Saturday, February 9, 2013

നിറൈമൊഴി


അങ്ങനെ ആ പ്രക്ഷോഭം അവസാനിച്ചിരിക്കുന്നു.......

എട്ടു മണിക്കുണ്ടായിരുന്ന ലൈവ് ടെലിക്കാസ്റ്റിന്റെയും തത്സമയ ചർച്ചയുടെയും ഹരത്തിലാണ് വാർത്താപ്രേമികൾ. ദീർഘനാളായി തുടരുന്ന ഒരു ചെറുത്തു നില്പിന് ഇത്ര പെട്ടെന്ന് ഒരു പര്യവസാനമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒരു സമരമെന്ന നിലയിൽ ഇതു നീട്ടിക്കൊണ്ടു പോകാൻ സംഘാടകർക്കു കഴിയും എന്നു തന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്.

ഇത്രകാലം നീണ്ടു നിന്നിട്ടും തിരിഞ്ഞു നോക്കാത്ത ചാനലുകൾ പോലും  ഇന്ന് മത്സരിച്ചാണ് ലൈവ് കവറേജ് കൊടുക്കുന്നത്. ഒ.ബി.വാനുകൾ നിരനിരയായി ആകാശത്തേക്കു വാ പിളർന്നു കിടക്കുന്ന കാഴ്ചയും ലൈവായി ജനം കണ്ടു. ഇനി ഒൻപതുമണിയുടെ വാർത്തയും ചർച്ചയുമുണ്ട്. സമഗ്രമായൊരു റിപ്പോർട്ട് അതിലുണ്ടാവും. തീർച്ച.

ഒൻപതു മണിക്ക് പതിവു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, തലവാചകങ്ങൾ ഉച്ചസ്ഥായിയിൽ നിലവിളിച്ചുകൊണ്ട്, വാർത്താവതാരകൻ രാജകീയമായി പ്രത്യക്ഷപ്പെട്ടു. വാർത്ത തുടങ്ങി. ആദ്യവാചകം തന്നെ മുടിഞ്ഞ കരയെപ്പറ്റിയായിരുന്നു.

പ്രധാനവാർത്തകൾ ഒന്നൊന്നായലറിത്തീർത്ത്, തോളും തലയും യാന്ത്രികമായി ചലിപ്പിച്ചുകൊണ്ട് അവതാരകൻ തുടങ്ങി “അ..... അ..... പ്രശ്നബാധിതമായ മുടിഞ്ഞകരയിൽ നിന്നുള്ള ദൃശ്യങ്ങളാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ആണവനിലയത്തിനെതിരെ ചെറുത്തുനിൽ‌പ്പു തടത്തിയ മുഴുവൻ ജനങ്ങളെയും ആ മേഖലയിൽ നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്. അ..... അ..... അതിന്റെ കൂടുതൽ ദൃശ്യങ്ങളിലേക്ക്.....”

പലായനം ചെയ്യുന്ന ജനതതിയുടെ വിഭ്രാന്തിയുടെയും, അലമുറയുടെയും, സംഘർഷത്തിന്റെയും ദൃശ്യങ്ങൾ..... ഒടുവിൽ കണ്ണീരൊലിപ്പിച്ചുനിൽക്കുന്ന ഒരു മാതാവിന്റെയും, അവരുടെ ഒക്കത്തിരിക്കുന്ന രണ്ടുവയസ്സുകാരി കുഞ്ഞിന്റെയും കരളലിയിക്കുന്ന ദൃശ്യത്തിൽ ഫ്രീസ് ചെയ്തു നിർത്തിക്കൊണ്ട് ഒൻപതുമണിക്കുള്ള ന്യൂസ് ചർച്ച സമാരംഭമായി.

ഇതേ സമയം, തിരുവനന്തപുരത്തേക്കുള്ള രാത്രിവണ്ടിയിൽ കുത്തിനിറഞ്ഞ കമ്പാർട്ട്മെന്റുകളൊന്നിൽ രാസാത്തി അക്കാവുക്കും അവരുടെ മക്കൾക്കുമൊപ്പം നിറൈമൊഴി ചുരുണ്ടിരുന്നു. അഞ്ചുപേർക്കിരിക്കാവുന്ന സീറ്റിൽ ആറു മുതിർന്നവരും, അവളുൾപ്പടെ എട്ട് കുട്ടികളുമുണ്ട്. എതിർവശത്തും അത്ര തന്നെ. കൂടാതെ മുകൾവശത്തെ ബർത്തുകളിലും.

രണ്ടു മാസം മുൻപ് അമ്മ ജയിലായതിനു ശേഷം രാസാത്തിയക്കാ ആയിരുന്നു തനിക്കും സഹോദരന്മാർക്കും തുണയായതെന്ന് നിറൈമൊഴി ഓർത്തു. ഇന്നിപ്പോൾ ആ അക്കാവുടെ ഭർത്താവിനെയും പോലീസ് പിടിച്ചു.

“രാജ്യദ്രോഹികൾ ”എന്ന് അലറിവിളിച്ചുകൊണ്ട് തന്റെ അണ്ണാമാരെയും അവർ കൊണ്ടു പോയി.പതിനാലും, പതിനാറും വയസ്സുള്ള രാജ്യദ്രോഹികൾ..... (അണു ഉലൈക്ക് എതിരുനിൽക്കുന്ന മുഴുവൻ പേരും രാ‍ജ്യദ്രോഹികൾ ആണത്രെ!)

കടലിൽ നിന്നു വന്ന അപ്പാ ഇപ്പോൾ തങ്ങളെ കാണാതെ ഊരെല്ലാം ഓടിയലയുന്നുണ്ടാവും.... അതോ, അപ്പാവെയും പോലീസ് പിടിച്ചിരിക്കുമാ......?

എത്ര ത്യാഗങ്ങൾ സഹിച്ചു നടത്തി വന്ന സമരമായിരുന്നു.....

മാസങ്ങൾക്കു മുൻപ് പോലീസ് നിരയ്ക്കെതിരെ പ്രതിരോധം തീർത്ത അവളുടെ അമ്മയുൾപ്പടെയുള്ള സ്ത്രീകളെ പോലീസ് തൂക്കി ജീപ്പിലിട്ടുകൊണ്ടുപോയതും, മുദ്രാവാക്യം വിളിച്ച് കുതറിയോടാൻ ശ്രമിച്ച അവരെ വനിതാ പോലീസ് ബൂട്ടിട്ടു ചവിട്ടിയതും ഒക്കെ നിറൈമൊഴിയുടെ മനസ്സിലൂടെ കടന്നുപോയി.

ശരീരത്തിൽ വീണ ചവിട്ടുകളെല്ലാം ഏറ്റുവാങ്ങി, തങ്ങളുടെ തുറയെ നോക്കി “വേണ്ടാം, വേണ്ടാം, അണു ഉലൈ* വേണ്ടാം; വേണ്ടും, വേണ്ടും, സൂര്യ ഉലൈ* വേണ്ടും.......” എന്ന് കണ്ണീർവാർത്തലറിക്കരഞ്ഞ അമ്മമാരെയും കൊണ്ട് ജീപ്പ് ചീറിപ്പാഞ്ഞു പോയി.

എന്തുവന്നാലും സഹിക്കണമെന്നും, ഒരിക്കലും പിന്നോട്ടുപോകരുതെന്നും സമരനായകർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പള്ളിമുറ്റത്തെ പന്തലിൽ എപ്പോഴും സ്ത്രീകളും, വൃദ്ധരും, കുട്ടികളുമായിരുന്നു കൂടുതൽ. അവരുടെ കൂട്ടായ്മ, ആവേശം, മുദ്രാവാക്യങ്ങൾ, പാട്ടുകൾ..... ഒക്കെ അവളുടെ മനസ്സിലേക്ക് ആർത്തലച്ചെത്തി.

നിത്യവൃത്തിക്കായി കടലിൽ പോയിരുന്ന ഗൃഹനാഥന്മാരെല്ലാം മടങ്ങിവന്നു കഴിഞ്ഞാൽ അവർക്കൊപ്പം കൂടും. അപ്പോൾ നേതാക്കന്മാർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കും. സ്കൂലിലെ ടീച്ചർമാരെക്കാൾ രസകരമായ തരത്തിൽ...... അങ്ങനെയാണ് അണു ഉലൈ, കതിർവീച്ച്* എന്നൊക്കെ നിറൈമൊഴി ആദ്യമായി കേട്ടത്.

അണു ഉലൈയെ തണുപ്പിക്കാൻ ഒരു ദിവസം 51 ലക്ഷം ലിറ്റർ തണ്ണി വേണമത്രെ. അത്രയ്ക്കു ചൂടാ അതിനുള്ളിൽ. ആ ചൂടു മുഴുവൻ കടലിലേക്ക്...... അവിടുള്ള മീനുകൾ മുഴുവൻ ചത്തൊടുങ്ങും. അല്ലെങ്കിൽ ദൂരക്കടലിലേക്കു പോകും. അപ്പാവുക്കും കൂട്ടുകാർക്കും മീൻ കിട്ടാതാകും. ഊര് വറുതിയിലാകും.

ആദ്യ പോലീസ് അതിക്രമം നടന്ന നാൾ അപ്പാ കടലിൽ നിന്നു വന്നപ്പോഴേക്കും തുറ ശ്മശാനമൂകമായിരുന്നു. അമ്മയെ കൊണ്ടുപോയതറിഞ്ഞ്, മക്കൾ മൂന്നുപേരെയും കെട്ടിപ്പുണർന്ന് അപ്പാ പൊട്ടിക്കരഞ്ഞു. അമ്മയായിരുന്നു വീട്ടുക്ക് ശക്തി, നമ്പിക്കൈ..... ദേവി..... എല്ലാം..... അവൾ പോയിട്ടാൾ....

അമ്മാവും അപ്പാവും പറഞ്ഞ് തങ്ങൾ അകപ്പെട്ടിരിക്കുന്ന വൻ ദുരന്തത്തിന്റെ ഗൌരവം അവൾ മുന്നേ മനസ്സിലാക്കിയിരുന്നു. പോലീസും പട്ടാലവും വീണ്ടും വന്നേക്കാമെന്നും, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്നും ഒക്കെ അപ്പാ ഭയപ്പെട്ടിരുന്നു. എന്ത് അതിക്രമവും സഹിച്ച് വിജയം വരെ പിടിച്ചുനിൽക്കണമെന്നും, നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നും അപ്പാ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

പക്ഷേ, അപ്പാ ഭയന്നത് വേറുതെയല്ലെന്ന് വൈകാതൊരുനാൾ ബോധ്യപ്പെട്ടു. തുറൈയിലെ ജനങ്ങൾ ആബാലവൃദ്ധം അണിചേർന്ന് പ്രതീകാത്മകമായി ‘ജലസമാധി’ നടത്താൻ തീരുമാനിച്ച ദിനം.

ശരിക്കും ഭയന്നുപോയത് അന്നാണ്.

കടൽക്കരയിലും പാറക്കെട്ടിലുമൊക്കെയായി തടിച്ചുകൂടിയ ആൾക്കൂട്ടത്തിനു മീതെ ഭീകരമായ ഹുങ്കാരത്തോടെ സേനാവിമാനം താഴ്ന്നു പറന്നു വന്നപ്പോൾ എല്ലാരും അമ്പരന്നു. തങ്ങളെ കാപ്പാത്തേണ്ട തീരസേന, തങ്ങൾക്കെതിരെയോ!?

ആദ്യമാദ്യം കുട്ടികൾ ആർപ്പുവിളിയോടെ വിമാനത്തിൻ കീഴിൽ നിലകൊണ്ടെങ്കിൽ, പിന്നീട് കൂടുതൽ ഇരമ്പത്തോടെ തലയ്ക്കുമീതെ, തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അത് താഴ്ന്നു കുതിച്ചപ്പോൾ അവർ പേടിച്ചു ചിതറിയോടി. മുതിർന്നവർ പോലും വിറച്ചുപോയി. സ്ത്രീകൾ അലമുറയിട്ടു. അത്ര ഭീകരമായിട്ടായിരുന്നു അതു പറന്നു വന്നത്. ആ ബഹളത്തിനിടയിൽ ഭയന്ന് പാറക്കെട്ടിൽ നിന്നു ബാലൻസ് തെറ്റി വീണാണ് സെവന്തിയുടെ അപ്പാ മരിച്ചത്..... പാവം സെവന്തി...... പാവം അവളുടെ അപ്പാ.....

എല്ലാം കഴിഞ്ഞ് അവിടേക്കു ചെന്നപ്പോൾ, തങ്ങൾ ഓടിക്കളിച്ചു നടന്ന കടപ്പുറം അങ്കം കഴിഞ്ഞ പോർക്കളം പോലെ കിടക്കുന്നു. കല്ലും വടിയും, ചെരിപ്പും വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന കാഴ്ച കണ്ട് സ്ത്രീകളും കുട്ടികളും അലറിക്കരഞ്ഞു. കുഞ്ഞുങ്ങൾ ചിപ്പിയും ശംഖും, കക്കയും മുത്തും പെറുക്കി നടന്ന കടപ്പുറം.....

ഇന്നിപ്പോൾ തുറയിലുണ്ടായിരുന്ന എല്ലാ ആണുങ്ങളും പിടിയിലായി...... അല്ലെങ്കിൽ ഓടി നാടു വിട്ടു..... കടലിൽ പോയവരെയും കാത്ത് പോലീസ് കരയിൽ കാവലുണ്ട്. അങ്ങനെയെങ്കിൽ  അപ്പാവും പിടിയിലായിട്ടുണ്ടാവും.......

പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടതിനേക്കാൾ അവളെ വേദനിപ്പിച്ചത് തങ്ങളുടെ ഗ്രാമത്തിനു പുറത്തുള്ള ജനങ്ങളുടെ നിസ്സംഗതയായിരുന്നു. അടിച്ചിറക്കപ്പെട്ട തങ്ങൾ അവരുടെയാരുടെയും ഭവനങ്ങളിൽ സ്വാഗതം ചെയ്യപ്പെട്ടില്ല.

അവർ ചോദിച്ചു “എങ്കൾക്കു മിൻസാരം* വേണ്ടാമാ.....? വ്യവസായം* വേണ്ടാമാ....? വളർച്ചി* തേവൈയില്ലെയാ??”

അവർക്കൊക്കെ ആണവനിലയം വേണം.... അവിടെ നിന്നുള്ള കറണ്ടും, അതു കൊണ്ടുവരുന്ന കൃഷിയും, വികസനവും വേണം.

ആറു കിലോമീറ്റർ അകലെ ഒരു ബന്ധു വീടുണ്ട്. അവിടേക്കു പോകാം എന്ന് രാസാത്തിയക്കാ പറഞ്ഞു. അലച്ചുതല്ലി നടന്ന് മൂന്നു പെൺകുട്ടികളുമായി അവർ ആ വീടിന്റെ പടികടന്നു ചെന്നു. കുറേനേരം മുട്ടിവിളിച്ചെങ്കിലും അവർ വാതിൽ തുറന്നതുപോലുമില്ല!

പടിക്കൽ കുത്തിയിരുന്ന അവരോട് ഒടുവിൽ ഗൃഹനാഥൻ വന്നു പറഞ്ഞു “മന്നിച്ചിടുങ്കോ..... ഉങ്കളെ ഉള്ളെ അനുമതിക്ക മുടിയാത്..... നാങ്കൾ കൈതു സെയ്‌വപ്പെടുവോം...!”

അവരെ ഉള്ളിൽ കയറ്റിയാൽ പോലീസ് ആ വീട്ടുകാരെയും അറസ്റ്റ് ചെയ്യുമെന്നാണ് ഭീതി. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. അടഞ്ഞ വാതിലിനു മുന്നിൽ ഏതാനും നിമിഷങ്ങൾ കൂടി നിന്ന ശേഷം അവർ പിൻവാങ്ങി.

ഭ്രാന്തമായ ഓട്ടത്തിനിടയിൽ മറ്റൊരു വീട്ടിൽ ചെന്നുകയറി. പണ്ഡിതനായ കോളേജ് പ്രൊഫസറാണ് വീട്ടുടമ. അവരോട് ആദ്യമേ, ശാന്തരാകാൻ ആവശ്യപ്പെട്ടു അദ്ദേഹം. എന്നിട്ട് സമചിത്തരായി ഈ നാടുവിട്ട് ദൂരെയെവിടെയെങ്കിലും പോയി ജീവിക്കാൻ ഉപദേശിച്ചു. കൂട്ടിന് പുരാണത്തിൽ നിന്നൊരു സാരോപദേശവും മൊഴിഞ്ഞു.

ഒരു കുടുംബത്തെ രക്ഷിക്കാൻ ഒരു വ്യക്തിയെയൊ, ഒരു ഗ്രാമത്തെ രക്ഷിക്കാൻ ഒരു കുടുംബത്തെയോ, ഒരു ദേശത്തെ രക്ഷിക്കാൻ ഒരു ഗ്രാമത്തെയോ ബലികഴിക്കുന്നതിൽ ഒരു തെറ്റുമില്ല. അതാണ് രാജനീതി. തണുത്തുറഞ്ഞ ഒരു നോട്ടം സമ്മാനിച്ച് പ്രൊഫസർ പറഞ്ഞു “ഇന്ത മാനിലത്തൈ കാപ്പാത്തറത്ക്ക് ഉങ്കളൈ ഇഴൈക്കവേണ്ടും!”

പലായനമല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല ആ നാലു പെൺ ജന്മങ്ങൽക്ക്.....

എല്ലാം ഓർത്തോർത്ത് നിറൈമൊഴി വിങ്ങിപ്പൊട്ടി. ഇരു കണ്ണിൽ നിന്നും നീരൊഴുകിയിറങ്ങി.

എത്രവേഗമാണ് പ്രത്യാശയുടെ പൂക്കൾ കരിഞ്ഞുപോയത്! അവൾക്കേറ്റവും ഇഷ്ടമുള്ള തമിഴ് പാട്ടോർത്തു. “ഒവ്വൊരു പൂക്കളുമേ സൊൽഹിറതേ...... വാഴ്വെൻട്രാൽ പോരാടും പോർക്കളമേ...”

അതെ.... ഈ ഉലഹം ഒരു പൊർക്കളം തന്നെ. നിലനിൽ‌പ്പിനായി കൊടുംകാറ്റിനോടും തീവെയിലിനോടും പൂവിനു പൊരുതിയേ മതിയാവൂ. പൊരുതാം.... പക്ഷേ തന്റെ ഉറ്റവരെക്കുറിച്ചും സെവന്തിയെക്കുറിച്ചും ഒക്കെ ചചിന്തിച്ചപ്പോൾ അവളുടെ ഉള്ളു കാളി.

അസഹ്യമായ വേദനയിലും ട്രെയിനിലിരുന്ന് അവളാ പാട്ടു മൂളി.

തുറയിൽ എല്ലാ വൈകുന്നേരങ്ങളും കൂട്ടായ്മയുടെയും, പാട്ടുപാടലിന്റെയും മേളനമായിരുന്നു. തായ് തങ്കച്ചി കുഴന്തൈകൾ എല്ലൊരും ചേർന്നു പാടിയ സന്ധ്യകൾ....

“കറ്റലേ കടലേ
എമ്മുടലേ ഉടലേ
എൻ തായ് മടിയേ....”

അവളെ മടിയിൽ കിടത്തി അവസാനമായി അമ്മാ പാട്ടുപാടിയ സന്ധ്യ.... അമ്മാവുടെ വിരലുകൾ നെറുകയിൽ തലോടിക്കൊണ്ടിരുന്ന സന്ധ്യ..... ആ സന്ധ്യ  മായാതിരുന്നെങ്കിൽ.....

നിറൈമൊഴി നിശ്ശബ്ദം കണ്ണീർ വാർത്തു.

തിരുവനന്തപുരം എത്താറായി.

രാസാത്തിയക്കാവുടെ അനിയത്തിയും ഭർത്താവും ഈ നഗരത്തിലെവിടെയോ ഉണ്ട്. അവരെ കണ്ടുപിടിച്ചാൽ രക്ഷയായി എന്ന് അക്കാ പിറുപിറുത്തുകൊണ്ടിരുന്നു.

ഇനി പരിചയമില്ലാത്ത ഈ നഗരത്തിൽ എത്രകാലം, കടവുളേ......
എങ്ക വീട്, എങ്ക ഊര്, എങ്ക കടൽ......
എങ്ക അപ്പാ, അമ്മാ, അണ്ണാമാർ.....
എന്നു കാണുമോ ഇനി അവരെയൊക്കെ...?

ഓർത്തപ്പോൾ അവൾ ഏങ്ങിപ്പോയി. ഇരുകവിളുകളും നനഞ്ഞു കുതിർന്നുകൊണ്ടേയിരുന്നു. സ്റ്റേഷനടുത്തതിന്റെ ആരവവും, ഇറങ്ങാനുള്ള തിക്കും തിരക്കും ബോഗിയിൽ നിറഞ്ഞു. ഉറ്റവരെയും ഉടയവരെയും ഒപ്പം നിർത്താൻ ശ്രമിക്കുന്ന ഒച്ചപ്പാടിനിടയിൽ വണ്ടി പ്ലാറ്റ്ഫോമിലേക്കു കയറി.

ഇരു കൈകളിലും റോജയേയും മല്ലികയേയും പിടിച്ചുകൊണ്ട് രാസാത്തിയക്കാ അവളോട് പറഞ്ഞു “റോജാ കൈ പുടിച്ചുക്കോ!”

നിറൈമൊഴി റോജയുടെ കൈ മുറുക്കിപ്പിടിച്ചു.

 വണ്ടി പ്ലാറ്റ്ഫോമിൽ ഊക്കോടെ കുലുങ്ങി നിന്നു. നൂറുകണക്കിനു യാത്രക്കാർ ഒന്നടങ്കം പുറത്തിറങ്ങാനായി തിരക്കു കൂട്ടി. ശ്വാസം മുട്ടി, ഞെരിഞ്ഞമർന്ന്, പിടയ്ക്കുന്ന ചങ്കോടെ അവർ നിന്നു. പെട്ടെന്ന് പിന്നിൽ നിന്നുള്ള തള്ളലിൽ അവർ പുറത്തേക്കു തെറിച്ചു. പ്ലാറ്റ്ഫോം നിറയെ ജനക്കൂട്ടമായിരുന്നു. അവൾ റൊജയുടെ കൈ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഭ്രാന്തമായ തിക്കിലും തിരക്കിലും മനുഷ്യജീവികൾ പരസ്പരം ഉന്തിത്തള്ളി പുറത്തേക്കു പാഞ്ഞു. നാലുപാടും നിന്നുള്ള ചവിട്ടിമെതിക്കലിൽ റോജയുടെ പിടിവിട്ട് നിറൈമൊഴി ജനപ്രളയത്തിലുഴറി.

 മുന്നിലും പിന്നിലും വശങ്ങളിലും ഒന്നും കാണാനാവാതെ, ഒച്ചപ്പാടും ബഹളവും, ചവിട്ടും തൊഴിയുമേറ്റ് അവൾ സ്റ്റേഷൻ കവാടത്തിനു പുറത്തിറങ്ങി.

എങ്ങും തിക്കിപ്പായുന്ന ജനം..... അലമുറ..... പേർ ചൊല്ലിവിളി.......
രാസാത്തിയക്കാവുടെ കുരൽ അവയിൽ നിന്നു തിരിച്ചറിയാൻ അവൾ കാതു കൂർപ്പിച്ചുനിന്നു. കഴിയുന്നില്ല...... ആരവം അവളുടെ കാതുകളെ മൂടി.

പിടയ്ക്കുന്ന ഹൃദയവുമായി റോഡരികിൽ പരിഭ്രാന്തയായി നിന്ന് അവൾ പ്രാർത്ഥിച്ചു “അമ്മാ.... തായേ.... കാപ്പാത്തുങ്കോ......”

എവിടെ നിന്നും ഒരു പരിചിത സ്വരവും കേട്ടില്ല. ഒരു പരിചിത മുഖവും കണ്ടില്ല. കഴിയാവുന്നത്ര ഒച്ചയിൽ അവൾ കരഞ്ഞു വിളിച്ചു “രാസാത്തിയക്കാ...... നീയെങ്കേ...?? റോജാ..... മല്ലീ.....????”

ചിതറിക്കുതിക്കുന്ന ജനക്കൂട്ടത്തിൽ നിന്നു തെന്നിമാറി, വഴിയരികിൽ ഒറ്റയ്ക്കു നിന്നു വിറച്ചു, നിറൈമൊഴി.

അവിടേയ്ക്കു പെട്ടെന്നു വന്നു നിന്ന ഓട്ടോയിലേക്ക് അവൾ വലിച്ചിടപ്പെട്ടത് ഒരു നിമിഷാർദ്ധത്തിലായിരുന്നു. ഡ്രൈവറെ കൂടാതെ അതിനുള്ളിൽ രണ്ടാണുങ്ങൾ കൂടി ഉണ്ടെന്നു മനസ്സിലാക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ കണ്ണും വായും മൂടപ്പെട്ടുകഴിഞ്ഞിരുന്നു. രാസാത്തിയക്കാവുടെ പേരുചൊല്ലി അവൾ ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വരാഞ്ഞപ്പോൾ വായ് മൂടിയ കനത്ത കൈപ്പടത്തിൽ അവൾ ആഞ്ഞു കടിച്ചു. കടികൊണ്ടവൻ കൈ മാറ്റി, ഇരു കവിളുകളിലും മാറിമാറി പടക്കം പൊട്ടുന്ന ഒച്ചയിൽ തല്ലി. നിറൈമൊഴിയുടെ കാതുകൾ കൊട്ടി. കാഴ്ച മാഞ്ഞു.

തെരുവിന്റെയിരമ്പത്തിൽ ഓട്ടോയുടെ ശബ്ദം അലിഞ്ഞു ചേർന്നു.

ഒരു മണിക്കൂറിനു ശേഷം ഇരുണ്ട ഒരു തെരുവോരത്ത്, മൂന്നു മനുഷ്യന്മാരുടെ ആക്രാന്തത്തിൽ പിടഞ്ഞ്, അകവും പുറവും ഒരുപോലെ നിറി, അലറിക്കരയാൻ പോലും കെൽ‌പ്പില്ലാതെ, വിവസ്ത്രയായി, പന്ത്രണ്ടുവയസ്സുള്ള ആ ഉടൽ പിറുപിറുത്തുകൊണ്ടിരുന്നു

 “വേണ്ടാം, വേണ്ടാം അണു ഉലൈ വേണ്ടാം; വേണ്ടും, വേണ്ടും, സൂര്യ ഉലൈ വേണ്ടും......”



*അണു ഉലൈ = ആണവനിലയം *സൂര്യ ഉലൈ = സൌരോർജ നിലയം
*കതിർവീച്ച് = അണുവികിരണം *മിൻസാരം = വൈദ്യുതി *വ്യവസായം = കൃഷി



91 comments:

jayanEvoor said...

നാളെ ഇതു സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ.....

Joselet Joseph said...

എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത!

കൂടംകുളവും അടിച്ചമര്‍ത്തലുകളും മുഴങ്ങിക്കേള്‍ക്കുന്ന നിലവിളികളും മികച്ചരീതിയില്‍ വായനക്കാരന് വിഷ്വലൈസ് ചെയ്യാനാകുന്നു.

പിച്ചി ചീന്തപ്പെടുന്ന പെണ്‍കുട്ടികള്‍ എക്കാലത്തെയും വലിയ വേദനയാണ്, എങ്കിലും പ്രസക്തമായൊരു വിഷയത്തില്‍ ഊന്നി പ്ലോട്ട്നില്‍ക്കുമ്പോള്‍ കഥാന്ത്യം അങ്ങനെയല്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.

പ്രവീണ്‍ കാരോത്ത് said...

വായിച്ചു, പീഡനങ്ങള്‍ പല വിധം, ചൂഷണവും.ഏതൊരാളും ഒന്നുകില്‍ ചൂഷകനോ, അല്ലെങ്കില്‍ ചൂഷിതനോ ഇതുമല്ലെങ്കില്‍ ഇവ രണ്ടും ഒപ്പമോ ആവുന്ന അവസ്ഥ, ഇരയാകാനും, വേട്ടക്കരനാകാനും നിമിഷങ്ങള്‍ മതി ഈ ലോകത്ത്, പക്ഷെ നമ്മുടെ കല്പ്പനകളിലെങ്കിലും നന്മ വാഴട്ടെ!
ആശംസകള്‍ !

കൊച്ചു കൊച്ചീച്ചി said...

കഥ ഇഷ്ടമായില്ല, മാഷേ. ക്ഷമിക്കുക.

ajith said...

സംഭവിയ്ക്കാന്‍ എല്ലാ സാദ്ധ്യതയുമുള്ള ഒരു കഥ

പട്ടേപ്പാടം റാംജി said...

വായിച്ചറിഞ്ഞ കൂടന്കുളം ചിത്രത്തിലെന്നപോലെ കാണിച്ചു തന്നു. എല്ലാം ഇന്ന് നേരെ പരിചയം ഉള്ളതിനാല്‍ അവസാനത്തെ ഭാഗവും അങ്ങിനെ മനസ്സില്‍ ഉള്ളതിനാല്‍ കൂടുതല്‍ ഒന്നും തോന്നാത്ത ഒരു ചിന്ത വായന കഴിഞ്ഞപ്പോള്‍ ഉണ്ടായി.
അവതരണം നന്നായി.

Unknown said...

ഒരു നീറ്റല്‍ ഉണ്ടാക്കി മനസ്സില്‍

പ്രയാണ്‍ said...

‘ഭയം’

അവന്‍ തന്നെയാണ്

ഓരോ വീടുകളിലും കയറിയിറങ്ങി

അമ്മമാരെ വിളിച്ചുണര്‍ത്തിയത്.

അവന്‍ മാത്രമാണിപ്പോള്‍

അവരുടെ കണ്ണുകളിലൂടെ

നമ്മിലേക്കെത്തിനോക്കുന്നത്.



അവര്‍ അവന്‍റേത് മാത്രമാവുന്നു.

കുഞ്ഞ് കുഞ്ഞ് ഭയങ്ങളെ

ഒക്കത്തെടുത്ത അമ്മമാര്‍

ഒലിച്ചിറങ്ങിയൊരു കടലായി

വെന്തുതിളച്ച് ആകാശം നിറഞ്ഞ്

പെയ്തുനിറയുന്നുണ്ട്

ലോകത്തുള്ള അമ്മമാരിലെല്ലാം.

Sapna Anu B.George said...

ജയൻ...നന്നയി അവതരിപ്പിച്ചിരിക്കുന്നു.അതേ പ്രാർത്ഥന എന്റെ മനസ്സിലും എല്ലാവർക്കും വേണ്ടി,കൂടെ ഇതും കൂടി പറയുന്നു......മനസ്സുചീറിക്കരയുന്ന ഒരു പിടി ഹൃദയങ്ങൂടെ തേങ്ങലുകൾ കാറ്റിന്റെ വേഗത്തിൽ നമ്മുടെ മനസ്സിലും എത്തുന്നതിന്റെ ഭാഗമാണ് ഈ ചിന്തകളും അക്ഷരങ്ങളും ജയൻ....എന്നിട്ടും ഇന്നു, ആർക്കും മനസ്സിനോ, ചിന്താഗതിക്കോ, സ്വഭാവങ്ങൾക്കോ മാറ്റം ഉണ്ടാകുന്നില്ല.
എന്റേതല്ലാത്ത എന്തിനെയും ചവിട്ടിഅരക്കാനും, അപമാനിക്കാനും,നിരാകരിക്കാനും ,തിരസ്കരിക്കാനും പഠിച്ച, പഠിപ്പിക്കുന്ന മനുഷ്യമനസ്സുകൾ......ഇത്രയും എഴുതാൻ ക്ഷമകാണിച്ച മനസ്സിനും നന്ദി ജയൻ.

jayanEvoor said...

എല്ലാവർക്കും നന്ദി!

വൻ വികസനപദ്ധതികൾ നടക്കുന്ന എല്ലായിടങ്ങളിലും നഷ്ടം സഹിക്കുന്നത് ഗ്രാമീണരായ പാവങ്ങളാണ്. അവരുടെ മണ്ണ്, അവരുടെ കടൽ, അവരുടെ വെള്ളം, അവരുടെ തൊഴിൽ, അവരുടെ സംസ്കാരം, അവരുടെ ജീവിതം...... എല്ലാം തട്ടിത്തെറിപ്പിക്കപ്പെടുന്നു....

ചവിട്ടിയരക്കപ്പെടുന്ന ജന്മങ്ങളുടെ വേദന അവരുടേതു മാത്രം....!

Cv Thankappan said...

ഉള്ളിലൊരു നൊമ്പരംകൂടി തീര്‍ത്ത്.....
അവതരണം നന്നായി.
അക്ഷരത്തെറ്റുകള്‍ കല്ലുകടിയായി മാറുന്നു!
ആശംസകള്‍

Joselet Joseph said...

ഈ കഥയുടെ അര്‍ത്ഥം ഇന്നു പത്രം വായിച്ചപ്പോഴാണ് പിടികിട്ടിയത്. എന്‍റെ ആദ്യ കമെന്റ് പിന്‍വലിച്ചിരിക്കുന്നു.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13409455&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

ഭാനു കളരിക്കല്‍ said...

സ്വന്തം നാട്ടില്‍ അഭയാര്‍ഥികളാവുക ഇന്നിന്റെ ദുര്യോഗമാണ്‌. ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ നഗരങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയും നഗരം ക്രിമിനല്‍ വത്ക്കരണത്തിലേക്ക് അതിവേഗം മുന്നേറുകയും ചെയ്യുന്ന കാലം. കഥ നാളെ സംഭവിച്ചേ ക്കാവുന്നതല്ല. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

അഭിനന്ദനങ്ങള്‍ നല്ല കഥയ്ക്ക്.

വിനോദ് said...

അതെ, അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടെ. പക്ഷേ, ഏത് നിമിഷവും എവിടെയും സംഭവിയ്ക്കാവുന്നത്. നന്മ-തിന്മകള്‍ തരം തിരിയ്ക്കുന്നത് അധികാരത്തിന്റെ ശാക്തികേന്ദ്രങ്ങളിലാകുന്നു. നമ്മള്‍ പൂഴുക്കളേപ്പോലെ, അരഞ്ഞില്ലാതാവുന്നതെപ്പോഴെന്നറിയാതെ.... നല്ല എഴുത്തിന് അഭിവാദനങ്ങള്‍ ....

jayanEvoor said...

എല്ലാവർക്കും വീണ്ടു നന്ദി.

ജോസെലെറ്റ്‌....!
ഹോ! ഈ വാർത്ത കണ്ടല്ല ആ കഥ എഴുതിയത്....
സത്യമായും ഈ വാർത്ത ഞാൻ കണ്ടിരുന്നില്ല!

തങ്കപ്പൻ മാഷേ,
ഇന്നലെ പോസ്റ്റ് ചെയ്തപ്പോൾ ഫോണ്ട് പ്രോബ്ലമുണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞതനുസരിച്ച് മൊത്തം ഇന്നു രാവിലെ വീണ്ടു അടിച്ചുകയറ്റേണ്ടി വന്നു. അപ്പോൽ സംഭവിച്ച അക്ഷരപ്പിശാചുകളാണ്. തിരുത്താം.

സുഗന്ധി said...

വിഷയം വിഷമിപ്പിക്കുന്നു എങ്കിലും എഴുത്തു നന്നായി എന്നു പറയാതെ വയ്യ !

ഒരു കുഞ്ഞുമയിൽപീലി said...

സാമൂഹികം കൈകാര്യം ചെയ്ത പോസ്റ്റ്‌ സ്നേഹപൂര്‍വ്വം ഒരു കുഞ്ഞുമയില്‍പീലി

റിയാസ് പെരിഞ്ചീരി said...

കഥ ഇഷ്ട്ടപെട്ടു
എല്ലാ വികസനവും വന്‍ നിര്‍മിതികളും എല്ലാം നടക്കുന്നത് പാവപെട്ടവന്റെ നെഞ്ചത്തും അതിന്റെയൊക്കെ ഗുണഭോക്ത്താക്കള്‍
സമ്പന്നവര്‍ഗ്ഗവും ആയിത്തീരുന്ന വികസനത്തിനു എതിരെ,
പ്രതികരിക്കുന്ന ഒരു എഴുത്തുകാരന്റെ ശബ്ദം...
ഇല്ലാത്തവന്റെ ശബ്ധമാവുക ...
ആശംസകള്‍ ..

Unknown said...

“വേണ്ടാം, വേണ്ടാം അണു ഉലൈ വേണ്ടാം; വേണ്ടും, വേണ്ടും, സൂര്യ ഉലൈ വേണ്ടും......”
touching...

shahjahan said...

പുതിയ ശൈലി..ഒപ്പം ആനുകാലികവും ..പ്രിയ സുഹൃത്തിന് ആശംസകള്‍ വ്യ ത്യസ്തമായ രചനകളിനിയും പിറക്കട്ടെ

Sureshkumar Punjhayil said...

Vikasikkunna "jeevithangalkku " ...!

Manoharam, Ashamsakal...!!!

കൊമ്പന്‍ said...

ജനിച്ച നാട്ടില്‍ നിന്ന് പാലായനം ചെയ്യുക എന്നത് ഏതൊരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല
അതിനെതിരെ പൊരുതി നില്‍ക്കുക മരണം വരെ പക്ഷെ പാലയനത്തിരെ നടത്തിയ പോരാട്ടങ്ങള്‍ക്ക് പരാജയമാണ് സ്വാഭാവികമായും സംഭവിക്കുക ഇവിടേയും അത് തന്നെ യാണ് സംഭവിച്ചത് ഒറ്റ പെട്ടും നഷ്ടപെട്ടും തെരുവില്‍ വീണു മരിക്കാന്‍ സര്‍ക്കാര്‍ കൊട്ടി ഘോഷിച്ചു യാത്രയാക്കുന്നവര്‍ നല്ല കഥ ഇതൊക്കെ വെറും കഥ മാത്രമാവട്ടെ

Anil cheleri kumaran said...

good story

വിജയലക്ഷ്മി said...

നാളെ ഇത് സഭാവിക്കില്ലായെന്നു ഉറപ്പിക്കാന്‍ പറ്റില്ല .എന്ത് എങ്ങിനെയെന്നറിയില്ലെന്നു മാത്രം .സ്റ്റോറി നന്നായിട്ടുണ്ട് .

വര്‍ഷിണി* വിനോദിനി said...

നല്ല അവതരണം ട്ടൊ..
നല്ലതിനു മാത്രം പ്രാർത്ഥനകൾ..!

നിസാരന്‍ .. said...

കഥ ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളുണ്ട്
അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന വികസനങ്ങള്‍ .. സമൂഹത്തിലെ ഒരു കൂട്ടര്‍ക്കു സുഖ സൌകര്യങ്ങള്‍ ലഭിക്കാന്‍ മറ്റൊരു കൂട്ടരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഹോമിക്കപ്പെടുകയാണ്.. അവര്‍ക്ക് പക്ഷെ ഈ സമൂഹത്തില്‍ നിന്ന് പോകാനാകില്ല.. അവരിവിടെ തന്നെ ജീവിക്കണം. അപ്പോഴാണ്‌ അവര്‍ ഇരകളാകുന്നത്.. പീഡിപ്പിക്കപ്പെടാം. തീവ്രവാദികളോ കുറ്റവാളികളോ ആകാം. പിന്നെയും വികസനം സ്വപ്നം കാണുന്നു നമ്മള്‍ !!!
( കൂടുതല്‍ ആഴത്തിലുള്ള ഒരു വായന ആവശ്യപ്പെടുന്ന കഥ. നല്മ്മല്‍ ഒരേ സമയം പീഡിപ്പിക്കുന്നു.. മണ്ണിനെയും പെണ്ണിനെയും )

Gini said...

Onnum parayaanilla....
Koodamkulathe onnu koodi arinju...
Avasaanam ichiri vishamam koodi :(

മാണിക്യം said...

"പിടയ്ക്കുന്ന ഹൃദയവുമായി റോഡരികിൽ പരിഭ്രാന്തയായി നിന്ന് അവൾ പ്രാർത്ഥിച്ചു “അമ്മാ.... തായേ.... കാപ്പാത്തുങ്കോ......”

അവതരണം നന്നായി.
അതെ "നാളെ ഇതു സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ."

പൈമ said...

കഷ്ടം ഉണ്ട്ട്ടോ ജയെട്ടാ ..ഇത്തിരി നര്‍മ്മം പ്രതീക്ഷിച്ച വന്നത്
അത് കിട്ടിയുമില്ല ..വിഷമിപ്പിചും കളഞ്ഞു ..
ചൂക്ഷണങ്ങള്‍ ഒരു പാട് നടക്കുന്നുണ്ട് ചുറ്റിലും
(ഇതില്‍ പുതുമ ഒന്നും ഇല്ല) ...ഫിലോസഫി പറയാന്‍ നൂറായിരം പേര്‍ ഉണ്ടാകും
ഒരു വഴി ഒരിക്കി തരാന്‍ ആരും ഉണ്ടാവില്ല ..അത്തരം ആ ഭാഗം ആണ് ഇതില്‍ എനിക്കേറെ ഇഷ്ടം ആയതു ...നന്നായിരിക്കുന്നു ഈ എഴുത്ത്

Muralee Mukundan , ബിലാത്തിപട്ടണം said...

നൊമ്പരമുളവാക്കി നാട്ടിൽ
നടക്കുന്ന തിന്മകളിൽ ആടിതിമർക്കുന്ന കഥ

സാമൂഹിക പ്രതിബദ്ധതയുള്ള
ഇത്തരം എഴുത്തിന്റെ വഴികൾ
തിരെഞ്ഞടുക്കുന്നതിന്
അഭിനന്ദനങ്ങൾ കേട്ടൊ ഡോക്ട്ടർ

Prasanna Raghavan said...

ഇടിവെട്ടിയവന്റെ തലേൽ പാമ്പു കൊത്തി എന്നൊരു ചൊല്ലുണ്ടല്ലോ അതാണ് മനസിലേക്കു കടന്നു വന്നത്.
ഇതെല്ലാം വീഴുന്നത് ഒര്രു പ്രത്യേക വിഭാഗത്തിന്റെ തലേലുമാണ്. കഷ്ടം.

ഇങ്ങനെയൊരു തീം തന്നെ തിരഞ്ഞെടുത്തതിൽ ആനുകാലിക സാമൂഹ്യ പ്രതിബദ്ധത അനുഭവപ്പെടുന്നു ഡോക്ക്, നന്നായിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനെ നടക്കുന്നു., ലോകം മുഴുക്കെ. അതിന്റെ കാരണങ്ങളെന്ത് അതിലേക്കുള്ള അന്വേഷണത്തിലേക്ക് ഒരു തുടക്കം ഞാനും കുറിച്ചിട്ടുണ്ട്. വായിച്ച അഭിപ്രായം എഴുതുമല്ലൊ
http://goweri2.blogspot.com/2013/01/blog-post_31.html

Manoj Vellanad said...

എക്കാലത്തെയും വേദന...
ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യര്‍..,..
നല്ല കഥ..

വേണുഗോപാല്‍ said...

രണ്ട് മാസമായി വായിക്കുന്നതിലധികവും ഇത്തരം വിഷയങ്ങള്‍ . വികസനങ്ങള്‍ക്കൊപ്പം അനാഥരാവുന്ന ചില മനുഷ്യ ജന്മങ്ങള്‍. ആ പാവങ്ങള്‍ തെരുവില്‍ പിച്ചിചീന്തപ്പെടുകയും ചെയ്യുമ്പോഴോ??

എല്ലാം കണ്ടും കേട്ടും നിസ്സംഗതയുടെ മാറാല പുതച്ച് ഒരു ജനത.

പണ്ടൊക്കെ ഇത്തരം വായനകള്‍ കഴിഞ്ഞാല്‍ വല്ലാത്തൊരു പിടച്ചില്‍ ആയിരുന്നു. ഇതിപ്പോള്‍ തുടര്‍വായനകള്‍ ആയിരിക്കുന്നതിനാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.

നന്ദു said...

ഇന്നലെ പോസ്റ്റ് കണ്ടെങ്കിലും വായിച്ചില്ല. ബുക്മാര്‍ക്ക് ചെയ്തു വെച്ചു. ഇന്നാണ് വായിക്കുന്നത്. (കഥയുടെ ക്ലൈമാക്‌സും, ഡോക്ടര്‍ ഭയന്നതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു...) വികസനത്തിന്റെ ഭീകരമുഖത്തു നിന്നും മനുഷ്യഭീകരതയുടെ എരിതീയിലേക്കു വീണ പാവം നിറൈമൊഴിയുടെ കഥ... നിറമിഴികളോടെ... ഉള്ളില്‍ത്തട്ടും വിധമാണ് പറഞ്ഞിരിക്കുന്നത്...

Aneesh chandran said...

ഇതില്‍ പറഞ്ഞതുപോലെ സംഭവിച്ചു പോയാല്‍ ഇതൊരു നല്ല കഥയാവും ജയേട്ടാ ( സംഭവിക്കാതിരിക്കട്ടെ .

eccentric said...

ചിന്തിപ്പിക്കുന്ന ,നോവിക്കുന്ന ഒരു കഥ.
നന്നായിരിക്കുന്നു...

NIKHIL sPidEy said...

NICE..

jayanEvoor said...

ജോസലെറ്റ്
പ്രവീൺ കാരോത്ത്
കൊച്ചുകൊച്ചീച്ചി
അജിത്ത് മാഷ്
റാംജി
ഷിബു ഭാസ്കരൻ
പ്രയാൺ ചേച്ചി
സപ്ന ചേച്ചി
സി.വി.തങ്കപ്പൻ മാഷ്
ഭാനു കളരിക്കൽ
വിനോദ്
സുഗന്ധി
ഒരു കുഞ്ഞു മയിൽ‌പ്പീലി
റിയാസ് പെരിഞ്ചീരി
അലിഫ് ഷാ
ഷാജഹാൻ
സുരേഷ് കുമാർ പുഞ്ചയിൽ
കൊമ്പൻ
കുമാരൻ
വിജയലക്ഷ്മിച്ചേച്ചി
വർഷിണി
നിസാരൻ
ഗിനി ഗംഗാധരൻ
മാണിക്യം ചേച്ചി
പൈമ
ബിലാത്തിച്ചേട്ടൻ
പ്രസന്നച്ചേച്ചി
മനോജ് കുമാർ
വേണുവേട്ടൻ
നന്ദു
കാത്തി
എക്സൻട്രിക്
സ്പൈഡി

നന്ദി, എല്ലാവർക്കും!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചൂഷണങ്ങള്‍ ,പീഡനങ്ങള്‍ പലരീതിയില്‍ നമുക്ക് ചുറ്റും .....
പ്രതികരിക്കാന്‍ മടികാണിക്കുന്ന ഇക്കാലത്ത് നമുക്കാവും വിധം ശ്രമിക്കാം
സാമൂഹികപ്രതിബദ്ധത പ്രകടമാകുന്ന പോസ്റ്റ്‌

Unknown said...

valare nannayirikkunnu jayetta....but manasil vallathoru neettal......

Yasmin NK said...

നന്നായിരിക്കുന്നു. വേദനയോടെയെ നിറൈമൊഴിയെ വായിഛ് മുഴുമിക്കാനാകു.

മഹേഷ്‌ വിജയന്‍ said...

നല്ല കഥ ജയേട്ടാ ...
തമിഴും മലയാളവും ഇട കലര്‍ത്തി ഉള്ള ആ ശൈലി വളരെ ഇഷ്ടപ്പെട്ടു...
കാലിക പ്രസക്തിയുള്ള ഈ വിഷയം നാളെ മാധ്യമങ്ങളുടെ ആര്കൈവ്സിലേക്ക് അലിഞ്ഞ് ചേരും. അപ്പോഴും ഈ കഥയും കഥാപാത്രങ്ങളും നില നില്‍ക്കുക തന്നെ ചെയ്യും. ആശംസകള്‍...

റോസാപ്പൂക്കള്‍ said...

കഥ വളരെ നന്നായി.
എങ്കിലും ഒരു സജഷന്‍.അവസാന ഭാഗം ഒഴിവക്കുന്നതായിരുന്നു കഥക്ക് നല്ലത്.
നിറൈമൊഴി പട്ടണത്തിന്റെ നടുക്ക്‌ ആരുമില്ലാതെ നില്‍ക്കുന്നിടിത്തു കഥ അവസാനിപ്പിക്കാമായിരുന്നു.

റോബിന്‍ said...

നന്നായിട്ടുണ്ട്.. സാമൂഹ്യബദ്ധത ഉള്ള രചന ആശംസകള്‍

sheelavidya said...

ആനുകാലിക പ്രസക്തിയുള്ള നല്ലൊരു കഥ, എല്ലാ ആശംസകളും

ente lokam said...

ദുരന്തങ്ങള്‍ പിന്തുടരുന്നു..നിസ്സഹായര്‍ വീണ്ടും
വീണ്ടും വീഴുന്നു....പേടി തോന്നുന്നു ഈ പോക്ക്
എങ്ങോട്ട്.....

ശ്രീ said...

സംഭവിച്ചേക്കാന്‍ സാധ്യതയുള്ള കഥ തന്നെ.

പക്ഷേ, കുറേ നാളായി ബൂലോകത്തിലെ കഥകളിലെല്ലാം തന്നെ പീഡനങ്ങളാണല്ലോ.

jayanEvoor said...

ഇസ്മായിൽ കുറുമ്പടി
ശ്രീവിദ്യ മനോജ്
മുല്ല
മഹേഷ് വിജയൻ
റോസാപ്പൂക്കൾ
റോബിൻ
ഷീല വിദ്യ
എന്റെ ലോകം
ശ്രീ

എല്ലാവർക്കും നന്ദി!

Deepa said...

സംഭവിയ്ക്കാന്‍ സാധ്യതയുള്ള,എന്നാല്‍ ഒരിക്കലും സംഭവിക്കരുതേയെന്നു പ്രാര്‍ത്ഥിച്ചു പോവുന്ന, മനസിനെ നൊമ്പരപ്പെടുത്തി കടന്നു പോയ ഒരു കഥ...

prabha said...

വാഴ്വെൻട്രാൽ പോരാടും പോർക്കളമേ...”
എഴുത്ത് നന്നായി ജയന്‍
പക്ഷെ ഉള്ളില്‍ മുള്ള് കൊണ്ട വേദന. ഇനിയും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ

ഇട്ടിമാളു അഗ്നിമിത്ര said...

എനിക്കെന്തോ അവസാനം ഇഷ്ടയില്ല .. ഇടിച്ചു നിര്‍ത്തിയ ഒരുഫീലിങ്ങ് :(

ഇട്ടിമാളു അഗ്നിമിത്ര said...

എനിക്കെന്തോ അവസാനം ഇഷ്ടയില്ല .. ഇടിച്ചു നിര്‍ത്തിയ ഒരുഫീലിങ്ങ് :(

Pradeep Kumar said...

ഒരേ സമയം അടിച്ചമർത്തപ്പെടുന്ന മനുഷ്യന്റെ ആകുലതകളിലേക്ക് വിരൽ ചൂണ്ടകയും, കഥയുടെ ഘടനാപരമായ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുകയും ചെയ്തിടത്താണ് ഈ കഥയുടെ വിജയം..... കൂടുതല്‍ ആഴത്തിലുള്ള ഒരു വായന ആവശ്യപ്പെടുന്ന കഥ.....

Anitha Premkumar said...

നല്ല കഥയാണ്‌. പക്ഷെ ഇങ്ങനെയുള്ള കഥകള്‍ എഴുതുന്നതും വായിക്കുന്നതുപോലും എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊണ്ട സമയത്തും ഞാന്‍ ആണിന്‍റെ മാനവും മാന ഭംങ്ങവും എന്ന പോസ്റ്റ്‌ ഇട്ടത്. ആണ്‍ വര്‍ഗം മുഴുവന്‍ പീഡനക്കാര്‍ എന്നൊരു തോന്നല്‍ പുതിയ തലമുറയിലുണ്ടായാല്‍ അത് മനുഷ്യ രാശിയുടെ നിലനില്പിനെ തന്നെ ബാധിച്ചേയ്ക്കാം ,ഇല്ലേ? താങ്കള്‍ നല്ലൊരു കഥാകാരനാണ്. ആശംസകള്‍.

ചന്തു നായർ said...

കൂടംങ്കുളം....അത് താമസിയാതെ ഇങ്ങനെ ഒരു അവസ്ഥയിലെത്തും...അവിടെ ഹമിഴർ ഇപ്പോഴും സമരപ്പന്തലിലാണ്.....നിറൈമൊഴിയുടെ കഥ രണ്ട് നാൾക്ക് മുൻപ് സംഭവിച്ച് കഴിഞ്ഞിരിക്കുന്നൂ...ജയൻ...നടക്കാൻ പോകുന്നത് അകക്ക്അണ്ണിൽ ന്ന്നും നോക്കികാണുന്നവനാണ്.എഴുത്തുകാരൻ...നാളെ ഇതു സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ.....നമ്മൾ ച്ന്തിക്കുമെങ്കിലും ....നമ്മുടെ നാട്ടിൽ നാളെ ഇത് സംഭവിക്കും....അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ എല്ലാ ആശംസകളും...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സംഭവിയ്ക്കാന്‍ സാദ്ധ്യതയുള്ള ഒരു കഥ

jayanEvoor said...

ദീപ
പ്രഭ
ഇട്ടിമാളു
പ്രദീപ് മാഷ്
അനിത
ചന്തുവേട്ടൻ
അമൃതം ഗമയ...

എല്ലാവർക്കും നന്ദി.

ഇട്ടിമാളു...
ഈ കഥയ്ക്ക് ഇങ്ങനെയല്ലാതെ ഒരന്ത്യം എന്റെ ഭാവനയിലേ ഉണ്ടായിട്ടില്ല. കൂടം കുളമാണ് എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കാൻ കാരണം. രണ്ടു മാസം മുൻപ് ആദ്യ ഡ്രാഫ്റ്റ് തയ്യാറായതാണ്. അത് തിരുത്തി, ആദ്യഭാഗം രണ്ടു പേജോളം വെട്ടിക്കളഞ്ഞാണ് ഇങ്ങനെയാക്കിയത്. അപ്പോഴേക്കും ദില്ലി സംഭവം നടന്നു കഴിഞ്ഞു. ആ ഷോക്കിൽ കുറേ നാൾ ഒന്നും തിരുത്താൻ മൂഡുണ്ടായില്ല. രണ്ടാഴ്ച മുൻപ് വീണ്ടും എടുത്തു മിനുക്കി. രമേശ് അരൂർ, എച്ച്മുക്കുട്ടി എന്നിവരോടും ഇത് ചർച്ച ചെയ്തിരുന്നു. ഇനിയും ഇത് പ്രസിദ്ധീകരിക്കാൻ വച്ചുതാമസിപ്പിക്കരുത് എന്നു തോന്നിയപ്പോഴാണ് ഇട്ടത്. തിടുക്കം കൂട്ടി അവസാനിപ്പിച്ചതല്ല.

നാലെ ഇതു സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ പോസ്റ്റിട്ടതിന്റെ പിറ്റേന്ന് ഇതിന്റെ ക്ലൈമാക്സ് നടന്നതായി പത്രവാർത്തകളിൽ നിന്നു നാമറിഞ്ഞു....

ചന്തുവേട്ടൻ സൂചിപ്പിച്ചതുപോലെ കൂടംകുളവും...

അതെപ്പറ്റി ആരും ആശങ്കപ്പെടുന്നില്ലല്ലോ എന്നാണെന്റെ വെപ്രാളം!

കുസുമം ആര്‍ പുന്നപ്ര said...

“വേണ്ടാം, വേണ്ടാം അണു ഉലൈ വേണ്ടാം; വേണ്ടും, വേണ്ടും, സൂര്യ ഉലൈ വേണ്

നല്ല കഥ.ആനുകാലികം

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

പിറ്റേന്ന് ഇതിന്റെ ക്ലൈമാക്സ് നടന്നതായി പത്രവാർത്തകളിൽ നിന്നു നാമറിഞ്ഞു....


ഇതാന് എന്റെയും മനസ്സമാധാനം കെടുത്തുന്നത്.. :(

PRedictive :((

Villagemaan/വില്ലേജ്മാന്‍ said...

ഇത് ഒരു വെറും കഥയല്ല . ഇതിന്റെ തനിയാവര്‍ത്തനങ്ങള്‍ എന്നും എവിടെയൊക്കെയോ നടക്കുന്നു.


വികസനം വേണം .. വ്യവസായം വേണം. വളര്‍ച്ച വേണം.. പക്ഷെ നമുക്ക് പൈതൃകമായി കിട്ടിയ കാടും മേടും, പ്രകൃതിയും നശിപ്പിക്കാതെയുള്ള വികസന മാകണം അത് എന്ന് മാത്രം .

കൊച്ചുകുട്ടികളില്‍ ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്നത് വായിച്ചാല്‍ കഥയാണെങ്കിലും യാഥാര്ത്യമാനെങ്കിലും മനസ്സില്‍ വേവലാതിയാണ് . എന്റെ പത്തുവയസ്സുകാരിയെ പറ്റിയുള്ള ആന്തലാണോ കാരണം ?




വിവേക് വി നായര്‍ said...

കഥ ആഖ്യാനം കൊണ്ടും,ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ കൊണ്ടും മനോഹരമായിരിക്കുന്നു സര്‍.
മനസ്സില്‍ ഒരു ചെറിയ നോവ് വായനക്കാര്‍ക്ക് തീര്‍ച്ചയായും ഉണ്ടാക്കുകയും ചെയ്യും.എനിക്കുണ്ടായത് പോലെ..തമിഴന്‍,തമിഴ് നാട് എന്നൊക്കെ എപ്പോഴും നെഞ്ച് വിരിച് പറയുന്നവരൊന്നും തന്നെ സിനിമകളിലെ രണ്ടര മണിക്കൂറില്‍ കൂടുതല്‍ തമിഴ് മക്കളെസംരക്ഷിക്കാറില്ല..ഒരു ടിവിയും രണ്ടു സാരിയും കൊടുത്ത് വോട്ട് വാങ്ങാന്‍ മാത്രമേ തമിഴ് വികാരം പൊങ്ങുകയുള്ളു രാഷ്ട്രീയ[അഭി]നേതാക്കള്‍ക്ക്...രണ്ടാമത് സൂചിപ്പിച്ച വിഷയം...ജോലിയില്ല , പണമില്ല, വിദ്യാഭ്യാസമില്ല, ഫ്രെസ്ട്രെഷന്‍സ് മാത്രമായി ജീവിക്കുന്ന ഒരു സമൂഹം ഒരു വശത്ത്, മദ്യത്തിനും മയക്കു മരുന്നിനും അടിമയായി സ്വന്തം അമ്മയെ വരെ പ്രാപിക്കുന്ന നീച ജന്മങ്ങള്‍ മറ്റൊരു വശത്ത് , പിന്നെ പണവും അധികാരവും സ്വാധീനവും കൊണ്ട് സാധാരണ മനുഷ്യന്റെ ജീവിതത്തിനു വിലയിട്ടു ജീവിക്കുന്ന മറ്റൊരു സമൂഹം ,ഇതൊന്നും കൂടാതെ കാമം മാനസിക രോഗമായ ചിലര്‍..ആണ്‍ എന്ന് ഇവരെ സംബോധന ചെയ്യാന്‍ കഴിയില്ല..മൃഗം എന്നും പറ്റില്ല..കണ്ടു പിടിക്കെണ്ടിയിരിക്കുന്നു..

ചിതല്‍/chithal said...

ജയേട്ടാ,

സമൂഹത്തെ സ്വാധീനിക്കുന്ന രണ്ടു് സംഭവങ്ങൾ കൂട്ടിയിണക്കിയപ്പോൾ ഒന്നിലും ഫോക്കസ് ചെയ്യാതെ ഡൈല്യൂട്ട് ആയിപ്പോയി എന്നൊരു അഭിപ്രായമുണ്ടു്.

mayflowers said...

ഇത് നമ്മളെയൊന്നും ബാധിക്കുന്നതല്ലല്ലോ എന്നോര്‍ത്ത് ഈ സമരത്തെ മനസ്സ് കൊണ്ട് പോലും പിന്തുണക്കാത്തവര്‍ നിറഞ്ഞ ഒരു നാട്ടില്‍ നിന്നും ഈ കഥ പിറന്നതില്‍ വളരെയധികം സന്തോഷം.ഒപ്പം സഹൃദയനായ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങളും.പാവപ്പെട്ട ആ ജനതയുടെ സമരം ദൈവം വിജയിപ്പിച്ചു കൊടുക്കട്ടെ എന്ന പ്രാര്‍ഥനയോടെ..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നീറുന്ന ഈ കഥ വായിച്ചു എന്ത് അഭിപ്രായം പറയണം എന്ന് അറിയാതെ ഞാനിരിക്കുന്നു .

മിനിപിസി said...

എഴുത്തുകാരന്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നവന്‍ മാത്രമല്ലല്ലോ ,സമകാലീന സാമൂഹിക വ്യവസ്ഥിതികളിലെയ്ക്കുള്ള ഒരെത്തിനോട്ടം ,നന്നായിരിക്കുന്നു .

jayanEvoor said...

കുസുമം ചേച്ചി
ഇട്ടിമാളു
വില്ലേജ്മാൻ
വിവേക്
ചിതൽ
മെയ് ഫ്ലവേഴ്സ്
സിയാഫ്
മിനി പി.സി.

എല്ലാവർക്കും നന്ദി!

മിനി പറഞ്ഞതാണ് ശരി.
എഴുത്തുകാരന് എപ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മാത്രം എഴുതാനാവില്ല. അല്പം നൊമ്പരപ്പെടുത്തുന്നതും, ആകുലപ്പെടുത്തുന്നതുമായ എഴുത്തും വേണം. അതാണിവിടെ ഉദ്ദേശിച്ചതും.

Junaiths said...

നിറഞ്ഞ സങ്കടമാണ് കഥ തരുന്നത് :(

Rainy Dreamz ( said...

നല്ലൊരു കഥ... മികച്ച അവതരണ ഭംഗി

ആശംസകള് ജയേട്ടാ

Jefu Jailaf said...

സമകാലികമായ സംഭവങ്ങൾ തുറിച്ച്‌ നോക്കുകയാണ്‌. വിഭ്രാന്തിയിൽ നിന്നും വിരസതയിലേക്ക്‌ മനസ്സുകൾ നിർബന്ധപൂർവ്വം മാറ്റപ്പെട്ടിരിക്കുന്നു. ജയേട്ടാ ഒരു എഴുത്തുകാരന്റെ പ്രതിബദ്ധത വെളിവാക്കപ്പെട്ട പോസ്റ്റ്‌. അഭിനന്ദനങ്ങൾ..

Echmukutty said...

ഈ കഥ നേരത്തെ വായിച്ചതാണ്. ശരിക്കും വേദനിപ്പിച്ച ഒരു കഥ. പരാമര്‍ശിക്കുന്ന ഇടങ്ങളെല്ലാം പരിചയമുളളവ....വല്ലാത്ത പിടച്ചില്‍ .
ജയന്‍ ഡോക്ടര്‍ മിടുക്കനായ ഒരു കഥാകൃത്താണ്. അഭിനന്ദനങ്ങള്‍.

ധനലക്ഷ്മി പി. വി. said...

വലിയവരുടെ ജനന്മയ്ക്കായി പാര്ശ്വല്‍ക്കരിക്കപ്പെട്ടവനെ ഭയത്തിന്‍റെ കടലിലിട്ടു കൊല്ലാതെ കൊല്ലുന്നു...എപ്പോഴും എവിടെയും...
സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥന ആരും കേട്ടില്ലല്ലോ ജയാ ....കഥ നന്നായി പറഞ്ഞു..

ഇവിടെയും ഉണ്ട് ഒരു "നിറൈമൊഴി"
http://madhuranelli.blogspot.in/2012/11/blog-post_8.html

ഷിനു.വി.എസ് said...

ജയന്‍ ചേട്ടാ ..
എനിക്കൊരു പെണ്‍കുട്ടി ഉണ്ടായി. വാക്ക് ഞാന്‍ പാലിച്ചു
അവളുടെ പേര് "അമേയ "

Promodkp said...

ജയെട്ട ..ആശംസകള്‍ വീണ്ടും വരാം

അനില്‍കുമാര്‍ . സി. പി. said...

കഥാന്ത്യം എയച്ചുകെട്ടിയതു പോലെ തോന്നി ജയൻ.

Anonymous said...

മനസ്സിനെ വല്ലാതെ നീറ്റിച്ച കഥ.

BBM said...

:( touching

Anonymous said...

വല്ലാത്തൊരു രാജനീതി. അതെ, ഇവിടെ ഇരകളും വേട്ടക്കാരുമുണ്ട്.
പിറന്ന മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുന്നതിന്റെ വേദന...നന്നായി പ്രതിഫലിച്ചു കഥാകൃത്ത്. 
ഇത് വായിച്ച് ഉള്ളു തിളച്ചു. 51ലക്ഷം ലിറ്റർ വെള്ളം മതിയാവില്ല അത് തണുപ്പിക്കാൻ

Abduljaleel (A J Farooqi) said...

ആശംസകള്‍

Santhosh Nair said...

സംഭവിക്കാന്‍ സാധ്യതയുള്ളതും സംഭവിക്കല്ലേ എന്നാഗ്രഹിക്കുന്നതുമായ കഥ,ആശംസകള്‍...

Shahida Abdul Jaleel said...

കുറെ കാലങ്ങള്‍ക്കു ശേഷം വീണ്ടും വരികയാണ് ..ആശംസകള്‍ ..

ഷൈജു നമ്പ്യാര്‍ said...

വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് വായിച്ചുതീര്‍ത്തത്..എല്ലാം കണ്മുന്നില്‍ കണ്ടപോലെ പ്രതീതി ജനിപ്പിക്കുന്ന എഴുത്ത്.
അഭിനന്ദനങ്ങള്‍

സാജന്‍ വി എസ്സ് said...

very touching....

Unknown said...

വായിക്കാന്‍ വയ്കിയിട്ടില്ല... ഇനി വയ്കുകില്ലോരുനാളും...

നല്ല കഥ ....

Sangeeth K said...

നന്നായിരിക്കുന്നു...

ലക്ഷ്മി said...

താങ്കളുടെ യോഗ എന്നൊരു ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു. പിന്നീട് അതിന്റെ ബാക്കി പോസ്റ്റുകള്‍ എഴുതി കണ്ടില്ല.അവ വേറെ ബ്ലോഗില്‍ ഉണ്ടോ?

jayanEvoor said...

@lakshmi

http://jayanevoor.blogspot.in/

ഇതാണ് ബ്ലോഗ് ലിങ്ൿ
പുതിയ പോസ്റ്റുകൾ തല്ക്കാലം ഇട്ടിട്ടില്ല.

പരദേശി said...

മുന്‍പ് വായിക്കാതെ പോയത് നഷ്ടമായെന്ന് തോന്നുന്നു... ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യരാണോ ... അറിഞ്ഞൂടാ... ആയിരിക്കട്ടെ...

സുധി അറയ്ക്കൽ said...

വായിക്കാൻ വൈകി.
ഒരുനാളും ഇങ്ങനെ സംഭവിക്കാൻ ഇടവരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ.

Anonymous said...

വായിക്കാൻ വൈകി.... സങ്കടം നിറച്ചു....

Anonymous said...

വായിച്ചു.. വൈകിപ്പോയി.... 😥😥... വല്ലാത്ത സങ്കടം.. 😥.... ഡോക്ടറുടെ എഴുത്ത് അസ്സലായി... 👌👌🙏🙏