Sunday, May 8, 2011

ഷിമോൺ ദ പാപ്പച്ചൻ !

കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാടിനെപ്പറ്റിയുള്ള കഥയാണിത്.

പണ്ടുപണ്ടൊരു കാലത്ത്, ഏതോ ഒരു ഹോസ്റ്റലിൽ ഷിമോൺ പാപ്പച്ചൻ എന്നൊരു യുവാവ് താമസിച്ചിരുന്നു. വന്നു കയറിയ നാളുകളിൽത്തന്നെ, ഹോസ്റ്റൽ വാസികളുടെ പേടിസ്വപ്നമായിരുന്നു ഷിമോൺ. കറുത്തു തടിച്ച ശരീരം. കട്ടിക്കണ്ണട. അതിനുള്ളിലൂടെ തുളഞ്ഞു വരുന്ന തുറിച്ച നോട്ടം. ടൈറ്റ് പാന്റ്സ്, ഷർട്ട്. മൊത്തത്തിൽ ഒരു വശപ്പെശക് ലുക്ക്. ഒറ്റനോട്ടത്തിൽ ഘടോൽക്കചന്റെ അനന്തിരവൻ ഘടാഘടിയൻ!

കോഴ്സ് തുടങ്ങി അല്പകാലം കഴിഞ്ഞാണ് ആൾ എത്തിയത്. വേറേ ഏതോ കോഴ്സ് പാതി വഴി ഉപേക്ഷിച്ചാണ്  ഇവിടെ എത്തിയത്. അപ്പോഴേക്കും മറ്റു ക്ലാസ്മേറ്റുകൾ തമ്മിൽ ചിരപരിചിതരായികഴിഞ്ഞിരുന്നു. അതു മനസ്സിലാക്കിയിട്ടാവും, തനിക്കു ചുറ്റും എപ്പോഴും ഒരു നിഗൂഢത കാത്തു സൂക്ഷിച്ചിരുന്നു, ഘടാഘടിയൻ.

ചിലപ്പോൾ നിന്നനിലയിൽ അപ്രത്യക്ഷനാകും . പിന്നെ മണിക്കൂറുകൾ കഴിഞ്ഞ് വിയർത്തുകുളിച്ച് പ്രത്യക്ഷപ്പെടും. നേരെപോയി കുളിച്ച് കിടന്നുറങ്ങും. ആൾ എവിടെപ്പോകുന്നെന്നോ, എന്തു ചെയ്യുന്നെന്നോ ആർക്കും ഒരു പിടിയും ഇല്ല. നിഗൂഢത മുറ്റി വന്നെങ്കിലും, വെട്ടുപോത്തിന്റെ മട്ടും ഭാവവും കാരണം സീനിയേഴ്സ് പോലും അവനോട് മുട്ടിയിരുന്നില്ല.

മാസങ്ങൾ ഇഴഞ്ഞിഴഞ്ഞ് കടന്നുപോയ്ക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം അതിയാന്റെ മുറിയിലെ വെള്ളതേച്ച ചുമരുകളിൽ ചുവന്ന അക്ഷരത്തിൽ ചില ലിഖിതങ്ങൾ പ്രത്യക്ഷപ്പെട്ടു.
അവ ഇങ്ങനെയായിരുന്നു.

GINKA

HITOTSU

BENHUR

ഇതിന്റെയൊക്കെ അർത്ഥമോ, എഴുതി വച്ചതിന്റെ ഉദ്ദേശമോ, ഇന്നോളം ആർക്കും പിടികിട്ടിയിട്ടില്ല.ആകെ പിടികിട്ടിയത് ഇത്ര മാത്രം. ഈ അക്ഷരങ്ങൾ ഷിമോൺ തന്റെ സ്വന്തം രക്തത്തിൽ മുക്കി എഴുതിയതാണ്!

എന്നാൽ, ഈ വിവരം ആർക്ക് ആരിൽ നിന്നു കിട്ടി എന്നത് ഹോസ്റ്റലിൽ ആർക്കുമറിയില്ലായിരുന്നു!!

റൂം മേറ്റ് നാട്ടിൽ പോയിരുന്നതു കാരണം തലേന്നു രാത്രി മുറിയിൽ മറ്റാരുമില്ലായിരുന്നു.
ഇത്രയൊന്നും പോരാ എന്നു തോന്നിയിട്ടാവണം  അടുത്ത ദിവസം ചുവന്ന നിറത്തിൽ ഒരു കൈപ്പത്തി കൂടി ഭിത്തിയിൽ പ്രത്യക്ഷപ്പെട്ടു. അതോടെ അവന്റെ നിഴൽ കണ്ടാൽ പോലും, ഹോസ്റ്റൽ വാസികളിൽ ദുർബല ഹൃദയരായവർ, വിറയ്ക്കാൻ തുടങ്ങി. ഇനി ഇവനെങ്ങാനും വല്ല നക്സലൈറ്റുമാണോ!

ചോദിക്കാൻ ക്ലാസ് മേറ്റുകൾക്ക് ഭയം.  ക്ഷിപ്രകോപിയാണ് ഷിമോൺ. ഇഷ്ടമല്ലാത്തത് എന്തെങ്കിലും ചോദിച്ചാലുടൻ ചൂടാകും.

സുരേഷ് ഗോപിയുടെ വായിൽ നിന്നു വരും മുൻപ്  ‘ഷിറ്റ്’ ശ്രവിക്കാൻ ഹോസ്റ്റൽ വാസികൾക്ക് അവസരമുണ്ടായത് അങ്ങനെയാണ്. ദേഷ്യം വന്നാൽ തലങ്ങും വിലങ്ങും ഷിറ്റ് പായും.  ഷിറ്റ് !  ഷിറ്റ് !!  ഷിറ്റ് !!!

പ്രത്യേകതകളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. കോളേജിൽ പുതിയ ജൂനിയേഴ്സ് വന്നു.അതോടെ, പൊടുന്നനെ തന്റെ മുറിയിലെ ചുവരെഴുത്തുകൾ കഥാനായകൻ മാറ്റി. അതിങ്ങനെയായിരുന്നു.

SHITO RYU

KATAS

SENSAI SHIMON

ആദ്യ വാക്കിലെ ‘ഷിറ്റോ’കണ്ടപ്പോൾത്തന്നെ, ഓക്കാനം വന്നെങ്കിലും സംഗതി എന്തെന്നു പൂർണമായി അങ്ങു കത്തിയില്ല. ഇതെന്തോ മുട്ടൻ തെറിയാണെന്ന് മാത്രം ഹോസ്റ്റൽ വാസികൾ ഊഹിച്ചു.

പക്ഷേ, തെറിയുടെ അവസാനം ആരെങ്കിലും സ്വന്തം പേരെഴുതി വയ്ക്കുമോ? ആളുകളാകെ കൺഫൂഷ്യം!.

തൊട്ടടുത്ത ദിവസം ആളുടെ മുറിയിൽ, വസ്ത്രങ്ങൾ തൂക്കുന്ന അയയിൽ ചില റിബണുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള - മഞ്ഞ -  പച്ച -  തവിട്ടു കളറുകളിൽ റിബണുകൾ....

അന്നു വൈകുന്നേരം തന്റെ സഹമുറിയനു മുന്നിൽ ഒരു വെള്ളക്കുപ്പായമിട്ട് അരയിൽ തവിട്ടു നിറമുള്ള റിബൺ വലിച്ചുകെട്ടി ഷിമോൺ പ്രത്യക്ഷനായി.

അപ്പോൾ മാത്രമാണ് ഷിമോൺ ഒരു കരാട്ടേ അഭ്യാസി കൂടിയാണെന്ന് മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെട്ടത്.

അയയിൽ തൂങ്ങിയ റിബണുകൾ ഒക്കെ ഓരോ ബെൽറ്റുകളാണ്!
ബ്രൌൺ ബെൽറ്റാണ് ആൾ. ഇനി കിട്ടാനുള്ളത് ബ്ലാക്ക് ബെൽറ്റ് മാത്രം!

ഷിറ്റോ റ്യൂ എന്നത് ഒരു കരാത്തേ സ്റ്റൈൽ ആണത്രെ! കട്ടാസ് എന്നു വച്ചാൽ അതിലെ ചലനക്രമമാണ്. സെൻസായി എന്നു വച്ചാൽ ആശാൻ...!

നാട്ടിൽ നിന്നും വന്നപ്പോൾ നഞ്ചക്ക് കൊണ്ടുവരാൻ മറന്നു പോയത്രെ!

അതോടെ ചങ്ങാതി ഒരു ദാദ ആയി ഹോസ്റ്റലിൽ വിലസാൻ തുടങ്ങി. ആരാധകരായി ജൂനിയർ പയ്യന്മാരുടെ ഒരു കൂട്ടവും.

ഇങ്ങനെയൊക്കെയായ ഷിമോൺ എന്ന കൊലകൊമ്പൻ പിന്നെങ്ങനെയാണ് ഒരു മോഴ ആയിപ്പോയത്!?

അതിനുത്തരം ചെമ്മീനിലെ ആ പഴയ പ്രണയഗാനമാണ്.

കടലിലെ ഓളവും, കരളിലെ മോഹവും
അടങ്ങുകില്ലോമനേ...അട.... ങ്ങുകി ല്ലാ.....!!!

അതെ. അദന്നെ സംഭവം!

ജൂനിയർ ബാച്ചിൽ വന്ന പെൺകിടാങ്ങളിലൊന്നിനെ കണ്ടതോടെ സെൻസായിയുടെ കണ്ട്രോൾ ചോർന്നു.

പേര് ഷീല പൊതുവാൾ. സംഗതി അവന്റെ സൈസിനൊപ്പം നിൽക്കും. യമണ്ടൻ ഫിഗർ. ഗജരാജവിരാജിത മന്ദഗതി!

പക്ഷേ, ഒരു കൊല്ലം പിറകെ നടന്നിട്ടും ഒരു ഗതിയും കിട്ടിയില്ല. നോ മൈൻഡിഫിക്കേഷൻ.
കൊലകൊമ്പനെ വട്ടം ചുറ്റിച്ചുകൊണ്ട്  മദയാന ക്യാമ്പസിൽ മേഞ്ഞുനടന്നു.

പുതിയ റൂം മേറ്റായി ജൂനിയർ ബാച്ചിലെ ഒരു നീർക്കോലിപ്പയ്യൻവന്നുചേർന്നു. ആദ്യമൊക്കെ അവന്റെ വരവ് ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ കരൾക്കാട്ടിൽ മേയുന്ന കാമിനിയിലേക്കുള്ള കടമ്പയായി അവനെ ഉപയോഗിക്കാം എന്ന ചിന്തയിൽ, ആ ഇഷ്ടക്കേട് അലിഞ്ഞുപോയി. നീർക്കോലി, ദാദയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി. ദാദയുടെ ഹൃദയരഹസ്യങ്ങൾ പുറം ലോകമറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

പഴയ കോളേജിൽ നിന്ന് പഠനം നിർത്തി പോരാൻ കാരണം തകർന്നുപോയ ഒരു വൺ വേ പ്രണയമായിരുന്നത്രെ. അവളുടെ തനിപ്പകർപ്പാണത്രെ ഈ ഷീല!

ജൂനിയേഴ്സിന്റെ കണ്ണു തള്ളി!

“സൈസ്  ഡസ്  മാറ്റർ ഡാ.....   ഉം......!” ദാദയുടെ ഇഷ്ടത്തെക്കുറിച്ച് , കണ്ണിറുക്കിക്കൊണ്ട് നീർക്കോലിയുടെ കമന്റ്.

തന്റെ മാർദവമില്ലാത്ത പെരുമാറ്റമാണ് അവൾക്കിഷ്ടപ്പെടാത്തതെന്ന നീർക്കോലിയുടെ അസസ്‌മെന്റ് ഷിമോൺ നിരുപാധികം സ്വീകരിച്ചു.

അതോടെ വെട്ടുപോത്ത് മട്ടിൽ നടന്നിരുന്നവൻ നാട്ടുപോത്തായി. “ഇനി ഒരു ആട്ടിൻ കുട്ടിയാവണം.  ഒടുവിൽ അവളുടെ കയ്യിലെ മാടപ്രാവാകണം....!മൺവീണയാകണം.......... നിൻ വിരൽ തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ..............” ഡയറിക്കുറിപ്പിലൂടെ ഷിമോണിലെ കവിഹൃദയം ഉണർന്നത്  ‘നീർക്കോലീക്ക്സ്’ലൂടെ ലോകം അറിഞ്ഞു.

എന്തായാലും ഇത്രയുമായതോടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ, മണിക്കൂറുകൾക്കു ശേഷം വിയർത്തുകുളിച്ച് മടങ്ങിവരൽ തുടങ്ങിയ നിഗൂഢപ്രവർത്തനങ്ങൾ ഷിമോൺ ദ കാമുകൻ അവസാനിപ്പിച്ചു.

ഒരു ദിവസം, മുൻ കോളേജിൽ താൻ ചെയ്തിരുന്ന വീരസ്യങ്ങൾ അദ്ദേഹം ജൂനിയേഴ്സിനോട് വിവരിച്ചു. താനൊരു ഗായകൻ കൂടിയാണ് എന്നായിരുന്നു വെളിപ്പെടുത്തൽ. എങ്കിൽ ദാദയുടെ ആ കഴിവ് അവൾക്കു മുന്നിൽ പ്രകടിപ്പിക്കണം എന്നായി നീർക്കോലി.

ഒടുവിലൊരു നാൾ, ലഞ്ച് ബ്രെയ്ക്കിൽ, ജൂനിയർ ക്ലാസിലിരുന്ന്, വിജനതയിൽ കണ്ണും നട്ട്, ‘ആഷിഖി’ എന്ന അക്കാലത്തെ ഹിറ്റ് ചിത്രത്തിലെ ഒരു ഗാനം ഷിമോൺ പാടി. “മെ ദുനിയാ ഫുലാ ദൂംഗാ..... ആഷിഖീ കേ ലിയേ...”

ജാസി ഗിഫ്റ്റ് അതുവരെ സിനിമയിൽ പാടിയിട്ടില്ലാതതുകൊണ്ടാവും, ആർക്കും അത് ശ്രവണസുന്ദരമായി തോന്നിയില്ല; പ്രത്യേകിച്ച് ഷീലാ പൊതുവാളിന്. ഗാനം പാതി കഴിഞ്ഞപ്പോൾ തന്നെ അവൾ സ്ഥലം വിട്ടു. പാട്ടുമുഴുമിക്കാതെ, കടന്നൽ കുത്തിയ മുഖവുമായി ദാദയും.

അന്നു വൈകുന്നേരം ഷിമോൺ വീണ്ടും നിന്ന നിൽ‌പ്പിൽ അപ്രത്യക്ഷനായി!

രാത്രിയായപ്പോൾ ആടിയുലഞ്ഞ് മടങ്ങിയെത്തി. നല്ല കള്ളിന്റെ മണം! നീർക്കോലി ആളെ സമാധാനിപ്പിച്ച് മുറിയിൽ കയറി കതകടച്ചു.

ദാദയുടെ അപ്രത്യക്ഷമാകലിന്റെ രഹസ്യം ‘നീർക്കോലീക്ക്‌സ് ’പിറ്റേന്നു വെളിപ്പെടുത്തി. കിലോമീറ്ററുകൾ ദൂരെയുള്ള മുല്ലപ്പൂക്കൾ കൊണ്ടു പന്തലൊരുക്കിയ ഒരു മലർവാടിയിലേക്കാണത്രെ ‘അന്തർദാഹം’തീർക്കാനായി ദാദ ഇടയ്ക്കിടെ മുങ്ങുന്നത്. ഷീല വന്നതോടെ മറ്റൊരു ലഹരി തനിക്കു വേണ്ട എന്ന തീരുമാനത്തിൽ ആ യാത്ര ഉപേക്ഷിച്ചതായിരുന്നു. ഇന്നിപ്പോൾ അവളായിട്ടു തന്നെ അത് പുനരാരംഭിപ്പിച്ചു!

ഏതാണീ മുല്ലപ്പന്തൽ എന്ന് ഹോസ്റ്റലിൽ കൂലങ്കഷമായ ചർച്ചകൾ നടന്നു. എന്നാൽ ആ രഹസ്യം ഷിമോൺ ആരോടും വെളിപ്പെടുത്തിയില്ല.

അടുത്ത ബാച്ച് വന്നു. പുതിയ സുന്ദരിമാർ എത്തി. എന്നിട്ടും ദാദയുടെ കരളിലെ ഓളം അടങ്ങിയില്ല. അത് ഷീലയ്ക്കു ചുറ്റും തന്നെ ചുഴികളുയർത്തിക്കൊണ്ടിരുന്നു. ആർട്ട്സ് കോമ്പറ്റീഷൻസ് തുടങ്ങി.ഷിമോണും ഷീലയും ഒരേ ഹൌസിൽ.അക്കാലത്ത് കപ്പിൾ ഡാൻസ് എന്നൊരു മത്സരം ഉണ്ടായിരുന്നു. ഒന്നുകിൽ രണ്ടും പെണ്ണുങ്ങൾ, അല്ലെങ്കിൽ രണ്ടും ആണുങ്ങൾ ആ‍വും പങ്കെടുക്കുക. ഒരാൾ ആൺ വേഷവും മറ്റെയാൾ പെൺ വേഷവും കെട്ടി ഡാൻസ് കളിക്കും.

ഹൌസിൽ ഇക്കുറി കപ്പിൾ ഡാൻസിനു പറ്റിയ ആൾക്കാർ കുറവ്. ഡാൻസ് അറിയുന്ന പെൺകുട്ടികളൊക്കെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന തുടങ്ങി പലവിധ തിരക്കിൽ.

ഒടുവിൽ നാടകീയമായി ഷിമോൺ പെണ്ണാകാൻ തയ്യാറായി.

പക്ഷേ, ധരിക്കാൻ ഒരു ഫ്രോക്ക് വേണം. ഷീലയാണ് ഹൌസിന്റെ വൈസ് ക്യാപ്റ്റൻ. നീർക്കോലി ഇടനിലക്കാരനായി.

അവൾ സ്വന്തം ഫ്രോക്ക് കൊടുക്കാൻ തയ്യാറായാൽ ഷിമോൺ അതു ധരിച്ച് , സ്വന്തം ടീമിനുവേണ്ടി ഒരു പയ്യനൊപ്പം നർത്തനമാടും!

“ഫൂ! ”      വൈസ് ക്യാപ്റ്റന്റെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു.

അന്നു രാത്രി ഷിമോൺ എഗൈൻ ദ പൂക്കുറ്റി!.

ഏറെ വൈകിയാണ് ആൾ ഹോസ്റ്റലിൽ എത്തിയത്. മുറിയിലേക്കുള്ള വരവു കണ്ടപ്പോൾ തന്നെ, നീർക്കോലി ഭയഭക്തി ബഹുമാനത്തോടെ ഓടിയെത്തി. ഷിമോൺ കട്ടിലിൽ ഇരുന്നു. കാലുകൾ നീട്ടി ഷൂസ് കുടഞ്ഞെറിഞ്ഞു.

തുടർന്ന് അദ്ദേഹം ചെയ്ത ഒരു കൃത്യമാണ് സംഗതി കുഴപ്പിച്ചത്.സോക്സ്  വലിച്ചൂരി ഒന്നു കുടഞ്ഞു. അതിന്റെ പരിമളം നാലുപാടും പരന്നു.

ആപത്ത് മുൻ കൂട്ടിക്കണ്ട് നീർക്കോലി, ഒരു ബക്കറ്റ് എടുത്ത് കട്ടിലിനരികിലേക്കു വച്ചുകൊടുത്തു. വാൾ ഊരിയാൽ അതിൽ വീഴട്ടെ എന്നു കരുതി അവൻ. പക്ഷേ, ഷിമോൺ കൈകൾ വായുവിലുയർത്തി പിന്നിലേക്കാന്ന്  മൂരി നിവർന്നു.

നിമിഷങ്ങൾക്കുള്ളിൽ നീട്ടിവച്ച ബക്കറ്റിലേക്കു കൈകൾ കുത്തി, വാഴപ്പിണ്ടി വണ്ണത്തിൽ വാളൊരെണ്ണം ജൂനിയറിന്റെ കാൽക്കൽ അർപ്പിച്ചു.

ഘടാഘടിയൻ വാളിനു മീതെ!

കഷ്ടകാലത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.......

പക്ഷേ, ശരിക്കും കഷ്ടകാലം എന്തെന്നറിഞ്ഞത് കോളേജിൽ ഒരു കുറിയ പയ്യൻ അഡ്‌മിഷൻ  എടുത്തതോടെയാണ്. ദേശീയ ജൂഡൊ താരമാണത്രെ ഈ ‘കുറുമാൻ’! കരാത്തേയും, കുങ്‌ഫൂവും കൂടി പഠിച്ചിട്ടുണ്ടു പോലും!

വന്നപ്പോൾ തന്നെ കരാത്തേ വിദഗ്‌ധനായ ഒരു ചേട്ടായി ഇവിടുണ്ടെന്നും പോയി കാണണമെന്നും അവനോട് ആരോ പറഞ്ഞു. രാത്രി കുറുമാൻ മുറിയിലെത്തി ചേട്ടായിയെ കണ്ടു. പിന്നെ അര മണിക്കൂർ അവർ മുറി അടച്ചിട്ട് സംസാരിച്ചു.

മൂന്നാമനായി നീർക്കോലി മാത്രം. കുറച്ചു കഴിഞ്ഞ്  നിശ്ശബ്ദനായി ജൂനിയർ പോയി. എന്നാൽ പിറ്റേന്നത്തെ നീർക്കോലീക്ക്‌സ് ഹോസ്റ്റൽ ഇളക്കി മറിച്ചു!

മുറിയിൽ വന്ന പയ്യൻസിനോട് ഷിമോൺ കുറേ ജാഡ ഡയലോഗുകൾ അടിച്ചു എന്നും, ഫൈറ്റ് ചെയ്യാൻ വെല്ലുവിളിച്ചു എന്നും, സഹി കെട്ടപ്പോൾ ജൂനിയർ അതിനു തയ്യാറായി എന്നും, തുടയ്ക്കടിച്ചു പോരിനു വിളിച്ച ചേട്ടായിയെ കുഞ്ഞൻ ഞൊടിയിടയിൽ മലർത്തിയടിച്ചു എന്നും, ചേട്ടായി കാലിൽ വീണ് നാണം കെടുത്തരുത് എന്ന് അപേക്ഷിച്ചു എന്നും, കുഞ്ഞൻ അതു സമ്മതിച്ചു എന്നും, ഈ രഹസ്യം12 മണിക്കൂറായി തന്റെ ഹൃദയം മഥിച്ചു എന്നും, ഇനി പിടിച്ചു നിർത്താൻ കഴിവില്ലാത്തതു മൂലം വെളിപ്പെടുത്തുകയാണെന്നും, ഇന്നുതന്നെ താൻ റൂം മാറുകയാണെന്നും ‘നീർക്കോസ്’ വെളിപ്പെടുത്തി!

അയയിൽ തൂക്കിയിട്ടിരുന്നതിൽ വൈറ്റ് ബെൽറ്റ് മാത്രമെ ഒറിജിനൽ ഉണ്ടായിരുന്നുള്ളുവത്രെ!
ബാക്കിയൊക്കെ ഒറിജിനൽ റിബണുകൾ തന്നെ!

എന്തായാലും ഈ ബ്രെയ്ക്കിംഗ് ന്യൂസോടെ ഷിമോൺ കാറ്റുപോയ ബലൂൺ പോലെയായി. നീർക്കോലിയുടെ ചതി ദാദയെ അടിപതറിച്ചു കളഞ്ഞു.

വാർത്ത ലേഡീസ് ഹോസ്റ്റലിലും എത്തി. കുഞ്ഞൻ, ചേട്ടായിയെ മലർത്തിയ കഥ കേട്ട് ഷീല പൊട്ടിപ്പൊട്ടിച്ചിരിച്ചു എന്ന പോപ്പ് അപ് ന്യൂസ് കൂടി കിട്ടിയതോടെ ‘സെൻസായി’ സെന്റിയായി!

“ ഷീല പോയാൽ യുവറാണി!  ദാദ വെഷമിക്കല്ല്‌ ! ” അവശേഷിച്ച ഒരു ജൂനിയർ ആരാധകൻ പറഞ്ഞു.

അവനെയും കൂട്ടി ചേട്ടായി നേരേ ഹോട്ടൽ യുവറാണിയിലേക്ക്.

തിരിച്ച് ജംഗ്ഷനിൽ വണ്ടിയിറങ്ങുമ്പോൾ സമയം പതിനൊന്നര.

കാലിയായ ഓട്ടോസ്റ്റാന്റിൽ രാത്രി ആളുകൾ മൂത്രമൊഴിക്കുന്നതു തടയാനായി, ചിത്രകാരനായ ഒരു ഡ്രൈവർ, കരുണാമയനായ യേശുദേവന്റെ ഒരു ചിത്രം വരഞ്ഞു വച്ചിരുന്നു.

പകൽ ഓട്ടോനിര കാരണം മറഞ്ഞിരിക്കുന്ന ചിത്രമായതിനാൽ,  അന്നുരാത്രിയാണ് കർത്താവിന് ഷിമോൺ ആദ്യമായി ദർശനം നൽകിയത്.

നൃത്തച്ചുവടുകളുമായി തനിക്കുനേരേ തത്തിത്തത്തിവന്ന കുഞ്ഞാടിനുനേരേ ഈശോ അനുകമ്പാർദ്രനായി നിലകൊണ്ടു.

കർത്താവേ! നീയെന്നോടു പൊറുക്കണം എന്നു പറയണം എന്നാണ് ഷിമോൺ മനസ്സിൽ പ്ലാൻ ചെയ്തതെങ്കിലും കൂട്ടുകാർ കേട്ടത് ബ്ലബ്ല...ബ്ലാ‍ഹ് എന്നൊരലർച്ചയായിരുന്നു.

കരുണാമയനു മുന്നിൽ വാളൂരിയർപ്പിച്ച് ഷിമോൺ മുട്ടുകുത്തി. എന്നിട്ട് സാഷ്ടാംഗം നമിച്ച് നിലത്തു വീണു. കർത്താവ് മൂന്നാം ദിനമേ ഉയിർത്തുള്ളു എങ്കിലും, ഷിമോൺ തപ്പിത്തടഞ്ഞ്,  മൂന്നു മിനിറ്റിനുള്ളിൽ ഉയിർത്തെണീറ്റു.

പൊതുസ്ഥലത്ത് ആദ്യത്തെ വാൾ! അതുകൊണ്ട് ഒരു ഗുണമുണ്ടായി.
വിവാഹത്തിനു മുൻപു തന്നെ തന്റെ കാമുകിയുടെ സർ നെയിം ഷിമോൺ കരസ്ഥമാക്കി.
ഷിമോൺ ദ പൊതുവാൾ!

ഒരാഴ്ച കഴിഞ്ഞപ്പോൾ, സെക്കൻഡ് ഇയർ റിസൽറ്റ് വന്നു. ഷിമോൺ ‘തനി’യടിച്ചു. ഒരു പേപ്പറും കിട്ടാതെ പോകുന്നതിനാണ് തനി എന്നു പറയുന്നത്. അതോടെ താൻ നന്നാവാൻ പോവുകയാണെന്നും, മദ്യം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും ആ മഹാൻ പ്രഖ്യാപിച്ചു. കാരണം മറ്റൊന്നുമല്ല, ഫസ്റ്റ് ഇയറിലും ആൾ ‘തനി’ആയിരുന്നു!

അടുത്ത ചാൻസിൽ പേപ്പറുകൾ പൊക്കിയില്ലെങ്കിൽ കോഴ്സിൽ നിന്നു തന്നെ ഔട്ടാകും.

ഹീറോ കഠിനമായ നിയന്ത്രണത്തോടെ ജീവിക്കാ‍ൻ തുടങ്ങി. കൂട്ടിനായി മറ്റു ചില സപ്ലി കുഞ്ഞാടുകളേയും കിട്ടി. അവർ ഒരു മുറിയിൽ രാപ്പാർക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ, ഗാന്ധിജിയുടെ സിദ്ധാന്തങ്ങളിൽ താൻ ആകൃഷ്ടനായിരിക്കുകയാണെന്ന് ഷിമോൺ പൊതുവാൾ അഭിപ്രായപ്പെട്ടു. വിദേശവസ്ത്രങ്ങൾ ഒക്കെ ഉപേക്ഷിച്ചു. ഷൂസ്,  ചെരുപ്പ് എന്നിവ ഉപേക്ഷിച്ചു. സാദാ മുണ്ടും ഷർട്ടുമായി വേഷം. ഹോസ്റ്റലിനുള്ളിൽ പലപ്പോഴും ഒറ്റമുണ്ടോ, ചിലപ്പോൾ ഒരു തോർത്തോ, മാത്രം ഉടുത്ത് ആൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കുഞ്ഞാടുകൾ അതൊക്കെ അനുകരിച്ചു.

സപ്ലി പരീക്ഷകൾ കഴിഞ്ഞു. ഒക്ടോബർ മാസം വന്നെത്തി.
ഗാന്ധിജയന്തി ആചരിക്കാൻ ഷിമോൺ ദ ഗാന്ധി തീരുമാനിച്ചു.
ഒക്ടോബർ രണ്ടാം തീയതി വന്നെത്തി.

തന്റെ മൂന്നംഗ അനുയായി വൃന്ദത്തോടോപ്പം ഷിമോൺ രാവിലെ മുതൽ റൂം ക്ലീനിംഗ് തുടങ്ങി. പിന്നെ ഹോസ്റ്റൽ പരിസരം. നേതാവും അനുയായികളും തോർത്തു മാത്രമുടുത്താണ് ശുചീകരണം.
ദാഹമകറ്റാൻ മൺകലങ്ങളിൽ ശേഖരിച്ചു വച്ച കഞ്ഞിവെള്ളം, അതു കോരിക്കുടിക്കാൻ ചിരട്ടകൾ....... 

സേവനം ഒന്നു മാത്രമാണ് ലക്ഷ്യം എന്ന് ഇടയ്ക്കിടെ ‘തോർത്ത് ഗാന്ധി’ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
അനുയായികൾ കർമ്മനിരതരായിരുന്നു. അവർ കാടും പടലും വെട്ടി. പാറകൾ കുത്തിപ്പൊട്ടിച്ചു.
ദാഹം തോന്നുമ്പോഴൊക്കെ കഞ്ഞിവെള്ളം കുടിക്കുകയും, മൂത്രമൊഴിക്കാൻ തോന്നുമ്പോഴൊക്കെ അതു നിർവഹിക്കുകയും ചെയ്തു. അക്കാര്യത്തിൽ തോർത്ത് എന്ന വസ്ത്രത്തിന്റെ പ്രയോജനവും, മഹത്വവും തോർത്ത് ഗാന്ധിമാർ വാഴ്ത്തി. 
ഉച്ചയോടടുപ്പിച്ചായപ്പോൾ, ഹോസ്റ്റൽ പരിസരം ചപ്പു ചവറും, കാടും പടലും കൊണ്ടു നിറഞ്ഞു. വഴിയിലൊക്കെ കൂറ്റൻ കല്ലുകൾ... സേവകർ  അല്പാല്പമായി ഉഴപ്പാൻ തുടങ്ങി. വർത്തമാനം കുഴയാൻ തുടങ്ങി.

ഹോസ്റ്റലിലെ സംശയദൃക്കുകൾ ചാരപ്രവർത്തനം തുടങ്ങി.
നേതാവിന്റെ മുറി അവർ പരിശോധിച്ചു. അവിടെ അതാ, നാലു മൺകലങ്ങൾ.... നാലും കാലി. എന്തെങ്കിലും തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കഞ്ഞിക്കുടങ്ങൾ മണത്തുനോക്കിയ ചാരന്മാർ ഞെട്ടി!

അവരുടെ മൂക്കുകൾ ത്രസിച്ചു. രണ്ടിനും ഒരേ നിറമാണെങ്കിലും, കഞ്ഞിവെള്ളത്തിന്റെയും കള്ളിന്റെയും മണം തമ്മിലുള്ള വ്യത്യാസം ചാരമൂക്കുകൾക്കൊരിക്കലും തെറ്റില്ല. ചതി! കൊടും ചതി!!
തോർത്ത് ഗാന്ധിമാർ വിചാരണ ചെയ്യപ്പെട്ടു.

‘ളളിത വസ്രം ദരിച്ചതും’, ‘സേവനം’ നടത്തിയതും ഒരു തെറ്റാണോ എന്ന് ഷിമോൺ ദ ഗാന്ധി ചോദിച്ചു. ദാഹം ശമിപ്പിക്കാൻ തനി നാടൻ, ഗ്രാമീണ പാനീയം മാത്രമല്ലേ തങ്ങൾ കഴിച്ചുള്ളൂ? ‘വിദേശ ശക്തികളുടെ’ പ്രലോഭനത്തിൽ നിന്നു താൻ മുക്തനായതിന്റെ തെളിവുകൂടിയാണിതെന്നും, എല്ലാവരും തന്നെ അനുകരിക്കുകയാണു വേണ്ടതെന്നും ആ മഹാൻ ഉദ്ബോധിപ്പിച്ചു.

അദ്ദേഹത്തിന്റെ ഉദ്ബോധനം മറ്റു ഹോസ്റ്റൽ വാസികൾ വാർഡനെ അറിയിക്കുകയും, വാർത്ത കേട്ടു രോമാഞ്ചപുളകിതനായ വാർഡൻ അപ്പോൾ തന്നെ തോർത്ത് ഗാന്ധിയെ നേരിൽ കാണാൻ എത്തുകയും ചെയ്തു. അന്വേഷണത്തിൽ മൺകുടങ്ങൾ വന്നത് മുല്ലപ്പന്തൽ എന്ന മലർവാടിയിൽ നിന്നാണെന്ന് ബോധ്യപ്പെട്ടു.

ഈ മഹത്തായ ‘സേവനം’പരിഗണിച്ച് നാലാളെയും ഹോസ്റ്റലിലെ കഠിന ജീവിതത്തിൽ നിന്ന് വിടുതൽ ചെയ്തതായി വാർഡൻ പ്രഖ്യാപിച്ചു.

ബാക്കി മൂന്നു പേരും പിൽക്കാലത്ത് കോഴ് തുടരുകയും വിജയകരമായി പരിശീലനം പൂർത്തിയാക്കി ജീവിതായോധനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഷിമോണിനെ പിന്നാരും കണ്ടിട്ടില്ല.

നിങ്ങൾക്കാർക്കെങ്കിലും വല്ല വിവരവും ലഭിക്കുകയാണെങ്കിൽ ഷിമോൺ പാപ്പച്ചൻ, ദാ ഇവിടെ ഉണ്ട് എന്നൊരു മെസേജ് അയയ്ക്കുക. കാരണം, പണ്ടുപണ്ടൊരു കാലത്ത് ഏതൊ ഒരു ഹോസ്റ്റലിൽ ഞാനും താമസിച്ചിട്ടുണ്ടല്ലോ!

അപ്പോ, മറക്കണ്ട, എന്റെ നമ്പർ ഡബിൾടു ത്രിബിൾടു ഡബിൾഫൈവ് ത്രിബിൾഫൈവ്!

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മുല്ലപ്പന്തൽ എന്ന് ആരും ഗൂഗിളിൽ സേർച്ച് ചെയ്യരുത്. അങ്ങനെ ചെയ്താൽ അതിനുത്തരവാദി അവരവർ തന്നെയായിരിക്കും!

92 comments:

jayanEvoor said...

പഴയകാലമൊക്കെ ഓർമ്മിച്ചപ്പോൾ എഴുതിയ ഒരു കള്ളക്കഥ!

Manju Manoj said...

ഹഹഹ...കൊള്ളാം.. ആദ്യം കുറെ ജപ്പാനീസ് വാക്കുകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി....ഡോക്ടര്‍ എന്നാ ജപ്പാനീസ് പഠിക്കാന്‍ തുടങ്ങിയതെന്ന് ഓര്‍ത്തു...പിന്നേയ്..സെന്‍സായ്‌ അല്ല കേട്ടോ...സെന്‍സെ എന്നാണ് ടീച്ചര്‍ എന്നുള്ളതിന്.

കൊച്ചു കൊച്ചീച്ചി said...

അപ്പ ഡാക്കിട്ടറെങ്ങനെയാ? കളരിയൊക്കെ പഠിച്ചട്ടുണ്ടാ? ഞാന്‍ പഠിച്ചട്ടില്ല, എന്നുമാത്രമല്ല നീര്‍ക്കോലിയേക്കാള്‍ ദയനീയനാണ്. അതോണ്ട് ഇത് വായിച്ച് ചിരിച്ച്, പാപ്പച്ചനെ ഞാന്‍ വിട്ട്. വയസ്സുകാലത്ത് തല്ലുകൊള്ളാന്‍ വയ്യേ....അതോണ്ട് പാപ്പച്ചനെവിടാന്ന് ഞാമ്പറയണില്ല്യ.

കള്ളക്കഥയൊന്നുമല്ല, അതു വായിച്ചാലറിയാം...

മത്താപ്പ് said...

മുല്ലപ്പന്തല്‍ അന്ന് ഇത്ര ഫേമസ് ആയിരുന്നില്ലേ???

jayanEvoor said...

മഞ്ജു മനോജ്,

ആദ്യ കമന്റിനു നന്ദി!
സെൻസെ പഠിപ്പിച്ചതിനും!

സത്യത്തിൽ ഇതൊക്കെ ജാപ്പനീസ് വാക്കുകൾ ആണോ?

ആ ആദ്യം പറഞ്ഞ മൂന്നു വാക്കുകൾ ഷിമോൺ എഴുതിയത് എന്തിനെന്ന് ഇന്നും അജ്ഞാതമാനെനിക്ക്!

വല്ല ക്ലൂവും തരാമോ?

കൊച്ചു കൊച്ചീച്ചി!
സത്യത്തിൽ ഞാൻ ഒരു ഗാന്ധി അല്ല!
സത്യായിട്ടും അല്ല!
(ചാരൻ ആയിരുന്നു!)

മത്താപ്പേ!
ഫീകരാ!
അപ്പോ മുല്ലപ്പന്തൽ ഒക്കെ നല്ല പരിചയവാ, അല്ല്യോ?
(ഇത് 20 കൊല്ലം മുൻപത്തെ കഥയാ. അന്ന് സംഗതി ഇത്ര ഫേമസ് അല്ലായിരുന്നു. ഇപ്പോ വെബ് സൈറ്റ് ഒക്കെയായി! ‘ഹലോ’ സിനിമ വന്നതോടെ ടമാർറ്റ് പടാർ!)

Echmukutty said...

കള്ളക്കഥയാണത്രെ!
ആരെ പറ്റിയ്ക്കാൻ? നമുക്കൊക്കെ മനസ്സിലായി.

എഴുത്ത് ഗംഭീരമായിട്ടുണ്ട്, ചിരിപ്പിച്ചതിന് നന്ദി.അഭിനന്ദനങ്ങൾ.

ആളവന്‍താന്‍ said...

ഹ ഹ ഡാക്കിട്ടര്‍ സാറേ... ,മുഴു'നീളന്‍' കോമഡി ആണല്ലോ...!! അയാം ദി എസ്കേപ്പ്!!!

Sabu Kottotty said...

ഡോക്ടറു കൊറേക്കാലമായി ഇവിടുണ്ടല്ലോ....

ഐക്കരപ്പടിയന്‍ said...

ഭയൻകര ജാഡകളുമായി വന്നു അവസാനം സവോളയെ പോലെ എല്ലാ തോലുകളും പൊളിക്കുംബോൾ കാണാൻ ആ പഴയ ശേലുണ്ടാവില്ല.....

‘ആശിഖി‘ ഹിറ്റാവണമെൻകിൽ നമ്മൊളൊക്കെ ഒന്നിച്ചാവണം....!

രമേശ്‌ അരൂര്‍ said...

ആ ഹോസ്റ്റല്‍ ഏതാണെന്ന് എനിക്ക് മനസിലായില്ല ...:) മുല്ലപ്പന്തല്‍ ഷാപ്പും യുവറാണി ബാറും എവിടെയാണെന്ന് എനിക്കറിയില്ല ..:)
ആ നീര്‍ക്കോലി ഇപ്പോള്‍ തൃപ്പൂണിറ ഭാഗത്ത് നീര്‍ക്കൊലീക്ക്സ് ബ്രേക്ക് ന്യൂസുകളുമായി കറങ്ങുന്നത് ഞാന്‍ കണ്ടിട്ടില്ല :)

പാവം പാവം ഷിമോണ്‍ ദ പാപ്പച്ചന്‍

മഞ്ജു said...

ഡോക്ടര്‍ ഇനിയും നല്ല അനുഭവങ്ങള്‍ ഉണ്ടാവട്ടെ...അതെല്ലാം കഥകള്‍ ആയി വരട്ടെ..

Manoraj said...

ഈ ഷിമോണ്‍ പിന്നീടെവിടെയോ പോയി ഒരു വാജ്യ ഡോക്ടറേറ്റും നേടി മുല്ലപ്പന്തലിന് വളരെ അടുത്തുതന്നെയുള്ള ഏതോ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി വിലസുന്നില്ലേ എന്നൊരു ശങ്ക!! അതൊരു മൂത്രശങ്കയാവാതിരിക്കട്ടെ..

ഇല്ല.. ഇല്ല.. നില്‍കുന്നില്ല... ഓടുക തന്നെയാ :):)

jabiredappal said...

ഒരു പേപ്പറും കിട്ടാതെ പോകുന്നതിനെ ഞങ്ങളുടെ കോളെജില്‍ കക്കൂസ് വാഷ് ഔട്ട് എന്ന പറയുക...
നര്‍മ്മത്തില്‍ പൊതിഞ്ഞ കഥ.

കുഞ്ഞൂസ് (Kunjuss) said...

'കള്ളക്കഥ' എന്ന് ലേബല്‍ വച്ചാല്‍ അത് കള്ളക്കഥയാകുമോ ഡോക്ടറെ ...?

'മുല്ലപ്പന്തലും' 'യുവറാണി' യുമൊക്കെ അന്ന് പെണ്‍കുട്ടികള്‍ക്കിടയിലും ഫേമസ് ആയിരുന്നു ട്ടോ... പക്ഷേ,നിങ്ങള്‍ അറിയുന്ന പോലെ അല്ലെന്നു മാത്രം. സാമ്പത്തികത്തിന്റെ അളവുകോല്‍... :)

എഴുത്ത് നന്നായീ ട്ടോ...

G.MANU said...

മറ്റൊരു ഡോക്ടര്‍ ഹിറ്റ്. :)

കൊമ്പന്‍ said...

ഈ പോസ്റ്റിലെ കൊല കൊമ്പന്‍ എന്ന പാരാ പരാമര്‍ശവും ആയി എനിക്ക് ഒരു ബന്ദവും ഇല്ല

സംഗതി ഗടാ ഗടിയന്‍ കഥ

naveenjjohn said...

മുല്ലപ്പന്തല്‍ ഞങ്ങടെ ആസ്ഥാന ഷാപ്പാണ്‌...
അവിടെ കേറി കൂറ കളിച്ചവനൊന്നും അമ്മേക്കണ്ട് മരിച്ചിട്ടില്ല... !!!!(chumma)
ഇന്നാ മുല്ലപ്പന്തലിനെക്കുറിച്ചു രണ്ടു വാക്ക്... http://poothotta.blogspot.com/2011/02/blog-post_1701.html
.
.
.
.മാഷെ....കിടിലം...

naveenjjohn said...
This comment has been removed by the author.
കൂതറHashimܓ said...

>>> പുതിയ റൂം മേറ്റായി ജൂനിയർ ബാച്ചിലെ ഒരു നീർക്കോലിപ്പയ്യൻവന്നുചേർന്നു. <<<
ഹഹഹഹഹാ.... ഡോക്റ്ററിന്റെ ഹോസ്റ്റലിലെ പേരുകൊള്ളാം... :)
പക്ഷേ ദിപ്പോ അത് പറയ്യില്ലാട്ടാ... :) ഹ ഹ ഹാ
(ചുമ്മാ....!)

jayanEvoor said...

എച്ച്‌മുക്കുട്ടി
എന്നാലും എന്റെ എച്ച്മൂ...
തെറ്റിദ്ധരിച്ചല്ലോ എന്നെ...
പാവം ഞാൻ!

ആളവന്താൻ
വായിക്കാതെ എസ്കേപ്പ് ചെയ്തെന്നാണോ അനിയാ! ഹു ഹു ഹു!

കൊട്ടോട്ടിക്കാരൻ
ഉം. അതെ. ഞാൻ ഇവിടെത്തന്നെ ഉണ്ട്.
അതുകൊണ്ട് ഈ ആൾ ഞാനല്ല. അല്ല!

ഐക്കരപ്പടിയൻ
അപ്പോ നമ്മളൊക്കെ ഒരേ കാലത്തെ പയ്യന്മാരാ, ല്യോ!?

രമേശ് അരൂർ
എല്ലാം മനസ്സിലാക്കിക്കളഞ്ഞു.
കള്ളൻ!
ഒറ്റ അടിയങ്ങു വച്ചു തന്നാലുണ്ടല്ലോ!
ങാ!

മഞ്ജു
സന്തോഷം; വരവിലും കമന്റിലും.

എല്ലാവർക്കും നിറഞ്ഞ നന്ദി!

jayanEvoor said...

മനോരാജ്
ഹോ!
ഞാനേതായാലും പ്രൊഫസർ ആയില്ല ഇതു വരെ.
രക്ഷപെട്ട്!

ജാബിർ,
ഉം.
തനിയായാലും വാഷ് ഔട്ട് ആയാലും സംഗതി ഒന്നു തന്നെ!

കുഞ്ഞൂസ്
ഫയങ്കരീ!
എന്നാ പിന്നെ ആ മുല്ലപ്പന്തൽ/യുവറാണി രഹസ്യങ്ങൾ ഒക്കെ ഒന്നു വെളിപ്പെടുത്ത്!
ഞങ്ങൾ ആണുങ്ങൾ മാത്രം ഇതൊക്കെ വെളിപ്പെടുത്തിയാൽ മതിയോ!?


മനു ജി
വളരേ സന്തൊഷം!

കൊമ്പൻ
കൊമ്പൻ കൊലകൊമ്പൻ അല്ലല്ലോ!
അപ്പോ പ്രശ്നനമില്ല!

നവീൻ ജോൺ
അതു ശരി!
പൂത്തോട്ടേന്ന് 3 കി.മീ.
പുതിയകാവിൽ നിന്ന് 2 കി.മീ.
അപ്പൊ ആരുടെയാ ആസ്ഥാനം!?

കൂതറ,
അനിയാ....
ദേ! രഹസ്യങ്ങളൊന്നും വെളിപ്പെടുത്തരുത്!
എന്നെ കൊല്ലരുത്!!

നന്ദി സുഹൃത്തുക്കളേ!

മാണിക്യം said...

പാപ്പച്ചോ കൂയ്!
ഒളിച്ചിരിക്കണ്ട ഇങ്ങ് ഇറങ്ങീ പോര്..
വിവരമെല്ലാം "‘നീർക്കോലീക്ക്സ്’ലൂടെ ലോകം അറിഞ്ഞു."
എന്നാലും ഒരു നീര്‍ക്കോലി മതിയല്ലോ
"അത്താഴം ഡിന്നര്‍ ആക്കാന്‍"

:) കഥ പെരുത്തിഷ്ടായി ..

മാണിക്യം said...

പാപ്പച്ചോ കൂയ്!
ഒളിച്ചിരിക്കണ്ട ഇങ്ങ് ഇറങ്ങീ പോര്..
വിവരമെല്ലാം "‘നീർക്കോലീക്ക്സ്’ലൂടെ ലോകം അറിഞ്ഞു."
എന്നാലും ഒരു നീര്‍ക്കോലി മതിയല്ലോ
"അത്താഴം ഡിന്നര്‍ ആക്കാന്‍"

:) കഥ പെരുത്തിഷ്ടായി ..

naveenjjohn said...

ഞാന്‍ 'ഉടായിപ്പ്' പഠിച്ചത് ഉദയംപേരൂര്‍ SNDP സ്കൂളീന്നാ ... വെറും ഒരു കിലോമീറെര്‍ ഫ്രം മുല്ലപ്പന്തല്‍.... ട്യൂഷന്‍ പഠിച്ചത് അതുല്യ ട്യൂഷന്‍ സെന്റെര്‍ മാന്കായിക്കവല. ജെസ്റ്റ് വാക്കബിള്‍ ഡിസ്ടന്‍സ് ഫ്രം മുല്ലപ്പന്തല്‍... ... അപ്പഴോ?

റോസാപ്പൂക്കള്‍ said...

ഉം...അപ്പൊ ഡാക്കിട്ടര്‍ക്ക് മുല്ലപ്പന്തല്‍ നിരക്കമായിരുന്നു അല്ലെ പണി.
വീണ്ടും തൃപ്പൂണിത്തുറയില്‍ തിരിചെത്തിയിട്ടുന്ടല്ലോ.ബാക്കി പറയുകയും വേണ്ട.ഞാന്‍ അവിടെ ആളെ നിറുത്തിയിട്ടുണ്ട്.തലയില്‍ മുണ്ടിട്ടു കയറിയാലും കയ്യോടെ പൊക്കും.
ഞങ്ങളുടെ നാട്ടിലെ മുല്ലപ്പന്തല്‍ അങ്ങനെ പ്രശസ്തിയുടെ പടവുകള്‍ കയറട്ടെ..

ശ്രീ said...

പാവം സെന്‍സേ... :)

ശ്രീജിത് കൊണ്ടോട്ടി. said...

കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍...

അലി said...

ഷിമോൺ പാപ്പച്ചൻ ഈ പരിസരത്തെങ്ങുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രൊഫൈൽ ലിങ്ക് ഇവിടെ പേസ്റ്റ് ചെയ്യേണ്ടതാണ്.

ഡോക്ടറെ...
നന്നായി ചിരിപ്പിച്ചതിനു നന്ദി.

ചിതല്‍/chithal said...

ഹൌ! എനിക്കു പറയാനുള്ളതു് രമേഷ് അരൂരും മനോയും ഹാഷിമും പറഞ്ഞു. ഇതിൽ കൂടുതൽ ഇനി ഞാൻ ഒന്നും പറയണ്ടാലോ?
(ഒളിച്ചിരുന്നു് കമെന്റുന്നതിനാൽ ഓടുന്നില്ല)

jayanEvoor said...

മാണിക്യം ചേച്ചി
അതു ശരി എന്നെ ഷിമോനിന്റെ അപ്പനാക്കിയോ!?
ഐ നോ പാപ്പച്ചൻസ് ഫാദർ!
അതു ഞാനല്ല. അല്ല!

നവീൻ ജോൺ
തമ്മസിച്ചനിയാ!
ഞാൻ തോറ്റു!

റോസാപ്പൂക്കൾ
എന്നാ ചെയ്യാനാ ചേച്ചീ!
ഒക്കെ പറ്റിപ്പോയി!
ഇനിയും പറ്റുമോന്നു നോക്കാം!

ശ്രീ
അതെ.
പാവം.

ശ്രീജിത്ത് കൊണ്ടോട്ടി
സന്തോഷം.

അലി
അതെ.
ആർക്കറിയാം ഷിമോൺ പാപ്പച്ചന്റെ പ്രൊഫൈൽ ലിങ്ക്!
ഉടൻ പേസ്റ്റൂ!

ചിതൽ
അനിയാ....
എങ്കിലും, ബാംഗ്ലൂർ നഗർത്തിൽ വന്ന് നെയ് റോസ്റ്റും, ഉഴുന്നു വടയും, കട്ടൻ ചായയും കഴിച്ചു ജീവിച്ച എന്നെ പറ്റി ഇങ്ങനെ തന്നെ പറയണം!

ചങ്കു തകർന്നനിയാ....
ഇനി ഞാനെന്നാ ചെയ്യും!

താങ്ക്സ് ബഡീസ്!

കലി said...

ഷിമോൺ കൈകൾ വായുവിലുയർത്തി പിന്നിലേക്കാന്ന് മൂരി നിവർന്നു.
നിമിഷങ്ങൾക്കുള്ളിൽ നീട്ടിവച്ച ബക്കറ്റിലേക്കു കൈകൾ കുത്തി, വാഴപ്പിണ്ടി വണ്ണത്തിൽ വാളൊരെണ്ണം ജൂനിയറിന്റെ കാൽക്കൽ അർപ്പിച്ചു.....

super vaal
ithu vachal pinne orazha nokkenda ..

Jefu Jailaf said...

ലക്ഷണവും, യോഗ്യതയും കണ്ടിട്ടു എനിക്കു തോന്നണ്‌ ആ ഘടി എക്സൈസ് മന്ത്രി ആയീട്ടുണ്ടെന്നാ. കേരളത്തിൽ അല്ലെങ്കിൽ വേറെ എവിടെയെങ്കിലും.... മുഴുനീളെ ഹാസ്യം ..അടിപൊളി..

ചാണ്ടിച്ചൻ said...

ഈ ഷിമോണ്‍ പാപ്പച്ചന്‍ ചാണ്ടിയുടെ ആരെങ്കിലുമാണോ....എന്റെ അപ്പനോടോന്നു ചോദിക്കട്ടെ :-)
മുല്ലപ്പന്തലില്‍ പോകണം, പോകണം എന്ന് ഒരുപാട് നാളായി വിചാരിക്കുന്നു...ഇത്തവണ പോയിട്ട് തന്നെ കാര്യം...വഴി കാണിക്കാന്‍ ഡാക്കിട്ടര്‍ ഉണ്ടല്ലോ...
ബൈ ദി വേ....കെവിനാച്ചന്‍ ഷോട്ടോകാന്‍ സ്റ്റൈലില്‍, ഓറഞ്ച് ബെല്ട്ടിലേക്ക് പുരോഗമിക്കുന്നു...പത്തു വയസ്സില്‍, ബ്ലാക്ക് ബെല്ട്ടാണ്‌ പുള്ളിയുടെ ലക്‌ഷ്യം...

ഷാജി വര്‍ഗീസ്‌ said...

നല്ല കഥ മാഷേ ....ആശംസകള്‍

Pony Boy said...

കഥ പൊളിച്ചൂട്ടാ ഡോക്ടർ.....മുല്ലപ്പന്തൽ കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ കയറാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ല,..

എനിവേ ഈ റേഞ്ചിലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു...ഡോക്ടർക്ക് പേഷ്യൻസ് ഒന്നും ഇല്ലാത്തത് ഞങ്ങളുടെ ഭാഗ്യം..:)

MOIDEEN ANGADIMUGAR said...

വെറും കഥയോ അതോ അനുഭവമോ ഡോക്ടർ?
വായിച്ചു കഴിഞ്ഞപ്പോൾ അനുഭവത്തിൽ നിന്നും പകർത്തിയതാണോ എന്നു സംശയം.

Biju Davis said...

തുടക്കം ഒരു 'ടെറർ' അന്തരീക്ഷം ഉണ്ടാക്കി, കേട്ടോ!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നീര്‍ക്കോലിപയ്യന്‍ ആരാണെങ്കിലും, കഥ കലക്കി.

Hashiq said...

ഇങ്ങനെ മുല്ലപ്പന്തലുകളില്‍ പോയി വന്ന്, മുല്ലപ്പൂവിന്റെ മണമടിച്ചാല്‍ വാള് പണിയുന്ന കൊല്ലന്മാര്‍ എല്ലാ ഹോസ്റ്റലുകളിലും കാണും... ഞങ്ങളുടെ ഹോസ്റ്റലിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കലാകാരന്‍... ഒന്നാന്തരം വാള് പണിയുകയും പണിത വാളില്‍ കാലിഗ്രാഫി വരക്കുകയും ചെയ്തിരുന്ന ഒരാള്‍....
കഥ ഇഷ്ടമായി ഡോക്ടറെ....
(മുല്ലപ്പന്തല്‍ എവിടാണെന്ന് ഗൂഗിള്‍ എര്‍ത്തില്‍ നോക്കിയപ്പോള്‍ തൃപ്പൂണിത്തുറ വരെ കൊണ്ട് പോയിട്ട് ബാക്കി തനിയെ തപ്പി പിടിക്കാന്‍ പറയുന്നു....)

ശ്രീനാഥന്‍ said...

നാടൻ അടിച്ച് നാടു നന്നാക്കി പൊതുവാളായ കരാട്ടെക്കാരന്റെ കഥ തകർപ്പനായിട്ടുണ്ട്!

jayanEvoor said...

വീജ്യോത്‌സ്
ഹേയ്! പൊതുവാൾ അങ്ങനെ ഒരാഴ്ച ഒന്നും എടുത്തിരുന്നില്ല, റിക്യുപ്പറേറ്റ് ചെയ്യാൻ!
പിറ്റേന്ന് നേരം വെളുത്താൽ കട്ടൻ ചായയിൽ കുരുമുളകുപൊടിയിട്ട് ഒരു പ്രയോഗമുണ്ട്. പിന്നെ ആൾ ഉഷാർ! (ഇതൊന്നും ആരും പരീക്ഷിക്കാൻ നിൽക്കണ്ട!)

ജെഫു ജൈലാഫ്
എക്സൈസ് മന്ത്രിയൊന്നും ആയിട്ടില്ലെന്നാ എന്റെ ഊഹം! ഇനി ആവുമോ എന്തോ!

ചാണ്ടിച്ചൻ
ശ്ശോ! അപ്പനെക്കുറിച്ച് ഇല്ലാവചനം പറയരുത് ചാണ്ടിച്ചാ!
കെവിനാച്ചൻ ഷോട്ടോക്കാൻ ഒക്കെ പഠിച്ചു വരുമ്പൊ സൂക്ഷിച്ചോ!
പഴയ ക്രിക്കറ്റ് കാലത്തെ എ.പി. ഉണ്ടെങ്കിൽ ഒന്നു വാങ്ങി പിടിപ്പിക്കുന്നത് നല്ലതാ. പയ്യന്മാർക്കൊക്കെ നല്ല ഉന്നമാ!കിക്ക് വരുമ്പോൽ തടുക്കാൻ കഴിഞ്ഞില്ലെങ്കിൽപിന്നെ, കലങ്ങിപ്പോയത് അതല്ല ഇതാന്നു പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ!!

ഷാജി
സന്തോഷം!

പോണി ബോയ്
ഉം!
എന്നിട്ടു വേണം എന്റെ കുടുംബം കുട്ടിച്ചോറാകാൻ! ആ വേല അങ്ങു മനസ്സിലിരിക്കട്ടെ. ഇനി സെന്റിയേ എഴുതൂ. കട്ട സെന്റി!

മൊയ്തീൻ അങ്ങാടിമുഗർ,
അനുഭവത്തിന്റെ വെളിച്ചത്തിൽ പൊലിപ്പിച്ചതാ മൊയ്തീനേ! ഇതിപ്പോ എല്ലാരും കൂടെ എന്നെ ഷിമോണാക്കുന്ന ലക്ഷണമാ!
ഹെൽപ്! ഹെൽപ്!!

ബിജു ഡേവിസ്
ആളൊരു ടെറർ തന്നെയായിരുന്നു ആദ്യകാലത്ത്!
പിന്നല്ലെ പാമ്പായത്!ഹി! ഹി!!

ഡോ.ആർ.കെ.തിരൂർ
ആ നീർക്കോലി എന്നു പറഞ്ഞത് എന്നെയാണ്, എന്നെത്തന്നെയാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്!
ഞാൻ പ്രതിഷേധിക്കുന്നു ഡോക്ടർ, പ്രതിഷേധിക്കുന്നു!

ഹാഷിഖ്
ഓ!
അതിനിപ്പോ അത്ര വല്യ വെഷമം ഒന്നൂല്ലന്നേ!
തൃപ്പൂണിത്തുറ വന്ന് ഒരോട്ടോയിൽ കേറിയിരുന്നാ പോരായോ!?

ശ്രീനാഥൻ
അതെ.
കരളു വാടിപ്പോയ ഒരു കരാട്ടേക്കാരൻ!

അഭിപ്രായങ്ങൾക്കും, നല്ല വാക്കുകൾക്കും നന്ദി സുഹൃത്തുക്കളേ!

രഘുനാഥന്‍ said...

ഹ ഹ ഇത് കള്ളക്കഥയൊന്നുമല്ല. സത്യത്തില്‍ ഈ ഷിമോണ്‍ ദി പാപ്പച്ചന്‍ ആരാ...ഡാക്കിട്ടര്‍ തന്നെയല്ലേ? സത്യം പറ ...
:)

prabha said...

അപ്പോള്‍ പണ്ടു ജയനും മുല്ലപ്പന്തലില്‍ മുണ്ടിട്ട് കേറിയിട്ടുണ്ടല്ലെ....
സത്യങ്ങള്‍ കണ്ണ് തുറക്കട്ടെ
നന്നായിട്ടുണ്ട്

Naushu said...

കഥ ഇഷ്ടപ്പെട്ടു.

ഹാപ്പി ബാച്ചിലേഴ്സ് said...

മുല്ലപ്പന്തൽ, യുവറാണി ഹഹ.
20 വർഷം കഴിഞ്ഞിട്ടും ഈ പേരുകൾ ഒന്നും മറന്നിട്ടില്ല അല്ലേ? ഒരു പാവം കുടിയന്റെ കഥ, രണ്ട് പ്രാവശ്യം തനി അടിച്ചു, വാർഡൻ പുറത്താക്കി എന്തൊക്കെ ബഹളമായിരുന്നു. പാവം പാവം ഷിമോൻ പാപ്പച്ചൻ. കലക്കി ജയേട്ടാ നന്നായിട്ടുണ്ട്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആരും ഈ പാവം ഡോക്ടറെ തെറ്റിദ്ധരിക്കരുത്.
ഈ ഡോക്ടര്‍ അന്നും ഇന്നും 'ഡീസന്റാണ്"...
ജയേട്ടാ.... ഞാന്‍ വിശ്വസിച്ചൂട്ടാ...

മുകിൽ said...

rasichu vayichu.

Muralee Mukundan , ബിലാത്തിപട്ടണം said...

പൊതുവാളിനെ പ്രണയിച്ച് വെറൂം വാളിൽ ഒതുങ്ങി യ പാവം ഷിമോൺന്മാർ...!

ഇതിലെ എല്ലാ കഥകളുടേയും കെട്ടഴിച്ച ആ നീർക്കോലിയാണ് താരം കേട്ടൊ ഡോകട്ടർ..
നല്ല ചിരപരിയമുള്ള രൂപം..!

Typist | എഴുത്തുകാരി said...

പാവം ഷിമോൺ. ഇപ്പോൾ എവിടെയാണോ എന്തോ.

African Mallu said...

ഡോക്ടര്‍ ഈ അനുഭവം വളരെ ഇഷ്ടപ്പെട്ടു

Arun Kumar Pillai said...

നീർക്കോലീക്ക്സ്’
ha ha ha ha ...
jayan chetta oththiri chirichu..
inna muzhuvanum vayichath....

S Varghese said...

മുല്ലപ്പന്തല്‍
:)

jayanEvoor said...

രഘുനാഥൻ
ഹ! ഹ!!
എല്ലാർക്കും എന്നെ ഷിമോൺ ആക്കി മാറ്റാനാണ് താല്പര്യമെന്നറിയാം. നടക്കട്ടെ!
കർത്താവേ! നീ എല്ലാം കാണുന്നുണ്ടല്ലോ, അല്ലേ!?

പ്രഭച്ചേച്ചി
മുല്ലപ്പന്തലിൽ പഠിക്കുന്ന കാലത്തു കയറിയിട്ടില്ല.
2007 ൽ കയറി. ഞങ്ങൾ ക്ലാസ് മേറ്റ്സ് ഒത്തുകൂടിയപ്പോൾ. സ്വയമ്പൻ സ്ഥലം!

നൌഷു
സന്തോഷം.

ഹാപ്പി ബാച്ചിലേഴ്സ്
എല്ലാം സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ! ഞാനതിൽ അല്പം ഉപ്പും, മുളകും പുരട്ടി!

റിയാസ്
എനിക്കു സമാധാനമായനിയാ.... സമാധാനമായി! ഒരാളെങ്കിലും എന്നെ വിശ്വസിച്ചൂലോ!അള്ളാ...പടച്ചൊനേ!കാത്തു!!

മുകിൽ
സന്തൊഷമായി!

ബിലാത്തിച്ചേട്ടൻ
നീർക്കോലിയാരാ മോൻ!
അവനല്ലേ ഇമ്മടെ Julian Assange!!
എഴുത്തുകാരിച്ചേച്ചി ചേച്ചി

ആഫ്രിക്കൻ മല്ലു
നല്ല വാക്കുകൾക്ക് നന്ദി!

കണ്ണൻ
ചേപ്പാടൻ കഥയൊരെണ്ണം മുൻപിട്ടിരുന്നു.
“പീലിച്ചായന്റെ കടും കൈ!” അതൂടെ വായിച്ചോ!

വർഗീസ്
ഞാനും ഹാപ്പി.
എല്ലാവർക്കും നന്ദി!

Jazmikkutty said...

കാര്യങ്ങളൊന്നും സീരിയസ്സായി എടുക്കാതെ വായിച്ചു..നല്ലൊരു നര്‍മ്മ കഥ വായിച്ച പ്രതീതി...അഭിനന്ദനങ്ങള്‍...

പട്ടേപ്പാടം റാംജി said...

ദാദ പോട്ടെ. ആ നീര്‍ക്കോലി ആരാണെന്നു പറഞ്ഞു കൂടെ? പഴയവ കൂടുതല്‍ മധുരമാകുന്നത് ഇപ്പോഴാണ് അല്ലെ ഡോക്ടര്‍.
ആദ്യം കള്ളക്കഥ എന്നെഴുതിയത് ജാമ്യം എടുക്കല്‍ ആയിരിക്കും അല്ലെ?

വാഴക്കോടന്‍ ‍// vazhakodan said...

ഹോ മൈ സെന്‍സോ!:)
പിന്നെ ഡോക്ടര്‍ സാറേ കള്ളക്കഥയാണെന്ന് വിശ്വസിച്ചു ട്ടോ :):)

ajith said...

കുറച്ചുനാള്‍ ആബ്സന്റ് ആയത് ഈ നര്‍മ്മവിവരണത്തിന്റെ മേന്മയോര്‍ത്ത് ക്ഷമിച്ചിരിക്കുന്നു.

നികു കേച്ചേരി said...

ഇതൊന്നും ശരിയല്ല ഡോക്ടറേ...ഷിമോൺ ഞാനായിരുന്നെന്നോ..അല്ലെങ്കിൽ അറ്റ്ലീസ്റ്റ് നീർക്കോലീക്സെങ്കിലും ഏറ്റെടുക്കാനുള്ള ആർജ്ജവം കാണിക്കണമായിരുന്നു...
നർമ്മം നന്നായി....

Lipi Ranju said...

>>കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാടിനെപ്പറ്റിയുള്ള കഥയാണിത്...<<
ഈശ്വരാ ഇതാണോ കുഞ്ഞാട് !!! അനുഭവ കഥ കലക്കി... :) അല്ലല്ല തെറ്റിപ്പോയി... കള്ളക്കഥ!

jayanEvoor said...

ജാസ്മിക്കുട്ടി
ശ്ശോ!
സുന്ദരിക്കുട്ടി!
ഒന്നും സീരിയസായി എടുത്തില്ലല്ലോ!
അപ്പൊ നമ്മൾ ഫ്രണ്ട്സാട്ടോ!

പട്ടേപ്പാടം റാംജി
ഇല്ലാ...
പറയില്ലാ!
ഷിമോൺ ആരെന്നും പറയൂല
നീർക്കോലി ആരെന്നും പറയൂല!
പറഞ്ഞാൽ പോയില്ലേ എല്ലാം!

വാഴക്കോടൻ

കണ്ടോ! വാഴ ഞാൻ പറഞ്ഞതെല്ലാം വിശ്വസിച്ച്!
അതാണളിയാ കൂട്ടുകാരൻ!

അജിത്ത്
മാഷേ, സന്തൊഷം.
ഇനി ഇടവേള കുറയ്ക്കണം എന്നാണാഗ്രഹം.

നികു കേച്ചേരി
ഇല്ല. എനിക്ക് അതില്ല!
മറ്റൊന്നും ധരിക്കരുത് (പേടികൊണ്ടാ!)

ലിപി രഞ്ജു
ഫയങ്കരി!
എല്ലാം മനസ്സിലാക്കിക്കളഞ്ഞു!
പോ!

എല്ലാവർക്കും നന്ദി!

ഒരു ദുബായിക്കാരന്‍ said...

ഡോക്ടര്‍ സാറെ, അടിപൊളി..നീർക്കോലീക്ക്സ് പ്രയോഗം കൊള്ളാം..എല്ലാ ഹോസ്റ്റലിലും കാണും ഇതുപോലെ ഒരു ഐറ്റം..

വീകെ said...

കൂടെയുണ്ടായിരുന്ന ആ ‘നീർക്കോലി’ ഈ നമ്മൾ തന്നെ ആയിരുന്നോ ഡോക്ടർസാറെ..!!?

ente lokam said...

ഞാന്‍ ചിരിച്ചിട്ട് ഓടി ..കമന്റ്‌
ഇടാന്‍ നിന്നില്ല ..എന്നാലും ഇപ്പൊ വന്നു
ഒരു ചിരി കൂടി ..കലക്കിട്ടോ ...

Prabhan Krishnan said...

കഥ എന്തായാലും കലക്കി..!!
നല്ല ഒഴുക്കോടെ വായിച്ചു..
നന്നായി ഈ കള്ളുകഥ..
ഒത്തിരിയാശംസകള്‍..!!

സ്വാഗതം
http://pularipoov.blogspot.com/2011/05/blog-post.html

K@nn(())raan*خلي ولي said...

ഹോസ്റ്റല്‍, മുല്ലപ്പന്തല്‍, യുവറാണി.. ഹും കള്ളന്‍ ഡോക്ടര്‍!
വായിച്ചു മരിച്ചു കണ്ണ് ചിപ്പി കേട്ടോ!

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayi ketto..... aashamsakal.........

jayanEvoor said...

ഒരു ദുബായിക്കാരൻ

വീക്കെ

എന്റെ ലോകം

പ്രഭൻ കൃഷ്ണൻ

കണ്ണൂരാൻ

ജയരാജ് മുരിക്കുംപുഴ

വായനയ്ക്കും കമന്റുകൾക്കും നന്ദി!

എല്ലാവരുടെയും അറിവിലേക്കായി ആ സത്യം ഇനി ഞാൻ വെളിപ്പെടുത്താം.

സത്യത്തിൽ ഷിമോൺ പാപ്പച്ചൻ എന്ന കഥാപാത്രം ഞാനല്ല!
നീർക്കോലി തീർച്ചയായും ഞാനല്ല!

പിന്നെ, ആര് എന്നു മാത്രം ചോദിക്കരുത്!

(എന്താ ആർക്കും എന്നെയൊരു വിശ്വാസമില്ലാത്ത പോലെ....ങേ!?)

ഏപ്രില്‍ ലില്ലി. said...

ശ്രീ ജയന്‍...കഥ ഇഷ്ട്ടപ്പെട്ടു.. മൂന്നു കൊല്ലം നീണ്ട ഹോസ്റല്‍ ജീവിതം വീണ്ടും ഓര്‍ത്തു പോയി ഇത് വായിച്ചപ്പോള്‍.

ശങ്കരനാരായണന്‍ മലപ്പുറം said...

കഥ ഇഷ്ടപ്പെട്ടു.

വി കെ ബാലകൃഷ്ണന്‍ said...

കൊള്ളാം!!!

തെക്കു said...

'മുല്ലപ്പന്തല്' kothippikkalle :)

Anandhu Nilakkal said...

ജയേട്ടന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്‌.

കുഞ്ഞന്‍ said...

മാഷേ..

കള്ളക്കഥയാണെകിലും ഇഷ്ടമായി കാരണം എഴുതിയതും ഒരു കള്ളനല്ലേ..

എന്നാലും കുഞ്ഞൻ, കുറുമാൻ ഈ പേരുകൾ :(

krish | കൃഷ് said...

കഥ കൊള്ളാം.
അപ്പോ നീർക്കോലീക്സിന്റെ ‘കപ്പാസിറ്റി’ 12 മണിക്കൂർ വരെയുള്ളുവല്ലേ. അതുകഴിഞ്ഞാൽ ഏതു രഹസ്യവും താനെ പരസ്യമായിക്കോളും.
അപ്പൊ എത്ര തവണ ഹോസ്റ്റലിൽനിന്നും മുങ്ങിക്കാണും.
കമോൺ പാപ്പച്ചൻ.

അനില്‍@ബ്ലോഗ് // anil said...

പതിവ് പോലെ മനോഹരം.

jayanEvoor said...

ഏപ്രിൽ ലില്ലി

ശങ്കരനാരായണൻ

വി.കെ.ബാലകൃഷ്ണൻ

തെക്കു

അനന്തു നീർവിളാകം

കുഞ്ഞൻ

കൃഷ്

അനിൽ @ ബ്ലോഗ്

വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!

കുഞ്ഞൻസ്!
ഈ കുഞ്ഞൻസ് അല്ല ആ കുഞ്ഞൻസ്!
ഇമ്മടെ കുറുമാൻ അല്ല ആ കുറുമാൻ!
എന്നെ കൊല്ലല്ലേ!

Risha said...

You never break our expectations..!! Adipoli ayittunde jayettaa...!! :)
Super class one...!! :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുല്ലക്കഥ
മുല്ലപ്പന്തല്‍ കഥ
ഇല്ലാക്കഥയാണോ?
രസകരമായി എഴുതി
ആശംസകള്‍

ഭായി said...

എന്തുവാ മാഷേ ഈ മുല്ലപ്പന്തൽ..? അത് മാത്രം മനസ്സിലായില്ല !!

ഷിമോൺ ആളൊരു മോൻ തന്നെയാ :)

കൊച്ചുമുതലാളി said...

നല്ല കള്ളക്കഥ.... :)

അണ്ണാറക്കണ്ണന്‍ said...

ഡോക്ടര്‍...ഈ വഴി ആദ്യമാണ്...
കഥ വായിച്ചു.ഒത്തിരി ഇഷ്ടായി.
ഇതില്‍ താങ്കളുടെ റോള്‍ ഏതായിരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം...

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

കഥ എന്തായാലും കലക്കി..!!
നല്ല ഒഴുക്കോടെ വായിച്ചു..
നന്നായി ഈ കള്ളകഥ..
ഒത്തിരിയാശംസകള്‍.ജയെട്ടാ

666vishnu said...

ingane oral jeevichirippundennaa arivu.. sthalam tv puram anennu kettittund.

666vishnu said...

ഇങ്ങനെ ഒരാള്‍ ജീവിച്ച്ചിരുന്നെന്നും സ്ഥലം വൈക്കത്തിന് അടുത്ത ആണെന്നും കോളേജില്‍ ഒരു ശ്രുതി ഉണ്ടല്ലോ??

jayanEvoor said...

കുഞ്ഞുണ്ണി

കുറുമ്പടി

ഭായി

കൊച്ചുമുതലാളി

അണ്ണാറക്കണ്ണൻ

പ്രദീപ് കുറ്റിയാട്ടൂ‍ർ

വിഷ്ണു

എല്ലാവർക്കും നന്ദി!

വിഷ്ണൂ,
ആൾ വൈക്കത്തുകാരനല്ല; ഞാനുമല്ല!

Nachikethus said...

എനിക്ക് നീര്കൊലീക്സിനെ മനസ്സിലായി....എനിക്ക് മനസ്സിലായി എന്ന് നിനക്കും മനസ്സിലായില്ലേ? എന്റെ അറിവ് ശരി ആണെന്ഗില്‍ ഇപ്പൊ ഒരാള്‍ ഗള്‍ഫില്‍ ഉണ്ട് ..(പക്ഷെ ഞാന്‍ പേര് പറയില്ല

അബി said...

കിടിലം മാഷെ....

സുഗന്ധി said...

എനിക്ക് വയ്യ! ചിരിച്ച് മരിച്ചു.

jinu said...

annu araarnnu sir warden....hi hi..

jinu said...

annum kanjivellam bhayankara prasnaarnnulle....kadha vaayichappo orupaadu kouthukam athile kadhaapatrangalude yadhaartha identity ariyaan....neerkoliks manassilaayi...backi enthaanaavo...

Franklin said...

നാടൻ അടിച്ച് നാടു നന്നാക്കി പൊതുവാളായ കരാട്ടെക്കാരന്റെ കഥ തകർപ്പനായിട്ടുണ്ട്!