Sunday, November 21, 2010

കടുവയെ പിടിച്ച കിടുവ !

കാവിങ്കൽ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കൾ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തിൽ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവർക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സിൽ ആൾ മരിക്കുകയും ചെയ്തു.

രണ്ടു പറമ്പപ്പുറത്താണ് അവരുടെ വീട്. കുട്ടിക്കാലത്ത് എന്നും അവരുടെ വീട്ടിൽ പൊകുമായിരുന്നു. അന്നൊക്കെ നാലുമണിയായാലുടൻ താറുടുത്ത് ഒരു ചൂലുമായി ഭാരതിയമ്മ പ്രത്യക്ഷപ്പെടും. കുരിയാല മുറ്റം മുഴുവൻ വെള്ളം തളിച്ച ശേഷം അടിച്ചുവാരി വൃത്തിയാക്കും. അതു കഴിഞ്ഞ് കുളിച്ച് ഭസ്മക്കുറി തൊട്ട് വിളക്കു കൊളുത്തും. വെയിൽ ചാഞ്ഞാൽ, സന്ധ്യ വരുന്നതിനു തൊട്ടു മുൻപ് കുരിയാലയിൽ വിളക്കു കൊളുത്തും. ഭാരതിയമ്മ വിളക്കു വച്ച ശേഷമേ നാട്ടിൽ മറ്റേതു വീട്ടിലും വിളക്കു കൊളുത്തിയിരുന്നുള്ളൂ.

വെളിച്ചം ധാരാളമായുള്ളതുകൊണ്ട് എണ്ണത്തിരി കൊത്തിയെടുത്തുപറക്കാൻ തയ്യാറായി കാക്കകൾ വരും എന്നറിയാവുന്നതുകൊണ്ട് കാക്കയെ ഓടിക്കാൻ ശട്ടം കെട്ടി നിർത്തുന്നത് എന്നെയായിരുന്നു.

ഞാനാണെങ്കിൽ ഭക്തശിരോമണി. കാവ്, അമ്പലം, ഉത്സവം, ആറാട്ട്, ഉറിയടി, ശബരിമല അങ്ങനെ നിർവൃതിദായകമായ ദിനരാത്രങ്ങളിലൂടെ ഒഴുകി നടക്കുന്ന കാലം. വയസ്സ് പതിനൊന്നോ പന്ത്രണ്ടോ. അതിനിടെ നാലുവട്ടം മലചവിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ.

നാട്ടിൽ കല്യാണം, പുരവാസ്തുബലി(ഗൃഹപ്രവേശം), മരണം, സഞ്ചയനം, പതിനാറടിയന്തിരം, പുലകുളിയടിയന്തിര, കാവിലടിയന്തിരം എന്നു തുടങ്ങി സകല അടിയന്തിരങ്ങൾക്കും ഒരു പണിയും ചെയ്യാത്ത, എന്നാൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നാൽവർ സംഘം ഉണ്ടായിരുന്നു അന്ന്.

മന്ത്രവാദി നാരായണൻ, ഗോപാലശാസ്ത്രികൾ, വേലുക്കുറുപ്പ്, ശമേലച്ചായൻ എന്നിവരായിരുന്നു അവർ. മന്ത്രവാദി പണ്ട് ഒരു ചെത്തുകാരനായിരുന്നത്രെ. പാലക്കാട്ട് കരിമ്പനകൾ ചെത്തി നടന്നിരുന്ന കാലത്തെന്നോ ഒരിക്കൽ യക്ഷിദർശനം ഉണ്ടാവുകയും, അതോടെ ചെത്തു നിർത്തി നാട്ടിൽ വരികയും ചെയ്തു. പിന്നീട് അന്നത്തെ പ്രസിദ്ധ മന്ത്രവാദിയായ പുല്ലാനി പരമേശ്വരന്റെ ശിഷ്യത്വം സ്വീകരിച്ച് നാട്ടിൽ തന്നെ കൂടി.

പണ്ട് സംസ്കൃതത്തിൽ ഉണ്ടായിരുന്ന ഒരു ബിരുദമാണത്രെ ശാസ്ത്രികൾ. ആ പരീക്ഷ പാസായതോടെയാണ് ഗോപാലൻ നായർ ഗോപാല ശാസ്ത്രി ആയത്. വേലുക്കുറുപ്പ് മൃദംഗ വിദ്വാനായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാൻ പ്രത്യക്ഷത്തിൽ സാധ്യതയില്ലാഞ്ഞ ആൾ ആയിരുന്നു ശമേലച്ചായൻ.(ശമേൽ = ശമുവേൽ = സാമുവൽ = സാം എന്ന് ഡെറിവേഷൻ). പള്ളിയിലൊക്കെ പോകാറുണ്ടെങ്കിലും അമ്പലത്തിലെ ഉത്സവത്തിനും ഒപ്പം കൂടും. അതിൽ വീട്ടുകാർക്കും പരാതിയില്ല; നാട്ടുകാർക്കും പരാതിയില്ല.


അടിയന്തിരങ്ങൾക്ക് വെറ്റില മുറുക്കൽ പ്രധാനമാണല്ലോ.. അത് നമ്മുടെ നാൽവർ സംഘം ഭംഗിയായി നിർവഹിക്കും. മേലനങ്ങാൻ ദേഹണ്ഡക്കാർ ഉണ്ട്. അവർ വെറ്റില മുറുക്കാറില്ല. ബീഡി അല്ലെങ്കിൽ ചാർമിനാർ പുകയ്ക്കും.

നാൽവർ സംഘം ഒരുമിച്ചു കൂടിയാൽ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നിൽക്കും. ബാലാരിഷ്ടതകൾ ഒക്കെ മാറിയെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള എനിക്ക് ദേഹണ്ഡത്തിൽ സഹായിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബീഡി - സിഗരറ്റ് - മുറുക്കാൻ വിതരണം ആയിരുന്നു എന്റെ പോർട്ട്ഫോളിയോ!

ബീഡി ഒരു കെട്ട് ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ പരാതി ഇല്ല എന്നതുകൊണ്ട് ഞാൻ അത് ആദ്യം അങ്ങു കൊടുത്തേക്കും. സിഗരറ്റ് ആകെ ഒരു പായ്ക്കറ്റേ ഉണ്ടാവൂ. അത് വിശിഷ്ടാതിഥികൾക്കുള്ളതാണ്. അങ്ങനെയാരും വന്നില്ലെങ്കിൽ രാത്രി അവ ദേഹണ്ഡക്കാർക്കു കിട്ടും!

നാൽവർ സംഘം വന്നാലുടൻ പ്ലാസ്റ്റിക് വരിഞ്ഞ നാലു കസേര സംഘടിപ്പിച്ച് വട്ടത്തിലിരിക്കും. നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളൻ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയിൽ വച്ചിട്ടുണ്ടാകും. പിന്നെ ലാത്തി തുടങ്ങുകയായി.

ഭൂമിമലയാളം മുഴുവൻ സഞ്ചരിച്ച് മന്ത്രവാദം ചെയ്ത കഥകൾ മന്ത്രവാദി പറയും. പുരാണകഥകളും സംസ്കൃതശ്ലോകങ്ങളും ശാസ്ത്രികൾ ചൊല്ലും. പരലോകജീവിതവും ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും ഒക്കെ വേലുക്കുറുപ്പിന്റെ വിഹാരമേഖലയാണ്. എല്ലാം കേട്ട് എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ച് ശമേലച്ചായൻ തിളങ്ങും. ചില ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവില്ല!

കൂട്ടത്തിൽ പൊങ്ങച്ചക്കാരനും വീരവാദക്കാരനും മന്ത്രവാദി ആയിരുന്നെങ്കിലും ഗോപാലശാസ്ത്രികൾ ഒരു ദിവസം മന്ത്രവാദിയെ മലർത്തിയടിച്ചു.

പതിവുപോലെ കാഞ്ഞൂർ കാവിലെ അറുകൊല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ശാസ്ത്രികൾ പറഞ്ഞു “നാരായണാ... മതി! ഇയാളു പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. പിന്നെ അതൊന്നും ഞാനിതുവരെ പറഞ്ഞില്ലെന്നു മാത്രം!”

“അതെന്താപ്പാ അത്ര വല്യ കാര്യം!?” ശമേലച്ചായൻ പുരികം ഉയർത്തി ചോദിച്ചു.

ശാസ്ത്രികൾ ചൂണ്ടുവിരലും നടുവിരലും അകറ്റിപ്പിടിച്ച് ചുണ്ടിന്മേലമർത്തി മുറുക്കാൻ നീട്ടിത്തുപ്പി. ഒന്നുകാറി, കണ്ഠശുദ്ധിവരുത്തി. തുടങ്ങി.

പണ്ട്, എന്നുവച്ചാൽ തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്ക കാലത്ത് (മലയാള വർഷം 1099 = ഇംഗ്ലീഷ് വർഷം 1925) എടവപ്പാതി തകർക്കുന്ന സമയം. ഒരു ദിവസം രാവിലെ ശങ്കുവമ്മാവൻ തറവാട്ടിൽ വന്നു. ആരാ ആള്..? ആജാനു ബാഹുവല്ലിയോ! ആറരയടിപ്പൊക്കം. നൂറു നൂറ്റിപ്പത്ത് ഇഞ്ച് നെഞ്ചു വിരിവ്. ആനയ്ക്കൊത്ത തലയെടുപ്പ്. പയറ്റിത്തെളിഞ്ഞ കളരിക്കുറുപ്പ്. മാത്രമോ, ഇന്നാട്ടിൽ അന്ന് സ്വന്തമായി തൊക്കുള്ള ഏകയാൾ!

വെള്ളം കേറിയ കാരണം ഞങ്ങളൊക്കെ മേലേപ്പുരയിടത്തിലുള്ള ചായ്പിലാ താമസം.

അമ്മാവൻ വെള്ളക്കെട്ട് അഴിച്ചുവിടാൻ വല്ല മാർഗോം ഉണ്ടോന്നു നോക്കുകയായിരുന്നു. നിലവറയ്ക്കകത്തു വച്ച പണിസാധങ്ങളെടുക്കാം എന്നു കരുതി താക്കോൽ ചോദിച്ചു.

ആരോ പോയി താക്കോൽ കൊണ്ടുവന്നു. നിലവറ തുറക്കാൻ നോക്കിയപ്പോ, അതു പൂട്ടിയിട്ടില്ല!

അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി. അമ്മാവന്റെ മുഖത്ത് ഭാവഭേദമേതുമില്ല.

അമർത്തിയൊന്നു മൂളി ” ഉം....”

എല്ലാവരും നിർന്നിമേഷരായി നോക്കി നിൽക്കേ അമ്മാവൻ നിലവറ വാതിൽ തള്ളിത്തുറന്നു.അകത്ത് കട്ടപിടിച്ച് ഇരുട്ടു മാത്രം. ഒന്നും കാണാൻ വയ്യ.

തല ഉള്ളിലേക്കിട്ട് അമ്മാവൻ ഏതാനും നിമിഷം നിന്നു. പെട്ടെന്ന് തല വലിച്ച്, വാതിൽ വലിച്ചടച്ചു! ആ ശബ്ദം കേട്ട് അവിടെ നിന്ന എല്ലാരും ഞടുങ്ങി.

കഥ കേട്ടുകൊണ്ടിരുന്ന നാലാളും - നാൽവർ സംഘത്തിലെ മൂന്നാളും പിന്നെ ഞാനും - ഞെട്ടി! ശമേലച്ചായൻ വായടയ്ക്കാൻ മറന്നു.

ഒന്നുകൂടി നീട്ടിത്തുപ്പി വെറ്റിലത്തരികൾ നുണഞ്ഞുകൊണ്ട് ശാസ്ത്രികൾ കഥ തുടർന്നു. നിലവറയിൽ നിന്നു തലവലിച്ച ശങ്കുവമ്മാവന്റെ മൂക്ക് ചുവന്നു തുടുത്ത് ഒരാനയെ വലിച്ചുകേറ്റാൻ പാകത്തിൽ വികസിച്ചിരിക്കുന്നു!

അമ്മാവൻ വിളിച്ചു പറഞ്ഞു “പുലിച്ചൂര്!!”

സ്തംഭിച്ചു നിന്ന മറ്റുള്ളവരെ നോക്കി അദ്ദേഹം വിശദീകരിച്ചു “ നിലവറയ്ക്കകത്ത് പുലി കയറിയിരിക്കുന്നു! മഴയിൽ ഒലിച്ചു വന്നതാന്നാ തോന്നുന്നെ!”

നിമിഷാർദ്ധം കൊണ്ട് ആളുടെ ഭാവം മാറി. കൈകൾ ദ്രുതഗതിയിൽ ചലിച്ചു. അമ്മാവൻ താറുടുത്തു തയ്യാറായിക്കഴിഞ്ഞു. ദൃഢനിശ്ചയത്തോടെ അദ്ദേഹം നിലവറ വാതിലിനു മുന്നിലേക്കു നടന്നു. വാതിൽ ഹുങ്കാരത്തോടെ തള്ളിത്തുറന്നു.

പിന്നിൽ നിന്നവർ ആ നിമിഷം തന്നെ അപ്രത്യക്ഷരായി!

ശങ്കുവമ്മാവൻ പതറിയില്ല. നിലവറയ്ക്കുള്ളിലേക്കു ചാടിക്കയറി. ഇരുട്ടിൽ പുലിക്കണ്ണുകൾ തിളങ്ങും എന്ന് തഴക്കം ചെന്ന വേട്ടകാരൻ കൂടിയായ അദ്ദേഹത്തിനറിയാം. ശങ്കുവമ്മാവൻ തുടയ്ക്കടിച്ചു ശബ്ദമുണ്ടാക്കി. എന്നിട്ടൊരലർച്ച!

അടുത്ത നിമിഷം പുലിയുടെ മുരൾച്ച കേട്ടു. ആ ദിക്കിലേക്കു നോക്കി. തീക്കട്ട പോലെ രണ്ടു കണ്ണുകൾ!

കണ്ണോടു കണ്ണു നോക്കി ഏതാനും നിമിഷങ്ങൾ. നിലവറ കാണാപ്പാഠമാണ് അമ്മാവന്. ഇരുൾ മെല്ലെ മാഞ്ഞു. പുലിയുടെ മുന്നിൽ നിന്ന് ഇടത്തേക്കൊരു ചാട്ടം! അമ്മാവന്റെ ചാട്ടം പ്രതീക്ഷിച്ച സ്ഥലത്തെക്ക് പുലി ചാടി. പക്ഷേ അമ്മാവൻ അതിനിടെ ഒരു കുതിപ്പുകൂടി നടത്തിയിരുന്നു.

ചാട്ടം പിഴച്ച പുലിയെ വാലിൽ പിടിച്ച് ഒറ്റ വലി!

ഇരുകൈകളും പൊക്കി സർവശക്തിയിൽ നിലത്തൊരടി!

പുലി ഊർധ്വൻ വലിച്ചു!

അമ്മാവൻ പുലിയെ വലിച്ചിഴച്ച് നിലവറയ്ക്ക് പുറത്തിട്ടു. അഞ്ചടി നീളത്തിൽ ഒരു പുള്ളിപ്പുലി തറവാട്ടുമുറ്റത്ത് ചത്തു മലച്ചു കിടന്നു.

അമ്മാവന്റെ അട്ടഹാസം കേട്ട്, ഓടിയൊളിച്ച വീരമാരെല്ലാം പാഞ്ഞുവന്നു. എല്ലാരോടുമായി അമ്മാവൻ പറഞ്ഞു. “ഇന്നു ഞാനിവിടെ വന്നതു നന്നായി. ഇനിയെങ്കിലും നിലവറവാതിൽ പൂട്ടാൻ ആരും മറക്കരുത്. മഴക്കാലമാണ്. കാട്ടുമൃഗങ്ങളും പെരുമ്പാമ്പുമൊക്കെ ഒഴുകി വരും. സൂക്ഷിച്ചോ!”

കഥ കേട്ടിരുന്നവരെല്ലാം ദീർഘനിശ്വാസം വിട്ടു.

പതിവു പോലെ ശമേലച്ചായന്റെ പുരികങ്ങൾ ഉയർന്നു. അച്ചായന് ചോദ്യം ചോദിക്കാൻ മുട്ടി. സത്യത്തിൽ എനിക്കും മുട്ടിയിരുന്നു. പക്ഷേ വാ തുറക്കാൻ ധൈര്യം പോരാ.

ശമേലച്ചായൻ ചോദിച്ചു “അല്ല ശാസ്ത്രികളേ, എന്നിട്ട് ആ പുലിയെ എന്തു ചെയ്തു?”

“പുലിയെ.... അല്ലെങ്കിൽ വേണ്ട. ബാക്കിക്കഥ ഞാൻ പറയുകേല.” ഗോപാലശാസ്ത്രി ഫുൾ സ്റ്റോപ്പിട്ടു.

“അതെന്താ കാരിയം?” ശമേലച്ചായൻ വീണ്ടും പുരികമുയർത്തി.

“അത്..... അതിത്തിരി രഹസ്യമാ....”

“ശാസ്ത്രികളേ... നമ്മൾ തമ്മിൽ ഈ എഴുപത്തഞ്ചാം വയസ്സിൽ ഇനിയെന്തു രഹസ്യം?” വേലുക്കുറുപ്പ് ചോദിച്ചു.

“ഇങ്ങനാണെങ്കിൽ ഞാനിനി ഒരു കാര്യവും വിട്ടു പറയൂല ” മന്ത്രവാദി പരിഭവം നടിച്ചു.

സമ്മർദം ഇത്രയുമായപ്പോൾ ശാസ്ത്രികൾ ചുറ്റും നോക്കി. ഇതൊന്നും കാണുന്നോ കേൾക്കുന്നോ ഇല്ലെന്ന മട്ടിൽ ,ഞാൻ ഒരു തീപ്പെട്ടിയെടുത്ത് അതിലെ കൊള്ളികൾ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും വേറെ ആരും ഇല്ലെന്നുറപ്പാക്കി ശാസ്ത്രികൾ പറഞ്ഞു തുടങ്ങി.

“ആ പുലിയെ തറവാട്ടുപറമ്പിൽ തന്നെ മറവു ചെയ്തു. അതിന്റെ നഖങ്ങൾ മുഴുവൻ ശങ്കുവമ്മാവൻ ഊരിയെടുത്തു. രണ്ടു മുൻ കാലുകളിൽ അഞ്ചുവീതം പത്ത്. പിൻ കാലുകളിൽ നാലു വീതം എട്ട്. മൊത്തം പതിനെട്ടു നഖങ്ങളാ പുലിയ്ക്ക്. പതിനേഴും അമ്മാവൻ എടുത്തു. ഒരെണ്ണം സ്വന്തം മകൾക്കു കൊടുത്തു. അവൾ അത് അരഞ്ഞാണത്തിൽ കെട്ടി അണിഞ്ഞു!“

എല്ലാവരും ആ പതിനെട്ട് പുലിനഖങ്ങൾ ഓർത്തിരുന്നു.

നിശ്ശബ്ദത.

അതിനു മീതെ ശാസ്ത്രികളുടെ ശബ്ദം ഉയർന്നു. “അങ്ങനെ ആ നഖം എന്റെ വീട്ടിലെത്തി!”

“ഹതെങ്ങനെ!?” എല്ലാവരും ഒരുമിച്ചു ചോദിച്ചു.

“എന്റെ ഭാര്യ ആരുടെ മോളാണെന്ന് നിങ്ങളെല്ലാരും മറന്നു പൊയോ?”

ഗോപാലശാസ്ത്രികളുടെ മുറപ്പെണ്ണാണ് ഭാരതിയമ്മ എന്നത് അവർശ്രദ്ധിച്ചിരുന്നില്ല! ആ ചമ്മൽ ശ്രോതാക്കളുടെ മനസ്സിൽ. സ്വന്തം ഭാര്യയുടെ അരഞ്ഞാണ രഹസ്യം വെളിപ്പെട്ടുപോയല്ലോ എന്ന ചമ്മൽ ശാസ്ത്രികളുടെ മുഖത്ത്.

എനിക്കാണെങ്കിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു പുലിനഖം സ്വന്തമാക്കുക എന്നത്. കഥയിൽ പകുതി പുളുവാണെങ്കിലും പുലിനഖം ഉണ്ടെന്നു തന്നെയാ തോന്നുന്നത്.

ഭാരതിയമ്മയോട് ചോദിച്ചുനോക്കിയാലോ? അവർ എന്നെ ആട്ടിയോടിക്കുമോ?

ഹേയ്... അവർ അങ്ങനെ ചെയ്യുമോ?

ഞാനല്ലേ അവരുടെ കുരിയാലയിലെ വിളക്കുകൾ സംരക്ഷിക്കുന്നത്? ഞാനല്ലേ അവർക്ക് കർപ്പൂരവും ചന്ദനത്തിരിയും വെറ്റിലയും വാങ്ങിക്കൊടുക്കുന്നത്? ഞാനല്ലെ അവരുടെ കൊച്ചുമോളുടെ ഏക കൂട്ടു...കാരൻ?

ഹോ! കിട്ടിപ്പൊയ്! അവളെ സോപ്പിട്ടാൽ കാര്യം നടക്കും. ഈ മണ്ടൻ ശാസ്ത്രികളെപ്പോലെയല്ല ഞാൻ!

ആദ്യം അവളുടെ മുത്തശ്ശിയിൽ നിന്ന് അത് അവൾക്കു കിട്ടണം. പിന്നെ അവളെ ഞാൻ കല്യാണം കഴിക്കും. അപ്പോൾ പുലിനഖത്തിന്റെ ഉടമസ്ഥയുടെ ഉടമസ്ഥൻ ആരാ?

രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!

അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയിൽ കെട്ടിയാൽ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയിൽ നിന്നു കൈക്കലാക്കും എന്നവൾ പ്രതിജ്ഞയെടുത്തു.

അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മൾ ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും പറയാൻ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.

ഒരാഴ്ച ശ്രമിച്ചിട്ടും മുത്തശ്ശി അവൾക്കതു നൽകിയില്ല. ഇനി അതിനുവേണ്ടി ശ്രമിക്കേണ്ടതില്ല എന്ന് എട്ടാം ദിവസം അവൾ പറഞ്ഞു.

പുലി നഖം തനിക്കു വിധിച്ചിട്ടില്ലെന്ന സത്യം ദു:ഖത്തോടെ അംഗീകരിച്ചു.

ഇന്നിപ്പോൾ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കാവുങ്കൽ തറവാട്ടിൽ എത്തുന്നത്. മക്കളും കൊച്ചുമക്കളും ഉൾപ്പടെ ഒരു പട തന്നെയുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞു. ആളുകൾ പിരിഞ്ഞു തുടങ്ങി.

കോലായിൽ രേണുക നിൽക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസു കഴിഞ്ഞ് പിന്നെ ഇന്നാനു കാണുന്നത്. ദില്ലിയിലോ മറ്റോ ആണ് അവളിപ്പോൾ താമസം. ചിരിക്കണൊ വേണ്ടയോ എന്നു സംശയിച്ചു. എന്നാൽ അവൾക്ക് വേഗം എന്നെ മനസ്സിലായി. അടുത്തു വന്നു.

കുശലം ചോദിച്ചു. ഭർത്താവും മകനും വന്നിട്ടില്ല. ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനു മടങ്ങണം.

“ഒരു ദിവസം തറവാട്ടിൽ നിന്നു കൂടായിരുന്നോ?” വെറുതെ ചോദിച്ചു.

അവൾ വിളറിയ ഒരു ചിരി ചിരിച്ചു.

“ദില്ലി മറ്റൊരു ലോകമാണ്..... അവിടെ നിലനിൽക്കണമെങ്കിൽ നാളെ ഷാർപ്പ് ടെൻ ഒ ക്ലോക്കിന് ഞാനവിടെ ഉണ്ടാവണം.....”

കുസൃതി നിറഞ്ഞ ബാല്യം രണ്ടാളുടെയും മനസ്സിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

കൂടുതൽ ഒന്നും പറയാനില്ലാത്തതുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എന്തോ ആലോചിച്ചെന്നവണ്ണം ഒരു നിമിഷാർദ്ധം അവളുടെ കണ്ണിൽ ആ പഴയ കുസൃതിക്കാരി തിളങ്ങി. നുണക്കുഴി തെളിഞ്ഞു.

“ആ പഴയ പുലിനഖത്തിന്റെ കഥ ഓർമ്മയുണ്ടോ?” അവൾ ചോദിച്ചു.

ഉവ്വെന്നു പറയുമ്പോൾ ചെറിയൊരു ചമ്മൽ തോന്നി. പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇവളെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച വേന്ദ്രനാണു ഞാൻ! അതി ബുദ്ധിമാൻ!

“അന്ന്... അന്നു തന്നെ, മുത്തശ്ശി അതെനിക്കു കെട്ടിത്തന്നിരുന്നു!“

“സത്യം?“ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തിൽ കെട്ടിയാണൊ ഇവൾ പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്...!

“സത്യം...!“ അവൾ പറഞ്ഞു.

എന്റെ ചമ്മൽ മെല്ലെ പുഞ്ചിരിയായി. അതുകണ്ടപ്പോൾ അവൾക്കും ചിരിവന്നു. മരണവീടെന്നോർക്കാതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു.

96 comments:

jayanEvoor said...
This comment has been removed by the author.
monu said...

:)) കിക്കിടുവ

ജീവി കരിവെള്ളൂര്‍ said...

ഡോക്ടര്‍ സാറെ നഷ്ടബോധം തോന്നിയോ :)

jazmikkutty said...

:)

രമേശ്‌അരൂര്‍ said...

മനസ്സില്‍ ഒരു മന്ദഹാസം വിടര്ത്തിയല്ലോ തിരുമാലി ഡോക്റ്റര്‍ :)

.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

അരങ്ന്യാനരഹസ്യം അങ്ങാടിപാട്ട് ആക്കിയല്ലെ ???

.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

അരങ്ന്യാനരഹസ്യം അങ്ങാടിപാട്ട് ആക്കിയല്ലെ ???

ഒഴാക്കന്‍. said...

ഇതാണ് പറഞ്ഞത് ഡോക്ടര്‍ പുലിചൂര് മനസിലാക്കാനുള്ള കഴുവ് വേണം എന്ന്. അതുണ്ടായിരുന്നെ ഇപ്പൊ പുലി നഖം ജയേട്ടന്റെ കഴുത്തിലും രേണുക കട്ടിലിലും ഉണ്ടായേനെ .... :)))

ഇതാണ് പറഞ്ഞെ പുലിയാണെന്ന് പറഞ്ഞാ പോര മണം വേണം

kARNOr(കാര്‍ന്നോര്) said...

അന്തിയ്ക്ക് വിളക്കു കൊളുത്തിയിരുന്ന കുറെ അയല്‍ചേച്ചിമാരെ വീണ്ടും ഓര്‍ത്തു. മനോഹരം. പോസ്റ്റ് നര്‍മ്മത്തില്‍ നിന്നും മാറ്റി നൊസ്റ്റാള്‍ജിയയില്‍ ചേര്‍ക്കുന്നു

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

തീപ്പെട്ടിക്കൊലുകൾ എണ്ണിയെണ്ണി ഒരുവൻ ആ നാലവർ സംഘത്തിൽ നിന്നും കഥകൾ അടിച്ചുമാറ്റിയങ്ങിനെ ബൂലോഗ കഥാകാരനായി മാറി അല്ലേ....
പുലിനഖവും,നായികകേയും സ്വന്തമാക്കാൻ പറ്റിയില്ലെങ്കിലും ,ആ സുന്ദര ബാല്യകാലസ്മരണകളെല്ലാം അതിമനോഹരമായി വർണ്ണിച്ച് ഞങ്ങളെയൊക്കെ കൊതിപ്പിക്കുവാൻ കഴിഞ്ഞല്ലോ ഈ കൊച്ചുഡോക്ട്ടർക്ക്...

മത്താപ്പ് said...

കല്യാണം കഴിക്കാന്‍ കണ്ടു പിടിച്ച ആള് കൊള്ളാം
ഹ ഹ...

പട്ടേപ്പാടം റാംജി said...

ചെറുപ്പകാലത്തെ ഒരടിയന്തരവീട്ടിലെ സദ്യ ചമക്കലും ഒത്തുകൂടുന്ന നാല്‍വര്‍ സംഘവും ഒക്കെ അതേ തീവ്രതയോടെ മനസ്സില്‍ ഓടിയെത്തി. പുലിനഖത്ത്തിന്റെ കാര്യം കഷ്ടമായി. എന്നാലും അവസാനം വളരെ നന്നായി.

Jishnu Chandran said...

പുലിയപിടിച്ച അമ്മാവന്‍ പുലി..
പുലിനഖം വിട്ടു കൊടുക്കാത്ത പെണ്‍പുലി ...
അതെടുത്ത് കഥയാക്കി ബ്ലോഗിയ ബ്ലോഗുപുലി..

അരുണ്‍ കായംകുളം said...

വിവരണം ഗംഭീരമായി മാഷേ, പിടിച്ചിരുത്തുന്ന വരികള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ പുലിയുടെ പല്ലുകളും കൂടി എടുക്കാമായിരുന്നു.
പുലിക്കെത്രയാണോ പല്ല് നമുക്കു 32 എന്നറിയാം

ബാല്യകാലസ്മരണ ഒരു സുഖമുള്ള ഏര്‍പ്പാടു തന്നെ :)

മാണിക്യം said...

ഡോക്ടറേ ഉഗ്രന്‍ അല്ല അത്യുഗ്രന്‍ കഥ.
ഒട്ടു നേരം പഴയകാല സദ്യയും അടിയന്തരങ്ങളും ഓര്‍മ്മിച്ചു, അന്നൊക്കെ പെട്രോമാക്സ് കത്തിച്ചു വച്ചിട്ടുണ്ടാവും ആ വിളക്കിനു ചുറ്റുമിരുന്ന് പല കഥകള്‍ കേള്‍ക്കാം, ആ ഒരു ഫീലിങ്ങ് വന്നു വായിച്ചിരുന്നപ്പോള്‍..മന്ത്രവാദിയും , ശാസ്ത്രികളും,കുറുപ്പും,അച്ചായനും ഒക്കെ നല്ല പരിചയം!!
മനോഹരമായി വരച്ചിട്ടു നാല്‍വര്‍ സംഘത്തെ.

"ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും
പറയാൻ പാടില്ലല്ലോ!"
പറയില്ല. ആ വിവരം സ്ത്രീകള്‍ക്ക് അറിയാം. :)
അന്നു അതു മുഴുവന്‍ പറഞ്ഞിരുനെങ്കിലോ? .....

Jishnu Chandran said...

അല്ല ഒരു സംശയം..... അമ്മാവന്‍ പിടിച്ചത് പുലിയെയാണോ കടുവയെ ആണോ????

റ്റോംസ് കോനുമഠം said...

ജയാ,
രേണുക തന്നെക്കാള്‍ പുലിയാ.
ങാ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ..എന്നാശ്വസിക്കാം.
@@@@@@@@@@@@@@@@
വിവരണം അതിഗന്മ്ഭീരമായി
ജയന്‍ പറഞ്ഞത് പോലെ നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ഒരു ഏര്‍പ്പാടാണ് .....
എന്റെ കല്യാണത്തിന് ഈ സെറ്റപ്പ് ഉണ്ടായിരുന്നു.
"നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളൻ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയിൽ വച്ചിട്ടുണ്ടാകും. "
.

ജയിംസ് സണ്ണി പാറ്റൂര്‍ said...

വളരെ രസകരമായിരിക്കുന്നു

ചാണ്ടിക്കുഞ്ഞ് said...

"ഒരെണ്ണം സ്വന്തം മകൾക്കു കൊടുത്തു. അവൾ അത് അരഞ്ഞാണത്തിൽ കെട്ടി അണിഞ്ഞു"
ഓ...ആ അരഞ്ഞാണത്തിന്റെ ഒരു ഭാഗ്യം...
ഒരു ചോദ്യം ബാക്കി...രേണുകയുടെ അരയില്‍ ആ അരഞ്ഞാണം ഉണ്ടെന്നു അന്നേ അറിഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു ഡാക്കിട്ടര്???
(അതിനുള്ള ഉത്തരം ഒഴാക്കന്‍ പറഞ്ഞു....ഗള്ളന്‍....)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജയേട്ടാ...ആഹാ.ആഹഹാ...

അടിപൊളി അവതരണം...

"അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയില്‍ കെട്ടിയാല്‍ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. എന്തിനാ അങ്ങിനെ പറയാന്‍ പോയത്...?
വേറേ എന്തെങ്കിലും പറഞ്ഞിരുന്നേല്‍ പുലിനഖം കിട്ടുകയും, രേണുകയെ കെട്ടുകയും ചെയ്യാമായിരുന്നു

“സത്യം?“ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തില്‍ കെട്ടിയാണൊ ഇവള്‍ പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്...!
അതെ,.... അതല്ലേ അവള്‍ അതും കെട്ടി ജയേട്ടന്റെ കൂടെ പേടിയില്ലാതെ നടന്നത്...

jayanEvoor said...

മോനു
ആദ്യകമന്റിനു നിറഞ്ഞ നന്ദി!
ഞാൻ തലക്കെട്ട് പരിഷ്കരിക്കുന്നു - കിടുവയെ പിടിച്ച കിക്കിടുവ!

ജീവി കരിവള്ളൂർ
നഷ്ടബോധം തോന്നിയോന്നോ!?
നല്ല ചോദ്യം!
ദേ നോക്ക്... എന്റെ കരൾ പിടയുന്നു!
(പെമ്പ്രന്നോരറിയണ്ട!)

ജാസ്മിക്കുട്ടി
സന്തോഷം മോൾക്കുട്ടീ.

രമേശ് അരൂർ
തിരുമാലി ഡോക്ടർന്ന്...!
എനിക്കിതുവരണം!

ണേശു ഫ്രം ഇരിങ്ങാലക്കുട
ഹേയ്!
അങ്ങാടിപ്പാട്ടൊന്നും ആയില്ല. സംഗതി പരമരഹസ്യമാ! നിങ്ങളോടല്ലാതെ മറ്റാരോടും ഞാനിത് പറഞ്ഞിട്ടില്ല.

ഒഴാക്കൻ
വെറുതേ വേണ്ടാതീനം പറഞ്ഞ് എന്റെ കൺട്രോളു കളയല്ലേ!ഒന്നാമത് ആ ചാണ്ടി എന്റെ പിന്നാ‍ലെ കൂടിയേക്കുവാ കളിയാക്കാൻ!

കാർന്നോര്
സത്യത്തിൽ നൊസ്റ്റാൽജിയയാ.
പിന്നെ ആളു കൂടാൻ നർമ്മം ആക്കി!

ബിലാത്തിച്ചേട്ടൻ
എല്ലാം സ്വന്തമാക്കിയാൽ ജീവിതത്തിൽ പിന്നെന്തു ത്രിൽ, അല്ലേ ചേട്ടാ!

മത്താപ്പ്
ഉം.... മൊട്ടേന്നു വിരിഞ്ഞേ ഉള്ളൂ. അപ്ലേക്കും ചേട്ടന്മാർക്ക് കല്യാണ ഉപദേശോം നൽകാൻ തുടങ്ങീ,ല്ലേ!?
അല്ല ഒരു സംശയം. മത്തൻ കുത്തിയാൽ മത്താപ്പ് മുളയ്ക്കുമോ!?

ഹംസ said...

പുലിക്കഥ കുറച്ച് പുളുക്കഥയാണേലും വായിക്കാന്‍ നല്ല രസം .... ആ പുലി നഖം കൈക്കലാക്കന്‍ ഡോകടര്‍ കാണിച്ച ഫുദ്ധി കൊള്ളാം .. പക്ഷെ രേണുക ആരാ മോള്‍...... അരയില്‍ കെട്ടി നടന്നിട്ടും അത് പറയാതെ പറ്റിച്ചില്ലെ....

നല്ല രസമുള്ള പോസ്റ്റാ ഡോക്ടറെ

jayanEvoor said...

പട്ടേപ്പാടം രാംജി
സുഖമുള്ള ചില നഷ്ടപ്പെടലുകൾ, ഇന്നോർക്കുമ്പോൾ രസമല്ലേ മാഷേ!?

ജിഷ്ണു ചന്ദ്രൻ
ഹ!ഹ!!
അവൾക്കു മുന്നിൽ ഞാൻ വെറും കടലാസു പുലി!!


അരുൺ കായംകുളം
സന്തോഷം, സഹോദരാ!
(ചെലവു കിട്ടിയില്ല...!)

ഇൻഡ്യാ ഹെറിറ്റേജ്
പുലിക്കും 32 പല്ലു തന്നെ സർ.
കനൈൻസ് വളരെ വലുതായിരിക്കും. കറ്റിച്ചു കീറാൻ പാകത്തിന്!

മാണിക്യം ചേച്ചി
അതെ.
പെട്രോമാക്സ് കാലം!

ടോംസ് കോനുമഠം
വളരെ സന്തോഷം.
നമ്മുടെ നാട്ടിലെ പഴയ അടിയന്തിരങ്ങൾ....
ഒരു പക്ഷെ എല്ലാ നാട്ടിൻ പുറങ്ങളിലെയും, നഷ്ടപ്പെട്ടുപൊയി. ഇപ്പോ മുഴുവൻ പുറം കോണ്ട്രാക്റ്റല്ലേ....

ജെയിംസ് സണ്ണി പാറ്റൂർ
നന്ദി സർ.
വീണ്ടു വരൂ ഈ വഴി!

ചാണ്ടിക്കുഞ്ഞ്
സത്യത്തിൽ ഈ പോസ്റ്റിനു പ്രചോദനം ആരാന്നാ വിചാരം!?
സാക്ഷാൽ ചാണ്ടിക്കുഞ്ഞ്!
ആ മോഹനവദനം മനസ്സിൽ ധ്യാനിച്ചങ്ങെഴുതി. അതിങ്ങനെയായി!(താമസിയാതെ കഥ തൃപ്പൂണിത്തുറയിലെത്തും!!)

റിയാസ്
ഇനീപ്പോ എന്തു പറഞ്ഞിട്ടെന്താ കാര്യം!
പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടുമോ!?
പൊയതു പോട്ടെ. ഉള്ളതിൽ സന്തോഷിക്കൂ എന്നല്ലേ!? ഞാൻ ഹാപ്പിയാ!

jayanEvoor said...

ജിഷ്ണു ചന്ദ്രൻ,

മറുപടി വിട്ടു പോയി.

അതു പുലിതന്നെ. കടുവയല്ല.
തലക്കെട്ടിലുള്ളത് രണ്ടും കിടുവകൾ ആണ്!

ഹംസ,

ഹൃദയം നിറഞ്ഞ നന്ദി!!
അതെ അവളാ ശരിക്കും പുലി!

രമേശ്‌അരൂര്‍ said...

ഡോക്ടറെ ..ഇപ്പോളാ ഓര്‍മിച്ചത്‌
ഇപ്പോളത്തെ പിള്ളേര്‍ ആയിരുന്നെങ്കില്‍ എട്ടാം ക്ലാസ് ആകുമ്പോള്‍ തന്നെ അരയില്‍ പുലി നഖമാണോ പൂച്ച മുത്തു ആണോ എന്നൊക്കെ കണ്ടു പിടിച്ചു കളഞ്ഞേനെ !!!..നമ്മളൊക്കെ എത്ര മണ്ടന്‍ മാരാ അല്ലെ ഡോക്ടറെ ..:)

കൊച്ചു കൊച്ചീച്ചി said...

ഹ ഹ! അപ്പൊ ആ കാര്യം തീരുമാനമായി.
ക്ഷ പിടിച്ചു ട്ടോ. ചാണ്ടിക്ക് കൊടുത്ത അതേ കുചേലന്‍സ് വൈദ്യര്‍ക്കും.

ചെറുവാടി said...

ഞാനിത് വായിച്ചില്ല ഡോക്ടറെ, കണ്ടിരിക്കുകയാ ചെയ്തത്. വെള്ളപ്പൊക്കവും പുലിയെ എടുത്തു പെരുമാറുന്നതും എല്ലാം.
അവതരണം അത്രക്കും രസകരമായി.

ajith said...

ഡോക്ടര്‍സാറേ, വായന ലാഭമാകുന്നത് ഇതുപോലുള്ള രചനകള്‍ വായിക്കുമ്പോഴാണ്. നാല്‍ വര്‍ സംഘത്തിന്റെ കാര്യം വായിച്ചപ്പോള്‍ റിട്ടയര്‍ ചെയ്ത പട്ടാളക്കാരന്റെ വീരകഥകള്‍ ഓര്‍മ്മ വന്നു. ഒരു ടിപ്പിക്കല്‍ നാട്ടുപുറസംഘം തന്നെ.

നട്ടപ്പിരാന്തന്‍ said...

ഞാന്‍ പല അരഞ്ഞാണവും കണ്ടിട്ടുണ്ട്, പക്ഷെ ഇതുപോലെ പുലിനഖം കെട്ടിയ അരഞ്ഞാണത്തെപ്പറ്റി കേട്ടിട്ടില്ല.

എന്തായാലും....എഴുതിയത് എഴുതി... ഇനി കൂടുതല്‍ ഭാവനയ്ക്കൊന്നും പോവണ്ട. അത് കിടക്കുന്ന അരയില്‍ തന്നെ കിടക്കട്ടെ.

വഴിപോക്കന്‍ said...

ഡോക്ടര്‍, കഥ നന്നായി ആസ്വദിച്ചു വായിക്കുന്നതിനു പകരം കഥയില്‍ കയറി സഞ്ചരിക്കാന്‍ കഴിഞ്ഞു

Vayady said...

രേണുകേ,

"രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു..
പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോൾ
നിന്നെ ഉപേക്ഷിച്ച പോയ ദുഷ്ടനാണു ഞാൻ!
ഞാനൊരു കിടുവ
നീയോ എന്നെ പിടിച്ച കിക്കിടുവ!
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
പഞ്ചാരയടിച്ചത് മതിയെന്നു പറഞ്ഞുവോ?..."

നല്ല എഴുത്ത്. ആസ്വദിച്ചു..

ശ്രീനാഥന്‍ said...

നല്ല കഥയായി ഡോക്റ്റർ, അമ്മാവനേയും ആ രേണൂകയേയും ഒക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്! എങ്കിലും ഇതൊരു കഥ മാത്രമാണെന്നും സത്യത്തിൽ പുലിനഖം കഥാനായകൻ (ഡോക്റ്ററല്ലല്ലോ) കണ്ടിരുന്നു എന്നും തന്നെ കരുതട്ടേ! ആട്ടെ, ഈ 1091 ലെ വെള്ളപ്പൊക്കത്തെയെന്താ 99 ലെ എന്നു പറയുന്നത്?

mayflowers said...

പുലികളെ മെരുക്കാന്‍ പുപ്പുലികള്‍ തന്നെ വേണമല്ലോ.
രേണുകയെ നേരില്‍ കണ്ട പോലെ തോന്നിച്ച വിവരണം..

jayanEvoor said...

രമേശ് അരൂർ
ഹ! ഹ!!
അതെ.
ഇടയ്ക്കൊക്കെ മണ്ടനാക്കപ്പെടുന്നതിലും ഒരു സന്തോഷം!

കൊച്ചു കൊച്ചീച്ചി
സന്തോഷം!
കുചേലൻസ് വരവു വച്ചിരിക്കുന്നു.

ചെറുവാടി
നല്ല വാക്കുകൾക്ക് നിറഞ്ഞ നന്ദി!

അജിത്ത്
വളരെ സന്തോഷം മാഷേ!
അന്യമായിക്ക്കഴിഞ്ഞ് ചില നാട്ടിൻ പുറകാഴ്ചകളിൽ ഇനി ഇതും പെടും.
നട്ടപ്പിരാന്തൻ

വഴിപോക്കൻ
നന്ദി സഞ്ചാരീ!
ഇനിയും വരൂ ഈ വഴി!

വായാടി
അതു ശരി!
കാ‍ട്ടാക്കടേടെ ഫെയ്ക്ക് ആയിരുന്നല്ലേ, ഈ വായാടി! കൊള്ളാം. അതിഷ്ടപ്പെട്ടു!

ശ്രീനാഥൻ
പുലി നഖം കണ്ടിട്ടുണ്ട്.
പക്ഷേ ‘ആ പുലിനഖം’കണ്ടിട്ടില്ല!!
(1099 എന്നത് തെറ്റിപ്പോയതാ. തിരുത്തി. നന്ദി!)

മെയ് ഫ്ലവേഴ്സ്
അതെ.
പുലിയെ എലിയാക്കി പുപ്പുലി!

അനില്‍@ബ്ലൊഗ് said...

നല്ലൊരു കഥ. കൈമാകസും നന്നായി.

appachanozhakkal said...

പുലിനഖം അല്ല, പുപ്പുലിനഖം!!

ഒരു നുറുങ്ങ് said...

നഖനഷ്ടം രക്ഷതു..! അല്ലേല്‍ ജീവിതം മുച്ചൂടും ഡോക്ടരുടെ യാത്ര പുലിപ്പുറത്തായേനെ..!

krish | കൃഷ് said...

ഇനി ഒരു പുലിനഖം എവിടുന്നെങ്കിലും സംഘടിപ്പിച്ച് അത് പ്രിയതമയുടെ അരഞ്ഞാണത്തിൽ കെട്ടിക്കൊടുക്കൂ ഡാക്കിട്ടറേ..
പഴയ വിഷമം മാറിക്കിട്ടും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഡോക്ടറെ ഒരു സംശയം..
അരഞ്ഞാണം എന്ന് പറയുന്ന സാധനം പുറമേക്ക് കാണാന്‍ പറ്റുന്ന വിധതിലല്ലേ ധരിക്കുക? എന്നിട്ടും അത് കാണാന്‍ കഴിയാതെ പോയത് ശരിയായില്ല. ഷക്കീലപടത്തിന്റെ പോസ്റ്റര്‍ നോക്കുന്ന പിള്ളാരെപോലെ ശരിക്ക് നോക്കിയിരുന്ണേല്‍ ഇപ്പൊ ഇങ്ങനെ 'പേടിച്ചു'നടക്കേണ്ടി വരില്ലായിരുന്നു. പുലിനഖം കഴുത്തിലും രേണുക താങ്കളുടെ 'തലയിലും'ആയേനെ..കഷ്ടം..

jayanEvoor said...

അനിൽ@ബ്ലോഗ്
വായനയ്ക്കും കമന്റിനും നന്ദി!

അപ്പച്ചൻ ഒഴാക്കൽ
താങ്ക്സ് പുപ്പുലി!

ഒരു നുറുങ്ങ്
ഹ!!
എവിടെ!? ഇതൊക്കെ പുളുവല്ലേ!?

കൃഷ്
പണ്ട് ‘സുഖമോ ദേവി’എന്ന സിനിമയുടെ പരസ്യവാചകം “എ പ്രാക്ടിക്കൽ സൊല്യൂഷൻ ടു ലവ് ട്രാജഡി” എന്നായിരുന്നു.
താങ്കളൂടെ നിർദേശം പ്രാക്ടിക്കൽ ആണ്.പ്രിയതമയോട് ഒന്നു പറഞ്ഞുനോക്കട്ടെ!

ഇസ്മായിൽ കുറുമ്പടി

“അരഞ്ഞാണം എന്ന് പറയുന്ന സാധനം പുറമേക്ക് കാണാന്‍ പറ്റുന്ന വിധതിലല്ലേ ധരിക്കുക? ”

പടച്ചോനേ!
അത് ഏതു നാട്ടിൽ?
അങ്ങനൊരു നാടുണ്ടോ?

(സംഗതി പുളുക്കഥ ആണെങ്കിലും, തലയിൽ വരച്ചതല്ലേ തലയിൽ കേറൂ?
എന്റെ തലയിൽ വരച്ചവൾ തന്നെ തലയിലും കയറി!)

രമേശ്‌അരൂര്‍ said...
This comment has been removed by the author.
രമേശ്‌അരൂര്‍ said...

ഡോക്റ്ററെ....സൂപ്പര്‍ മാന്റെ നാട്ടിലാണ് അരഞ്ഞാണവും ജെട്ടിയും എല്ലാം പുറമേ ധരിക്കുന്നത് ! ഹോ ഈ ഡോക്റ്റര്‍ക്ക്‌ ഒന്നും അറിഞ്ഞു കൂടാ അല്ലെ ഇസ്മയിലെ :)
ഡോക്റ്റര്‍ വെറുതെയല്ല ആയുര്‍വേദം സ്പെഷ്യലൈസ് ചെയ്തത് ..എല്ലാംകുറച്ചു വൈകിയേ ശരിയാകു...:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജയന്‍ ഡോക്റ്ററെ ശ്രീമതിയും ഇതുപോലെ പറഞ്ഞാല്‍ "എന്റെ തലയില്‍ വരച്ചവന്‍ തന്നെ ---" ചുറ്റിയില്ലെ കമ്പ്യൂട്ടര്‍ ലോക്ക്‌ ചെയ്തിട്ടു പുറത്തുപോയാല്‍ മതി :)

Manoraj said...

ഹോ, ചുമ്മാ അരയില്‍ കിടക്കേണ്ട പുലിനഖമാ. കളഞ്ഞുകുളിച്ചില്ലേ.. അനുഭവിക്ക്യാ!! സുകൃതക്ഷയം.!ഹി..ഹി

@വായാടീ : കാട്ടാക്കട കേള്‍ക്കണ്ട. പിച്ചും പേയും നിറുത്തിച്ച് കൂട്ടിലടക്കും. :)

sm sadique said...

പുലിനഖം കൊണ്ടെരു കഷായം.
അത് ശരീരത്തിന്റെ ആന്തരികബോധത്തിൽ ;
ചലനം സൃഷ്ട്ടിക്കുന്നു… ഒരു അരഞ്ഞാണവെട്ടത്തിൽ.
ഡേക്ട്ടർ സാറെ അസ്സലായി.

sm sadique said...

പുലിനഖം കൊണ്ടെരു കഷായം.
അത് ശരീരത്തിന്റെ ആന്തരികബോധത്തിൽ ;
ചലനം സൃഷ്ട്ടിക്കുന്നു… ഒരു അരഞ്ഞാണവെട്ടത്തിൽ.
ഡേക്ട്ടർ സാറെ അസ്സലായി.

സലീം ഇ.പി. said...

പുലി നഖം പോയാലെന്താ ഡോക്ടറെ, പുലിവാല്‍ (അവള്‍) ഒഴിഞ്ഞു കിട്ടിയില്ലേ..ഈ രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് പെണ്ണിന് ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹാ..

കഥനം ഗംഭീരം...കുട്ടിയെപ്പോലെ കേട്ടിരുന്നു പോയി..

ആളവന്‍താന്‍ said...

എന്റെ ഡോക്റ്ററെ.... ആ അവസാനമൊക്കെ എന്ത് രസായിട്ടെഴുതിയെന്നറിയോ.... ഇഷ്ട്ടായി. നിങ്ങള്‍ക്കൊപ്പം ഞാനും ചിരിച്ചു. ആസ്വദിച്ചു തന്നെ.

ശ്രീ said...

അവസാന ഭാഗം എനിയ്ക്കും വളരെ ഇഷ്ടമായി മാഷേ.


അങ്ങനെ അമ്പതാം കമന്റ് എന്റെ വക.

വീ കെ said...

ഡാക്കിട്ടറുടെ മനസ്സിലിരുപ്പ് അന്നേ അവൾ മനസ്സിലാക്കി....!!
അതാ ‘പോ മോനേ ദിനേശാ...’ന്നു കാണിച്ചത്.
ഓളാരാ മോൾ...!!!

നന്നായിരിക്കുന്നു മാഷെ.
ആശംസകൾ...

jayanEvoor said...

രമേശ് അരൂർ
എന്നെ കൊല്ലല്ലേ!
എന്നിൽ ഔഷധ ഗുണമില്ല!

ഇൻഡ്യ ഹേറിറ്റേജ്
ഹ!ഹ!!
അതവൾ ഇടയ്ക്കിടെ പറയാറുണ്ട്!!

മനോരാജ്
കുത്തരുത് സോദരാ... കുത്തരുത്!!
ചങ്കിൽ കുത്തരുത്!

എസ്.എം.സാദിഖ്
“പുലിനഖം കൊണ്ടെരു കഷായം.
അത് ശരീരത്തിന്റെ ആന്തരികബോധത്തിൽ ;
ചലനം സൃഷ്ട്ടിക്കുന്നു… ഒരു അരഞ്ഞാണവെട്ടത്തിൽ. ”

പടച്ചോനേ! എന്നു വച്ചാൽ എന്തുവാ?

സലിം ഇ.പി.
സത്യം!
(അവൾ കേൾക്കണ്ട!)

ആളവന്താൻ
വളരെ സന്തോഷം!
ചിരി നല്ലതാ.

ശ്രീ
പണ്ടൊക്കെ എല്ലാ ബ്ലോഗിലും ആദ്യ കമന്റ് ശ്രീയായിരുന്നു. ഇപ്പോൾ വന്നു വന്ന് ഓപ്പണിംഗ് ബാറ്റ്സ്മാൻ മിഡിൽ ഓർഡറിൽ ഇറങ്ങിത്തുടങ്ങി, അല്ലേ! താങ്ക്സ് എ ലോട്ട് ഫൊർ ദിസ് സിംഗിൾ!

വി.കെ.
ഹ! ഹ!!
അവളാരാ മോൾ!
ഞാനാരാ മോൻ!

DIV▲RΣTT▲Ñ said...

അവസാനം സൂപ്പര്‍ . പറയാതിരിക്കാന്‍ വയ്യ. ഈ ചേച്ചിക്ക്‌ അത് അന്നേ പറഞ്ഞുകൂടായിരുന്ന്വോ? എങ്കില്‍ ഇങ്ങനെ ഡല്‍ഹിയില്‍ കിടന്നു കഷ്ടപ്പെടേണ്ടി വരുമായിരുന്ന്വോ? ഹ..ഹാ..

faisu madeena said...

അമ്പട കള്ള ഡോക്റ്ററെ ...ആ പാവങ്ങളുടെ കഥ അടിച്ചു മാറ്റി അല്ലെ !!!

ഒരു പാട് ഇഷ്ട്ടപ്പെട്ടു

Rare Rose said...

രേണുക കിക്കിടുവ തന്നെ സംശല്ല്യ.:)

Manju Manoj said...

ജയന്‍ ഡോക്ടറെ .... ഇതു കലക്കി... കലക്കി എന്ന് മാത്രമല്ല വളരെ വളരെ നന്നായി...എല്ലാ കഥാപാത്രങ്ങളും മുന്നില്‍ വന്നു നിന്ന പോലെ... ഈ തവണ നാട്ടില്‍ പോവാന്‍ പറ്റാത്തത് കൊണ്ട് നാടിനെ കുറിച്ച് എന്ത് പറഞ്ഞാലും സങ്കടം വരുന്ന എനിക്ക് കരയാനുള്ള വക നല്‍കി ഇതു... എന്നാലും ഒരുപാട് ചിരിക്ക്യേം ചെയ്തു ട്ടോ.... നല്ല കഥ.

തെച്ചിക്കോടന്‍ said...

നാട്ടുമ്പുറത്തെ നാല്‍വര്‍ സംഘവും വെടിപറചിലുമെല്ലാം വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.

പെണ്ണുങ്ങള്‍ നിഘൂഡതയുടെ ആഴിയാണ് എന്നെല്ലാം പറയുന്നത് വെറുതയല്ല അല്ലെ ഡോക്ടറെ :)

Sukanya said...

ഡോക്ടറെ വായിക്കാന്‍ നല്ല രസമുണ്ട് ഈ ബാല്യകാലസ്മരണകള്‍.
കടുവയെ ഞെട്ടിപ്പിച്ച കിക്കിടുവ.

കാക്കര kaakkara said...

ഇഷ്ടായി... നിലവറയിൽ ഒരു “ചുറ്റികെട്ടാണ്‌” പ്രതീക്ഷിച്ചത്‌...

Typist | എഴുത്തുകാരി said...

കിടുവയെ പിടിച്ച കിക്കിടുവ അഥവാ, മിടുക്കനും മിടുമിടുക്കിയും.

രഘുനാഥന്‍ said...

ഹി ഹി ഹി ഡാക്കിട്ടരും രേണുകയും പുലി നഖവും രസിച്ചു...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഡോക്ടറുടെ എഴുത്തിന്റെ ശൈലിക്കാണു 99 മാർക്ക്..(ബാക്കി ഒരുമാർക്ക് ആ ഉളുപ്പില്ലായ്മക്ക് :) )

നല്ലൊരുപോസ്റ്റ്, സത്യം പറഞ്ഞാ എസ്.കെ പൊറ്റെക്കാടിന്റെ ഒരു ശൈലി ഫീൽ ചെയ്തു.. (പൊറ്റേക്കാട് എനിക്ക് മാപ്പ് തരട്ടെ)

Abdul Jishad said...

വളരെ രസകരമായിരിക്കുന്നു...

jayanEvoor said...

ദിവാരേട്ടൻ
എന്തു ചെയ്യാം!
തലേവര ഫെയർ ആൻഡ് ലവ്‌ലി പുരട്ടിയാൽ മായുമോ!?

ഫൈസു മദീന
എല്ലാ കഥകളും ജീവിതത്തിൽ നിന്ന് അടിച്ചുമാറ്റപ്പെട്ടവയാണ് ഫൈസൂ!
എഴുത്തുകാർ മോഷ്ടാക്കൾ!

റെയർ റോസ്
താങ്ക്സ് പുലിക്കുട്ടി.

മഞ്ജു മനോജ്
കരഞ്ഞോണ്ട് ചിരിക്ക്യേ!?
കുഴപ്പായോ? പ്രിയതമൻ കാണണ്ട!

തെച്ചിക്കോടൻ
അതെ!
എ വുമൺസ് ഹാർട്ട് ഈസ് ഡീപ്പർ ദാൻ ദ അറ്റ്‌ലാന്റിക് എന്നോ മറ്റോ അല്ലേ ആ റോസ് (റെയർ റൊസ് അല്ല) ടൈറ്റാനിക്കിൽ പറഞ്ഞേക്കുന്നത്!!

സുകന്യേച്ചി
വളരെ സന്തോഷം.
നന്ദി!

കാക്കര
“ഇഷ്ടായി... നിലവറയിൽ ഒരു “ചുറ്റികെട്ടാണ്‌” പ്രതീക്ഷിച്ചത്‌...”
ഈശോ! കാക്കര എന്തൊക്കെയാ പ്രതീക്ഷിക്കുന്നതെന്റെ മിശിഹായേ!

എഴുത്തുകാരിച്ചേച്ചി
നല്ല വാക്കുകൾക്ക് നന്ദി!

രഘുനാഥൻ
അപ്പോ, എല്ലാം ഓക്കെയല്ലേ?
ഞാൻ എന്നാ വരണ്ടത്!?

പ്രവീൺ വട്ടപ്പറമ്പത്ത്
പൊട്ടക്കാട് മാപ്പു തരും അനിയാ, മാപ്പു തരും!
എന്നാലും എനിക്ക് ഒരു മാർക്കു കുറച്ചില്ലേ!?
പിശുക്കൻ!

അബ്ദുൾ ജിഷാദ്
നന്ദി!നിറഞ്ഞ നന്ദി!

സ്വപ്നസഖി said...

അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല.
............................
എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.


പുലിനഖം സ്വന്തമാക്കാന്‍ കണ്ടുപിടിച്ച വഴി കൊളളാം!
പശു ചത്തും പോയ്...മോരിലെ പുളിയും പോയ്. ഇനി പറഞ്ഞിട്ടെന്തു കാര്യം ഡോക്ടറേ?

വളരെ രസകരമായി അവതരിപ്പിച്ചു. വായിച്ചുതീര്‍ന്നതറിഞ്ഞില്ല.

Balettan said...

Annaa.. pennine nambaruthu

thalayambalath said...

ഇവള്‍ കിക്കിടുവ തന്നെ....... ജയന്‍ഭായീ നല്ല പോസ്റ്റ്... അഭിനന്ദനങ്ങള്‍

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...

വളരെ തന്മയത്വമുള്ള പറച്ചില്‍
കൊച്ചുന്നാളില്‍ ഇതുപോലെ വെടിപരയുന്ന പല മൂപ്പിലാന്മാരെയും ഓര്‍മ്മിപ്പിച്ചു.
"നാൽവർ സംഘം ഒരുമിച്ചു കൂടിയാൽ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നിൽക്കും", ഇത് ഞാനും ചെയ്തിട്ടുണ്ട്!

ഇഷ്ടപ്പെട്ടു!

pravasi said...

കഥ പറച്ചിലിനു നല്ല ഒഴുക്കുണ്ടായിരുന്നു...പുലി തന്നെ.

jayanEvoor said...

സ്വപ്നസഖി
എനിക്കു മതിപ്പുതോന്നിയതിൽ തെറ്റുണ്ടോ, സഖീ!?
സത്യത്തിൽ ഞാനല്ല, ശാസ്ത്രികളുടെ അമ്മാവനാ യഥാർത്ഥ പുലി!

ബാലേട്ടൻ
ഉം... പെണ്ണിനെ നമ്പിയാൽ...!???

തലയമ്പലത്ത്
കിക്കിടുവ കീ...!

വഷളൻ ജേക്കെ
അതു ശരി!
അപ്പോ നുമ്മ രണ്ടും ഒരേ ഇനം!

പ്രവാസി
പുലി ഞാനല്ല, ഞാനല്ല!

നല്ലവാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി സുഹൃത്തുക്കളെ.

Kalavallabhan said...

പണ്ട് കടുവ
ഇപ്പോൾ പുപ്പുലി
പോരാത്തതിനു ഡോക്ടറും
സൂചി കടത്താനിടം കിട്ടിയടത്ത് തെങ്ങുകുറ്റി കയറ്റി.
വായിക്കാൻ നല്ല രസം.

ഭൂതത്താന്‍ said...

രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!


രസികന്‍ കിക്കിടുവ തന്നെ

കാവലാന്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ് കല്യാണവീടുകളും വാചകമടി സഭയും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.


"രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!"

ഹൊ! കഠിന കഠോരമായ തീരുമാനം തന്നെ!.

baiju said...

ഡോട്ടറേ കിക്കിടുവ!

keraladasanunni said...

ശരിക്കും കിക്കിടുവ. ചിരി ചുണ്ടില്‍ നിന്ന് മായുന്നില്ല.

കണ്ണൂരാന്‍ / K@nnooraan said...

ഒരു വെടിപറച്ചില്‍ന്‍റെ സുഖം തരുന്ന രചന. മനോഹരമായി ജയേട്ടാ.
(എന്നാലും നര്‍മ്മം വിട്ടു പോകല്ലേ എന്ന് അപേക്ഷിക്കുന്നു)

jayanEvoor said...

കലാവല്ലഭൻ
സൂചി കടത്താനിടം കിട്ടിയിടത്ത് തെങ്ങു കുറ്റി കയറ്റിയെന്നോ!? നട്ടാൽ മുളക്കാത്ത നുണ ഇങ്ങനെ പറയല്ലേ!ഞാനൊരു ശിശു.... വേണമെങ്കിൽ പുലിയുടെ ശിശു എന്നു വിളിച്ചോ!

ഭൂതത്താൻ
രേണുകയെ കല്യാണം കഴിക്കാൻ തീരുമാനിച്ചെങ്കിലും കിക്കിടുവ ഞാനല്ല!

കാവലാൻ
അതെ. കഠോരമായ ഒരു തീരുമാനം തന്നെ.
പക്ഷെ, നടപ്പായില്ല!

ബൈജു
കിടിലൻ നന്ദി!

കേരളദാസനുണ്ണി
ചിരിക്കൂ ചിരിക്കൂ; ചിരിച്ചുകൊണ്ടിരിക്കൂ!

കണ്ണൂരാൻ
നർമ്മം വിടാനോ!
ഹൈ!അങ്ങനൊരുദ്ദേശം ഇല്ലേയില്ല.


എല്ലാവർക്കും നന്ദി!

ചിതല്‍/chithal said...

എന്റെ ജയേട്ടാ, ഇതൊരു വെടിക്കെട്ട് സാധനമായി! അതിഗംഭീരം! കഴിഞ്ഞ 1-2 കഥ അത്രക്കേറ്റില്ലായിരുന്നു. അതിന്റെ ക്ഷീണം മുഴുവൻ ഒറ്റയടിക്കു് തീർത്തു.

“അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും...”
അയ്യയ്യേ.....!!! അരഞ്ഞാണത്തീന്നു് മോഷ്ടിക്കാൻ പ്ലാനിട്ടിരുന്നോ?

ഒഴാക്കാ, നീ അടി വാങ്ങും!

ജയേട്ടാ, എനിക്കു് രേണുകയുടെ 1-2 നഖം സംഘടിപ്പിച്ചു് തരുമോ?

lekshmi. lachu said...

നല്ല രസമുള്ള പോസ്റ്റാ ടോ..ഇതിലെ കമന്റുകള്‍ വായിക്കാന്‍ അതിലേറെ
രസം ഉണ്ട്.

Echmukutty said...

ഞാൻ വരാൻ വൈകിയല്ലോ. സരമില്ല.
രേണുക മിടുക്കി തന്നെ.

നല്ല രസമായിട്ടെഴുതി. ഇപ്പൊ ഇപ്പോ എഴുത്ത് അങ്ങനെ കേമമായി വരുന്നുണ്ട്.

സന്തോഷം.

jayanEvoor said...

ചിതൽ....

ഹ! ഹ!!

രേണുകയുടെ നഖം മാത്രം മതിയോ!?
അല്ല അതെന്താണതിന്റെയൊരു ഗുട്ടൻസ്!?
ആവോ!!
ഇനി ചാണ്ടിയോട് ചൊദിച്ചു മനസ്സിലാക്കാം!

ലക്ഷ്മി ലച്ചൂ,

നിറഞ്ഞ നന്ദി!

എച്ച്‌മുക്കുട്ടി

ഞാൻ ധന്യനായി!!

ഹാപ്പി ബാച്ചിലേഴ്സ് said...

സ്വാമി ശരണം.
മാലയിട്ടപ്പോള്‍ ബ്ലോഗ്‌ നിര്‍ത്തിയത് നന്നായി.
ഇക്കിളിപ്പെടുത്താതെ ഇക്കിളിപെടുതുന്ന എഴുത്ത്.
ജയന്‍ ജി, മനോഹരം, ഗംഭീരം, excellent .
ശരിക്കും. ചിതല്‍ പറഞ്ഞതിനോട് യോജിക്കുന്നു.
ഇത്രയും നല്ല ഐറ്റം ഇപ്പൊ അടുത്ത് വായിച്ചിട്ടില്ല.
hats ഓഫ്‌. രേണുക മനസ്സില്‍ തങ്ങി നില്‍ക്കുന്നു [ ബാല്യകാല സഖി... :( ]
ഒരു സെകന്റ് പോലും മുഷിഞ്ഞില്ല. ആശംസകള്‍ ഡാക്കിട്ടരെ

നന്ദു | naNdu | നന്ദു said...

ഇവിടെ എത്തിപ്പെടാന്‍ കുറെ വൈകി.
ഈ പോസ്റ്റ് ഇപ്പോഴെങ്കിലും വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടമായേനെ.
പറയാന്‍ പറ്റിയ നല്ല കമന്റുകളൊന്നും നാവില്‍.. സോറി, കീബോര്‍ഡില്‍ വരുന്നില്ലല്ലോ!
വളരെ നല്ല അവതരണം, കഥ...
ഇനി ഞാന്‍ ഡോക്ടറെ വിടാതെ പിടിക്കുന്നുണ്ട്.

nachikethus said...

മോനെ ജയന്‍ കുട്ടാ,അത്രേം കാലം അവള്‍ അത് അരേല്‍ കെട്ടി നിന്റെ കൂടെ നടന്നിട്ടും അതവിടെ ഉണ്ടെന്നു കണ്ടു പിടിക്കാനുള്ള ദിവ്യ ദൃഷ്ടി നിനക്കില്ലയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കില്ല...നിന്നെ എനിക്കെത്ര കാലമായി അറിയാം ....സത്യം പറ ആ പുലി നഖം ഒറിജിനല്‍ അല്ല എന്ന് നിനക്ക് മനസ്സിലായിരുന്നു അതല്ലേ സത്യം ?ജിത്തു

nachikethus said...

മോനെ ജയന്‍ കുട്ടാ,അത്രേം കാലം അവള്‍ അത് അരേല്‍ കെട്ടി നിന്റെ കൂടെ നടന്നിട്ടും അതവിടെ ഉണ്ടെന്നു കണ്ടു പിടിക്കാനുള്ള ദിവ്യ ദൃഷ്ടി നിനക്കില്ലയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കില്ല...നിന്നെ എനിക്കെത്ര കാലമായി അറിയാം ....സത്യം പറ ആ പുലി നഖം ഒറിജിനല്‍ അല്ല എന്ന് നിനക്ക് മനസ്സിലായിരുന്നു അതല്ലേ സത്യം ?ജിത്തു

.ഒരു കുഞ്ഞുമയില്‍പീലി said...

ആഹാ :))))))))

മണ്ടൂസന്‍ said...

രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!

അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയിൽ കെട്ടിയാൽ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയിൽ നിന്നു കൈക്കലാക്കും എന്നവൾ പ്രതിജ്ഞയെടുത്തു.

അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മൾ ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും പറയാൻ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.

ന്റെ ജയേട്ടാ അങ്ങനൊരു മോഹം മനസ്സിലുദിച്ചപ്പഴേ,അദ്ദേഹി ആരുടെ വംശപരമ്പരയിൽ പെട്ടതാന്ന് ഒന്നാലോചിക്കേണ്ടതായിരുന്നു.! ന്തായാലും കാര്യം നല്ല ജോറായി രണ്ടാൾക്കും മനസ്സിലായല്ലോ ? കടുവയ്ക്കും മനസ്സിലായി കിടുവയ്ക്കും മനസ്സിലായി കാര്യം.! പിന്നെന്താ പ്രശ്നം ?ഹാ ഹാ ഹാ ! ആശംസകൾ ജയേട്ടാ.

kochumol(കുങ്കുമം) said...

മനേകാ ഗാന്ധി അറിയണ്ടാ.....:))

കുഞ്ഞന്‍ said...

മാഷേ.. ഒരു പട്ടാളക്കഥ കേൾക്കുന്ന രസത്തോടെ ഞാൻ വായിച്ചു. ന്നാലും ഈ സുന്ദരനെ സ്വന്തമാക്കാൻ രേണുകക്ക് ഭാഗ്യമില്ലാതായിപ്പോയെന്നേ ഞാൻ പറയൂ..

Manoj Kumar M said...

കിടിലം.. :)

Pradeep Kumar said...

നല്ല രചനകൾ ആസ്വദിച്ചു വായിച്ചുകഴിയുമ്പോൾ വായന വെറുതെ ആവുന്നില്ല....

ഡോക്ടർ നല്ലൊരു വായന തന്നു.....

ഫിയൊനിക്സ് said...

super allatto...superb!!

അഭി said...

:)

അനാമിക said...

അക്കിടി ഡോക്ടര്‍മാര്‍ക്കും പറ്റുമല്ലേ..? നുണക്കഥ ആണേലും പുലികഥ വായിക്കാന്‍ രസമുണ്ട് .

Nisha said...

അസ്സലായിട്ടുണ്ട്; അവസാനം പ്രത്യേകിച്ചും!!!

jayanEvoor said...

ഹാപ്പി ബാച്ചിലേഴ്സ്
നന്ദു
നചികേതസ്
ഒരു കുഞ്ഞു മയിൽ‌പ്പീലി
മണ്ടൂസൻ
കൊച്ചുമോൾ
മനോജ് കുമാർ
പ്രദീപ് കുമാർ
ഫിയോനിക്സ്
അഭി
അനാമിക
നിഷ

എല്ലാവർക്കും നന്ദി!