Saturday, January 22, 2011

ടി.എൽ.എഫ്. മൂന്നൻ !!!

സൂമാരണ്ണന്റെ* മോൻ മൂന്നൻ** ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം, ദാ ഇപ്പോ എന്റെ വീട്ടിൽ വന്നു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. ഇതിനു മുൻപ് അവൻ നാട്ടിൽ വന്നത് പത്തുകൊല്ലങ്ങൾക്കു മുൻപാണ്. പക്ഷേ, അന്നു ഞാൻ നാട്ടിൽ ഇല്ലായിരുന്നു. അമ്മ മരിച്ചപ്പോഴാണ് അവൻ വന്നത്. സൂമാരണ്ണൻ അതിനു മുന്നത്തെ വർഷം ദിവംഗതനായിരുന്നു. അന്നു വന്നുപോയ ശേഷം പിന്നെ അവനെക്കുറിച്ച് വിവരമൊന്നുമില്ലാതിരിക്കുകയായിരുന്നു. ഇന്നിപ്പോൾ ഹിന്ദിക്കറ പുരണ്ടമലയാളത്തിൽ എന്റെ മുന്നിലിരുന്ന് സംസാരിച്ചത് പഴയ ‘മൂന്നൻ’ തന്നെയാണ് എന്നു വിശ്വസിക്കാൻ പ്രയാസം!

രണ്ടു പതിറ്റാണ്ടു മുൻപ് മൂന്നൻ ബോംബേയ്ക്കു പോയി എന്നതും ഒരു അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു.
പഠിക്കുന്ന കാലത്തേ കടുത്ത ഹിന്ദി വിരോധിയായിരുന്നു മൂന്നൻ. ‘വല്ലഭായി’ എന്നറിയപ്പെട്ടിരുന്ന ഹിന്ദി വിദ്വാൻ നാറാപിള്ള*** സാറായിരുന്നു അതിന്റെ പ്രധാന ഉത്തരവാദി.

അന്നൊക്കെ ബോംബെ എന്നാൽ ഹിന്ദി പറയുന്ന സ്ഥലം എന്നായിരുന്നു വിചാരം. ഹിന്ദി പടങ്ങളെല്ലാം ഉണ്ടാക്കുന്നത് ബോംബെയിൽ ആണല്ലോ. ഹിന്ദി അറിയാതെ ഇവൻ ബോംബെയിൽ പോയി എന്തു ചെയ്യാനാ എന്നായിരുന്നു കൂട്ടുകാരുടെയെല്ലാം ചിന്ത.

എന്നാൽ അഞ്ചു വർഷങ്ങൾക്കു ശേഷം ആൾ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. വർത്തമാനത്തിനിടയിൽ നിറയെ ഹിന്ദി! സാലാ, കുത്താ, കം സേ കം, ബരാബർ, ശുക്രിയാ ഇങ്ങനെ നിരവധി വാക്കുകൾ തലങ്ങും വിലങ്ങും! പോരാഞ്ഞ്, ആരെന്തുപറഞ്ഞാലും പ്രതികരണമായി “അച്ഛാ, അച്ഛാ !” എന്നു പറയാനും തുടങ്ങി. ആളുകൾ പറഞ്ഞു ‘സൂമാരണ്ണന്റെ ഭാഗ്യം!’

“ഏക് ദൂജേ കേ ലിയേ ” എന്നതിന്റെ അർത്ഥം ഒരു കാലത്തും ഞങ്ങൾ നാടൻ പിള്ളേർക്കു മനസ്സിലായിരുന്നില്ല. ഒടുവിൽ മൂന്നനാണ് അതു മനസ്സിലാക്കി തന്നത്. (അതിനു മുൻപ് ‘ദൂജേ’എന്ന വാക്കിന് ഞങ്ങളോരോരുത്തരും നിരവധി അർത്ഥങ്ങൾ കണ്ടെത്തിയിരുന്നു!)

പോസ്റ്റ് ഓഫീസിൽ “അന്തർ ആനാ മനാ ഹൈ !” എന്നെഴുതി വച്ചിരുന്നതെന്തിനെന്നും അവനാണ് പറഞ്ഞു തന്നത്!

ഇതിനുമൊക്കെ അപ്പുറമായിരുന്നു അവൻ പിന്നീടു പറഞ്ഞ വിവരങ്ങൾ. അതിൽ പ്രധാനം, ഹിന്ദി വിദ്വാൻ വല്ലഭായി പഠിപ്പിച്ച ഹിന്ദിയല്ല ഹിന്ദിക്കാർ പറയുന്നത് എന്നതായിരുന്നു!

ഉദാഹരണമായി,
തൂ + കോ = തുച്ഛ്കോ എന്നൊന്നും ആരും പറയാറില്ലത്രെ. തേരേ കോ എന്നാണു പോലും അവർ പറയുക. അതുപോലെ മെ+ കോ = മേരേ കോ!

അതു കേട്ടപ്പോൾ പെട്ടെന്ന് പത്താം ക്ലാസിലെ ഹിന്ദി പീരിയഡുകളിലെ സംഭവങ്ങൾ ഓർമ്മ വന്നു.
വല്ലഭായിയുടെ ക്ലാസിൽ ഒന്നാം നമ്പർ നോട്ടപ്പുള്ളിയായിരുന്നു മൂന്നൻ. കാരണം മറ്റൊന്നുമല്ല അവൻ സാറന്മാരെ ഇരട്ടപ്പേരുവിളിക്കും. ‘നാറാപിള്ളസാർ’ എന്നതിനുപകരം ‘വല്ലഭായി’ എന്നേ പറയൂ. അത് കൃത്യമായി ക്ലാസിലെ ഹിന്ദിപഠിപ്പിസ്റ്റ് റാം മോഹൻ, അദ്ദേഹത്തെ അറിയിച്ചു. പോരേ പൂരം! അതോടെ മുൻപത്തെ ആഴ്ച താൻ സൈക്കിളിൽ പോകുമ്പോൾ ഇടവഴിയിൽ ഒളിഞ്ഞിരുന്ന് “വല്ലഭായീ...” എന്നു നീട്ടിവിളിച്ചതും മൂന്നൻ തന്നെ എന്ന് സാർ ഉറപ്പിച്ചു!

അടുത്ത ദിവസം സാർ ക്ലാസിൽ വന്ന് ബോർഡിൽ മൂന്നക്ഷരങ്ങൾ വരഞ്ഞിട്ടു. അത് താഴെക്കാണും പ്രകാരം ആയിരുന്നു.




“ഇന്നു ഞാൻ പഠിപ്പിക്കാൻ പോകുന്നത് ഇതാണ്. എന്താണിത്!?” നാറാപിള്ള മൂന്നനോട് ചോദിച്ചു.

ആദ്യത്ത്യേതു രണ്ടും ക്യാപിറ്റൽ ലെറ്റേഴ്സ്..... മൂന്നാമത്തേത് സ്മോൾ ലെറ്റർ.... മൂന്നനൊപ്പം ഞങ്ങളും ചിന്തിച്ചു.

നിശബ്ദമായ നിമിഷങ്ങൾക്കോടുവിൽ ,ശ്രദ്ധയോടെ മൂന്നൻ വായിച്ചു “ടി...എൽ...എഫ്...”
ഞങ്ങൾ കുട്ടികൾ സന്തുഷ്ടരായി.

ഒടുക്കം ‘വല്ലഭായി’യിൽ നിന്ന് മൂന്നൻ രക്ഷപെട്ടിരിക്കുന്നു. അവൻ മൂന്നക്ഷരങ്ങളും കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു!

പക്ഷേ വല്ലഭായിയുടെ മുഖം പ്രസാദിച്ചില്ല!

പകരം അത് വലിഞ്ഞു മുറുകി.

ഹിന്ദി ഉസ്താദ് റാം മോഹന്റെ നേർക്ക് അദ്ദേഹത്തിന്റെ കൺമുനകൾ നീണ്ടു.

ഹിന്ദി മാഷ് ക്ലാസിൽ വന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ചോദിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടാതെ അമ്പരന്നിരുന്ന ഞങ്ങൾ നോക്കിയിരിക്കെ റാം മോഹൻ എണീറ്റു നിന്നു. പതിവുപോലെ തന്റെ ഷേർട്ടിന്റെ കോളർ ഇരു കൈ കൊണ്ടും പിടിച്ചു നേരെയാക്കി കാക്കയുടെ ഒച്ചയിൽ അവൻ പറഞ്ഞു

“കാ കേ കീ! ”

റാം മോഹൻ പറയുന്ന ഉത്തരങ്ങൾ തെറ്റാറില്ലെങ്കിലും, ഇത്തവണ കുട്ടികൾ പൊട്ടിച്ചിരിച്ചു.

“ഖാമോഷ് ! ” വല്ലഭായി, അമരീഷ് പുരി സ്റ്റൈലിൽ അലറി.

“റാം മോഹൻ പറഞ്ഞത് ശരിയാണ്........ബുദ്ദൂസ്...! ചുപ്പ് രഹോ..!”

എന്നിട്ട് മൂന്നനു നേരേ തിരിഞ്ഞു പറഞ്ഞു, “തൂ ബുദ്ദൂ ഹൈ! തുച്ഛ്കോ കുച്ഛ് നഹീ മാ‍ലൂം... സമച്ഛേ?

അതെങ്ങനെ മനസ്സിലാകാനാ... അതു മനസ്സിലാകണമെങ്കിൽ ഹിന്ദി ഗ്രാമർ പഠിക്കണം”

എന്നിട്ട് ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ട് അക്ഷരങ്ങൾ വരഞ്ഞു.



“പഹവാനേ! ” മൂന്നൻ വായ് പൊളിച്ചു.

“ഇതിന് ഇങ്ങനൊക്കെ അർത്ഥമുണ്ടായിരുന്നോ!” റാം മോഹനൊഴികെ, മുഴുവൻ ക്ലാസും ചിന്തിച്ചു.

“ഇവൻ ഇതൊക്കെ എങ്ങനെ കൃത്യമായി മനസ്സിലാക്കുന്നൊ എന്തോ.... ഇനി അവൻ ശരിക്കും മോഹനൻ നായരുടെ മകൻ തന്നെ അല്ലേ...!?” മൂന്നൻ പിറുപിറുത്തു.

പിറുപിറുപ്പ് വല്ലഭായിയുടെ ശ്രദ്ധയിൽ പെട്ടു. മൂന്നൻ തന്നെ ഇരട്ടപ്പേരുവിളിച്ചു എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി.

അനന്തരനടപടിയായി മൂന്നന്റെ നീട്ടിപ്പിടിച്ചകയ്യിൽ മൂന്ന് താഡനങ്ങൾ അർപ്പിച്ച് വല്ലഭായി ക്ലാസ് തുടർന്നു.

“കാ, കേ, കീ എന്നിവയുടെ പ്രയോഗങ്ങളെ കുറിച്ച് ഞാൻ ചിലതു പറയാൻ പോകുന്നു. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. ന്റെ, ഉടെ എന്നൊക്കെ അർത്ഥം വരുത്താനാണ് ഇവ ഉപയോഗിക്കുന്നത്......”

പുല്ലിംഗത്തിൽ കാ, സ്ത്രീലിംഗത്തിൽ കീ, ബഹുവചനത്തിൽ കേ എന്നൊക്കെ പറഞ്ഞ് വല്ലഭായി കത്തിക്കയറിക്കൊണ്ടിരുന്നു. അതിൽ ഭൂരിഭാഗവും കുട്ടികളുടെ ശിരസ്സുകൾക്കു മീതെ പറന്നു പൊയ്ക്കൊണ്ടും ഇരുന്നു.

എന്തായാലും അന്നത്തോടെ മൂന്നന്റെ പേര് ടി.എൽ.എഫ് മൂന്നൻ എന്നായി മാറി.

അടുത്ത ദിവസത്തെ ക്ലാസിൽ മൂന്നൻ വന്നിരുന്നില്ല. അതു വല്ലഭായി കൃത്യമായി നോട്ട് ചെയ്തിരുന്നു എന്നത്, മൂന്നൻ വന്ന ദിവസം തന്നെ ഞങ്ങൾക്കു ബോധ്യമായി.

ക്ലാസ് തുടങ്ങിയപ്പോൾ തന്നെ അവനോട് അതിയാൻ ചോദിച്ചു.

“മേ = ഞാൻ , കാ = ന്റെ
തൂ = നീ, കാ = ന്റെ

അപ്പോൾ എന്റെ അല്ലെങ്കിൽ നിന്റെ എന്നു പറയണം എങ്കിൽ എന്തെഴുതണം?”

സാർ ബോർഡിൽ എഴുതി.
മേ + കാ = ?
തൂ + കാ = ?

“ഇത് ചേർത്ത് എങ്ങനെ വായിക്കും? നീ പറ...!”

മൂന്നൻ എണീറ്റു. ശ്രദ്ധിച്ചു വായിച്ചു.
“മേ + കാ = മേക്കാ.....
തൂ + കാ = തൂക്കാ...!”

“അവന്റെയൊരു മേക്കായും തൂക്കായും! നീട്ടെടാ കൈ!”

ടമാർ പടാർ...! മൂന്നന്റെ കൈ പുളഞ്ഞു.

വല്ലഭായി റാം മോഹനെ നോക്കി ആംഗ്യം കാണിച്ചു. അവൻ എണീറ്റു പറഞ്ഞു.

“മെ + കാ‍ = മേരാ

തൂ + കാ = തേരാ....” അവന്റെ ഉത്തരത്തിൽ വല്ലഭായി ഖുഷ് ഹോ ഗയാ.

“ഉം... സബാഷ്! മെ + കാ = മേരാ....

അപ്പോ മേ + കോ = എന്ത്?

വല്ലഭായി മൂന്നനെ വിടാൻ ഭാവമില്ല. എന്തെങ്കിലും ഒരു ഉത്തരംഅവനെക്കൊണ്ടുതന്നെ പറയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ആശാൻ. എങ്കിലല്ലേ അതിന്റെ പേരിൽ കളിയാക്കാനും തല്ലാനും കഴിയൂ!

മൂന്നൻ ചിന്തയിലാണ്ടു. എന്തായാലും മേ + കോ = മേക്കോ അല്ല എന്ന് ഊഹിച്ചു.

ഒടുവിൽ അവൻ പറഞ്ഞു “ മേ + കോ = മ..... മേ.....രോ.....മേരോ! ”

വല്ലഭാ‍യിയുടെ മുഖത്തെ പുച്ഛരസം കണ്ടപ്പോൾ തന്നെ താൻ പറഞ്ഞത് തെറ്റാണെന്ന് മൂന്നനു മനസ്സിലായി.

വീണ്ടും ആംഗ്യം. റാം മോഹന്റെ ഉത്തരം, “ മെ + കോ = മുച്ഛ്‌കോ അല്ലെങ്കിൽ മുച്ഛേ!”

ഉത്തരം കേട്ടതോടെ മൂന്നൻ പിറുപിറുത്തു.

“ഇയാൾ നാറാ പിള്ളയല്ല; നാറുന്ന പിള്ളയാണ്! എല്ലാം ലവൻ പറയുന്നതുമാത്രം ശരി; ഞാൻ പറയുന്നത് തെറ്റ്... ഇതെവിടത്തെ ന്യായം?”

വല്ലഭായി ചൂരൽ നീട്ടി പാഞ്ഞെത്തി.

പ്രതി അടികൊള്ളാൻ കൈനീട്ടി നിന്നു. വല്ലഭായി ചൂരൽ വീശിയപ്പോൾ അവൻ കൈ വലിച്ചു. അടിക്കാനാഞ്ഞ ആയം കാരണം സാർ മുന്നോട്ടു കുനിഞ്ഞുപോയി. ആ തക്കത്തിൽ മൂന്നൻ ചൂരൽ പിടിച്ചു വലിച്ചെടുത്ത്, രണ്ടായി കുത്തിയൊടിച്ച്, ഒരേറ്‌!

വല്ലഭായിക്ക് എന്തങ്കിലും ചെയ്യാൻ കഴിയും മുൻപ് മുണ്ടും മടക്കിക്കുത്തി അവൻ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
വല്ലഭായി മൂന്നന്റെ അച്ഛനെ വിളിപ്പിച്ചു.

മോന്റെ സൽഗുണങ്ങൾ അറിയാവുന്നതുകൊണ്ട് സൂമാരണ്ണൻ “സാറവനെ എന്തു വേണേലും ചെയ്തോ... അവൻ പടിക്കുന്നടം വരെ തല്ലിക്കോ... എനിക്കൊരു പരാതിയുമില്ല...” എന്നു പറഞ്ഞുകളഞ്ഞു.

സ്കൂളിൽ വിളിപ്പിച്ചത് വൻ നാണക്കേടായി തോന്നി സൂമാരണ്ണന്. ഇനി ഇതാവർത്തിച്ചാ‍ൽ സ്കൂളിൽ വിടൽ നിർത്തും എന്ന് മകനു താക്കീതും നൽകി.

മറ്റൊന്നും പഠിച്ചില്ലെങ്കിലും ഹിന്ദി പഠിച്ചേ അടങ്ങൂ എന്ന് മൂന്നൻ പ്രതിജ്ഞയെടുത്തു.

ഹിന്ദി നോട്ട്സ് പകുതിയും ഇല്ല. ശശികലയുടെ നോട്ട് ബുക്ക് വാങ്ങി പകർത്തി രാത്രി അത് നോക്കി വായിക്കാൻ തുടങ്ങി.

എല്ലാം കേട്ട് തലയാട്ടി സൂമാരണ്ണൻ വീടിന്റെ അരമതിലിൽ ചാരി അങ്ങനെ ഇരിക്കുകയാണ്.

അപ്പോൾ മൂന്നൻ തൂ - തും - ആപ് പ്രയോഗം വായിക്കാൻ തുടങ്ങി.

തൂ പഠ് ..... തും പഠോ.... ആപ് പഠിയേ.....

അത് സ്പീഡിൽ വായിച്ചപ്പോൾ

തൂപ്പട്....തുമ്പടോ....ആപ്പടിയേ... എന്നായി.

അതവൻ ആവർത്തിച്ചു കൊണ്ടിരുന്നു.

തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!

ഷാപ്പിൽ നിന്ന് മുന്നൂറു മില്ലി ‘മണ്ണുമാന്തി’ മോന്തി വീട്ടിലെത്തിയതാണ് പിതാവ്. ‘ആപ്പടിയേ... ആപ്പടിയേ’ എന്നു പുത്രൻ വായിക്കുന്നതു കേട്ടപ്പോൾ എന്തൊ ഒരു പന്തികേട്. അവൻ തെറ്റാണ് വായിക്കുന്നതെന്നറിയാം. പക്ഷേ തിരുത്താനറിയില്ല. സംശയം കൂടിക്കൂടി സൂമാർജി വാളു വച്ചു! പിന്നെ മെല്ലെ, ചുരുട്ടി വച്ച പായ് നിവർത്തി തിണ്ണയിൽ തന്നെ ചാഞ്ഞു.

പിറ്റേന്നു വൈകിട്ട് പതിവുപോലെ ഒരു മുന്നൂറും പിടിപ്പിച്ച് വീട്ടിലെത്തി. ഒപ്പം ശവക്കോട്ട കൊച്ചാപ്പിയും ഉണ്ട്. സൂമാരണ്ണന്റെ ഉറ്റസുഹൃത്തും പട്ടഷാപ്പ് കമ്പനിക്കാരനുമാണ് കൊച്ചാപ്പി. കൊച്ചാപ്പി കുറേ നാൾ മദ്രാസിലായിരുന്നത്രെ. അതുകൊണ്ട് ഹിന്ദി എഴുതാനും വായിക്കാനുമറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകും എന്ന് സൂമാരണ്ണനെ ധരിപ്പിച്ചിട്ടുണ്ട്.

മൂന്നൻ ഹിന്ദി ചോദ്യോത്തരങ്ങൾ വായിച്ചുപഠിക്കുന്നതിന്റെ തൽ സമയ റിലേ കേട്ടുകൊണ്ട് രണ്ടാളും ഇരുന്നു.

ചോ: “രാംസിങ്ങ് കിസ്‌കേ ലിയേ മേഹനത് കർതാ ഹൈ?”

ഉ: “അപ്പനേ വച്ചേകേലിയേ!”

‘ബ’ എല്ലാം ‘വ’ ആയിപ്പോകുന്ന സൂക്കേട് മൂന്നന് പണ്ടേ ഉണ്ട്. ഇപ്പോ ഹിന്ദിവായിച്ചപ്പോൾ ‘ബച്ചേ കേ ലിയേ’ അങ്ങനെയാണ് ‘വച്ചേ കേ ലിയേ’ ആയത്.

ചെറുക്കന്റെ വായന ശ്രദ്ധിച്ച കൊച്ചാപ്പി പറഞ്ഞു “സൂമാരണ്ണാ... സംഗതി കൊഴപ്പമാണ്.... ആ ചെറുക്കൻ വായിച്ച് പടിക്കുന്നതെന്താണെന്ന് നിങ്ങക്കു വല്ല പിടീം ഒണ്ടോ?”

“ഇല്ല....”

“എന്നാൽ അവൻ വായിക്കുന്നത് ശർദിച്ചൊന്ന് കേട്ട്‌ നോക്ക്!”

സൂമാരണ്ണൻ ശ്രദ്ധിച്ചു കേട്ടു. പുത്രൻ ഉത്തരം ആവർത്തിച്ചു വായിക്കുകയാണ്.

അപ്പനേ വച്ചേകേലിയേ!
അപ്പനേ വച്ചേകേലിയേ!!

“ശർദിച്ചോ..... ശർദിച്ചോ...?” സൂമാരണ്ണനോട് ശ്രദ്ധിക്കാൻ കൊച്ചാപ്പി ആവശ്യപ്പെട്ടു.

“ഉം... ശർദിച്ചു!”

“എന്തോന്നു മനസ്സിലായി?”

“അപ്പനെ വച്ചേക്കെല്ലെന്ന്‌!”

ഇതു കേട്ടതോടെ സൂമാരണ്ണന് എന്തോ അപകടം മണത്തു. തന്റെ മകൻ അറിയാതെ, അവനെ തനിക്കെതിരെ തിരിക്കുകയാണ്.... ഇതെന്ത് വിദ്യാഭ്യാസം!?

“അല്ലേലും, ഇപ്പഴത്തെ പടിത്തം പിള്ളേരെ തന്തയ്ക്കും തള്ളയ്ക്കും എതിരാക്കും!” കൊച്ചാപ്പി പ്രഖ്യാപിച്ചു.

സൂമാരണ്ണൻ ചെന്ന് ചെറുക്കന്റെ പൊത്തകം എടുത്തു നോക്കി....

വെള്ളെഴുത്തു കാരണം കണ്ണു തീരെ പിടിക്കുന്നില്ല.... അതോ പട്ട തലയ്ക്കു പിടിച്ചതുകൊണ്ടോ......

അതാ അദ്ദേഹത്തിന്റെ കണ്ണുകൾ ഇറുകുന്നു... പുരികങ്ങൾ ചുളിയുന്നു.... വായ് പിളർക്കുന്നു...!

ഭാഷ,അക്ഷരം, ലിപി എന്നൊക്കെയുള്ളതിനെക്കുറിച്ച് സൂമാരണ്ണന് ചില ധാരണകളൊക്കെയുണ്ടായിരുന്നു.

അതൊക്കെ പാ‍ടേ തകിടം മറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് വായ് തുറന്നു പോയത്..... ആ നില്പ് ഒരു മിനിറ്റു നീണ്ടു.

ഹിന്ദി പുസ്തകത്തിൽ വരിവരിയായി വാചകങ്ങൾ...... മുകളിൽ വര. താഴെ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങൾ!

“ദെന്തുവാടാ കൊച്ചനേ..... ചായക്കടേൽ പഴക്കൊല തൂക്കിയിട്ടമാതിരി...?”

ശരിയാണ്.

നടുക്കൊരു കഴുക്കോൽ പോലത്തെ വര.

അതിനു മേലോട്ട് കാളാമുണ്ടത്തിന്റെ വളഞ്ഞ ഭാഗം.

കീഴോട്ട് പഴം പടലകളായി!

“ഇതേതു ഫാഷയാ മോനേ...?”

“ഹിന്ദി!”

എന്തു‘കിണ്ടി’യായാലും ഈ പടുത്തം ഇന്നത്തോടെ നിർത്തിക്കോണം! സൂമാരണ്ണൻ അലറി!

അതോടെ സൂമാരണ്ണൻ മകനോട് ഹിന്ദിയുടെ മാർക്ക് ചോദിക്കാതായി. പത്താം ക്ലാസ് കടക്കാനാവതെ പിതാവിനൊപ്പം മരം വെട്ടിൽ സഹായിയായി നടന്ന അവനെ ഒടുവിൽ അവന്റെ മാമൻ തന്നെയായിരുന്നു ബോംബേയ്ക്കു കൊണ്ടുപോയത്. മാമന്റെ മകളോട് സംസാരിക്കാനാണ് മൂന്നൻ ഹിന്ദി പഠിച്ചത്. അതിനു ഫലവുമുണ്ടായി. അവൾ ഒപ്പം കൂടി. ഇപ്പോ രണ്ടു മക്കളും ആയി!

ഇന്നിപ്പോൾ തികച്ചും ഒരു ‘മുംബൈക്കർ’ ആയിരിക്കുന്നു, മൂന്നൻ. ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ കൈകാര്യംചെയ്യുന്നു....

ഞങ്ങൾ പഴയകാലം അയവിറക്കി ഒരു മണിക്കൂറിലധികം ഇരുന്നു.അന്നത്തെ കൂട്ടുകാർ, സാറന്മാർ....

യാത്രപറഞ്ഞിറങ്ങുമ്പോൾ മൂന്നൻ പറഞ്ഞു.

“വല്ലഭായിസാർ മരിച്ചുപോയി അല്ലേ?അല്ലെങ്കിൽ ഒന്നു ചെന്നുകാണാമായിരുന്നു....”

അവന്റെ കണ്ണുകൾ സജലങ്ങളായിരുന്നു, എന്റെയും.


============================================================
അടിക്കുറിപ്പ് : ഒരു പഴങ്കഥയുടെ പുനരാഖ്യാനമാണിത്. ഹിന്ദിയെ അവഹേളിക്കാൻ വേണ്ടി എഴുതിയതല്ല.

*സൂമാരണ്ണൻ = സുകുമാരൻ അണ്ണൻ **മൂന്നൻ = മുകുന്ദൻ ***നാറാപിള്ള = നാരായണപിള്ള.