Monday, October 5, 2009

വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി

മുത്തശ്ശി മരിച്ചു.

രണ്ടാഴ്ചയായി സുഖമില്ലാതിരിക്കുകയായിരുന്നു.

വീട്ടില്‍ നിന്നിപ്പോൾ പോകാനായി ഞാന്‍ മാത്രമേ ഉള്ളൂ..... അമ്മയാണെങ്കില്‍ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്‌. യാത്ര ചെയ്യാനാവില്ല.എത്രയും പെട്ടെന്നു പോകണം.

മലപ്പുറത്തേക്കാണ്‌ എന്നു പറഞ്ഞപ്പോള്‍ അളിയനും കൂടെ വരാം എന്നു പറഞ്ഞു. ഓരോ തവണ പെരിന്തല്‍മണ്ണയ്ക്കു യാത്രചെയ്യുമ്പോഴും ആലോചിക്കും കല്യാണം കഴിക്കാൻ അച്ഛന്‍ കാണിച്ച സാഹസത്തെ കുറിച്ച്!

വര്‍ഷത്തിലൊരിക്കല്‍ ഒരു പകല്‍ മുഴുവന്‍ നീളുന്ന യാത്രകള്‍... എത്ര വര്‍ഷം....

ഇപ്പോള്‍ യാത്രകള്‍ കുറഞ്ഞു. ബന്ധുക്കള്‍ പല വഴിക്കായി.ചിലര്‍ വിദേശത്ത്, മറ്റു ചിലര്‍ അന്യ സംസ്ഥാനങ്ങളില്‍......

ബന്ധങ്ങള്‍ എത്ര വേഗമാണ്‌ കാലം മായ്ച്ചു കളയുന്നത്.

കൊല്ലത്ത് താമസിക്കുന്ന തന്റെ കുട്ടികള്‍ക്ക് ഇവരിലൊരാളെ പോലും അറിയില്ല.

അമ്മയുടെ വീട് ഒരു അല്‍ഭുതമായിരുന്നു കുട്ടിക്കാലത്ത്. അതിന്‌ ഒരു കിലോമീറ്റര്‍ തെക്കോ,വടക്കോ,കിഴക്കോ,പടിഞ്ഞാറോ ഒരു ഹിന്ദു വീടു പോലുമില്ല ഇന്നും.  അമ്മാവന്‍ പുതുതായി വച്ച വീടൊഴികെ!

തറവാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിവരുന്നത് ഓടു മേഞ്ഞ കൂരയ്ക്കു കീഴില്‍ ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാണ്‌.

മുത്തച്ഛന്റെ കുട്ടിക്കാലം മുതല്‍ അമ്മയുടെ കല്യാണം വരെയുള്ള ഫോട്ടോകള്‍....

ഡിഗ്രി സര്‍ട്ടിഫിക്കറ്റും പിടിച്ച് വക്കീലന്മാരുടെ പോലത്തെ കോട്ടുമിട്ട് നേര്‍ത്തൊരു പുഞ്ചിരിയുമായി അമ്മ നില്‍ക്കുന്ന ഒരു ഫോട്ടോയുമുണ്ടായിരുന്നു കൂട്ടത്തില്‍.

എങ്കിലും എനിക്കേറ്റവും ഇഷ്ടം മുത്തച്ഛന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ ആയിരുന്നു. വിടര്‍ന്ന ചിരിയോടെയുള്ള ഒരു പത്തു വയസ്സുകാരന്റെ മുഖം....!

എന്തേ ആ ചിരി തനിക്കോ മറ്റേതെങ്കിലും കൊച്ചുമക്കള്‍ക്കോ കിട്ടിയില്ല എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും.

കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയ്ക്കു പോയപ്പോള്‍ മുത്തശ്ശിയോട് ചോദിച്ചിരുന്നു ആ ഫോട്ടോകള്‍ ഒക്കെ താന്‍ എടുത്തോട്ടേ എന്നു . അതില്‍ തൊടാന്‍ കൂടി മുത്തശ്ശി സമ്മതിച്ചില്ല!

മുത്തശ്ശന്റെയുള്‍പ്പടെ ഒരു കാലഘട്ടത്തിന്റെ ചിത്രങ്ങള്‍. പലപ്പൊഴും തോന്നിയിട്ടുണ്ട് ഇതിലൊന്നും മുത്തശ്ശിയല്ലാതെ ആര്‍ക്കും ഒരു താല്‍പ്പര്യവുമില്ലല്ലോ എന്ന്....!

മുത്തശ്ശനെ ഞാന്‍ കണ്ടിട്ടില്ല. കണ്ടതായി ഓര്‍മ്മയില്ല എന്നു പറയുന്നതാവും ശരി. എനിക്ക് ഒന്നര വയസ്സുള്ളപ്പോളായിരുന്നു അദ്ദേഹം മരിച്ചത്.

മരിക്കുന്നതിന്‌ ഏതാനും വര്‍ഷം മുന്‍പെടുത്ത ഒരു ഫോട്ടോയും പിന്നെ കുട്ടിക്കാലത്തെ ആ പുഞ്ചിരി ഫോട്ടോയും മാത്രമേ കണ്ടിട്ടുള്ളൂ....

അന്ന് ഒരു ദിവസം ഒറ്റയ്ക്കിരിക്കുമ്പോള്‍ മുത്തശ്ശിയെ പിടികൂടി. ധാന്വന്തരം കുഴമ്പും, കസ്തൂര്യാദി ഗുളികയും, രാസ്നാദിപ്പൊടിയും കാഴ്ച വച്ചു. സോപ്പിടാനൊന്നുമല്ല. അതൊരു ശീലമായിരുന്നു കുറെക്കാലമായി.

" ഉം... മുത്തശ്ശിയ്ക്ക് മുത്തച്ഛനോടുള്ള സെന്റിമെന്റ്സ് ഇതു വരെ മാറീല്യ, ല്ലേ..?"

ഞാന്‍ ചോദിച്ചു.

മുത്തശ്ശി ചിരിച്ചു.

"മുത്തച്ഛന്റെ ഈ കുട്ടിക്കാലത്തെ ഫോട്ടോ എങ്കിലും ഞാനെടുത്തോട്ടേ?" ഞാന്‍ വീണ്ടും ശ്രമം തുടങ്ങി.

"അതിന്‌ അത് നെന്റെ മുത്തശ്ശന്റെ ഫോട്ടോ, അല്ലല്ലോ..." മുത്തശ്ശിയുടെ മറുപടി എന്നെ അമ്പരപ്പിച്ചു.

"പിന്നെ... പിന്നാരുടെയാ?"
മുത്തച്ഛനും മുത്തശ്ശിയ്ക്കും ഞാനറിയാതെ ഒരു മകനോ..... എന്റെ ചിന്ത കാടു കയറി.

മുത്തശ്ശി ഒന്നും മിണ്ടുന്നില്ല. കുഴമ്പും ഗുളികയുമൊക്കെ അലമാരയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ചു. എന്റെ മുന്നിലുള്ള കസാലയില്‍ ഇരുന്നു.

" പിന്നെ....? പറ മുത്തശ്ശീ.." ഞാന്‍ കെഞ്ചി.

"എന്റെ മക്കള്‍ക്കു കൂടി അറീല്യ ഇക്കാര്യം. മുത്തച്ഛന്റെ കുട്ടിക്കാലത്തെ ഫോട്ടോ തന്ന്യാ അദെന്നാ നെന്റെ അമ്മ ഉള്‍പ്പടെ കരുതീട്ടുള്ളത്..."

" അപ്പോ... ഇത്...?" എനിക്ക് ഉദ്വേഗം വര്‍ദ്ധിച്ചു.

"മുത്തച്ഛന്‌ ഒരു അനിയനുണ്ടായിരുന്നു...... കൃഷ്ണന്‍.... അത് അദ്ദേഹത്തിന്റെ ഫോട്ടോയാ..."

മുത്തശ്ശി നിശ്ശബദതയിലാണ്ടു.

മുത്തശ്ശന്റെ അനിയന്‍ ചെറുപ്പത്തിലേ മരിച്ചു പോയിരിക്കും എന്നു ഞാനൂഹിച്ചു. പാവം..... ആ ചിരി എത്ര സുന്ദരമാണ്‌.... മുത്തശ്ശനു വളരെ പ്രിയപ്പെട്ട അനിയനായിരുന്നിരിക്കും.

മുത്തശ്ശി ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു " മുത്തശ്ശന്റെ അനിയന്‍ കുട്ടിക്കാലത്തേ മരിച്ചു പോയി, അല്ലേ?"

മുത്തശ്ശി പെട്ടെന്നു ചോദിച്ചു "മരിക്ക്യേ..? എന്താ കുട്ടീ ഈ പറയണെ? മരിച്ചിട്ടൊന്നൂണ്ടാവില്യ...."

"പിന്നെ?" ഞാന്‍ മുള്‍മുനയിലായി.

പഴങ്കഥകളും കുടുംബപുരാണവും ഒക്കെ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള ഏക കൊച്ചുമകന്‍ ആയിരുന്നതുകൊണ്ട് മുത്തശ്ശി എന്നോട് എല്ലാ കഥകളും പറഞ്ഞിരുന്നു. ഇതൊഴികെ!

"നിന്റെ മുത്തശ്ശന്റെ അനിയനെ കാണാതായതാ.......... പത്തു വയസ്സുള്ളപ്പോള്‍......... മുത്തശ്ശനെക്കാള്‍ എട്ടു വയസ്സിനിളപ്പം....... രണ്ടാളും കൂടി കോട്ടയ്ക്കല്‍ പോയതായിരുന്നു, എന്തൊക്കെയോ മരുന്നുകള്‍ വാങ്ങാന്‍......ചന്ത ദിവസമായിരുന്നു. അപ്പളാ.....തിരൂരങ്ങാടീല്‍ പട്ടാളമിറങ്ങീന്നു വാര്‍ത്ത കേട്ടതും കോട്ടക്കല്‍ ലഹള തുടങ്ങീതും ആകെ ബഹളമായതും.

മറ്റേതോ കടയില്‍ പോയ മുത്തശ്ശന്‍ അങ്ങാടി മരുന്നു കടയില്‍ നിര്‍ത്തിയിരുന്ന അനിയനെ തേടി വന്നപ്പഴേയ്ക്കും ആ കട പൂട്ടിപ്പോയിരുന്നു. ബഹളത്തിനിടയില്‍ അവിടൊക്കെ ഓടി നടന്നന്വേഷിച്ചെങ്കിലും കണ്ടു കിട്ടീല..... ഇന്നോടിതു പറഞ്ഞ് പല തവണ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്, നെന്റെ മുത്തശ്ശന്‍....”

ലഹളക്കാലമൊക്കെ കഴിഞ്ഞ് കോട്ടക്കലും പരിസരത്തും പല സ്ഥലത്തും അന്വേഷിച്ചു. ആളെ കണ്ടു കിട്ടിയില്ല.മുത്തശ്ശന്റെ അച്ഛന്‍ നെരത്തെ തന്നെ മരിച്ചുപോയിരുന്നതു കൊണ്ട് അനിയനെ സ്വന്തം മകനെപ്പോലെയായിരുന്നു മുത്തശ്ശന്‍ കണ്ടിരുന്നത്.

"ചിലപ്പോള്‍ ലഹളയില്‍ പെട്ടു മരിച്ചു കാണും, അല്ലേ..?" ഞാന്‍ പറഞ്ഞുപോയി.

"ഇല്യ..... പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അങ്ങാടിപ്പുറത്തുനിന്നു വന്ന ഒരു രോഗി പറഞ്ഞതനുസരിച്ച് മുത്തച്ഛന്‍ അന്വേഷിച്ചു പോയി.

കയ്യോടിഞ്ഞാല്‍ കെട്ടുന്ന ഒരു പ്രത്യേകതരം കെട്ടുണ്ട്. മുത്തച്ഛന്‍ അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്നു പഠിച്ചതാണത്. അത് അനിയനും പറഞ്ഞു കൊടുത്തിരുന്നു. അങ്ങാടിപ്പുറത്തു നിന്നു വന്നയാളുടെ കയ്യില്‍ ആ കെട്ടു കണ്ടാണ്‌ മുത്തശ്ശന്‍ ഇത് ആരു കെട്ടി എന്നു ചോദിച്ചത്. മറ്റാരും അത്തരം കെട്ട് കെട്ടാന്‍ വഴിയില്ല എന്നു തോന്നി. അങ്ങനെയാണ്‌ അന്വേഷിച്ചു പൊയത്.

അധികം കഷ്ടപ്പെടാതെ തന്നെ ആളേ കണ്ടെത്തി. അങ്ങാടിപ്പുറത്തു തന്നെയായിരുന്നു താമസം.പക്ഷെ അപ്പോഴേക്കും ആള്‍ മാര്‍ക്കം കൂടി മുസ്ലീമായിക്കഴിഞ്ഞിരുന്നു. മാത്രവുമല്ല ഭാര്യയും ഒരു കുട്ടീം കൂടി ഉണ്ടായിരുന്നു, 22- വയസ്സില്‍.

ഭാര്യയെയും മകനേയും ഉപേക്ഷിച്ചു തിരികെ വരാന്‍ അനിയന്‍ തയ്യാറായിരുന്നില്ല. ലഹളക്കാലത്ത് കരഞ്ഞുകൊണ്ടുനിന്ന ആ പത്തു വയസ്സുകാരനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയ ആളുടെ മകളായിരുന്നു ഭാര്യ.

മതം മാറിയതും അന്യമതത്തിലെ പെണ്ണിനെ കെട്ടിയതും ഒന്നും ആ നിമിഷംമുത്തച്ഛനു സഹിക്കാനായില്ല. അപ്പോള്‍ തന്നെ അവിടുന്നിറങ്ങിപ്പോന്നു. പിന്നീടൊരിക്കലും അവര്‍ തമ്മില്‍ കണ്ടിട്ടില്ല.

എങ്കിലും ഉള്ളിലെ സ്നേഹം ഒരിക്കലും കുറഞ്ഞിരുന്നില്ല. ഈ ഫോട്ടോ ഇവിടെ തന്നെ നിലനില്‍ക്കാനും കാരണം അതാണ്‌. അനിയനെ കണ്ടെത്തിയ ശേഷമാണ്‌ നെന്റെ മുത്തശ്ശന്‍ എന്നെ കല്യാണം കഴിച്ചത്.

മുത്തച്ഛന്റെ അവസാനകാലത്ത് അനിയനെ കാണണം എന്നുണ്ടായിരുന്നു. പറഞ്ഞു തന്ന വിവരം അനുസരിച്ച് ഞാന്‍ ആളെ വിട്ടു. പക്ഷെ അപ്പോഴേക്കും ആള്‍ കുടകില്‍ പോയിരിക്കുകയായിരുന്നു.

കുറേ നാള്‍ കഴിഞ്ഞും തിരികെ വന്നില്ല എന്നു കേട്ടു. ഞാന്‍ പിന്നെ അന്വേഷിച്ചുമില്ല. ജീവിച്ചിരിപ്പുണ്ടാവും ഒരു പക്ഷേ ഇന്നും....”

കഥ മുഴുവന്‍ കേട്ട് ഞാനാകെ അമ്പരന്നു........

എന്റെ മുത്തച്ഛന്റെ അനിയന്‍ മുസ്ലീമോ....!

“ ഈ മലബാറില്‍ കാണുന്ന മാപ്ലാരൊക്കെ പിന്നെ അറേബ്യേന്നു വന്നോരാന്നാ ഇയ്യ് കര്‌തണേ? ഒക്കെ ഈ മണ്ണില്‍ പിറന്ന ആളോളന്നെ...”

മുത്തശ്ശി നിര്‍ത്തി.

ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ സ്ഥിരം പങ്കെടുക്കുന്ന ചിറ്റപ്പന്‍ ഉള്‍പ്പടെയുള്ള കാര്‍ന്നോന്മാര്‍ കോലായില്‍ എന്തോ വല്യ ചര്‍ച്ചയിലാണ്‌.....

അവര്‍ക്കാര്‍ക്കും പറഞ്ഞുകൊടുക്കാഞ്ഞ ഒരു രഹസ്യമാണ്‌ മുത്തശ്ശി എനിക്കു പകര്‍ന്നു തന്നത്!

എനിക്ക് അഭിമാനം തോന്നി.

മുത്തശ്ശി കൂടുതല്‍ ഒന്നും പറഞ്ഞില്ല. നാരായണ നാമം ജപിച്ച് മുറിയിലേക്കു പോയി.

എനിക്കു പകര്‍ന്നു തന്ന രഹസ്യം ആരോടും വെളിപ്പെടുത്തിയില്ല.

അടുത്ത വരവിന്‌ കൂടുതല്‍ ചോദിക്കാം എന്നു കരുതി. നടന്നില്ല. ഇപ്പോള്‍ മുത്തശ്ശിയുമില്ല......

തറവാട്ടിലെത്തി. ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞ് അളിയനും ഞാനും ഒരു മുറിയില്‍ കിടന്നു.
മുത്തശ്ശി പോയി എന്നത് ഒരു വലിയ പ്രഹരമായി എനിക്ക്. മുത്തച്ഛനെ ഓര്‍ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ അനിയനേയും... ആ തലമുറയില്‍ ഇനി ആരുമില്ല.....

മുത്തച്ഛന്റെ അനിയന്‍ ജീവിച്ചിരിക്കുന്നുണ്ടാവുമോ? എവിടെയാവും അദ്ദേഹം ഉണ്ടാവുക....? അദ്ദേഹത്തിന്റെ മക്കള്‍ ? അവരുടെ കുട്ടികള്‍......ഈ നാട്ടില്‍ തനിക്കു ബന്ധുക്കളായി പേര് പോലും അറിയാത്ത എത്രയോ മനുഷ്യര്‍.......

ഓര്‍മ്മകള്‍ പുല്‍കി മയങ്ങിപ്പോയതറിഞ്ഞില്ല.....

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷത്തിന്‍ ചില്ലയിലിരുന്ന്‌ കളിക്കുകകയാണ്‌ ഞങ്ങള്‍ കുട്ടികള്‍.

പെട്ടെന്ന് ദിഗന്തങ്ങള്‍ നടുങ്ങുന്നൊരൊച്ച...!

ചുറ്റും നിലവിളിയൊച്ചകള്‍ ആര്‍ത്തലയ്ക്കുന്നു.....

തൊണ്ടയില്‍ കുരുങ്ങിയ ശബ്ദം പുറത്തുവരുത്താന്‍ കഷ്ടപ്പെട്ട് വിയര്‍ക്കുമ്പോള്‍ അതാ ആ മരം കടപുഴകി വേരുകള്‍ മുഴുവന്‍ മുകളിലേക്കും ശാഖകള്‍ താഴെക്കുമായി നില്‍ക്കുന്നു!

ഓരൊ വേരിലും ഓരോ മുഖങ്ങള്‍!

"അറിയില്ലേ എന്നെ? അറിയില്ലേ എന്നെ.....?" എന്നു ചോദിക്കുന്നു!

എണ്ണമറ്റ മുഖങ്ങള്‍....! ആരൊക്കെ...... ഒരു പിടിയുമില്ല....എന്റെ മുന്‍ഗാമികള്‍!

വിയര്‍ത്തൊലിച്ചു ഞെട്ടിയെണീറ്റു. എന്റെ ഒച്ചകേട്ട് മുറിയിലുണ്ടായിരുന്ന അളിയനും ഞെട്ടിയുണർന്നു നോക്കി. ഒരു വിളറിയ ചിരിയോടെ, സ്വന്തം വംശവൃക്ഷത്തിന്റെ വേരുകളുടെ അപാരതയോര്‍ത്ത് ഉറങ്ങാതെ കിടന്നു.

പിറ്റേന്ന് ബന്ധുക്കള്‍ മിക്കവരും പോയി. സഞ്ചയനം ഞായറാഴ്ചയാണ്‌. അഞ്ചു നാള്‍ നില്‍ക്കാന്‍ സമയമില്ല. വീട്ടില്‍ പോയി മടങ്ങി വരാം....

അളിയനു തെരക്കുണ്ട്. മടങ്ങുകയല്ലാതെ മാര്‍ഗമില്ല.

അങ്ങാടിപ്പുറത്തുനിന്ന് ഷൊര്‍ണൂര്‍ക്കു ട്രെയിന്‍ കിട്ടും. അത് ഉച്ച കഴിഞ്ഞാണ്‌. അതു വരെ സമയമുണ്ട്...

ഒന്നു ശ്രമിച്ചാലോ...! ബന്ധുക്കള്‍ക്കു മുന്നില്‍ അളിയന്റെ തെരക്ക് മറയാക്കി പുറത്തിറങ്ങി. നേരെ അങ്ങാടിപ്പുറത്തേക്ക്....

പല ആളുകളും നൂറു വയസ്സിനു മേല്‍ ജീവിച്ചിരിക്കാറുണ്ടല്ലോ...... ഒരു പക്ഷെ.......
പക്ഷെ ..... ആരെന്നു വച്ചാണ്‌ അന്വേഷിക്കുക....

മുത്തച്ഛന്റെ അനിയന്റെ പേരെന്ത് എന്നു കൂടി അറിയില്ല. പെട്ടെന്നൊരു ബുദ്ധി തോന്നി. വൈദ്യം ചെയ്തിരുന്നയാളാനല്ലോ. ആ വഴി ഒന്നു നോക്കാം.

കുറേ ആയുർവേദ ഷോപ്പുകളിൽ അന്വേഷിച്ചു. ഫലമൊന്നുമില്ല.

ഒടുവിൽ റെയിൽ വേ സ്റ്റേഷനടുത്തുള്ള ഒരു അങ്ങാടി മരുന്നുകടയില്‍ ചെന്നു. എഴുപതു വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന ഒരാളാണ്‌ അവിടെ ഇരിക്കുന്നത്.

ഒടിവും ചതവും നേരെയാക്കുന്ന, പ്രത്യേക രീതിയില്‍മരുന്നുവച്ചുകെട്ടുന്ന ഏതെങ്കിലും മുസ്ലീം വൈദ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചു.

"ഉവ്വ്... പക്ഷേ ആള്‍ ഇപ്പോ ജീവിച്ചിരിപ്പില്ലല്ലോ! "

"അദ്ദേഹത്തിന്റെ ബന്ധുക്കളാരെങ്കിലും....?

"മിക്കവരും കുടകിലാണിപ്പോള്‍. മമ്മദിക്കയും കുടകിലായിരുന്നു കുറേക്കാലം. മരിക്കുന്നതിന്‌ നാലഞ്ചു വര്‍ഷം മുന്‍പാണ്‌ മടങ്ങി വന്നത്. ഒരു മകനും കുടുംബവും ഇവിടുണ്ട്."

"മമ്മദിക്കാ? അദ്ദേഹത്തിന്റെ പേര്‌ മുഹമ്മദ് എന്നായിരുന്നോ? "

അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി.

" എന്താപ്പോ ഇങ്ങക്ക് ബേണ്ടെ...?"

"എനിക്ക് ആ വീടൊന്നു കാണണമെന്നുണ്ട്...."

" ഈ റോട്ടില്‍ വലതോറത്ത് നാലാമത്തെ ബീഡാ...."

നന്ദി പറഞ്ഞ് ഞാനും അളിയനും അവിടേയ്ക്കു നടന്നു. മനസ്സില്‍ എന്തെന്നില്ലാത്ത ഒരാഹ്ലാദം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത്ര അനായാസം വീടു കണ്ടു പിടിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതിയിരുന്നേ ഇല്ല.

നാലാമത്തെ വീടെത്തി. ഉമ്മറത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. പത്തറുപത്തഞ്ചു വയസ്സുണ്ടാവും.

അളിയനും ഞാനും ഗെയ്റ്റ് തുറന്ന് അകത്തു കയറി.

അയാള്‍ എണീറ്റു.

എന്തു പറയണം എന്നൊരു ജാള്യത ഉണ്ടായിരുന്നു. തന്റെ പൂര്‍വ ചരിത്രം മുത്തഛന്റെ അനിയന്‍ മക്കളോടു പറഞ്ഞിട്ടുണ്ടാവുമോ എന്ന് ഒരുറപ്പും ഇല്ലല്ലോ...

" മമ്മദ് വൈദ്യര്‌ടെ.....?" ഞാന്‍ വിക്കിവിക്കി ചോദിച്ചു.

"മകനാണ്‌" അയാള്‍ പറഞ്ഞു.

"ഞാന്‍ ആനമങ്ങാട് നിന്നാണ്‌. എന്റെ മുത്തച്ഛനും ഒരു വൈദ്യനായിരുന്നു....രാമന്‍ കുട്ടി വൈദ്യര്‍ എന്നായിരുന്നു പേര്‌....."

അയാള്‍ നെറ്റി ചുളിച്ചു നോക്കി.

"മമ്മദ് വൈദ്യര്‍ മുത്തശ്ശനെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ...?”

വൃദ്ധന്‌ ഞാന്‍ പറയുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല എന്നു വ്യക്തമായിരുന്നു. അയാള്‍ പറഞ്ഞു....

" ല്ല്യ.... ഇയ്ക്ക് അറീല്യ.... വാപ്പ ഒന്നും പറഞ്ഞിട്ടൂല്യ...."

സംസാരം എങ്ങനെ തുടരും എന്നാശങ്കപ്പെട്ടു നില്ക്കേ അയാള്‍ പറഞ്ഞു "കേറിരിക്കീന്‍...."

ഞാന്‍ കോലായിലേക്കു കയറാനൊരുങ്ങി. അളിയന്‍ ശങ്കിച്ചു നിന്നു.. ട്രെയിന്‍ മിസ്സാവുമോ എന്ന ആശങ്ക അളിയന്റെ മുഖത്തുണ്ട്.

" മുത്തച്ഛന്റെ കുട്ടിക്കാലത്തെ സുഹൃത്തായിരുന്നു വൈദ്യര്‍.... മുത്തശ്ശി പറയുമായിരുന്നു......"

ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

പക്ഷെ എന്നെ സഹായിക്കാനാവുന്ന ഒന്നും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടെന്നു തോന്നുന്നില്ല!

താന്‍ എന്തു ചെയ്യണം എന്ന ചോദ്യം ആ ഗൃഹനാഥന്റെ മുഖത്ത് എഴുതി വച്ച പൊലെയുണ്ട്.

ചരിത്രം മുഴുവന്‍ പറയാനുള്ള സമയം ഇല്ലതാനും.

" ഇതു വഴി വന്നപ്പോള്‍ ഒന്നു കേറി എന്നേ ഉള്ളു........ ഒരു പക്ഷേ എന്റെ മുത്തച്ഛനെ അറിയും എന്നു കരുതി..... എന്നാല്‍ ഇറങ്ങട്ടെ....."

അളിയന്‍ ഇറങ്ങിക്കഴിഞ്ഞു. ട്രെയിന്‍ സമയം ആയി വരുന്നു.

പെട്ടെന്ന്‌ ഉള്ളില്‍ നിന്ന് ഒരാണ്‍കുട്ടി മുറ്റത്തേക്കിറങ്ങിയോടി വന്നു. പിന്നാലേ അവന്റെ ഉമ്മ എന്നു തോന്നിക്കുന്ന ഒരു സ്ത്രീയും......

ഓടി വന്ന കുട്ടിക്കു വഴിമാറി, ഞാന്‍.

"മകന്റെ കുട്ട്യാണ്‌..." ഗൃഹനാഥന്‍ പറഞ്ഞു.

അവന്‍ എന്റെ പിന്നില്‍ ഒളിച്ചു. ഉമ്മ അകത്തു കയറിപ്പോയി.

ഞാന്‍ കുട്ടിയെ പിന്നില്‍ നിന്നു പിടിച്ചു. മുഖത്തേക്കു നോക്കി.

ദൈവമേ! കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല....

അതേ ചിരി..... കുസൃതി നിറഞ്ഞ നിലാവുപൊഴിക്കുന്ന ആ ചിരി!

എന്റെ ഹൃദയം തുടി കൊട്ടി...!

രക്തം രക്തത്തെ തിരിച്ചറിഞ്ഞു....

"ഇങ്ങളാരാ...." കുട്ടി ചോദിച്ചു.

വെടിയുണ്ട പോലുള്ള ചോദ്യം കേട്ട് ഒന്നന്ധാളിച്ചു....

ഒരു നിമിഷത്തെ പകപ്പിനു ശേഷം ഞാന്‍ പറഞ്ഞു "അന്റെ മൂത്താപ്പ !!"

അവനെ വാരിയെടുത്ത് കവിളില്‍ ചുംബിച്ചു.

കുട്ടി ചിരിച്ചു കൊണ്ടേയിരുന്നു..... അവന്റെ ഉപ്പൂപ്പ കൈനീട്ടി!

ഒരു തമാശ കേട്ട സന്തോഷത്തില്‍ അയാളും ചിരിച്ചു.

ദൂരെ ട്രെയിനിന്റെ ചൂളം വിളി.

"പിന്നെ വരാം, ട്ടോ...!" വംശാവലിയില്‍ നിന്നു മാഞ്ഞുപോയ ആ പുഞ്ചിരി തിരികെ പിടിച്ച സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

അതെ.....മുത്തച്ഛന്റെ അനിയനെ കുറിച്ച്, അവരുടെ മുഹമ്മദ് അഥവാ മുത്തച്ഛന്റെ കൃഷ്ണനെ കുറിച്ച് ‍പറയാന്‍ ഞാന്‍ വരും....!

79 comments:

jayanEvoor said...

അതെ.....മുത്തച്ഛന്റെ അനിയനെ കുറിച്ച്, അവരുടെ മുഹമ്മദ് അഥവാ മുത്തച്ഛന്റെ കൃഷ്ണനെ കുറിച്ച് ‍പറയാന്‍ ഞാന്‍ വരും....!

NPT said...

ജയന്‍...കൂടുതല്‍ കേള്‍കാന്‍ കാതോര്‍തിരിക്കുന്നു....

chithal said...

തുടര്‍ന്നെഴുതു. ഇനിയും കേള്‍ക്കാന്‍ ധൃതിയായി

Sukanya said...

വംശാവലിയിലെ ചിരി തിരിച്ചു കിട്ടിയല്ലേ, സന്തോഷം. മുത്തശ്ശിക്കും സന്തോഷം ആയിട്ടുണ്ടാകും.

Captain Haddock said...

നന്നായി!

വശംവദൻ said...

എഴുത്ത് നന്നായിട്ടുണ്ട്. തുടരുക.
ആശംസകൾ.

mini//മിനി said...

ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഓര്‍മ്മകള്‍, എവിടെയൊക്കെയോ എത്തിയപോലെ ഒരു തോന്നല്‍,

ManzoorAluvila said...

നന്നായിരിക്കുന്നു അനുഭവങ്ങളുടെ തീവ്രത നല്ല ഗൃഹാദുരത്തോടെ രചിച്ചിരിക്കുന്നു..എല്ലാ മംഗളങ്ങളും..

jayanEvoor said...

എന്‍.പി.ടി.
ചിതല്‍
സുകന്യ ചേച്ചി
ക്യാപ്ടന്‍ ഹാഡോക്ക്
വശം വദന്‍
മിനിച്ചേച്ചി...
മന്‍സൂര്‍...

എല്ലാവര്‍ ക്കും ഹൃദയം നിറഞ്ഞ നന്ദി!

VEERU said...

മനോഹരമായിട്ടെഴുതിയിരിക്കുന്നു ഭായ്..
അതി മനോഹരം !!
ബന്ധങ്ങളുടെ കണ്ണികളിൽ വിളങ്ങുന്ന മതേതരത്വം ഒരു ചെറുപുഞ്ചിരിയിലൂടെ തിരിച്ചറിയാൻ കഴിഞ്ഞതു മനോഹരമായവതരിപ്പിച്ചിരിക്കുന്നു..
ആശംസകൾ !!

ഹാഫ് കള്ളന്‍ said...

ഒരു സിനിമാ കഥ പോലെ !!! ..

കണ്ണനുണ്ണി said...

മം ..വേഗം വന്നു ബാക്കിടെ പറയുട്ടോ...
നന്നായിട്ടോ എഴുതിയെ

അനിൽ@ബ്ലൊഗ് said...

ജയന്‍,
മനോഹരമാ‍യ എഴുത്ത്.
മുത്തശീം മുത്തശ്ശനും മുഹമ്മദ് വൈദ്യരും എല്ലാം മനസ്സില്‍ നിറയുന്നു.
ഓ.ടോ.
അപ്പൊള്‍ മലബാറുകാരനാണല്ലെ?

ramanika said...

മനോഹരം
കുറച്ചു നേരം എന്റെ മുത്തശ്ശിയുടെ കൂടെ ഇരുന്നപോലെ ഒരു തോന്നല്‍ !

Rani said...

വേരുകള്‍ തേടിയുള്ള ഒരു യാത്ര..... വളരെ നന്നായി എഴുതി
അടുത്ത തവണയെങ്കിലും അവരോട് ഈ രഹസ്യം പറയണം.. അതല്ലേ നല്ലത് ???

ഭൂതകുളത്താന്‍ ..... said...

"വംശാവലിയില്‍ നിന്നു മാഞ്ഞുപോയ ആ പുഞ്ചിരി തിരികെ പിടിച്ച സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു."ബന്ധങ്ങളുടെ വില ബന്ധങ്ങള്‍ക്ക്‌ മാത്രം അറിയാം ......നന്നായി ട്ടോ

jayanEvoor said...

വീരു ഭായ്‌
ഹാഫ്‌ കള്ളന്‍
കണ്ണനുണ്ണി
അനില്‍ @ ബ്ലോഗ്‌
രമണിക
റാണി
ഭൂത കുളത്താന്‍ .....

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി!

മാണിക്യം said...

ജയന്റെ പുതിയപോസ്റ്റ് മറ്റൊരു വട്ടോളി കഥയാവും ചിരിക്കാം എന്ന് ഒര്‍ത്ത് ഒരു ലൈറ്റ് റീഡിങ്ങ് മൂഡില്‍ ആണു തുറന്നത്.
മുത്തശ്ശി പോയി എന്ന് വായിച്ചപ്പോള്‍ തന്നെ ഒരു തലമുറ കൂടി മറഞ്ഞല്ലോ എന്ന് ചിന്തിച്ചു. മരണം പലതും ഓര്‍ക്കാനാണ് എപ്പോഴും ഉതകുക.. ..

" ഈ മലബാറില്‍ കാണുന്ന മാപ്ലാരൊക്കെ പിന്നെ അറേബ്യേന്നു വന്നോരാന്നാ ഇയ്യ് കര്‌തണേ? ഒക്കെ ഈ മണ്ണില്‍ പിറന്ന ആളോളന്നെ..."

എല്ലാവരും മറക്കുന്ന ഒരു സത്യം!

യാഥാര്‍ത്യങ്ങള്‍ പലപ്പോഴും കഥയെക്കാള്‍ മുന്നിലാവും എന്ന പറച്ചില്‍ അരക്കിട്ടുറപ്പിച്ചു.

എഴുത്ത് വളരെ നന്നായി ശരിക്കും പടി പടിയായി കയറുന്ന ആ അനുഭൂതി നല്‍കി.
നല്ല അടുക്കിനു പറഞ്ഞിരിക്കുന്നു.
സ്നേഹാശംസകളോടെ മാണിക്യം

അരുണ്‍ കായംകുളം said...

ജയന്‍ മനോഹരം എന്ന് മാത്രം പറഞ്ഞാല്‍ കുറഞ്ഞ് പോകും.കഥയുടെ ഒഴുക്ക് പരമാവധി ആസ്വദിച്ചു:)
ഇങ്ങനെ എത്ര ജന്മങ്ങള്‍!!

N.J ജോജൂ said...

മറുമൊഴിയിലെ കമന്റു കണ്ടു കയറിയതാണ്‌. കുറച്ചുനേരം മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടു പോയി. കയറിയതു വെറുതെയായില്ല. ഇടയ്ക്കൊക്കെ വരാം

jayanEvoor said...

മാണിക്യം ചേച്ചീ...

വളരെ വിലയേറിയ വിലയിരുത്തല്‍...
മുസ്ലീങ്ങള്‍ മാത്രമല്ല കൃസ്ത്യാനികളും വിദേശത്ത് നിന്ന് വന്നവരല്ല...
എല്ലാവരും ഈ മണ്ണിന്റെ മക്കള്‍

പറഞ്ഞു വന്നാല്‍ ആരാണ് ബന്ധുവല്ലാത്തത് .....?

അരുണ്‍...
നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി അനിയാ...

ജോജു....
ഇവിടെയെത്തിയല്ലോ....
'വംശാവലിയില്‍ നിന്ന് മാഞ്ഞുപോയ പുഞ്ചിരി' ഇഷ്ടപ്പെട്ടതില്‍ സന്തോഷം...
ഇനി ഇടയ്ക്കിടെ വരുമല്ലോ...

Anonymous said...

തുടക്കം കണ്ടപ്പോള്‍ ആല്‍ബേര്‍ കാമുവിന്റെ 'അന്യന്‍' ഓര്‍മ്മ വന്നു..പിന്നെ ഒന്നും തോന്നിയില്ല..

വേദ വ്യാസന്‍ said...

ജയേട്ടാ , ഇത് സത്യമാണോ ?? ഹൊ ഒരു സിനിമാക്കഥപോലെ ...

jayanEvoor said...

അനോണി സഹോദരാ/രീ....
ആല്‍ബേര്‍ കാമുവിന്റെ 'അന്യന്‍' ഞാന്‍ കണ്ടിട്ടുകൂടിയില്ല...
അതിന്റെ തുടക്കം
മുത്തശ്ശി മരിച്ചു....
എന്നാണെന്ന് മാത്രം മനസ്സിലായി....!
പിന്നെ ഒന്നും തോന്നിയില്ല....!

വേദവ്യാസന്‍.....

യാഥാര്‍ഥ്യവും അല്‍പ്പം ഭാവനയും...!

ബിന്ദു കെ പി said...

കഥ നന്നായി. നല്ല ഫീൽ...

രഞ്ജിത് വിശ്വം I ranji said...

ഏവൂരേ വംശാവലി എന്നു കണ്ടപ്പോള്‍ വല്ല നരവംശശാസ്ത്രത്തിന്റെയും കഥ പറയുന്ന അത്യന്താധുനികന്‍ വല്ലതുമാകും എന്നു കരുതിയാണ് ഇതു വരെ ഈ വഴി വരാതിരുന്നത്.
ഇതിപ്പോ ആ കുഞ്ഞിന് ഒരുമ്മ കൊടുക്കാന്‍ എനിക്കും തോന്നിപ്പോയി..
വലരെ ഇഷ്ടമായി..

കൊട്ടോട്ടിക്കാരന്‍... said...

വളരെ നന്നായി എഴുതിയിരിയ്ക്കുന്നു, ഓരോമനസ്സിന്റെയും വ്യത്യസ്ഥ ചിന്തകളെ കേടില്ലാതെ മനോഹരമായിത്തന്നെ വരച്ചുകാട്ടിയിരിയ്ക്കുന്നു.. അടുത്ത ഭാഗം കാത്തിരിയ്ക്കുന്നു.

Areekkodan | അരീക്കോടന്‍ said...

നല്ല സ്ഥിരതയുള്ള ഒഴുക്ക്...

Murali Nair I മുരളി നായര്‍ said...

മനോഹരമായിരിക്കുന്നു ശ്രി ജയന്‍..
നല്ല ഒഴുക്കോടെ പറഞ്ഞു....വീണ്ടും നല്ല രചനകളുമായി വരിക...

hshshshs said...

എൻപുതുകവിതയിൽ നിങ്ങളുമുണ്ടേ..
ഇഷ്ടാനിഷ്ടമതറിയിക്കുക വേം !!

jayanEvoor said...

ബിന്ദു.കെ.പി.
രണ്ജിത്ത് വിശ്വം
കൊട്ടോട്ടിക്കാരന്‍
അരീക്കോടന്‍ മാഷ്‌
മുരളി നായര്‍
"വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി"യെ ക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞ എലാവര്‍ക്കും നന്ദി!
hshshshs
ഞാന്‍ വരാം...

വിചാരം said...

അതിമനോഹരമായി എഴുതിയ കഥയ്ക്ക് താഴെ എന്റെ ഹൃദയത്തില്‍ തൊട്ടൊരു കയ്യൊപ്പ്....

എന്റെ അയല്‍‌വാസി അബുബക്കറിന്റെ മാമന്‍ ഹിന്ദുകുടുംബാംഗമാണ് ഇന്നും അവന്റെ മാമനും മക്കളും അവിടെ വരും താമസിയ്ക്കും ... കല്യാണത്തിനെല്ലാം ഒരു മിശ്രബന്ധുക്കളുടെ ഹരമാണ് ഞങ്ങളും അതാഘോഷിക്കും.

Anonymous said...

Nice story....

Is it real?

ചന്ദ്രകാന്തം said...

നന്നായിരിയ്ക്കുന്നു.
ആകാംക്ഷ, വരികളില്‍ നിന്നും വരികളിലേയ്ക്ക്‌ പകരുന്നുണ്ട്‌; അവസാനം വരെ.

ജ്വാല said...

nice story..

jayanEvoor said...

വിചാരം
അനോണി
ചന്ദ്രകാന്തം
ജ്വാല..

ഒന്നോര്‍ത്താല്‍
ആരാണ് ബന്ധുവല്ലാത്തത് ?

Jaffer Ali said...

very good..........

bilatthipattanam said...

ജയൻ , ഈ സ്വന്തം വേരുകൾ പടർന്നയിടങ്ങൾ താണ്ടി പോയി വന്ന കഥ എല്ലാം കൊണ്ടും അതിമനോഹരമായിരുക്കുന്നൂ....
നാട്ടിലെ പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുക്കൂ..തീർച്ചയായും അവരീക്കഥ സ്വീകരിക്കും

unnimol said...

ithu oru vallatha anubhavam aayippoyiaduthathu kelkkan kathirikkunnu. oru muththssi kathapole !!!!!!!!!!!!!

ഏറനാടന്‍ / Eranadan said...

ജയന്‍, ഇത് കഥയോ അതോ?
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഒരു നൂറ്റാണ്ട് കാലത്തെ സംഭവങ്ങള്‍ വരികളിലൂടെ മനസ്സിലേക്ക് വ്യക്തമാക്കി എത്തിച്ചിരിക്കുന്നു.

jayanEvoor said...

ജാഫര്‍ അലി
നന്ദി!

ബിലാത്തി ചേട്ടാ...
നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ നമ്മളെ മൈന്‍ഡ്‌ ചെയ്യുമോ!?
ബ്ലോഗന ക്കാര്‍ക്കൊരു മെയില്‍ അയച്ചു...നോ അനക്കം!

ഉണ്ണിമോള്‍

നന്ദി! ഇതൊരു കഥയാണ്. അനുഭവത്തില്‍ നിന്നെഴുതിയ കഥ.

ഏറനാടന്‍...
വളരെ നന്ദി മാഷേ!
അതെ. ഇതൊരു കഥയാണ്.
അനുഭവങ്ങളും അല്‍പ്പം ഭാവനയും!

കുമാരന്‍ | kumaran said...

അത്ഭുത്തപ്പെടുത്തിയല്ലോ.. നല്ല എഴുത്ത്. തുടരുക ബാക്കി.

ഗീത said...

ദൈവമേ, ഇതൊരു സിനിമാക്കഥ പോലിരിക്കുന്നു. സത്യമായും കുളിരുകോരിപ്പോയി ആ കുഞ്ഞിന്റെ ചിരിയെ കുറിച്ചു വായിച്ചപ്പോള്‍.

Rare Rose said...

വംശങ്ങള്‍ക്കപ്പുറം വേരുകളന്വേഷിച്ചു ചെല്ലുമ്പോള്‍ ഇതു പോലെ എന്തെല്ലാം അത്ഭുതങ്ങളാവും നമ്മളെ കാത്തിരിക്കുകയല്ലേ.അനുഭവത്തില്‍ നിന്നെഴുതിയ കഥ ശരിക്കും അമ്പരപ്പിച്ചു..

Typist | എഴുത്തുകാരി said...

അപ്പോള്‍ ഇതു സത്യമാണെന്നാണോ.അത്ഭുതമായിരിക്കുന്നു.

ശ്രീ said...

കഥ തന്നെയാണോ മാഷേ?

നടന്നതെങ്കില്‍ അത്രയൊക്കെ കണ്ടെത്താനായത് ഭാഗ്യം തന്നെ.

jayanEvoor said...

കുമാരന്‍
ഗീത
റെയര്‍ റോസ്‌
എഴുത്തുകാരി ചേച്ചി
ശ്രീ

"വംശാവലിയില്‍ നിന്ന് മാഞ്ഞുപോയ പുഞ്ചിരിയെ" കുറിച്ചുള്ള
നിങ്ങളുടെയെല്ലാം നല്ല വാക്കുകള്‍ എന്റെയും മനം കുളിര്‍പ്പിക്കുന്നു.
വളരെ നന്ദി കൂട്ടുകാരെ!

jayanEvoor said...

ശ്രീ...
എഴുതാന്‍ മറന്നു പോയി..

അനുഭവങ്ങളില്‍ നിന്ന് ചാലിച്ചെടുത്ത കഥ... ഇതില്‍ നിറയെ സത്യമുണ്ട്... അവസാന ഭാഗം എന്റെ കുറെ ഭാവനയും...

Manoj Subhadevan said...

ജയന്‍ മാഷേ, കഥ ആയാലും യഥാര്‍ത്ഥ്യം ആയാലും വായിക്കാന്‍ നല്ല രസം ഉണ്ടായിരുന്നു
എനിക്ക് തെറ്റി. ഞാന്‍ വിചാരിച്ചത് നര്‍മ്മമാണ് ജയന്റെ strength എന്ന്. ഇത് കലക്കി !
ഇനിയും ഇത് പോലുള്ള കഥകള്‍ പോരട്ടെ !!

Vinod Nair said...

jayan manoharamayi ezhuthunnu

ചേച്ചിപ്പെണ്ണ് said...

ദൈവമേ! കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല....

അതേ ചിരി..... കുസൃതി നിറഞ്ഞ നിലാവുപൊഴിക്കുന്ന ആ ചിരി!

happy reading...

pattepadamramji said...

കഥ നന്നായി ഇഷ്ട്പ്പെട്ടു. ഭാവനയേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകളായിരുന്നു. മനോഹരമായിരിക്കുന്നു

jayanEvoor said...

മനോജ്‌ ...
നര്‍മ്മത്തോടൊപ്പം ഇങ്ങനെയും ഇടയ്ക്കൊക്കെ എഴുതാം എന്ന് കരുതുന്നു...
വട്ടോളിയെ ഇനി ബുദ്ധിമുട്ടിക്കണോ!?

വിനോദ്...
നല്ല വാക്കുകള്‍ക്കു നന്ദി സഹോദരാ..!

ചേച്ചിപ്പെണ്ണു ..
സന്തോഷം... വളരെ സന്തോഷം!

രാംജി...
അതും നല്ല കണ്ടെത്തല്‍...!
ഇതാസ്വദിച്ചതിനു നന്ദി!

Urs....Jina said...

കുറെ ബ്ലോഗ്‌ ഉള്ളത് കാരണം ഇതില്‍ കമന്റ്‌ ചെയ്യണം എന്ന് കണ്‍ഫ്യൂഷന്‍ ആയിരുന്നു. പിന്നേ ഇത് മൊത്തം വായിക്കാന്‍ കുറച്ചു താമസിച്ചു..സംഗതി കൊള്ളാം കേട്ടോ.കലക്കി.:)

തൃശൂര്‍കാരന്‍..... said...

എഴുത്ത് നന്നായിട്ടുണ്ട്...ഇത് വഴി വീണ്ടും വരുംട്ടോ..കരുതിയിരിക്കുക...

Senu Eapen Thomas, Poovathoor said...

കൊള്ളാം.. നന്നായി എഴുതിയിട്ടുണ്ട്‌.. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

ഈ പോസ്റ്റ്‌ പോലെ ഞാനും അല്‍പം ഒന്ന് സീരിയസ്സ്‌ ആകാന്‍ പഠിക്കുന്നു, യേത്‌???

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Bachoo said...

എങ്ങനെയാണു ജയെട്ടാ നന്ദി പറയേണ്ടത്, ഹൃദയത്തിന്റെ ആര്‍ദ്രതയെ തൊട്ടുണര്‍ത്തിയ ഈ വായനാനുഭവത്തിന്?!

jayanEvoor said...

ജീന...
എന്റെ ബ്ലോഗുകള്‍ എല്ലാം വായിച്ചു എന്നറിയിച്ചതിനും , ഈ നല്ല വാക്കുകള്‍ക്കും നൂറു നന്ദി!

ത്രിശു‌ര്‍ക്കാരാ....
സന്തോഷം! വീണ്ടും വീണ്ടും വന്നോളൂ ... നിറഞ്ഞ നന്ദി!

സെനു ഈപ്പന്‍ തോമസ്‌ ...

നല്ല വാക്കുകള്‍ക്കു നന്ദി! ഞാന്‍ മുഴുവന്‍ സീരിയസ്‌ ആകാനൊന്നും ഉദ്ദേശിച്ചിട്ടില്ല! ഇടയ്ക്കൊക്കെ "ഗോമടി ആക്രമണം" പ്രതീക്ഷിക്കാം...!

ബച്ചൂ...

ഹൃദയം ഹൃദയത്തോട് പറഞ്ഞത്..... അത് തന്നെയാണിത്...
നമ്മുടെയൊക്കെ ചോര ഒന്ന് തന്നെ!
ആത്യന്തികമായി ആരാണ് അന്യനായി ഉള്ളത്!

ഉമേഷ്‌ പിലിക്കൊട് said...

നന്നായിട്ടുണ്ട് മാഷെ

പൂതന/pooothana said...

ഇങനത്തെ സ്റ്റോറി ഒന്നും പറ്റൂലപ്പാ‍...
വായിച്ചാല്‍ വാളെടുക്കാന്‍ തോന്നുന്നത് വല്ലതുമുണ്ടെങ്കില്‍ പറയൂ...വല്ല ഔറങ്കസീബ്-ശിവജി..ലൌ ജിഹാദ്..ഗുജറാത്ത്...ഇങനെ വല്ലതും അല്ലാണ്ട് മലപ്പുറത്തെ നായരും മമ്മതും ഒക്കെ ഒന്നാണെന്നു പറഞാല്‍ പിന്നെ എന്ത് ആലപ്പുഴ?..വേണ്ട വേണ്ട റ്റ്രാക്ക് മാറ്റി പിടിക്ക്യൂ...

പിന്നെ അമ്മുമ്മക്ക് അറിയാം നിങള്‍ മാത്രമേ ബ്ലോഗറ് ആയി ബന്ധുക്കളിലുള്ളൂ എന്ന് ..പോസ്റ്റി ജീവിച്ച് പൊയ്ക്കോട്ടേ എന്നു കരുതിക്കാണും

സുനിൽ പണിക്കർ said...

മനോഹരമായിരിക്കുന്നു ജയാ..
കൂടുതൽ വായിക്കാൻ കാത്തിരിക്കുനു.

jayanEvoor said...

ഉമേഷ്‌ പിലിക്കൊട്
പൂതന
സുനിൽ പണിക്കർ ....

"വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി" vaayicha എല്ലാവര്‍ ക്കും ഹൃദയം നിറഞ്ഞ നന്ദി!

ഹംസ said...

മറക്കാന്‍ കഴിയാത്ത ഒരനുഭവം.

അറിയാതെ വന്ന കണ്ണുനീര്‍ തുടച്ച്കൊണ്ട് വായിച്ചു തീര്‍ത്തു.

ആശംസകള്‍..

SHAIJU :: ഷൈജു said...
This comment has been removed by the author.
SHAIJU :: ഷൈജു said...

കഥ വായിച്ചപോള്‍ ഈ വര്ഷം മരിച്ച എന്റെ അച്ചച്ചനെയും അച്ഛമ്മയേയും ഓര്‍ത്തു പോയി

Sulthan | സുൽത്താൻ said...

ജയേട്ടാ,

സെന്റിയടിച്ചിട്ട്‌ കഴിവതും പിടിച്ച്‌ നിർത്തി, പക്ഷെ അവസാനം നിയന്ത്രണം വിട്ടുപോയി.

ലേറ്റാണെങ്കിലും, ഈ വഴി വന്നതിൽ അഭിമാനിക്കുന്നു.

മുത്തശ്ശികഥകൾ എന്നും എന്റെ ഒരു വീക്‌നെസ്സാണ്‌.

Sulthan | സുൽത്താൻ

jayanEvoor said...

ഹംസ

ഷൈജു

സുൽത്താൻ....

വംശാവലികൾ മറന്ന് സ്വന്തം രക്തത്തിനെതിരെ വാളോങ്ങുന്ന കാലമാണിത്.
ഇത്രയും സുമനസ്സുകൾ ഈ പുഞ്ചിരി നെഞ്ചേറ്റിയതിൽ ഞാനഭിമാനിക്കുന്നു, സന്തോഷിക്കുന്നു!

പരദേശി said...

നന്നായി എന്നൊരു ഔപജാരികതക്ക് നിക്കണില്യ ..
എന്തായാലും അന്യം നിന്ന് കൊണ്ടിരിക്കുന്ന സുമനസ്സുകളുടെ വംശാവലിയില്‍ ഒരാളെ തിരിച്ചു കിട്ടിയ സന്തോഷം എനിക്കിരിക്കട്ടെ..

മിഴിനീര്‍ത്തുള്ളി said...

അതെ.....മുത്തച്ഛന്റെ അനിയനെ കുറിച്ച്, അവരുടെ മുഹമ്മദ് അഥവാ മുത്തച്ഛന്റെ കൃഷ്ണനെ കുറിച്ച് ‍പറയാന്‍ ഞാന്‍ വരും....!
ആ കഥ കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു..
ജയേട്ടാ..നമിച്ചിരിക്കുന്നു..
എല്ലാം നേരില്‍ കാണുന്ന ഒരു പ്രതീതി.

HAMEED PATTASSERI said...

jayan sarikkum kannu nanyichu anamangaattukaaranaayathu kondaavum kooduthal feeling undaakaan kaaranam njangalokke 3 year school daysil muttasside veettil pokaatha dinam undayittundaavilla ingane oru story ninnodallathe aarodum parayaathathu kondu njangalkkonnum ariyilla thaanum eniyum muthassi paranja story post cheyyum ennu karuthunnu 1000 aasamshakal nerunnu hameed pattasseri, anamangad

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ജാതിയുടെയും, മതത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന മനുഷ്യര്‍ പെരുകിവരുന്നു. ചികഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ എല്ലാം ഒരമ്മയുടെയും അച്ഛന്റെയും വംശാവലിയില്‍ നിന്നുള്ളവര്‍ തന്നെ ആകും. മനുഷ്യസ്നേഹത്തെക്കാള്‍ വലിയ മതം ഏതാണ് ഉള്ളത്?

ഡോക്ടര്‍ കഥ നന്നയിരിക്കുന്നു. തുടര്‍ച്ചക്കായി പ്രതീക്ഷിക്കുന്നു.. :)

Jefu Jailaf said...

മനോഹരം എന്നാ വാക്ക് കൊണ്ട് വിശേഷിപ്പിക്കാനാവില്ല. ഹൃദയം കൊണ്ട് ഒരു കയ്യൊപ്പ് ഇതിനു ചുവട്ടില്‍..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കഥ ജീവിതം തന്നെയാകുന്ന പ്രതീതി ..അതോ യാഥാര്‍ത്യമോ ..? ബന്ധങ്ങളുടെ ചൂടും ചൂരും നിറഞ്ഞ ജീവിതഗന്ധിയായ കഥ ..

ചെറുവാടി said...

ജയേട്ടാ,
എന്താ ഞാനിവിടെ എഴുതേണ്ടത്. എനിക്കറിയില്ല,
ഇത്രയും ഹൃദ്യമായ ഒരു കുറിപ്പ് ഞാന്‍ അടുത്തൊന്നും വായിച്ചിട്ടില്ല,
ഇതില്‍ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന വികാരത്തെ പറഞ്ഞറിയിക്കാന്‍ വാക്കുകളും ഇല്ല.
എങ്കിലും ആ പുഞ്ചിരി മനസ്സില്‍ തെളിഞ്ഞങ്ങിനെ നില്‍ക്കുന്നു.
പിന്നെ നിങ്ങളുടെ ഒരു നല്ല മനസ്സ്. സ്നേഹമാണ് നല്ല മതം എന്ന തിരിച്ചറിവ് എന്തുകൊണ്ടെക്കൊയെ ഈ കുറിപ്പ് എന്‍റെ ഹൃദയത്തില്‍ കൂട് കൂട്ടി. നന്ദി ഒരുപാടൊരുപാട്

ബെഞ്ചാലി said...

എല്ലാവരും അടിസ്ഥാനപരമായി മനുഷ്യരെന്ന ബന്ധം.മതങ്ങൾക്കപ്പുറം കുടുംബ ബന്ധങ്ങൾ സൂക്ഷിക്കുന്നവരാണ് നന്മയുള്ളവർ.... മാതാപിതാക്കളോട് നിഷേധത്തിന്റെ ഒരക്ഷരം പോലും പറയാൻ പാടില്ല. അവർ അന്യ മതത്തിലാണെങ്കിലും ദൈവത്തിൽ പങ്ക് ചേർക്കുന്ന വിഷയത്തിൽ ഒഴികെ എല്ലാ വിഷയത്തിലും അവരെ അനുസരിക്കുകയും ബഹുമാനിക്കുകയും അവർക്ക് വേണ്ട എല്ലാ നന്മയും ചെയ്ത് കൊടുക്കണമെത് മതം നിയമം. അങ്ങിനെ ചെയ്യാത്തവരെങ്ങിനെ നന്മയുള്ളവരാകും?

ഇന്ന് ആരെങ്കിലും മതം മാറിയാൽ അതോട് കൂടി എല്ലാ ബന്ധങ്ങളേയും അറുത്തെറിയുന്ന പ്രവണത കാണുന്നു. മതം, അത് മനുഷ്യൻ മനസ്സിലാക്കുന്നതിനനുസരിച്ച് വിശ്വസിക്കട്ടെ, പക്ഷെ ബന്ധങ്ങൾ അറുത്തെറിയരുത്... കുടുംബ ബന്ധം പ്രത്യേകിച്ച് രക്ത ബന്ധം ഒരിക്കലും ഇല്ലാതാവില്ല...

സാഹോദര്യത്തിന്റെ പൂക്കൾ വിരിയിക്കുന്ന ഈ പോസ്റ്റിന് ഒരായിരം പൂച്ചെണ്ടുകൾ...

jayanEvoor said...

പരദേശി

മിഴിനീർത്തുള്ളി

ഹമീദ് പട്ടശ്ശേരി

ശ്രീജിത്ത് കൊണ്ടോട്ടി

ജെഫു ജൈലാഫ്

സുനിൽ പെരുമ്പാവൂർ

ചെറുവാടി

ബെഞ്ചാലി

എല്ലാവർക്കും നന്ദി!

nachikethus said...

ജയാ...ഇത്തവണ ശരിക്കും നന്നായിട്ടുണ്ട്..ശരിക്കും ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളുടെ ...നാവില്‍ നിന്നല്ല ...അഭിനന്ദനം ഇതര്‍ഹിക്കുന്നു

സുഗന്ധി said...

ഹൃദയം കൊണ്ടെഴുതുമ്പോൾ ഇങ്ങനെയാവതെങ്ങനാ..നല്ല ഫീൽ..

കൊമ്പന്‍ said...

കേരള ക്കരയിലെ മാപ്പിള മാരുടെ അടിവേര് തോണ്ടിയാല്‍ ചെന്നെത്തുന്നത് ഏതെങ്കിലും ഹിന്ദു പേരില്‍ തന്നെയാണ് .നാലോ അന്ജോ തലമുറ മുസ്ലിം അതിനും പിറകില്‍ പോയാല്‍ ഏറെ ക്കുറെ എല്ലാവരും ഇങ്ങനെ തന്നെ. ഏതായാലും ജയേട്ടന്‍ നടത്തിയ ഈ അന്വേഷണം അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യവും ഒക്കെ ഏറെ കൌതുകം ജനിപ്പിക്കുന്ന കാര്യം തന്നെ