Saturday, February 9, 2013

നിറൈമൊഴി


അങ്ങനെ ആ പ്രക്ഷോഭം അവസാനിച്ചിരിക്കുന്നു.......

എട്ടു മണിക്കുണ്ടായിരുന്ന ലൈവ് ടെലിക്കാസ്റ്റിന്റെയും തത്സമയ ചർച്ചയുടെയും ഹരത്തിലാണ് വാർത്താപ്രേമികൾ. ദീർഘനാളായി തുടരുന്ന ഒരു ചെറുത്തു നില്പിന് ഇത്ര പെട്ടെന്ന് ഒരു പര്യവസാനമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒരു സമരമെന്ന നിലയിൽ ഇതു നീട്ടിക്കൊണ്ടു പോകാൻ സംഘാടകർക്കു കഴിയും എന്നു തന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്.

ഇത്രകാലം നീണ്ടു നിന്നിട്ടും തിരിഞ്ഞു നോക്കാത്ത ചാനലുകൾ പോലും  ഇന്ന് മത്സരിച്ചാണ് ലൈവ് കവറേജ് കൊടുക്കുന്നത്. ഒ.ബി.വാനുകൾ നിരനിരയായി ആകാശത്തേക്കു വാ പിളർന്നു കിടക്കുന്ന കാഴ്ചയും ലൈവായി ജനം കണ്ടു. ഇനി ഒൻപതുമണിയുടെ വാർത്തയും ചർച്ചയുമുണ്ട്. സമഗ്രമായൊരു റിപ്പോർട്ട് അതിലുണ്ടാവും. തീർച്ച.

ഒൻപതു മണിക്ക് പതിവു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, തലവാചകങ്ങൾ ഉച്ചസ്ഥായിയിൽ നിലവിളിച്ചുകൊണ്ട്, വാർത്താവതാരകൻ രാജകീയമായി പ്രത്യക്ഷപ്പെട്ടു. വാർത്ത തുടങ്ങി. ആദ്യവാചകം തന്നെ മുടിഞ്ഞ കരയെപ്പറ്റിയായിരുന്നു.

പ്രധാനവാർത്തകൾ ഒന്നൊന്നായലറിത്തീർത്ത്, തോളും തലയും യാന്ത്രികമായി ചലിപ്പിച്ചുകൊണ്ട് അവതാരകൻ തുടങ്ങി “അ..... അ..... പ്രശ്നബാധിതമായ മുടിഞ്ഞകരയിൽ നിന്നുള്ള ദൃശ്യങ്ങളാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ആണവനിലയത്തിനെതിരെ ചെറുത്തുനിൽ‌പ്പു തടത്തിയ മുഴുവൻ ജനങ്ങളെയും ആ മേഖലയിൽ നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്. അ..... അ..... അതിന്റെ കൂടുതൽ ദൃശ്യങ്ങളിലേക്ക്.....”

പലായനം ചെയ്യുന്ന ജനതതിയുടെ വിഭ്രാന്തിയുടെയും, അലമുറയുടെയും, സംഘർഷത്തിന്റെയും ദൃശ്യങ്ങൾ..... ഒടുവിൽ കണ്ണീരൊലിപ്പിച്ചുനിൽക്കുന്ന ഒരു മാതാവിന്റെയും, അവരുടെ ഒക്കത്തിരിക്കുന്ന രണ്ടുവയസ്സുകാരി കുഞ്ഞിന്റെയും കരളലിയിക്കുന്ന ദൃശ്യത്തിൽ ഫ്രീസ് ചെയ്തു നിർത്തിക്കൊണ്ട് ഒൻപതുമണിക്കുള്ള ന്യൂസ് ചർച്ച സമാരംഭമായി.

ഇതേ സമയം, തിരുവനന്തപുരത്തേക്കുള്ള രാത്രിവണ്ടിയിൽ കുത്തിനിറഞ്ഞ കമ്പാർട്ട്മെന്റുകളൊന്നിൽ രാസാത്തി അക്കാവുക്കും അവരുടെ മക്കൾക്കുമൊപ്പം നിറൈമൊഴി ചുരുണ്ടിരുന്നു. അഞ്ചുപേർക്കിരിക്കാവുന്ന സീറ്റിൽ ആറു മുതിർന്നവരും, അവളുൾപ്പടെ എട്ട് കുട്ടികളുമുണ്ട്. എതിർവശത്തും അത്ര തന്നെ. കൂടാതെ മുകൾവശത്തെ ബർത്തുകളിലും.

രണ്ടു മാസം മുൻപ് അമ്മ ജയിലായതിനു ശേഷം രാസാത്തിയക്കാ ആയിരുന്നു തനിക്കും സഹോദരന്മാർക്കും തുണയായതെന്ന് നിറൈമൊഴി ഓർത്തു. ഇന്നിപ്പോൾ ആ അക്കാവുടെ ഭർത്താവിനെയും പോലീസ് പിടിച്ചു.

“രാജ്യദ്രോഹികൾ ”എന്ന് അലറിവിളിച്ചുകൊണ്ട് തന്റെ അണ്ണാമാരെയും അവർ കൊണ്ടു പോയി.പതിനാലും, പതിനാറും വയസ്സുള്ള രാജ്യദ്രോഹികൾ..... (അണു ഉലൈക്ക് എതിരുനിൽക്കുന്ന മുഴുവൻ പേരും രാ‍ജ്യദ്രോഹികൾ ആണത്രെ!)

കടലിൽ നിന്നു വന്ന അപ്പാ ഇപ്പോൾ തങ്ങളെ കാണാതെ ഊരെല്ലാം ഓടിയലയുന്നുണ്ടാവും.... അതോ, അപ്പാവെയും പോലീസ് പിടിച്ചിരിക്കുമാ......?

എത്ര ത്യാഗങ്ങൾ സഹിച്ചു നടത്തി വന്ന സമരമായിരുന്നു.....

മാസങ്ങൾക്കു മുൻപ് പോലീസ് നിരയ്ക്കെതിരെ പ്രതിരോധം തീർത്ത അവളുടെ അമ്മയുൾപ്പടെയുള്ള സ്ത്രീകളെ പോലീസ് തൂക്കി ജീപ്പിലിട്ടുകൊണ്ടുപോയതും, മുദ്രാവാക്യം വിളിച്ച് കുതറിയോടാൻ ശ്രമിച്ച അവരെ വനിതാ പോലീസ് ബൂട്ടിട്ടു ചവിട്ടിയതും ഒക്കെ നിറൈമൊഴിയുടെ മനസ്സിലൂടെ കടന്നുപോയി.

ശരീരത്തിൽ വീണ ചവിട്ടുകളെല്ലാം ഏറ്റുവാങ്ങി, തങ്ങളുടെ തുറയെ നോക്കി “വേണ്ടാം, വേണ്ടാം, അണു ഉലൈ* വേണ്ടാം; വേണ്ടും, വേണ്ടും, സൂര്യ ഉലൈ* വേണ്ടും.......” എന്ന് കണ്ണീർവാർത്തലറിക്കരഞ്ഞ അമ്മമാരെയും കൊണ്ട് ജീപ്പ് ചീറിപ്പാഞ്ഞു പോയി.

എന്തുവന്നാലും സഹിക്കണമെന്നും, ഒരിക്കലും പിന്നോട്ടുപോകരുതെന്നും സമരനായകർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പള്ളിമുറ്റത്തെ പന്തലിൽ എപ്പോഴും സ്ത്രീകളും, വൃദ്ധരും, കുട്ടികളുമായിരുന്നു കൂടുതൽ. അവരുടെ കൂട്ടായ്മ, ആവേശം, മുദ്രാവാക്യങ്ങൾ, പാട്ടുകൾ..... ഒക്കെ അവളുടെ മനസ്സിലേക്ക് ആർത്തലച്ചെത്തി.

നിത്യവൃത്തിക്കായി കടലിൽ പോയിരുന്ന ഗൃഹനാഥന്മാരെല്ലാം മടങ്ങിവന്നു കഴിഞ്ഞാൽ അവർക്കൊപ്പം കൂടും. അപ്പോൾ നേതാക്കന്മാർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കും. സ്കൂലിലെ ടീച്ചർമാരെക്കാൾ രസകരമായ തരത്തിൽ...... അങ്ങനെയാണ് അണു ഉലൈ, കതിർവീച്ച്* എന്നൊക്കെ നിറൈമൊഴി ആദ്യമായി കേട്ടത്.

അണു ഉലൈയെ തണുപ്പിക്കാൻ ഒരു ദിവസം 51 ലക്ഷം ലിറ്റർ തണ്ണി വേണമത്രെ. അത്രയ്ക്കു ചൂടാ അതിനുള്ളിൽ. ആ ചൂടു മുഴുവൻ കടലിലേക്ക്...... അവിടുള്ള മീനുകൾ മുഴുവൻ ചത്തൊടുങ്ങും. അല്ലെങ്കിൽ ദൂരക്കടലിലേക്കു പോകും. അപ്പാവുക്കും കൂട്ടുകാർക്കും മീൻ കിട്ടാതാകും. ഊര് വറുതിയിലാകും.

ആദ്യ പോലീസ് അതിക്രമം നടന്ന നാൾ അപ്പാ കടലിൽ നിന്നു വന്നപ്പോഴേക്കും തുറ ശ്മശാനമൂകമായിരുന്നു. അമ്മയെ കൊണ്ടുപോയതറിഞ്ഞ്, മക്കൾ മൂന്നുപേരെയും കെട്ടിപ്പുണർന്ന് അപ്പാ പൊട്ടിക്കരഞ്ഞു. അമ്മയായിരുന്നു വീട്ടുക്ക് ശക്തി, നമ്പിക്കൈ..... ദേവി..... എല്ലാം..... അവൾ പോയിട്ടാൾ....

അമ്മാവും അപ്പാവും പറഞ്ഞ് തങ്ങൾ അകപ്പെട്ടിരിക്കുന്ന വൻ ദുരന്തത്തിന്റെ ഗൌരവം അവൾ മുന്നേ മനസ്സിലാക്കിയിരുന്നു. പോലീസും പട്ടാലവും വീണ്ടും വന്നേക്കാമെന്നും, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്നും ഒക്കെ അപ്പാ ഭയപ്പെട്ടിരുന്നു. എന്ത് അതിക്രമവും സഹിച്ച് വിജയം വരെ പിടിച്ചുനിൽക്കണമെന്നും, നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നും അപ്പാ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

പക്ഷേ, അപ്പാ ഭയന്നത് വേറുതെയല്ലെന്ന് വൈകാതൊരുനാൾ ബോധ്യപ്പെട്ടു. തുറൈയിലെ ജനങ്ങൾ ആബാലവൃദ്ധം അണിചേർന്ന് പ്രതീകാത്മകമായി ‘ജലസമാധി’ നടത്താൻ തീരുമാനിച്ച ദിനം.

ശരിക്കും ഭയന്നുപോയത് അന്നാണ്.

കടൽക്കരയിലും പാറക്കെട്ടിലുമൊക്കെയായി തടിച്ചുകൂടിയ ആൾക്കൂട്ടത്തിനു മീതെ ഭീകരമായ ഹുങ്കാരത്തോടെ സേനാവിമാനം താഴ്ന്നു പറന്നു വന്നപ്പോൾ എല്ലാരും അമ്പരന്നു. തങ്ങളെ കാപ്പാത്തേണ്ട തീരസേന, തങ്ങൾക്കെതിരെയോ!?

ആദ്യമാദ്യം കുട്ടികൾ ആർപ്പുവിളിയോടെ വിമാനത്തിൻ കീഴിൽ നിലകൊണ്ടെങ്കിൽ, പിന്നീട് കൂടുതൽ ഇരമ്പത്തോടെ തലയ്ക്കുമീതെ, തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അത് താഴ്ന്നു കുതിച്ചപ്പോൾ അവർ പേടിച്ചു ചിതറിയോടി. മുതിർന്നവർ പോലും വിറച്ചുപോയി. സ്ത്രീകൾ അലമുറയിട്ടു. അത്ര ഭീകരമായിട്ടായിരുന്നു അതു പറന്നു വന്നത്. ആ ബഹളത്തിനിടയിൽ ഭയന്ന് പാറക്കെട്ടിൽ നിന്നു ബാലൻസ് തെറ്റി വീണാണ് സെവന്തിയുടെ അപ്പാ മരിച്ചത്..... പാവം സെവന്തി...... പാവം അവളുടെ അപ്പാ.....

എല്ലാം കഴിഞ്ഞ് അവിടേക്കു ചെന്നപ്പോൾ, തങ്ങൾ ഓടിക്കളിച്ചു നടന്ന കടപ്പുറം അങ്കം കഴിഞ്ഞ പോർക്കളം പോലെ കിടക്കുന്നു. കല്ലും വടിയും, ചെരിപ്പും വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന കാഴ്ച കണ്ട് സ്ത്രീകളും കുട്ടികളും അലറിക്കരഞ്ഞു. കുഞ്ഞുങ്ങൾ ചിപ്പിയും ശംഖും, കക്കയും മുത്തും പെറുക്കി നടന്ന കടപ്പുറം.....

ഇന്നിപ്പോൾ തുറയിലുണ്ടായിരുന്ന എല്ലാ ആണുങ്ങളും പിടിയിലായി...... അല്ലെങ്കിൽ ഓടി നാടു വിട്ടു..... കടലിൽ പോയവരെയും കാത്ത് പോലീസ് കരയിൽ കാവലുണ്ട്. അങ്ങനെയെങ്കിൽ  അപ്പാവും പിടിയിലായിട്ടുണ്ടാവും.......

പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടതിനേക്കാൾ അവളെ വേദനിപ്പിച്ചത് തങ്ങളുടെ ഗ്രാമത്തിനു പുറത്തുള്ള ജനങ്ങളുടെ നിസ്സംഗതയായിരുന്നു. അടിച്ചിറക്കപ്പെട്ട തങ്ങൾ അവരുടെയാരുടെയും ഭവനങ്ങളിൽ സ്വാഗതം ചെയ്യപ്പെട്ടില്ല.

അവർ ചോദിച്ചു “എങ്കൾക്കു മിൻസാരം* വേണ്ടാമാ.....? വ്യവസായം* വേണ്ടാമാ....? വളർച്ചി* തേവൈയില്ലെയാ??”

അവർക്കൊക്കെ ആണവനിലയം വേണം.... അവിടെ നിന്നുള്ള കറണ്ടും, അതു കൊണ്ടുവരുന്ന കൃഷിയും, വികസനവും വേണം.

ആറു കിലോമീറ്റർ അകലെ ഒരു ബന്ധു വീടുണ്ട്. അവിടേക്കു പോകാം എന്ന് രാസാത്തിയക്കാ പറഞ്ഞു. അലച്ചുതല്ലി നടന്ന് മൂന്നു പെൺകുട്ടികളുമായി അവർ ആ വീടിന്റെ പടികടന്നു ചെന്നു. കുറേനേരം മുട്ടിവിളിച്ചെങ്കിലും അവർ വാതിൽ തുറന്നതുപോലുമില്ല!

പടിക്കൽ കുത്തിയിരുന്ന അവരോട് ഒടുവിൽ ഗൃഹനാഥൻ വന്നു പറഞ്ഞു “മന്നിച്ചിടുങ്കോ..... ഉങ്കളെ ഉള്ളെ അനുമതിക്ക മുടിയാത്..... നാങ്കൾ കൈതു സെയ്‌വപ്പെടുവോം...!”

അവരെ ഉള്ളിൽ കയറ്റിയാൽ പോലീസ് ആ വീട്ടുകാരെയും അറസ്റ്റ് ചെയ്യുമെന്നാണ് ഭീതി. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. അടഞ്ഞ വാതിലിനു മുന്നിൽ ഏതാനും നിമിഷങ്ങൾ കൂടി നിന്ന ശേഷം അവർ പിൻവാങ്ങി.

ഭ്രാന്തമായ ഓട്ടത്തിനിടയിൽ മറ്റൊരു വീട്ടിൽ ചെന്നുകയറി. പണ്ഡിതനായ കോളേജ് പ്രൊഫസറാണ് വീട്ടുടമ. അവരോട് ആദ്യമേ, ശാന്തരാകാൻ ആവശ്യപ്പെട്ടു അദ്ദേഹം. എന്നിട്ട് സമചിത്തരായി ഈ നാടുവിട്ട് ദൂരെയെവിടെയെങ്കിലും പോയി ജീവിക്കാൻ ഉപദേശിച്ചു. കൂട്ടിന് പുരാണത്തിൽ നിന്നൊരു സാരോപദേശവും മൊഴിഞ്ഞു.

ഒരു കുടുംബത്തെ രക്ഷിക്കാൻ ഒരു വ്യക്തിയെയൊ, ഒരു ഗ്രാമത്തെ രക്ഷിക്കാൻ ഒരു കുടുംബത്തെയോ, ഒരു ദേശത്തെ രക്ഷിക്കാൻ ഒരു ഗ്രാമത്തെയോ ബലികഴിക്കുന്നതിൽ ഒരു തെറ്റുമില്ല. അതാണ് രാജനീതി. തണുത്തുറഞ്ഞ ഒരു നോട്ടം സമ്മാനിച്ച് പ്രൊഫസർ പറഞ്ഞു “ഇന്ത മാനിലത്തൈ കാപ്പാത്തറത്ക്ക് ഉങ്കളൈ ഇഴൈക്കവേണ്ടും!”

പലായനമല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല ആ നാലു പെൺ ജന്മങ്ങൽക്ക്.....

എല്ലാം ഓർത്തോർത്ത് നിറൈമൊഴി വിങ്ങിപ്പൊട്ടി. ഇരു കണ്ണിൽ നിന്നും നീരൊഴുകിയിറങ്ങി.

എത്രവേഗമാണ് പ്രത്യാശയുടെ പൂക്കൾ കരിഞ്ഞുപോയത്! അവൾക്കേറ്റവും ഇഷ്ടമുള്ള തമിഴ് പാട്ടോർത്തു. “ഒവ്വൊരു പൂക്കളുമേ സൊൽഹിറതേ...... വാഴ്വെൻട്രാൽ പോരാടും പോർക്കളമേ...”

അതെ.... ഈ ഉലഹം ഒരു പൊർക്കളം തന്നെ. നിലനിൽ‌പ്പിനായി കൊടുംകാറ്റിനോടും തീവെയിലിനോടും പൂവിനു പൊരുതിയേ മതിയാവൂ. പൊരുതാം.... പക്ഷേ തന്റെ ഉറ്റവരെക്കുറിച്ചും സെവന്തിയെക്കുറിച്ചും ഒക്കെ ചചിന്തിച്ചപ്പോൾ അവളുടെ ഉള്ളു കാളി.

അസഹ്യമായ വേദനയിലും ട്രെയിനിലിരുന്ന് അവളാ പാട്ടു മൂളി.

തുറയിൽ എല്ലാ വൈകുന്നേരങ്ങളും കൂട്ടായ്മയുടെയും, പാട്ടുപാടലിന്റെയും മേളനമായിരുന്നു. തായ് തങ്കച്ചി കുഴന്തൈകൾ എല്ലൊരും ചേർന്നു പാടിയ സന്ധ്യകൾ....

“കറ്റലേ കടലേ
എമ്മുടലേ ഉടലേ
എൻ തായ് മടിയേ....”

അവളെ മടിയിൽ കിടത്തി അവസാനമായി അമ്മാ പാട്ടുപാടിയ സന്ധ്യ.... അമ്മാവുടെ വിരലുകൾ നെറുകയിൽ തലോടിക്കൊണ്ടിരുന്ന സന്ധ്യ..... ആ സന്ധ്യ  മായാതിരുന്നെങ്കിൽ.....

നിറൈമൊഴി നിശ്ശബ്ദം കണ്ണീർ വാർത്തു.

തിരുവനന്തപുരം എത്താറായി.

രാസാത്തിയക്കാവുടെ അനിയത്തിയും ഭർത്താവും ഈ നഗരത്തിലെവിടെയോ ഉണ്ട്. അവരെ കണ്ടുപിടിച്ചാൽ രക്ഷയായി എന്ന് അക്കാ പിറുപിറുത്തുകൊണ്ടിരുന്നു.

ഇനി പരിചയമില്ലാത്ത ഈ നഗരത്തിൽ എത്രകാലം, കടവുളേ......
എങ്ക വീട്, എങ്ക ഊര്, എങ്ക കടൽ......
എങ്ക അപ്പാ, അമ്മാ, അണ്ണാമാർ.....
എന്നു കാണുമോ ഇനി അവരെയൊക്കെ...?

ഓർത്തപ്പോൾ അവൾ ഏങ്ങിപ്പോയി. ഇരുകവിളുകളും നനഞ്ഞു കുതിർന്നുകൊണ്ടേയിരുന്നു. സ്റ്റേഷനടുത്തതിന്റെ ആരവവും, ഇറങ്ങാനുള്ള തിക്കും തിരക്കും ബോഗിയിൽ നിറഞ്ഞു. ഉറ്റവരെയും ഉടയവരെയും ഒപ്പം നിർത്താൻ ശ്രമിക്കുന്ന ഒച്ചപ്പാടിനിടയിൽ വണ്ടി പ്ലാറ്റ്ഫോമിലേക്കു കയറി.

ഇരു കൈകളിലും റോജയേയും മല്ലികയേയും പിടിച്ചുകൊണ്ട് രാസാത്തിയക്കാ അവളോട് പറഞ്ഞു “റോജാ കൈ പുടിച്ചുക്കോ!”

നിറൈമൊഴി റോജയുടെ കൈ മുറുക്കിപ്പിടിച്ചു.

 വണ്ടി പ്ലാറ്റ്ഫോമിൽ ഊക്കോടെ കുലുങ്ങി നിന്നു. നൂറുകണക്കിനു യാത്രക്കാർ ഒന്നടങ്കം പുറത്തിറങ്ങാനായി തിരക്കു കൂട്ടി. ശ്വാസം മുട്ടി, ഞെരിഞ്ഞമർന്ന്, പിടയ്ക്കുന്ന ചങ്കോടെ അവർ നിന്നു. പെട്ടെന്ന് പിന്നിൽ നിന്നുള്ള തള്ളലിൽ അവർ പുറത്തേക്കു തെറിച്ചു. പ്ലാറ്റ്ഫോം നിറയെ ജനക്കൂട്ടമായിരുന്നു. അവൾ റൊജയുടെ കൈ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഭ്രാന്തമായ തിക്കിലും തിരക്കിലും മനുഷ്യജീവികൾ പരസ്പരം ഉന്തിത്തള്ളി പുറത്തേക്കു പാഞ്ഞു. നാലുപാടും നിന്നുള്ള ചവിട്ടിമെതിക്കലിൽ റോജയുടെ പിടിവിട്ട് നിറൈമൊഴി ജനപ്രളയത്തിലുഴറി.

 മുന്നിലും പിന്നിലും വശങ്ങളിലും ഒന്നും കാണാനാവാതെ, ഒച്ചപ്പാടും ബഹളവും, ചവിട്ടും തൊഴിയുമേറ്റ് അവൾ സ്റ്റേഷൻ കവാടത്തിനു പുറത്തിറങ്ങി.

എങ്ങും തിക്കിപ്പായുന്ന ജനം..... അലമുറ..... പേർ ചൊല്ലിവിളി.......
രാസാത്തിയക്കാവുടെ കുരൽ അവയിൽ നിന്നു തിരിച്ചറിയാൻ അവൾ കാതു കൂർപ്പിച്ചുനിന്നു. കഴിയുന്നില്ല...... ആരവം അവളുടെ കാതുകളെ മൂടി.

പിടയ്ക്കുന്ന ഹൃദയവുമായി റോഡരികിൽ പരിഭ്രാന്തയായി നിന്ന് അവൾ പ്രാർത്ഥിച്ചു “അമ്മാ.... തായേ.... കാപ്പാത്തുങ്കോ......”

എവിടെ നിന്നും ഒരു പരിചിത സ്വരവും കേട്ടില്ല. ഒരു പരിചിത മുഖവും കണ്ടില്ല. കഴിയാവുന്നത്ര ഒച്ചയിൽ അവൾ കരഞ്ഞു വിളിച്ചു “രാസാത്തിയക്കാ...... നീയെങ്കേ...?? റോജാ..... മല്ലീ.....????”

ചിതറിക്കുതിക്കുന്ന ജനക്കൂട്ടത്തിൽ നിന്നു തെന്നിമാറി, വഴിയരികിൽ ഒറ്റയ്ക്കു നിന്നു വിറച്ചു, നിറൈമൊഴി.

അവിടേയ്ക്കു പെട്ടെന്നു വന്നു നിന്ന ഓട്ടോയിലേക്ക് അവൾ വലിച്ചിടപ്പെട്ടത് ഒരു നിമിഷാർദ്ധത്തിലായിരുന്നു. ഡ്രൈവറെ കൂടാതെ അതിനുള്ളിൽ രണ്ടാണുങ്ങൾ കൂടി ഉണ്ടെന്നു മനസ്സിലാക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ കണ്ണും വായും മൂടപ്പെട്ടുകഴിഞ്ഞിരുന്നു. രാസാത്തിയക്കാവുടെ പേരുചൊല്ലി അവൾ ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വരാഞ്ഞപ്പോൾ വായ് മൂടിയ കനത്ത കൈപ്പടത്തിൽ അവൾ ആഞ്ഞു കടിച്ചു. കടികൊണ്ടവൻ കൈ മാറ്റി, ഇരു കവിളുകളിലും മാറിമാറി പടക്കം പൊട്ടുന്ന ഒച്ചയിൽ തല്ലി. നിറൈമൊഴിയുടെ കാതുകൾ കൊട്ടി. കാഴ്ച മാഞ്ഞു.

തെരുവിന്റെയിരമ്പത്തിൽ ഓട്ടോയുടെ ശബ്ദം അലിഞ്ഞു ചേർന്നു.

ഒരു മണിക്കൂറിനു ശേഷം ഇരുണ്ട ഒരു തെരുവോരത്ത്, മൂന്നു മനുഷ്യന്മാരുടെ ആക്രാന്തത്തിൽ പിടഞ്ഞ്, അകവും പുറവും ഒരുപോലെ നിറി, അലറിക്കരയാൻ പോലും കെൽ‌പ്പില്ലാതെ, വിവസ്ത്രയായി, പന്ത്രണ്ടുവയസ്സുള്ള ആ ഉടൽ പിറുപിറുത്തുകൊണ്ടിരുന്നു

 “വേണ്ടാം, വേണ്ടാം അണു ഉലൈ വേണ്ടാം; വേണ്ടും, വേണ്ടും, സൂര്യ ഉലൈ വേണ്ടും......”



*അണു ഉലൈ = ആണവനിലയം *സൂര്യ ഉലൈ = സൌരോർജ നിലയം
*കതിർവീച്ച് = അണുവികിരണം *മിൻസാരം = വൈദ്യുതി *വ്യവസായം = കൃഷി