Sunday, August 26, 2012

ക്ഷീരവിപ്ലവം വരുന്ന വഴി!

കൊച്ചുവെളുപ്പാൻ കാലത്ത് ഏഴരമണിക്ക് ബ്ലോഗറെ അമ്മ വിളിച്ചു.


ഇനി കുറേ നേരത്തേക്ക് വെറും വയറ്റിൽ പ്രാദേശികവാർത്തകൾ കേൾക്കാം. ആദ്യത്തെ മൂന്നു മിനിറ്റ് കുടുംബവിശേഷം. പിന്നത്തെ നാലു മിനിറ്റ് നാട്ടു വിശേഷം, രണ്ട് മിനിറ്റ്  അന്താരാഷ്ട്രപ്രശ്നങ്ങൾ. അവസാന മിനിറ്റിൽ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി ....
അങ്ങനെയാണ് അതിന്റെയൊരു രീതി.

എന്നാൽ ഇന്ന് എട്ടാം മിനിറ്റിൽ അന്താരാഷ്ട്ര വിഷയങ്ങളിലേക്കൊന്നും കടക്കാതെ അമ്മ ചോദിച്ചു.

“ആ, പിന്നെ നീയറിഞ്ഞോ? കാവ്യ പ്രസവിച്ചു!”

“ഏതു കാവ്യ?” പെട്ടെന്ന് അയാൾക്കോർത്തെടുക്കാൻ പറ്റിയില്ല.

“ഓ! നമ്മുടെ കാവ്യാ മാധവൻ!” പെട്ടെന്നു തന്നെ അമ്മ പറഞ്ഞു.

“ങേ!? എപ്പോ?” ബ്ലോഗർ ഞെട്ടി. “പത്രത്തിലൊന്നും കണ്ടില്ലല്ലോ!?”

“പിന്നേ.... പത്രക്കാർക്കിതല്ലേ പണി....  എന്തായാലും വാവാച്ചൻ വല്യ സന്തോഷത്തിലാ....”

അയാളല്പം കൺഫ്യൂഷനിലായി. കാവ്യാ മാധവൻ പ്രസവിച്ചതിന് വാവാച്ചൻ സന്തോഷത്തിലാണെന്നോ!? അമ്മയ്ക്കിതെന്തുപറ്റി? അല്ല.... സത്യത്തിൽ, എന്താണീ പറഞ്ഞുകൊണ്ടു വരുന്നത്?

മനസ് ഒരു പകുതികൊണ്ട് ചെവിക്കകത്തെ കലകല കേട്ടുകൊണ്ടിരിക്കുമ്പോൾ, മറുപകുതികൊണ്ട് തലച്ചോറിൽ മാന്തിപ്പൊളിച്ചുകൊണ്ടിരുന്നു.

“എന്തായാലും ഇനി പുറത്തുന്ന് പാലു വാങ്ങിക്കണ്ടല്ലോ.... പെൺകിടാവായതു കൊണ്ട് അവൻ ഭയങ്കര സന്തോഷത്തിലാ.....”  അമ്മ തുടരുകയാണ്.

തലയിൽ ടോർച്ച് മിന്നി. ഓഹോ! ഇതായിരുന്നോ കാര്യം?

വാവാച്ചന്റെ അരുമപ്പശു കാവ്യാ മാധവൻ പ്രസവിച്ചിരിക്കുന്നു!

മനുഷ്യനിപ്പം കാടുകേറി എന്തേലുമൊക്കെ ചിന്തിച്ചേനേ!
അവൻ ചെയ്ത കടുംവെട്ട് പേരിടീൽ മുൻപ് നാട്ടിൽ ചെന്നപ്പോൾ ചർച്ചാ വിഷയമായിരുന്നു.
അപ്പോ, പത്രത്തിൽ വന്നില്ലെങ്കിലും സംഗതി സത്യം തന്നെ.

ബ്ലോഗറുടെ തൊട്ടു തെക്കേ വീട്ടിൽ ജനിച്ചു താമസിക്കുന്നു എങ്കിലും അന്താരാഷ്ട്ര പ്രശസ്തരായ പല സെലിബ്രിറ്റീസിനെയും പോലെ ഒരു മൃഗസ്നേഹിയാണ് വാവാച്ചൻ. തത്തക്കുഞ്ഞ്, അണ്ണാൻ കുഞ്ഞ്, മുയൽക്കുഞ്ഞ്, പട്ടിക്കുഞ്ഞ്, പൂച്ചക്കുഞ്ഞ്, പശുക്കുഞ്ഞ് ..... തുടങ്ങി എല്ലാ തരം കുഞ്ഞുങ്ങളേയും സ്നേഹിക്കുകയും ഊട്ടിവളർത്തുകയും ചെയ്യുക എന്നതാണ് പ്രധാന ജീവിത ലക്ഷ്യം.

സത്യത്തിൽ ലോകത്ത് ഏത് സെലിബ്രിറ്റിക്കുണ്ട് ഇത്ര വൈവിധ്യമുള്ള  മൃഗശേഖരം?

പണ്ട് ബ്രാഡ് പിറ്റ്  ഓമനകളായി രണ്ട് മഡഗാസ്കർ ഓന്തുകളെ പരിപാലിച്ചിരുന്നതായി കേട്ടിരുന്നു. ആഞ്ജലീന ജോളി (അതോ ഷോലിയോ!?) വന്ന ശേഷം അതിനൊക്കെ എന്തു സംഭവിച്ചോ എന്തോ!?

ഓപ്ര വിൻഫ്രിയുടെ അഞ്ചു പെറ്റ് പട്ടികളുടെ പടം ഈയിടെ ഒരു മാഗസിനിൽ കണ്ടത് ഓർമ്മ വരുന്നു. പമേല ആൻഡേഴ്സൺ, ജെനിഫർ ആനിസ്റ്റൺ, പാരിസ് ഹിൽറ്റൺ, കെല്ലി ബ്രൂക്ക് എന്നുവേണ്ട ക്ലിന്റണും ഒബാമയ്ക്കും വരെയുണ്ട്  പെറ്റുകൾ.

ബ്രാഡ് പിറ്റിന്റെ ഓന്തും, ഓപ്രേടെ പട്ടീം ഒക്കെ വാർത്തയായെങ്കിലും വാവാച്ചന്റെ അണ്ണാനും, പട്ടീം, പശൂം, തത്തേം ഒന്നും ഒരു പത്രത്തിലും വന്നില്ല.

സത്യത്തിൽ, മഹാനായ ശിബി മഹാരാജാവിനു ശേഷം ആര് എന്ന ആ ചോദ്യത്തിന് വാവാച്ചമഹാരാജാവ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ........

കാൽ വണ്ണയിലെ 100 ഗ്രാം മാംസം സ്വന്തം പട്ടിക്ക് ദാനം ചെയ്ത വേറൊരു മഹാൻ ആരുണ്ട് !?

(അതെ, ഒരിക്കൽ അങ്ങനെ സംഭവിക്കുകതന്നെയുണ്ടായി. അതോടെ അദ്ദേഹം ഒരു പുതിയ പാഠവും പഠിച്ചു. യജമാനനായാലും ശരി, പട്ടി തിന്നുന്ന നേരത്ത് ഇടങ്കോലിടരുത്; ഇടങ്കാലും ഇടരുത്!)

എന്നാൽ ജീവിതത്തിന്റെ ആരംഭദശയിൽ അദ്ദേഹം ഒരു മൃഗസ്നേഹിയായിരുന്നില്ല. എന്നുമാത്രമല്ല അറിയപ്പെടുന്ന ഒരു മൃഗ പീഡകൻ കൂടിയായിരുന്നു!

അയലത്തുകാരായ കണ്ണനും കിണ്ണനും, നീർക്കോലികളെ കുരുക്കിട്ട് വാലിൽ പിടിച്ച് ചുഴറ്റിയെറിയുന്നതായിരുന്നു ഹോബിയെങ്കിൽ,  വാ. മ. രാജാവിന് വലിയ കരിങ്കൽ കഷണങ്ങൾ കൊണ്ട് പൂച്ചകളെ എറിഞ്ഞുകൊല്ലുന്നതായിരുന്നു പ്രിയവിനോദം.

പക്ഷേ, മുൻ തലമുറയിലെ പ്രധാന പൂച്ചധ്വംസകനായ കരിമ്പൂച്ചസുഗുണൻ വിറയൽ രോഗം ബാധിച്ചു മരിച്ചതോടെ, തിരുമനസ്സുകൊണ്ട് ആ വിനോദം ഉപേക്ഷിക്കുകയായിരുന്നു. പൂച്ചകളെ കൊന്നാൽ വിറയൽ രോഗം പിടിപെടും എന്നാണ് നാട്ടുമൊഴി.

അതൊക്കെ എന്തോ ആവട്ടെ, പണ്ട് ചന്തുച്ചേകവർ വടക്കൻ വീരഗാഥയിൽ ‘അയവിറക്കിയതു’ പോലെ, പതിനേഴാമത്തെ വയസ്സു മുതൽ തന്റെ സിരകളിൽ കത്തിപ്പടർന്ന ഉന്മാദമാണ് കാവ്യ എന്ന് ഒരു ദുർബലനിമിഷത്തിൽ നമ്മുടെ കഥാനായകൻ വെളിപ്പെടുത്തി എന്നതിനു തെളിവുകളുണ്ട്.

അങ്ങനെയാണ് പ്രിയങ്കരിയായ പയ്യിന് തന്റെ ഇഷ്ടനായികയുടെ ‘ഫുൾ നെയിം’ ആ യുവാവ് നൽകിയത്.

കാവ്യയെ കുളിപ്പിക്കുക, കാവ്യയെ തീറ്റുക, കാവ്യയെ തൊട്ടുതലോടി നടക്കുക എന്നിവയെല്ലാം ദിനചര്യയുടെ ഭാഗമാക്കിയിട്ടുള്ള എത്ര ഫാൻസ് ഈ ഭൂമിമലയാളത്തിലുണ്ട്, വാവാച്ചനല്ലാതെ?

സംഗതി എന്തായിരുന്നാലും ശരി, അവന്റെ കാവ്യ പ്രസവിച്ചിരിക്കുന്നു. അതും ഒരു പെൺ കിടാവിനെ. ഇനി നാലിടങ്ങഴി പാലുകൊണ്ട് നാടാകെ കല്യാണം നടക്കും!

ഇത്രയും വിവരങ്ങൾ അമ്മ വഴി അറിഞ്ഞ സ്ഥിതിക്ക് നായകനെ ഒന്നു നേരിട്ടു വിളിച്ചുകളയാം എന്നു തന്നെ ബ്ലോഗർ തീരുമാനിച്ചു.

കുട്ടിയുണ്ടായതിന്റെ ആനന്ദവും അഭിമാനവും ഫോണിലൂടെ കേട്ട ‘ഹലോ’യിൽ നിറഞ്ഞു നിന്നു. എന്നാൽ ഈ സന്തോഷത്തിരതല്ലലിലും ആൾ അല്പം കുണ്ഠിതത്തിലാണെന്ന് കൂടുതൽ സംസാരിച്ചപ്പോൾ  മനസ്സിലായി.

പ്രശ്നം ഉണ്ടാക്കിയത് ‘കാന്താരി’യാണ്. നാലിടങ്ങഴിയായാലും രണ്ടിടങ്ങഴിയായാലും, കിട്ടുന്നതിൽ പാതി തന്റെ വിഹിതമാണെന്ന് അവൾ അവകാശപ്പെട്ടത്രെ. പശുപാലനത്തിൽ വാവാച്ചന്റെ സന്തത സഹചാരിയാണ് കാന്താരി.

അവൾ പോച്ച പറിച്ചതിന്റെയും, കാടികൊടുത്തതിന്റെയും കണക്കു പറഞ്ഞതോടെ മഹാരാജാവിനു കലിയിളകി.

“അതെന്താ, അവൾക്കു പാതി കൊടുത്തു കൂടേ?” ബ്ലോഗർ ചോദിച്ചു.

“ഒരു തുള്ളി പാൽ അവൾക്കു കൊടുക്കില്ല” ഹൈനെസ് അരുളിച്ചെയ്തു.
“ഇങ്ങനെ വാശി പിടിക്കാതെ നീ കാര്യം പറ വാവാച്ചാ...”
“കാര്യമുണ്ട്. അവളാ മറ്റവളുടെ ആളാ”
“മറ്റവളോ? അവതേതവൾ?”
“ഓ.... ആ ധന്യ നായർ”
“അതു ശരി.... അപ്പ അതാണ് കാര്യം....”

ധന്യ നായരെ അവനിഷ്ടമായിരുന്നില്ല എന്നതാണ് പ്രശ്നം. അതിനൊരു  മൂലകാരണവുമുണ്ട്.

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘സിഗ്മ മ്യൂസിക്സ്’ൽ വന്ന വഴക്കാളിപ്പെണ്ണ് സിനിമയിൽ കയറി പേരു മാറ്റി നവ്യ നായരായി എന്നത് ശരി തന്നെ. എന്നാലും ഉടക്കിയാൽ ശത്രു ശത്രു തന്നെ.

ബ്ലോഗറുടെ അനിയൻ മുത്തുമൊതലാളി നങ്ങ്യാർകുളങ്ങര കവലയിൽ നടത്തിയിരുന്ന ഓഡിയോ ഷോപ്പാണ് സിഗ്മ മ്യൂസിക്സ്.

പത്തുപന്ത്രണ്ടു കൊല്ലം മുൻപാണ് സംഭവം. നടാകെ കാസറ്റ് സംഗീതത്തിന്റെ കാലം.

പതിനാറുതികഞ്ഞ പൊടിമീശക്കാരൻ  വാവാച്ചൻ ‘സിഗ്മ’യിൽ കാസറ്റ് റെക്കോർഡിംഗ് ടെക്നീഷ്യനായി ചാർജെടുത്ത കാലം.

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ അഭിനയിച്ച ഉണ്ടക്കണ്ണിയോട് എന്തോ ‘ഒരിത്’ ഉള്ള കാലം....

അപ്പോഴാണ്, പാട്ട് റെക്കോഡ് ചെയ്തത് ശരിയായില്ല എന്നു പറഞ്ഞ്  ഒരു കറുമ്പിപ്പെണ്ണ് മൊതലാളിയോട് പരാതി പറയുകയും ബഹളം വയ്ക്കുകയും ചെയ്തത്.

പത്തുപതിനാലു വയസ് പ്രായം വരും അവൾക്ക്. സ്കൂൾ യുവജനോത്സവത്തിന് ഡാൻസ് കളിക്കാൻ റേക്കോഡ് ചെയ്യിച്ച കാസറ്റിൽ പാട്ടു ‘വലിഞ്ഞു’ എന്നു പറഞ്ഞായിരുന്നു ബഹളം.

ഇന്നു വരെ ഒരു കാസറ്റ് റെക്കോഡിംഗ് ടെക്നിഷ്യൻ എന്ന നിലയിൽ തന്റെ കാര്യക്ഷമത ആരും ചോദ്യം ചെയ്തിട്ടില്ല. കാസറ്റ് വലിഞ്ഞെങ്കിൽ അത് ടേപ്പ് റെക്കോർഡറിന്റെ പിഴവാകും. അല്ലെങ്കിൽ സ്റ്റേജിലെ സപ്ലെയിൽ  വോൾട്ടേജ് കുറവായിരുന്നിരിക്കും. ഇതൊന്നും മനസ്സിലാകാനുള്ള ടെക്നിക്കൽ നോ-ഹൌ ഇല്ലാത്ത ഡാൻസുകാരിയെ അദ്ദേഹം ശത്രുവായി പ്രഖ്യാപിച്ചു.

“അവള് കലാതിലകമാകുകയും പിന്നീട് സിനിമേൽ കയറുകയും ഒക്കെ ചെയ്തു.പക്ഷേ, അവടെ ഒറ്റപ്പടവും ഞാൻ കണ്ടിട്ടില്ല.എന്താ കാരണം?” വാവാച്ചൻചോദിച്ചു.

“എന്താ കാരണം?” ബ്ലോഗർ തിരിച്ചു ചോദിച്ചു.

“ശത്രുവെന്ന് വച്ചാൽ ശത്രുവാ!” ഠപ്പേന്നു വന്നു മറുപടി.

ബ്ലോഗർ മൂളി.

“അതുകൊണ്ടു തന്നാ എല്ലാരേം വിളിച്ചിട്ടും കല്യാണത്തിന് ഞാൻ പോകാഞ്ഞത്.”

ശരിയാ.  നാടടക്കം കല്യാണം വിളിച്ച്, ചേപ്പാട് ഹൈസ്കൂളിന്റെ ഗ്രൌണ്ടിൽ പന്തലുമിട്ട് നവ്യേടെ കല്യാണം നടത്തീട്ടും വാവാച്ചൻ പോയില്ലായിരുന്നു..

കല്യാണം കൂടാൻ പിണറായി മുതൽ ബാലകൃഷ്ണപിള്ള വരെ ചേപ്പാട്ടു വന്നു. മന്ത്രിമാർ കൂട്ടത്തോടെ വന്നു. പക്ഷേ വാവാച്ചൻ ചെന്നില്ല. എന്താ കാരണം!?

ശത്രുവെന്ന് വച്ചാൽ ശത്രുവാ!

അതാണ് വാവാച്ചൻ.

സംഗതി കുഴപ്പത്തിലേക്കാണ്. കാന്താരിക്ക് കാവ്യയെ ഇഷ്ടമല്ല. നവ്യയെ ഇഷ്ടമാണു താനും.

“കല്യാണം കഴിഞ്ഞ് കാവ്യ അഭിനയിക്കാൻ തിരിച്ചുവന്നപ്പോ കാന്താരിക്ക് എന്തൊരു ‘പുജ്ഞ’മായിരുന്നു! എന്നിട്ടിപ്പ ദാ ലവളും അഭിനയിക്കാൻ വരുന്നു..... പുതിയ സിനിമേൽ.....” വാവാച്ചൻ വിടാൻ ഭാവമില്ല.

“ആര്?”
“നവ്യ!”
“ഓ! അപ്പോ ആ കുട്ടി തിരിച്ചു വന്നോ? ”
“കുട്ടിയോ? ആര്? അത് തള്ളയല്ലേ? കുട്ടി കയ്യിലല്ലേ?”

“അതൊക്കെ എന്തെങ്കിലുമാവട്ടെ, ഒരു സിനിമാനടീടെ പേരിൽ നീ കാന്താരിയോട് പിണങ്ങരുത്!”ബ്ലോഗർ ഉപദേശിച്ചു.

“അക്കാര്യം മാത്രം എന്നോടു പറയരുത്. ഓണത്തിനു വരുമ്പൊ പാൽ‌പ്പായസം എല്ലാർക്കും എന്റെ വക!”
അവൻ ഫോൺ വച്ചു.
ബ്ലോഗർ പെട്ടു.കാന്താരിയും വേണ്ടപ്പെട്ടവളാണ്.
അവളെ വിളിച്ചു.
അവൾ പരിദേവനങ്ങളുടെ കെട്ടഴിച്ചു.
“പേരിഷ്ടമല്ലെങ്കിലും ആ പശൂനു വേണ്ടി ദിവസോം പോച്ച പറിച്ചു കൊടുത്തോണ്ടിരുന്നതാരാ? അതിനു പിണ്ണാക്കും, പുളിയരിപ്പൊടീം വാങ്ങിച്ചുകൊടുത്തിരുന്നതാരാ? അതിന് ഏനക്കേടു വന്നപ്പം മൃഗഡോക്ടറെ വിളിച്ചോണ്ടുവന്നതാരാ? എല്ലാം ഞാൻ! എന്നിട്ടിപ്പ ഞാൻ കറിവേപ്പില!”

“നീയതൊന്നും കാര്യമാക്കണ്ട കാന്താരീ” ബ്ലോഗർ ആശ്വസിപ്പിച്ചു.

“ അങ്ങനൊന്നുമല്ല..... എപ്പഴും കാവ്യേടെ കാര്യം പറഞ്ഞ് എന്നോട് തട്ടിക്കേറും. നവ്യയെ കളിയാക്കുകയും ചെയ്യും. ഇനി സഹിക്കാൻ ഞാനില്ല.... കുടുംബശ്രീയും തൊഴിലുറപ്പുമായി ആയിരങ്ങൾ പലതു സമ്പാദിച്ചവളാ ഈ കാന്താരി.... ഞാനും ചെലത് തീരുമാനിച്ചിട്ടുണ്ട്‌. ഒരു പശൂനെ വാങ്ങിക്കാൻ എന്നെക്കൊണ്ടും പറ്റും.”

“നീ എന്തു ചെയ്യാൻ പോകുന്നു?”

“ഒരു പശുക്കുട്ടിയെ ഞാനും നോക്കി വച്ചിട്ടുണ്ട്.നല്ലൊരു ജേഴ്സിപ്പശു. അതിനെ ഞാൻ ഇവിടെക്കൊണ്ടു വന്ന് വളർത്തും. എന്നിട്ട് അതിന് നവ്യാ നായർ എന്നു പേരും ഇടും!”

ബ്ലോഗർ വായ് പൊളിച്ചു.

തേനൊഴുകിയില്ലെങ്കിലും നാട്ടിൽ ഇക്കുറി ഓണത്തിന് പാലൊഴുകും!


വാൽമൊഴി: സത്യത്തിൽ വാവാച്ചന്റെ കാവ്യയ്ക്ക് കുട്ടിയും, കുട്ടിക്കു കുട്ടിയുമായി ഇപ്പോൾ. ഇവിടെ സൂചിതരായ രണ്ടു നടിമാരോടും സ്നേഹബഹുമാനങ്ങൾ മാത്രമേ ഉള്ളൂ എനിക്കും കുടുംബത്തിനുമെന്നും ഈ നർമ്മഭാവന അവരെ അവഹേളിക്കാനല്ലെന്നും സൂചിപ്പിച്ചുകൊള്ളുന്നു.

69 comments:

jayanEvoor said...

എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ!

പാവത്താൻ said...

നാട്ടുകാർക്ക് പറയാമല്ലോ ഞാൻ കാവ്യാമധവന്റെയും നവ്യാ നായരുടേയും ഒക്കെ പാൽ കുടിച്ചാ വളർന്നത് എന്ന്...
എന്റെ സുഹൃത്തിനു രണ്ടു പൂച്ചകളുണ്ടായിരുന്നു. മമ്മൂട്ടിയും മോഹൻലാലും. രണ്ടും പെറ്റു.പലപ്രാവശ്യം..

ajith said...

ഹഹ, കാവ്യാ മാധവന്‍ പ്രസവിച്ചു
വാവാച്ചന്റെയൊരു കാര്യം

സമീരന്‍ said...

വാൽമൊഴി: സത്യത്തിൽ വാവാച്ചന്റെ കാവ്യയ്ക്ക് കുട്ടിയും, കുട്ടിക്കു കുട്ടിയുമായി ഇപ്പോൾ. ഇവിടെ സൂചിതരായ രണ്ടു നടിമാരോടും സ്നേഹബഹുമാനങ്ങൾ മാത്രമേ ഉള്ളൂ എനിക്കും കുടുംബത്തിനുമെന്നും ഈ നർമ്മഭാവന അവരെ അവഹേളിക്കാനല്ലെന്നും സൂചിപ്പിച്ചുകൊള്ളുന്നു.

ഇങ്ങിനെ പറഞ്ഞ് രക്ഷപ്പെടാംന്നൊന്നും കരുതണ്ട.. ഇത് ഇങ്ങളവരെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടിചെയ്തതന്നെ..ഇങ്ങള് റോമയുടെ ആളാന്ന് ഇവിടെ ആര്‍ക്കാ അറിയാത്തത്...

അപ്പൊ എങ്ങിനാ പാല്‍ പായസം തരാവൊ..?
ഇങ്ങള്‍ടെ ഒക്കെ ഭാഗ്യേ..

എഴുത്ത് നന്നായിട്ടാ..
രസിച്ചു..

ഷെരീഫ് കൊട്ടാരക്കര said...

സ്നേഹമുള്ളവരുടെ പേരു പട്ടിക്കും പൂച്ചക്കും ഇടുന്നത് സഹിക്കാം.പക്ഷേ ഞങ്ങളുടെ നാട്ടില്‍ അയല്‍‌വാസി മമ്മൂഞ്ഞ് ശത്രു ആയപ്പോള്‍ സ്വന്തം പട്ടിക്ക് അയല്‍‌വാസിയുടെ പേരിട്ട് നേരം വെളുക്കുമ്പോള്‍ “മമ്മൂഞ്ഞേ ഉമ്പോ....ഉമ്പോ... എന്ന് കൂവി വിളിച്ച് പറഞ്ഞ് അടി ഉണ്ടാക്കാന്‍ നടന്ന ഒരു വിദ്വാനും ഉണ്ടായിരുന്നു.
തീറ്റി തിന്നുന്ന പട്ടിക്കു മുമ്പില്‍ ഇടം കാലിട്ട് കൊടുത്ത പ്രയോഗം അങ്ങ് ക്ഷ രസിച്ചു.അഭിനന്ദനങ്ങള്‍.

നിസാരന്‍ .. said...

ഇങ്ങനെയും പശുവിന് പേര് നല്‍കാം ലേ. ഇച്ചിരി കടന്ന കയ്യായിപ്പോയി. വാവച്ചനായതോണ്ട് ക്ഷമിക്കാം..

Dr.Siju Muraleedharan said...
This comment has been removed by the author.
Dr.Siju Muraleedharan said...
This comment has been removed by the author.
Dr.Siju Muraleedharan said...

" പശു ഏതായാലും പാല് നന്നായാല്‍ മതിയായിരുന്നു . "

കൊച്ചു കൊച്ചീച്ചി said...

'വേളൂര്‍ കൃഷ്ണന്‍കുട്ടി'യെ വായിച്ചപോലെ തോന്നി.

ഇനി ഒന്നുരണ്ടു നിരീക്ഷണങ്ങള്‍:
ആഞ്ചലീന 'ജോളി'യുമല്ല 'ഷോലി'യുമല്ല - 'ഴ്ഷൊലീ' ആണ്. ഴകാരം അല്പം അമര്‍ത്തിയും ഷകാരം ഒട്ടും അമര്‍ത്താതെയും പറയണം
'നീര്‍ക്കോലി സൈസില്‍ പെട്ട ഒരു കറുമ്പിപ്പെണ്ണ്' എന്നെഴുതിയ സ്ഥിതിയ്ക്ക് 'രണ്ടു നടിമാരോടും സ്നേഹബഹുമാനങ്ങള്‍ മാത്രമേ ഉള്ളൂ' എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. താങ്കള്‍ കാന്താരിയുടെ ശത്രുവും വാവാച്ചന്റെ മിത്രവും ആകുന്നു. ടേപ്പിന്റെ വലിവിനനുസരിച്ച് നൃത്തത്തിന്റെ താളം അഡ്ജസ്റ്റ് ചെയ്യാന്‍ നീര്‍ക്കോലിക്കെന്നല്ല പെരുംപാമ്പിനുപോലും പറ്റില്ല, ആ സാധു പെണ്ണിന്റെ ഭാഗത്തും ന്യായമുണ്ടേയ്.

rameshkamyakam said...

നന്നായി കാവ്യചരിതം ആട്ടക്കഥ.

Biju Davis said...

ബ്ലോഗര്‍ക്ക് ഒരു ശ്വേത മേനോന്‍ ചായ് വുണ്ടോ? :)

Echmukutty said...

കാലത്തേ ചിരിപ്പിച്ചതില്‍ വലിയ സന്തോഷം കേട്ടൊ.
മിടുക്കന്‍. പിന്നെ ഓണാശംസകള്‍.

jayanEvoor said...

എല്ലാവർക്കും നന്ദി!

ഓണാശംസകൾ!!

sreee said...

"വാ. മ. രാജാവിന് വലിയ കരിങ്കൽ കഷണങ്ങൾ കൊണ്ട് പൂച്ചകളെ എറിഞ്ഞുകൊല്ലുന്നതായിരുന്നു പ്രിയവിനോദം". ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു, ബാക്കിയെല്ലാം രസമായിട്ടുണ്ട്.:)ഓണാശംസകള്‍

abhilash said...

നന്നായിട്ടുണ്ട്...പഴയ സിഗ്മാ മ്യുസിക് ഇപ്പഴും ഉണ്ടോ കവലയില്‍...പണ്ട് TKMM കോളേജില്‍ പഠിക്കുന്പം...പരിചിതമായിരുന്നു

Sapna Anu B.George said...

നല്ല കഥാശകലം ....ജയൻ

ബിന്ദു കെ പി said...

ഹ..ഹ..കൊള്ളാം. കാലത്ത് കമ്പ്യൂട്ടർ തുറന്നപ്പോൾ തന്നെ ചിരിക്കാനുള്ള വകയൊരുകിയതിന് പെരുത്ത് സന്തോഷം :)

Kalavallabhan said...

"ഴകാരം അല്പം അമര്‍ത്തിയും ഷകാരം ഒട്ടും അമര്‍ത്താതെയും"
"കൊച്ചു കൊച്ചീച്ചി " പറഞ്ഞത്‌ ശ്രദ്ധിച്ചു പഠിക്കണം.
ഓണമായിക്കൊണ്ട്‌ ക്ഷീരവിപ്ലവം നന്നായി.

ഓണാശംസകൾ

kochumol(കുങ്കുമം) said...

ഹ ഹ ഹ ഈ വാവച്ചന്റെ ഒരു കാര്യേ...:)

>>>>കാൽ വണ്ണയിലെ 100 ഗ്രാം മാംസം സ്വന്തം പട്ടിക്ക് ദാനം ചെയ്ത വേറൊരു മഹാൻ ആരുണ്ട് !?<<<<
അതുപോലുള്ള ഒരു മഹാന്‍ ഞങ്ങളുടെ അടുത്തും ഉണ്ട്..:)
ഓണാശംസകൾ!

Aneesh chandran said...

ഇതു വായിച്ചപ്പോള്‍ നാട്ടിലെ ഒരു ഇടതുപക്ഷ കര്‍ഷകനെ ഓര്‍മ്മവന്നു.പുള്ളിക്കാരന്റെ പശുക്കളുടെപേര് മുഴുവന്‍ എതിര്‍പാര്‍ട്ടിക്കാരായ തല മൂത്തനേതാക്കളുടെയാ :) കാവ്യമാധവന്‍ പ്രസവിച്ചു :)രസകരം ജയേട്ടാ.. ഓണാശംസകള്‍.

Unknown said...

വീണ്ടും ചിരിപ്പിച്ചു!

ente lokam said...

ശരിക്കും ആദ്യം ഒന്ന് ഞെട്ടിച്ചു ജയെട്ടന്‍..ഈ വാര്‍ത്ത എല്ലാം എവിടെ നിന്ന് കിട്ടുന്നു എന്ന് ഓര്‍ത്തു..പിന്നെ ബ്ലോഗ്ഗരെ പരിചയപ്പെട്ടു..അങ്ങനെ ചിരി തുടങ്ങി...ശിബി രാജാവിന്റെ ദാനത്തിനു ഇങ്ങനെ ഒരു വ്യഖ്യനം..തള്ളെ ചിരികള് നില്‍ക്കണില്ല..

ഓണാശംസകള്‍..പിന്നെ കുറെ ദിവസത്തേക്ക് പുറത്തു ഇറങ്ങണ്ട കേട്ടോ..ഫാന്സ്കാര് തല്ലിക്കൊല്ലും..ഹ..

Unknown said...

ithu kurachu kaduthakayyatipoyieeeee,pavam vavachan.....

Unknown said...
This comment has been removed by the author.
Anonymous said...

ithu kurachu kadutha kayyayi poieeeeee,pavam vavachan

Unknown said...
This comment has been removed by the author.
ഒരു ദുബായിക്കാരന്‍ said...

കളിച്ചു കളിച്ചു കാവ്യ മാധവനെ തൊട്ടാ കളി...വേണ്ട വൈദ്യരെ...വേണ്ട :-) ഓണാശംസകൾ!

ജ്വാല said...

രസകരമായി, ഓണാശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഇത്രയും പ്രതീക്ഷിച്ചില്ല, ഓണാശംസകള്‍

ഒഴാക്കന്‍. said...
This comment has been removed by the author.
ഒഴാക്കന്‍. said...

സംഭവം കൊള്ളാം ജയെട്ടാ .. എന്നാലും ഒരു സംശയം " സത്യത്തില്‍ കാവ്യയുടെ കുട്ടിയ്ടെ അച്ഛന്‍ ആരാ" ??
വാവച്ചന്റെ സ്നേഹകൂടുതല്‍ കണ്ടു തോന്നിയ ഒരു സംശയം ആണേ :)

jayanEvoor said...

എല്ലാവർക്കും പേർത്തും പേർത്തും നന്ദി!

ഒഴാക്കന്റെ കമന്റ് കണ്ടപ്പോൾ തന്നെ മറുപടി ഇട്ടേക്കാം എന്നു കരുതി.

അക്കാര്യത്തിൽ സംശയം വേണ്ട. കൃത്രിമ ബീജസങ്കലനം. ബ്ലോക്കോഫീസിൽ കൊണ്ടുപോയി കുത്തിവപ്പിച്ചു.

തിരുപ്പതിയായല്ലോ?

ഒഴാക്കന്‍. said...

ഹഹ അപ്പൊ ഇനി ബ്ലോക്ക്‌ ആപ്പീസിലുള്ളവരെ സംശയിച്ചാ മതിയെന്ന് സാരം :)

ചിതല്‍/chithal said...

സമീരൻ, മൂപ്പർ റോമയുടെ ആളല്ല. നമിത.. നമിത..

ഷെറീഫിക്ക പറഞ്ഞതും സത്യം. സ്വന്തം പട്ടിക്കു് അലമ്പൻ അമ്മാവന്റെ പേരിട്ട ഒരുത്തനുണ്ടു്. ഈ അമ്മാവൻ വീട്ടിലുള്ളപ്പോൾ ആ വിദ്വാൻ പട്ടിയെ പേരെടുത്തു് തെറിപറഞ്ഞുകൊണ്ടിരിക്കും എന്നു് പ്രത്യേകം പറയേണ്ടല്ലോ.

ജയേട്ടോ, കഥ കലക്കി. അസ്സലായിട്ടുണ്ടു്. പക്ഷെ ഒരു ചെറിയ സംശയം - വാ.മ.യും കാന്താരിയും തമ്മിലുള്ള ബന്ധം?

ചിതല്‍/chithal said...

ഓക്കെ ഓക്കെ. പശുപാലനത്തിലെ സന്തതസഹചാരി. ഇപ്പൊ ഓക്കെ.

Manoraj said...

ഡോക്ടറേ.. പഴയ ഒരു പാട്ടില്ലേ.. സുന്ദരന്‍ ഞാനും.. സുന്ദരി നീയും.. അതുപോലെ ഇനി കാവ്യയും നവ്യയും കൂടെ ചേര്‍ന്നിരുന്നാല്‍ എന്തെങ്കിലും .. ഹെയ്.. ഹെയ്.. ഒരു ഡോക്ടറോട് ഇങ്ങനെയൊക്കെ ചോദിക്കാനേ പാടില്ല.. :):)

ലംബൻ said...

ആദ്യം ഒന്ന് ഞെട്ടി, വായിച്ചു പൊട്ടിച്ചിരിച്ചു. നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം എന്നത് കാവ്യയുടെ പാലുകൊണ്ട് നാടാകെ കല്യാണം എന്ന് മാറ്റേണ്ടി വരുമോ..?

പട്ടേപ്പാടം റാംജി said...

കുട്ടിയോ? കുട്ടി ഒക്കത്തല്ലേ...
ഓണാശംസകള്‍.

ഷബീര്‍ - തിരിച്ചിലാന്‍ said...

''മനുഷ്യനിപ്പം കാടുകേറി എന്തേലുമൊക്കെ ചിന്തിച്ചേനേ!'' ഹ..ഹ.. ഹ..

ഡോക്റ്ററേ... നല്ലോണം ചിരിച്ചു... ഓണാശംസകള്‍

mini//മിനി said...

എന്നാലും ഒരു പേര്

ഫൈസല്‍ ബാബു said...

പരീക്ഷണം കൊള്ളാം ട്ടോ ,,നന്നായി ചിരിപ്പിച്ചു ,
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് ഇനി പറയാം ഒരു പേരില്‍ പലതുമുണ്ട് .

ചാണ്ടിച്ചൻ said...

കാവ്യയെ കുളിപ്പിക്കുക, കാവ്യയെ തീറ്റുക, കാവ്യയെ തൊട്ടുതലോടി നടക്കുക.....പിന്നെയോ
ഒരു വേള ഒന്ന് സംശയിച്ചു പോയി!!!
കിടിലന്‍ പോസ്റ്റ്‌......
എല്ലാ ബ്ലോഗര്‍മാര്‍ക്കും ഓണാശംസകള്‍....

പത്രക്കാരന്‍ said...

വാവച്ചന്റെ കാവ്യ പ്രസവിച്ചതിനു ഈ ഡോക്ടര്‍ക്ക് എന്താ ഇത്ര ആവേശം ?

jayanEvoor said...

പത്രക്കാരാ....!

നല്ല ശുദ്ധമായ പശൂമ്പാലു കിടിക്കാലോ!!
അതൊരു സന്തോഷല്ലേ!?

Unknown said...

gollaam

Joselet Joseph said...

ആയുര്‍വേദത്തിലാണോ, മൃഗ പാലനത്തിലാണോ ഡോകടറേറ്റ്‌ എന്നേ ഇനി തര്‍ക്കമുള്ളൂ!!!!!
ഏതായാലും ബ്ലോഗില്‍ പശുക്കളുടെ സുവര്‍ണ്ണകാലം! ഇതാ ഒരു ഗോപാലന്റെ പരാക്രമങ്ങള്‍

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

ഹ ഹ്ഹാ ഈ വാവച്ചന്റെ ഒരു കാര്യം...
ജയേട്ടാ...ഒരായിരം ഓണാശംസകള്‍

വീകെ said...

കാവ്യപ്പശുവും നവ്യപ്പശുവും കാന്താരിപ്പശുവും ഒക്കെ കൊള്ളാം.. പക്ഷെ, ഒരു ബ്ലോഗ്ഗറെ പിടിച്ച് ഇതിനകത്തൊരു കഥാപാത്രമാക്കിയത് എന്തിനെന്ന് മനസ്സിലായില്ലാട്ടൊ...?!!

ഉത്രാടപ്പാ‍ച്ചിൽ കലക്കിട്ടൊ...
“തിരുവോ‍ണാശംസകൾ...”

ഷാജു അത്താണിക്കല്‍ said...

ആഹാ ആദ്യം ഞാനും ഒന്ന് ... കരുതി......
ബ്ലോഗറുടെ ഒരു കാര്യം

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം..

സിനിമാ നടികളുടെ പേരു പറഞ്ഞ്‌ പെൺകുട്ടികളെ പറ്റിച്ച്‌ ബ്ലോഗ്സ്പോട്ടിൽ കൊണ്ടു വരിയിയ്ക്കുകയാണല്ലേ.. :)
ഹാ..അങ്ങനെ ഞാനും പെട്ടു പോയി. :.)

ഹാസ്യം ആസ്വവ്ദിച്ചു ട്ടൊ...ആശംസകൾ.

മൻസൂർ അബ്ദു ചെറുവാടി said...

വായന ഇത്തിരി വൈകി. ഓണം ആശംസിക്കാനും വൈകി. എന്നാലും എന്‍റെ ഒന്നാശംസകള്‍ ഡോക്ടര്‍.
രസകരമായിരുന്നുട്ടോ കാവ്യ വിശേഷം . പശുക്കളുടെ ഒരു യോഗം.
ആശംസകള്‍

Cv Thankappan said...

പണ്ടൊക്കെ പശുക്കള്‍ക്ക് അമ്മിണി,നന്ദിനി,കറുമ്പി,വെളുമ്പി
എന്നും പട്ടിക്ക് ടിപ്പു,ഹിറ്റ്ലര്‍ പേരും
ചാര്‍ത്തുമ്പോള്‍ ഇന്നു പരിഷ്ക്കരിച്ച
രീതിയില്‍ സിനിമാനടികളുടെ പേരുകള്‍
പരക്കെ......
രസകരമായി എഴുതിയിരിക്കുന്നു.
നന്മ നിറഞ്ഞ ഓണാശംസകള്‍

Yasmin NK said...

എത്താന്‍ വൈകി. രസകരമായി എഴുതി.ആശംസകള്‍..

Kumar said...

Good story, Jayan. Suspense,Climax,Flashback...etc.
Naming of pets..My great grandfather was a die hard Congress fan, his pet's name was NERU (for his love and respect for great Jawaharlal "Chacha" Nehru), my father's pet's name was Raju (you got it , after Rajiv Gandhi)....i dont have a pet yet .. i will have to name it either Rahul or Priyanka....keeping up with the family tradition (even though i am politically independent/neutral)

Prabhath Kumar

കൊമ്പന്‍ said...

അപ്പൊ നിങ്ങള്‍ കൊള്ളാലോ ബായി
കാവ്യാ മാധവന്റെ ഒക്കെ അയല്‍വാസി ആണ് അല്ലെ
ഒരു പക്ഷെ കാവ്യുടെ അയല്‍ പക്കത്തെ ഏക ബ്ലോഗര്‍ നിങ്ങള്‍ ആവും അല്ലെ ഹിഹി

മാണിക്യം said...

ഓണത്തിനിടേലാ ബ്ലോഗ്പോസ്റ്റ്‌!
പേപ്പറും ന്യൂസും ഒന്നും കണ്ടില്ല ഞാന്‍ ഓര്‍ത്തു "ങേ കാവ്യ മാധവനോ?"
അതെ അതെ !!
"ക്ഷീരവിപ്ലവം വരുന്ന വഴി!"

പാവത്താന്റെ കമന്‍റ്!! :) :)

ഒന്ന്‍ ക്ഷമിച്ചേക്ക് തിരക്കായിപ്പോയി,
ഓണാശംസകള്‍!!

jayanEvoor said...

ഷിബു ഭാസ്കരം മുതൽ മാണിക്യം ചേച്ചി വരെ എല്ലാവർക്കും നണ്ട്രി!

African Mallu said...

പെരുത്ത്‌ ഖുശിയായി ..ബ്ലോഗ്ഗര്‍ ഭായി ..പക്ഷെ ഓണത്തിനൊക്കെ ഇപ്പൊ അരാണപ്പ പാല് കുടിക്കുന്നത്.

ഏകലവ്യൻ said...

ഞാനും തീരുമാനിച്ചിട്ടുണ്ട് ഒരു പശുവിനെ വള
ര്‍ത്താന്‍ അവള്‍ക്കൊരു പേരും കണ്ടു വച്ചിട്ടുണ്ട് ... ഷക്കീല............

G.MANU said...

മറ്റൊരു നല്ല പോസ്റ്റ് ഡോക്ടര്‍ ജി. പെറ്റ് പെറ്റ കഥ :)

anithaharrikumar said...
This comment has been removed by the author.
anithaharrikumar said...

vavachan kollammallooo!!!!nannayettu unndu jaya..ee vavachan sherikkum kadhapathram anno atho bhavanayooo?eenthu ayalum kalakkittooo!!!all the best jaya!!

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല നർമ്മ ഭാവനയോടെ ഒപ്പം അതിലും നല്ല കാവ്യ്’ഭാവനയോടെ അവതരിപ്പിച്ച ക്ഷീരവിപ്ലവ കഥ ക്ഷ’ പിടിച്ചു കേട്ടൊ ഡോക്ട്ടറേ..

ബെഞ്ചാലി said...

പ്രാദേശികവാർത്തകൾ രസകരമായി എഴുതിയിരിക്കുന്നു. :D

Anandhu Nilakkal said...
This comment has been removed by the author.
Anandhu Nilakkal said...

രസകരമായി എഴുതിയിരിക്കുന്നു.

Unknown said...

ജയേട്ടാ സൂപ്പർ....ശെരിക്കും മുത്തേട്ടന്റെ കാസറ്റ്‌ കടയിൽ നവ്യ വന്നിരുന്നൊ...എന്തായാലും നല്ല രസമുണ്ട്‌...

Malayalam Foundation said...

ആശംസകള്‍