Sunday, May 8, 2011

ഷിമോൺ ദ പാപ്പച്ചൻ !

കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാടിനെപ്പറ്റിയുള്ള കഥയാണിത്.

പണ്ടുപണ്ടൊരു കാലത്ത്, ഏതോ ഒരു ഹോസ്റ്റലിൽ ഷിമോൺ പാപ്പച്ചൻ എന്നൊരു യുവാവ് താമസിച്ചിരുന്നു. വന്നു കയറിയ നാളുകളിൽത്തന്നെ, ഹോസ്റ്റൽ വാസികളുടെ പേടിസ്വപ്നമായിരുന്നു ഷിമോൺ. കറുത്തു തടിച്ച ശരീരം. കട്ടിക്കണ്ണട. അതിനുള്ളിലൂടെ തുളഞ്ഞു വരുന്ന തുറിച്ച നോട്ടം. ടൈറ്റ് പാന്റ്സ്, ഷർട്ട്. മൊത്തത്തിൽ ഒരു വശപ്പെശക് ലുക്ക്. ഒറ്റനോട്ടത്തിൽ ഘടോൽക്കചന്റെ അനന്തിരവൻ ഘടാഘടിയൻ!

കോഴ്സ് തുടങ്ങി അല്പകാലം കഴിഞ്ഞാണ് ആൾ എത്തിയത്. വേറേ ഏതോ കോഴ്സ് പാതി വഴി ഉപേക്ഷിച്ചാണ്  ഇവിടെ എത്തിയത്. അപ്പോഴേക്കും മറ്റു ക്ലാസ്മേറ്റുകൾ തമ്മിൽ ചിരപരിചിതരായികഴിഞ്ഞിരുന്നു. അതു മനസ്സിലാക്കിയിട്ടാവും, തനിക്കു ചുറ്റും എപ്പോഴും ഒരു നിഗൂഢത കാത്തു സൂക്ഷിച്ചിരുന്നു, ഘടാഘടിയൻ.

ചിലപ്പോൾ നിന്നനിലയിൽ അപ്രത്യക്ഷനാകും . പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് വിയർത്തുകുളിച്ച് പ്രത്യക്ഷപ്പെടും. നേരെപോയി കുളിച്ച് കിടന്നുറങ്ങും. ആൾ എവിടെപ്പോകുന്നെന്നോ, എന്തു ചെയ്യുന്നെന്നോ ആർക്കും ഒരു പിടിയും ഇല്ല. നിഗൂഢത മുറ്റി വന്നെങ്കിലും, വെട്ടുപോത്തിന്റെ മട്ടും ഭാവവും കാരണം സീനിയേഴ്സ് പോലും അവനോട് മുട്ടിയിരുന്നില്ല.

മാസങ്ങൾ ഇഴഞ്ഞിഴഞ്ഞ് കടന്നുപോയ്ക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം അതിയാന്റെ മുറിയിലെ വെള്ളതേച്ച ചുമരുകളിൽ ചുവന്ന അക്ഷരത്തിൽ ചില ലിഖിതങ്ങൾ പ്രത്യക്ഷപ്പെട്ടു.
അവ ഇങ്ങനെയായിരുന്നു.

GINKA

HITOTSU

BENHUR

ഇതിന്റെയൊക്കെ അർത്ഥമോ, എഴുതി വച്ചതിന്റെ ഉദ്ദേശമോ, ഇന്നോളം ആർക്കും പിടികിട്ടിയിട്ടില്ല.ആകെ പിടികിട്ടിയത് ഇത്ര മാത്രം. ഈ അക്ഷരങ്ങൾ ഷിമോൺ തന്റെ സ്വന്തം രക്തത്തിൽ മുക്കി എഴുതിയതാണ്!

എന്നാൽ, ഈ വിവരം ആർക്ക് ആരിൽ നിന്നു കിട്ടി എന്നത് ഹോസ്റ്റലിൽ ആർക്കുമറിയില്ലായിരുന്നു!!

റൂം മേറ്റ് നാട്ടിൽ പോയിരുന്നതു കാരണം തലേന്നു രാത്രി മുറിയിൽ മറ്റാരുമില്ലായിരുന്നു.
ഇത്രയൊന്നും പോരാ എന്നു തോന്നിയിട്ടാവണം  അടുത്ത ദിവസം ചുവന്ന നിറത്തിൽ ഒരു കൈപ്പത്തി കൂടി ഭിത്തിയിൽ പ്രത്യക്ഷപ്പെട്ടു. അതോടെ അവന്റെ നിഴൽ കണ്ടാൽ പോലും, ഹോസ്റ്റൽ വാസികളിൽ ദുർബല ഹൃദയരായവർ, വിറയ്ക്കാൻ തുടങ്ങി. ഇനി ഇവനെങ്ങാനും വല്ല നക്സലൈറ്റുമാണോ!

ചോദിക്കാൻ ക്ലാസ് മേറ്റുകൾക്ക് ഭയം.  ക്ഷിപ്രകോപിയാണ് ഷിമോൺ. ഇഷ്ടമല്ലാത്തത് എന്തെങ്കിലും ചോദിച്ചാലുടൻ ചൂടാകും.

സുരേഷ് ഗോപിയുടെ വായിൽ നിന്നു വരും മുൻപ്  ‘ഷിറ്റ്’ ശ്രവിക്കാൻ ഹോസ്റ്റൽ വാസികൾക്ക് അവസരമുണ്ടായത് അങ്ങനെയാണ്. ദേഷ്യം വന്നാൽ തലങ്ങും വിലങ്ങും ഷിറ്റ് പായും.  ഷിറ്റ് !  ഷിറ്റ് !!  ഷിറ്റ് !!!

പ്രത്യേകതകളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. കോളേജിൽ പുതിയ ജൂനിയേഴ്സ് വന്നു.അതോടെ, പൊടുന്നനെ തന്റെ മുറിയിലെ ചുവരെഴുത്തുകൾ കഥാനായകൻ മാറ്റി. അതിങ്ങനെയായിരുന്നു.

SHITO RYU

KATAS

SENSAI SHIMON

ആദ്യ വാക്കിലെ ‘ഷിറ്റോ’കണ്ടപ്പോൾത്തന്നെ, ഓക്കാനം വന്നെങ്കിലും സംഗതി എന്തെന്നു പൂർണമായി അങ്ങു കത്തിയില്ല. ഇതെന്തോ മുട്ടൻ തെറിയാണെന്ന് മാത്രം ഹോസ്റ്റൽ വാസികൾ ഊഹിച്ചു.

പക്ഷേ, തെറിയുടെ അവസാനം ആരെങ്കിലും സ്വന്തം പേരെഴുതി വയ്ക്കുമോ? ആളുകളാകെ കൺഫൂഷ്യം!.

തൊട്ടടുത്ത ദിവസം ആളുടെ മുറിയിൽ, വസ്ത്രങ്ങൾ തൂക്കുന്ന അയയിൽ ചില റിബണുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള - മഞ്ഞ -  പച്ച -  തവിട്ടു കളറുകളിൽ റിബണുകൾ....

അന്നു വൈകുന്നേരം തന്റെ സഹമുറിയനു മുന്നിൽ ഒരു വെള്ളക്കുപ്പായമിട്ട് അരയിൽ തവിട്ടു നിറമുള്ള റിബൺ വലിച്ചുകെട്ടി ഷിമോൺ പ്രത്യക്ഷനായി.

അപ്പോൾ മാത്രമാണ് ഷിമോൺ ഒരു കരാട്ടേ അഭ്യാസി കൂടിയാണെന്ന് മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെട്ടത്.

അയയിൽ തൂങ്ങിയ റിബണുകൾ ഒക്കെ ഓരോ ബെൽറ്റുകളാണ്!
ബ്രൌൺ ബെൽറ്റാണ് ആൾ. ഇനി കിട്ടാനുള്ളത് ബ്ലാക്ക് ബെൽറ്റ് മാത്രം!

ഷിറ്റോ റ്യൂ എന്നത് ഒരു കരാത്തേ സ്റ്റൈൽ ആണത്രെ! കട്ടാസ് എന്നു വച്ചാൽ അതിലെ ചലനക്രമമാണ്. സെൻസായി എന്നു വച്ചാൽ ആശാൻ...!

നാട്ടിൽ നിന്നും വന്നപ്പോൾ നഞ്ചക്ക് കൊണ്ടുവരാൻ മറന്നു പോയത്രെ!

അതോടെ ചങ്ങാതി ഒരു ദാദ ആയി ഹോസ്റ്റലിൽ വിലസാൻ തുടങ്ങി. ആരാധകരായി ജൂനിയർ പയ്യന്മാരുടെ ഒരു കൂട്ടവും.

ഇങ്ങനെയൊക്കെയായ ഷിമോൺ എന്ന കൊലകൊമ്പൻ പിന്നെങ്ങനെയാണ് ഒരു മോഴ ആയിപ്പോയത്!?

അതിനുത്തരം ചെമ്മീനിലെ ആ പഴയ പ്രണയഗാനമാണ്.

കടലിലെ ഓളവും, കരളിലെ മോഹവും
അടങ്ങുകില്ലോമനേ...അട.... ങ്ങുകി ല്ലാ.....!!!

അതെ. അദന്നെ സംഭവം!

ജൂനിയർ ബാച്ചിൽ വന്ന പെൺകിടാങ്ങളിലൊന്നിനെ കണ്ടതോടെ സെൻസായിയുടെ കണ്ട്രോൾ ചോർന്നു.

പേര് ഷീല പൊതുവാൾ. സംഗതി അവന്റെ സൈസിനൊപ്പം നിൽക്കും. യമണ്ടൻ ഫിഗർ. ഗജരാജവിരാജിത മന്ദഗതി!

പക്ഷേ, ഒരു കൊല്ലം പിറകെ നടന്നിട്ടും ഒരു ഗതിയും കിട്ടിയില്ല. നോ മൈൻഡിഫിക്കേഷൻ.
കൊലകൊമ്പനെ വട്ടം ചുറ്റിച്ചുകൊണ്ട്  മദയാന ക്യാമ്പസിൽ മേഞ്ഞുനടന്നു.

പുതിയ റൂം മേറ്റായി ജൂനിയർ ബാച്ചിലെ ഒരു നീർക്കോലിപ്പയ്യൻവന്നുചേർന്നു. ആദ്യമൊക്കെ അവന്റെ വരവ് ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ കരൾക്കാട്ടിൽ മേയുന്ന കാമിനിയിലേക്കുള്ള കടമ്പയായി അവനെ ഉപയോഗിക്കാം എന്ന ചിന്തയിൽ, ആ ഇഷ്ടക്കേട് അലിഞ്ഞുപോയി. നീർക്കോലി, ദാദയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി. ദാദയുടെ ഹൃദയരഹസ്യങ്ങൾ പുറം ലോകമറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

പഴയ കോളേജിൽ നിന്ന് പഠനം നിർത്തി പോരാൻ കാരണം തകർന്നുപോയ ഒരു വൺ വേ പ്രണയമായിരുന്നത്രെ. അവളുടെ തനിപ്പകർപ്പാണത്രെ ഈ ഷീല!

ജൂനിയേഴ്സിന്റെ കണ്ണു തള്ളി!

“സൈസ്  ഡസ്  മാറ്റർ ഡാ.....   ഉം......!” ദാദയുടെ ഇഷ്ടത്തെക്കുറിച്ച് , കണ്ണിറുക്കിക്കൊണ്ട് നീർക്കോലിയുടെ കമന്റ്.

തന്റെ മാർദവമില്ലാത്ത പെരുമാറ്റമാണ് അവൾക്കിഷ്ടപ്പെടാത്തതെന്ന നീർക്കോലിയുടെ അസസ്‌മെന്റ് ഷിമോൺ നിരുപാധികം സ്വീകരിച്ചു.

അതോടെ വെട്ടുപോത്ത് മട്ടിൽ നടന്നിരുന്നവൻ നാട്ടുപോത്തായി. “ഇനി ഒരു ആട്ടിൻ കുട്ടിയാവണം.  ഒടുവിൽ അവളുടെ കയ്യിലെ മാടപ്രാവാകണം....!മൺവീണയാകണം.......... നിൻ വിരൽ തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ..............” ഡയറിക്കുറിപ്പിലൂടെ ഷിമോണിലെ കവിഹൃദയം ഉണർന്നത്  ‘നീർക്കോലീക്ക്സ്’ലൂടെ ലോകം അറിഞ്ഞു.

എന്തായാലും ഇത്രയുമായതോടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ, മണിക്കൂറുകൾക്കു ശേഷം വിയർത്തുകുളിച്ച് മടങ്ങിവരൽ തുടങ്ങിയ നിഗൂഢപ്രവർത്തനങ്ങൾ ഷിമോൺ ദ കാമുകൻ അവസാനിപ്പിച്ചു.

ഒരു ദിവസം, മുൻ കോളേജിൽ താൻ ചെയ്തിരുന്ന വീരസ്യങ്ങൾ അദ്ദേഹം ജൂനിയേഴ്സിനോട് വിവരിച്ചു. താനൊരു ഗായകൻ കൂടിയാണ് എന്നായിരുന്നു വെളിപ്പെടുത്തൽ. എങ്കിൽ ദാദയുടെ ആ കഴിവ് അവൾക്കു മുന്നിൽ പ്രകടിപ്പിക്കണം എന്നായി നീർക്കോലി.

ഒടുവിലൊരു നാൾ, ലഞ്ച് ബ്രെയ്ക്കിൽ, ജൂനിയർ ക്ലാസിലിരുന്ന്, വിജനതയിൽ കണ്ണും നട്ട്, ‘ആഷിഖി’ എന്ന അക്കാലത്തെ ഹിറ്റ് ചിത്രത്തിലെ ഒരു ഗാനം ഷിമോൺ പാടി. “മെ ദുനിയാ ഫുലാ ദൂംഗാ..... ആഷിഖീ കേ ലിയേ...”

ജാസി ഗിഫ്റ്റ് അതുവരെ സിനിമയിൽ പാടിയിട്ടില്ലാതതുകൊണ്ടാവും, ആർക്കും അത് ശ്രവണസുന്ദരമായി തോന്നിയില്ല; പ്രത്യേകിച്ച് ഷീലാ പൊതുവാളിന്. ഗാനം പാതി കഴിഞ്ഞപ്പോൾ തന്നെ അവൾ സ്ഥലം വിട്ടു. പാട്ടുമുഴുമിക്കാതെ, കടന്നൽ കുത്തിയ മുഖവുമായി ദാദയും.

അന്നു വൈകുന്നേരം ഷിമോൺ വീണ്ടും നിന്ന നിൽ‌പ്പിൽ അപ്രത്യക്ഷനായി!

രാത്രിയായപ്പോൾ ആടിയുലഞ്ഞ് മടങ്ങിയെത്തി. നല്ല കള്ളിന്റെ മണം! നീർക്കോലി ആളെ സമാധാനിപ്പിച്ച് മുറിയിൽ കയറി കതകടച്ചു.

ദാദയുടെ അപ്രത്യക്ഷമാകലിന്റെ രഹസ്യം ‘നീർക്കോലീക്ക്‌സ് ’പിറ്റേന്നു വെളിപ്പെടുത്തി. കിലോമീറ്ററുകൾ ദൂരെയുള്ള മുല്ലപ്പൂക്കൾ കൊണ്ടു പന്തലൊരുക്കിയ ഒരു മലർവാടിയിലേക്കാണത്രെ ‘അന്തർദാഹം’തീർക്കാനായി ദാദ ഇടയ്ക്കിടെ മുങ്ങുന്നത്. ഷീല വന്നതോടെ മറ്റൊരു ലഹരി തനിക്കു വേണ്ട എന്ന തീരുമാനത്തിൽ ആ യാത്ര ഉപേക്ഷിച്ചതായിരുന്നു. ഇന്നിപ്പോൾ അവളായിട്ടു തന്നെ അത് പുനരാരംഭിപ്പിച്ചു!

ഏതാണീ മുല്ലപ്പന്തൽ എന്ന് ഹോസ്റ്റലിൽ കൂലങ്കഷമായ ചർച്ചകൾ നടന്നു. എന്നാൽ ആ രഹസ്യം ഷിമോൺ ആരോടും വെളിപ്പെടുത്തിയില്ല.

അടുത്ത ബാച്ച് വന്നു. പുതിയ സുന്ദരിമാർ എത്തി. എന്നിട്ടും ദാദയുടെ കരളിലെ ഓളം അടങ്ങിയില്ല. അത് ഷീലയ്ക്കു ചുറ്റും തന്നെ ചുഴികളുയർത്തിക്കൊണ്ടിരുന്നു. ആർട്ട്സ് കോമ്പറ്റീഷൻസ് തുടങ്ങി.ഷിമോണും ഷീലയും ഒരേ ഹൌസിൽ.അക്കാലത്ത് കപ്പിൾ ഡാൻസ് എന്നൊരു മത്സരം ഉണ്ടായിരുന്നു. ഒന്നുകിൽ രണ്ടും പെണ്ണുങ്ങൾ, അല്ലെങ്കിൽ രണ്ടും ആണുങ്ങൾ ആ‍വും പങ്കെടുക്കുക. ഒരാൾ ആൺ വേഷവും മറ്റെയാൾ പെൺ വേഷവും കെട്ടി ഡാൻസ് കളിക്കും.

ഹൌസിൽ ഇക്കുറി കപ്പിൾ ഡാൻസിനു പറ്റിയ ആൾക്കാർ കുറവ്. ഡാൻസ് അറിയുന്ന പെൺകുട്ടികളൊക്കെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന തുടങ്ങി പലവിധ തിരക്കിൽ.

ഒടുവിൽ നാടകീയമായി ഷിമോൺ പെണ്ണാകാൻ തയ്യാറായി.

പക്ഷേ, ധരിക്കാൻ ഒരു ഫ്രോക്ക് വേണം. ഷീലയാണ് ഹൌസിന്റെ വൈസ് ക്യാപ്റ്റൻ. നീർക്കോലി ഇടനിലക്കാരനായി.

അവൾ സ്വന്തം ഫ്രോക്ക് കൊടുക്കാൻ തയ്യാറായാൽ ഷിമോൺ അതു ധരിച്ച് , സ്വന്തം ടീമിനുവേണ്ടി ഒരു പയ്യനൊപ്പം നർത്തനമാടും!

“ഫൂ! ”      വൈസ് ക്യാപ്റ്റന്റെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു.

അന്നു രാത്രി ഷിമോൺ എഗൈൻ ദ പൂക്കുറ്റി!.

ഏറെ വൈകിയാണ് ആൾ ഹോസ്റ്റലിൽ എത്തിയത്. മുറിയിലേക്കുള്ള വരവു കണ്ടപ്പോൾ തന്നെ, നീർക്കോലി ഭയഭക്തി ബഹുമാനത്തോടെ ഓടിയെത്തി. ഷിമോൺ കട്ടിലിൽ ഇരുന്നു. കാലുകൾ നീട്ടി ഷൂസ് കുടഞ്ഞെറിഞ്ഞു.

തുടർന്ന് അദ്ദേഹം ചെയ്ത ഒരു കൃത്യമാണ് സംഗതി കുഴപ്പിച്ചത്.സോക്സ്  വലിച്ചൂരി ഒന്നു കുടഞ്ഞു. അതിന്റെ പരിമളം നാലുപാടും പരന്നു.

ആപത്ത് മുൻ കൂട്ടിക്കണ്ട് നീർക്കോലി, ഒരു ബക്കറ്റ് എടുത്ത് കട്ടിലിനരികിലേക്കു വച്ചുകൊടുത്തു. വാൾ ഊരിയാൽ അതിൽ വീഴട്ടെ എന്നു കരുതി അവൻ. പക്ഷേ, ഷിമോൺ കൈകൾ വായുവിലുയർത്തി പിന്നിലേക്കാന്ന്  മൂരി നിവർന്നു.

നിമിഷങ്ങൾക്കുള്ളിൽ നീട്ടിവച്ച ബക്കറ്റിലേക്കു കൈകൾ കുത്തി, വാഴപ്പിണ്ടി വണ്ണത്തിൽ വാളൊരെണ്ണം ജൂനിയറിന്റെ കാൽക്കൽ അർപ്പിച്ചു.

ഘടാഘടിയൻ വാളിനു മീതെ!

കഷ്ടകാലത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.......

പക്ഷേ, ശരിക്കും കഷ്ടകാലം എന്തെന്നറിഞ്ഞത് കോളേജിൽ ഒരു കുറിയ പയ്യൻ അഡ്‌മിഷൻ  എടുത്തതോടെയാണ്. ദേശീയ ജൂഡൊ താരമാണത്രെ ഈ ‘കുറുമാൻ’! കരാത്തേയും, കുങ്‌ഫൂവും കൂടി പഠിച്ചിട്ടുണ്ടു പോലും!

വന്നപ്പോൾ തന്നെ കരാത്തേ വിദഗ്‌ധനായ ഒരു ചേട്ടായി ഇവിടുണ്ടെന്നും പോയി കാണണമെന്നും അവനോട് ആരോ പറഞ്ഞു. രാത്രി കുറുമാൻ മുറിയിലെത്തി ചേട്ടായിയെ കണ്ടു. പിന്നെ അര മണിക്കൂർ അവർ മുറി അടച്ചിട്ട് സംസാരിച്ചു.

മൂന്നാമനായി നീർക്കോലി മാത്രം. കുറച്ചു കഴിഞ്ഞ്  നിശ്ശബ്ദനായി ജൂനിയർ പോയി. എന്നാൽ പിറ്റേന്നത്തെ നീർക്കോലീക്ക്‌സ് ഹോസ്റ്റൽ ഇളക്കി മറിച്ചു!

മുറിയിൽ വന്ന പയ്യൻസിനോട് ഷിമോൺ കുറേ ജാഡ ഡയലോഗുകൾ അടിച്ചു എന്നും, ഫൈറ്റ് ചെയ്യാൻ വെല്ലുവിളിച്ചു എന്നും, സഹി കെട്ടപ്പോൾ ജൂനിയർ അതിനു തയ്യാറായി എന്നും, തുടയ്ക്കടിച്ചു പോരിനു വിളിച്ച ചേട്ടായിയെ കുഞ്ഞൻ ഞൊടിയിടയിൽ മലർത്തിയടിച്ചു എന്നും, ചേട്ടായി കാലിൽ വീണ് നാണം കെടുത്തരുത് എന്ന് അപേക്ഷിച്ചു എന്നും, കുഞ്ഞൻ അതു സമ്മതിച്ചു എന്നും, ഈ രഹസ്യം12 മണിക്കൂറായി തന്റെ ഹൃദയം മഥിച്ചു എന്നും, ഇനി പിടിച്ചു നിർത്താൻ കഴിവില്ലാത്തതു മൂലം വെളിപ്പെടുത്തുകയാണെന്നും, ഇന്നുതന്നെ താൻ റൂം മാറുകയാണെന്നും ‘നീർക്കോസ്’ വെളിപ്പെടുത്തി!

അയയിൽ തൂക്കിയിട്ടിരുന്നതിൽ വൈറ്റ് ബെൽറ്റ് മാത്രമെ ഒറിജിനൽ ഉണ്ടായിരുന്നുള്ളുവത്രെ!
ബാക്കിയൊക്കെ ഒറിജിനൽ റിബണുകൾ തന്നെ!

എന്തായാലും ഈ ബ്രെയ്ക്കിംഗ് ന്യൂസോടെ ഷിമോൺ കാറ്റുപോയ ബലൂൺ പോലെയായി. നീർക്കോലിയുടെ ചതി ദാദയെ അടിപതറിച്ചു കളഞ്ഞു.

വാർത്ത ലേഡീസ് ഹോസ്റ്റലിലും എത്തി. കുഞ്ഞൻ, ചേട്ടായിയെ മലർത്തിയ കഥ കേട്ട് ഷീല പൊട്ടിപ്പൊട്ടിച്ചിരിച്ചു എന്ന പോപ്പ് അപ് ന്യൂസ് കൂടി കിട്ടിയതോടെ ‘സെൻസായി’ സെന്റിയായി!

“ ഷീല പോയാൽ യുവറാണി!  ദാദ വെഷമിക്കല്ല്‌ ! ” അവശേഷിച്ച ഒരു ജൂനിയർ ആരാധകൻ പറഞ്ഞു.

അവനെയും കൂട്ടി ചേട്ടായി നേരേ ഹോട്ടൽ യുവറാണിയിലേക്ക്.

തിരിച്ച് ജംഗ്ഷനിൽ വണ്ടിയിറങ്ങുമ്പോൾ സമയം പതിനൊന്നര.

കാലിയായ ഓട്ടോസ്റ്റാന്റിൽ രാത്രി ആളുകൾ മൂത്രമൊഴിക്കുന്നതു തടയാനായി, ചിത്രകാരനായ ഒരു ഡ്രൈവർ, കരുണാമയനായ യേശുദേവന്റെ ഒരു ചിത്രം വരഞ്ഞു വച്ചിരുന്നു.

പകൽ ഓട്ടോനിര കാരണം മറഞ്ഞിരിക്കുന്ന ചിത്രമായതിനാൽ,  അന്നുരാത്രിയാണ് കർത്താവിന് ഷിമോൺ ആദ്യമായി ദർശനം നൽകിയത്.

നൃത്തച്ചുവടുകളുമായി തനിക്കുനേരേ തത്തിത്തത്തിവന്ന കുഞ്ഞാടിനുനേരേ ഈശോ അനുകമ്പാർദ്രനായി നിലകൊണ്ടു.

കർത്താവേ! നീയെന്നോടു പൊറുക്കണം എന്നു പറയണം എന്നാണ് ഷിമോൺ മനസ്സിൽ പ്ലാൻ ചെയ്തതെങ്കിലും കൂട്ടുകാർ കേട്ടത് ബ്ലബ്ല...ബ്ലാ‍ഹ് എന്നൊരലർച്ചയായിരുന്നു.

കരുണാമയനു മുന്നിൽ വാളൂരിയർപ്പിച്ച് ഷിമോൺ മുട്ടുകുത്തി. എന്നിട്ട് സാഷ്ടാംഗം നമിച്ച് നിലത്തു വീണു. കർത്താവ് മൂന്നാം ദിനമേ ഉയിർത്തുള്ളു എങ്കിലും, ഷിമോൺ തപ്പിത്തടഞ്ഞ്,  മൂന്നു മിനിറ്റിനുള്ളിൽ ഉയിർത്തെണീറ്റു.

പൊതുസ്ഥലത്ത് ആദ്യത്തെ വാൾ! അതുകൊണ്ട് ഒരു ഗുണമുണ്ടായി.
വിവാഹത്തിനു മുൻപു തന്നെ തന്റെ കാമുകിയുടെ സർ നെയിം ഷിമോൺ കരസ്ഥമാക്കി.
ഷിമോൺ ദ പൊതുവാൾ!

ഒരാഴ്ച കഴിഞ്ഞപ്പോൾ, സെക്കൻഡ് ഇയർ റിസൽറ്റ് വന്നു. ഷിമോൺ ‘തനി’യടിച്ചു. ഒരു പേപ്പറും കിട്ടാതെ പോകുന്നതിനാണ് തനി എന്നു പറയുന്നത്. അതോടെ താൻ നന്നാവാൻ പോവുകയാണെന്നും, മദ്യം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും ആ മഹാൻ പ്രഖ്യാപിച്ചു. കാരണം മറ്റൊന്നുമല്ല, ഫസ്റ്റ് ഇയറിലും ആൾ ‘തനി’ആയിരുന്നു!

അടുത്ത ചാൻസിൽ പേപ്പറുകൾ പൊക്കിയില്ലെങ്കിൽ കോഴ്സിൽ നിന്നു തന്നെ ഔട്ടാകും.

ഹീറോ കഠിനമായ നിയന്ത്രണത്തോടെ ജീവിക്കാ‍ൻ തുടങ്ങി. കൂട്ടിനായി മറ്റു ചില സപ്ലി കുഞ്ഞാടുകളേയും കിട്ടി. അവർ ഒരു മുറിയിൽ രാപ്പാർക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ, ഗാന്ധിജിയുടെ സിദ്ധാന്തങ്ങളിൽ താൻ ആകൃഷ്ടനായിരിക്കുകയാണെന്ന് ഷിമോൺ പൊതുവാൾ അഭിപ്രായപ്പെട്ടു. വിദേശവസ്ത്രങ്ങൾ ഒക്കെ ഉപേക്ഷിച്ചു. ഷൂസ്,  ചെരുപ്പ് എന്നിവ ഉപേക്ഷിച്ചു. സാദാ മുണ്ടും ഷർട്ടുമായി വേഷം. ഹോസ്റ്റലിനുള്ളിൽ പലപ്പോഴും ഒറ്റമുണ്ടോ, ചിലപ്പോൾ ഒരു തോർത്തോ, മാത്രം ഉടുത്ത് ആൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കുഞ്ഞാടുകൾ അതൊക്കെ അനുകരിച്ചു.

സപ്ലി പരീക്ഷകൾ കഴിഞ്ഞു. ഒക്ടോബർ മാസം വന്നെത്തി.
ഗാന്ധിജയന്തി ആചരിക്കാൻ ഷിമോൺ ദ ഗാന്ധി തീരുമാനിച്ചു.
ഒക്ടോബർ രണ്ടാം തീയതി വന്നെത്തി.

തന്റെ മൂന്നംഗ അനുയായി വൃന്ദത്തോടോപ്പം ഷിമോൺ രാവിലെ മുതൽ റൂം ക്ലീനിംഗ് തുടങ്ങി. പിന്നെ ഹോസ്റ്റൽ പരിസരം. നേതാവും അനുയായികളും തോർത്തു മാത്രമുടുത്താണ് ശുചീകരണം.
ദാഹമകറ്റാൻ മൺകലങ്ങളിൽ ശേഖരിച്ചു വച്ച കഞ്ഞിവെള്ളം, അതു കോരിക്കുടിക്കാൻ ചിരട്ടകൾ....... 

സേവനം ഒന്നു മാത്രമാണ് ലക്ഷ്യം എന്ന് ഇടയ്ക്കിടെ ‘തോർത്ത് ഗാന്ധി’ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
അനുയായികൾ കർമ്മനിരതരായിരുന്നു. അവർ കാടും പടലും വെട്ടി. പാറകൾ കുത്തിപ്പൊട്ടിച്ചു.
ദാഹം തോന്നുമ്പോഴൊക്കെ കഞ്ഞിവെള്ളം കുടിക്കുകയും, മൂത്രമൊഴിക്കാൻ തോന്നുമ്പോഴൊക്കെ അതു നിർവഹിക്കുകയും ചെയ്തു. അക്കാര്യത്തിൽ തോർത്ത് എന്ന വസ്ത്രത്തിന്റെ പ്രയോജനവും, മഹത്വവും തോർത്ത് ഗാന്ധിമാർ വാഴ്ത്തി. 
ഉച്ചയോടടുപ്പിച്ചായപ്പോൾ, ഹോസ്റ്റൽ പരിസരം ചപ്പു ചവറും, കാടും പടലും കൊണ്ടു നിറഞ്ഞു. വഴിയിലൊക്കെ കൂറ്റൻ കല്ലുകൾ... സേവകർ  അല്പാല്പമായി ഉഴപ്പാൻ തുടങ്ങി. വർത്തമാനം കുഴയാൻ തുടങ്ങി.

ഹോസ്റ്റലിലെ സംശയദൃക്കുകൾ ചാരപ്രവർത്തനം തുടങ്ങി.
നേതാവിന്റെ മുറി അവർ പരിശോധിച്ചു. അവിടെ അതാ, നാലു മൺകലങ്ങൾ.... നാലും കാലി. എന്തെങ്കിലും തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കഞ്ഞിക്കുടങ്ങൾ മണത്തുനോക്കിയ ചാരന്മാർ ഞെട്ടി!

അവരുടെ മൂക്കുകൾ ത്രസിച്ചു. രണ്ടിനും ഒരേ നിറമാണെങ്കിലും, കഞ്ഞിവെള്ളത്തിന്റെയും കള്ളിന്റെയും മണം തമ്മിലുള്ള വ്യത്യാസം ചാരമൂക്കുകൾക്കൊരിക്കലും തെറ്റില്ല. ചതി! കൊടും ചതി!!
തോർത്ത് ഗാന്ധിമാർ വിചാരണ ചെയ്യപ്പെട്ടു.

‘ളളിത വസ്രം ദരിച്ചതും’, ‘സേവനം’ നടത്തിയതും ഒരു തെറ്റാണോ എന്ന് ഷിമോൺ ദ ഗാന്ധി ചോദിച്ചു. ദാഹം ശമിപ്പിക്കാൻ തനി നാടൻ, ഗ്രാമീണ പാനീയം മാത്രമല്ലേ തങ്ങൾ കഴിച്ചുള്ളൂ? ‘വിദേശ ശക്തികളുടെ’ പ്രലോഭനത്തിൽ നിന്നു താൻ മുക്തനായതിന്റെ തെളിവുകൂടിയാണിതെന്നും, എല്ലാവരും തന്നെ അനുകരിക്കുകയാണു വേണ്ടതെന്നും ആ മഹാൻ ഉദ്ബോധിപ്പിച്ചു.

അദ്ദേഹത്തിന്റെ ഉദ്ബോധനം മറ്റു ഹോസ്റ്റൽ വാസികൾ വാർഡനെ അറിയിക്കുകയും, വാർത്ത കേട്ടു രോമാഞ്ചപുളകിതനായ വാർഡൻ അപ്പോൾ തന്നെ തോർത്ത് ഗാന്ധിയെ നേരിൽ കാണാൻ എത്തുകയും ചെയ്തു. അന്വേഷണത്തിൽ മൺകുടങ്ങൾ വന്നത് മുല്ലപ്പന്തൽ എന്ന മലർവാടിയിൽ നിന്നാണെന്ന് ബോധ്യപ്പെട്ടു.

ഈ മഹത്തായ ‘സേവനം’പരിഗണിച്ച് നാലാളെയും ഹോസ്റ്റലിലെ കഠിന ജീവിതത്തിൽ നിന്ന് വിടുതൽ ചെയ്തതായി വാർഡൻ പ്രഖ്യാപിച്ചു.

ബാക്കി മൂന്നു പേരും പിൽക്കാലത്ത് കോഴ് തുടരുകയും വിജയകരമായി പരിശീലനം പൂർത്തിയാക്കി ജീവിതായോധനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഷിമോണിനെ പിന്നാരും കണ്ടിട്ടില്ല.

നിങ്ങൾക്കാർക്കെങ്കിലും വല്ല വിവരവും ലഭിക്കുകയാണെങ്കിൽ ഷിമോൺ പാപ്പച്ചൻ, ദാ ഇവിടെ ഉണ്ട് എന്നൊരു മെസേജ് അയയ്ക്കുക. കാരണം, പണ്ടുപണ്ടൊരു കാലത്ത് ഏതൊ ഒരു ഹോസ്റ്റലിൽ ഞാനും താമസിച്ചിട്ടുണ്ടല്ലോ!

അപ്പോ, മറക്കണ്ട, എന്റെ നമ്പർ ഡബിൾടു ത്രിബിൾടു ഡബിൾഫൈവ് ത്രിബിൾഫൈവ്!

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മുല്ലപ്പന്തൽ എന്ന് ആരും ഗൂഗിളിൽ സേർച്ച് ചെയ്യരുത്. അങ്ങനെ ചെയ്താൽ അതിനുത്തരവാദി അവരവർ തന്നെയായിരിക്കും!