Monday, October 31, 2011

ചെപ്പിന്നുള്ളിലെ മുത്ത് ......

                                                              -1-

“ഇത്രേം മണമുണ്ടെങ്കിലും, കൈതപ്പൂ ഒരമ്പലത്തിലും പൂജയ്ക്കെടുക്കില്ല. പണ്ട് ശിവൻ ശപിച്ചതാ കാരണം.

വിഷ്ണുവും ബ്രഹ്മാവും കൂടി ഒരു തർക്കണ്ടായത്രെ. ആരാ വലുതെന്നന്നെ! അല്ലേലും വല്യോർ തമ്മിലാണല്ലോ മൂപ്പിളമത്തർക്കം. ആകെ ബഹളായപ്പോ, അവർക്കിടയിൽ ഒരു വലിയ പ്രകാശ ഗോപുരം പ്രത്യക്ഷപ്പെട്ടൂത്രെ. ന്നാപ്പിന്നെ ഈ പ്രകാശഗോപുരത്തിന്റെ അറ്റം കണ്ടെത്തി ആദ്യം വരുന്നയാൾ ജയിക്കും എന്നായി, തീരുമാനം. വിഷ്ണു താഴോട്ടും, ബ്രഹ്മാവ് മേലോട്ടും പോയീത്രെ.

വിഷ്ണു പാവം. കുറേ കഷ്ടപ്പെട്ടു. ഒരു രക്ഷ്യൂല്ലാന്നു മൻസിലായപ്പോ, തിരികെ വന്നു. പക്ഷെ ബ്രഹ്മാവ് ആള് കേമനല്ലേ. മേലേയ്ക്ക് പോണ വഴി താഴേക്ക് ഒരു പൂവ് പാറി വീഴണ കണ്ടു, ആള്. അദേയ്, ഒരു കൈതപ്പൂവായിരുന്നു. എവടന്നു വരണൂന്നായി കൈതപ്പൂവിനോട്.

അപ്പോ ആ പൂവ് പാവം, പറഞ്ഞുപോലും - ഞാൻ ആ പ്രകാശഗോപുരത്തിന്റെ മുകളീന്ന്, ഭഗവാൻ ശിവന്റെ ശിരസ്സീന്ന്, വരികയാണ് എന്ന്!

ബ്രഹ്മാവ് ആ പൂവെടുത്തു കൊണ്ടന്ന് വിഷ്ണൂനെ കാട്ടി പറഞ്ഞു “ഞാൻ ആ പ്രകാശഗോപുരത്തിന്റെ തലയറ്റം പോയീട്ടോ.... ദാ അവടന്നെടുത്ത പൂവ് തെളിവ്‌!”

വിഷ്ണു പൂവിനോടു ചോദിച്ചു “ഈ പറയുന്നതൊക്കെ ശരിയാണോ? നീ ശങ്കര ശിരസ്സിൽ നിന്നാണൊ വരുന്നത്?”

പൂവ് തലയാട്ടി. ബ്രഹ്മാവിനെ ധിക്കരിക്കാനാവ്വോ, ഒരു വെറും പൂവിന്?

പക്ഷേ ഒക്കെ കണ്ടും, കേട്ടും നിന്ന ശിവൻ കോപാകുലനായി അവിടെ പ്രത്യക്ഷപ്പെട്ടു. കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശപിച്ചു. ലോകത്താരും ഇനിമേൽ ബ്രഹ്മാവിനെ പൂജിക്കാതെ പോട്ടെ എന്ന്. കള്ളസാക്ഷി പറഞ്ഞതിന് പൂവിനെയും ശപിച്ചു. കൈതപ്പൂവിനെ ഒരു പൂജയ്ക്കും എടുക്കാതെ പോട്ടെ എന്നായിരുന്നുത്രെ ശാപം.

അന്നു മുതൽ കൈതപ്പൂ ആരും പൂജയ്ക്കെടുക്കാതായി.”


ഈ കഥ എനിക്കു പറഞ്ഞുതന്നത് യമുനേച്ചിയായിരുന്നു.

സെമിനാർ വേദിയിൽ തിവാരി മാഡത്തെ കണ്ടശേഷം രാത്രി ബനാറസിലെ ഹോട്ടൽ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴൊക്കെ ചിന്ത യമുനേച്ചിയെക്കുറിച്ചു തന്നെയായിരുന്നു. വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കാനാവാത്ത, കൈതപ്പൂ മണമൊലുന്ന ഓർമ്മകൾ......

ആ ഓർമ്മകളുടെ തീരത്ത് ഒരു ഇരുപത്തഞ്ചുകാരിക്കൊപ്പം കൊത്തങ്കല്ലു കളിച്ചിരിക്കുന്ന എട്ടു വയസ്സുകാരൻ.

                                                             -2- 

മിസിസ് തിവാരിയെ കണ്ട ഷോക്കിൽ നിന്നും മുക്തനാവും മുൻപു തന്നെ സുഹൃത്ത് അരുൺ ഗുപ്ത എന്നെ അവരുടെ മുന്നിൽ എത്തിക്കുകയായിരുന്നു.തിവാരി മാഡം അയാൾക്കെന്നും ഒരു ഇൻസ്പിറേഷൻ ആണത്രെ!

ശരിയാണ്. മാഡം പ്രസംഗിച്ച ഒന്നര മണിക്കൂർ നേരം തെളിഞ്ഞ ഹിന്ദിയിൽ ഫിലോസഫിയും മെറ്റാഫിസിക്സും ഒഴുകുകയായിരുന്നു. ലക്ചർ കേൾക്കാൻ തിവാരി സാറും വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ശിഷ്യയായിരുന്നത്രെ മാഡം.

ബനാറസിൽ പൊതുവേ സർ നെയിം ചേർത്താണ് എല്ലാവരെയും സംബോധന ചെയ്യുക.
ആണാണെങ്കിൽ തിവാരി സർ,അഹൂജ സർ, ദേശായി സർ, ചൌധരി സർ എന്നിങ്ങനെ.....
പെണ്ണാണെങ്കിൽ തിവാരി മാഡം,അഹൂജ മാഡം, ദേശായി മാഡം,ചൌധരി മാഡം എന്നിങ്ങനെ....
ഇവരുടെയൊക്കെ ഒറിജിനൽ പേരുകൾ അറിയുന്നവർ ചുരുക്കം.

ഓർമ്മയിലുള്ള യമുനേച്ചിയേക്കാൾ ഉയരം തോന്നിച്ചു തിവാരി മാഡത്തിന്. യമുനേച്ചി ഒരിക്കലും ചെരുപ്പിട്ടു കണ്ടിട്ടില്ല.  ഒരു പക്ഷേ നല്ല ഹീലുള്ള ചെരുപ്പാവും ഇട്ടിരിക്കുന്നത്. അന്തർമുഖനായ, എന്നിലെ ശുഭാപ്തി വിശ്വാസി  ചിന്തിച്ചു.


മാഡം പോഡിയത്തിൽ നിന്നിറങ്ങിയതോടെ, മുൻ നിരയിലിരുന്ന തിവാരി സർ എണീറ്റു. ആറടിയിലേറെ പൊക്കം വരും അദ്ദേഹത്തിന്. എഴുപതിനടുത്തു പ്രായം. മെലിഞ്ഞയാളാണെങ്കിലും തേജസ്സുറ്റ മുഖം. പാറിപ്പറക്കുന്ന പഞ്ഞിത്തലമുടി.  അദ്ദേഹത്തിനടുത്തു നിൽക്കുമ്പോൾ മാഡത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ ശരിയാണെന്നു തോന്നി.

ലക്ചറിനു ശേഷം, മാഡത്തിന്റെ മുന്നിൽ പെട്ടപ്പോൾ ഒരു പരിഭ്രമമായിരുന്നു. എന്തു പറയണം, എന്തു ചോദിക്കണം എന്നൊരു പിടിയും കിട്ടിയില്ല.

യമുനേച്ചി തന്നെ എന്നുറപ്പിച്ചാണ് സംസാരം തുടങ്ങിയത്. എന്നാൽ അവർ എന്നെ തിരിച്ചറിഞ്ഞതേ ഇല്ല.

സ്വതവേയുള്ള അന്തർമുഖത്വം കാരണം “യമുനേച്ചിയല്ലേ? എന്നെ മനസ്സിലായോ? ” എന്നു ചോദിക്കാനും കഴിഞ്ഞില്ല.

അന്നത്തെ യമുനേച്ചിയുടെ ശബ്ദമല്ല മിസിസ് തിവാരിക്ക്. ഒഴുക്കുള്ള, ഉത്തരേന്ത്യൻ ചുവയുള്ള ഹിന്ദി തന്നെ. മലയാളിത്തം തീരെയില്ല. വസ്ത്രധാരണത്തിലും ഇല്ല. എങ്കിലും ആ മുഖം... വിടർന്ന ചിരി... എല്ലാം യമുനേച്ചിയുടേതു തന്നെ.

ഒരു കൊല്ലമേ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും, അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഇന്നും എന്തൊരു പച്ചപ്പാണ്, കൈതപ്പൂ മണമാണ്.

അയൽ പക്കത്തെ വീട്ടിൽ അമ്മയ്ക്കൊപ്പമായിരുന്നു യമുനേച്ചി താമസിച്ചിരുന്നത്. ഇരുപത്തഞ്ചാം വയസ്സിലും നിറം മങ്ങിയ നാടൻ പാവാടയും ബ്ലൌസും തന്നെയായിരുന്നു വേഷം. സ്വന്തമായി ആകെയുള്ളത് ഒരു ദാവണി മാത്രമായിരുന്നു.

അച്ഛനുമമ്മയും ഓഫീസിൽ നിന്നുവരുന്നതുവരെ ഞാൻ യമുനേച്ചിക്കൊപ്പമായിരുന്നു അന്നൊക്കെ.സ്കൂളിൽ നിന്നു വന്നാൽ നേരേ അവരുടെ വീട്ടിൽ ചെല്ലും. അവിടെയിരുന്ന് കഥകൾ കേട്ട് സന്ധ്യയ്ക്കു നാമം ചൊല്ലിത്തീരുമ്പോഴാവും അച്ഛനുമമ്മയും വരിക.

അങ്ങനെയൊരുനാൾ ആയിരുന്നു യമുനേച്ചി കൈതപ്പൂവിന്റെ കഥ പറഞ്ഞത്. അന്നു മുതൽ എനിക്ക് കൈതപ്പൂവിനോട് വല്ലാണ്ടൊരിഷ്ടം തോന്നി.

വയൽ വരമ്പിലെ പൂക്കൈത കാണിച്ചു തന്നതും, അതിന്റെ പൂവടർത്തി തന്നതും, അത് അമ്മയുടെ സാരിപ്പെട്ടിക്കുള്ളിൽ കൊണ്ടു വച്ചതും ഒക്കെ ഓർമ്മ വരുന്നു.

ഹൃദ്യമായ സുഗന്ധമുണ്ടെങ്കിലും, പൂജയ്ക്കെടുക്കാത്ത കൈതപ്പൂ പോലെ തന്നെയായിരുന്നു യമുനേച്ചിയും. ബി.എ. വരെ പഠിപ്പുണ്ടെങ്കിലും കല്യാണാലോചനയുമായി ആരും ആ വീട്ടിലേക്ക് വരാറില്ല. ജാതകത്തിൽ എന്തോ പിശകുണ്ടാവും എന്ന് അമ്മ അച്ഛനോട് പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ സത്യം അതല്ല എന്ന് എനിക്കറിയാം.

“മഷിയിട്ടുനോക്കിയാൽകൂടി ഒരു തരി പൊന്നു കിട്ടില്ല്യ, ഈ വീട്ടിൽ!” യമുനേച്ചി പറഞ്ഞിട്ടുണ്ട്.

                                                             -3-

അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരുനാൾ രാമേട്ടൻ പട്ടാളത്തിൽ നിന്ന് മടങ്ങിവന്നത്. മുപ്പത്തഞ്ചു വയസ്സു പ്രായം. അവിവാഹിതൻ.

തറവാട്ടു കാരണവർക്ക് ഇഷ്ടമായില്ലെങ്കിലും, അത്യാവശ്യം ജീവിച്ചുപോകാനുള്ള സ്വത്തുവകകളൊക്കെയുള്ളതുകൊണ്ടോ, പട്ടാളജീവിതം മടുത്തതുകൊണ്ടോ എന്തോ, രാമേട്ടൻ മടങ്ങിപ്പോയില്ല. വയലും, കൃഷിയും, പശുക്കളുമായി ജീവിക്കാൻ തുടങ്ങി. രാമേട്ടന്റെ അമ്മ മാത്രം അദ്ദേഹത്തെ പിന്തുണച്ചു.

പെട്ടെന്നൊരുനാൾ രാമേട്ടൻ പെണ്ണു ചോദിച്ച് വീട്ടിലെത്തിയപ്പോൾ യമുനേച്ചിയുടെ അമ്മ അമ്പരന്നു; യമുനേച്ചിയും. ഞാനപ്പോൾ തിണ്ണയിൽ കുത്തിയിരുന്ന് ചിത്രകഥ വായിക്കുകയായിരുന്നു. രാമേട്ടൻ സംസാരം തുടങ്ങിയപ്പോൾ അകത്തേക്കു വലിഞ്ഞു.

“ഇയ്ക്ക് പൊന്നും വേണ്ട, പണ്ടോം വേണ്ട. പെണ്ണു മാത്രം മതി. ഇങ്ങക്ക് സമ്മതാച്ചാ മീനത്തിൽ കല്യാണം, ന്താ?”

തൊട്ടു ചേർന്നു നിൽക്കുകയായിരുന്ന എനിക്ക് യമുനേച്ചി വിറയ്ക്കുന്നത് നന്നായി മനസ്സിലായി. ഒരിക്കലും നടക്കില്ല എന്നു കരുതിയത് നടക്ക്വാണല്ലോ ഈശ്വരാ എന്ന ചിന്തയോ, പട്ടാളക്കാരനായ ആണൊരുത്തന്റെ മുന്നിൽ പെട്ടതിന്റെ വെപ്രാളമോ ഒക്കെയാവാം ആ വിറയ്ക്കു കാരണം.

കുറേ നേരം ആരും ഒന്നും മിണ്ടിയില്ല.

അപ്പോൾ രാമേട്ടൻ പറഞ്ഞു “യമുനയ്ക്ക് എതിർപ്പൊന്നൂല്യാലോ?”
യമുനേച്ചിയ്ക്ക് ഒച്ച മുട്ടി. അമ്മ തലയാട്ടി.
രാമേട്ടൻ നടന്ന് വയൽ കടന്നു പോയി.

നിശ്ചയം ഒന്നും നടന്നതായി ഓർമ്മയില്ല. ഞാൻ രാമേട്ടൻ എന്നു വിളിക്കുന്നയാളെക്കുറിച്ചു പറയുമ്പോൾ  യമുനേച്ചി ചന്ദ്രേട്ടൻ എന്നാണ് പ്രയോഗിക്കുന്നത് എന്നു മനസ്സിലായി. രാമേട്ടന്റെ മുഴുവൻ പേര് രാമചന്ദ്രൻ എന്നായിരുന്നു.

കല്യാണം ആഹ്ലാദപൂർവം മീനം ഒന്നിനു തന്നെ നടന്നു. എന്നാൽ മൂന്നാഴ്ചയ്ക്കു ശേഷം മീനത്തിൽ വെള്ളിടി വെട്ടി. നെന്മാറ വേലകാണാൻ യമുനേച്ചിയേയും കൂട്ടി പോയതായിരുന്നു രാമേട്ടൻ. എന്തോ കാര്യത്തിന്  അലമ്പുണ്ടാക്കിയ രണ്ടുകൂട്ടർ തമ്മിലടിച്ചു. മധ്യസ്ഥം പറയാൻ ചെന്ന രാമേട്ടനു കുത്തേറ്റു. അവിടെ വച്ചു തന്നെ മരിച്ചു. പിറ്റേന്നാണ് ഞങ്ങളൊക്കെ വിവരമറിഞ്ഞത്.

അടുത്താഴ്ച തന്നെ അച്ഛന് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അമ്മ കമ്പനിപ്പണി ഉപേക്ഷിക്കാനും തീരുമാനിച്ചു. ഞങ്ങൾ വള്ളുവനാടിനോട് വിടപറഞ്ഞു.

യമുനേച്ചിക്കും അമ്മയ്ക്കും പിന്നെന്തു സംഭവിച്ചെന്നോർത്ത് പലരാത്രി കണ്ണു നനച്ചിട്ടുണ്ട്. രാമേട്ടനെ ആരോ കുത്തിക്കൊല്ലുന്നതോർത്ത് ഉറക്കത്തിൽ ഞെട്ടിയുണർന്നിട്ടുണ്ട്, ഒരു വർഷത്തോളം. പോകെപ്പോകെ അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായ ദിനങ്ങളിൽ സ്വപ്നങ്ങളിൽ യമുനേച്ചി പ്രത്യക്ഷപ്പെട്ടിരുന്നു. എന്റെ സ്വന്തം ചേച്ചിയായി....

ഇവിടെ ബനാറസിൽ വച്ച് അപ്രതീക്ഷിതമായി തിവാരി മാഡത്തെ കണ്ടപ്പോൾ യമുനേച്ചിയെ ഓർമ്മ വന്നതും അതുകൊണ്ടു തന്നെ. കാര്യമായൊന്നും പറയാൻ കഴിയാഞ്ഞതിന്റെ ഇച്ഛാഭംഗം തീർക്കാനാണ് അരുൺ ഗുപ്തയോട് പറഞ്ഞ് പിറ്റേന്നു രാവിലെ തിവാരി മാഡത്തെ കാണാൻ പോകാം എന്ന നിർദേശം വച്ചത്. അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.


                                                             -4-

പൂമുഖത്തു നിന്നുകൊണ്ട് തിവാരിമാഡം പറഞ്ഞു “ആവോ ബേട്ടേ, ആവോ...”
ഗുപ്തയും ഞാനും അകത്തേക്കു കയറി.

“എക്‌ദം ബിച്ചു ജൈസാ ലഗ് രഹാ ഹേ, നാ?” എന്നെ നോക്കി മാഡം പറഞ്ഞു.
അതു കേട്ട് പ്രൊഫസർ ലോക്‌നാഥ് തിവാരി തലയാട്ടി.

അവരുടെ മരിച്ചു പോയ കുഞ്ഞനുജനെപ്പോലെ തന്നെയാണത്രെ ഞാൻ! ഗുപ്ത ചെവിയിൽ പറഞ്ഞു.

“അഗർ തും അപ്‌നേ റിസേർച്ച് ബി.എച്ച്.യു. മേ കർനാ ചാഹ്താ ഹെ തോ, സാരാ സുവിധാ മേ ഹീ കരൂംഗാ.... സംഝേ?”  തിവാരി സർ പറഞ്ഞു.

“വൈസേ ഭീ... ബിച്ചൂ കാ റൂം അഭീ ഖാലീ ഹെ, മുസീബത് നഹി ഹെ തോ തും ഇധറീ രഹ് സക്‌തെ ഹോ...” തിവാരി മാഡം കൂട്ടിച്ചേർത്തു.

ആകെപ്പാടെ അമ്പരപ്പിക്കുന്ന നിമിഷങ്ങൾ....


സത്യത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്!?

ഗുപ്താ, ഞാനെന്താ ഇപ്പോ ചെയ്യുക? ഗുപ്താ....

ഞെട്ടി നോക്കിയപ്പോൾ അരികിൽ അരുൺ ഗുപ്തയില്ല. ഇയാൾ പെട്ടെന്നെവിടെപ്പോയി?

കണ്ണു തുറന്നപ്പോൾ മുറിയിൽ കൂരിരുട്ട്. ലൈറ്റിട്ട് എണീറ്റിരുന്നു. മണി രണ്ടര.

ഒരുറക്കത്തിന് ഇനിയും സമയമുണ്ട്.

രാവിലെ തിവാരിമാഡത്തെ കാണാൻ പോകണമെങ്കിൽ ആറുമണിക്കുണർന്നാൽ മതി.

അല്ല... ഇനി എന്തിനവിടെ പോകണം....?


മുപ്പതു വർഷം മുൻപ് കണ്ടുപിരിഞ്ഞ എട്ടുവയസ്സുകാരൻ കുട്ടിയെ അവർ ഓർക്കുന്നുണ്ടാവുമോ?

ശരിക്കും അവർ യമുനേച്ചിയാണെങ്കിൽ.... ഏതെങ്കിലും കാരണവശാൽ, അവരുടെ മുൻ വിവാഹവും, രാമേട്ടന്റെ ദാരുണമരണവുമൊന്നും അവർ പ്രൊഫസർ തിവാരിയോട് പറഞ്ഞിട്ടില്ലെങ്കിൽ....

മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമാണ് അവരെ ഇവിടെ എത്തിച്ചതെങ്കിൽ.....
പുറമേ ശാന്തമായി ജീവിക്കുന്ന അവരുടെ കരളിൽ കനൽ കോരിയിടുകയാവുമോ ഞാൻ ചെയ്യുക?

ഉള്ളിലിരുന്നാരോ പറഞ്ഞു.

വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....


                                                             -5-
എറണാകുളത്തേക്കാണ് ടിക്കറ്റെങ്കിലും, വണ്ടി പാലക്കാട്ടെത്തുമ്പോൾ അവിടെ ഇറങ്ങാൻ തീരുമാനിച്ചത് വളരെ നേരത്തെ ആലോചനയ്ക്കു ശേഷമാണ്.

പതിറ്റാണ്ടുകൾക്കു ശേഷം ഈ മണ്ണിൽ കാലു കുത്തിയപ്പോൾ എന്തോ ഒരു ശാന്തി. വയൽക്കാറ്റേറ്റ് കാറിൽ വന്നപ്പോൾ സകലയാത്രാക്ഷീണവും, ആകുലതകളും അകന്നു. അച്ഛനുമമ്മയ്ക്കുമൊപ്പം ആദ്യമായി ഈ വഴി വന്നത് ഓർമ്മ വന്നു. വർഷം മുപ്പതു കഴിഞ്ഞിരിക്കുന്നു. അന്നത്തെ എട്ടുവയസ്സുകാരൻ കുട്ടിക്ക് ഇന്ന് എട്ടുവയസ്സുള്ള മകനുണ്ട്!

യമുനേച്ചിക്ക് അൻപത്തഞ്ചുവയസ്സെങ്കിലും ആയിട്ടുണ്ടാവും. ഒരു പക്ഷേ....

“സ്ഥലമെത്തി” ഡ്രൈവർ പറഞ്ഞു.

പഴയ വീടു നിന്നിടത്ത് ഇപ്പോ കൂറ്റനൊരു ആധുനിക നാലുകെട്ട്. കാവും ഇല്ല. കുളവും ഇല്ല. തൊടി മുഴുവൻ ടൈലു പാകി വെടിപ്പാക്കിയിരിക്കുന്നു.

യമുനേച്ചിയുണ്ടായിരുന്നെങ്കിൽ പറഞ്ഞെനേ “ഒരു തുമ്പച്ചെടി കൂടി കാനാനില്ലല്ലോ, ശിവനേ!”
അവിടെ കയറി അന്വേഷിച്ചു.

“യമുനയോ? അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടില്ലല്ലോ.... ഞങ്ങൾ ഇവിടെ താമസം തുടങ്ങീട്ടന്നെ പത്തിരുപത്തഞ്ചു കൊല്ലായി!”


“ഒരു മുപ്പതു കൊല്ലം മുൻപ് ഇവിടെ താമസിച്ചിരുന്ന സ്ത്രീയാ.... അവരുടെ അമ്മയുടെ പേര്....”

“പറഞ്ഞാലും അറീല്യ. ഞങ്ങൾ തമിഴ് നാട്ടിലായിരുന്നു, അതിനു മുൻപ്. അച്ഛനാ സ്ഥലം വാങ്ങിയത്. അദ്ദേഹം മരിച്ചിട്ട് വർഷങ്ങളായി....”

നന്ദി പറഞ്ഞു പുറത്തിറങ്ങി. ജംഗ്ഷനിലുള്ള ബേക്കറിയിൽ അന്വേഷിച്ചു. രാമേട്ടന്റെ തറവാടിനെ പറ്റി. അയാൾ വഴി പറഞ്ഞു തന്നു.

“അവിടിപ്പോ ഒരു കാർന്നോരും ഭാര്യയും മാത്രേള്ളൂ....” അയാൾ പറഞ്ഞു.

നേരേ അങ്ങോട്ടു വിട്ടു. രാമേട്ടന്റെ തറവാട്ടിലെത്തി. തൊടിയാകെ കാ‍ടുപിടിച്ചിരിക്കുന്നു. ആമുഖങ്ങൾ കഴിഞ്ഞപ്പോൾ പൂമുഖത്തിരുന്ന് കാർന്നോർ പറഞ്ഞു.

“ന്റെ അനിയനാർന്നു, രാമചന്ദ്രൻ.... ആ കല്യാണത്തിന് ഞങ്ങൾക്കാർക്കും താല്പര്യണ്ടാർന്നില്യ. ഓൻ സ്വയങ്ങ്‌ട് തീരുമാനിക്ക്യാർന്നു. പിന്നൊക്കെണ്ടായത് ദുരന്തങ്ങളന്ന്യാ.... തറവാടിന്റെ ക്ഷയം അവിടന്നു തൊടങ്ങി. ദുശ്ശകുനാന്നു പറഞ്ഞ് ആ കുട്ടീനെ പുറത്താക്കി. കുറേനാൾ ഓള് അമ്മയ്ക്കൊപ്പം അവരടെ വീട്ടീ താമസിച്ചു. പിന്നെ ആ പറമ്പും, പൊട്ടിയ താലീം ഉൾപ്പടെ വിറ്റുപെറുക്കി കാശിക്കു പോയീന്നു കേട്ടു.”

“കാശിക്കോ?” അക്ഷരാർത്ഥത്തിൽ ഞെട്ടി.

“ഉം... ന്താ ഞെട്ടണേ? കാശിക്കു പോയോരാരെങ്കിലും തിരിച്ചു വരോ? പിന്നെ ആരും കണ്ടിട്ടോ കേട്ടിട്ടോ ല്യ, അമ്മേം മോളേം കുറിച്ച്.... ”

അമ്പരന്നിരുന്നു ഞാൻ. അവർ കാശിക്കാണ് പോയത്.... കാശിക്ക്....

കാശിയെന്നാൽ വാരാണസി. വാരാണസിയെന്നാൽ ബനാറസ്!!

വൈകാതെ, ഒന്നുകൂടി പോയാലോ അവിടേക്ക്? മനസ്സ് ചാഞ്ചാടി.

ഉള്ളിലിരുന്നാരോ പറഞ്ഞു.


വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....



81 comments:

jayanEvoor said...

വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....

വർത്തമാനകാലമേ, നീ തൽക്കാലം എന്റെ ഓർമ്മച്ചെപ്പിനു വെളിയിൽ നിൽക്കുക..... ഞാനത് അടച്ച ശേഷം മാത്രം എന്നരികിലേക്കു വരിക!

Manoraj said...

ചിലരെയെല്ലാം കാണുമ്പോഴാണ് നമുക്ക് പഴയകാലം ഓര്‍മ്മ വരുന്നത്. കഥ കുഴപ്പമില്ല. തീരെ മടുപ്പിക്കാതെ പറഞ്ഞു.
ഏതായാലും വീണ്ടും സജീവമായി ഇവിടൊക്കെ കാണുന്നതില്‍ സന്തോഷം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജയന്‍ ഓരോ കഥയും വളരെ വളരെ മനോഹരമായി തന്നെ അവതരിപ്പിക്കുന്നു

മനസില്‍ തട്ടുന്ന പോലെ

അഭിനന്ദനങ്ങള്‍

Echmukutty said...

കഥ നന്നായി. വായിച്ച് തീർന്നിട്ടും അതങ്ങനെയാണെന്ന് തന്നെ വിചാരിയ്ക്കയാണ് ഞാൻ...കഥയിൽ നിന്നും പുറത്ത് കടന്നില്ല.
അഭിനന്ദനങ്ങൾ.

റോസാപ്പൂക്കള്‍ said...

നല്ല കഥ.വളരെ നന്നായി.
ഒരു യമുനെച്ചിയുടെ സാദൃശ്യത്തില്‍ നിന്നും നല്ല ഒരു കഥ വിരിയിചെടുത്തല്ലോ.

ആശംസകള്‍

ചാണ്ടിച്ചൻ said...

ഇത്രയും ഹൃദയഹാരിയായ ഒരു കഥ അടുത്തൊന്നും വായിച്ചിട്ടില്ല....ഹാറ്റ്സ് ഓഫ്‌ ഡോ. ജയന്‍....
യമുനേച്ചി ഇപ്പോഴും മനസ്സില്‍ എവിടെയോ കുടുങ്ങിക്കിടക്കുന്നു....
ഏതെങ്കിലും ആനുകാലികത്തില്‍ പ്രസിദ്ധീകരിക്കണം എന്നാണെന്റെ അപേക്ഷ....

Jefu Jailaf said...

മനോഹരമായ ഒരു അവതരണം.. Simple and nice...

പഥികൻ said...

വളരെ നന്നായി ജയൻ....ഓർമ്മകൾക്ക് എപ്പോഴ്ഹും നഷ്ടസുഗന്ധമാണ്.
സസ്നേഹം,
പഥികൻ

മാണിക്യം said...

ഡോക്ടറെ നല്ല കഥ....
യമുനേച്ചിയും കൈതപ്പൂമണവും സുഗന്ധം വിതറുന്നു.
വളരെ മനോഹരമായി മനസ്സില്‍ നിറയും പോലെ പറഞ്ഞു.
ഈ അടുത്ത കാലത്ത് വായിച്ചതില്‍ വച്ച്
ഏറ്റവും ഇഷ്ടമായ കഥ.
ആശംസകളോടെ മാണിക്യം

Manju Manoj said...

ഡോക്ടറെ... ഒരുപാട് ഇഷ്ടമായ കഥ....വളരെ നന്നായി...

ശ്രീനാഥന്‍ said...

മനോഹരമായി. യമുനയാണോ അല്ലയോ എന്ന സംശയം കഥാപാത്രത്തേയും വായനക്കാരനേയും മഥിക്കുകയും ഓർമ്മകൾ സുഗന്ധമായി ഉതിരുകയും ചെയ്യുന്നുണ്ട് ഈ കഥയിൽ.

mayflowers said...

അനുഭവം പോലെ തോന്നിച്ച കഥ.
യമുനേച്ചിയും,കൈതപ്പൂവും,തിവാരി മാഡവും എല്ലാം തെളിമയാര്‍ന്ന കഥാപാത്രങ്ങള്‍..

വേണുഗോപാല്‍ said...

യമുന ചേച്ചി കാശിയിലോ രാമേശ്വരത്തോ ആയികൊള്ളട്ടെ .... എന്റെ മനസ്സില്‍ ആ കൈതപൂ മണവും പേറി അവരുണ്ട് ... ആശംസകള്‍

മെഹദ്‌ മഖ്‌ബൂല്‍ said...

അഭിനന്ദനങ്ങള്‍

Hashiq said...

ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....അതെ, അതാണ്‌ ശരി. മറിച്ച്, ചേച്ചി, അനിയാ എന്ന രീതിയിലുള്ള കണ്ടുമുട്ടല്‍ ആയിരുന്നു അവസാമെങ്കില്‍ കഥ ഇത്രയും മനോഹരം ആകുമായിരുന്നില്ല എന്ന് തോന്നി.

CNR Nair said...

കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

വര്‍ഷിണി* വിനോദിനി said...

കൈതപ്പൂവിനെ കുറിച്ചുള്ള കഥ അമര്‍ചിത്രകഥയില്‍ വായിച്ചാണ്‍ ആദ്യമായി അറിഞ്ഞത്..അന്ന് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്..പിന്നെ പിന്നെ മനസ്സിലായി ഓരോ ലോകത്ത് ഓരോന്നിനും ഓരോ തരത്തില്‍ വിലക്ക് കൽപ്പിച്ചിട്ടുണ്ടെന്ന്..അതൊരു തരത്തില്‍ സ്വയം ആശ്വാസിയ്ക്കലായിരുന്നൂ ട്ടൊ..
ആ വിചാരങ്ങളെ വീണ്ടും ഉള്ളില്‍ ഉണര്‍ത്തി..!

ചില ബന്ധങ്ങളും,ഗന്ധങ്ങളും മനസ്സില്‍ അങ്ങനേ തെളിഞ്ഞും ഒളിഞ്ഞും കിടക്കും..!

നല്ല എഴുത്ത് ജയന്‍...ആശംസകള്‍.

Naushu said...

നല്ല കഥ... ഇഷ്ട്ടായി...
അഭിനന്ദനങ്ങള്‍ !! :)

ഷബീര്‍ - തിരിച്ചിലാന്‍ said...

കഥ ഒരു അനുഭവംപോലെ മനോഹരമായി പറഞ്ഞിരിക്കുന്നു... അഭിനന്ദനങ്ങള്‍

Yasmin NK said...

കഥയാണേലും അത് അങ്ങനെ തന്നെ ആവട്ടെ എന്നാണു എന്റേയും ഇഷ്ടം.

kARNOr(കാര്‍ന്നോര്) said...

കഥയോ സത്യമോ? മനോഹരമായിരിക്കുന്നു. സുഖമുള്ള ഒരു നോവുപോലെ..ഞങ്ങള്‍ വായനക്കാരും എങ്ങോട്ടൊക്കെയോ പോയി.. കൊത്തങ്കല്ല് കളിക്കാനും തുമ്പിയെ പിടിക്കാനും അമര്‍ചിത്രകഥ വായിക്കാനും :-)

jayanEvoor said...

മനോരാജ്,
ആദ്യകമന്റിനു നന്ദി!
തിരക്കൊഴിഞ്ഞ് കാശിക്കു പോകാൻ പറ്റില്ല എന്നാണല്ലോ...
അതുകൊണ്ട് തിരക്കിനിടയിൽ ഒരു കാശിയാത്ര!

ഇൻഡ്യാ ഹെറിറ്റേജ്,
വളരെ സന്തോഷം സർ....


എച്ച്മുക്കുട്ടി,
മാസത്തിൽ ഒരു പോസ്റ്റെങ്കിലും ഇടാൻ കഴിയുന്നതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു ബ്ലോഗിണീ!


റോസാപ്പൂക്കൾ,
സന്തോഷം ചേച്ചീ!

ചാ‍ണ്ടിച്ചൻ,
നല്ലവാക്കിനു നന്ദി.
ആനുകാലികക്കാർക്കൊക്കെ നമ്മളെ വേണോ എന്നെനിക്കൊരു പിടിയും ഇല്ല!

ജഫു ജൈലാഫ്,
നന്ദി സുഹൃത്തേ!

പഥികൻ,
വഴിയരികിൽ നമ്മളെക്കാത്ത് ആരൊക്കെയോ ഇനിയും ഉണ്ട്!

മാണിക്യം
വളരെ സന്തോഷം, ചേച്ചീ...


മഞ്ജു മനോജ്
നന്ദി, നന്ദി!

ശ്രീനാഥൻ
അങ്ങനെ തന്നെയാണുദ്ദേശിച്ചത്.
അതിഷ്ടപ്പെട്ടതിൽ നിറഞ്ഞ സന്തോഷം.

എല്ലാവർക്കും നന്ദി!

jayanEvoor said...

മെയ് ഫ്ലവേഴ്സ്
താങ്ക് യു വെരി മച്ച്!

വേണുഗോപാൽ
യമുനേച്ചി ഹൃദയത്തിൽ തന്നെയുണ്ട്!

മഖ്ബൂൽ മാറഞ്ചേരി
നല്ല വാക്കിനു നന്ദി!

ഹാഷിക്
ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം.

സി.എൻ.ആർ.നായർ
താങ്ക്യു സർ!

വർഷിണി വിനോദിനി
അതെ. പുറം ലോകം അങ്ങനെയാണ്. എന്നാൽ അകത്തുണ്ട് മറ്റൊരു ലോകം!
അതു നമ്മുടേതാണ്; നമ്മുടേതു മാത്രം!

നൌഷാദ് കെ.വി.
നന്ദി സുഹൃത്തേ!

ഷബീർ തിരിച്ചിലാൻ
വളരെ സന്തോഷം.

മുല്ല
നിറഞ്ഞ നന്ദി!

കാർന്നൊര്
കഥയാണ്. ഉള്ളിലിരുന്നാരോ ചൊല്ലിത്തന്ന കഥ.

നല്ല വാക്കുകൾക്ക് എല്ലാവർക്കും നന്ദി!

കൊമ്പന്‍ said...

വളരെ മനോഹരവും ഹൃദയ സ്പര്‍ഷിയുമായ മായ ഒരു കഥ
ബന്ധങ്ങളെ ക്കാളും വലിയ ഹൃദയ ബന്ധത്തിന്‍ കഥ
ആശംസകള്‍

Unknown said...

ആ ഓര്‍മ്മകളുടെ സുഗന്ധം എന്നിലേക്കും പകര്‍ന്നു. നല്ല കഥ ഡോക്ടര്‍.

sm sadique said...

വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....

വർത്തമാനകാലമേ, നീ തൽക്കാലം എന്റെ ഓർമ്മച്ചെപ്പിനു വെളിയിൽ നിൽക്കുക..... ഞാനത് അടച്ച ശേഷം മാത്രം എന്നരികിലേക്കു വരിക “പാവം യമുനചേച്ചി”

Anil cheleri kumaran said...

..ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്..... ലൈകി. കൈതപൂ പോലെ സുഗന്ധിയാം പോസ്റ്റ്.

Njanentelokam said...

മനസ്സില്‍ സ്പര്‍ശിച്ച അവതരണം

Krishnapriya said...

Doctor.... എന്നെ ഓര്‍മ്മ ഉണ്ടോ?

last year trivandrum വെച്ച് നടന്ന "koottam" meet report ചെയ്യാന്‍ Hindu newspaper ല്‍ നിന്നും
വന്ന കൃഷ്ണപ്രിയ ?

nice to meet you here again....

കുഞ്ഞൂസ് (Kunjuss) said...

കൈതപ്പൂവിന്റെ സുഗന്ധവുമായി യമുനേച്ചിയും ഓര്‍മകളും... വളരെ മനോഹരമായി ജയന്‍.

ഇലഞ്ഞിപൂക്കള്‍ said...

ഒരുപാടിഷ്ടായി ജയേട്ടാ,, കഥ വായിച്ച് മതിവരാത്തതുപോലെ .... വ്യത്യസ്ഥമായ കഥാന്ത്യം തന്നെയാണതിനെ ഇത്രയും ഹൃദ്യമാക്കിയത്..

കുഞ്ഞന്‍ said...

നല്ലൊരു കഥ, മനസ്സിൽ കഥയുടെ അലകൾ നിലക്കാതെ നിൽക്കുന്നു... യമുനേച്ചി കഥ പറഞ്ഞതുകൊണ്ടാണൊ, അതൊ കൈതപ്പൂവിന്റെ നിസ്സഹായതയിൽ നിന്നുമുണ്ടായ സഹതാപമാണൊ കൈതപ്പൂവിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്..?

ശ്രീ said...

കഥാവസാനം ഒരു നൊമ്പരം ബാക്കിയാകുന്നു. കഥ നന്നായി, മാഷേ

Kadalass said...

കൂടുതൽ ഹ്രദ്യമായി തോന്നിയ കഥ!
അനുഭവത്തിന്റെ തീക്ഷണത..
എല്ലാ വിധ ആശംസകളും....

majeed alloor said...

നന്നായി പറഞ്നു, അഭിനന്ദനങ്ങള്‍ ..!

Typist | എഴുത്തുകാരി said...

ഓർമ്മകൾ ഓർമ്മകളായിത്തന്നെ നിലനിൽക്കട്ടെ, സുഗന്ധം നഷ്ടപ്പെടുത്തണ്ട.

jayanEvoor said...

കൊമ്പന്‍,
കഥഇഷ്ടമായെന്നറിയുന്നതിൽ സന്തോഷം!

തെച്ചിക്കോടന്‍,
അതെ. ഓർമ്മകൾ എന്നും പ്രചോദനമാണ്;ഉറവവറ്റാത്ത സ്രോതസ്സുകളാണ് നമുക്കൊക്കെ.

എസ്.എം. സാദിഖ്,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി സഹോദരാ.

കുമാരന്‍,
സുഗന്ധസുരഭില നന്ദി!

നാരദന്‍,
സന്തോഷം. വീണ്ടും വരുമല്ലോ, ഈ വഴി...?

കൃഷ്ണപ്രിയ,
ഓർമ്മയുണ്ട് അനിയത്തീ.
പിന്നെ കണ്ടുമില്ല, കേട്ടുമില്ല!
എവിടെയാ ഇപ്പോൾ?


കുഞ്ഞൂസ്,
വളരെ സന്തോഷം ചേച്ചീ.


ഇലഞ്ഞിപൂക്കള്‍,
നിറഞ്ഞ നന്ദി!

കുഞ്ഞന്‍,
യമുനേച്ചിയുടെ കഥയും, കൈതപ്പൂവിന്റെ മണവും... രണ്ടും!

ശ്രീ,
നന്ദി ശ്രീ!


മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
സന്തോഷം!

മജീദ്,
നല്ല വാക്കിനു നന്ദി!

Typist | എഴുത്തുകാരി,
ഓർമ്മകൾ... ഓർമ്മകൾ....!

വായിച്ച, അഭിപ്രായമറിയിച്ച എല്ലാവർക്കും നിറഞ്ഞ നന്ദി!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ തൃപ്തിയാവില്ല ..അതി മനോഹരമായിരിക്കുന്നു.. ഇനിയും ഇതുപോലുള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു ..

anithaharrikumar said...

valarree manoharamm.....yamunachechi mancil ninnu pokunella...very touching jaya............

മൻസൂർ അബ്ദു ചെറുവാടി said...

ഒരു അനുഭവ കഥ വായിക്കുന്ന പോലെ തോന്നി.
ആഖ്യാനത്തിലെ മികവു തന്നെയാണ്.
ചില ഓര്‍മ്മകള്‍ അങ്ങിനെയാവണം. മോഹിപ്പിച്ചു തന്നെ നിര്‍ത്തണം.
യമുനേച്ചിയാണ് എന്ന ധാരണയില്‍ തന്നെ നിര്‍ത്തിയത് വളരെ നന്നായി .
മനോഹരമായി പറഞ്ഞു നിര്‍ത്തി.
ഒത്തിരി ഇഷ്ടായി ഈ കഥ .

Muralee Mukundan , ബിലാത്തിപട്ടണം said...

കൈതപ്പൂപോൽ മണവും,ചെത്തിപ്പൂപോൽ നൈർമ്മ്യല്ലവും ഉൾല ഒരു കഥ..
ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്..പിന്നീടവ കഥയായി ചൊല്ലുമ്പോഴും അല്ലെ ഭായ്

Lipi Ranju said...

ഒരുപാടിഷ്ടായി.. അനുഭവമാണെന്ന് കരുതിയാ വായിച്ചേ ! അവര്‍ കണ്ടുമുട്ടാതെ അങ്ങനെ അവസാനിപ്പിച്ചതും നന്നായി...

കൊച്ചു കൊച്ചീച്ചി said...

"പൂക്കൈത പൂക്കുന്ന പാടങ്ങളില്‍
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കള്
മഞ്ഞു പെയ്യുന്ന മാര്‍ഗഴി മാസവും വന്നെത്തി
എന്നിട്ടുമെന്തേ വരുന്നില്ല...."

മനോ പറഞ്ഞതുപോലെ "കുഴപ്പമില്ല, തീരെ മടുപ്പിക്കാതെ പറഞ്ഞു"

കുസുമം ആര്‍ പുന്നപ്ര said...

യമുനേച്ചിയും കൈതപ്പുവും ഈ കഥയും ഒരുപോലെ മനോഹരം. കഥയിടുമ്പോള്‍ ഒരു മെയില്‍ അയക്കണം.

jayanEvoor said...

സുനിൽ പെരുമ്പാവൂർ

അനിത ചേച്ചി

ചെറുവാടി

ബിലാത്തിച്ചേട്ടൻ

ലിപി രഞ്ജു

കൊച്ചു കൊച്ചീച്ചി

കുസുമം ചേച്ചി

വായനയ്ക്കും കമന്റുകൾക്കും നന്ദി!

ജെ പി വെട്ടിയാട്ടില്‍ said...

എനിക്ക് വായനാശീലം കുറവാ.
വീണ്ടും വരാം ഈ വഴിക്ക്.

വിഷ് യു ഓള്‍ ദ ബെസ്റ്റ്

ദേവന്‍ said...

അപ്പൊ അത് യമുനേച്ചി തന്നെയോ...?!!! വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്..... അതങ്ങനെതന്നെ തുടരട്ടെ അല്ലെ...

ഉപാസന || Upasana said...

വായിച്ചു.

സംതിങ് മിസിങ്ങ്.
രംഗങ്ങളും കഥാപാത്രങ്ങളും പൊടുന്നനെ മാറിമാറി വരുന്നു. ബ്ലെൻഡിങ്ങ്, ഒറിജിനാലിറ്റി... അങ്ങിനെ കുറച്ചു പ്രശ്നങ്ങൾ തോന്നി.

ആശംസകൾ.
:-)
ഉപാസന

TPShukooR said...

പഴയ കാല അനുഭൂതി അനുസ്മരിപ്പിക്കുന്ന കഥ. പുതിയ കാലത്തിന്റെ വ്യത്യസ്തതയും കഥയില്‍ തന്നെ പറയുന്നു. പഴയ തറവാടും ആചാരങ്ങളും സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും എല്ലാം വളരെ ആസ്വദിച്ചു തന്നെ വായിച്ചു. വളരെ നന്ദി. ആശംസകള്‍.

ചിതല്‍/chithal said...

എന്ത് പറയണം എന്നുതന്നെ അറിയില്ല. ഞാനീ കഥ രണ്ടാവർത്തി വായിച്ചു. മനസ്സിൽ നല്ലോണം തട്ടുകയും ചെയ്തു.
A real masterpiece. കഥ അസ്സലായിരിക്കുന്നു.

African Mallu said...

ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....
കഥ നല്ല നീറ്റ് ആയിട്ടു പറഞ്ഞിട്ടുണ്ട് അഭിനന്ദനങ്ങള്‍

വീകെ said...

കൈതപ്പൂവിന്റെ സുഗന്ധം പോലെ യമുനേച്ചിയും മനസ്സിൽ നിന്നും മായുന്നില്ല. പുതിയ യമുനേച്ചിയെ കണ്ടു മുട്ടിയിരുന്നെങ്കിൽ വല്ലാത്ത ഒരു സന്തോഷം അവർ അനുഭവിക്കുമായിരുന്നുവെന്ന് എന്റെ മനസ്സ് പറയുന്നു. കാരണം സ്വന്തം ഒരു ബന്ധുവിനെ വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം...!!
നന്നായിരിക്കുന്നു..
ആശംസകൾ...

venpal(വെണ്‍പാല്‍) said...

ഒരുപാട് വൈകിയാണ് വായിച്ചത്.നല്ലകഥ ... നല്ല അവതരണം .....
ആശംസകള്‍

Sureshkumar Punjhayil said...

Muthu cheppinullil...!

Manoharam, Ashamsakal...!!!

jayanEvoor said...

ജെ.പി. വെട്ടിയാട്ടിൽ

ദേവൻ

ഉപാസന

ഷുക്കൂർ

ചിതൽ

ആഫ്രിക്കൻ മല്ലു

വി.കെ.

വെൻപാൽ

സുരേഷ്കുമാ‍ർ പുഞ്ചയിൽ

വായനയ്ക്കും, അഭിപ്രായങ്ങൾക്കും നന്ദി!

K@nn(())raan*خلي ولي said...

രാമേട്ടന്‍ വരുന്നതുവരെ കഥയോ കാര്യമോ മനസിലായില്ല. വായനനിര്‍ത്തി മൂത്രിക്കാന്‍ പോയാലോ എന്നുവരെ തോന്നിപ്പോയി.
പക്ഷെ തുടര്‍ച്ചയില്‍ നെഞ്ചിടറി.
യമുനേച്ചി ചങ്കില്‍ തറച്ചു.
ഇക്കഥ എക്കാലവുംമോര്‍ക്കാന്‍ വൈദ്യര്‍ക്ക് കഴിയട്ടെ!

Arun Kumar Pillai said...

ജയേട്ടാ സൂപ്പർ കഥ...
ഇങ്ങേർ ചിരിപ്പിക്കുന്ന പോസ്റ്റിട്ട് ചിരിപ്പിക്കേം ചെയ്യും അതേ പോലെ തന്നെ കരയിപ്പിക്കേം ചെയ്യും...

Pradeep Kumar said...

നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍

വെള്ളരി പ്രാവ് said...

ഡോക്ടര്‍ജി..,

ഹൃദ്യം..ലളിതം ഈ ഭാഷ.
നന്മകള്‍....
നന്ദി....
സ്നേഹാദരങ്ങളോടെ.

സുഗന്ധി said...

കൈതപ്പൂമണമുള്ള ഓര്‍മ്മകള്‍ ..

Biju Davis said...

വളരെ ഇഷ്ടപെട്ടു, ഡോക്ടർ!
പോസ്റ്റിന്റെ നീളം ഒരു പ്രശ്നമല്ലെന്ന് ഈ കഥയിൽ നിന്ന് മനസ്സിലായി. നല്ലതാണെങ്കിൽ, ജനം വായിച്ചിരിയ്ക്കും.
അപ്പോൾ അത് യമുനേച്ചി തന്നെയെന്നു ഉറപ്പിച്ചോ? :)

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

വളരെ ഇഷ്ടപ്പെട്ടു.
പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ദയവായി sabumhblog@gmail.com ലേക്ക്‌ ഒരു നോട്ടിഫിക്കേഷൻ അയക്കുമോ?

ശ്രീ സേതുവിന്റെ 'ഗോപാലൻ' എന്നൊരു കഥയുണ്ട്‌. വായിച്ചിട്ടുണ്ടോ എന്നറിയില്ല. അതിന്റെ തീം മായിട്ട്‌ ഈ കഥയ്ക്ക്‌ ചെറിയ ഒരു സാദൃശ്യമുണ്ട്‌. കിട്ടുമെങ്കിൽ വായിച്ചു നോക്കു. അതും ഒരു വായനാനുഭവമാണ്‌. ആശംസകൾ.

khaadu.. said...

എന്റെ ബ്ലോഗ്ഗില്‍ വന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്... നല്ലൊരു പോസ്റ്റ്‌ വായിക്കാന്‍ വൈകിയെന്ന സങ്കടം മാത്രം...

നല്ല കൈതപ്പൂ മണമുള്ള പോസ്റ്റ്‌.. കഥയുടെ കൂടെ സഞ്ചരിച്ചു.. അവസാനം കഥയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ...

നന്നായിട്ടുണ്ട്...
ആശംസകള്‍..

jayanEvoor said...

കണ്ണൂരാന്‍

കണ്ണന്‍

പ്രദീപ് കുമാർ

വെള്ളരി പ്രാവ്

സുഗന്ധി

ബിജു ഡേവിസ്

സാബു. എം.എച്ച്

ഖാദു

വായനയ്ക്കും, നല്ല വാക്കുകൾക്കും എല്ലാവർക്കും നന്ദി!

Bindhu Unny said...

എന്തോ 'haunting' ആയി തോന്നുന്നു ഈ കഥ. നന്നയിരിക്കുന്നു. :)

suji said...

ഓര്‍മ്മകള്‍ക്ക് എന്നും കൈതപൂവിന്റെയും പനിനീര്ചെമ്ബകതിന്റെയും പാരിജതതിന്റെയും ഒക്കെ മണം ആണെല്ലോ ജയേട്ട ....
ഞാന്‍ നിങ്ങളുടെ അയല്‍പക്കം വരെ വന്നു...കരുനാഗപള്ളി ഷബീരിനെ കണ്ടു...മരുന്നൊക്കെ ഭദ്രമായി വെച്ചിട്ടുണ്ട് അവിടെ...

G.MANU said...

Cool touching story mashe

ജയരാജ്‌മുരുക്കുംപുഴ said...

hridaya sparshi ayi paranju..... bhavukangal......

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

ഹൃദയഹാരിയായ ഒരു കഥ.... മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍..... യമുനേച്ചി ഇപ്പോഴും മനസ്സില്‍ എവിടെയോ കുടുങ്ങിക്കിടക്കുന്നു........നല്ല ഒരു കഥാനുഭവം ഒരു പാടു ഇഷ്ടമായി ജയെട്ടാ ...ആശംസകള്‍.....

മാനവധ്വനി said...

ഡോക്ടറേ..എപ്പോഴെങ്കിലും അവരെ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. ചിലരെ അവിചാരിതമായാണ് കണ്ടുമുട്ടാറ്.. തേടിനടന്നാൽ കണ്ടു കിട്ടില്ല.. ...ഭാവുകങ്ങൾ

Anonymous said...

[url=http://www.001casino.com]casino online[/url] [url=http://www.realcazinoz.com]free casino[/url] [url=http://www.avi.vg]sex[/url] [url=http://www.concordiaresearch.com/]casino[/url] [url=http://www.globalsba.com/documents.htm]Leads Management[/url]

എം പി.ഹാഷിം said...

കഥ നന്നായി

അപരിചിതന്‍ said...

എന്റെ കുട്ടിക്കാ‍ലത്ത് സി വി ശ്രീരാമന്റെ കഥകൾ വായിച്ചപ്പോഴെല്ലാം ആഗ്രഹിച്ചു പോയ ഒന്നുണ്ട്..എന്നെങ്കിലും ആ കാഥികനെ കാണുമ്പോൾ ചോദിക്കണം..”ഇതൊക്കെ സംഭവിച്ചതാണോ എന്ന്”

ഇത് വായിച്ച് തീർന്നപ്പോഴും ബാക്കിയാവുന്ന ചോദ്യം അതു തന്നെ..
വല്ലാതെ അനുഭവ വേദ്യമായ കഥ..

ആശംസകളോടെ രാകേഷ്...

jayanEvoor said...

ബിന്ദു ഉണ്ണി

സുജി

മനുജി

ജയരാജ് മുരിക്കുംപുഴ

പ്രദീപ് കുറ്റിയാട്ടൂർ

മാനവധ്വനി

എം.പി.ഹാഷിം

അപരിചിതൻ

വായനയ്ക്കും, നല്ല വാക്കുകൾക്കും എല്ലാവർക്കും നന്ദി!

കാഴ്ചകളിലൂടെ said...

ജയന്‍,
ആദ്യമാണ് ഇവിടെ.
കൈതപൂ പോലെ സുഗന്ധമുള്ള നൊമ്പരമുണര്‍ത്തുന്ന ഒപ്പം ഗ്രിഹാതുരത്വം ഉണര്‍ത്തിയ കഥ
ഭാവുകങ്ങള്‍.

സജീവ്‌

praveen mash (abiprayam.com) said...

നിങ്ങള്‍ ഒരു മുത്താണ് ... ! സഹോദരാ ..

മണ്ടൂസന്‍ said...

ജയേട്ടാ നല്ല അവതരണം, ഇത്തിരി വലുതും. ഞാനിത് രണ്ട് ഭാഗമായിട്ടാ വായിച്ച് തീർത്തേ. എന്തായാലും ആ ജീവിതസഭാഗ്യം ഒരുപാട് നാൾ അനുഭവിക്കുവാൻ യമുനേച്ചിക്ക് ഭാഗ്യല്ല്യാ, അല്ലാണ്ടെന്താ. ആശംസകൾ ജയേട്ടാ.

ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.

DylanGOpL said...

കൈതപ്പൂവിന്റെ സുഗന്ധം പോലെ യമുനേച്ചിയും മനസ്സിൽ നിന്നും മായുന്നില്ല. പുതിയ യമുനേച്ചിയെ കണ്ടു മുട്ടിയിരുന്നെങ്കിൽ വല്ലാത്ത ഒരു സന്തോഷം അവർ അനുഭവിക്കുമായിരുന്നുവെന്ന് എന്റെ മനസ്സ് പറയുന്നു. കാരണം സ്വന്തം ഒരു ബന്ധുവിനെ വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം...!! നന്നായിരിക്കുന്നു.. ആശംസകൾ...

ksgamoa,tvm said...

nannayirikkunnu,abhinandanangal

Neelima said...

ഈ കഥ വായിക്കാൻ ആയതിൽ ഒരുപാട് സന്തോഷം .നല്ലൊരു കഥ.യമുനേച്ചി മനസ്സിൽ ഒരു വേദനയായല്ലോ .