Sunday, June 6, 2010

ഒരു ‘ഇറക്കി’ന്റെ കഥ...!!

ജസ്റ്റു ഫോറേ ഹൊറർ - പാർട്ട് 1


ഓരോ കാലഘട്ടങ്ങളിൽ ഒരോ ‘ഇറക്കുകൾ’(നമ്പരുകൾ)നാട്ടിൽ ഹിറ്റാകാറുണ്ട്.ആരെങ്കിലും സ്വന്തം ചില നമ്പറുകൾ ഇറക്കും. അത് മറ്റാരെങ്കിലും ഏറ്റെടുക്കും. അവ പിന്നീട് നാടു മുഴുവൻ പരക്കും.

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരനായിരുന്ന മോഹനനും ഞാനും കൂടി മുക്കുംകടചന്തയിലേക്കു പോകുകയായിരുന്നു.

അപ്പോ അവൻ പറഞ്ഞു “ഇത്തവണ ഏവൂരമ്പലത്തിലെ എഴാം ഉത്സവം കലക്കും!”

“ആരുകലക്കും!?” ഞാൻ ഞെട്ടി. ഞങ്ങളുടെ കരയാണ് ഏഴാം ഉത്സവം നടത്തുന്നത്.

“എടാ മണ്ടാ.... കലക്കും എന്നു വച്ചാ തകർക്കും എന്ന്!”

“ദൈവമേ! തകർക്കും എന്നോ!?”ഞാൻ പിന്നെയും ഞെട്ടി.

“ഓ.... എടാ.... കലക്കൻ എന്നു വച്ചാ ഉഗ്രൻ എന്നാ അർത്ഥം!”

അതുവരെ, ഒരു പരിപാടി ‘കലക്കി’എന്നു പറഞ്ഞാൽ അത് അലങ്കോലപ്പെടുത്തി എന്നായിരുന്നു മറ്റു കുട്ടികളെപ്പോലെ ഞാനും ധരിച്ചിരുന്നത്.

ചന്തയിലെത്തി. മീൻ കാരുടെ കുട്ടകൾ നിരയെ നല്ല പിടയ്ക്കുന്ന മത്തി!

അതുകണ്ടപാടേ അവൻ പറഞ്ഞു “ഡാ... നോക്കടാ നല്ല കലക്കൻ മത്തി!”

“മത്തിയേം കലക്കൻ എന്നു പറയാവോ!?” ഞാൻ സംശയം കൂറി.

അവൻ എന്നെ അമർത്തിയൊന്ന് നോക്കി. ‘ക്ലാസിൽ പഠിപ്പിസ്റ്റ്;ചന്തയിൽ മണ്ടൻ!’എന്നാണോ അവന്റെ നോട്ടത്തിന്റെ അർത്ഥം എന്നു ശങ്കിച്ച് ഞാൻ പിന്നൊന്നും ചോദിച്ചില്ല.

മോഹനന് ഈ പ്രയോഗം എവിടെ നിന്നു കിട്ടി എന്നറിയില്ല. എവിടെ നിന്നായാലും, ഞങ്ങൾ പിള്ളേരുടെ ഇടയിൽ ഇതാദ്യം ഇറക്കിയത് അവൻ തന്നെ.

അതിനു ശേഷം എന്തിനും ഏതിനും ‘കലക്കൻ’ഒരു ഫാഷനായി മാറി; ചെത്ത് ഇറങ്ങും വരെ!

ചെത്ത് ആദ്യമായി ഇറക്കിയത് എറണാകുളത്തുകാരാരോ ആണ്.88 ൽ തൃപ്പൂണിത്തുറയിൽ പഠിക്കാൻ പോയ കാലത്താണ് അതാദ്യം കേട്ടത്.ചെത്തുകാർ ബൈക്കിൽ വരാൻ തുടങ്ങിയത് അതിൽ‌പ്പിന്നെയാണ്!

ഒരഞ്ചു കൊല്ലം അത് നോൺസ്റ്റോപ്പായി ഓടിയപ്പോഴേക്കും അടുത്ത ഇറക്ക് വന്നു - അടിപൊളി !

തൃശ്ശൂർ നിന്നാണ് അത് ആദ്യം കേട്ടത്. കൃത്യമായിപ്പറഞ്ഞാൽ ഒല്ലൂർ ആയുർവേദ കോളേജിൽ നിന്ന്.

അവിടത്തെ കുട്ടികൾ ഫുട്ട്ബോൾ കളിക്കുന്നതു നോക്കിയിരിക്കെ, ഒരു പയ്യൻ “ഓ... അടിപൊളി...! ഓ...അടിപൊളി...!” എന്നു വിളിച്ചു പറയുന്നതു കേട്ട് ഞാൻ കുറേ ചിരിച്ചു.ഓരോ നല്ല മൂവും ഡ്രിബിളിംഗും കാണുമ്പോൾ അവൻ ചന്തി പൊക്കിച്ചാടി വിളിച്ചു കൂവും “ഓ... അടിപൊളി...! ഓ...അടിപൊളി...!!”

1993 യിലാണ് ഇത്.

വീട്ടിൽ വന്നപ്പോൾ ഞാനിക്കാര്യം അനിയന്മാരോട് പറഞ്ഞു. അവന്മാരും കുറേ ചിരിച്ചു. അത്ര ഓക്ക്‌വേഡ് ആയിട്ടായിരുന്നു അത് ഞങ്ങൾക്കു തോന്നിയത്.

ആദ്യമാദ്യം തൃശ്ശൂർ ലോക്കൽ ആയി മാത്രം ഓടേണ്ടി വന്നെങ്കിലും വൈകാതെ‘അടിപൊളി’കേരളം കീഴടക്കി!ഇപ്പോ ഞാനും നിങ്ങളും സ്ഥനത്തും അസ്ഥാനത്തും അതുപയോഗിക്കുന്നു.

അതിനിടെ തന്നെ സമാന്തരമായി തിരുവനന്തപുരത്തു നിന്നിറങ്ങിയ നമ്പർ ആണ് ‘കിടിലം’. പ്രഭുദേവയുടെ ജന്റിൽമാൻ സിനിമയിലെ ഡാൻസ് ആണ് ‘കിടിലം’ആയി വിശേഷിക്കപ്പെട്ട് ഞാൻ ആദ്യം കേട്ടത്. പ്രഭുദേവ അക്കാലത്ത് ‘കിടിലം പയ്യൻ’എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇതിനെയൊക്കെ കവച്ചു വയ്ക്കുന്ന ഒരു ഇറക്ക് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറിയുടെ മുറ്റത്തുവച്ചാണ് അത് ആദ്യമായി കേട്ടത്.1996 ൽ.അവിടെ ഇംഗ്ലീഷ് പുസ്തകങ്ങളും മാസികകളും മാത്രമേ ഉള്ളൂ എന്നതിനാൽ വരുന്നതൊക്കെ പോഷ് ടീമുകൾ.

പുസ്തകങ്ങൾ എടുത്ത് പുറത്തിറങ്ങിയ ഞാൻ “തള്ളേ...! നീയാ...!?” എന്നൊരു വിളികേട്ട് തിരിഞ്ഞു നോക്കി. ആരാ ഈ വികൃതസ്വരം പുറപ്പെടുവിച്ചതെന്നു നോക്കാൻ തിരിഞ്ഞ ഞാൻ കണ്ണു തള്ളി.

നല്ല മോടിയിൽ വേഷം ധരിച്ച ഒരു തിരുവന്തോരം ചെല്ലക്കിളി തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടുകാരിയെ അവിടെ കണ്ടപ്പോൾ നടത്തിയ സംബോധനയാണ്!!!

എനിക്കു വല്ലാത്ത വെറുപ്പു തോന്നി ആ പ്രയോഗം കേട്ടപ്പോൾ... അതും കാഴ്ചയിൽ ശാലീനത തോന്നിയ ഒരു പെൺകുട്ടിയുടെ വായിൽ നിന്ന്.

പക്ഷേ വൈകാതെ ‘തള്ള’ ഞങ്ങളുടെ ഹോസ്റ്റലും കീഴടക്കി!പത്തുവർഷം കഴിഞ്ഞ് ‘രാജമാണിക്യ’ത്തിലൂടെ ഇപ്പോൾ കേരളം മുഴുവൻ പരക്കുകയും ചെയ്തു.ഇപ്പോ ഞാനും ‘തള്ളവിളി’നിർബാധം നടത്തുന്നു!

ഇത്രയും പറഞ്ഞത് ഇപ്പോൾ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന മറ്റൊരു പഴയ ഇറക്കിന്റെ ചരിത്രം പറയാനാണ്.


*                                                *                                                 *

തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഉണ്ടായിരുന്ന നടന്മാരിൽ പ്രധാനികളാണ് നന്ദനും സുമേഷും.ഒരു കോളേജ് ഡേയ്ക്ക് നാടകം അവതരിപ്പിക്കാൻ നല്ലൊരു ‘സ്ക്രിപ്റ്റ്’അന്വേഷിച്ച് രണ്ടാളും വലഞ്ഞു.

തപ്പിത്തപ്പി ഒടുവിൽ എത്തിപ്പെട്ടത് എറണാകുളം ‘ലോ’കോളേജിൽ ആയിരുന്നു.നന്ദന് ആരോ പരിചയക്കാരുണ്ട് അവിടെ.സുമേഷ് ആദ്യമായാണ്.

ഗുലുമാലുകളുടെ ഒരു പരമ്പര തന്നെ അതിജീവിച്ച് അവർ ഒരു സംഗതി സംഘടിപ്പിച്ചു.(അക്കഥ പിന്നീട്)

‘തീന്മേശയിലെ ദുരന്തം’ എന്ന പ്രശസ്തമായ നാടകത്തിന്റെ സ്ക്രിപ്‌റ്റാണ് കയ്യിൽ കിട്ടിയത്. ഇനി അത് ദൃശ്യവൽക്കരിക്കണം.സുമേഷും നന്ദനും കൂടി ഒരാഴ്ചത്തെ കഠിനശ്രമം കൊണ്ട് ആ നാടകം പ്രശംസനീയമാം വിധം രംഗത്തവതരിപ്പിച്ചു.സുമേഷിനു നല്ല നടനുള്ള പുരസ്കാരവും കിട്ടി.

അങ്ങനെ ഒരു വർഷം കടന്നുപോയി. നന്ദൻ പാസ് ഔട്ട് ആയി. ഇന്റർ ആയുർവേദ കോളേജ് ഫെസ്റ്റിവൽ ‘ആയുർഫെസ്റ്റ്’ വീണ്ടും വന്നു.കോഴിക്കോട്ട് വച്ചാണ് ഫെസ്റ്റിവൽ. കോട്ടക്കൽ കോളേജാണു ഹോസ്റ്റ് ചെയ്യുന്നത്.

ഇത്തവണ പല പ്രധാനനടന്മാർക്കും പരീക്ഷയാണ്. നാടകം എങ്ങനെ ഒപ്പിക്കും എന്ന ചർച്ച ഒടുവിൽ ‘തീന്മേശയിലെ ദുരന്ത’ത്തിൽ തന്നെ എത്തി.

അതാവുമ്പോൾ രണ്ടാൾ മതി!അതിൽ മുൻപഭിനയിച്ച സുമേഷ് ഇപ്പൊഴും ക്യാമ്പസിലുണ്ട്. നന്ദന്റെ റോളിലേക്ക് ജയേഷിനെ കാസ്റ്റ് ചെയ്തു.

പക്ഷേ ഒരാവശ്യം ഉയർന്നു. ആയുർഫെസ്റ്റിന് എപ്പോഴും പുറത്തു നിന്നുള്ള ഒരു സംവിധായകനെ വച്ചാണ് നാടകം ഒരുക്കുന്നത്.പ്രഗൽഭനായ ഒരു സംവിധായകൻ വരുമ്പോൾ നാടകം ഇനിയും ഗംഭീരമാകും. പ്രൈസ് ഉറപ്പ്!കോളേജ് യൂണിയനിൽ ബഹുഭൂരിപക്ഷവും ആ വാദത്തെ പിൻതാങ്ങി.

അങ്ങനെയാണ് കാഴ്ചയിൽ പഴയനടൻ കൃഷ്ണൻകുട്ടിനായർ ഉയരം വച്ചാലത്തെ ഒരു ഫിഗർ, ദിനേശ് ബീഡി ഊതി വലിച്ച് ആയുർവേദ കോളേജിന്റെ ഗെയ്റ്റ് കടന്നു വന്നത്!

സംസാരം കേട്ടാൽ ‘കത്തി’എന്നു വിളിക്കാൻ ആർക്കും തോന്നില്ല. അതുകൊണ്ട് ഞങ്ങൾ അയാളെ ‘കൊടുവാൾ’ എന്നു വിളിച്ചു. ബോഡിഷെയ്പ്പുകൊണ്ടും നാവുകൊണ്ടും സാമ്യം ആ ആയുധവുമായിട്ടായിരുന്നു.

വളരെ കഷ്ടപ്പെട്ടാണ് സംവിധായകനെ കണ്ടുപിടിച്ചത്. പല കലോത്സവങ്ങളിലും പ്രൈസടിച്ച നിരവധി നാടകങ്ങളുടെ സ്രഷ്ടാവാണത്ര ടിയാൻ.

തോപ്പിൽ ഭാസിയുടെയും കെ.ടി.മുഹമ്മദിന്റെയും മുതൽ സി.ജെ.തോമസിന്റെ വരെ നാടകങ്ങൾ അരച്ചു കലക്കിക്കുടിച്ചയാളായാതുകൊണ്ട് താൻ കട്ടൻചായകുടിക്കുന്നതിഷ്ടപ്പെടുന്നു എന്ന് ആദ്യമേ തന്നെ വ്യക്തമാക്കി ആശാൻ!

ഡയറക്ട് ചെയ്യുന്ന സമയം മുഴുവൻ ഒരു ഫ്ലാസ്കിൽ നിറച്ച് കടുപ്പത്തിൽ കട്ടൻ തയ്യാറുണ്ടാവണം. പിന്നെ രണ്ടു കെട്ട് ദിനേശ് ബീഡി...സിഗരറ്റ് അദ്ദേഹത്തിന് അലർജിയാണ്.ചോറുണ്ണുന്ന പ്രശ്നമില്ല....അങ്ങനെയങ്ങനെ കുറേ യമണ്ടൻ സ്വഭാവങ്ങൾ!

പുതിയ സംവിധായകനു മുന്നിൽ നന്ദനും സുമേഷും അവതരിപ്പിച്ച രീതിയിൽത്തന്നെ ജയേഷും സുമേഷും കൂടി നാടകം അവതരിപ്പിച്ചു.

ആൾ നാടകം കണ്ടു.ഇടയ്ക്കിടെ പുരികങ്ങൾ ചുളിഞ്ഞു, മൂക്കു വക്രിച്ചു.

നീണ്ട ഒരിടവേളയ്ക്കൊടുവിൽ സംവിധായകൻ വായ് തുറന്നു.തന്റെ ഉണക്കമുരിങ്ങക്ക പോലുള്ള വിരലുകൾ കൊടിൽ പോലെ വക്രിച്ച് പിടിച്ച് കൊടുവാൾ മൊഴിഞ്ഞു -

“നിങ്ങൾ ചെയ്യുന്നതൊന്നും പോരാ.... നമുക്കീ നാടകം ഒന്ന് ‘ഉടച്ചു വാ‍ർക്കണം’! എന്നാലേ ഒര് ഇതുണ്ടാവൂ...!”

“ഈ ‘ഇതെ’ന്നുവച്ചാൽ...?”

“സന്ദേഹിയാവരുത് സുഹൃത്തേ... വിശ്വസിക്കൂ... സംവിധായകനെ വിശ്വസിക്കൂ...!”

അതിസമ്പന്നനായ ഒരു മുതലാളിയുടെ മാളികവീട്ടിലെ കുശിനിപ്പണിക്കാരായ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ‘തീന്മേശയിലെ ദുരന്തം’. എല്ലാ ദിവസവും ഭക്ഷണത്തിൽ എന്തെങ്കിലും പുതുമ വേണം മുതലാളിക്ക്. അയാളുടെ അടിമകളായ അവർ ഭഷണസംബന്ധിയായ എന്താഗ്രഹവും വിദഗ്ധമായി നിർവഹിച്ചു കൊടുത്തിരുന്നു. ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന അവരിൽ ഒരാൾക്ക് ഒരു ദിനം മുതലാളിയുടെ ഫോൺ വരുന്നു.

“ഇന്നു രാത്രി എന്തുപുതുമയാണ് അവിടുത്തേക്കു വേണ്ടത്? പറഞ്ഞാലും...അതെന്തായാലും ഞങ്ങൾ സാധിച്ചു തന്നിരിക്കും”

“ഇന്നു രാത്രി എനിക്കു ഭക്ഷിക്കാൻ മനുഷ്യമാംസം വേണം. നിങ്ങളിലൊരാളുടെ മാംസം!അതാരെന്ന് ഇങ്ങൾക്കു തീരുമാനിക്കാം!”

മുതലാളിയുടെ ആവശ്യം കേട്ടു തരിച്ചിരുന്ന അയാളോട് കൂട്ടുകാരൻ സംഗതി അന്വേഷിച്ചു. അവൻ കാര്യം പറഞ്ഞു.ഒരിക്കലും തന്നെക്കൊണ്ട് അപരന്റെ കഴുത്തിൽ കത്തിയിറക്കാൻ കഴിയില്ല എന്നു പറഞ്ഞ് അവൻ തളർന്നിരുന്നു.

വീണ്ടുവിചാ‍രത്തിന്റേതായ പിരിമുറുകിയ നിമിഷങ്ങൾക്കൊടുവിൽ മുതലാളിയുടെ അനിഷ്ടം തങ്ങളുടെ ഉപജീവനം ഇല്ലാതാക്കും എന്ന് രണ്ടാൾക്കും മനസ്സിലായി.

ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടുകയായിരുന്ന അവരിരുവരും ഒടുവിൽ പരസ്പരം പോരടിക്കാൻ തീരുമാനിച്ചു.വിജയി അപരനെ കൊന്ന്, മാംസം രുചികരമായി പാകം ചെയ്തു വയ്ക്കുകയും ചെയ്തു!

അപ്പോൾ വീണ്ടും മുതലാളിയുടെ ഫോൺ.

വിറയാർന്ന കരങ്ങളാൽ കുശിനിക്കാരൻ ഫോൺ എടുത്തു.

മുതലാളി ചോദിക്കുന്നു “എന്തായി പാചകം?”

അയാൾക്കൊന്നും പറയാൻ കഴിയുന്നില്ല.ഒരു വിധം പറഞ്ഞൊപ്പിച്ചു... “എ..ല്ലാം തയ്യാറാണ് ഏമാനേ...”

“നീയതു ചെയ്തോ, മണ്ടൻ...! ഹ! ഹ!! ഹ!! ഞാനത് വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ!

ജസ് ഫോർ എ ജോക്ക്...! റ്റു ക്രിയേറ്റ് സം ഹൊറർ ഇൻ യു!”

അതുകേട്ട് തകർന്നുപോയ കുശിനിക്കാരന്റെ നിസ്സഹായതയുടെയും പശ്ചാത്താപത്തിന്റെയും മെലോഡ്രാമയിൽ നാടകം അവസാനിക്കുന്നു.

വളരെ ഹൃദയസ്പർശിയായി നന്ദനും സുമേഷും ചെയ്ത ഈ രംഗങ്ങൾ, പക്ഷേ പുതിയ സംവിധായക ശിങ്കത്തിനു മതിപ്പേകിയില്ല.

ഉദാഹരണമായി അവസാനരംഗത്തിൽ തന്റെ സുഹൃത്തിനെ കൊലചെയ്ത കുശിനിക്കാരൻ മുതലാളിയുടെ ഫോൺ വന്ന ശേഷം പറയുന്ന “സുഹൃത്തേ... വെറുമൊരു തമാശ...” എന്ന ഡയലോഗിന് വികാരം പോരാ...

സുഹൃത്തേ എന്ന വാക്ക് നീട്ടണം.... വെറുമൊരു എന്ന വാക്കിന്റെ ഇടയിൽ ഒരു പോസു വേണം തമാശയുടെ ഇടയിലും... അതായത്....

സുഹൃത്തേ.....ഏ ഏ ഏ......

വെറു....മൊരു

തമാ‍.........ശ എന്നു വേണം പറയാൻ!

അങ്ങനെ തോന്നിയിടത്തെല്ലാം അതിഭാവുകത്വവും സെന്റിയും നിറച്ച് പണ്ടാരമടക്കി.

പിറ്റേ ദിവസം രാത്രി പന്ത്രണ്ടുമണി വരെ റിഹേഴ്സൽ നടന്നു. സുഹൃത്തേ എന്നുള്ള ഡയലോഗ് ശരിയാക്കാൻ സുമേഷ് പത്താമതു തവണ ശ്രമിക്കുമ്പോൾ പൊത്തോന്നൊരു ശബ്ദം!

കൊടുവാൾ നിന്നനിൽ‌പ്പിൽ മലർന്നടിച്ചു വീണതാണ്!

നന്ദനും സുമേഷും കൂടി പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ചു.ഭക്ഷണം കഴിക്കാതെ കട്ടൻ ബീഡിയും കട്ടൻചായയും മാത്രം ആഹരിച്ച് നടന്ന് അൾസർ പിടിച്ചിരിക്കുന്നു!അങ്ങനെ ഒരാഴ്ച റിഹേഴ്സൽ മുടങ്ങി.

അതിനു ശേഷം ഊർജസ്വലനായി ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.

വീണ്ടും റിഹേഴ്സൽ.

“സുഹൃത്തേഏഏഏഏഏഏഏഏഏ....” വിളിച്ചു വിളിച്ച് സുമേഷിന്റെ തൊണ്ടപൊട്ടി.

നാടകത്തിൽ മുതലാളി ഒരു രംഗത്തും പ്രത്യക്ഷപ്പെടുന്നില്ല. ഫോണിലൂടെയുള്ള അയാളുടെ ശബ്ദം മാത്രമേ കാണികൾ കേൾക്കുന്നുള്ളു.അത് വളരെ ഗൌരവത്തോടെ ഗംഭീരമായി അവതരിപ്പിച്ചത് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് ജെറി ആയിരുന്നു. എന്നാൽ മത്സരത്തിന് അതു താൻ തന്നെ ചെയ്തോളാം എന്ന് സംവിധായകൻ കടുത്ത തീരുമാനമെടുത്തു.

പക്ഷേ ഒരിക്കൽ പോലും അയാൾ അത് റിഹേഴ്സൽ ചെയ്തില്ല.

ഒടുവിൽ ഡയലോഗ് പറയേണ്ട സമയം വന്നപ്പോൾ, പൊട്ടിച്ചിരിച്ചുകൊണ്ട് ‘ജസ് ഫോർ എ ജോക്ക്...! റ്റു ക്രിയേറ്റ് സം ഹൊറർ ഇൻ യു!”’ എന്ന് പരിഹാസസ്വരത്തിൽ പറയേണ്ടിടത്ത് വികാരഭരിതനായി തനി നാടൻ ശൈലിയിൽ അതിയാൻ പറഞ്ഞു

“ജസ്റ്റുഫോറേജോക്ക്....ജസ്റ്റുഫോറേഹൊറർ!!”

രണ്ടു വാചകങ്ങൾ രണ്ടു വാക്കിൽ!

നാടകത്തിലുടനീളം മുഴച്ചു നിന്ന അതിഭാവുകത്വത്തിൽ അസഹ്യരായിരുന്ന കാണികൾ ഉള്ളുതുറന്നു കൂവി!

നാടകം കഴിഞ്ഞ് സംവിധായകൻ ഓടിയെത്തി ഞങ്ങളോട് ചോദിച്ചു “എങ്ങനെയുണ്ടായിരുന്നു സംഭവം?”

കൊടുവാളിനോടുള്ള പരിഹാസം മറച്ചു വയ്ക്കാതെ ജെറി പറഞ്ഞു “ ഭയങ്കരം! തീരെ നന്നായിരിക്കുന്നു!”

“അതെന്താ അങ്ങനെ പറഞ്ഞത്?” കൊടുവാൾ ചോദിച്ചു.

ഉടൻ ജെറി പറഞ്ഞു “ ഹേയ്.....! ജസ്റ്റു ഫോറേ ഹൊറർ!”

ഈ ഡയലോഗ് ഹോസ്റ്റൽ വാസികൾ ഏറ്റെടുക്കുകയും അത് കാലാതിവർത്തിയായിത്തീരുകയും ചെയ്തു.

പിന്നീട് “എന്താ അങ്ങനെ ചെയ്തത്?” എന്നാരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി വരികയായി “ഏയ്... ജസ്റ്റു ഫോറേ ഹൊറർ!”

ക്രമേണ അതു പോളിഷ് ചെയ്ത് “ജസ്റ്റ് ഫോർ ഹൊറർ” ആയി.

വാൽനക്ഷത്രം:ഇപ്പോൾ പതിനഞ്ചു വർഷങ്ങൾക്കു ശേഷം കഴിഞ്ഞൊരു ദിവസം ടെലിവിഷൻ താരം നാദിർഷാ ഒരു ഇന്റർവ്യൂവിൽ ഒരു നടിയോട് എന്തോ ചോദിച്ചിട്ട് പറയുന്നതു കേട്ടു “ഇതു ചുമ്മാ ഒരു രസത്തിനു ചോദിച്ചതാ... ജസ്റ്റ് ഫോറേ ഹൊറർ!”
അതു കഴിഞ്ഞപ്പോ നമ്മുടെ ചിതൽ പട്ടാളം രഘുനാ‍ഥന്റെ ബ്ലോഗിൽ ഒരു കമന്റിൽ പറഞ്ഞിരിക്കുന്നു ‘ജസ്റ്റ് ഫോർ ഹൊറർ’.
ഇതു ഞാൻ ബ്ലോഗിയതറിഞ്ഞ് ആ പ്രയോഗത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് ‘കൊടുവാൾ’പ്രത്യക്ഷപ്പെടുമോ ആവോ!?

(‘തീന്മേശയിലെ ദുരന്ത’ത്തിന്റെസ്ക്രിപ്റ്റ് വാങ്ങാൻ പോയത് മറ്റൊരു കഥയാണ്. അത് അടുത്ത പോസ്റ്റിൽ)

69 comments:

jayanEvoor said...

ജസ്റ്റു ഫോറേ ഹൊറർ!
നിങ്ങൾക്കും പറയാനുണ്ടാവും ഇത്തരം കഥകൾ, അല്ലേ!?

Unknown said...

ജയാ,
“ജസ്റ്റ് ഫോർ ഹൊറർ” ,
കലക്കി കടുക് വറത്തു.
ഇനിയും മനസിന്റെ ചെപ്പില്‍ നിന്നും പോരട്ടെ ഇത്തരം കിടിലന്‍ സംഭവങ്ങള്‍. അടിപൊളിയായി തുടര്‍ന്നോളൂ

Wash'Allan JK | വഷളന്‍ ജേക്കെ said...

ഓ തള്ളെ, കലക്കിത്തകര്‍ത്തു ഈ ഉടച്ചു വാര്‍ത്ത അടിപൊളി ചെത്ത്‌ കലക്കന്‍ ജസ്റ്റ് ഫോർ ഹൊറർ...

ചേച്ചിപ്പെണ്ണ്‍ said...

ജസ്റ്റു ഫോറേ ഹൊറർ!
:)
nalla ormashakthi ketto ..
ithu sajiyude aakashavani varthakal
vaidyar itta comment kandappo thonneeyathanu ..

എറക്കാടൻ / Erakkadan said...

ഈ അടിപൊളി എന്ന് ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ പറയുംപോള്‍ അത് "അട്യോളി" ആവും ....ഇങ്ങനെ എത്ര എത്ര പദങ്ങള്‍ ... മലപ്പുറം ജില്ലയിലും ഉണ്ട് "നേര് പറ ". വല്ലാത്തൊരു കഥ", പുന്നാര ന്റെ ഹബീബെ", അങ്ങനെ അങ്ങനെ

ഒഴാക്കന്‍. said...

ജസ്റ്റ്‌ ഫോര്‍ ഹൊറര്‍ കലക്കി! നല്ല ഒന്നാന്തരം ഗര്‍ഭം കലക്കി പോലെ :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പോസ്റ്റിനെപറ്റി ഒറ്റവാക്കിൽ പറയാണെങ്കിൽ “ജസ്റ്റു ഫോറേ ഹൊറർ! “

:)

ദെന്തോരം ഓർമ്മകളാണിഷ്ടാ? ഓരോന്നോയിങ്ങട് പോരട്ടേട്ടാ.. (ഇനി അമ്ലേഷ്യം പിടിച്ചാ ഞാൻ പ്രാകീട്ടാന്ന് പറയല്ലേട്ടാ ഗഡീ..)

വശംവദൻ said...

“സന്ദേഹിയാവരുത് സുഹൃത്തേ... വിശ്വസിക്കൂ... സംവിധായകനെ വിശ്വസിക്കൂ...!”

ഹ..ഹ..

“കൊടുവളും ജസ്റ്റ് ഫോർ ഹൊററും” കലക്കി

പിന്നെ ‘കൊടുവാൾ’ കഴിഞ്ഞ വർ‌ഷങ്ങളിൽ മലയാള സിനിമ വല്ലതും സംവിധാനം ചെയ്‌തിട്ടുണ്ടോ!??

കുഞ്ഞാമിന said...

‘തീന്മേശയിലെ ദുരന്തം’ സ്കൂളിൽ പഠിക്കുമ്പൊ കണ്ടിട്ടുണ്ട്. അതും മൂന്നു വർഷം അടുപ്പിച്ച്. ‘ജസ്റ്റ് ഫോർ ഹൊറർ‘ ഒരൊന്നൊന്നര സംഭവമായിട്ടൊ.

ചാണ്ടിച്ചൻ said...

ജയാ...താങ്കളുടെ ക്രിയേറ്റിവിറ്റിയെ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നു...മറ്റുള്ളവര്‍ കണ്ടിട്ടും ശ്രദ്ധിക്കാതെ പോയ ഒരു വാക്കില്‍ നിന്നും ഒരു ഗംഭീര പോസ്റ്റ്‌ ഉണ്ടാക്കിയെടുത്തല്ലോ...പഹയാ...
"അടിപൊളി" വാക്കുകളുടെ ഹിസ്റ്ററി കൌതുകകരമായി...
ഈ പോക്ക് എങ്ങോട്ടെക്കാണെന്നറിയോ, ജയാ...ഒരു കുമാരന്‍ ലൈനില്‍ ആണ് സഞ്ചാരം...അടുത്ത കൊല്ലം താങ്കളുടെ പോസ്റ്റുകളുടെ പുസ്തക പ്രസാധനം നടക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു...

jayanEvoor said...

ടോംസ് കോനുമഠം
ആദ്യ കമന്റിനു നന്ദി ഇഷ്ടാ!

വഷളൻ
ഒരി കിടില താങ്ക്സ്!

ചേച്ചിപ്പെണ്ണ്
എന്റെ ഓർമ്മയെ കണ്ണു വച്ചു!

എറക്കാടൻ
അതുശരി. മലപ്പുറം പ്രയോഗങ്ങൾ കൊള്ളാമല്ലോ..

ഒഴാക്കൻ
ഈശോ! ഗർഭം കലക്കിയോ!

പ്രവീൺ വട്ടപ്പറമ്പത്ത്
അമ്ലീഷ്യം വരുമോ!
ഫഗവാനേ!

വശംവദൻ
കൊടുവാൾ സിനിമ ചെയ്തോ!!? ഇല്ലെന്നു പറഞ്ഞുകൂടാ!
പിൽക്കാലത്ത് ഞങ്ങൾക്കായി ‘മുറജപത്തിനു പോയ രണ്ടു സഞ്ചാരികൾ’എന്ന നാടകം സംവിധാനം ചെയ്ത ഡോ.ജനാർദനൻ ചെയ്തു സിനിമ -മഹാസമുദ്രം

കുഞ്ഞാമിന
പടച്ചോനേ! മൂന്നു തവണയോ!?
എന്നിട്ട് ‘ജസ്റ്റുഫോറേ ജോക്ക്’കേട്ടില്ലേ?

ചാണ്ടിക്കുഞ്ഞ്
ഈ ജാണ്ടി എന്നെ കുളിപ്പിച്ചു കിടത്തും!
കുമാരാ...ഇതൊന്നും വേണമെന്നു വച്ചു ചെയുന്നതല്ല. എല്ലാം മനപ്പൂർവമല്ലേ!

എല്ലാവർക്കും നന്ദി!

Anil cheleri kumaran said...

കാര്യപ്പെട്ട ഒരു വാക്ക് വിട്ടു പോയല്ലോ. കൂതറ എന്ന വാക്ക്. അതിന്റെ പേറ്റന്റ് എടുത്തയാളു തന്നെ പറയുമായിരിക്കും.

ചാണ്ടിക്കുഞ്ഞിനോട് വിയോജിക്കുന്നു. എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല.

അലി said...

പുതിയ പുതിയ വാക്കുകൾ ഉണ്ടാക്കി പ്രചരിപ്പിച്ച് പിന്നെയത് ഡിക്ഷ്ണറിയിൽ വരെ എത്തിക്കാൻ മലയാളികൾ ശ്രമിക്കുന്നു. ഇപ്പൊ വെള്ളമടിച്ച് പാമ്പും പഴുതാരയുമാവുന്ന പരുവത്തെ ഈയടുത്ത് നാട്ടിൽ വിളിക്കുന്ന ചൊല്ല്: ർ‌ർ‌ർ‌ർ‌ർ‌റ പറ്റ്! ഇനീം എന്തെല്ലാം ഇറക്കുകൾ വരാനിരിക്കുന്നു.

നന്നായി ഡോക്ടറെ!

jayanEvoor said...

ഹായ്!
കുമാരൻ രക്ഷിച്ചു!
നാൻ അവൻ ഇല്ലൈ!
ഡാങ്ക്സ്!

പിന്നെ, കൂതറ, ഇടിവെട്ട്, പാമ്പ്, ഉഡായിപ്പ്....ഇങ്ങനെ ഇതിൽ പെടാതെ പോയ പ്രയോഗങ്ങൾ നിരവധിയാണ്....
“ജസ്റ്റ് ഫോറേ ഹൊറർ” പ്രമോട്ട് ചെയ്യാം എന്നു കരുതി!

അലി...
അതെ.
ഇനീം എന്തെല്ലാം ഇറക്കുകൾ വരാനിരിക്കുന്നു!

ഹംസ said...

ഇതുപോലെ കുറെ വാക്കുകള്‍ സിനിമകളില്‍ നിന്നും ( മോഹന്‍‍ലാല്‍ സിനിമകളില്‍ കൂടുതല്‍) ഉണ്ടാവാറുണ്ട് പക്ഷെ അതിനൊക്കെ അല്‍പ്പായുസ്സെ ഉണ്ടാവൂ. പിന്നീട് ഒരു സിനിമയില്‍ മറ്റൊരു വാക്ക് വന്നാല്‍ പഴയത് മറക്കും. എന്നാല്‍ ചില വാക്കുകള്‍ പ്രായ വിത്യാസമില്ലാതെ ഉപയോഗിക്കാറുണ്ട് . എന്‍റെ അടുത്ത വീട്ടില്‍ ഒരു പയ്യന്‍ പെണ്ണുകാണാന്‍ വന്ന് പോയിട്ട് ആ വീട്ടിലെ മുത്തശ്ശി (ഏകദേശം എണ്‍പതിനു മുകളില്‍ പ്രായമുള്ളവര്‍) പറഞ്ഞത് ചെക്കന്‍ “അടിപൊളി”യാ എന്നാ… അവരുടെ സംസാരം കേട്ട് ഞാന്‍ അത്ഭുതപെട്ടു.! ആ വാക്ക് അവര്‍ പോലും സ്വീകരിച്ചിരിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്സെടാ ഇറാക്കിന് ഇനി എന്തോന്നു കഥ? കഥയെല്ലാം അമേരിക്ക തീര്‍ത്തില്ലേ എന്നു വിചാരിച്ചു വിടാന്‍ പോയതാ

ഡോക്റ്ററെ - നന്നായി ചിരിപ്പിച്ചു. നന്ദി

പക്ഷെ കൊടൂവാള്‍ പോലെ ഉള്ള എല്ലാ സംവിധായകരും ഇങ്ങനെ അല്ല , ഒരു മിടൂക്കനെ എനിക്കറിയാം ഹ ഹ

Naushu said...

ജസ്റ്റു ഫോറേ ഹൊറർകലക്കീട്ടാ...

nandakumar said...

പോസ്റ്റ് രസായിട്ടുണ്ട്. ജസ്റ്റ് ഫോര്‍ ഹൊറര്‍ ആയി പറഞ്ഞതാ

(ചെത്ത് എന്ന വാക്ക് തൃശ്ശൂരില്‍ നിന്നു തന്നെ ഉത്ഭവം എന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ ഹൈസ്ക്കൂളില്‍(10ല്‍) പഠിക്കുമ്പോഴാണ് അത് കേട്ടുതുടങ്ങിയത്. മറ്റിടങ്ങളില്‍ അതന്ന് ഉപയോഗത്തിലേ ഇല്ലായിരുന്നു. അടിപൊളിയും അങ്ങിനെ തന്നെ, തൃശ്ശൂര്‍ക്കാര്‍ ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ് ‘ചെമ്പ്’. ചെമ്പായിട്ട്ണ്ട് ട്ടാ ഗഡ്യേ എന്നു പറഞ്ഞാല്‍ കലക്കിയിട്ടുണ്ട് എന്നര്‍ത്ഥം.അതേ ഗണത്തിലുള്ള മറ്റൊരു വാക്കാണ് ‘പെട’. ‘പെടാ‍യ്ട്ട്ണ്ട് സ്റ്റാ’ എന്നു വെച്ചാല്‍ മേല്‍പ്പറഞ്ഞതു തന്നെ. കോട്ടയത്ത് ‘വെടിച്ചില്ല്’, തിരൊന്തരത്ത് ‘ കിടിലം’ പാലക്കാട് ‘സൂപ്പര്‍’ (തമിഴ് സ്വാധീനം))

കുഞ്ഞാമിന said...

ഉവ്വ് ‘ജസ്റ്റ് ഫോറേ ജോക്ക്’ കേട്ടിരുന്നു. അന്ന് പത്താം ക്ലാസ്സുകാരുടെ കുത്തകയായിരുന്നു ‘തീന്മേശയിലെ ദുരന്തം‘. മൂന്നാമത്തെ തവണയും ഇതെ നാടകം അവതരിപ്പിച്ച് കണ്ടപ്പൊ ജഡ്ജസ് ആയിരുന്ന ടീച്ചേഴ്സ് പറഞ്ഞു “അടുത്ത വർഷത്തെ പത്താം ക്ലാസ്സുകാർ ഇതൊഴികെ വേറേത് നാടകം വേണമെങ്കിലും അവതരിപ്പിച്ചോളു....ജസ്റ്റ് ഫോറേ ചേയ്ഞ്ച്” എന്ന്.

ബിനോയ്//HariNav said...

Just for a horror.. enough for a laugh :)

മരഞ്ചാടി said...

എന്തുപറയാനാ ജയന്‍ ജീ എല്ലാം ‘ജസ്റ്റു ഫോറേ ഹൊറർ’ ... സംഗതി കലക്കന്‍ .. ഇനി ‘ബൂലോഗം’ ഏറ്റെടുക്കട്ടെ ‘ജസ്റ്റു ഫോറേ ഹൊറർ’

Unknown said...

ഡോക്ടറെ പോസ്റ്റ്‌ കിണ്ണംകാച്ചി കേട്ടോ.

Vayady said...

ജയന്‍ തകര്‍‌ത്തു, പിന്നെ പോസ്റ്റ് അടിപൊളിയായിരുന്നു, ‘തീന്മേശയിലെ ദുരന്തം’ എന്ന പ്രശസ്തമായ നാടകം കലക്കി. :)

jayanEvoor said...

ഹംസ
അതെ! അടിപോളി ഇന്ന് പണ്ഡിതന്മാർ പോലും ഉപയോഗിക്കുന്ന വാക്കായി മാറി!

ഇൻഡ്യാഹെറിറ്റേജ്
ഇറാക്കോ! ഹ! ഹ!!
ഒറ്റ നോട്ടത്തിൽ അങ്ങനെയും വായിക്കാം.
ശരിയാണ്. നല്ല സംവിധായകർ ഉണ്ട്.
ജോൺ.ഡി.വേക്കൻ ഒരു ഉദാഹരണം.
അദ്ദേഹമായിരുന്നു ‘മാറാട്ടം’ഞങ്ങൾക്കുവേണ്ടി ചെയ്തത്. തിരുവനന്തപുരത്തു വന്നപ്പോൾ എസ്.ജനാർദനൻ (‘മഹാസമുദ്രം’ എടുത്തയാൾ)

നൌഷു
യെസ്.ജസ്റ്റ് ഫോർ എ ഹൊറർ!

നന്ദകുമാർ
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘ചെത്ത്’ഇറങ്ങിയോ!? അപ്പോ നന്ദപർവം എന്റെയും കാർന്നോരോ!?

കുഞ്ഞാമിന
വീണ്ടും വന്നതിനു നന്ദി!
ജസ്റ്റ് ഫോർ എ ചെയ്ഞ്ച്!

ബിനോയ്
താങ്ക്സ് ഫൊർ ദാറ്റ്!

മരഞ്ചാടി
ഈ പ്രോഗ്രാമിന്റെ പ്രായോജകൻ കൊടുവാൾ ഫ്രം പോഞ്ഞിക്കര!

തെച്ചിക്കോടൻ
നന്ദീണ്ടിഷ്ടാ!

ഷൈജൻ കാക്കര said...

ഇടിവെട്ട്‌ പോസ്റ്റ്‌!

Vipin vasudev said...

പോസ്റ്റ്‌ പൊളപ്പന്‍ ആയീട്ടോ.

ഇനി ' പൊളപ്പന്‍ ' ന്റെ പേറ്റന്റ് ആര്‍ക്കാണാവോ ?

www.venalmazha.com

അനില്‍@ബ്ലോഗ് // anil said...

തള്ളേ‌ !!
ജസ്റ്റ് ഫോര്‍ ഹൊറര്‍ !
:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഓ..തള്ളേ ..കലക്കീൻണ്ട് ...
ഒരു പുത്തൻ കിണ്ണ്ങ്കാച്ചി വിടെലെന്നേ,
ആ സവിധായകൻ ഒരു ചെത്ത് മൊതലെന്നേ..,അവസനഭാഗം ഭയങ്കാരായിട്ടാ..
പിന്നെ ഈ ചെടപരത്തി കാര്യത്തിന് ..ഇന്യാ കൊടുവാള് അലമ്പ്ണ്ടാക്കില്ലല്ലോ ഗെഡീ

ചിതല്‍/chithal said...

ഹ ഹ ഹ!! എനിക്കിഷ്ടായി! ഇഷ്ടായി!! എന്നെ പറ്റി പറഞ്ഞൂലോ, പെരുത്തിഷ്ടായി!
എന്നാലും എന്റെ ജയേട്ടാ, ഇതൊക്കെ എങ്ങിനെ സാധിക്കുന്നു? ജയേട്ടന്റെ പോസ്റ്റില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ഭാഷയുടെ പ്രയോഗങ്ങളാണ്‌. അതിനെപ്പറ്റി ഇ-മെയില്‍ അയക്കാം. കമെന്റുന്നില്ല.
ജാണ്ടി പറഞ്ഞപോലെ, ഒരു ചെറിയ സംഭവത്തില്‍ നിന്ന്‌ ഒരു കിടിലന്‍ പോസ്റ്റ്‌! സമ്മതിച്ചിരിക്കുന്നു അണ്ണാ, നമിച്ചിരിക്കുന്നു!
പിന്നെ ഒരു ചെറിയ വാല്‍ എന്താച്ചാല്‍, ഞങ്ങള്‍ക്കു വേണ്ടി നാടകം സംവിധാനം ചെയ്യാന്‍ എത്തിയ അവതാരം പൊക്കത്തിന്റെ കാര്യത്തില്‍ മാത്രമേ കൊടുവാളുമായി സാമ്യമില്ലാതെയുള്ളു. കട്ടന്‍ ആന്‍ഡ്‌ ബീഡി സമാസമം ആയിരുന്നു.

ചിതല്‍/chithal said...

ഒരു ചെറ്യേ ഡൗട്ട്‌: "സുഹൃത്തേ എന്ന വിളി വിളിച്ച്‌ സുമേഷിന്റെ തൊണ്ട പൊട്ടി".
പക്ഷെ സുമേഷ്‌ അല്ലല്ലോ ആ ഡയലോഗ്‌ പറയേണ്ടത്‌? അത്‌ പറയേണ്ടത്‌ പശ്ചാത്തലത്തിലുള്ള അശരീരി അല്ലേ?

jayanEvoor said...

കാക്കര

വേനൽമഴ

അനിൽ@ബ്ലോഗ്

ബിലാത്തിപ്പട്ടണം

ചിതൽ

എല്ലാവർക്കും നന്ദി!

ബിലാത്തിച്ചേട്ടാ.... കൊടുവാൾ ഇപ്പോൾ ആരാണാവോ! അയാളുടെ പേരു മറന്നുപോയി!

ചിതൽ...

“സുഹൃത്തേ....” എന്ന ഡയലോഗ് അശരീരി അല്ല.

കൂട്ടുകാരനെ കൊന്നയാൾ തന്റെ സുഹൃത്തിനെ വിളിച്ച് കരയുന്ന രംഗമാണത്.

“സുഹൃത്തേ.... വെറു....മൊരു തമാ...ശ ...” എന്ന് കരഞ്ഞുകൊണ്ട് തന്റെ കൊല്ലപ്പെട്ട കൂട്ടുകാരനോട് വിലപിക്കുന്നു. അതാണ് മെലോഡ്രാമ കേറ്റി മൂ‍പ്പിച്ചു കൊളമാക്കിയത്.

അശരീരിയായി കേൾക്കുന്ന ഡയലോഗ് മുതലാളിയുടേത് മാത്രം.

എന്നൊക്കെയാണ് എന്റെ ഓർമ്മ!

സംവിധായകൻ മാറുന്നതിനനുസരിച്ച് നാടകത്തിലെ ചില ഡയലോഗുകളും, ദൃശ്യാവിഷ്കാരവും മാറിയേക്കാം....

അപ്പോ, നിങ്ങളും ഈ നാടകം കളിച്ചു!??

ഒരു നുറുങ്ങ് said...

കഥ കലങ്ങീണ്ട് മാഷെ ...“നിങ്ങൾ ചെയ്യുന്നതൊന്നും പോരാ.... നമുക്കീ നാടകം ഒന്ന് ‘ഉടച്ചു വാ‍ർക്കണം’! എന്നാലേ ഒര് ഇതുണ്ടാവൂ...!”

“ഈ ‘ഇതെ’ന്നുവച്ചാൽ...?”
അതെന്യാ പറഞ്ഞേ,ആ ഒരിതാണതെന്ന്...!!
പോസ്റ്റ് വായിക്കുമ്പോ ഗൌരവം കൈവിടൂന്ന്
തോന്നിയതോണ്ടാ ഒന്ന് ചിരിക്കാന്‍ പോലുമാവാതെ ശ്വാസം വിടാതെ വായന
പൂര്‍ത്തിയാക്കാനൊത്തത്.അത് കഴിഞ്ഞ് എന്തോ
ഒന്ന് ‘ഇറക്കി’യ പോലായ പോലെ ..!!

വരയും വരിയും : സിബു നൂറനാട് said...

ജയെട്ടാ, പോസ്റ്റ്‌ 'കലക്കി' കേട്ടോ..

ഇനി ഞങ്ങളുടെ ഒരു സാധനം...

"ഉസ്തല്ലേ...."
എന്ന് വെച്ചാല്‍ "എടാ മണ്ടന്‍ കൊണാപ്പി, എന്നെ കൂടുതല്‍ അങ്ങ് മണ്ടനാക്കാതെടാ..."

വിനയന്‍ said...

ജയെട്ടാ...ഈ 'ജസ്റ്റു ഫോറേ ഹൊറർ!' പ്രയോഗം കാലങ്ങള്‍ മുന്‍പേ ഉണ്ടെന്നു തോന്നുന്നു. ആരാണ് അവതരിപ്പിച്ചത് എന്നോര്‍മ്മയില്ല. എന്റെ എഞ്ചിനീയറിംഗ് പഠനകാലത്ത്(2005നു മുന്‍പ്) പലരില്‍ നിന്നും കേട്ട് പിന്നീട് എല്ലാവരും ഏറ്റു പിടിച്ച സെന്റെന്‍സ് ആയിരുന്നു അത്. മലപ്പുറം വാക്കുകളാണെങ്കില്‍ ഒരുപാട് ഉണ്ട്... സുന, മാഞ്ഞാളം, അയ്ക്കാരം,സംഭവം...... ജസ്റ്റ്‌ ഫോര്‍ ഹൊറര്‍... :)

അരുണ്‍ കരിമുട്ടം said...

ഒരു കാര്യം വിട്ട് പോയി.
പ്രണയ വര്‍ണ്ണങ്ങളിലെ സുരേഷ് ഗോപിയുടെ വാചകം

"കാണാം....കാണണം"

കണ്ണനുണ്ണി said...

ജയന്‍ ചേട്ടാ....മുന്നോട്ടു തന്നെ... :)

Manoraj said...

തീന്മേശയിലെ ദുരന്തം മനോഹരമായ നാടകമാണ്. അതിന്റെ അവസാനം ഇങ്ങിനെ വികല്പമാക്കിയ ആ സംവിധായകൻ യാര്? ഒരു വാക്ക് കൂടി കിട്ടിയില്ലേ വികല്പം. മുൻപ് തൃപ്രയാർ പഠിച്ചിരുന്ന കാലത്ത് പോകുന്നു എന്നതിന് പറഞ്ഞ് കേട്ടിരുന്ന ഒരു വാക്കാണ് തെറിക്കട്ടെ എന്ന്. ഓ കേൾക്കാൻ ഒരു രസമുണ്ടല്ലോ എന്ന് കരുതി നാട്ടിൽ ഒരു കല്യാണത്തിന് ചെന്നപ്പോൾ തിരികെ പോരാൻ നേരം അവിടെത്തെ ആരോടോ ഞാൻ പറഞ്ഞു തെറിക്കട്ടെ എന്ന്. അയാളുടെ നോട്ടം കണ്ടപ്പോൾ പന്തിയല്ല എന്ന് തോന്നിയെങ്കിലും അങ്ങേർ ഒന്നും മിണ്ടിയില്ല. പിന്നിട് എന്റെ കൂടെ വന്ന ചേട്ടനാ പറഞ്ഞത് ആ ഭാഗത്തൊക്കെ തെറിക്കട്ടെ എന്ന് പറഞ്ഞാൽ ഉളിഞ്ഞുനോക്കലിനെയാണെന്ന്.. ഹോ അടികൊള്ളാതെ പോന്നത് കാർണവന്മാർ ചെയ്ത പുണ്യം.

jayanEvoor said...

ഒരു നുറുങ്ങ്
അയ്യോ! ഇതിനൊക്കെ ഇത്ര ടെൻഷൻ പിടിക്കല്ലേ! അയച്ചു വിടൂ....ആ അങ്ങനെ!

സിബു നൂറനാട്
സത്യം പറഞ്ഞാൽ ഈ ‘ഉസ്ത്’ പഴയ നമ്പർ തന്നെ. എന്റെ ജൂനിയർ ബാച്ചിലെ പയ്യന്മാരാ എനിക്കു പരിചയപ്പെടുത്തിയത്. അവന്മാർ സ്ഥിരം ഉസ്ത് വീരന്മാരായിരുന്നു!(1990 ബാച്ച്)

വിനയൻ
തീർച്ചയായും ഉണ്ടായിക്കാണും!
ഞങ്ങളുടെ കോളേജിൽ ‘ജസ്റ്റ് ഫോറെ ഹൊറർ’ഇറങ്ങിയത് 1993യിൽ ആണ്.


അരുൺ കായംകുളം
അതെന്തരപ്പീ സൂരേശു ക്വാവീടെ പ്യാരു പറഞ്ഞ് വെരട്ടണത്!? വോ തൊടുപുഴ മീറ്റ്... തന്ന്യേ?

കണ്ണനുണ്ണി
ഡാങ്ക്സ് കണ്ണാ!

മനോരാജ്
അവൻ... ആ പാതകി!കൊടുവാൾ!

പഴയ ഒർമ്മപുതുക്കിയതിനു നന്ദി!

ജീവി കരിവെള്ളൂർ said...

ഡോക്ടറേ നിങ്ങളൊരു ഫയങ്കര സംഭവം തന്നെ കേട്ടാ..

mini//മിനി said...

പോസ്റ്റ് മൊത്തത്തിൽ അടിപൊളി,

വഴിപോക്കന്‍ | YK said...

വൈദ്യരെ, ഇത് ഒരു "തകര്‍പ്പന്‍ " പോസ്റ്റ്‌ ആയി. ആശംസകള്‍

sindhukodakara said...

കലക്കും, തകര്‍ക്കും, അടിച്ചു പൊളിക്കും, എന്നിങ്ങനെ ആഘോഷിക്കാനുള്ള വാക്കുകളും ചെത്ത്, ചെമ്പ്, അടിപൊളി, സ്റ്റൈലന്‍, മിന്നന്‍, ചുള്ളന്‍ എന്നിങ്ങനെ യുള്ള വാക്കുകളും കൂടാതെ വേറെയുമുണ്ട് കലാലയങ്ങളുടെ വകയായി ഭാഷ ക്ക് സംഭാവനകള്. ‍ കോളേജ് ഇല്‍ ഏതെങ്കിലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൂട്ടത്തില്‍ നിന്ന് മാറി നിന്ന് സംസാരിച്ചാല്‍ അതിനു പറയുന്ന വാക്ക് കേട്ടിട്ടുണ്ടോ ?? അതാണ് കുറുങ്ങല്‍. അത് പോലെ ഈ വാള് വക്കല്‍, എന്ന വാക്കും യുവ ഭാഷ പ്രേമികളുടെ തന്നെ കണ്ടെത്തലാണ്. പിന്നെ മിമിക്രി ക്കാര്‍ അതിനെ ആഗോള തലത്തില്‍ പരിപോഷിപ്പിക്കും. എന്തായാലും കേള്‍ക്കാന്‍ നല്ല രസമാണ്.. എന്തായാലും ഒരു ഗവേഷണത്തിനുള്ള സ്കോപ് ഉണ്ടോന്നു നോക്കാം.. കൊള്ളാം ഡോക്ടര്‍.. നല്ല രസമായിരുന്നു വായിക്കാന്‍. ഒപ്പം പഴയ കാലത്തേക്ക് ഒരു മടങ്ങി പോക്കും... ജെസ്റ്റ് ഫോര്‍ ഹൊറര്‍

Gopika said...

just for horror adipoli jayanchetta....:)
sagavee munnottuuu...:)

അഭി said...

ജസ്റ്റ് ഫോർ ഹൊറർ..

കൊള്ളാം ജയേട്ടാ

കൂതറHashimܓ said...

മച്ചൂ.. പൊളപ്പന്‍.. :)
കുറെ ഇഷ്ട്ടായി

jayanEvoor said...

ജീവി കരിവള്ളൂർ

മിനിച്ചേച്ചി

വഴിപോക്കൻ

കുസുമം

സിന്ധു കൊടകര

അഭി

കൂതറ ഹാഷിം

നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി, എല്ലാവർക്കും!

Ashly said...

ജസ്റ്റ്‌ കൂടിയാലം ഹൊറര്‍ കുറയ്ക്കരുത് ;)

മൻസൂർ അബ്ദു ചെറുവാടി said...

ചെത്തി കല്ലക്കിയിട്ടുണ്ട് ജയാ ഈ ഇടിവെട്ട് കലക്ക്

idikkula said...

സ്പാറി,,മാഷേ സ്പാറി.. നാടകം ക്ഷ പിടിച്ചു..

ദീപു said...

ജയൻ,
ഈ പോസ്റ്റിലും ജയൻ തന്റെ സ്റ്റാമ്പ്‌ പതിച്ചിട്ടുണ്ട്‌. അഭിനന്ദനങ്ങൾ..

ManzoorAluvila said...

ഇറക്കുകളുടെ ഈ ചരിതം നന്നായി..എല്ലാ മംഗളങ്ങളും നേരുന്നു

K@nn(())raan*خلي ولي said...

ഇതാ സാറേ, ഞാന്‍ കേറിയിരിക്കുന്നു.

എന്റെ ബ്ലോഗില്‍ താന്കലിട്ട കമന്റിനു നന്ദി. ഇടയ്ക്ക് വരണമെന്ന് അപേക്ഷ.

രഘുനാഥന്‍ said...

ഹഹ ആ കൊടുവാള്‍ സംവിധായകന്‍ ഇപ്പോള്‍ എവിടാ..ഏതായാലും പോസ്റ്റ്‌ അടിച്ചു പൊളിച്ചു...അല്ല കലക്കി...ശേ...തകര്‍പ്പന്‍...

jayanEvoor said...

ക്യാപ്ടൻ ഹാഡോക്ക്

ചെറുവാടി

ഇടിക്കുള

ദീപു

മൻസൂർ ആലുവിള

കണ്ണൂരാൻ

രഘുനാഥൻ

എല്ലാവർക്കും നന്ദി!
കൊടുവാളിന്റെ യഥർത്ഥ പേരു മറന്നു പോയി.
പഴയ ആ രൂപം മാത്രം ഓർമ്മയിലുണ്ട്.
ഇപ്പോൾ ആരെന്നും എന്തെന്നും ഒരു പിടിയുമില്ല!

jyo.mds said...

ജയന്‍-നല്ല പോസ്റ്റ്-

കുട്ടന്‍ said...

തകര്‍ത്തു ട്ടോ ജയേട്ടാ.......ഈ അടുത്ത കാലത്ത് തൃശ്ശൂര് വേറെ ഒരു പ്രയോഗം ഉണ്ടായിരുന്നു ...നേരം വൈകും എന്നുള്ളതിന് ....ഒരു അഞ്ചു അഞ്ചര മണി ആവും ഇഷ്ട!!!!!!!!!!!

രുക്കു said...

“ഇടിവെട്ട്” പോസ്റ്റ് ചേട്ടാ :)

nishad melepparambil said...

Thalle preyogam yenikkum angu digest ayilla mashe

വിനുവേട്ടന്‍ said...

ജയന്‍... രസിച്ചുട്ടോ... 'ഒരു ജാതി മെത' തന്നെയായീട്ടാ...

പിന്നെ ഇപ്പോള്‍ തൃശൂരിലെ പുതിയ ഇറക്ക്‌ 'ചിരിച്ച്‌ ബോധം കെടല്‍' ആണ്‌. ജോലിയും പോയി കൈയില്‍ കാല്‍ കാശില്ലാതെ ഇനിയെന്ത്‌ എന്ന അവസ്ഥയില്‍ ഇരിക്കുന്നതിനെയാണ്‌ "ചിരിച്ച്‌ ബോധം കെടുക" എന്ന് പറയുക എന്നാണ്‌ കേട്ടറിവ്‌...

jayanEvoor said...

ജ്യോ

കുട്ടൻ

രുക്കു

നിഷാദ്

വിനുവേട്ടൻ

‘ജസ്റ്റു ഫോർ ഹൊറർ’ഇവിടെ വന്നുപോയ എല്ലാവർക്കും നന്ദി!

‘ഇടിവെട്ട്’
‘ഉസ്ത്’
‘ഓഞ്ഞ’
തുടങ്ങിയ പ്രയോഗങ്ങളും 1990 മുതൽ ഹോസ്റ്റലിൽ നിലവിലുണ്ടായിരുന്നു. ഇടിവെട്ട് ഇറങ്ങിയകാലത്തു തന്നെയായിരുന്നു ‘അടിപൊളി’യും ‘കിടില’വും ഇറങ്ങിയത്.അതുകൊണ്ടാവും അത് ക്ലച്ചുപിടിച്ചില്ല.

ഉസ്തല്ലേ മോനേ
ഓഞ്ഞ മോന്ത
തുടങ്ങിയവയും അഖിലകേരള പ്രശസ്തിയിലേക്കുയർന്നില്ല!

ഭായി said...

ചിരിപ്പിച്ചൂ‍ ഡോക്റ്റർ...
പല സ്ഥലത്തും നന്നായി ചിർപ്പിച്ചു!! എങ്കിലും # ആഹാരം കഴിക്കുന്ന പ്രശ്നമേയില്ല# ഈ വാക്ക് എന്നെ ഒരുപാട് ചിരിപ്പിച്ചു! :)
പോസ്റ്റ് നന്നായി. ചിരിപ്പിച്ചതിന് എന്റെ വഹ ഒരു ഹൊററ്..

പാർവ്വതി said...

ഹോ ...നാടകങ്ങള്‍ ഇത്രേം കൊഴപ്പാണോ...ചെറുപ്പത്തില്‍ അമ്മയുടെ കൂടെ പോയിട്ടുണ്ട് പിന്നെ വലുതായത്തിനു ശേഷം കണ്ടിട്ടില്ല

Ajmel Kottai said...

പക്ഷെ ഈ ഡയലോഗ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ പറയുന്നുണ്ട്.
"ഞാനും എന്റെ ഡ്രൈവറും ഈ വീട്ടില്‍ ഒരു നാടകം കളിക്കുകയായിരുന്നു. Just for horror"
അതാണ് ഓര്‍മ വന്നത്. ഒരു പക്ഷെ നാടകത്തിലേക്ക് ഇതില്‍ നിന്ന് ചാര്‍ത്തിയതായിരിക്കും :)
എന്തായാലും സംഗതി കലക്കി.

jayanEvoor said...

ഭായി,

“ആഹാരം കഴിക്കുന്ന പ്രശ്നമേയില്ല# ഈ വാക്ക് എന്നെ ഒരുപാട് ചിരിപ്പിച്ചു! :)”
ഈശ്വരാ!
ചിരിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ!

പാർവതി,
ഇതിനുശേഷമുള്ള നാടകകഥയൊന്നും വായിച്ചില്ല, അല്ലേ!?
എന്റെ ഭാഗ്യം !

കൊറ്റായി,
പറഞ്ഞതു ശരിയാണ്. എന്റെ ഒരു സുഹൃത്തും ഇതു ചൂണ്ടിക്കാട്ടി.

മിക്കവാറും സിനിമ നാടകത്തെ സ്വാധീനിച്ചു കാണും. എന്തായാലും ഞാൻ ഇതാദ്യം ശ്രദ്ധിച്ചത് ഈ നാടകത്തോടേയാണ്!

poor-me/പാവം-ഞാന്‍ said...

ചെത്തിന്റെ ചരിത്രം
ഹീറോ ഹോണ്ട വന്നു കഴിഞപ്പോള്‍ കുമാരന്മാര്‍ അതില്‍ വിലസാന്‍ തുടങി.ഇവന്മാര്‍ ഒരു വണ്ടി എതിരെ വന്നാല്‍ രണ്ടു മി.മി ദൂരത്തിലെതുമ്പോളെ മാറ്റിക്കൊടുക്കുകയുള്ളു.ഓവര്‍ റ്റൈക്ക് ചെയ്യുകയാണെന്നിരിക്കട്ടെ(ഒരു ബസ്സിനെ)ബസ്സിനു സമാന്തരമായി ഒരടി ദൂരത്തില്‍ നീങി വേഗത കൂട്ടിയ ശേഷം കൃത്യം ഒരടി വ്യത്യാസത്തില്‍ ഇടത്തോട്ട് വെട്ടിച്ചു വേഗത കൂട്ടി മുന്നോട്ട്..(സര്‍ജന്‍സ് പ്രിസിഷന്‍) വണ്ടി ചെത്തി എടുക്കുക എന്നായിരുന്നു അതിന്റെ പേര്‍...പിന്നിട് ഷൈന്‍ ചെയ്യാന്‍ എന്തു ചെയ്താലും “ചെത്തലായി”...
ചമ്മലിന്റെ കഥ താങ്കള്‍ ഗവേഷണം ചെയ്താലും!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ “സര്‍ജന്‍സ് പ്രിസിഷന്‍ “ കലക്കി ആ ചെത്തല്‍ കഴിഞ്ഞ പലരും സര്‍ജന്മാരുടെ മേശയ്ക്കു മുകളില്‍ കിടക്കുന്നതുകൊണ്ടായിരിക്കും ആ പേര്‍ വന്നത് അല്ലെ? :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനൊരു തൃശൂര്‍കാരനാ
അത് കൊണ്ട് കിടക്കട്ടെ എന്റെ വക ഒരു " അടിപൊളി"

Unknown said...

:)

jayanEvoor said...

പാവം ഞാൻ
ചെത്തൽ കഥ കൊള്ളാം!

ഇൻഡ്യാ ഹെറിറ്റേജ്
ഹ! ഹ!
ചെത്തുവീരന്മാർ പലരും സർജൻസ് ടേബിളിൽ എത്തിയിട്ടുണ്ട്!

മിഴിനീർത്തുള്ളി
ഇപ്പോ പ്രാഞ്ചിയേട്ടൻ ഇറങ്ങിയശേഷം കൂടുതൽ തൃശ്ശൂർ സ്ലാങ്ങുകൾ പോപ്പുലർ ആയിട്ടുണ്ട്!

മൈ ഡ്രീംസ്...ഡിയർ
ഒരു മറു പുഞ്ചിരി!
ജസ്റ്റ് ഫോർ ഹൊറർ!