Thursday, June 24, 2010

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”



ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ നാട്ടിലേക്കെത്താൻ ഒരു വെമ്പലായിരുന്നു. ഗ്രാമം, ക്രിക്കറ്റ് മൈതാനം, കൂട്ടുകാർ... ഇതൊക്കെ മിസ്സ് ചെയ്യുന്നതിന്റെ വിഷമം അത്ര വലുതായിരുന്നു.

അന്നൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ....

ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍.....!!”

അമ്പരന്നു നോക്കിയപ്പോള്‍ പഴയ ഒരു സഹപാഠി. ആളിന്റെ പേര് ശശി!

ഗോഡ്ഫാദര്‍ എന്ന സിനിമ ഇറങ്ങിയ കാലമാണ്. റേഡിയോയിലൂടെ പുതിയ സിനിമകളിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി നാടുമുഴുവന്‍ കേള്‍ക്കാം.“പൂക്കാലം വന്നൂ പൂക്കാലം ... തേനുണ്ടോ നെഞ്ചിൽ തേനുണ്ടോ...” എന്ന ഗാനം അന്ന് വളരെ പോപ്പുലറായിരുന്നു. അതാണ് നമ്മുടെ ശശി ഈ രീതിയില്‍ പരുവപ്പെടുത്തിയെടുത്തത്!

ആള്‍ വളരെമാറിയിരിക്കുന്നു. ആറടിയോളം പൊക്കം. ചെമ്പിച്ച മീശ... ഊശാന്താടി...!

എന്നെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു ശശി.

ഞാന്‍ ചോദിച്ചു “എന്തുണ്ട് വിശേഷം?”

“ഓ.... എന്തോന്നു വിശേഷം... ഇഞ്ഞനെക്കെയങ്ങു പൊകുന്ന്‌...”

അധികം സംസാരിക്കാന്‍ നില്‍ക്കാതെ ശശി സിമന്റ് ഗോഡൌണിനുള്ളിലേക്കു കയറിപ്പോയി. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടിലേക്കും....
* * * * * * * * * * * * * * *

എന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊല്ലം - ആലപ്പുഴ റൂട്ടില്‍ ചേപ്പാട് എന്ന സ്ഥലത്താണ് കൊട്ടാരം പള്ളിക്കൂടം. ഗവണ്മെന്റ് എല്‍.പി.ബി. സ്കൂള്‍ എന്നാണ് ഔദ്യോഗിക നാമമെങ്കിലും ഒരു നെയിം ബോര്‍ഡ് പോലുമില്ലാത്തതു കാരണം ആ പേര് നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. ആകെ നാലു ക്ലാസ് മുറികള്‍. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍. അഞ്ച് അദ്ധ്യാപകര്‍. ക്ലാസ് ടീച്ചര്‍ മാര്‍ താഴെ പറയും പ്രകാരം.

ഒന്നാം ക്ലാസ് - അമ്മുക്കുട്ടിയമ്മ സാര്‍ (അവര്‍ തന്നെ ഹെഡ്മിസ്ട്രസ്സും).

രണ്ടാം ക്ലാസ് - ഓമനയമ്മ സാര്‍

മൂന്നാം ക്ലാസ് - കാര്‍ത്ത്യായനിയമ്മ സാര്‍

നാലാം ക്ലാസ് - സരസ്വതിയമ്മ സാര്‍

ഇവരെ കൂടാതെ സ്കൂളിലെ ഏക ആണ്‍ സാറായി വാസുദേവനാശാരി സാറും ഉണ്ടായിരുന്നു. അദ്ദേഹത്തെ ചില കുട്ടികള്‍ “ആശാരിയമ്മ സാര്‍” എന്നു വിളിച്ചിരുന്നു!

ആണായതു കൊണ്ടോ എന്തോ അദ്ദേഹത്തിന് ക്ലാസ് ടീച്ചര്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ക്ലാസ് ടീച്ചര്‍ എന്ന പദം സത്യത്തിൽ അന്നു ഞങ്ങള്‍ കേട്ടിട്ടു കൂടിയില്ല. ഒന്നാം ക്ലാസിലെ സാര്‍, രണ്ടാം ക്ലാസിലെ സാര്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അധ്യാപികമാരെ പെണ്‍ സാര്‍ എന്നും അധ്യാപകരെ ആണ്‍ സാര്‍ എന്നുമാണ് അന്നും ഈയടുത്ത കാലം വരെയും കുട്ടികള്‍ വിളിച്ചിരുന്നത്. 1975 മുതല്‍ നാലു വര്‍ഷക്കാലമായിരുന്നു ഞാന്‍ അവിടെ പഠിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ അമ്മുക്കുട്ടിയമ്മ സാര്‍ എന്ന പേര്‍ കേട്ടാല്‍ തന്നെ മൂത്രമൊഴിച്ചു പോകുന്ന കാലമായിരുന്നു അത്. പുരുഷന്മാരുടെ പോലെയുള്ള ശബ്ദവും വലിയ തടിച്ച ശരീരവും കട്ടിക്കണ്ണടയും ഒക്കെയായി ഞങ്ങളുടെ ശ്വാസഗതി പോലും നിയന്ത്രിച്ചിരുന്നു സാര്‍!

അന്നൊക്കെ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ മസൂരി (സ്മോൾ പോക്സ്)വരാതിരിക്കാനുള്ള കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. (ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല താനും!)

ഏവൂരു നിന്ന് രണ്ടു കിലോമീറ്റർ നടന്ന് പനച്ചമൂട് എന്നസ്ഥലത്തിനടുത്തുള്ള ഏതോ ആശുപത്രിയിൽ കൊണ്ടുപോയാണ് എന്നെ വാക്സിനേഷൻ എടുപ്പിച്ചത്. അച്ചുകുത്തുക എന്നായിരുന്നു അന്ന് അതിനു പറഞ്ഞിരുന്നത്. (ഇന്നൊക്കെ സ്കൂളിൽ എടുക്കുന്ന ബി.സി.ജി അല്ല ഇത്.)ഇടതു കൈത്തണ്ടയിലായിരുന്നു അച്ചു കുത്തിയത്.

ഒന്നാം ക്ലാസില്‍ ചേര്‍ന്ന ആദ്യ ദിനം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. അഡ്മിഷന് അച്ഛനാണ് സ്കൂളില്‍ കൊണ്ടുപോയതെങ്കിലും ക്ളാസ് തുടങ്ങിയത് വേറൊരു ദിവസമായിരുന്നു. വീട്ടില്‍ നിന്നും ഒരു പെട്ടിയും പിടിച്ച്, പുക്കാര്‍, പുലുമാല്‍, അമ്പിളി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു യാത്ര.

മക്കൾക്കൊപ്പം അച്ഛനമ്മമാർ സ്കൂളിൽ വരുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല.

സ്കൂളിലെത്തിയപ്പോള്‍ മുതല്‍ അമ്പിളി എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. എന്നെക്കാള്‍ ആറു മാസം മൂത്തവളാണ് അമ്പിളി. അവളോടൊപ്പം വേണം എങ്ങോട്ടും പോകാന്‍ എന്നാണ് വീട്ടില്‍ നിന്നും കല്‍പ്പന. ക്ലാസ് തുടങ്ങാറായപ്പോള്‍ അമ്പിളി എന്നെ അവളിരുന്ന ബഞ്ചില്‍ പിടിച്ചിരുത്തി!

അമ്മുക്കുട്ടിയമ്മ സാര്‍ വന്നു ഹാജര്‍ വിളിക്കാന്‍ തുടങ്ങി. ജയൻ എന്നു പേർ വിളിച്ച് ആൺകുട്ടികളുടെ ഭാഗത്തേക്കു നോക്കി. ആരും എണീക്കുന്നില്ല. കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ഉണ്ടക്കണ്ണുകൾ മുഴച്ചു വന്നു.

അമ്പിളിക്കരികിൽ എണീറ്റു നിന്ന എന്റെ മുഖത്ത് അവ തറച്ചു നിന്നു.

“ഡാ..! പെമ്പിള്ളേരുടെ കൂടാണോ ആമ്പിള്ളേരിരിക്കുന്നത്? ദാ ഇവിടെ വാ!” മുന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ശ്വാസം പോലും വിടാതെ എന്റെ പുത്തന്‍ പെട്ടിയുമെടുത്ത് ഞാന്‍ മുന്‍ ബെഞ്ചില്‍ വന്നിരുന്നു.

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.തറ-പറ ഒക്കെയുള്ള ഒരു പുസ്തകം ചിലരുടെ കയ്യിൽ കാണും. പലരുടെയും കയ്യില്‍ വെറ്റമഷി (മഷിത്തണ്ട്)യും ഉണ്ടാവും - സ്ലേയ്റ്റ് തുടയ്ക്കാൻ.

അങ്ങനെ ഞാന്‍ ഒന്നാം ക്ലാസില്‍ ചെരുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു നമ്മുടെ പൂക്കാലന്‍! ഞാന്‍ നാലാം ക്ലാസിലായപ്പോള്‍ അദ്ദേഹം നാലാം ക്ലാസില്‍ തേഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്.

മൂന്നു വര്‍ഷം തുടര്‍ച്ചയായി നാലാം ക്ലാസില്‍ പഠിക്കുന്ന ആ മഹാനുഭാവന് ‘മൂവാണ്ടന്‍’ എന്ന പേരിട്ടത് ആശാരിയമ്മ സാര്‍ ആണെന്ന് എനിക്കു പറഞ്ഞ് തന്നത് പുലുമാല്‍ ആണ്.

സ്കൂളില്‍ സാധാരണകുട്ടികളുടെ മുന്നില്‍ ഒരു ചെറുഹീറോ ആയിരുന്നു ശശി. നല്ല ഉയരം അന്നേ ഉണ്ട്. ഓട്ടം, ചാട്ടം, കബഡികളി ഇവയില്‍ കേമന്‍. ഉച്ചയ്ക്ക് ഉപ്പുമാവുണ്ടാക്കുകയും, ക്ലാസ് തീരുമ്പോള്‍ മണിയടിക്കുകയും ഒക്കെ ചെയ്തിരുന്ന ജാനകിയമ്മയുടെ പ്രധാന സഹായി എന്നീ നിലകളില്‍ വിഹരിക്കുന്നവന്‍!

വഴിയോരങ്ങളിലെ പറങ്കിമാവുകള്‍ കൊള്ളയടിച്ചു കിട്ടുന്ന പൈസയ്ക്ക് ‘ഡബ്ബര്‍ മുട്ടായി’ യും ‘കോലൈസും’ വാങ്ങി തിന്ന് ഞങ്ങളെ കൊതിപ്പിക്കുന്നവന്‍!

ചേപ്പാട് മാർത്തോമാപ്പള്ളിയുടെ ശവക്കോട്ടയിൽ രാത്രി ഒറ്റയ്ക്ക് കയറി പൂപറിച്ചവൻ!
(അതിനു പക്ഷേ, സാക്ഷികളാരുമില്ല...!)

എല്ലാ ഒക്ടോബര്‍ മാസം വരുമ്പോഴും ഒരാഴ്ച സേവനവാരം ഉണ്ടാവും സ്കൂളില്‍. അപ്പോള്‍ പരിസരം വൃത്തിയാക്കുന്നവരില്‍ മുന്‍ പന്തിയിലുണ്ടാവും ശശി. ആണ്ടിലൊരിക്കല്‍ ഹെഡ് മിസ്ട്രസിന്റെ മുറിയിലെ ഒരു മീറ്റര്‍ നീളമുള്ള സ്കെയില്‍ ഉപയോഗിച്ച് സ്കൂള്‍ കോമ്പൌണ്ടിന്റെ നീളവും വീതിയും അളക്കുന്നതും ശശി തന്നെ. പക്ഷേ ആശാരി സാര്‍ കൂടെക്കാണും. സ്കെയില്‍ വച്ചു വച്ചു പോവുകയേ ഉള്ളു ശശി. എണ്ണം ശരിയാകണമെങ്കില്‍ സാര്‍ എണ്ണിക്കോളണം!

ശശിയുടെ ഭാഷാ പ്രയോഗങ്ങൾ വളരെ പ്രശസ്തമായിരുന്നു. ആദ്യം അതെനിക്ക് ബോധ്യപ്പെട്ടത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് സ്കൂളിലെ ഏക ഗായകനാണ് തോമസ് ഈപ്പന്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥി. ശശിയുടെ സഹപാഠി. സ്കൂള്‍ വാര്‍ഷികത്തിന്റെ ദിവസം തോമസ് ഈപ്പന്‍ ഒരു പാട്ടു പാടി.

അതു തീര്‍ന്നപ്പോഴേക്കും ശശി വിളിച്ചു പറഞ്ഞു “ ഡാ ഈപ്പാ.... ആ പാട്ടപ്ലെയിനിന്റെ പാട്ടു പാടെടാ..!!”

തോമസ് ഈപ്പന്‍ യാതൊരു ആശങ്കയുമില്ലാതെ പാട്ടു തുടങ്ങി.

“വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ ഫ്ലൈ....!”

ജയച്ചന്ദ്രന്‍ പാടിയ അന്നത്തെ ഒരു ഹിറ്റ് ഗാനമാണ്!

തോമസ് ഈപ്പന്റെ ‘ഭാഷാപാണ്ഡിത്യം’ എനിക്കില്ലാഞ്ഞതുകൊണ്ട് എന്റെ വായ് പിളര്‍ന്നു തന്നെ ഇരുന്നു!

‘പാട്ടപ്ലെയിന്‍’ എന്നത് ബട്ടര്‍ ഫ്ലൈ ആയി കാതിലേക്കൊഴുകി.

പിന്നീടൊരു വെള്ളിയാഴ്ച്ച സ്കൂളിനു മുന്നിലൂടെ ഏവൂര്‍ ജയാ ടാക്കീസിലെ പുതിയ സിനിമയുടെ പരസ്യം വിളംബരം ചെയ്തു കൊണ്ട് ഒരു ഉന്തുവണ്ടിയും ചെണ്ടക്കാരനും പോകുമ്പോഴായിരുന്നു ശശിയുടെ മറുഭാഷാജ്ഞാനം എനിക്കു വെളിപ്പെട്ടത്.

കുട്ടികള്‍ക്കായി വാരി വിതറിയ സിനിമാനോട്ടീസുകളിലൊന്ന് എടുത്ത് വായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു “കം ദിസീസെ കം നഹീ....!!”

ഞങ്ങള്‍ ചെറു കുട്ടികള്‍ അമ്പരന്നു നിന്നു.

come this is a come nahi !!

“ഇന്ദി (ഹിന്ദി) സില്‍മയാ..! അരിപ്പാട്ട് (ഹരിപ്പാട്ട്) ഉത്സവത്തിനു പോയപ്പ ഞാം കണ്ടതാ!”

ശശിയുടെ വക ക്ലാരിഫിക്കേഷന്‍!

ആ സിനിമയുടെ പേരു മനസ്സിലാക്കാന്‍ ഞാന്‍ കോളേജില്‍ എത്തേണ്ടി വന്നു - ഹം കിസീ സെ കം നഹീ!

ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ കലവറയായ ആ മഹാനുഭാവൻ എന്നാണ് നാലാം ക്ലാസ് പാസായത് എന്ന് എനിക്കു വലിയ പിടിയില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ വേറെ സ്കൂളില്‍ ചേര്‍ന്നതാണ് കാരണം.
പിന്നെ എപ്പോഴോ അതിയാന്‍ പഠിത്തം നിര്‍ത്തി പല പണികള്‍ ചെയ്ത് മേജര്‍ ആവുകയാണുണ്ടായത്!

* * * * * * * * * * * * * * *

സിമന്റ് കടയുടെ ഷട്ടർ വീഴുന്ന ശബ്ദത്തിനൊപ്പം ‘പൂക്കാലന്‍ വന്നു പൂക്കാലന്‍...’ എന്ന ഗാനം വീണ്ടും എന്റെ കാതിലേക്കെത്തി. ശശി സൈക്കിള്‍ ‘സ്റ്റാര്‍ട്ട്’ ചെയ്യുന്നതിന്റെ മ്യൂസിക് ആണ്!

അവന്റെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയപ്പോഴേക്കും രണ്ടു ചാക്കു സിമന്റുമായി ‘പൂക്കാലന്‍’ പോയിക്കഴിഞ്ഞിരുന്നു!



വാല്‍ക്കഷണം: നാലു കൊല്ലം മുന്‍പ് കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ ദശദിന ക്യാമ്പ് നടത്തിയത് മുതിയലം(കോറോം) എന്ന സ്ഥലത്തായിരുന്നു. കാടുപിടിച്ചു കിടന്ന റോഡരികുകള്‍ വൃത്തിയാക്കുകയായിരുന്നു കുട്ടികളും ഞാനും.

ഒരു വീടിന്റെ വേലിയില്‍ നിറയെ പൂത്തു നിന്നിരുന്ന ഒരു ചെമ്പരത്തിയുണ്ടായിരുന്നത്, റോഡിലേക്കു വീണു കിടക്കുകയായിരുന്നെങ്കിലും ഞങ്ങള്‍ വെട്ടിക്കളഞ്ഞില്ല. അത്രയ്ക്കു ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്.

വെയിലില്‍ തളര്‍ന്ന കുട്ടികള്‍ വിശ്രമിക്കുമ്പോഴാണ് ഒരു കാഴ്ചകണ്ടത്. സ്ഥലത്തെ ഒരു ഇടത്തരം നേതാവും, ഞങ്ങളുടെ സ്വാഗതസംഘം ഭാരവാഹിയുമായ ഒരു മാന്യദേഹം കുട്ടികള്‍ നിലത്തു വച്ചിരുന്ന ഒരു ‘കത്താള്‍’ എടുത്ത് ആഞ്ഞു വീശി നടക്കുകയാണ്! സകല വേലിത്തലപ്പുകളിലും അദ്ദേഹത്തിന്റെ വക ഒരു വെട്ടിനിരത്തല്‍!

ഞാനും ഒപ്പം ഉണ്ടായിരുന്ന ഒരു സഹാധ്യാപകനും എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അയാള്‍ പൂത്തു നിറഞ്ഞു നില്‍ക്കുന്ന ആ ചെമ്പരത്തിയ്ക്കടുത്തെത്തിക്കഴിഞ്ഞു....നിഷ്കരുണം കത്താള്‍ തലങ്ങും വിലങ്ങും ചീറി...! പൂക്കമ്പുകള്‍ ഒന്നായി വെട്ടേറ്റു വീണു.... ഒടുവില്‍ അത് ശരിക്കും ഒരു കുറ്റിച്ചെടിയായി മാറി...

എന്റെ ഒരു സുഹൃത്തിന് അരിശം സഹിക്കാന്‍ വയ്യാതെ ചോദിച്ചു “ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത്!?”

ശാന്തനായി ഞാന്‍ പറഞ്ഞു “പൂക്കാലന്‍!!”

ഇവനൊക്കെയല്ലേ യഥാര്‍ത്ഥ പൂക്കാലന്‍!

പാവം ശശി !

79 comments:

jayanEvoor said...

പഴയ ചില ഓർമ്മകൾ...
വായിച്ചിട്ടില്ലാത്തവർക്കായി ഒരു റീപോസ്റ്റ്.

Ashly said...

:) പണ്ട് വായിച്ചതാ, എനാല്ലം പിന്നെയം വായിച്ചു.

ചിതല്‍/chithal said...

njanum pandu vayichatha, pakshe ithu veendum enjoy cheythu!
(as usual, malayalam workkunnilla)
jayettan ini kurachu kalam ormakkurippukal ezhuthu.

ചാണ്ടിച്ചൻ said...

ശരിക്കും അവന്‍ തന്നെയാ "പൂ"....ക്കാലന്‍...
ഇത് ഞാന്‍ മുന്‍പ് വായിച്ചിട്ടില്ലാട്ടോ...
നല്ല ഓര്‍മ്മക്കുറിപ്പ്‌...ഞാന്‍ പഠിച്ച സ്കൂളില്‍ ഉപ്പുമാവുണ്ടാക്കാന്‍ സഹായിച്ചിരുന്ന സുന്ദരനെ ഓര്‍മ വന്നു....

NPT said...

കൊള്ളാം ഈ പൂക്കാലന്‍

Manoraj said...

ഞാൻ ആദ്യമായിട്ട് വായിക്കുകയാ.. പഴയ സ്കൂൾ കാലഘട്ടം ഓർമ്മിപ്പിച്ചു. അലൂമിനിയം പെട്ടിയും സ്ലേറ്റ് തുടക്കാൻ മൂക്കൂട്ട പച്ച എന്ന് പറയുന്ന ചെടിയുടെ തണ്ടും എല്ലാമായി സ്കൂളിൽ പോയിരുന്ന കാലം.. നന്ദി ജയൻ

അലി said...

പഴയ സ്കൂൾ കാലത്തിലേക്കൊരു തിരിച്ചുപോക്ക്...
നന്നായിരുന്നു.

Unknown said...

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.തറ-പറ ഒക്കെയുള്ള ഒരു പുസ്തകം ചിലരുടെ കയ്യിൽ കാണും. പലരുടെയും കയ്യില്‍ വെറ്റമഷി (മഷിത്തണ്ട്)യും ഉണ്ടാവും - സ്ലേയ്റ്റ് തുടയ്ക്കാൻ.


നല്ല ഒരു ഓര്‍മ...

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണുസ്സാറുന്മാർ തൊട്ട് പൂവ്വ് കാലാൻ സാറുവരെയുള്ളവരെ കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പുകൾ വായിച്ചു
പ്രണയം മനസ്സിലില്ലാത്തവരാണ് പൂക്കളെ ഇഷ്ട്ടപ്പെടാത്തവർ ..കേട്ടൊ ഡോക്ട്ടറേ

ശ്രീ said...

സ്കൂള്‍ കാല ഓര്‍മ്മകളും ശശിയുടെ പാട്ടുകളും നന്നായി മാഷേ. ആ വാല്‍ക്ക്ഷണം അതിലേറെ ഇഷ്ടമായി. ശശിയല്ല, അയാളാണ് ശരിയ്ക്കുള്ള പൂ 'കാലന്‍' !

jayanEvoor said...

ക്യാപ്ടൻ ഹാഡോക്ക്

ചിതൽ

ചാണ്ടിക്കുഞ്ഞ്

എൻ.പി.റ്റി.

മനോരാജ്

അലി

ഒറ്റയാൻ

ബിലാത്തിച്ചേട്ടൻ

ശ്രീ...

ഒരിക്കലും മതിവരാത്ത ഓർമ്മകളുടെ പൂക്കാലമാണ് ബാല്യം. അന്നത്തെ ഒരു അദ്ധ്യാപകനെയോ ഒരു ക്ലാസ് മേയ്റ്റിനെയോ കണ്ടാൽ ഇന്നും കണ്ണു നിറയും, സന്തൊഷം കൊണ്ട്.

ഇത് ആസ്വദിച്ചു കമന്റിട്ട നിങ്ങൾക്കോരൊരുത്തർക്കും എന്റെ നിറഞ്ഞ നന്ദി!

ഒഴാക്കന്‍. said...

ജയേട്ടാ, പഴയ കാലാ സ്കൂള്‍ ജീവിതത്തിലേക്ക് ഒരു കൈ പിടിച്ചു നടത്തല്‍ ... ശരിക്കും ഒരു നൊസ്സ്ടാള്‍ജിക്ക് ഫീലിംഗ്

kambarRm said...

പഴയ കാലത്തേക്കൊരു തിരിച്ച് നടത്തം..നന്നായിട്ടുണ്ട്, അവതരണശൈലി ഗംഭീരം..,
മുമ്പ് വായിച്ചിരുന്നില്ല, അഭിനന്ദനങ്ങൾ.

ജീവി കരിവെള്ളൂർ said...

മഷിത്തണ്ടും വെള്ളംകുടിയനും അപ്പക്കണ്ടം(സ്ലേറ്റിന്റെ കഷ്ണം )... ഓര്‍മ്മകളുടെ ഊടുവഴികള്‍ ...

ശരിയാ ഇവന്‍ തന്നെയ പൂക്കാലന്‍ .അപ്പൊ കോറോം വന്നിട്ടുണ്ട് അല്ലേ ;കരിവെള്ളൂരില്‍ വന്നിട്ടുണ്ടോ ഡോക്ടറേ

മൻസൂർ അബ്ദു ചെറുവാടി said...

പഴയകാലം. പൂക്കാലം
ആശംസകള്‍

രായപ്പന്‍ said...

ഒരു കാര്യം ‘കത്താള്‍’ അല്ല 'കത്യാള്‍' ആണ് അരിവാള്‍ വെട്ടുകത്തി എന്നിവയ്ക്ക് പയ്യന്നൂര്‍ ഭാഗത്ത് പറയുന്ന പേര്...

എന്തായാലും പൂക്കാലന്‍ പഴയ കാലത്തേക്ക് കൊണ്ടുപോയി..

അങ്കിള്‍ said...

ആ പഴയ കാലം ഇതേ പോലെ അനുഭവിച്ചിട്ടുള്ള ഞാൻ ഈ ഓർമ്മകുറിപ്പിനെ ശരിക്കും ആസ്വദിച്ചു. ഇന്നു ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികൾക്ക് സ്ലേറ്റ്, മഷിത്തണ്ട് എന്നൊക്കെ പറഞ്ഞാൽ മുതിർന്നവർ കൂടെ ഉണ്ടാകണം അതിനെ വിശദീകരിച്ച് കൊടുക്കാൻ. ആശംസകൾ.

ഒരു നുറുങ്ങ് said...

പൂക്കാലന്‍റെ കയ്യില്‍
“കത്താള്‍”കിട്ട്യാ,കഴിഞ്ഞു കാര്യം!
രാഷ്ട്രീയം വിട്ട് വന്നതാവും നേതാവ്..
ശീലിച്ച് പോയില്ലേ ചിലശീലങ്ങള്‍ ! മനസ്സിലിത്തിരി സ്നേഹമില്ലാത്തോനെന്ത്
ചെമ്പരത്തി..? എന്ത് പരിസ്ഥിതി ..?

നല്ല കുറെ സ്മരണകള്‍ സമ്മാനിച്ചു..ഈ റീപോസ്റ്റ് ,മുന്നെ വായിക്കാത്തത് പുതുമ നല്‍കി!
ആശംസകള്‍.

jayanEvoor said...

ഒഴാക്കൻ
സന്തോഷം!
ഒഴാക്കന് ഒഴക്കു നന്ദി!

കമ്പർ
നല്ല വാക്കുകൾക്കു നന്ദി!

ജീവി കരിവള്ളൂർ
കോറോം മാത്രമല്ല കരിവള്ളൂരും വന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മിക്ക സ്ഥലങ്ങളും കാസർകോടിന്റെ തെക്കൻ ഭാഗങ്ങളും പല തവണ വന്നിട്ടുണ്ട്.

ചെറുവാടി
അതെ!
പഴയ കാലം;പൂക്കാലം!

രായപ്പൻ
ശരിയാണ് പയ്യന്നൂർ ‘കത്യാൾ’. എന്റെ നാട്ടിൽ കത്താൾ!

അങ്കിൾ
വളരെ സന്തോഷം!
പഴയ ഒർമ്മകൾ ഇടയ്ക്കൊക്കെ ഇനിയും അയവിറക്കാം!

ഒരു നുറുങ്ങ്
കോറോത്തെ പൂക്കാലന് ഞങ്ങളോട് സ്നേഹമില്ലായ്മയൊന്നും ഇല്ലായിരുന്നു. എനിക്കു തോന്നുന്നത് പണിയെടുക്കാൻ താല്പര്യമില്ല, എന്നാൽ താൻ ‘പണിയെടുക്കുന്നത്’നാലാൾ കാണണം. ഇതായിരുന്നിരിക്കാം ആളുടെ ഉദ്ദേശം. പക്ഷേ അതിനു ബലി നൽകേണ്ടി വന്നത് എത്ര പൂക്കൾ!

Anil cheleri kumaran said...

കണ്ണൂര്‍ക്കാരന്റെ കൈയ്യില്‍ കത്താള്‍ ഏല്‍പ്പിച്ച് ഒരു കൊലപാതകം നടത്തിയതാരാ??

പ്രയാണ്‍ said...

ശരിക്കും ചേരും ..........പൂക്കാലന്‍.......:)

കൂതറHashimܓ said...

വാല്‍കഷ്ണത്തിലെ പൂകാലന് ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കായിരുന്നു
ചുമ്മാ ആളാവാന്‍ നോക്കുന്നവര്‍ക്കിട്ട് പൊട്ടിച്ചില്ലെങ്കില്‍ പിന്നെ...............

നിരാശകാമുകന്‍ said...

ഇതില്‍ എഴുതിയ പല സന്ദര്‍ഭങ്ങളും വായിച്ചപ്പോള്‍ എനിക്കും എന്‍റെ ബാല്യകാലം ഓര്‍മ്മ വന്നു..
മഷിത്തണ്ട് അന്നൊരു അത്യാവശ്യം തന്നെ ആയിരുന്നു.എന്‍റെ വീട്ടില്‍ കുറെ മഷിതണ്ടുകള്‍ ഞാന്‍ നട്ടു പിടിപ്പിച്ചിരുന്നു..
രാഷ്ട്രീയക്കാര്‍,പ്രത്യേകിച്ച് കണ്ണൂരിലെ,പൂക്കാലന്‍മാര്‍ ആകുന്നത് സ്വാഭാവികം..
കണ്ണൂര്‍ ആയുര്‍വേദ കോളേജ് പറശിനിക്കടവ് അല്ലെ...?

ആചാര്യന്‍ said...

അന്ന് അച്ചു കുത്തിയതിന്റെ വേദന എന്‍റെ മാഷേ...

വരയും വരിയും : സിബു നൂറനാട് said...

നൊസ്റ്റാള്‍ജിയ അണ്ണാ...നൊസ്റ്റാള്‍ജിയ..

എന്നാലും ആ "കാലന്‍ "...

Sukanya said...

സ്മോള്‍പോക്സ് വസൂരി അല്ലെ ഡോക്ടറെ ? പൂക്കാലന്റെ കഥയെഴുതി പൂക്കാലന്‍ ആയോ?
രസകരമീ പോസ്റ്റ്‌.

രഘുനാഥന്‍ said...

നേരത്തെ വായിച്ചിട്ടില്ലാത്തത് കൊണ്ട് പിന്നേം വായിച്ചു... ബാല്യകാല സ്മരണകളിലേയ്ക്ക് കൂടിക്കൊണ്ടു പോയ "ഡോക്ടര്‍ കുറുന്തോട്ടിക്ക്" ആശംസകള്‍.

jayanEvoor said...

കുമാരൻ
“കണ്ണൂര്‍ക്കാരന്റെ കൈയ്യില്‍ കത്താള്‍ ഏല്‍പ്പിച്ച് ഒരു കൊലപാതകം നടത്തിയതാരാ??”
ആരാ!!?

പ്രയാൺ
നല്ലവാക്കുകൾക്കു നന്ദി!

കൂതറ ഹാഷിം
പറ്റിയ കാര്യം തന്നെ! അതും പയ്യന്നൂർ കോറോത്തു വച്ച്! മോനേ വിട്ടു പിടി!

നിരാശാകാമുകൻ
സന്തോഷം!
കണ്ണൂർ ഗവണ്മെന്റ് ആയുർവേദ കോളേജ് പരിയാരത്താണ്. (പറശ്ശിനിക്കടവിലുള്ളത് സ്വാശ്രയമേഖലയിലുള്ള കോളേജാ.)

ആചാര്യൻ
അതെ.... അച്ചു കുത്തുന്ന വേദന... കുമിള പൊങ്ങുന്ന വേദന. അതു പൊട്ടി കരിയുന്നതു വരെ വേദന!

സിബു നൂറനാട്
പൂക്കാലൻ! അവൻ കാലൻ തന്നെ!

സുകന്യേച്ചി
സ്മോൾ പോക്സ് വസൂ‍രി തന്നെ. മസൂരി എന്നാണ് ശരിയായ സംസ്കൃതപദം. ചിലയിടങ്ങളിൽ വസൂരി എന്നും പറയും. എന്റെ നാട്ടിൽ മസൂരി തന്നെ.

രഘുനാഥൻ
കുറുന്തോട്ടി എന്നു വിളിച്ചു കളിയാക്കിക്കോ!
എനിക്കു സന്തോഷം!
ഒന്നുകിൽ എനിക്ക് അല്ലെങ്കിൽ എന്റെ ഒരു സഹോദരവൈദ്യന് പണിയായി!
ഇങ്ങനെ കമന്റടിക്കുന്ന എല്ലാരെയും ഉഴിയാൻ അവസരം കിട്ടുക എന്തൊരു സന്തോഷമുള്ള ഏർപ്പാടാണെന്നോ!

ഹംസ said...

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.
തന്നെ,, തന്നെ,, എനിക്കും ഉണ്ടായിരുന്നു ഒരു അലുമിനിയപെട്ടി. നടക്കുമ്പോള്‍ അത് രണ്ട് കൈകൊണ്ടും മുന്നിലേക്ക് പിടിച്ച് കാല്‍മുട്ടുകള്‍ കൊണ്ട് തട്ടിതെറുപ്പിച്ചാണ് നടക്കുക. ടും .ടും. എന്ന ശബ്ദം കേട്ടുകൊണ്ട് നടക്കാന്‍ നല്ല രസമാ.. കാല്‍മുട്ടിലും പെട്ടിയിലും അടയാളങ്ങള്‍ ഉണ്ടാവും .
നല്ല രസകരമായ ഓര്‍മകള്‍ :)

Rare Rose said...

ഞാനുമാദ്യാ‍യിട്ടാ വായിക്കുന്നത്.രസമുള്ള കുഞ്ഞോര്‍മ്മകള്‍..
തീര്‍ച്ചയായും പാവം ശശിയേക്കാളും ആ വെട്ടിനിരത്തലുകാരനു തന്നെയാ പൂക്കാലന്‍ വിശേഷണം ചേരുക.:)

ManzoorAluvila said...

ഡോക്ടർ.. മനോഹരം..എനിക്കിഷട്മായ്‌.. ഈ കഥ...

sm sadique said...

നിറയെ പൂത്ത ആ ചെടിയെ വെട്ടി എറിഞ്ഞപ്പോൾ മനസ്സ് വേദനിച്ചു…. (അന്നും ഇന്നും എന്നും)
എങ്കിലും , ഓർമകളിലേക്കെരു യാത്ര………..
വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ ഫ്ലൈ....!”

Kumar said...

Nostalgic....pure joy ..since i know the places you referred in the story....the charactors feel closer to heart..
Great work Jayan...
Want to visit Cheppad, ramapuram, Harippad Suresh theater..in my trip next month

Wash'Allan JK | വഷളന്‍ ജേക്കെ said...

പൂക്കാലന് ആശംസകള്‍
രസമുള്ള സ്മരണകൾ‍. ഇത്ര ഓര്‍മ്മ എങ്ങനെ? അപാരം...

jayanEvoor said...

സോണ ജി
ശരിയാ സോണ... ഇത്തരം പൂക്കാലന്മാരെ മുടങ്ങാതെ കണ്ടുമുട്ടാറുണ്ട് ഞാൻ. ഇനി ഈ ഇനത്തിൽ പെട്ട ഒന്നിനെ കാണുമ്പോൾ സ്വകാര്യമായി നീട്ടിവിളിച്ചോളൂ..“പൂ...ക്കാ‍...ലാ...!!”

ഹംസ
ആ അലുമിനിയം പെട്ടി ഒരു സ്വകാര്യ അഹങ്കാരമായിരുന്നു.പക്ഷേ പെട്ടിയും താങ്ങി നടക്കാനുള്ള ആരോഗ്യമില്ലാഞ്ഞാണോ, അതോ പുക്കാർ-പുലുമാൽ പ്രഭൃതികൾ മാവിലെറിഞ്ഞു നടക്കുമ്പോൾ കൂടെക്കൂടാനുള്ള കൊതികൊണ്ടാണോ എന്തോ... ആ പെട്ടി മൂന്നാം ക്ലാസു മുതൽ ഞാൻ ഉപയോഗിച്ചിട്ടില്ല!

റെയർ റോസ്
ഉം...
പൂക്കാലൻ = പൂ പോലെയുള്ള ഒരു കാലൻ!
എന്നൊന്നും അയാൾ വിഗ്രഹിക്കില്ല എന്നാശിക്കാം!

മൻസൂർ ആലുവിള
നല്ല വാക്കുകൾക്കു നന്ദി മൻസൂർ!

എസ്.എം.സാദ്ദിഖ്
വന്നാട്ടേ ഓ മൈ ഡിയർ ബട്ടർ ഫ്ലൈ...
മലനാടൻ കാട്ടിലെയോമന ബട്ടർഫ്ലൈ...!

കുമാർ
അപ്പോൾ പറഞ്ഞു വന്നാൽ നമ്മൾ തമ്മിൽ അറിയുമോ?
ഇനി നാട്ടിൽ വരുമ്പോൾ അറിയിക്കണേ...
ഹരിപ്പാട് സുരേഷ് ഇപ്പോ ഉണ്ടോ ആവോ...
ഞാൻ ആ വഴി പോയിട്ട് കുറേയായി. ഹൈവേയിൽ നിന്നകന്ന സ്ഥലത്തായതിനാൽ എല്ലാ മാസവും നാട്ടിൽ വരാറുണ്ടെങ്കിലും സുരേഷ് വഴി പോകാ‍ാറില്ല.

വഷളൻ
എന്നെ കണ്ണു വച്ചു!
കണ്ണു പൊട്ടിപ്പോവാതിരിക്കട്ടെ!
ഓർമ്മകളിൽ മുങ്ങി മണിക്കൂറുകളോളം ഇരിക്കുന്ന ആളാണ് ഇന്നും ഞാൻ. അതാവും കാരണം.

krishnakumar513 said...

ഓര്‍മ്മകള്‍ ചില്ലിട്ട് വച്ചിരിക്കുകയാണല്ലേ?നന്നായിരിക്കുന്നു ഈ ഓര്‍മ്മകള്‍...

എറക്കാടൻ / Erakkadan said...

ഞാന്‍ വായിച്ചിരുന്നില്ല .. ഇപ്പോള്‍ ഈ വക കാര്യങ്ങളൊക്കെ ആലോചിക്കുമ്പോള്‍ ഒരു നോസ്ടാല്ജിയ ...

Unknown said...

ഞാന്‍ വായിച്ചിരുന്നു, ഈ പൂക്കാലനെ മുന്‍പ്.
സ്കൂള്‍ കാലത്തിലേക്കുള്ള ഒരു നല്ല തിരിച്ചുപോക്ക്.

Naushu said...

രസമുള്ള സ്മരണകൾ‍....
കൊള്ളാം.......

Manju Manoj said...

നല്ല ഓര്‍മ്മകള്‍.... സ്കൂളില്‍ കൊണ്ട് പോയിരുന്ന അലൂമിനിയം പെട്ടിയുടെ ഓര്‍മ... സേവന വാരം ഒക്കെ ഇപ്പോഴും ഉണ്ടോ എന്തോ...

jayanEvoor said...

കൃഷ്ണകുമാർ
അതെ.
ഓർമ്മകൾ ചില്ലിട്ടു വച്ചിരിക്കുകയാണ്!

എറക്കാടൻ
എല്ലാം അറിയുന്നു എറക്കാടാ!
എറക്കാടനെക്കൊണ്ടു വായിപ്പിക്കാനല്ലേ ഞാൻ റീപോസ്റ്റ് ചെയ്തത്!

തെച്ചിക്കോടൻ
വീണ്ടും വീണ്ടും വായിക്കുന്ന തെച്ചിക്കോടാ, നന്ദി!

നൌഷു
നല്ലവാക്കിനു നന്ദി!

മഞ്ജു മനോജ്
അലൂമിനിയം പെട്ടിയും പൊയി; സേവനവാരവും പൊയി!

Anonymous said...

കിടിലന്‍ പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ കഥ.
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

കണ്ണനുണ്ണി said...

നല്ല ഓര്‍മ്മകള്‍...
എന്റെം കൂടെ നാടാണല്ലോ...അതോണ്ടാവും കൂടുതല്‍ സുന്ദരം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പറയാന്‍ ഉള്ളത് എല്ലാരും പറഞ്ഞത് കാരണം ഒന്നും പറയാതെ തിരിച്ചു പോകുന്നതും ശരിയല്ലല്ലോ എന്നതിനാല്‍ ഇത് പറഞ്ഞു പോകുന്നു.
നന്നായി എഴുതി..

ശ്രീനാഥന്‍ said...

ഒന്നാം ക്ലാസുമുതലുള്ള് ഓർമകൾക്കു എന്തു തെളിമ.മനോഹരം. ചെറിയ വളപൊട്ടുകൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് ജയൻ. ഇതുമാത്രമാണ് ജീവിതത്തിന്റെ ബാക്കിപത്രം.

Anonymous said...

കൊള്ളാം മാഷേ....പൂക്കാലനെ നന്നായി ഉപയോഗിച്ചിരിക്കുന്നു.....നല്ല Craftskill.

ഭായി said...

“കം ദിസീസെ കം നഹീ....!!”
ഹ്ഹോ അവനെ സമ്മതിക്കണം!! പുള്ളിയെ ഒന്ന് കാണാൻ കിട്ടുമോ..? കൊറച്ച് തർജ്ജിമ വേണമായിരുന്നു...ഒരു വഴിക്ക് പോകുന്നതല്ലേ....:) നല്ല പോസ്റ്റ് !

കുഞ്ഞാമിന said...

പഴയ സ്കൂൾ ഓർമ്മകളിലേക്ക് തിരികെ പോയി. സ്കൂളിൽ അധികം പേരും അലുമിനിയം പെട്ടിയുമായി വരുമ്പൊ ആരെയും തൊടാൻ പോലും സമ്മതിക്കാത്ത സ്റ്റീൽ പെട്ടിയുമായി വന്നിരുന്ന ഒരു ജാഡക്കാരനെ ഓർമ്മ വന്നു. ‘പൂക്കാലൻ‘ ഒരു കാലൻ തന്നെ.

mini//മിനി said...

മുൻപ് വായിച്ചതാണ്, ഇപ്പോഴും നന്നായിരിക്കുന്നു.

jayanEvoor said...

അനിത
സന്തോഷം.
ജങ്ക്ഷൻ കേരള കൊള്ളാം.

കണ്ണനുണ്ണി
നാട്ടുകാരാ...
രാമപുരം, ഏവൂർ, ചേപ്പാട് വഴി ഒരു ട്രിപ്പ് പ്ലാൻ ചെയ്യണോ!? ശശി അവിടെത്തന്നെ ഉണ്ട്!

ഇസ്മായിൽ കുറുമ്പടി
നല്ല വാക്കുകൾക്കു നന്ദി!

ശ്രീനാഥൻ
അതെ.
ഒറ്റയ്ക്കിരിക്കുമ്പോൾ എനിക്ക് ഒരിക്കലും ബോറടിക്കാറില്ല്ല!

മൈത്രേയി
വളരെ സന്തോഷം.
ക്രാഫ്റ്റും സ്കില്ലുമൊക്കെ ആ‍യിവരുന്നോ ആവോ!

ഭായി
‘കം ദിസീസെ കം നഹീ’പോലെ മറ്റു ചില ഇറക്കുകൾ കൂടി അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.
‘ജാനീകുശ്മൻ’അതിലൊന്നാണ്. ജാനീ ദുശ്മൻ എന്ന ഹിന്ദി പടമായിരിക്കണം അത്. മറ്റു പലതും മറന്നു പോയി.

കുഞ്ഞാമിന
അതു ശരി.
ആരായിരുന്നു ആ സ്റ്റീൽ പെട്ടിക്കാരൻ?

മിനിച്ചേച്ചി
സന്തോഷം ചേച്ചി.

sindhukodakara said...

കുട്ടിക്കാലത്തെ ഒരുപാടു ഓര്‍മ്മകള്‍.. പെന്‍സില്‍ തുണ്ടുകള്‍ വാങ്ങി അതിന്റെ നീളത്തിനു സമം കള്ളി ചെടിയുടെ തുണ്ട് (സ്ലെഇട് മായ്ക്കാന്‍ ) മുറിച്ചു തരുന്ന ഒരു കുട്ടിയുണ്ടായിരുന്നു ഞങളുടെ സ്കൂളില്‍. വളര്‍ന്നു കഴിഞ്ഞാണ് മനസ്സിലാവുന്നത് ആ കുട്ടി എന്തിനായിരുന്നു അത് ചെയ്തിരുന്നതെന്ന് . ആ പെന്‍സില്‍ തുണ്ടുകള്‍ ഉപയോഗിച്ചാണ്‌ അവള്‍ എഴുതിയിരുന്നത്.. വക്കു പൊട്ടിയ ഒരു സ്ലെഇട് ഉം മുഴുവന്‍ കീറിപറിഞ്ഞ പുസ്തകങ്ങളും ആയിരുന്നു അവളുടെ കയ്യില്‍.

പിന്നെ ഇങ്ങനെ വായില്‍ തോന്നിയ വാക്കുകള്‍ ഉപയോഗിച്ച് പാട്ട് പാടല്‍ എന്റെയും ഒരു ഹോബി ആണ്. പുള്ളിക്കാരന്‍ കളിയാക്കും അറിയാന്‍ വയ്യെങ്കില്‍ മിണ്ടാതിരുന്നൂടെ എന്ന് ചോദിച്ചു. "" മിണ്ടാതിരിക്കാന്‍ എനിക്ക് പറ്റില്ല". പാടിയ പാട്ടിലെ രൂപങ്ങള്‍ ഇതുപോലെ ആള്‍ രൂപം പ്രപിച്ചില്ല ഇതുവരെ. അത് ഞാന്‍ ശശി അല്ലാത്തത് കൊണ്ടാവും. പിന്നെ നന്നായി എന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ.

hi said...
This comment has been removed by the author.
hi said...

നല്ല വിവരണം
ഞാനും ഒരു കുഞ്ഞു ശശി ആയിരുന്നു.. അക്കാലത്തു എനിക്കും ചില ഹിറ്റ് പാട്ടുകള്‍ നാവില്‍ വരുമായിരുന്നു..
"സിന്ദൂര തിലകവുമായ് പുള്ളിപ്പുലിയേ ഓടിവാ",
"ഓര്‍മയിലൊരു സുഷിരം.. ഓമനിക്കാന്‍ ഒരു സുഷിരം.. "
ഇതൊക്കെ അതില്‍ ചിലത് മാത്രം .. :)

ബഷീർ said...

പൂക്കാലൻ ഓർമ്മ രസകരമായി.:)

പിരിക്കുട്ടി said...

njaan vayichittilla keto ee post

"pookkalan" oru sahayam cheythathalle?:)

jasim / jasimudeen said...

നല്ലത് ...

Vayady said...

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍."
കൊള്ളാം. നല്ലൊരു പാട്ട് ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി

jayanEvoor said...

സിന്ധു കൊടകര
വിശാലമായ കമന്റിനു നിറഞ്ഞ നന്ദി!

അബ്‌കാരി
ഹ! ഹ!!
യു ആർ ഗ്രെയ്റ്റ്!

ബഷീർ വെള്ളറക്കാട്
നന്ദി മാഷേ!

പിരിക്കുട്ടി
പൂക്കാലൻ രണ്ടാമന്റെ സൈഡാ അല്ലേ?
എനിക്കെല്ലാം മനസ്സിലായി!

ജാസി ഗിഫ്റ്റ്
താങ്ക്സ് ബഡീ

വായാടി
പാടൂ, പാടൂ തത്തമ്മേ!
പൂക്കാലൻ വന്നൂ പൂക്കാലൻ!!

അഭി said...

കൊള്ളാം ഈ പൂക്കാലന്‍
ഞാന്‍ ആദ്യമായി വായിക്കുക ആണ്

OAB/ഒഎബി said...

അപ്പൊ അവനാണിവന്‍ അല്ലെ..

നാട്ടുവഴി said...

സുഹ്രത്തെ.....
മനസ്സില്‍ നിന്നും മാഞ്ഞു പോയ ചില ദൃശ്യങ്ങളെ വിണ്ടും അക്ഷരങ്ങളിലൂടെ വരച്ചു കാണിച്ചതിന് നന്ദി

എന്‍.ബി.സുരേഷ് said...

ഞാൻ പെട്ടന്ന് ഇടത്തേ കൈയിലേ പത്തു പൈസ വൃത്തത്തിലുള്ള അച്ചുകുത്തിയ പാടിലേക്ക് നോക്കി. ഓർമ്മകൾ ഒരു ഇരമ്പത്തോടെ ഉള്ളിലെ കാടും പടലും തട്ടിതെറിപ്പിച്ചു വന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ഒന്നാം ക്ലാസ്സിൽ ചേർന്ന് പേടിയോടെ പഠിക്കുകയും ഇടവഴികളിലൂടെ ശ്വാസം വിടാതെ നടക്കുകയും ചെയ്ത കാലമോർത്തു.
ഓർമ്മയിൽ നിന്നും ഇറങ്ങിപ്പോയ പഴയ ചങ്ങാതി മാരെ വിളിച്ചു കൊണ്ടു വരാൻ എന്റെ ഗ്രാമത്തിലേക്ക് നടന്നു.

nandakumar said...

പണ്ട് വായിച്ചിട്ടില്ല. റീ പോസ്റ്റ് ആണ് വായിച്ചത്, അന്ന് വായിച്ചെങ്കിലും നെറ്റ് പണിമുടക്കിയതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റിയില്ല.

ഹൃദ്യമായി പോസ്റ്റ്. പ്രത്യേകിച്ച് ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഇണക്കിപ്പിടിപ്പിച്ച ഓര്‍മ്മകള്‍ വിരിയിച്ചത്, വഴിയരികില്‍ വിടര്‍ന്നു നിന്ന ചെമ്പരത്തിക്കാടുപോലെ എന്റെയും സ്ക്കൂള്‍ ജീവിതത്തിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവു പോലെ ഓര്‍മ്മകള്‍ കടന്നു വന്നു.

Kalavallabhan said...

"സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ...."
ഇന്നും ഞാൻ നാട്ടിൽ ചെന്നൽ ചെയ്യുന്ന ഒരു പരിപാടി.

Sabu Hariharan said...

നന്നായിരിക്കുന്നു

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...

.വളരെ നല്ലൊരു പോസ്റ്റ്‌ വായിച്ചതിന്റെ ഒരു സന്തോഷം. ഒപ്പം, കുറെ നാളായി കരുതുന്നെങ്കിലും ഇവിടെ എത്താന്‍ ഇത്രേം താമസിച്ചതിന്റെ ഒരു സങ്കടവും.
ഇനി പറയട്ടെ, വളരെ യാദ്രിശ്ചികമാവും, എന്‍റെ പുതിയ പോസ്റ്റും ഏകദേശം ഇതേ ഓര്‍മകളില്‍ നിന്നും ഉണ്ടായതാണ്. സമയം പോലെ ഒന്ന് നോക്കി പറയണം.
പിന്നെ ചേട്ടാ ഒരു സംശയം.... ഈ 'ശശി' എന്ന പേരില്‍ എന്താ കുഴപ്പം? അല്ല ആ പേരിനു ശേഷം (!) എന്ന ചിഹ്നം കണ്ടു. ഈ അടുത്ത് കേട്ട ഒരുപാട് തമാശകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് 'ശശി'. ഈ ശശി മാര്‍ അത്രയ്ക്ക് അതിശയന്മാര്‍ ആണോ? എന്‍റെ ഒരു സംശയം ആണ്‌. എന്‍റെ വല്യച്ഛന്റെ പേര് എന്താണ് അറിയോ?????? ശശി!!!!!!!!!

ഇതാ ലിങ്ക് http://vimalgayathri.blogspot.com/2010/07/1997-school-story.html

yousufpa said...

it is giving nostalgic feeling.
good Dr.Jayan...

Echmukutty said...

എപ്പോഴും വൈകും,എത്താൻ.
എനിയ്ക്കൊരു മെയിൽ ചെയ്യാമോ പോസ്റ്റിടുമ്പോൾ, ബുദ്ധിമുട്ടാവില്ലെങ്കിൽ.

നല്ല പോസ്റ്റ്, ഞങ്ങടെ സ്കൂളിലും ഉപ്പുമാവുണ്ടാക്കിയിരുന്നത് ഒരു ജാനുവേച്ചിയായിരുന്നു. അത് ഇത്തിരി തിന്നാൻ കിട്ടാൻ വലിയ കൊതിയായിരുന്നു.
തെളിമയുള്ള ഓർമ്മകൾ. പൂക്കൾ വെട്ടുന്നവൻ പൂക്കാലൻ, അപ്പോ ചെടി വെട്ടുന്നവൻ ചെടിക്കാലൻ........
ഇഷ്ടമായി.

jayanEvoor said...

അഭി

ഒ.എ.ബി

നാട്ടുവഴി

എൻ.ബി.സുരേഷ്

നന്ദകുമാർ

കലാവല്ലഭൻ

സാബു.എം.എച്ച്

ആളവന്താൻ

യൂസുഫ്പ

എച്മുക്കുട്ടി

പൂക്കാലനെത്തേടി വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി!

ഞാൻ അല്പം തെരക്കിലായിരുന്നു, രണ്ടാഴചയായി.

rafeeQ നടുവട്ടം said...

ഒരു ബ്ലോഗ്‌ യാത്രക്കിടയില്‍ ഞാനും കയറി താങ്കളുടെ എഴുത്തുപുരയില്‍.എല്ലാം മികവാര്‍ന്നിരിക്കുന്നു. ആശംസകള്‍!
എന്‍റെ കഥകള്‍ എന്ന ബ്ലോഗിന്‍റെ അടിക്കുറിപ്പില്‍ ''തെരക്ക്'' മാറ്റി ''തിരക്ക്'' എന്നാക്കണേ..

Afsal m n said...

പ്രിയ സുഹ്രുത്തേ....
മലയാളത്തിലെ ഏറ്റവും പുതിയ അഗ്രിഗേറ്റര്‍ ഇവിടെസന്ദറ്ശിക്കൂ..
പുതിയ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യൂ..പബ്ലിഷ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇമെയില്‍ വഴി ലഭിക്കുന്നതിനു
ഇവിടെ ജോയിന്‍ ചെയ്യൂ... ഫേസ്ബുക്കില്‍ ഇവിടെ ട്വിറ്റെറില്‍ ഇവിടെ ജോയിന്‍ ചെയ്യൂ...

നന്ദി...

Anonymous said...

നല്ല ഒരു ബാല്യകാല ഓര്‍മ്മ

അന്നൊക്കെ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ മസൂരി (സ്മോൾ പോക്സ്)വരാതിരിക്കാനുള്ള കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. (ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല താനും!)

അച്ചുകുത്തുക എന്നായിരുന്നു അന്ന് അതിനു പറഞ്ഞിരുന്നത്. (ഇന്നൊക്കെ സ്കൂളിൽ എടുക്കുന്ന ബി.സി.ജി അല്ല ഇത്.)ഇടതു കൈത്തണ്ടയിലായിരുന്നു അച്ചു കുത്തിയത്.

ഇങ്ങനെ(അച്ച്) ഒരു സാധനം എന്റെ കയ്യിന്മേലും ഉണ്ട്.... എന്റെ ചെറിയ മകള്‍ ഒരു ദിവസം ഇത് കണ്ട് .... "ഇതെന്താണ്‍ " ഉപ്പ എന്ന് ചോദിച്ചു. ഇത് സ്കൂളില്‍ നിന്നും കുത്തിവെച്ചതാണ്‍ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇതെന്ത് കുത്തി വെപ്പാണ്‍ ഇങ്ങിനെ.... അവള്‍ ചോദിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു സ്വഭാവം നന്നാവാനും കൂടിയാവും. ദേഹത്തിങ്ങനെ അച്ചും, കള്ളിയും വരച്ചാലും ചോദിക്കാന്‍ അന്നാരാണുള്ളത്.

jayanEvoor said...

റഫീക്ക് നടുവട്ടം

അഫ്‌സൽ

പാലക്കുഴി...

നന്ദി സുഹൃത്തുക്കളെ.

പാലക്കുഴി,
മസൂരി പോയതോടെ അച്ചുകുത്തും നിന്നു. 1980 നു ശേഷം ജനിച്ച ആർക്കും അത് കിട്ടിയിട്ടുണ്ടാവില്ല. ഒരു കാലഘട്ടത്തിന്റെ ഓർമ്മക്കുറിപ്പായി നമ്മുടെയൊക്കെ കൈത്തണ്ടയിൽ അതുണ്ട്. വല്ലപ്പോഴും ഒന്നു തടവി ഓർത്തിരിക്കാൻ!

വശംവദൻ said...

ആദ്യായിട്ടാ വായിച്ചത്.

നല്ല ഓർമക്കുറിപ്പ് ഡോകടറെ. ശരിക്കും പഴയകാലം ഓർ‌മവന്നു.

ആശംസകൾ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നൊസ്റ്റാള്‍ജിയ

ഹാപ്പി ബാച്ചിലേഴ്സ് said...

ജയേട്ടാ,
ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന ഈ കഥയില്‍ ഏറ്റവും ഇഷ്ടപെട്ടത് ശശിയോ ആ പാട്ടോ ഒന്നുമല്ല, മറിച്ച് "വഴിയോരങ്ങളിലെ പറങ്കിമാവുകള്‍ കൊള്ളയടിച്ചു കിട്ടുന്ന പൈസയ്ക്ക് ‘ഡബ്ബര്‍ മുട്ടായി’ യും ‘കോലൈസും’ വാങ്ങി തിന്ന് ഞങ്ങളെ കൊതിപ്പിക്കുന്നവന്‍! ".. അങ്ങനെ ഒരു കാലം നമുക്കെല്ലാവര്‍ക്കും ഉള്ളത് കൊണ്ട് ബ്ലോഗെഴുതി ജീവിച്ചു പോവുന്നു. ഹി ഹി.. ഒന്ന് രണ്ടു തവണ ഈ വഴി വന്നിട്ടുണ്ട്. പോസ്റ്റ്‌ വായിക്കുന്നതാദ്യം. ഈ പോസ്റ്റ്‌ വായിക്കുന്നതിനു മുമ്പേ ഒരെണ്ണം കൂടി വായിച്ചു. അതിനഭിപ്രായം കുറച്ച് കഴിഞ്ഞെഴുതാം.. കാരണമുണ്ട്..
കാണാം.. കാണും.
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌.

ഡബ്ബര്‍ മുട്ടായി മറന്നാലും കോലൈസ് മറക്കില്ല രാമാ...

Mohamedkutty മുഹമ്മദുകുട്ടി said...

പൂക്കാലന്‍ കൊള്ളാം,ആദ്യം ശശിയുടെ പാട്ടില്‍ അത്ര പിടി കിട്ടിയില്ല.ഒടുവില്‍ വാല്‍കഷ്ണത്തിലാണ് അസ്സല്‍ പൂക്കാലനെ കണ്ടത്.മുമ്പു കാണാത്തതു കൊണ്ട് പുതുമയൊടെ വായിച്ചു.

jayanEvoor said...

വശംവദൻ

മിഴിന്നീർത്തുള്ളി

ഹാപ്പി ബാച്ചിലേഴ്സ്

മുഹമ്മദ് കുട്ടിക്ക....

ഇത്രനാളിനു ശേഷവും ഈ പൊസ്റ്റ് വായിക്കപ്പെടുന്നതിൽ നിറഞ്ഞ സന്തോഷം!