക നിവർത്തി. റോഷൻ വാട്ട്സാപ്പിൽ കയറി. ജനാല സീറ്റിൽ സരോജിനിത്തങ്കച്ചി മാഡം സുഖ നിദ്രയിലേക്കൂളിയിട്ടു.

വണ്ടി പരവൂർ താണ്ടി വർക്കലയെത്തി. രണ്ടു സീറ്റു പിടിച്ചിട്ടിട്ടുണ്ട്. വർക്കല നിന്നു കേറുന്ന കുമാറണ്ണനും ജറമിയാസണ്ണനും.

വന്ന പാടേ കുമാറണ്ണൻ ചോദിച്ചു "എന്താണിന്നിവിടൊര് ശശ്മാന മൂഖത?"
റോഷൻ മറുപടി പറഞ്ഞു.
"ഓണം വെളുക്കും എന്ന് ഷൈമയക്കച്ചി; കറുക്കുമെന്ന് ഷാജിയണ്ണൻ. മാവേലി വെയിലത്തു വരുവെന്ന് കമലാസന സാർ. കാണാമെന്ന് ഷാജിയണ്ണൻ... ഇനി കൂടുതൽ കൊളമാക്കണമെങ്കിൽ അണ്ണനു സ്വാഗതം!"

"ഓഹോ! ഓണത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? മാവേലിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?"
കുമാറണ്ണൻ ചോദിച്ചു.

ഒരു നിമിഷം നിശ്ശബ്ദത
"മാവേലിയെക്കുറിച്ച് അത്യാവശ്യം കാര്യങ്ങളൊക്കെ ഞങ്ങക്കറിയാം. ഇനി അങ്ങേരെക്കുറിച്ച് ഗീർവാണമടിക്കാനാണെങ്കിൽ ഞങ്ങക്കത് കേൾക്കാനുള്ള താല്പര്യം ഇല്ല." ഷാജി പറഞ്ഞു.
"ഒരു കാര്യം സീരിയസായി പറയുമ്പം എടങ്കോലിടല്ലേ.... "
"ആ.. എങ്കി ഇടുന്നില്ല. പറ..."
"മാവേലിയെക്കുറിച്ച് നിങ്ങൾ കേട്ടതൊക്കെ ശരിയാണ്; തെറ്റുമാണ്!"
"ദാ കണ്ടോ! ക്ളീഷേ ഗീർവാണം വരുന്ന വഴി. എം.ടീടെ ഈ ഡയലോഗ് ഞങ്ങളു കൊറേ കേട്ടതാ. ഇനി ഈ തലയറുത്ത് വിഷ്ണുമാമനു കൊണ്ടുക്കൊടുക്കണം എന്നു വാമനനോട് മാവേലി പറയുന്നതാ ക്ളൈമാക്സ് എന്നല്ലേ പറയാമ്പോണത്? അതിവിടെ എല്ലാർക്കും അറിയാം!"
 "എങ്കി ക്ളീഷേ മാറ്റി പറയാം. മാവേലി വാസ് എ സ്മാർട്ട് വാരിയർ. ഹി വാസ് നോട്ട് എ കുടവയറൻ ആസ് യു പീപ്പിൾ തിങ്ക്"
"തള്ളേ വാരിയരോ!? "ഷാജിക്ക് പുച്ഛം.
"വാരിയർ.... യോദ്ധാവ്!"
"വോ.... അപ്പ നമ്മളെ ലാലണ്ണൻ യോദ്ധായിലിരുന്നപോലാ മാവേലി എന്നല്ലേ അണ്ണൻ പറഞ്ഞ് വരുന്നത്? പക്ഷേ ലാലണ്ണനും കൊടവയറൊണ്ടല്ലോ!?" ഷാജി വീണ്ടും സർക്കാസിച്ചു.
"എടാ മത്തങ്ങാത്തലയാ, കോവർ ഗർദഭമേ, നിന്റെ മണ്ട ഞാനിന്നടിച്ചു പൊട്ടിക്കും. ഡാ മിണ്ടാതിരിയെടാ!"
കുമാറണ്ണന്റെ അലർച്ചയിൽ അവൻ വായടച്ചു.
അണ്ണൻ തുടർന്നു.
"അപ്പോ പറഞ്ഞു വന്നത് മാവേലി അതിശക്തനായ ഒരു യോദ്ധാവായിരുന്നു. യുദ്ധത്തിൽ ദേവേന്ദ്രനെ വരെ പരാജയപ്പെടുത്തിയ ആളായിരുന്നു. മാത്രവുമല്ല ദേവലോകത്തെ മുഴുവൻ സ്വത്തും സ്വന്തമാക്കുകയും ചെയ്തു. അത്ര ശക്തനായ ഒരാൾ തടിയനും, കുടവയറനുമാകുമോ? നല്ല ഒന്നാം തരം കട്ട ബോഡിയും 'സിക്സ് പാക്ക്' മസിൽസും ഉള്ള ആളായിരുന്നിരിക്കണം മഹാബലി. എന്താ ഒരുത്തനും അങ്ങനൊരു മാവേലിയെ വരയ്ക്കാത്തത് എന്നതാണെന്റെ ചോദ്യം."
"അപ്പോ പിന്നെ ഓണത്തപ്പാ കൊടവയറാ എന്നൊള്ള പാട്ടോ?"
"ഡാ ഡാ.... നീ കൊറിയിടരുത്"
"എങ്ങനെ കൊറിയിടാതിരിക്കും? മാവേലിയെപ്പഴാ ദേവേന്ദ്രനെ തോൽപ്പിച്ചത്?"
"അതിനൊക്കെ നീ പുരാണം വായിക്കണം. നീ കേട്ട കഥകളിലെ മാവേലിയല്ല പുരാണത്തിലെ മാവേലി. അതറിയണമെങ്കിൽ നീ...."
"അണ്ണാ നിർത്ത്! ഇല്ലേൽ ഞാനീ മുരിക്കുമ്പുഴ കായലീച്ചാടി ആത്മാഹൂതി ചെയ്യും!"
ഷാജി അസ്വസ്ഥനായി പറഞ്ഞു. ഇതിനിടെ ഇരിപ്പിടത്തിൽ ഞെരുക്കം അനുഭവപ്പെട്ടപ്പോഴാണ് ശ്രദ്ധിച്ചത്, സീറ്റിലെ ഗ്യാപ്പുണ്ടായിരുന്ന സ്ഥലങ്ങളിൽ ആരൊക്കെയോ എപ്പോഴോ കയറി ഇരിപ്പു പിടിപ്പിച്ചിരുന്നു.
എങ്കിലും കുമാറണ്ണന് അതൊന്നും ഒരു വിഷയമായിരുന്നില്ല. ആൾ തുടർന്നു.
"മഹാബലി ദേവന്മാരെ മുഴുവൻ തോൽപ്പിച്ചില്ലായിരുന്നോ. പിന്നെ അമൃത് കടഞ്ഞെടുത്തല്ലിയോ അവരു ശക്തി തിരിച്ചു പിടിച്ചത്!"
"ആ...എനിക്കൊന്നും അറിഞ്ഞൂടാ. കേൾക്കാൻ താല്പര്യവും ഇല്ല."ഷാജി കടുത്ത നിലപാടെടുത്തു. മൗനവ്രതം.
അപ്പോ ജറമിയാസണ്ണൻ പറഞ്ഞു "അണ്ണാ, കഥ പറയണ്ണാ.... നമക്കും കൊറച്ച് പുരാണം പടിക്കാവല്ലെ..."
അതോടെ കുമാറണ്ണൻ ഉഷാർ വെള്ളാപ്പള്ളി!
"നമ്മടെ ദുർവാസ്രാവ് മഹർഷി...."
"സ്രാവല്ല... സാവ്... ദുർവാസാവ്!" ഷാജി വ്രതം ലംഘിച്ചു.
ആ എന്നാ സ്രാവല്ലാത്ത മഹർഷി. അങ്ങേരൊരു ദിവസം കാട്ടീക്കൂടോ മറ്റോ കറങ്ങിയടിച്ച് നടന്നപ്പ നല്ല സുഗന്ധം. നോക്കിയപ്പഴെന്തുവാ? അതിസുന്ദരിയൊരപ്സരസിന്റെ കയ്യിലെ മാലേന്നാ ആ മണം... അാളാരാ...? മേനക! മഹർഷി മുന്നും പിന്നും ഒന്നും നോക്കിയില്ല.  നേരെ ചെന്ന് ഒരൊറ്റച്ചോദ്യം. ആ മാലയിങ്ങു തരുവോന്ന്! സ്വാമി മൂക്കിൻ തുമ്പത്ത് ശുണ്ഠിയാനന്ദ ആണെന്ന കേൾവി അന്നേ ഉള്ളതുകൊണ്ട് അവളാ മാലേം കൊടുത്തു സ്ഥലം വിട്ടു. ദുർവാസാവ് മാലയുമായി സ്വർഗത്തിലെത്തി. അപ്പൊ ദാ ഇന്ദ്രൻ ഐരാവതത്തിന്റെ പുറത്തുകേറി വരുന്നു. ദേവലോകാധിപതിയല്ലേ, മാല ഇയാൾക്കു കൊടുത്തേക്കാം എന്നു കരുതി, മുനി അത് ഇന്ദ്രനു കൊടുത്തു. ഇന്ദ്രൻ അതു മണത്തു നോക്കി. നല്ല മണം. എടുത്ത് ഐരാവതത്തിന്റെ മസ്തകത്തിൽ വച്ചു. പൂമാലയിലേക്കു വന്ന വണ്ടുകളുടെ ശല്യം കാരണം ആന അത് തുമ്പിക്കൈ വച്ചെടുത്തു നിലത്തിട്ടു. ഇതുകണ്ട ദുർവാസാവ് കലിപൂണ്ട് ഇന്ദ്രനെ ശപിച്ചു. " ദേവന്മാരുടെ സകല ഐശ്വര്യവും നശിച്ചുപോട്ടെ." ഇന്ദ്രൻ കാലു പിടിച്ചെങ്കിലും കലി തുള്ളി ദുർവാസാവു പോയി. ദേവന്മാരെല്ലാം കൂടി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. അമൃതപാനം മാത്രമേ ഇനി രക്ഷയുള്ളു. അതു ലഭിക്കുന്നതിനായി അദ്ദേഹം പാലാഴി മഥനം നിർദേശിച്ചു.അങ്ങനാ പാലാഴി കടഞ്ഞത്.

ഓഹോ! അങ്ങനാണോ പാലാഴി കടഞ്ഞത്? അപ്പോ അതിനു മുൻപേ ഐരാവതം  എങ്ങനെ ദുർവാസാവിന്റെ മാല എടുത്തെറിഞ്ഞു, മാന്നാർ മത്തായീ? ഷാജി പരിഹസിച്ചു.

കുമാറണ്ണന് ഉത്തരം മുട്ടി. ഇങ്ങനൊരു കുലുമാൽ ഈ കഥയിലുണ്ടെന്ന് പുള്ളി നിനച്ചില്ല. കൊച്ചുമക്കളുടെ ബാലരമ ഒളിച്ചു വായിച്ച ഓർമ്മയിൽ കീച്ചിയതാ. ചീറ്റിപ്പോയി....

ആൾ നിശ്ശബ്ദനായി.

"എല്ലാരും സർക്കാരുദ്യോഗസ്ഥരാ അല്യോ?" അരികിലിരുന്ന ഒരാൾ ചോദിച്ചു.
അതെയെന്ന അർത്ഥത്തിൽ ചിലർ തലയാട്ടി. അപ്പോഴാണ് എല്ലാവരും അയാളെ ശ്രദ്ധിച്ചത്. ഒരു റിട്ടയേഡ് അദ്ധ്യാപകന്റെ ലുക്ക്.

"നേരത്തേ താങ്കൾ പറഞ്ഞ മാതിരി ഒരു കഥ പ്രചാരത്തിലുണ്ട്. എന്നാൽ മഹാബലി ഇന്ദ്രനെ തോൽപ്പിച്ചു എന്നത് പുരാണത്തിലുള്ളതു തന്നെയാ. മറ്റൊരു കഥയുമുണ്ട്."

എല്ലാവരും കാതു കൂർപ്പിച്ചു.

" ശുക്രാചാര്യരുടെ സഹായത്തോടെ മഹാബലി ദേവന്മാരുമായി യുദ്ധത്തിലേർപ്പെടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. സ്വർഗത്തിലെ സമ്പത്തു മുഴുവൻ പിടിച്ചെടുത്തു. ഭൂമിയിലേക്കു കൊണ്ടുവരും വഴി  അവ കടലിൽ വീണു. കടൽ വരുണന്റേതാണ്. ആൾ ദേവപക്ഷത്തും. പക്ഷേ, ഈ സമ്പത്തു മുഴുവൻ വീണ്ടെടുക്കണമെങ്കിൽ ദേവന്മാരെക്കൊണ്ടു മാത്രം കഴിയില്ല. അസുരന്മാരുടെ സഹായം കൂടി വേണം. അങ്ങനെ ദേവന്മാർ കൂടിയാലോചിച്ച് ബലിയെ സമീപിച്ചു. ബലി ദാനശീലനാണല്ലോ. താൻ നേടിയെടുത്ത സമ്പത്താണെങ്കിലും യാചിച്ചു വന്ന ദേവന്മാരിൽ കനിഞ്ഞു. കടലിൽ നിന്ന് ഒക്കെ വീണ്ടെടുത്തോളൂ എന്നു പറഞ്ഞു. പക്ഷെ സമുദ്രമഥനത്തിന് ദേവന്മാർക്ക് ദാനവരുടെ ആൾബലം കൂടി വേണം. ബലി അതും നൽകി. സ്വത്തു വീണ്ടെടുക്കലിനേക്കാൾ മറ്റൊരു ഗൂഢോദ്ദേശ്യം കൂടിയുണ്ടായിരുന്നു ദേവന്മാർക്ക്.

സമുദ്രം കടഞ്ഞ് അമൃത് കൈക്കലാക്കുക. അതു കഴിച്ച് അമരത്വം നേടുക! കാരണം ശുക്രാചാര്യരുടെ കൈവശം മൃതസഞ്ജീവനി എന്ന ഔഷധമുണ്ട്. യുദ്ധത്തിൽ  മരിച്ച അസുരന്മാരെ മുഴുവൻ അദ്ദേഹം പുനരുജ്ജീവിപ്പിക്കും. ദേവന്മാർക്ക് അതില്ല. അമൃത് നേടിയാൽ പിന്നെ അവർക്ക് ആരെയും പേടിക്കണ്ട!

അസുരന്മാർക്ക് ഇക്കാര്യം ആദ്യം കത്തിയില്ല. പക്ഷേ കടഞ്ഞുകൊണ്ടിരുന്നപ്പോൾ കിട്ടിയ ഓരോന്നും ദേവന്മാർ കൈക്കലാക്കുന്നതു കണ്ടപ്പോൾ അവർക്ക് കലിപ്പായി. ഉച്ചൈശ്രവസും, ഐരാവതവും ഒന്നും അവർക്കു ലഭിച്ചില്ല. അതിസുന്ദരിയായ ലക്ഷീദേവി പ്രത്യക്ഷപ്പെട്ടപ്പോൾത്തന്നെ വിഷ്ണുവിന്റെ വിരിമാറിലേക്കണയുകയും ചെയ്തു. ഇതു കണ്ടതോടെ അസുരന്മാർ തനിക്കൊണം കാണിച്ചു. എല്ലാവരും വിഷ്ണു - ലക്ഷ്മീ മിഥുനങ്ങളെ നോക്കി നിന്ന തക്കം നോക്കി ധന്വന്തരിയുടെ കയ്യിലിരുന്ന അമൃതകുംഭം തട്ടിയെടുത്ത് അവർ സ്ഥലം വിട്ടു. ദേവന്മാർ ഇളിഭ്യരായി. രക്ഷയ്ക്ക് വീണ്ടും വിഷ്ണു തന്നെ. ആൾ മോഹിനിയായി വേഷംകെട്ടി. കാമമോഹിതരായ രാക്ഷസരെ മയക്കി കണ്ണടച്ചിരുത്തി അമൃതകുംഭവുമായി മുങ്ങി. "

"അപ്പ നമ്മടെ മഹാബലിയെ ചവിട്ടിത്താഴ്ത്തിയതെപ്പോ?" ജറമിയാസണ്ണന് കഥ മുഴുവൻ കേൾക്കാൻ പൂതി.

"ഉം.... അമൃതപാനം നടത്തിയെങ്കിലും ദേവന്മാർക്ക് മഹാബലിയെ തോൽപ്പിക്കാനായില്ല. അങ്ങേയറ്റം ധാർമ്മികനായിരുന്നു അദ്ദേഹം.ദേവലോകം കീഴടക്കിയപ്പോൾ ബലി തന്റെ മുത്തച്ഛനായ പ്രഹ്ളാദനെ ക്ഷണിച്ചു വരുത്തി തന്റെ നേട്ടം അദ്ദേഹത്തിനു സമർപ്പിച്ചു. പ്രഹ്ളാദൻ സന്തുഷ്ടനായി മഹാബലിയെ ഇന്ദ്രനായി വാഴിച്ചു. ഏപ്പോഴും ധർമ്മിഷ്ഠനായി രാജ്യഭാരം നടത്തണം എന്ന് മുത്തച്ഛൻ ഉപദേശിച്ചു. ബലി അത് അക്ഷരം പ്രതി പാലിച്ചു. അതോടെ ദേവന്മാർ ക്ഷീണത്തിലായി. പലരും വനവാസത്തിലായി. ദേവമാതാവ് അദിതി ദു:ഖിതയായി മഹാവിഷ്ണുവിനെ ഭജിച്ച് അദ്ദേഹം തന്റെ പുത്രനായി ജനിക്കണമെന്നും, ബലിയെ പരാജയപ്പെടുത്തി സ്വർഗം ദേവന്മാർക്കു തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ബലി ധർമ്മിഷ്ഠനും, ഭക്തനുമാണ്. എങ്കിലും അയാൾക്ക് അഹങ്കാരം തോന്നുന്ന കാലത്ത് ഞാൻ വാമനനായി അവതരിച്ചുകൊള്ളാം എന്ന് എന്ന് വിഷ്ണു പ്രതിവചിച്ചു.

കുറേക്കാലം ലോകം അടക്കി ഭരിച്ചപ്പോൾ അസുരന്മാർ മൊത്തത്തിൽ അഹങ്കാരികളും, ഭോഗലാലസന്മാരും ആയി മാറി.  അസുരകുലത്തിന്റെ ഗ്ളാനിക്കുകാരണമെന്തെന്നന്വേഷിച്ച് ബലി തന്റെ മുത്തച്ഛനായ പ്രഹ്ളാദന്റെ അരികിലെത്തി. കടുത്ത വിഷ്ണുഭക്തനാണദ്ദേഹം. പ്രഹ്ളാദൻ പറഞ്ഞു "മോനേ, നീയല്പം സൂക്ഷിക്കണം. മഹാവിഷ്ണു അദിതിയുടെ മകനായി വാമനാവതാരമെടുക്കാൻ പോകുന്നു. വിഷ്ണുവിനെ നേരിടാനാർക്കുമാവില്ല "

എന്നാൽ ബലിക്ക് അതുകേട്ടപ്പോൾ ചിരിയാണ് വന്നത്. താൻ തോൽപ്പിക്കാത്ത ഏതു ദേവനാണുള്ളത്!

 "അസുരകുലത്തിലെ ഓരോ യോദ്ധാവിനും നേരിടാം; എതൊരു ദേവനേയും!" ബലി പറഞ്ഞു.
അതു കേട്ട പ്രഹ്ളാദൻ പൊട്ടിത്തെറിച്ചു. വിഷ്ണു നിന്ദ നടത്തിയ നീയും നിന്റെ രാജ്യവും നശിച്ചു പോകട്ടെ എന്നു ശപിച്ചു. ബലി ശാപമോക്ഷം ആരാഞ്ഞു. വിഷ്ണുവിൽ ശരണം പ്രാപിക്കുക എന്നായിരുന്നു പ്രഹ്ളാദന്റെ മറുപടി.

മഹാബലി നർമ്മദാ നദീതീരത്തു വച്ച് ഒരു മഹായജ്ഞം നടത്തുന്നസമയത്താണ് വാമനരൂപത്തിൽ വിഷ്ണു അവിടെത്തുന്നത്. ബാക്കിയൊക്കെ എല്ലാവർക്കും മന:പാഠമാണല്ലോ. മൂന്നടി മണ്ണു ചോദിച്ചു. ബലി സമ്മതിച്ചു. രണ്ടു ചുവടുകൊണ്ട് ഭൂമിയും, സ്വർഗവും അളന്ന് മൂന്നാമത്തെ ചുവടിനു സ്ഥലം തേടി വിശ്വരൂപം പൂണ്ടു നിന്ന വാമനനു മുന്നിൽ സ്വന്തം ശിരസ്സു നീട്ടി മഹാബലി. അങ്ങനെ വിഷ്ണുപദം ശിരസ്സിലേറ്റി പാതാളത്തിലേക്കു യാത്രയായി. പോകും മുൻപ് തന്റെ പ്രജകളെ ആണ്ടിലൊരിക്കൽ കാണണം എന്ന ആഗ്രഹം വിഷ്ണുനനുവദിച്ചു കൊടുത്തു.

"പക്ഷെ നർമ്മദാതീരത്തെ മഹാബലി എങ്ങനെ കേരളത്തിന്റെ മാത്രം സ്വന്തം മാവേലിയായി!?" ഷാജി വീണ്ടും കൊറിയിട്ടു!

"ശരിയാണ്. മഹാബലി കേരളം ഭരിച്ചു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. എന്നാൽ കേരളം ഭരിച്ച അങ്ങേയറ്റം ധർമ്മിഷ്ഠനായ ചേരരാജാക്കന്മാരിലൊരാളെക്കുറിച്ചുള്ള ഓർമ്മകളാവാം ഇവിടെ ഈ ഉൽസവം ഇത്ര കെങ്കേമമാകാൻ കാരണം. അദ്ദേഹത്തിന് മഹാബലി എന്നു പേരുണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. ചേരമാൻ പെരുമാളാണ് മാവേലി എന്നും ചിലർ പറയുന്നു. കൃത്യമായി നമുക്കറിയില്ല....."

ഷാജി ഒന്നു നിവർന്നിരുന്നു. തന്റെ വാദങ്ങൾ അംഗീകരിക്കപ്പെടുകയാണല്ലോ.

"ഞാൻ നേരത്തേ പറഞ്ഞില്ലേ? ഇതൊക്കെ ഒരു കെട്ടുകഥയല്ലേ? മലയാളികളുടെ മേലടിച്ചേൽപ്പിക്കപ്പെട്ട ഒരു സവർണ ആഘോഷമാണിത്!"

"ഓഹോ! അങ്ങനെയുമുണ്ടോ വാദം? സത്യത്തിൽ ദേവന്മാർക്കു മാത്രമല്ല, ബ്രാഹ്മണർക്കും എതിരായിരുന്നു. ബലി അറിയാമോ? ഇരു കൂട്ടർക്കും ബലിയോടു വിരോധമായിരുന്നു.
വാമനൻ നമ്പൂതിരി എന്ന പേരു കേട്ടിട്ടുണ്ടാവും. മഹാബലി നമ്പൂതിരിപ്പാട് എന്നു കേട്ടിട്ടുണ്ടോ, ഉവ്വോ!?അപ്പോ ഓണം സവർണരുടെ ആഘോഷമാണോ?

ദേവനും രാക്ഷസനും ഇന്ദ്രനാകാൻ - സ്വർഗാധിപതിയാകാൻ - കഴിയും എന്ന് ഈ കഥകൾ പറയുന്നില്ലേ? അധർമ്മിയായാൽ ദേവേന്ദ്രനും പുറത്താകും. ഇന്ദ്രപദം ഒരു പെർമനന്റ് പോസ്റ്റ് അല്ല.മനുഷ്യനും, അസുരനും ഒക്കെ ഇന്ദ്രനായിട്ടുണ്ട്. നഹുഷനും, മഹാബലിയും ഉദാഹരണങ്ങൾ.
നമ്മുടെ മിത്തുകൾ മനോഹരങ്ങളാണ്. ഇത്രയധികം മിത്തുകളുള്ള നാട് വേറേയുണ്ടോ? അതിന് പൂർവികരോട് കടപ്പാടുവേണം നമുക്ക്. അതൊക്കെ കഥകളായി മാത്രം കണ്ട് ആസ്വദിച്ചു കൂടേ? പഠിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ പഠിച്ചുകൂടേ?"

വണ്ടി പേട്ടയിൽ നിർത്തി.

അദ്ദേഹം ഇറങ്ങിപ്പോയി.

അപ്പോൾ ജറമിയാസണ്ണനൊരു സംശയം.
"അല്ല കുമാറണ്ണാ..... ഈ മാവേലിക്ക് ഫാമിലി ഒന്നമ്മില്ലേ?"
"പിന്നേ...! മാവേലിക്ക് ഫാര്യയും മക്കളുമൊക്കെ ഒണ്ടാരുന്ന്."
അത് ശരി.... അപ്പോ മാവേലീടെ ഒയ്ഫിന്റെ (വൈഫിന്റെ) പേരെന്തര്!?
കുമാറണ്ണൻ വീണ്ടും കുഴപ്പത്തിലായി.

വണ്ടി പെട്ടെന്ന് മുന്നോട്ടെടുത്തു. ആ കുലുക്കത്തിൽ സരോജിനിത്തങ്കച്ചി മാഡം ഉറക്കമുണർന്നു. കണ്ണു തിരുമ്മി ചെന്താമരാക്ഷസിയായി ചോദിച്ചു.
"അല്ല.... ഇവിടിപ്പ എന്തര് പ്രശനം??"
"ഇല്ല മാഡം.... പ്രശനങ്ങളൊന്നുവില്ല മാഡം...." കമലാസനൻ സാർ പറഞ്ഞു.
"അല്ല മാഡം. പ്രശനങ്ങളോണ്ട് മാഡം" ഷാജി.
എന്തര് ജറമിയാസണ്ണാ നിങ്ങള് കാര്യം പറയീ
"പ്രശനങ്ങളെന്ന് വച്ചാ.... നമ്മടെ മാവേലീടെ ഒയ്ഫ്.... ഫാര്യ.... ആരെന്നറിയണം. അല്ല ച്വാദിച്ചതിൽ തെറ്റ് പറയാമ്പറ്റുവോ?ഫാര്യയില്ലാതെ ഫർത്താവൊണ്ടോ?"
"എന്തുവാ അണ്ണാ ഈ പറേന്നത്. നിർത്ത്."
 "നിർത്തണ്ട. അവൻ പറഞ്ഞത് ശരിയല്ലേ? നിങ്ങളു വല്യ പുരാണ ഫാഗവതരല്ലിയോ? പറ... ആരാ മാവേലീടെ ഒയ്ഫ്?" കമലാസനൻ സാറിനോട് മാഡം കല്പിച്ചു. സാർ കുമാറണ്ണനെ നോക്കി.
അണ്ണന്മാർ പെട്ടു. അവതാ പറയാൻ തുടങ്ങി.
 
"മാവേലീടെ ഫാര്യേടെ പേര് ചരിത്രത്തിൽ അടിച്ചമർത്തി വച്ചതിൽ ഞങ്ങക്ക് പ്രതിഷേധമുണ്ട്."
പക്ഷേ മാഡം ഒച്ചയുയർത്തി

"അല്ലെങ്കിലും കീഴാളരെയും, സ്ത്രീകളെയും അടിച്ചമർത്തി വച്ചതിന്റെ തിരുശേഷിപ്പാണല്ലോ ചരിത്രം!"ഷാജി ഒരു താത്ത്വികാവലോകനത്തിലൂടെ പ്രശ്നം വഴിതിരിച്ചു വിടാൻ ശ്രമിച്ചു.
പക്ഷേ മാഡം ചീറി
"നിങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുത്. ചരിത്രം എഴുതിയത് ആണുങ്ങളാ.... ഈ പുരുഷവർഗമേ ശരിയല്ല... അതിപ്പ മേലാളനായാലും, കീഴാളനായാലും. പെണ്ണിനെത്തല്ലും, ചവിട്ടിത്താഴ്ത്തും. എല്ലാം വാമനന്മാരാ!"

ഠിം!
വണ്ടി തിരുവനന്തപുരം സ്റ്റേഷനിൽ പിടിച്ചു.



കുറുവടി: മാവേലി ഒരു മിത്താണെന്ന പൂർണ ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് ദയവായി. ഇതൊരു ചരിത്ര ഗവേഷണമായി കാണരുത്. കഥയായി കണ്ടാൽ മതി.  മാവേലിയുടെ ഒയ്ഫ് ആരെന്നറിയാത്തവർ ഈ വാചകത്തിനവസാനം ഒഴിഞ്ഞുകിടക്കുന്നഭാഗം മൗസ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുക.വിന്ധ്യാവലി  മാവേലിയുടെ മോന്റെ പേരറിയാൻ ഈ വാചകത്തിനവസാനം ഒഴിഞ്ഞുകിടക്കുന്നഭാഗം മൗസ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുക. ബാണൻ അപ്പൊ എല്ലാർക്കും ഹേപ്പീ ഓണം!!!





41 comments:

ajith said...

വിന്ധ്യാവലി
ബാണന്‍

ഈ ബാണനാണോ ബാണാസുരന്‍?

അനില്‍@ബ്ലോഗ് // anil said...

ആകെ മൊത്തം കൺഫ്യൂഷനാ ഇത്തരം കഥകളിൽ.
ഐരാവതം ഒരു ഉഗ്രൻ കൺഫ്യൂഷനാ.

പട്ടേപ്പാടം റാംജി said...

ഈ പുരാണത്തെക്കുറിച്ച് എനിക്ക് ഒരു ചുക്കും അറിയാത്തതിനാല്‍ ഒരൊറ്റ വായനയായിരുന്നു മൊത്തം കഥകള്‍.

mini//മിനി said...

എന്റെ ഡോക്റ്ററെ,, അറിയുന്നതിനെക്കാൾ എത്രയോ സംഭവങ്ങളാണ് അറിയാത്തത്,, തിരുവോണാശംസകൾ,,,

Junaiths said...

പിന്നെയും മാവേലി

മനോജ് ഹരിഗീതപുരം said...

ഇതൊക്കെ ഒളളത് തന്നെയണ്ണാാ.....എന്തായാലും ഓണാശംസകൾ

jayanEvoor said...

അതെ അജിത്തേട്ടാ!

ഈ ബാണനും നല്ല ഭരണാധികാരിയായിരുന്നു എന്നാണു കേൾവി.ണ്വയനാട്ടിലെ ബാണാസുര സാഗർ ഡാം ആ സ്മരണയിൽ നാമകരണം ചെയ്യപ്പെട്ടതാണ്.

അനിൽ@ ബ്ലോഗ്
റാംജി
മിനി ടീച്ചർ
ജുനൈത്
മനോജ്

എല്ലാവർക്കും നന്ദി!

(പഴയ ബ്ലോഗർമാരാ ഇപ്പോഴും വായനക്കാർ, അല്ലേ! ഞാൻ കുറേ നാളായി ഓഫ് ആയിരുന്നു!)

കൊച്ചു കൊച്ചീച്ചി said...

പുള്ളീന്റെ വൈഫും സണ്ണും ആരായാലെന്താ, കൊളസ്റ്ററോളും ഒരു തരിയ്ക്ക് പഞ്ചാരയുമൊക്കെയുള്ള എനിക്ക് മൃഷ്ടാന്ന ഭോജനം അനുവദിച്ചിട്ടുള്ള വിരളമായ നാളുകളിലൊന്നാണ് ഓണം. അതുകൊണ്ട് ഐതിഹ്യവും ഫാമിലി ട്രീയുമൊക്കെ എന്തായാലും വേണ്ടില്ല, മാവേലിക്ക് ചിയേഴ്സ് !

ആപ് കേ ഓണം ഏക്ദം ബിന്ദാസ് ഹോനേ കേ ലിയേ അപ്പുന്‍ കി ശുഭ്കാംനായേം...

ചിതല്‍/chithal said...

അസ്സലായി. ഇതിലെ ഐരാവതത്തിന്റെ കൺഫ്യൂഷൻ തീർക്കാനുള്ള ശ്രമത്തിലാണു്.
ആദ്യം വായിച്ചുവന്നപ്പോൾ ആനന്ദ് നീലകണ്ഠന്റെ “അസുര” എന്ന പുസ്തകത്തിലേക്കുള്ള സൂചനയാണോ എന്നു് സംശയിച്ചു.

റാണിപ്രിയ said...

ഡോക്ടറെ....ഓണാശംസകള്‍!!!!
എന്തായാലും മാവേലി ഭരിച്ച കേരളം മനോഹരമായിരുന്നു...
ഭാര്യയുടെ സപ്പോര്‍ട്ട് ആയിരിക്കുമല്ലോ ഈ വിജയത്തിന്‍റെ മുഖ്യ രഹസ്യം...

അജിത്തെട്ടന്‍ പറഞ്ഞപോലെ അതായിരിക്കാം പേര്.....

Promodkp said...

ചില കണ്ഫുഷനുകള്‍ ഉണ്ടായെങ്കിലും രസിച്ചു വായിച്ചു

ചന്തു നായർ said...

കലക്കി സഹോദരാ.... പഴയ കൂട്ടുകാരിൽ ചിലർ ഇവിടെ എത്തിയത് കണ്ടപ്പോൾ വളരെ സന്തോഷം....... അതെ മിത്തുകളുടെ കൂമ്പാരമാ ഭാരതം.... ഓണാശംസകൾ

Cv Thankappan said...

"നിങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുത്. ചരിത്രം എഴുതിയത് ആണുങ്ങളാ.... ഈ പുരുഷവർഗമേ ശരിയല്ല... അതിപ്പ മേലാളനായാലും, കീഴാളനായാലും. പെണ്ണിനെത്തല്ലും, ചവിട്ടിത്താഴ്ത്തും. എല്ലാം വാമനന്മാരാ!"
പോരെപൂരം ഡോക്ടറെ.
ഓണവിശേഷം നന്നായി
ഓണാശംസകള്‍

വീകെ said...

ആകെ കൺഫ്യൂഷനായല്ലൊ...
എന്തായാലും സംഗതി ഉണ്ടായാലും ഇല്ലായാലും നല്ലൊരു സങ്കൽ‌പ്പമല്ലെ ഈ ഓണ സങ്കൽ‌പ്പം.
നല്ല കാര്യങ്ങൾ എപ്പോഴും മലയാളിക്കവകാശപ്പെട്ടതാണ്.
അതുകൊണ്ട് മാവേലിയും മലയാളി തന്നെ...! പക്കാ മലയാളി...!!

ente lokam said...

അതോടെ കുമാറണ്ണൻ ഉഷാർ വെള്ളാപ്പള്ളി!
"നമ്മടെ ദുർവാസ്രാവ് മഹർഷി...."
"സ്രാവല്ല... സാവ്... ദുർവാസാവ്!"
ആ എന്നാ സ്രാവല്ലാത്ത മഹർഷി.

മൗസ് അമർത്തിയപ്പോൾ നീല നിറത്തിൽ
എല്ലാവരെയും കണ്ടു കേട്ടോ..
ഓണാശംസകൾ

പ്രയാണ്‍ said...

എന്താല്ലേ.......... :))

Melvin Joseph Mani said...

അപ്പൊ ഹാപ്പി ഓണം..... :)

അലി said...

ഓണാശംസകൾ. + വിഭവസമൃദ്ധമായ ഊണാശംസകൾ!

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

അജിത്ത് സാറിന്റെ ചോദ്യമാ എന്റെ മനസിലും വന്നെ.. ബാണാസുരൻ :) പുതിയ അറിവാട്ടോ ഡോക്ടറെ

Manoj Vellanad said...

ഹ.. ഹ.. വോ.. ഇതക്കെ ആയിരുന്നല്ലീ ആ കഥകള്.. നന്നായിട്ട് എഴുതിയല്ല്.. സൂപര്‍..

jayanEvoor said...

വായനയ്ക്കും കമന്റുകൾക്കും എല്ലാവർക്കും നന്ദി!

ഓണാശംസകൾ!

Pheonix said...

ഡോക്ടര്‍ മൊത്തം കണ്ഫ്യൂഷന്‍ ആയല്ലോ! ഇതുപോലുള്ള കൊച്ച് കൊച്ച് സംശയം ഞാനൊക്കെ ചെരുതായപ്പോള്‍ പലരോടും ചോദിച്ചിട്ടുണ്ട്. അന്നൊക്കെ അത് അതിന്‍റെതായ അര്‍ത്ഥത്തില്‍ എടുക്കാനും നല്ല രസകരമായ മറുപടി തരാനും അന്നത്തെ ആളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് അതെ ഫ്രീക്വന്‍സിയില്‍ ഒരു ചോദ്യം ചുമ്മാ തോടുത്താല്‍ നിമിഷനേരം കൊണ്ട് നമ്മളെ കൊന്നു കൊലവിളിക്കും. എന്തായാലും ഡോക്ടറുടെ ഓണ സമ്മാനം ഇഷ്ടപ്പെട്ടു. സര്‍വ്വവിധ ഓണാശംസകളും നേരുന്നു.

Martinn P.Paul said...

Good ! Onazamsakal !

viddiman said...
This comment has been removed by the author.
viddiman said...

രസകരമായി വിഷയം അവതരിപ്പിച്ചു.

ദശാവതാരങ്ങളിൽ തന്നെ ഇനിയും പലയ ആശയക്കുഴപ്പങ്ങളുണ്ട്.

ദേവന്മാർക്കും കുശുമ്പും കുന്നായ്മയുമൊക്കെ ഉണ്ടാവാറുണ്ടെന്ന് കേൾക്കുമ്പോൾ അടുത്ത സംശയം വരും. വിഷ്ണുവിനു അഹങ്കാരം ഉണ്ടാവാറില്ലേ എന്ന് :)

uttopian said...

നന്നായിരിക്കുന്നു.... :)

Sudheer Das said...

സംഭവം ഉഷാറായി.. വായന ശരിക്കും ആസ്വദിച്ചു... ആശംസകള്‍.

കുഞ്ഞൂസ് (Kunjuss) said...

ആകെ മൊത്തം കണ്‍ഫ്യൂഷനാണല്ലോ ... ഇപ്പോഴത്തെ കുട്ടികൾ എ. ഷാജിയെ പ്പോലെയാ, എന്തിനും ഏതിനും കൊറേ കൊനഷ്ടുകൾ ചോദിക്കും... ഉത്തരം മുട്ടിക്കും... ( പണ്ട്, ഞാനൊക്കെ വായും പൊളിച്ചിരുന്നു കേട്ട്, വണ്ടറടിച്ചിരുന്ന കാലമുണ്ടായിരുന്നു... )

സിക്സ്പാക് മാവേലി വരുന്ന ഓണത്തിന് ആശംസകൾ ജയാ...!

Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

വായിച്ചു...മൊത്തം സദ്യയും കൺഫ്യൂഷൻ കയറി !!!

Areekkodan | അരീക്കോടന്‍ said...

വായിച്ചു...മൊത്തം സദ്യയും കൺഫ്യൂഷൻ കയറി !!!

Echmukutty said...

ഇതൊക്കെത്തന്നേ കഥകളല്ലിയോ? എന്തരായാലും കൊള്ളാം.. പിന്നെ വാമനന്മാരെന്ന് പറഞ്ഞ ചെന്താമരാക്ഷസിയെ എനിക്കങ്ങ് ബോധിച്ചു..

അഭിനന്ദനങ്ങൾ ഡോക്ടർ സർ

Cholakkel said...

good one ...:)

ManzoorAluvila said...

ഡോക്ടറുടെ കഥാ അവതരണം മനോഹരം..ആശംസകൾ

കുഞ്ഞുറുമ്പ് said...

Query ആയി നടക്കുന്ന ഈ ഷാജി ഒരു ചൊറി ആണല്ലോ.. ;) പിന്നെ പണ്ടേ പുരാണം എന്റെ ഇഷ്ട വിഷയമാ.. ഇപ്പൊ തിര്വന്തോരം ശൈലിയില്‍ ഒരു പുരാണം കേട്ടെന്റെ സുഖം.. നന്നായി ഡോക്ടറെ.. :)

സുധി അറയ്ക്കൽ said...

രസകരമായി ഒരു യാത്രാസംഭാഷണത്തിലൂടെ അവതരിപ്പിച്ച പുരാണകഥകൾ വീണ്ടും വീണ്ടും എന്നെ കൺഫ്യൂഷിപ്പിച്ചല്ലോ..

പിന്നെന്തെ എഴുതാത്തേ!!!

Mazhavil..Niyagrace.. said...

Good thoughts....Great observation...

Sapna Anu B.George said...

ഞാൻ ഇവിടെ ബ്ലോഗ്‌ ലോകത്തുണ്ട് ഇന്നും എന്നറിയിക്കാനൊരു comment, blog ഗ്രൂപ്പുകൾ ഉണ്ടോ ജയൻ ?

Lonely soul said...

FOR MORE DETAILS PLEASE CLICK HERE

online taxi service

Shinoy Paulose Alappatt said...

നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതം