Thursday, February 17, 2011

ചില്ലറത്തുട്ടുകളുടെ ജീവിതം.....

“ഇനിയെങ്കിലും നല്ലൊരു പേന വാങ്ങി ഉപയോഗിച്ചുകൂടേ?”

മഷിപടർന്ന ഷർട്ട് പോക്കറ്റ് ചൂണ്ടിക്കാണിച്ച് ഭാര്യ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് അവൾ ഇതു പറയുന്നതെന്ന് അയാൾ ഓർത്തു.

എന്തു ചെയ്യാം. സർക്കാർ ഉദ്യോസ്ഥനായിരുന്നെങ്കിൽ വർഷാവർഷം ഇൻക്രിമെന്റുകൾ കിട്ടിയേനേ. ഇതിപ്പോൾ പൂട്ടാറായ സ്വകാര്യകമ്പനിയിലെ കണക്കെഴുത്തുകാരന് ഇതിൽ കൂടുതൽ ശമ്പളം എങ്ങനെ കിട്ടും?

പറയുമ്പോൾ ഒൻപതിനായിരമാണ് മാസശമ്പളം.

മൂവായിരം മാസവാടക. പിന്നെ, പലചരക്ക്, പാൽ, പച്ചക്കറി, മത്സ്യം, മൊബൈൽഫോൺ, കറന്റ് , കേബിൾ ടി.വി, മകളുടെസ്കൂൾ ഫീസ് , ഇടയ്ക്കൂള്ള നാട്ടിൽപോക്ക്, കല്യാണങ്ങൾ, പാലുകാച്ചുകൾ.......

ആകെ വെട്ടിക്കുറയ്ക്കാനാവുക തന്റെ ചിലവുകളാണ്. പുകവലിയില്ല, മദ്യപാനമില്ല.... ഉച്ചയ്ക്കുള്ള ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകും. ആകെ ചിലവ് പതിനൊന്നു മണിക്കും, നാലുമണിക്കുമുള്ള രണ്ട് കാലിച്ചായ മാത്രം. പിന്നെ വണ്ടിക്കൂലി. അത് അങ്ങോട്ടുമിങ്ങോട്ടും നാലര വീതം, ദിവസം ഒൻപതു രൂപ. വൈകിട്ടു വീട്ടിൽ വന്നാൽ വാർത്ത കാണും. ശേഷം അല്പം വായന. ഭക്ഷണം, ഉറക്കം.

ലീക്ക് ചെയ്യുന്ന പഴയ ഫൌണ്ടൻ പെൻ മാറ്റി പുതിയതൊന്നുവാങ്ങാൻ ഭാര്യ പറഞ്ഞാൽ കേൾക്കില്ല.അയാൾക്കാണെങ്കിൽ ബോൾ പെന്നുകൾ ഇഷ്ടവുമല്ല. ഷർട്ടിന്റെ പോക്കറ്റുകൾ മിക്കതിലും മഷിപ്പാടുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

നിത്യേനയുള്ള ഈ പരാതി പറച്ചിൽ കേട്ടു മടുത്താണ്, മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമകൾ, അച്ഛനൊരു പേന വാങ്ങിക്കോടുക്കണമെന്നാഗ്രഹിച്ചത്.തന്റെ സ്വകാര്യസമ്പാദ്യം അതിനായി വിനിയോഗിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

അവൾക്കൊരു കുടുക്ക പണ്ട് അയാൾ തന്നെ സമ്മാനിച്ചതാണ്. അതിൽ നിറയ്ക്കാൻ കുറേ പഴകിയ നാണയങ്ങളും ഇട്ടുകൊടുത്തു.

പിന്നീട് യാത്രയിൽ അവർക്കു കിട്ടുന്ന ഇരുപത്തഞ്ചിന്റെയും അൻപതിന്റെയും തുട്ടുകൾ..... അപൂർവമായി മാത്രം അയാളുടെ പോക്കറ്റിൽ നിന്ന് ഭാര്യയ്ക്കു ലഭിക്കുന്ന ഒറ്റരൂ‍പാ നാണയങ്ങൾ...... ഒക്കെ അവൾ ഒരു കുടുക്കയിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ അതു പൊട്ടിച്ചു. പഴകി തേഞ്ഞ നാണയങ്ങൾ ഒക്കെ ഒഴിവാക്കി. ശേഷിച്ചതൊക്കെ ഒരുമിച്ചു കൂട്ടി നോക്കി. ഇരുപത്തഞ്ചുപൈസാത്തുട്ടുകളാണ് കൂടുതൽ. എണ്ണി നോക്കി. മൊത്തം തൊണ്ണൂറു രൂപ!

നല്ലൊരു പേന വാങ്ങാം. മകൾ പറഞ്ഞു.

പത്തോ, ഇരുപതോ കയ്യിൽ നിന്നിടാം. ഒരു പാർക്കർ പേന തന്നെ ആയിക്കോട്ടെ. തൊട്ടടുത്ത് സാമാന്യം നല്ല ഒരു സ്റ്റോറുണ്ട്.എവിടെയും ചില്ലറ കിട്ടാത്ത കാലമല്ലേ.....ഇത്രയും ഒരുമിച്ചു കിട്ടുമ്പോൾ കടക്കാർക്കു സന്തോഷമാകും. അയാൾ കരുതി.

നാണയസഞ്ചി കിലുക്കി, അയാൾക്കൊപ്പം തുള്ളിച്ചാടി മകളും കടയിലേക്കു ചെന്നു.

“ഒരു പാർക്കർ പേന വേണം” അവൾ പറഞ്ഞു.

കടക്കാരൻ പറഞ്ഞു “പാർക്കർ പേനയ്ക്ക് ചുരുങ്ങിയത് 200 രൂപയെങ്കിലുമാകും....അതിലും കൂടിയതും ഉണ്ട്!”
അയാൾ അമ്പരന്നു. പോക്കറ്റിൽ അപ്പോൾ അറുപതു രൂപയേ ഉണ്ടായിരുന്നുള്ളു. ഒരു പാർക്കർ പേനയ്ക്ക് 100 -120 രൂപയിൽ കൂടുതൽ വില അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

അതു മാത്രവുമല്ല, ചില്ലറ വേണമെങ്കിലും, 25 പൈസകൾ ഒന്നും എടുക്കുകയും ഇല്ലത്രേ! സർക്കാർ 25ന്റെ നാണയത്തുട്ടുകൾ നിരോധിക്കുകയാണത്രെ!

“അൻപതു പൈസയും ഒരു രൂപയും എടുക്കും.” കടക്കാരൻ പറഞ്ഞു.

“അങ്ങനെ അതായിട്ടിപ്പൊ നിങ്ങൾ എടുക്കണ്ട.” നീരസത്തോടെ അയാൾ പറഞ്ഞു.

മകളുടെ മുഖം വാടി. ഒരു പേനയ്ക്ക് ഇത്ര വില അവളും പ്രതീക്ഷിച്ചിരുന്നില്ല.

തിരിഞ്ഞു നടക്കുമ്പോൾ പണ്ടത്തെ ഒരു പൈസയുടെയും രണ്ടു പൈസയുടെയും സ്കൂൾ കാലം അയാളുടെ മനസ്സിലെത്തി.

നനഞ്ഞിരുണ്ട ഒരു തിങ്കളാഴ്ച ..... ഒടിഞ്ഞ സ്ലേറ്റ് പെൻസിൽ ട്രൌസറിന്റെ പോക്കറ്റിൽ ഇട്ടിരുന്നു..... പക്ഷേ കീശയിൽ ഉണ്ടായിരുന്ന തുളയിലൂടെ അതെവിടെയോ വീണുപോയി. പെൻസിൽ ഇല്ലാതെ ക്ലാസിൽ ചെന്നാൽ അടി ഉറപ്പ്. അങ്ങനെ വിഷമിച്ചു സ്കൂളിലേക്കു നടക്കുമ്പോഴായിരുന്നു പതിവില്ലാതെ, അരയാ‍ൽ മുക്കിൽ ബസ് കാത്തു നിൽക്കുന്ന അച്ഛനെ കണ്ടത്....

ഓടിച്ചെന്ന് കരച്ചിലോടെ, അച്ഛനോട് കാര്യം പറഞ്ഞു. കയ്യിലുള്ള കറുത്ത ഹാൻഡ് ബാഗ് കുലുക്കി അച്ഛൻ പരതി. രണ്ടു പൈസയുടെയും ഒരു പൈസയുടെയും ഓരോ നാണയം എടുത്തു തന്നു. ഒരു സ്ലേറ്റ് പെൻസിലിന് മൂന്നു പൈസയേ ഉള്ളു അന്ന്. അതു കിട്ടിയപ്പോൾ താൻ, അഞ്ചു പൈസയ്ക്ക് രണ്ടെണ്ണം കിട്ടും എന്നു പറഞ്ഞു.

“ഇല്ല മോനേ....” കൈ മലർത്തി നിസ്സഹായതയോടെ അച്ഛൻ പറഞ്ഞു.

നിറകണ്ണുകളോടെ അയാൾ അച്ഛനെ ഓർത്തു..... പച്ചവെള്ളം ചവച്ചുകുടിച്ചു ജീവിച്ച അച്ഛനെ....... പതിറ്റാണ്ടുകൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ അച്ഛനെ.....

അച്ഛന്റെ ജോലിയാണ്, തനിക്കു കിട്ടിയത്. അതു മൂലമാണ് അനിയത്തിയെ കെട്ടിച്ചയച്ചത്....

അച്ഛൻ വിടപറയുമ്പോൾ മടിക്കുത്തിലുണ്ടായിരുന്ന നാണയത്തുട്ടുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, തന്റെ മേശയിൽ.... അക്കങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും ഇടയ്ക്കിടെ മേശ തുറന്ന് അവ പരിശോധിക്കും. മീതെ വിരലോടിക്കും. അച്ഛന്റെ വിരൽ സ്പർശം അനുഭവിക്കും....

ഒരു പൈസ, രണ്ടു പൈസ നാണയങ്ങൾക്കൊപ്പം, കാലക്രമത്തിൽ അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും വിലകെട്ടതായി ....... ദാ ഇപ്പോൾ ഇരുപത്തഞ്ചു പൈസയും!




വീട്ടിലെത്തി. മകളുടെ സങ്കടം കാണാനാകാതെ അയാൾ മുറിയിലേക്കു വലിഞ്ഞു. കുട്ടിയാവട്ടെ, ഉച്ചത്തിൽ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അവൾക്കും വിഷമമായി.

ഇരുനൂറു രൂപ കൊടുത്ത് ആ പേന വാങ്ങിയാലോ....? അയാൾ ചിന്തിച്ചു.

പക്ഷേ, ഡബിൾകോട്ട് കട്ടിൽ വാങ്ങിയതിന്റെ മാസഗഡു കൊടുക്കേണ്ടത് ഇന്നാണ്. കേബിൾ ടിവിക്കാരനും പിരിവിനു വന്നേക്കാം. അങ്ങനെയായാൽ കുഴങ്ങും. ആരോടും കടം പറയാതെയാണ് ഇന്നു വരെ ജീവിച്ചത്. ഒരു പേനയ്ക്കുവേണ്ടി അത് മാറ്റിമറിക്കേണ്ട കാര്യമൊന്നുമില്ല.

പ്രതീക്ഷിച്ചപോലെ തന്നെ പിരിവുകാർ രണ്ടാളും അര മണിക്കൂർ ഇടവിട്ടു വന്നു.
ദിനങ്ങൾ പതിവുപോലെ കൊഴിഞ്ഞുകൊണ്ടിരുന്നു.

അടുത്ത ശനിയാഴ്ച വൈകുന്നേരം തലപെരുത്തു വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ടില്ല. അയാൾ അമ്പരന്നു. സാധാരണ മോൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് അവൾ ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടാവും. മോൾ മുറിക്കുള്ളിൽ നിലത്തു കാൽ മടക്കിയിരുന്ന് എഴുതുന്നുമുണ്ടാവും.

ഇന്നിപ്പോൾ....... ഇന്നിപ്പോൾ എന്തു പറ്റി?

പെട്ടെന്ന് അടിവയറ്റിൽ നിന്ന് തീയാളിയുയർന്നു. കാലം എത്ര മോശമാണെന്ന് താൻ മറന്നുപോയല്ലോ എന്ന് അയാൾ ഓർത്തു.

ചങ്കിടിപ്പു കൂടി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ചാനൽ വാർത്തകളും, പത്രങ്ങളും അയാളെ അത്രയ്ക്കും ഭീതിയിലാഴ്ത്തിയിരുന്നു.

വിറയലോടെ വാതിലിൽ മുട്ടി. സത്യത്തിൽ ആ വീട്ടിൽ കോളിംഗ് ബെൽ ഇല്ല.......

ഏതാനും നിമിഷങ്ങളുടെ നെടുനീളൻ നിശ്ശബ്ദത.

പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറന്നു.

കുളിച്ചു കുറിയിട്ട് കുഞ്ഞുപാവാടയുമുടുത്ത് മകൾ; പിന്നിൽ അവൾ

ആശ്വാസത്തിലും തെല്ലൊന്നമ്പരന്നു നിന്നു, അയാൾ. “ഇതെന്താ, പതിവില്ലാതെ പുതുമകൾ!?”

മറുപടി പറഞ്ഞത് മകളാണ്. “അച്ഛാ... കണ്ണൊന്നടച്ചേ.....”

ഊറിച്ചിരിച്ചുകൊണ്ട് ഭാര്യ പിന്നിൽ. രണ്ടാളും കൂടി തന്നെ വിഡ്ഢിയാ‍ക്കാനുള്ള പുറപ്പാടിലാണോ? അയാൾ ശങ്കിച്ചു.
“കണ്ണടക്കൂ അച്ഛാ.......” മകൾ വീണ്ടും ഒച്ചയുയർത്തി. അയാളുടെ കണ്ണുകൾ അറിയാതാടഞ്ഞു.

“ഇനി തുറക്കൂ....... സർപ്രൈസ്!!!”

കയ്യിൽ ഒരു സമ്മാനപ്പൊതിയുമായി തുള്ളിച്ചാടുന്നു മകൾ.

അവൾ പൊതി അയാളുടെ കയ്യിലേക്ക് വച്ചു. അയാളത് യാന്ത്രികമായി തുറന്നു നോക്കി.

ആകർഷകമായ പെട്ടിക്കുള്ളിൽ പുതിയൊരു പാർക്കർ പെൻ!

“അപ്പോൾ.... ഇതൊക്കെ എപ്പോ നടന്നു.......”അയാൾ അത്ഭുതപ്പെട്ടു.

“അതൊക്കെ നടന്നു....... ഒരാഴ്ച മുൻപ് !” വലിയ വായിൽ കേമിയായി, മകൾ പറഞ്ഞു.
ബാക്കി ഭാര്യ വിവരിച്ചു.

പൊട്ടിയ പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് സാധനങ്ങൾ അന്വേഷിച്ചു വന്ന ആക്രിക്കാരനോട് നാണയങ്ങൾ എടുക്കുമോ എന്നു ചോദിച്ചത് മകളാണ്. ഉണ്ടെങ്കിൽ കൊണ്ടുവരൂ, പഴകിയ നാണയങ്ങളും എടുക്കും എന്നായി ആ മനുഷ്യൻ.

പഴയ നിക്കൽ നാണയങ്ങൾ, അക്കങ്ങൾ തേഞ്ഞതാണെങ്കിൽ പോലും ഒന്നര മടങ്ങ് പണം നൽകി എടുക്കുമത്രെ!100 രൂപയുടെ ചില്ലറത്തുട്ടുകൾക്ക് 150 രൂപ കിട്ടും!

അപ്പോഴാണ് അയാളുടെ മേശയ്ക്കുള്ളിൽ വർഷങ്ങളായി കിടക്കുന്ന പഴയ നാണയങ്ങളെപ്പറ്റി ഭാ‍ര്യ ഓർത്തത്.
മകളുടെ കുടുക്ക പൊട്ടിച്ചുകിട്ടിയതിനൊപ്പം മേശയ്ക്കുള്ളിൽ നിന്നു കിട്ടിയതു കൂടി കൂട്ടി, ഒപ്പം ഓട്ടവീണ ഒരു പഴയ മൊന്തയും കൊടുത്തപ്പോൾ ആക്രിക്കാരൻ 210 രൂപ നൽകിയത്രെ.

എന്നിട്ട്?

അയാൾ ഓടിച്ചെന്ന് മേശ തുറന്നു നോക്കി.

അതു കാലിയാണ്. ഒറ്റ നാണയവും ഇല്ല. അയാൾ തരിച്ചു നിന്നു.

അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു....

“ഒരാഴ്ചയായി മോൾ ഇതു രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു...... ഇന്നു തരാൻ....” അയാളെ തട്ടിയുണർത്തി ഭാര്യ പറഞ്ഞു.

“അതെന്താ, ഇന്ന്?”

അമ്മയും മകളും പരസ്പരം നോക്കി ചിരിച്ചു.

“ഇന്ന് എന്റെ ഭർത്താവ് ഭൂജാതനയിട്ട് വർഷം നാല്പതായി....” നാടകീയമായി അവൾ മൊഴിഞ്ഞു.

പിറന്നാളുകൾ അറിയുക പോലും ചെയ്യാതായിട്ടു വർഷങ്ങളായിരിക്കുന്നു. ഇന്നിപ്പോൾ.....

നീർമിഴിമറയ്ക്കപ്പുറം അവരിരുവരും ചിരിക്കുന്നത് അയാളുടെ കണ്ണുകൾ അറിഞ്ഞു.

രാത്രി, ഇടനെഞ്ചിൽ ചാഞ്ഞ് ഭാര്യയും, വലം നെഞ്ചിൽ മുറുകി മകളും കിടക്കുമ്പോൾ കൺപൂട്ടി നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”

118 comments:

jayanEvoor said...

തികച്ചും സാധാരണക്കാരായ ഒരു കുടുംബത്തിന്റെ കഥ.... ഒരു പക്ഷേ കണ്ണാടിയിൽ നോക്കിയാൽ നമ്മൾ കാണുന്ന ഒരാളുടെ കഥ...

Anil cheleri kumaran said...

കണ്ണു നനഞ്ഞു... വെറുതെ..

TPShukooR said...

മനം നിറഞ്ഞു ഡോക്ടറെ, വല്ലാത്തൊരു കഥ. തട്ടി മുട്ടി ജീവിക്കുന്നവരുടെ ഹൃദയ വിലാപം വളരെ ഹൃദ്യമായി മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ.
എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
വളരെ നന്ദി. ആശംസകള്‍.

ചാണ്ടിച്ചൻ said...

ഹൃദയസ്പര്‍ശിയായ കഥ...ആനുകാലിക സംഭവവുമായി ബന്ധപ്പെടുത്തി അവതരിച്ചപ്പോള്‍ നല്ല മധുരവും....

വാഴക്കോടന്‍ ‍// vazhakodan said...

“ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”
അതെ എപ്പോഴും ഞാനും പ്രാര്‍ത്ഥിക്കുന്നു, എന്റെ കുടുംബത്തിന് വേണ്ടി എന്നെ കാത്തോളണേ എന്ന്!

മാഷേ നല്ല എഴുത്ത് ട്ടോ!

ajith said...

ചില്ലറപ്പൈസയുടെ കഥ പറഞ്ഞ് നോവിച്ചല്ലോ ഡോക്ടറെ. രണ്ടും മൂന്നും പൈസയൊക്കെ അസുലഭമായിരുന്ന ദരിദ്രബാല്യത്തിലേയ്ക്ക് പോയി. ഡോക്ടര്‍ക്ക് ഹൃദയം ആര്‍ദ്രമാക്കുന്ന തരത്തില്‍ കഥ പറയാനറിയാം. ബ്ലോഗ് ഒന്നും വായിക്കാനുള്ള പ്രിവിലേജ് ഇല്ലാത്ത ഒരു വലിയ കൂട്ടം മനുഷ്യര്‍ ഇത് വായിക്കുകയാണെങ്കില്‍ പറയും....“ഇത് ഞങ്ങളുടെ കഥ”

രമേശ്‌ അരൂര്‍ said...

ഓ .ഹെന്‍റിയുടെ ക്രിസ്മസ് സമ്മാനം എന്ന കഥയാണ്‌ ഡോക്ടറെ ഇപ്പോള്‍ എനിക്കോര്‍മ വരുന്നത്..
ഉറ്റവര്‍ തമ്മിലുള്ള ആത്മ ബന്ധങ്ങള്‍ പോലും അന്യമാകുന്ന ഈ കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവനായി ഒരു കുഞ്ഞു സന്തോഷം സമ്മാനമായി നല്കാന്‍ കൊതിക്കുന്ന ഒരമ്മയും മകളെയും ഈ കഥയില്‍ കണ്ടു..രണ്ടും മൂന്നും അഞ്ചും പൈസയ്ക്ക് വിലയുണ്ടായിരുന്ന ഒരു കാലം കഴിഞ്ഞു ..ഇന്ന് ഒരു രൂപ ഭിക്ഷക്കാര്‍ പോലും വാങ്ങാതായി..മനുഷ്യര്‍ക്കും ഇല്ല വില ..ഓ ,ടോ : ഡോക്ടര്‍ക്ക് വയസു നാല്പതായല്ലേ ? :)

ഇന്ദു said...

ഹു...കൊള്‍ളാം..

5 പൈസ്ക്കു എത്ര പയറ് മുട്ടായി തിന്നതാ... :)

കുഞ്ഞൂസ് (Kunjuss) said...

വായിച്ചു തീർന്നപ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ നനഞ്ഞിരുന്നു. ബന്ധങ്ങൾ,ബന്ധനങ്ങളായി കാണുന്ന ഇക്കാലത്ത് ഓർമകൾക്കായി സൂക്ഷിച്ച നാണയത്തുട്ടുകളും, ഇവർക്കായി എന്നെ കാത്തുകൊള്ളണേ എന്ന പ്രാര്‍ത്ഥനയും ...!

നന്ദു said...

എന്താണു പറയേണ്ടതെന്നറിയില്ല.
മനസ്സൊന്നു നൊന്തു... സത്യമായിട്ടും.
..................... മറ്റൊന്നും പറയാനാവുന്നില്ല...
ഈ കഥയില്‍ താങ്കളുടെ calibre അടയാളപ്പെട്ടു കിടക്കുന്നു.
നന്ദി... ഈ അനുഭവം സമ്മാനിച്ചതിന്!

വര്‍ഷിണി* വിനോദിനി said...

വാക്കുകളില്ലാ ജയന്‍...അഭിനന്ദനങ്ങള്‍.

വര്‍ഷിണി* വിനോദിനി said...

ചുമ്മാ ഒരു സംശയം ജയന്‍...

"വിറയലോടെ വാതിലിൽ മുട്ടി. സത്യത്തിൽ ആ വീട്ടിൽ കോളിംഗ് ബെൽ ഇല്ല"..മാസാമാസം കേബിള്‍ ടീയിയ്ക്കും മൊബൈൽഫോണിനും ഒരു തുക മാറ്റി വെയ്ക്കുന്ന അവരുടെ വീട്ടില്‍ അതിന്‍റെ കുറവ് വേണ്ടായിരുന്നൂ..

S Varghese said...

sounds like O Henri's
cool one

jayanEvoor said...

കുമാരൻ

ഷുക്കൂർ

ചാണ്ടിക്കുഞ്ഞ്

വാഴക്കോടൻ

അജിത്ത്

രമേശ് അരൂർ

ഇന്ദു

കുഞ്ഞൂസ്

നന്ദു

വർഷിണി

ഹൃദയപൂർവമുള്ള വായനയ്ക്കും, നല്ല വാക്കുകൾക്കും നന്ദി!

jayanEvoor said...

വർഷിണി,
കഥ സാങ്കല്പികമെങ്കിലും മൂന്നു കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചതാണ്.

1.അച്ഛന്റെ കയ്യിൽ നിന്നു മൂന്നു പൈസ വാങ്ങിയ കുട്ടി ഞാൻ തന്നെയാണ്. സ്ലേറ്റ് പെൻസിൽ വാങ്ങിയതും സത്യം.

2. പത്തു വർഷം മുൻപ് ഞാൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലത്ത് അവിടെ കോളിംഗ് ബെൽ ഉണ്ടായിരുന്നില്ല! ആ ക്വാർട്ടേഴ്സിൽ രണ്ടു വർഷം ഞാൻ താമസിച്ചു. ആ ഓർമ്മയിൽ എഴുതിപ്പോയതാണ്.

3. എനിക്കു നാൽ‌പ്പതു വയസ്സായി!
(രമേശ് അരൂർ അതു വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഒളിച്ചുവയ്ക്കുന്നില്ല!)

hafeez said...

touching...

Jithu said...

നല്ല കഥ....ഇഷ്ടപ്പെട്ടു.

Rakesh R (വേദവ്യാസൻ) said...

നല്ല കഥ :)

കണ്ണനുണ്ണി said...

ഹൃദയ സ്പര്‍ശിയായ കഥ... ജയന്‍ ചേട്ടാ

ഉപാസന || Upasana said...

നന്നായി എഴുതി ഭായ്. ദാരിദ്ര്യം ആവശ്യത്തിലധികം അനുഭവിച്ചിട്ടുണ്ട്
:-)
ഉപാസന

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഡോക്ടര്‍ ഹൃദയം കീറിമുറിക്കാത്ത ഡോക്ടരാണെങ്കിലും അക്ഷരങ്ങളിലൂടെ മനസ്സ് കീറിമുറിക്കാനരിയാം..
ഹൃദയസ്പര്‍ശിയായ കഥ.

Unknown said...

ലളിതമായ വരമൊഴിയിലുടെ സ്വന്തം അനുഭവത്തെ രചികുകയും,
അതോടൊപ്പം വികാരം ലെവലേശം നഷ്ടപെടുതാതെ നല്ല ഒരു വിഭവം കാഴ്ച്ചവെച്ച താങ്കള്‍ക് അഭിനന്ദനങ്ങള്‍.
മനസ് മുഗത്തിന്റെ കണ്ണാടി ആണ്,മനസ് തുറന്നാല്‍ അറിയാം നാം ആരാണെന് ...അതിനു കണ്ണാടി ആവശ്യമില്ലാ.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മളും ഒരിക്കൽ ഇടുക്കാത്ത നാണയങ്ങളായി മാറും....!

ഹൃദയസ്പര്‍ശിയായ കഥയെന്നെക്കെ പറയുന്നത് ഇതിനേയാണ് ഡോക്ട്ടർ...
സ്നേഹവും,ലാണനയും,പരിഗണനയും ഒക്കെ ഒത്തുചേർന്ന സുന്ദരമായ ഒരു കഥ...

lakshmi said...

കഥയുടെ അവസാനം മോളുടെ ആഗ്രഹം നടന്നല്ലോ എന്ന് സന്തോഷിച്ചപ്പോഴാണ് .."അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു...." മനസ് ഒന്ന് വേദനിച്ചു.

ഹൃദയസ്പര്‍ശിയായ കഥയെന്നു പറയുന്നത് ഇതിനേ തന്നെയാണ് ..

siya said...

ഒരു വാക്ക് പോലും എനിക്ക് എഴുതാന്‍ കിട്ടുന്നില്ല ..കഥ യോ ,അനുഭവമോ ?അനുഭവത്തില്‍ കൂടി അല്ലാതെ ,ഇത്ര നോവില്‍ എഴുതുവാന്‍ സാധിക്കില്ല എന്ന് എനിക്ക് തോന്നുന്നു. വായിച്ചു തീര്ന്നപോള്‍ എന്റെ മനസ് വല്ലാതെ വേദനിച്ചപോലെ ,അതിലെ ആ കുട്ടിയെയും ,ഭാര്യയെയും ചേര്‍ത്ത് പിടിച്ചു പറയുന്ന വാക്കുകള്‍ .......

Jazmikkutty said...

എല്ലാവരും പറഞ്ഞ പോലെ ഹൃദയ സ്പര്‍ശിയായ കഥ..ഇതിനപ്പുറം ഒരു വാക്കും എനിക്ക് കിട്ടുന്നില്ല..അത് കൊണ്ട് ഇതില്‍ ഒതുക്കുന്നു..വളരെ വളരെ നന്നായിട്ടുണ്ട്...നേരിന്റെ,നോവിന്റെ,സ്നേഹത്തിന്റെ തനിമയാര്‍ന്ന ആവിഷ്കരണം..

Manju Manoj said...

കണ്ണ് നിറഞ്ഞു പോയി ഡോക്ടറെ....കുഞ്ഞുന്നാളില്‍ അഞ്ചും പത്തും പൈസ കുടുക്കയില്‍ ഇട്ടു വയ്ക്കാന്‍ വേണ്ടി അമ്മയോടും അച്ഛനോടും കടിപിടി കൂടി വാങ്ങാറുള്ളത് ഓര്‍ത്തു പോയി...പലപ്പോഴും അത്യാവശ്യം വരുമ്പോള്‍ അവര് തന്നെ അത് എടുത്തു കൊണ്ട് പോയിട്ടുണ്ട് എന്നതും സത്യം...ഹൃദയസ്പര്‍ശി ആയി എഴുതി... അഭിനന്ദനങ്ങള്‍

വഴിപോക്കന്‍ | YK said...

Happy B-day Dr. :)

mayflowers said...

ഇന്നത്തെക്കാലത്ത് വളരെ പ്രസക്തിയുള്ള കഥ.സ്വന്തത്തിലുള്ള എല്ലാ ആവശ്യങ്ങളും ബലി കഴിച്ചാലും ചെലവ് ചെലവായിത്തന്നെ അവശേഷിക്കുകയും ചെയ്യും.
ഒരു സാധാരണ കുടുംബനാഥന്റെ പ്രയാസങ്ങള്‍ ഭംഗിയില്‍ എഴുതിയിരിക്കുന്നു..

ഇട്ടിമാളു അഗ്നിമിത്ര said...

വന്നിരുന്നു.. പരിചിതമായ ചില മുഖങ്ങൾ കണ്ടു..:(

ഇനിപ്പൊകൂടുതൽ എന്താ പറയാ..:)

ദിവാരേട്ടN said...

നന്നായി എഴുതി.

Kalavallabhan said...

വേദനകളകറ്റുന്ന കാണപ്പെട്ട ദൈവമായ ഡോക്ടർ ഒന്നു വേദനിപ്പിച്ചു. ഇതു വായിച്ചപ്പോൾ ഇത്രയും കാലത്തെ ജീവിതത്തിലുണ്ടായ പലകാര്യങ്ങളും ഓർത്തുപോയി. കണ്ണുനിറഞ്ഞു.

പട്ടേപ്പാടം റാംജി said...

പണ്ടത്തെ ചില്ലറത്തുട്ടുകളുടെ വിലയും അതിന്റെ രൂപവും വളരെ കൃത്യമായി മനസ്സിലേക്ക് ഓടിയെത്തി. മണ്ണുകൊണ്ട് ഉണ്ടാക്കിയ കാശ്കുടുക്ക എന്നത് വാങ്ങി അതില്‍ ചില്ലറകള്‍ നിക്ഷേപിച്ചിരുന്നതും അത്യാവശ്യം ഇരുപത്തഞ്ച് പൈസ ആവശ്യം വന്നാല്‍ പച്ചീര്‍ക്കിലി വളച്ച് അകത്ത്‌ കടത്തി വളരെ പണിപ്പെട്ട് കുറെ സമയത്തെ പെടാപാടിന് ശേഷം അത് കിട്ടുന്നതും ഓടിപ്പോയി കാര്യം നടത്തുന്നതും ഒക്കെ ഓര്‍ത്തുപോയി.
വയസ്സ് തെളിയിച്ചതും ബെല്ലില്ലാത്ത കോര്ട്ടെഴ്സില്‍ താമസിച്ചതും മൂന്നു പൈസ പെന്‍സിലിനു വേണ്ടി വാങ്ങിയതുമോക്കെയായി ഓര്‍മ്മകള്‍...
ഒരു തഴുകല്‍ പോലെ കഥ കടന്നുപോയി.

Unknown said...

മനസ്സ് നൊന്തു..അത് എഴുത്തിന്റെ മികവ് ...ആശംസകള്‍ ജയാ ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ലളിതമായ വരികളിലൂടെ സാധാരണക്കാരുടെ ജീവിതം മനോഹരമായി വരച്ചു കാട്ടിയ മനസിനെ നൊമ്പരപ്പെടുത്തുന്ന കഥ...
നന്നായിരിക്കുന്നു ജയേട്ടാ..വേറൊന്നും പറയാനില്ല, പറയാന്‍ കിട്ടുന്നില്ല

CNR Nair said...

നല്ല പ്രദിപാദന ശൈലി . രസകരവും ഹൃദ്യവും. ആശംസകള്‍

പ്രവാസി said...

ഇഷ്ടമായി...

പ്രയാണ്‍ said...

അവര്‍ക്കുവേണ്ടി അവരെ കാത്തോളണേ എന്ന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.......:) നല്ല കഥ.

Raneesh said...

ജയേട്ടാ...
ശരിക്കും മനസ്സില്‍ കൊണ്ടു....
പണ്ട് അഞ്ചു പൈസക്ക് ഞാനും മിട്ടായി വാങ്ങിയിട്ടുണ്ട്...
നല്ല കഥ

zephyr zia said...

touching one!

kARNOr(കാര്‍ന്നോര്) said...

മൂന്നു പൈസയുടെ കല്ലുപെൻസിൽ വാങ്ങിയും 5 പൈസയ്ക്ക് നാരങ്ങമുട്ടായി വാങ്ങിയും കഴിഞ്ഞ പഴയ സ്കൂൾ കാലം വീണ്ടും ഓർമ്മിച്ചു മാഷേ ഈ നൊമ്പരത്തിക്കഥ.. ഒരു സ്കൂൾ കഥ ഞാനും പോസ്റ്റീട്ടുണ്ട്ട്ടോ.. സമയമുണ്ടെങ്കിൽ വരണം

mini//മിനി said...

ഒരുകാലത്ത് നമ്മൾ, പത്തുവയസുകാരി പെൺകുട്ടികൾ നടന്നുവരുന്ന വഴിയിൽ‌നിന്നും അണ്ടി(കശുവണ്ടി), വീട്ടുകാർ കാണാതെ എടുത്ത് പെറ്റിക്കൊട്ടിന്റെ ഉള്ളിൽ ഇടും. ശങ്കരൻനമ്പ്യാറെ പീടികയുടെ പിന്നിലെത്തിയാൽ പാവാട അല്പം ലൂസ് ആക്കിയാൽ അണ്ടികളെല്ലാം താഴെക്കിടക്കും. 3 അണ്ടി കൊടുത്താൽ ഒരു പൈസ(അന്ന് നയാപൈസ) തരും. തൊട്ടടുത്ത പീടികയിൽ പൈസ കൊടുത്ത്, ഒരാണി വെല്ലം വാങ്ങി പൊട്ടിച്ച് തിന്നും.
കഥ വായിച്ചപ്പോൾ ചിന്തകൾ പിറകോട്ട് പോയി. (പഴയ നാണയങ്ങൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്)

തൂവലാൻ said...

എനിക്കിപ്പോഴും നാണയത്തുട്ടുകളുടെ ശേഖരം ഉണ്ട്.കഥയിൽ പറഞ്ഞപോലെയുള്ള മൂന്നിന്റെയും,അഞ്ചിന്റെയും ഉണ്ട്.കല്ല്യാണം കഴിയുമ്പോൾ ഭാര്യയോട് പറയണം അതൊന്നും കളയരുതെന്ന്. കഥ ഇഷ്ടപ്പെട്ടു മാഷെ..

Anonymous said...

ormakalude chillu kudukkayilekk oru 5 paisa koodi kilungi kilungi veezhunnath kelkkunna sukham...nyc sir

മഹേഷ്‌ വിജയന്‍ said...

ഹൃദ്യമായ ഒരു കഥ...ഹൃദയത്തില്‍ തട്ടി...
ഓ ഹെന്‍റിയുടെ കഥയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി

ആളവന്‍താന്‍ said...

ഇവര്‍ക്ക് വേണ്ടി എന്നെ കാത്തോളണെ!!
നല്ല കഥ ഡോക്റ്ററെ...

ശ്രീനാഥന്‍ said...

കുറച്ചു ചില്ലറകളിലൂടെ ആർദ്രമായൊരു കഥ പറഞ്ഞു താങ്കൾ, ഒരു പൈസ, രണ്ടു പൈസ- മഷി പടർന്ന പോക്കറ്റ്-ലീക്കുള്ള പേന കൊണ്ടു മാത്രം എഴുതിയിരുന്ന ആ, കാലമൊക്കെ ഓർത്തു പോയി, പഴയ നാണയങ്ങൾ പോലെ മനസ്സിൽ ചേർത്തു പിടിക്കുന്നഓർമ്മകൾ! ഇഷ്ടപ്പെട്ടു വളരെയേറെ!

thalayambalath said...

നമുക്കു ചുറ്റുമുള്ളവര്‍ക്കു വേണ്ടി ജീവിക്കുമ്പോഴാണ് നാം ശരിക്കും ജീവിക്കുന്നത് എന്ന് ഈ കഥ ഉറപ്പിച്ചുപറയുന്നു.... എന്റെ അഭിനന്ദനങ്ങള്‍

jayanEvoor said...

ഹഫീസ്
ജിത്തു
വേദവ്യാസൻ
കണ്ണനുണ്ണി
ഉപാസന
ഡോ.ആർ.കെ.തിരൂർ
അനിൽ
മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം
ലക്ഷ്മി
സിയ
ജാസ്മിക്കുട്ടി
മഞ്ജു മനോജ്
വഴിപോക്കൻ
മേയ് ഫ്ലവേഴ്സ്


വായനയ്ക്കും നല്ല വാക്കുകൾക്കും എല്ലാവർക്കും നന്ദി!

jayanEvoor said...

ഇട്ടിമാളു
ദിവാരേട്ടൻ
കലാവല്ലഭൻ
പട്ടേപ്പാടം റാംജി
ധനലക്ഷ്മി ചേച്ചി
റിയാസ് മഴത്തുള്ളി
സി.എൻ.ആർ. നായർ
പ്രവാസി
പ്രയാൺ
നമ്പ്യാർ
സെഫൈർ സിയ
കാർന്നോര്
മിനി ടീച്ചർ
തൂവലാൻ
വൈഗ ശിവാനി
മഹേഷ് വിജയൻ
ആളവന്താൻ
ശ്രീനാഥൻ
തലയമ്പലത്ത്

ചില്ലറത്തുട്ടുകൾ മനസ്സിൽ സൂക്ഷിക്കുന്നവർ ഇത്രയേറെ ഉണ്ടെന്നിപ്പോഴാണ് മനസ്സിലായത്!
എല്ലാവർക്കും നന്ദി!

Suja said...
This comment has been removed by the author.
Suja said...

സ്കൂള്‍ പഠനകാലത്താണ്, ഓ.ഹെന്‍ട്രി( William Sydney Porter ) യുടെ "The gift of the magi "എന്ന ചെറുകഥ , ക്രിസ്ത്മസ് ഗിഫ്റ്റ് എന്ന പാഠമായി ഞാന്‍ പഠിച്ചത്.

ആശയങ്ങള്‍ക്ക് ഒരു പരിധി വരെ The gift of the magi യുമായി സമാനതകള്‍ ഉണ്ടെങ്കിലും അനുഭവങ്ങളുടെ നിറവില്‍ ഈ കഥ മനോഹരമാക്കുവാന്‍ താങ്കള്‍ക്കു കഴിഞ്ഞു.ഒരു സാധാരണ കുടുംബ പശ്ചാത്തലം ഇതില്‍ നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്തിട്ടുണ്ട്.അഭിനന്ദനങ്ങള്‍ ....
ചില സന്ദര്‍ഭങ്ങളില്‍ കഥയുടെ ഒഴുക്ക് നഷ്ട്ടപെട്ടോ എന്നൊരു തോന്നല്‍ .......എനിക്ക് തോന്നിയതാണ്, ക്ഷമിക്കണം ,

* "ഓരോന്നോർത്ത് വീട്ടിലെത്തി"

* "ഉണ്ടെങ്കിൽ കൊണ്ടുവരൂ, പഴകിയ നാണയങ്ങളും എടുക്കും എന്നായി അയാൾ"

ഇവിടെ "അയാള്‍" ആക്രിക്കാരനെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ് ,എങ്കിലും എന്തോ ഒരു അപാകത ....(ഗ്രിഹനാഥ നെയാണല്ലോ "അയാള്‍ " എന്ന് കഥയിലുടനീളം പറയുന്നത് )

* ചില വരികളില്‍ "അയാള്‍ " ആവര്‍ത്തന വിരസത ഉണ്ടാക്കുന്നതായി തോന്നുന്നു.

* "അപ്പോഴാണ് അയാളുടെ മേശയ്ക്കുള്ളിൽ വർഷങ്ങളായി കിടക്കുന്ന പഴയ നാണയങ്ങളെപ്പറ്റി ഭാ‍ര്യ ഓർത്തത്.മകളുടെ കുടുക്ക പൊട്ടിച്ചുകിട്ടിയതിനൊപ്പം മേശയ്ക്കുള്ളിൽ നിന്നു കിട്ടിയതു കൂടി കൂട്ടി, ഒപ്പം ഓട്ടവീണ ഒരു പഴയ മൊന്തയും കൊടുത്തപ്പോൾ ആക്രിക്കാരൻ 210 രൂപ നൽകിയത്രെ"

വീണ്ടും
"അയാൾ ഓടിച്ചെന്ന് മേശ തുറന്നു നോക്കി.
അതു കാലിയാണ്. ഒറ്റ നാണയവും ഇല്ല. അയാൾ തരിച്ചു നിന്നു.
അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു...."
ഈ വരികള്‍ വേണ്ടിയിരുന്നില്ല . (താങ്കളുടെ ഭാവനയെ ചോദ്യം ചെയ്യുകയല്ല കേട്ടോ)

* "അയാളെ തട്ടിയുണർത്തി ഭാര്യ പറഞ്ഞു." ഭാര്യയും ഒപ്പം ഓടി എത്തിയെന്ന് സങ്കല്‍പ്പിച്ചു.



"രാത്രി, ഇടനെഞ്ചിൽ ചാഞ്ഞ് ഭാര്യയും, വലം നെഞ്ചിൽ മുറുകി മകളും കിടക്കുമ്പോൾ, അച്ഛന്റെ വിരല്‍ സ്പര്‍ശം അറിഞ്ഞ ആ നാണയത്തുട്ടുകളുടെ നീറുന്ന ഓര്‍മയില്‍ കൺപൂട്ടി നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”................(ഈ വരികള്‍ ഇങ്ങനെയാണ് ഞാന്‍ വായിച്ചത്) .

ഈ വായന അനുഭവം താങ്കള്‍ ഞങ്ങള്‍ക്ക് തരുന്ന ഒരു സമ്മാനം ആണ് .ആശംസകള്‍ ...ഇനിയും എഴുതുക .
സമ്മാനങ്ങള്‍ മഹത്തരങ്ങള്‍ തന്നെയാണ് ......അത് എന്ത് തന്നെ ആയാലും .
വീണ്ടും ഓ.ഹെന്‍ട്രി യുടെ വാക്കുകള്‍ ഓര്‍മിച്ചു കൊണ്ട്

"The magi, as you know, were wise men--wonderfully wise men--who brought gifts to the Babe in the manger. They invented the art of giving Christmas presents. Being wise, their gifts were no doubt wise ones, possibly bearing the privilege of exchange in case of duplication. And here I have lamely related to you the uneventful chronicle of two foolish children in a flat who most unwisely sacrificed for each other the greatest treasures of their house. But in a last word to the wise of these days let it be said that of all who give gifts these two were the wisest. O all who give and receive gifts, such as they are wisest. Everywhere they are wisest. They are the magi."

Ghost.......... said...

നല്ല കഥ ഡോക്ടര്‍ . ഇത് ഇപ്പോളാണ് കണ്ടത് . മനസ്സില്‍ എവിടയോക്കയോ തട്ടി , എതല്ലാമോ ഓര്‍മ്മകള്‍ മിന്നി മറഞ്ഞു .

jayanEvoor said...

സുജ,
വിശദമായ കുറിപ്പിനു നന്ദി!
നിർദേശങ്ങൾ എല്ലാം പ്രസക്തം തന്നെ.തീർച്ചയായും ഒരു എഡിറ്റിംഗ് ഞാൻ നടത്താം.

സത്യത്തിൽ .ഹെൻറിയുടെ കഥ ഓർത്തല്ല ഇങ്ങനെയൊക്കെ എഴുതിയത്!


25 പൈസാ നാണയങ്ങൾ ഈ വർഷം ജൂലൈ മുതൽ നിരോധിച്ചിരിക്കുന്നു എന്ന വാർത്തയാണ് പണ്ടത്തെ ഒരു പൈസ, രണ്ടു പൈസ നാണയങ്ങളെയും അച്ഛനെയും കുറിച്ച് ഓർക്കാൻ ഹേതുവായത്.

മാത്രവുമല്ല പഴയ നാണയങ്ങൾ കൂടുതൽ വിലകൊടുത്ത് ചിലർ വാങ്ങുന്നു എന്നും വാർത്ത കണ്ടു. ബാംഗ്ലൂർ നഗരത്തിൽ ഒരാൾ പതിനായിരക്കണക്കിനു രൂപയുടെ പഴയ നാണയങ്ങളുമായി പിടിയിലായതായായിരുന്നു വാർത്ത.

ഒ.ഹെർറിയുടെ കഥ ഓൺ ലൈനിൽ ഉണ്ട്.
വായിച്ചിട്ടില്ലാത്തവർക്കായി ലിങ്ക് ഇവിടെ കൊടുക്കുന്നു.


http://www.eastoftheweb.com/short-stories/UBooks/GifMag.shtml

Hashiq said...

എന്തോ ഒരു വിഷമം...എല്ലാ അച്ചന്മാരും ഇങ്ങനെ എന്തെങ്കിലും പഴയ വസ്തുക്കള്‍ അവശേഷിപ്പിച്ചാവും കടന്നു പോകുക അല്ലെ? ജീവിച്ചിരിക്കുമ്പോള്‍ നമുക്ക്‌ യാതൊരു ആകര്‍ഷണവും തോന്നാത്ത ചില വസ്തുക്കള്‍....വെറുതെ സ്ഥലം മിനക്കെടുത്തു എന്ന് മനസിലെങ്കിലും തോന്നുന്ന സാധനങ്ങള്‍..അവരുടെ കാലശേഷം മറ്റെന്തിനെക്കാളും നാം വില കല്‍പ്പിക്കുന്ന ചില വസ്തുക്കള്‍..ഒരു പക്ഷെ ആ കൈപ്പടയിലുള്ള ഒരു എഴുത്താകാം...ജയേട്ടന്‍ പറഞ്ഞ മഴി ഒലിക്കുന്ന പേനയാകം...
കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയാവില്ല...മനസിനെ ഒന്ന് നൊമ്പരപ്പെടുത്തി എന്ന് പറയുന്നതാവും ശരി...

Jishad Cronic said...

ഹൃദയസ്പര്‍ശിയായ കഥ...

Naushu said...

ഹൃദയസ്പര്‍ശിയായ കഥ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് വായിക്കുമ്പോള്‍, പണ്ട് ഒരു പൈസക്ക് 'നക്ഷത്രമുട്ടായി'നുണഞ്ഞ മധുരം നാക്കില്‍ വന്നു.
ഇന്ന് ആയിരം രൂപ കൊടുത്താല്‍ പോലും ആ 'ചില്ലറമധുരം' കിട്ടില്ല.
വളരെ നന്നായി എഴുതി .
ആശംസകള്‍

Sranj said...

ശ്ശോ.. വായിക്കേണ്ടില്ലായിരുന്നൂന്ന് തോന്നിപ്പോയി!.... പലതും ഓര്‍മ്മ വന്നു!

ഹരീഷ് തൊടുപുഴ said...

tchng..
really..:)

prasanna raghavan said...

ഡോക്റ്ററേ ആരെങ്കിലും താങ്കളോടെ ഇതു വരെ പറഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ പറയുന്നു, താങ്കള്‍ അനുഗൃഹീതനായ ഒരു എഴുത്തുകാരനാണ് എന്ന്. ആരോ ഈയിടെ പറഞ്ഞതായി വായിച്ചു ബ്ലോഗേഴ്സ് വാല്‍നക്ഷത്രങ്ങളാണ്. അവര് ജയന്റെ എഴുത്തുകള്‍ വായിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു.

(ചില കല്ലുകടികള്‍ തോന്നാതിരുന്നില്ല, അതു മനരുത്തി വായിക്കുമ്പോള്‍ തിരുത്താനുള്ളതേ ഉള്ളു):)

ചിതല്‍/chithal said...

അതിഗംഭീരൻ കഥ. ഒരു പക്ഷെ ഇതിത്രയും ആസ്വദിക്കാൻ സാധിച്ചതു്, ഇതിലെ ആളുടെ സ്വഭാവസവിശേഷതകൾ എനിക്കുമുള്ളതുകൊണ്ടാവാം. മഷിപ്പേനയിൽ നിന്നു് മഷി ഒഴുകിപ്പരന്നു് ഉപയോഗയോഗ്യമായിരുന്ന രണ്ടു ഷർട്ട്‌ കേടായിക്കിടക്കുന്നുണ്ടു്. എന്നാലും മഷിപ്പേന വിട്ടിട്ടില്ല. ഒരു നിധി പോലെ ഞാൻ സൂക്ഷിക്കുന്ന കുറച്ചു പൈസയുണ്ടു്. അവയൊന്നും ഒരു നാണയശേഖരത്തിന്റെ ഭാഗമല്ല. ഒരുപക്ഷെ മനസ്സിന്റെ ഓരോ വികൃതികളാവാം. എന്നാലും ആ ശീലങ്ങളെ ഞാൻ താലോലിക്കുന്നു.
അതുകൊണ്ടു തന്നെ ഈ കഥ വളരെ ഹൃദ്യമായി. ജയേട്ടനു് അനുമോദനങ്ങൾ!

jayanEvoor said...

ഗോസ്റ്റ്
നല്ല കഥകൾ ഇഷ്ടപ്പെടുന്ന ഗോസ്റ്റ്!
നന്ദി!

ഹാഷിക്ക്
അതെ. ആ അർത്ഥത്തിൽ, ഓർമ്മകളാണ് എന്റെ കഥകളുടെ ജീവസ്രോതസുകൾ. ഞാനവയെ താലോലിക്കാ‍ൻ ഇഷ്ടപ്പെടുന്നു; നിങ്ങളെപ്പോലെതന്നെ...

ജിഷാദ് ക്രോണിക്
നന്ദി.

നൌഷു
നന്ദി.

ഇസ്മയിൽ കുറുമ്പടി
നക്ഷത്രമധുരക്കാരാ.... അപ്പോ, നമ്മൾ രണ്ടുപേരും ഒരു പ്രായക്കരാണ്. അല്ലേ!?

സ്രഞ്ജ്
ഓർമ്മ വരുന്നതല്ലെ നല്ലത്!?
അപ്പോ എനിക്കൊരു താങ്ക്സ് പറഞ്ഞൂടേ!!?

ഹരീഷ് തൊടുപുഴ
നിറഞ്ഞ നന്ദി സുഹൃത്തേ.

പ്രസന്ന രാഘവൻ
ഞാൻ തലകുനിക്കുന്നു.
വാൽ നക്ഷത്രമെങ്കിലുമാവാൻ കഴിഞ്ഞാൽത്തന്നെ വളരെ സന്തോഷം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം, പ്രകാശം പരത്താൻ അതിനു കഴിയുമല്ലോ.
(ബ്ലോഗെഴുത്തിനെക്കുറിച്ചുള്ള മുഖ്യധാരാ എഴുത്തുകാരുടെ അഭിപ്രായം നമ്മൾ തിരുത്തിക്കുറിക്കും.... അതുവേറേ കാര്യം!)

ചിതൽ
വി ആർ ബ്രദേഴ്സ്!
അതുകൊണ്ട് നന്ദിയില്ല!

Anonymous said...
This comment has been removed by a blog administrator.
Manoraj said...

ഇവിടെ എത്താന്‍ വളരെ വൈകി. അവസാനത്തെ ഒറ്റ വരിമതി കഥ വല്ലാത ഫീല്‍ നല്‍ക്കാന്‍. കുമാരന്‍ പറഞ്ഞപോലെ വെറുതെ കണ്ണു നനഞ്ഞു.

Manoraj said...

ഒപ്പം 25 പൈസ നിരോധിക്കുന്നതുമായി ഇതിനെ ബന്ധപ്പെടുത്തിയത് കൊള്ളാം. ഇതേ സംഭവമറിഞ്ഞ് വീട്ടില്‍ മകന്റെ കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന 364.75 പൈസ ഞാന്‍ പോക്കറ്റിലാക്കിയതും ഓര്‍ത്തു. പാവം ഞാന്‍ :)

കൂതറHashimܓ said...

ലളിതമായി പറഞ്ഞ നല്ല കഥ
കഥ ഇഷ്ട്ടായി

ente lokam said...

കാത്തു കൊള്ളനെ ഞങ്ങളുടെ ജയെട്ടനെ ഞങ്ങള്‍ക്ക് വേണ്ടി....

സുഗന്ധി said...

മനോഹരമായി എഴുതിയിരിക്കുന്നു.......
ഹൃദയസ്പര്‍ശിയായ കഥ..
വളരെ നന്ദി. ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

ഹൃദയസ്പര്‍ശിയായ കഥ... ഞാനും സൂക്ഷിക്കുന്നുണ്ട് ഒരുപാട് 5 പൈസയും, 10 പൈസയും, 20 പൈസയും എല്ലാം... കുറേ കഴിയുംബോള്‍ അത് കാണാതാവുംബോള്‍ മക്കള്‍ക്ക് സമ്മാനിച്ചാല്‍ അവര്‍ക്ക് ചിലപ്പോള്‍ അത്ഭുതമായിരിക്കും. ചിലപ്പോള്‍ മാത്രം...

hi said...

ഹൃദയസ്പര്‍ശി!

hi said...
This comment has been removed by the author.
സൂത്രന്‍..!! said...

നല്ല കഥ ...... തുടരുക

Echmukutty said...

valare nannaiyittund katha.

nannai ezhuthuvaan kazhiyunnund. iniyum nalla nalla kathakal varatte.othiri abhinandanangal......

midukkan kathakruth!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒരുമാതിരി മനുഷ്യനെ സെന്റി ആക്കാന്‍
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

.. said...

dear jayan doctor this is brilliant....ariyathe kannukal niranju poyi.evideyo ente achante mukham ithil prarhibimbichu(sry for manglish,i am frm mobile)

Unknown said...

കണ്ണുനീരിനിടയിലൂടെയുള്ള ആ പുഞ്ചിരി ഞങ്ങളും അറിയുന്നു. ഹൃദയസ്പര്‍ശിയായ കഥ.

മലയാള ബ്ലോഗിന് വേണ്ടി ഡോക്ടറെ കാത്തോളണേ!

Kalam said...

വായിക്കാന്‍ വൈകി.

ഒരു കഥ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസ്സ് തരളിതമാവുന്നതിന്റെയും കണ്ണുകള്‍ നനയുന്നതിന്റെയും സുഖം അറിഞ്ഞു.
മനസ്സില്‍ തൊടുന്ന എഴുത്ത്.
അവസാനം അയാളോടൊപ്പം നമ്മളും പ്രാര്‍ത്ഥിച്ചു പോവും.

നന്ദി, പലരും കാണാതെ പോകുന്ന ചില്ലറത്തുട്ടുകളുടെ ജീവിതം കാണിച്ചു തന്നതിന്.

jayanEvoor said...

മനോരാജ്,
കൂതറ ഹാഷിം,
എന്റെ ലോകം,
സുഗന്ധി,
ഷബീര്‍,
അബ്കാരി,
സുത്രന്‍,
എച്ച്മുക്കുട്ടി,
ഫെനില്‍,
ജിക്കൂ
തെച്ചിക്കോടന്‍
കലാം

ഹൃദയ പൂര്‍വമുള്ള വായനയ്ക്കും കമന്റുകള്‍ക്കും നന്ദി

MOIDEEN ANGADIMUGAR said...

കഥ വായിച്ചു കണ്ണുനിറഞ്ഞു.ശരിക്കും ഹൃദയത്തിൽ തട്ടി. ആ നാണത്തുട്ടുകൾ ഒരുനിമിഷം ഓർമ്മകളെ പിന്നോട്ടു കൊണ്ടെത്തിച്ചു.

ശ്രീജ എന്‍ എസ് said...

നല്ല കഥ ജയേട്ടാ.സങ്കടം വന്നു.എനിക്കെന്റെ വല്യമ്മച്ചിയെ ഓര്‍മ്മ വന്നു

"പച്ചവെള്ളം ചവച്ചുകുടിച്ചു ജീവിച്ച അച്ഛനെ....... പതിറ്റാണ്ടുകൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ അച്ഛനെ....." രാവിലെ സങ്കടപ്പെടുത്തി .

Absar Mohamed said...

നന്നായിട്ടുണ്ട് വൈദ്യരെ.....:)

ഭായി said...

ജാഡകളില്ലാത്ത നല്ല എഴുത്ത്!
പല സ്ഥലത്തും വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.
അവസാനത്തെ ആ പ്രാർത്ഥന...
കണ്ണ് നനയിപ്പിച്ചു!!
നന്നായി ഡോകറ്റർ!

പാവപ്പെട്ടവൻ said...

ഹൃദ്യമായിപറഞ്ഞ ഒരു കഥ. വളരെ ലളിതമായി ജീവിതസാഹര്യങ്ങൾ പറഞ്ഞുപോകുമ്പോളും മൂന്നുപേർ അടങ്ങുന്ന കുടുംബത്തിനു 9000രൂപ ഒരുമാസം ചിലവിനു മുഴുക്കാതെ വരുന്നു അവിടെ ഒരു പ്രശ്നമില്ലേ മാഷേ...അച്ഛന്റെ ഒർമ്മയും കല്ലുപെൻസിൽ വേടിച്ചതും .ആട്ടിൻ കാഷ്ടപോലെയുള്ള കുറ്റിപെൻസിലിന്റെയും ഓർമ്മയിലേക്കു പോകുംപ്പോൾ എല്ലാവരുടെയും ബാല്യമാണ്...മനോഹരം

sree said...

Nice reading

ഐക്കരപ്പടിയന്‍ said...

അതെ, ഇരു തലകളും കൂട്ടിമുട്ടിക്കാന്‍ പാട് പെടുമ്പോള്‍ തനിക്ക് നാല്പിതു തികഞ്ഞത് പോലും അറിയാതെ യാന്ത്രികമായി ജീവിക്കുന്നവര്‍...

എണ്ണിച്ചുട്ട അപ്പങ്ങള്‍ കൊണ്ട് ജീവിതം എണ്ണി തീര്ക്കുന്ന ഉദ്യോഗസ്ഥ കുടുംബങ്ങളുടെ നേര്ചി്ത്രം ഡോക്ടര്‍ നന്നായി പറഞ്ഞു...ആശംസകള്‍!

Umesh Pilicode said...

ഹൃദയസ്പര്‍ശിയായ കഥ.

jayanEvoor said...

മൊയ്‌തീൻ അങ്ങാടിമുഗർ

ശ്രീദേവി

അബ്സർ മൊഹമ്മദ്

ഭായി

പാവപ്പെട്ടവൻ

ശ്രീ

ഐക്കരപ്പടിയൻ

ഉമേഷ് പിലിക്കോട്....


കഥ ഇഷ്ടപ്പെട്ടതിനും, ചില്ലറത്തുട്ടുകൾ മനസ്സിൽ സൂക്ഷിക്കുന്നതിനും നന്ദി!

ramanika said...

മനോഹരം
അവരുടെ കൂടെ കുറച്ചു നേരം കഴിഞ്ഞതുപ്പോലെ ....
ആശംസകള്‍

chithrangada said...

ജയന്‍ ,
കണ്ണ് നനഞ്ഞു ,മനസ്സ് നിറഞ്ഞു ....
ഹെന്‍റി കഥകളുടെ സമാഹാരം
എന്റെ കൈയിലുണ്ട് .പക്ഷെ
എനിക്ക് സാമ്യം ഒന്നും തോന്നുന്നില്ല .
ഡോക്ടരുടെത് വേറെ ഒരു സ്റ്റൈല്‍ ആണു .
അസ്സലായിട്ടുണ്ട് ,as always ........

Unknown said...

ഇവർക്കു വേണ്ടി എന്നെ കാത്തോളണേ..

ഒടിയന്‍/Odiyan said...
This comment has been removed by the author.
ഒടിയന്‍/Odiyan said...

മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി..സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും രാവിലെ പ്രാര്‍തിക്കുമാരുന്നു,പോകുന്ന വഴി പാട വരമ്പത്ത് കിടന്നു താറാവുകള്‍ ഇടുന്ന വെളിമുട്ട കിട്ടനെ എന്നു..അതു കൊടുത്താല്‍ അന്ന് 25പൈസ കിട്ടുമാരുന്നു.. 5പൈസക്ക് കിട്ടുന്ന ശര്‍ക്കര മിട്ടായിയും നാരങ്ങ മിട്ടായിയും പെന്‍സിലും ..എല്ലാം ഓര്‍മ്മകള്‍ മാത്രം..പഴയ നാണയ തുട്ടുകള്‍ ഓര്‍മ്മയുടെ ചെപ്പില്‍ നിന്നും പരതിയെടുത്തു നോക്കുമ്പോള്‍ മനുഷ്യന് തന്നെ വില ഇല്ലാത്ത ഒരു കാലതാണല്ലോ എന്നുള്ള സങ്കടം മാത്രം..

ആസാദ്‌ said...

അനുഭവങ്ങളുടെ തീരത്തിരിക്കുന്നവര്‍ക്ക്‌ ഇതൊരു കഥയല്ല. മനസ്സിണ്റ്റെ ഊഷരതയെ ഊര്‍വരമാക്കുന്ന ഒരു ഇളം തെന്നലാണ്‌. ഈ ഇളം തെന്നല്‍ വീശിത്തന്ന സിദ്ധിയുടെ തൂലികക്കാരന്‌ എണ്റ്റെ ഒരു നിറഞ്ഞ പുഞ്ചിരിയുടെ സമ്മാനം...

രഘുനാഥന്‍ said...

കഥ എഴുതി ജീവിക്കുന്ന ഡോക്ടര്‍ ... അഥവാ ജീവിക്കുന്ന കഥകള്‍ എഴുതുന്ന ഡോക്ടര്‍ ...!!
(പിണക്കമാണോ...വൈദ്യരെ?)
കഥ നന്നായിട്ടുണ്ട്... ആശംസകള്‍

സസ്നേഹം
രഘുനാഥന്‍

മുകിൽ said...

എല്ലാം വായിക്കെട്ടെ. എന്നിട്ടു വന്നു പറയാം അഭിപ്രായംട്ടോ.
ഈ കഥ, നല്ലത്. എത്രയൊക്കെ അരിഷ്ടതയുണ്ടെങ്കിലും സ്നേഹത്തിന്റെ സ്വർണ്ണനൂൽ ബന്ധനമുള്ള കുടുംബം.. മനോഹരം.

Rare Rose said...

ഇപ്രാവശ്യം ഇവിടെയെത്താന്‍ വൈകിപ്പോയി.
ഇഷ്ടപ്പെട്ടു കഥ.ഒരുപാടൊന്നും അവരുടെ ജീവിതത്തെ പറ്റി പറയുന്നില്ലെങ്കിലും,എവിടെയൊക്കെയോ മനസ്സ് വല്ലാതെ തൊടുന്നയിടങ്ങളുണ്ട് ഈ കഥയില്‍.ആശംസകള്‍ മാഷേ..

jayanEvoor said...

രമണിക

ചിത്രാംഗദ

മൈ ഡ്രീംസ്

ചീരം

ആസാദ്

രഘുനാഥൻ

മുകിൽ

റെയർ റോസ്

എല്ലാവർക്കും നന്ദി!

(പിണക്കമൊന്നുമില്ല രഘുനാഥാ...! നിങ്ങളല്ലേ എന്നെ കാണാതെ മുങ്ങിയത്!)

OAB/ഒഎബി said...

മൂന്നു പൈസയുടെ മുമ്പുള്ള ഒരു കാലം ഉണ്ടായിരുന്നു ജയാ
ഒരു അശോക മഷി പേന (ബോള്‍ പേന ഇറങ്ങാത്ത കാലം) സ്വന്തമാക്കണമെന്ന മോഹം എത്രത്തോളമായിരുന്നു
പേനയുടെ ലീക്കു മാറ്റാന്‍ തീവണ്ടി വരുന്നത് കാത്ത് നില്‍ക്കും. അതിന്റെ പിസ്റ്റനില്‍ കട്ടിയുളള ഗ്രീസ് ഉണ്ടാവും. അതൊന്ന തോണ്ടിയാല്‍ ആ സ്കുഉളിലെ എല്ലാ പേനയുടെ ലീക്കും തീരും.
പക്ഷേ വലിയവര്‍ കണ്ടാല്‍ മണ്ടക്ക് കുത്തും.

അതൊക്കെ ഒന്നോര്‍ക്കനായി
കഥയും നല്ലത്

നരിക്കുന്നൻ said...

പലയിടത്തും പലതും ഓർമ്മിപ്പിക്കുന്നു. എവിടെയൊക്കെയോ കണ്ണാടി നോക്കിയപോലെ. സുഖമുള്ള വായന.

അച്ഛന്റെ നാണയത്തുട്ടുകൾ പോവട്ടേ, പകരം ആ നാണയത്തുട്ടുകൾ കൊണ്ട് എപ്പോഴും നെഞ്ചോട് ചേർത്ത് നടക്കാൻ നല്ലൊരു പാർക്കർ പേന കിട്ടിയില്ലേ..

കണ്ണ് നനയിപ്പിച്ചു കെട്ടോ..

ശ്രീ said...

കണ്ണു നനഞ്ഞല്ലോ മാഷേ.

ഷാജി വര്‍ഗീസ്‌ said...

വളരെ നല്ല കഥ .....അഭിനന്ദനങള്‍ ഡോക്ടര്‍ .......
വീണ്ടും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു........

sijo george said...

ആദ്യത്തെ കമന്റിൽ, കുമാരൻ പറഞ്ഞത് മാത്രം എനിക്കും.. കണ്ണു നനഞ്ഞു... വെറുതെ..:) ഇത് വെറും കഥ മാത്രമാണോ, അതോ ആരുടെയേലും അനുഭവമാണോ..?

ചാര്‍ളി (ഓ..ചുമ്മാ ) said...

നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”


ശരിക്കും കരഞ്ഞൂ ഞാന്‍ , ജയേട്ടാ..

Anonymous said...

vayich theernapol onnum thonniyilla..

thazhekk scrolll cheythu, comments vayikkan pattathayappozhanu kannukal niranjirikkukayanenu manassilayath..

nice story..

മാണിക്യം said...

മനസ്സില് നിന്ന് മനസ്സിലേയ്ക്ക് പായുന്ന വാക്കുകള്‍
അച്ഛന്റെ ഓര്‍മ്മയുമായി ജീവിക്കുന്ന മകനും
അച്ഛന് അത്യാവശ്യമുള്ള പേന സമ്മാനമായി വാങ്ങുന്ന
മകളും കഥയില്‍ നിന്ന് മനസ്സില്‍ വന്നു നിറയുന്നു...
സ്നേഹത്തിന്റെ ഭാഷയില്‍ നന്നയി എഴുതി ..
ഇത് ചില്ലറത്തുട്ടല്ല കോടിയുടെ മീതെയാണ്
ഈ കഥയുടെ ഉള്ളടക്കത്തിന് മൂല്യം...

Unknown said...

വൈദ്യരെ....അപാരം...വളരെ നല്ല എഴുത്ത്...ഇതില്‍ കൂടുതല്‍ പറയണം എന്നുണ്ട്...എല്ല്ലാരും എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Really nice Jayan.
Wetted my eyes

Rakesh KN / Vandipranthan said...

great.. mashe

ranju said...

അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”


the most touching sentence in this story sir :)

സിവില്‍ എഞ്ചിനീയര്‍ said...

എത്ര ഭംഗി ആയി പറയാമായിരുന്നു ഈ കഥ. . ഇടയ്ക്കു ഒന്ന് നിര്‍ത്തി ചില്ലറകളുടെ ചിത്രം, അച്ഛന്റെ ഓര്മ. . . . . .അവസാനം അച്ഛന്റെ ഓര്‍മ്മക്കായി വച്ച ചില്ലറ തുട്ടുകള്‍ പോയതിന്റെ ഒരു സങ്കടം അയാളില്‍ കാണാന്‍ ഇല്ലല്ലോ . . . .കുറച്ചു കൂടി കൈയടക്കത്തോട് കൂടി എഴുതാം ആയിരുന്നു ഈ കഥ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സുന്ദരമായ കഥനപാടവം .ഹൃദയത്തില്‍ തൊടുന്ന ഭാഷ .ലളിതമായ വിവരണം ഒക്കെ കൊണ്ട് അനുഗൃഹീതമായ രചന .ലിങ്ക് തന്നതില്‍ നന്ദി പറയാതെ വയ്യ .ഇല്ലെങ്കില്‍ ഈ രചനകള്‍ ഞാന്‍ കാണാതെ പോകുമായിരുന്നു .

Biju Davis said...

ഇപ്പോഴാണ് കണ്ടത്.

നല്ല കഥ, ഡോക്ടര്‍!

Unknown said...

നന്നായിട്ടുണ്ട്.ഞാനും ഇപ്പോഴാ കണ്ടത്.

Pheonix said...

ഇത് വെറും ചില്ലറകാര്യം അല്ലാട്ടോ...നന്നായി,,

Anitadipj said...

ഡോക്ടര്‍ ഹൃദയം കീറിമുറിക്കാത്ത ഡോക്ടരാണെങ്കിലും അക്ഷരങ്ങളിലൂടെ മനസ്സ് കീറിമുറിക്കാനരിയാം.. ഹൃദയസ്പര്‍ശിയായ കഥ.

സുധി അറയ്ക്കൽ said...

ശ്ശോ!!!വായിക്കണ്ടായിരുന്നു.കരച്ചിൽ വന്നോ ന്നൊരു സംശയം.

Unknown said...

താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല എഴുത്ത്