Wednesday, July 18, 2012

പനിക്കിനാവിലെ അതിഥികൾ


“അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ വേണമായിരുന്നു.... തരുമോ?” രാധയോട് ചോദിച്ചു.

“നിങ്ങളാരാണ്? എനിക്കൊരു പരിചയവുമില്ലല്ലോ...”

“എനിക്ക് നിങ്ങളെ എല്ലാവരെയും അറിയാം. നിങ്ങൾ എന്നെയും അറിയും.”

“അതെങ്ങനെ? ഞാൻ നിങ്ങളെ ആദ്യമായാണല്ലോ കാണുന്നത്! ”

“ങേ!? അപ്പോ അമ്മാളുക്കുട്ടിയമ്മയും മാധവമേനോനും .......... ”

മയക്കം മുറിയുമ്പോൾ മകൻ അടുത്തുണ്ട്.
“അല്ല.... ഇതെന്തേപ്പോ അവരെ കാണാൻ... ” സംശയമായി.

പിറുപിറുത്തതു കേട്ട് മകൻ ചോദിച്ചു “എന്താണ്? എന്തു സ്വപ്നമാണമ്മ കണ്ടത്?”

വിളറിയ ഒരു ചിരി മറുപടിയായി നൽകി.
അവൻ പറയുന്നത് ശരിയാണ്. അതൊരു സ്വപ്നമായിരുന്നു.
പക്ഷേ ഇറ്റ് ലുക്ക്ഡ് സോ ഒറിജിനൽ!
അല്ലെങ്കിലും സ്വപ്നം കാണുന്ന നേരം അങ്ങനെയാണ്. ഒക്കെ നൂറുശതമാനം യാഥാർഥ്യമെന്ന രീതിയിലാണ് സ്വപ്നം അനുഭവിക്കുന്നത്. എന്നാൽ ഞെട്ടിയുണരുമ്പോഴോ.... ഒക്കെ വെറും... വെറും സ്വപ്നം!

ഇപ്പോൾ തന്നെ ഈ സ്വപ്നത്തിൽ ഫോട്ടോ ചോദിച്ചു ചെല്ലുമ്പോൾ തനിക്കു പ്രായം അറുപത്തെട്ടാണ്. എന്നാൽ മറുപടി പറഞ്ഞ രാധയ്ക്കോ!?
പതിനാറു വയസ്!

അൻപത്തഞ്ചു വർഷം കഴിഞ്ഞിട്ടും രാധയ്ക്ക് വയസ് പതിനാറു മാത്രം!
വേഷം പാവാടയും ബ്ലൌസും.
അതെങ്ങനെ?
മറുപടി കേൾക്കുമ്പോൾ തനിക്കു പ്രായം അതിലും രണ്ട് വയസ് താഴെ!
അതെങ്ങനെ!?

സ്വപ്നങ്ങളുടെ മായക്കളികൾ എന്നും അങ്ങനെയാണ്. എങ്ങനെ എന്ന ചോദ്യമില്ല.
പക്ഷേ, ഇന്നു പകൽ ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് അവരെ സ്വപ്നം കാണാൻ എന്താവും കാരണം?

ചിന്തകൾ വായിച്ചിട്ടെന്നവണ്ണം മകൻ പിന്നെയും ചോദിക്കുന്നു “എന്തു സ്വപ്നമാ അമ്മ കണ്ടത്? ആരാ അവർ?”

മറുപടി പറയാൻ ചുണ്ടനങ്ങുന്നില്ല. വരൾച്ച. ദാഹം....
മകൻ ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളം ഇറ്റിച്ചു തന്നു.

അമ്മാളുക്കുട്ടിയമ്മ..... മാധവമേനോൻ....
മക്കൾ രാധ, ലീല, ഉഷ, ഗീത...

ഉഷയ്ക്കും ഗീതയ്ക്കുമൊപ്പം ഉറങ്ങാനൊരു രാത്രി!

കാര്യസ്ഥൻ ഗോപാലമേനോൻ.
ഗെയ്റ്റിനുള്ളിൽ നിറയെ കൂറ്റൻ വളർത്തുനായ്കൾ... ഭീതിപ്പെടുത്തുന്ന കുര.

എവിടെ നിന്നാണ് ഇപ്പോൾ ഇത്രയും ഓർമ്മകൾ കൂലം കുത്തിയൊഴുകിവരുന്നത്....

ചൂടുവെള്ളം ഉള്ളിൽ ചെന്നപ്പോൾ ഒരാശ്വാസം. ചുമയടങ്ങി. മകൻ കട്ടിൽത്തലയ്ക്കൽ തലയിണയുയർത്തി വച്ച് ചാരിയിരുത്തി.

ചോദ്യം ആവർത്തിക്കാതെ അവൻ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.

അപ്പോൾ പറഞ്ഞു തുടങ്ങി.

ഒറ്റപ്പാലത്ത് പണ്ട് സ്കൂളിൽ പഠിക്കുന്നകാലത്ത് പെൺകുട്ടികൾക്കായുണ്ടായിരുന്ന കസ്തൂർബാസദനത്തിന്റെ പ്രസിഡന്റായിരുന്നു അമ്മാളുക്കുട്ടിയമ്മ. ഞങ്ങൾ കുട്ടികൾക്കെല്ലാം അമ്മ. ഭർത്താവ് മാധവമേനോൻ. അവിടെ അടുത്തു തന്നയാണ് വീട്. തൊടിയിൽ നിറയെ ഫലവൃക്ഷങ്ങൾ....  ആപ്പിൾ കുലയായി കായ്ച്ചു നിൽക്കുന്നത് ആദ്യമായി കണ്ടത് അവിടെനിന്നാണ്....

“അത് ആപ്പിൾ തന്നെയായിരുന്നോ?” മകന്റെ ചോദ്യം.

അതുകേട്ടപ്പോൾ സംശയം. സത്യത്തിൽ ആയിരുന്നോ!? ഈ നിമിഷം വരെ അങ്ങനെയാണ് മനസ്സിൽ. പക്ഷേ ഇപ്പോൾ ഓർമ്മ ശരിക്കു കിട്ടുന്നില്ല. ആപ്പിൾ തന്നെയാവണം....
ആ... അതെന്തായാലും സൌന്ദര്യമുള്ളതെന്തും ആ വീട്ടിനുള്ളിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്നു.

വെളുത്തു തടിച്ച് ശ്രീത്വത്തോടെ ഇരിക്കുന്നിടം നിറഞ്ഞ് അമ്മാളുക്കുട്ടിയമ്മ.

കറുത്തു മെലിഞ്ഞെങ്കിലും, പൊക്കത്തിൽ തലയെടുപ്പോടെ മാധവമേനോൻ.

മക്കളിൽ രണ്ടുപേർ അമ്മയെപ്പോലെ, രണ്ടാൾ അച്ഛനെപ്പോലെ.

അച്ഛനെപ്പോലെയുള്ളവർക്കു നിറം കുറവായിരുന്നു. എങ്കിലും ശാലീനത കൂടുതലായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളാണ് കാലം.

അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് അച്ഛൻ എണ്ണിപ്പെറുക്കിത്തന്ന നാണയത്തുട്ടുകളുമായി ഹോസ്റ്റലിലേക്കുള്ള യാത്ര. രണ്ടാൾക്കുള്ള വണ്ടിക്കൂലി വഹിക്കാൻ പാങ്ങില്ലാ‍ത്തതുകൊണ്ടാണ് പതിന്നാലുകാരിയായ മകളെ ഒറ്റയ്ക്ക് വിടുന്നത്.

പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശേരി വഴി ഒറ്റപ്പാലത്തേക്കുള്ള ബസ്സിലാണ് സഞ്ചാരം. പാതി വഴിയെത്തിയപ്പോൾ വലിയൊരു മരം ഒടിഞ്ഞുവീണ് റോഡ് തടസപ്പെട്ടു.നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ പേടി തോന്നിയില്ല.

എന്നാൽ മരം വെട്ടി മാറ്റി ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും വൈകി.
ഒറ്റപ്പാലത്തെത്തിയപ്പോഴേക്കും സമയം സന്ധ്യ.

പിന്നെയും പതിനഞ്ചു മിനിറ്റു നടന്ന് ഹോസ്റ്റലിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടായി.
ഗെയ്റ്റിൽ നിന്നു നോക്കിയപ്പോൾ അകത്ത് വെളിച്ചമേ ഇല്ല!

ഗെയ്റ്റിൽ തട്ടിയിട്ട് ആരും വന്നുമില്ല. ഭയത്തിന്റെ നിമിഷങ്ങൾ അടിവയറ്റിൽ ആളി.
തട്ടുന്ന ഒച്ചകേട്ട് തൊട്ടടുത്ത വീട്ടിലെ ബേബി ഏട്ത്തി ഇറങ്ങി വന്നു.

“അയ്യോ! എന്താ കുട്ട്യേ, ഒറ്റയ്ക്കീ നേരത്ത്!? ”

“ബസ് വഴിയിൽ കിടന്നുപോയി.... വലിയൊരു മരം വീണ് റോഡ് ബ്ലോക്കായിരുന്നു....നാളെ സ്കൂൾ തുറക്വല്ലേ? അതാ ഞാൻ ഇന്നന്നെ വന്നത്...”

“ഹോസ്റ്റൽ നാളെയെ തുറക്ക്വള്ളൂലോ... കുട്ടി അറിഞ്ഞീര്ന്നില്ലേ?”

“ഇല്ല... ”

“നീപ്പോ ഒന്നും ചിന്തിക്കണ്ടാ... ഇങ്ങട് വന്നോളാ.... ഇന്നു രാത്രി ഇവിടാവാം...”

“അത്... ഏട്ത്തീ.... ഞാൻ... ഞാൻ അമ്മേന്റടുത്ത് പൊയ്ക്കോളാം...”

അമ്മ..... അഗതികളായ കുട്ടികൾക്കെല്ലാം അമ്മ... തനിക്കും അമ്മ....

“അതിപ്പോ.... ശ്ശി നടക്കാനില്ലേ, കുട്ട്യേ?”

“അദ് സാരല്യ... ഞാൻ പൊയ്ക്കോളാം...”

“അത്ര നിർബന്ധാച്ചാ വേഗം നടന്നോളു....”

പരപ്പിൽ തറവാട് അരണ്ട സന്ധ്യാവെട്ടത്തിൽ ഭീമാകാരം പൂണ്ടു നിൽക്കുന്നു.

ഗെയ്റ്റ് തുറന്ന് അകത്തേക്ക് കാൽ വച്ചതും ഒരു കൂട്ടം നായ്ക്കൾ ഒരുമിച്ചലറിക്കുരച്ചു!

നിന്ന നിൽ‌പ്പിൽ വിറച്ചു പോയി. കാതിൽ ആ ഇരമ്പം മാത്രം.

കാര്യസ്ഥൻ ഓടി വന്നു.
നോക്കിയപ്പോൾ ഇത്തിരിപ്പോന്ന ഒരു പെൺകുട്ടി.

“എന്താ കുട്ടീ, ഇവടെ, ഈ നേരത്ത്!?”

“അത്.... നിക്ക് അമ്മേ കാണണം....”

അയാൾ വീണ്ടും ചോദ്യരൂപത്തിൽ നോക്കി.

“ഞാൻ സദനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ട്യാ... നാളെ സ്കൂൾ തുറക്കുംന്ന്വച്ച് വന്നതാ... അപ്പോ... ഹോസ്റ്റൽ തുറന്നിട്ടില്ല...”

കാരുണ്യം നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞു “അകത്തേക്ക് വരിക.... ഇനി ഇന്നെവിടെയും പോണ്ട....”

വാതിൽ ശീല നീക്കി അമ്മാളുക്കുട്ടിയമ്മ പ്രത്യക്ഷപ്പെട്ടു.

“ആഹാ... ലക്ഷ്മിയോ!? എന്തു പറ്റി കുട്ടി?”

കണ്ണു നിറഞ്ഞുപോയി. ഒന്നും മിണ്ടാനായില്ല ഒരു നിമിഷം.

“കുട്ടി ഇന്ന് ഹോസ്റ്റൽ തുറക്കുംന്ന്വച്ച് വന്നതാ.... വണ്ടീം വൈകി, ഹോസ്റ്റൽ നാളേ തുറക്ക്വള്ളേനും...”
കാര്യസ്ഥൻ പറഞ്ഞു.

“വാ....” അമ്മ വിളിച്ചു.

അകത്തുകയറ്റി. മക്കൾക്കൊപ്പം കൂട്ടി. ഗീത സുന്ദരിയാണ്. ആ ബോധം ഉണ്ടുതാനും. അതാവും അത്ര അടുപ്പം കാട്ടിയില്ല. എന്നാൽ ഉഷ പെട്ടെന്ന് കുശലം ചോദിച്ചു വന്നു. കൂട്ടായി.

എല്ലാവരെയും ഒരുമിച്ചിരുത്തി അമ്മ അകത്തേക്കു പോയി.

അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളുടെ ഭാണ്ഡം അഴിച്ചു. ഉഷയ്ക്ക് കഥകളൊക്കെ ഇഷ്ടായി. കഥകേട്ടെപ്പോഴോ ഗീത അരികിൽ വന്നിരുന്നിരുന്നു.

രാത്രി വൈകിയപ്പോൾ അമ്മ എല്ലാവരെയും വിളിച്ചു. ഒരുമിച്ചിരുത്തി ഭക്ഷണം തന്നു.

ഊണിനു ശേഷം കഥ തുടർന്നു. അതോടെ ഗീതയും കൂട്ടായി.

ആ രാത്രി അവർക്കൊപ്പം കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ ഹോസ്റ്റലിലേക്കു മടങ്ങി.

ആദ്യമായാണ് അത്ര വലിയൊരു ബംഗ്ലാവിൽ ഉറങ്ങുന്നത്. അതും അവിടത്തെ കുട്ടികൾക്കൊപ്പം, ദയവു ചെയ്യുന്നു എന്ന ഭാവം തോന്നിപ്പിക്കാതെ.....

ഇക്കാലത്ത് ഇതൊക്കെ ചിന്തിക്കാനാവുമോ!? 


അമ്മാളുക്കുട്ടിയമ്മ വിടപറഞ്ഞിട്ട് കാലമേറേയായി. അവരുടെ  മക്കൾ ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ? പതിറ്റാണ്ടുകൾക്കു മുൻപൊരു രാത്രിയിൽ അഗതിയായി വന്നുകയറി കഥ പറഞ്ഞുപോയ ഒരു പെൺകുട്ടിയെ?

അവരൊക്കെ ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ഒന്നും അറിയില്ല.
നല്ല നിലയിൽ മക്കളും കൊച്ചുമക്കളുമായി എവിടെയെങ്കിലും ഉണ്ടാവും.

അധികം സംസാരിച്ചതുകൊണ്ടാവും ചുമ വീണ്ടും. നെഞ്ചുമുഴുവൻ കഫമാണ്.

കഫ് സിറപ്പ് വായിലൊഴിച്ചു തന്നുകൊണ്ട് മകൻ പറഞ്ഞു “മതിയമ്മേ, ബാക്കിക്കഥ നാളെപ്പറയാം.... കൂടുതൽ സ്ട്രെയിൻ എടുക്കണ്ട” അവൻ തലയിണതാഴ്ത്തിക്കിടത്തി. പുതപ്പ് മൂടിത്തന്നു.


കൺപീലികളിൽ കനം തൂങ്ങി മയക്കം വന്നു തഴുകുമ്പോൾ മകന്റെ ശബ്ദം “ അമ്മയുടെ സ്വപ്നത്തിൽ മാത്രമല്ല,  ഒരു പക്ഷേ....ഇനി എന്റെ സ്വപ്നത്തിലും ഇവരൊക്കെ അതിഥികളായി വന്നേക്കാം.....”

മഞ്ഞുമറയ്ക്കപ്പുറം നിന്നെന്നപോലെ ആ വാക്കുകൾ കേട്ട്, സുഖകരമായൊരു മയക്കത്തിലേക്ക് മെല്ലെയങ്ങനെ......




* അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾക്കു കടപ്പാട്.

55 comments:

Kalavallabhan said...

അനുഭവവും ഭാവനയും അരക്കഴഞ്ചു വീതം ചേർത്ത്‌ ഇതുപോലുള്ള ഓരോ ഡോസ്‌ മാസതിതിലൊന്നെങ്കിലും കിട്ടിയാൽ നന്നായിരുന്നു

Echmukutty said...

അദന്നെ, അദന്നെ. അങ്ങനന്യാണ് സൊപ്നങ്ങള്..

പിന്നെ കലാവല്ലഭന്‍ പറഞ്ഞത് കേട്ടില്ലേ? ഇല്ലാന്നുണ്ടെങ്കില്‍ ഒന്നും കൂടി പറയാം....

കഥ ഇഷ്ടപ്പെട്ടു കേട്ടൊ.

K@nn(())raan*خلي ولي said...

ഓര്‍മ്മക്കഥ സുഖമുള്ള നൊമ്പരവും കൂടിയായി. അമ്മയുടെ പനി മാറിയല്ലോ. അല്ലെ?

മത്താപ്പ് said...

നല്ല കഥ, ഇഷ്ടപ്പെട്ടു ഡോക്ടറേ :)

ജീവി കരിവെള്ളൂർ said...

ഓര്‍മ്മകള്‍ക്കു മാത്രമായി ഏറെ സമയമുള്ള ആശുപത്രി ദിനങ്ങള്‍ , എങ്കിലും ഓര്‍ക്കാന്‍ പലപ്പോഴും ഇഷ്ടം തോന്നാത്ത ദിനങ്ങളായിരിക്കും അവ . ഓര്‍ത്തിട്ടുപോലുമില്ലാത്തത് സ്വപ്നങ്ങളില്‍ വലിഞ്ഞുകേറി വരികയും ചെയ്യും :)

കാളിദാസ് said...

Kadha nannayii ... ammayude manassu makan vayichappo nalloru kadha kettu..
Ashamsakal...ammakkum makanum...!

CNR Nair said...

നന്നായിരിക്കുന്നു. പ്രത്യേകിച്ചും ഈ പനിക്കാലത്ത്

കൊച്ചു കൊച്ചീച്ചി said...

നന്നായീട്ടോ. അവസാനിപ്പിച്ചിടത്ത് ഒന്നു പിടിവിട്ടുപോയെങ്കിലും ബാക്കിയൊക്കെ വായിക്കാന്‍ നല്ല ത്രില്ലുണ്ടായിരുന്നു.

വീകെ said...

ഇന്നത്തെ തലമുറക്ക് ഇത്തരം അമ്മാളുക്കുട്ടിയമ്മമാരെ സ്വപ്നം കാണാനെ കഴിയൂ.. ജിവിതത്തിൽ കണ്ടുമുട്ടാൻ പ്രയാസമായിരിക്കും...!!
ആശംസകൾ...

Dr.Sreeraj K Damodar said...

ജീവിച്ചിരിക്കുന്ന
ഞാനും നിങ്ങളും എല്ലാരും
ഒരിക്കല്‍ മരിക്കും
സമ്മതിച്ചു
പച്ചപരമാര്‍ത്ഥം തന്നെ !
പക്ഷെ ഒന്നു പറ
മരിച്ചിട്ടും സ്വപ്നങ്ങളിലേക്ക്
ബലമായിട്ടെന്നെ കൂടെ കൊണ്ടുപോയാല്‍ ...
ഇഹലോകത്തിലെ മനസ്സിലൊന്നിലും
ഞാന്‍ മണ്ണടിഞ്ഞില്ലെങ്കില്‍ ...
കാലമെത്തുമ്പോള്‍
പിന്നാംപുറക്കഥകളായി വീണ്ടും പുനര്‍ജനിക്കപ്പെട്ടാല്‍ ...
എന്നെനിക്ക് എന്റെ മോക്ഷം ... ?

പട്ടേപ്പാടം റാംജി said...

ഒരിക്കലും ഓര്‍ക്കാത്തതായിരിക്കും ചിലപ്പോള്‍ സ്വപ്നത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്.

shahjahan said...

അനുഭവത്തിന്റെ അംശം ഉള്ളതാവാം വളരെ നന്നായി ഹൃദയസ്പര്‍ശിയായി അവതരണം.ഭാവുകങ്ങള്‍.

Noushad Thekkiniyath said...

വളരെ നല്ല രീതിയില്‍ പറഞ്ഞു .അവസാന ഭാഗം ഹൃദയസ്പര്‍ശിയായിരുന്നു.അവളെ അവര്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്ന് ചോതിക്കുന്ന ഭ്ഹാഗം.നമ്മളും ഇങ്ങനെ എത്ര പേരെ ഓര്‍ക്കും ? നമ്മളെയും ?

mini//മിനി said...

എല്ലാം ഒരു സ്വപ്നം തന്നെയല്ലെ,,, ഉണരുമ്പോൾ അവ്യക്തമാവുന്ന സ്വപ്നം..

മണ്ടൂസന്‍ said...

അമ്മ എല്ലാവരെയും ഒരുമിച്ചിരുത്തി ഭക്ഷണം തന്നു.
ഊണിനു ശേഷം കഥ തുടർന്നു. അതോടെ ഗീതയും കൂട്ടായി.
ആ രാത്രി അവർക്കൊപ്പം കിടന്നുറങ്ങി.
പിറ്റേന്നു രാവിലെ തന്നെ ഹോസ്റ്റലിലേക്കു മടങ്ങി.

ഓർമ്മക്കഥയും അമ്മക്കഥയും ഒന്നായി. നല്ല അനുഭവങ്ങൾ ജയേട്ടാ. ഇതുപോലൊരു അനുഭവമൊക്കെ ഇനി എന്ന് കിട്ടുമല്ലേ ? ഈ കാലത്ത്.! ആശംസകൾ.

Cv Thankappan said...

ഓര്‍മ്മകളും,അനുഭവങ്ങളും
സമന്വയിപ്പിച്ച് ലളിതമായ
ശൈലിയില്‍ രൂപപ്പെടുത്തിയ
ഈ രചന ഹൃദ്യമായിരിക്കുന്നു.
ആശംസകള്‍

ഉദയപ്രഭന്‍ said...
This comment has been removed by the author.
jayanEvoor said...

കലാവല്ലഭൻ
എച്ച്മൂസ്
കണ്ണൂരാൻ
മത്താപ്പ്
ജീവി
കാളിദാസ്
സി.എൻ.ആർ നായർ
കൊച്ചു കൊച്ചീച്ചി
എല്ലാവർക്കും നന്ദി!

jayanEvoor said...

വീക്കെ
ശ്രീരാജ്
റാംജി
ഷാജഹാൻ
നൌഷാദ്
മിനി ടീച്ചർ
മണ്ടൂസൻ
സി.വി.തങ്കപ്പൻ
ഉദയപ്രഭൻ

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തുക്കളെ!

Manoraj said...

അവരൊക്കെ മറ്റുള്ളവരുടെ സ്വപ്നങ്ങളിലും വരട്ടെ അല്ലേ ഡോക്ടറേ.. പക്ഷെ, എന്തോ കഥ എനിക്കത്ര ഇഷ്ടമായില്ല. വല്ലാത്ത ധൃതിപോലെ. തിടുക്കം കൂടി പോയപ്പോലെ..

Nassar Ambazhekel said...

നമുക്കു പ്രിയപ്പെട്ട ചിലതൊക്കെ സ്വപ്നങ്ങൾ ഉയർത്തിക്കൊണ്ടു വരും; ഓർമ്മയുടെ ആഴങ്ങളിൽ നിന്ന്.

ദീപ എന്ന ആതിര said...

ഓര്‍മ്മകള്‍ എന്നും മധുരതരം

ഷബീര്‍ - തിരിച്ചിലാന്‍ said...

സ്വപ്നങ്ങള്‍ക്ക് പിരാന്താണ് പലപ്പോഴും. എങ്കിലും ഇഷ്ടപ്പെടാതെ തരമില്ല. മനസ്സില്‍ മാറാല കെട്ടിയ ഓര്‍മകള്‍ തിരിച്ചുകൊണ്ടുവരുന്നതും പലപ്പോഴും സ്വപ്നങ്ങളാണ്.

കഥയായി തോന്നിയില്ല... നല്ല ഓര്‍മ്മകള്‍...

ajith said...

നല്ല കഥാപാത്രങ്ങള്‍
നല്ല മനസ്ഥിതികള്‍
നല്ല ബന്ധങ്ങള്‍
നല്ലതാണെല്ലാം

ഒരു ദുബായിക്കാരന്‍ said...

ഓര്‍മകളുടെ ചെപ്പു തുറന്ന ഈ കഥ ഇഷ്ടായി !

റോസാപ്പൂക്കള്‍ said...

പെട്ടെന്നങ്ങ് തീര്‍ത്ത്‌ കളഞ്ഞല്ലോ...

ശ്രീ said...

നന്നായി, മാഷേ...

Hashiq said...

പനിക്കിടക്കയിലെ ഏറ്റവും വലിയ സൊല്ല ചിലപ്പോള്‍ ആദ്യോം അന്തോം ഇല്ലാത്ത ചില സ്വപ്നങ്ങളാണ്. പക്ഷേ ഈ കഥ ഇഷ്ടമായി.സ്വപ്നത്തിന് ദൈര്‍ഘ്യം അല്പം കുറവായിരുന്നുവെങ്കിലും .......

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല സ്വപ്നങ്ങൾ ഇനിയും ധാരാളം കാണാൻ കഴിയട്ടെ എന്നാശംസിക്കുന്നു...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇത്തരം എത്ര സ്വപ്‌നങ്ങള്‍ നാം കണ്ടു ഡോക്ടര്‍ ?:(

Absar Mohamed said...

കഥ നന്നായി...
ഇനിയും മനോഹര സ്വപ്നങ്ങള്‍ കാണാന്‍ കഴിയട്ടെ...
ആശംസകള്‍ ...

prakashettante lokam said...

ഞാന്‍ ഈ വഴിക്ക് ആദ്യമായാണ്. ഞാനും ഇതുപോലെ സ്വപ്നം കാണാറുണ്ട്.

wish u best of luck with more and more better dreamz

kamalaChith said...

അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾ
പറഞ്ഞപ്പോ തന്നെ വായിച്ചു തീര്‍ത്തു ........

ആ അമ്മയെ ശുശ്രൂഷിക്കാന്‍ മകന് ആയതു കൊണ്ടല്ലേ

ഇങ്ങനുള്ള കഥ കളും കേള്‍ക്കാന്‍ പറ്റുന്നത് ജെയേട്ടാ

Admin said...

കഥ വളരെ നന്നായ എഴുതാന്‍ കഴിഞ്ഞു..
ആശംസകള്‍..
വീണ്ടുമെഴുതുക..

കുഞ്ഞൂസ് (Kunjuss) said...

കഥയായല്ല , ഒരു ഓര്‍മക്കുറിപ്പായി ഉള്ളില്‍ നിറയുന്നു.

അമ്മയുടെ പനിയൊക്കെ മാറിക്കാണും എന്ന് കരുതുന്നു.

സ്നേഹാശംസകളോടെ...

Unknown said...

സത്യം പറയട്ടെ, വായിച്ചു കൊണ്ടിരിക്കുമ്പോൾ നേരിൽ കാണുന്നതു പോലെ തോന്നി...

പക്ഷേ പെട്ടന്ന് അവസാനിപ്പിച്ച് പോലെ..

kochumol(കുങ്കുമം) said...

അവതരണം ഹൃദയസ്പര്‍ശിയായി ...നല്ല കഥ ഇഷ്ടായി ...!

sm sadique said...

ഹൃദ്യമായ കഥ. അതിലുപരി മനസ്സ് നിറക്കുന്ന ചില ഓർമകൾ. ആശംസകൾ.....

jayanEvoor said...

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തുക്കളേ!

ഒരു യാത്രികന്‍ said...

ഏറെ ഹൃദ്യമായ വായാനാനുഭവം. അനുഭവം ഇപ്പോഴും എഴുത്തിന്റെ തീവ്രത കൂട്ടുന്നു.......സസ്നേഹം

പി. വിജയകുമാർ said...

ഓർമ്മകളും സ്വപ്നങ്ങളും... നല്ല കഥയായി, അനുഭവമായി.

കൊമ്പന്‍ said...

ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകള്‍ ഒരു സ്വപ്നമായി വന്നു പതിച്ചപ്പോള്‍ ഉണ്ടായ ഒന്നാണ് ഇത് നല്ല വായന നല്‍കി ആശംസകള്‍

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

നല്ല കഥ...

വേണുഗോപാല്‍ said...

വായിച്ചു കഴിഞ്ഞയുടന്‍ ലേബല്‍ നോക്കി...

അനുഭവം പോലെ തോന്നും വിധം ഒരു കഥ ലളിതമായ വാക്കുകളാല്‍ അനായാസം ഇവിടെ വരച്ചിട്ടിരിക്കുന്നു.

ഈ എഴുത്ത് ഇഷ്ട്ടായി

മുകിൽ said...

ഓര്‍മ്മകളാണല്ലേ..നന്നായി പറഞ്ഞു

jayanEvoor said...

ഒരു യാത്രികൻ
വിജയകുമാർ
കൊമ്പൻ
മലർവാടി
വേണുഗോപാൽ
മുകിൽ
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി!

ജയിംസ് സണ്ണി പാറ്റൂർ said...

കാരൂർ കഥകളുടെ വയനാ സുഖം
പകരുന്ന നല്ല കഥ.
പരപ്പിൽ തറവാടു ഭീമാകാരം പൂണ്ടു. പൂണ്ടു
എന്നയിടത്തു അക്ഷര പിശകുണ്ടു്.

Sidheek Thozhiyoor said...

നല്ല വായനാസുഖമുള്ളൊരു കഥ. നന്നായി ഡോക്ടറെ.

African Mallu said...

സന്ധ്യാ നേരത്ത് ഹോസ്ടലിന്റെ അടച്ചിട്ട വാതിലില്‍ നോക്കി പേടിച്ചരണ്ട പെണ്‍കുട്ടിയുടെ ദൃശ്യം പെട്ടെന്ന് മായും എന്ന് തോന്നുന്നില്ല ..വളരെ നന്നായി

rameshkamyakam said...

നന്നായി എഴുതി.കുറച്ചെഴുതി കൂടുതല് പറയുന്നതാണ് നല്ലത്.എല്ലാ ഭാവുകങ്ങളും.

പൈമ said...

ചില ഓർമ്മകൾ സ്വപ്ങ്ങളിളും പിന്തുടരും.അല്പം കൂടി ഭാവനകൾ കൊടുത്ത് എഴുതാമായിരുന്നു. സ്പനങ്ങളുടെ മായാക്കളികൾ ഈ ഭാഗമോക്കെ..നന്നായിരുന്നു ജയേട്ടാ...


ചില താവളങ്ങൾ.ചില സന്നിദ്യങ്ങൾ.നമ്മുക്ക് വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും സ്വപ്നങ്ങൾ ഓർമ്മപെടുത്താൻ കാരണം അതു നമ്മിൽ ഗാഡമായി പ്രവേശിച്ചു എന്നതിന്റെ തെളിവാണു.

Aneesh chandran said...

ഓര്‍മ്മകളുടെ കഥപറച്ചില്‍ രീതി നന്നായി...

Unknown said...

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മാനുഭവങ്ങൾ ആവിഷ്കരിക്കുകയാണെങ്കിൽ ഇതുപോലെയായിരിക്കണം കേട്ടൊ കൂട്ടരെ..

അത്ര നന്നായിട്ടല്ലേ ഈ കഥാവൈദ്യൻ നമ്മളെയൊക്കെ ഈ എഴുത്തിലൂടെ കൈയ്യിലെടുത്തിയിരിക്കുന്നത്..!

Anonymous said...

superb treatment of script...nannayirunnu... ithina semi-nostalgia ennu vilikkam allae doc