Sunday, March 4, 2012

പരമിയും കൊത്താറനും കച്ചിത്തുറുവും!!!

കായംകുളം ബസ് സ്റ്റാൻഡിൽ വച്ചാണ്  എന്നെ പരമി പിടികൂടിയത്!
പരമി എന്നാൽ പരമീശരൻ എന്ന പരമേശ്വരൻ.


പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് അവനെ കാണുന്നത്. പപ്പടക്കച്ചവടം നിർത്തി, പത്താൻകോട്ട്  മിലിട്ടറിപ്പണിക്കു പോയശേഷം പിന്നെ കണ്ടിട്ടേ ഇല്ലായിരുന്നു. നീണ്ടു കൂനിയുള്ള നടപ്പും, വെളുവെളുക്കെയുള്ള ചിരിയും കാരണം ഇതാര് എന്ന ചിന്തയേ ഉണ്ടായില്ല. ഒറ്റനോട്ടത്തിൽ തന്നെ എന്നെയും അവനു മനസ്സിലായിരുക്കണം. അതാണല്ലോ പിന്നിലൂടെ വന്നു പൂണ്ടടക്കം പിടിച്ചത്!

അല്ലെങ്കിലും ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴേ,  ‘മേജിക് മേഘനാഥ് ’, ‘ഇരുമ്പുകൈ മായാവി’ എന്നിവരുടെ ശിഷ്യത്വം സ്വയം വരിച്ച ഏകലവ്യനാണല്ലോ ‘ഡിറ്റക്ടീവ് പരമി’.

അവൻ ഇങ്ങനെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഡിറ്റക്ടീവ് ഒക്കെയായിരുന്നെങ്കിലും,  പഠിക്കുന്ന കാലത്ത് , കാതിൽ കടുക്കനിട്ട് സ്കൂളിൽ വന്നിരുന്ന ഏക കുട്ടിയായിരുന്നു പരമി. അവന്റെ അച്ഛന്റെ കാതിലും കണ്ടിട്ടുണ്ട് കടുക്കൻ. പപ്പടക്കച്ചവടമായിരുന്നു അവരുടെ കുടുംബം പാരമ്പര്യമായി ചെയ്തിരുന്നത്.

ഓണത്തിനും മറ്റു വിശേഷ സന്ദർഭങ്ങളിലും അവരുടെ വീട്ടിൽ  പോയി കെട്ടുകണക്കിനു പപ്പടം വാങ്ങിയിട്ടുണ്ട് ഞാൻ. ഉള്ളതിൽ ഏറ്റവും നല്ല പപ്പടം എനിക്കായി എടുത്തു തരും, പരമി. കൂടാതെ ഒറ്റ രൂപാത്തുട്ടിന്റെ വലുപ്പത്തിൽ ‘പരമീസ് സ്പെഷ്യൽ’ കുഞ്ഞുപപ്പടം പ്രത്യേകമായും തരും.

തിരുവനന്തപുരത്തിന് ഒരു സൂപ്പർഫാസ്റ്റ് വരുന്നതു വരെയേ  അവനോട്  വിശേഷങ്ങൾ തിരക്കാനാവുകയുള്ളല്ലോ എന്നോർത്തപ്പോൾ വിഷമം  തോന്നി.  എന്നാൽ പരമി എന്നേക്കാൾ ഉത്സാഹത്തിലായിരുന്നു. പുനലൂരുള്ള പെങ്ങളെ കാണാനാണ് അവന്റെ യാത്ര.

പക്ഷേ, പറഞ്ഞതു മുഴുവൻ ഞങ്ങളുടെ ഹൈസ്കൂൾ സഹപാഠികളുടെ വിശേഷങ്ങളായിരുന്നു. സൂറത്തിലുള്ള രാജേന്ദ്രന്റെയും, മഡഗാസ്കറിലുള്ള വർഗീസിന്റെയും വരെ വിവരങ്ങൾ ഞൊടിയിടയിൽ അവൻ പറഞ്ഞു.

എന്നോട് വിശേഷങ്ങളൊന്നും ചോദിച്ചില്ല. ഒക്കെ അവനറിയാമത്രെ!

ഒപ്പം, താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്ന വിവരവും അവൻ വെളിപ്പെടുത്തി.

“അതെന്താടാ, ഇതുവരെ കഴിക്കാഞ്ഞത്?” ഞാൻ ചോദിച്ചു.

“കൊത്താറന്റെ പുലകുളി കഴിഞ്ഞേ അതൊണ്ടാവത്തൊള്ളെടാ! ഹ! ഹ!!” അവൻ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്റെ ചോദ്യഭാവത്തിലുള്ള മുഖഭാവം കണ്ട് അവൻ തുടർന്നു “അതേയ്, സത്യത്തിൽ കുറച്ച് ആലോചനകളൊക്കെ വന്നതാ.... പക്ഷേ എല്ലാം കൊത്താറൻ  മുടക്കി.... കൂട്ടിന് ആ കച്ചിത്തുറുവും ഒണ്ടെന്നു കൂട്ടിക്കോ.  പിന്നെ ഞാനാലോചിച്ചപ്പം.......”

ഞങ്ങളുടെ സംസാരത്തിൽ അസൂയ പൂണ്ട ഒരു സൂപ്പർഫാസ്റ്റ് ഉടൻ പറന്നെത്തി. എനിക്കു പോകാതെ തരമില്ലായിരുന്നു. ആ വിമ്മിഷ്ടം കണ്ടപ്പോൾ അവൻ പറഞ്ഞു

“അല്ലേലും അതങ്ങനെ തന്നെയല്ലേ. ബസ്സു വരണേന്നു പ്രാർത്ഥിച്ചു നിന്നാൽ അതു വരുത്തേ ഇല്ല. അല്ലെങ്കിൽ ദാ, ഇങ്ങനെത്തും! നമുക്കു മീന ഭരണിക്കു കാണാം! നീ ചെല്ല്‌.......”

ആൾക്കാർ ഈച്ചകളെപ്പോലെ ബസ്സിനെ പൊതിഞ്ഞു. അതിനിടയിലേക്ക് ഞാനും നൂണ്ടുകയറി.

ഞാൻ സൂപ്പർഫാസ്റ്റിൽ കയറിയ ശേഷമാണ് അവൻ പുനലൂർ ബസ്സിൽ കയറിയത്. നല്ല ആൾത്തിരക്കിനിടയിൽ   ആറര അടിയുള്ള ദേഹം വളച്ച് കൂനി നിൽക്കുന്ന പരമിയുമായി പുനലൂർ ബസ്സാണ് ആദ്യം സ്റ്റാൻഡ് വിട്ടത്.

പഠിക്കുന്ന കാലത്തും ക്ലാസിലെ ഏറ്റവും ഉയരം കൂടിയ വിദ്യാർത്ഥി അവനായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ പൊക്കം ആറടി എത്തിയിരുന്നു.

അതുകൊണ്ടാണല്ലോ, പണ്ട് മഠത്തിലെ കച്ചിത്തുറു എങ്ങനെ കത്തി എന്ന വിവരം കൃത്യമായി അവനു പിടികിട്ടിയത്!

അതോടുകൂടിയാണല്ലോ, പൂങ്കുളങ്ങര കാർത്ത്യാണിയ്ക്ക്   ‘കച്ചിത്തുറു കാർത്ത്യാണി’ എന്നു പേരു വീണത്!

അന്നുമുതലാണല്ലോ,  നാട്ടുകാരുടെ മുഴുവൻ ‘കൊത്താറൻ’ ആയ സുപ്രൻ കൊത്താറൻ അവന്റെ ആജീവനാന്ത ശത്രുവായ് മാറിയത്!


സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പായി ആ ശത്രുത ഇന്നും നിലനിൽക്കുന്നു എന്നത് അതിശയം തന്നെ.

നാട്ടിലെ സകലമാന ചടങ്ങുകളുടെയും ‘ഉത്സാഹക്കമ്മറ്റി’യിലെ സ്വയം പ്രഖ്യാപിത മേൽനോട്ടക്കാരനായിരുന്നു കൊത്താറൻ.അന്നത്തെ പ്രായം നാല്പത്തഞ്ച്. കാഴ്ചയിൽ മുപ്പത്തഞ്ച്.

അണ്ണൻ, ചേട്ടൻ, ഏട്ടൻ എന്നിങ്ങനെയുള്ള സംബോധനകളുടെ കൂട്ടത്തിൽ ‘കൊച്ചേട്ടൻ’ എന്നർത്ഥം വരുന്ന ‘കൊച്ചാട്ടൻ’ എന്ന പ്രയോഗമാണ് നാട്ടിൽ പൊതുവെ നിലനിന്നിരുന്നത്. എന്നാൽ ചിലർ ആ വാക്ക് ‘കൊത്താറൻ’ എന്നാക്കിയായിരുന്നു പ്രയോഗിച്ചിരുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെയാണ് പെട്ടെന്നൊരു ദിവസം വൈകിട്ട് നാലു മണിക്ക് മഠത്തിലെ കച്ചിത്തുറുവിനു തീപിടിച്ചത്!

(മഠം = മന,  കച്ചിത്തുറു = വൈക്കോൽ തുറു )

അല്പം അകലെയുള്ള അമ്പലത്തിൽ പൂജയ്ക്കു പോകാനായി മഠത്തിലെ എലിവാലൻ തിരുമേനി താറുടുത്ത്, കുടുമ കെട്ടി പുറത്തിറങ്ങി നോക്കിയപ്പോൾ തുറുവിൽ നിന്ന് പുകയുയരുന്നു....! ആൾ വെപ്രാളപ്പെട്ടു പാഞ്ഞുവന്ന്  കയ്യിൽ കിട്ടിയ മുറം എടുത്ത് തുറുവിലിട്ടടിക്കാൻ തുടങ്ങി!

തീയണയ്ക്കുകയായിരുന്നു ഉദ്ദേശം. പക്ഷേ, ‘മുറ’പ്രയോഗം കൂടിയപ്പോൾ തീ ആളിക്കത്താൻ തുടങ്ങി. ഒപ്പം തിരുമേനിയുടെ നിലവിളിയും മുഴങ്ങി!

ഒടുക്കം കായംകുളത്തൂന്ന് ‘ഫയറിഞ്ചൻ’  വന്നു തീയണയ്ക്കാൻ..... നാട്ടുകാർ ഒരു ഫയർ എൻജിൻ അത്ര അടുത്തു കാണുന്നത് ആദ്യമായായിരുന്നു.

കൊയ്ത്തു കഴിഞ്ഞു കിടന്ന പാടങ്ങൾക്കു നടുവിലൂടെ കുട്ടികളും, ചെറുപ്പക്കാരും, വൃദ്ധന്മാരും, തരുണീമണികളും അല്ലാത്തമണികളും ഒക്കെ തുറു നിന്ന പറമ്പിലേക്കു മണ്ടി.

അന്നത്തെ ഫയർ എഞ്ചിന്  ഇന്നത്തെപ്പോലുള്ള സൈറൺ ഇല്ലായിരുന്നു. മണിയടിയായിരുന്നു പകരം. തുരുതുരാ മണിയടിച്ചോണ്ട് ഇഞ്ചൻ ചീറിപ്പാഞ്ഞു വന്നു!

ഇഞ്ചനിലെ വെള്ളം തീർന്നപ്പോൾ, മഠത്തിലെ കുളത്തിൽ നിന്നും വെള്ളം പമ്പു ചെയ്തു കേറ്റി ഒരു മണിക്കൂർ നേരം ശ്രമിച്ചിട്ടാ തീയണഞ്ഞത്.

അത്രയ്ക്കു വലിയ തുറുവാ കത്തിപ്പോയത്!

ഇതിന്റെ പേരിൽ കൊത്താറൻ,  പരമിയെ ആജന്മ ശത്രുവായി പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്?

കൊത്താറൻ തന്നെ പറയുന്നപോലെ, ഏതു കാര്യത്തിനും ഒരു കാരണമുണ്ട്. ഇതിനും ഉണ്ട്!

ആ മൂല  കാരണത്തിന്റെ പേർ പൂങ്കുളങ്ങര കാർത്ത്യാണി എന്നായിരുന്നു.

തടിച്ചുരുണ്ട ഒരു ‘അഴകിയ രാവണി’ ആണ് കാർത്ത്യാണി.

പറമ്പിൽ പുല്ലുപറിക്കലാണ് പണിയെങ്കിലും, കണ്ണെഴുതി പൊട്ടു തൊട്ട് ,കുട്ടിക്കൂറ പൌഡറും പൂശിയേ വൈകുന്നേരം പുറത്തിറങ്ങൂ. അമ്പലത്തിൽ വന്നാൽ പുറത്തു നാലും അകത്തു മൂന്നും പ്രദക്ഷിണം. കൃഷ്ണനാണ് ഇഷ്ടദേവൻ.  “എന്റെ കൃഷ്ണാ......”ന്നുള്ള കാർത്ത്യാണിയുടെ വിളി പ്രസിദ്ധമാണ്. അതു കേട്ട് കൃഷ്ണൻ  മയങ്ങിയില്ലെങ്കിലും സുബ്രഹ്മണ്യൻ മയങ്ങി .

നെറ്റിയിൽ ചന്ദന ഗോപിയും, ചെവിപ്പുറത്ത് തുളസിയിലയും, ചുണ്ടിൽ കൃഷ്ണസ്തുതിയുമായി നാട്ടിൽ വിരാജിക്കുന്ന സുബ്രഹ്മണ്യൻ എന്ന സുപ്രൻ കൊത്താറൻ!

ഇക്കാര്യം ആദ്യം റഡാറിലൂടെ വീക്ഷിച്ച് കൺഫേം ചെയ്തയാൾ പരമിയായിരുന്നു.  ഒരു ദിവസം സന്ധ്യക്ക് ദീപാരാധനയ്ക്കിടയിലായിരുന്നു അത്.

പൊതുവേ, ഉത്സവകാലത്താണ് പരമി റഡാർ മോണിട്ടറിംഗ് ഏറ്റവും ഇഫക്റ്റീവായി ചെയ്യുക.പക്കാ പ്രൊഫഷണൽ ആയിരുന്നു പരമി.‘ജോലി’ക്കിടെ കൂട്ടുകാർ മുഴുവനും ‘കളറുകൾ’ക്കു പിന്നാലെ പോയാലും പരമി പിന്മാറുന്ന പ്രശ്നമില്ല..

ആൾത്തിരക്കിനിടയിൽ അവന്റെ കണ്ണുകൾ എവിടെയാണ് സൂം ചെയ്തിരിക്കുന്നതെന്ന് ആർക്കും മനസ്സിലാവില്ല. ആരെയും നോക്കുന്നില്ല എന്ന മട്ടിൽ തന്റെ ത്രസ്റ്റ് ഏരിയ മോണിട്ടർ ചെയ്തു നിൽക്കും.

അവന്റെ കണ്ണിലേക്കു നോക്കണമെങ്കിൽ കഴുത്തുപൊക്കി കൊമ്പത്തേക്കു നോക്കണം എന്ന ബുദ്ധിമുട്ടുള്ളതിനാൽ, ഒരു മാതിരിപ്പെട്ടവരൊന്നും അതിനു മെനക്കെടാറുമില്ല.സോ, ദ ആപ്പറേഷൻ ഈസ് സെയ്ഫ് ആൻഡ് ക്ലാൻഡസ്റ്റൈൻ.


ഉത്സവം തുടങ്ങിയാൽ പിന്നെ അമ്പല പരിസരം മുഴുവൻ പുരുഷാരം നിറയുകയായി. ആന, അമ്പാരി, വെഞ്ചാമരം, ആലവട്ടം, തീവെട്ടി, ചുറ്റുവിളക്ക്, വർണവിളക്കുകൾ, പലതരം കച്ചവടക്കാർ....

കിഴക്കേ നടയിലാണ് വളക്കടകൾ നിറയെ ഉണ്ടാവുക.കുപ്പിവള, കണ്മഷി,  ചാന്ത്, സിന്ദൂരം, മാല, പൊട്ട്, സോപ്പ്, ചീപ്പ് എന്നുവേണ്ട പെണ്ണായിപ്പിറന്നവരെ മുഴുവൻ ആകർഷിക്കുന്ന വർണപ്രളയം....

അതിനിടയ്ക്കാണ് കൊത്താറനെ കാർത്ത്യാണിക്കൊപ്പം  പരമി വീണ്ടും  സ്പോട്ട് ചെയ്തത്.  ആറടിക്കു മുകളിൽ ഫിറ്റ് ചെയ്ത ഡബിൾ റഡാർ കണ്ണുകൾ കൊണ്ട് അവൻ കാണാത്തതൊന്നുമില്ല!

അഞ്ചാം ഉത്സവം ആയപ്പോഴേക്കും ജനത്തിരക്കേറി.

വളക്കടകൾക്കപ്പുറം കളികൾ നടക്കുന്ന സ്ഥലമാണ്. കുലുക്കിക്കുത്ത്, ആന മയിൽ ഒട്ടകം, മുച്ചീട്ട് തുടങ്ങിയവയാണ് പ്രധാനം.

കൊത്താറൻ മുച്ചീട്ടു വിദഗ്ധനാണ്. ചീട്ടു കളിച്ചു നാട്ടുകാരെ പറ്റിച്ചുണ്ടാക്കുന്ന കാശുമായി അതിയാൻ ഇടയ്ക്കു മുങ്ങിയത് പരമിയുടെ റഡാറിൽ പതിഞ്ഞു.

അതോടെ  അവനിലെ ഡിറ്റക്ടീവ് ഉണർന്നു. നടു നിവർന്നു. കഴുത്ത് ആൾക്കൂട്ടത്തിനു മീതെ ഉയർന്നു. ഉണ്ടക്കണ്ണുകൾ ലാറ്ററൽ മൂവ്മെന്റ് നടത്തി.

ഒന്നിൽ പിഴച്ചാൽ മൂന്ന് ! കൊത്താറൻ വീണ്ടും റഡാറിൽ കുരുങ്ങി ! അറ്റ് ദ സെയിം സ്പോട്ട്.... വളക്കടയിലെ തിരക്കിനിടയിൽ, കാർത്ത്യാണിക്കരികിൽ...!

തനിക്ക് ഒരു ഇന്ററസ്റ്റിംഗ് അസൈൻമെന്റ് കിട്ടിയതായി പരമി വിലയിരുത്തി.

അല്പനേരം തട്ടിമുട്ടി നിന്നശേഷം രഹസ്യമായി ഒരു പൊതിക്കെട്ട് അവൾക്കു കൈമാറി കൊത്താറൻ മുങ്ങി. എങ്കിലും അവൻ വർദ്ധിതോത്സാഹത്തോടെ മോണിട്ടറിംഗ് തുടർന്നു.

പിറ്റേന്ന്, ആ പൊതിയിലെ  കാശു മുഴുവൻ  വളയും മാലയും, ചാന്തും കണ്മഷിയുമായി കാർത്ത്യാണീടെ ദേഹത്തു പറ്റിക്കിടന്നതും, അതു കണ്ട് കോൾമയിർ കൊണ്ടെന്ന പോലെ കൊത്താറൻ അവളെ നോക്കി നിൽക്കുന്നതും, ലെയ്സർ കണ്ണുകൾ വഴി പരമി ദർശിച്ചു.


അങ്ങനെ നിരന്തരവും, നിഷ്കൃഷ്ടവുമായി ‘ഫോളോ അപ്പ് ’ നടത്തുന്നതിന്റെ ഭാഗമായാണ് എട്ടാം ഉത്സവത്തിന്റന്ന് ഉച്ചതിരിഞ്ഞ സമയത്ത് കൊത്താറനെ ഫോളോ ചെയ്തത്.

ഊണു കഴിഞ്ഞ് കിഴക്കേ ആൽത്തറയിൽ വെടിവട്ടം കൂടി രസിച്ചിരിക്കുന്ന സദസിൽ നിന്ന് കൊത്താറൻ എണീറ്റു പടിഞ്ഞാറേക്കു നടക്കുന്നതിന്റെ സിഗ്നലുകൾ അല്പം അകലത്തൊരു മാഞ്ചുവട്ടിൽ നിന്നിരുന്ന പരമിക്കു കിട്ടി.  അവന്റെ കണ്ണിൽ നിന്ന് തീക്ഷ്ണരശ്മികൾ പാഞ്ഞു. അത് കൊത്താറനെ അനുധാവനം ചെയ്തു. അവന്റെ കാലുകളും പിന്നാലെ ചലിച്ചു.

കൊത്താറൻ നടന്നു നേരേ കയറിയത് മഠത്തിലെ പുല്ലു നിറഞ്ഞ പറമ്പിലേക്കായിരുന്നു. പറമ്പിന്റെ അങ്ങേയറ്റത്താണ് അന്തർജനങ്ങളുടെ കുളിപ്പുര. കുളത്തിലേക്കിറക്കിക്കെട്ടിയ ഓടിട്ട ചായ്പുള്ളതുകൊണ്ട് അവർ കുളിക്കുന്നത് പുറത്തു നിന്നു നോക്കുന്ന ആർക്കും കാണാൻ കഴിയില്ല.  അതിരായി നിൽക്കുന്ന കയ്യാലയ്ക്കാണെങ്കിൽ നല്ല പൊക്കവും. അവൻ കഴുത്തു നീട്ടി സ്കാനിംഗ് തുടങ്ങി.

കൊത്താറന്റെ അങ്ങോട്ടുള്ള പോക്കിന്റെ ഉദ്ദേശം എന്താണ്!?  കൃഷ്ണാ! കൊത്താറൻ അന്തർജനങ്ങളെയും കൊത്താൻ തുടങ്ങിയോ!? പരമിയുടെ ബോഡിയിൽ അഡ്രിനാലിൻ കുതിച്ചുയർന്നു.

പക്ഷേ, അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, കുളക്കടവും കടന്ന്  ആൾ നേരേ കച്ചിത്തുറുവിന്റെ സമീപത്തെത്തി. ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി. എന്നിട്ട് തുറുവിന്റെ അരികുനോക്കി ഇരുന്നു.

നിമിഷങ്ങൾ കുറേ കടന്നു പോയി. പരമിക്ക് ബോറടിക്കാൻ തുടങ്ങി. കയ്യാല്യ്ക്കു മീതേകൂടി എത്തിനോക്കി നിന്ന് കഴുത്തു കഴയ്ക്കാനും തുടങ്ങി. കൊത്താറൻ മടിക്കുത്തിൽ നിന്ന്  ചാർമിനാർ പാക്കറ്റെടുത്തു. അതിൽ നിന്നൊരു സിഗരറ്റെടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി.

പെട്ടെന്ന് ഒരു കുപ്പിവളക്കിലുക്കം! അരക്കെട്ടിലുറപ്പിച്ച വള്ളിക്കുട്ടയുമായി അതാ നായിക പ്രത്യക്ഷപ്പെട്ടു! മഠത്തിലെ പറമ്പിൽ പുല്ലു ചെത്താനെന്ന വ്യാ‍ജേന കുണുങ്ങിക്കുണുങ്ങിയാണ് വരവ്.

പരമി കഴുത്ത് ഒന്നു കൂടി നീട്ടി. കയ്യാലയിലെ കൈതമുള്ളുകൾക്കിടയിലൂടെ കണ്ണുകൂർപ്പിച്ചു നോക്കി. ഉച്ചവെയിലിൽ തുടുത്ത മുഖവുമായി കാർത്ത്യാണി കൊത്താറനടുത്തെത്തി. മുഖത്ത് പരിഭവം ദൃശ്യമാണ്. കൊത്താറൻ എന്തോ പറഞ്ഞ് തോളിൽ കൈ വച്ചു. കാർത്ത്യാണി ആ കൈ തട്ടിമാറ്റി. ഇതിനിടെ ചാർമിനാർ സിഗരറ്റ് തെറിച്ചെവിടെയോ വീണു. അതു കാര്യമാക്കാതെ കൊത്താറൻ  കാർത്ത്യാണിയെ ബലമായി ഇരുകൈകൾക്കുള്ളിലാക്കി. അവൾ പിടഞ്ഞുകൊണ്ടിരുന്നു. ബാലൻസ് തെറ്റി രണ്ടുപേരും തുറുവിനരികിലേക്കു വീണു. പിന്നെന്തു പറ്റി എന്നു കാണാൻ പരമിക്കായില്ല.

‘ഫോളോ അപ്പി’ൽ നിഷ്കർഷ പുലർത്തുന്ന ഒരു ഡിറ്റക്ടീവ് അങ്ങനെ തോറ്റു പിന്മാറാൻ പാടുണ്ടോ?

അവൻ കൈതക്കൂട്ടത്തിനരികിൽ നിന്ന ഒതളമരത്തിൽ പിടിച്ചു കയറാൻ ശ്രമിച്ചു. ഒതളം നന്നായി വളഞ്ഞു വന്നു. അതിൽ പിടിച്ച് ഒരുതരത്തിൽ കയ്യാലയ്ക്കു മുകളിലെത്തി. ബെറ്റർ വിഷൻ കിട്ടാനായി മരത്തിന്റെ ശിഖരത്തിൽ കയറി.

ഇത്തരം സ്റ്റിഞ്ച് ഓപ്പറേഷനുകൾ ചെയ്യുമ്പോൾ അല്പം ഒളിവും മറവും ഒക്കെ നല്ലതാണെന്ന് ഇലച്ചാർത്തിനു പിന്നിലൊളിച്ച് പരമി ഓർത്തു. പക്ഷേ, ഇലകൾക്കിടയിലൂടെ കണ്ണുകൾ സൂം ചെയ്യുന്നതിനിടയിൽ താൻ ചവിട്ടി നിന്നിരുന്ന ചില്ല ഒടിഞ്ഞ് പരമി നിലത്തേക്കു പതിച്ചു.

അപ്രതീക്ഷിതമായി ആറടിനീളത്തിൽ ഒരു ജീവി പതിച്ച ഒച്ച കേട്ടതോടെ  വാരിച്ചുറ്റിയ ചേലയുമായി  ഒരു കുപ്പിവളക്കിലുക്കം  അകന്നു പോയി!

കണ്ണു തിരുമ്മി പിടഞ്ഞെണീറ്റപ്പോൾ തുറുവിനരികിൽ കനൽക്കണ്ണുമായി കൊത്താറൻ ജ്വലിച്ചു നിൽക്കുന്നു. അയാൾക്കരികിൽ ഒരു വള്ളിക്കുട്ട ചരിഞ്ഞുകിടക്കുന്നു.....

പിന്നീടൊന്നും ചിന്തിച്ചില്ല. കയ്യാല ചാടി പരമി പറന്നു!

അതുകഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ മഠത്തിലെ പറമ്പിലേക്ക് ഫയറിഞ്ചൻ പാഞ്ഞു വന്നു!

തീയൊക്കെ അണഞ്ഞ ശേഷമാണ് പരമി അമ്പലപ്പറമ്പിൽ വച്ച് തന്റെ സ്റ്റിഞ്ച് ഓപ്പറേഷന്റെ രഹസ്യം ഞങ്ങളോട് വെളിപ്പെടുത്തിയത്!

മഠത്തിലെ  തുറുവിന്റെ കീഴെയിരുന്ന് സിഗരറ്റ് പുകച്ചത് കൊത്താറനാണെന്ന വിവരം പരമി നാട്ടുകാരോടും പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് കാർത്ത്യാണിയാണെന്നും! പോരേ പൂരം!


പരമി പുറത്തുവിട്ട ബ്രെയ്ക്കിംഗ് ന്യൂസ്  കൊത്താറൻ കേട്ടത് ശങ്കരിയമ്മയുടെ ചായക്കടയിൽ വച്ചാണ്.  കൊത്താറൻ വിയർത്തു, വിറച്ചു, പല്ലുകടിച്ചു.

മുടി മുതൽ അടി വരെയും, പിന്നെ അടി മുതൽ മുടിവരെയും വിറപ്പിച്ചുകൊണ്ട് അതിയാൻ പ്രഖ്യാപിച്ചു

“ഇല്ലാ വചനം പറഞ്ഞു പരത്തിയ അവന്റെ കൊടലു ഞാനെടുക്കും; ആറാട്ടെന്നൊരു ദിവസമുണ്ടെങ്കിൽ!” ഇത്രയും പറഞ്ഞ് മുണ്ടുകയറ്റിക്കുത്തി, ചവിട്ടിക്കുതിച്ച് കൊത്താറൻ പുറത്തേക്കു പോയി.

അതോടെ സംഭവം ഉദ്വേഗജനകമായ ക്ലൈമാക്സിലെത്തി. രണ്ടിലൊന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയും.

കൊല്ലൻ കണാരന്റെ വീട് കൊത്താറൻ സന്ദർശിച്ചതായും പന്ത്രണ്ടിഞ്ചു നീളമുള്ള കത്തിക്ക് ഓർഡർ കൊടുത്തതായും ഫ്ലാഷ് ന്യൂസെത്തി.

പരമിയുടെ വീട്ടുകാർ മുഴുവൻ ഭീതിയിലായി; കൂട്ടുകാരായ ഞങ്ങളും. എന്നാൽ പരമിക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവൻ നേരേ ചായക്കടയുടെ മുന്നിലെത്തി. മുതിർന്നവർ അവനെ ഗുണദോഷിച്ചു.ആരോ പറഞ്ഞു ‘പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവനാ സുപ്രൻ. കുടൽ മാലയെടുക്കും എന്നു പറഞ്ഞാൽ എടുത്തിരിക്കും!’

അങ്ങനെയെങ്കിൽ വെള്ളിയാഴ്ചതോറും ചെറുമൻകാവിനു മുന്നിലെ പാടത്തിനു നടുവിൽ പാതിരാ കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന വെളിച്ചത്തിന്റെ രഹസ്യം കൂടി തനിക്കു വെളിപ്പെടുത്തേണ്ടി വരും എന്ന്  പരമി പ്രഖ്യാപിച്ചു.

അതുകേട്ട ചായ - വട പ്രേമികൾ ഞെട്ടി. ഞങ്ങൾ വാ പിളർന്നു!

എല്ലാ വെള്ളിയാഴ്ചയും പാത്രിരാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന തീനാളം നാട്ടുകാർ ഭയാശങ്കകളോടെയാണ് ഓർക്കാറുള്ളത്. പകൽ പോലും വഴിനടക്കാൻ ആൾക്കാർ ഭയക്കുന്ന സ്ഥലമാണത്. അബദ്ധവശാൽ വെള്ളിയാഴ്ച പാതിരായ്ക്ക് അതുവഴി പോയ ഡീസന്റ് കുട്ടപ്പൻ നാലുനാളാണ് പനിച്ചു കിടന്നത്!

“ഇന്നു വെള്ളിയാഴ്ചയാ.  ചെറുമൻ കാവിന്റെ മുന്നിൽ ഇന്നു പാതിരായ്ക്ക് വെളിച്ചം തെളിയില്ല. ധൈര്യമുള്ളവർക്ക് എന്റൊപ്പം വരാം! കൊത്താറനും വരാം!” പരമി വിടാനുള്ള ഭാവമില്ല.

അപ്പോൾ പിന്നെ കൂട്ടുകാരായ ഞങ്ങൾക്ക് പിന്മാറാൻ കഴിയുമോ? അങ്ങനെ ഒൻപതാം ഉത്സവത്തിന്റന്നു പാതിരാത്രി ഞങ്ങൾ ആദ്യമായി ബാലേ കാണാതെ പുറത്തിറങ്ങി. കാവിനുമുന്നിലെ പാടത്തെത്തി. എല്ല്ലാവർക്കും ലേശം ഭയം തോന്നിയിരുന്നെങ്കിലും പരമി ധൈര്യം പകർന്നു.

മണി പന്ത്രണ്ടായി. ഞങ്ങളുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി. അടുത്തനിമിഷം എന്തും സംഭവിക്കാം. മാടനോ, മറുതയോ, അറുകൊലയോ, ഭദ്രകാളിയോ.... ആരാണ് പാതിരായ്ക്ക് കാവിനുമുന്നിലൂടെ സഞ്ചരിക്കുന്നതെന്ന് ആർക്കുമറിയില്ല. തീനാളം കണ്ടാൽ അടുത്ത നിമിഷം കാൽ മരവിച്ചുപോകുമത്രെ!

നിശ്ശബ്ദമായ നിമിഷങ്ങൾ കടന്നു പോയി.

സമയം പന്ത്രണ്ടരയായി, ഒന്നായി, ഒന്നരയായി......

ഒന്നും സംഭവിച്ചില്ല.

അത്രയുമായപ്പോൾ ഡിറ്റക്ടീവ് പരമി മൌനം ഭഞ്ജിച്ചു. “മാടനും മറുതയുമൊന്നുമല്ല, കൊത്താറനാ എല്ലാ വെള്ളിയാഴ്ചയും ചെറുമിയെ സന്ദർശിക്കാനെത്തുന്നത്! സിഗരറ്റ് ലൈറ്റർ തെളിച്ചാ യാത്ര.... ഇന്നു നമ്മൾ ഇവിടുണ്ടെന്നറിഞ്ഞതോടെ ആൾ മുങ്ങിക്കാണും. ഇനി ഈ വിവരം നാട്ടുകാരെ അറിയിച്ചാൽ മാത്രം മതി. വെള്ളിയാഴ്ചത്തെ  പാതിരാവെളിച്ചം പിന്നുണ്ടാവില്ല; ഒരിക്കലും!”

പരമി ആദ്യം മുതുകുയർത്തി, പിന്നെ നെഞ്ചുവിരിച്ചു നിന്നു.

“ഹമ്പട ഷെർലക്ക് ഹോംസേ ! നിന്നെ ഞങ്ങൾ തിരിച്ചറിഞ്ഞില്ലല്ലോ! ” എന്ന മട്ടിൽ ഞങ്ങളും.

ഒറ്റ രാത്രി കൊണ്ട് കൊത്താറന്റെ സകല ഇമേജും തകർന്നു.  

പരമി ഹീറോ ആയി!

ഒരു കേസിനു പകരം കൊത്താറന്റെ രണ്ടു കേസുകെട്ടുകളാണ് അവൻ ഒറ്റയടിക്കു തെളിയിച്ചത്!

അതോടെ അവന് ഒരു ആജീവനാന്തശത്രു ഭൂജാതനാവുകയും ചെയ്തു.

കൊത്താറൻ ഇപ്പോൾ എന്തു ചെയ്യുന്നോ എന്തോ!


അടിക്കുറിപ്പ്: മീനഭരണി മാർച്ച് പകുതിക്കുശേഷമാണ്. നാട്ടിൽ വച്ച് പരമിയെ കാണണം. ആ വിശേഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്!

92 comments:

jayanEvoor said...

പരമി ഒരു ഡിറ്റക്ടീവ് ആയിരുന്നു....!

mini//മിനി said...

ഡിറ്റക്റ്റീവ് കഥ വായിച്ചു, ഇനി പഠിക്കട്ടെ,

ഒരു ദുബായിക്കാരന്‍ said...

ഡിറ്റക്റ്റീവ് പരമിയുടെ കേസ് അന്വേഷണം കൊള്ളാം ...എല്ലാ ഗ്രാമങ്ങളിലും ഇതുപോലെ ഒരു ലോക്കല്‍ ഷേര്‍ലേക്ക് ഹോംസ് ഉണ്ടാകും ! അവരുടെ കേസ് അന്വേഷണം എപ്പോഴും കൊത്താറന്റെ ചുറ്റിക്കളി പോലെയുള്ള കാര്യങ്ങളില്‍ ആയിരിക്കും..

അനില്‍@ബ്ലോഗ് // anil said...

നല്ല കഥ, ജയാ. രസകരം, ഒപ്പം എഴുത്തിന്റെ രസവും.

G.MANU said...

അതു കേട്ട് കൃഷ്ണൻ മയങ്ങിയില്ലെങ്കിലും സുബ്രഹ്മണ്യൻ മയങ്ങി .

സൂ‍പ്പര്‍ നഷേറന്‍ മാഷേ..

AnJaLy AnIlKuMaR said...

Kollaaammmmm Jayanchettayi ! Ithipo eethandu Njangalde Lachunte Karyam Paranjapolaa ! Pullikkaari Kaaanathathum onnumila :D Angane 4 Maanya Maaahaanmare Naanam Keduthiya Kakshiya Pulli :D Avalu Pakshe Height Kuravaaanu Athanu avale Investigation Nadathan Sahayichirunnath ! - Anjali( Manjuthulli)

ബെഞ്ചാലി said...

രസികൻ പോസ്റ്റ്.
രണ്ടാം പതിപ്പ് പ്രതീക്ഷിക്കുന്നു:D

van gogh said...

"തിരുവനന്തപുരത്തിന് ഒരു സൂപ്പർഫാസ്റ്റ് വരുന്നതു വരെയേ അവനോട് വിശേഷങ്ങൾ തിരക്കാനാവുകയുള്ളല്ലോ എന്നോർത്തപ്പോൾ വിഷമം തോന്നി"

കുഡോസ് ........... ! കലക്കി

Rashid said...

വായിച്ചു മനസ്സിലാക്കി.

YUNUS.COOL said...

ഹ ഹ ജയെട്ടാ ..... കൊള്ളാലോ ഡിറ്റക്റ്റീവ് പരമി ..... നല്ല രസമുള്ള പേരുകള്‍ - കൊത്തറാന്‍, പരമി .....
നല്ല എഴുത്ത് ... സരസമായി പറഞ്ഞ ഒരു കഥ / ഇഷ്ടായി ഒരുപാട് ..

ബാവ രാമപുരം said...

ആ പരമിയെ നമ്മടെ നാട്ടിലെക്കൊന്നു പറഞ്ഞയക്കണേ ! ചില കാര്യങ്ങള്‍ സൂം ചെയ്തു കണ്ടുപിടിക്കാനുണ്ട്....


ഹ ഹ ...
കലക്കി ഡോക്ടറെ

മധു said...

"അപ്രതീക്ഷിതമായി ആറടിനീളത്തിൽ ഒരു ജീവി പതിച്ച ഒച്ച കേട്ടതോടെ വാരിച്ചുറ്റിയ ചേലയുമായി ഒരു കുപ്പിവളക്കിലുക്കം അകന്നു പോയി!"

ഒരു വരിയില്‍ നല്ലൊരു ഷോട്ട് ! ദൃശ്യ സുഖം തരുന്ന വരി .

നാട്ടിലെ പല പഴയ റഡാര്‍കളെയും ഓര്‍മവന്നു ..
മീന ഭരണക്കിനി എന്തൊക്കെ നടക്കുമോ ആവോ?

മധു said...
This comment has been removed by a blog administrator.
മധു said...
This comment has been removed by a blog administrator.
ഷാജി വര്‍ഗീസ്‌ said...

ha ha ha .....kollam

jayanEvoor said...

മിനി ടീച്ചർ

ഒരു ദുബായിക്കാരൻ

അനിൽ@ബ്ലോഗ്

മനു ജി

അഞ്ജലി മഞ്ഞുതുള്ളി

ബെഞ്ചാലി

വാൻ ഗോഗ്

റഷീദ്

യൂനുസ് കൂൾ

ബാവ രാമപുരം

മധു

ഷാജി വർഗീസ്

എല്ലാവർക്കും നന്ദി!!

കുഞ്ഞൂസ് (Kunjuss) said...

ഡിറ്റക്റ്റീവ് പരമിയുടെ കേസ് അന്വേഷണം കൊള്ളാം, എല്ലാ നാട്ടിന്‍പുറങ്ങളിലും ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാവും...

രസകരമായീ ഈ എഴുത്ത് ട്ടോ...

കണ്ണന്‍ | Kannan said...

ദ ആപ്പറേഷൻ ഈസ് സെയ്ഫ് ആൻഡ് ക്ലാൻഡസ്റ്റൈൻ...


ജയേട്ടാ ക്ലാസ്സ്.. ഒരുപാടിഷ്ടായി

ഷാജു അത്താണിക്കല്‍ said...

നല്ല പോസ്റ്റ്
പഴയ ഓര്‍ംകള്‍....
കേസ് അന്വേഷണം കൊള്ളാം

ചാണ്ടിച്ചായന്‍ said...

"അപ്രതീക്ഷിതമായി ആറടിനീളത്തിൽ ഒരു ജീവി പതിച്ച ഒച്ച കേട്ടതോടെ വാരിച്ചുറ്റിയ ചേലയുമായി ഒരു കുപ്പിവളക്കിലുക്കം അകന്നു പോയി!"

ദതാണ് മാസ്റ്റര്‍ "പീസ്‌" :-)
കലക്കി ഡാക്കിട്ടരേ :-)

Echmukutty said...

ആഹാ! മിടുക്കൻ പരമീശരൻ......

എഴുത്ത് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

Anandhu neervilakom said...

ഡിറ്റക്ടീവ് പരമി .... കലക്കി ...

കൊമ്പന്‍ said...

ഇത് കലക്കി പരമി ആള് കൊള്ളാലോ മനുഷ്യനെ ഒന്ന് സ്വൈര്യം പ്പോലെ വിഹരിക്കാനും സമ്മതിക്കില്ലാന്നു വെച്ചാല്‍ പിന്നെ കല്ല്യാണം മുടക്കണം കളി കൊത്താരുനോട് വേണ്ട


സൂപ്പെര്‍ ആയി ആശംസകള്‍

Manoraj said...

നല്ല നാടന്‍ നര്‍മ്മം...

മാണിക്യം said...

പരമിയും കൊത്താറനും കച്ചിത്തുറുവും!!!
മെയിലില്‍ കഥയുടെ തലക്കെട്ട് കണ്ടപ്പോഴേ ഉറച്ചു വായിക്കാന്‍ അയവിറക്കാന്‍ പാകത്തില്‍ വൈദ്യര് 'കുറുപ്പടി' തയ്യാറാക്കിന്ന്,ആ വിശ്വാസം തെറ്റീല്ല.പതിവ് പോലെ രോഗിയെ അല്ല വായനക്കാരെ പിടിച്ചിരുത്തുന്ന കഥന രീതി.
മേമ്പോടി കലക്കന്‍
"നമുക്കു മീന ഭരണിക്കു കാണാം!.......”
ആ വിശേഷങ്ങൾക്കായി വായനക്കാരും കാത്തിരിക്കുകയാണ്!

khaadu.. said...

പ്രൈവറ്റ് ദിട്ടക്ടീവ് കൊള്ളാലോ...
എഴുത്തും കലക്കന്‍....

ajith said...

ഡോക്ടര്‍, കഥ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നുവെന്ന് തോന്നിയില്ല വായിച്ചപ്പോള്‍.

ശ്രീ said...

പരമി കൊള്ളാമല്ലോ. നല്ലൊരു ഡിറ്റക്റ്റീവ് തന്നെ

:)

കൊച്ചു കൊച്ചീച്ചി said...

അതുശരി. അപ്പൊ അങ്ങനെയാണ് നിങ്ങടെയൊക്കെ നാട്ടുകാരു് ല്ലേ....ഞങ്ങടെ നാട്ടിലൊന്നും ഇതൊന്നും കേട്ടുകേള്‍വിപോലും ല്ല്യ.

പിന്നേയ്. സ്ഥലത്തിന്റെ പേരു് പഠാന്‍കോട്ട് എന്നാണ്. 'ഠ' ന്നങ്കട് കതിനപൊട്ടണ പോലെ പറേണം. അതുപോലെ, 'സ്റ്റിങ്' ഓപറേഷനാണ് (മ്മടെ കടന്നലുകുത്തണ പോലത്തെ). പിന്നെ വൈദ്യരൂട്ടി പറേണ പോലേം പറയാം, കൊഴപ്പല്ല്യ.

ഇലഞ്ഞിപൂക്കള്‍ said...

നല്ല ഗ്രാമക്കഥ, അതിലേറെ രസകരമായി കഥാപാത്രങ്ങള്‍..

കുഞ്ഞന്‍ said...

ജയന്മാഷേ.. കഥ ഇഷ്ടായി, എന്നാലും ഇതുവായിച്ചപ്പോൾ ഇപ്പോഴത്തെ സദാചാരപ്പോലീസിങ്ങാണ് ഓർമ്മവന്നത്.

പരമി, കൊത്താറൻ,മറ്റു പേരുകളെല്ലാം ഗ്രാമാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. അടുത്ത മീന ഭരണിവരെ കാത്തിരിക്കുന്നു കൂടുതൽ വിശേഷങ്ങൾക്കായി...

ശ്രീനന്ദ said...

റഡാര്‍ പരമി രസകരമായി. എന്നാലും കൊച്ചാട്ടന്‍ എങ്ങനെയാ കൊത്താറന്‍ ആയി പരിണമിച്ചത്‌.

kARNOr(കാര്‍ന്നോര്) said...

പരമി കൊള്ളാം .. നാട്ടില്‍ ഇതുപോലെ എത്ര കഥാപാത്രങ്ങള്‍ !!

ചിതല്‍/chithal said...

ഒന്നാം ഭാഗത്തിലെ ഡിറ്റക്റ്റീവ് കലക്കിപ്പൊളിച്ചു. ഇനിയുള്ള ഭാഗങ്ങളിൽ വരാനിരിക്കുന്ന കഥകൾ കേൾക്കാൻ ധൃതിയാവുകയും ചെയ്തു. നമുക്കു് പട്ടാളക്യാമ്പിൽ പോയി പരമിയെ പൊക്കണോ?

റോസാപൂക്കള്‍ said...

വൈക്കൊത്തുറുവിനു കല്യാണം മുടക്കാന്‍ കഴിവുണ്ടെന്നുള്ള വിലപ്പെട്ട പാഠം പഠിപ്പിച്ച ഡാക്കിട്ടര്‍ക്ക് നന്ദി.

Sukanya said...

പിന്നെയും ബാല്യകാല കഥകള്‍ കത്തിക്കയറി.
കൊത്താറന്‍ എന്നൊരു സിനിമ വരുന്നുണ്ടെന്ന് കേട്ടു. ഈ കൊത്താറന്‍ ആണോ അത്?

Typist | എഴുത്തുകാരി said...

രസകരമായൊരു ഡിറ്റക്റ്റീവ് കഥ.

Mitra - Cool as Cucumber :)) said...

Haha :D

ﺎലക്~ said...

മനോഹരമായി എഴുതി
ആശംസകള്‍സ്

jayanEvoor said...

കുഞ്ഞൂസ്

കണ്ണന്‍

ഷാജു അത്താണിക്കല്‍

ചാണ്ടിച്ചായന്‍

എച്ച്‌മുക്കുട്ടി

അനന്തു നീർവിളാകം

കൊമ്പന്‍

മനോരാജ്

മാണിക്യം

ഖാദു

അജിത്ത്

ശ്രീ

കൊച്ചു കൊച്ചീച്ചി

ഇലഞ്ഞിപൂക്കള്‍

കുഞ്ഞന്‍

ശ്രീനന്ദ

കാര്‍ന്നോര്

ചിതല്‍

റോസാപൂക്കള്‍

സുകന്യ

എഴുത്തുകാരി

മിത്ര

ﺎലക്~

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി!

jayanEvoor said...

ശ്രീനന്ദ
കൊച്ചാട്ടൻ എന്ന വിളി ചില ആളുകൾ അല്പം ‘കൊത്ത’യോടും സ്നേഹത്തോടും കൂടി ഉച്ചരിച്ച് ‘കൊത്താറൻ’ ആക്കിയതാണ്.


സുകന്യേച്ചി,
‘കൊത്താറൻ’ എന്ന പേരിൽ സിനിമയോ!?
ശ്ശോ! അപ്പോ ഞാനെടുക്കാനിരുന്ന സിനിമയ്ക്ക് ഇനി എന്തോ പേരിടും ഫഗവാനേ!?

അജിത്ത് മാഷേ,
സന്തോഷിപ്പിക്കാൻ നോക്കാം. അടുത്ത തവണ!

jayanEvoor said...

കൊച്ചു കൊച്ചീച്ചീ,

പ്രൊഫൈലിൽ കാണുന്നപോലെ ഒരു ‘തലയൻ’ തന്നെ!
സന്തോഷം!!
(ഞാനിനി പഠാൻകോട്ട് എന്നേ എഴുതൂ; പക്ഷെ പരമി സമ്മതിക്കുമോ എന്നറിയില്ല!)

കുമാരന്‍ | kumaaran said...

പരമിയുടെ ബോഡിയിൽ അഡ്രിനാലിൻ കുതിച്ചുയർന്നു. :)

പോസ്റ്റ് രസകരം.

Pradeep paima said...

ഇത്തരം പല ഓർമ്മകളും ബ്ലൊഗ് മാദ്യമത്തിലൂടെ നമ്മൾ അരിയുന്നു.ഇതോക്കെയാണു ബ്ലൊഗ്ഗിന്റെ സാദ്യത.

തുടങ്ങിയ രസത്തൊടെ തന്നെ മുഴുവനും വയിച്ചു തീർത്തു.കധയിൽ പറയാറുള്ളത്..മൂച്ചിട്ടു കളിച്ചു കിട്ടിയ കാശുമായി അവൾക്ക് വള വാങ്ങാൻ അടുത്തേക്ക് ചെന്നു ...എന്നാണു.ഇവിടെ ഡോക്ടർ ചേട്ടൻ പറഞ്ഞിരിക്കുന്നത്.വളരെ രസമായി തോന്നി.ട്ടോ..

പേരുകൾ മനസ്സിനെ വല്ലാതെ സ്വപർശിച്ചു.പരമി എന്നത് പ്രതേകിച്ചും..ബാക്കി ഓർമ്മകൾക്കായി കാത്തിരിക്കുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

പരമിയും കൊത്താറനും ഉഷാറാക്കി....
ആശംസകൾ.

K@nn(())raan*خلي ولي said...

ഇതാണോ വൈദ്യരെ ഒടുക്കത്തെ അലക്ക് എന്ന് പറയുന്നത്!
ലേറ്റായി വന്താലും ലേറ്റസ്റ്റ്‌ തന്നെ.
ഒക്കെക്കൂടി കച്ചിത്തുറു ആയി.
പേര് തന്നെ താരം!

വര്‍ഷിണി* വിനോദിനി said...

ഡോക്ടറിന് ഡിറ്റക്ടീവ് കൂട്ട്... :)
കൊള്ളാം നല്ല അനുഭവ കഥ..ഇഷ്ടായി ട്ടൊ..!

karichalgopan said...

പരിചയമുള്ള ചിലരെ ,...ഈ കഥയില്‍ ഞാന്‍ കണ്ടു...നമ്മുടെ അയല്‍പക്കക്കാര്‍...,....ഹൃദ്യമായ ആവിഷ്കാരം...അഭിനന്ദനങ്ങള്‍....,....

സഹയാത്രികന്‍ I majeedalloor said...

കഥ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍

Biju Davis said...

പരമി ഒരു കാലത്തും ഗുണം പിടിയ്ക്കില്ല, ഡോക്ടറേ ... ഗുണം പിടിയ്ക്കില്ല. സമൂഹത്തിൽ നിലയും, വിലയുമുള്ളവർ എന്തെങ്കിലും നേരമ്പോക്ക് കാണിച്ചെന്ന് കരുതി അതൊക്കെ ഒളിക്യാമറയും വെച്ച് ശല്യപ്പെടുത്താൻ ശ്രമിയ്ക്ക്യാ ചെയ്യാ? ഛേ മോശം!

എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം! ഒരു ഉത്സവപ്പറമ്പിലൂടെ നടന്ന ഫീൽ! അഭിനന്ദനങ്ങൾ!

ഒരു വിയോജിപ്പ്: അമ്പലകമ്മിറ്റി അംഗമോ, നടത്തിപ്പുകാരനോ ആയ കൊത്താറൻ മുച്ചീട്ടുകളി നടത്തുന്നതിൽ ഒരു അസ്വഭാവികതയില്ലേ?

അന്തിക്കാടന്‍ . said...
This comment has been removed by the author.
അന്തിക്കാടന്‍ . said...

ഹോ... കലക്കി ഡോക്ടരേ !!!

കാത്തിരിയ്ക്കുന്നു,മീനഭരണി കഴിയാനായി...

അഭിനന്ദനങ്ങളോടെ,

jayanEvoor said...

കുമാരന്‍

Pradeep paima

പൊന്മളക്കാരന്‍

K@nn(())raan*خلي ولي

വര്‍ഷിണി* വിനോദിനി

karichalgopan

സഹയാത്രികന്‍

Biju Davis

അന്തിക്കാടന്‍

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി!

Joy Varghese said...

kalakki..

jayanEvoor said...

@ ബിജു ഡേവിസ്,

കൊത്താറൻ അമ്പലക്കമ്മറ്റിയിലോ, ഉത്സവക്കമ്മറ്റിയിലോ ഇല്ല.

നാട്ടിൻ പുറത്ത് വീടുകളിൽ നടക്കുന്ന ചടങ്ങുകളിലെ “ഉത്സാഹ”കമ്മറ്റിയിലാണ് മേൽ നോട്ടം വഹിക്കുന്നത്.

കല്യാണം, മരണം, സഞ്ചയനം, കാളകെട്ട്,കൊയ്ത്ത്, മെതി മുതലായവയാണ് കൊത്താറൻ വിഹരിക്കുന്ന മേഖലകൾ.

അതിനായി അദ്ദേഹത്തെ ആരും ക്ഷണിക്കേണ്ടതില്ല. അതാണ് സ്വയം പ്രഖ്യാപിത “ഉത്സാഹക്കമ്മറ്റി”മേനോട്ടക്കാരൻ!

Manef said...

ജയന്‍, ഡിറ്റക്റ്റീവ് പരമി പുരാണം അടിപൊളി ആയിരുന്നുട്ടോ...

ജുവൈരിയ സലാം said...

രസായി പറഞ്ഞിരിക്കുന്നു.ആശംസകൾ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൊത്താറനെ പോലുള്ളവരെ ജീവിക്കാന്‍ സമ്മതിക്കാത്ത സദാചാര പോലീസ്‌(സോറി ഡിറ്റക്ടീവ്) അന്നുമുണ്ടായിരുന്നു അല്ലെ ?അപ്പോപ്പിന്നെ പരമിക്ക് പണി കൊടുക്കണ്ടേ ,,?അല്ല ഡോക്ടര്‍ തന്നെ പറ ,,,അഭിനന്ദനങ്ങള്‍

ചന്തു നായർ said...

എല്ലാരും അറിഞ്ഞു,ഉള്ളത് തുറന്ന് പറയുകയും ചെയ്തു...ഇനി ഇപ്പ്ല് ഞാൻ എന്താ പറയുക...എന്നാലും പറ യാതിരിക്കാന്മേല. ..സംഭവം രസകരം...നല്ല വായനാ സുഖം..ചുണ്ടിൽ ചിരി തങ്ങി നിൽക്കുന്നൂ...ഇനിയും പോരട്ടെ എല്ലാ ഭാവുകങ്ങളും....

മന്‍സൂര്‍ ചെറുവാടി said...

നല്ല കഥ ഡോക്ടര്‍
രസായി പറഞ്ഞു.
ആശംസകള്‍

മണ്ടൂസന്‍ said...

ഇങ്ങനേയുള്ള പോലീസേമാന്മാർ അന്നുമുണ്ടായിരുന്നല്ലേ ജയേട്ടാ. ? രസകരമായി പറഞ്ഞു ട്ടോ. ഒറ്റയിരുപ്പിന് മുഴുവനും വായിച്ച് തീർത്തു. ഇതു പോലുള്ള ഒരുപാട് ഡിറ്റക്ടീവുകൾ നമ്മുടെ(എന്റെ) നാട്ടിലൊക്കെ ധാരാളമായി കാണാം. ഇനി അവരേപോലൂള്ളവരെ ശ്രദ്ധിക്കാൻ എനിക്ക് മറ്റൊരു കാരണവും കൂടി.ആശംസകൾ ജയേട്ടാ.

Sabu M H said...

എന്തു രസമായിട്ട്‌ എഴുതി !
അഭിനന്ദനങ്ങൾ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊത്താറൻ എന്ന തനി നാട്ടുമ്പുറത്തെ ജാരനും,അവന്റെ ചെയ്തികൾ പിടിച്ച പരമി എന്ന ചാരനും ഇനി ബൂലോഗത്തെ വായനക്കാരുടെ ഇടയിലും ഒളിമങ്ങാതെ നിലനിൽക്കും...
അത്ര നന്നായിട്ടല്ലേ ജയൻ ഡോക്ട്ടർ ഈ പഴമ്പൂരാണം അവതരിപ്പിച്ച് വെച്ചിരിക്കുന്നത്..!

anas said...

ഈ പരമി പത്തിയൂര്,കായംകുളം ദേശത്തോട്ടൊക്കെ എറങ്ങാറുണ്ടോ മാഷേ? ഒന്നു കാണാനാ.. :)
കഥ അടിപൊളിയായിട്ടുണ്ട്. പത്തിയൂർ പുഞ്ചയും ഏനാകുളങ്ങരയും ഏവൂരും ഉത്സവക്കാലവുമെല്ലാം മനസ്സിൽ ഓടിയെത്തി. വളരെ നന്ദി :)

ഗീതാകുമാരി. said...

വളരെ മനോഹരമായ കഥയും വിവരണവും .ഈ പരമി കായംകുളത്ത് എവിടെയാണ്.ഞാനും ഒരു ടി സ്ഥലവാസിയാണ് .നര്‍മ്മവും ഒപ്പം കൂട്ടുകാരന്‍റെആത്മബന്ധവും മനോഹരമായി വരച്ചുകാട്ടി .ആശംസകള്‍

ആളവന്‍താന്‍ said...

പരമിമാര്‍ എല്ലായിടത്തും ഉണ്ട്. നല്ല കഥ ജയേട്ടാ..... രസായിട്ടെഴുതി.

Manikandan O V said...

അപ്പോൾ ഇനി ബാക്കി അറിയാൻ മീനഭരണി കഴിയുന്നതുവരെ കാത്തിരിക്കണം അല്ലെ :(
നല്ല കഥ ഡോൿടർ.

Akbar said...

പരമി എന്ന കുറ്റാന്വേഷകന്റെ കഥ വളരെ നന്നായി ഡോക്ടര്‍. വായന മിഷിപ്പിച്ചില്ല.

nachikethus said...

oru randaam bhaagam appo prateekshikkaam!!

jayanEvoor said...

Manef

ജുവൈരിയ സലാം

സിയാഫ് അബ്ദുള്‍ഖാദര്‍

ചന്തു നായർ

മന്‍സൂര്‍ ചെറുവാടി

മണ്ടൂസന്‍

Sabu M H

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം

anas

ഗീതാകുമാരി.

ആളവന്‍താന്‍

Manikandan O V

Akbar

nachikethus

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!

jayanEvoor said...

അനസ്,

ഗീതാകുമാരി....

കായംകുളത്തിനടുത്ത് ഏവൂർ ആണ് എന്റെ സ്വദേശം. പരമിയും കൊത്താറനും സമീപദേശങ്ങളിലൊക്കെ കറങ്ങുന്നുണ്ട്, ഇപ്പോഴും!

സൂക്ഷിച്ചോ!

(പിന്നെ പത്തിയൂർ- ഏവൂർ പുഞ്ചയൊക്കെ കാണാൻ ദാ ഈ പോസ്റ്റ് നോക്കൂ....
http://jayandamodaran.blogspot.com/2010/07/blog-post.html

ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല)

Akbar said...

ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Arif Zain said...

പരമിക്‌ ഹോംസും ഡോക്ടര്‍ വാട്സനും, പുതിയ ഡി.നോ. ജന്മമെടുക്കുന്നു.

rahul blathur said...

രസികൻ എഴുത്ത്,
പൊളപ്പൻ കഥ...

kanakkoor said...

ഇത്തരം പഴയകാല കഥകള്‍ അവതരിപ്പിച്ചു വിജയപ്പിക്കുക അത്ര എളുപ്പം അല്ല. പക്ഷെ താങ്കള്‍ അതില്‍ വിജയിച്ചു. നര്‍മ്മം മേമ്പൊടിക്കും. വളരെ നന്നായി.

കാടോടിക്കാറ്റ്‌ said...

ഇരിപ്പിടത്തിലൂടെ എത്തിയതാണ് ഇവിടെ.
രസകരമായിരിക്കുന്നു.. നാടന്‍ കഥ.
ഭാവുകങ്ങള്‍...!
തുടര്‍ന്നും വായിക്കാം

പട്ടേപ്പാടം റാംജി said...

എന്നാലും പരമന്‍ ആ ബ്രെക്കിംഗ് ന്യൂസ് അങ്ങിനെ പോട്ടിക്കരുതായിരുന്നു.
നാടന്‍ രീതിയില്‍ നല്ലൊരു വായന

krish | കൃഷ് said...

പരമി ഡിറ്റക്ടീവ് ആള് കൊള്ളാം.

AFRICAN MALLU said...

നാട്ടിന്പുറത്തിന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുടെ കഥ നന്നായി അവതരിപ്പിച്ചു.

jayarajmurukkumpuzha said...

rasakaramay vayichu..... aashamsakal.... blogil puthiya post.... URUMIYE THAZHANJAVAR ENTHU NEDI...... vayikkane....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറെ തെരക്കിലായിരുന്നതു കൊണ്ട്‌ വരാനും വായിക്കാനും വൈകി
നന്നായി എഴുതിയിരിക്കുന്നു
ഈ കൊത്താറന്‍ വിളി ഞങ്ങള്‍ക്കും ഉണ്ടായിരുന്നു

റിയാസ് (ചങ്ങാതി) said...

ആഹാ..ആഹഹ്ഹാ....
ഇത് വായിച്ചപ്പോള്‍
ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തി....

നന്ദി ജയേട്ടാ....

Aash * ആഷ് said...

ഡോക്ടറെ ...രസകരമായൊരു ഡിറ്റക്റ്റീവ് കഥ.ഒത്തിരി ഇഷ്ട്ടപ്പെട്ടു .. സസ്പെന്‍സ് ത്രില്ലെര്‍ !!!!
വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

jayanEvoor said...

അക്ബർ

ആരിഫ് സെയ്‌ൻ

രാഹുൽ ബ്ലാത്തൂർ

കണക്കൂർ

കാടോടിക്കാറ്റ്‌

പട്ടേപ്പാടം റാംജി

കൃഷ്

ആഫ്രിക്കൻ മല്ലു

ജയരാജ് മുരിക്കുംപുഴ

ഇന്‍ഡ്യാഹെറിറ്റേജ്‌

റിയാസ് (ചങ്ങാതി)

ആഷ്

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നിറഞ്ഞ നന്ദി!

സന്തോഷ്‌ said...

പരമിയും കൊത്താറനും നന്നായിട്ടുണ്ട്...

sajitha sudhi said...

ഇത്ര നാളും വായിച്ചില്ലല്ലോ.............. ഓരോ വരികളും സൂപ്പര്‍ .........

Anonymous said...

കൃഷ്ണന്‍ മയങ്ങിയില്ലെങ്കിലും സുബ്രഹ്മണ്യന്‍ മയങ്ങി, ഇത് കലക്കി. എന്തൊരു ശൈലിയാ എന്‍റെ ഇഷ്ടാ. അടിപൊളി.

sree said...

Nice read sir...Your craft is getting better everyday

naseem said...

ennittu ithu vareyum kothaarante pulakuli kazhinjille nammude PARAMIKKU kalyanam kazhikkande ente naattukaaraa hameed anamangad

Bindu said...

സൂപ്പര്‍ ആണ്.ഇതേ പേരില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പരക്ക് നല്ല സ്കോപ്പ് ഉണ്ട് ഡോകടറെ.നല്ല രസമുണ്ട്

mad|മാഡ് said...

ഹ ഹ പാവം കൊത്താറൻ..ഒരു നല്ല സിനിമ കണ്ട പ്രതീതി.വളരെ നല്ല അവതരണം. ആ പഴയകാലത്തിൽ നമ്മളെ കൂട്ടി കൊണ്ടുപോകാൻ ജയൻ ചേട്ടനു സാധിച്ചു.

Gini Gangadharan said...

kidilan....
ayyo, ithu vaayikkaan vittu poyallo :(

Nice one..