Saturday, February 4, 2012

മുതലകളുടെ കാലം...!

 ഇരുളും ഇളം നീലവെളിച്ചവും ഇഴപാകിയ ഹോളിൽ, ഈട്ടിത്തടിയിൽ തീർത്ത പോളിഷ്‌ഡ് ഫർണിച്ചർ ഭംഗിയായി സെറ്റ് ചെയ്തു കഴിഞ്ഞു. ഷൊയിൽ പങ്കെടുക്കുന്ന വീട്ടുകാർക്ക് ഇരിക്കാനുള്ള സോഫയ്ക്ക് വലതു വശത്തായി മാഡത്തിനിരിക്കാനുള്ള സോഫ. മാഡത്തിനു പിന്നിലായി ഷോയുടെ ടൈറ്റിലും, ദു:ഖിതയായ ഒരു പെൺകുട്ടിയുടെ ഇരുൾ വീണ ചിത്രവും ബാക്ക്ഗ്രൌണ്ടായി സെറ്റ് ചെയ്തു. നിയമസംഘത്തിനായി ഉയർന്ന തലത്തിൽ ഇരിപ്പിടങ്ങൾ വേറേ.

ഷൂട്ട് ചെയ്യാനുള്ള സാധന സാമഗ്രികൾ ക്യാമറ ക്രൂ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

“എല്ലാം ഓക്കെയല്ലേ?” ഫ്ലോർ മാനേജർ ചോദിച്ചു.

“ഒരഞ്ചു മിനിറ്റ് സർ...” ക്യാമറാമാന്റെ മറുപടി.

ഗ്രീഷ്മയുടെ തലയിലേക്ക്  ഇതൊന്നും കടക്കുന്നുണ്ടായിരുന്നില്ല.

മാഡം ഇത്രപെട്ടെന്ന് മലക്കം മറിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സത്യത്തിൽ മൂന്നു കേസുകളും പഠിക്കാനും, കൂടുതൽ വിശദാംശങ്ങൾ സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിച്ചത് അവരാണ്.

എന്നിട്ടിപ്പോൾ....

ഗ്രീഷ്മ ഫയൽക്കെട്ടെടുത്ത് മേശപ്പുറത്ത് ആഞ്ഞടിച്ചു.

രണ്ടു ഭാര്യമാരുള്ള നേതാവിന്റെ ആദ്യഭാര്യയും കുടുംബവും എല്ലാ വിവരങ്ങളും ക്യാമറയ്ക്കു മുന്നിൽ തരാൻ തയ്യാറായിരുന്നു. നേതാവിനൊപ്പം ഇപ്പോഴുള്ള സ്ത്രീയുമായും സംസാരിച്ചു. ഒരു കാരണവശാലും ആദ്യഭാര്യയ്ക്ക് നേതാവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നവർ ആവർത്തിക്കുകയും ചെയ്തു. കാരണം അവർ നിയമപരമായി വിവാഹിതരല്ലത്രെ! ആദ്യഭാര്യയുടെ യഥാർത്ഥ വിവാഹം മറ്റൊരാളുമായായിരുന്നു പോലും. അയാളിൽ നിന്ന്  നേതാവ് തട്ടിയെടുത്തതാണവരെ. അതെന്തായാലും നേതാവൊഴികെ മറ്റെല്ലാവരെയും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള സകല എർപ്പാടുകളും ചെയ്തു കഴിഞ്ഞിരുന്നു....

അതെങ്ങാനും ടെലിക്കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ചാനലിന്റെയും ഷോയുടെയും റേറ്റിംഗ് മാനം മുട്ടെ ഉയർന്നേനെ. എന്നിട്ടും.....

ഇൻഡ്യയിലും മിഡിൽ ഈസ്റ്റിലും വ്യാപാരശൃംഖലയുള്ള ബിസിനസ് മാഗ്നറ്റിന്റെ മകന്റെ കീപ് ആയിരുന്നു മറ്റൊരു പ്രൈസ് ക്യാച്ച്. വ്യാപാരിപുത്രന് താനില്ലാതെ ജീവിക്കാനാവില്ല എന്നും, തന്നെ വിവാഹം കഴിക്കാൻ അയാൾ ഒരുക്കമാണെന്നും അവൾ ഉറപ്പിച്ചു പറഞ്ഞു. ഭർത്താവിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാളുടെ ഭാര്യയ്ക്കു നഷ്ടപ്പെട്ടെന്ന് ലോകത്താരോടു വേണമെങ്കിലും തുറന്നു പറയാൻ തനിക്കു മടിയില്ലെന്നും, അല്ലായെന്നു വാദിച്ചു സമർത്ഥിക്കാൻ ഭാര്യയെ വെല്ലുവിളിക്കുന്നെന്നും അവൾ പറഞ്ഞു. എന്നാൽ ഭാര്യ ക്യാമറയ്ക്കു മുന്നിൽ സ്വകാര്യജീവിതം പരസ്യമാക്കാൻ കഴിയില്ലെന്നു ശഠിച്ചിരിക്കുകയാണ്. അവരെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ചെയ്യാം എന്ന് മാഡം ഉറപ്പും തന്നിരുന്നതാണ്.

എന്നിട്ടും....

പോലീസ് ഓഫീസറുടെ ഉപേക്ഷിതയായ മകളുടേത് ശരിക്കും ഒരു ജെനുവിൻ കേസായിരുന്നു.  ഉന്നത ഓഫീസറായ പിതാവ് മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് ഭർത്താവിന്റെ പരാതി. അവളെ തിരിച്ചുകിട്ടിയില്ലെങ്കിൽ താൻ ഭ്രാന്തനായിപ്പോകും എന്നാണ് ഭർത്താവു പറയുന്നത്. എന്നാൽ ഭർത്താവ് മയക്കു മരുന്നുപയോഗിച്ച് കാട്ടിക്കൂട്ടിയ വിക്രമങ്ങൾ സഹിക്കാനാവാതെയാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത് എന്നാണ് അവൾ പറയുന്നത്.

അതെന്തായാലും ഇരകളെ കടിച്ചു കീറി, അലക്കി വെളുപ്പിച്ച്, നെല്ലും പതിരും തിരിക്കാൻ മാഡം ഒറ്റയാൾ മതി. നിയമസംഘം ഒക്കെ ഒരു അലങ്കാരത്തിന് സൈഡിൽ ഇരുന്നോളും.

എന്നിട്ടും....

ഗ്രീഷ്മയുടെ ശ്വാസഗതി വർദ്ധിച്ചു. അവൾ കിതയ്ക്കാൻ തുടങ്ങി.

കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളും, ശൈഥില്യങ്ങളും വിചാരണ ചെയ്ത് പരിഹരിക്കാൻ തന്റെ ചാനൽ നടത്തുന്ന ഷോയുടെ രീതിയോട് യോജിപ്പില്ലെങ്കിലും, അതിന്റെ റേറ്റിംഗിനെ കുറിച്ച് അവൾക്കു ബോധ്യമുണ്ടായിരുന്നു. ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ ചാനലിനായി എന്നതു സത്യം.

ഷോ നിർത്താൻ തന്നെക്കൊണ്ടാവില്ലഎന്നാൽ പിന്നെ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ള ആളുകൾക്ക് - പ്രത്യേകിച്ച് സ്ത്രീകൾക്ക് - മനസ്സു തുറക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകരിക്കട്ടെ എന്നു കരുതി. അവരും മനുഷ്യസ്ത്രീകൾ തന്നെയാണല്ലോ. അങ്ങനെയാണ് കഷ്ടപ്പെട്ട് കൂടുതൽ റിസേർച്ച് ചെയ്ത് ഈ കേസുകളുടെ ഫോളോ അപ്പ് ചെയ്തത്. ചാനലിനൊപ്പം തനിക്കും അതു ഗുണകരമാകും എന്ന നേരിയ പ്രൊഫഷണൽ സെൽഫിഷ്നെസ് ഉണ്ടായിരുന്നു എന്നത് സത്യം.


എല്ലാം റെഡിയാക്കിയിട്ട് ചീഫിനോട് പറയാം എന്നു മാഡം തന്നെയാണ് നിർദേശിച്ചത്. എന്നിട്ടിപ്പോൾ ചീഫിനു മുന്നിലെത്തിയപ്പോൾ അവർ നല്ല പിള്ള ചമയുന്നു..... ഒക്കെ ഗ്രീഷ്മയുടെ താന്തോന്നിത്തം!

ചീഫിന്റെ പ്രതികരണം തരം താണതായിരുന്നു.

“ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വല്ല അത്തപ്പാടികളുടെ കഥയും കൊണ്ടു വരുന്നതിനും പകരം സമൂഹത്തിൽ നെലേം വെലേം ഉള്ള മാന്യരെ അവഹേളിക്കാൻ കോപ്പൊണ്ടാക്കി വരുന്നോ!? അവടെയൊരു റിസേർച്ച്! ഫൂ!”

അയാൾ ഫയൽക്കെട്ട് വലിച്ചെറിഞ്ഞു.

“ഇങ്ങനൊരു ഡെവലപ് മെന്റ്  ചാനലിൽ നടക്കുന്നെന്ന് എന്നോട് പറയാഞ്ഞതെന്ത്?”

“അല്ല സർ.... ഒക്കെ ആ കുട്ടി തനിയെ ചെയ്തതാ...... ഞാൻ അവസാന ഘട്ടത്തിലാ അറിഞ്ഞത്. അപ്പോഴെക്കും അവൾ ഒരുപാടു പേരെ കോണ്ടാക്റ്റ് ചെയ്തു കഴിഞ്ഞിരുന്നു...”

“അവളെ ഈ നിമിഷം ചാനലിൽ നിന്നു മാറ്റണം!”
“അതു ശരിയാകുമോ സർ? മറ്റേതെങ്കിലും ഷോയിലേക്കോ, വിംഗിലേക്കോ പോരേ? ”
“ഉം... ശരി ശരി....  അവളെ വിളി...”

ഒരു ഫ്ലോർ ബോയ് ആണ് ഗ്രീഷ്മയെ ചീഫ് വിളിക്കുന്ന വിവരം അറിയിച്ചത്.
അകത്തു കടന്നപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ മാഡം സ്വാഗതം ചെയ്തു.
ചീഫ് അല്പം ഗൌരവത്തിൽ തെന്നെ ഇരുന്നു.

“ഞങ്ങൾ ഗ്രീഷ്മയെ വിളിപ്പിച്ചത് ഒരു ഗുഡ് ന്യൂസ് പറയാനാണ്.
വി ആർ പ്ലീസ്‌ഡ് വിത്ത് യുവർ വർക്ക്. അതുകൊണ്ട് പുതിയൊരു പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി ഞങ്ങൾ ഗ്രീഷ്മയെ നിയമിക്കാൻ ആഗ്രഹിക്കുന്നു.”

“ഇങ്ങനൊരു ഗുഡ് ന്യൂസ് കേൾക്കാൻ, ഇപ്പോൾ ഒരു മൂഡുമില്ല സർ....”

“പിന്നെ എങ്ങനെയുള്ള ന്യൂസ് കേൾക്കാനാ നിനക്കു മൂഡ്‌സ്?”
അയാളുടെ ഇളിഞ്ഞ ചോദ്യം കേട്ട് ഗ്രീഷ്മ ജ്വലിച്ചു.
അവളുടെ കണ്ണുകളിലെ ജ്വാല മാഡത്തെ ഭയപ്പെടുത്തി.
എന്നാൽ ചീഫ് പിന്മാറാനുള്ള ഒരുക്കത്തിലായിരുന്നില്ല.

“മാനോം മര്യാദയുമായി സമൂഹത്തിൽ നല്ല നിലയിൽ കഴിയുന്നവരുടെ ജീവിതം തന്നെ വേണം നിനക്കു കോഞ്ഞാട്ടയാക്കാൻ, അല്ലേടീ? കൊള്ളാവുന്ന വീട്ടിലെ പെണ്ണുങ്ങൾ ക്യാമറയ്ക്കു മുന്നിൽ കടിപിടി കൂടുന്നത് നിനക്ക് നാടുനീളെ കാണിക്കണം, അല്ലേ?”

ഗ്രീഷ്മയ്ക്കു പിന്നെ രണ്ടാമതൊരു ചിന്ത ഉണ്ടായില്ല.

അരികിൽ ഉണ്ടായിരുന്ന ട്രൈപോഡ് ക്ഷണനേരത്തിനുള്ളിൽ അവളുടെ കൈക്കുള്ളിലെത്തി.
പെട്ടെന്നുണ്ടായ ആവേഗത്തിൽ അത് ഉയർന്നു, താണു.
തലയ്ക്കടിയേറ്റു വീണ  മുരുകേഷിന്റെ മുഖത്തേക്ക് അവൾ നോക്കി.

അതാ അയാളുടെ മുഖം പരന്നു നീണ്ടു കൂർത്തു വരുന്നു. ശരിക്കും ഒരു മുതലയുടെ തല പോലെ!

ആ കാഴ്ച കണ്ട് അവൾ പൊട്ടിച്ചിരിച്ചു.


“നിങ്ങൾ മുരുകേഷ് അല്ല.... മുതലേഷ്..... മുതലകളുടെ ഈശൻ! അതാ നിങ്ങൾ!!”

മുരുകേഷ് ചുണ്ടുകോട്ടി എന്തോ പറയാൻ ശ്രമിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണിൽ നിന്നും വെള്ളം താഴേക്കൊഴുകി. ഇക്കുറി ശരിക്കും വേദനിച്ചിട്ടു തന്നെ!


ഹാഫ് ഡോർ വലിച്ചടച്ച് ഗ്രീഷ്മ പുറത്തേക്കു പാഞ്ഞു.