Saturday, January 17, 2009

ഗിപ്രാസ് ഫ്രം പൂത്തോട്ട...!!!

.

ചിക്കമഗ്ലൂര്‍ ജില്ലയില്‍ ശൃംഗേരി മഠത്തിനടുത്തായി കൊപ്പ എന്ന സ്ഥലത്താണ് ആരൂര്‍ ലക്ഷ്മീനാരായണറാവു മെമ്മോറിയല്‍ ആയുര്‍വേദിക് മെഡിക്കല്‍ കോളേജ്. നല്ല തണുപ്പുള്ള, തേയിലത്തോട്ടങ്ങളുടെ സാമീപ്യമുള്ള മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് കൊപ്പ. മൂന്നര വര്‍ഷം ഞാന്‍ അവിടെ ലക്ചറര്‍ ആയി ജോലി ചെയ്തു.

പഠിക്കുന്ന കുട്ടികളില്‍ ധാരാലം പേര്‍ മലയാളികളാണ്. നല്ല അച്ചടക്കമുള്ള കുട്ടികള്‍. ഒരു പീരീഡ് പോലും ഒഴിവില്ലാതെ ക്ലാസുകള്‍. നല്ല റിസല്‍റ്റ്. എനിക്കു കോളേജ് വളരെ ഇഷ്ടപ്പെട്ടു. പ്രൈവറ്റ് കോളേജ് ആയതുകൊണ്ട് ഫസ്റ്റ് ഇയര്‍ മുതല്‍ ഫൈനല്‍ ഇയര്‍ വരെയുള്ള എല്ലാ ക്ലാസുകളിലും പോകേണ്ടിയിരുന്നു, ഞങ്ങള്‍ അധ്യാപകര്‍ക്ക്‌. എനിക്കതൊരു സന്തൊഷമുള്‍ലകാര്യമായി തോന്നിയതുകൊണ്ട് എല്ലാ ക്ലാസിലേയും കുട്ടികളുമായി നല്ല ബന്ധം ഉണ്ടായി.

ഒരു ദിവസം ഫസ്റ്റ് ഇയറില്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികള്‍ക്കു ബോറായേക്കുമോ എന്ന ചിന്ത മനസ്സില്‍ വന്നാല്‍, ക്ലാസ് അല്പനേരം നിര്‍ത്തി എന്തെങ്കിലും കൊച്ചുവര്‍ത്തമാനം പറയുക എന്റെയൊരു ശീലമായിരുന്നു..

ആ ദിവസം കുട്ടികളോട് ഓരൊരുത്തരോടും അവരവരുടെ പേരും അതിന്റെ അര്‍ത്ഥവും പറയാന്‍ ഞാനാവശ്യപ്പെട്ടു. രസകരമായ പേരുകള്‍. ചിലര്‍ക്ക് നല്ല അര്‍ത്ഥമുള്ള പേരുകള്‍. മറ്റു ചിലര്‍ക്ക് എങ്ങനെ ആലോചിച്ചാലും അര്‍ത്ഥം കണ്ടെത്താന്‍ വയ്യാത്തവ... ഇനിയൊരുകൂട്ടര്‍ക്ക് തനി നെഗറ്റീവ് അര്‍ത്ഥം! (നിഷാദ് = കാട്ടാളന്‍ or ...കാട്ടാള്‍!? , അസ്മിത = ചിരിക്കാത്തവള്‍).

കുട്ടികളോട് എന്റെ ചില അനുഭവങ്ങളും പറഞ്ഞു. ഒരു സുഹൃത്തിന്റെ ചേച്ചിയ്ക്ക് രണ്ടു മക്കള്‍ - മൂത്തവന്‍റ്റെ പേര് ട്രോഫി, ഇളയവന്‍ ഷീല്‍ഡ്! (അച്ഛനും അമ്മയ്ക്കും കിട്ടിയ ട്രോഫിയും ഷീല്‍ഡുമാണത്രേ ഈ മക്കള്‍!)

മറ്റൊരു ക്ലാസ്മേറ്റിന്റെ മാമന്റെ കണ്ടാല്‍ ഓമനത്തം തുളുമ്പുന്ന കുഞ്ഞിന്റെ പേര് “ഡഗ്ലസ്!”. ഇതല്പം കടുത്തുപോയല്ലോ എന്നു ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ മാമന്‍ തീരുമാനിച്ചു. തനി നാടന്‍ ചുവയുള്ള ഒരു പേരിട്ടു വീട്ടില്‍ വിളിക്കാന്‍ - പാണ്ടന്‍!!

ഇതൊക്കെ നടന്ന സംഭവങ്ങളാണ്.ഒപ്പം എന്റെ ആയുര്‍വേദ കോളേജ് പഠനകാലത്തെ ഒരു കഥ പറഞ്ഞു.. കഥ കുട്ടികള്‍ക്കിഷ്ടമാണ്. അതില്‍ മലയാളം കന്നട ഭേദമൊന്നുമില്ല.

ഇനി ആ കഥയിലേക്ക്.

എറണാകുളത്തു നിന്നു വൈക്കത്തേക്കു പോകുന്ന വഴി തൃപ്പൂണിത്തുറ കഴിഞ്ഞാല്‍ എത്തിച്ചേരാവുന്ന ഒരു കായലോര ഗ്രാമമാണ് പൂത്തോട്ട. ഞങ്ങളുടെ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ദശദിനക്യാമ്പ് അക്കൊല്ലം അവിടെ വച്ചായിരുന്നു.ആദ്യദിനം ഉല്‍ഘാടനമഹാമഹം. രണ്ടാം ദിനം മുതല്‍ “പണി” തുടങ്ങുകയായി. ഞങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ഒക്കെ ചെയ്തു തന്നത് പ്രകാശന്‍ ചേട്ടന്‍ എന്നൊരു ലോക്കല്‍ നേതാവായിരുന്നു. ചേട്ടന്റെ പ്രധാന ആവശ്യം ഒരു റോഡുപണിയാ‍യിരുന്നു. അദ്ദേഹത്തിനുള്‍പ്പടെ കുറേയാളുകളുടെ വീട്ടിലേക്ക് ഒരു ഓട്ടോ പോലും വരാനുള്ള വഴി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ചേട്ടന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു സദാസമയവും.

തുടക്കം മുതല്‍ ക്യാമ്പില്‍ സജീവമായിരുന്ന മൂന്നു കുട്ടികളെ എല്ലാരും ശ്രദ്ധിച്ചു. മൂത്തവന് ഒരു എട്ടു വയസ്സു കാണും. അടുത്തവന് ആറ്. മൂന്നാമന് കഷ്ടിച്ചു മൂന്ന്. ഇങ്ങനെയായിരുന്നു പ്രായം. എല്ലവരേയും പോലെ എനിക്കും ഇവന്മാരില്‍ ഒരു കൌതുകം തോന്നി.(എന്റെ വീട്ടില്‍ ഇതെ സൈസ് നാലെണ്ണമാണുള്ളത്, ഞാനുള്‍പ്പടെ!) അതുകൊണ്ട് ഇവന്മാരെ പരിചയപ്പെടാം എന്നു തീരുമാനിച്ചു.

മൂത്തവനോടു പേരു ചോദിച്ചു. അവന്‍ പറഞ്ഞു “ കമാല്‍ ഗിപ്ര!”

രണ്ടാമന്‍ “കമാഷ് ഗിപ്ര!!”

മൂന്നാമനോട് ഒന്നാമന്‍ ആവശ്യപ്പെട്ടു “പേരു പറയടാ..”

അവന്‍ നാണം കുണുങ്ങി നിന്നു.

അപ്പോള്‍ മൂത്തവന്‍ തന്നെ പറഞ്ഞു “ ഇവന്റെ പേര്‌ ആയാ ഗിപ്ര !!!”

തേന്മാവിന്‍ കൊമ്പത്തില്‍ താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍.....എന്ന പപ്പുവിന്റെ ഡയലോഗ് കേട്ട മോഹന്‍ലാലിന്റെ മുഖഭാവം പോലെ എന്തോ ഒന്ന് എന്റെ മുഖത്തും പ്രതിഫലിച്ചു.

ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കു ശേഷം ഞാന്‍ ചോദിച്ചു “ഇതെന്താടാ എല്ലാവന്റേയും ഒടുക്കം ഒരു ഗിപ്ര ?”

“ ആ ഞങ്ങക്കറിഞ്ഞൂടാ...!” അവന്മാര്‍ പോയി.

അപ്പോള്‍ ദാ വരുന്നു പ്രകാശന്‍ ചേട്ടന്‍!

ഞാന്‍ ചേട്ടനോടു ചോദിച്ചു “ചേട്ടാ, ഇവന്മാരേതാ?”

“അനിയാ... മൂന്നും എന്റെ സന്താനങ്ങള്‍ തന്നെ!!”

“ഉവ്വോ!? ഞാന്‍ കരുതി വേറെ ആരുടെയോ ആണെന്ന്‌!”

പ്രകാശന്‍ ചേട്ടന്‍ കടുപ്പിച്ചൊന്നു നോക്കി, ഞാന്‍ കാര്യമായി പറഞ്ഞതാണോ എന്ന് അതിയാനൊരു സംശയം!

സന്ദര്‍ഭം ലൈറ്റ് ആക്കാന്‍ ഞാന്‍ പരഞ്ഞു “ചേട്ടാ, ഈ മക്കളുടെയെല്ലാം പേരു കിടിലം. ഇതൊക്കെ എവിടുന്നു കിട്ടി?”

“അതേയ്.... ഞാന്‍ കൊറേക്കാലം അങ്ങു നോര്‍ത്തിലായിരുന്നു.അപ്പഴേ തീരുമാനിച്ചതാ, മക്കള്‍ക്ക് മലയാളം പേരു വേണ്ടാന്ന്.”

“അതു ശരി അപ്പം ഇതൊക്കെ ഹിന്ദി പേരാ അല്യോ?”

“അതെ... ഹിന്ദീല്‍ ‘കമാല്‍ കീ ചീസ് ഹേ’ എന്നൊക്കെ കേട്ടിട്ടില്ലേ? മൂത്തവന്‍‍ മിടുക്കനാവട്ടെ എന്നു കരുതിയാ അവന് ആ
പേരിട്ടത്”

രണ്ടാമന്‍ വിചാരിച്ചതിനേക്കാള്‍ പെട്ടെന്നിങ്ങു വന്നു! എട്ടാം മാസത്തിലാരുന്നു പ്രസവം. ആ‍ശുപത്രിയിലെത്തിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവം നടന്നു. അതാ “കമാഷ്” എന്നു പേരിട്ടത്!!

“അപ്പോ, മൂന്നാമത്തവനോ?” ഞാന്‍ ചോദിച്ചു.“അതോ.... അവന്‍ വന്നപ്പം മൊതലേ കരച്ചിലാരുന്നു. ആയാ... ആയാ‍...എന്ന് ....അതുകൊണ്ട് അവന് ആയാ എന്നു പേരിട്ടു”

അപ്പോ ചേട്ടാ, ഈ പേരുകളിലെല്ലാമുള്ള “ഗിപ്ര” എന്താണ് സാധനം?

“അതനിയാ, ലേഡീസ് ഫസ്റ്റ് എന്നല്ലേ?

അതുകൊണ്ട് ആദ്യം “ഗി” പിന്നെ “പ്ര!!”

എന്റെ വായ് വീണ്ടു പിളര്‍ന്നു!

“എന്റെ ഭാര്യേടെ പേര് ഗിരിജ, എന്റെ പേര് പ്രകാശന്‍! ഇപ്പ മനസ്സിലായോ?”

കഥ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ നിന്നൊരു പെണ്‍കുട്ടി എണീറ്റു പറഞ്ഞു

“ സര്‍, ഐ നൊ ദെം സര്‍!!”

ഞാന്‍ ഞെട്ടി! കഥ കേട്ടു കൊണ്ടിരുന്ന കുട്ടികളും...

അണിമ അശോക് എന്നാണ് അതു പറഞ്ഞ കുട്ടിയുടെ പേര്.

ഞാന്‍ അവളോടു ചോദിച്ചു “ഈ പ്രകാശന്‍ ചേട്ടന്‍ കുട്ടിയുടെ അമ്മാവനോ, ചെറിയച്ഛനോ ഒന്നുമല്ലല്ലോ!?”

“നോ സര്‍. ദേ ആര്‍ മൈ നെയ്ബേഴ്സ്...”

ഹാവൂ! സമാധാനം!

ഇതെഴുതിക്കഴിഞ്ഞപ്പോ വീണ്ടും സംശയം “ഗിപ്ര” സഹോദരന്മാരില്‍ ആരെങ്കിലുമൊരാള്‍ ഇവിടെയിരുന്ന്‌ ഇതു വായിക്കുന്നുണ്ടാവുമോ!!?

20 comments:

വല്യമ്മായി said...

നല്ല കഥ,നല്ല അവതരണം :)

jayanEvoor said...

നന്ദി വല്യമ്മായി!

തോന്ന്യാസി said...

പേരുകളുടെ അര്‍ത്ഥമാലോചിച്ച് ഞെട്ടിയത് പ്രീ-ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്. മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ ഒരധ്യാപകന്‍ പേര് “ഹിരണ്യന്‍”.സംശയിക്കണ്ട,പ്രശസ്ത നിരൂപകന്‍ കെ.കെ.ഹിരണ്യന്‍ തന്നെ.പുള്ളി ആളൊരു പുലിയാണെന്നറിയാന്‍ കുറേ വൈകി എന്നുമാത്രം.

എന്തായാലും പേര് പുരാണം കലക്കി.

ചന്ദ്രകാന്തം said...

രസകരമായ വിവരണം.

റീമയെന്നും ഷീമയെന്നും രണ്ട്‌ മക്കളുള്ള ആള്‍ക്ക്‌, മൂന്നാമതും പെണ്‍കുഞ്ഞാണെങ്കില്‍... എന്തു പേരിടുമെന്ന സംശയം. 'കീമ' എന്നിടൂ..എന്നുപദേശിച്ച സുഹൃത്തിനെ ഓര്‍ത്തു.

കുഞ്ഞന്‍ said...

രസകരമായ അനുഭവം. ഇതുപോലെ ഒരു പേരുള്ളയാള്‍ എന്റെ നാട്ടിലുണ്ട് വാഷിങ്ടണ്‍.. പുള്ളിയോട് ഞാന്‍ ചോദിച്ചു എന്താ മാഷെ ഇങ്ങനെയൊരു പേരിട്ടതെന്ന്. അച്ഛന് ജോര്‍ജ്ജ് വാഷിംഗ്ടണെ നല്ല ഇഷ്ടമായിരുന്നു. ജോര്‍ജ്ജ് എന്നപേരിട്ടാല്‍ ക്രിസ്ത്യാനിപ്പേരാകുമല്ലൊ എന്നുകരുതിയാണ് വാഷിങ്ടണ്‍ എന്ന പേരിട്ടതെന്ന്...ഇദ്ദേഹത്തെ ചുരുക്കിവിളിക്കുന്നത് വാഷി എന്നാണ്.

കുഞ്ഞന്‍ said...

മാഷെ..

വിരോധമില്ലെങ്കില്‍ ഈ കമന്റ് ഓപ്ഷന്‍(വിന്‍ഡൊ) മാറ്റി സാധരണ പേലെയാക്കൂ..

അതുപോലെ വേഡ് വെരിഫിക്കേഷനും എടത്തുകളയൂ അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്

jayanEvoor said...

തോന്ന്യാസി,

ഇവിടെ വന്നതിനു നന്ദി!

ഹിരണ്യം എന്നാല്‍ സ്വര്‍ണം. ഹിരണ്യന്‍ എന്നാല്‍ സ്വര്‍ണന്‍! നമ്മുടെ തങ്കപ്പന്‍, പൊന്നപ്പന്‍ എന്നൊക്കെ ഇദ്ദേഹത്തിന്റെ അപ്പനെ വിളിക്കാം!! തമാശയാണേ! ആരും കോപിക്കല്ലേ!!

ചന്ത്രകാന്തം,

രസകരമായ കമെന്റിനു നന്ദി!

കുഞ്ഞന്‍,

വാഷിയെ എന്റെ അന്വേഷണമറിയിക്കൂ!

പിന്നെ, കമന്റ് ഓപ്ഷന്‍ വിന്‍ഡൊയും വേഡ് വെരിഫിക്കേഷനും ഞാന്‍ വച്ചതല്ല!

അതു തനിയേ വന്നതാ!

ഇനി ഇതെങ്ങനെ മാറ്റാം എന്നു ഗവേഴണം നടത്താം!

abhija said...

ഞാനും കഥകള്‍ ചിലതു വായിച്ചു. പേരുകളെപ്പറ്റിയുള്ള കഥ ‘ക്ഷ’ പിടിച്ചു. :)
മലയാളികള്‍ കുട്ടികള്‍ക്കു (വിചിത്രമായ)പേരിടുന്ന കാര്യം പറഞ്ഞു എന്റെ സഹപ്രവര്‍ത്തകരും ഞാനും മിക്കവാറും ചിരിക്കാറുണ്ട്! എനിക്ക് ഒരു ‘ഡെര്‍ട്ടി’ യേയും ‘സിക്സി’യെയും ‘ജ്യൂസി’യെയും അറിയാം! :)

ഈശ്വരാ.....!

jayanEvoor said...

ഇവിടെ എത്തിയതിനു നന്ദി അഭിജ!

ഷാബി, ലൌസി എന്നീ പേരുകാരെയും അറിയാം!

പിന്നെ ഈ “അഭിജ” എന്നു വച്ചാല്‍ എന്താ അര്‍ത്ഥം!!? ചിന്തിച്ചിട്ടുണ്ടോ?

(ഇനി ഈ വഴി വന്നാല്‍ പറയണേ!! )

abhija said...

അഭിജാത എന്നാല്‍ കുലീന എന്നാണ്‍. ജാതയും ‘ജ’യും ഒരേ അര്‍ത്ഥമുള്ള വാക്കുകളായതു കൊണ്ട് അഭിജ=അഭിജാത=കുലീന :)

‘അഭി’ക്കു സംസ്ക്രുതത്തില്‍ വളരെ ഏറെ അര്‍ത്ഥങ്ങളുണ്ട്..ഞാന്‍ ഇപ്പോഴും ഗവേഷണത്തിലാണ്‍!

അരുണ്‍ കരിമുട്ടം said...

മാഷേ,പേര്‌ പുരാണം രസകരവും ഗുണപ്രദവുമാണെ.
ഇഷ്ടപ്പെട്ടു.

Senu Eapen Thomas, Poovathoor said...

ഈ കഥ വായിച്ചപ്പോള്‍ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു കുടുംബത്തെ കുറിച്ച്‌ ഓര്‍ത്തു പോയി.

ഭര്‍ത്താവ്‌, പട്ടാളത്തില്‍ ഡ്രൈവര്‍ ആണു. ഭാര്യ:- ഡ്രൈവറുടെ ഭാര്യ എന്ന സ്ഥാനവും വഹിക്കുന്നു. ആദ്യ മോള്‍ക്ക്‌ പ്രിയ എന്നു പേരു... രണ്ടാമത്തേത്‌ മകന്‍... അവന്റെ പേരു: രവി [ അത്‌ താന്‍ ഏറെ ബഹുമാനിക്കുന്ന ഒരു മലയാളി പട്ടാളക്കാരനോട്‌ ഉള്ള തന്റെ ആരാധന മൂലമാണെന്ന് അന്ന് പറഞ്ഞപ്പോള്‍ അന്ന് ആളെ മനസ്സിലായില്ല. ഇപ്പോള്‍ അത്‌ മേജര്‍ രവിയാണോ എന്ന് സംശയം] പിന്നെ നീണ്ട ഇടവേള. അടുത്തത്‌ പെണ്‍ക്കുട്ടി..അതിന്റെ പേരു :- പോസ്‌ [നിര്‍ത്തി വെച്ചിട്ട്‌ പിന്നെയും തുടങ്ങിയ സംരഭം]... പിന്നെ പെന്‍ഷന്‍ പറ്റിയ സമയത്ത്‌ ഉള്ള ഒരെണ്ണം:- അതിന്റെ പേരു:- പെന്‍ഷന്‍....അവസാനത്തേതിന്റെ പേരു:- മതി മോള്‍...

പേരുകളുടെ വ്യത്യസ്തതെയെ പറ്റി മനോരമയില്‍ ഒരു തുടര്‍ സീരിസ്സ്‌ തന്നെ ഉണ്ടായിരുന്നു..

ഏതായാലും ഇത്തരം പേരുകള്‍ മക്കള്‍ക്ക്‌ വിനയെന്ന കാര്യം മാതാപിതാക്കള്‍ ഓര്‍ക്കാത്തത്‌ എന്ത്‌?? ഒരു പേരു വരുത്തിയ പൊല്ലാപ്പുകള്‍
ദാ എന്റെ ഒരു പോസ്റ്റില്‍ ഉണ്ട്‌...

സെനു പഴമ്പുരാണംസ്‌.

jayanEvoor said...

നന്ദി അരുന്‍, സെനു...

ഹാഫ് കള്ളന്‍||Halfkallan said...

അച്ഛന്റെ സ്കൂള്‍ സ്റ്റാഫ്‌ റൂമില്‍ ഉണ്ടായ താമസ .. ഒരു മാഷിന്റെ മകള്‍ക്ക് പേരിടണം ..
മാഷന്മാര്‍ കൊറേ പേരുകള്‍ നിര്‍ദേശിച്ചു .. പുള്ളിക്ക് ഒന്നും പിടിക്കണില്ല .. മോഡേണ്‍ പേര് വേണം ന്നു ..
അവസാനം ഒരു മാഷ്‌ പേര് നിര്‍ദേശിച്ചു : "ലാട്രീന" ഹി ഹി .. ഇട്ടോ എന്തോ !!! :-)

Areekkodan | അരീക്കോടന്‍ said...

ഈ അനുഭവം കൊള്ളാം.

rustless knife said...

ഹെന്റെ ദൈവേ... ഈ പറഞ്ഞ മൂന്നു ഗിപ്രാസിനേം ഞാനറിയും, അനിമയേയും :) 

 - വേറൊരു പൂത്തോട്ടക്കാരൻ

Anonymous said...

ഞാനും കഥകള്‍ ചിലതു വായിച്ചു. പേരുകളെപ്പറ്റിയുള്ള കഥ ‘ക്ഷ’ പിടിച്ചു. :) മലയാളികള്‍ കുട്ടികള്‍ക്കു (വിചിത്രമായ)പേരിടുന്ന കാര്യം പറഞ്ഞു എന്റെ സഹപ്രവര്‍ത്തകരും ഞാനും മിക്കവാറും ചിരിക്കാറുണ്ട്! എനിക്ക് ഒരു ‘ഡെര്‍ട്ടി’ യേയും ‘സിക്സി’യെയും ‘ജ്യൂസി’യെയും അറിയാം! :) ഈശ്വരാ.....!

Dustin Dixon said...

ഈ അനുഭവം കൊള്ളാം.

Berhane said...

തോന്ന്യാസി, ഇവിടെ വന്നതിനു നന്ദി! ഹിരണ്യം എന്നാല്‍ സ്വര്‍ണം. ഹിരണ്യന്‍ എന്നാല്‍ സ്വര്‍ണന്‍! നമ്മുടെ തങ്കപ്പന്‍, പൊന്നപ്പന്‍ എന്നൊക്കെ ഇദ്ദേഹത്തിന്റെ അപ്പനെ വിളിക്കാം!! തമാശയാണേ! ആരും കോപിക്കല്ലേ!! ചന്ത്രകാന്തം, രസകരമായ കമെന്റിനു നന്ദി! കുഞ്ഞന്‍, വാഷിയെ എന്റെ അന്വേഷണമറിയിക്കൂ! പിന്നെ, കമന്റ് ഓപ്ഷന്‍ വിന്‍ഡൊയും വേഡ് വെരിഫിക്കേഷനും ഞാന്‍ വച്ചതല്ല! അതു തനിയേ വന്നതാ! ഇനി ഇതെങ്ങനെ മാറ്റാം എന്നു ഗവേഴണം നടത്താം!

Unknown said...

https://www.facebook.com/kamashgipra?fref=ts