Sunday, December 5, 2010

പഞ്ചമന്റെ അവതാരങ്ങൾ!!!

ബോധിസത്വൻ അസംതൃപ്തനാണ്. കൈകൾ തെരുപ്പിടിച്ച്, ദീർഘനിശ്വാസങ്ങളുതിർത്ത്, വിദൂരതയിൽ കണ്ണും നട്ടുകൊണ്ട് കുറെനേരമായി ഒരേ നിൽപ്പാണ്.

ശാന്തി തേടി നിരവധിയിടങ്ങളിൽ അലഞ്ഞു. പക്ഷേ എങ്ങും കിട്ടിയില്ല. അങ്ങനെയാണ് ധർമ്മസ്ഥലയിൽ* വന്നത്..... ഇനി കാർക്കളയിൽ* പോകണം; അതുകഴിഞ്ഞാൽ ശ്രാവണബലഗോള*!

എന്നിട്ടു വേണം ജൈനമതം സ്വീകരിക്കാൻ! ബുദ്ധമതം അത്ര പോരാ!

ഇത്രയും കാര്യങ്ങൾ വളരെ വേഗത്തിൽ എനിക്കു മനസ്സിലായി. അമ്പമ്പോ സംസാരസാഗരം ഒരു ഗുരുതര സാഗരം തന്നെ! അല്ലെങ്കിൽ കാലമാടനെ, വേഷത്തിൽ, ഇവിടെ വച്ച് കാണേണ്ടി വരുമായിരുന്നോ! ഞാൻ ശരിക്കും അമ്പരന്നു നിന്നു.

ധർമ്മസ്ഥലയിലേക്ക് ടൂർ വന്ന കുട്ടികൾ നോക്കിയപ്പോൾ അവരുടെ അധ്യാപകൻ കാറ്റുപിടിച്ച കല്ലുപോലെ ഒരു കാഷായക്കാരനു മുന്നിൽ….. കാഷായക്കാരൻ അർദ്ധനിമീലിതനേത്രനായി നിൽക്കുന്നു.

തങ്ങളുടെ വാധ്യാർ കൈവിട്ടു പോയോ എന്ന ആശങ്കയിൽ കുട്ടികൾ ഓടിയെത്തി. അവർക്ക് ധർമ്മസ്ഥലയിലെ കാർ മ്യൂസിയവും ആർട്ട് ഗ്യാലറിയും കാണണം. നിർബന്ധം കലശലായപ്പോൾ ഞാനങ്ങ് സമ്മതിച്ചു. അങ്ങനെ കുട്ടികൾ എന്നെ അന്തരാളത്തിൽ നിന്നു രക്ഷിച്ചു!

നാളെക്കാണാം എന്നു പറഞ്ഞ് ബോധിസത്വനോട് വിടചൊല്ലി.സത്യത്തിൽ തികച്ചും അപ്രതീക്ഷിതമായായിരുന്നു സംഗമം.

എന്റെ നാട്ടുകാരനാണ് ബോധിസത്വൻ. പക്ഷേ, പൂർവാശ്രമത്തിൽ ആരായിരുന്നു ഇതിയാൻ എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും! ബുദ്ധമതത്തിൽ ചേർന്ന ശേഷമാണ് പേരു സ്വീകരിച്ചത്.

ഒൻപതാം ക്ലാസുവരെ പഞ്ചമൻ എന്നായിരുന്നു പേര്. അവൻ ഒൻപത് - സിയിൽ, ഞാൻ ഒൻപത് - ബിയിൽഅതെ! പ്രായത്തിൽ എന്നെക്കാൾ മൂന്നുവർഷം മുൻപിലായിരുന്നെങ്കിലും ഞങ്ങൾ സതീർത്ഥ്യരായിരുന്നു.

അക്കാലത്ത് പെട്ടെന്നൊരുനാൾ അവൻ ബഞ്ചമിൻ ആയി മാറി. കുടുംബമടച്ച് അവർ ബെന്ദിക്കോസു (പെന്തക്കൊസ്ത്) കാരായി മാറിയതാണു കാരണം.

അതോടെ അയലത്തുകാർക്ക് സംഗീത ശുശ്രൂഷ സൗജന്യമായി.സന്ധ്യയായാൽ ബഞ്ചമിൻ പാട്ടുതുടങ്ങും.

എന്നേശുവെപ്പോലാകാനെൻ വാഞ്ചാ

എൻ വാഞ്ചാ എൻ വാഞ്ചാ....

എന്നേശുവെപ്പോലാകാനെൻ വാഞ്ചാ!”

(
പാട്ടിന്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു. വാഞ്ച എന്നാൽ വാഞ്ഛ. വാഞ്ഛ എന്നാൽ ആഗ്രഹം എന്നാണ് അർത്ഥമെന്ന് പിൽക്കാലത്ത് പിടികിട്ടി. എന്നേശു = എൻ യേശു!)

പിന്നെ ചിലപ്പോൾ

എൻ മനോഫാലകങ്ങളിൽ
നിന്റെ കല്പനയോടയിൽ
ജീവിതമാം സീനായ് മാമലയിൽ
ഒരു തീച്ചെടിയായ് വളരേണമേ യഹോവേ!

(
പാട്ട് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെയാണോ എന്ന് എനിക്കൊരു പിടിയുമില്ല, തെറ്റെങ്കിൽ യഹോവ എന്നോട് പൊറുക്കട്ടെ!)

പഞ്ചമന്റെ പാട്ട് പ്രാന്ത് കാരണമാണ് അവർ ബെന്ദിക്കോസായതെന്നാ വെട്ടുക്കിളി സന്തോഷ് എന്നോട് പറഞ്ഞത്. ശങ്കരാഭരണം സിനിമ ഹിറ്റായകാലമായിരുന്നു അത്. അതിലെശങ്കരാ…..”എന്നപാട്ട് പഞ്ചമന്റെ ഒരുവീക്ക്നെസ് ആയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവൻ ഫുൾ വോളിയത്തിൽ അതു പാടും.

എന്നാൽ അത് തീരെ ഇഷ്ടമല്ലാതിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അയാളുടെ പേര് ശങ്കരൻ എന്നായിരുന്നു എന്നതാണ് അതിനു കാരണം. ആൾ മറ്റാരുമല്ല, പഞ്ചമന്റെ ഏക പിതാവ്!

മകൻ മനപ്പൂർവം തന്നെ കൊച്ചാക്കാനുള്ള ഉദ്ദേശം വച്ചാണ് പാട്ടു പാടുന്നതെന്നും,അതിന് തന്റെ പെമ്പ്രന്നോത്തിയുടെ പരോക്ഷ പ്രേരണയുണ്ടെന്നും അയാൾ വിശ്വസിച്ചു. അല്ലെങ്കിലും  ആൺ മക്കൾ പിതാക്കന്മാരുടെ ശത്രുക്കളായിരുന്ന കാലമായിരുന്നല്ലോ അത്. അതുകൊണ്ട് മോന്റെ പാട്ടു തുടങ്ങിയാൽ ഭാര്യക്ക് ഇടി ഉറപ്പ്! ചെറുക്കനെ തല്ലി നോക്കി; വിരട്ടി നോക്കി. നോ രക്ഷ!

ഒടുക്കം തന്റെ പേരുമാറ്റാൻ ശങ്കരൻ കണ്ട എളുപ്പ വഴിയാണത്രെ മതം മാറ്റം!

സംഗതി സത്യമോ കള്ളമോ! എന്തായാലും പഞ്ചമൻ ശങ്കരാ....... എന്ന് ഹിന്ദു ദൈവത്തെവിളിച്ച് അലമുറയിടുന്നതു നിർത്തി. പകരം കൃസ്തീയ സങ്കീർത്തനങ്ങൾ തുടങ്ങി.അതോടെ വീട്ടിൽ ശാന്തിയായി.

മോന് സംഗീതത്തിലുള്ള അഭിവാഞ്ഛയെ തന്നോടുള്ളവൈരാഗ്യമായി തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് പിതാവ് ശങ്കരൻ, സോറി ശമുവേൽ പശ്ചാത്തപിച്ചു. മകന്റെ സങ്കീർത്തനങ്ങൾ ദിവസവും കേട്ട് പിതാവ് കോൾമയിർ കൊണ്ടു!!

കാലക്രമത്തിൽ പിതാവും, പുത്രനും, മാതാവിനൊപ്പം പലയിടങ്ങളിലും സുവിശേഷം പ്രസംഗിച്ചു നടന്നു.

അതിനിടെ, തന്റെ ഭക്തിഗാനസുധ വഴി ബഞ്ചമിൻ ആദ്യ ലൈൻ വലിച്ചു - അതായിരുന്നു ലില്ലിക്കുട്ടി.

കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് മധ്യവേനൽ അവധി വന്നത്. സ്കൂളടച്ചു. നാടായ നാട്ടിലൊക്കെ കുട്ടികൾ മാവുകളും, പറങ്കിമാവുകളും ആഞ്ഞിലികളും കയ്യേറി.

വക്കീലിന്റെ അയ്യത്തെ (പറമ്പത്തെ) ആഞ്ഞിലികൾ (അയിനികൾ) നാടു മുഴുവൻ പ്രശസ്തമാണ്. അതിൽമേജർ സെറ്റ്കയറിക്കഴിഞ്ഞു എന്നറിഞ്ഞ് ഇക്കുറി താമരശ്ശേരി പുരയിടത്തിലുള്ള ആഞ്ഞിലിയിലാണ് പഞ്ചമൻ കയറിയത്.

നല്ല വണ്ണമുള്ള ആഞ്ഞിലിയാണെങ്കിലും, കാലുയർത്തി, മുള്ളുവേലിയുടെ നീളൻ കല്ലിൽ ചവിട്ടിപ്പൊങ്ങിയാൽ ആദ്യത്തെ കവരത്തിൽ പിടിക്കാം.പിന്നെകയറാൻ എളുപ്പം. മരം നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ!

സാധാരണ ആദ്യത്തെ ആഞ്ഞിലിച്ചക്ക പറിച്ചെടുത്താൽ അതിലെ ആദ്യ ചുള ഗണപതിക്ക് എന്നുപറഞ്ഞ് നിലത്തിടുക പതിവായിരുന്നു. എന്നാൽ മതം മാറിയതോടെ പതിവ് വേണ്ടെന്ന്ബഞ്ചമിൻ തീരുമാനിച്ചു. ചുളകളുടെ നിറവും മുഴുപ്പും അവന്റെ കൺട്രോൾ തെറ്റിച്ചു എന്നു പറയുന്നതാണ് ശരി

ഗണപതിയെ വേണ്ടെന്നു വച്ചെങ്കിലുംയഹോവയെ സ്മരിക്കാൻ ആൾ മറന്നും പോയി. ഫലമോ.....ഗണപതിയും തുണച്ചില്ല; യഹോവയുംതുണച്ചില്ല…..! 

ഒരു ചില്ലയിൽ നിന്ന് അടുത്ത ചില്ലയിലേക്ക് കയറാൻ ശ്രമിച്ചതാണ്….

ചില്ലയൊടിഞ്ഞ് ഒരലർച്ചയോടെ പഞ്ചമൻ നിലത്തേക്കു പതിച്ചു; പച്ചില പാരച്യൂട്ടുമായി താഴേക്കുപറന്നു വരുന്ന സൂപ്പർമാനെപ്പോലെ തോന്നിച്ചു കാഴ്ച. ഒരു വ്യത്യാസം മാത്രംസൂപ്പർമാൻ പാന്റ്സിനു പുറമെയിടുന്ന വസ്ത്രം പഞ്ചമൻ ലുങ്കിക്കുള്ളിൽ പോലുംഇട്ടിട്ടില്ല!

സെക്കൻഡുകൾക്കുള്ളിൽ ക്രാഷ് ലാൻഡിംഗ് ; കൃത്യം മുള്ളുവേലിയുടെ മുകളിൽ!

ആഗ്രഹിച്ച ആഞ്ഞിലിച്ചക്ക കയ്യെത്തും ദൂരത്തുണ്ടായിട്ടും ആഞ്ഞിലിച്ചില്ലയ്ക്കടിയിൽ കിടന്ന് ദീനദീനം, നീറി നീറി നിലവിളിച്ചു, പഞ്ചമൻ.

കുട്ടിപ്പട്ടാളവും അലർച്ച കേട്ടെത്തിയ നാട്ടുകാരും കൂടി മരച്ചില്ല പൊക്കി മാറ്റി. അതോടെകൂട്ടത്തിലുണ്ടായിരുന്ന സ്ത്രീജനങ്ങൾ സ്ഥലം വിട്ടു.

അപ്പോഴല്ലേ ദീനദീനമുയരുന്ന നിലവിളിയുടെ യഥാർത്ഥ ഹേതു എന്തെന്ന് നാട്ടാർക്കു മുന്നിൽ വെളിപ്പെട്ടത്!

ഇംഗ്ലീഷ് ഭാഷയിൽ ടെസ്റ്റിസ് എന്നു വിളിക്കുന്ന വൃഷണദ്വയങ്ങൾ മുള്ളുവേലിയിൽകുരുങ്ങിപ്പോയി! സഞ്ചി തുളച്ച് മുള്ളുകമ്പി കയറി. ആകെ ചോരമയം!

ആരൊക്കെയോ കൂടി ആളെപ്പൊക്കി ചുമലിലേറ്റി, നാട്ടിലെ മെഡിക്കൽ കോളേജായ പുല്ലംപള്ളി ആശുപത്രിയിലേക്കു കൊണ്ടുപോയി.

കുട്ടിപ്പട പിന്നാലെ പാഞ്ഞു.

ആശുപത്രീയിലെ നേഴ്സ് ത്രേസ്യാമ്മയുംഅവരുടെ രണ്ട് അസിസ്റ്റന്റ് പെൺകുട്ടികളുംബഞ്ചമിന്റെ പരിചയക്കാരാണ്. അസിസ്റ്റന്റുകളിൽ ഒരുവളെ നിങ്ങൾ ഇപ്പോൾ അറിയും - പേര് ലില്ലിക്കുട്ടി! പോരേ പൂരം!!

തന്റെ കാമുകിക്കു മുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെബഞ്ചമിൻ കിടന്നു. ജനാലയ്ക്കു പുറത്ത് ഞങ്ങൾ കുട്ടിപ്പട സാക്ഷി നിൽക്കെ,ആർത്തനാദങ്ങൾ വകവയ്ക്കാതെ ഡോ.കനകസുന്ദരം സഞ്ചിക്കു സ്റ്റിച്ചിട്ടു!

പിന്നെ ഒരു മാസക്കാലം ബഞ്ചമിൻ പുറത്തിറങ്ങിയില്ല. ത്രേസ്യാമ്മയേയും അസിസ്റ്റന്റുകളേയും എവിടെക്കണ്ടാലും അവൻ മുങ്ങും. ഒൻപതാം ക്ലാസിൽ തോറ്റതോടെ പഠിപ്പു നിർത്തി.പള്ളിയിൽ പോക്കും നിർത്തി. ഒന്നു രണ്ടു കൊല്ലം കഴിഞ്ഞ് ഒരു സുപ്രഭാതത്തിൽആൾ നാടുവിട്ട വാർത്ത ഗ്രാമം കേട്ടു.

അതിനുശേഷം കുറേ നാളുകൾ ഒരു വിവരവും ഇല്ലായിരുന്നു. ഏകദേശം നാലുവർഷം കഴിഞ്ഞ് ഒരു ഞായറാഴ്ച ശങ്കരൻ ഏലിയാസ് ശമുവേലിന്റെ ഭവനത്തിൽ നിന്ന് ഒരു ആർത്തനാദവും അലമുറയും ഉയർന്നുകേട്ടു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഒരു താടിക്കാരന്റെ കഴുത്തിനു പിടിച്ച്അലറിവിളിക്കുന്ന ശമുവേലിനെയായിരുന്നു.

ർക്കും ഒന്നും പിടികിട്ടിയില്ല

നീയിവിടെ പ്രാർത്ഥന കൂടാൻ സമ്മതിക്കില്ല, അല്ലേ!?” ശമുവേൽ അലറി.

മെലിഞ്ഞു നീണ്ട താടിക്കാരനെ ശമുവേൽ കുടഞ്ഞ് നിലത്തെറിഞ്ഞു.

എന്റെ പൊന്നു മോനേ! നീയെന്തിനാ കൊലച്ചതി ചെയ്തേ.....! അയ്യോ....ഇതെങ്ങനെ സഹിക്കും!?” ശമുവേലിന്റെ ഭാര്യ സാറാമ്മ നിലവിളിച്ചു.

മെല്ലെ മെല്ലെയാണെങ്കിലും നാട്ടുകാർക്ക് കാര്യം മനസ്സിലായി. അവരുടെ മകൻ മടങ്ങിവന്നിരിക്കുന്നു. രൂപം മാറി; പേരും മാറി. ബഞ്ചമിൻ ഇപ്പോൾ ബദറുദീൻആയിരിക്കുന്നു!

നാട്ടുകാർ അവതാ പറഞ്ഞു നോക്കി.സാറാമ്മ മകനെ ഉപദേശിച്ചു.എന്നാൽ ബദറുദീൻ നിലപാടു മാറ്റിയില്ല. അതോടെ ശമുവേൽ അവനെ നിഷ്കരുണം വീട്ടിൽ നിന്നിറക്കി വിട്ടു.

ആൾ വീണ്ടും മുങ്ങി

മലപ്പുറത്തു വച്ചാണ് പിന്നീട് കണ്ടത്. തടിപ്പണിയുമായി അവിടെ കൂടി എന്നും ഒരു മൊഞ്ചത്തിയെ നിക്കാഹ് കഴിച്ചു എന്നും പറഞ്ഞു

അന്ന് പക്ഷേ,മറ്റു കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല.


ഇന്നിപ്പോൾ ധർമ്മസ്ഥലയിൽ നാലാമവതാരം പൂണ്ട ഇവൻ, ഇനി ശരിക്കുംപഞ്ചമാവതാരമെടുക്കാൻ പോകുന്നതോർത്ത് ഞാൻ ഊറിച്ചിരിച്ചു.

രാത്രി തന്നെ വെട്ടുക്കിളിയെ വിളിച്ചു. പഞ്ചമന്റെ മലപ്പുറം വീരഗാഥയെക്കുറിച്ച് അന്വേഷിച്ചു.

അദല്ലെ രസം!”അവൻ പറഞ്ഞു. “കല്യാണം കൂടിയ ആദ്യനാളുകളിൽ ബദറുദീന് കുശാലായിരുന്ന്. എന്നാൽ പുലർച്ചെ എണീക്കൽ, അഞ്ചുനേരം നിസ്കാരം, കഠിനാധ്വാനം ഇവയൊക്കെ അവനു മടിയായിരുന്നത്രെ. നിസ്കാരപ്പായിൽ കുത്തിയിരുന്നുറങ്ങും

അങ്ങനെ മൂക്കും കുത്തി ഇരുന്നുറങ്ങിയ പുയ്യാപ്ലയെ ഒരു ദിവസം പുതുപ്പെണ്ണ് പൃഷ്ഠത്തിനിട്ടു ചവിട്ടി, തലകുത്തിവീണ അവനെ വീട്ടിലെ കമ്പിപ്പാരയെടുത്ത് കുത്താൻ ശ്രമിച്ചു. ചന്തിക്കു ചവിട്ടുകിട്ടിയ ബദറുദീൻ പുറത്തേക്കു പാഞ്ഞു.

പെണ്ണ് പിന്നാലെ!

നേരം വെളുത്തിട്ടില്ലാഞ്ഞതിനാൽ മുറ്റത്ത് തുണിയുണക്കാൻ കെട്ടിയിരുന്ന അയയിൽ തട്ടി ബദർ നിലത്തു വീണു. പിന്നാലെവന്നഭാര്യ അവനുമീതെ വീണു. കമ്പിപ്പാര പൃഷ്ടം തുളച്ചു

പെണ്ണിന് ഇടയ്ക്കൊക്കെ ജിന്നിന്റെ ബാധയുണ്ടാകുമായിരുന്നത്രെഅതാണ് ഇവന് ഫ്രീയായി കെട്ടിച്ചു കൊടുത്തത്

അങ്ങനെ മുന്നിലും പിന്നിലും തുള വീണതോടെയാവും അവനു കുടുംബജീവിതത്തിൽ വിരക്തി വന്നത്!” 

വെട്ടുക്കിളിയുടെ കഥനം കേട്ട് ഞാൻ വാ പൊളിച്ചുപോയി!

രാത്രി വൈകിയിരിക്കുന്നു. നല്ല തണുപ്പും. മൂടിപ്പുതച്ചു കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന സാകേത സത്രത്തിനു മുന്നിൽ എന്നെക്കാത്ത് ബോധിസത്വൻ തയ്യാർ!

പ്രാതൽ കഴിക്കുമ്പോൾ അവനോടു ചോദിച്ചു

അല്ല.... കുടുംബം ഒക്കെ ഉപേക്ഷിച്ച് ഇങ്ങനെ അവധൂതനായി നടക്കാൻ എന്താണ് കാരണം?”

ഗൌതമൻ തന്റെ ഓമനപ്പൈതലിനേയും സ്നേഹമയിയായ ഭാര്യയെയും ഉപേക്ഷിച്ചില്ലേ? ബന്ധങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം!”

അപ്പോ നീ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു?” ഉള്ളിൽ പൊട്ടിയ ചിരിയമർത്തി ഞാൻ ചോദിച്ചു.

ഹതെ.... ഉപേക്ഷിച്ചു! ”ബോധിസത്വൻ പറഞ്ഞു.

എങ്കിൽ പിന്നെ എന്തിനാണ് ബുദ്ധമതം ഉപേക്ഷിക്കുന്നത്!?”

അതോ...? അത്..... ബുദ്ധന്റെ തത്വങ്ങളിൽ നിന്ന് ബുദ്ധശിഷ്യന്മാർ വളരെഅകന്നിരിക്കുന്നു. അവർ തേരാവാദികളും വജ്രയാനികളുമായി പിരിഞ്ഞില്ലേ? അതെനിക്കിഷ്ടമായില്ല........ ബോധിസത്വൻ എന്ന നാമധേയം ഞാൻ ഉപേക്ഷിക്കുകയാണ്.....ജൈനനായി, ബന്ധമുക്തൻ എന്ന പേരു സ്വീകരിക്കും ഞാൻ.”

തേരാവാദവും വജ്രയാനവുമൊന്നും ഇപ്പോൾ പുതുതായി ഉണ്ടായതല്ലല്ലോ, പണ്ടേ ഉള്ളതല്ലേ...? എന്റെ ചോദ്യം വായുവിൽ വിലയം പ്രാപിച്ചു.

വികാലൻ ബാധിച്ചാൽ ഓടി രക്ഷപ്പെടുകയല്ലാതെ വേറെ മാർഗമില്ലെന്ന് പഞ്ചതന്ത്രത്തിൽ പണ്ടു വായിച്ചതൊർമ്മ വന്നു. ഇനിയെന്നെങ്കിലും കാണുമ്പോൾ ഇവൻ ഏതു മതത്തിലാവുമോ എന്തോ!

അല്ല..... ഞാനിപ്പോ എന്തു വേണം?” ഞാൻ ചോദിച്ചു.

കാർക്കളയ്ക്കു പോകാൻ സാമ്പത്തിക സഹായം വേണം....  അഞ്ഞൂറിന്റെ ഒരു താൾ  കിട്ടിയാൽ സന്തോഷം!”

ഹോ! രക്ഷപ്പെട്ടു….

തൃപ്തിയായളിയാ തൃപ്തിയായി…. ഇത്രയും വർഷങ്ങൾക്കിപ്പുറം നിന്നെയൊന്നു കാണാൻ കഴിഞ്ഞല്ലോഅപ്പോ നമുക്കിനി മിക്കവാറും ഇസ്രായേലിൽ കാണാം!” ഞാൻ പറഞ്ഞു.

അതെന്താ അളിയാ?” പൂർവാശ്രമത്തിലെ സംബോധന ബോധിസത്വന്റെ നാവിൽ നിന്നുയർന്നു!

ജൈനം കഴിഞ്ഞാൽ ജൂതം എന്നാണല്ലോ......ജൂതന്മാരുടെ കൈകൊണ്ടാകും നിന്റെ അന്ത്യം!”

അഞ്ഞൂറിന്റെ ഒരു നോട്ട്  അവന്റെ കയ്യിൽ തിരുകി ഞാൻ കുട്ടികളുടെ ഇടയിലേക്ക് മുങ്ങി.*
കർണാടകയിലുള്ള ജൈനതീർത്ഥാടനകേന്ദ്രങ്ങൾ

ചിത്രത്തിനു കടപ്പാട്: http://wearemadeforeachother.blogspot.com/2010/04/blog-post.html

98 comments:

jayanEvoor said...

പഴയൊരു ‘അളിയന്റെ’കഥ!

kARNOr(കാര്‍ന്നോര്) said...

പഹയാ നിന്റെ തലയില്‍ ആഞ്ഞിലിച്ചക്ക വീഴട്ടെ. എന്താ ആ പടം. ഒരെണ്ണം നേരേ കണ്ടിട്ട് കാലം എത്രായി. പണ്ട് കൊട്ടയില്‍ കച്ചി നിറച്ച് അറുത്തുവീഴ്ത്തുന്ന ആഞ്ഞിലിച്ചക്കകള്‍ പരിക്കുകൂടാതെ കളക്റ്റ് ചെയ്തിരുന്നത് ഓര്‍ത്തു. പഞ്ചമന്‍ കൊള്ളാം. എന്നാലും വായിലെ വെള്ളം അടക്കാന്‍ പറ്റുന്നില്ല.

ഒഴാക്കന്‍. said...

നമ്മുടെ ശ്രീനിവാസന് കൊടുത്താല്‍ ബഞ്ചമിന്‍ വെള്ളിത്തിരയില്‍ റെഡി

kARNOr(കാര്‍ന്നോര്) said...

ആദ്യ കമന്റ് ആഞ്ഞിലിച്ചക്ക കണ്ടപ്പോ ഇട്ടതാ. പിന്നാ ബാക്കി വായിച്ചത്. ഭയങ്കരമായിപ്പോയി. ഇത്രയൊക്കെ അനുഭവിച്ചാല്‍ ആരും മതം മാറിപ്പോം. ഈ പറഞ്ഞ രണ്ടു തിരുമുറിവുകളല്ലാതെ ബദറുദീനാകാന്‍ മൂന്നാമതൊരു തിരുമുറിവുകൂടി പാവം ഏറ്റുവാങ്ങിയിട്ടുണ്ടാവുമല്ലോ !!

thalayambalath said...

പഞ്ചമന്‍ ഇനി കേരളത്തിലേക്ക് വരില്ലല്ലോ.....

ചിതല്‍/chithal said...

ജൈനമതമാണു് പഞ്ചമനു് പറ്റിയ മതം. ദിഗംബരനായി നടക്കാമല്ലൊ. അതിനുള്ള ബിരുദങ്ങൾ ആദ്യമേ മൂപ്പർ സ്വന്തമാക്കിയിട്ടുമുണ്ടല്ലൊ.
ഹിഹിഹി!

mini//മിനി said...

വായിക്കാൻ നല്ല രസം. നമ്മുടെ നാട്ടിൽ കിട്ടാത്ത ആഞ്ഞിലിച്ചക്ക കണ്ട് തുറന്നതാ? ഇത് കണ്ണൂരിൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ?
മുറിവുകൾ ഉഗ്രൻ,,,

പട്ടേപ്പാടം റാംജി said...

അന്യ മതത്തിന്റെ പാട്ട് പാടി നടക്കുന്നത് ഒട്ടും സഹിക്കാന്‍ പറ്റില്ല. ആഞ്ഞിളിച്ചക്കയുടെ ചിത്രം കണ്ടാപോളാണ്‌ സത്യത്തില്‍ അങ്ങിനെ ഒരു കാര്യം പെട്ടെന്നു ഓര്‍മ്മ വന്നത്. സുന്ദരന്‍ പടം. വൃഷ്ണദ്വയ പ്രയോഗം കലക്കി. മുന്നിലും പിന്നിലും തുള വീണാല്‍ പിന്നെ ആരും ഒന്ന് ഞെട്ടിപ്പോകും. അവസാനം ശരിക്കും കത്തിക്കയറി ചിരിപ്പിച്ചു.

കുഞ്ഞന്‍ said...

ജയൻ മാഷെ.. മതങ്ങളെയെയാണൊ പഞ്ചമനെയാണൊ കുടഞ്ഞത്..? ആഞ്ഞലിച്ചക്ക കണ്ടിട്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം..! രസകരമായ അവതരം

രമേശ്‌അരൂര്‍ said...

ആഞ്ഞിലി ചക്ക കൊതിപ്പിച്ചു ..അളിയനും ..ഒന്നിലും ഉറച്ചു നില്‍ക്കാത്ത പ്രകൃതം ഉള്ള ചിലര്‍ അങ്ങനെ നമുക്കിടയില്‍ നമ്മളില്‍ ചിരി ഉണര്‍ത്തി ജീവിക്കുന്നു ..ഡോക്ടറുടെ ചില പ്രയോഗങ്ങളും ചിരിപ്പിച്ചു ..

faisu madeena said...

പച്ചില പാരച്യൂട്ടുമായി താഴേക്കുപറന്നു വരുന്ന സൂപ്പർമാനെപ്പോലെ തോന്നിച്ചു ആ കാഴ്ച. ഒരു വ്യത്യാസം മാത്രംസൂപ്പർമാൻ പാന്റ്സിനു പുറമെയിടുന്ന വസ്ത്രം പഞ്ചമൻ കൈലിക്കുള്ളിൽ പോലുംഇട്ടിട്ടില്ല!

സെക്കൻഡുകൾക്കുള്ളിൽ ക്രാഷ് ലാൻഡിംഗ് ; കൃത്യം മുള്ളുവേലിയുടെ മുകളിൽ!എല്ലാം കൊണ്ടും കലക്കി മാഷെ ...ഗംഭീരം എന്നെ ഞാന്‍ പരയൂ.......

jayanEvoor said...

കാർന്നോരേ!
ആദ്യകമന്റിനും പിന്നത്തെ കമന്റിനും നന്ദി!
പഞ്ചമന്മാർ ഒന്നൊന്നുമല്ല, നാട്ടിൽ!

ഒഴാക്കാ!
എന്നെ ഒരു വഴിക്കാക്കിയേ അടങ്ങൂ, ല്ലേ!?

തലയമ്പലത്ത്,
ആ ... ആർക്കറിയാം!
ചിലപ്പോൾ വരുമായിരിക്കും!

ചിതൽ!

അതൊരു സൂപ്പർ പൊയിന്റാണല്ലോ!
ദിഗംബരനായി നടക്കുന്ന പഞ്ചമൻ!
കൊള്ളാം.

മിനി ടീച്ചർ,
ആഞ്ഞിലിത്തൈകൾ കണ്ണൂരെത്തിക്കാം!
പക്ഷെ അതിൽ കായ്കൾ ഏതുകാലത്തുണ്ടാവുമോ എന്തോ!

പട്ടേപ്പാടം റാംജി
ഇത്തരം ചില വിരുതന്മാർ ഞങ്ങളൂടെ നാട്ടിൽ ഉണ്ടായിരുന്നു. അതൊക്കെ കൂട്ടിക്കെട്ടി ഞാൻ!

കുഞ്ഞൻ
ഞാൻ പഞ്ചമനെയാണുദ്ദേശിച്ചത്.
ആളൊരു കില്ലാഡിയല്ലേ!

എല്ലാവർക്കും നന്ദി!

ചാണ്ടിക്കുഞ്ഞ് said...

ഡാക്കിട്ടരേ...അക്രമ എഴുത്ത്....
കഥ വായിക്കുമ്പോ ഒരു സിനിമ കാണുന്ന പോലെയുള്ള ഫീലിംഗ് ആയിരുന്നു. പഞ്ചമന്റെ സ്ഥാനത്ത് ശ്രീനിവാസനെയാ കണ്ടത്...

കുഞ്ഞൂസ് (Kunjuss) said...

ലളിതമായ, സരസമായ എഴുത്തിലൂടെ പഞ്ചമാവതാരം,ഒരു സിനിമാക്കഥ പോലെ മനോഹരമായി!

naveen j john said...

തകര്‍ത്തു വാരി...

idikkula said...

പച്ചില സൂപ്പര്‍ മാന്‍ ...ഇഷ്ടപ്പെട്ടു..ഹ ഹ .

കൊച്ചു കൊച്ചീച്ചി said...

ആരാനും ഭ്രാന്തു പിടിച്ചാ കാണാന്‍ നല്ല രസം. അവനു മുന്നിലും പിന്നിലും തുള കൂടി വീണാല്‍ പിന്നെ അതിലേറെ രസം.
പാവം പഞ്ചമന്‍! അവനു കരയാന്‍ പറ്റില്ലല്ലോ, കരഞ്ഞാല്‍ അതുമൊരു തമാശയാകില്ലേ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജയേട്ടാ....ദേ ആ വരവില്ലേ...?
പച്ചില പാരച്യൂട്ടായി പഞ്ചമന്റെ താഴേക്കുള്ള വരവ്
അത് ഒരു ഒന്ന് ഒന്നര രണ്ട് വരവായീട്ടാ...
ഒഴാക്കനും ചാണ്ടിച്ചായനും പറഞ്ഞ പോലെ
ഓരോ സീന്‍ വായിക്കുമ്പോഴും എന്റെ മനസ്സിലും പഞ്ചമന്റെ റോളില്‍ ശ്രീനിവാസന്‍ തന്നെയായിരുന്നു

lekshmi. lachu said...

ഞാന്‍ ആഞ്ഞിലിച്ചക്കയില്‍ വീണു..ഞങ്ങള്‍ അയിനിച്ചക്ക എന്നാണു
പറയാറ്..എനിക്കേറെ ഇഷ്ടവും...കഥയെക്കുറിച്ച് ഏറെ പറയേണ്ടതില്ല്യല്ലോ..
മനോഹരം ഈ എഴുത്ത്..

ajith said...

ജയാ, ജന്മവാസനയെന്നു തന്നെ പറയാം, ചിരിയില്‍ വളരെ പിശുക്കനാണ് ഞാന്‍. എന്റെ മുഖത്തിന്റെ കണ്‍സ്ട്രക്ഷന്‍ പോലും ഒരു സീരിയസ് ലുക്കാണ് തരുന്നത്.

പക്ഷെ ഈ എഴുത്ത് വായിച്ച് അറിയാതെ ചിരിച്ചുപോയി. ഒന്നല്ല പല തവണ. ഭാര്യ ജോലിക്കു പോയിരിക്കുകയാണ്. വീട്ടില്‍ ഒറ്റയ്ക്കിരുന്നു ജയന്റെ ബ്ലോഗ് വായിച്ചു ചിരിക്കുന്നു ഞാന്‍.

രണ്ടു മൂന്നു പോസ്റ്റുകളുണ്ട് പുതിയതായിട്ട്. സമയം പോലെ വന്നു നോക്കണം കേട്ടോ.

Manoraj said...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു..
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി..
ആഞ്ഞിലി പഴം പങ്ക് വെച്ചു..

മതപുരാണം നന്നായി.

കൊട്ടോട്ടിക്കാരന്‍... said...

ബഞ്ചമിന്‍ വേഷം ഒഴാക്കനു നന്നായി ചേരും..
മലപ്പുറത്തെവിടാരുന്നു...?

ജുവൈരിയ സലാം said...

പഞ്ചമന്റെ മുറിവുകൾ.ചിരിപ്പിച്ചു.

Vayady said...

ഒന്നിനും ഉറച്ചു നില്‍ക്കാതെ ജീവിതം ഒരു പൊങ്ങുതടി പോലെ ജീവിച്ചു തീര്‍ക്കുന്ന ചില മനുഷ്യര്‍. ഒരു സിനിമക്ക് പറ്റിയ കഥ. സൂപ്പര്‍!

"ആഞ്ഞിലി നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ!" ഹും! ഇവിടെ കണികാണാന്‍ പോലും ചക്കയില്ലാത്ത നാട്ടില്‍ ജീവിക്കുന്ന എന്നെ ഈ പഴുത്ത തേനൂറുന്ന ചക്ക കാണിച്ച്‌ കൊതിപ്പിച്ചത് തീരെ ശരിയായില്ല. :(

സ്വപ്നസഖി said...

ആഞ്ഞിലി നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ !

ഡോക്ടര്‍ സാറിന്റെ ബ്ളോഗ് നിറയെ നല്ല ചിരിയൂറും നര്‍മ്മകഥകള്‍ !

കഥ ചിരിപ്പിച്ചു. പടം കൊതിപ്പിച്ചു.

ആഞ്ഞിലിച്ചക്കയെക്കുറിച്ച് ആദ്യായി കേള്‍ക്കുകയാ.

ശ്രീ said...

പാവം പഞ്ചമന്‍! അവതാരങ്ങളോരോന്നും രസിപ്പിച്ചു... പോസ്റ്റും :)

siya said...

എനിക്ക് ചക്ക ഒട്ടും ഇഷ്ട്ടം ഇല്ലാട്ടോ ,പക്ഷേ ഈ ഫോട്ടോയില്‍ ആഞ്ഞിലി ചക്ക കണ്ടപ്പോള്‍ നാട്ടില്‍ പോകാന്‍ ആണ് തോന്നിയത് ...അതുപോലെ ഈ പോസ്റ്റില്‍ പാവം പഞ്ചമന്‍ ........

mayflowers said...

ഈ അവതാരത്തെ അസ്സലായി അവതരിപ്പിച്ചു കേട്ടോ..
ചക്ക കാട്ടി ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു..

അബ്ദുള്‍ ജിഷാദ് said...

ഐനിചക്ക പൊട്ടിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി കേറിയിട്ടുണ്ട്, ഫോട്ടോ കണ്ടപ്പോള്‍ ശരിക്കും കൊതിവന്നു രാവിലെ തന്നെ...

ഒരു നുറുങ്ങ് said...

പഞ്ചമനും,ബെഞ്ചമിനും പിന്നെ ബെദ്റുദ്ദീനും ഒപ്പം ജിന്ന് ബാധിച്ച കെട്ട്യോളും..നല്ല ചേരുവയാ.. അയിനിപിലാവിലെ പഴുത്ത്,പാകമായ ചക്കയും കൂടി ഉശിരന്‍ സാധനമാ ഡോക്ടര്‍ വിളമ്പിയത്..!!കണ്ണൂരിലൊന്നും ആഞ്ഞിലിച്ചക്ക കണികാണാനില്ല,തരപ്പെട്ടെങ്കില്‍ ഒന്ന് പാര്‍സലയക്കണമെന്ന ഒരപേക്ഷയുണ്ട്..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദുഷ്ടന്‍ ആ ആഞ്ഞിലിപ്പഴത്തിന്റെ പടം കൊണ്ടിട്ടിരിക്കുന്നു. കഥ വായിക്കുമോ പഴം കാണുമോ

കഥ കലക്കി :)

jayanEvoor said...

രമേശ് അരൂർ

ഫൈസു മദീന

ചാണ്ടിക്കുഞ്ഞ്

കുഞ്ഞൂസ്

നവീൻ ജോൺ

ഇടിക്കുള

കൊച്ചു കൊച്ചീച്ചി

റിയാസ്

ലക്ഷ്മി ലച്ചു

അജിത്ത്


ഇക്കഥ വായിച്ചു രസിച്ചതിൽ സന്തോഷം!
എല്ലാവർക്കും നന്ദി!

jayanEvoor said...

മനോരാജ്

കൊട്ടോട്ടിക്കാരൻ

ജുവൈരിയ സലാം

വായാടി

സ്വപ്നസഖി

ശ്രീ

സിയ

മെയ് ഫ്ലവേഴ്സ്

അബ്ദുൾ ജിഷാദ്

ഒരു നുറുങ്ങ്

ഇൻഡ്യാ ഹെറിറ്റേജ്

സ്കൂളടയ്ക്കുമ്പോൾ ഏവൂരേക്കു വന്നാൽ എല്ലാവർക്കും ഓരോ ആഞ്ഞിലിച്ചക്ക ഫ്രീ!

Naushu said...

മനോഹരം....

Naushu said...

മനോഹരം....

മിസിരിയനിസാര്‍ said...

വളരെ നന്നായിട്ടുണ്ട്.
ഇങ്ങനൊരു ചക്ക ഞാന്‍ കണ്ടിട്ടുമില്ല.. തിന്നിട്ടുമില്ല....
ചിത്രം കണ്ടപ്പോള്‍ ഒന്ന് തീരുമാനിച്ചു ഇനി നാട്ടിലെത്തിയാല്‍ ഈ" പഹയന്‍ ചക്ക "
തേടി പിടിചിട്ടെ ബാക്കി കാര്യമുള്ളൂ...

അഭി said...

കലക്കി മാഷെ

ഹംസ said...

ചിരിപ്പിച്ചു കളഞ്ഞല്ലോ ഡാക്കിട്ടറേ,,,,, കുറെ നേരം ചിരിക്കാതെ മസിലു പിടിച്ച് ഇരുന്നു നോക്കി.. കഴിഞ്ഞില്ല... ആ പഹയന്‍ പഞ്ചമന്‍ ഒരു സംഭവം തന്നെ .. ഇനി ഇസ്രായേലില്‍ വെച്ച് കാണാം അവനെ...
.......................................
പോസ്റ്റ് രസകരം :)

ഒറ്റയാന്‍ said...

“അതോ...? അത്..... ബുദ്ധന്റെ തത്വങ്ങളിൽ നിന്ന് ബുദ്ധശിഷ്യന്മാർ വളരെഅകന്നിരിക്കുന്നു. അവർ തേരാവാദികളും വജ്രയാനികളുമായി പിരിഞ്ഞില്ലേ? അതെനിക്കിഷ്ടമായില്ല........


ഹെന്റമ്മോ ...ചിരിച്ചു ചിരിച്ചു ഒരു പരുവമായി

Typist | എഴുത്തുകാരി said...

ആഞ്ഞിലി ചക്കച്ചുള കണ്ടിട്ടു കൊതിയാവുന്നു. കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കഴിച്ചിട്ടില്ല.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വ്യത്യസ്തമായ പോസ്റ്റ്‌ !
ഭാവുകങ്ങള്‍
(ലച്ചു പറഞ്ഞ പോലെ ആഞ്ഞിലിച്ചക്കയല്ല ,അയിനിച്ചക്ക എന്ന് പറഞ്ഞാമതി അതാ സുഖം ..അത് തിന്ന കാലം മറന്നു)

G.manu said...

എൻ വാഞ്ചാ എൻ വാഞ്ചാ.


എന്റെ ഡോക്ടറെ, കിണ്ണന്‍ പോസ്റ്റ്.. ചിരിച്ചു വയ്യ.. ആഞ്ഞിലിച്ചക്കപോലെ മധുരം.. അതിനപ്പുറം മതം എന്ന ഭീകരത്തട്ടിപ്പിന്റെ വളിച്ച പഞ്ചമുഖ ദര്‍ശനം.. കൊടുകൈ....

റോസാപ്പൂക്കള്‍ said...

വിഷയം പഞ്ചമ‍നാനെങ്കിലും ആഞ്ഞിലി ചക്ക കാണിച്ചു മനുഷ്യരെ കൊതിപ്പിക്കുവാന്‍ നോക്കുവാ അല്ലെ..ഞാനിത് തിന്നിട്ടുണ്ട്.കുഞ്ഞായിരുന്നപ്പോള്‍.ഇത് പറിക്കുമ്പോള്‍ ചക്ക ഉടഞ്ഞു പോകാതിരിക്കുവാന്‍ കുട്ടികള്‍ താഴെ ചാക്ക് വിടര്‍ത്തിപ്പിടിക്കും. പഞ്ചമന്‍ താഴെ വീണ രംഗം വായിച്ചപ്പോള്‍ ചിരി വന്നെങ്കിലും പാവത്തിനെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടി വന്നു എന്ന് വായിച്ചപ്പോള്‍ പാവം തോന്നി.
ഇനി ജൂത മതവും കഴിഞ്ഞാല്‍ പഞ്ചമന്‍ എന്ത് ചെയ്യും.അദ്ദേഹം തന്നെ പുതിയതൊന്നു സൃഷ്ടിക്കുമായിരിക്കും

MyDreams said...

നന്നായിരിക്കുന്നു .നല്ല തമശ കഥക്ക്
ഡോക്റെരുടെ ടച്ച് അത് പിന്നെ എന്ത് പറയാനാ

★ shine | കുട്ടേട്ടൻ said...

കൊള്ളാം. ഇഷ്ടപ്പെട്ടു - കഥയും, ആഞ്ഞിലിപ്പഴവും.

പഞ്ചമാന്റെ ഒരു കാര്യം...

jayanEvoor said...

നൌഷു

മിസിരിയ നിസാർ

അഭി

ഹംസ

ഒറ്റയാൻ

എഴുത്തുകാരി ചേച്ചി

ഇസ്മയിൽ കുറുമ്പടി

മനു ജി

റൊസാപ്പൂക്കൾ

മൈ ഡ്രീംസ്

കുട്ടേട്ടൻ

ഇവിടെ വന്ന് ഇതു വായിച്ചു നല്ലവാക്കു പറഞ്ഞ നിങ്ങൾക്കെല്ലാം മനം നിറഞ്ഞ നന്ദി!

TOMS / thattakam.com said...

വായിക്കാൻ നല്ല രസം.എഴുത്ത്മനോഹരം.
ആഞ്ഞിലിച്ചക്ക ഇന്ന് നമുക്ക് കിട്ടാനേ ഇല്ലാത്ത ഒന്നാണ്. കിട്ടണമെങ്കില്‍ മരം വേണ്ടേ..?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

അയിനി ചക്കയുടെ ചൊള കാട്ടി കൊതിപ്പിച്ച്,പഞ്ചമന്റെ മുമ്പിലും,പിന്നിലും തുളയിട്ട്......
പഞ്ചമന്റെ പഞ്ചമതാവതരങ്ങളുടെ തോലുരച്ച് ഒരു മനുഷ്യജന്മത്തിന്റെ വെറും ലാപ്സായിപ്പോയ ഏടുകൾ മുഴുവൻ വയിച്ചുതീർക്കാൻ.... നർമ്മത്തിന്റെ മേമ്പൊടി വാരിവിതറി താങ്കൾ കാഴ്ച്ചവെച്ചിരിക്കുന്ന ഈ എഴുത്തിനെ എങ്ങിനെ അഭനന്ദിച്ചാലും മതിയാകില്ല.... കേട്ടോ വൈദ്യരു വാദ്യാരേ

സൂപ്പർബ്ബ്.....

ജീവി കരിവെള്ളൂര്‍ said...

ശ്രീധരീയത്തു വന്നപ്പഴാ ആദ്യായി ആഞ്ഞിലി ചക്ക കണ്ടേ,ന്നാലും തിന്നാന്‍ പറ്റീലട്ടാ. പഞ്ചമനെ ആരും മതമില്ലാത്ത ജീവനെന്ന് ആരു വിളിക്കൂലല്ലോ .അതുമതി :) .പാതിരാത്രി ഒറ്റക്കിരുന്ന് കടകടാ ചിരിക്കുന്ന എന്നെ ഇപ്പം ആരെങ്കിലും മെന്റലോസ്പിറ്റലിലാക്കും .തൃപ്പൂണിത്തുറയിലതിന്‍ ചികിത്സയുണ്ടോ ഡോക്ടറേ .........

ശ്രീനാഥന്‍ said...

അവതാരകകഥ കലക്കി, പഞ്ചമനെ ഏതു മതത്തിൽ മുക്കിയെടുത്താലും അങ്ങനെ തന്നെ തുടരുമെന്നു തോന്നുന്നു, ഗതികിട്ടാത്തൊരാത്മാവാ മൂപ്പര്, പഞ്ചമനെന്ന പേര്, മാറി വരുന്ന മതങ്ങൾ മാറ്റാത്ത മനുഷ്യൻ, നല്ല ചില ധ്വനികളുണ്ട് ഈ അസ്സല് കഥക്ക്, ആഞ്ഞിലിച്ചക്കയുടെ മനോഹരമായൊരു പടം! വളരെ നന്ദി.

അനില്‍@ബ്ലോഗ് // anil said...

നല്ല കഥക്കും ഈ നാട്ടില്‍നിന്നും നാടുകടന്ന ആഞ്ഞിലി ചക്കക്കും നന്ദി.

Echmukutty said...

ഈ പോസ്റ്റ് ഗംഭീരമായി.
ധ്വനികൾ വളരെ നല്ലത്. പഞ്ചമൻ എന്ന പേര് എവിടുന്നു കിട്ടി?

അഭിനന്ദനങ്ങൾ.

ആളവന്‍താന്‍ said...

അയാള്‍ ആളു കൊള്ളാല്ലോ. എന്നാലും ആ വീഴ്ച ശോ..! എന്റെ കണ്ണും നിറഞ്ഞു പോയി.

കുറുമാന്‍ said...

അളിയനായാലും അമ്മാവനായാലും വിവരണം സൂപ്പർ. രസിച്ചിരുന്നു വായിച്ചു. ഇടക്കിട്ട ആ ഐനിചക്കചുളകൾ വായിൽ വെള്ളം നിറച്ചു. ഐനിചക്കയുടെ കുരു വറുത്തതും കഴിക്കാൻ സ്വാദുള്ളത് തന്നെ.

കഥക്കിടയിൽ ഒരുപാട് തവണ ചിരിക്കാൻ പറ്റി.

ഡാങ്ക്യൂ ജയ്

തെച്ചിക്കോടന്‍ said...

പഞ്ചമന്റെ വീരഗാഥകള്‍ രസകരമായി, ഇനിയും ഇതുപോലെ അവതാരകഥകള്‍ കയ്യിലുണ്ടോ ഡോക്ടറെ.

കുമാരന്‍ | kumaran said...

വ്യത്യസ്ഥമായ കഥകള്‍ കണ്ടെത്തുന്നല്ലോ. അഭിനന്ദനങ്ങള്‍.

poor-me/പാവം-ഞാന്‍ said...

visited and read...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" Echmukutty said...

ഈ പോസ്റ്റ് ഗംഭീരമായി.
ധ്വനികൾ വളരെ നല്ലത്. പഞ്ചമൻ എന്ന പേര് എവിടുന്നു കിട്ടി?

അഭിനന്ദനങ്ങൾ.
"
എച്‌മൂൂ

നമ്മുടെ ബെഞ്ചമിന്‍ ഒന്നു ഒടിച്ചുകൂട്ടിയാല്‍ പഞ്ചമനായില്ലെ :)

ഒഴാക്കന്‍. said...

@ കൊട്ടോട്ടിക്കാരൻ,
കിട്ടിയ ഗ്യാപ്പില്‍ ഒഴാക്കനട്ടു ഒന്ന് താങ്ങി അല്ലെ ... ഞാന്‍ ഒരു പാവം അരീക്കോട് കാരന്‍ ആണേ

ente lokam said...

എന്നേശുവേ പോലാകാന്‍
എന്‍ വാന്ച്ച ..എന്‍ വാന്ച്ച.. എന്‍ വാന്ച്ച ..
സത്യം പറഞ്ഞാല്‍ മാഷേ ഏത് വായിച്ചു ചിരിക്കണം
എന്ന് അറിയാതെ പോയി..ഇത്തവണ വെടിക്കെട്ട്‌ ആയിരുന്നു.
തിരക്കഥ എഴുതിയാല്‍ സംഭവം നമുക്ക് അങ്ങ് ഇറക്കാം..ഇവിടുന്നു
കുറെ producersine തപ്പാം..നോക്കുന്നോ?അത്രയ്ക്ക് സ്കോപ് ഉണ്ട്..
ഒരു കാക്ക തൊള്ളായിരം അഭിനന്ദനങ്ങള്‍ ..
ഓ പറയാന്‍ മറന്നു..
ആഞ്ഞിലി പഴം..നിങ്ങളോട് ഉള്ള ദേഷ്യം തീര്‍ത്താല്‍ തീരില്ല നാട്ടില്‍
വരുന്നത് വരെ..അല്ല വന്നിട്ട് അത് കണ്ടു പിടിക്കണം എങ്കില്‍ മഷി ഇട്ടു
നോക്കണം അല്ലോ..അതാ ദേഷ്യം...

കനല്‍ said...

ആഞ്ഞിലിചക്കയുടെ ചിത്രം ഒരുപാട് ഓര്‍മ്മകള്‍ മുന്നിലെത്തിച്ചു.

പഞ്ചമന്റെ ഓരോ അവതാരങ്ങള്‍ക്കു ന്യായമായ കാരണങ്ങളുണ്ട്. ഒന്നും സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നല്ലല്ലോ?

ഞാന്‍ : Njan said...

നന്നായി. പാവം മോക്ഷം തേടി അലഞ്ഞു അലഞ്ഞു അവസാനം ജൂതന്‍ ആയേക്കും !! ആശംസകള്‍!!

jayanEvoor said...

ടോംസ് തട്ടകം
അത്യാവശ്യം മരങ്ങൾ ഇപ്പോഴും നാട്ടിലുണ്ട്.
ഏവൂരേക്കുപോരെ!

ബിലാത്തിച്ചേട്ടൻ
എന്നെ പൊക്കിപ്പൊക്കി ചേട്ടൻ ഒടുക്കം താഴെയിടുമോന്നാ പേടി! ബിലാത്തിയിൽ ചക്കച്ചുളയെത്തിക്കണോ!?

ജീവി കരിവെള്ളൂർ
“പഞ്ചമനെ ആരും മതമില്ലാത്ത ജീവൻ എന്നു വിളിക്കൂല!”
ഇല്ല! അതു കലക്കി!

ശ്രീനാഥൻ
അതെ. മതം മാറിയാലും മനുഷ്യൻ മാറുന്നില്ല!
ധ്വനികളൊക്കെ വാ‍യനക്കാർക്കു സ്വന്തം!

അനിൽ@ബ്ലോഗ്
ആഞ്ഞിലികളൊക്കെ കതകിനും ജനാലയ്ക്കും കട്ടിളകളായി!

എച്ച്‌മുക്കുട്ടി
ധ്വനി ഞാൻ വിട്ടു!
പഞ്ചമൻ എന്ന പേര് ബാല്യത്തിലേ പരിചയമുള്ളതാ. പഞ്ചമൻ ബഞ്ചമിൻ ആയതുപോലെ ഒരു ശിവൻ ശീമോൻ ആയി ഞങ്ങടെ നാട്ടിൽ.ആ ഓർമ്മയിൽ നിന്നാണീ കഥ!


ആളവൻതാൻ
ആ വീഴ്ച ഒരു വീഴ്ച തന്നെയായിരുന്നു!
യഥാർത്ഥത്തിൽ വീണയാൾക്ക് പിന്നെ കുഴപ്പമൊന്നും ഉണ്ടായില്ലെന്നാണ് വിശ്വാസം.
പട്ടാളത്തിൽ പോയി. ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്!!

നാട്ടിൽ നടന്ന രണ്ടു സംഭവങ്ങൾക്കൊപ്പം ഞാൻ കുറെ മസാല ചേർത്തു എന്നേ ഉള്ളൂ!

jayanEvoor said...

കുറുമാൻ
വളരെ നാളുകൾക്കു ശേഷം കുറുമാൻ ഇവിടെ കമന്റിയതിൽ നിറഞ്ഞ സന്തോഷം!
അയിനിച്ചക്കക്കുരു വരുത്ത് മഴക്കാലത്ത് ഇഷ്ടം പോലെ തിന്നിട്ടുണ്ട്. അതൊക്കെ ഒരു കാലം.

പഴയ ചില ഗഡികളെ ഓർമ്മ വരുന്നില്ലേ? അതൊക്കെ ബൂലോകത്തു പങ്കു വയ്ക്കൂ!

തെച്ചിക്കോടൻ
ഇനിയും ഉണ്ട് ദിവ്യന്മാർ!
അവതാരങ്ങൾ വരും.
സംഭവാമി യുഗേയുഗേ! എന്നാണല്ലോ!

കുമാരൻ
ഞാൻ പുളകിതഗാത്രനായി അനിയാ!

പാവം ഞാൻ
അതെന്തര്?
വിസിറ്റഡ് ആൻഡ് റെഡ്?
(ചുമ്മാ!എനിക്കെല്ലാം മനസ്സിലായി!)

ഇൻഡ്യാ ഹെറിറ്റേജ്
സാർ!
എച്ച്‌മുക്കുട്ടി പഞ്ചമന്റെ പഞ്ചീകരണത്തെയും പഞ്ചേന്ദ്രിയാതീതമായ വിഹ്വലതകളേയും കുറിച്ചുള്ള ധ്വനികൾ ചിന്തിച്ചു ചോദിച്ചതാ. സാർ അത് കോമ്പ്ലിക്കേറ്റഡ് ആക്കി!
ഹി! ഹി!

ഒഴാക്കൻ
ഹ! ഹ!
ഗ്യാപ്പിലല്ലെ താങ്ങാൻ പറ്റൂ!
ഷെമി ഒഴാക്കാ ഷെമി!

എന്റെ ലോകം
പ്രൊഡ്യൂസേഴ്സിനെ തപ്പിക്കോ! ഞാൻ റെഡി!
അവസാ‍നം ഞാൻ “എൻ വാഞ്ചാ എൻ വാഞ്ചാ...” എന്നു പാടി നടക്കാൻ ഇടവരാതിരുന്നാൽ മതി!

കനൽ
അതെ.
പഞ്ചമൻ ഒരു വ്യക്തിയല്ല.
പലരാണ്. ഇതെല്ലാം ഒരാൾക്കുണ്ടായ അനുഭവങ്ങളല്ല. ഞാൻ ഒന്നിച്ചു കൂട്ടി എന്നേയുള്ളു.

ഞാൻ
ജൂതനിൽ എങ്കിലും നിന്നാൽ മതിയായിരുന്നു!!

എല്ലാവർക്കും നന്ദി!

ഹരിചന്ദനം said...

ഒരു തിരക്കഥാകൃത്തിന്റെ ജനനം‌ ആവാറായോ എന്നൊരു സംശയം..

പഞ്ചമൻ‌‌ കൊള്ളാം

ശ്രദ്ധേയന്‍ | shradheyan said...

എന്തൊരു പടമാണിത് സാര്‍, ഞങ്ങളുടെ നാട്ടില്‍ ഇതിനു 'ആത്തച്ചക്ക' എന്നും പറയും.

ഹാസ്യം ശരിക്കും രസിച്ചു. പുള്ളിയുടെ ശരീരത്തില്‍ തുള വീഴാത്ത ഭാഗം ഇനി ബാക്കി കാണില്ലല്ലോ സാര്‍ :)

Manju Manoj said...

ആഞ്ഞിലിച്ചക്കയ്ക്ക് ഐനിച്ചക്ക എന്നും പറയും ഞങ്ങളുടെ നാട്ടില്‍....ചെറുപ്പത്തിലെ ഒരുപാടു കഴിച്ചിട്ടുണ്ട്.നല്ല അടിപൊളി പോസ്റ്റ്‌ ജയന്‍ ഡോക്ടറെ....മനസ്സില്‍ എല്ലാ ദൃശ്യങ്ങളും സീന്‍ ബൈ സീന്‍ ആയി വന്നു.

യൂസുഫ്പ said...

ആഞ്ഞിലിചക്ക കാട്ടി കൊതിപ്പിച്ചു.. എഴുത്ത് നന്നായി.

പാവത്താൻ said...

പഞ്ചമകുടുംബത്തിന്റെ പ്രാര്‍ഥനാ ഗാനങ്ങള്‍ കൊള്ളാം...
പെന്തക്കൊസ്തുകാരുടെ,
“കര്‍ത്താവു വാനില്‍ വരും
കര്‍ത്താവു നീല വാനില്‍ വരും..”(എന്ന പാട്ടു കേട്ട്..കര്‍ത്താവ് പോലീസിന്റെ ഇടിവണ്ടിയിലാണു വരുന്നത് എന്നു കുറെക്കാലം ഞാന്‍ വിശ്വസിച്ചിരുന്നു.നീല വാന്‍ പോലീസിന്റെയാണല്ലോ)
എന്തായാലും പഞ്ചമന്‍ ചിരിപ്പിച്ചു.

chithrangada said...

അസ്സലായി ഈ കഥ !
നല്ല എഴുത്ത് .......
ചക്ക കണ്ടു കൊതി മാറുന്നില്ല !
പഞ്ചമന്റെ അവതാരങ്ങള് ,
ഉടുപ്പൂരുന്ന പോലെ മതം മാറ്റിയിട്ടെന്ത്?
body ,mind അത് തന്നെയല്ലേ .............

DIV▲RΣTT▲Ñ said...

"അങ്ങനെ മുന്നിലും പിന്നിലും തുള വീണതോടെയാവും അവനു കുടുംബജീവിതത്തിൽ വിരക്തി വന്നത്!”

ചിരിക്കാതിരിക്കാന്‍ വയ്യ.
ആഞ്ഞിലിച്ചക്കയുടെ ഫോട്ടോ സൂപ്പര്‍ .

നന്ദു | naNdu | നന്ദു said...

പഞ്ചമന്റെ ദശാവതാരങ്ങള്‍ വായിക്കേണ്ടി വരുമോ?
സൂപ്പര്‍ അവതരണം!
ചിരിച്ചു രസിച്ചു വായിച്ചു.
(ഒരു ഡോക്ടര്‍ക്ക് ഇത്രയും Humour sense ഉണ്ടാകുന്നത് വളരെ നല്ലത്!)

ജയിംസ് സണ്ണി പാറ്റൂര്‍ said...

എഴുത്തിലൂടെ കഥ എഴുതാതെ
കഥ പറയുന്ന രീതി ആഖ്യാനം
(നെറെയ്റ്റ്) വളരെ സമര്‍ത്ഥമായി
നിര്‍വ്വഹിച്ചിരിക്കുന്നു.അഭിനന്ദിക്കുന്നു.

പിന്നെ ഞങ്ങളുടെ നാട്ടില്‍(എല്ലാ
നാടും എന്റേതാണേ) അയണിച്ചക്ക
എന്നു പറയുന്നതിന്റെ കൊതിപ്പിക്കുന്ന
ചിത്രം നോക്കിയെങ്കിലും ആ മധുരം
നുണഞ്ഞു നുണഞ്ഞിറക്കുന്നു.

jayanEvoor said...

ഹരിചന്ദനം
മുകളിൽ ‘എന്റെലോക’വും പറഞ്ഞു തിരക്കഥാകൃത്താവാൻ!നിങ്ങളൊക്കെ ഓരോ പടം പിടിച്ച് എന്നെ സഹായിക്കൂ, എന്നിട്ട് ക്രെഡിറ്റ് മുഴുവൻ നിങ്ങൾ എടുത്തോ!
ഞാൻ ഹാപ്പി!

ശ്രദ്ധേയൻ
ആ പടം ഞാൻ എടുത്തതല്ല. അതിന്റാൾ ശിവ ആണ്. ക്രെഡിറ്റ് ഗൊസ് റ്റു ഹിം!
കഥ രസിച്ചതിൽ സന്തോഷം!

മഞ്ജു മനോജ്
വളരെ സന്തോഷം.
സീൻ ബൈ സീൻ നന്ദി!!

യൂസുഫ്‌പ
നന്ദി സഹോദരാ!

പാവത്താൻ
“കര്‍ത്താവു വാനില്‍ വരും
കര്‍ത്താവു നീല വാനില്‍ വരും..”
തകർപ്പൻ കമന്റ്!

ചിത്രാംഗദ
വായനയ്ക്കും കമന്റിനും നിറഞ്ഞ നന്ദി!

ദിവാരേട്ടൻ
പ്രോത്സാഹനത്തിനു നന്ദി!
ഇനിയും ഈ വഴി വരൂ.

നന്ദു
സത്യത്തിൽ ഡോക്ടർമാർക്ക് ഹ്യൂമർ സെൻസ് ഇല്ലേ!?
നിരവധിയാളുകൾ ഉണ്ട്,സമയക്കുറവുകൊണ്ട് സ്വയം വെളിപ്പെടുത്തുന്നില്ല എന്നേ ഉള്ളൂ!

ജയിംസ് സണ്ണി പാറ്റൂർ
അഭിനന്ദനങ്ങൾ തലകുനിച്ചു സ്വീകരിക്കുന്നു.

കണ്ണൂരാന്‍ / K@nnooraan said...

ഗംഭീരന്‍ പ്രയോഗങ്ങള്‍. ജയേട്ടന്‍ പതിവ് തെറ്റിച്ചില്ല.
ശരിക്കും സൂപ്പര്‍ ആയി സാറേ.

Villagemaan said...

ആഞ്ഞിലി ചക്കയുടെ പടം കണ്ടപ്പോള്‍ കുറെ പിന്നോട്ട് പോയി കേട്ടോ ! ഇന്നത്തെ പിള്ളേര്‍ക്കൊക്കെ ആഞ്ഞിലി ചക്ക എന്താ എന്നറിയാമോ എന്തോ..

കഥ നന്നായി കേട്ടോ..
ആശംസകള്‍

ഭായി said...

പാവം അളിയൻ!
ആദ്യം പുല്ലമ്പള്ളി ആശുപത്രിയിൽ നിന്നും സഞ്ചിക്ക് കുത്തിക്കെട്ട് പിന്നെ പൊന്നാനിയിൽ നിന്നും ദണ്ഡിന് വെട്ട്,
അതുകഴിഞ് മലപ്പുറത്ത് നിന്നും ആസനത്തിൽ കുത്ത്....
അളിയന്റെ ആ ഏരിയ മുഴുവനും വർക്കുകളാണല്ലോ..:)

ആഞിലി ചക്കയുടെ പടമിട്ടതിന് ഒരു പ്രത്യേക നന്ദി. ഇവളെ മറന്ന് പോയിരുന്നു..!!

വരയും വരിയും : സിബു നൂറനാട് said...

ജയേട്ടാ,
ഒഴാക്കാന്‍ പറഞ്ഞത് ഒന്ന് കാര്യമായിട് എടുക്ക്. ഇത് കി-കിടിലമായി സ്ക്രീനില്‍ കാണാം.
തൊള വീണ ഭാഗം ഇത്തിരി കടുപ്പമായി. പോസ്റ്റ്‌ കലക്കനും.

"ആഞ്ഞിലിക്കായ....മ്.....മ്......കൊതിയിട്ടു."

Anonymous said...

അളിയാ നിനക്കൊന്നും വേറെ പണിയില്ലേ ...

4 the people said...

കുറെ ചിരിപ്പിച്ചു .......
വളെരെ നന്നായി.

Shukoor said...

മതം മാറി മാറി നടന്നു വിവിധ സ്ഥലങ്ങളില്‍ നിന്ന് പെണ്ണും കെട്ടി നടന്ന എനിക്കര്യാവുന്ന ഒരാളെ പെട്ടെന്നോര്‍മ വന്നു. നര്‍മം ആണെങ്കിലും വളരെ നല്ല പോസ്റ്റ്‌ ആണ്.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹ ഹ. ഗോള്ളാം ഗോള്ളാം.
ചിരിപ്പിച്ചു...

Sranj said...

ഹൈ... സത്യം.. നല്ലൊരു ശ്രീനിവാസന്‍ സിനിമയ്ക്കു പറ്റിയ കഥ!... എത്ര മാറ്റി നോക്കിയാലും പഞ്ചമന് ശ്രീനിവാസന്റെ മൊകം!

jayanEvoor said...

കണ്ണൂരാൻ
സൂപ്പർ നന്ദി!

വില്ലേജ് മാൻ
നാട്ടിൻ പുറത്തുള്ള പിള്ളേർക്കൊക്കെ ആഞ്ഞിലിച്ചക്ക അറിയാം.പക്ഷേ, അതു തിന്നാനുള്ള കൊതിയൊന്നും ഇല്ലെന്നു മാത്രം!

ഭായി
“ആഞിലി ചക്കയുടെ പടമിട്ടതിന് ഒരു പ്രത്യേക നന്ദി. ഇവളെ മറന്ന് പോയിരുന്നു..!!”
ഇവൾ!?? അപ്പോ ചക്കയെ പെണ്ണാകിയല്ലേ, ഭായി! ബല്ലാതൊരു പഹയൻ!

സിബു നൂറനാട്
സ്ക്രീനിൽ കാണാം എന്നൊക്കെ എല്ലാവരും പറയുന്നു.
എന്നാൽ സ്ക്രീനിലാക്കാൻ ആരും വരുന്നില്ലന്നേ!
നോ ബോഡി കംസ്!

അനോണി അളിയൻ (അളിയി!?)
ഡാങ്ക്സ്!

ഫോർ ദ പീപ്പിൾ
സന്തോഷം.

ഷുക്കൂർ
ഉം. അത്തരം ആളുകൾ എല്ലാ നാട്ടിലുമുണ്ട്!

ഹാപ്പി ബാച്ചിലേഴ്സ്
ഗലക്കൻ നന്ദി!

സ്രാഞ്ജ്

ശ്രീനിവാസനോട് ഇക്കാര്യം ആരും പറയണ്ട!
കൊന്നുകളയും!

സലീം ഇ.പി. said...

പലരുടെയും മതം മാറ്റം ഇങ്ങനെയൊക്കെയാണ്. എന്തിനാണ് മതം മാറുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ല..അതിനുള്ള ശിക്ഷയായിരിക്കും രണ്ടു ഭാഗത്തും കിട്ടിയ തുള പ്രയോഗം..
നന്നായി ചിരിച്ചു...അല്ല ചിരിപ്പിച്ചു..
കലക്കി മാഷെ, ഇനിയും വരാം..

nachikethus said...

എന്നാലും നീ അവനോടു ഇത് ചെയ്യരുതായിരുന്നു ജയാ ...ഇത്രക്ക് വേണ്ടായിരുന്നു ഇങ്ങനെ
മുന്നിലും പിന്നിലും തുളയിട്ടു വിടാന്‍ മാത്രം അവന്‍ നിന്നോടെന്താ ചെയ്തത്?

anithaharrikumar said...

pavamm panjamen...eniikke ayalode sahadaapam thounnu....nannayettu unndu jaya.....

ഡെയ്സി-കാവാലം said...

ഹോ...ചിരിച്ച് തലകുത്തി. ആദ്യം മനസിലായില്ല - പിന്നെ വായിച്ചു വന്നപ്പോള്‍ നല്ല രസം. തമാശല്ലേ... ഇത്തിരി കട്ടി കുറഞ്ഞ വാക്കുകള്‍ ആവാം.:)

Matt Cargill said...

എൻ വാഞ്ചാ എൻ വാഞ്ചാ. എന്റെ ഡോക്ടറെ, കിണ്ണന്‍ പോസ്റ്റ്.. ചിരിച്ചു വയ്യ.. ആഞ്ഞിലിച്ചക്കപോലെ മധുരം.. അതിനപ്പുറം മതം എന്ന ഭീകരത്തട്ടിപ്പിന്റെ വളിച്ച പഞ്ചമുഖ ദര്‍ശനം.. കൊടുകൈ....

shradha praveen said...

nice one pakshe enthaannee aanjilichakka?, is that a real pgoto of that?

ചീരാമുളക് said...

വായിച്ചു. നല്ല നിലവാരമുള്ള നർമ്മം. അശ്ലീലവും ചളിയുമില്ലാത്ത നർമ്മം കാണുക വളരേ അപൂർവ്വം മാത്രം. ഇത് ശരിക്കും ആസ്വദിച്ചു. വായുവിൽ വിലയം പ്രാപിച്ച ചോദ്യവും പച്ചിലപ്പാരച്ച്യൂട്ടും മനസ്സിൽ മായാതെ നില്ക്കും.

jayanEvoor said...

സലിം.ഇ.പി.
നചികേതസ്
അനിത ഹരികുമാർ
ദെയ്സി കാവാലം
മാറ്റ് കാർഗിൽ
ശ്രദ്ധ പ്രവീൺ
ചീരാമുളക്

എല്ലാവർക്കും നന്ദി!

ശ്രദ്ധ...
ആഞ്ഞിലിച്ചക്കയെ ‘അയിനിച്ചക്ക’ എന്നും വിളിക്കും. ചക്കയേക്കാൾ വലുപ്പം കുറഞ്ഞതും, ഘടനയിൽ ചയ്ക്കയുടെ ചെറു പതിപ്പുമാണ് ഇത്.

ഫോട്ടോ ഒറിജിനൽ ആഞ്ഞിലിച്ചക്കയുടേതു തന്നെ ആണ്.

അസ് ലു said...

എന്നിട്ട ജൂതന്മാരുടെ കൈകൊണ്ടു പന്ജമന്‍,ബെഞ്ചമിന്‍ ,ബദൃദ്ദീന്‍ ചത്തോ?

benji nellikala said...

പഞ്ചമന്‍ പുരാണം ഉഗ്രനായി... നല്ല ശൈലി... ഞാന്‍ ഇവിടെ ആദ്യമാണ്. കൂടെ കൂടുന്നു. പിന്നെ, എന്‍ മനോഫലകങ്ങളില്‍ എന്നാരംഭിക്കുന്ന ഗാനത്തില്‍ 'ഒരു തൈച്ചെടി' അല്ല, 'തീച്ചെടി' എന്നാണ്. പഴയനിയമത്തില്‍ മോശെ (മൂസാ നബി) മരുഭൂമിയില്‍ വച്ച് കത്തുന്ന മുള്‍ച്ചെടിയില്‍ ദൈവത്തെ കണ്ട സംഭവത്തിന്റെ പശ്ചാത്തലമാണ് അത് ഓര്‍മ്മിപ്പിക്കുന്നത്. എഴുത്തു തുടരട്ടെ, ആശംസകള്‍...

അനാമിക said...

നല്ല കഥ ഡോക്ടര്‍ . രസായിട്ടു വായിച്ചു .

jaypee said...

രണ്ട് മൂന്ന് വർഷമെടുത്തോ ഈ ആഞ്ഞിലിപ്പഴം എനിക്ക് കിട്ടാൻ....നല്ല ടേസ്റ്റ്

കറുമ്പന്‍ said...

ഒരു ഒന്നൊന്നര കഥയാ :) കിഡു !!

പ്രവീണ്‍ കാരോത്ത് said...

ബായ്ച്ചു, ബല്യ ഇഷ്ടായി