Friday, May 14, 2010

അതു പോത്തുമല്ല എരുമയുമല്ല!

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.

പ്രതിഭയുടെ ധാരാളിത്തം നിറഞ്ഞു തുളുമ്പുന്നതുകൊണ്ടൊന്നുമല്ല; ആളെ കിട്ടാനുള്ള പങ്കപ്പാടുകൊണ്ടാണിതൊക്കെ സംഭവിക്കുന്നത്! നാലഞ്ചു വർഷത്തെ പ്രൊഫഷനൽ കോളേജ് ജീവിതം മറ്റെല്ലാവരെയുമെന്നപോലെ എന്നെയും ഒരു ജാക്ക് ഓഫ് ഓൾ ട്രേഡ്സ് ആക്കി.(മാസ്റ്റർ ഓഫ് നൺ!)അങ്ങനെ നാടകത്തിലും നമ്മൾ കൈ വച്ചു.

നാടകം എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന രണ്ടു പേരുകളാണ് ‘വേട്ട’യിൽ അഭിനയിച്ച രാകേഷും ‘കാണ്ടാമൃഗ’ത്തിൽ അഭിനയിച്ച ജോൺ ഇമ്മാനുവലും.

ആറടിയ്ക്കടുത്ത് പൊക്കമുണ്ടെങ്കിലും, വയസ്സ് ഇരുപതായെങ്കിലും കുട്ടികളെപ്പോലെയാണ് പലപ്പോഴും രാകേഷിന്റെ പെരുമാറ്റം. ആൾ നിഷ്കളങ്കനാണെങ്കിലും ‘വികാരി’യായാൽ കളി മാറും. ചിലപ്പോൾ “കുത്തിമലർത്തിക്കളയും എല്ലാവനേയും!” എന്നൊരു ഡയലോഗു കാച്ചും. മിനിറ്റുകൾക്കുള്ളിൽ സെന്റി ആകുകയും ചെയ്യും!

ഒരു ദിവസം ‘ആശാൻ’ (രാകേഷ് അങ്ങനെയാണ് എല്ലാവരേയും വിളിച്ചിരുന്നത്. അതുകൊണ്ട് അവനെയും എല്ലാവരും അങ്ങനെ തന്നെ വിളിച്ചുപോന്നു.)അല്പം ഒന്നു ‘മിനുങ്ങി’!ഹോസ്റ്റലിൽ മദ്യനിരോധനം നടപ്പിലുള്ള കാലമാണ്. അപ്രതീക്ഷിതമായി കൂട്ടുകാരിൽ ഒരു സീനിയർ വിദ്യാർത്ഥിക്ക് രഹസ്യമായി ഒരു കുപ്പി കിട്ടി. ജൂനിയർ ആണെങ്കിലും രാകേഷിനോടുള്ള സ്നേഹം കാരണമാണ് സീനിയർ, ആശാനെ ഒപ്പം കൂട്ടിയത്. കൂടെയുള്ള മറ്റു രണ്ടു പേരും സീനിയേഴ്സ്.

പക്ഷേ, രണ്ടെണ്ണം അകത്തു ചെന്നതോടെ ആളിന്റെ സ്വഭാവം മാറി! വീരരസം മുഖത്തു തെളിഞ്ഞു. അടുത്തു കിട്ടിയ സീനിയറിനോട് തന്റെ മൂവാറ്റുപുഴ വീരകൃത്യങ്ങൾ വിവരിക്കാൻ തുടങ്ങി.

കുപ്പി കിട്ടിയ സീനിയർ നേരെ എതിർ സ്വഭാവക്കാരൻ. ഒന്നാമത്തെ പെഗ്ഗിൽ തന്നെ ആൾ നിശ്ശബ്ദനായി. രണ്ടാമത്തേതിലെത്തിയതോടെ വിങ്ങിക്കരയാൻ തുടങ്ങി....വെള്ളമടിച്ചാൽ പിന്നെ ആൾ മഹാ സെന്റിയാ! ഇപ്പോ സെന്റിയാവാൻ കാരണം അതിഭീകരം... അവന്റെ ചേട്ടൻ മഹാ ഉഴപ്പനാണുപോലും!. ഒരു ഉത്തരവാദിത്തവുമില്ലാതെ ഭക്ഷണം പോലും നേരാം വണ്ണം കഴിക്കാതെ, തെണ്ടി നടന്ന് അൾസർ രോഗിയായി.ഇപ്പോ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണത്രെ!

സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പ്രണയനൈരാശ്യം അണപൊട്ടിച്ചൊഴുക്കുന്ന ആൾ, ഇന്ന് സഹോദരസ്നേഹത്തിന്റെ നയാഗ്രയാണ് തുറന്നു വിട്ടിരിക്കുന്നത്!

രാകേഷ് കഥ മുഴുവൻ കേട്ടില്ല. പക്ഷേ തന്റെ സ്നേഹനിധിയായ സീനിയറെ കരയിച്ചവൻ ആരായാലും അവനെ താൻ വെറുതെ വിടുന്ന പ്രശ്നമില്ല. ഉടൻ ചാടിയെണീറ്റ് ചോദിച്ചു.

“ആശാനേ....! പറയാശാനേ.... അടിക്കണോ...ആ തെണ്ടിയെ അടിക്കണോ!? ആശാനെ വെഷമിപ്പിച്ചവൻ ആരായാലും ആ *#$@*മോന്റെ കൊടലു ഞാനെടുക്കും!” അലർച്ചയും അലമുറയും കേട്ട് മറ്റു മുറികളിൽ നിന്ന് പയ്യന്മാർ ഓടിയെത്തി. വെള്ളം കുടി പുറത്തായി!

ഇതാണ് രാകേഷ്.

ജോൺ ജനിച്ചത് കോട്ടയം ജില്ലയിലെ ‘ഇലഞ്ഞി’ എന്ന ഗ്രാമത്തിൽ ആണെങ്കിലും വളർന്നതും പഠിച്ചതും ഒക്കെ പോണ്ടിച്ചേരിയിലായിരുന്നു. മലയാളം കഷ്ടി പിഷ്ടി.... ഹിന്ദി അറിയാം. കൂടുതൽ സമയവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെയാണ് സംസാ‍രം. അങ്ങനെ വന്ന ദിവസം തന്നെ ആളിന് ‘പോണ്ടി’എന്നു പേരും കിട്ടി.

മലയാളം എഴുതാനും വായിക്കാനും തീരെ അറിയില്ല എങ്കിലും വന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പരോപകാരി എന്നു പേരെടുത്തു.അഞ്ചാറുമാസംകൊണ്ട് മലയാളവും പിക്ക് ചെയ്തു.

ഇന്റർ ആയുർവേദ കോളേജ് കലോത്സവമായ ‘ആയുർഫെസ്റ്റ്’അടുത്തു വന്ന സമയമായിരുന്നു. അതിന്റെ പ്രചരണത്തിന് പോസ്റ്ററുകൾ ഒട്ടിക്കാനായി കുറേ കുട്ടികൾ രാത്രി തൃപ്പൂണിത്തുറ നഗരത്തിൽ ഇറങ്ങി. ഒപ്പം പോണ്ടിയേയും കൂട്ടി.

മെസ്സിലെ അസിസ്റ്റന്റ് കുക്ക് ഗോപിക്ക് ഒരു പഴയ ഹെർക്കുലിസ് സൈക്കിൾ ഉണ്ട്. പയ്യന്മാർ അതും എടുത്തിരുന്നു.

പോസ്റ്റർ ഒട്ടിക്കാനുള്ള പശ എടുക്കാൻ ‘പോണ്ടി’യെയാണ് ഏൽ‌പ്പിച്ചിരുന്നത്. കിട്ടിയ ചാൻസ് മുതലാക്കാനുള്ള അമിതവ്യഗ്രതയിൽ ആൾ നേരേ മെസ്സ് ഹോളിൽ കയറി കലക്കി വച്ചിരുന്ന മാവ് പാത്രത്തോടെ തൂക്കിയെടുത്ത് മുന്നേ നടന്നു. പുതിയകാവു ജംഗ്ഷനിൽ ചെന്ന് ആദ്യ പോസ്റ്റർ ഒട്ടിക്കാൻ നോക്കിയപ്പോഴല്ലേ പ്രശ്നം...! എങ്ങനെയായിട്ടും പൊസ്റ്റർ ഒട്ടുന്നില്ല.

സീനിയേഴ്സ് അടുത്തുകൂടി നോക്കി. മൈദമാവിനു പകരം പിറ്റേന്നത്തേക്ക് ആട്ടി വച്ചിരുന്ന ഇഡ്ഡലിക്കുള്ള മാവാണ് പോണ്ടി താങ്ങിയെടുത്തു കൊണ്ടു വന്നിരിക്കുന്നത്!

പിന്നെ ആരൊ പൊയി മൈദമാവുകൊണ്ടുവന്നു.

തൃപ്പൂണിത്തുറ ടൌണിലെത്തി. പക്ഷേ പോസ്റ്റർ ഒട്ടിക്കൽ കുറെ കഴിഞ്ഞതോടെ പോണ്ടിക്ക് ബോറടിച്ചു.മറ്റുള്ളവർ കാണാതെ സൈക്കിളെടുത്ത് ടൌൺ ഒന്നു ചുറ്റാൻ പുറപ്പെട്ടു.

കിഴക്കേകോട്ടയിൽ എത്തിയപ്പോൾ റോഡിൽ ഒരു പോലീസുകാരൻ. പോണ്ടി മൈൻഡ് ചെയ്തില്ല.

നേരെ സൈക്കിൾ മുന്നോട്ടു വിട്ടു. ട്രാഫിക് ഐലൻഡ് വീശിയെടുത്ത് ചുറ്റിയൊന്നു കറങ്ങി തിരിച്ചു വന്ന് പോലീസുകാരനെ പാസ് ചെയ്ത് മുന്നോട്ട് പോകാനാഞ്ഞു. പോലീസുകാരൻ പോണ്ടിയെ സൈക്കിളിന്റെ ക്യാരിയറിൽ പിടിച്ചു നിർത്തി!

അയാൾ ചോദിച്ചു

“ആരാടാ നീ?”

“ജ... ജ... ജോൺ... ഇവിടെ പഠിക്കുവാ.... ”

“നിന്റെ വീടെവിടാടാ..?”

“ഇലഞ്ഞി”

“ഇലഞ്ഞിയോ...? ഓഹോ... നീ കാക്കയോ അതോ പരുന്തോ...? ആളെ കളിയാക്കുന്നോ, റാസ്കൽ!?”

ഇലഞ്ഞി എന്നത് ഒരു മരം മാത്രമാണെന്നറിയുന്ന പോലീസുകാരൻ കലി തുള്ളി.

“അല്ല ഇലഞ്ഞി ഞങ്ങടെ സ്ഥലവാ”

“അവിടെ ഏതു സ്കൂളിലാടാ പഠിച്ചത്?”

മൌനം.

“എന്താടാ സംശയം?അവിടെ എത്ര സ്കൂളോണ്ട്?”

“അറിയത്തില്ല” എൽ.കെ.ജി മുതൽ പോണ്ടിച്ചേരിയിൽ പഠിച്ചവനുണ്ടോ അതു വല്ലോം അറിയുന്നു!

“നിന്റെ പേരെന്താന്നാ പറഞ്ഞത്?”

“ജോൺ ഇമ്മാനുവൽ”

“അപ്പന്റെ പേര്?”

“ജോസഫ്!”

“നിന്റെ പേര് ജോൺ ഇമ്മാനുവൽ, നിന്റപ്പന്റെ പേര് ജോസഫ്.... ഇതെല്ലാം ഞാൻ വിശ്വസിക്കണം അല്ലേടാ പന്ന *#@%? മോനേ!?”

പോണ്ടിയുടെ മാമോദീസാപ്പേരാണ് ഇമ്മാനുവൽ എന്ന് പോലീസുകാരനുണ്ടോ അറിയുന്നു!

കേരളാ പൊലീസിന്റെ തനിക്കൊണം ഉണ്ടോ പോണ്ടിയറിയുന്നു!

അവൻ സൈക്കിളിന്റെ പെഡൽ കാൽ കൊണ്ട് തട്ടിത്തിരിച്ചുകൊണ്ട് മറുപടി പറഞ്ഞു “ആ... അത് അപ്പനോടു ചോദിക്കണം!”

പോലീസുകാരന് ഉറപ്പായി. ഇവൻ വിളഞ്ഞ വിത്തു തന്നെ.

“എറങ്ങടാ സൈക്കിളീന്ന്! രാത്രി ലൈറ്റില്ലാത്ത സൈക്കിളിൽ സഞ്ചരിക്കുന്നത് കുറ്റമാണെന്നറിഞ്ഞു കൂടേ നിനക്ക്? ഞാൻ കൈകാണിച്ചിട്ട് നീ നിർത്താഞ്ഞതെന്താടാ...?”

“അത് ... ബ്രെയ്ക്കില്ലാരുന്നു!!”

ഇത്രയുമായപ്പോൾ പോലീസുകാരൻ തന്റെ വിസിൽ എടുത്ത് തുരു തുരാ ഊതി!

എവിടുന്നോ മറ്റൊരു പോലീസുകാരൻ കൂടി എത്തി.

പോലീസ് - പോണ്ടി അഭിമുഖസംഭാഷണം പുരോഗമിക്കുന്നതിനിടയിൽ പോസ്റ്റർ ഒട്ടിക്കാൻ വന്ന ബാക്കിയുള്ളവർ ഓടിയെത്തി.

കോളേജ് യൂണിയൻ സെക്രട്ടറി പോലീസിന്റെ കാലു പിടിച്ച് ആളെ രക്ഷപെടുത്തി.

പോലീസുകാർ തിരിഞ്ഞ തക്കം നോക്കി ജോൺ സൈക്കിളിൽ ഹോസ്റ്റലിലേക്കു പറന്നു.

അതാണു പോണ്ടി!

കോളേജിലെ കലാമത്സരങ്ങളിൽ എല്ലായ്പൊഴും നാടകമാണ് അവസാന ഇനം.അതു കഴിയുമ്പോൾ മിക്കവാറും നേരം പുലരാറായിട്ടുണ്ടാവും.

ഇക്കുറി എല്ലാവരേയും ഞെട്ടിക്കാൻ തയ്യാറെടുത്ത് രണ്ടവതാരങ്ങൾ കാത്തിരിക്കുന്നു എന്നറിയാതെ നാടകമത്സരം ആരംഭിച്ചു.

ആദ്യ ഞെട്ടിക്കൽ രാകേഷ് വക. അടുത്തത് പോണ്ടി ...!

പ്രശസ്ത നാടകകൃത്തായിരുന്ന ജി.ശങ്കരപ്പിള്ള രചിച്ച നാടകമായിരുന്നു ‘വേട്ട’.

ഒരു അധ്യാപകന്റെ മകളെ പ്രണയിച്ചു - വഞ്ചിച്ചു - ഗർഭിണിയാക്കി കടന്നു കളയുന്ന യുവാവിന്റെ ആത്മസംഘർഷങ്ങളുടെ കഥയായിരുന്നു വേട്ട എന്നാണോർമ്മ. സംവിധായകനും പ്രധാനനടനും ഒക്കെ ഞാൻ തന്നെ!

പക്ഷെ, ഞങ്ങളൂടെ ഹൌസിൽ നാടകത്തിൽ അഭിനയിച്ചിട്ടുള്ള പയ്യന്മാർ തീരെ കുറവ്. ഒരു തരത്തിൽ ആളെ ഒപ്പിച്ചു. നാടകത്തിൽ ഒരു സ്ത്രീകഥാപാത്രമേ ഉണ്ടായിരുന്നുള്ളു - വഞ്ചിതയായ യുവതി. ആ റോൾ ഒരു പെൺകുട്ടി അവിസ്മരണീയമായി ചെയ്തു. അവൾക്ക് മികച്ച നടിക്കുള്ള പുരസ്കാരവും കിട്ടി.

നാടകത്തിനു രണ്ടാം സ്ഥാനം കിട്ടി.

പക്ഷെ ആ നാടകം പ്രേക്ഷക മനസ്സുകളിൽ ഇന്നും പച്ചപിടിച്ചു നിൽക്കാൻ കാരണം രാകേഷ് എന്ന മഹാ നടനാണ്.

ആകെ രണ്ടു സീനിലേ വരുന്നുള്ളു കക്ഷി. ഭൂതകാലത്താൽ വേട്ടയാടപ്പെടുന്ന നായകൻ കാണുന്ന ഭ്രാന്തമായൊരു സ്വപ്നത്തിൽ ഒരു ഒറ്റക്കണ്ണൻ രാക്ഷസൻ പ്രത്യക്ഷപ്പെടുന്നു. രാക്ഷസൻ അട്ടഹസിച്ചുകൊണ്ട് സ്റ്റേജ് പ്രകമ്പനം കൊള്ളിക്കുന്നു. കടന്നു പോകുന്നു.ഇത് രണ്ടു സീനിൽ ഉണ്ട്.

സ്റ്റേജിൽ വന്ന് അട്ടഹസിച്ചിട്ടു തിരികെപ്പോയാൽ മാത്രം മതി എന്ന ഉറപ്പിന്മേലാണ് കക്ഷി ഇതു സമ്മതിച്ചത്.

പക്ഷെ ഒരു കുഴപ്പം പറ്റി.

പെട്ടെന്നുണ്ടായ ഒരാവേശത്തിൽ മൂന്നു ചാൽ നടക്കുന്നതിനു പകരം ‘ഒറ്റക്കണ്ണൻ രാക്ഷസൻ’ നാലു ചാൽ നടന്നു.

നാലു ചാൽ നടന്നാൽ സംഗതി കുഴപ്പമാണ്. ഇടത്തേയറ്റത്തുനിന്നു നടന്നു തുടങ്ങിയ ആൾ ഇടത്തേ അറ്റത്തു തന്നെ തിരിച്ചെത്തും.

അടുത്ത രംഗത്ത് രാക്ഷസൻ വലത്തു നിന്നേ കയറാവൂ. കാരണം ആ രംഗത്ത് നായിക ഇടത്തു നിന്നും ആണ് പ്രവേശിക്കണ്ടത്. രണ്ടാൾക്കും ഇടയിൽ പരിഭ്രാന്തനായ നായകൻ. അതാണ് സെറ്റ് ചെയ്തു വച്ചിരിക്കുന്നത്.

നായകനും സംവിധായകനും കൂടിയായതിനാൽ ഇതൊക്കെ ചിന്തിച്ച് തല പുകഞ്ഞു നിൽക്കുകയാണ് സ്റ്റേജിൽ ഞാൻ.നിമിഷങ്ങൾ കടന്നു പോകുന്നു....

നായികയ്ക്കും പിന്നണിയിലുള്ളവർക്കും കൺഫ്യൂഷൻ.രാകേഷിനു മാത്രം കുലുക്കമൊന്നുമുണ്ടായില്ല.

പെട്ടെന്ന് എല്ലാരും കാൺകെ‘ഒറ്റക്കണ്ണൻ രാക്ഷസൻ’ വടിപോലെ സ്റ്റേജിനു കുറുകെ ഒരു നടത്തം!

ആൾ വലത്തേ അറ്റത്തെത്തി!

ആധുനിക നാടകമായതിനാൽ ആ രംഗത്തിന്റെ പ്രസക്തിയോ, പ്രസക്തിയില്ലായ്മയോയോ ഒന്നും ആർക്കും മനസ്സിലായില്ല!

(പിറ്റേന്നു മെസ് ഹോളിൽ യഥാർത്ഥ സംഗതി വെളിപ്പെടും വരെ അതൊരു അബദ്ധം മറച്ചതാണെന്ന് ആർക്കും മനസ്സിലായില്ല. അടുത്തകൊല്ലം മറ്റൊരു നാടകത്തിലും രാകേഷിന് ഇതുപോലെ എൻഡ് തെറ്റിപ്പോയി. പക്ഷേ അത്തവണ ആൾ സ്റ്റേജിലെ ബാക്ക് കർട്ടനു പിന്നിലൂടെ ഞെരുങ്ങി നീങ്ങി...ജനം നോക്കുമ്പോൾ നാടകം നടന്നുകോണ്ടിരിക്കെ കർട്ടനു പിന്നിലൂടെ മത്തങ്ങ വലിപ്പത്തിൽ ഒരു ‘മുഴ’ നീങ്ങിപ്പോകുന്നു!മുഴയായി തോന്നിയത് രാകേഷിന്റെ പൃഷ്ഠമാണെന്നും അല്ല തലയാണെന്നും രണ്ടു പക്ഷമുണ്ട്!)

എന്തായാലും സംഗതി കഴിഞ്ഞല്ലോ എന്ന സമാധാനത്തിൽ മേക്കപ്പഴിക്കാൻ തുടങ്ങിയപ്പോഴേക്കും സ്റ്റേജിൽ നിന്ന് വൻ അലർച്ചയും അട്ടഹാസങ്ങളും..! ഓടിച്ചെന്നു നോക്കിയപ്പോൾ അടുത്ത നാടകം തുടങ്ങിക്കഴിഞ്ഞു...
പേര് - കാണ്ടാമൃഗം!

ശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തിലേക്ക് ഒരു ‘കാണ്ടാമൃഗം’ വന്നുകയറിയതിന്റെ അലമുറയാണ് കേട്ടത്.

വർഗീയതയെയാണ് ‘കാണ്ടാമൃഗം’ പ്രതിനിധീകരിക്കുന്നത്.

നാടകത്തിൽ ആകെ രണ്ടു ഡയലോഗ് മാത്രമേ പോണ്ടിക്കുള്ളൂ. റിഹേഴ്സൽ പോരാഞ്ഞ് അത് നിരവധി തവണ മനസ്സിൽ ഉരുവിട്ട് ഹൃദിസ്ഥമാക്കിക്കഴിഞ്ഞു പോണ്ടി.

ഒരു സുഹൃത്ത് സംഘടിപ്പിച്ച പാർട്ടിയിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്ന നാലഞ്ചു യുവാക്കളുടെ ദൃശ്യത്തോടെയാണ് നാടകം തുടങ്ങുന്നത്.

നാട്ടിൽ വന്നു കയറിയ ‘ഭീകരജീവി’യെക്കണ്ട് ഭയന്ന് ഓടിവരുന്ന ആൾക്കാരുടെ കൂട്ടത്തിൽ പോണ്ടിയും ഉണ്ട്.ഇതുവരെ ആരും ഇങ്ങനൊരു ജീവിയ കണ്ടിട്ടില്ല. ഓരോരുത്തരായി കാണ്ടാമൃഗത്തെപ്പറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടും അവർക്കു മനസ്സിലാവുന്നില്ല ഇത് ഏതു ജീവിയാണെന്ന്. അപ്പോൾ പോണ്ടി വെപ്രാളത്തോടെ പറയണം “അതു പോത്തുമല്ല എരുമയുമല്ല” എന്ന്.അതാണ് ഡയലോഗ് നമ്പർ വൺ.

എന്നാൽ അവന് ആ ഡയലോഗ് പറയാൻ അവസരം ലഭിച്ചില്ല. പല കോളേജ് നാടകങ്ങളിലും സംഭവിക്കുന്നതു പോലെ ഒരാൾ - ഷാജി - ഒരു ഡയലോഗ് മറന്ന് അടുത്ത ഡയലോഗ് കാച്ചി. ഷാജി പറയാതെ വിട്ട ഡയലോഗിനു തുടർച്ചയായായിരുന്നു പോണ്ടിയുടെ ഡയലോഗ്.

ഫലം, പോണ്ടിക്ക് ആറ്റുനോറ്റു കിട്ടിയ രണ്ടു ഡയലോഗുകളിൽ ആദ്യത്തേത് നഷ്ടപ്പെട്ടു!

എന്തായാലും പഠിച്ച ഡയലോഗ് പറയാതെ വിടുന്നത് മോശമല്ലേ. പോണ്ടി തീരുമാനിച്ചു.

അടുത്ത ചാൻസ് ആരു നഷ്ടപ്പെടുത്തിയാലും താൻ ഡയലോഗ് വീശും!

നാടകം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ പുരോഗമിച്ചുകൊണ്ടിരുന്നു.

കാണികളുടെ പതിന്മടങ്ങ് ഉദ്വേഗവും വഹിച്ച്, പെരുമ്പറകൊട്ടുന്ന ഹൃദയവുമായി വിറകൊണ്ടു നിൽക്കുകയാണ് പോണ്ടി.

“പോലീസിനെന്തു ചെയ്യാൻ കഴിയും!?”എന്നതാണ് ഡയലോഗ് നമ്പർ ടു.

പോണ്ടിയുടെ മനസ്സിൽ ഡയലോഗ് നഷ്ടപ്പെട്ട ഒരു നടന്റെ അന്ത:സംഘർഷം പുകഞ്ഞുകൊണ്ടിരുന്നു.

നായകകഥാപാത്രം നാട്ടിൽ വർഗീയത വരുന്നതിനു മുൻപുള്ള പ്രശാന്തസുന്ദരമായ നാളുകളുടെ ഗൃഹാതുരതയിൽ മുങ്ങി നീണ്ട ഒരു ഡയലോഗ് കാച്ചിയ ശേഷം ഒരു ദീർഘനിശ്വാസവും വിട്ട് അങ്ങനെ നിൽക്കുകയാണ്.

ഇതാണ് തന്റെ ചാൻസ് . പോണ്ടിയ്ക്ക് ആ ഇടവേള അനന്തമായി നീളുന്നതുപോലെ തോന്നി. ഇനിയൊരിക്കൽ കൂടി ഡയലോഗ് നഷ്ടപ്പെട്ടാ‍ൽ...

ചിന്തിക്കാൻ കൂടി ആകുന്നില്ല. ആറ്റുനോറ്റു പഠിച്ച ഡയലൊഗിലൊരെണ്ണമെങ്കിലും....

ഏതാനും നിമിഷങ്ങൾ ചിന്തയിലാണ്ടുപോയ പോണ്ടി നായകന്റെ വിരഹാർദ്രവചനങ്ങൾ കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.

“ജാതിയും മതവുമൊന്നും എനിക്കു പ്രശ്നമല്ല... തുളസിക്കതിരിന്റെ വിശുദ്ധിയും, വാർമുടിക്കെട്ടിലെ കാച്ചെണ്ണമണവും, നിലാവു പൊഴിക്കുന്ന ആ മന്ദഹാസവും.... അവളെ ഞാനെങ്ങനെ മറക്കും?!?”

ഒരു നിമിഷം പോണ്ടി പതറി... തന്റെ ചാൻസ് കഴിഞ്ഞു പോയോ..!?

ചിന്തിച്ചു നിൽക്കാൻ സമയമില്ല.

പെട്ടെന്ന് ചാടിക്കയറി പോണ്ടി പറഞ്ഞു“അതു പോത്തുമല്ല എരുമയുമല്ല!”

അസ്തപ്രജ്ഞനായ നായകനടനോട് വികാരഭരിതനായി ആൾ ചോദിച്ചു “പോലീസിനെന്തു ചെയ്യാൻ കഴിയും!?”

സ്റ്റേജും ഓഡിറ്റോറിയവും നിശ്ശബ്ദമായി.

അമ്പരന്നു നിന്ന സഹനടന്മാരെ നോക്കി പോണ്ടി മുറുമുറുത്തു “അരേ ചുപ് ക്യോം? ഡയലോഗ് മാരോ യാർ!”

പിൻ നിരയിൽ നിന്നുയർന്ന കൂവൽ മുൻ നിരവരെ വ്യാപിച്ചതെന്തെന്നറിയാതെ പോണ്ടി നിന്നു.

അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!

ആ നാടകപ്രതിഭ പിന്നൊരിക്കലും അരങ്ങു കണ്ടില്ല!

അടിക്കുറിപ്പ്: നാടകത്തിന്റെ നഷ്ടം സ്പോർട്സിന്റെ നേട്ടം. അടുത്തവർഷത്തെ സ്പോർട്ട്സ് ചാമ്പ്യൻ - ജോൺ ഇമ്മാനുവൽ!

68 comments:

jayanEvoor said...

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.

എറക്കാടൻ / Erakkadan said...

"ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും."

വെറുതെയല്ല ജയേട്ടൻ ബ്ലോഗറായത്‌....അതോ കുറിപ്പെഴുതിയ എക്സ്പീരിയൻസോ....എന്തായാലും നല്ല നാടക ഓർമ്മകൾ സമ്മാനിച്ചു...പണ്ട്‌ എല്ലാ കൊല്ലവും വിഷുവിന​‍്‌ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അതിലെ ചിൽ അബദ്ധങ്ങളൊക്കെ ഓർമ്മ വന്നു

തെക്കു said...

“അതു പോത്തുമല്ല എരുമയുമല്ല!”
ഹ ഹ ഹ....പോണ്ടിക്കു അത്രേം പറയാനെങ്കിലും കഴിഞ്ഞെല്ലോ.....സാധാരണ ക്യാമ്പസ് നാടകങ്ങള്‍ ആദ്യ രംഗത്തോടെ അവസാനിക്കാറാണ് പതിവ്.........:)

തെക്കു said...

“അതു പോത്തുമല്ല എരുമയുമല്ല!”
ഹ ഹ ഹ....പോണ്ടിക്കു അത്രേം പറയാനെങ്കിലും കഴിഞ്ഞെല്ലോ.....സാധാരണ ക്യാമ്പസ് നാടകങ്ങള്‍ ആദ്യ രംഗത്തോടെ അവസാനിക്കാറാണ് പതിവ്.........:)

ഒഴാക്കന്‍. said...

ജയേട്ടാ, പാവം പോണ്ടിയെ വലിച്ചു കീറി അല്ലെ ..

ഇതുപോലെ ഒരു പുരണ നാടകം ഒടുക്കം കോമഡി നാടകം ആയ ഒരു കഥ ഉണ്ട് ഞാന്‍ പിന്നീടു അത് ബ്ലോഗാം .

ഏതായാലും നാടകം കല്‍ക്കി ഡോക്ടര്‍ പണി പോയാലും ജീവിക്കാനുള്ള വക ഉണ്ടല്ലേ കയ്യില്‍ :)

അലി said...

അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!

ശ്ശോ അതുവേണ്ടായിരുന്നു!

നന്നായിട്ടുണ്ട് ഈ ആയുർനടനകഥകൾ.

തെച്ചിക്കോടന്‍ said...

ആധുനിക നാടകമായതിനാൽ ആ രംഗത്തിന്റെ പ്രസക്തിയോ, പ്രസക്തിയില്ലായ്മയോയോ ഒന്നും ആർക്കും മനസ്സിലായില്ല!

ആധുനികനൊരു കൊട്ട് അല്ലെ ?!

ചാണ്ടിക്കുഞ്ഞ് said...

"ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!
ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു."

ഈ ഒരു വാചകം മാത്രം മതി ജയാ....അടുത്ത തവണത്തെ സാഹിത്യത്തിനുള്ള നൊബേയ്ല്‍ സമ്മാനം വാങ്ങാന്‍...
ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി...തെണ്ടിത്തിരിഞ്ഞു പണ്ടാരടങ്ങി നടന്നവന്‍ എഞ്ചിനീയര്‍ ആവും....കുറുന്തോട്ടി തപ്പി നടന്നിരുന്നവന്‍ ആയുര്‍വേദ (സ്പെഷ്യലിസ്റ്റ്) ഡോക്ടറാവും....
എനിക്കായി പറഞ്ഞു വെച്ച എണ്ണത്തോണിയില്‍ ഡോക്ടറിനു തന്നെ കിടക്കേണ്ടി വരുമോ??? ആജാനുബാഹുവായ രാകേഷും, സ്പോര്‍ട്സ് ചാമ്പ്യനായ ജോണും ഇത് വായിച്ചു കഴിയുമ്പോഴുള്ള കാര്യം ആലോചിച്ചു ചോദിച്ചു പോയതാ...ഹ ഹ....

chithal said...

ഹാവു! പണ്ട് എന്റെ നാടക പോസ്റ്റിനു കമന്റ്‌ ഇട്ടതു മുതല്‍ ഞാന്‍ കാത്തിരിക്കുകയാ.. ജയേട്ടന്റെ നാടക കഥകള്‍ വായിക്കാന്‍.
ഇത് കലക്കി!
ഇനിയും കാണുമല്ലോ, നാടക കഥകള്‍, ഇല്ലേ? പ്രതീക്ഷയോടെ കാത്തിരിക്കുന്നു!

അനില്‍@ബ്ലൊഗ് said...

ഹ ഹ!!!
ഇമ്മാതിരി കഥാപാത്രങ്ങളെല്ലാ കോളേജിലും കാണും.
എന്നാലും പ്രൊഫഷണല്‍ കോളേജുകാരെ ഇങ്ങനെ പുകഴത്തണ്ടായിരുന്നു.

chithal said...

ചാണ്ടീ, പണ്ട് നീ യുവജനോത്സവത്തിന് jazz drums ഒരു നാണവും ഇല്ലാതെ കേറി കൊട്ടി വടി കയ്യില്‍ നിന്ന് തെറിച്ചു പോയി അവിടെ നിന്ന് എഴുനേറ്റു പോയത് ഓര്മ വന്നു!!!

Rare Rose said...

പാവം.പാവം പോണ്ടി.മറന്നു പോയ ഒരു ഡയലോഗ് കഷ്ടപ്പെട്ട് തിരുകിക്കേറ്റാനും പറ്റില്ലെന്നു വെച്ചാല്‍.:)

jayanEvoor said...

എറക്കാടൻ...

അതെ!ചുമ്മാതല്ല ഞാൻ ബ്ലോഗർ ആയത്!
ആദ്യകമെന്റിനു നന്ദി!

തെക്കു...
ഹേയ്!ആദ്യരംഗത്തോടെയൊന്നും അവസാനിക്കില്ല. എന്നാലും സംഗതി സംഭവബഹുലമായിരിക്കും!

ഒഴാക്കൻ...
തീർച്ചയായും!ഡോക്ടർ പണി പോയാലും നുമ്മക്കു ജീവിക്കണ്ടേ!?

അലി...
ഹ!
ആ ശവമടക്ക് വെറും സിംബോളിക്ക് അല്ലേ!?
ഭയപ്പെടേണ്ട!

തെച്ചിക്കോടൻ...
പിന്നെ കൊട്ടണ്ടേ!
നമ്മളെക്കൊണ്ട് എന്തെല്ലാം ചെയ്തിരിക്കുന്നു ബുജി സംവിധായകർ!

ചാണ്ടിക്കുഞ്ഞ്...
ഡാങ്ക്സ്, ഡാങ്ക്സ്!
എണ്ണത്തോണി റെഡി. ശിരോലിഖിതമനുസരിച്ച് എപ്പവേണേലും കിടക്കാം!

ചിതൽ...
ഉം...നാടകകഥകൾ ഇനിയും ബാക്കിയുണ്ട്. ഉടൻ പ്രതീക്ഷിപ്പിൻ!


അനിൽ@ബ്ലോഗ്...
വെറുതെ ഒന്നു സ്വയം പുകഴ്ത്തിയതാണിഷ്ടാ...
നമ്മൾ കേമന്മാരാണെന്നു പറഞ്ഞാലല്ല്ലേ പ്രശ്നമുള്ളൂ!

നല്ല വാക്കുകൾ പറഞ്ഞ എല്ലാ‍ സുഹൃത്തുക്കൾക്കും നന്ദി!

mini//മിനി said...

മലയാളം അറിയാത്തവനും ഇപ്പോൾ മലയാളത്തിൽ എഴുതും. നാടകം കലക്കി.

Naushu said...

കൊള്ളാം... നന്നായിട്ടുണ്ട്..

ചാണ്ടിക്കുഞ്ഞ് said...

ചിതലേ...അന്ന് ജാസിന്റെ വടി മുകളിലേക്ക് കറക്കിയെറിഞ്ഞു പിടിച്ച്, വീണ്ടും കൊട്ടുന്ന നമ്പര്‍ ഇടാന്‍ നോക്കിയതാ...സ്റ്റേജിന്റെ മുന്നില്‍ മാര്‍ക്കിടാന്‍ ഇരുന്ന പാവം (വെട്ടുപോത്തു) ജോസ് സാറിന്റെ തലയില്‍ നിന്നും ഒരടി മാത്രം മാറിയാണ് ആ വടി വീണത്‌...അന്ന് മുതലേ അങ്ങേര്‍ക്കെന്നോട് കലിപ്പാ...എന്നെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ ഒരു പാട് നോക്കിയതാ...കല്യാണമൊക്കെ കഴിഞ്ഞു അവിടെത്തന്നെ ഗെസ്റ്റ് ആയി കേറിയപ്പോ, പുള്ളി എന്നെ എല്ലാര്‍ക്കും പരിചയപ്പെടുത്തിയത് തന്നെ, ഇവന്‍ ഇവിടത്തെ വെല്യ ഗുണ്ടയായിരുന്നെന്നാ...(അങ്ങനെയായിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു)...അതിന്റെയൊക്കെ ചൊരുക്ക് ഞാന്‍ തീര്‍ത്തത് അങ്ങേരുടെ രണ്ടു കിണ്ടീം പോയി ചാവാന്‍ കിടന്നപ്പോള്‍, വീട്ടില്‍ പോയി സാറിനു സുഖമല്ലേ എന്ന് ചോദിച്ചാ..അങ്ങനെയൊന്നും ചെയ്യണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു...

ചാണ്ടിക്കുഞ്ഞ് said...

ഒന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നു ഡോക്ടറേ...താങ്കളുടെ "മുടിഞ്ഞ" ആരാധകരായ ചിതലിനും എനിക്കും താങ്കളെ മീറ്റാന്‍ അതിയായ ആഗ്രഹമുണ്ട്...ഓഗസ്റ്റ് 8 നെ മീറ്റിനു വരുമോ...
പിന്നെ കോട്ടക്കല്‍ ആര്യവൈദ്യശാല, ചിതലിന്റെ ബന്ധുക്കളുടെയാണ് കേട്ടോ...

jayanEvoor said...

റെയർ റോസ്
മിനിടീച്ചർ
നൌഷു...
എല്ലാവർക്കും നന്ദി!

വീണ്ടും ചിതൽ
വീണ്ടും ചാണ്ടിക്കുഞ്ഞ്....
എന്നെ കുളിപ്പിച്ചു കിടത്തിയേ അടങ്ങൂ അല്ലേ!?
ഞാൻ തൊടുപുഴ മീറ്റിനു വരാം...!
അവിടെ വന്നിട്ടു പിന്നെ, ഇതാണോ ഫീകര ബ്ലോഗർ നാല്പതുകാരൻ ജയൻ ഡോക്ടർ എന്നൊന്നും ചോദിക്കരുത്....
കാഴ്ചയിൽ ആറര അടി പൊക്കത്തിന് വെറും ഒരടി മാത്രം കുറവുള്ള ഒരു ഗംഭീര ഫിഗറാണു ഞാൻ.മുന്നറിയിപ്പു തന്നേക്കാം.കണ്ടു ഞെട്ടരുത്!
(വിശാലനും, സജി അച്ചായനും ടീമും ഒന്നു കണ്ടു ഞെട്ടിത്തീർന്നതേ ഉള്ളൂ!)

മുരളീമുകുന്ദൻ MuraleeMukundan said...

ഒരു ജാതി ഒറിജിനൽ കഥപാത്രങ്ങളാണല്ലൊ പഴയ കലാലയ സ്മരണകളിൽ കൂടി പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്...
ഈ ജാ‍തി മൊതലുകളിലൊന്നായിരുന്നു ഞാനും...
ബൂലോഗമില്ലായിരുന്നുവെങ്കിൽ ഈ ബിലാത്തിപട്ടണത്തിൽ ചീഞ്ഞളിഞ്ഞേനെ ഞാനും...

പഴയ സ്മരണകളിലേക്ക് കൊണ്ടുപോയെന്നെ ,ഡോക്ട്ടറുടെ ഈ രചന കേട്ടൊ

ചാണ്ടിക്കുഞ്ഞ് said...

പിന്നെ അരുണും...പെങ്ങളുടെ കല്യാണത്തിന് പോയപ്പോള്‍...

നന്ദകുമാര്‍ said...

"ഫലം, പോണ്ടിക്ക് ആറ്റുനോറ്റു കിട്ടിയ രണ്ടു ഡയലോഗുകളിൽ ആദ്യത്തേത് നഷ്ടപ്പെട്ടു!"

hahahaa

തകര്‍പ്പനായിട്ടുണ്ട്. എന്റെ നാടകാനുഭവങ്ങളെ ഓര്‍ത്തു.

(ആദ്യത്തെ കുറച്ചു വിശദീകരണങ്ങളേ കുറച്ച് നാടക സംഭവങ്ങളെ ഒന്നു കൊഴുപ്പിച്ചിടുത്തിരുന്നെങ്കില്‍ പോസ്റ്റി അതി ഗംഭീരമാകുമായിരുന്നു. ഒരു അഭിപ്രായം മാത്രം)

മാണിക്യം said...

രാകേഷ് എന്ന 'വലിയ മനുഷ്യന്‍‌' രണ്ടു പെഗോടെ വിശ്വരൂപം വെളിവാക്കിയത് രസകരമായി...
"കര്‍ട്ടനു പിന്നിലൂടെ മത്തങ്ങ വലിപ്പത്തില്‍ നീങ്ങിപ്പോയ ‘മുഴ’ " ആ കഥ വെളിപ്പെടുത്തണം

ജോ ഇമ്മാനുവല്‍ എന്ന പോണ്ടീ ക്യാന്വാസ് നിറഞ്ഞു നില്‍ക്കുന്നു,കഥാപാത്രം അതി ഗംഭീരമായി ...
"ഇലഞ്ഞി എന്നത് ഒരു മരം മാത്രമാണെന്നറിയുന്ന പോലീസുകാരന്‍‌" -കേരളാപോലീസിന്റെ വിജ്ഞാനം!

നല്ല പോസ്റ്റ് ചിരിക്കാനും പഴയ കലാലയ നാടകങ്ങള്‍ ഒര്‍ക്കാനും കാരണമായി :)

ഒരു നുറുങ്ങ് said...

“ലത”എന്നത് മറിച്ചു വായിക്കുന്നവന്‍ ബഹുഭാഷാ
പണ്ഡിതന്‍..മര്‍ക്കടനെ കണ്ടവന്‍ ചരിത്രപടു !!
“ജോ ഇമ്മാനുവല്‍”സ്പോര്‍ട്സ് ചാമ്പ്യനും !!
കുറച്ച് നീണ്ടു പോയെങ്കിലും,തിരക്കഥ രസകരമായി
വായിച്ചു..
അനുമോദനങ്ങള്‍!

ശ്രീ said...

ഒറ്റക്കണ്ണന്‍ രാക്ഷസനും പോണ്ടിയും ചിരിപ്പിച്ചു.

പോത്തായാലും എരുമയായാലും ഡയലോഗ് പറയാതെ വിടുന്നതെങ്ങനെ? ;)

കാക്കര - kaakkara said...

കൊള്ളാലോ കഥ. എന്തായാലും പോണ്ടിയെ ഇഷ്ടായി...

Manoraj said...

ജയൻ,
പഴയ ഒരു നാടകനടനെയാ പോസ്റ്റ് ഇട്ട് പേടിപ്പിക്കുന്നേ എന്നൊരു ചൊല്ലില്ലേ? പണ്ട് സ്റ്റേജിൽ നാടകത്തിൽ എന്റെ സമപ്രായക്കാരിയായ ഒരു പെൺകുട്ടിയുടെ അച്ഛന്റെ റോൾ അഭിനയിക്കേണ്ടി വന്നു. നാടകം പുരോഗമിച്ച് കൊണ്ടിരിക്കുന്നു. അതിനിടയിൽ അവളുടെ പ്രേമം അച്ഛനായ ഞാൻ കണ്ട് പിടിക്കുന്നതും അവളെ ചോദ്യം ചെയ്യുന്നതുമാണ് സീൻ. എന്റെ ചോദ്യശരങ്ങൾക്കിടയിൽ പ്രൊഫണൽ നായികയെ പോലെ അവൾ അച്ഛാ എന്നൊരു വിളിയുണ്ട്. റിഹേഴ്സലിൽ ഒക്കെ അവളുടെ ആ വിളി എന്നിലെ നാടകക്കാരൻ മാത്രമേ കേട്ടിരുന്നുള്ളൂ. പക്ഷെ , നാടകം തട്ടേൽ നിൽക്കുമ്പോൾ എന്റെ വീട്ടുകാരുൾപ്പെടെ നാടകം കാണാൻ ഉണ്ട്. ഞാനാണേൽ ഒരു കീളിന്തുപയ്യനും. ഇവൾ അച്ഛാ എന്ന് വിളിച്ചതും എവിടെനിന്നാണെന്നറിയില്ല എന്നിൽ നിന്നും ഒരു വൃത്തികെട്ട ചിരി പൂറത്ത് വന്നത് മാത്രം ഓർമ്മയുണ്ട്.. അതൊക്കെ ഓർമ്മയിൽ വന്നു.
പിന്നെ ആറടി അഞ്ചിഞ്ചുകാരന്റെ ആ ഗാംഭീര്യം അന്ന് കണ്ട ഓർമ്മയിൽ ലയിച്ച് നിൽക്കുകയാ ഇപ്പോളും. തൊടുപുഴയിൽ കാണണേ..

കുമാരന്‍ | kumaran said...

അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!

ഹഹഹഹ.. കൊള്ളാം. ചിരിപ്പിച്ചു.
(നന്ദേട്ടന്‍ പറഞ്ഞത് നല്ലൊരു സജഷനാണ്.)

vinus said...

പ്രൊഫഷണൽ കോളേജിന്റെ ഡെഫിനിഷൻ കറക്റ്റാ .

ആശാനും പോണ്ടിയും ചിരിപ്പിച്ചു മാത്രമല്ല കൂടെ പടിച്ച മറ്റൂ പല പ്രസ്ഥാനങ്ങളേയും ഓർമിപ്പിച്ചു പിന്നെ പ്രൊഫഷണൽ കോളേജ് നാടകങ്ങളിൽ നിർബന്ധമായും സംവിധായകൻ തന്നെ ആവുമല്ലോ അല്ലേ നായകൻ

ഹംസ said...

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും.,,,,,,

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.

ഇപ്പോള്‍ മലയാളം ബ്ലോഗുകളും.!
--------------------------------------
ഹ ഹ ഹ… പോണ്ടിയെ എല്ലാവരും കൂടി തല്ലികൊന്നു അല്ലെ. പാവം കഷ്ടപെട്ട് പഠിച്ച ഡയലോഗ് നഷ്ടപ്പെടുമെന്ന് തോനിയാല്‍ പിന്നെ എന്തു ചെയ്യും .ഹല്ല പിന്നെ.!

പട്ടേപ്പാടം റാംജി said...

പോണ്ടിയെ ശരിക്കറിഞ്ഞു.
നാടകങ്ങളിലെ തെറ്റലുകളും ഡയലോഗ് മാറലും ഒക്കെ ഓര്‍ത്തെടുത്ത് ചിരിക്കനായി.
ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കുറയും.
നന്നായി അവതരിപ്പിച്ചു.

ഇ.എ.സജിം തട്ടത്തുമല said...

നമ്മുടെ നാട്ടിൽ പണ്ട് സി.എൽ ജോസിന്റെ അഗ്നിവലയം കളിച്ചു. സ്ഥലത്തെ പ്രധാന മർമ്മാണിയും കമ്മ്യൂണിസ്റ്റും തടിയാപ്പീള്ളയുമായ തങ്കപ്പനാശാനും ഒരു റോൾ യുവനടന്മാരെ വിരട്ടി വാങ്ങി. നാടക സംഘത്തിന്റെ അച്ചടക്കം നോക്കി നടത്തുന്നതിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്ന ആളും കൂടിയാണ് ആശാൻ.

ആരെങ്കിലും നടിമാരെ വാക്കല്ലാതെ നോക്കിയാൽ മതി നടൻ റിഹേഴ്സൽ സമയത്തേ ആശാൻ പുറത്താക്കി വായനശാല അടച്ചു കളയും! എന്തായാലും ആശാനെ പേടിയുള്ള നടന്മാർ നിവൃത്തിയില്ലാതെ അദ്ദേഹത്തിനും ഒരു റോൽ കൊടുത്തു. പക്ഷെ അദ്ദേഹത്തിനു ഡയലോഗൊന്നുമില്ല.

കൊലകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന നായികയെ ഒരു പത്ര പ്രവർത്തകൻ ഇന്റർവ്യൂ ചെയ്യുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. അവിടെ തോക്കും പിടിച്ച് കാവൽ നിൽക്കുന്ന പോലീസിന്റെ റോളാണ് തങ്കപ്പനാശാന്. കണ്ടാൽ തന്നെ ആരും പേടിക്കും. പക്ഷെ ഈ ജയിൽ രംഗം കുറച്ചു നേരമേ ഉള്ളു. നടി കഥ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഫ്ലാഷ് ബാക്കാണ്. ജയിലിന്റെ സെറ്റൊക്കെ മാറും.

പിന്നെ ഫ്ലാഷ് ബാക്ക് തുടങ്ങി ജയിലിൽനിന്നും രംഗം ആശുപത്രിയായി മാറുകയാണ്. പിന്നെ ആശാന് റോളില്ല. പക്ഷെ തങ്കപ്പനാശാൻ പിന്നെയും തോക്കും പിടിച്ചു നില്പാണ്. നല്ല പിടുത്തവും. സ്റ്റേജിലുള്ള മറ്റു നടന്മാർ കേണു പറഞ്ഞിട്ടും അവരെ കണ്ണു ചുമപ്പിച്ച് നോക്കി വിരട്ടുന്നതല്ലാതെ മാറുന്നില്ല. ഒടുവിൽ സ്റ്റേജിന്റെ ബാക്കിൽ തന്നെ ഉണ്ടായിരുന്ന പ്രായത്തിൽ ആശാന്റെ പ്രായത്തിലുള്ള ഒരാൾ ഇടപെട്ടു. ആശാനെ അനുനയത്തിൽ രംഗത്തുനിന്നി മാറ്റാൻ നോക്കി.

അപ്പോഴാണ് ഉത്തരവാദിത്വ ബോധമുള്ള ആശാൻ ചോദിന്നത്, ഈ പ്രായമായ രണ്ട് പെൺപിള്ളേരുടെ അടുത്ത് ഇവനെയൊക്കെ (മറ്റു നടന്മാരെ) നിറുത്തിയിട്ട് ഞാനിറങ്ങി പോയാൽ......! ഒരു സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുള്ള ഒരു നടിയാണ്. റിഹേഴ്സൽ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ഈ ഉത്തരവാദിത്വ ബോധം.

പിടിത്തം മൂത്തു നിൽക്കുന്ന ആശാൻ നാടക സ്റ്റേജാണെന്നതൊക്കെ മറന്നു. കുറഞ്ഞ പക്ഷം നായക നടനെയും പ്രധാന വില്ലനെയുമെങ്കിലും ഇറക്കി വിടാതെ രംഗം വിടുന്ന പ്രശ്നമില്ല. അവരെ യാണ് ആശാന് തീരെ വിശ്വാസമില്ലാത്തത്. ഒടുവിൽ നിവൃത്തിയില്ലാതെ തുറ്റർന്നുള്ള രംഗങ്ങളിലും ആശാൻ നിൽക്കട്ടെയെന്നു വിചാരിച്ച് നാടകം തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. കാരണം തിങ്ങി നിറഞ്ഞ സദസ്സിൽ അടുത്തരംഗം തുടങ്ങാൻ താമസിച്ചാൽ പ്രശ്നമാകും.

അങ്ങനെ വീണ്ടും കർട്ടൻ പൊങ്ങി. രംഗം ഫ്ലാഷ്ബാക്കിലെ ആശുപത്രി! ജയിലിൽ കണ്ട വാർഡൻപോലീസ് ഇവിടെയും! കാണികൾ കരുതിയത് ജയിൽ പുള്ളിയായതുകൊണ്ട് പ്രൊട്ടക്ഷന് പുള്ളി ആശുപത്രിയിലും നിയമിക്കപ്പെട്ടതാണെന്നാണ്.

പക്ഷെ നാടകത്തിൽ തുടർ രംഗങ്ങളിൽ ആ‍വശ്യമില്ലാത്ത ആ മഹാനടന്റെ സാന്നിദ്ധ്യം കണ്ട് സദസ്സിൽ മുൻ നിരയിൽ ഒരു സ്കൂൾ മാ‍ഷ് അന്തം വിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല നാടകത്തിനെ സംവിധായകനും വായനശാലയുടെ ആജീവനാന്ത രക്ഷാധികരിയുമായ എന്റെ സ്വന്തം പിതാശ്രീ അവർകളായിരുന്നു.

ഇങ്ങനെ ഒരുപാട് നാടകാനുഭവങ്ങൾ നമ്മുടെ നാട്ടിലുണ്ട്.

റ്റോംസ് കോനുമഠം said...

അതു പോത്തുമല്ല എരുമയുമല്ല!
നന്നായിട്ടുണ്ട്.
പോണ്ടിയെ ഇഷ്ടായി.

jayanEvoor said...

മുരളീധരാ, മുകുന്ദാ, മുരാരേ, മാധവാ....!

ബിലാത്തിപ്പട്ടണം എന്ന പേരുപേക്ഷിച്ചോ?
പഴയ സ്മരണകൾ അയവിറക്കൂ!നമുക്കർമാദിക്കാം!

ചാണ്ടിക്കുഞ്ഞ്....
ഉവ്വുവ്വ്!അരുൺ അന്നു ഞെട്ടി - ശരിക്കും!
ഈ പാവത്തുങ്ങളുടെ ബുദ്ധിമുട്ട് നിങ്ങക്കറിയണ്ടല്ലോ!

നന്ദകുമാർ...
നല്ല നിർദേശം. ഇനി ഞാൻ ആ വഴി ഒന്നു നോക്കാം!(അടുത്ത പോസ്റ്റിൽ)

മാണിക്യം ചേച്ചീ...
ചേച്ചിയും നടിയാരുന്നോ!?
എഴുതിത്തള്ള്... പഴയകാലം!

ഒരു നുറുങ്ങ്...
അതെ!
തിരക്കഥയാ!
തിരക്കിട്ടെഴുതിയ കഥ!

ശ്രീ....
സന്തോഷം!

കാക്കര...
സന്തോഷം!

മനോരാജ്...
പഴയ അനുഭവക്കുറിപ്പു പങ്കുവച്ചതിനു നന്ദി!
(ആറടി അഞ്ചിഞ്ച് ഒർമ്മയുണ്ടല്ലോ!)

jayanEvoor said...

കുമാരൻ
സജഷൻ സ്വീകരിച്ചു.
പോണ്ടി ഇനി എന്തു കുണ്ടാമണ്ടി ഒപ്പിക്കുമോ ആവ്ഓ!

വിനൂസ്
അതെ.
നിരവധി സംവിധായകർ അന്ന് ഞങ്ങളുടെ കോളേജിലും ഉദയം ചെയ്തിട്ടുണ്ട്!

ഹംസ
പോണ്ടീ ഈസ് എ ഗ്രെയ്റ്റ് ഡോക്ടർ നൌ!

എ.എം.സജിം
വിശദമായ അനുഭവക്കുറിപ്പിനും പ്രോത്സാഹനത്തിനും നന്ദി!

ടോംസ് കോനുമഠം
താങ്ക്യു, താങ്ക്യൂ!!

ധനേഷ് said...

തകര്‍ത്തൂ..

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.. എന്നെഴുതിയ ആ ഭാഗം.. അന്യായം!!! :-)

നന്ദേട്ടന്‍ പറഞ്ഞപോലെ നാടകഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാമായിരുന്നു എന്ന് എനിക്കും തോന്നി...

ഒരു ചെറിയ സംശയം;
“ആദ്യ ഞെട്ടിക്കൽ സന്തോഷ് വക. അടുത്തത് പോണ്ടി ...!“
ഇവിടെ സംവിധായകന് ചെറുതായൊന്ന് തെറ്റിയോ?
(എന്ത് ചെയ്യാം ഇത്രയും നല്ല പോസ്റ്റിലും തെറ്റു തന്നെ കണ്ടുപിടിക്കും. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും, ‘അകിടു‘തന്നെ നമുക്കൊക്കെ കൌതുകം!)

ശാന്ത കാവുമ്പായി said...

എന്തൊക്കെയായിരുന്നു ശവമടക്കിന്റെ ചടങ്ങുകള്‍ .

ജീവി കരിവെള്ളൂര്‍ said...

സംവിധായകാ നമിച്ചിരിക്കുന്നു

“ഇതു പോത്തുമല്ല എരുമയുമല്ല”

Vinayan said...

അങ്ങനെ വീണ്ടും കുറെ ചിരിച്ചു...കൊള്ളാം.

jayanEvoor said...

ധനേഷ്...!

യൂ സി.ഐ.ഡി. ഫ്രം കേരള....?
എന്നെക്കുടുക്കി!
പേരു ഞാൻ കറക്റ്റ് ചെയ്തു.

(താങ്ക്സ് എ ലോട്ട് അനിയാ!)

ശാന്തച്ചേച്ചി

ജീവി

വിനയൻ....

എല്ലാവർക്കും നന്ദി!

വരയും വരിയും : സിബു നൂറനാട് said...

പോണ്ടിയുടെ സൈക്കിള്‍ യജ്ഞം ആണെനിക്കിഷ്ട്ടപെട്ടത്‌. കോളേജ് ജീവിതം എന്നും അവിസ്മരണീയമാണ്.

കുഞ്ഞന്‍ said...

ജയൻ മാഷെ...

ആദ്യ ഭാഗത്ത് കിട്ടുന്ന രസം മർമ്മ പ്രധാനമായ സ്ഥലത്തെത്തുമ്പോൾ കിട്ടുന്നില്ല. നാടക സ്റ്റേജിനുമുമ്പുള്ള സംഭവങ്ങളൊക്കെ ബഹുരസം. അവസാനം പോസ്റ്റ് നീണ്ടുപോകുമൊയെന്ന ഭയത്താൽ മർമ്മപ്രധാനം വെട്ടിക്കുറച്ചപോലെ...

വേട്ട എന്ന നാടകത്തിന്റെ സംവിധായകൻ പിന്നീട് വേട്ടയാടപ്പെട്ടിട്ടുണ്ടൊ ഐമീൻ വീണ്ടും മേലങ്കിയണിഞ്ഞിട്ടുണ്ടൊന്ന്...

poor-me/പാവം-ഞാന്‍ said...

ഞാന്‍ ഇമ്മാനുവല്‍ ഗ്രൂപ്പാ...

Sukanya said...

അരേ, കൈസേ ചുപ് രഹൂം യാര്‍, ഡയലോഗ് മാര്‍ത്താഹും, "ബഹുത് ബടിയ":)

Ranjith Chemmad / ചെമ്മാടന്‍ said...

ആദ്യം ഒരു ഒഴുക്കില്ലാതെ തോന്നിയെങ്കിലും
അവസാനപര്‍‌വ്വത്തില്‍ രസിച്ചു!!

jayanEvoor said...

ആദ്യത്തെ കുറച്ചു വിശദീകരണങ്ങളേ കുറച്ച് നാടക സംഭവങ്ങളെ ഒന്നു കൊഴുപ്പിച്ചിടുത്തിരുന്നെങ്കില്‍ പോസ്റ്റ് അതി ഗംഭീരമാകുമായിരുന്നു - നന്ദകുമാർ

നന്ദേട്ടന്‍ പറഞ്ഞത് നല്ലൊരു സജഷനാണ് -കുമാരൻ

നന്ദേട്ടന്‍ പറഞ്ഞപോലെ നാടകഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാമായിരുന്നു എന്ന് എനിക്കും തോന്നി - ധനേഷ്

ഇത്രയുമായപ്പോൾ ഞാൻ ആദ്യഭാഗം ഒന്നു ശരിപ്പെടുത്താം എന്നു വിചാരിച്ചു.

അപ്പോ ദാ വരുന്നു സിബുവും കുഞ്ഞനും!

പോണ്ടിയുടെ സൈക്കിള്‍ യജ്ഞം ആണെനിക്കിഷ്ട്ടപെട്ടത്‌ - സിബു

നാടക സ്റ്റേജിനുമുമ്പുള്ള സംഭവങ്ങളൊക്കെ ബഹുരസം - കുഞ്ഞൻ

ഒടുവിൽ കുഞ്ഞൻ പറഞ്ഞതിനുകടകവിരുദ്ധമായി രഞ്ജിത്ത്...

“ആദ്യം ഒരു ഒഴുക്കില്ലാതെ തോന്നിയെങ്കിലും
അവസാനപര്‍‌വ്വത്തില്‍ രസിച്ചു” - രഞ്ജിത്ത്

എഴുതുമ്പോൾ വലിയ ടെൻഷനോ കോമ്പ്ലിക്കേഷനോ തൊന്നിയിരുന്നില്ല, ഇതുവരെ! നിങ്ങൾ എന്നെ ഒരു വഴിക്കാക്കും!

jayanEvoor said...

നന്ദി പറയാൻ മറന്നു!

സിബു

കുഞ്ഞൻ

പാവം ഞാൻ

സുകന്യേച്ചി

രഞ്ജിത്ത്

അഭിപ്രായം പറഞ്ഞ എല്ല്ലാവർക്കും നന്ദി!

എല്ലാ നിർദേശങ്ങളും ഇനി ശ്രദ്ധിക്കാം.

വഴിപോക്കന്‍ said...

"ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!"

അതെനിക്ക് വല്ലാതങ്ങിഷ്ടപ്പെട്ടു

വീ കെ said...

പഴയ നാടക കലാ രംഗത്തേക്ക് ഒരു തിരിച്ചു പോക്ക് നടത്താനായി ഇതു വായിച്ചപ്പൊ....

ആശംസകൾ....

(റെഫി: ReffY) said...

ജയെട്ടന്‍ സര്‍ജന്‍ ആവാത്തത് ബ്ലോഗില്‍ കൂടി തീര്‍ക്കുന്നു. ഈ സര്‍ജറി കലക്കി ജയെട്ടാ. കലക്കി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഫിഫ്റ്റീ അടിച്ചേ.. ഇന്നേ വരെ ബാറ്റ് കൊണ്ട് അങ്ങനൊരു അക്കമെത്താൻ സാധിച്ചിട്ടില്ല.. ആ ആശ തീർന്നു.

ജയേട്ടാ, അനുഭവങ്ങളെ നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നതിൽ താങ്കൾ ഒരു പുലി തന്നെ (പട്ടാളം രഘുച്ചേട്ടന്റെ പുലി അല്ല)

jyo said...

വളരെ രസകരം-പൊണ്ടിയുടെ ഡയലോഗ്-അത് പോത്തുമല്ല എരുമയുമല്ല-ഹഹ ഹിഹി

Typist | എഴുത്തുകാരി said...

പാവം പോണ്ടി, എല്ലാരും കൂടി ശവമടക്കു കഴിച്ചില്ലേ പിന്നെങ്ങിനെ നാടകത്തില്‍ വരും, അതല്ലേ സ്പോര്‍ട്ട്സില്‍ പോയതു്!

jayanEvoor said...

വഴിപോക്കൻ

വീക്കെ

റെഫി

പ്രവീൺ വട്ടപ്പറമ്പത്ത്

ജ്യോ

എഴുത്തുകാരിച്ചേച്ചി

ആശാനെയും പോണ്ടിയേയും സ്വീകരിച്ച നിങ്ങൾക്കോരോരുത്തർക്കും നന്ദി!

perooran said...

ആ നാടകപ്രതിഭ പിന്നൊരിക്കലും അരങ്ങു കണ്ടില്ല!

Vayady said...

പോണ്ടി ചിരിപ്പിച്ചു..
"അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!" കലക്കി.
നല്ല എഴുത്ത്..ഭാവുകങ്ങള്‍.

അഭി said...

ജയേട്ടാ,
കൊള്ളാം
പോണ്ടി ആണ് താരം :)

വഷളന്‍ | Vashalan said...

വരാന്‍ താമസിച്ചു പോയി. പോണ്ടിയാണ് താരം... പഞ്ച് ലൈന്‍ പൊട്ടിച്ചിരിപ്പിച്ചു. അത് പോത്തുമല്ല എരുമയുമല്ല!

തകര്‍ത്തടുക്കി!

കൂതറHashimܓ said...

ആദ്യ സംഭവം കലക്കി, അതിഷ്ട്ടായി.
നാടകം എനിക്കിഷ്ട്ടായില്ലാ, കൂതറ നാടകം
(സ്റ്റേജിലെ സിറ്റുവേഷന്‍ എല്ലാം കണ്ടാലെ മനസ്സിലാവൂ, തീര്‍ച്ചയായും കാണുന്നവര്‍ക്ക് അത് വലിയ തമാശയാണ്, വായിച്ചപ്പോ എനിക്കാ കാഴ്ച്ചയുടെ എഫക്‌റ്റ് കിട്ടിയിലാ)

ബോബന്‍ said...

തകര്‍പ്പനായിട്ടുണ്ട്.

($nOwf@ll) said...

ചിരിച്ചു വീണല്ലോ മാഷേ.
ഇഷ്ട്ടായിട്ടോ..
ഇന്നലെയും വായിച്ചു കേട്ടോ.

പാവത്താൻ said...

ഏതായാലും രണ്ടു ഡയലോഗും കക്ഷി പറഞ്ഞല്ലോ. ഒട്ടും തെറ്റിക്കാതെ. എന്തായാലും ഡോക്ടറെന്റെ ആയുസ്സു കൂട്ടി.

OAB/ഒഎബി said...

ജീവിതത്തിൽ ഒരു വരി കവിതപോലും എഴുതിയിട്ടില്ലാത്തവൻ കവിയാകും. സ്റ്റേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തവൻ നാടകനടനും സംവിധായകനുമാകും.മാവിലെറിഞ്ഞു നടന്നവൻ ജാവലിൻ ചാമ്പ്യനാകും.പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!

ഇതൊക്കെ സംഭവിക്കുന്ന സ്ഥലങ്ങളെ പ്രൊഫഷണൽ കോളേജുകൾ എന്നു വിളിക്കുന്നു.

അത് പണ്ട്

ഇതൊക്കെ ഇപ്പൊ സംഭവിക്കുന്നത് എന്നെപ്പോലുള്ള ബ്ലോഗെഴുത്തുകാരുടെ പോസ്റ്റുകളിലാ.

പോണ്ടി ഇപ്പൊ എവിടെയുണ്ട്. സ്പോര്‍റ്റ്സിലൂടെ മുന്നേറിയൊ ?
ജീവിതമെന്ന ഒര്‍ജിനല്‍ നാടകത്തില്‍ കര്‍ട്ടനും വലിച്ച് നടക്കുന്നുവൊ?

രസായിട്ടൊ വായിക്കാന്‍.

jayanEvoor said...

പേരൂരാൻ

വായാടി

അഭി

വഷളൻ

കൂതറ ഹാഷിം

ബോബൻ

സ്നോ ഫാൾ

പാവത്താൻ

ഒ.എ.ബി

എല്ലാവർക്കും നന്ദി!
പോണ്ടി ഈസ് എ ഗ്രെയ്‌റ്റ് ഡോക്ടർ നൌ!

krish | കൃഷ് said...

ഹഹ.. അദ്ദാണ് ‘പോരുമ’

lekshmi. lachu said...

കൊള്ളാം... നന്നായിട്ടുണ്ട്

മിഴിനീര്‍ത്തുള്ളി said...

ആട്ടെ മാഷെ..ഈ പോണ്ടി ഇപ്പൊ എവിടാ..?

ആചാര്യന്‍ said...

പട്ടിയെ എറിഞ്ഞു നടന്നവൻ ക്രിക്കറ്റർ ആകും!


ശ്രീശാന്തിനെ ഉദ്ദേശിച്ച് അല്ലല്ലോ ? നന്നായിരുന്നു

lakshmi said...

പ്രൊഫഷണൽ കോളേജിന്റെ ഡെഫിനിഷൻ കറക്റ്റാ ........എന്റെ കോളേജിലെ ഒരു സീനിയര്‍ ചേച്ചി എന്നെ നോക്കിട്ടു ,ഞാന്‍ ഒരു കഥ എഴുതന്ന ആളെ ആദ്യമായാ കാണുന്നതെന്ന് പറഞ്ഞപ്പോള്‍ എനിക്കും കണ്ണാടിയെടുത്തു മുഖം നോക്കാന്‍ തോന്നി :)