Sunday, October 31, 2010

നാട്ടിൻ പുറത്തെ വാൻഗോഗ്.

ഒരു കഷണം ആഞ്ഞിലിത്തടി തുരന്ന് ചെറിയൊരു ചുണ്ടൻ വള്ളമുണ്ടാക്കി മകനു കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. കഴിഞ്ഞ വള്ളംകളി മുതൽ മകൻ ആവശ്യപ്പെടുന്നതാണ് ഒരു കളിവള്ളം.

അപ്പോഴാണ് അനിയൻ കടന്നു വന്നത്. വലിയ ഉത്സാഹത്തിലായിരുന്നു അവൻ. പക്ഷേ അവനു പറയാനുള്ളതൊന്നും കേൾക്കാനുള്ള മൂഡിലായിരുന്നില്ല സുമേധൻ.

“ഏട്ടാ, അറിഞ്ഞോ....!?“എന്നു ചോദിച്ചപ്പോഴേക്കും അയാൾ പറഞ്ഞു. “ഇല്ല, അറിഞ്ഞില്ല. ഒന്നുമിപ്പോൾ
അറിയണമെന്നും ഇല്ല. പണിയെടുത്തുകൊണ്ടിരിക്കുന്നത് നിനക്കു കണ്ടുകൂടേ!?”

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നും ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് നിരോധനമാണെന്നും പറയാനായിരുന്നു സുദീപൻ അവിടെയെത്തിയത്. എന്നാൽ അതുപറയാനൊരവസരം അയാൾ അവനു കൊടുത്തില്ല. സുമേധന്റെസ്വഭാവം നന്നായറിയാമെന്നതുകൊണ്ട് കൂടുതൽ വാദമുഖങ്ങൾക്കൊന്നും സുദീപൻ മുതിർന്നതുമില്ല.

ഏട്ടൻ ചുണ്ടൻ വള്ളമാണ് പണിഞ്ഞുകൊണ്ടിരിക്കുന്നതെന്നു കണ്ടപ്പോൾ അനിയൻ അതിശയിച്ചു. ഇനിയിപ്പോ കാക്ക മലർന്നു പറക്കുമോ! അവൻ അതിശയിച്ചു. ഉഴപ്പന്മാരുടെ രാജാവാണ് ചുണ്ടൻ വള്ളം പണിയുന്നത്!

ഏട്ടന്റെ കരവിരുത് സാകൂതം നോക്കിക്കൊണ്ട് അവൻ അരികത്തു നിന്നു. എത്ര അയത്നലളിതമായാണ് ആ വിരലുകൾ ആഞ്ഞിലിക്കഷണത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നത്. താൻ അരികിൽ ഉണ്ടെന്നത് ആൾ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു.

മകൻ അംഗനവാടിയിൽ നിന്നു വരുന്നതിനു മുൻപ് ചുണ്ടൻ വള്ളം പണിഞ്ഞു തീർക്കുകയാണ് ഏട്ടന്റെ ഉദ്ദേശം എന്ന് അവനു മനസ്സിലായി.

മണി മൂന്നരയായതോടെ രമണി കുട്ടിയുമായെത്തി. ഭർത്താവ് കൊത്തുപണിയുമായിരിക്കുന്നതുകണ്ട ഉടൻ അവൾ ചീറി.

“ഓ.... ഇനി മോനെ വള്ളത്തിലേറ്റി കായലിലേക്കു വിടാനായിരിക്കും ചുണ്ടൻ വള്ളം.”

സുമേധൻ പ്രതികരിച്ചില്ല. അയാൾ വള്ളം മിനുക്കിക്കൊണ്ടിരുന്നു. തന്റെ സ്വപ്നമായ കളിപ്പാട്ടം അച്ഛന്റെ കൈകളിൽ കണ്ടപ്പോൾ മകൻ തുള്ളിച്ചാടി അയാൾക്കരികിലെത്തി. രമണി ക്രുദ്ധയായി പാഞ്ഞുവന്ന് അവനെ വലിച്ചിഴച്ചുകൊണ്ടുപോയി.

സുദീപൻ ആകെ വിഷമത്തിലായി. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഏട്ടന്റെയുള്ളിലെ കലാകാരനെ മനസ്സിലാക്കാൻ ഭാര്യയ്ക്കുകഴിഞ്ഞില്ല. അലസനായ ചിത്രകാരന്റെ ഭാര്യ എന്നതിനേക്കാൾ നിത്യവൃത്തിക്കുമുട്ടില്ലാത്ത ബാനറെഴുത്തുകാരന്റെ വീട്ടുകാരി എന്ന നിലയിൽ ജീവിക്കാനായിരുന്നു രമണിക്കു താല്പര്യം.

ഇനിയിവിടെ നിന്നാൽ ഒരു ശണ്ഠയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരും.

അവൻ ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു. പുറത്തേക്കു കൂണ്ടുപോയി.

“അമ്മ കാണണമെന്നു പറയുന്നു.” കള്ളം പറഞ്ഞു.

അവർ പുറത്തേക്കിറങ്ങി.

സുമേധൻ തിരിച്ചുവന്നപ്പോൾ മകൻ ഏങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു.

രമണി ആ ചുണ്ടൻ വള്ളം കൊത്തിനുറുക്കി അടുപ്പിൽ വിറകാക്കിയത്രെ!

ഇപ്പോൾ ഇടയ്ക്കു കയറാൻ സുദീപനില്ല.

ഇരച്ചുകയറിയ കലിയിൽ സുമേധൻ സ്വയം മറന്നു. നെറ്റിയിൽ നിന്നും കടവായിൽ നിന്നും രക്തമൊലിപ്പിച്ച് രമണി നിലത്തു വീണു.

പിറ്റേന്നു രാവിലെഅവിടെ അടുക്കള പുകഞ്ഞില്ല. രമണി വെളുപ്പാൻ കാലത്തെ ആദ്യ വണ്ടിക്കു തന്നെ ആവീടു വിട്ടുപോയിരുന്നു. സുദീപൻ വന്ന് കുട്ടിയെ തറവാട്ടിലേക്കു കൊണ്ടുപോയി.

തറവാട്ടിലിപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം ഉള്ളത് സുദീപനാണ്. കല്യാണശേഷമാണ് സുമേധൻ മാറിത്താമസിക്കാൻ തുടങ്ങിയത്.സുദീപന് ഓർമ്മയുള്ളകാലം മുതൽ സ്കൂളിലെന്നും ആരാധിക്കപ്പെട്ട ചിത്രകാരനായിരുന്നു അവന്റെ ജ്യേഷ്ഠൻ.

ആദ്യകാലത്ത് കട്ടിപ്പെയിന്റിൽ കടുംവർണങ്ങൾ ചാലിച്ച്, വ്യക്തമായ വരകളോടെ യഥാർത്ഥജീവീതത്തിൽ നിന്നുള്ള ചിത്രങ്ങൾ വരച്ചിരുന്നു സുമേധൻ.

പിന്നീടെപ്പോഴൊ പ്രകൃതിയിലെ ജ്യാമിതിയിലായി അയാളുടെ ശ്രദ്ധ. പൂവിലും കായിലും, ഒച്ചിലും ഞണ്ടിലും, പുരയുടെ മേൽക്കൂരയിലും ഒക്കെ നോക്കി മണിക്കൂറുകൾ ചെലവഴിക്കുക പതിവായി.

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ഒരുവിധം പാസായപ്പോൾ ഫൈൻ ആർട്ട്സ് കോളേജിൽ ചേരാനായിരുന്നു സുമേധനു താല്പര്യം. എന്നാൽ അച്ഛൻ സമ്മതിച്ചില്ല. ഊശാന്താടിയും കഞ്ചാവുമായി നടന്ന് വീടിനും നാടിനും കൊള്ളാത്തവനാക്കാൻ തനിക്ക് മക്കളില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചു. അമ്മയും അനിയനും എത്ര നിർബന്ധിച്ചിട്ടും അച്ഛൻ വഴങ്ങിയില്ല.

രണ്ടുകൊല്ലം മറ്റൊരു കോഴ്സിനും ചേരാതെ വെറുതേ പോയി.

അച്ഛനും ഏട്ടനും തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചുവന്നു. മനസ്സുകൊണ്ട് ഏട്ടനൊപ്പമായിരുന്നു സുദീപൻ. അച്ഛന് കഴിവെന്നാൽ പരീക്ഷ പാസാകൽ മാത്രമാണ്.അനുകൂലമായ ഒരു പിൻതുണകിട്ടിയാൽ എവിടെയെത്തണ്ട ആളാണ് ഏട്ടൻ. പക്ഷെ അച്ഛനിപ്പോൾ മൂത്തമകനെ എങ്ങനെയെങ്കിലൂം ഒഴിവാക്കിയാൽ മതിയെന്നായി. അമ്മയ്ക്ക് ഒരുകാലത്തും സ്വന്തം അഭീപ്രായം എന്നൊന്നില്ല താനും.

അങ്ങനെയാണ് സുമേധൻ ബാംഗ്ലൂർക്ക് നാടുകടത്തപ്പെട്ടത്.പക്ഷേ ബാംഗ്ലൂർഅയാൾക്കിഷ്ടമായില്ല. തണുത്തു നരച്ച ശീലത്തുണിപോലെ ആകാശം അയാൾക്കു മീതെ കനംതൂങ്ങി നിന്നു. വെയിൽ, വെളിച്ചം, നീലാകാശം, നാട്ടിൻപുറം ഇതൊക്കെയായിരുന്നു അയാൾക്കിഷ്ടം.

അന്തരീക്ഷം കനം തൂങ്ങുന്നതോടെ മനസ്സും കനക്കും. പിന്നീടുള്ള യാമങ്ങൾ അസഹനീയമായ വ്യഥയാണ് സുമേധനു നൽകിയത്.ഒരു കൊല്ലത്തിനുള്ളിൽ അയാൾ ബാംഗ്ലൂരിനു വിട ചൊല്ലി. നാട്ടിലേക്കു മടങ്ങി.

നാട്ടുവെയിലും, കാറ്റും, വയൽപ്പരപ്പും അയാളെ ആഹ്ലാദവാനാക്കി. തന്റെ മകൻ ഇത്ര സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ അമ്മ ഉള്ളുതുറന്നാഹ്ലാദിച്ചു.

അങ്ങനെയാണ് രമണിയെ പെണ്ണുകാണാൻ അവർ മകനെ നിർബന്ധിച്ചത്. അച്ഛനും സഹോദരങ്ങൾക്കും എതിർപ്പുണ്ടായില്ല..

ആദ്യമൊക്കെ ഭർത്താവ് ചിത്രം വരയ്ക്കുന്നത് രമണി നോക്കിയിരിക്കുമായിരുന്നു, വിശേഷിച്ചൊന്നും മനസ്സിലായില്ലെങ്കിലും. എന്നാൽ പിൽക്കാലത്ത് ഒരു ചിത്രവും സുമേധൻ മുഴുമിക്കാതെയായി. മുക്കാൽ പങ്ക് വരച്ചു തീർത്ത നിരവധി ചിത്രങ്ങൾ അയാളുടെ മുറിയിൽ അട്ടിയായി.അഥവാ ഒരുചിത്രം മുഴുമിച്ചാൽ അത് ആർക്കെങ്കിലും സ്നേഹപൂർവം സമ്മാനിക്കും. മറ്റു ചിലരോട് ചിത്രം നൽകാമെന്നു വാഗ്ദാനം നൽകിയാലും വരച്ചു നൽകുകയുമില്ല!

വേറേ പണിയൊന്നും ചെയ്യാൻ അയാൾക്കറിയില്ല എന്നതിനാൽ പണത്തിനു നന്നേ ഞെരുക്കമായി.

അതിനിടെ കോളേജുവിദ്യാർത്ഥിയായിക്കഴിഞ്ഞിരുന്ന സുദീപൻ വളരെ കഷ്ടപ്പെട്ട് ഒരുചിത്രപ്രദർശനം സംഘടിപ്പിച്ചു. അതിൽ വിറ്റുപോയത് രണ്ടേ രണ്ടു ചിത്രങ്ങളാണ്. ആ പൈസയുമായി വരുന്ന വഴിക്കാണ് പണിക്കരുമാഷുടെ ഭാര്യ ആക്സിഡന്റിൽ പെട്ടുറോഡിൽ കിടക്കുന്നത് കണ്ടത്. അനിയൻ നോക്കി നിൽക്കേ സുമേധൻ കാറു വിളിച്ച്നാട്ടുകാരുമായി മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. പിറ്റേന്നാണ് തിരിച്ചുവന്നത്.

കാറുകൂലിയും, സ്കാനിംഗും മരുന്നുകൂട്ടവുമൊക്കെയായി കീശ കാലി.

ചിത്രപ്രദർശനം വഴി വീട്ടിലെത്തിയത് കുഞ്ഞുമകനുള്ള ഒരു മിഠായിപ്പൊതി മാത്രം.

രമണി പൊട്ടിത്തെറിച്ചു. കാശിനു കൊള്ളരുതാത്ത ഒരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ പൊറുത്തോളാം എന്നാർക്കും വാക്കൊന്നും കൊടുത്തില്ലെന്ന് അവൾ അലറി.

അങ്ങനെയാണ് അയാൾ ബാനർ എഴുതാൻ തുടങ്ങിയത്. ഒക്കെ അനിയൻ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഓർഡറുകൾ. അത്യാവശ്യം വീട്ടുചെലവുകൾക്ക് മുട്ടില്ല എന്നായി.

എന്നാൽ ആആശ്വാസം അധികം നീണ്ടുനിന്നില്ല. നാട്ടിൽ ഫ്ലക്സ് വിപ്ലവം വന്നത്അക്കാലത്തായിരുന്നു. രാഷ്ട്രീയപ്പാർട്ടികളുൾപ്പടെ സകലരും ഫ്ളക്സിലേക്ക് കാലുമാറി.

സൌജന്യമായി ബാനർ എഴുതാം എന്നുവച്ചാലും ആർക്കും വേണ്ട. അതൊക്കെ വലിയ താമസമുള്ള ഏർപ്പാടാണത്രെ! രണ്ടു മണിക്കൂർ കൊണ്ട് കിട്ടുന്ന ഫ്ളക്സിനു പകരം രണ്ടുദിവസം കാത്തിരിക്കാൻ ആർക്കും സമയമില്ല.

ജീവിതം വഴിമുട്ടി.

പരീക്ഷകൾ എന്നും അയാൾക്ക് പേടിസ്വപ്നമായിരുന്നു. സ്കൂളിലും ജീവിതത്തിലും.

കുട്ടിക്കാലം അവസാനിച്ചുപോയതോർത്ത് അയാൾ ദു:ഖിച്ചു. ഭാമയുടെ മുഖം മനസ്സിൽ തെളിഞ്ഞു.

അന്നൊക്കെ പുസ്തകം തുറന്നാൽ അതിലെ ആദ്യവരി വായിക്കുമ്പോഴേയ്ക്കും സുമേധന്റെ മനസ്സിൽ നൂറായിരം വർണങ്ങൾ വിരിയും. കണക്ക് പരീക്ഷയുടെ തലേന്നാണ് വർണചിത്രങ്ങളുടെ ജ്യാമിതി ഒരു കാലിഡോസ്കോപ്പിലെന്നപോലെ തലയിൽ നിറഞ്ഞത്. രാവുമുഴുവൻ ശ്രമിച്ചെങ്കിലും അതിൽ പകുതിപോലും അവന് കടലാസിലേക്ക് ആവാഹിക്കാൻകഴിഞ്ഞില്ല.

പിറ്റേന്നു രാവിലെ സ്കൂളിലെത്തിയപ്പോൾ അവൻ ഭാമയെ പിടിച്ചു വലിച്ച് വരാന്തയുടെ ഒഴിഞ്ഞ മൂലയിലേക്കോടി. തന്റെ നോട്ടുപുസ്തകം നിറയെ വരഞ്ഞിട്ട ചിത്രങ്ങൾ അവളെ കാണിച്ചു. സുമേധന്റെ ചിത്രങ്ങളിൽ അവൻ പോലുംകാണാതിരുന്ന ജ്യാമിതീയപൂർണതയുടെ അനായാസതയിൽ അവൾ വിസ്മയം കൊണ്ടു.

അവൾക്ക് വരയ്ക്കാനറിയില്ലായിരുന്നു. പക്ഷേ അവൻ വരഞ്ഞ ഓരോ ചിത്രവും അവളുടെ കണ്ണുംകരളും തലച്ചോറും കീഴടക്കി.പെട്ടെന്നുണ്ടായ ആവേഗത്തിൽ അവൾ സുമേധനെചുംബിച്ചു. ചുംബനങ്ങളുടെ ആവേശം അവൻ ഏറ്റെടുത്തു. കണക്കു പരീക്ഷ തൊട്ടടുത്ത ഹാളിൽ നടക്കുമ്പോൾ അവർ ജ്യാമിതീയനിയമങ്ങളുടെ ഉടലഴകുകൾ പരസ്പരം അറിഞ്ഞു.

ക്ലാസ് ഫസ്റ്റായിരുന്നു,ഭാമ. ആ ഓണപ്പരീക്ഷയോടെ അവളുടെ പഠനഗ്രാഫ് ക്രമേണ താഴ്ന്നു. സുമേധന്റെചിത്രങ്ങൾ വർണനാഗങ്ങളുടെ ഫണം വിടർത്തിയാടി. വയലിറമ്പിലെകൈതക്കൂട്ടങ്ങൾക്കിടയിലും, സർപ്പക്കാവിലെ നാഗത്തറയിലുമൊക്കെ വർണം വിതറി ജ്യാമിതിപുഷ്പങ്ങൾ വിരിഞ്ഞു.

അവളാണ് അവന്റെ ഓരോ ചിത്രത്തിനും വ്യാഖ്യാനങ്ങൾ ചമച്ചത്. ഓരോ ചിത്രത്തിലും അവൾ തന്നെത്തന്നെ കണ്ടെത്തി.

പലപ്പോഴും അവൻ ചോദിക്കുമായിരുന്നു “എങ്ങനെയാണ് ഭാമേ നീയീ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നത്? ഞാൻ കാണാത്ത, സങ്കല്പിച്ചിട്ടുകൂടിയില്ലാത്ത അർത്ഥതലങ്ങൾ.....”

അവളുടെ വ്യാഖ്യാനങ്ങളുടെ നറുനിലാവിൽ അവൻ തന്റെ സങ്കേതങ്ങൾ വിപുലപ്പെടുത്തി. കലോത്സവങ്ങളിൽ സുമേധൻ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

പക്ഷേ പിന്നീട്ആര് ആരിൽ നിന്നാണകന്നത് എന്നറിയില്ല. പ്രീഡിഗ്രിക്കാലത്തു തന്നെഭാമയുമായുള്ള സൌഹൃദം ഇല്ലാതായിക്കഴിഞ്ഞിരുന്നു. സുമേധൻ എല്ലാവരിൽ നിന്നും ഉൾ വലിഞ്ഞു.

വർഷങ്ങൾക്കിപ്പുറം ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അയാൾക്ക് സ്കൂൾ ദിനങ്ങളിലേക്ക് മടങ്ങാൻ അദമ്യമായ ഉൾവിളി തോന്നി.

സുദീപനോട് ഭാമയെക്കുറിച്ചു ചോദിച്ചു.

അവളിപ്പോൾ കുറച്ചു ദൂരെയാണ് താമസം എന്നും, വിവാഹം കഴിച്ചെന്നും എന്നാൽ അവളെക്കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നും അല്ലെന്നും അവൻ വിവരിച്ചു.

അനിയൻ പറഞ്ഞ വിവരങ്ങൾ വച്ച് വീട് പെട്ടെന്നു തന്നെ കണ്ടു പിടിച്ചു. ഒരു കൂറ്റൻ ബംഗ്ലാവ്.

അന്നു വൈകുന്നേരം ഭാമയ്ക്കരികിലിരിക്കുമ്പോൾ സുമേധൻനിശ്ശബ്ദനായിരുന്നു. വർണ്ണക്കൂട്ടുകളുടെ ജ്യാമിതീയരാശികളിൽ മുഴുകി സ്വയംമറന്നിരിക്കുകയായിരുന്നു അയാൾ. അവളാവട്ടെ തൊങ്ങലുകളുള്ള ഒരു ഒഴുക്കൻകുപ്പായം മാത്രം ധരിച്ച് നിലക്കണ്ണാടിക്കു മുന്നിൽ അലസം ഇരുന്നു. മിണ്ടാതെ മിണ്ടിയിരുന്ന മിനിട്ടുകൾക്കൊടുവിൽ സുമേധൻ എഴുന്നേറ്റു. തന്റെസഞ്ചിക്കുള്ളിൽ നിന്ന് ഒരു ബ്രഷും ചായക്കൂട്ടും പുറത്തെടുത്തു.

പാതിരാവാകുവോളം ക്യാൻവാസിൽ അവളുടെ ഉടലഴകിന്റെ ജ്യാമിതിയിൽ ചിത്രങ്ങൾ തീർത്തു, അയാൾ.

ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു.......ഭർത്താവു മരിച്ചശേഷം അവൾ എന്നും ആ വീടിനുള്ളിൽ തന്നെയായിരുന്നു. പുറത്തധികം ഇറങ്ങാതെ പെയിന്റിംഗുകളിൽ തന്റെ മുഖം പരതി രാപ്പകലുകൾ.....

“ഞാനെന്തേ ഇങ്ങനെയായത്!?” അവൾ തന്നത്താനേ ചോദിച്ചു.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. സുമേധന്റെ മൌനം പൊളിക്കാൻ വേണ്ടി അവൾ ചോദിച്ചു.

“ഇത്രയും നേരം മോഡൽ ആയി ഇരുന്നു തന്നതിന് എനിക്കെന്തു പകരം തരും, നീ?” അവൾ ചോദിച്ചു.

“എന്തുവേണം നിനക്ക്?”

"നിന്റെയീ റോമൻ നോസ് !“ അവന്റെ നീണ്ട മൂക്കിന്റെ പാലത്തിൽ തട്ടി അവൾ പറഞ്ഞു.

“തരുമോ..? നിന്റെ മൂക്ക്...!?” അവൾ ചോദ്യം ആവർത്തിച്ചു.

സുമേധൻ എഴുന്നേറ്റു. തന്റെ മൂക്കിൻ തുമ്പ് അവളുടെ ചുണ്ടിൽ തൊടുവിച്ചു പറഞ്ഞു. “കടിച്ചെടുത്തോ....!“

എന്നാൽ അയാളെ അമ്പരപ്പിക്കുമാറ് അവൾ പിന്നിലേക്കു മാറി.

“കടിച്ചെടുക്കാൻ ഞാനെന്താ വല്ല നായയോ മറ്റോ ആണോ? നിനക്കു ചുണയുണ്ടെങ്കിൽ നിന്റെ മൂക്ക് എനിക്കു മുറിച്ചു താ!“

കൂർത്ത കൺമുനകളെയ്തുകൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുകളിലെ കുസൃതി പക്ഷേ, അയാൾക്കൊരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത്.

ചുറ്റും പരതിയ,സുമേധന്റെ കണ്ണുകൾ, മേശപ്പുറത്തിരുന്ന കറിക്കത്തിയിലുടക്കി. ഒരുനിമിഷാർദ്ധത്തിൽ അയാളുടെ കയ്യിലിരുന്ന് അതിന്റെ വായ്ത്തല തിളങ്ങി. അടുത്തനിമിഷം അവളുടെ മുഖത്തേക്ക് ചോര തെറിച്ചു.

മൂക്ക് അറ്റു തൂങ്ങി.ചോര കുടുകുടെ ഒഴുകാൻ തുടങ്ങി. കളി കാര്യമായതോടെ ഭാമ വിയർത്തു. എന്തുചെയ്യണം എന്നറിയാതെ അവൾ പകച്ചു. ഒടുവിൽ അയാളുടെ മൊബൈലിൽ നിന്ന് അവൾ സുദീപന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു.

ആ വാർത്ത കേട്ടപ്പോൾ ഗണികയ്ക്ക് സ്വന്തം ചെവിയറുത്തു സമ്മാനിച്ച വിൻസെന്റ് വാൻ ഗോഗിനെ ഓർത്തു, സുദീപൻ. സ്വയം ഒരു വാൻ ഗോഗാകാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ തന്റെ ഏട്ടൻ?

സംഭവം കേട്ടപാടേ, രമണി തറവാട്ടിലെത്തി മകനെ പിടിച്ചു വലിച്ചുകൊണ്ടുപോയി. അച്ഛനുമമ്മയ്ക്കും മുന്നിൽ വച്ച് സുമേധൻ കെട്ടിയ താലിച്ചരട് പൊട്ടിച്ച് നിലത്തെറിഞ്ഞു.

“കണ്ട തേവിടിശ്ശിമാര് മൂക്കു ചെത്തിവിട്ടവന്റെ കൂടെ ഇനി എന്റെ പട്ടി പൊറുക്കും!“ എന്നലറി അവൾ കാർക്കിച്ചു തുപ്പി.

അമ്മ മരവിച്ചു നിന്നു. അച്ഛന്റെ മുഖത്ത് പുച്ഛഭാവം.മകൻ ഇപ്പോഴും തന്റെ ശത്രു എന്ന മട്ട്.

ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിനു മുന്നിലിരിക്കുമ്പോൾ സുദീപന്റെ മനം നിറയെ കുട്ടിക്കാലമായിരുന്നു.
എത്ര മിടുക്കനായിരുന്നുഏട്ടൻ. തന്റെ ബാല്യം നിറയെ കടുത്ത വർണക്കൂട്ടുകളുള്ള ചിത്രങ്ങൾ കൊണ്ടുനിറച്ച്, കളിപ്പാട്ടങ്ങളുടെ ധാരാളിത്തത്തിൽ മുക്കി തനിക്കു മുന്നിൽ എന്നും ഉണ്ടായിരുന്നവൻ......

പൂക്കൾ നുള്ളിയെടുക്കുന്നത്ഏട്ടന് ഇഷ്ടമല്ലായിരുന്നു. അത് ചെടികളിൽ നിൽക്കുന്നത് നോക്കിനിന്നാസ്വദിക്കാനായിരുന്നു ഇഷ്ടം. എന്നിട്ട് വീട്ടിൽ വന്ന് അതൊക്കെ അതേ പടിവരച്ചു തരും! അതിലോരോന്നിലും ഉള്ള ഇതളുകളും അവയുടെ അടുക്കുകളുടെ രീതിയും പറഞ്ഞു തരും.ആമ്പൽ,താമര ഡാലിയ, സീനിയ,നിത്യകല്യാണി എന്നിവ മുതൽ മാവിന്റെയും കശുമാവിന്റെയും പൂങ്കുലകൾ വരെ എങ്ങനെയാണ് പ്രകൃതി ക്രമീകരിച്ചിരിക്കുന്നതെന്നു കാട്ടിത്തരും.

പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി.

ഐ.സി.യു.വിൽ നിന്ന് മുറിയിലേക്കു മാറ്റിയപ്പോൾ കട്ടിലിനരികിൽ അനിയൻ ഇരുന്നു.

അർദ്ധബോധാവസ്ഥയിൽ കണ്ണുകൾ കനം തൂങ്ങി നിൽക്കെ അയാൾ പിറുപിറുത്തു.

“എ...ന്റെ ...മോനെവിടെ.....? ബാനർ എഴുതാൻ തുണിയെവിടെ?”

ഫ്ലക്സ് ബോർഡ് നിരോധനം കോടതി നീക്കിയ വാർത്ത ആശുപത്രിമുറിയിലെ ടി.വി.യിൽ സ്ക്രോൾ ചെയ്തു പോയത് നിർവികാരതയോടെ സുദീപൻ ഓർത്തു.

ഏട്ടനെ മനസ്സിലാവുന്നത് ഒരു പക്ഷെ, തനിക്കു മാത്രമാണെന്ന് സുദീപൻ തിരിച്ചറിഞ്ഞു. അതെ,വാൻ ഗോഗിന്റെ അനിയനെപ്പോലെ!

മകനെ ജീവനാണ് സുമേധന്. അവനുവേണ്ടി രമണിയുടെ പരുഷവാക്കുകൾ ഇനിയും കേൾക്കാൻ അയാൾ തയ്യാറാണ്. ബാനർ എഴുതിയായാലും ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നത് അവനുവേണ്ടിയാണ്.പക്ഷേ, അവൾ......

ബോധം വീണപ്പോൾ സുമേധൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. മേൽക്കൂരയുടെ നരച്ച വെള്ള.......അവിടെ വർത്തുളച്ചുഴികൾ തീർത്ത് കരിനാഗഫണങ്ങൾ..... അവ നീണ്ടു വന്ന് തന്റെ കഴുത്തിൽ ചുറ്റി മുഖത്തേക്കു ചീറ്റിയാടി തിമിർക്കുന്നു.... അകലെയെങ്ങോ ഒരു കുഞ്ഞു നിലവിളി...... തന്റെ മകനാണ്..... അവൻ ഏതോ പാതാളച്ചുഴിയിലേക്കാണ്ടു പോയോ?

അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു.

കടും വർണങ്ങളുടെ നീരാഴികൾ.....കരിനാഗങ്ങൾ സ്വർണനാഗങ്ങളായി......അവ ഒന്നാകെ ചുറ്റിപ്പിണഞ്ഞ് ഉയർന്നു പൊന്തുന്നു; താണു മുങ്ങുന്നു.

സുമേധൻ വീണ്ടും ഏതോ നിലയറിയാച്ചുഴികളിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടേയിരുന്നു.

അനിയൻ ഏട്ടന്റെ കൈ തലോടിക്കൊണ്ടിരുന്നു.

87 comments:

jayanEvoor said...

കഴിഞ്ഞ മാസം നാട്ടിൽ ചെന്നപ്പോഴാണ് അവിടത്തെ വാൻഗോഗ് ഒരു കുഞ്ഞു ചുണ്ടൻ വള്ളം പണിയുന്നത് കണ്ടത്. ഈ കഥ അതിൽ നിന്നു ജനിച്ചതാണ്.

വായിച്ചാലും.

ചാണ്ടിക്കുഞ്ഞ് said...

ഇത്തവണ തേങ്ങ എന്റെ വക...

ചാണ്ടിക്കുഞ്ഞ് said...

ഓ...ഹൃദയസ്പര്‍ശിയായ കഥ...നന്നായി പറഞ്ഞിരിക്കുന്നു ഡാക്കിട്ടരേ....
അവസാനമായപ്പോഴേക്കും കണ്ണുകള്‍ നനഞ്ഞു പോയി കേട്ടോ....

പട്ടേപ്പാടം റാംജി said...

ആനുകാലിക സംഭവം ഉള്‍പ്പെടുത്തി നാട്ടിന്‍ പുറത്തെ വാന്ഗോഗായി സുമേധനിലൂടെ അവതരിപ്പിച്ച ചിത്രകാരന്‍ മനസ്സില്‍ തട്ടി.

mini//മിനി said...

വാൻ‌ഗോഗ് ഉള്ളിൽ ഇത്തിരി നൊമ്പരം തോന്നി,

ammu said...

നന്നായ്ട്ട് ഉണ്ട് ........really eyes wetting story

ammu said...

നന്നായ്ട്ട് ഉണ്ട് ........really eyes wetting story

ammu said...

നന്നായ്ട്ട് ഉണ്ട് ........really eyes wetting story

ammu said...

നന്നായ്ട്ട് ഉണ്ട് ........really eyes wetting story

ammu said...
This comment has been removed by the author.
ശ്രീനാഥന്‍ said...

കലാകാരന്റെ അവസ്ഥ ആർക്കും മനസ്സിലാകുന്നില്ല, എരിഞ്ഞടങ്ങുന്നു ജീവിതം- ഉള്ളിൽ തട്ടും വിധം ആത്മബലിയുടെ കഥ പറഞ്ഞിരിക്കുന്നു, അഭിനന്ദനം!

Typist | എഴുത്തുകാരി said...

അയാളെ ചെറുപ്പത്തിലേ അയാളുടെ വഴിയിൽ വിട്ടിരുന്നെങ്കിൽ!

അബ്‌കാരി said...

മനോഹരം .:)

siya said...

രാവിലെ തന്നെ ഡോക്ടര്‍ ടെ പോസ്റ്റ്‌ വായിച്ചു കണ്ണ് നിറഞ്ഞു ..കേരളപ്പിറവി ആശംസകള്‍ ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലെവിടെയോ ഒരു കനല്‍ കെടാതെ നിലനില്‍ക്കുന്നു. സര്‍ഗശേഷിയുള്ളവര്‍ പലപ്പോഴും നിത്യജീവിതത്തില്‍ തോറ്റു പോകുന്നു.
നല്ല കഥ.
കഥയുടെ നീളം അല്പം കുറക്കാംആയിരുന്നില്ലേ എന്നൊരു അഭിപ്രായവും ഉണ്ട്.
ഭാവുകങ്ങള്‍ .....

ഒറ്റയാന്‍ said...

കഴിവുണ്ടായിട്ടും ഉപയോഗിക്കുവാന്‍ ആവാത്ത അവസ്ഥ ...
ചെറിയ ഒരു നൊമ്പരം തോന്നി

Sukanya said...

വാന്‍ഗോഗിനെ പോലെ, സുമേധനെപോലെ ഏതെങ്കിലും വാന്‍ഗോഗിയോ, സുമേധയോഉണ്ടാവുമോ,
എന്‍റെ അറിവില്‍ ഇല്ല. :)

Sureshkumar Punjhayil said...

Hridayathil Ninnu...!

Manoharam, Ashamsakal...!!!

Jishad Cronic said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില് നൊമ്പരം തോന്നി...

jayanEvoor said...

ചാണ്ടിക്കുഞ്ഞേ....!
തേങ്ങയ്ക്ക് ഒരു നന്ദി!
കമന്റിനു തൊണ്ണൂറ്റൊൻപതു നന്ദി!
(1+99 = ഹാപ്പി ബെർത്ത്ഡേ!)

പട്ടേപ്പാടം റാം ജി
സുമേധൻ ഒരു ഒറ്റപ്പെട്ട ഉദാഹരനമല്ല.
നന്ദി മാഷേ.

മിനി ടീച്ചർ
സന്ദർശനത്തിനും കമന്റിനും നന്ദി!

അമ്മു
നെറ്റിനോടു പൊരുതി കമന്റിടാൻ മെനക്കെട്ട സന്മനസ്സിനു നിറഞ്ഞ നന്ദി!

ശ്രീനാഥൻ
അതെ. മിക്കപ്പോഴും മാതാപിതാക്കളും, എന്തിന് സ്വന്തം നല്ലപാതി പോലും ഒരു കലാകാരനെ/കാരിയെ തിരിച്ചറിയുന്നില്ല; മനസ്സിലാക്കുന്നില്ല....
നന്ദി!

jayanEvoor said...

എഴുത്തുകാരിച്ചേച്ചി
നന്ദി ചേച്ചീ.
സമൂഹത്തിൽ അങ്ങനെ സംഭവിക്കുന്നില്ലല്ലോ...

അബ്‌കാരി
നന്ദി സുഹൃത്തേ.

സിയ
സുമെധന്റെ കഥ മനസ്സിനെ ആർദ്രമാക്കി എന്നതിൽ ചാരിതാർത്ഥ്യം ഉണ്ട്.
നന്ദി!

ഇസ്മയിൽ കുറുമ്പടി
അതെ.
രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകുന്നവർ വിരളം.
നീളം സംഭവിച്ചു പോകുന്നതാണ്. അതിന് എനിക്കു ചികിത്സ വേണം!

ഒറ്റയാൻ
കഴിവ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ മാത്രമല്ല, നിരന്തരമായ അന്ത്:സംഘർഷങ്ങളൂടെ ചുഴികളിൽ പെട്ട് പിടഞ്ഞ് ജീവിക്കുക.... അത് തീവ്രമായ വേദനയാണ്.

സുകന്യേച്ചി
എനിക്കറിയാം, ഇത്തരം വാൻഗോഗ് മാരെയും വാൻഗോഗി മാരെയും...
നമ്മുടെ കയ്യെത്തും ദൂരത്ത്, കണ്ണെത്തും ദൂരത്ത്, അവർ ഉണ്ട്...

സുരേഷ് കുമാർ പുഞ്ചയിൽ
നന്ദി, സുഹൃത്തേ.

ജിഷാദ് ക്രോണിക്
ഹൃദയപൂർവമുള്ള വായനയ്ക്കും, കമന്റിനും നന്ദി!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജയേട്ടാ....
നന്നായി എഴുതി...നല്ല ഒഴുക്കോടെ വായിച്ചു...
വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലൊരു നൊമ്പരം നിറഞ്ഞു..

**കേരളപ്പിറവി ആശംസകള്‍**

Manoraj said...

ഡോക്ടര്‍ സാറേ.. ഹോ ഇത് സത്യത്തില്‍ വല്ലാത്ത ഒരു കഥയായി പോയി. വംശാവലിക്ക് ശേഷം ഡോക്ടറുടേതായിട്ട് ഞാന്‍ വായിച്ച ഏറ്റവും മനോഹരമായ രചന. ഒരു പക്ഷെ വംശാവലിയേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ഈ വാന്‍‌ഗോഗ് എന്ന് പറയാം. എത്ര അനായാസമായാണ് ഒരു ഫ്രെയിമില്‍ നിന്നും മറ്റൊരു ഫ്രെയിമിലേക്ക് കഥ പരകായ പ്രവേശം ചെയ്തത്. ഈ കഥക്ക് ഒരു നൂറ് ഹാറ്റ്സ് ഓഫ്..

ആളവന്‍താന്‍ said...

കമന്റ് ഇടാനായി തുടങ്ങിയപ്പോഴാ ഞാന്‍ ശരിക്കും ഞെട്ടിയത്.ഇത്രേം നീളമുള്ള കഥയായിരുന്നു ഒരിടത്തുപോലും ബോര്‍ ആകാതെ വായിച്ചു തീര്‍ത്തത് എന്നോര്‍ത്തപ്പോള്‍. ഇഷ്ട്ടായി.
പിന്നെ ഡോക്റ്ററെ അങ്ങോട്ട്‌ കണ്ടില്ലല്ലോ.... എന്തേ....

MyDreams said...

ഡോക്ടറെ എന്ത് പറ്റി ..........തമാശ കഥകളില്‍ നിന്ന് ഒരു ചുമട് മാറ്റം
നന്നായി വരച്ചു വെച്ചിരിക്കുന്നു ....വഴങ്ങുനുണ്ട് ഇത് പോലെ ഉള്ളതും ...........

ചെറുവാടി said...

വായിച്ചു.. ഒരു തവണയല്ല.
ഈ കഥയെ അനുമോദിക്കാന്‍ എനിക്ക് വാക്കുകളില്ല ജയന്‍ ജീ.
ഒന്ന് പറയാം. ഇന്നൊരു നല്ല കഥ വായിച്ചു.

റ്റോംസ് കോനുമഠം said...

വായിച്ചപ്പോള്‍ ഒരു നൊമ്പരം.
വലിയ കഥ കൈയ്യടക്കം കളയാതെ നന്നായി അവതരിപ്പിച്ചതിന് എന്റെ നാട്ടുകാരന് ഒരു ഉമ്മ

തെച്ചിക്കോടന്‍ said...

നാട്ടിന്‍പുറത്തെ വാന്‍ഗോഗ് ഹൃദയസ്പര്‍ശിയായി.
ജീവിതവഴിയില്‍ പരാജയപ്പെടുന്ന കലാകാരന്റെ സങ്കീര്‍ണമായ മനസ്സ് അതേപോലെ വായനക്കാരിലേക്ക് പകര്‍ന്നിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

jayanEvoor said...

റിയാസ്

മനോരാജ്

ആളവന്താൻ

മൈ ഡ്രീംസ്

ചെറുവാടി

ടോംസ്

തെച്ചിക്കോടൻ

എല്ലാവരുടെയും നല്ല വാക്കുകൾക്കു മുന്നിൽ പ്രണാമം.

അന്ത:സംഘർഷങ്ങൾ പുകഞ്ഞു കത്തുന്ന ഇത്തരം വാൻഗോഗുമാർ നമ്മുടെയൊപ്പവും ഉണ്ട്. അവരെ മനസ്സിലാക്കാൻ, ഒരു കൈത്താങ്ങാകാൻ നമുക്കും കഴിയണം.

നന്ദി!

Manju Manoj said...

വളരെ നന്നായി ജയന്‍....വാവിട്ടു കരയുന്ന ആ കുഞ്ഞിനെ ഓര്‍ത്തപ്പോള്‍ സങ്കടം വന്നു...

ചിതല്‍/chithal said...

ഈ ജാതി മനുഷ്യരെ മുക്കാലയിൽ കെട്ടി അടിക്കണം. കല കൊല എന്നൊക്കെ പറഞ്ഞു നടക്കുന്നതു് മനസ്സിലാക്കാം. പക്ഷെ അതിനുവേണ്ടി സ്വന്തം ജീവിതം കളഞ്ഞാലും ആശ്രിതരുടെ ജീവിതം കുളമാക്കരുതു്. പ്രായോഗികജീവിതത്തിനാണു് മുൻതൂക്കം കൊടുക്കേണ്ടതു്.

ജയേട്ടാ, കഥ കലക്കി.

ഒരു ചെറിയ അഭിപ്രായം: ഫ്ലാഷ്‌ബാക്കുകൾ ഇടക്കു വരുന്നതുകൊണ്ടു് ഭാമയുടെ അടുത്തേക്കുപോയതു് രമണി പിണങ്ങിപ്പോയതിനു ശേഷമാണോ അതിനു മുമ്പാണോ എന്നൊരു സംശയമുണ്ടായി. അത്‌ കഥയിൽ അത്ര വ്യക്തമല്ല. ശ്രദ്ധിക്കുമല്ലോ.

jayanEvoor said...

മഞ്ജു മനോജ്

ചിതൽ

രണ്ടാൾക്കും നന്ദി!

ചിതൽ ചൂണ്ടിക്കാണിച്ച ഭാഗം വ്യക്തമാകാൻ വേണ്ടി ഒരു വാചകം കൂട്ടിച്ചേർത്തിട്ടുണ്ട്. ഇനി സംശയം ഉണ്ടാവില്ല എന്നു കരുതുന്നു!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നേര്‍ക്കു നേരെ നോക്കി നില്‍ക്കുന്നവരല്ല ഒരേ ദിശയില്‍ നോക്കുന്നവരാണ്‌ തമ്മില്‍ വിവാഹിതരാകേണ്ടത്‌ എന്നു പണ്ടുള്ളവര്‍ പറയും

ഒഴാക്കന്‍. said...

ഇത്തവണ ലൈന്‍ ഒന്ന് മാറ്റി പിടിച്ചു അല്ലെ?. ഇഷ്ട്ടായി ട്ടോ

വരയും വരിയും : സിബു നൂറനാട് said...

ഈ വ്യത്യസ്തത ഇഷ്ട്ടമായി. നന്നായി പറഞ്ഞു ജയെട്ടാ. അസ്സലായി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഏട്ടന്റെയുള്ളിലെ കലാകാരനെ മനസ്സിലാക്കാൻ ഭാര്യയ്ക്കുകഴിഞ്ഞില്ല....’

‘അലസനായ ചിത്രകാരന്റെ ഭാര്യ എന്നതിനേക്കാൾ നിത്യവൃത്തിക്കുമുട്ടില്ലാത്ത ബാനറെഴുത്തുകാരന്റെ വീട്ടുകാരി എന്ന നിലയിൽ ജീവിക്കാനായിരുന്നു രമണിക്കു താല്പര്യം...’

ഇത് ഭൂരിഭാഗം കലാകാരന്മാരുടേയും അവസ്ഥ തന്നെയാണ്...അല്ലേ

നീണ്ടയൊരുഎഴുത്തായിരിന്നുവെങ്കിലും ഒട്ടും ബോറഡിക്കാതെ വായിച്ചുപോകാൻ സാധിച്ചത് തന്നെയാണ് ഇക്കഥയുടെ വിജയം കേട്ടൊ ഡോക്ട്ടറേ

വീ കെ said...

നന്നായിരിക്കുന്നു കഥ....

ആശംസകൾ....

Echmukutty said...

നല്ല കഥയാണ്.
ഇഷ്ടപ്പെട്ടു.

jayanEvoor said...

ഇൻഡ്യാ ഹെറിറ്റേജ്

ഒഴാക്കൻ

സിബു നൂറനാട്

ബിലാത്തിച്ചേട്ടൻ

വി.കെ.

എച്ച്‌മുക്കുട്ടി

വായനയ്ക്കും, നല്ലവാക്കുകൾക്കും നിറഞ്ഞ നന്ദി!

Kalavallabhan said...

ജ്യാമിതികളിൽ തട്ടി വായന ചിതറുന്നുണ്ടായിരുന്നു.

chithrangada said...

കുറെ നാളായി നല്ല ഒരു
കഥ വായിച്ച സംതൃപ്തി .
വളരെ നന്ദി !

sm sadique said...

രമണി ആ ചുണ്ടൻ വള്ളം കൊത്തിനുറുക്കി അടുപ്പിൽ വിറകാക്കിയത്രെ

എല്ലാവരും ചിത്രകാരനെ മാത്രം നോക്കി കമന്റുകൾ എയ്യുതു.
ഞാൻ രമണിയേയും;
“ ഒരു സാധാരണ രമണിക്ക് ഇതിനപ്പുറം മറ്റെന്തിനാവും.“
എങ്കിലും ,ഈ കഥ കുറെ ജീവിത സത്യങ്ങൾ വെളിപ്പെടുത്തി.
ഡേക്ടർ സാറിന് ആശംസകൾ….

Ashok Mathew Sam said...

nice work dr.

Anonymous said...

വളരെ നല്ല കഥ .ഇഷ്ടപ്പെട്ടു. പ്രമേയത്തിലെ വ്യത്യസ്തതയും ആഖ്യാനരീതിയും എല്ലാം നന്ന്. പിന്നെ സുമേധന്‍ എന്നു പേര് കൊടുത്തത് ഒരു പൗരാണിക ടച്ച് വരുത്താന്‍ ആണോ?

lekshmi. lachu said...

മനോഹരം...

jayanEvoor said...

കലാവല്ലഭൻ
ജ്യാമിതി കുറച്ചിട്ടുണ്ട്!
ഇനി തടയില്ല!!

ചിത്രാംഗദ
സംതൃപ്തയായെന്നറിഞ്ഞതിൽ ഞാൻ സംതൃപ്തൻ!
നന്ദി!

എസ്.എം.സാദിഖ്
അതു ശരിയാണ്.
എങ്കിലും അവൾ അവൾക്ക് തോന്നിയത് ചെയ്തു. സുമേധന് പലപ്പോഴും അതിനു കഴിയുന്നില്ല.

അശോക് മാത്യൂ സാം
നന്ദി സുഹൃത്തേ!

മൈത്രേയി
അയ്യോ! അങ്ങനെ പൌരാണിക ടച്ച് വരുത്താനൊന്നും അല്ല!
എനിക്ക് അറിയാവുന്ന നിരവധി പേർ ഇത്തരം പേരുകാർ ഉണ്ട്. പലതും വിചിത്രവും വിരളവും ആണ്!

ലക്ഷ്മി ലച്ചു
നിറഞ്ഞ നന്ദി സുഹൃത്തേ!

Areekkodan | അരീക്കോടന്‍ said...

വളരെക്കാലത്തിന് ശേഷം ചിന്തയില്‍ കയറി ആദ്യം വായിച്ച കഥ.എന്താ പറയുക,ഒരു നീറ്റല്‍ എവിടെയൊക്കെയോ...

മത്താപ്പ് said...

നല്ലൊരു കഥ,
ഇഷ്ടമായി.....

കൊച്ചു കൊച്ചീച്ചി said...

"ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു."

ആയിരുന്നോ? ശരിക്കും? അങ്ങനെയൊരു സംശയത്തിന്റെ ആനുകൂല്യം കൊടുത്തുകളയാമെന്നു തോന്നിയതെന്തേ വൈദ്യരേ?

"പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി. "

ആയിരിക്കും, അല്ലേ?

വാന്‍ ഗോഗിന്റെയല്ല, സാല്‍വദോര്‍ ദാലിയുടെ ചിത്രം കണ്ട അനുഭവമാണ് ഈ കഥ വായിച്ചപ്പോള്‍ ഉണ്ടായത് എന്നു പറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍!

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...

അസാധ്യം!
ശ്വാസമിടിപ്പോടെ വായിച്ചു. വല്ലാത്തൊരു ആഖ്യാന ഭംഗിയുണ്ട് ഈ കഥയ്ക്ക്‌. അഭിനന്ദനങ്ങള്‍

ManzoorAluvila said...

വായനക്കാരെ പിടിച്ചിരുത്തുന്ന മനോഹരമായ രചന.. മക്കളുടെ അഭിരുചിയറിയാതെ സ്വന്തം ഈഷ്ടത്തിനു മക്കളെ വളർത്തരുത്‌ എന്നൊരു സന്ദേശവും ഈ കഥയിൽ നിന്നു വായിക്കം..എല്ലാ ആശംസകളും

poor-me/പാവം-ഞാന്‍ said...

Blogers' wives are also like these only!!!!

sherriff kottarakara said...

തന്റെ കലയെ അംഗീകരിക്കാത്ത ബന്ധുക്കളാണു ഏതൊരു കലകാരന്റെ യും കൊടിയ ശത്രുക്കള്‍.ആദ്യ അഭിനന്ദനം തന്റെ പെണ്ണില്‍ നിന്നാവണം എന്നു ഏതു കലാകാരനും ആഗ്രഹിക്കുന്നു. ഈ സത്യം മനസിലാക്കുമ്പോള്‍ ഈ കഥയിലെ ദുഖ:വും തിരിചറിയും.
അഭിനന്ദനങ്ങള്‍

സലീം ഇ.പി. said...

നീണ്ട കഥയാണെങ്കിലും മനസ്സിരുത്തി വായിച്ചു. ഒരു കലാകാരന്‍റെ യഥാര്‍ത്ഥ ജീവിതം പച്ചയായി എഴുതി. അനുജനും അമ്മയും ഒഴികെ അധികമാരും മനസ്സിലാക്കാതെ പോയ ഒരു പ്രതിഭയുടെ പ്രായോഗിക ജീവിത പരാജയങ്ങള്‍ മനസ്സിലൊരു നൊമ്പരമായി അവശേഷിക്കുന്നു..ഭാവുഗങ്ങള്‍ !.

jayanEvoor said...

അരീക്കോടൻ
വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി മാഷേ!

മത്താപ്പ്
കഥ ഇഷ്ടമായതിൽ സന്തോഷം!

കൊച്ചുച്ചീച്ചി
ശരിയാണ്. സ്വഭാവം വാൻഗോഗിനു സമാനമെങ്കിലും സുമേധന്റെ സൃഷ്ടിയിൽ സാൽവദോർദാലിയോടും കടപ്പെട്ടിരിക്കുന്നു.

വഷളൻ ജേക്കെ
ഞാൻ തലകുനിക്കുന്നു, വിനയപൂർവം.

മൻസൂർ ആലുവിള
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി!


പാവം ഞാൻ,
വാൻഗോഗേ!
ഭാ‍ര്യ തെറി പറഞ്ഞോ!?

ഷെറീഫ് കൊട്ടാരക്കര
ബന്ധുക്കളെല്ലാം അംഗീകരിക്കനം എന്നൊന്നുമില്ല.അംഗീകാരം ഏതു തുറയിൽ നിന്നായാലും, അത് കലാകാരനു പകരുന്ന ഊർജം അപാരമാണ്.സ്വന്തം വീട്ടിൽ നിന്നുകൂടി അതു കിട്ടിയാൽ ഭാഗ്യം!

സലിം ഇ.പി.
നല്ലവാക്കുകൾക്ക് നിറഞ്ഞ നന്ദി!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വാന് ഗോഗിന്റെ ഈ സൂര്യ കാന്തിപ്പൂക്കള്‍ വാടിക്കൊഴിയുന്നുന്വോ ...? നല്ല കഥ ..ഭംഗിയായി പറഞ്ഞിരിക്കുന്നു ..

ഹാപ്പി ബാച്ചിലേഴ്സ് said...

ജയെട്ടാ,
വരന്‍ ഇത്തിരി വൈകി.
മുണ്ടൂര്‍ ഗോപിയാശാന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു പോയി.
കലാകാരന്റെ ജീവിതം, അത് എന്നും ദയനീയമാണ്. (കൃത്യമായി ഓര്‍ക്കുന്നില്ല)
കഥ നന്നായിരിക്കുന്നു. ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചതിന് ആശംസകള്‍

Vayady said...

ഹൃദയസപ്‌ര്‍‌ശിയായൊരു കഥ. വായിച്ചു തീര്‍‌ന്നിട്ടും മനസ്സില്‍ നൊമ്പരം ബാക്കി നില്‍ക്കുന്നു. ഒരു കലാകരന്റെ മനസ്സ് എത്ര ഭം‌ഗിയായിട്ടാണ്‌ ഈ കഥയിലൂടെ വരച്ചു കാണിച്ചിരിക്കുന്നത്!

ജയന്റെ രചനകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കഥയാണ്‌. അഭിനന്ദനം.

യൂസുഫ്പ said...

ഗംഭീരമായിട്ടുണ്ട്.ഒരു കൊളാഷ് ചിത്രം പോലെ.
നന്നായിട്ടുണ്ട് കഥ.

ajith said...

പണമില്ലെങ്കില്‍ എത്ര വലിയ കലാകാരനും പിണം തന്നെയല്ലേ? ഫ്ലക്സ് ബോര്‍ഡ് കാലമായാലും നിരോധന കാലമായാലും തന്റെ കലയെ മാര്‍ക്കറ്റ് ചെയ്യാനറിയാത്തവന്‍ എപ്പോഴും നിന്ദിതപാത്രം ആയിരിക്കും. സുമേധന്‍ ടിപ്പിക്കല്‍ സാധു കലാകാരന്‍ തന്നെ.(ഇത്തിരി eccentric ആയി തോന്നിയത് മൂക്ക് മുറിച്ച് കൊടുക്കുന്നതാണ് ) നന്നായി പറഞ്ഞു. N.B: സമയപരിമിതി കാരണം ഡോക്ടറുടെ ബ്ലോഗിലൂടെ സഞ്ചാരം തുടങ്ങിയിട്ടേയുള്ളൂ.

കുമാരന്‍ | kumaran said...

ഭാമയ്ക്ക് സുഖമല്ലേ?

Complicated Heart said...

ഭാമയുടെ ബംഗ്ലാവില്‍ ഇത്തിരി പഞ്ചാര രുചിചെങ്കിലും മൂക്ക് ചെത്തിയപോഴേക്കും കഥയങ്ങ് മാറി കേട്ടോ .... കൊള്ളാം സാറേ !!

jayanEvoor said...

സുനിൽ പെരുമ്പാവൂർ
എവിടെയായിരുന്നു?
വായനയ്ക്കും,നല്ല വാക്കുകൾക്കും നന്ദി!

ഹാപ്പി ബാച്ചിലേഴ്സ്
അതെ. കലാകാരന്റെ മാനസ ഭൂമിക പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായ തലങ്ങളിലാവും വിഹരിക്കുക.
നന്ദി!

വായാടി
വളരെ സന്തോഷം.
ഈ വാക്കുകൾ കൂടുതൽ ഉത്തരവാദിത്തം എഴുത്തിൽ കൊണ്ടുവരാൻ എന്നെ പ്രചോദിപ്പിക്കുന്നു.

യൂസുഫ്‌പ
നന്ദി സഹോദരാ....!

അജിത്ത്
വളരെ നന്ദി.
സുമേധൻ അല്പം എക്സൻട്രിക് തന്നെ.

കുമാരൻ
കള്ളാ....!
നോട്ടം അവളിൽ തന്നെ!

കോമ്പ്ലിക്കേറ്റഡ് ഹാർട്ട്
നിറഞ്ഞ നന്ദി!

കുഞ്ഞൂസ് (Kunjuss) said...

ജയന്റെ പതിവ് രചനകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായീ 'വാന്‍ഗോഗ്'. ഹൃദ്യമായ വായനാനുഭവം....വായന അവസാനിച്ചപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു, മാതാപിതാക്കളുടെ കടുംപിടുത്തം കാരണം പ്രിയപ്പെട്ട ചിത്രരചന മാറ്റിവെച്ച്, കംപ്യുട്ടെറുമായി മല്ലിടുന്ന മറ്റൊരു വാന്‍ഗോഗിനെ ഒരു നിമിഷം ഓര്‍ത്തുപോയി...!
വരാന്‍ വൈകിയതില്‍ പൊറുക്കുക, ചില തിരക്കുകള്‍....

ഇട്ടിമാളു said...

അനന്തരം ഭാമ എവിടെയാണ് അപ്രത്യക്ഷയായത്..?

jayanEvoor said...

കുഞ്ഞൂസ് ചേച്ചീ,
നന്ദി.
ഒന്നല്ല ഒരായിരം വാൻഗോഗുമാർ ഈ ഭൂതലത്തിൽ ജീവിക്കുന്നു - ആണും പെണ്ണുമായി...
ഇത് അവർക്ക് സമർപ്പണം.

ഇട്ടിമാളു,

“അനന്തരം ഭാമ എവിടെയാണ് അപ്രത്യക്ഷയായത്..?”

എന്ന ചോദ്യം ആരും, സ്ത്രീകൾ പോലും ചോദിക്കാഞ്ഞതെന്തെന്ന് ഞാൻ സംശയിച്ചിരിക്കുകയായിരുന്നു.

അവളൂടെ കഥ, അധികം താമസിയാതെ എഴുതുന്നുണ്ട്.

Pranavam Ravikumar a.k.a. Kochuravi said...

Nice One..!

പഞ്ചാരക്കുട്ടന്‍ said...

നാട്ടിൻ പുറത്തെ വാൻഗോഗ് അടിപൊളി വരാന്‍ ഇത്തിരി വൈകി ക്ഷമിക്കുക
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

G.manu said...

ആഖ്യാന ശൈലികൊണ്ട് ഗംഭീരമാക്കിയ കഥ..വല്ലാത്ത ഫീല്‍

Villagemaan said...

നന്നായീട്ടോ..
അഭിനന്ദനങ്ങള്‍ ..

ഹംസ said...

ഈ കഥ ഞാന്‍ കാണാന്‍ താമസിച്ചല്ലോ ... അതെന്തു പറ്റി എന്നാ ഇപ്പോല്‍ ചിന്തിക്കുന്നത്..

കഥ വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു ചെറുവേദന...
നന്നായി തന്നെ പറഞ്ഞിരിക്കുന്നു ഈ കഥ. !

haina said...

:)

Jithu said...

മനസിനുള്ളിലെവിടെയോ ഒരു വിങ്ങല്‍ ...........ഇത്രെയും നല്ലൊരു കഥ വായിച്ചിട്ട് മിണ്ടാതെ പോകുന്നതെങ്ങിനെ..!!!....വളരെ വളരെ മനോഹരമായിരിക്കുന്നു

thalayambalath said...

വാന്‍ഗോഗ് മാത്രമല്ല തിയോയും ഇവിടെ പുനര്‍ജനിക്കുന്നു..... കലാകാരന്റെ ജീവിതം എന്നും പരാജയങ്ങളുടെ ഘോഷയാത്രയായിരിക്കും.... നന്നായി പറഞ്ഞു...

അനില്‍@ബ്ലോഗ് // anil said...

ജയനെ,
ഇടക്ക് മാത്രമെ ബ്ലോഗ് വായന ഉള്ളൂ.
എന്നാലും കുറേ ദിവസം വായിക്കാതിരുന്നതിന്റെ കുറവ് തീര്‍ന്നു.
മനോഹരമായ എഴുത്ത്.

ente lokam said...

ഡോക്ടറെ ഞാന്‍ മുമ്പ് ഒരു കമന്റ്‌ ഇട്ടിരുന്നു
കഥകളില്‍.ഗൂഗിളിനു തിരക്ക് ആണോ എന്തോ അത്
കണ്ടില്ല..
വഴിക്ക് വെച്ചു ലെച്ചുവിന്റെ അമ്മായി അമ്മ
കഥയില്‍ വീണ്ടും കണ്ടപ്പോള്‍ ഓര്‍ത്തത് ആണ്..
("അമ്മായി അമ്മെ അടങ്ങു"..എന്‍റെ ലോകത്തില്‍ ഒന്ന്
വന്ന് നോക്കു),അവിടെ കാണാം ഒറിജിനല്‍ മരു മകളെ..

jayanEvoor said...

പ്രണവം രവികുമാർ

പഞ്ചാരക്കുട്ടൻ

മനുജി

വില്ലേജ് മാൻ

ഹംസ

ഹൈന

ജിത്തു

തലയമ്പലത്ത്

അനിൽ@ബ്ലോഗ്

എന്റെ ലോകം...

നല്ല വാക്കുകൾക്ക് എല്ലാവർക്കും നന്ദി.
ഞാൻ ശിരസ്സു കുനിക്കുന്നു.

നിശാസുരഭി said...

മനോഹരം ഈ കഥ.
കഥയിലെ ചില സന്ദര്‍ഭങ്ങള്‍ പെട്ടെന്ന് മാറി മറിയുന്നത് നന്നായ് അവതരിപ്പിച്ചു.

ആശംസകള്‍.
(കഥയുടെ പേര് ഒന്ന് ആകര്‍ഷകമാക്കാമായിരുന്നെന്ന് തോന്നുന്നു)

.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. said...

മൂക്ക് മുറിച്ചു എന്നുള്ളത് എന്തോ ദഹിച്ചില്ല.ബാക്കി ഭാഗവുമായി താരതമ്മ്യ പെടുത്തുമ്പോള്‍ അത് സാരമില്ല. നല്ല കഥ,നന്നായി ഒഴുക്കോടെ പറഞ്ഞിരിയ്ക്കുന്നു......

സാബിബാവ said...

നല്ല കഥ വായിച്ചു തീര്‍ന്ന നെടുവീര്‍പ്പ് വന്നു എനിക്കുമുണ്ടായിരുന്നു കുഞ്ഞില്‍ ഒരു ചുണ്ടന്‍ വെള്ളം പാടവക്കതായിരുന്നു വീട് അതോണ്ടാ ..അത് ഓര്മ വന്നു .
നന്നായി എഴുതി

കണ്ണൂരാന്‍ / K@nnooraan said...

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.
നല്ല രചന. വൈദ്യര്‍ക്ക് ആശംസകള്‍.

faisu madeena said...

ജയന്‍ ഡോക്റ്റര്‍............ഈദ്‌ മുബാറക്‌ ...

സ്വപ്നസഖി said...

ഒരു ബ്ളോഗില്‍ യോഗയുടെ ആദ്യപടിയായ ശ്വസനക്രിയ ചെയ്ത് അടുത്തപോസ്റ്റിനു വേണ്ടി കാത്ത് ശ്വാസം പിടിച്ചിരിക്കുമ്പോഴാണ്, സാറിന്റെ കമന്റ് അവിടെ കണ്ടത്. എങ്കില്‍ ഇപ്പൊത്തന്നെ യോഗ പഠിച്ചുതുടങ്ങിയേക്കാമെന്നു കരുതിയാ വന്നത്. അപ്പൊഴല്ലേ..കഥകളുടെ ശേഖരം തന്നെ കണ്ടത്. ഒരു കഴിവുളള കലാകാരന്റെ ജീവിതത്തിലെ അധ:പതനം വായിച്ച് ഇവിടേയും ശ്വാസം പിടിച്ചിരുന്നതല്ലാതെ യോഗ പഠനമൊന്നും നടന്നില്ല :) ശരിക്കും മനസ്സില്‍ നൊമ്പരമുണര്‍ത്തിയ കഥ. അഭിനന്ദനങ്ങള്‍ ! ഇവിടെയെത്താന്‍ വൈകിയതില്‍ , വളരെ ഖേദം തോന്നുന്നു :(

രമേശ്‌അരൂര്‍ said...

ജയന്‍ ഡോക്റ്ററെ ...കൊട് കൈ ..:)
രണ്ടു ഭൂമികയില്‍ നിന്ന് കൊണ്ടാണ് ഈ കഥ പറച്ചില്‍ ..വേണമെങ്കില്‍ ആദ്യ പകുതികൊണ്ടും അവസാനിപ്പിക്കാവുന്ന കഥ ,,ഒരു പ്രേമത്തിന്റെ ഫ്ലാഷ് ബാക്കില്‍ തൂങ്ങി പിടിച്ചു പരിണാമത്തിന്റെ വേറൊരു കരയിലേക്ക് കഥയെ കൊണ്ടെത്തിച്ചു ! നന്നായി കഥ പറഞ്ഞു എന്നത് മറ്റൊരു വലിയ മെച്ചം ..എന്റെ സ്കൂള്‍ ജീവിതത്തില്‍ ഇതുപോലെ ഒരേട്ടനും അനിയനും ഒപ്പമുണ്ടായിരുന്നു .സുദര്‍ ശനനും പ്രകാശനും ..ചിത്രങ്ങള്‍ കണ്ടാല്‍ ജീവന്‍ ഉണ്ടെന്നെ തോന്നു .മനോഹരമായി പുല്ലാംകുഴലും വായിക്കും ..അക്കാദമി യിലൊക്കെ സുദര്‍ശനന്‍ പോയി പഠിച്ചിട്ടുണ്ട് ,,ഇപ്പോള്‍ തൊഴില്‍ എന്താണെന്നോ ?
തെങ്ങുകയറ്റം ...ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുകയാണ്‌ ..
"ജീവിക്കണ്ടേ സുഹൃത്തെ" എന്ന് .!

ajith said...

മരുഭൂമിയിലൂടെ ഒട്ടകം പോകുമ്പോള്‍ കാണുന്നതെല്ലാം ആര്‍ത്തിയോടെ വായിലാക്കും. നിന്ന് ആസ്വദിച്ച് തിന്നാനൊന്നും നേരമില്ല. പിന്നെ വൈകിട്ട് വിശ്രമസമയത്താണ് എല്ലാം വീണ്ടും വായിലേക്കു കൊണ്ടുവന്ന് സ്വാദോടെ അയവിറക്കി കഴിക്കുന്നത്. ഡോക്ടറുടെ പുതിയ പോസ്റ്റ് എന്തെങ്കിലുമുണ്ടോ എന്ന് നോക്കി വന്നപ്പോള്‍ ഈ കഥ ഒന്നുകൂടി വായിക്കാമെന്ന് കരുതി. ഹൃദയത്തെ സ്പര്‍ശിക്കുകയും ചിന്തകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒരു കലാസൃഷ്ടി അതിന്റെ ജന്മോദ്ദേശ്യം സഫലമാക്കുന്നുവെന്നു പറയാം. ഈ കഥ അങ്ങിനെയുള്ളതാണ്.

jayanEvoor said...

നിശാസുരഭി
പേരൊന്നുകൂടി ആകർഷകമാക്കണം എന്ന് എനിക്കും ഉണ്ടായിരുന്നു. പക്ഷേ നടന്നില്ല. ചില സമയങ്ങളിൽ നല്ല പേരുകൾ ഒത്തുകിട്ടും; ചിലപ്പോൾ ചിന്തിച്ചു വട്ടാകും!അപ്പോൾ മനസ്സിൽ തോന്നിയ ഒരെണ്ണം ഫിറ്റ് ചെയ്യും. ഇത് അങ്ങനെ സംഭവിച്ചതാണ്.

ണേശു ഫ്രം ഇരിങ്ങാലക്കുട
അസംഭാവ്യമായ പലതും സംഭവിക്കുന്നു പലരുടെയും ജീവിതത്തിൽ.ട്രൂത്ത് ഈസ് സ്ട്രെയ്ഞ്ചർ ദാൻ ഫിക്ഷൻ!

സാബി ബാവ
അതു ശരി.വയലിറമ്പും ചുണ്ടൻ വള്ളവുമൊക്കെ ഇപ്പോഴും ഉണ്ട് നാട്ടിൽ.

കണ്ണൂരാൻ
സന്തോഷം.
ആരോഗ്യശ്രീമാൻ ആയി എന്നു കരുതുന്നു!

ഫൈസു മദീന
തിരിച്ചും - ഈദ് മുബാറക്ക്!

സ്വപ്നസഖി
വൈകിയായാലും എത്തിയില്ലേ... നന്ദി!
ഇനി സമയം പോലെ എന്റെ ബ്ലോഗിലൂടെ ഒന്ന് സഞ്ചരിക്കൂ....

രമേശ് അരൂർ
അതെ.
ഒന്നല്ല.
ഒരായിരം വാൻഗോഗുമാർ!

അജിത്ത്
വളരെ സന്തോഷം!
സമയക്കുറവാണ് വില്ലൻ.
അടുത്ത പോസ്റ്റ് ഉടനേ ഇടണം.

വില്‍സണ്‍ ചേനപ്പാടി said...

നാട്ടിന്‍പുറങ്ങളില്‍
ആരുമറിയാതെ കൊഴിഞ്ഞുപോവുന്ന
വാന്‍ഗോഗുമാരെ..ഓര്‍ത്തുവ്യസനിക്കാന്‍
അവസരമൊരുക്കി.
പണസമ്പാദനം മാത്രമാണ്
വിജയിയുടെ ലക്ഷണമെന്നു കരുതുന്നവരായ
ഭാര്യമാരും പൊതുസമൂഹവും
പല കലാകാരന്‍മാരെയും
ഉന്മൂലനം ചെയ്തിട്ടുണ്ട്