പത്തു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസം പത്താം തീയതിയാണ് ഡോ. മോഹനകൃഷ്ണന്.കെ.ആനമങ്ങാട് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്കും പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയ്ക്കും ഇടയിലുള്ള ഒരു മലനാടന്‍ ഗ്രാമമാണ് ആനമങ്ങാട്. തിരുവനന്തപുരത്ത് ഒരു പരിചയക്കാരന്റെ വീട്ടില്‍ പോയി കുളിച്ച് രാവിലെ പത്തു മണിക്കു തന്നെ ലക്ഷ്യ്സ്ഥാനമായ ആയുര്‍വേദകോളേജില്‍ എത്തി. വകുപ്പു മേധാവിയെ കണ്ട് നിയമന ഉത്തരവു കൈമാറി. ഒരു വര്‍ഷത്തേക്കാണ് നിയമനം.
“ ഓ ! അപ്പോ ഇയാളാണ് ഡോ. ആനമങ്ങാടന്‍! എപ്പ എത്തി?”
“ രാവിലെ എത്തി സര്...''
“എവിടാ പഠിച്ചത്”
“കോട്ടക്കല്‍”
“നാളെ മുതല്‍ രാവിലെ കൃത്യം 8 മണിക്കു തന്നെ ഓ.പി.യില്‍ വരണം. ഇന്ന് ലൈബ്രറിയില്‍ പോയി അത്യാവശ്യം റെഫറന്‍സ് വല്ലതും നടത്താന്‍ ഉണ്ടെങ്കില്‍ നടത്തിക്കൊള്ളൂ..”
മേധാവി വചനം കേട്ടയുടനേ തന്നെ മോഹനകൃഷ്ണന് അങ്ങോട്ടേക്കു വച്ചു പിടിച്ചു. ലൈബ്രറിയില്‍ കുറെ പത്രങ്ങളും ജേണലുകളും മറിച്ചു നോക്കി. ഒരു ചരക സംഹിത എടുത്തു. ഡിപ്പാര്‍ട്ട്മെന്റില്‍ വന്നിരുന്നു വായിക്കാന്‍. അതു വായിക്കാന്‍ തുടങ്ങി. ആഗ്രഹവും സാധിച്ചു. കൃത്യം മൂന്നു മിനിറ്റിനുള്ളില്‍ സുഖനിദ്ര!
ആരോ ഒച്ചവയ്ക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കണ്ണു തിരുമ്മി നോക്കിയപ്പോള്‍ തടിച്ചുരുണ്ട ഒരു സ്ത്രീ മുന്നില്‍!
“സാറേ ! ഞാന്‍ കൊറെ നേരായിട്ട് ക്യാക്കണ്... സാറിനു കുടിക്കാന്‍ വെള്ളങ്ങളു വല്ലോം വ്യാണോ?”
പകച്ച് നോക്കിക്കൊണ്ടിരുന്ന മോഹനകൃഷ്ണനോട് അവര്‍ പറഞ്ഞു
“വോ... സാറിനെന്നെ മനസ്സിലായില്ല, അല്യോ...ഞാന്‍ സുഹാസിനി... ഇവടത്തെ പീയൂണാ..!”
ദൈവമേ! സുഹാസിനിയോ! ഇതെന്തു രൂപം! ഇവരോട് എന്തു പറയണം... വെള്ളം എന്നതിന് വെള്ളങ്ങള് എന്ന് പറയും ഇവിടെ എന്നു കേട്ടിട്ടുണ്ട്.
“കുറച്ച് തണുത്ത വെള്ളം കിട്ട്യാച്ചാ നന്നായിരുന്നു....”
“അയ്യോ സാറെ ഇവിടെ നമ്മള് കരിങ്ങാലി വെള്ളം തന്നെ ഒണ്ടാക്കുന്നത്. അതു പ്വാരേ?”
“ എന്താ ചൂട്... തണുത്ത വെള്ളം കിട്ടാന്‍ ഒരു വഴീല്യേ..?”
“ സാറേ ബോഞ്ചി മതിയെങ്കി, ലോ.... ഇല്ല മുടുക്കിലൊള്ള കടേ കിട്ടും. ഇത്തിപ്പോലം നടന്നാ മതി...”
“ ഈ കത്തണ വെയിലത്തെങ്ങനാ ഏട്ത്തീ നടക്ക്വ... സാരല്യ.. ചൂടു വെള്ളാച്ചാ ചൂടുവെള്ളം... എപ്പ്ഴാ ആവ്ണേച്ചാ ഇങ്ങട് തന്നോള്ണ്ടൂ....”
ഇത്തവണ സുഹാസിനി വാ പൊളിച്ചു! “വോ.. ഇയാള്‍ വടക്കനാന്നാ ത്വാന്നണത്..... ഇദെന്തെര് ഫാഷ!” സുഹാസിനി പിറുപിറുത്തു.
അവര്‍ പോയി. ആനമങ്ങാടനു സമാധാനം. അവരെ ഏട്ത്തീന്നു വിളിച്ചതില്‍ ഒരു ജാള്യത. കാഴ്ച്ചയില്‍ ഒരു അന്‍പതു വയസ്സെങ്കിലും തോന്നുന്നുണ്ട്. എന്തായാലും “സുഹാസിനീ..” എന്നു വിളിക്കാന്‍ ഈ ജന്മത്തു കഴിയും എന്നു തോന്നുന്നില്ല!
കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വന്നു. എന്നോടു പറഞ്ഞു “ ദേ സാറ് ക്യാക്കണ്...”
മിഴിച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു “ പ്രോസര് ക്യാക്കണ്..” അവര്‍ പ്രൊഫസറുടെ മുറി ചൂണ്ടിപ്പറഞ്ഞു.
പ്രൊഫെസര്‍ അവിടെ എന്തു ചെയ്യുന്നു എന്നാണ് അവര്‍ പറഞ്ഞതെന്നു മനസ്സിലായില്ലെങ്കിലും മോഹനകൃഷ്ണന് പ്രോഫസറുടെ റൂമിലേക്കു പോകാന്‍ നിശ്ചയിച്ചു. ഒന്നു മുഖം കഴുകി. അങ്ങോട്ടേക്കു നടന്നു.
“ എന്താടോ ഒന്നു വിളിപ്പിച്ചാല്‍ ഇങ്ങോട്ടെത്താന്‍ ഇത്ര താമസം?“ പ്രൊഫസര്‍ക്ക് ചെറിയ നീരസം.
ദൈവമേ! സാര്‍ വിളിക്കുന്നു എന്നായിരുന്നൊ ആ സ്ത്രീ പറഞ്ഞത്!
“സര്... അത്... ആ സ്ത്രീ പറഞ്ഞത് ശരിക്കങ്ങ്ട് മന്‍സിലായില്യാ.. അദോണ്ടാ വൈകീത്....” വിറച്ചു വിറച്ച് മോഹനകൃഷ്ണന് പറഞ്ഞു.
പ്രൊഫെസര്‍ ചോദിച്ചു “അതെന്താ അവര്‍ മലയാളത്തിലല്ലേ പറഞ്ഞത്?”
“ഈ തിരുവനന്തപുരം ഭാഷ...”
“ മ്ഉം... എന്താ തിരുവനന്തപുരം ഭാഷക്കെന്നാ കൊഴപ്പം? ഇയാള്‍ ഈ പറയുന്നതാണോ ശരി മലയാളം? എടോ ശരി മലയാളം പറയുന്നത് ഞങ്ങള്‍ കോട്ടയത്തുകാരാ!''
ദൈവമേ പടപേടിച്ച്....!! മോഹനകൃഷ്ണന് വിയര്‍ത്തു!
“ ഇപ്പോ ഇയാള്‍ പറഞ്ഞില്ലേ ശരിക്കങ്ങ്ട്.... മന്‍സിലായില്യാ... എന്നൊക്കെ? ഇതാണോ ശരിയായ ഭാഷ?''
“അത്... “മോഹനകൃഷ്ണന് വിക്കി.
“മ്ഉം... ഇവിടെ ജോലി ചെയ്യുമ്പോ ഇവിടത്തെ ഭാഷ പഠിക്കാതെ ഒക്കത്തില്ല. എന്നതായാലും ശരി.. ഇന്നു പോയി റെസ്റ്റ് എടുത്തോ. നാളെ രാവിലെ 8 മണിക്ക് ഓ.പി. യിലോട്ടു വന്നേച്ചാ മതി..”
ആശ്വാസം. മോഹനകൃഷ്ണന് മെല്ലെ പോകാനെണീറ്റു.
രാവിലെ കുളിച്ചൊരുങ്ങി പദ്മനാഭസ്വാമിക്ഷേത്രത്തിലും, പഴവങ്ങടിയിലും പോയി ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയുള്ള ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സമയം 8.05. ധൃതിയില്‍ ഓ.പി.യിലേക്കു നടന്നു. ഭാഗ്യം ഒരു ഹൌസ് സര്ജന് അവിടെ ഇരിക്കുന്നുണ്ട്.
ഓ.പിയ്ക്കു മുന്നില്‍ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. ആയുര്‍വേദ കോളേജുകളില്‍ അങ്ങനെയാണ്. സ്ഥിരം രോഗികള്‍ അതിരാവിലെ തന്നെ എത്തും. പത്തു മണി കഴിഞ്ഞാല്‍ തൈലം തീരും. പിന്നെ വരുന്നവര്‍ക്ക് കഷായവും ചൂര്ണവും മാത്രമേ ഉണ്ടാകൂ!
ഡോക്ടറുടെ കസേര ഒഴിഞ്ഞുകിടപ്പുണ്ട്. അതിലേക്ക് കയറി ഇരുന്നു. ഹൌസ് സര്ജന് അപ്പോഴാണ് പുതിയ ഡോക്ടറെ ശ്രദ്ധിച്ചത്. അവള് ഗുഡ് മോണിങ്ങ് പറഞ്ഞു.
ആദ്യത്തെ രോഗിയോട് മോഹനകൃഷ്ണന് ചോദിച്ചു “ എന്തേ പറ്റീത്...?”
അയാള്‍ പറഞ്ഞു “ എശ തോറും വ്യാദന സാറേ...! ത്യാരികളൊന്നും ക്യാറാമ്പറ്റണില്ല.... പിന്നെ ഫയങ്കര ഇളിപ്പ് ....!
മോഹനകൃഷ്ണന്റെ തൊണ്ട വരണ്ടു. കുറേ നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ ഒന്നും പറയുകയോ എഴുതുകയോ ചെയ്യുന്നില്ല എന്നു കണ്ടപ്പോള്‍ ഹൌസ് സര്ജന് ചൊദിച്ചു “എന്തു പറ്റി സര്..?”
“എനിക്ക് ഇദ്ദേഹത്തിന്റെ ഭാഷ അങ്ങ്ട് മന്സിലാവ്ണില്യ...''
“ഓ സാറിന്റെ വീടെവിടെയാ?”
“ആനമങ്ങാട്...”
അവളുടെ മുഖത്ത് ചോദ്യ ഭാവം.
“അത്.. മലപ്പുറം ജില്ലയാ... കുട്ടീടെ പേരെന്താ..?”
“സംഗീത” അവള് പറഞ്ഞു.
“ ഇവര്‍ പറയുന്നതൊക്കെ ഒന്നു ട്രാന്‍സ് ലേറ്റ് ചീതു തരോ സംഗീത?”
"ചീയാം! ഞാന്‍ പാതി തൃശ്ശൂര്കാരിയാ ” അവള് പറഞ്ഞു!
മോഹനകൃഷ്ണനു സമാധാനമായി.
“അപ്പോ ഇദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ഒന്നു പറഞ്ഞോള്ണ്ടു...”
അവള് അയാളോടു രോഗവിവരം തെരക്കി.
അയാള്‍ പറഞ്ഞു “ എശ തോറും വ്യാദന സാറേ...! ത്യാരികളൊന്നും ക്യാറാമ്പറ്റണില്ല.... പിന്നെ എപ്പളും ഇളിപ്പ് ....!
സര്, സന്ധിവേദന, കയറ്റം കേറാന്‍ കഴിയുന്നില്ല, ശ്വാസം മുട്ടല്‍ ഇതൊക്കെയാണു പ്രശ്നം!
ദൈവമേ ! അതിനാണോ ഇയാള്‍.....!
ഇളിപ്പ് എന്നുപറഞ്ഞാല്‍ ശ്വാസം മുട്ടലോ! മോഹനകൃഷ്ണന് ഇളിഭ്യനായി ഇരുന്നു!
എന്തോ ചിന്തിച്ചുറച്ചപോലെ സ്റ്റെത് എടുത്തു നിശ്ശബ്ദം പരിശോധിച്ചു. മരുന്നുകള്‍, നിര്‍ദേശങ്ങള്‍ എല്ലാം എഴുതി. വിശദീകരിച്ചു കൊടുക്കാന്‍ ഹൌസ് സര്‍ജനോടു പറഞ്ഞു.
അപ്പൊഴേക്കും അടുത്തയാള്‍ വന്നു.
“ കുറുക്കുവ്യാദന സാറേ! എണ്ണേം കൊഴമ്പും കോറെ ത്യാച്ച്....ജാതൊരു കൊറവൂല്ല.... പിന്നെ ഭ്യാദി പോണില്ല ....”
“നടുവേദന. മലം പോകുന്നില്ല അതാ കംപ്ലൈന്റ്..” ഹൌസ് സര്ജന് പറഞ്ഞു.
മരുന്നെഴുതി നടു നിവര്‍ക്കും മുന്‍പേ അടുത്ത ആവലാതി “ സാറേ...രണ്ടാഴ്ച്ചയായി ദേഹം മുഴോന്‍ ഊരല്‍..”
“ചൊറിച്ചില്‍” ഹൌസ് സര്ജന് വക ട്രാന്സ്ലേഷന്.
അടുത്തതായി ഒരു സ്ത്രീയായിരുന്നു വന്നത്. ഒപ്പം പത്തു പതിനഞ്ചു വയസ്സയ ഒരു പയ്യനും.
“ എവന് ഫയങ്കര കാച്ചില് സാറേ!” മോഹനകൃഷ്ണന് ഒന്നു ഞെട്ടി! ഹൌസ് സര്ജന് മിണ്ടുന്നില്ല!
മോഹനകൃഷ്ണന് വീണ്ടൂം ചോദിച്ചു “ എന്താ കുട്ടിക്കു പറ്റീത്..”
“വോ, തന്നെ... ഇന്നലെ രാത്രി മൊതല് ഫയങ്കര കാച്ചില് സാറേ! പരിശോധിച്ചു നോക്കണം!”
മോഹനകൃഷ്ണന് കുട്ടിയെ എക്സാമിനേഷന് ടേബിളില്‍ കിടത്താന്‍ പറഞ്ഞു. കാച്ചില് എന്നാല്‍ പുഴുങ്ങി തിന്നുന്ന, കിഴങ്ങുവര്‍ഗത്തില്‍ പെട്ട, ഒരു സാധനം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ കണ്ടിട്ടു കൂടിയില്ല! ഈ കുട്ടിക്കിനി എവിടെയാണോ കാച്ചില്!!
പുറമെയൊന്നും കാണുന്നില്ല. ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു.
ഇല്ല. ഒന്നുമില്ല. സങ്കോചത്തോടെയാണെങ്കിലും കുട്ടിയുടെ നിക്കര്‍ അഴിക്കാന്‍ നിര്‍ദേശിച്ചു.
അതോടെ കുട്ടിയുടെ അമ്മ ചീറി!
ഇതെന്തര്... വെള്ളരിക്ക്യാപ്പട്ടണോ...!? കൊച്ചിനെ കൊഴലു വച്ച് നോക്കുന്നതിനു പകരം ഇയ്യാള് ഇതെന്തര് ചെയ്യണത്..?
മോഹനകൃഷ്ണന് പരുങ്ങി.
“പനിക്കൊള്ള കഷായം വല്ലോം എഴിതിക്കൊട് സാറേ!” ക്യൂവില്‍ പിന്നിലുള്ള ആരോ വിളിച്ചു പറഞ്ഞു.
കുട്ടിയുടെ ദേഹത്തു തൊട്ടു നോക്കി. നല്ല ചൂട്. പനിയാണൊ ഇവര്‍ ഉദ്ദേശിച്ചത്!
“കുട്ടിക്കു പനിയാ.. ല്യേ...?”
“വോ.... തന്നെ.... സാറ് കൊഴലു വച്ചൊന്നു നോക്കണം! ''
മോഹനകൃഷ്ണന് വിറയ്ക്കുന്ന കയ്യോടെ സ്റ്റെത്ത് കുട്ടിയുടെ നെഞ്ചില്‍ വച്ചു. ചെസ്റ്റ് ക്ലിയറാണ്. കാര്യമായ പ്രശ്നമൊന്നും തോന്നുന്നില്ല. മരുന്നു കുറിച്ചു.
അയാള്‍ ഭയങ്കരമായി വിയര്‍ത്തു കുളിച്ചു. മോഹനകൃഷ്ണന് എങ്ങനെയെങ്കിലും ഓ.പിയില്‍ നിന്നിറങ്ങിയാല്‍ മതിയെന്നായി.
പുറത്ത് പ്രൊഫസറുടെ ശബ്ദം. മോഹനകൃഷ്ണന് വീണ്ടും ഞെട്ടി.
“എന്നതാ ആനമങ്ങാടാ , രാവിലെ ഇത്രോം തെരക്ക്..? താന്‍ പോയി ഒരു ചായയൊക്കെ കുടിച്ച് റജിസ്റ്ററില്‍ ഒപ്പിട്ടേച്ചും വാ... അതുവരെ ഞാനിരിക്കാം!”
“മ്ഉം..... വര്ണ്ട്..... വര്ണ്ട്.... ”മോഹനകൃഷ്ണന് മനസ്സില്‍ പറഞ്ഞു. അയാള്‍ പുറത്തിറങ്ങി തമ്പാനൂര്‍ക്ക് ബസ് കയറി.
മനം പോലെ മലപ്പുറം സൂപ്പര്‍ ഫാസ്റ്റ് ദാ കിടക്കുന്നു ! ഒരു സൈഡ് സീറ്റില്‍ ഇരുന്ന് ഡോ.ആനമങ്ങാടന്‍ കണ്ണുകള്‍ അടച്ചു.
വാല്‍മൊഴി: എല്ലാ തിരുവനന്തപുരത്തുകാരും ഇങ്ങനെയല്ല സംസാരിക്കുന്നത്. ഇന്ന് തിരുവനന്തപുരം സിറ്റിയില്‍ താമസിക്കുന്ന പകുതിപ്പേരും അന്യ നാട്ടുകാരാണ്. പക്ഷേ ഞങ്ങള്‍ പൂജപ്പുരയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് തനി ഗ്രാമീണരെ (പ്രത്യേകിച്ചും മുതിര്‍ന്ന തലമുറയെ) ആണ് ധാരാളമായി കിട്ടുന്നത്. തിരുവനന്തപുരം ഭാഷയെ ഇകഴ്ത്താനല്ല ഇതെഴുതിയത് എന്നു പ്രത്യേകം സൂചിപ്പിക്കട്ടെ.
പദസൂചി:
മുടുക്ക് = ഇടവഴി
ക്യാക്കണ് = ചോദിക്കണ്
എശ = ദശ = സന്ധി
ത്യാരി = തേരി = കയറ്റം
ഇളിപ്പ് = ശ്വാസം മുട്ടല്‍
കുറുക്കുവേദന = നടു വേദന
ഭ്യാദി = മലം
ഊരല്‍ = ചൊറിച്ചില്‍
കാച്ചില് = ചൂട്, പനി
41 comments:
ഈ വരത്തപ്പയലുകള് തിരോന്തരം ബാഷകള് നശിപ്പിച്ചണ്ണാ.
പൊളപ്പന്‍ പോസ്റ്റ് കേട്ടാ.
ഞാന്‍ തിരുവനന്തപുരത്തിന്റെ മരുമകളാണ്....ഡോ.ആനമങ്ങാടന്റെ അവസ്ഥ എനിയ്ക്കു വളരെ നന്നായി മനസ്സിലായി.....എനിയ്ക്കീ പോസ്റ്റ് വളരെ ഉപകാരപ്രദമായി....
കഥകൊള്ളാം ഡോക്ടർ.ഒരിക്കൽ ഓ.പിയിൽ നിൽക്കുമ്പോൾ
ഒരു രോഗിയുടെ നെഞ്ചിൽ കുഴൽ വച്ച് “കുരക്കാൻ“ ആവശ്യപെട്ട
ഡോക്ടറുടെ കാര്യമാണ് ഓർമ്മവരുന്നത്.അല്പനേരം പരുങി നിന്ന
രോഗി “ബൌ .. ബൌ “ എന്നുറക്കെ കുരച്ചപ്പോൾ ഞെട്ടിയെണീറ്റ
ഡോക്റ്റരുടെ മുഖത്തെ പകപ്പ് ഇപ്പോഴും ഓർമ്മയുണ്ട്.പാലക്കാട് ചുമക്ക്
“കുര’എന്നാണ് പറയുക പോലും.ഡോ: ആവശ്യപെട്ടത് ചുമക്കാനായിരുന്നു
വയറു വേദനക്ക് മരുന്നു വാങാൻ വന്ന ഞാൻ അന്ന് ചിരിചച്ച് തണ്ടൽ വിലങി
ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു..
ഡോ.ജയന് ഏവൂര്‍ ചിര്‍പ്പിച്ചു. അപ്പികള് കലക്കിയ വെള്ളങ്ങളും പയലുകളും ഒക്കെയുള്ള നാട്ടിലെ ഡയലോഗ്സ് കലക്കി.
നല്ല അവതരണം തന്നെ..
മയില്‍പീലി...
വളരെ നന്ദി ഇവിടെ എത്തി ഇതു വായിച്ചതിന്!
തിരുവനന്തപുരത്തിന്റെ മരുമകള്‍ ആയത് എന്റെ ഭാഗ്യം!
കെ.കെ.എസ്....
നല്ല കഥ! പാലക്കാട് മാത്രമല്ല കണ്ണൂരും ചുമ “കുര”യാണ്!
ഏറനാടന്‍...
ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം!
ഇനിയും ഈ വഴിയൊക്കെ വരണേ!!
എടോ ശരി മലയാളം പറയുന്നത് ഞങ്ങള്‍ കോട്ടയത്തുകാരാ!''
ദൈവമേ പടപേടിച്ച്....!! മോഹനകൃഷ്ണന് വിയര്‍ത്തു!
ഞാന്‍ കോഴിക്കോട്ട് ജോലി ചെയ്തിട്ടുള്ളതിനാല്‍ ഭാഷാ പ്രശ്നം പെട്ടന്ന് മനസ്സിലാകും.
കൊള്ളാം
നന്ദി അരുണ്‍....
ഇനി തനി കായങ്കൊളം ഡയലോഗുകള്‍ കൂടി ഒന്നു പരൂഷിച്ചാലോ?
നമ്മുടെ തന്നെ അണ്ണാ നല്ല ഭാഷ. നമ്മള് മദ്ധ്യ തിരുവിതാംക്കൂറുകാര്, വൈകിട്ട് 5 മണിയാകുമ്പോള്‍, മദ്യ തിരുവിതാംക്കൂറുകാരായി പറയുന്നതാണു തനി മലയാളം.
ഏതായാലും കാച്ചിലാണെന്ന് പറഞ്ഞപ്പോള്‍..കൊച്ചന്റെ നിക്കര്‍ അഴിച്ചപ്പോള്‍ ഡോകടര്‍ കാച്ചില് എന്ന് മനസ്സില്‍ കരുതിയതെന്തെന്ന് വ്യക്തവും സ്പഷ്ടവുമായി. പിന്നെ ഏതോ ഒരു സ്ഥലത്ത് കാച്ചില് എന്ന് വെച്ചാല്‍ അരകിറുക്ക് എന്നും അര്‍ത്ഥമുണ്ട്..
ഒരിക്കല്‍ തിരോന്തോരത്ത് നിന്ന് വന്നോരു പയലു, വീട്ടില്‍ വന്ന് അമ്മയെ വിളിച്ച്...അമ്മച്ചിയേ, അമ്മച്ചീ..ആ തൊറപ്പ ഒന്നു തരുമോ? അമ്മ എന്താന്നാ ഇതെന്ന് അല്പം സന്ദേഹത്തില്‍ നിന്നപ്പോള്‍ അവന് പിന്നെ ആക്ഷന്‍ കാണിച്ചപ്പോള്‍ മനസ്സിലായി ചൂലാണീ തൊറപ്പ...
ഇനിയും പോരട്ടെ..ഇത്തരം കാച്ചിലുകള്‍.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
സരസമായി പറഞ്ഞിരിക്കുന്നു, ഭാഷ കൊണ്ടുള്ള ഓരോ പുലിവാലുകള്.
ഞാനൊരു തൃശ്ശൂര്‍ക്കാരിയാണേയ്. അറിയാല്ലോ, അവിടത്തെ ഭാഷ?
സെനു...
തൊറപ്പ പുരാണത്തിനു നന്ദി!
ഇനി ഒരിടവേളയ്ക്കു ശേഷം പോരെ “തിര്വോന്തരം” ഫാഷ?
എഴുത്തുകാരീ...
ഇവിടെ എത്തിയതിനു വളരെ നന്ദി!
തൃശ്ശൂര്‍ ഭാഷ അറിയാമേ!
:)
പുതിയതായി വന്നതായിരുന്നു ആ പണിക്കാരി
അമ്മ നേരെ ചങ്ങനാശ്ശെരി ഇമ്പോര്‍ട്ടും
ചേറുപയര് കഴുകി അടുപ്പത്ത് ഇടാന്‍
പറഞ്ഞു അല്പനേരം കഴിഞ്ഞ് അവള് വന്നു
“അമ്മാ ആ പയറുകളത്ര്യും ഒരല്കള് വീണുളുത്ത് പ്വായി യിനി യെന്തര് ചെയ്യട്ട്?അയ്യത്ത് തട്ടട്ടാ?”
[ടിന്നില്‍ ഇരുന്ന പയര്‍ ചെള്ള്
കുത്തിയതാണ് സംഗതി..]
ആദ്യമായാണ് ഇവിടെ... ഇഷ്ടപ്പെട്ടു എഴുത്തുകള്‍ ... പിന്തുടര്‍ന്നോട്ടെ...? ആശംസകള്‍... മറ്റൊരു കൊച്ചുണ്ണി...!!
മാണിക്യം ച്യാച്ചി..
ത്വാനെ നന്നികള് കെട്ടാ....
തള്ളെ പൊളപ്പന്‍ വേലക്കാരിയള് തന്നേ!
പകല്ക്കിനാവന്...
പിന്നെന്താ....വളരെ സന്തോഷം!
tht was a super story..
so keep blogging..
Enikkishttamayi Sir. Nannayirikkunnu. Ashamsakal.
നവനീത്,
സുരേഷ് കുമാര്‍,
ഇവിടെത്തി ഇതു വായിച്ചതിന് വളരെ വളരെ നന്ദി!
Avatharanam nannaayirikkunu mone..vaayichhu kazhinjatharinjilla. athrakkum rasakaramaayirunnu..
കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റലിലെ തൊട്ടടുത്ത മുറികളിൽ താമസിച്ചിരുന്നത് 3 അപ്പികളായിരുന്നു. പത്മകുമാർ എന്ന പപ്പനപ്പിയായിരുന്നു അതിൽ പ്രമുഖൻ.
രാവിലെ കോളേജ് ബസ്സ് വരുന്നതുവരെ കിടന്നുറങ്ങുന്ന ഞങ്ങളെ പപ്പനപ്പി വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ഇങ്ങനെ.
“എന്തര് അപ്പികള് യാഴ് മണികള്‍ വരെ കെടന്നൊറങ്ങണത് ?”
മെസ്സിലെ ചിക്കൻ കറി കഴിച്ചതിനുശേഷം അപ്പികളുടെ കമന്റ് ഇങ്ങനെ.
ഇതെന്തര് ക്വാഴിക്കറി ? അപ്പടി യെല്ലുകള് തെന്നെ.
വർഷാവസാനം ഞങ്ങളൊരു നാടകം എഴുതിയുണ്ടാക്കി. അതിന്റെ പേര് ‘യെന്തരെടേ’.
ഇതൊക്കെ നടക്കുന്ന ഹോസ്റ്റലും കോളേജും നിൽക്കുന്നത് കേരളത്തിന്റെ മറ്റേ അറ്റമായ കണ്ണൂരിലാണ്. അവിടത്തെ ഭാഷ അതിലും കേമം. അതൊക്കെ കമന്റായി പറയണതിലും ഭേദം ഒരു പോസ്റ്റാക്കുന്നതായിരിക്കും.
പഴയ ഒരുപാട് കാര്യങ്ങൾ ഓർമ്മിക്കാൻ ഇടയാക്കിയ ഈ പോസ്റ്റിന് നന്ദി.
ശരിയായ മലയാളഭാഷ സംസാരിക്കുന്നത് ‘ഞങ്ങ‘ എറണാകുളത്തുകാരാണ്. സംശയം ഉണ്ടെങ്കിൽ ‘അങ്ങാടും ഇങ്ങാടും‘ നടന്ന് നേരം കളയാതെ എർണാളത്തോട്ട് വന്ന് നോക്ക്... :):)
വിജയലക്ഷ്മി ചേച്ചീ..
വളരെ വളരെ സന്തോഷം!
നിരക്ഷരന്...
സ്വന്തം ഓര്‍മ്മകള്‍ കൂടി പങ്കുവച്ചല്ലോ....നന്ദി സുഹൃത്തേ...
തിരുവനന്തപുരത്ത് ആദ്യമായി സിനിമ കാണാന്‍ കേറിയത് എനിക്കോര്‍മ്മയുണ്ട്. ഹിറ്റ്ലര്‍ ആയിരുന്നു പടം.
ജഗദീഷിന്റെ കോമഡി കണ്ടു രസിച്ചിരുന്ന് കുറേക്കഴിഞ്ഞപ്പോള്‍ പടം സീരിയസായി.
അപ്പോള്‍ കേള്‍ക്കാം ഒരു കൂക്കുവിളിയും അലര്‍ച്ചയും...
“ യാസിയിടറേ... യാസി...!!”
കോമഡിയ്ക്കിടയില് തിയേറ്ററുകാര്‍ എ.സി. ഓഫ് ചെയ്തത് ജനം മനസ്സിലാക്കി!
മനം പോലെ മലപ്പുറം സൂപ്പര്‍ ഫാസ്റ്റ് ദാ കിടക്കുന്നു ! ഒരു സൈഡ് സീറ്റില്‍ ഇരുന്ന് ഡോ.ആനമങ്ങാടന്‍ കണ്ണുകള്‍ അടച്ചു.
ഡോ.ആനമങ്ങാടന്‍ പോയ വഴിയില്‍ പുല്ലു കുരുത്തില്ലേ? :)
ഹ ഹ ഹ
അനോണി പറഞ്ഞ പോലെ
പൊളപ്പന്‍ പോസ്റ്റ് അണ്ണാ....
പണ്ട് സ്കൂളില്‍ ഒരു പാഠം പഠിക്കാന്‍ ഉണ്ടായിരുന്നു “ ഭാഷയുടെ വകഭേദങ്ങള്‍” ആരെഴുതിയതാണെന്ന് ഇപ്പോള്‍ ഓര്‍മയില്ല. കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ തെക്കെ അറ്റം വരെയുള്ള ഭാഷയുടെ വ്യത്യാസം വളരെ രസകരമായി അതില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നമസ്കാര്‍, കിച്ചൂ....നന്ദി!
കിച്ചൂ...
“മലയാളഭാഷയുടെ പ്രാദേശികഭേദങ്ങള്‍“ എന്നാണെന്നു തോന്നുന്നു ആ പാഠത്തിന്റെ തലക്കെട്ട്...
ഏര്ന്നേരായ് വിശക്ക്ണതില്ലേ
വൃഥാ കുത്തൃക്ക്ണതെന്തേ ഭാവാന്.... എന്നും
നാര്ണോന്നൂണിന് ചോറ്ണോഥ കറിയോ
കണ്ണ്യാങ്ങ്ലണോ കപ്ലണോ.....
ഇത്രയുമൊക്കെ ഓര്‍മ്മയുണ്ട്!
ഹ...ഹ..ഹ...ചിരിച്ചു പരിപ്പ് ഇളകി.
പിന്നെ, ഞാന്‍ പുതിയ പോസ്റ്റ് മുതല്‍ വായിച്ചു തുടങിയത് കൊണ്ട് കാച്ചില് Vs സംഗീത ശരിക്ക് രസിച്ചു
പ്രിയപ്പെട്ട് ജയന്.....വളരെയധികം നന്നായിട്ടുണ്ട്....നന്നായി അസ്വദിച്ചു...പിന്നെ ഈ ആനമങാട് എന്റെ അടുത്ത സ്ഥലമാണ് കെട്ടൊ...
ഭാഷാവിശേഷങ്ങള്‍ രസകരമായി; കമന്റുകളും.
ഈ ഇത്തിരിപ്പോന്ന കേരളത്തിന്റെ തെക്കുവടക്കുനീങ്ങുമ്പോഴേയ്ക്കും വരുന്ന മാറ്റങ്ങള്‍!
വടക്കന്‍ കേരളത്തിന്റെ കടപ്പുറം ഭാഷ കേട്ടിട്ട്, മലയാളത്തിനോട് സാമ്യം പോലും തോന്നാതെ അന്തിച്ചിരുന്നിട്ടുണ്ടൊരിയ്ക്കല്.
ക്യാപ്ടന് ഹാഡോക്ക്
എന്‍.പി.ടി.
ചന്ദ്രകാന്തം...
കുറെ നാളുകളായി നിങ്ങളുടെ കമന്റുകള്‍ നന്ദികിട്ടാപ്രേതങ്ങളായി ഇവിടെ കിടക്കുന്നു....
ദാ പിടിച്ചോ എന്റെയും, പിന്നെ ഡോ. ആനമങ്ങാടന്റെയും വക ഹൃദയം നിറഞ്ഞ നന്ദി!
അതുശരി...ഡോക്ടര്‍ സാര്‍ രണ്ടു പേരും കൂടെ പ്രേതങളെ തറയ്കാന് ഇറങിയതാ, അല്ലെ .. :)
ഇതൊക്കെ ഒരു ഭാഷയാണോ. ശരിക്കും ഭാഷ കേള്‍ക്കണെങ്കില്‍ കണ്ണൂരേക്ക് വാ... ബേംകീ... ബേംകീ.. ഓന് കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം വെച്ചു. ഇതൊക്കെ കണ്ടമാനം കേട്ട് പരിചയമുണ്ടാവുമല്ലോ. അതൊരു പോസ്റ്റായി തട്ടിക്കോ.
അയ്..ഗഡ്യേ...എന്തുട്ടാ ഇഷ്ടാ..ഈ കാണണത്..
എന്തൊരലക്കാ ഇത്..സംഗതി കലക്കീട്ടാ..
ക്യാപ്റ്റൻ ഹാഡോക്ക് വീണ്ടും നന്ദി!
കുമാരൻ
“ബേംകീ... ബേംകീ.. ഓന് കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം വെച്ചു.”
ഹ! ഹ!!
ഒന്നുഷാറാക്കി എടുക്കണം!
മിഴിനീർത്തുള്ളി
അലക്കുകാരന്റെ വെഷമം അലക്കുകാരനു മാത്രം അറിയാം!
അയ്യോ ചിരിച്ച് ചിരിച്ച്......
തിരുവനന്തപുരക്കാരുടെ സംസാരം കേട്ടാല്‍ ചിരിച്ച് പോകും..
വേടിക്കുക എന്നാണു വാങ്ങിക്കുക എന്നതിന് പകരം പറയാറ്.
വെറുതെയാണോ സുരാജിന് ഇത്ര മാര്‍ക്കറ്റ്?
നന്നായി അസ്വദിച്ചു..നല്ല അവതരണം
കോട്ടയംകാരന് പീഡിയാട്രീഷ്യന്‍ ഡോക്ടര്‍ തോമസ് മലപ്പുറം പ്രാക്ടീസ് ചെയ്യുമ്പോള്‍ വര്‍ഗീയ കലാപം വരെ ഉണ്ടായി കുണ്ടോട്ടിയില്‍
കാരണം ഒരു കുഞ്ഞിന്റെ കരച്ചിലായിരുന്നു, കുഞ്ഞുമായി വന്ന അമ്മ ഡോക്ടര്‍ കുഞ്ഞിനെ പരിശോധിച്ച് മരുന്നിനു ശീട്ട് എഴുതുമ്പോള്‍
പറഞ്ഞത്രേ, സാറേ ,"അസര്‍ബാങ്ക് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ കുട്ടിക്ക് വല്ലാത്ത ശ്യാട്യം പിന്നെ നിര്താന്ടെ കരച്ചില് തുടങ്ങും"
അപ്പോള്‍ ഡോക്ടര്‍ മറുപടി പറഞ്ഞത്രേ ഇനിമുതല്‍ അസര്‍ബാങ്ക് കൊടുക്കണ്ട ഞാന്‍ തരുന്ന കുറിപ്പിലുള്ള മരുന്ന് കൊടുത്താല്‍ മതി എന്ന് .
"വൈകുന്നേരത്തെ(അസര്‍ ) പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയാണ് കുട്ടി കരയുന്ന സമയം ആ അമ്മ കണക്കാക്കിയത്"
പക്ഷെ ഡോക്ടര്‍ തോമസിന് "അസര്‍ബാങ്ക്" എന്താണെന്ന് പിടികിട്ടിയില്ല വല്ല നാട്ടു മരുന്നാവും എന്നാണത്രേ കരുതിയത് .
ചിരിച്ചു,, ചിരിച്ചു, ഇനിയും പോരട്ടെ ഇതുപോലെ പലതും.
ഡോൿടർ ചിരിച്ചു ചിരിച്ചു ഒരു വിധമായി. ഇപ്പോൾ രാത്രി സമയം 2:30 അതുകൊണ്ട് ഉറക്കെ ചിരിക്കാൻ വയ്യ. നാളെ ആകട്ടെ ഒന്നുകൂടെ വരാം മനസ്സറിഞ്ഞ് ഒന്നൂടെ ചിരിക്കണം. ഡോൿടർക്കും സമാന അനുഭവങ്ങൾ പങ്കുവെച്ച എല്ലാവർക്കും നന്ദി.
sathyathil ee Dr. mohanakrshnan jayan Dr. thanneyalle
:)
ഭാഷ മാത്രമല്ല ചില സ്ഥപ്പേരുകളും തെക്കു വടക്ക് കേരള സഞ്ചാരത്തിനിടയില്‍ തമാശയ്ക്ക് കാരണമാകാറുണ്ട്
കാലം തൊണ്ണൂറുകളുടെ ആദ്യപകുതി, സ്ഥലം കണ്ണൂര്‍. കോട്ടയം കാരനായ എന്റെ ഒരു സുഹൃത്തിനു കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം കിട്ടി, അന്നു പരക്കെ പ്രോഫഷണല്‍ കോളജുകളില്‍ നിലനിന്നിരുന്ന റാഗിങ്ങിനെ ഭയന്ന് ആദ്യ ദിവസം അവന്റെ അപ്പന് കൂട്ട് പോയി.
ഹോസ്റ്റല്‍ ഇല്ലാതിരുന്ന ആ കാലത്ത് കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്ധ്യാര്ഥികള് പൊതുവേ സമീപ പ്രദേശങ്ങളില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ് പതിവ്.
നമ്മടെ പയ്യന് താമസം അന്വേഷിക്കാന്‍ വേണ്ടി അച്ചായന് സീനിയര്‍ പിള്ളാരോട് പോയി നിങ്ങള്‍ എവിടാ താമസമെന്നു ചോദിച്ചു, ഉടനെ ഉത്തരവും കിട്ടി "താമസം ചൊവ്വയില്‍"
സീനിയര്‍ പിള്ളാര് തനിക്കിട്ടൊന്നു താങ്ങിയതാണെന്നു കരുതിയ വക്കച്ചായന് അപ്പോ തന്നെ തിരിച്ചടിച്ചു " എന്താടാ കൊച്ചുങ്ങളേ നിങ്ങക്ക് നെപ്റ്റ്യൂണിലും പ്ലൂട്ടോയിലും ഒന്നും വീട് കിട്ടിയില്ലേ?? ചൊവ്വായില്‍ തന്നെ താമസിക്കാന്‍"
ഭാഷ മാത്രമല്ല ചില സ്ഥപ്പേരുകളും തെക്കു വടക്ക് കേരള സഞ്ചാരത്തിനിടയില്‍ തമാശയ്ക്ക് കാരണമാകാറുണ്ട്
കാലം തൊണ്ണൂറുകളുടെ ആദ്യപകുതി, സ്ഥലം കണ്ണൂര്‍. കോട്ടയം കാരനായ എന്റെ ഒരു സുഹൃത്തിനു കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം കിട്ടി, അന്നു പരക്കെ പ്രോഫഷണല്‍ കോളജുകളില്‍ നിലനിന്നിരുന്ന റാഗിങ്ങിനെ ഭയന്ന് ആദ്യ ദിവസം അവന്റെ അപ്പന് കൂട്ട് പോയി.
ഹോസ്റ്റല്‍ ഇല്ലാതിരുന്ന ആ കാലത്ത് കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്ധ്യാര്ഥികള് പൊതുവേ സമീപ പ്രദേശങ്ങളില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ് പതിവ്.
നമ്മടെ പയ്യന് താമസം അന്വേഷിക്കാന്‍ വേണ്ടി അച്ചായന് സീനിയര്‍ പിള്ളാരോട് പോയി നിങ്ങള്‍ എവിടാ താമസമെന്നു ചോദിച്ചു, ഉടനെ ഉത്തരവും കിട്ടി "താമസം ചൊവ്വയില്‍"
സീനിയര്‍ പിള്ളാര് തനിക്കിട്ടൊന്നു താങ്ങിയതാണെന്നു കരുതിയ വക്കച്ചായന് അപ്പോ തന്നെ തിരിച്ചടിച്ചു " എന്താടാ കൊച്ചുങ്ങളേ നിങ്ങക്ക് നെപ്റ്റ്യൂണിലും പ്ലൂട്ടോയിലും ഒന്നും വീട് കിട്ടിയില്ലേ?? ചൊവ്വായില്‍ തന്നെ താമസിക്കാന്‍"
www.anilphil.blogspot.com
ങ്ങള് ഇന്റട്ത്ത്ന്ന് തല്ല് മേട്ച്ചുംട്ടോ ഇങ്ങനെ ചിര്പ്പിച്ചാല്...
kollam mashe.nannayittundu.njanoru kanoorkariyane.Pinne njanum kettitundu kottaymkar avaruthethanu malayalam ennu parayunnathu.enikkathinodu yojippilla.neetalum kurukkalum okke ulla vaythariyanu varamozhiyekkal manoharam
Post a Comment