Friday, January 2, 2009

ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!


ഭാഷാപരമായ കൗതുകങ്ങള്‍ എല്ലാ നാട്ടിലേയും പോലെ മലയാളക്കരയിലും ഉണ്ട്. സംസാര ഭാഷയില്‍ രസകരമായ നിരവധി അനുഭവങ്ങള്‍ ഉണ്ട്. അവയില്‍ ഓര്‍മനിൽക്കുന്ന ചിലത് ദാ നോക്കൂ..


ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!

2005 ല്‍ ആണ്‌ കണ്ണൂര്‍ (പരിയാരം) ആയുര്‍ വേദ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയത്. അതു വരെ തിരുവനന്തപുരത്തായിരുന്നു ജോലി. ആദ്യ ദിവസം കാഷ്വാലിറ്റി ഒ.പി. യില്‍ ഇരിക്കുകയായിരുന്നു.


അപ്പോഴാണ്‌ ഒരു സ്ത്രീ കാല്‍ക്കുഴയ്ക്കു വേദനയുമായി എത്തിയത്.


ഞാന്‍ അവരോടു ചോദിച്ചു " ഇതെങ്ങനെ സംഭവിച്ചു?"


ഉടന്‍ വന്നു മറുപടി " ഒരു ബസ് ഇന്നെ കുത്താ വന്നു..... ഞാനട് തുള്ളി !"


എന്റെ കണ്ണൂ തള്ളി " ബസ് കുത്താന്‍ വന്നോ?"


ഹൗസ് സര്‍ജന്‍ പറഞ്ഞു തന്നു " സര്‍, ഇവിടെ ബസ്സിടിച്ചു, ബസ് തട്ടി എന്നൊന്നുമല്ല പറയുക; ബസ് കുത്തി എന്നാണ്‌!"

"അപ്പോ ഇവര്‌ തുള്ളി എന്നു പറഞ്ഞതിന്റെ അര്‍ത്ഥമോ?"

"തുള്ളി എന്നാല്‍ ചാടി എന്നാണര്‍ത്ഥം; എന്നു മാത്രമല്ല, ചാടി എന്നുപറഞ്ഞാല്‍ എറിഞ്ഞു എന്നുമാണര്‍ത്ഥം!"

( “ഇല എടുത്തു ചാടിക്കള” എന്നു പറഞ്ഞാല്‍ “ഇല എടുത്ത് എറിഞ്ഞു കളയൂ എന്നാണര്‍ത്ഥം!” )

ഏറ്റവും രസകരമായ അനുഭവം എന്റെ ഒരു സുഹൃത്ത് ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ ആണുണ്ടായത്.

ബസ്‌ ഒരു കുഴിയുള്ള സ്ഥലത്ത് നിര്‍ത്തി. ഉടന്‍ കണ്ടക്ടര്‍ പറഞ്ഞു "തുള്ളിക്കോ!"

അമ്പരന്നു നിന്ന സുഹൃത്തിനോട് കണ്ടക്ടര്‍ വീണ്ടും പറഞ്ഞു "തുള്ളിക്കോ!"

ബസ്സിൽ നിന്നു തുള്ളണോ എന്ന കൺഫ്യൂഷനിൽ നിന്ന സുഹൃത്തിനെ കണ്ട്രാവി നോക്കി ദഹിപ്പിച്ചു.

അതോടെ കൂടുതല്‍ ഒന്നും ആലോചിക്കാതെ സുഹൃത്ത് വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു!


**************************************************************************************************


മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയ്ക്കുള്ള ഓണാട്ടുകര (ഏവൂര്‍) എന്ന സ്ഥലമാണ്‌ എന്റെ ജന്മദേശം; അമ്മയുടേ നാട് മലപ്പുറം ജില്ലയിലും.

ഞങ്ങളുടെ നാട്ടില്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയാണ്‌ അടുത്തത്.


ഏവൂരുള്ള ഒരു സ്ത്രീയെ തിരുവനന്തപുരത്തേക്കു കല്യാണം കഴിച്ചു വിട്ടു. ഭര്‍ത്താവ് ഒരു സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനാണ്‌. ഇടയ്ക്കൊക്കെ ഭാര്യയേയും കൂട്ടി ഏവൂര്‍ വരും.


ഏവൂരമ്പലത്തില്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും കഥകളി (ആട്ടം എന്നാണ്‌ നാടന്‍ ഭാഷ) ഉണ്ടാവും. മിക്കവാറും എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ കഥകളി കാണാന്‍ എത്തുമായിരുന്നു അന്ന്‌ (ഇത് 80 കളിലെ കാര്യമാണ്‌).


ഭാര്യയുടെ നിര്‍ബന്ധം കാരണം നമ്മുടെ കഥാനായകനും ഒരു രാത്രി കഥകളി കാണാന്‍ സമ്മതിച്ചു.

പിറ്റേന്ന് വൈകുന്നേരം "കവല" യിലേക്കിറങ്ങിയപ്പോള്‍ ഒരു അയല്‍പക്കക്കാരന്‍ ചോദിച്ചു " എന്താ അണ്ണാ ഒരു ഒറക്കച്ചടവ്?"

"വോ, എന്തരു പറയാനപ്പീ , നമ്മടെ ഒയ്ഫിന് (വൈഫിന്) ഫയങ്കര നിര്‍ഭന്തം... ആട്ടം കാണണവെന്ന്...ഇത്തിപ്പോലം കണ്ടേച്ച് പ്വോരാം എന്നു വച്ചു പ്വായി.... "

"എന്നിട്ട് എങ്ങനെയോണ്ടായിരുന്നു ആട്ടം?"

"വോ, അത്ര വല്യ കൊണവില്ല. പിന്നെ ആ പാഞ്ചാലീം പിന്നൊരു ക്വാഴീം കുടൊള്ള ഡയലാഗ്... അത് കൊള്ളാം!!"

(അണ്ണന്‍ കാണാന്‍ പോയ ആട്ടക്കഥയുടെ പേര്‌ - നളചരിതം. അദ്ദേഹം രംഗത്തു കണ്ടത് ദമയന്തിയും ഹംസവും! ദമയന്തി പാഞ്ചാലിയായി; ഹംസം കോഴിയായി!!)


***************************************************************************************************


ഇനി ഒരു കൊല്ലം കഥ.


എന്റെ വിവാഹം കഴിഞ്ഞ് ശേഷം ആദ്യമായി വന്ന കാര്‍ത്തിക വിളക്കിന്‌ ഞാന്‍ ഭാര്യവീട്ടിലായിരുന്നു (കൊല്ലത്ത്‌).


തിരുവനന്തപുരത്തുനിന്ന് എതിയപ്പോഴേക്കും നേരം വൈകി. എങ്കിലും കുളിച്ചു വരാം എന്നു പറഞ്ഞ് ഞാന്‍ ബാത്റൂമില്‍ കയറി.


കുളിച്ചിറങ്ങി വന്നപ്പോഴേക്കും ഭാര്യാമാതാവ് സന്തോഷത്തോടെ പറഞ്ഞു "വല്യ കാറ്റായിരുന്നു... എങ്കിലും ഞാനങ്ങു പറ്റിച്ചു!"

"ആരെ പറ്റിച്ചു?" ഞാന്‍ അമ്പരന്നു.

"ആരെ പറ്റിച്ചെന്നോ? ഇതു നല്ല പുതുമ! വെളക്കു പറ്റിച്ചെന്ന്‌..!"


ഇത്തവണ ഞാന്‍ കൂടുതല്‍ ഞെട്ടി " വെളക്കു ... പറ്റിച്ചോ? ആരെ..?"


അമ്മ പറഞ്ഞത് എനിക്കു മനസ്സിലായില്ല എന്നു ലക്ഷ്മിക്കു മനസ്സിലായി.


അവള്‍ പറഞ്ഞു  "ചേട്ടാ ഇവിടെ വിളക്കു കത്തിക്കുക എന്നുള്ളതിന്‌ പറ്റിക്കുക എന്നും പറയും!"

"ദൈവമേ! വിളക്കിനെയും പറ്റിക്കുമോ!" ഞാന്‍ പിറുപിറുത്തത് അവള്‍ കേട്ടില്ല!

*************************************************************************************************


ഇതു മാത്രമല്ല കൊല്ലം ഭാഷയുടെ പ്രത്യേകത.

പുറം എന്നു പറയില്ല പെറം എന്നേ പറയൂ. പൊറോട്ട പെറോട്ടയാണ്‌.

ഉറുമ്പ് എറുമ്പാണ്‌. തൊഴുത്ത് തൊഴുമ്പാണ്.

തോട്ടി തോട്ടയാണ്.ഓടിക്കുക ഇല്ല - ഓട്ടിക്കുകയേ ഉള്ളൂ!

ഇങ്ങനെ പലതും.ഇനി സമയം കിട്ടുമ്പോള്‍ ബാക്കി എഴുതാം!

തുടക്കമാണ്. എല്ലാവരും വായിച്ചു പ്രോത്സാഹിപ്പിക്കണേ...



എന്റെ ചില പിൽക്കാല നർമ്മകഥകൾ വായിക്കൂ....


ഈശോയേ നമ:!!!

ടി.എൽ.എഫ്. മൂന്നൻ !!!

അങ്കമാലീലെ രാജകുമാരി!

പഞ്ചമന്റെ അവതാരങ്ങൾ!!!

പരമിയും കൊത്താറനും കച്ചിത്തുറുവും!!!

ഡോ. ആനമങ്ങാടന്റെ ‘തിരോന്തരം‘ അനുഭവങ്ങള്‍...!

പീലിച്ചായന്റെ കടും കൈ....!!

ഷിമോൺ ദ പാപ്പച്ചൻ !

 

 

 

 

 




35 comments:

chithrakaran ചിത്രകാരന്‍ said...

നാടന്‍ പ്രയോഗങ്ങള്‍ അങ്ങിനെ പലതും നാട്ടില്‍ സുലഭം !!!

അരുണ്‍ കരിമുട്ടം said...

എന്‍റെ ഏവൂരുകാരാ,പറഞ്ഞതൊക്കെ സത്യമാ,കേരളത്തില്‍കൂടി തെക്ക് വടക്ക് പോയാല്‍ എപ്പം പണി കിട്ടി എന്ന് ചോദിച്ചാല്‍ പോരെ?
പോരട്ടെ ഇത്തരം പുതുമകള്‍
പുതുവര്‍ഷ ആശംസകള്‍

jayanEvoor said...

നന്ദി ചിത്രകാരന്‍!

നന്ദി അരുണ്‍!

പുതുവര്‍ഷം നല്ലതു വരുത്തട്ടെ!!

OAB/ഒഎബി said...

ഞമ്മളെ മലപ്പൊറ്ത്ത് വന്നക്ക്ണൊ ജ്ജ്...
എങ്കിൽ അതും എയ്ത് ദാമോദരാ...

jayanEvoor said...

എന്റെ അമ്മയുടെ വീട് പെരിന്തല്‍മണ്ണയ്ക്കടുത്താണ്!

എഴുതാം!

സമയം കിട്ടട്ടെ!

പിരിക്കുട്ടി said...

NALLA RASAM UNDAARUNNU....
ENNALUM BUS KUTHIYALLO?
HAHAHA
THANKS FOR THE VISIT AND COMMENT
HAPPY NWE YEAR

മൂര്‍ത്തി said...

തിരുവനന്തപുരത്ത് ഫോട്ടോ സ്റ്റാറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ “യെത്ര കാപ്പി” എന്ന ചോദ്യം കേട്ട്, “കാപ്പിയൊന്നും വേണ്ട ഇതിന്റെ 5 കോപ്പി മതി“ എന്നു പറഞ്ഞതായി ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. വഴി ചോദിച്ചാല്‍ “ആ കവലേ ചെന്ന് കേട്ടാ മതി” എന്ന മറുപടി കേട്ടാല്‍ തോന്നും കവലയില്‍ അനൌണ്‍സ് ചെയ്യുന്നുണ്ടാകുമെന്നും അത് കേട്ടിട്ട് അതു പോലെ ചെയ്താല്‍ മതി എന്നും. :)

prasanth kalathil said...

OAB,

ദാമോദരാന്ന് അല്ല, ദാമോരാ.. ന്ന് പറയ്.

ഈ എറുമ്പ് മലപ്പുറത്തും ഉണ്ട്. പുറം അവിടെ പൊറം ആണ്.

jayanEvoor said...

നന്ദി പിരിക്കുട്ടി, മൂര്‍ത്തി, പ്രശാന്ത്!

G Joyish Kumar said...

ഇത് പോലെ ‘തോനേ‘ സ്റ്റോക്ക് ഒണ്ടാ, അണ്ണാ? :)

കൊതുക് കുത്തിയെന്ന് കേട്ടിട്ടുണ്ട്, ബസ്സ് കുത്താന്‍ വന്നുവെന്ന് അദ്യമായി കേള്‍ക്കുന്നു.

തിരുവന്തൊരത്ത് കവലയെന്ന് പറയുമോ, ‘മുക്ക്‘ എന്നല്ലെ പറയാറ്?

jayanEvoor said...

Thanks a lot friends!

മാഹിഷ്മതി said...

ഹാ ....ഹാആആആആആആആആആആ‍ാ‍ാ
ഞാനും തിരോന്തോരം പെണ്ണിനെ തനെയാ കെട്ടിയേ .എന്റെ വിശേഷങ്ങള്‍ എന്റെ ആദ്യ പോസ്റ്റുകളില്‍ ഉണ്ട്

jayanEvoor said...

മാഹിഷ്മതി,

നന്ദി.

താങ്കളുടെ ആദ്യപോസ്റ്റുകള്‍ ഞാന്‍ വായിക്കാം!

പിന്നെ “ഒയ്ഫിന്” സുഖങ്ങള് തന്യെ?

Unknown said...

Similar incident- Thiruvanathapurathu Third year - aadhyamayi clinic OP yil pooyi. Oru sthree avarude makanumayi vannu sirnoddu.. "saarr innale mudhal ivanu nalla kaachil aanu"- Pani varunnathinu thiruvanathapurathu kaachil ennanu athre parayru. Pinnidu thiruvanathapuram bhasha keetu sheelam aayi

jayanEvoor said...

നന്ദി മനോജ്!

തിരോന്തരത്തെ ഓ.പി. അനുഭവങ്ങള്‍ ഉടന്‍ എഴുതുന്നുണ്ട്!

മാണിക്യം said...

എന്റെ വായീന്ന്
വല്ലതും കേട്ടെ
നീ ‘പൊത്തൊള്ളു’

ഡെയ് ഇയാള്
ചായ കുടിച്ചിട്ടല്ലേ
പോത്തോള്ളൂ?

ഇതു കെട്ടിട്ടൂണ്ടോ?

jayanEvoor said...

ഒണ്ട് ച്യാച്ചീ ഒണ്ട് !!

ഇത്തിപ്പോലം സമയം കിട്ട്യാ പറയാം!

Unknown said...

sir nu mail gunapradamayille....

Unknown said...

Great memories, Jayan! Gipra bros ine parichayappetta aarkka marakkan pattuka? There was a smart girl also in that camp..Othiri paatu paatiyirunnallo...peru marannu! Samayam kolli news letter um pakaram erakkiya tornadoyum..Sajante food committeeyum..So many nostalgic memories about that Poothotta camp!! Do u remember that little girl's name?

jayanEvoor said...

അനുപമ...
ഹേമ...
രണ്ടാള്‍ക്കും നന്ദി!

ഹേമ പറഞ്ഞത് "ഗിപ്രാസ് ഫ്രം പൂത്തോട്ട" യെ കുറിച്ചാനല്ലേ ...
ആയിഷ എന്നായിരുന്നു ആ കുട്ടിയുടെ പേര്‍ എന്നാണോര്‍മ്മ.

Sulfikar Manalvayal said...

ഓരോ നാടിനു ഓരോ ഭാഷ. അതാ രീതി.
നല്ല രസായിട്ട് വായിച്ചു.

mayflowers said...

ബസ്‌ കുത്തല്‍ ഇവിടെ സര്‍വ സാധാരണമാണ്!
അതുപോലെ തുള്ളലും..
തലവേദനക്ക് "തലവരത്തം"എന്ന് പറയുന്നത് ഡോക്ടര്‍ കേട്ടിട്ടുണ്ടോ?

ആശംസകളോടെ..

KTK Nadery ™ said...

ങ്ങള് മാണ്ട്യത് എടുത്തോളാണ്ടി......ബാക്കിണ്ടേ ങ്ങ് കൊണ്ടോരണ്ടി ..........

ആമി അലവി said...

ചിരിച്ചൊരു വഴിക്ക്യായി ...

Yasmin NK said...

നല്ല കഥകൾ...

Akbar said...

:)

ലി ബി said...

ഞാന്‍ തുള്ളി!!!

Manoj Vellanad said...

അപ്പീടെ എഴുത്തൊക്കെ കൊള്ളാം കേട്ടാ... തോനെ ചിരിക്കാന്‍ ഒണ്ട്..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓ എന്നതാന്നെ ,,എന്നതായാലും മച്ചു പൊരിച്ചു കേട്ടാ ...

ajith said...

കാറ് കുത്താന്‍ വന്നൂന്ന് കേട്ട് ചിരിച്ചു ഒരിയ്ക്കല്‍

വണ്ടി എവിടെ വച്ചു? എന്ന ചോദ്യം കേട്ടും ചിരിച്ചു

കപ്പിന് പാട്ട എന്ന് പറയുന്നത് കേട്ടും ചിരിച്ചു

അങ്ങനെ എത്രയെത്ര?

Unknown said...

നമ്മടെ മുറിയിൽ പന്ത്രണ്ട് പേരുണ്ട്. പല നാട്ടുകാർ. ഒരു കോട്ടയംകാരനായ ഞാനിപ്പോ ഏതു ഭാഷയാ പറയുന്നതെന്ന് എനിക്കു തന്നെ പിടിയില്ല. മലയാളം തന്നെ. കുജ്ജും വജ്ജീം ഒക്കെയുണ്ടേലും, തള്ളെ ജീവിതം പൊളപ്പൻ തന്നെ..

Rainy Dreamz ( said...

വായിച്ചു, രസിച്ചു :)

കൊമ്പന്‍ said...

മലയാള നാടിന്‍റെ ഭാഷ വൈവിധ്യം കൌതുകവും രസമുള്ളതും ആണ് അതിന്‍റെ വെത്യാസങ്ങളെ ഡോക്റ്റര്‍ നല്ല പോലെ നോക്കി കണ്ടു

Unknown said...

:) nice one

Echmukutty said...

ഇപ്പോഴാണ് കണ്ടത്....

താനൊന്നു കൊരയ്ക്കടോ എന്ന് വടക്കന്‍ ഡോക്ടര്‍
കണ്ണും തള്ളി നിന്ന തെക്കന്‍ പേഷ്യന്‍റ്....
വീണ്ടും താനൊന്നും കൊരയ്ക്കടോ...എന്നു കേട്ടപ്പോള്‍ പേഷ്യന്‍റ് സര്‍വ ശക്തിയുമെടുത്ത് കുരച്ചു... ബൌ ബൌ.
അച്ഛന്‍ പറഞ്ഞു തന്ന കഥയാണ്.

ഡോക്ടരും പേഷ്യന്‍റും അതിപ്രശസ്തരായ ഡോക്ടര്‍മാര്‍ തന്നെ....

ഭാഷണഭേദം ഇനിയും വരട്ടെ...