Thursday, February 17, 2011

ചില്ലറത്തുട്ടുകളുടെ ജീവിതം.....

“ഇനിയെങ്കിലും നല്ലൊരു പേന വാങ്ങി ഉപയോഗിച്ചുകൂടേ?”

മഷിപടർന്ന ഷർട്ട് പോക്കറ്റ് ചൂണ്ടിക്കാണിച്ച് ഭാര്യ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് അവൾ ഇതു പറയുന്നതെന്ന് അയാൾ ഓർത്തു.

എന്തു ചെയ്യാം. സർക്കാർ ഉദ്യോസ്ഥനായിരുന്നെങ്കിൽ വർഷാവർഷം ഇൻക്രിമെന്റുകൾ കിട്ടിയേനേ. ഇതിപ്പോൾ പൂട്ടാറായ സ്വകാര്യകമ്പനിയിലെ കണക്കെഴുത്തുകാരന് ഇതിൽ കൂടുതൽ ശമ്പളം എങ്ങനെ കിട്ടും?

പറയുമ്പോൾ ഒൻപതിനായിരമാണ് മാസശമ്പളം.

മൂവായിരം മാസവാടക. പിന്നെ, പലചരക്ക്, പാൽ, പച്ചക്കറി, മത്സ്യം, മൊബൈൽഫോൺ, കറന്റ് , കേബിൾ ടി.വി, മകളുടെസ്കൂൾ ഫീസ് , ഇടയ്ക്കൂള്ള നാട്ടിൽപോക്ക്, കല്യാണങ്ങൾ, പാലുകാച്ചുകൾ.......

ആകെ വെട്ടിക്കുറയ്ക്കാനാവുക തന്റെ ചിലവുകളാണ്. പുകവലിയില്ല, മദ്യപാനമില്ല.... ഉച്ചയ്ക്കുള്ള ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകും. ആകെ ചിലവ് പതിനൊന്നു മണിക്കും, നാലുമണിക്കുമുള്ള രണ്ട് കാലിച്ചായ മാത്രം. പിന്നെ വണ്ടിക്കൂലി. അത് അങ്ങോട്ടുമിങ്ങോട്ടും നാലര വീതം, ദിവസം ഒൻപതു രൂപ. വൈകിട്ടു വീട്ടിൽ വന്നാൽ വാർത്ത കാണും. ശേഷം അല്പം വായന. ഭക്ഷണം, ഉറക്കം.

ലീക്ക് ചെയ്യുന്ന പഴയ ഫൌണ്ടൻ പെൻ മാറ്റി പുതിയതൊന്നുവാങ്ങാൻ ഭാര്യ പറഞ്ഞാൽ കേൾക്കില്ല.അയാൾക്കാണെങ്കിൽ ബോൾ പെന്നുകൾ ഇഷ്ടവുമല്ല. ഷർട്ടിന്റെ പോക്കറ്റുകൾ മിക്കതിലും മഷിപ്പാടുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

നിത്യേനയുള്ള ഈ പരാതി പറച്ചിൽ കേട്ടു മടുത്താണ്, മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമകൾ, അച്ഛനൊരു പേന വാങ്ങിക്കോടുക്കണമെന്നാഗ്രഹിച്ചത്.തന്റെ സ്വകാര്യസമ്പാദ്യം അതിനായി വിനിയോഗിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

അവൾക്കൊരു കുടുക്ക പണ്ട് അയാൾ തന്നെ സമ്മാനിച്ചതാണ്. അതിൽ നിറയ്ക്കാൻ കുറേ പഴകിയ നാണയങ്ങളും ഇട്ടുകൊടുത്തു.

പിന്നീട് യാത്രയിൽ അവർക്കു കിട്ടുന്ന ഇരുപത്തഞ്ചിന്റെയും അൻപതിന്റെയും തുട്ടുകൾ..... അപൂർവമായി മാത്രം അയാളുടെ പോക്കറ്റിൽ നിന്ന് ഭാര്യയ്ക്കു ലഭിക്കുന്ന ഒറ്റരൂ‍പാ നാണയങ്ങൾ...... ഒക്കെ അവൾ ഒരു കുടുക്കയിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ അതു പൊട്ടിച്ചു. പഴകി തേഞ്ഞ നാണയങ്ങൾ ഒക്കെ ഒഴിവാക്കി. ശേഷിച്ചതൊക്കെ ഒരുമിച്ചു കൂട്ടി നോക്കി. ഇരുപത്തഞ്ചുപൈസാത്തുട്ടുകളാണ് കൂടുതൽ. എണ്ണി നോക്കി. മൊത്തം തൊണ്ണൂറു രൂപ!

നല്ലൊരു പേന വാങ്ങാം. മകൾ പറഞ്ഞു.

പത്തോ, ഇരുപതോ കയ്യിൽ നിന്നിടാം. ഒരു പാർക്കർ പേന തന്നെ ആയിക്കോട്ടെ. തൊട്ടടുത്ത് സാമാന്യം നല്ല ഒരു സ്റ്റോറുണ്ട്.എവിടെയും ചില്ലറ കിട്ടാത്ത കാലമല്ലേ.....ഇത്രയും ഒരുമിച്ചു കിട്ടുമ്പോൾ കടക്കാർക്കു സന്തോഷമാകും. അയാൾ കരുതി.

നാണയസഞ്ചി കിലുക്കി, അയാൾക്കൊപ്പം തുള്ളിച്ചാടി മകളും കടയിലേക്കു ചെന്നു.

“ഒരു പാർക്കർ പേന വേണം” അവൾ പറഞ്ഞു.

കടക്കാരൻ പറഞ്ഞു “പാർക്കർ പേനയ്ക്ക് ചുരുങ്ങിയത് 200 രൂപയെങ്കിലുമാകും....അതിലും കൂടിയതും ഉണ്ട്!”
അയാൾ അമ്പരന്നു. പോക്കറ്റിൽ അപ്പോൾ അറുപതു രൂപയേ ഉണ്ടായിരുന്നുള്ളു. ഒരു പാർക്കർ പേനയ്ക്ക് 100 -120 രൂപയിൽ കൂടുതൽ വില അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

അതു മാത്രവുമല്ല, ചില്ലറ വേണമെങ്കിലും, 25 പൈസകൾ ഒന്നും എടുക്കുകയും ഇല്ലത്രേ! സർക്കാർ 25ന്റെ നാണയത്തുട്ടുകൾ നിരോധിക്കുകയാണത്രെ!

“അൻപതു പൈസയും ഒരു രൂപയും എടുക്കും.” കടക്കാരൻ പറഞ്ഞു.

“അങ്ങനെ അതായിട്ടിപ്പൊ നിങ്ങൾ എടുക്കണ്ട.” നീരസത്തോടെ അയാൾ പറഞ്ഞു.

മകളുടെ മുഖം വാടി. ഒരു പേനയ്ക്ക് ഇത്ര വില അവളും പ്രതീക്ഷിച്ചിരുന്നില്ല.

തിരിഞ്ഞു നടക്കുമ്പോൾ പണ്ടത്തെ ഒരു പൈസയുടെയും രണ്ടു പൈസയുടെയും സ്കൂൾ കാലം അയാളുടെ മനസ്സിലെത്തി.

നനഞ്ഞിരുണ്ട ഒരു തിങ്കളാഴ്ച ..... ഒടിഞ്ഞ സ്ലേറ്റ് പെൻസിൽ ട്രൌസറിന്റെ പോക്കറ്റിൽ ഇട്ടിരുന്നു..... പക്ഷേ കീശയിൽ ഉണ്ടായിരുന്ന തുളയിലൂടെ അതെവിടെയോ വീണുപോയി. പെൻസിൽ ഇല്ലാതെ ക്ലാസിൽ ചെന്നാൽ അടി ഉറപ്പ്. അങ്ങനെ വിഷമിച്ചു സ്കൂളിലേക്കു നടക്കുമ്പോഴായിരുന്നു പതിവില്ലാതെ, അരയാ‍ൽ മുക്കിൽ ബസ് കാത്തു നിൽക്കുന്ന അച്ഛനെ കണ്ടത്....

ഓടിച്ചെന്ന് കരച്ചിലോടെ, അച്ഛനോട് കാര്യം പറഞ്ഞു. കയ്യിലുള്ള കറുത്ത ഹാൻഡ് ബാഗ് കുലുക്കി അച്ഛൻ പരതി. രണ്ടു പൈസയുടെയും ഒരു പൈസയുടെയും ഓരോ നാണയം എടുത്തു തന്നു. ഒരു സ്ലേറ്റ് പെൻസിലിന് മൂന്നു പൈസയേ ഉള്ളു അന്ന്. അതു കിട്ടിയപ്പോൾ താൻ, അഞ്ചു പൈസയ്ക്ക് രണ്ടെണ്ണം കിട്ടും എന്നു പറഞ്ഞു.

“ഇല്ല മോനേ....” കൈ മലർത്തി നിസ്സഹായതയോടെ അച്ഛൻ പറഞ്ഞു.

നിറകണ്ണുകളോടെ അയാൾ അച്ഛനെ ഓർത്തു..... പച്ചവെള്ളം ചവച്ചുകുടിച്ചു ജീവിച്ച അച്ഛനെ....... പതിറ്റാണ്ടുകൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ അച്ഛനെ.....

അച്ഛന്റെ ജോലിയാണ്, തനിക്കു കിട്ടിയത്. അതു മൂലമാണ് അനിയത്തിയെ കെട്ടിച്ചയച്ചത്....

അച്ഛൻ വിടപറയുമ്പോൾ മടിക്കുത്തിലുണ്ടായിരുന്ന നാണയത്തുട്ടുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, തന്റെ മേശയിൽ.... അക്കങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും ഇടയ്ക്കിടെ മേശ തുറന്ന് അവ പരിശോധിക്കും. മീതെ വിരലോടിക്കും. അച്ഛന്റെ വിരൽ സ്പർശം അനുഭവിക്കും....

ഒരു പൈസ, രണ്ടു പൈസ നാണയങ്ങൾക്കൊപ്പം, കാലക്രമത്തിൽ അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും വിലകെട്ടതായി ....... ദാ ഇപ്പോൾ ഇരുപത്തഞ്ചു പൈസയും!




വീട്ടിലെത്തി. മകളുടെ സങ്കടം കാണാനാകാതെ അയാൾ മുറിയിലേക്കു വലിഞ്ഞു. കുട്ടിയാവട്ടെ, ഉച്ചത്തിൽ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അവൾക്കും വിഷമമായി.

ഇരുനൂറു രൂപ കൊടുത്ത് ആ പേന വാങ്ങിയാലോ....? അയാൾ ചിന്തിച്ചു.

പക്ഷേ, ഡബിൾകോട്ട് കട്ടിൽ വാങ്ങിയതിന്റെ മാസഗഡു കൊടുക്കേണ്ടത് ഇന്നാണ്. കേബിൾ ടിവിക്കാരനും പിരിവിനു വന്നേക്കാം. അങ്ങനെയായാൽ കുഴങ്ങും. ആരോടും കടം പറയാതെയാണ് ഇന്നു വരെ ജീവിച്ചത്. ഒരു പേനയ്ക്കുവേണ്ടി അത് മാറ്റിമറിക്കേണ്ട കാര്യമൊന്നുമില്ല.

പ്രതീക്ഷിച്ചപോലെ തന്നെ പിരിവുകാർ രണ്ടാളും അര മണിക്കൂർ ഇടവിട്ടു വന്നു.
ദിനങ്ങൾ പതിവുപോലെ കൊഴിഞ്ഞുകൊണ്ടിരുന്നു.

അടുത്ത ശനിയാഴ്ച വൈകുന്നേരം തലപെരുത്തു വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ടില്ല. അയാൾ അമ്പരന്നു. സാധാരണ മോൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് അവൾ ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടാവും. മോൾ മുറിക്കുള്ളിൽ നിലത്തു കാൽ മടക്കിയിരുന്ന് എഴുതുന്നുമുണ്ടാവും.

ഇന്നിപ്പോൾ....... ഇന്നിപ്പോൾ എന്തു പറ്റി?

പെട്ടെന്ന് അടിവയറ്റിൽ നിന്ന് തീയാളിയുയർന്നു. കാലം എത്ര മോശമാണെന്ന് താൻ മറന്നുപോയല്ലോ എന്ന് അയാൾ ഓർത്തു.

ചങ്കിടിപ്പു കൂടി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ചാനൽ വാർത്തകളും, പത്രങ്ങളും അയാളെ അത്രയ്ക്കും ഭീതിയിലാഴ്ത്തിയിരുന്നു.

വിറയലോടെ വാതിലിൽ മുട്ടി. സത്യത്തിൽ ആ വീട്ടിൽ കോളിംഗ് ബെൽ ഇല്ല.......

ഏതാനും നിമിഷങ്ങളുടെ നെടുനീളൻ നിശ്ശബ്ദത.

പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറന്നു.

കുളിച്ചു കുറിയിട്ട് കുഞ്ഞുപാവാടയുമുടുത്ത് മകൾ; പിന്നിൽ അവൾ

ആശ്വാസത്തിലും തെല്ലൊന്നമ്പരന്നു നിന്നു, അയാൾ. “ഇതെന്താ, പതിവില്ലാതെ പുതുമകൾ!?”

മറുപടി പറഞ്ഞത് മകളാണ്. “അച്ഛാ... കണ്ണൊന്നടച്ചേ.....”

ഊറിച്ചിരിച്ചുകൊണ്ട് ഭാര്യ പിന്നിൽ. രണ്ടാളും കൂടി തന്നെ വിഡ്ഢിയാ‍ക്കാനുള്ള പുറപ്പാടിലാണോ? അയാൾ ശങ്കിച്ചു.
“കണ്ണടക്കൂ അച്ഛാ.......” മകൾ വീണ്ടും ഒച്ചയുയർത്തി. അയാളുടെ കണ്ണുകൾ അറിയാതാടഞ്ഞു.

“ഇനി തുറക്കൂ....... സർപ്രൈസ്!!!”

കയ്യിൽ ഒരു സമ്മാനപ്പൊതിയുമായി തുള്ളിച്ചാടുന്നു മകൾ.

അവൾ പൊതി അയാളുടെ കയ്യിലേക്ക് വച്ചു. അയാളത് യാന്ത്രികമായി തുറന്നു നോക്കി.

ആകർഷകമായ പെട്ടിക്കുള്ളിൽ പുതിയൊരു പാർക്കർ പെൻ!

“അപ്പോൾ.... ഇതൊക്കെ എപ്പോ നടന്നു.......”അയാൾ അത്ഭുതപ്പെട്ടു.

“അതൊക്കെ നടന്നു....... ഒരാഴ്ച മുൻപ് !” വലിയ വായിൽ കേമിയായി, മകൾ പറഞ്ഞു.
ബാക്കി ഭാര്യ വിവരിച്ചു.

പൊട്ടിയ പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് സാധനങ്ങൾ അന്വേഷിച്ചു വന്ന ആക്രിക്കാരനോട് നാണയങ്ങൾ എടുക്കുമോ എന്നു ചോദിച്ചത് മകളാണ്. ഉണ്ടെങ്കിൽ കൊണ്ടുവരൂ, പഴകിയ നാണയങ്ങളും എടുക്കും എന്നായി ആ മനുഷ്യൻ.

പഴയ നിക്കൽ നാണയങ്ങൾ, അക്കങ്ങൾ തേഞ്ഞതാണെങ്കിൽ പോലും ഒന്നര മടങ്ങ് പണം നൽകി എടുക്കുമത്രെ!100 രൂപയുടെ ചില്ലറത്തുട്ടുകൾക്ക് 150 രൂപ കിട്ടും!

അപ്പോഴാണ് അയാളുടെ മേശയ്ക്കുള്ളിൽ വർഷങ്ങളായി കിടക്കുന്ന പഴയ നാണയങ്ങളെപ്പറ്റി ഭാ‍ര്യ ഓർത്തത്.
മകളുടെ കുടുക്ക പൊട്ടിച്ചുകിട്ടിയതിനൊപ്പം മേശയ്ക്കുള്ളിൽ നിന്നു കിട്ടിയതു കൂടി കൂട്ടി, ഒപ്പം ഓട്ടവീണ ഒരു പഴയ മൊന്തയും കൊടുത്തപ്പോൾ ആക്രിക്കാരൻ 210 രൂപ നൽകിയത്രെ.

എന്നിട്ട്?

അയാൾ ഓടിച്ചെന്ന് മേശ തുറന്നു നോക്കി.

അതു കാലിയാണ്. ഒറ്റ നാണയവും ഇല്ല. അയാൾ തരിച്ചു നിന്നു.

അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു....

“ഒരാഴ്ചയായി മോൾ ഇതു രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു...... ഇന്നു തരാൻ....” അയാളെ തട്ടിയുണർത്തി ഭാര്യ പറഞ്ഞു.

“അതെന്താ, ഇന്ന്?”

അമ്മയും മകളും പരസ്പരം നോക്കി ചിരിച്ചു.

“ഇന്ന് എന്റെ ഭർത്താവ് ഭൂജാതനയിട്ട് വർഷം നാല്പതായി....” നാടകീയമായി അവൾ മൊഴിഞ്ഞു.

പിറന്നാളുകൾ അറിയുക പോലും ചെയ്യാതായിട്ടു വർഷങ്ങളായിരിക്കുന്നു. ഇന്നിപ്പോൾ.....

നീർമിഴിമറയ്ക്കപ്പുറം അവരിരുവരും ചിരിക്കുന്നത് അയാളുടെ കണ്ണുകൾ അറിഞ്ഞു.

രാത്രി, ഇടനെഞ്ചിൽ ചാഞ്ഞ് ഭാര്യയും, വലം നെഞ്ചിൽ മുറുകി മകളും കിടക്കുമ്പോൾ കൺപൂട്ടി നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”