Sunday, November 21, 2010

കടുവയെ പിടിച്ച കിടുവ !

കാവിങ്കൽ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കൾ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തിൽ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവർക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സിൽ ആൾ മരിക്കുകയും ചെയ്തു.

രണ്ടു പറമ്പപ്പുറത്താണ് അവരുടെ വീട്. കുട്ടിക്കാലത്ത് എന്നും അവരുടെ വീട്ടിൽ പൊകുമായിരുന്നു. അന്നൊക്കെ നാലുമണിയായാലുടൻ താറുടുത്ത് ഒരു ചൂലുമായി ഭാരതിയമ്മ പ്രത്യക്ഷപ്പെടും. കുരിയാല മുറ്റം മുഴുവൻ വെള്ളം തളിച്ച ശേഷം അടിച്ചുവാരി വൃത്തിയാക്കും. അതു കഴിഞ്ഞ് കുളിച്ച് ഭസ്മക്കുറി തൊട്ട് വിളക്കു കൊളുത്തും. വെയിൽ ചാഞ്ഞാൽ, സന്ധ്യ വരുന്നതിനു തൊട്ടു മുൻപ് കുരിയാലയിൽ വിളക്കു കൊളുത്തും. ഭാരതിയമ്മ വിളക്കു വച്ച ശേഷമേ നാട്ടിൽ മറ്റേതു വീട്ടിലും വിളക്കു കൊളുത്തിയിരുന്നുള്ളൂ.

വെളിച്ചം ധാരാളമായുള്ളതുകൊണ്ട് എണ്ണത്തിരി കൊത്തിയെടുത്തുപറക്കാൻ തയ്യാറായി കാക്കകൾ വരും എന്നറിയാവുന്നതുകൊണ്ട് കാക്കയെ ഓടിക്കാൻ ശട്ടം കെട്ടി നിർത്തുന്നത് എന്നെയായിരുന്നു.

ഞാനാണെങ്കിൽ ഭക്തശിരോമണി. കാവ്, അമ്പലം, ഉത്സവം, ആറാട്ട്, ഉറിയടി, ശബരിമല അങ്ങനെ നിർവൃതിദായകമായ ദിനരാത്രങ്ങളിലൂടെ ഒഴുകി നടക്കുന്ന കാലം. വയസ്സ് പതിനൊന്നോ പന്ത്രണ്ടോ. അതിനിടെ നാലുവട്ടം മലചവിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ.

നാട്ടിൽ കല്യാണം, പുരവാസ്തുബലി(ഗൃഹപ്രവേശം), മരണം, സഞ്ചയനം, പതിനാറടിയന്തിരം, പുലകുളിയടിയന്തിര, കാവിലടിയന്തിരം എന്നു തുടങ്ങി സകല അടിയന്തിരങ്ങൾക്കും ഒരു പണിയും ചെയ്യാത്ത, എന്നാൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നാൽവർ സംഘം ഉണ്ടായിരുന്നു അന്ന്.

മന്ത്രവാദി നാരായണൻ, ഗോപാലശാസ്ത്രികൾ, വേലുക്കുറുപ്പ്, ശമേലച്ചായൻ എന്നിവരായിരുന്നു അവർ. മന്ത്രവാദി പണ്ട് ഒരു ചെത്തുകാരനായിരുന്നത്രെ. പാലക്കാട്ട് കരിമ്പനകൾ ചെത്തി നടന്നിരുന്ന കാലത്തെന്നോ ഒരിക്കൽ യക്ഷിദർശനം ഉണ്ടാവുകയും, അതോടെ ചെത്തു നിർത്തി നാട്ടിൽ വരികയും ചെയ്തു. പിന്നീട് അന്നത്തെ പ്രസിദ്ധ മന്ത്രവാദിയായ പുല്ലാനി പരമേശ്വരന്റെ ശിഷ്യത്വം സ്വീകരിച്ച് നാട്ടിൽ തന്നെ കൂടി.

പണ്ട് സംസ്കൃതത്തിൽ ഉണ്ടായിരുന്ന ഒരു ബിരുദമാണത്രെ ശാസ്ത്രികൾ. ആ പരീക്ഷ പാസായതോടെയാണ് ഗോപാലൻ നായർ ഗോപാല ശാസ്ത്രി ആയത്. വേലുക്കുറുപ്പ് മൃദംഗ വിദ്വാനായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാൻ പ്രത്യക്ഷത്തിൽ സാധ്യതയില്ലാഞ്ഞ ആൾ ആയിരുന്നു ശമേലച്ചായൻ.(ശമേൽ = ശമുവേൽ = സാമുവൽ = സാം എന്ന് ഡെറിവേഷൻ). പള്ളിയിലൊക്കെ പോകാറുണ്ടെങ്കിലും അമ്പലത്തിലെ ഉത്സവത്തിനും ഒപ്പം കൂടും. അതിൽ വീട്ടുകാർക്കും പരാതിയില്ല; നാട്ടുകാർക്കും പരാതിയില്ല.


അടിയന്തിരങ്ങൾക്ക് വെറ്റില മുറുക്കൽ പ്രധാനമാണല്ലോ.. അത് നമ്മുടെ നാൽവർ സംഘം ഭംഗിയായി നിർവഹിക്കും. മേലനങ്ങാൻ ദേഹണ്ഡക്കാർ ഉണ്ട്. അവർ വെറ്റില മുറുക്കാറില്ല. ബീഡി അല്ലെങ്കിൽ ചാർമിനാർ പുകയ്ക്കും.

നാൽവർ സംഘം ഒരുമിച്ചു കൂടിയാൽ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നിൽക്കും. ബാലാരിഷ്ടതകൾ ഒക്കെ മാറിയെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള എനിക്ക് ദേഹണ്ഡത്തിൽ സഹായിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബീഡി - സിഗരറ്റ് - മുറുക്കാൻ വിതരണം ആയിരുന്നു എന്റെ പോർട്ട്ഫോളിയോ!

ബീഡി ഒരു കെട്ട് ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ പരാതി ഇല്ല എന്നതുകൊണ്ട് ഞാൻ അത് ആദ്യം അങ്ങു കൊടുത്തേക്കും. സിഗരറ്റ് ആകെ ഒരു പായ്ക്കറ്റേ ഉണ്ടാവൂ. അത് വിശിഷ്ടാതിഥികൾക്കുള്ളതാണ്. അങ്ങനെയാരും വന്നില്ലെങ്കിൽ രാത്രി അവ ദേഹണ്ഡക്കാർക്കു കിട്ടും!

നാൽവർ സംഘം വന്നാലുടൻ പ്ലാസ്റ്റിക് വരിഞ്ഞ നാലു കസേര സംഘടിപ്പിച്ച് വട്ടത്തിലിരിക്കും. നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളൻ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയിൽ വച്ചിട്ടുണ്ടാകും. പിന്നെ ലാത്തി തുടങ്ങുകയായി.

ഭൂമിമലയാളം മുഴുവൻ സഞ്ചരിച്ച് മന്ത്രവാദം ചെയ്ത കഥകൾ മന്ത്രവാദി പറയും. പുരാണകഥകളും സംസ്കൃതശ്ലോകങ്ങളും ശാസ്ത്രികൾ ചൊല്ലും. പരലോകജീവിതവും ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും ഒക്കെ വേലുക്കുറുപ്പിന്റെ വിഹാരമേഖലയാണ്. എല്ലാം കേട്ട് എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ച് ശമേലച്ചായൻ തിളങ്ങും. ചില ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവില്ല!

കൂട്ടത്തിൽ പൊങ്ങച്ചക്കാരനും വീരവാദക്കാരനും മന്ത്രവാദി ആയിരുന്നെങ്കിലും ഗോപാലശാസ്ത്രികൾ ഒരു ദിവസം മന്ത്രവാദിയെ മലർത്തിയടിച്ചു.

പതിവുപോലെ കാഞ്ഞൂർ കാവിലെ അറുകൊല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ശാസ്ത്രികൾ പറഞ്ഞു “നാരായണാ... മതി! ഇയാളു പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. പിന്നെ അതൊന്നും ഞാനിതുവരെ പറഞ്ഞില്ലെന്നു മാത്രം!”

“അതെന്താപ്പാ അത്ര വല്യ കാര്യം!?” ശമേലച്ചായൻ പുരികം ഉയർത്തി ചോദിച്ചു.

ശാസ്ത്രികൾ ചൂണ്ടുവിരലും നടുവിരലും അകറ്റിപ്പിടിച്ച് ചുണ്ടിന്മേലമർത്തി മുറുക്കാൻ നീട്ടിത്തുപ്പി. ഒന്നുകാറി, കണ്ഠശുദ്ധിവരുത്തി. തുടങ്ങി.

പണ്ട്, എന്നുവച്ചാൽ തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്ക കാലത്ത് (മലയാള വർഷം 1099 = ഇംഗ്ലീഷ് വർഷം 1925) എടവപ്പാതി തകർക്കുന്ന സമയം. ഒരു ദിവസം രാവിലെ ശങ്കുവമ്മാവൻ തറവാട്ടിൽ വന്നു. ആരാ ആള്..? ആജാനു ബാഹുവല്ലിയോ! ആറരയടിപ്പൊക്കം. നൂറു നൂറ്റിപ്പത്ത് ഇഞ്ച് നെഞ്ചു വിരിവ്. ആനയ്ക്കൊത്ത തലയെടുപ്പ്. പയറ്റിത്തെളിഞ്ഞ കളരിക്കുറുപ്പ്. മാത്രമോ, ഇന്നാട്ടിൽ അന്ന് സ്വന്തമായി തൊക്കുള്ള ഏകയാൾ!

വെള്ളം കേറിയ കാരണം ഞങ്ങളൊക്കെ മേലേപ്പുരയിടത്തിലുള്ള ചായ്പിലാ താമസം.

അമ്മാവൻ വെള്ളക്കെട്ട് അഴിച്ചുവിടാൻ വല്ല മാർഗോം ഉണ്ടോന്നു നോക്കുകയായിരുന്നു. നിലവറയ്ക്കകത്തു വച്ച പണിസാധങ്ങളെടുക്കാം എന്നു കരുതി താക്കോൽ ചോദിച്ചു.

ആരോ പോയി താക്കോൽ കൊണ്ടുവന്നു. നിലവറ തുറക്കാൻ നോക്കിയപ്പോ, അതു പൂട്ടിയിട്ടില്ല!

അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി. അമ്മാവന്റെ മുഖത്ത് ഭാവഭേദമേതുമില്ല.

അമർത്തിയൊന്നു മൂളി ” ഉം....”

എല്ലാവരും നിർന്നിമേഷരായി നോക്കി നിൽക്കേ അമ്മാവൻ നിലവറ വാതിൽ തള്ളിത്തുറന്നു.അകത്ത് കട്ടപിടിച്ച് ഇരുട്ടു മാത്രം. ഒന്നും കാണാൻ വയ്യ.

തല ഉള്ളിലേക്കിട്ട് അമ്മാവൻ ഏതാനും നിമിഷം നിന്നു. പെട്ടെന്ന് തല വലിച്ച്, വാതിൽ വലിച്ചടച്ചു! ആ ശബ്ദം കേട്ട് അവിടെ നിന്ന എല്ലാരും ഞടുങ്ങി.

കഥ കേട്ടുകൊണ്ടിരുന്ന നാലാളും - നാൽവർ സംഘത്തിലെ മൂന്നാളും പിന്നെ ഞാനും - ഞെട്ടി! ശമേലച്ചായൻ വായടയ്ക്കാൻ മറന്നു.

ഒന്നുകൂടി നീട്ടിത്തുപ്പി വെറ്റിലത്തരികൾ നുണഞ്ഞുകൊണ്ട് ശാസ്ത്രികൾ കഥ തുടർന്നു. നിലവറയിൽ നിന്നു തലവലിച്ച ശങ്കുവമ്മാവന്റെ മൂക്ക് ചുവന്നു തുടുത്ത് ഒരാനയെ വലിച്ചുകേറ്റാൻ പാകത്തിൽ വികസിച്ചിരിക്കുന്നു!

അമ്മാവൻ വിളിച്ചു പറഞ്ഞു “പുലിച്ചൂര്!!”

സ്തംഭിച്ചു നിന്ന മറ്റുള്ളവരെ നോക്കി അദ്ദേഹം വിശദീകരിച്ചു “ നിലവറയ്ക്കകത്ത് പുലി കയറിയിരിക്കുന്നു! മഴയിൽ ഒലിച്ചു വന്നതാന്നാ തോന്നുന്നെ!”

നിമിഷാർദ്ധം കൊണ്ട് ആളുടെ ഭാവം മാറി. കൈകൾ ദ്രുതഗതിയിൽ ചലിച്ചു. അമ്മാവൻ താറുടുത്തു തയ്യാറായിക്കഴിഞ്ഞു. ദൃഢനിശ്ചയത്തോടെ അദ്ദേഹം നിലവറ വാതിലിനു മുന്നിലേക്കു നടന്നു. വാതിൽ ഹുങ്കാരത്തോടെ തള്ളിത്തുറന്നു.

പിന്നിൽ നിന്നവർ ആ നിമിഷം തന്നെ അപ്രത്യക്ഷരായി!

ശങ്കുവമ്മാവൻ പതറിയില്ല. നിലവറയ്ക്കുള്ളിലേക്കു ചാടിക്കയറി. ഇരുട്ടിൽ പുലിക്കണ്ണുകൾ തിളങ്ങും എന്ന് തഴക്കം ചെന്ന വേട്ടകാരൻ കൂടിയായ അദ്ദേഹത്തിനറിയാം. ശങ്കുവമ്മാവൻ തുടയ്ക്കടിച്ചു ശബ്ദമുണ്ടാക്കി. എന്നിട്ടൊരലർച്ച!

അടുത്ത നിമിഷം പുലിയുടെ മുരൾച്ച കേട്ടു. ആ ദിക്കിലേക്കു നോക്കി. തീക്കട്ട പോലെ രണ്ടു കണ്ണുകൾ!

കണ്ണോടു കണ്ണു നോക്കി ഏതാനും നിമിഷങ്ങൾ. നിലവറ കാണാപ്പാഠമാണ് അമ്മാവന്. ഇരുൾ മെല്ലെ മാഞ്ഞു. പുലിയുടെ മുന്നിൽ നിന്ന് ഇടത്തേക്കൊരു ചാട്ടം! അമ്മാവന്റെ ചാട്ടം പ്രതീക്ഷിച്ച സ്ഥലത്തെക്ക് പുലി ചാടി. പക്ഷേ അമ്മാവൻ അതിനിടെ ഒരു കുതിപ്പുകൂടി നടത്തിയിരുന്നു.

ചാട്ടം പിഴച്ച പുലിയെ വാലിൽ പിടിച്ച് ഒറ്റ വലി!

ഇരുകൈകളും പൊക്കി സർവശക്തിയിൽ നിലത്തൊരടി!

പുലി ഊർധ്വൻ വലിച്ചു!

അമ്മാവൻ പുലിയെ വലിച്ചിഴച്ച് നിലവറയ്ക്ക് പുറത്തിട്ടു. അഞ്ചടി നീളത്തിൽ ഒരു പുള്ളിപ്പുലി തറവാട്ടുമുറ്റത്ത് ചത്തു മലച്ചു കിടന്നു.

അമ്മാവന്റെ അട്ടഹാസം കേട്ട്, ഓടിയൊളിച്ച വീരമാരെല്ലാം പാഞ്ഞുവന്നു. എല്ലാരോടുമായി അമ്മാവൻ പറഞ്ഞു. “ഇന്നു ഞാനിവിടെ വന്നതു നന്നായി. ഇനിയെങ്കിലും നിലവറവാതിൽ പൂട്ടാൻ ആരും മറക്കരുത്. മഴക്കാലമാണ്. കാട്ടുമൃഗങ്ങളും പെരുമ്പാമ്പുമൊക്കെ ഒഴുകി വരും. സൂക്ഷിച്ചോ!”

കഥ കേട്ടിരുന്നവരെല്ലാം ദീർഘനിശ്വാസം വിട്ടു.

പതിവു പോലെ ശമേലച്ചായന്റെ പുരികങ്ങൾ ഉയർന്നു. അച്ചായന് ചോദ്യം ചോദിക്കാൻ മുട്ടി. സത്യത്തിൽ എനിക്കും മുട്ടിയിരുന്നു. പക്ഷേ വാ തുറക്കാൻ ധൈര്യം പോരാ.

ശമേലച്ചായൻ ചോദിച്ചു “അല്ല ശാസ്ത്രികളേ, എന്നിട്ട് ആ പുലിയെ എന്തു ചെയ്തു?”

“പുലിയെ.... അല്ലെങ്കിൽ വേണ്ട. ബാക്കിക്കഥ ഞാൻ പറയുകേല.” ഗോപാലശാസ്ത്രി ഫുൾ സ്റ്റോപ്പിട്ടു.

“അതെന്താ കാരിയം?” ശമേലച്ചായൻ വീണ്ടും പുരികമുയർത്തി.

“അത്..... അതിത്തിരി രഹസ്യമാ....”

“ശാസ്ത്രികളേ... നമ്മൾ തമ്മിൽ ഈ എഴുപത്തഞ്ചാം വയസ്സിൽ ഇനിയെന്തു രഹസ്യം?” വേലുക്കുറുപ്പ് ചോദിച്ചു.

“ഇങ്ങനാണെങ്കിൽ ഞാനിനി ഒരു കാര്യവും വിട്ടു പറയൂല ” മന്ത്രവാദി പരിഭവം നടിച്ചു.

സമ്മർദം ഇത്രയുമായപ്പോൾ ശാസ്ത്രികൾ ചുറ്റും നോക്കി. ഇതൊന്നും കാണുന്നോ കേൾക്കുന്നോ ഇല്ലെന്ന മട്ടിൽ ,ഞാൻ ഒരു തീപ്പെട്ടിയെടുത്ത് അതിലെ കൊള്ളികൾ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും വേറെ ആരും ഇല്ലെന്നുറപ്പാക്കി ശാസ്ത്രികൾ പറഞ്ഞു തുടങ്ങി.

“ആ പുലിയെ തറവാട്ടുപറമ്പിൽ തന്നെ മറവു ചെയ്തു. അതിന്റെ നഖങ്ങൾ മുഴുവൻ ശങ്കുവമ്മാവൻ ഊരിയെടുത്തു. രണ്ടു മുൻ കാലുകളിൽ അഞ്ചുവീതം പത്ത്. പിൻ കാലുകളിൽ നാലു വീതം എട്ട്. മൊത്തം പതിനെട്ടു നഖങ്ങളാ പുലിയ്ക്ക്. പതിനേഴും അമ്മാവൻ എടുത്തു. ഒരെണ്ണം സ്വന്തം മകൾക്കു കൊടുത്തു. അവൾ അത് അരഞ്ഞാണത്തിൽ കെട്ടി അണിഞ്ഞു!“

എല്ലാവരും ആ പതിനെട്ട് പുലിനഖങ്ങൾ ഓർത്തിരുന്നു.

നിശ്ശബ്ദത.

അതിനു മീതെ ശാസ്ത്രികളുടെ ശബ്ദം ഉയർന്നു. “അങ്ങനെ ആ നഖം എന്റെ വീട്ടിലെത്തി!”

“ഹതെങ്ങനെ!?” എല്ലാവരും ഒരുമിച്ചു ചോദിച്ചു.

“എന്റെ ഭാര്യ ആരുടെ മോളാണെന്ന് നിങ്ങളെല്ലാരും മറന്നു പൊയോ?”

ഗോപാലശാസ്ത്രികളുടെ മുറപ്പെണ്ണാണ് ഭാരതിയമ്മ എന്നത് അവർശ്രദ്ധിച്ചിരുന്നില്ല! ആ ചമ്മൽ ശ്രോതാക്കളുടെ മനസ്സിൽ. സ്വന്തം ഭാര്യയുടെ അരഞ്ഞാണ രഹസ്യം വെളിപ്പെട്ടുപോയല്ലോ എന്ന ചമ്മൽ ശാസ്ത്രികളുടെ മുഖത്ത്.

എനിക്കാണെങ്കിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു പുലിനഖം സ്വന്തമാക്കുക എന്നത്. കഥയിൽ പകുതി പുളുവാണെങ്കിലും പുലിനഖം ഉണ്ടെന്നു തന്നെയാ തോന്നുന്നത്.

ഭാരതിയമ്മയോട് ചോദിച്ചുനോക്കിയാലോ? അവർ എന്നെ ആട്ടിയോടിക്കുമോ?

ഹേയ്... അവർ അങ്ങനെ ചെയ്യുമോ?

ഞാനല്ലേ അവരുടെ കുരിയാലയിലെ വിളക്കുകൾ സംരക്ഷിക്കുന്നത്? ഞാനല്ലേ അവർക്ക് കർപ്പൂരവും ചന്ദനത്തിരിയും വെറ്റിലയും വാങ്ങിക്കൊടുക്കുന്നത്? ഞാനല്ലെ അവരുടെ കൊച്ചുമോളുടെ ഏക കൂട്ടു...കാരൻ?

ഹോ! കിട്ടിപ്പൊയ്! അവളെ സോപ്പിട്ടാൽ കാര്യം നടക്കും. ഈ മണ്ടൻ ശാസ്ത്രികളെപ്പോലെയല്ല ഞാൻ!

ആദ്യം അവളുടെ മുത്തശ്ശിയിൽ നിന്ന് അത് അവൾക്കു കിട്ടണം. പിന്നെ അവളെ ഞാൻ കല്യാണം കഴിക്കും. അപ്പോൾ പുലിനഖത്തിന്റെ ഉടമസ്ഥയുടെ ഉടമസ്ഥൻ ആരാ?

രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!

അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയിൽ കെട്ടിയാൽ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയിൽ നിന്നു കൈക്കലാക്കും എന്നവൾ പ്രതിജ്ഞയെടുത്തു.

അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മൾ ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും പറയാൻ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.

ഒരാഴ്ച ശ്രമിച്ചിട്ടും മുത്തശ്ശി അവൾക്കതു നൽകിയില്ല. ഇനി അതിനുവേണ്ടി ശ്രമിക്കേണ്ടതില്ല എന്ന് എട്ടാം ദിവസം അവൾ പറഞ്ഞു.

പുലി നഖം തനിക്കു വിധിച്ചിട്ടില്ലെന്ന സത്യം ദു:ഖത്തോടെ അംഗീകരിച്ചു.

ഇന്നിപ്പോൾ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കാവുങ്കൽ തറവാട്ടിൽ എത്തുന്നത്. മക്കളും കൊച്ചുമക്കളും ഉൾപ്പടെ ഒരു പട തന്നെയുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞു. ആളുകൾ പിരിഞ്ഞു തുടങ്ങി.

കോലായിൽ രേണുക നിൽക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസു കഴിഞ്ഞ് പിന്നെ ഇന്നാനു കാണുന്നത്. ദില്ലിയിലോ മറ്റോ ആണ് അവളിപ്പോൾ താമസം. ചിരിക്കണൊ വേണ്ടയോ എന്നു സംശയിച്ചു. എന്നാൽ അവൾക്ക് വേഗം എന്നെ മനസ്സിലായി. അടുത്തു വന്നു.

കുശലം ചോദിച്ചു. ഭർത്താവും മകനും വന്നിട്ടില്ല. ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനു മടങ്ങണം.

“ഒരു ദിവസം തറവാട്ടിൽ നിന്നു കൂടായിരുന്നോ?” വെറുതെ ചോദിച്ചു.

അവൾ വിളറിയ ഒരു ചിരി ചിരിച്ചു.

“ദില്ലി മറ്റൊരു ലോകമാണ്..... അവിടെ നിലനിൽക്കണമെങ്കിൽ നാളെ ഷാർപ്പ് ടെൻ ഒ ക്ലോക്കിന് ഞാനവിടെ ഉണ്ടാവണം.....”

കുസൃതി നിറഞ്ഞ ബാല്യം രണ്ടാളുടെയും മനസ്സിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

കൂടുതൽ ഒന്നും പറയാനില്ലാത്തതുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എന്തോ ആലോചിച്ചെന്നവണ്ണം ഒരു നിമിഷാർദ്ധം അവളുടെ കണ്ണിൽ ആ പഴയ കുസൃതിക്കാരി തിളങ്ങി. നുണക്കുഴി തെളിഞ്ഞു.

“ആ പഴയ പുലിനഖത്തിന്റെ കഥ ഓർമ്മയുണ്ടോ?” അവൾ ചോദിച്ചു.

ഉവ്വെന്നു പറയുമ്പോൾ ചെറിയൊരു ചമ്മൽ തോന്നി. പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇവളെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച വേന്ദ്രനാണു ഞാൻ! അതി ബുദ്ധിമാൻ!

“അന്ന്... അന്നു തന്നെ, മുത്തശ്ശി അതെനിക്കു കെട്ടിത്തന്നിരുന്നു!“

“സത്യം?“ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തിൽ കെട്ടിയാണൊ ഇവൾ പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്...!

“സത്യം...!“ അവൾ പറഞ്ഞു.

എന്റെ ചമ്മൽ മെല്ലെ പുഞ്ചിരിയായി. അതുകണ്ടപ്പോൾ അവൾക്കും ചിരിവന്നു. മരണവീടെന്നോർക്കാതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു.

Sunday, October 31, 2010

നാട്ടിൻ പുറത്തെ വാൻഗോഗ്.

ഒരു കഷണം ആഞ്ഞിലിത്തടി തുരന്ന് ചെറിയൊരു ചുണ്ടൻ വള്ളമുണ്ടാക്കി മകനു കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. കഴിഞ്ഞ വള്ളംകളി മുതൽ മകൻ ആവശ്യപ്പെടുന്നതാണ് ഒരു കളിവള്ളം.

അപ്പോഴാണ് അനിയൻ കടന്നു വന്നത്. വലിയ ഉത്സാഹത്തിലായിരുന്നു അവൻ. പക്ഷേ അവനു പറയാനുള്ളതൊന്നും കേൾക്കാനുള്ള മൂഡിലായിരുന്നില്ല സുമേധൻ.

“ഏട്ടാ, അറിഞ്ഞോ....!?“എന്നു ചോദിച്ചപ്പോഴേക്കും അയാൾ പറഞ്ഞു. “ഇല്ല, അറിഞ്ഞില്ല. ഒന്നുമിപ്പോൾ
അറിയണമെന്നും ഇല്ല. പണിയെടുത്തുകൊണ്ടിരിക്കുന്നത് നിനക്കു കണ്ടുകൂടേ!?”

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നും ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് നിരോധനമാണെന്നും പറയാനായിരുന്നു സുദീപൻ അവിടെയെത്തിയത്. എന്നാൽ അതുപറയാനൊരവസരം അയാൾ അവനു കൊടുത്തില്ല. സുമേധന്റെസ്വഭാവം നന്നായറിയാമെന്നതുകൊണ്ട് കൂടുതൽ വാദമുഖങ്ങൾക്കൊന്നും സുദീപൻ മുതിർന്നതുമില്ല.

ഏട്ടൻ ചുണ്ടൻ വള്ളമാണ് പണിഞ്ഞുകൊണ്ടിരിക്കുന്നതെന്നു കണ്ടപ്പോൾ അനിയൻ അതിശയിച്ചു. ഇനിയിപ്പോ കാക്ക മലർന്നു പറക്കുമോ! അവൻ അതിശയിച്ചു. ഉഴപ്പന്മാരുടെ രാജാവാണ് ചുണ്ടൻ വള്ളം പണിയുന്നത്!

ഏട്ടന്റെ കരവിരുത് സാകൂതം നോക്കിക്കൊണ്ട് അവൻ അരികത്തു നിന്നു. എത്ര അയത്നലളിതമായാണ് ആ വിരലുകൾ ആഞ്ഞിലിക്കഷണത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നത്. താൻ അരികിൽ ഉണ്ടെന്നത് ആൾ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു.

മകൻ അംഗനവാടിയിൽ നിന്നു വരുന്നതിനു മുൻപ് ചുണ്ടൻ വള്ളം പണിഞ്ഞു തീർക്കുകയാണ് ഏട്ടന്റെ ഉദ്ദേശം എന്ന് അവനു മനസ്സിലായി.

മണി മൂന്നരയായതോടെ രമണി കുട്ടിയുമായെത്തി. ഭർത്താവ് കൊത്തുപണിയുമായിരിക്കുന്നതുകണ്ട ഉടൻ അവൾ ചീറി.

“ഓ.... ഇനി മോനെ വള്ളത്തിലേറ്റി കായലിലേക്കു വിടാനായിരിക്കും ചുണ്ടൻ വള്ളം.”

സുമേധൻ പ്രതികരിച്ചില്ല. അയാൾ വള്ളം മിനുക്കിക്കൊണ്ടിരുന്നു. തന്റെ സ്വപ്നമായ കളിപ്പാട്ടം അച്ഛന്റെ കൈകളിൽ കണ്ടപ്പോൾ മകൻ തുള്ളിച്ചാടി അയാൾക്കരികിലെത്തി. രമണി ക്രുദ്ധയായി പാഞ്ഞുവന്ന് അവനെ വലിച്ചിഴച്ചുകൊണ്ടുപോയി.

സുദീപൻ ആകെ വിഷമത്തിലായി. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഏട്ടന്റെയുള്ളിലെ കലാകാരനെ മനസ്സിലാക്കാൻ ഭാര്യയ്ക്കുകഴിഞ്ഞില്ല. അലസനായ ചിത്രകാരന്റെ ഭാര്യ എന്നതിനേക്കാൾ നിത്യവൃത്തിക്കുമുട്ടില്ലാത്ത ബാനറെഴുത്തുകാരന്റെ വീട്ടുകാരി എന്ന നിലയിൽ ജീവിക്കാനായിരുന്നു രമണിക്കു താല്പര്യം.

ഇനിയിവിടെ നിന്നാൽ ഒരു ശണ്ഠയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരും.

അവൻ ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു. പുറത്തേക്കു കൂണ്ടുപോയി.

“അമ്മ കാണണമെന്നു പറയുന്നു.” കള്ളം പറഞ്ഞു.

അവർ പുറത്തേക്കിറങ്ങി.

സുമേധൻ തിരിച്ചുവന്നപ്പോൾ മകൻ ഏങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു.

രമണി ആ ചുണ്ടൻ വള്ളം കൊത്തിനുറുക്കി അടുപ്പിൽ വിറകാക്കിയത്രെ!

ഇപ്പോൾ ഇടയ്ക്കു കയറാൻ സുദീപനില്ല.

ഇരച്ചുകയറിയ കലിയിൽ സുമേധൻ സ്വയം മറന്നു. നെറ്റിയിൽ നിന്നും കടവായിൽ നിന്നും രക്തമൊലിപ്പിച്ച് രമണി നിലത്തു വീണു.

പിറ്റേന്നു രാവിലെഅവിടെ അടുക്കള പുകഞ്ഞില്ല. രമണി വെളുപ്പാൻ കാലത്തെ ആദ്യ വണ്ടിക്കു തന്നെ ആവീടു വിട്ടുപോയിരുന്നു. സുദീപൻ വന്ന് കുട്ടിയെ തറവാട്ടിലേക്കു കൊണ്ടുപോയി.

തറവാട്ടിലിപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം ഉള്ളത് സുദീപനാണ്. കല്യാണശേഷമാണ് സുമേധൻ മാറിത്താമസിക്കാൻ തുടങ്ങിയത്.സുദീപന് ഓർമ്മയുള്ളകാലം മുതൽ സ്കൂളിലെന്നും ആരാധിക്കപ്പെട്ട ചിത്രകാരനായിരുന്നു അവന്റെ ജ്യേഷ്ഠൻ.

ആദ്യകാലത്ത് കട്ടിപ്പെയിന്റിൽ കടുംവർണങ്ങൾ ചാലിച്ച്, വ്യക്തമായ വരകളോടെ യഥാർത്ഥജീവീതത്തിൽ നിന്നുള്ള ചിത്രങ്ങൾ വരച്ചിരുന്നു സുമേധൻ.

പിന്നീടെപ്പോഴൊ പ്രകൃതിയിലെ ജ്യാമിതിയിലായി അയാളുടെ ശ്രദ്ധ. പൂവിലും കായിലും, ഒച്ചിലും ഞണ്ടിലും, പുരയുടെ മേൽക്കൂരയിലും ഒക്കെ നോക്കി മണിക്കൂറുകൾ ചെലവഴിക്കുക പതിവായി.

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ഒരുവിധം പാസായപ്പോൾ ഫൈൻ ആർട്ട്സ് കോളേജിൽ ചേരാനായിരുന്നു സുമേധനു താല്പര്യം. എന്നാൽ അച്ഛൻ സമ്മതിച്ചില്ല. ഊശാന്താടിയും കഞ്ചാവുമായി നടന്ന് വീടിനും നാടിനും കൊള്ളാത്തവനാക്കാൻ തനിക്ക് മക്കളില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചു. അമ്മയും അനിയനും എത്ര നിർബന്ധിച്ചിട്ടും അച്ഛൻ വഴങ്ങിയില്ല.

രണ്ടുകൊല്ലം മറ്റൊരു കോഴ്സിനും ചേരാതെ വെറുതേ പോയി.

അച്ഛനും ഏട്ടനും തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചുവന്നു. മനസ്സുകൊണ്ട് ഏട്ടനൊപ്പമായിരുന്നു സുദീപൻ. അച്ഛന് കഴിവെന്നാൽ പരീക്ഷ പാസാകൽ മാത്രമാണ്.അനുകൂലമായ ഒരു പിൻതുണകിട്ടിയാൽ എവിടെയെത്തണ്ട ആളാണ് ഏട്ടൻ. പക്ഷെ അച്ഛനിപ്പോൾ മൂത്തമകനെ എങ്ങനെയെങ്കിലൂം ഒഴിവാക്കിയാൽ മതിയെന്നായി. അമ്മയ്ക്ക് ഒരുകാലത്തും സ്വന്തം അഭീപ്രായം എന്നൊന്നില്ല താനും.

അങ്ങനെയാണ് സുമേധൻ ബാംഗ്ലൂർക്ക് നാടുകടത്തപ്പെട്ടത്.പക്ഷേ ബാംഗ്ലൂർഅയാൾക്കിഷ്ടമായില്ല. തണുത്തു നരച്ച ശീലത്തുണിപോലെ ആകാശം അയാൾക്കു മീതെ കനംതൂങ്ങി നിന്നു. വെയിൽ, വെളിച്ചം, നീലാകാശം, നാട്ടിൻപുറം ഇതൊക്കെയായിരുന്നു അയാൾക്കിഷ്ടം.

അന്തരീക്ഷം കനം തൂങ്ങുന്നതോടെ മനസ്സും കനക്കും. പിന്നീടുള്ള യാമങ്ങൾ അസഹനീയമായ വ്യഥയാണ് സുമേധനു നൽകിയത്.ഒരു കൊല്ലത്തിനുള്ളിൽ അയാൾ ബാംഗ്ലൂരിനു വിട ചൊല്ലി. നാട്ടിലേക്കു മടങ്ങി.

നാട്ടുവെയിലും, കാറ്റും, വയൽപ്പരപ്പും അയാളെ ആഹ്ലാദവാനാക്കി. തന്റെ മകൻ ഇത്ര സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ അമ്മ ഉള്ളുതുറന്നാഹ്ലാദിച്ചു.

അങ്ങനെയാണ് രമണിയെ പെണ്ണുകാണാൻ അവർ മകനെ നിർബന്ധിച്ചത്. അച്ഛനും സഹോദരങ്ങൾക്കും എതിർപ്പുണ്ടായില്ല..

ആദ്യമൊക്കെ ഭർത്താവ് ചിത്രം വരയ്ക്കുന്നത് രമണി നോക്കിയിരിക്കുമായിരുന്നു, വിശേഷിച്ചൊന്നും മനസ്സിലായില്ലെങ്കിലും. എന്നാൽ പിൽക്കാലത്ത് ഒരു ചിത്രവും സുമേധൻ മുഴുമിക്കാതെയായി. മുക്കാൽ പങ്ക് വരച്ചു തീർത്ത നിരവധി ചിത്രങ്ങൾ അയാളുടെ മുറിയിൽ അട്ടിയായി.അഥവാ ഒരുചിത്രം മുഴുമിച്ചാൽ അത് ആർക്കെങ്കിലും സ്നേഹപൂർവം സമ്മാനിക്കും. മറ്റു ചിലരോട് ചിത്രം നൽകാമെന്നു വാഗ്ദാനം നൽകിയാലും വരച്ചു നൽകുകയുമില്ല!

വേറേ പണിയൊന്നും ചെയ്യാൻ അയാൾക്കറിയില്ല എന്നതിനാൽ പണത്തിനു നന്നേ ഞെരുക്കമായി.

അതിനിടെ കോളേജുവിദ്യാർത്ഥിയായിക്കഴിഞ്ഞിരുന്ന സുദീപൻ വളരെ കഷ്ടപ്പെട്ട് ഒരുചിത്രപ്രദർശനം സംഘടിപ്പിച്ചു. അതിൽ വിറ്റുപോയത് രണ്ടേ രണ്ടു ചിത്രങ്ങളാണ്. ആ പൈസയുമായി വരുന്ന വഴിക്കാണ് പണിക്കരുമാഷുടെ ഭാര്യ ആക്സിഡന്റിൽ പെട്ടുറോഡിൽ കിടക്കുന്നത് കണ്ടത്. അനിയൻ നോക്കി നിൽക്കേ സുമേധൻ കാറു വിളിച്ച്നാട്ടുകാരുമായി മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. പിറ്റേന്നാണ് തിരിച്ചുവന്നത്.

കാറുകൂലിയും, സ്കാനിംഗും മരുന്നുകൂട്ടവുമൊക്കെയായി കീശ കാലി.

ചിത്രപ്രദർശനം വഴി വീട്ടിലെത്തിയത് കുഞ്ഞുമകനുള്ള ഒരു മിഠായിപ്പൊതി മാത്രം.

രമണി പൊട്ടിത്തെറിച്ചു. കാശിനു കൊള്ളരുതാത്ത ഒരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ പൊറുത്തോളാം എന്നാർക്കും വാക്കൊന്നും കൊടുത്തില്ലെന്ന് അവൾ അലറി.

അങ്ങനെയാണ് അയാൾ ബാനർ എഴുതാൻ തുടങ്ങിയത്. ഒക്കെ അനിയൻ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഓർഡറുകൾ. അത്യാവശ്യം വീട്ടുചെലവുകൾക്ക് മുട്ടില്ല എന്നായി.

എന്നാൽ ആആശ്വാസം അധികം നീണ്ടുനിന്നില്ല. നാട്ടിൽ ഫ്ലക്സ് വിപ്ലവം വന്നത്അക്കാലത്തായിരുന്നു. രാഷ്ട്രീയപ്പാർട്ടികളുൾപ്പടെ സകലരും ഫ്ളക്സിലേക്ക് കാലുമാറി.

സൌജന്യമായി ബാനർ എഴുതാം എന്നുവച്ചാലും ആർക്കും വേണ്ട. അതൊക്കെ വലിയ താമസമുള്ള ഏർപ്പാടാണത്രെ! രണ്ടു മണിക്കൂർ കൊണ്ട് കിട്ടുന്ന ഫ്ളക്സിനു പകരം രണ്ടുദിവസം കാത്തിരിക്കാൻ ആർക്കും സമയമില്ല.

ജീവിതം വഴിമുട്ടി.

പരീക്ഷകൾ എന്നും അയാൾക്ക് പേടിസ്വപ്നമായിരുന്നു. സ്കൂളിലും ജീവിതത്തിലും.

കുട്ടിക്കാലം അവസാനിച്ചുപോയതോർത്ത് അയാൾ ദു:ഖിച്ചു. ഭാമയുടെ മുഖം മനസ്സിൽ തെളിഞ്ഞു.

അന്നൊക്കെ പുസ്തകം തുറന്നാൽ അതിലെ ആദ്യവരി വായിക്കുമ്പോഴേയ്ക്കും സുമേധന്റെ മനസ്സിൽ നൂറായിരം വർണങ്ങൾ വിരിയും. കണക്ക് പരീക്ഷയുടെ തലേന്നാണ് വർണചിത്രങ്ങളുടെ ജ്യാമിതി ഒരു കാലിഡോസ്കോപ്പിലെന്നപോലെ തലയിൽ നിറഞ്ഞത്. രാവുമുഴുവൻ ശ്രമിച്ചെങ്കിലും അതിൽ പകുതിപോലും അവന് കടലാസിലേക്ക് ആവാഹിക്കാൻകഴിഞ്ഞില്ല.

പിറ്റേന്നു രാവിലെ സ്കൂളിലെത്തിയപ്പോൾ അവൻ ഭാമയെ പിടിച്ചു വലിച്ച് വരാന്തയുടെ ഒഴിഞ്ഞ മൂലയിലേക്കോടി. തന്റെ നോട്ടുപുസ്തകം നിറയെ വരഞ്ഞിട്ട ചിത്രങ്ങൾ അവളെ കാണിച്ചു. സുമേധന്റെ ചിത്രങ്ങളിൽ അവൻ പോലുംകാണാതിരുന്ന ജ്യാമിതീയപൂർണതയുടെ അനായാസതയിൽ അവൾ വിസ്മയം കൊണ്ടു.

അവൾക്ക് വരയ്ക്കാനറിയില്ലായിരുന്നു. പക്ഷേ അവൻ വരഞ്ഞ ഓരോ ചിത്രവും അവളുടെ കണ്ണുംകരളും തലച്ചോറും കീഴടക്കി.പെട്ടെന്നുണ്ടായ ആവേഗത്തിൽ അവൾ സുമേധനെചുംബിച്ചു. ചുംബനങ്ങളുടെ ആവേശം അവൻ ഏറ്റെടുത്തു. കണക്കു പരീക്ഷ തൊട്ടടുത്ത ഹാളിൽ നടക്കുമ്പോൾ അവർ ജ്യാമിതീയനിയമങ്ങളുടെ ഉടലഴകുകൾ പരസ്പരം അറിഞ്ഞു.

ക്ലാസ് ഫസ്റ്റായിരുന്നു,ഭാമ. ആ ഓണപ്പരീക്ഷയോടെ അവളുടെ പഠനഗ്രാഫ് ക്രമേണ താഴ്ന്നു. സുമേധന്റെചിത്രങ്ങൾ വർണനാഗങ്ങളുടെ ഫണം വിടർത്തിയാടി. വയലിറമ്പിലെകൈതക്കൂട്ടങ്ങൾക്കിടയിലും, സർപ്പക്കാവിലെ നാഗത്തറയിലുമൊക്കെ വർണം വിതറി ജ്യാമിതിപുഷ്പങ്ങൾ വിരിഞ്ഞു.

അവളാണ് അവന്റെ ഓരോ ചിത്രത്തിനും വ്യാഖ്യാനങ്ങൾ ചമച്ചത്. ഓരോ ചിത്രത്തിലും അവൾ തന്നെത്തന്നെ കണ്ടെത്തി.

പലപ്പോഴും അവൻ ചോദിക്കുമായിരുന്നു “എങ്ങനെയാണ് ഭാമേ നീയീ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നത്? ഞാൻ കാണാത്ത, സങ്കല്പിച്ചിട്ടുകൂടിയില്ലാത്ത അർത്ഥതലങ്ങൾ.....”

അവളുടെ വ്യാഖ്യാനങ്ങളുടെ നറുനിലാവിൽ അവൻ തന്റെ സങ്കേതങ്ങൾ വിപുലപ്പെടുത്തി. കലോത്സവങ്ങളിൽ സുമേധൻ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

പക്ഷേ പിന്നീട്ആര് ആരിൽ നിന്നാണകന്നത് എന്നറിയില്ല. പ്രീഡിഗ്രിക്കാലത്തു തന്നെഭാമയുമായുള്ള സൌഹൃദം ഇല്ലാതായിക്കഴിഞ്ഞിരുന്നു. സുമേധൻ എല്ലാവരിൽ നിന്നും ഉൾ വലിഞ്ഞു.

വർഷങ്ങൾക്കിപ്പുറം ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അയാൾക്ക് സ്കൂൾ ദിനങ്ങളിലേക്ക് മടങ്ങാൻ അദമ്യമായ ഉൾവിളി തോന്നി.

സുദീപനോട് ഭാമയെക്കുറിച്ചു ചോദിച്ചു.

അവളിപ്പോൾ കുറച്ചു ദൂരെയാണ് താമസം എന്നും, വിവാഹം കഴിച്ചെന്നും എന്നാൽ അവളെക്കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നും അല്ലെന്നും അവൻ വിവരിച്ചു.

അനിയൻ പറഞ്ഞ വിവരങ്ങൾ വച്ച് വീട് പെട്ടെന്നു തന്നെ കണ്ടു പിടിച്ചു. ഒരു കൂറ്റൻ ബംഗ്ലാവ്.

അന്നു വൈകുന്നേരം ഭാമയ്ക്കരികിലിരിക്കുമ്പോൾ സുമേധൻനിശ്ശബ്ദനായിരുന്നു. വർണ്ണക്കൂട്ടുകളുടെ ജ്യാമിതീയരാശികളിൽ മുഴുകി സ്വയംമറന്നിരിക്കുകയായിരുന്നു അയാൾ. അവളാവട്ടെ തൊങ്ങലുകളുള്ള ഒരു ഒഴുക്കൻകുപ്പായം മാത്രം ധരിച്ച് നിലക്കണ്ണാടിക്കു മുന്നിൽ അലസം ഇരുന്നു. മിണ്ടാതെ മിണ്ടിയിരുന്ന മിനിട്ടുകൾക്കൊടുവിൽ സുമേധൻ എഴുന്നേറ്റു. തന്റെസഞ്ചിക്കുള്ളിൽ നിന്ന് ഒരു ബ്രഷും ചായക്കൂട്ടും പുറത്തെടുത്തു.

പാതിരാവാകുവോളം ക്യാൻവാസിൽ അവളുടെ ഉടലഴകിന്റെ ജ്യാമിതിയിൽ ചിത്രങ്ങൾ തീർത്തു, അയാൾ.

ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു.......ഭർത്താവു മരിച്ചശേഷം അവൾ എന്നും ആ വീടിനുള്ളിൽ തന്നെയായിരുന്നു. പുറത്തധികം ഇറങ്ങാതെ പെയിന്റിംഗുകളിൽ തന്റെ മുഖം പരതി രാപ്പകലുകൾ.....

“ഞാനെന്തേ ഇങ്ങനെയായത്!?” അവൾ തന്നത്താനേ ചോദിച്ചു.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. സുമേധന്റെ മൌനം പൊളിക്കാൻ വേണ്ടി അവൾ ചോദിച്ചു.

“ഇത്രയും നേരം മോഡൽ ആയി ഇരുന്നു തന്നതിന് എനിക്കെന്തു പകരം തരും, നീ?” അവൾ ചോദിച്ചു.

“എന്തുവേണം നിനക്ക്?”

"നിന്റെയീ റോമൻ നോസ് !“ അവന്റെ നീണ്ട മൂക്കിന്റെ പാലത്തിൽ തട്ടി അവൾ പറഞ്ഞു.

“തരുമോ..? നിന്റെ മൂക്ക്...!?” അവൾ ചോദ്യം ആവർത്തിച്ചു.

സുമേധൻ എഴുന്നേറ്റു. തന്റെ മൂക്കിൻ തുമ്പ് അവളുടെ ചുണ്ടിൽ തൊടുവിച്ചു പറഞ്ഞു. “കടിച്ചെടുത്തോ....!“

എന്നാൽ അയാളെ അമ്പരപ്പിക്കുമാറ് അവൾ പിന്നിലേക്കു മാറി.

“കടിച്ചെടുക്കാൻ ഞാനെന്താ വല്ല നായയോ മറ്റോ ആണോ? നിനക്കു ചുണയുണ്ടെങ്കിൽ നിന്റെ മൂക്ക് എനിക്കു മുറിച്ചു താ!“

കൂർത്ത കൺമുനകളെയ്തുകൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുകളിലെ കുസൃതി പക്ഷേ, അയാൾക്കൊരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത്.

ചുറ്റും പരതിയ,സുമേധന്റെ കണ്ണുകൾ, മേശപ്പുറത്തിരുന്ന കറിക്കത്തിയിലുടക്കി. ഒരുനിമിഷാർദ്ധത്തിൽ അയാളുടെ കയ്യിലിരുന്ന് അതിന്റെ വായ്ത്തല തിളങ്ങി. അടുത്തനിമിഷം അവളുടെ മുഖത്തേക്ക് ചോര തെറിച്ചു.

മൂക്ക് അറ്റു തൂങ്ങി.ചോര കുടുകുടെ ഒഴുകാൻ തുടങ്ങി. കളി കാര്യമായതോടെ ഭാമ വിയർത്തു. എന്തുചെയ്യണം എന്നറിയാതെ അവൾ പകച്ചു. ഒടുവിൽ അയാളുടെ മൊബൈലിൽ നിന്ന് അവൾ സുദീപന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു.

ആ വാർത്ത കേട്ടപ്പോൾ ഗണികയ്ക്ക് സ്വന്തം ചെവിയറുത്തു സമ്മാനിച്ച വിൻസെന്റ് വാൻ ഗോഗിനെ ഓർത്തു, സുദീപൻ. സ്വയം ഒരു വാൻ ഗോഗാകാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ തന്റെ ഏട്ടൻ?

സംഭവം കേട്ടപാടേ, രമണി തറവാട്ടിലെത്തി മകനെ പിടിച്ചു വലിച്ചുകൊണ്ടുപോയി. അച്ഛനുമമ്മയ്ക്കും മുന്നിൽ വച്ച് സുമേധൻ കെട്ടിയ താലിച്ചരട് പൊട്ടിച്ച് നിലത്തെറിഞ്ഞു.

“കണ്ട തേവിടിശ്ശിമാര് മൂക്കു ചെത്തിവിട്ടവന്റെ കൂടെ ഇനി എന്റെ പട്ടി പൊറുക്കും!“ എന്നലറി അവൾ കാർക്കിച്ചു തുപ്പി.

അമ്മ മരവിച്ചു നിന്നു. അച്ഛന്റെ മുഖത്ത് പുച്ഛഭാവം.മകൻ ഇപ്പോഴും തന്റെ ശത്രു എന്ന മട്ട്.

ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിനു മുന്നിലിരിക്കുമ്പോൾ സുദീപന്റെ മനം നിറയെ കുട്ടിക്കാലമായിരുന്നു.
എത്ര മിടുക്കനായിരുന്നുഏട്ടൻ. തന്റെ ബാല്യം നിറയെ കടുത്ത വർണക്കൂട്ടുകളുള്ള ചിത്രങ്ങൾ കൊണ്ടുനിറച്ച്, കളിപ്പാട്ടങ്ങളുടെ ധാരാളിത്തത്തിൽ മുക്കി തനിക്കു മുന്നിൽ എന്നും ഉണ്ടായിരുന്നവൻ......

പൂക്കൾ നുള്ളിയെടുക്കുന്നത്ഏട്ടന് ഇഷ്ടമല്ലായിരുന്നു. അത് ചെടികളിൽ നിൽക്കുന്നത് നോക്കിനിന്നാസ്വദിക്കാനായിരുന്നു ഇഷ്ടം. എന്നിട്ട് വീട്ടിൽ വന്ന് അതൊക്കെ അതേ പടിവരച്ചു തരും! അതിലോരോന്നിലും ഉള്ള ഇതളുകളും അവയുടെ അടുക്കുകളുടെ രീതിയും പറഞ്ഞു തരും.ആമ്പൽ,താമര ഡാലിയ, സീനിയ,നിത്യകല്യാണി എന്നിവ മുതൽ മാവിന്റെയും കശുമാവിന്റെയും പൂങ്കുലകൾ വരെ എങ്ങനെയാണ് പ്രകൃതി ക്രമീകരിച്ചിരിക്കുന്നതെന്നു കാട്ടിത്തരും.

പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി.

ഐ.സി.യു.വിൽ നിന്ന് മുറിയിലേക്കു മാറ്റിയപ്പോൾ കട്ടിലിനരികിൽ അനിയൻ ഇരുന്നു.

അർദ്ധബോധാവസ്ഥയിൽ കണ്ണുകൾ കനം തൂങ്ങി നിൽക്കെ അയാൾ പിറുപിറുത്തു.

“എ...ന്റെ ...മോനെവിടെ.....? ബാനർ എഴുതാൻ തുണിയെവിടെ?”

ഫ്ലക്സ് ബോർഡ് നിരോധനം കോടതി നീക്കിയ വാർത്ത ആശുപത്രിമുറിയിലെ ടി.വി.യിൽ സ്ക്രോൾ ചെയ്തു പോയത് നിർവികാരതയോടെ സുദീപൻ ഓർത്തു.

ഏട്ടനെ മനസ്സിലാവുന്നത് ഒരു പക്ഷെ, തനിക്കു മാത്രമാണെന്ന് സുദീപൻ തിരിച്ചറിഞ്ഞു. അതെ,വാൻ ഗോഗിന്റെ അനിയനെപ്പോലെ!

മകനെ ജീവനാണ് സുമേധന്. അവനുവേണ്ടി രമണിയുടെ പരുഷവാക്കുകൾ ഇനിയും കേൾക്കാൻ അയാൾ തയ്യാറാണ്. ബാനർ എഴുതിയായാലും ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നത് അവനുവേണ്ടിയാണ്.പക്ഷേ, അവൾ......

ബോധം വീണപ്പോൾ സുമേധൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. മേൽക്കൂരയുടെ നരച്ച വെള്ള.......അവിടെ വർത്തുളച്ചുഴികൾ തീർത്ത് കരിനാഗഫണങ്ങൾ..... അവ നീണ്ടു വന്ന് തന്റെ കഴുത്തിൽ ചുറ്റി മുഖത്തേക്കു ചീറ്റിയാടി തിമിർക്കുന്നു.... അകലെയെങ്ങോ ഒരു കുഞ്ഞു നിലവിളി...... തന്റെ മകനാണ്..... അവൻ ഏതോ പാതാളച്ചുഴിയിലേക്കാണ്ടു പോയോ?

അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു.

കടും വർണങ്ങളുടെ നീരാഴികൾ.....കരിനാഗങ്ങൾ സ്വർണനാഗങ്ങളായി......അവ ഒന്നാകെ ചുറ്റിപ്പിണഞ്ഞ് ഉയർന്നു പൊന്തുന്നു; താണു മുങ്ങുന്നു.

സുമേധൻ വീണ്ടും ഏതോ നിലയറിയാച്ചുഴികളിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടേയിരുന്നു.

അനിയൻ ഏട്ടന്റെ കൈ തലോടിക്കൊണ്ടിരുന്നു.