Tuesday, November 17, 2009

ഒരു ഓണാട്ടുകരക്കഥ

.


" അതുകൊണ്ടാണ്‌ നിര്‍ബന്ധിക്കുന്നത്. നിങ്ങള്‍ വരണം. ഞങ്ങള്‍ക്കത് വലിയൊരുപകാരവും ആശ്വാസവുമാകും..." മൂക്കിന്‍ തുമ്പിലെത്തിയിരുന്ന കണ്ണട തള്ളി വച്ച് പാന്റ്സിന്റെ പ്ളീറ്റുകള്‍ അല്പം മുകളിലേക്കു വലിച്ച് കസേരയില്‍ ഒന്നമര്‍ന്നിരുന്നു ആഗതന്‍. നന്നായി വിയര്‍ക്കുകയും ചെയ്തിരുന്നു അയാള്‍.

എന്തു മറുപടിയാണ്‌ പറയേണ്ടത് എന്നാലോചിച്ചു ബുദ്ധിമുട്ടുകയയിരുന്നു. അപ്പോഴേക്കും ആഗതന്‍ വീണ്ടും തുടങ്ങി - "ഏറെ തെരക്കുണ്ടെന്നറിയാം. എങ്കിലും എങ്ങനെയെങ്കിലും ഒന്നഡ്ജസ്റ്റ് ചെയ്ത് എന്റൊപ്പം വരണം..."

പറയാന്‍ തുടങ്ങുകയായിരുന്ന ഒഴികഴിവ് അയാളൂടെ മുഖത്തെ ദൈന്യത കണ്ട് തൊണ്ടയില്‍ തന്നെ ഉടക്കി നിന്നു. നിമിഷങ്ങളും കുറെ വലിഞ്ഞു നീങ്ങി.

പി.എഫില്‍ നിന്ന് അവശേഷിക്കുന്ന തുക കൂടി പിന്‍ വലിച്ചാലും പലചരക്കു കടയിലും ഭാര്യയുടെ മെഡിക്കല്‍ ബില്ലിനും മക്കളൂടെ പുസ്തകക്കൂട്ടങ്ങള്‍ക്കും തികയാത്ത അവസ്ഥയോര്‍ത്തു തലപുകഞ്ഞിരിക്കുമ്പോഴായിരുന്നു ഈ മനുഷ്യന്‍ പടി കടന്നു വന്നത്.

എവിടെയോ കണ്ടിട്ടുള്ള ആളാണോ എന്നു സംശയം. ഈയിടെ അങ്ങനെയാണ്‌. ഭയങ്കര മറവി. നൂറു കണക്കിനാണ്‌ പരിചയക്കാര്‍. അതിനിടെ ഇങ്ങനെയൊരാള്‍.....

പക്ഷെ ആദ്യത്തെ ഏതാനും നിമിഷങ്ങളിലെ പകപ്പ് മാറിയപ്പോള്‍, പെട്ടെന്ന് അയാള്‍ പറഞ്ഞു " ഞാന്‍ ക്ഷേത്രപാലന്‍ പിള്ളയുടെ മകനാണ്‌. മുതുകുളത്തു നിന്ന്....."

അകത്തേക്കു ക്ഷണിച്ചു. ചെറിയ ജാള്യത തോന്നി, ആളേ ഓര്‍മ്മിക്കാന്‍ കഴിയാഞ്ഞതില്‍.

"അച്ഛന്‍...'' മുഖവുരയൊന്നും കൂടാതെ അയാള്‍ തുടങ്ങി. "അച്ഛനു തീരെ സുഖമില്ല... നിങ്ങളെ ഒന്നു കാണണം എന്നു വല്ലാത്ത നിര്‍ബന്ധം. ചിലപ്പോള്‍ നല്ല ബോധത്തോടു കൂടി സംസാരിക്കും. മറ്റു ചിലപ്പോള്‍ വിഡ്ഢികളെപ്പോലെ.... അല്ലെങ്കില്‍ വലിയ ജ്ഞാനിയെപ്പോലെ.... അമ്മയെപ്പോലും.....

ഇപ്പോള്‍ നിങ്ങളെ കാനണം എന്ന നിര്‍ബന്ധമാണെപ്പോഴും...

ഇട മുറിഞ്ഞ വാചകങ്ങളിലൂടെ അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു. മാനസിക നില തെറ്റിയ വൃദ്ധപിതാവിന്റെ ഡിപ്ലൊമാറ്റായ മകന്റെ ധര്‍മ്മസങ്കടത്തിന്റെ ആഴം അവയില്‍ പ്രകടമായിരുന്നു.

ഔദ്യൊഗികവും ഗാര്‍ഹികവുമായ ഒരുപാടു കെട്ടുപാടുകള്‍ക്കിടയിലാണ്‌ ഇങ്ങനെയൊരു നിയോഗം. പോവാന്‍ തന്നെ തീരുമാനിച്ചു. മറ്റേതെങ്കിലും കാര്യമായിരുന്നെങ്കില്‍....ഇതും കര്‍മ്മകാണ്ഡത്തില്‍ പെട്ടതു തന്നെയാവും!

"വരുമെന്നറിയാമായിരുന്നു. അച്ഛന്റെ കാര്യമായതുകൊണ്ട് ഒഴിഞ്ഞുമാറില്ലെന്നെനിക്കുറപ്പായിരുന്നു" ഡ്രൈവ് ചെയ്യുന്നതില്‍ തന്നെ ശ്രദ്ധപതിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. ക്ഷേത്രപാലന്‍ പിള്ളയുടെ മകന്‍ ഏറെ മാറിയിരിക്കുന്നു. പത്തു വര്‍ഷം മുന്‍പത്തെ മെലിഞ്ഞു നീണ്ട പയ്യനല്ല ഇപ്പോള്‍. ഒത്ത ഫിസിക്. കുഷനില്‍ ചാരിക്കിടന്നു. സംസാരം ഒഴിവാക്കാന്‍ ഒരാഗ്രഹം.

പത്തു വര്‍ഷം മുന്‍പ് വില്ലേജോഫീസില്‍ ഗുമസ്തനായി ആ നാട്ടിലെത്തിയതു മുതലുള്ള സംഭവങ്ങള്‍ വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. എന്നാണ്‌ എങ്ങനെയാണ്‌ പിള്ളച്ചേട്ടനെ ആദ്യമായി കണ്ടത്...? ദിവസംഓര്‍മ്മയില്ല.

മുതുകുളത്തു നിന്ന് സ്ഥലം മാറിയെങ്കിലും ഇടയ്ക്ക് രണ്ടു മൂന്നു തവണ കണ്ടപ്പോഴൊക്കെ പിള്ളച്ചേട്ടന്‍ തികച്ചും ആരോഗ്യവാനായിരുന്നു - ശാരീരികമായും മാനസികമായും.ഇപ്പോള്‍ പ്രത്യേകിച്ചു കാരണമൊന്നും....

വാര്‍ധക്യത്തില്‍ ആളുകള്‍ കൊതിക്കുന്നതെല്ലാം ചുറ്റിലും - സമ്പത്ത്, ഭാര്യ, പേരക്കുട്ടികള്‍....

പിന്നെ? പിന്നെന്താണ്‌?

കൂടിക്കുഴഞ്ഞ ചിന്തകള്‍ ഒരു രാത്രിയുടെ ഓര്‍മ്മയിലെത്തി തടഞ്ഞു നിന്നു. ക്ഷേത്രപാലന്‍ പിള്ള ഉള്ളു തുറന്ന ഒരു കുംഭമാസ രാത്രി. പാണ്ഡവര്‍ കാവില്‍ ഉല്‍സവമായിരുന്നു - കുംഭ ഭരണി. ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ഭരണിക്കാനത്രെ ക്ഷേത്രപാലന്‍ ഭൂജാതനായത്. കൃത്യമായി പറഞ്ഞാല്‍ മലയാള വര്‍ഷം ഒരുനൂറ്റൊന്ന് കുംഭത്തില്‍! നൂറ്റൊന്നിലെ വെള്ളപ്പൊക്കത്തില്‍ കുഞ്ഞു ക്ഷേത്രപാലനേയും കൊണ്ട് കഷ്ടപ്പെട്ട കഥ അമ്മ എന്നും പറയുമായിരുന്നത്രെ!

പിള്ളച്ചേട്ടന്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പോരാഞ്ഞിട്ട് ജൂബയുടെ പോക്കറ്റില്‍ ഒരു പൈന്റ് കൂടി കരുതിയിരുന്നു. അതില്‍ നിന്നൊരു കവിള്‍ മൊത്തി അയാള്‍ തുടങ്ങി.ഏകദേശം അരനൂറ്റാണ്ടു പിന്നില്‍ നിന്ന്. സായിപ്പന്മാരുടെ അവസാനകാലം. മന്ത്രവാദവും തട്ടിപ്പുമാണ്‌ തൊഴില്‍. ഗുരു ശങ്കുണ്ണി ആശാന്‍.

നാലഞ്ചു കൊല്ലം അങ്ങനെ കഴിഞ്ഞുപോയി. തിരുവിതാംകൂറും കൊച്ചിയും ഒക്കെ കടന്ന് മലബാറിലെത്തി. അങ്ങനെയാണ്‌ ഒരിക്കല്‍ പാലൊളിപ്പറമ്പിലെത്തിയത്. പ്രശ്നം ഒരു മുസ്ലിം യുവതിയുടെ പ്രേതം - ജലപ്രേതം! തൂതപ്പുഴയില്‍ മുങ്ങിമരിച്ച യുവതി ഗോമതി എന്നൊരു പെണ്‍കുട്ടിയില്‍ ആവേശിച്ചിരിക്കുകയാണ്‌. ഘോരമന്ത്രവാദം. ഏഴു ദിവസം. അര്‍ധരാത്രി മുതല്‍ വെളുപ്പിന്‌ മൂന്നു മണി വരെ. ഏഴാം ദിവസം നിലവിള്‍ക്കു തൊട്ടു സത്യം ചെയ്യിപ്പിച്ച് ഒഴിപ്പിച്ചു വിട്ടു.ാശാന്റെയും ശിഷ്യന്റെയും ഭാഗ്യത്തിന്‌ വീട്ടിനുള്ളിലെവിടെയോ ഒരു പൂച്ച ചാടി ഒരു ഓട്ടുകിണ്ടി തട്ടി മറിച്ചു.

"ഹെ! ദാ പോണു... പ്രേതം!!" ഒച്ചകേട്ട്, മന്ത്രവാദം കാണാന്‍ കൂടിയിരുന്നവരുടെയിടയില്‍ നിന്ന് ആരോ പറഞ്ഞു.

ഗോമത്യ്ക്കു വിമുക്തിയായി; ആശാനു പ്രശസ്തിയും. എല്ലാ കര്‍മങ്ങളിലും ആശാന്റെ കൂടെയുള്ള "പരികര്‍മ്മി"യുടെ ഊര്‍ജസ്വലത എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. പക്ഷെ, ഒരാഴ്ച കൊണ്ട് ആശാന്റെ സമര്‍ത്ഥനായ ശിഷ്യനും ഒരു ബാധ കൂടി.

പനങ്കുലത്തലമുടിയും കരിമിഴികളും! കുന്തി ക്ഷേത്രപാലന്റെ കണ്ണും കരളും നിറഞ്ഞു തുളുമ്പി!

ഗോമതിയുടെ അനിയത്തിയാണ്‌ കുന്തി.

പാലോളിപ്പറമ്പില്‍ നിന്നു മടങ്ങുമ്പോള്‍ അവളും ഒപ്പമുണ്ടായിരുന്നു. സമര്‍ത്ഥനായ ശിഷ്യന്റെ അതിലും സമര്‍ത്ഥനായ ഗുരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. ശിഷ്യനു പ്രായം ഇരുപത്തി രണ്ട്; കുന്തിയ്ക്ക് പതിനാറ്‌.

വിവാഹശേഷവും മന്ത്രവാദ പരിപാടികള്‍ തുടര്‍ന്നു. അപ്രതീക്ഷിതമായി ഒരു നാള്‍ ആശാന്‍ സ്വര്‍ഗം പൂകി. പിള്ള ഒറ്റയ്ക്കായി.എങ്കിലും തൊഴില്‍ തുടര്‍ന്നു. ഓണാട്ടുകരയില്‍ കുറച്ചു സ്ഥലം വാങ്ങി നാട്ടില്‍ തന്നെ സ്ഥിരതാമസംഅഅക്കണമെന്നത് അയാളുടെ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെ പിള്ളയുടെ ജീവിതത്തില്‍ മര്‍മപ്രധാനമായ ഒരു സംഭവം ഉണ്ടായി! ആയിരത്തിതൊള്ളാഅയിരത്തി അന്‍പതുകളുടെ തുടക്കം. ഒരു കറുത്തവാവു രാത്രിയില്‍ ആലപ്പുഴ ഇരുമ്പുപാലത്തിനടുത്തുള്ള വളവില്‍ വച്ച് പിള്ളയെ ഒരാള്‍ ഒരു പിടി പിടിച്ചു. നാഭിക്കൊരു പിടുത്തം. മുട്ടുകാലുവച്ച് അടിവയറ്റില്‍ ഒരു തൊഴി! അയാള്‍ക്കൊന്നും മനസ്സിലായില്ല. ബോധം അതിനു മുന്‍പേ അകന്നു പോയിരുന്നു. ഉണര്‍ന്നത് പോലീസ് സ്റ്റേഷനില്‍!

കമ്യൂണിസ്റ്റാണെന്നു തെറ്റിദ്ധരിച്ചു പിടികൂടിയതാണ്‌. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറുമുഖം ചെട്ടിയാര്‍ക്ക് ഇതൊരു ത്രില്ലാണ്‌. കളരി മര്‍മ്മ വിദ്യകള്‍ പഠിച്ച പയറ്റിത്തെളിഞ്ഞ അഭ്യാസിയാണത്രെ! സന്ധ്യ മയങ്ങുമ്പോള്‍ തന്റെ ഇംഗ്ലീഷ് റാലി സൈക്കിളില്‍ ഒരു നാടു ചുറ്റലുണ്ട് - ഒറ്റയ്ക്ക്. രണ്ടു സാദാ പോലീസുകാര്‍ കുറച്ചു ദൂരത്തായി പിന്നിലുണ്ടാകും. "കമ്യൂണിസ്റ്റ് പട്ടികളുടെ" ഉന്മൂല നാശമാണ്‌ തന്റെ അവതാരോദ്ദേശം എന്ന് കിട്ടുന്ന അവസരങ്ങളിലൊക്കെ ചെട്ടിയാര്‍ വെളിപ്പെടുത്താറുണ്ടത്രെ!

അതിന്റെ ഭാഗമായാണ്‌ ആ കറുത്തവാവു ദിവസം....
സ്റ്റേഷനിലുണ്ടായിരുന്ന ഒരു പോലീസുകാരന്‌ നല്ല പരിചയമുണ്ടായിരുന്നതുകൊണ്ടും, കമ്യൂണിസ്റ്റല്ല പ്രതി എന്ന് സര്‍ക്കിളിന്‌ ബോധ്യപ്പെട്ടതുകൊണ്ടും പിള്ള മോചിപ്പിക്കപ്പെട്ടു. അടിവയറ്റിലെ വേദന മാറാന്‍ മാസങ്ങളെടുത്തു. കുന്തി ഭര്‍ത്താവിനെ സ്നേഹപൂര്‍വം പരിചരിച്ചു. പിള്ള സദാ സര്‍ക്കിളിനെ പ്‌രാകിക്കൊണ്ടിരുന്നു. ഒടുവില്‍ പുന്നപ്ര വച്ച് സര്‍ക്കിളിന്‌ പൊതിരെ തല്ലു കിട്ടിയെന്നും, ട്രാന്‍സ്ഫറായെന്നും അറിഞ്ഞ ശേഷമാണ്‌ അയാല്‍ പ്‌രാക്കു നിര്‍ത്തിയത്!

കാലം കലങ്ങിയും തെളിഞ്ഞുമൊക്കെ ഒഴുകിക്കൊണ്ടിരുന്നു. കുറെക്കാലം വിട്ടുനിന്നതുകൊണ്ടോ, പുതിയ താരങ്ങള്‍ രംഗത്തിറങ്ങിയതുകൊണ്ടോ എന്തോ, പിള്ള ഫീല്‍ഡില്‍ നിന്ന് ഔട്ടായി. മന്ത്രവാദത്തിനായി ആരും സമീപിക്കാതെയായി. മറ്റു മാര്‍ഗമൊന്നുമില്ലാത്തതുകൊണ്ട് കുന്തി പണിക്കുപോയിത്തുടങ്ങി.

മെയ്യനങ്ങി ശീലമില്ലാത്തതുകൊണ്ട് പിള്ള പുതിയൊരു വഴി കണ്ടെത്തി. അയാള്‍ സ്ഥിരം ഉല്‍സവക്കമ്മറ്റികള്‍ക്കു പോകാന്‍ തുടങ്ങി. ഭാരവാഹിയുമായി. മന്ത്രവാദത്തിന്റെ ബാക്ക്‌ഗ്രൗണ്ടും സ്വന്തം നാമധേയം തന്നെയും ഒരു ക്ഷേത്രോപജീവിയാകാന്‍ അദ്ദേഹത്തെ സഹായിച്ചു. തനിക്ക് ഈ പേരിട്ട മാതാപിതാക്കളെ പിള്ള നന്ദിപൂര്‍വം സ്മരിച്ചു.

കമ്മറ്റി സെക്രട്ടറിയും ഖജാന്‍ജിയും വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായി. പണത്തിനു ഞെരുക്കം നേരിട്ടപ്പോള്‍ കുന്തി അവരില്‍ നിന്നും കൈവായ്പ വാങ്ങി. പിള്ള അതറിഞ്ഞു ചൂടായി. ഭാര്യ അയാളെ കുശലതയോടെ അനുനയിപ്പിച്ചു.

നീണ്ട ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അവള്‍ പ്രസവിച്ചു. തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളകളോടെ രണ്ടു തവണ കൂടി. ആദ്യത്തെ രണ്ടും ആണ്‍ കുട്ടികള്‍. കുന്തിയുടെ ഛായയായിരുന്നു കുട്ടികള്‍ക്ക്. മൂന്നാമത്തെ കുട്ടി പെണ്ണായിരുന്നു. അത് അധികം വൈകാതെ ചൂല പിടിച്ച് ചത്തു.

കുട്ടികളേയും അവരുടെ പരിപാലനത്തേയും കുറിച്ച് ആകുലതകളൊന്നും പിള്ള പ്രകടിപ്പിച്ചിരുന്നില്ല.(അവരിലൊരാള്‍ക്കും തന്റെ രൂപഭാവങ്ങളില്ലല്ലോ എന്നയാള്‍ ഉള്ളീല്‍ കുണ്ഠിതപ്പെട്ടിരുന്നു.) അയാള്‍ക്കതിനുള്ള സമയം ലഭിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. അതിന്റെ പേരില്‍ കുന്തിയുമായി ഒന്നു രണ്ടു തവണ ഉരസലുണ്ടായി. പെട്ടെന്നൊരു ദിവസം കര്‍ത്തവ്യങ്ങളെക്കുറിച്ച് അയാള്‍ ബോധവാനായി. മൂത്ത പുത്രനെ സ്കൂളില്‍ ചേര്‍ക്കണമെന്ന് പിള്ള തീരുമാനിച്ചു. അതിനോട് ഭാര്യയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. പ്രശ്നമുണ്ടായത് മറ്റൊരിടത്തായിരുന്നു.

തന്റെ പുത്രന്‌ ഭഗത് സിംഗ് എന്നു പേരിടാനാണ്‌ അയാള്‍ തീരുമാനിച്ചത്! വര്‍ഷങ്ങളായി മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു അത്.
കുന്തിക്ക് ആ പേര്‍ ഒട്ടും തന്നെ ഇഷ്ടമായില്ല.

"എന്റെ മോന്‍ പുലീം സിങ്ങോം ഒന്നുമാവണ്‍ട, നായരായാ മതി!" അവര്‍ പറഞ്ഞു.

തികഞ്ഞ ശിവഭക്തയായിരുന്നു കുന്തി. മകന്‌ ശിവന്റെ ഏതെങ്കിലും പേരിടാന്‍ അവര്‍ ആശിച്ചു. അല്ലെങ്കിലും ശിവകൃപകൊണ്ടാണല്ലോ ആറു വര്‍ഷങ്ങള്‍ക്കു ശേഷം...

പക്ഷേ സ്വാതന്ത്ര്യസമരവീരചരിത്രവും ഭഗത് സിങ്ങിന്റെ കരളുറപ്പും കര്‍ത്തവ്യബോധവുമൊക്കെ പൊതു പ്രവര്‍ത്തനത്തിലൂടെ ആയിടെ നേടിയെടുത്ത വാഗ് വൈഭവത്തിലൂടെ അയാള്‍ ഭാര്യയെ ധരിപ്പിച്ചു - അര മണിക്കൂറിനുള്ളില്‍. ഒടുവില്‍ മനസ്സില്ലാമനസ്സോടെ അവര്‍ വഴങ്ങി.

കുട്ടിയെ സ്കൂളില്‍ ചേര്‍ക്കണ്ട ദിവസം വന്നു.

പിള്ളയ്ക്ക് അത്യാവശ്യമായി കൊല്ലത്തുപോയേ തീരൂ. ഉല്‍സവക്കമ്മറ്റിയ്ക്കു വേണ്‍ടി നാടകം ബുക്ക് ചെയ്യണം. അങ്ങനെ മകനെ സ്കൂളില്‍ ചേര്‍ക്കുന്ന കര്‍മ്മവും ഭാര്യയില്‍ നിക്ഷിപ്തമായി. നാടകം ശരിയാക്കി തിരിച്ചെത്താന്‍ രണ്ടുമൂന്നു ദിവസമെടുത്തു. അതിനുള്ളില്‍ പുത്രന്‍ സ്കൂളില്‍ ചേര്‍ന്നു. അവന്റെ പേര്‌ സ്കൂള്‍ രജിസ്റ്ററില്‍ ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടു - കെ.നീലകണ്ഠന്‍ പിള്ള. തിരിച്ചു വന്ന ക്ഷേത്രപാലന്‍ പിള്ള ഭാര്യയുമായി അവസാന അങ്കം വെട്ടി. മക്കളുടെ കാര്യത്തില്‍ അയാളേക്കാള്‍ എന്തുകൊണ്ടും അവകാശം തനിക്കണെന്ന് കുന്തി ചൊടിച്ചു കൊണ്ടു പറഞ്ഞു. അവളില്‍ നിന്ന് അത്രയും അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ക്കതിനു മറുപടിയും ഉണ്ടായിരുന്നില്ല.

അന്നു രാത്രി പിള്ള വണ്ടി കയറി. എവിടേയ്ക്കെന്ന് പ്രത്യേക ലക് ഷ്യമൊന്നുമുണ്ടായിരുന്നില്ല. പിന്നെ എട്ടു പത്തു വര്‍ഷം അവിടുത്തുകാര്‍ അയാളെ കണ്ടില്ല.

അങ്ങനെയിരിക്കെ ഒരു നാള്‍ പുലര്‍ച്ചയ്ക്ക് പിള്ള നാട്ടില്‍ പ്രത്യക്ഷപ്പെട്ടു. 'ഇത്രകാലം കലാനിലയം നാടകക്കമ്പനിയിലായിരുന്നു. ഇപ്പോള്‍ മതിയാക്കി വന്നിരിക്കുകയാണ്‌' നാട്ടുകാര്‍ ഇത്രമാത്രം അറിഞ്ഞു. കുന്തി നിറഞ്ഞ ചിരിയോടെ ഭര്‍ത്താവിനെ എതിരേറ്റു. തന്റെ ഭാര്യയുടെ യൗവനത്തിന്‌ തിളക്കം കൂടിയിരിക്കുന്നോ എന്നയാള്‍ക്കു തോന്നി. കുട്ടികള്‍ അകന്നു നില്‍ക്കുകയായിരുന്നു. അമ്മ മക്കളേ അച്ഛനു പരിചയപ്പെടുത്തി. മൂത്തവന്‍ നീലകണ്ഠന്‍, അനിയന്‍ സദാശിവന്‍.

കുന്തി വീടു പുലര്‍ത്താന്‍ നന്നായി പഠിച്ചിരിക്കുന്നു. രണ്ടു പശുക്കള്‍, കോഴി, താറാവ്, പച്ചക്കറികൃഷി.... കുട്ടികളുടെ പഠിപ്പ് കൃത്യമായി നടക്കുന്നു. അങ്ങനെ...

മൂത്ത മകന്‍ എസ്.എസ്.എല്‍.സി. പാസ്സായി. പിള്ളയ്ക്ക് അത്ഭുതം.
"അവനെ കോളേജിലയച്ച് പഠിപ്പിക്കണം" ഭാര്യ പറഞ്ഞു. അയാള്‍ മൂളി. അവള്‍ തീരുമാനിച്ചു കഴിഞ്ഞു. അയാള്‍ക്കൊന്നും ചെയ്യാനില്ലായിരുന്നു. പണത്തിനും ഉപദേശത്തിനുമൊക്കെ മക്കള്‍ അമ്മയെ സമീപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു തോന്നിയപ്പോള്‍ അവര്‍ പശുക്കളെ വിറ്റു. ക്രമേണ കുന്തിയമ്മ പാപ്പരായി.

പിള്ള ആരുടെയെങ്കിലും കയ്യില്‍ നിന്ന് കടം വാങ്ങി ഭാര്യയെ ഏല്പ്പിക്കും. മക്കള്‍ ആവശ്യമുള്ളത് അമ്മയില്‍ നിന്നു വാങ്ങും. അപ്പോഴും കൂടുതലെന്തെങ്കിലും ചെയാനുള്ളതായി അയാള്‍ക്കുണ്ടായിരുന്നില്ല; തോന്നിയതുമില്ല.
പ്രീഡിഗ്രി കഴിഞ്ഞ് ഉഴപ്പി നടന്നിരുന്ന മൂത്ത മകന്‍ കടം വങ്ങിയ പണവുമായി കമ്പനി ജോലി തേടി പോയി. ആദ്യമാദ്യം കത്തുകള്‍ വന്നിരുന്നു. ഇടയ്ക്കെപ്പോഴോ അതും നിന്നു.
ഇളയ മകന്‍ എം.കോം വരെ പഠിച്ചു. ട്യൂട്ടോറിയല്‍ അദ്ധ്യാപനം. ഇന്റര്‍ വ്യൂകള്‍...അങ്ങനെ കഴിയുന്നു. ഇപ്പോള്‍ മദ്രാസിലെ ഒരു വലിയ കമ്പനിയില്‍ ഇന്റര്‍ വ്യൂവിനു ക്ഷണിച്ചിരിക്കുന്നു.

കഥപറച്ചിലിന്റെ അവ്സാനം പിള്ളച്ചേട്ടന്‍ കരയാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു "പണം വേണം ഇനിയും.... ഞാന്‍ എവിടുന്നുണ്ടാക്കും....."

രാവേറെയായി. പണത്തിനു വഴിയുണ്ടാക്കാമെന്നു സമാധാനിപ്പിച്ച് വീട്ടിലേക്കു കൊണ്ടു പോയി. ഇപ്പോള്‍ തന്നെ നല്ലൊരു തുക തനിക്ക് പിള്ളച്ചേട്ടന്‍ തരാനുണ്ട്. തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടേ ഇല്ല. കലാനിലയം നാടകങ്ങളോടുള്ള പ്രണയമാണ്‌ തന്നെ പിള്ളച്ചേട്ടനോട് അടുപ്പിച്ചത് എന്ന് പെട്ടെന്നോര്‍ത്തു. നാടകങ്ങളും അവയ്ക്കുള്ളിലെ നാടകങ്ങളും ചേര്‍ത്ത് ചേട്ടന്‍ പറയുന്ന് കഥകള്‍ കേട്ട് എത്ര രാവുകള്‍....അല്പം ലഹരിപിടിച്ചാല്‍ പുരാണങ്ങളും വേദാന്തവും കൂടിക്കലരും കഥകളില്‍.

വീടെത്താറായപ്പോള്‍ പിള്ളച്ചേട്ടന്‍ വീണ്ടൂം വികാരാധീനനായി. മദ്യലഹരിയോ, എന്നോടുള്ളസ്നേഹമോ എന്തോ, കുഞ്ഞുങ്ങളെപ്പോലെ കരയാന്‍ തുടങ്ങി. "എനിക്കു നീ മോനെപ്പോലെയാടാ...അല്ലടാ... മോന്‍ തന്നെയാ..."

പിറ്റേ ദിവസം പിള്ളച്ചേട്ടനെ കണ്ടില്ല.

അടുത്ത ദിവസം.

ക്ഷേത്രപാലന്‍ പിള്ളയുടെ മുഖത്ത് ജാള്യത പ്രകടമായിരുന്നു. ഒരു രാത്രിയിലെ വെളിവുകേട് ഒരു ജന്മം ഉള്ളില്‍ കാത്തതു മുഴുവന്‍ പുറത്തു ചാടിച്ചു. അയാള്‍ പശ്ചാത്തപിക്കുന്നുണ്ടാവും.

അന്ന് കാര്യമായൊന്നും സംസാരിച്ചതു തന്നെയില്ല. വെറുതെ വരാന്തയില്‍ ചാരിയിരുന്നു. അടുത്ത ദിവസം പി.എഫില്‍ നിന്ന് പണമെടുത്തുകൊടുത്തു. പിള്ളച്ചേട്ടന്‌ ശ്വാസം നേരെ വീണു.ആയാള്‍ ഒരു വിതുമ്പലിന്റെ വക്കിലായിരുന്നു.

മകന്‌ ജോലി ശരിയായി. നല്ല പോസ്റ്റാണ്‌. താമസിയാതെ കേരളത്തില്‍ പൊസ്റ്റിംഗ് കിട്ടിയേക്കും.

ഇതിനിടെ മൂത്ത പുത്രന്‍ വന്നു - ഏഴെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം. ഒപ്പം കഴുത്തിലും കാതിലും കയ്യിലുമൊക്കെ വെള്ളി ആഭരണങ്ങള്‍ അണിഞ്ഞ ഒരു ഗുജറാത്തി സ്ത്രീയും. കുട്ടികളായിട്ടില്ലത്രെ. ഒരാഴ്ച്ച വീട്ടില്‍ തങ്ങി. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി അവര്‍ മടങ്ങി.

ക്ഷേത്രപാലന്‍ പിള്ളയുടെ കുടുംബം കരകയറുകയഅയിരുന്നു, ക്രമേണ. ഇളയ മകന്‍ തറവാട്ടില്‍ താമസമാക്കി. ഭാര്യയും രണ്ടു കുട്ടികളും. അയാളുടെ വിവാഹത്തിനു ക്ഷണമുണ്ടായിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. എല്ലാ കൊല്ലവും പാണ്ഡവര്‍കാവ് അമ്പലത്തിലെ ഉല്‍സവത്തിന്‌ പിള്ളച്ചേട്ടന്‍ ക്ഷണിക്കുമെങ്കിലും പോകാന്‍ കഴിഞ്ഞിട്ടില്ല. പത്തു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ്‌....

ഓര്മ്മകളില്‍ നിന്നുണര്‍ന്ന് വെളിയിലേക്കു നോക്കി. ഇല്ല. ഇനിയുമുണ്ട് ഏറേ ദൂരം. ചാഞ്ഞുകിടന്ന് അറിയാതെ ഉറങ്ങിപ്പോയി. ഇരുവശവും ശീമക്കൊന്നകള്‍ വളര്‍ന്നു നില്‍ക്കുന്ന വഴിയുടെ അവസാനം കാര്‍ നിന്നു.

"വന്നാട്ടെ...."പിള്ളച്ചേട്ടന്റെ മകന്‍ വീട്ടിലേക്ക് ക്ഷണിച്ചു.

സ്വീകരണമുറിയില്‍ രണ്‍റ്റു കുട്ടികള്‍. എന്തിനോ വേണ്‍ടി പിടിവലിയിലാണ്‌. പുറത്തു നിന്നാരോ വന്നിരിക്കുന്നു എന്നറിഞ്ഞ നിമിഷം ഇരുവരും നിശബ്ദരായി.വി.സി.പി. യില്‍ ഏതോ വീഡിയോ ഗെയിംസ്. സദാശിവന്റെ ഒരു നോട്ടത്തില്‍ തന്നെ കുട്ടികള്‍ അത് ഓഫ് ചെയ്ത് മുറ്റത്തേക്കു പോയി.

സെറ്റിയിലിരുന്നു. പിള്ളച്ചേട്ടനെ കാണാന്‍ ധൃതി. ഇതിനിടെ സദാശിവന്‍ അച്ഛന്റെ രോഗത്തെപ്പറ്റി ഒരു ചെറു വിവരണം നടത്തി.
സംശയവും വെറുപ്പുമാണ്‌ അച്ഛന്‌... ഞങ്ങളെയെല്ലാവരേയും. ചിലപ്പോ വല്ലാതെ വയലന്റാവും. അതു സഹിക്കാം. പക്ഷേ അമ്മയോടുള്ള പെരുമാറ്റം....

ഒന്നു നിര്‍ത്തി അയാള്‍ അമ്മയെ വിളിച്ചു.

കുന്തിയമ്മ നന്നായി ചീര്‍ത്തിരിക്കുന്നു. മുഖത്തെ ദൈന്യഭാവം മറച്ചുവച്ച് ചിരിക്കാന്‍ ശ്രമിച്ചു അവര്‍. അകത്തെ മുറിയിലേക്കു കയറി. വെളുത്ത മുഴുക്കയ്യന്‍ ജുബ്ബയും ഖദര്‍ മുണ്ടും ധരിച്ച് ക്ഷേത്രപാലന്‍ പിള്ള നീണ്ടു നിവര്‍ന്നു കിടക്കുകയാണ്‌. കട്ടിലിനരികിലിരുന്നു. കയ്യെടുത്തു പിടിച്ചു. നന്നേ തണുത്തിര്‍ക്കുന്നു.

" അച്ഛാ..." മകന്‍ മെല്ലെ വിളിച്ചു. ഒന്നു രണ്ടു തവണ ആവര്‍ത്തിച്ചപ്പോള്‍ കണ്ണു തുറന്നു. മകന്റെ മുഖത്ത് ആശങ്കയുണ്ടായിരുന്നു. പക്ഷേ അയാള്‍ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല.

ശാന്തമായിരുന്നു ആ മുഖം. പ്രത്യേകിച്ചൊന്നും കാണുന്നില്ല എന്ന മട്ടില്‍.

"മനസ്സിലായോ..... ആരാണെന്ന്‌?" മകന്‍ ചോദിച്ചു. പിള്ള തലയാട്ടി.

അനന്തരം കണ്ണും മുഖവും കൊണ്ട് ആംഗ്യം കാണിച്ചു; മകനോടും ഭാര്യയോടും പുറത്തു പോകാന്‍.

മുഖത്തു നോക്കിത്തന്നെ കുറേ നേരമിരുന്നു.

പിള്ളച്ചേട്ടന്റെ കണ്ണില്‍ നനവു പടര്‍ന്നു. അത് പാര്‍ശ്വങ്ങളിലേക്കൊഴുകി.

പതിയെ ചോദിച്ചു "എന്തിനാ വിളിപ്പിച്ചെ...?"

മിനിറ്റുകള്‍ കുറെ കടന്നു പോയി. ഏതോ ഒരു നിമിഷം അദ്ദേഹം സംസാരിച്ചു തുടങ്ങി. വിലയില്ലായ്മയിലൂടെ ആഢ്യത്വത്തിലെത്തിയ യാത്രയെക്കുറിച്ച്..... ജീവിതത്തില്‍ എന്തൊക്കെയോ നേടുന്നു, ആയിത്തീരുന്നു എന്ന് വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെക്കുറിച്ച്....

ആരുമല്ല, ആരുമില്ല തന്റേതായി എന്നൊരു ബോധം ആ മനസ്സിലുറയ്ക്കുകയായിരുന്നു, കാലക്രമത്തില്‍.

എല്ലാം കേട്ടിരുന്നു. താന്‍ പിള്ളച്ചേട്ടന്‌ ആരാണ്‌....അതിശയിച്ചിരുന്നു പോയി.....ജന്മാന്തരബന്ധങ്ങള്‍ എന്നു കേട്ടിട്ടേ ഉള്ളൂ..... ഇത് അങ്ങനെയൊന്നാണോ...?

ചിന്തയുടെ വല്‍മീകം പൊട്ടിച്ച് പിള്ളച്ചേട്ടന്റെ സ്വരം മുഴങ്ങി " ഞാന്‍ ചത്തു പോകുമെടൊ, ഉടന്‍ തന്നെ.... മിനിയാന്നും ഞാന്‍ കണ്ടു. ഒരു കൈ... ഒരു കൈ മാത്രം നീരിറ്റിച്ചു തരുന്നു... അത്....

പെട്ടെന്ന് കൈ പിടിച്ചു നെഞ്ചില്‍ വച്ച് പിള്ളച്ചേട്ടന്‍ പറഞ്ഞു " അത് ഈ കൈ ആയിരുന്നു!"

" ഈ കര്‍ക്കിടകം ഞാന്‍ മുഴുമിക്കില്ല......" അദ്ദേഹത്തിന്റെ കണ്ണുകളില്‍ അസാധാരണമായ തിളക്കമുണ്ടായിരുന്നു അതു പറയുമ്പോള്‍.

പിന്നില്‍ കാല്‍പ്പെരുമാറ്റം. കുന്തിയമ്മയാണ്‌. രണ്ടു ഗ്ലാസില്‍ ചായ.

"ഞാന്‍ ബസ്സിനാണ്‌ മടങ്ങുന്നത്." യാത്ര പറയുന്നേരം സൂചിപ്പിച്ചു. സദാശിവന്‍ നിര്‍ബന്ധിച്ചു, കാറില്‍ കൊണ്ടു വിടാമെന്ന്. എന്തോ മനസ്സു വന്നില്ല.

"വഴിയിലൊരിടത്തിറങ്ങണം. ഒന്നു രണ്‍ടു കാര്യങ്ങള്‍ സാധിക്കാനുണ്ട്." വെറുതെ കള്ളം പറഞ്ഞു. എന്തോ അങ്ങനെ പറയാനാണ്‌ തോന്നിയത്.

ബസ് സ്റ്റേഷനില്‍ ഡ്രോപ് ചെയ്തു സദാശിവന്‍. അച്ഛന്‍റ്റെ അവസാന ആഗ്രഹം സാധിച്ചു കൊടുത്ത സംതൃപ്തി ആ മുഖത്തു വായിച്ചെടുക്കാം. തെരക്കുണ്ടായിരുന്നെങ്കിലും ഭാഗ്യവശാല്‍ ഒരു സൈഡ് സീറ്റു കിട്ടി. ക്ഷീണം കൊണ്ടാവും, സുഖകരമായൊരു മയക്കം. ഒരു സ്വപ്നം കണ്ടു. ക്ഷേത്രപാലന്‍ പിള്ളയുടെ ഉദകക്രിയ. തറ്റുടുത്ത് മുട്ടുകാലിലിരിക്കുകയാണ്‌ താന്‍. സാമ്പ്രാണിത്തിരിയുടെ ഗന്ധം. ചുറ്റും എന്തൊക്കെയോ മന്ത്രിക്കപ്പെടുന്നു.

പക്ഷേ, പെട്ടെന്ന്... എന്താണൂ സംഭവിച്ചതെന്നറിയില്ല...

ഉഴിഞ്ഞയും ദര്‍ഭയും എള്ളും പൂവും ചിതറിക്കിടക്കുന്നു....

വിളക്കില്‍ കരിന്തിരി പുകയുന്നു...

ശക്തമായ ഒരു കുലുക്കത്തിലാണ്‌ ഞെട്ടിയുണര്‍ന്നത്. വണ്‍ടി ഒരു ഞരക്കത്തോടെ നടുറോഡില്‍. കണ്ണു തിരുമ്മി പുറത്തേക്കു നോക്കി.

ഏതോ വഴിപോക്കന്‍ കുറുകെ ചാടിയതാണ്‌. ബസ് വീണ്ടും ചലിച്ചു തുടങ്ങി.

കരിന്തിരിയെരിയുന്ന മനസ്സുമായി സീറ്റില്‍ ചാഞ്ഞിരുന്നു.

പാതി വഴി പോലും കഴിഞ്ഞിട്ടില്ല, വീടെത്താന്‍.....

33 comments:

എറക്കാടൻ / Erakkadan said...

ഓരോ വരികളും മനസ്സിനെ ടച്ച് ചെയ്യിച്ചു

ManzoorAluvila said...

വിലയില്ലായ്മയിലൂടെ ആഢ്യത്വത്തിലെത്തിയ യാത്രയെക്കുറിച്ച്..... ജീവിതത്തില്‍ എന്തൊക്കെയോ നേടുന്നു, ആയിത്തീരുന്നു എന്ന് വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെക്കുറിച്ച്....
ആരുമല്ല, ആരുമില്ല തന്റേതായി എന്നൊരു ബോധം ...ഒരു കൈ മാത്രം നീരിറ്റിച്ചു തരുന്നു... അത്....
" അത് ഈ കൈ ആയിരുന്നു!”
മനസ്സിൽ വല്ലാത്തൊരു തേങ്ങലായ്‌ ഈ വരികൾ...നന്നായിരിക്കുന്നു..ആശംസകൾ

താരകൻ said...

വളരെ നന്നായി എഴുതിയിരിക്കുന്നു..പലവരികളും മനസ്സിലുടക്കി..ആശംസകൾ

shine | കുട്ടേട്ടൻ said...

നന്നായി എഴുതിയിരിക്കുന്നു..Jayan..

വാഴക്കോടന്‍ ‍// vazhakodan said...

വളരെ നന്നായിരിക്കുന്നു കഥ. നന്നായി എഴുതി! ആശംസകള്‍!

jayanEvoor said...

ഏറക്കാടന്‍
മന്‍സൂര്‍
താരകന്‍
കുട്ടേട്ടന്‍
വാഴക്കോടന്‍
ഈ ഓണാട്ടുകരക്കഥ വായിച്ചു കുറിപ്പെഴുതിയ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി!

ചേച്ചിപ്പെണ്ണ് said...

നല്ല കഥ ...

Rare Rose said...

നല്ല കഥ.അവസാനം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.

Rani said...

A touching story...very nice..

Captain Haddock said...

ഇത് പണ്ട് ഒന്ന് പോസ്ടിയത് അല്ലെ ?

VEERU said...

as usual വളരെ മനോഹരം
ആശംസകൾ

കണ്ണനുണ്ണി said...

എവിടെയൊക്കെയോ മനസ്സിനെ നന്നായി സ്പര്‍ശിക്കുന്ന വരികള്‍ കണ്ടു.
പിന്നെ മുതുകുലവും, പാണ്ഡവര്‍ കാവും ഒക്കെ രാമപുരം കാരനായ എനിക്ക് എത്ര നൊസ്റ്റാള്‍ജിയ ഉണ്ടാക്കും എന്ന് അറിയാമല്ലോ

Sreedevi said...

ജയേട്ടാ,ഏറെ കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ..ചില ബന്ധങ്ങള്‍ അങ്ങനെ ആണ് .. എന്താണ് നമ്മളെ ചേര്‍ത്ത് നിര്‍ത്തുന്നത് എന്ന് അറിയില്ല..എങ്കിലും അങ്ങനെ ഒന്നുണ്ട്...അത് സത്യവുമാണ്...

jayanEvoor said...

ചേച്ചി പ്പെ ണ്ണ്
റെയര്‍ റോസ്
റാണി
വീരു
കണ്ണനുണ്ണി
ശ്രീദേവി...
എല്ലാവര്ക്കും നന്ദി!

ക്യാപ്ടന്‍ ഹാഡോക്ക്....
ശരിയാണ് .... പക്ഷെ
അന്ന് ഇതാരും വായിച്ചില്ല!

Mahesh Cheruthana/മഹി said...

വളരെ നന്നായി എഴുതിയിരിക്കുന്നു! ആശംസകള്‍!

കുമാരന്‍ | kumaran said...

കൈത്തഴക്കമുള്ള മനോഹരമായ കഥ.

Typist | എഴുത്തുകാരി said...

ഞാന്‍ കണ്ടില്ലായിരുന്നൂട്ടോ.

എനിക്കേറ്റവും ഇഷ്ടപ്പെട്ടതു് ആ പേരുകളാണ്. ക്ഷേത്രപാലന്‍പിള്ളയും കുന്തിയും. താന്‍ ആരുമല്ല, തനിക്കു ആരുമില്ല എന്ന തോന്നല്‍ വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്.

ശാരദനിലാവ്‌ said...

കരുത്തുറ്റ , പക്വതയാര്‍ന്ന, വരികളെ ചിന്തേറിട്ടു മിനുക്കിയ ഉജ്വലമായ രചന ... മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍
അഭിനന്ദനങ്ങള്‍ .. വീണ്ടും വരും .

ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ട , തീര്‍ത്തും അപരിചിതരായവരില്‍ ആശ്വാസം തേടുന്ന ക്ഷേത്രപാലന്‍ പിള്ള ചിലപ്പോഴൊക്കെ നമ്മള്‍ തന്നെ അല്ലെ

ഭായി said...

കഥ വായിച്ചു, ഇഷ്ടപെട്ടു.
ശരിക്കും ഒരു സാധാരണക്കാരന്റെ മനസ്സിലുണ്ടാകുന്ന വരികള്‍,{##കര്‍മ്മകാണ്ഡത്തില്‍## ഇതൊഴികെ
:-)}

പരിചയപ്പെടാന്‍ കഴിഞതില്‍ അതിയായ സന്തോഷമുണ്ട്
വീണ്ടും വരാം....

ഖാന്‍പോത്തന്‍കോട്‌ said...

(@ @)
-(_)---Ooo------+
കണ്ടു.. വായിച്ചു..
ഇഷ്ടമായി
----------------+
|__|__|
|| ||
ooO Ooo

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വല്ലാതെ അസ്വസ്ഥമാക്കിക്കളഞ്ഞു... ശരിക്കും ഒരു വല്ലാത്ത ഫീലിങ്ങ്...
തുടരുക..ആശംസകൾ

jayanEvoor said...

മഹി
കുമാരന്‍
എഴുത്തുകാരി ചേച്ചി
ശാരദ നിലാവ്
ഭായി
ഖാന്‍ പോത്തന്കോട്
പ്രവീണ്‍...

ഈ ഓണാട്ടുകരക്കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

നന്ദി. വീണ്ടും വരിക!

ശ്രീ said...

നല്ല കഥ മാഷേ... ടച്ചിങ്ങ്!

Thasleem.P തസ്ലിം.പി said...

സന്തോഷവും വിശുദ്ധിയും നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍......

ഗീത said...

ജന്മാന്തര ബന്ധങ്ങള്‍ തന്നെ.
കഥ ഇഷ്ടമായി.

(ഇത് വെറും ഒരു കഥയല്ല എന്നും ഒരു തോന്നല്‍)

പാട്ടോളി, Paattoli said...

കഥ നന്നായി,
പക്ഷേ.....
അവസാനം,
അതത്ര ശെരിയായില്ല !!

pattepadamramji said...

"വിലയില്ലായ്മയിലൂടെ ആഢ്യത്വത്തിലെത്തിയ യാത്രയെക്കുറിച്ച്..... "
ഒരു സാധാരണക്കാരണ്റ്റെ മനസ്സിനെ നന്നായി വരച്ചിരിക്കുന്നു.
ഇഷ്ടപ്പെട്ടു....

jayanEvoor said...

ശ്രീ
തസ്ലീം
ഗീത
പാട്ടോളി
രാം ജി

ഓണാട്ടുകരക്കഥ വായിച്ചു അഭിപ്രായമെഴുതിയതിനു നന്ദി!

പാട്ടോളി....
വട്ടോളിക്കഥകള്‍ ഒന്ന് വായിക്കൂ...
ഇഷ്ടപ്പെട്ടേക്കും!
ദാ ലിങ്ക്
http://jayandamodaran.blogspot.com/2009/09/blog-post.html

വശംവദൻ said...

കഥ കൊള്ളാം. നല്ല എഴുത്ത്.

ആശംസകൾ

പഥികന്‍ said...

നല്ല ശൈലി. വളരെ സിമ്പില്‍.

ആശംസകള്‍

bilatthipattanam said...

പഴയകാലങ്ങലൂടേ ,ദു:ഖകയത്തിലൂടെ ,വളരെ നല്ല എഴുത്തിലൂടെ ഞങ്ങളെയെല്ലാം വലിച്ചിഴച്ചുകൊണ്ടുപോയല്ലൊ...ജയൻ ,താങ്കൾ ഈ കഥയിലൂടെ..
അസ്സലായിരിക്കുന്നൂട്ടാ...

മാണിക്യം said...

‘ജീവിതത്തില്‍ എന്തൊക്കെയോ നേടുന്നു,
ആയിത്തീരുന്നു എന്ന് വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ച്
....’ഒരര്‍ഥത്തില്‍ അല്ലങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ എല്ലാവരും ചെയ്തു പോരുന്നത് ഇതു തന്നെ..

ആരുമല്ല, ആരുമില്ല എന്ന തോന്നല്‍ ഏറ്റവും നിസ്സഹായതയും നിരാശയും നിറക്കും.
ഒരു ഓണാട്ടുകരക്കഥയിലൂടേ അതു നന്നായി പറഞ്ഞു.

jayanEvoor said...

വശംവദൻ

പഥികൻ

ബിലാത്തിച്ചേട്ടൻ

മാണിക്യം ചേച്ചി

നിങ്ങളൂടെയോരോരുത്തരുടെയും നല്ല വാക്കുകൾക്കു നിറഞ്ഞ നന്ദി!