Saturday, August 14, 2010

സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?

ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്.

ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍.......

മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.

അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ്‌ കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്.... ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയുടെ തിരക്കിലാവും.

ആണ്‍കുട്ടികള്‍ തലപ്പന്ത്, കുറ്റിയും കോലും, ഞൊണ്ടിക്കളി, എന്നിവയിലും ചെറുപ്പക്കാ​ര്‍ കിളിത്തട്ട്, കബഡി എന്നിവയിലും മധ്യവയസ്കന്മാര്‍ ഗുലാന്‍ പെരിശു കളിയിലും വ്യാപൃതരാവും.

വീട്ടുജോലി എല്ലാം ഒതുക്കിത്തീര്‍ത്ത് ഉച്ചയൂണും കഴിഞ്ഞാണ്‌ സ്ത്രീജനങ്ങള്‍ കൈകൊട്ടിക്കളിയ്ക്കെത്തുക. നളദമയന്തി, പാഞ്ചാലീശപഥം, സീതാപരിത്യാഗം എന്നു തുടങ്ങി നാടന്‍ പ്രണയകഥകള്‍ വരെ കൈകൊട്ടിക്കളിയ്ക്കു വിഷയമായിരുന്നു. ഇതൊക്കെ ആരാണെഴുതിയതെന്ന് ആര്‍ക്കും പിടിയില്ല.!

കുട്ടിക്കാലത്തു കേട്ടു തഴമ്പിച്ച ആ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരെണ്ണം എന്റെ ഓണസ്മൃതിയായി ഇവിടെ കുറിക്കട്ടെ....

സ്ത്രീകള്‍ വട്ടത്തില്‍, താളത്തില്‍ കൈകൊട്ടി പാടിക്കളിച്ചിരുന്ന പാട്ടുകളിലൊന്നാണ്‌ ഈ പറയുന്ന കഥയുടെ ആധാരം.

രാ‍വണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ വീണ്ടെടുത്ത ശേഷം അയോധ്യയില്‍ വാഴുന്ന കാലം. ശ്രീരാമന്‍ സഹോദരന്മാരോടൊത്ത് പള്ളിവേട്ടയ്ക്കു പോയിരിക്കുകയായിരുന്ന ഒരു ദിനം. അവരുടെ മാതാക്കള്‍ മൂന്നുപേരും കൂടി സീതയെ സമീപിച്ചു പറഞ്ഞു.

" ദേവീ.... ലങ്കയിലെ രാക്ഷസന്‍ രാവണന്‍ അതിദുഷ്ടനും അസാ‍മാന്യ ശക്തിയുമുള്ളവനാണെന്ന് കേട്ടിട്ടുണ്ട്. അവനെ കൊല്ലാന്‍ മൂലോകത്തില്‍ രാമനൊരാള്‍ ഉണ്ടായല്ലോ! ഞങ്ങളാരും അവനെ കണ്ടിട്ടില്ല. ദേവി ചിത്രകലാ നിപുണയാണല്ലോ. അവന്റെ രൂപം ഞങ്ങള്‍ക്ക് ഒന്നു വരച്ചു കാണിക്കുമോ?"

അതുകേട്ടയുടന്‍ സീത പുഞ്ചിരിതൂകി അങ്ങനെയാവട്ടെ എന്നു പറഞ്ഞു. പരിചാരകയോട് ഒരു പലകയും കുറച്ചു ചെങ്കല്ലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സീതയുടെ ചാരുതയാര്‍ന്ന വിരലുകള്‍ പലകമേല്‍ ചലിച്ചു. പത്തു തലകള്‍, ഇരുപതു കൈകള്‍..... എല്ലാം ഞൊടിയിടയില്‍ പലകമേല്‍ തെളിഞ്ഞു.

അമ്മമാര്‍ അമ്പരന്നു നിന്നു! സീതയുടെ ചിത്രനൈപുണിയെ കീര്‍ത്തിച്ചു. അപ്പോള്‍ ആ പലകയതാ ചലിക്കുന്നു! അത് തുള്ളിത്തുള്ളി നീങ്ങാന്‍ തുടങ്ങി!!

പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമന്റെ മുന്നിലേക്കാണ്‌ ആ പലക തുള്ളിയെത്തിയത്. എല്ലാവരും അമ്പരന്നു നില്‍ക്കേ രാമന്‍ കുനിഞ്ഞ് ആ പലക കയ്യിലെടുത്തു. കൗതുകത്തോടെ തിരിച്ചു നോക്കി.

രാവണന്‍ !

രാമന്റെ പുരികക്കൊടികള്‍ ചുളിഞ്ഞു. മുഖമുയര്‍ത്തി ചോദിച്ചു " അമ്മമാരേ...ആരാണ്‌ പലകയില്‍ ഈ ദുഷ്ടന്റെ ചിത്രം വരച്ചത്?"

അപ്പോള്‍ കൗസല്യാകൈകേയിസുമിത്രമാര്‍ പറഞ്ഞുപോലും " ഞങ്ങള്‍ക്കറിയില്ല രാമദേവാ...! ഇവിടെയുള്ള ആരും രാവണനെ കണ്ടിട്ടുകൂടിയില്ല..."

"അപ്പോള്‍ പിന്നെ...?"

രാമന്റെ വജ്രസൂചിപോലെയുള്ള ചോദ്യം കേട്ട് അവര്‍ പറഞ്ഞു

" സീതാദേവി അല്ലാതെ മറ്റാരും ഇങ്ങനൊരു ചിത്രം വരയ്ക്കാനിടയില്ല. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ ഇവിടെ ഈ പത്തുതലയന്‍ രാക്ഷസനില്‍ താല്‍പ്പര്യം?"

ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം രാമന്‍ ശിരസ്സുയര്‍ത്തി കല്‍പ്പിച്ചു

"ലക്ഷ്മണാ...! എത്രയും പെട്ടെന്ന് കാട്ടില്‍ കൊണ്ടുപോയി ഇവളുടെ ശിരസ്സറുക്കൂ..!

കല്ലേപ്പിളര്‍ക്കുന്ന രാമശാസനം കേട്ട് തരിച്ചു നിന്ന ലക്ഷ്മണന്‍ സീതയെ കാട്ടിലേക്കു കൊണ്ടുപോയി.

ഖഡ്ഗധാരിയായ ലക്ഷ്മണന്, പക്ഷേ മാതൃതുല്യയായി കണ്ടാരാധിച്ചിരുന്ന സീതയെ കൊല്ലാന്‍ മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷണ്ണനായി നിന്ന ലക്ഷ്മണനേയും അപവാദാഘാതത്തില്‍ ശിരസ്സുകുനിഞ്ഞുപോയ സീതയേയും നോക്കി അപ്പോള്‍ അവിടെയിരുന്ന ഒരു ഓന്ത് കളിയാക്കി ചിരിച്ചത്രേ!

"ദാ നില്‍ക്കുന്നു ഒരു പതിവ്രത! കണ്ട രാക്ഷനൊപ്പം പാര്‍ത്ത് ഭര്‍ത്താവിനെ വഞ്ചിച്ചവള്‍!"

അതുകേട്ട നിമിഷം ലക്ഷ്മണന്റെ വാള്‍ ഉയര്‍ന്നുതാണു. ഓന്ത് ശിരസ്സറ്റു നിലത്തു പിടഞ്ഞു!

സീതയുടെ വസ്ത്രാഞ്ചലം കീറിക്കൊടുക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ആ ഓന്തിന്റെ ചോര അതില്‍ പുരട്ടി. അമ്മമാരെ കാണിക്കാന്‍ ചോരപുരണ്ട ആ ചേലത്തുമ്പ് ലക്ഷ്മണന്‍ തേരില്‍ വച്ചു.

അടുത്തു കണ്ട വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ സീതയെ കൊണ്ടാക്കി ലക്ഷ്മണന്‍ തിരികെപ്പോയി....!

എന്തൊരു കഥ! അല്ലേ!?

മനുഷ്യബന്ധങ്ങളില്‍ പലപല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന ഒരു നാടന്‍ കഥ...

എന്റെ നാട്ടില്‍ ഇന്നും പാടിക്കേള്‍ക്കുന്ന കഥയാണിത്. പാട്ട് താഴെക്കൊടുത്തിട്ടുണ്ട്.


അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോള്‍
രാമദേവന്‍ പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്

അന്നനേരം മാതാക്കന്മാര്‍ മൂന്നുപേരുമൊരുമിച്ച്
സീതയോടു പറയുന്നു രഹസ്യമായി

രാവണന്റെ രൂപഗുണം ഞങ്ങളാരും കണ്ടിട്ടില്ല
ഞങ്ങള്‍ക്കതു മനസ്സാലെ കാണേണമിപ്പോള്‍

അന്നനേരം സീതാദേവി ചെങ്കല്ലും പലകയുമായ്
രാവണന്റെ രൂപഗുണം വരച്ചു ചിത്രം

പത്തുതല,യിരുപതു കരങ്ങളും വരച്ചിട്ട്
കരങ്ങളില്‍ പലപല ആയുധങ്ങളും

പലകയും തുള്ളിത്തുള്ളി മന്ത്രമഞ്ചും ജപിച്ചിട്ട്
അപ്പലക തൃക്കയ്യാലേ മറിച്ചുനോക്കി

ആരാണെന്റെയമ്മമാരേ ഈപ്പലകേ വരച്ചത്?
ഞങ്ങളാരുമറിഞ്ഞില്ലേ ശ്രീരാമദേവാ

സീതാദേവിയറിയാതെ മറ്റാരും വരയ്ക്കയില്ല
അവള്‍ക്കതിലിഷ്ടമൊട്ടും കുറഞ്ഞിട്ടില്ല

അന്നനേരം ശ്രീരാമനും ലക്ഷ്മണനെ വിളിച്ചിട്ട്
ഇവളെക്കൊണ്ടറുക്കുക വനമതിങ്കല്‍

അന്നനേരം ലക്ഷ്മണനും സീതയേയും കൂട്ടിക്കൊണ്ട്
മുനിയുടെ വനമതില്‍ കൊണ്ടുചെന്നാക്കി

കളിയാക്കിച്ചിരിച്ചൊരു ഓന്തിന്‍ തലയറുത്തുടന്‍
സീതയുടെ ചേലത്തുമ്പില്‍ പുരട്ടിവച്ചു

അമ്മമാര്‍ക്കു കാണ്മതിന്നായ് ഓന്തിന്‍ ചോരപുരട്ടിയ
ചേലത്തുമ്പുമെടുത്തുടന്‍ ലക്ഷ്മണന്‍ പോയി.....

എന്റെ കുട്ടിക്കാലത്ത് ഇതു പാടിക്കളിച്ചിരുന്ന സ്ത്രീകളൊക്കെ ഇപ്പോൾ വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ഇക്കൊല്ലം കളിക്കാൻ ആരൊക്കെയുണ്ടാവുമോ, എന്തോ!

തിരുവോണത്തിന് ഏവൂർക്കു പോകാൻ കാത്തിരിക്കുകയാണ് മക്കൾ...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!


വാൽക്കഷണം:കഴിഞ്ഞ ഓണത്തിന് ‘ആൽത്തറ’യിൽ എഴുതിയതാണിത്.ഇത്തവണ പുതിയതൊന്നെഴുതിയിടണം എന്ന് മാണിക്യം ചേച്ചി ആവശ്യപ്പെട്ടിരിക്കുന്നു. പുതിയതെഴുതും വരെ അവിടെ വായിച്ചിട്ടില്ലാത്തവർക്കായി ഇതിവിടെ ഇരിക്കട്ടെ!

61 comments:

jayanEvoor said...

എന്റെ കുട്ടിക്കാലത്ത് ഇതു പാടിക്കളിച്ചിരുന്ന സ്ത്രീകളൊക്കെ ഇപ്പോൾ വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ഇക്കൊല്ലം കളിക്കാൻ ആരൊക്കെയുണ്ടാവുമോ, എന്തോ!

തിരുവോണത്തിന് ഏവൂർക്കു പോകാൻ കാത്തിരിക്കുകയാണ് മക്കൾ...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Sranj said...

ഓ അപ്പൊ അമ്മയിയമ്മപ്പോര് അന്നേ ഉണ്ടല്ലേ?
എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കും തത്തോ പിത്തോന്നു ചാടി പുറപ്പെടുന്ന രാമന്മാരും!

Manoraj said...

ഹോ ഈ വൈദ്യര് നിസ്സാരനല്ലല്ലോ.. രാമായണം, മഹാഭാരതം, ധന്വധരി എല്ലാം കലക്കി കുടിച്ചിരിക്കുന്നു. നന്നായി. കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ ബ്ലോഗിലില്ലല്ലോ.. അതിനാല്‍ വായിച്ചിട്ടില്ല

hi said...

കൊള്ളാമല്ലോ ഇത് ഒരു പുതിയ അറിവ് തന്നെ

sree said...

അങ്ങനെ എന്തെല്ലാം വേദനകള്‍ തിങ്ങുന്ന പാട്ടുകള്‍! ഓണക്കളി, കൈകൊട്ടിക്കളി, തിരുവാതിരക്കളി ( എല്ലാം കൂടെ ഇപ്പോ ഒന്നായിന്നതു വേറെ കാര്യം ) ഇവയൊക്കെ സ്ത്രീകളുടെ സ്വകാര്യ സംവേദന ഇടങ്ങളായിരുന്നിരിക്കണം പണ്ട്. നമ്പൂരാര്‍ക്ക് വന്ന് വെടിപറഞ്ഞ് ആസ്വദിച്ചോണ്ടിരിക്കാന്‍ വേണ്ടി പാകപ്പെടുന്നതിനും മുന്നെ.

ആചാര്യന്‍ said...

കഥ്യ്കുള്ളില്‍ ഇങ്ങനെ ഒരു കഥയുണ്ടോ? കൊള്ളാം കൊള്ളാം

റോസാപ്പൂക്കള്‍ said...

ഈ പാട്ട് പാടി ഞാന്‍ സ്കൂളില്‍ തിരുവാതിര കളിച്ചിട്ടുണ്ട്.അന്ന് അതിന്റെ അര്‍ത്ഥമൊന്നും അറിയില്ലായിരുന്നു

കണ്ണനുണ്ണി said...

ക്രൂരമായ തീരുമാനം അല്ലെ രാമന്റെ....എനിക്ക് നമ്മുടെ പല ദേവന്മാരോടും ഇന്നും പല കാര്യത്തിലും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല :)

jayanEvoor said...

Sranj,
തേങ്ങയുടച്ചതിനു നന്ദി!
അമ്മായിയമ്മപ്പോര് എങ്ങനെ നിർത്താം എന്ന് നിങ്ങളൊക്കെക്കൂടി ഒന്നു കൂലങ്കഷമായി ചർച്ച ചെയ്യ്....
(ഞാനറിയുന്ന ഒരമ്മയും മരുമകളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്നില്ല; എന്റെ അമ്മയടക്കം!)


മനോരാജ്,
അല്പസ്വല്പം വിജ്ഞാനം മാത്രം. ഇതൊക്കെ ചെവിത്തഴമ്പാണ്. വായിച്ചാസ്വദിക്കുന്നതിൽ സന്തോഷം!


അബ്‌കാരി,
അപ്പോ ചെലവുണ്ട്!

ശ്രീ...
ആയിരിക്കാം.
ഇതൊക്കെ തനി നാടൻ സ്ത്രീകൾ തന്നെ രൂപപ്പെടുത്തിയതാവാനാണു വഴി.


ആചാര്യൻ,
കഥകൾക്കൊരു അന്തവുമില്ല; ഉള്ളിലും പുറമെയും!

റോസാപ്പൂക്കൾ,
സന്തോഷം, ചേച്ചീ!


കണ്ണനുണ്ണി,
രാമന്റെ ചെയ്തി ഈ കഥയനുസരിച്ചായാലും അല്ലെങ്കിലും എനിക്ക് ഒരിക്കലും യോജിക്കാനായിട്ടില്ല.പിന്നെ കഥകളല്ലേ.... കഥയിൽ ചോദ്യമില്ല!

Anil cheleri kumaran said...

വൈദ്യര്‍ക്ക് വഴങ്ങാത്തതായി ഒന്നുമില്ലല്ലോ..

വരയും വരിയും : സിബു നൂറനാട് said...

കഥയും കഥയില്‍ കഥയുമായി രാമായണവും മഹാഭാരതവും...

ജയേട്ടാ, നമ്മുടെ ഓണാട്ടുകരയില്‍ ഇപ്പൊ തിരുവാതിരകളി ഒക്കെ ഉണ്ടോ..?!! ഉള്ളത് പറഞ്ഞാല്‍, അവിടെ ഞാന്‍ കണ്ടിട്ടില്ലാ..!!

ഈ പരിചയപ്പെടുത്തലിന് ഒരുപാട് നന്ദി കേട്ടോ :-)

കുഞ്ഞൂസ് (Kunjuss) said...

ജയന്റെ ഈ 'ഓണക്കഥ' കഴിഞ്ഞ വര്‍ഷം 'കൂട്ട' ത്തില്‍ വായിച്ചിരുന്നു. വീണ്ടും ഒരോര്‍മ പുതുക്കലായി ഇത്.

കായംകുളത്തു ഇപ്പോഴും കൈകൊട്ടിക്കളി നടക്കുന്നുണ്ട്,പക്ഷെ, പാട്ടൊക്കെ പുതിയ സിനിമാ പാട്ടുകള്‍ പോലെ എന്തൊക്കെയോ ആണ്..... കാലം മാറിയില്ലേ എന്നാണ് പറയുന്നത്.

(വേഗം, പുതിയ ഓണക്കഥ എഴുതി ആല്‍ത്തറയില്‍ ഇടു ട്ടോ...)

ഒഴാക്കന്‍. said...

ഡോക്ടര്‍, എന്നെ അങ്ങ് കൊല്ലു,, എന്നാ കഥയാ ഈ പറയുന്നത്

ആചാര്യന്‍ said...

അതല്ല മാഷേ അമ്മായി അമ്മക്ക് "മരുമകന്‍ "എന്നാല്‍ വലിയ ബഹുമാനവും ആദരവും ആണ് അല്ലെ?പിന്നെ എന്താ "മരുമകള്‍ "ആയാല്‍ പോരടിക്കുന്നെ ?..."

നീലത്താമര said...

പാവം സീത... കണ്ണനുണ്ണി പറഞ്ഞത്‌ പോലെ ഈ ദേവന്മാരുടെ പല ചെയ്തികളും അങ്ങോട്ട്‌ സമ്മതിച്ചുകൊടുക്കുവാന്‍ മനസ്സനുവദിക്കുന്നില്ല.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഈ മാഷ് കൊള്ളാലോ....നിങ്ങളെ സമ്മതിച്ചിരിക്കുന്നു..

siya said...

മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം...

വൈദ്യര്‍ക്ക്അപ്പോള്‍ ഫോട്ടോ എടുക്കലും ,കൂടെ ഇതും കൊള്ളാം ട്ടോ ....

എന്‍റെ ഓണാശംസകള്‍ ..

Wash'Allan JK | വഷളന്‍ ജേക്കെ said...

ഈ ദേവന്മാര്‍ക്കൊക്കെ എന്തും ആവാലോ?
ഓണാശംസകള്‍

ശ്രീനാഥന്‍ said...

ഈ കഥയും പാ‍ട്ടും ആദ്യമായി കേൾക്കുകയാണ്, നന്നായി അവതരിപ്പിച്ചിരിക്കുന്നു, നന്ദി.

jayanEvoor said...

കുമാരാ....ആ....ആ‍ാ!
കഴിഞ്ഞ പോസ്റ്റിൽ എനിക്ക് കൊട്ടേഷൻ കൊടുത്തിട്ട് ഇവിടെ വന്ന് പൊക്കിപ്പറയുന്നോ!? ഉം... എല്ലാം മനസ്സിലാവണ്ണ്ട്!!
(എന്നോട് കരുണ കാട്ടണം.... ആ കൊട്ടേഷൻ പിൻ വലിക്കണം.... ഇപ്പോ ഉറക്കം തീരെ കിട്ടുന്നില്ല!!)


സിബു നൂറനാട്
കൈകൊട്ടിക്കളി ഇപ്പോഴും ചിലയിടങ്ങളിൽ ഉണ്ട്. ഇത്തവണ പെൺകുട്ടികളെ സംഘടിപ്പിച്ച് തിരുവാതിരകളി നറ്റത്തും എന്ന് തെക്കേലെ മണിയമ്മയക്കച്ചി പറഞ്ഞിട്ടുണ്ട്!നോക്കാം... എന്താവും എന്ന്!

കുഞ്ഞൂസ്
സന്തോഷം, ചേച്ചീ....
ആൽത്തറയിൽ ഓണക്കഥ പോസ്റ്റ് ചെയ്തു.

ഒഴാക്കൻ
ദാ കൊന്നിരിക്കുന്നു.
ഇനി മിണ്ടിപ്പോകരുത്!

ആചാര്യൻ
ചോദ്യം കൊള്ളാം!
ഉത്തരം എനിക്കറിയാമ്മേലേ!
പൊതുവേ മരുമകനോട് അമ്മായിയമ്മയ്ക്കും മരുമകളോട് അമ്മായിയച്ഛനും വിരോധമൊന്നും ഇല്ല എന്ന് കണ്ടു വരുന്നു. എന്താണാവൊ ഇതിന്റെ ഗുട്ടൻസ്!

jayanEvoor said...

നീലത്താമര
അതെ.
പക്ഷേ, അതൊരു കാലം.
ആ കാലത്തെ നീതി.... പുരുഷന്മാർ സ്ത്രീകൾ! സർവംസഹയായ സ്ത്രീയ്ക്ക് ഇന്നും മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് സീതയെ!

(ആ നീലത്താമരയുടെ ചിത്രം മനോഹരം!)


റിയാസ്(മഴത്തുള്ളി)
സന്തോഷം, റിയാസ്.
ഈ പിന്തുണയ്ക്കു നന്ദി!

സിയ
“വൈദ്യര്‍ക്ക്അപ്പോള്‍ ഫോട്ടോ എടുക്കലും ,കൂടെ ഇതും കൊള്ളാം ട്ടോ ....”
ഞാൻ ഫോട്ടോ എടുത്തോ!? എപ്പ?
അതാ ‘അവിയൽ’കാരൻ വൈദ്യർ ആയിരിക്കും!

വഷളൻ ജെക്കെ
അതെ.
അവർക്കൊക്കെ എന്തും ആവാം.
സൂക്ഷിച്ചോ!

ശ്രീനാഥൻ
വളരെ സന്തോഷം!
ഇനിയും എന്തെല്ലാം (കഥകൾ)കേൾക്കാനിരിക്കുന്നു!
നന്ദി!

ജീവി കരിവെള്ളൂർ said...

കെട്ടിയവളോട് പോലും നീതി പുലര്‍ത്താന്‍ കഴിയാത്തവനാണല്ലോ നമ്മുടെ ഉത്തമപുരുഷന്‍ !!!!

sindhukodakara said...

ഡോക്ടര്‍ സാറെ. ഇങ്ങനെയൊരു രാമായണം കഥ ആദ്യമായിട്ട് കേള്‍ക്കുകയാണ്.. അലക്കുകാരന്‍ അലക്ക് കാരിയോട് നീ രാമന്റെ സീതയെപ്പോലെ ആരാന്റെം
കൂടെ കഴിഞ്ഞു തിരിച്ചു വന്നാല്‍
രാമനെ പോലെ ഞാന്‍ കൂടെ താമസിപ്പിക്കില്ല എന്ന് പറഞ്ഞു എന്നോ ? അത് വേഷം മാറി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ നടന്ന ശ്രീ രാമ ദേവന്‍ കെട്ടു, അങ്ങനെ പ്രജകല്കൊരു പരാതി ഉണ്ടെങ്കില്‍ രാമന് സീത യെ ഉപേക്ഷിച്ചേ പറ്റൂ എന്നൊക്കെ യാണ് തൃശൂര്‍ കേട്ടിട്ടുള്ള കഥകള്‍.. ഇങ്ങനെ കേരളത്തിന്റെ പല ഭാഗത്ത്‌ പല കഥ കളായിരിക്കും അല്ലെ? എന്തായാലും എവൂരെ ഓണം ഇത് വരെ കാണാന്‍ ഭാഗ്യമുണ്ടായില്ല. അവിടെ അഷ്ടമിരോഹിണി ക്ക് ഉറിയടി ഒക്കെ വളരെ കേമമാണെന്ന് കേട്ടിട്ടുണ്ട്.. ഒരു വര്ഷം പോകണം.
ഒരു കൈകൊട്ടിക്കളി പാട്ട്
മുഴുവനായിട്ട് എഴുതി തന്നതിന് താങ്ക്സ്... ശരിക്കും കുട്ടിക്കാലത്തെ ഓണാഘോഷങ്ങള്‍ ഓര്മ വന്നു.. നന്ദി ഡോക്ടര്‍

ഹാപ്പി ബാച്ചിലേഴ്സ് said...

ജയേട്ടാ,
ഇങ്ങനെയൊരു കഥ കേൾക്കുന്നത് ആദ്യമായാണ്.
കൈകൊട്ടികളിയിലും നമ്മുടെ കേരളത്തിന്റെ തനത് ഗ്രാമീണകലാരൂപങ്ങളിലൊക്കെയും ഇത്തരം ആരും കേൾക്കാത്ത കഥകൾ പറയാറുള്ളതായി കേട്ടിട്ടുണ്ട്. അതിലൊരേട് പോസ്റ്റായി മാറ്റിയ ജയേട്ടന് അഭിനന്ദനങ്ങൾ.. ശ്രീറാം സേനയുടെ ഓഫീസ് അധികദൂരമൊന്നുമില്ല, മര്യാദപുരുഷോത്തമനെ ഡീഫേം ചെയ്യാനായി മൻപൂർവ്വം പോസ്റ്റിട്ട വിവരം അറിയിക്കട്ടെ… കുമാരേട്ടൻ കൊട്ടേഷൻ തന്ന പോലെ, ബാക്കി അവര് നോക്കിക്കൊള്ളും.. അടുത്ത പോസ്റ്റിടാൻ ആ “കുഞ്ഞിക്കാലുകൾ” അവിടെ ഉണ്ടാവില്ല..ഹി ഹി ഹി…
ഓണാശംസകൾ..
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്.

Anonymous said...

ഈ കഥയും,പാട്ടും ആദ്യമായിട്ട് കേള്‍ക്കുകയാണ് കേട്ടോ..
നന്ദി..!!
വളരെ നന്നായിരിക്കുന്നു.

നല്ലൊരു ഓണം ആശംസിക്കുന്നു..!!

Unknown said...

പുതിയ കണ്ടു പിടുത്തം ...ഡോക്ടര്‍ ഇത് പോലെ പോയാല്‍ ചരിതം തന്നെ മാറി എഴുതും

നന്നായിരിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിരിക്കുന്നു

ഹൃദയം നിറഞ്ഞ ഓണാശംസകൾ!

jayanEvoor said...

ജീവി കരിവെള്ളൂർ
ഉത്തമ പുരുഷനായാലും, മധ്യമ പുരുഷനായാലും, സീതയ്ക്കു നീതി കിട്ടിയില്ല. അത് പറഞ്ഞുകൊണ്ടുതന്നെയാണല്ലോ, ജാനകി അമ്മയോട് വിലപിച്ചത്...
അതു ശരിവച്ചുകൊണ്ടുതന്നെയാണല്ലോ സ്വന്തം മാറുകീറി മേദിനി അവളെ ഉൾക്കൊണ്ടത്....
പാവം, പാവം സീത...

സിന്ധു കൊടകര
ഇത് എന്റെ കുട്ടിക്കാലം മുതലെ കേട്ടിട്ടുൾല കഥയാണ്.
അഷ്ടമിരോഹിണി വളരെ വിശേഷമാണ് ഏവൂരിൽ. ഇത്ര റൊമാന്റിക്കായ ഒരുത്സവം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല.
അതെപ്പറ്റി പിന്നെഴുതാം.

ഹാപ്പി ബാച്ചിലേഴ്സ്
കൊട്ടേഷൻ കൊടുക്കൂ കുട്ടികളെ!
എന്നാലും ചന്തു അമ്മാവനെ തോൽ‌പ്പിക്കാൻ നിങ്ങൾക്കാവില്ല!

ആൻ
വളരെ സന്തോഷം!
ഓണാശംസകൾ, തിരിച്ചും!

മൈ ഡ്രീംസ്
ഇത് ചരിത്രമല്ല ഡിയർ!
ഒരു മിത്തിന്റെ ഭിന്നവായന...

ചെറുവാടി
സന്തോഷം!
നന്ദി! വീണ്ടും വരിക!

Sranj said...

അതു ശരി.. അപ്പൊ ആദ്യ കമന്റ് ആണ് ഈ തേങ്ങയുടക്കല്‍ അല്ലെ?....

ചര്‍ച്ചയുടെ ആവശ്യമൊന്നുമില്ല... അളവില്‍ കൂടുതല്‍ സ്നേഹിക്കാനും, വെറുക്കാനും ശ്രമിക്കാഞ്ഞാല്‍ മതി!

ഇന്ന് മണിച്ചിത്രത്താഴില്‍ ഏവൂരിന്റെ പച്ചപ്പ് കണ്ടു.. അപ്പോള്‍ വന്നു നോക്കിയതാണ്..

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങിനെ പുതിയൊരു രാമായണവും വായിച്ചു. ഈ വാല്‍മീകി ആളു കൊള്ളാമല്ലോ!

Vayady said...

ആദ്യമായിട്ടാണ്‌ ഇങ്ങിനെയൊരു പാട്ട് കേള്‍ക്കുന്നത്. പ്രജകളുടെ വാക്കു വിശ്വസിച്ച് നിഷ്കരുണം സീതയെ ഉപേക്ഷിച്ച ശ്രീരാമനോട് പണ്ടേ എനിക്ക് പ്രിയം കുറവായിരുന്നു. ദേ ഇപ്പോ പുതിയ കഥയും!

ജയനും കുടുംബത്തിനും എന്റെ ഓണാശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

ഏവൂരുമാത്രമല്ല കേട്ടൊ ഞങ്ങളൂടെ കണിമംഗലത്തും ഓണത്തിന്റെ ഈ കൈക്കൊട്ടി കളിക്കാർ ഈ പാട്ട് പാടിയിരുന്നു കേട്ടൊ....
“ പട്ടാഭിഷേകം കഴിഞ്ഞ മാരൻ
പട്ടുപോലുള്ള മനസ്സുകാരൻ
..................
...............”

അനില്‍കുമാര്‍ . സി. പി. said...

കൊള്ളാല്ലോ വൈദ്യരേ:)

ആരെഴുതിയതായാലും ആ പാട്ടിലെ പച്ചയായ മനുഷ്യവികാരങ്ങള്‍ ശ്രദ്ധേയം തന്നെ അല്ലേ?

എറക്കാടൻ / Erakkadan said...

എന്റെ രാമാ .....

mini//മിനി said...

ഈ കഥയും പാട്ടും എന്റെ അമ്മൂമ്മ വളരെ മുൻപ് പാടിയതും പറഞ്ഞു തന്നതും ആണ്. അവർ നാട്ടിപ്പാട്ടായി പാടാറുണ്ടായിരുന്നു. കഥ പറയുമ്പോൾ എല്ലാം പാടികേൾപ്പിച്ച് വിശദമാക്കും. ഡോക്റ്ററുടെ പോസ്റ്റ് വായിച്ചപ്പോഴാണ് ആ കഥ ഓർമ്മ വന്നത്. രാവണന്റെ ഓരോ തലയുടെയും ഭാവം പറഞ്ഞു തരും.

jayanEvoor said...

Sranj

മുഹമ്മദ് കുട്ടിക്ക

വായാടി

ബിലാത്തിച്ചേട്ടൻ

അനിലേട്ടൻ

എറക്കാടൻ

മിനി ടീച്ചർ

എല്ലാവർക്കും നന്ദി!
എല്ലാ കഥകൾക്കും ഒരു മറുവശം ഉണ്ടാവും. മിക്കവരും കാണാതെ പോകുന്ന ചിലത്.... ഇതു പോലെ.

നന്ദി, വീണ്ടും വരിക!

വി.എ || V.A said...

കൊള്ളാം,ഇപ്പോൾ വീണ്ടും അവതരിപ്പിച്ചത് സന്ദർഭോചിതമായി. അല്പം എനിക്കുകൂടി പറയാനുണ്ട്. എന്റെ പേജിലാവാം. എന്റെ ഓണാശംസകൾ....

mjithin said...

ഹും ജയെട്ടാ,

നട്ടാല്‍ മുളക്കാത്ത ഓരോ നുണയുമായി ഇറങ്ങിക്കോളും!!!! :)

Unknown said...

കഥയിലെ ഈ പുതിയ കഥ ഇഷ്ടമായി കേട്ടോ.
ഓണാശംസകള്‍

OAB/ഒഎബി said...

ഇക്കഥ മുമ്പ് വായിച്ചിട്ടില്ല. കേട്ടിട്ടുമില്ല. ഇപ്പോള്‍ വായിച്ചു.

ഓണം, റംസാന്‍ ആശംസകളോടെ...

Unknown said...

ഏവൂരില്‍ വെച്ച് നല്ല ഒരു ഓണം കൂടി ആഘോഷിക്കാനാവട്ടെ... കുറേ നല്ല ഓര്‍മ്മകളും മനസ്സില്‍ തങ്ങി നില്‍ക്കട്ടെ.
ഓണാശംസകള്‍..

jayanEvoor said...

വി.എ

മത്തായി ദ സെക്കൻഡ്

തെച്ചിക്കോടൻ

ഓ.എ.ബി

ഏകലവ്യൻ...

ഈ നാടൻ കഥയും പാട്ടും ആസ്വദിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി!

girishvarma balussery... said...

നന്നായിരിക്കുന്നു ഓണ വിശേഷങ്ങള്‍. കൂടുതലും തെക്കന്‍ കേരളത്തില്‍ ആണ് ഓണാഘോഷങ്ങള്‍ . വടക്കന്‍ കേരളത്തില്‍ ഇത്ര വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ല... ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാന്‍ വെളുപ്പാംകാലത്തെ കുറച്ചു പൂവിളികള്‍ .... അത്ര മാത്രം....

അനില്‍@ബ്ലോഗ് // anil said...

ഇങ്ങനെ ഒരു കഥ ആദ്യമായി കേള്‍ക്കുകയാണ്.
ഇത് ഇത് ഇവിടെ ഷെയര്‍ ചെയ്തതിനു നന്ദി.

ചാണ്ടിച്ചൻ said...

വൈദ്യരേ...എങ്ങനെ വീണാലും നാല് കാലില്‍ തന്നെ വീണോളണം കേട്ടോ...
ഈ ഡാക്കിട്ടര് നമ്മളെ അസൂയ പിടിപ്പിച്ചു കൊല്ലും!!! കശ്മലന്‍...

.. said...
This comment has been removed by the author.
.. said...

കഴിഞ്ഞ ദിവസം ചാറ്റില്‍ എന്നോട് ഫോണ്‍ പോയി എന്ന് പറഞ്ഞിരുന്നെങ്കിലും അതില്‍ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട് എന്ന് കരുതിയില്ല.വായിച്ചു .ഇഷ്ടപ്പെട്ടു.
എന്തൊക്കെയാരുന്നു.എന്‍ സെവന്റി ,എന്‍ 80 അവസാനം പവനായി ശവമായി.
:)

jayanEvoor said...

ഗിരീഷ് വർമ്മ
അതെ.
തൃശ്ശൂർ മുതൽ തെക്കോട്ടാണ് ഓണം മിഴിവാർന്ന ഒരാഘോഷമായി മാറുന്നത്.
കണ്ണൂരൊക്കെ ഓണത്തേക്കാളും വിഷുവിനാണ് പ്രാധാന്യം.
അതുകൊണ്ടു തന്നെ ഈ കഥകൾ ഒന്നും വടക്കൻ കേരളത്തിൽ അത്ര പ്രചാരത്തിലുണ്ടാവില്ല.

അനിൽ @ബ്ലോഗ്
സന്തോഷം.

ചാണ്ടിക്കുഞ്ഞ്
അസൂയ പിടിക്കാൻ ഇവിടിപ്പോ എന്തുണ്ടായി!
ഞാനൊരു പാവം പൂച്ചയാ. ആരെയും മാന്തിപ്പറിക്കാത്ത പൂച്ച!നാലുകാലിൽ വീഴുന്നത് ഞങ്ങടെ വർഗസ്വഭാവമാ!

ജിക്കു
അനിയാ...
സ്ഥലം മാറിപ്പോയി അല്ലേ!?
സാരമില്ല. വരവു വച്ചിരിക്കുന്നു.

Anonymous said...

കമ്പ രാമായണത്തില്‍ ഈ കഥ ചേര്‍ത്തിട്ടുണ്ട്. പട്ടാഭിഷേകത്തിന് ശേഷം ഉള്ള, അവസാന അദ്ധ്യായത്തില്‍.

Arjun Bhaskaran said...

നല്ല ഒരു കഥ കേട്ട പ്രതീതി ജയേട്ടാ.. ഈ പാട്ട് എന്തായാലും എന്റെ നാട്ടില്‍ ഇല്ല :(

പൈമ said...

ഡോ:ഈ കഥ നന്നായി ..ഇതു എന്റെ അമ്മ പാടി കേട്ടിട്ടുണ്ട് പക്ഷെ വേറെ രിതിയില്‍ ആണ്
വരൂ വരൂ സീതേ നീ എന്ന് വന്നു ...ഇതാണ് അതിന്റെ തുടക്കം
സര്‍ എവിടെ താമസിക്കുന്നത്
പിറവം ഭാഗത്ത്‌ ഇങ്ങനെയാണ് പാടുന്നത്
ഈ രാമായണ മാസത്തില്‍ ഇതു പോലെ ഒരു പോസ്റ്റ്‌ നന്നായി
രാമായണമാസം ആശംസിക്കുന്നു

പൈമ said...

ഈ കഥ ആദ്യമായി കേള്‍ക്കുന്നു എന്ന് കുറേപേര്‍ പറഞ്ഞിട്ടുണ്ടല്ലോ ?
വളരെ മോശമായി തോന്നുന്നു അത് കാരണം രാമായണം ഒരു പുരാണഗ്രന്ഥം മാത്രമല്ലല്ലോ ?

Sandeep.A.K said...

വളരെ നന്നായിരിക്കുന്നു ജയന്‍ ചേട്ടാ...
ഇങ്ങനെ പല നാടന്‍കലാരൂപങ്ങളിലും പുരാണങ്ങളുടെ പ്രാദേശികവകഭേദങ്ങള്‍ കണ്ടു വരുന്നുണ്ട്.. ഓണംകളി പാട്ടുകളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നില്‍ ശിവപാര്‍വതിമാര്‍ വഞ്ചിയില്‍ പോകുന്നതും അവരുടെ സംഭാഷണങ്ങളും ഇതിവൃത്തമാവുന്നുണ്ട്..
ഒരു ഓണകാലം കൂടി ഇങ്ങു വരികയാണ്.. പഴമയുടെ സ്മൃതികള്‍ ഉണര്‍ത്തിയ ഈ പോസ്റ്റ്‌ എനിക്കിഷ്ടമായി ഏറെ..

Unknown said...

കൊള്ളാം ജയാ.. പുരാ വൃത്തം നന്നായിട്ടുണ്ട്.പാട്ടു കേട്ടിട്ടില്ല. പക്ഷെ കഥ കേട്ടിട്ടുണ്ട് ഇനി തിരുവാതിര ഒക്കെ ടീ വീല്‍ മാത്രം അല്ലെ ഇപ്പൊ സിനെമാടിക് ഡാന്‍സ് ആണ് എല്ലാം

Rakesh KN / Vandipranthan said...

Ishtamayi... orupadu orupadu..

അഭി said...

ഈ കഥയും,പാട്ടും ആദ്യമായിട്ട് കേള്‍ക്കുകയാണ്


ഓണാശംസകൾ!

ദൃശ്യ- INTIMATE STRANGER said...

ജയന്‍ ചേട്ടാ ഇങ്ങനെ ഒരു വെര്‍ഷന്‍ ഇത് ആദ്യം കേള്‍ക്കുകയാ..ഇത് വായിച്ചപ്പോഴാ എന്റെ പഴയ ഒരു സാഹസത്തെ പറ്റി ഓര്‍മ്മവന്നത് ..പൊടി ഒക്കെ തട്ടി കുടഞ്ഞു അത് അങ്ങ് പോസ്റ്റ്‌ ചെയ്തു ദേ
http://strangerintimate.blogspot.com/2011/08/blog-post.html
ഓണാശംസകള്‍

jayanEvoor said...

എല്ലാവർക്കും നന്ദി!

ഇന്റിമേറ്റ് സ്ട്രെയ്ഞ്ചർ...

എവിടെ ആ പോസ്റ്റ്?

കാണാനില്ലല്ലോ!?

കുഞ്ഞന്‍ said...

മാഷേ...

ആദ്യമായിട്ടാണ് ഇങ്ങിനെയൊരു വെർഷൻ കേൾക്കുന്നത്. ( ഡോണ്ട് തിങ്ക് മറ്റുള്ള കഥകളൊക്കെ ഞാൻ കേട്ടിട്ടുണ്ടെന്ന് )

രാമണ കഥയേക്കാൾ, തിരുവാതിര കളിയുടെ മനോഹാരിത ഇവിടെ കോറിയിട്ടതാണ് എനിക്കിഷ്ടമായത്..

അപ്പോൾ നേരുന്നു തിരുവോണാശംസകൾ

പാര്‍ത്ഥന്‍ said...

മുന്നൂറിൽ പരം രാമായണങ്ങൾ പലയിടത്തുനിന്നുമായി കണ്ടെടുത്തിട്ടുള്ളതായി വായിച്ചിട്ടുണ്ട്. ഡോ.അസീസ് തരുവണയുടെ ‘വയനാടൻ രാമായണ’ത്തിൽ അവതാരികയെഴുതിയ ഡോ.കെ.എൻ.പണിക്കർ പറയുന്നത്, രാമായണത്തിന്റെ ആയിരക്കണക്കിന് പാഠഭേദങ്ങളോ സ്വതന്ത്രമായ പറയലുകളോ ഉണ്ടെന്നാണ്. അപ്പോൾ നാം എന്തെങ്കിലും വിമർശിക്കുമ്പോൾ ആധികാരികമായ ഒരു വസ്തുതയിൽ നിന്നുകൊണ്ടായിരിക്കണം. രാമൻ നമ്മളെപ്പോലെ തിന്നാൻ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനായിരുന്നെങ്കിൽ ഈ ചോദ്യം (കണ്ണനുണ്ണിയുടെയും, നീലത്താമരയുടെയും) പ്രസക്തമാണ്. സീതയെ ഉപേക്ഷിച്ചോ അതോ കൊല്ലാൻ ആജ്ഞാപിച്ചോ എന്നതും ഒരു വിഷയമാണ്. ദൈവത്തോളം ഒരാൾ വളരണമെങ്കിൽ അയാൾ ‘വൈരാഗി’ ആയിരിക്കണം.

ഭഗവദ്‌ഗീതയിൽ ഇങ്ങനെ പറയുന്നു:
“അശ്വത്ഥമേനം സുവിരൂഢമൂല-
മസംഗശസ്ത്രേണ ദൃഢേനഛിത്വാ”.

വേരുറച്ചുപോയ ഈ സംസാരമാകുന്ന അശ്വത്ഥത്തെ ബലപ്പെടുത്തിയ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് മുറിച്ചു കളയണം.

യേശുക്രിസ്തു ഇങ്ങനെ പറയുന്നു:
“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”.

‘വൈരാഗ്യം’ എന്നാൽ, അനിത്യമായ വസ്തുവിനോടുള്ള വിരക്തി. പുത്രൻ, ധനം, മിത്രം എന്നിവയിലെല്ലാമുള്ള വിരക്തി. നിത്യമായ വസ്തു ഒന്നു മാത്രമെയുള്ളൂ. ആ വസ്തുവിനു നേരെ മനോബുദ്ധികളെ വ്യാപരിപ്പിക്കുന്ന ഭാവത്തെ ‘വൈരാഗ്യം’ എന്നു പറയാം.

ഇത്‌ ഉണ്ണ്‌‌ആ, ഉണ്ണ്യേളെ ഉണ്ടാക്ക്‌‌ആ, ഒറങ്ങ്‌‌ആ എന്നീ മൂന്ന് കർമ്മങ്ങൾ മാത്രം ചെയ്യുന്ന നമുക്കൊന്നും ചിന്തിക്കാൻ കഴിയുന്ന വിഷയമല്ല.

Cromwell said...

കൊള്ളാമല്ലോ ഇത് ഒരു പുതിയ അറിവ് തന്നെ