Thursday, January 8, 2009

പുക്കാര്‍, പുലുമാല്‍, കോട്ടുസ്വാമി...!

.


“രാത്രിയായാപ്പിന്നെ ഈ ചേമ്പുംകൂട്ടത്തീ മുഴുക്കെ പ്‌രാന്തമ്മാര്ടെ അയ്യരു കളിയാ ! അറിയാവോ?” പുലുമാല്‍ എന്നോടു പറഞ്ഞു. ഞാന്‍ ആകേ പേടിച്ചു. സമയം രാവിലെ എട്ടര മണിയേ ആയിട്ടുള്ളു. ഞങ്ങളേക്കാള്‍ ഉയരത്തില്‍ വളര്‍ന്ന ചേമ്പുകള്‍ക്കിടയില്‍ നിക്കാന്‍ തന്നെ പേടി തോന്നി! കള്ളുകുടിയന്‍ പക്കികളെ പിടിക്കാം എന്നു പറഞ്ഞാണ് അവന്‍ എന്നെ ഈ ചേമ്പുംകൂട്ടത്തില്‍ കൊണ്ടു വന്നത്. പുലുമാല്‍ എന്നാല്‍ പുലിവാല്‍ തന്നെ. ഇവന്റെ ചേട്ടന്റെ പേര് - പുക്കാര്‍! രണ്ടും എന്റെ അപ്പൂപ്പന്‍ ഇട്ട ഇരട്ടപ്പേരുകളാണ്!

പുക്കാറും പുലുമാലും ഒരുമിച്ചു കൂടിയാല്‍ ഞങ്ങള്‍ അയലത്തെ പയ്യന്മാര്‍ക്കൊന്നും പിന്നെ രക്ഷയില്ല. അവന്മാര്‍ ഭയങ്കരമ്മാരാ. വക്കീലിന്റെ കാട്ടിലും ചെറുമന്റെ കാവിലും ഒക്കെ ഏതു സമയത്തും കേറിപ്പോകുന്നവര്‍! കാവിനുള്ളിലെ ചൂരല്‍പഴവും, കുളമാങ്ങയും പെറുക്കി തിന്നുന്നവര്‍! ഒപ്പം കാഞ്ഞിരത്തിന്റെ കുരു ശേഖരണവുമുണ്ട്. ഒരു കിലോയ്ക്ക് രണ്ടു രൂപ കിട്ടുമെന്നാ പുക്കാര്‍ പറയുന്നത്!

ഇപ്പോ പുലുമാലും ഞാനും നില്‍ക്കുന്ന ഈ ചേമ്പിന്‍ തറ ഞങ്ങളുടെ തന്നെ ബന്ധത്തിലുള്ള ഒരമ്മാവന്റെയാ. അവര്‍ വല്ലപ്പോഴുമേ ഈ വഴി വരൂ. കൃഷി ഇറക്കുന്നത് ഇവന്മാരുടെ അച്ഛനും അമ്മയും കൂടെ. അവരു രണ്ടാളും രാത്രി ഭയങ്കര തെറിവിളിയാണേലും നേരം വെളുത്താപ്പിന്നെ ഭയങ്കര സ്വരുമയാ!

പുലുമാലും ഞാനും ചേമ്പുകള്‍ക്കിടയിലൂടെ നടന്നു. താഴെ നിന്നാല്‍ തല്യ്ക്കു മേല്‍ കുട പോലെ വിടര്‍ന്നു നില്‍ക്കുകയാണ് ചേമ്പിലകള്‍. ചേമ്പുകൃഷി സ്പെഷലിസ്റ്റുകളാണ് ഇവന്റെ അച്ഛനും അമ്മയും. നന്നായി വളമിട്ടു വളര്‍ത്തിയ ചേമ്പുകള്‍ക്കുള്ളില്‍ ഒരാള്‍ ഒളിച്ചിരുന്നാല്‍ കണ്ടു പിടിക്കാനേ പറ്റില്ല.മഴക്കാലത്താണ് ചേമ്പിലയുടെ ഉപയോഗം കൂടുതല്‍. കുടയ്ക്കു പകരം അവന്മാര്‍ ചേമ്പിലയാ പിടിക്കുന്നെ. എനിക്കു പേടി കൂടി.

ഞാന്‍ പറഞ്ഞു - “ഡാ ഷാജീ, നമുക്കു പോകാം..!” (അവന്റെ ഇരട്ടപ്പേര്‍ നേരെ വിളിക്കാന്‍ എനിക്കു ധൈര്യമില്ല!) അവനു യാതൊരു കൂസലുമില്ല.
“ഓ പിന്നേ! കൂടി വന്നാ, പ്രാന്തമ്മാര്ടെ നേതാവ് കോട്ടു സാമി വരുവാരിക്കും. അത്രേ അല്ല ഒള്ളോ? എനിക്കറിയാം എന്തോ ചെയ്യണോന്ന്. ദാണ്ടിതു കണ്ടോ? ” അവന്റെ കയ്യില്‍ അറ്റം കൂര്‍പ്പിച്ച ഒരു കുടക്കമ്പി!

“ഒറ്റ കേറ്റ് അവന്റെ പള്ളയ്ക്കങ്ങു വച്ചു കൊടുക്കും! ആ...!” പുലുമാലിന്റെ കണ്ണൂകള്‍ തിളങ്ങി. പുഴുപ്പല്ലുകള്‍ വെളിയില്‍ വന്നു!

“ഡാ..... കൊച്ചുമോനേ.....” കുറച്ചു ദൂരേന്ന് പുക്കാറിന്റെ ശബ്ദം. അനിയനെ വിളിക്കുകയാണ്. ഓ! ഭാഗ്യം. ഞാന്‍ ഒന്നു ശ്വാസം നേരെ വിട്ടു.
“ എന്തൊ..........” എന്നു കൂവി വിളിച്ചു കൊണ്ട് പുലുമാല്‍ ചേമ്പിന്‍ കൂട്ടത്തില്‍ നിന്ന് പുറത്തു ചാടി. കൂടെ ഞാനും!
പുക്കാര്‍ വീണ്ടും തൊള്ള തുറക്കുവാ. “ ഡാ കൊച്ചുമൊനേ.....!!”
ഇവന്റെ ഈ വാകീറല്‍ കേട്ടു കേട്ടാ എന്റെ അപ്പൂപ്പന്‍ ഇവന് “പുക്കാര്‍” എന്ന് ഇരട്ടപ്പേരിട്ടത്. ഇത്ര തൊള്ള തൊറക്കാന്‍ കാരണമെന്തുവാ..?അവരുടെ വീട് തൊട്ടടുത്താ. ഞാനും കൂടെ പോയി.
പുക്കാര്‍ വളരെ ഉശിരോടെ ഒരു തോട്ടി കെട്ടിക്കൊണ്ടിരിക്കുവാ. കനം കുറഞ്ഞ ഒരു മുളങ്കമ്പാണ് അവന്റെ തോട്ടി. അതു ശരി. ഇപ്പ മനസ്സിലായി. പറങ്കാവേ കേറാനൊള്ള തയ്യാറെടുപ്പാ. അവര്‍ക്ക് രണ്ട് പറങ്കാവൊണ്ട്. (പറങ്കിമാവ് = കശുമാവ്). അതിലൊന്നിലാണ് ഞങ്ങടെ നാട്ടില്‍ ഏറ്റവും വല്യ പറങ്കാപ്പഴോം അണ്ടീം ഒണ്ടാകുന്നത്. ഇവമ്മാര്ടെ അച്ഛന്‍ ദൂരെയെവടെന്നോ കൊണ്ടുവന്നതാ. ഓ! അതിലെ ഒരു പറങ്കാപ്പഴം കിട്ടിയാല്‍ കൊള്ളാരുന്നു! എന്റെ വായില്‍ വെള്ളമൂറി!





ഞാന്‍ കൂടെയുണ്‍ട് എന്നു കണ്ടപ്പോ പുക്കാറിന്റെ ഭാവം മാറി. " നീ വരണ്ടാ..!" അവന്‍ കല്പിച്ചു."
സാരവില്ല. വരട്ടെ. പാറുവമ്മ വരുന്നോന്നു നോക്കാന്‍ ഒരാളായല്ലോ..." പുലുമാല്‍ എനിക്കു വേണ്ടി വാദിച്ചു. അതു കേട്ടപ്പോ പുക്കാര്‍ സമ്മതിച്ചു.
ഹമ്മേ! അപ്പോ എവമ്മാര് സ്വന്തം പറങ്കാവേലല്ല, പാറുവമ്മേടെ പറങ്കാവേലാണോ കേറാന്‍ പോന്നത്! ദൈവമേ ആറു മുഴം നീളമാ അവരുടെ നാക്കിന്‌. അച്ഛനും അമ്മയുമെങ്ങാനും അറിഞ്ഞാല്‍..! ഹോ! എങ്കിലും വച്ച കാല്‍ പിന്നോട്ടില്ല. നാട്ടില്‍ ഏറ്റവും കൂടുതല്‍ പറങ്കിമാവുള്ളത് പാറുവമ്മക്കാ. എന്തായാലും പോകാം.
മിനിറ്റുകള്‍ക്കുള്ളീല്‍ ഞങ്ങള്‍ പാറുവമ്മേടെ "അയ്യ"ത്തെത്തി. അയ്യം എന്നാല്‍ പറമ്പ്. പുക്കാര്‍ ആദ്യം കണ്‍ട പറങ്കാവില്‍ കേറി. ഭാരം കുറഞ്ഞ മുളന്തോട്ടി വച്ച് പണി തുടങ്ങി. താഴെ വീണതെല്ലാം ഞാനും പുലുമാലും ചേര്‍ന്ന് പെറുക്കിക്കൂട്ടി.
പെട്ടെന്ന് പുലുമാല്‍ അലറി " അണ്ണാ... കോട്ടുസാമി....!!!
"ഞാന്‍ നിന്ന നില്പില്‍ മുള്ളി! എന്റമ്മോ! കാലുകള്‍ ചലിക്കുന്നില്ല.
ഒന്നിനു മീതെ ഒന്നായി മൂന്നു കോട്ടുകള്‍ ഇട്ട കറുത്ത രൂപം ഞങ്ങള്‍ക്കു നേരെ നടന്നടുക്കുകയാണ്‌.
പുലുമാലിന്റെ കയ്യില്‍ കുടക്കമ്പി പോയിട്ട് ഒരു മുളങ്കമ്പു പോലുമില്ല.
പുക്കാര്‍ മരക്കൊമ്പില്‍ അനങ്ങാതെ മറഞ്ഞിരുന്നു. പുലുമാല്‍ എന്റെ അരികില്‍ തന്നെയുണ്ട്.
അവനോട് എന്തെങ്കിലും ചെയ്യാന്‍ പറയാനായി ഞാന്‍ തിരിഞ്ഞ് നോക്കി. അയ്യോ!
അവന്റെ പൊടി പോലുമില്ല!
നിക്കറിന്റെ നനവ് എനിക്ക് ശരിക്കനുഭവപ്പെട്ടു! ഭ്രാന്തനായ ഈ കൂറ്റന്‍ മനുഷ്യന്റെ കൈകളില്‍ കിടന്നു പിടഞ്ഞു മരിക്കാന്‍ പോകുന്ന നിമിഷം അടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ഓരോ പദചലനവും എനിക്ക് വ്യക്തമായി കേള്‍ക്കാം...
അടുത്ത നിമിഷം ഒരു കനത്ത കപ്പടം എന്റെ തലയില്‍ സ്പര്‍ശിച്ചു. അതവിടെ തന്നെ ഇരുന്നു.
"മോനെന്താ കണ്ണടച്ചു നിക്കുന്നെ?" ഒരു പതിഞ്ഞ ശബ്ദം!
ദൈവമേ! ഇതാരാ!!? വിറച്ചുകൊണ്ട് കണ്ണു തുറന്നു നോക്കി. ഇത്ര ഭീകരമായ രൂപത്തില്‍ നിന്നാണോ ഈ പതിഞ്ഞ ശബ്ദം...
പേടി അല്പം കുറഞ്ഞപോലെ.
ഞാന്‍ കണ്ണൂ തുറന്നപ്പോള്‍ മുന്നില്‍ ആറടിപ്പൊക്കത്തില്‍ കോട്ടുസ്വാമി തന്നെ! തോളിലെ ഭാണ്ഡം അയാള്‍ താഴേക്കേടുത്തു!
ദൈവമേ! ഇയാള്‍ എന്നെ ഭാണ്ഡത്തില്‍ കെട്ടി ഇപ്പക്കൊണ്ടുപോവും! ഞാന്‍ ഉറപ്പിച്ചു.
നിലവിളിക്കണമെന്നുണ്ട്. പക്ഷേ ഒരു ഞരക്കം പോലും പുറത്തു വരുന്നില്ല!
"പേടിച്ചു പോയോ?" കോട്ടുസ്വാമി ചോദിച്ചു. എന്നിട്ട് ഭാണ്ഡം മെല്ലെ അഴിച്ചു. ഹായ്! നിറയെ പൊട്ടിയ കുപ്പിവളകളും പൊളിഞ്ഞ കളിപ്പാട്ടങ്ങളും! അതില്‍ നിന്ന് പേപ്പറില്‍ പൊതിഞ്ഞ എന്തോ ഒന്ന് തെരഞ്ഞെടുത്തു. അത് തുറന്നു കാണിച്ചു. കറുത്തപല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ട് അയാള്‍ ചോദിച്ചു "എന്താ വേണോ?"
നിറയെ മയില്‍പീലികള്‍! എട്ടു പത്തെണ്ണം വരും!
ഞാന്‍ അവിശ്വസനീയതയോടെ തലയാട്ടി. അതില്‍ നിന്ന് ഒരെണ്ണം എടുത്തു തന്നിട്ട് ഭാണ്ഡം വീണ്ടും കെട്ടി വച്ചു
അതെടുത്ത് തോളിലിട്ട് മെല്ലെ നടന്നു പോയി!
ഞാന്‍ ആകെ കോരിത്തരിച്ചു നില്‍ക്കുകയാണ്‌. കോട്ടുസ്വാമി പോയി നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മഴവില്‍ വര്‍ണ്ണങ്ങള്‍ ചൊരിയുന്ന ആ മയില്‍പ്പീലി കയ്യില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. സ്കൂളില്‍ പുസ്തകത്താളുകളില്‍ വയ്ക്കാന്‍ അനിത തന്ന ഒരു പീലിത്തുണ്ട് അല്ലാതെ ഒരു മുഴുവന്‍ മയില്‍ പീലി ആദ്യമായി കാണുകയാണ്‌.
കോട്ടുസ്വാമി കുറെ ദൂരം പോയി എന്നെ ഒന്നു തിരിഞ്ഞുനോക്കി നടന്നു പോയി...!
അയാള്‍ പോയി എന്നുറപ്പായപ്പോള്‍ പുക്കാര്‍ മരത്തില്‍ നിന്നിറങ്ങി വന്നു. അവന്റെ കണ്ണുകളില്‍ അസൂയ...
പുലുമാലിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!!

16 comments:

വര്‍ണ്ണമേഘങ്ങള്‍ said...

ലാളിത്യമുള്ള എഴുത്ത്‌.

ഞാന്‍ തനി ഏവൂരാനല്ല. രാമപുരത്താണ്‌ വീട്‌.എങ്കിലും അഛനുമൊക്കെ പള്ളത്ത്‌ വീടുമായി നല്ല അടുപ്പമുണ്ടെന്ന് തോന്നുന്നു.

jayanEvoor said...

നന്ദി സുഹൃത്തേ!

എപ്പോഴെങ്കിലും നേരില്‍ കാണാം!

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങോട്ടൊക്കെ ഒന്നു വന്നു കണ്ടു പോകാംന്നു കരുതി. മമ്മൂട്ടിയുടെ ബ്ലോഗിലിട്ട കമന്റിലെ ലിങ്ക് വഴി വന്നതാണ്. ഈ പോസ്റ്റ് കൂട്ടത്തില് വായിച്ചതുമാണ്. അപ്പോ ശരിയെന്നാ, ഇനിയും കണാം.

Unknown said...

saare adipoliyaanallo
jiju..
sir how can i connect to this site??

jayanEvoor said...

Thanks Jiju.

log in to blogger.com with your gmailaccount.

പിരിക്കുട്ടി said...

kottu swaamy manassil pathinju tto
aadyaayitta njaan ivide..
hppy new year

"n b... word veri eduthu kalayoo"

പിരിക്കുട്ടി said...

njaan aadyamaayittallatto...
sorry marannu poyi...
ithu bus kuthaan vanna >>

ippala post kande

jayanEvoor said...

Thanks a lot pirikkutty....

മാണിക്യം said...

2009 ല്‍ പെറ്റു വീണേ ഒള്ളല്ലിയോ?
എന്നാ പിന്നെ എന്തുവാന്ന് വച്ചാല്‍ങ്ങോട്ട്
എഴുതിക്കോ വായിക്കാനല്ല്യോ ഞങ്ങളിരിക്കുന്നെ?
അല്ല എന്നാ കാച്ചാ കാച്ചൂന്നേ?

jayanEvoor said...

മാണിക്യം ചേച്ചീ!!

I'm floored!!!

സമയം കിട്ടുന്നതിനനുസരിച്ച് ഇങ്ങനെ എന്തേലുമൊക്കെ എഴുതാം...

pournami said...

"ഞാന്‍ നിന്ന നില്പില്‍ മുള്ളി! എന്റമ്മോ! കാലുകള്‍ ചലിക്കുന്നില്ല.hahha saramilla mayil peeli kittiyalo alle

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹരിക്രിഷ്ണന്‍സിലും ഇത് പോലൊരു കഥാപാത്രമുണ്ട്.ശ്രീരാമന്‍ അവതരിപ്പിക്കുന്നത്.ഈ കോട്ടു സ്വാമിയെ കണ്ടിട്ടാണോ ആ കഥാപാത്രത്തെ ഉണ്ടാക്കിയത്...?

jayanEvoor said...

ഹരികൃഷ്ണൻസിലെ കഥാപാത്രം ഇങ്ങനെ ഉണ്ടായതു തന്നെ ആവണം....

കോട്ടൂസാമി എന്റെ മാത്രം സ്വന്തമല്ലല്ലോ; ഞങ്ങടെ നാടിന്റെ സ്വന്തമല്ലേ!

Unknown said...

Pandu eevooru ammaude veettil vannu nilkumbol enteum pedi swopnam aayirunnu kottuswami. aalu ipolum avide undo?

Unknown said...
This comment has been removed by the author.
uttopian said...

മനോഹരം :)